ആൽബർട്ട് ലിച്ചൻബർഗിന്റെ ജീവിതം, ഫാഷിസത്തിനെതിരെ ഒരു സത്യവാങ്മൂലം

ജീർണാവശിഷ്ടങ്ങൾക്കിടയിൽക്കിടന്ന് ആൽബർട്ട് ലിച്ചൻബർഗ് കൈയിൽക്കിട്ടിയതെന്തെങ്കിലുമൊക്കെ തിന്നു. റൊട്ടിക്കഷണങ്ങൾ അത്യപൂർവമായി മാത്രമേ വീണു കിട്ടിയുള്ളൂ. ചിലപ്പോഴെല്ലാം അയാൾ അവശിഷ്ടങ്ങൾക്കിടയിൽക്കിടന്ന് പ്രഭാഷണങ്ങളും നടത്തി. അവർ തന്റെ നാക്ക് പിഴുതെടുത്തില്ലല്ലോ എന്നയാൾ അൽഭുതപ്പെട്ടു. (ലിച്ചൻബർഗിന്റെ ചെവികൾ പട്ടാളക്കാർ പറിച്ചെടുത്തിരുന്നു. ജനനേന്ദ്രിയം പിടിച്ച് ഞെക്കിപ്പിഴിഞ്ഞ് നശിപ്പിച്ചു കളഞ്ഞു).

സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവു തന്നെയാണ് തന്റെ നാക്ക് ഇപ്പോഴും ശേഷിക്കുന്നുവെന്നത്. (വിഖ്യാതനായ പാകിസ്ഥാൻ കവി ഫെയ്സ് അഹ്മദ് ഫെയ്സിനെ ഇവിടെ  ഓർക്കുന്നു. അദ്ദേഹത്തിന്റെ വരികൾ, മൌനം വെടിഞ്ഞുറക്കെപ്പറയുവിൻ, നിങ്ങളുടെ ചുണ്ടുകൾ ഇപ്പോഴും സ്വതന്ത്രമാണ്. ഉറക്കെപ്പറയുവിൻ, നിങ്ങളുടെ നാവ് നിങ്ങളുടേതാണ്, നിങ്ങളുടെ ശരീരവും നിങ്ങളുടെ സ്വന്തമാണ്. ഉറക്കെപ്പറയുവിൻ, നിങ്ങളുടെ ജീവിതം ഇപ്പോഴും നിങ്ങളുടേതു തന്നെയാണ്). മനുഷ്യന്റെ ഏറ്റവും അപകടകരമായ ഭാഗം ലൈംഗികാവയവമല്ല. അവന്റെ ചിന്തകളാണ് ഏറ്റവും പ്രധാനം. “അല്ലയോ മഹാനായ അഡോൾഫ് ഹിറ്റ്ലർ, നീ ദെകാർത്തെയെ മറന്നു. പ്രവർത്തനം നിഷേധിച്ചപ്പോൾ ഭയം  ചിന്തിക്കാനാണ് നിർബ്ബന്ധിതമാക്കിയത്. അപ്പോൾ നിലനിൽക്കുന്നുവെന്ന സത്യം ഞെട്ടലോടെയെങ്കിലും തിരിച്ചറിഞ്ഞു. ഞാനും ചിന്തിക്കുന്നു, അതുകൊണ്ട് ഞാനും ജീവിക്കുന്നു. ഞാൻ ജീവിക്കുന്നുവെന്നു വെച്ചാൽ അതിനർത്ഥം നിനക്കതിനാവില്ല എന്നു തന്നെയാകുന്നു. അതായത് നീ നിലനിൽക്കുന്നില്ല.”

