എക്സ് വൈ + എക്സ്, എക്സ് എക്സ് + വൈ = ?

മൂന്നാം ലിംഗവർഗം – ഇസ്ലാമിക പ്രതലത്തിൽ നിന്നു കൊണ്ടുള്ള ഒരന്വേഷണം 

യെസ്‌, നോ എന്നീ രണ്ട്‌ ഉത്തരങ്ങള്‍ സാധ്യമല്ലാത്ത, കറുപ്പും വെളുപ്പും കോളങ്ങളിലൊതുക്കാന്‍ പറ്റാത്ത സങ്കീര്‍ണതകളെ മനുഷ്യന്‌ ജീവിതത്തില്‍ ധാരാളമായി അഭിമുഖീകരിക്കേണ്ടി വരാറുണ്ട്‌. അതേസമയം ഈ രണ്ടു കോളങ്ങള്‍ക്കും പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്നതില്‍ പരിഷ്‌കൃത മനുഷ്യന്‍ പോലും വിമുഖത കാണിക്കുകയും ചെയ്യുന്നു. ഇതുപോലെ തന്റെ ലൈംഗിക വ്യക്തിത്വത്തെ സ്‌ത്രീ എന്നോ പുരുഷന്‍ എന്നോ ക്ലിപ്‌തപ്പെടുത്താന്‍ പറ്റാത്ത മനുഷ്യരെ മാന്യതയുടെ പടിക്കു പുറത്തു നിര്‍ത്തുന്ന പ്രവണതയില്‍ നിന്നാണ്‌ മൂന്നാം ലിംഗവര്‍ഗത്തില്‍പ്പെടുന്നവരുടെ വ്യഥകള്‍ അവഗണിക്കാനാവാത്ത മനുഷ്യാവകാശ പ്രശ്‌നമായി മാറുന്നത്‌. അതേസമയം ഇതിന്റെ മറവില്‍ മനുഷ്യന്‍ തനിക്കു മേല്‍ അനിവാര്യമായിരിക്കുന്ന എല്ലാ ധര്‍മബോധങ്ങളെയും നിരാകരിക്കുന്ന പ്രവണതയും ശക്തമാണ്‌. അതിനാല്‍ത്തന്നെ ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഇത്‌ രണ്ടിനെയും വേര്‍തിരിച്ചു കാണേണ്ടതാണ്‌.

2000px-Whitehead-link-alternative-sexuality-symbol.svg
അര്‍ധനാരി

സ്‌ത്രീ എന്നോ പുരുഷന്‍ എന്നോ നിര്‍ണയിക്കാന്‍ പറ്റാത്ത വ്യക്തികള്‍ പുരാതന കാലം മുതല്‍ക്കേ ഉണ്ടായിരുന്നതായി വേണം കണക്കാക്കാന്‍. ഗ്രീക്ക്‌ പുരാണത്തില്‍ ഹെര്‍മഫ്രൊഡൈറ്റസ്‌ എന്ന ഒരു കഥാപാത്രമുണ്ട്‌. ഈ കഥാപാത്രത്തെ മുന്‍നിര്‍ത്തി ലിംഗനിര്‍ണയത്തില്‍ സ്‌ത്രീയും പുരുഷനുമല്ലാത്ത ഒരു ഇതരം പ്രാചീനകാലത്തുണ്ടായിരുന്നതായി ഗവേഷകന്മാർ വാദിക്കാറുണ്ട്‌. കാമത്തിന്റെ ദേവതാരൂപമായ അഫ്രൊഡൈറ്റിന്‌ ഹെര്‍മസ്‌ ദേവനില്‍ ഉണ്ടായ പുത്രനത്രേ ഹെര്‍മഫ്രൊഡൈറ്റസ്‌. അതീവകോമളനായ ഹെര്‍മഫ്രൊഡൈറ്റസ്‌ നഗ്നനായി കുളിക്കാന്‍ തടാകത്തിലിറങ്ങിയതു കണ്ട്‌ കാമാവേശിതയായ സല്‍മാസിസ്‌ എന്ന ഒരു നിംഫ്‌ ആ ജലാശയത്തിലേക്കു ചാടി അവനെ വരിഞ്ഞു മുറുക്കുകയും തങ്ങളെ ഒരിക്കലും വേര്‍പെടുത്തരുതെന്ന്‌ ദൈവങ്ങളോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്‌തെന്നാണ്‌ കഥ. പ്രാര്‍ത്ഥന കേട്ട്‌ മനസ്സലിവു തോന്നിയ ഒരു ദേവന്‍ ആ രണ്ട്‌ ശരീരങ്ങളെയും ഒന്നാക്കി മാറ്റി. അങ്ങനെ ഹെര്‍മഫ്രൊഡൈറ്റസ്‌ സ്‌ത്രീയുടെയും പുരുഷന്റെയും ലിംഗങ്ങളോടു കൂടിയ ഒറ്റ ശരീരമായിത്തീര്‍ന്നു. ഉഭയലിംഗികളായ വ്യക്തികളെ (Inter Sex Persons) ഹെര്‍മഫ്രൊഡൈറ്റുകള്‍ (Hermaphrodites) എന്ന്‌ പറയാറുണ്ട്‌.

ഉഭയലിംഗികളെക്കുറിച്ച പരാമര്‍ശങ്ങള്‍ ഭാരതീയ പുരാണങ്ങളിലും കാണാം. ദേവസദസ്സുകളിലെ അപ്‌സരസ്സുകള്‍ സ്‌ത്രീകളും ഗന്ധര്‍വന്മാര്‍ പുരുഷന്മാരുമാണെങ്കില്‍ കിന്നരര്‍ എന്ന വിഭാഗം മൂന്നാം പ്രകൃതിയില്‍പ്പെട്ടവരാണത്രേ. മഹാഭാരതത്തില്‍ അജ്ഞാതവാസക്കാലത്ത്‌ അര്‍ജുനന്‍ ബൃഹന്നള എന്ന പേരില്‍ വിരാടരാജ്യത്ത്‌ നപുംസകമായി ജീവിച്ചതായി പറയുന്നു. ദ്രുപദ രാജാവിന്റെ സന്തതിയായ ശിഖണ്ഡിയും മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌. അതേസമയം അക്കാലത്തു തന്നെ ഇവര്‍ അനുഭവിച്ച വിവേചനത്തിന്റെ അടയാളങ്ങളും ഈ കഥകളില്‍ കാണാം. പുരാണമനുസരിച്ച്‌ ശാപം കിട്ടിയ ഗന്ധര്‍വനാണ്‌ കിന്നരനായിത്തീര്‍ന്നത്‌. അര്‍ജുനന്റെ കാര്യത്തിലും, അജ്ഞാതവാസത്തിന്‌ പ്രയോജനപ്പെട്ടെങ്കിലും ഉര്‍വശിയുടെ ശാപം നിമിത്തമാണ്‌ അദ്ദേഹത്തിന്‌ ബൃഹന്നളയായി ജീവിക്കേണ്ടി വന്നതെന്നാണ്‌ കഥ (ഉര്‍വശി ശാപം ഉപകാരം എന്ന ചൊല്ലുണ്ടായതങ്ങനെയാണ്‌). കുരുക്ഷേത്രയുദ്ധത്തില്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ആണും പെണ്ണുമല്ലാത്തവനോട്‌ പൊരുതുന്നത്‌ തന്റെ അന്തസ്സിന്‌ ചേര്‍ന്നതല്ലെന്നു പറഞ്ഞ്‌ ആയുധം താഴെ വച്ചപ്പോഴാണ്‌ അര്‍ജുനന്‍ ഭീഷ്‌മരെ വധിച്ചതെന്നും പറയുന്നു. ആണും പെണ്ണുമല്ലാത്തവന്‍ അയോഗ്യനാണെന്ന വിധി ഇതിലുണ്ട്‌. ആണും പെണ്ണും കെട്ടവന്‍ എന്ന ഒരു പ്രയോഗമുണ്ടല്ലോ നമ്മുടെ ഭാഷയില്‍ത്തന്നെ.


അപരം

ബഹുചര മാതാ
ബഹുചര മാതാ

ഈ സ്വഭാവത്തില്‍ ആണെന്നോ പെണ്ണെന്നോ വേര്‍തിരിച്ചു പറയാന്‍ സാധിക്കാത്ത ലൈംഗിക സവിശേഷതകളുള്ളവര്‍ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും, എല്ലാ മനുഷ്യസമൂഹങ്ങളിലും ഉണ്ടെന്ന്‌ നരവംശശാസ്‌ത്രജ്ഞര്‍ പറയുന്നു. മധ്യപൗരസ്‌ത്യ മേഖലയില്‍ സാനിത്ത്‌ (Xanith) എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട്‌. പലേടത്തും ഇവര്‍ പുരുഷവേശ്യകളായി കണക്കാക്കപ്പെടുന്നു. ഇവരുമായി രതിയിലേര്‍പ്പെടാന്‍ പ്രത്യേക താല്‍പര്യമുള്ളവര്‍ അറബ്‌ ലോകത്ത്‌ ധാരാളമുണ്ടെന്നാണ്‌ ചില പഠനങ്ങള്‍ വെളിവാക്കുന്നത്‌. ഒമാനില്‍ പുരുഷന്മാര്‍ക്കൊപ്പം പള്ളിയില്‍ പ്രവേശിക്കാനും ആരാധന നടത്താനും ഒപ്പം തന്നെ സ്‌ത്രീകള്‍ക്കൊപ്പം ഇടപഴകാനും പുരുഷനെപ്പോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവാഹം കഴിച്ച്‌ ജീവിക്കാനുമൊക്കെയുള്ള അനുവാദം സാനിത്തുകള്‍ക്ക്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. ഇതുപോലെ ഫിലിപ്പീന്‍സിലുള്ള ഒരു വിഭാഗമാണ്‌ ബക്ലകള്‍ (Bakla). ബായോട്ട്‌, അഗി എന്നൊക്കെയും ഇവരെ വിളിക്കാറുണ്ട്‌. സാമൂഹികവും മതപരവുമായ കാരണങ്ങളാല്‍ ഇവരെ ഒരു സമൂഹമായി അംഗീകരിക്കാത്തവര്‍ അവിടെ ഇപ്പോഴുമുണ്ടെങ്കിലും അവര്‍ അവിടെ ഒരു സമൂഹമായിട്ടു തന്നെ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഷീ മെയില്‍ എന്നും ട്രാന്‍സ്‌ വെസ്‌റ്റിസ്‌ എന്നുമൊക്കെ വിളിക്കപ്പെടുന്നവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്‌.