എന്നാൽ അടുത്ത നിമിഷം അയാൾ ചിന്തിച്ചു, ഒരുപക്ഷേ, ദെക്കാർത്തെ വിഡ്ഢിയാണ്. ചിന്തിക്കുന്നവർക്ക് നിലനിൽപില്ല. നിഷേധിക്കപ്പെട്ട ജീവിതമായിത്തീർന്നു എന്റെ ചിന്ത. ഞാൻ ഉടനെ മരിച്ചേക്കാം. ഹിറ്റ്ലർ ചിന്തിക്കുന്നില്ല, അയാൾ ചിന്തിക്കുന്നവരെ അറസ്റ്റു ചെയ്യുന്നു. (ബാൾട്ടിക് ജർമൻ തിയറിസ്റ്റും നാസി പാർട്ടിയുടെ ഐഡിയലോഗുമായറിയപ്പെടുന്ന) ആൽഫ്രഡ് റോസൻബർഗ് അർത്ഥരഹിതമായതു മാത്രമേ ചിന്തിക്കുന്നുള്ളൂ. പോപ്പ് ഒരിക്കലും ചിന്തിച്ചിട്ടേയില്ല. എന്നിട്ടും അവരെല്ലാം നിലനിൽക്കുന്നു, ജീവിക്കുന്നു.

ആന്ദ്രേ പ്ലാറ്റനോവിന്റെ (ആന്ദ്രേ പ്ലാറ്റനോവിച്ച് ക്ലിമെന്തോവ്) ദ റബ്ബിഷ് വിന്റ് (ജീർണിച്ച  കാറ്റ്) എന്ന കഥ ഏറ്റവും നടുക്കമുളവാക്കിയിട്ടുള്ള അനുഭവങ്ങളിലൊന്നാണ്. ചില നേരങ്ങളിൽ രോഷം കൊണ്ട് തിളച്ചു മറിയുന്ന രക്തം കഥയുടെ മറ്റു ചില ഭാഗങ്ങളിലെത്തുമ്പോൾ ഭയം കൊണ്ട് ഉറഞ്ഞു കട്ടയായിപ്പോകും.

ആന്ദ്രേ പ്ലാറ്റനോവ്
ആന്ദ്രേ പ്ലാറ്റനോവ്

ഒരു പ്രോലിറ്റേറിയൻ എഴുത്തുകാരനും ബോൾഷെവിക് അനുഭാവിയുമായറിയപ്പെട്ടിരുന്ന പ്ലാറ്റനോവ് പക്ഷേ, സ്റ്റാലിന്റെ ഭരണകാലത്ത് ചെവെൻഗുർ (Chevengur) എന്ന ഒരു നോവലെഴുതിയത്രേ. കമ്യൂനിസ്റ്റ് വ്യവസ്ഥ നിലനിന്നിരുന്ന ചെവെൻഗുറിൽ കമ്യൂനിസത്തെ അംഗീകരിക്കാത്ത വ്യക്തികൾ കൊല്ലപ്പെടുന്നതിന്റെ കഥയാണത്. സ്വാഭാവികമായും  നോവൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല. താങ്കൾ ഏത് സ്കൂളിന്റെ ആളാണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഞാൻ എന്റെ തന്നെ സ്കൂളിന്റെ ആളാണ് എന്നായിരുന്നു.

ജർമനിയിലെ ഫ്യൂറർ ഭരണവും നാസി വംശീയതയും ജീവിതത്തിൽ സൃഷ്ടിച്ച ഞെരുക്കങ്ങളെ ആൽബർട്ട് ലിച്ചൻബർഗ് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുകയാണ് റബ്ബിഷ് വിന്റിൽ. ഒരു സൈക്കിക് ആയി തുടക്കത്തിൽ പെരുമാറുന്ന ലിച്ചൻബർഗ് ഭാര്യ സെൽഡയെ വടി കൊണ്ടടിച്ച ശേഷമാണ് പുറത്തേക്കിറങ്ങുന്നത്. ഒരു കാലത്തൊരഫ്ഗാൻ മാൻപേടയായിരുന്ന സെൽഡയിൽ മൃഗീയമായ ഒരു പരിണാമം സംഭവിച്ചതു പോലെ അയാൾക്ക് തോന്നി. പേ കൊണ്ട് തീക്ഷ്ണമായ കണ്ണുകളും ദുരയുടെ ഉമിനീർ നുരഞ്ഞു പൊങ്ങുന്ന വായയുമുള്ള ഒരു കുരങ്ങാണ് ഇപ്പോൾ അയാളുടെ മുന്നിലുള്ളത്. ആ പാവം വീട്ടമ്മയാകട്ടെ, ആകെയുള്ള രണ്ടു കഷണം ഉരുളക്കിഴങ്ങും ഒരു കഷണം ഇറച്ചിയും കഴിക്കാൻ വേണ്ടി ഭർത്താവിനെ ഉണർത്തുകയുമായിരുന്നു. അയാളെസ്സംബന്ധിച്ചേടത്തോളം ഇപ്പോൾ അവൾ ഒരു ജന്തുവായി മാറിയിരിക്കുന്നു. ഭ്രാന്തചേതനകളുടെ ഒരഴുക്കുകൂന.