നമ്മുടെ നാട്ടിലെ ഹിജഡകള്‍ പൊതുവേ സമൂഹത്തില്‍ നിന്ന്‌ പുറന്തള്ളപ്പെട്ടവരും അതിനാല്‍ത്തന്നെ സാമൂഹിക മുഖ്യധാരയില്‍ നിന്ന്‌ സ്വയം വേര്‍പെട്ട്‌ അവരുടേതായ സാമൂഹികജീവിതം നയിക്കുന്നവരുമാണ്‌. ബഹുചര മാതാ എന്ന ദേവിയെ ഉപാസിക്കുന്ന പ്രത്യേകമായ അനുഷ്‌ഠാനങ്ങളും ഇവര്‍ക്കുണ്ട്‌. ചരന്‍ വിഭാഗത്തില്‍പ്പെട്ട ഒരു പ്രമാണിയുടെ മകളായി ജനിച്ച ബഹുചരയെയും സഹോദരിമാരെയും ഒരു കൊള്ളക്കാരന്‍ ആക്രമിച്ചതായി ഐതിഹ്യങ്ങള്‍ പറയുന്നു. അവരാകട്ടെ, തങ്ങളുടെ മുലകള്‍ ഛേദിച്ച്‌ ആത്മബിലിയര്‍പ്പിച്ചു. ചരനരുടെ രക്തം ഭൂമിയില്‍ വീഴുന്നത്‌ വലിയ പാപമാണെന്നാണ്‌ വിശ്വാസം. അതോടെ ശാപത്തിനിരയായ കൊള്ളക്കാന്‍ ഷണ്ഡനായിപ്പോയി. ശാപമോക്ഷത്തിനായി അയാള്‍ സ്‌ത്രീവേഷം ധരിച്ച്‌ ബഹുചരയെ ഉപാസിക്കാന്‍ തുടങ്ങിയെന്ന്‌ കഥ. എന്തായാലും സമൂഹം ഭ്രഷ്ട്‌ കല്‍പിച്ച്‌ മാറ്റിനിര്‍ത്തിയ ഹിജഡകള്‍ അവരുടെ ജന്മജാതിമതങ്ങളേതായിരുന്നാലും ബഹുചര മാതായില്‍ തങ്ങളുടെ അഭയവും സാക്ഷാല്‍ക്കാരവും കണ്ടെത്താന്‍ തുടങ്ങി. ഗുജറാത്തിലെ മെഹ്‌സനാ ജില്ലയിലെ ബഹുചരാജി നഗരത്തിലാണ്‌ ഈ ദേവിയുടെ ക്ഷേത്രമുള്ളത്‌. അവിടെ പുരുഷലിംഗം വഴിപാടായി സ്വീകരിക്കുന്ന ദേവിക്ക്‌, പൂര്‍ണമായോ ഭാഗികമായോ പുരുഷശരീരത്തോടു കൂടി ജനിക്കുന്ന ഹിജഡകള്‍ തങ്ങളുടെ ലിംഗം അറുത്ത്‌ സമര്‍പ്പിക്കുന്നു.


സ്വവര്‍ഗം

മൂന്നാം ലൈംഗികതയെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ സാധാരണ ഗതിയില്‍ സ്വവര്‍ഗ ലൈംഗികതയുമായി കൂട്ടിക്കുഴച്ചാണ്‌ പൊതുവേ അവതരിപ്പിക്കപ്പെടാറുള്ളത്‌. ഈ സ്വഭാവത്തിലുള്ള ചിന്താപരിസരമാണ്‌ LGBT മൂവ്‌മെന്റുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്‌. അതിനാല്‍ത്തന്നെ ഇത്‌ സംബന്ധമായി ആദ്യം ചിലത്‌ പറയേണ്ടതുണ്ടെന്നു തോന്നുന്നു.