ഫാഷിസ്റ്റ് ഭരണകൂടത്തിനു കീഴിൽ, ഇപ്രകാരം മനുഷ്യർ വിപരീത പരണാമത്തിന് വിധേയരായിക്കൊണ്ടിരുന്നു. ജർമനിയുടെ വികസനത്തെക്കുറിച്ച് പറയുക മാത്രമല്ല, അന്നോളം ജർമനി കണ്ടിട്ടില്ലാത്ത വികസനങ്ങൾ നടപ്പിലാക്കുകയും ചെയ്തയാളാണ് ഹിറ്റ്ലർ. എന്നാൽ, മിനുപ്പാർന്ന റോഡുകൾ വെട്ടിത്തിളങ്ങുമ്പോഴും ഹൃദയത്തെയും തലച്ചോറിനെയുമടക്കം കാർന്നു തിന്നുന്ന വിശപ്പിന് മനുഷ്യൻ ഇരയായിക്കൊണ്ടുമിരുന്നു. സെമിത്തേരിയിലെത്തുവോളം ഒരു മനുഷ്യനായിത്തന്നെ ഇരിക്കുമെന്ന് തീരുമാനിച്ചു കൊണ്ട് വടിയുമെടുത്ത് ലിച്ചൻബർഗ് പുറത്തിറങ്ങുന്നതാണ് പിന്നെ നാം കാണുന്നത്. കത്തിജ്വലിക്കുന്ന സൂര്യനെ നോക്കി അയാൾ ചിന്തിച്ചു, ഈ ലോകോർജകാരകമായ സൂര്യനോ ധൂമകേതുക്കളോ അലഞ്ഞു തിരിയുന്ന നക്ഷത്രങ്ങളോ ആയിരിക്കില്ല ഈ ഭൂമിയിലെ മനുഷ്യരാശിയെ നശിപ്പിക്കുക. ഇത്തരം അപ്രധാന കാര്യങ്ങളെയപേക്ഷിച്ച് അവർ എത്രയോ വലുതാണ്.

വംശീയ ഫാഷിസത്തിന്റെയും ഫ്യൂറർ ഭരണകൂടത്തിന്റെയും വ്യവഹാരങ്ങളെ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട് പ്ലാറ്റനോവ് തന്റെ കഥയിൽ. ഒരു ഭാഗത്ത് മനുഷ്യൻ അനുഭവിക്കുന്ന കെടുതികളെ വിവരിക്കുമ്പോൾ മറുഭാഗത്ത് സ്തുതിപാഠകരും സൈനികവൃന്ദവും കറുത്ത ഒരു റൊട്ടിക്കഷണത്തിനുള്ള പണി പോലും ചെയ്യാതെ വെണ്ണയും വീഞ്ഞും കഴിക്കുകയും വിശ്വസ്തരായ ഭാര്യമാരെ ഊട്ടുകയും ചെയ്തതായും പറയുന്നു. സർക്കാറിനോടുള്ള ഭക്ത്യാദരവുകളുടെ സൂചകമായി തെരുവിൽ മാർച്ചു ചെയ്തു  കൊണ്ടിരുന്ന പട്ടാളത്തെ എല്ലാ ദിവസവും പന്നിയിറച്ചി കൊടുത്ത് പോറ്റി. മഹത്തായ ബ്രഹ്മചര്യം വളർത്തിയെടുക്കാൻ ഇവർക്ക് പരിശീലനം നൽകിയ സർക്കാർ തന്നെ യൂദപ്പെണ്ണുങ്ങളിൽ നിന്ന് പകരാനിടയായേക്കാവുന്ന സിഫിലീസിൽ നിന്ന് രക്ഷപ്പെടാൻ മരുന്നു കുപ്പികളും നൽകി. (ജർമൻ സ്ത്രീകൾ അഭിജാതരായ ബോധവതികളായതിനാൽ അവർക്ക് സിഫിലീസ് ബാധിക്കില്ലത്രേ). ഈ വൈരുദ്ധ്യം വിൽഹെം റീഹിന്റെ മാസ് സൈക്കോളജി ഒഫ് ഫാഷിസത്തെ ഓർമയിലേക്ക് കൊണ്ടു വരും. സദാചാരത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും പേരിൽ കാസ്ട്രേറ്റ് ചെയ്യപ്പെടുന്ന ആളുകളുടെ അടക്കി നിർത്തിയ വീര്യത്തെ ഫാഷിസം എങ്ങനെയാണ് തുറന്നുവിടുന്നതെന്ന് അതിൽ നിരീക്ഷിക്കുന്നുണ്ട്. തനിക്കു നേരെ ചാട്ടവാറുയർത്തുന്ന ഈ സൈനികരെ ഊട്ടാനും ശക്തിപ്പെടുത്താനും സുഖിപ്പിക്കാനും വേണ്ടി ഓരോ തൊഴിലാളിയും നൂറ് കുതിരശക്തി ഊർജം ഉൽപാദിപ്പിക്കേണ്ടി വന്നുവെന്നും പ്ലാറ്റനോവിന്റെ കഥയിൽ പറയുന്നു.

ഹിറ്റ്ലറുടെ അർദ്ധകായ പ്രതിമ ഉണ്ടാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന നാഷനൽ സോഷ്യലിസ്റ്റുകളോട് ലിച്ചൻബർഗ് ഫ്യൂററെ പ്രകീർത്തിച്ചു കൊണ്ട് ഒരു പ്രസംഗം നടത്തുന്നതായി കഥയിൽ നാം വായിക്കുന്നു. ആവേശഭരിതരായ നാസികൾ ഹെയ്ൽ ഹിറ്റ്ലർ എന്നാർത്തു കൊണ്ട് അയാളെ പ്രോൽസാഹിപ്പിച്ചു..എന്നാൽ ശക്തമായ സർക്കാസമായിരുന്നു ആൽബർട്ടിന്റേത്. മഹാനായ അഡോൾഫ്, അയാൾ പറഞ്ഞു, പുതിയൊരുദ്യോഗം തന്നെ കണ്ടുപിടിച്ചല്ലോ. ദശലക്ഷക്കണക്കിനാൾക്കാർ അധികോൽപാദനത്തിനിടവരുത്താതെ അതിൽ വ്യാപൃതരായി. ഷൂസും വസ്ത്രങ്ങളും ധരിച്ച് ഒന്നും ഉൽപാദിപ്പിക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്ന അവർ അധികഭക്ഷണത്തെ ഇല്ലാതാക്കി. അങ്ങനെയവർ വിയർപ്പിലും സന്തോഷത്തിലും നിന്റെ ഖ്യാതിയെ വാഴ്ത്തിക്കൊണ്ടിരുന്നു. ഈ പുതിയ വ്യവസായം കൊണ്ട് പ്രബുദ്ധരായ ആളുകൾ അവരുടെ കായബലവും ഹൃദയവും അതിനായുപയോഗപ്പെടുത്തി. ഹിറ്റ്ലർ, നിങ്ങളെന്റെ മാതൃഭൂമിയെ ഏറ്റെടുത്തു, എന്നിട്ടോരോരുത്തർക്കും പണി നൽകി, നിങ്ങളുടെ യശസ്സിന് കുട പിടിക്കുന്ന പണി.