സ്വവര്‍ഗ ലൈംഗികാസക്തി മൂന്നു തരത്തിലാവാം എന്നാണ്‌ ഇതെഴുതുന്നയാളിന്റെ നിഗമനം. സ്വവര്‍ഗ പ്രണയം എന്ന്‌ സാധാരണയായി പറയാറുണ്ട്‌. എന്നാല്‍ ലൈംഗികതയെക്കുറിച്ച എല്ലാ ചര്‍ച്ചകള്‍ക്കും വ്യവഹാരങ്ങള്‍ക്കും ചേരുന്ന പദമല്ല പ്രണയം എന്നത്‌. അതേസമയം സ്വവര്‍ഗപ്രണയം എന്ന പ്രതിഭാസത്തെ പൂര്‍ണമായി നിരാകരിക്കുന്നുമില്ല. എല്ലാ ആസക്തികള്‍ക്കും പ്രണയത്തിന്റെ അകമ്പടി ഉണ്ടായിക്കൊള്ളണമെന്നില്ല. ഇസ്ലാമിക ധാര്‍മികതയുടെയും നിയമവ്യവസ്ഥയുടെയും പ്രതലത്തില്‍ നിന്നു കൊണ്ട്‌ ഇതു മൂന്നിനെയും ഒന്ന്‌ വിശകലനം ചെയ്‌തു നോക്കാവുന്നതാണ്‌. വികൃതലൈംഗികാസക്തിയാണ്‌ അതിലൊന്ന്‌. ഹോമോ സെക്ഷ്വല്‍ ആയാലും ഹെറ്റെറോ സെക്ഷ്വല്‍ ആയാലും വികൃതാസക്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ഇസ്ലാം പരിഗണിക്കുന്നത്‌ കുറ്റകൃത്യമായിത്തന്നെയാണ്‌. അതിന്‌ ശിക്ഷ നിശ്ചയിക്കുകയും ചെയ്യുന്നു. അതേസമയം സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക്‌ നിര്‍ണിതമായ ശിക്ഷ പ്രമാണങ്ങളില്‍ വിധിക്കപ്പെട്ടിട്ടുമില്ല. കുറ്റം സ്ഥാപിക്കുന്നതിനുള്ള ഉപാധികള്‍ തികഞ്ഞ ശേഷം പ്രമാണബദ്ധമായും നിര്‍ബ്ബന്ധമായും നല്‍കപ്പെടുന്ന നിര്‍ണിതമായ ശിക്ഷകളെ ഹദ്ദ്‌ എന്നും സാഹചര്യപരമായ വിലയിരുത്തലുകളിലൂടെ കോടതി നിര്‍ണയിക്കുന്ന ശിക്ഷകളെ തഅ്‌സീര്‍ എന്നുമാണ്‌ ഇസ്ലാമിക നിയമശാസ്‌ത്രത്തില്‍ വിശേഷിപ്പിക്കാറുള്ളത്‌. സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ തഅ്‌സീറിന്റെ പരിധിയില്‍ വരുന്നു.
ഇവിടെ കുറ്റവും ശിക്ഷയുമായി ബന്ധപ്പെട്ട ചില നിലപാടുകള്‍ പരിശോധിക്കുന്നത്‌ നല്ലതാണെന്നു തോന്നുന്നു. വ്യഭിചാരത്തെയും മറ്റും ഏറ്റവും വലിയ ധാര്‍മിക ദൂഷ്യങ്ങളായാണ്‌ ഇസ്ലാം പരിഗണിക്കുന്നത്‌. അതിനോട്‌ അടുത്തു പോകരുത്‌ എന്നാണ്‌ ഖുര്‍ആന്റെ നിശിത കല്‍പന. അതേസമയം ഇത്തരം കല്‍പനകളുടെ മറവില്‍ ഒരു വ്യക്തിയുടെയും സ്വകാര്യജീവിതത്തിലേക്ക്‌ ചുഴിഞ്ഞന്വേഷണം നടത്താനോ വ്യക്തിക്കെതിരില്‍ അപവാദപ്രചാരണം നടത്താനോ ഇസ്ലാം അനുവദിക്കുന്നേയില്ല. കടുത്ത ധാര്‍മികദൂഷ്യവും കുറ്റവുമായി വ്യഭിചാരത്തെ പരിഗണിക്കുമ്പോഴും കോടതിയോ ഭരണകൂടമോ അതില്‍ ശിക്ഷ നടപ്പാക്കേണ്ടത്‌ അത്‌ ചുരുങ്ങിയത്‌ നാലു പേരെങ്കിലും കാണുമ്പോള്‍ മാത്രമാണ്‌ എന്നാണ്‌ വിധി. അതായത്‌ അത്രയും പരസ്യമായ രീതിയില്‍ത്തന്നെ അതിലേര്‍പ്പെടുമ്പോള്‍ മാത്രം. മൂന്നു പേര്‍ വരെ അത്‌ കണ്ടാല്‍പ്പോലും മിണ്ടാതിരിക്കണമെന്നും അത്‌ പരസ്യമാക്കരുതെന്നും ഇസ്ലാം ശാസിക്കുന്നു. നാലുപേര്‍ കാണ്‍കെയല്ലാത്ത വ്യഭിചാരത്തിന്‌ ഒരാള്‍ സാക്ഷിയായാല്‍ അതയാള്‍ വെളിവാക്കുന്ന പക്ഷം ആരോപണത്തിനുള്ള ശിക്ഷ അയാള്‍ക്ക്‌ നല്‍കണമെന്നാണ്‌ വ്യവസ്ഥ. വ്യക്തിയുടെ സ്വകാര്യത പരിരക്ഷിക്കുന്നതില്‍ ഇസ്ലാം കാണിക്കുന്ന ജാഗ്രതയുടെ അടയാളമാണത്‌. ഒരാളുടെയും സ്വകാര്യതയിലേക്ക്‌ നുഴഞ്ഞു കയറാന്‍ ഭരണകൂടത്തിനോ വ്യക്തിക്കോ അധികാരമില്ല.