swastik-3വണ്ടിയുടെ റേഡിയേറ്ററിന്മേൽ ഹെയ്ൽ ഹിറ്റ്ലർ എന്ന മുദ്രാവാക്യവും സ്വസ്തിക ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. കൃമിയുടെ കാലുകൾ പോലെ എന്നാണ് സ്വസ്തിക ചിഹ്നത്തെ പ്ലാറ്റനോവ് വിശേഷിപ്പിക്കുന്നത്. അത്രയും നിന്ദ്യമായ ഒന്ന്. കെട്ടപ്പെട്ട കൈകളുടെ അടയാളമാണ് സ്വസ്തിക എന്ന് എം.എൻ വിജയൻ പറഞ്ഞിട്ടുണ്ട്. കൈയിലിരുന്ന വടി കൊണ്ട് റേഡിയേറ്ററിന്മേൽ ആഞ്ഞടിച്ച ലിച്ചൻബർഗ് പിന്നീട് ഫ്യൂററുടെ പ്രതിമയ്ക്കു മേലും അടിച്ചു. തലയ്ക്കു തന്നെ രണ്ടടി. ആ അടിയ്ക്ക് ലോഹത്തിന്മേൽ ഒരു കേടും വരുത്താൻ പറ്റിയില്ല, വടി കഷണങ്ങളായി തെറിക്കുകയും ചെയ്തു. നാസിപ്പടയ്ക്ക് കാര്യം മനസ്സിലായതപ്പോഴാണ്. അവരയാളെ നിഷ്ഠൂരമായി മർദ്ദിച്ചു. ഇടിച്ചു പിഴിഞ്ഞു, ചെവികളും ലൈംഗികാവയവവും പറിച്ചെടുത്തു. ചവറ്റുകുഴിയുടെ മൂടി തുറന്ന് അതിലേക്കിടുകയും ചെയ്തു.

ഈ പ്രതിമയുടെ വിവരണം നൽകുന്നുണ്ട് കഥാകൃത്ത്. അത് രസാവഹവും ഏകാധിപതിയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഭോജ്യങ്ങളും ചുംബനങ്ങളും ആഗ്രഹിച്ചു  കൊണ്ടിരിക്കുന്ന, ആസക്തി ബാധിച്ച ചുണ്ടുകളും സർവലോകപ്രശസ്തിയാൽ തടിച്ചു വീർത്ത  കവിളുകളും. മനുഷ്യരാശിയുടെ തന്നെ വിധി നിർണയിക്കുവാൻ വേണ്ടി വേദനാജനകമായ തീവ്രശ്രദ്ധയോടെയാണിരിക്കുന്നതെന്ന് കാണുന്നവൻ ധരിക്കേണ്ടതിനു വേണ്ടി, കൃത്യാന്തരബാഹുല്യം നിമിത്തമുള്ള പ്രക്ഷുബ്ധത വ്യക്തമാക്കുന്നതിനായി സാമാന്യം ഭേദപ്പെട്ടൊരു ചുളിവ് കൂലിക്കെടുത്ത കലാകാരന്മാർ നെറ്റിയിൽ ഉണ്ടാക്കി വെച്ചിരുന്നു. പ്രതിമയുടെ മാറ് ഒരു പെണ്ണിനെ വരിഞ്ഞു മുറുക്കാനെന്ന പോലെ മുന്നോട്ട് ചാഞ്ഞു നിന്നു. കാമവികാരപ്രകടനത്തിനും പൊതു പ്രസംഗത്തിനും തയ്യാറായി നിൽക്കുന്ന ചുണ്ടുകൾ മൃദുവായി ചിരിച്ചു കൊണ്ടിരുന്നു.