വികൃതവും സാമൂഹികവിരുദ്ധവുമായ ലൈംഗിക പ്രവണതകളെ വൈകാരിക ദൗര്‍ബ്ബല്യങ്ങളുടെ പേരില്‍ ന്യായീകരിക്കാനാവില്ല. അങ്ങനെ ചെയ്‌താല്‍ ചെറിയ ഉപദ്രവങ്ങള്‍ മുതല്‍ ബലാല്‍സംഗങ്ങള്‍ വരെയുള്ളവ അപ്രകാരം ന്യായീകരിക്കപ്പെടും. സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍, ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കപ്പെടുന്ന ഖൗമു ലൂത്വ്‌ (സോദോമ്യര്‍) സാമൂഹികമായ ആഘാതങ്ങളുണ്ടാക്കുകയും കടന്നാക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന വികൃതലൈംഗികതയുടെ ആളുകളായിരുന്നു. അതാകട്ടെ, അംഗീകൃതമായ ഒരു സാമൂഹിക സംസ്‌കാരമായിത്തന്നെ അവരില്‍ നിലനിന്നു. ലൂത്വിന്റെ അതിഥികളായി സുന്ദരന്മാരായ രണ്ട്‌ ബാലന്മാര്‍ വന്നപ്പോള്‍ ആക്രാന്തം ബാധിച്ച ജനക്കൂട്ടം കാണിച്ച വിക്രിയകളെക്കുറിച്ച പരാമര്‍ശമുണ്ട്‌ ഖുര്‍ആനില്‍. തങ്ങളുടെ ആസക്തികള്‍ക്ക്‌ സൈദ്ധാന്തികമായ ന്യായങ്ങളുണ്ടാക്കുന്നതില്‍ ഒട്ടും മോശക്കാരുമായിരുന്നില്ല ആ ജനത. അതേസമയം നിങ്ങളുടെ ഇണകള്‍ സ്‌ത്രീകളാണ്‌ എന്ന്‌ ലൂത്വ്‌ ആ ജനതയോട്‌ പറയുമ്പോള്‍ അതില്‍ എതിര്‍ലിംഗ സംഭോഗപരത (Heterosexuality) മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളൂ എന്നു കാണാം. എന്നാല്‍ ഇതിനെ മറ്റൊരു നിലക്കും വായിക്കാം. അതെന്തെന്നാല്‍ സോദോമ്യരിലെ പുരുഷന്മാര്‍ പുരുഷന്മാര്‍ തന്നെയായിരുന്നു. മൂന്നാം ലിംഗവര്‍ഗത്തില്‍പ്പെട്ടവരായിരുന്നില്ല. സ്വാഭാവികമായും വികൃതലൈംഗികാസക്തികളെ മൂന്നാം ലൈംഗികതയുമായി ചേര്‍ത്തു കെട്ടുന്നത്‌ ശരിയല്ല. കുറ്റകൃത്യങ്ങളുടെ വ്യാപനവും അതിന്റെ സാമൂഹിക, സൈദ്ധാന്തികവല്‍ക്കരണങ്ങളുമാണ്‌ സോദോമിലുണ്ടായിരുന്നത്‌ എന്നു വ്യക്തം. അവര്‍ പൊതുസദസ്സുകളില്‍ ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കുന്നവരായിരുന്നുവെന്നും ലൂത്വിന്റെ പ്രബോധനത്തില്‍ നിന്ന്‌ മനസ്സിലാക്കാം. എന്തായാലും നൂറു ശതമാനവും ആണുങ്ങള്‍ തന്നെയായ മനുഷ്യരോടാണ്‌ നിങ്ങളുടെ ഇണകള്‍ എന്റെ പെണ്‍മക്കളാണ്‌ (എന്റെ സമൂഹത്തിലെ പെണ്ണുങ്ങളാണ്‌) എന്ന്‌ ലൂത്വ്‌ പ്രസ്‌താവിച്ചത്‌. ഒരു മൂന്നാം ലിംഗവിഭാഗത്തെയായിരുന്നില്ല അവിടുന്ന്‌ അഭിമുഖീകരിച്ചിരുന്നതെന്ന്‌ വ്യക്തം. സ്വാഭാവികമായും സോദോമ്യരുടെ ഈ പ്രവൃത്തി സാമൂഹികവിരുദ്ധമായ ആസക്തികളുടെ ഗണത്തില്‍പ്പെടുന്നു.