കുഴിയിൽ അയാളുടെ ജീവിതത്തെപ്പറ്റിയാണ് പിന്നെ കഥാകൃത്ത് പറയുന്നത്. അതിലും തുടർന്നങ്ങോട്ടും ലിച്ചൻബർഗ് അഭിമുഖീകരിക്കുന്നത് അത്യന്തം വമനേച്ഛയുളവാക്കുന്ന അനുഭവങ്ങളെയാണ്. ജീവൻ നിലനിർത്താൻ വേണ്ടി അങ്ങോട്ട് വന്നു വീഴുന്നതിൽ അൽപം മൃദുവായതെന്തും അയാൾ തിന്നു. തന്റെ കാൽ കരണ്ടു കൊണ്ടിരുന്ന ഒരെലിയെ അയാളൊരിക്കൽ പിടിച്ച് ഞെരിച്ചു കൊന്നു. ധാരാളം രക്തം കുടിച്ചും മാംസം കാർന്നും എലി അയാളുടെ ജീവിതത്തെ വീണ്ടും നശിപ്പിക്കുകയായിരുന്നു. ദാരിദ്ര്യത്തിന്റെ തുച്ഛമായ ആദായം കൊണ്ട് സംഭരിച്ച രക്തവും മാംസവും തിരിച്ചെടുക്കണമെന്ന ആഗ്രഹത്തോടെ അയാൾ ആ ചത്ത എലിയെ രോമങ്ങളടക്കം തിന്നു തീർത്തു. ഒരു വിപരീത പരിണാമം എല്ലാ അർത്ഥത്തിലും ലിച്ചൻബർഗിന് സംഭവിക്കുകയായിരുന്നു. അവസാനം അവിടെ നിന്ന് പിടികൂടപ്പെട്ട അയാൾ കോൺസൻട്രേഷൻ കാമ്പിലേക്കയക്കപ്പെടുകയും എന്നാൽ ഇത് എന്തു തരം ജന്തുവാണെന്നതിനെപ്പറ്റി ശാസ്ത്രജ്ഞന്മാർ ഗവേഷണങ്ങളിലേർപ്പെടുകയും ചെയ്തു. പുതിയ  ഒരു ജന്തു, ഒരു രോമപാളി പുതുതായി വളർന്നു വരുന്നു (പിഴുതെടുക്കപ്പെട്ട ചെവിയുടെ സ്ഥാനത്ത് അയാൾക്ക് രോമങ്ങൾ വളർന്നു മൂടിയിരുന്നു), ലൈംഗിക സവിശേഷതകൾ അവ്യക്തമാണ് എന്നൊക്കെ അതിന്റെ ലക്ഷണങ്ങൾ എഴുതപ്പെട്ടു.

ഹെഡ്വിഗ് ഹോട്മാൻ എന്ന ഒരു കമ്യൂനിസ്റ്റ്കാരി വിചാരണ ചെയ്യപ്പെടുന്നത് ചിത്രീകരിച്ചിട്ടുണ്ട് കഥയിൽ. നാഷനൽ സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം അതിന്റെ പരമോന്നത നേതാവിനോട് കാണിച്ച പുച്ഛം, തടവിലായിരുന്നപ്പോൾ രണ്ട്  മുതിർന്ന ഉദ്യോഗസ്ഥരുടെ സ്നേഹം (കാമാസക്തി) നിഷേധിച്ചത് തുടങ്ങിയവയായിരുന്നു അവരുടെ മേലുള്ള കുറ്റം. പരിഹാസത്തോടെ ഹെഡ്വിഗ് നൽകിയ മറുപടി ശക്തമായ നാസി ഭരണകൂടത്തെ വിറപ്പിക്കുന്നതായിരുന്നു. ആ രണ്ട്  ഉദ്യോഗസ്ഥർക്ക് സ്നേഹം നിഷേധിച്ചിട്ടുണ്ട്. അതിന്റെ കാരണം ഞാൻ ഒരു സ്ത്രീ ആണ് എന്നതും അവർ പുരുഷന്മാർ എന്നതിൽ പരാജിതരാണെന്നതുമാണെന്ന് അവർ പ്രഖ്യാപിച്ചു. പരിഹാസത്തോടെ അവർ തുടർന്നു, പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഒന്നാം തരം ജർമൻ ശേഷി നഷ്ടപ്പെട്ട അവർക്ക് ഫ്രഞ്ച് രീതിയിൽ സ്നേഹിക്കാനേ അറിയൂ. ജർമൻ രീതിയിൽ ആവുന്നില്ല. അതിനാൽ അവർ രാഷ്ട്രത്തിന്റെ ശത്രുക്കളാണ്. അവരെ വെടിവെച്ചു കൊല്ലണം.