രോഗമാണ്‌ രണ്ടാമത്തെ ഇനം. ഇത്‌ മാനസികമോ ശാരീരികമോ ആവാം. ചികില്‍സയാണ്‌ ഇതിന്റെ പ്രതിവിധി. അതായത്‌ ചികില്‍സയിലൂടെ പ്രതിവിധി കണ്ടെത്താന്‍ പറ്റുന്നവയെ മാത്രമേ ഇവിടെ രോഗം എന്ന്‌ വിവക്ഷിക്കുന്നുള്ളൂ. ഹോര്‍മോണ്‍ തകരാറുകളായാലും മാനസികപ്രശ്‌നങ്ങളായാലും ശാസ്‌ത്രീയമായ പ്രതിവിധി സാധ്യമാണെങ്കില്‍ അത്‌ രോഗമായിത്തന്നെ പരിഗണിക്കപ്പെടണം. ഇതും സ്വവര്‍ഗലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല. Hypersexuality Disorder ഉള്ള പുരുഷന്മാരും സ്‌ത്രീകളുമുണ്ടല്ലോ. അപൂര്‍വം ചില സ്‌ത്രീകള്‍ വളരെക്കൂടിയ തോതില്‍ നിംഫോമാനിയാക്കുകളായിരിക്കും. അവര്‍ അങ്ങനെയാണ്‌ എന്ന ന്യായത്തില്‍ അവരെ അതുപോലെ ജീവിക്കാന്‍ വിട്ടേക്കുക എന്നതല്ലല്ലോ സ്വീകാര്യമായ മാര്‍ഗം. ഈ ഹൈപ്പര്‍സെക്ഷ്വാലിറ്റി ഡിസോഡര്‍ മിക്കവാറും ഹെറ്റെറോസെക്ഷ്വല്‍ ആസക്തികളാണ്‌ പ്രകടിപ്പിക്കാറുള്ളത്‌. അതേസമയം ഹോമോക്ഷ്വാലിറ്റിയുടെ കാര്യത്തിലും രോഗം എന്ന സാധ്യതയെ പൂര്‍ണമായും തള്ളിക്കളയാന്‍ യാതൊരു ന്യായവുമില്ല. സ്വാഭാവികമായും അതിന്‌ ചികില്‍സയല്ലാതെ പരിഹാരങ്ങളില്ല.
9aYhiJBമൂന്നാമത്തെ വിഭാഗത്തെസ്സംബന്ധിച്ചിടത്തോളം, അവര്‍ വികൃത ലൈംഗികാസക്തിയുടെ അടിമകളാണെന്നോ കുറ്റവാളികളാണെന്നോ വിധിക്കാന്‍ പറ്റില്ല. ചികില്‍സ സാധ്യമായ രോഗവുമല്ല അവരുടേത്‌. കുറ്റവാസനയോ രോഗമോ അല്ലെങ്കില്‍പ്പിന്നെ അതിനെ വിശേഷിപ്പിക്കേണ്ടത്‌ പ്രകൃതം എന്നു തന്നെയാണ്‌. ഇവരെ കൃത്യമായി Transgenders എന്നു തന്നെ വിളിക്കാം. ജനനസമയത്തെ ലിംഗനിര്‍ണയം മൂലം ഒരു ലിംഗ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെടുകയും പിന്നീട്‌ സ്വന്തം വ്യക്തിത്വത്തെയും അഭിനിവേശങ്ങളെയും ആ ഗ്രൂപ്പില്‍ സാക്ഷാല്‍ക്കരിക്കാനാവുന്നില്ല എന്ന്‌ തിരിച്ചറിയുകയും ചെയ്യുന്നവരെയാണ്‌ ഈ വിഭാഗത്തില്‍പ്പെടുത്തുക. ട്രാന്‍സ്‌ സെക്ഷ്വലുകള്‍ ജന്മനാ അവര്‍ക്ക്‌ നല്‍കപ്പെട്ട ലൈംഗിക സ്വത്വത്തെ നിരാകരിക്കുകയും എതിര്‍ലിംഗത്തിന്റെ മാനസികവും ശാരീരികവുമായ സ്വത്വത്തെ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്‌. ഇവരുടെ വികാരങ്ങളെയും താല്‍പര്യങ്ങളെയും, ഇവരനുഭവിക്കുന്ന മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളെയും അവഗണിക്കാനോ കേവലം അധാര്‍മികമായി മുദ്ര കുത്താനോ പറ്റില്ല.