പൌരുഷത്തെ തള്ളിപ്പറയുന്ന സ്ത്രീയിലൂടെ ഫാഷിസത്തിന്റെ ദൌർബ്ബല്യത്തെ വരച്ചു കാട്ടുന്ന പ്ലാറ്റനോവ് ജർമൻ രീതിയിലുള്ള സെക്സ്, ഫ്രഞ്ച് രീതിയിലുള്ള സെക്സ് എന്നീ പ്രയോഗങ്ങളിലൂടെ അതിന്റെ വംശീയ ബോധത്തെ നിന്ദ്യമായി പരിഹസിക്കുകയും ചെയ്യുന്നു. വംശീയമായ മേന്മ, വംശവിശുദ്ധി തുടങ്ങിയ അവകാശവാദങ്ങളിലെ അർത്ഥരാഹിത്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഹിറ്റ്ലറുടെ നാഷനൽ സോഷ്യലിസത്തെപ്പോലെത്തന്നെ ഇന്ത്യയിലെ കൾചറൽ നാഷനാലിസവും കെട്ടിപ്പൊക്കിയിരിക്കുന്നത് വംശീയമായ അവകാശവാദങ്ങൾക്കു മേലാണല്ലോ. കാസ്ട്രേറ്റ് ചെയ്യപ്പെട്ടവന്റെ വികാരത്തള്ളിച്ചയാണ് റേപ്പ് ചെയ്തുകളയും തുടങ്ങിയ ഭീഷണികളിലൂടെ നമ്മുടെ നാടും ഈയടുത്ത കാലത്ത് കണ്ടത്. ഊതിവീർപ്പിച്ച ശേഷിയാണ് എല്ലാ ഏകാധിപത്യങ്ങൾക്കുമുള്ളത്. വംശീയമായ അവകാശവാദങ്ങളും ഇത്രയ്ക്കേയുള്ളൂ.

ഹെഡ്വിഗിനോടൊപ്പം കാംപിൽ നിന്നും രക്ഷപ്പെട്ട ലിച്ചൻബർഗ് എത്തിച്ചേരുന്നത് എല്ലാവരും ചത്തൊടുങ്ങുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്ത ഒരു ഗ്രാമത്തിലേക്കാണ്. ജീവന്റെ ശേഷിപ്പ് കണ്ട  ഒരു വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുന്ന ഒരമ്മയെ അയാളവിടെ കണ്ടു. ഒരാഴ്ചയായി ഞാനിങ്ങനെ തൊട്ടിലാട്ടിയിട്ടും തണുപ്പു കാരണം മക്കൾക്കുറങ്ങാൻ പറ്റുന്നില്ലെന്ന് ആ സ്ത്രീയുടെ ആവലാതി. ലിച്ചൻബർഗ് ആ തൊട്ടിലിലേക്ക് കുനിഞ്ഞു നോക്കിയപ്പോഴാണ് വായനക്കാരൻ ഞെട്ടിത്തരിക്കുന്നത്. കണ്ണുകൾ തുറന്നു പിടിച്ച് മുഖത്തോടു മുഖം നോക്കി മരിച്ചു കിടക്കുന്ന ആറും ഏഴും വയസ്സ് പ്രായമായ രണ്ട് കുഞ്ഞുങ്ങളുടെ കറുത്ത തലകൾ. അനശ്വരതയെ സമീപിക്കുമ്പോഴുള്ള പേടിയിൽ നിന്ന് പെങ്ങളെ സംരക്ഷിക്കാനെന്ന പോലെ ആൺകുട്ടി പെൺകുട്ടിയെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചിരുന്നുവെന്ന് കഥാകൃത്ത് വിവരിക്കുന്നു.

അടുക്കളയിൽ ചെന്ന് അടുപ്പിൽ തീ കൂട്ടിയ ലിച്ചൻബർഗ് താൻ ഒരു കഷണം ഇറച്ചി പാചകം ചെയ്യുകയാണെന്നും അത് വെന്താൽ ചെന്ന് കഴിച്ചോളണമെന്നും താൻ ഉറങ്ങുകയാണെങ്കിൽ വിളിക്കരുതെന്നും ദിവസങ്ങളായി പട്ടിണി കിടക്കുന്ന, “ഉറങ്ങുന്ന” തന്റെ മക്കളെ തനിച്ചാക്കി ഗ്രാമം വിട്ട്  പോകാൻ കൂട്ടാക്കാത്ത ആ അമ്മയോട് പറഞ്ഞ ശേഷം അവർ കാണാതെ തന്റെ തുടയിൽ നിന്ന് വലിയ ഒരു കഷണം ഇറച്ചി മുറിച്ചെടുത്ത ശേഷം അത് വേവിക്കാനിട്ടു.

പിറ്റേന്നു രാവിലെ സെൽഡയോടൊപ്പം ആ വീട്ടിൽ ഒരു പൊലീസുകാരൻ വന്നു. പൊലീസുകാരന്റെ സഹായത്തോടെ, വീടു വിട്ടു പോയ, സമനില തെറ്റിയ തന്റെ ഭർത്താവിനെ തേടിപ്പിടിക്കാനാണ് സെൽഡ വന്നതെങ്കിൽ അവളുടെ നിസ്സഹായത മുതലെടുത്ത് ഒരു രാജ്യദ്രോഹക്കുറ്റവാളിയെ പിടി കൂടാനുള്ള ആവേശത്തിലായിരുന്നു പോലീസുകാരൻ. അടുപ്പിൽ വെന്തുണങ്ങിപ്പോയ ഇറച്ചിക്കഷണം അവർ കണ്ടു. പിന്നെ തൊട്ടിലിലും പുറത്തുമായി മരിച്ചു  കിടക്കുന്ന രണ്ട്  കുഞ്ഞുങ്ങളും അമ്മയും. പുറത്ത് മറ്റേതോ ജന്തു കാലിൽ നിന്ന് ഇറച്ചി കടിച്ചെടുത്ത രൂപത്തിൽ ചോരയൊലിപ്പിച്ച് ചത്ത് കമഴ്ന്നു കിടക്കുന്ന, അപരിചിതമായ ഒരു ജന്തു. കുരങ്ങായിരിക്കും എന്ന് പൊലീസുകാരൻ പറഞ്ഞപ്പോൾ അത് ശരിയായിരിക്കുമെന്ന് സെൽഡയ്ക്കും തോന്നി. വെന്തുണങ്ങിയ മനുഷ്യമാംസം പൊലീസുകാരൻ തിന്നു. സെൽഡ ഇനിയും തന്റെ ഭർത്താവിനെ, ലിച്ചൻബർഗിനെ കണ്ടത്താൻ പറ്റാത്ത വ്യഥയിൽ നിന്നു.

ആന്ദ്രേ പ്ലാറ്റനോവിന്റെ അൽപം  ദീർഘമായ കഥ അൽപം വിശദമായിത്തന്നെ ഈ കുറിപ്പിൽ സംക്ഷേപിച്ചിട്ടുണ്ട്. വംശീയതയും ഫാഷിസവും അധികാരം കൈയടക്കുന്ന കാലത്ത്, ഒരു ഫ്യൂററുടെ കൈയിൽ അധീശത്വം, ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത വിധം വന്നു ചേരുമ്പോൾ ജീവിതത്തിന് സംഭവിക്കുന്നതെന്ത് എന്നതിന്റെ നേർ പരിച്ഛേദമാണ് ആൽബർട്ട് ലിച്ചൻബർഗ് എന്ന, പ്ലാറ്റനോവ് കഥാപാത്രത്തിന്റെ ജീവിതം. ഒപ്പം മുകളിൽ കഥാവിവരണത്തിൽ അതാതിടങ്ങളിൽ സൂചിപ്പിച്ച പോലെ ഒരു ദർശനം എന്ന നിലക്കുള്ള, ഫാഷിസത്തിന്റെ ദൌർബ്ബല്യങ്ങളും ഒരധികാരവ്യവസ്ഥയായിത്തീരുമ്പോൾ അതാർജിക്കുന്ന പൈശാചിക ഭാവങ്ങളും. മനുഷ്യൻ നിർമിച്ചതിലും പ്രയോഗിച്ചതിലും വെച്ച് ഏറ്റവും വലിയ തിന്മയാണ് വംശീയത. ഏറ്റവും ക്രൂരമായ വ്യവസ്ഥയാണ് ഫാഷിസം.

  • Shirin Murthaza M.S

    ഹൊ.., പേടിയാകുന്നു.

  • Perumpilavu Tm

    നല്ല വായന സമ്മാനിച്ചു.