അതേസമയം തന്നെ, ഇതുമായി ബന്ധപ്പെട്ടും ചില കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്‌. ഒന്നാമതായും Transgender എന്ന അവസ്ഥ ‘പൂര്‍ണമായും’ ജനിതകമാണെന്നതിന്‌ എക്‌സ്‌പെരിമെന്റലായ തെളിവുകളൊന്നുമില്ല. Heterosexual, Homosexual, Bisexual എന്നിങ്ങനെയുള്ള മൂന്ന്‌ പ്രകൃതങ്ങള്‍ തികച്ചും സ്വാഭാവികമാണെന്നുള്ള പഠനങ്ങള്‍ക്ക്‌ എത്രത്തോളം വിശ്വാസ്യതയുണ്ടെന്നുള്ളത്‌ പ്രശ്‌നമാണ്‌. അപരലിംഗി എന്ന പ്രവണത ബഹുഭൂരിഭാഗം കേസുകളിലുമെങ്കിലും ജനിതകമല്ല, മറിച്ച്‌ ആര്‍ജിതമാണ്‌ (അപൂര്‍വമായി ജനിതകകാരണങ്ങളാലുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഇതിന്‌ കാരണമായിത്തീരാറുണ്ടെങ്കിലും). പുതിയ ലോകത്ത്‌ ഇതു സംബന്ധമായ പ്രചാരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന LGBT. Queer പോലുള്ള പ്രസ്ഥാനങ്ങള്‍ ലൈംഗിക ഉദാരീകരണത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. ഒന്നാമതായും Lesbian, Gay, Bisexual, Transgender എന്ന കൂട്ടിക്കുഴക്കല്‍ തന്നെ അശാസ്‌ത്രീയമാണ്‌. പ്രവണതകള്‍ ജനിതകവും സ്വാഭാവികവുമാണെന്ന്‌ വന്നാല്‍ത്തന്നെയും ആ സ്വഭാവത്തിലുള്ള ലെസ്‌ബിയനും ഗേയും ട്രാന്‍സ്‌ജെന്‍ഡറിന്റെ പട്ടികയില്‍ത്തന്നെ വരും. ബൈസെക്ഷ്വല്‍സിനെ ലൈംഗിക ന്യൂനപക്ഷത്തില്‍പ്പെടുത്തുന്നതിന്റെ ന്യായമെന്താണെന്നതും ചോദ്യമാണ്‌. അനാശാസ്യം എന്ന്‌ ഒരു വലിയ സമൂഹം കരുതുന്ന പ്രവണതകളെയടക്കം ന്യായീകരിക്കാന്‍ സഹായിക്കുന്ന വിധം വിപുലമായാണ്‌ ഈ എല്‍.ജി.ബി.ടി സമന്വയം നിലനില്‍ക്കുന്നത്‌. വികൃതവും സാമൂഹ്യവിരുദ്ധവുമായ ആസക്തികളെപ്പോലും നീതീകരിക്കാന്‍ ഈ കാഴ്‌ചപ്പാടിന്‌ പറ്റും. പുരുഷമേല്‍ക്കോയ്‌മയോടുള്ള വിരോധം റാഡിക്കല്‍ ഫെമിനിസത്തെ ലെസ്‌ബിയന്‍ ഫെമിനിസം എന്ന ധാരയിലേക്ക്‌ തന്നെ നയിച്ചിട്ടുണ്ട്‌. ഈ പ്രവണത എന്തായാലും ജനിതകമല്ലല്ലോ.


ജനിതകവും പരിസരവും

ട്രാന്‍സ്‌ജെന്‍ഡറുകളായിത്തീരുന്നവരില്‍ വലിയൊരു ഭാഗം തീരെച്ചെറുപ്രായത്തില്‍ ചെറുതോ വലുതോ ആയ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ വിധേയരായവരാണ്‌. പില്‍ക്കാലത്ത്‌ അവരുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്നതില്‍ അത്‌ വലിയ പങ്ക്‌ നിര്‍വഹിച്ചിട്ടുണ്ടാവാം. ഇതുപോലെ സ്വാധീനിക്കുന്ന മറ്റ്‌ ഘടകങ്ങളുമുണ്ട്‌. ചുറ്റുപാടുകള്‍, മാതാപിതാക്കളുടെ മനോഭാവങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഇത്തരം സംഗതികള്‍ സ്വവര്‍ഗലൈംഗികാസക്തിയിലേക്കും നയിക്കും. ആധുനിക സ്വവര്‍ഗാനുരാഗ പ്രസ്ഥാനങ്ങളുടെ അഗ്രഗാമിയായി (The Pioneer of the Modern Gay Rights Movement) കരുതപ്പെടുന്ന കാള്‍ ഹെന്റിച്‌ ഉല്‍റിച്‌സിന്റെ ജീവിതകഥയില്‍ ബാല്യത്തില്‍ പെണ്‍വസ്‌ത്രങ്ങളുടുപ്പിച്ച്‌ താലോലിക്കാറുണ്ടായിരുന്ന അമ്മയെയും പതിനാലാം വയസ്സില്‍ ലൈംഗികകേളിക്ക്‌ വിധേയനാക്കിയ കുതിരസ്സവാരി പരിശീലകനെയും പറ്റി പറയുന്നുണ്ട്‌. എമ്മോ ഗോള്‍ഡ്‌സ്‌മാന്‍ എന്ന ഗേ തന്റെ സകല ആഗ്രഹങ്ങള്‍ക്കും എതിരു നിന്നിരുന്ന പിതാവിനെയും തരം കിട്ടുമ്പോഴെല്ലാം ലൈംഗികമായും അല്ലാതെയും പീഡിപ്പിച്ചിരുന്ന അധ്യാപകരെയും അനുസ്‌മരിക്കുന്നതും കാണാം. ഹിജഡകള്‍ എന്ന്‌ പൊതുവായി പേരു പറയാറുണ്ടെങ്കിലും ഹിജഡകള്‍ ആയിത്തീരുന്നവരാണ്‌ കേരളത്തിലെയും ട്രാന്‍സ്‌ സെക്ഷ്വലുകളില്‍ വലിയൊരു ഭാഗം. ഇവരെക്കുറിച്ചുള്ള പഠനങ്ങളിലും ഇത്തരം അനുഭവങ്ങള്‍ രേഖപ്പെടുത്തിയതായി കാണാം. ജീനുകള്‍ മാത്രമല്ല മനുഷ്യന്റെ സ്വഭാവവും അഭിനിവേശങ്ങളും നിര്‍ണയിക്കുന്നത്‌. സാഹചര്യങ്ങള്‍ക്ക്‌ അതില്‍ വലിയൊരു പങ്കുണ്ട്‌. ഒരേ ജനിതകഘടനയോടു കൂടി ജനിക്കുന്നവര്‍ തന്നെ വ്യത്യസ്‌ത സാഹചര്യങ്ങളില്‍ വ്യത്യസ്‌തങ്ങളായ അഭിനിവേശങ്ങള്‍ പ്രകടിപ്പിച്ചേക്കാം.

കാൾ ഉൽറിച്സ്
കാൾ ഉൽറിച്സ്

സ്വവര്‍ഗരതിതല്‍പരതയുടെ ജനിതകാടിത്തറ കണ്ടെത്താന്‍ പരിശ്രമിച്ചിട്ടുള്ളവരില്‍ പ്രധാനി ഡീന്‍ ഹാമറാണ്‌. അദ്ദേഹം സ്വയം തന്നെ സ്വവര്‍ഗരതിതല്‍പരനാണ്‌. 1993 ല്‍ അദ്ദേഹത്തിന്റെ A Linkage Between DNA Makers on the X Chromosome and Male Sexual Orientation എന്ന പഠനം സയന്‍സ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ചു. സ്വവര്‍ഗാനുരാഗികളുടെ X ക്രോമസോമില്‍ X9 28 എന്ന ഒരു Genetic Marker ഉണ്ടെന്ന്‌ അതില്‍ അവകാശപ്പെട്ടു. ഇതാണ്‌ അന്നും ഇന്നും കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഗേ ജീന്‍. എന്നാല്‍ ഡീന്‍ ഹാമറുടെ ഈ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്ന്‌ തെളിയിക്കുന്ന പഠനങ്ങളും സയന്‍സ്‌ മാഗസിനില്‍ത്തന്നെ പിന്നീട്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. തീര്‍ത്തും വിശ്വസിക്കത്തക്കതായ ഒന്നല്ല ഗേ ജീനിനെക്കുറിച്ച പഠനങ്ങള്‍ എന്നര്‍ത്ഥം.
ഒരു വ്യക്തിയുടെ ലൈംഗികവളര്‍ച്ചയുടെ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്‌ സിഗ്മണ്ട്‌ ഫ്രായ്‌ഡ്‌. ഇതില്‍ ഒരു ഘട്ടത്തില്‍ നിന്ന്‌ മറ്റൊന്നിലേക്കുള്ള പരിവര്‍ത്തനത്തില്‍ അവലംബിച്ചേക്കാവുന്ന ഫലപ്രദമല്ലാത്ത രീതികള്‍, ഒരു ഘട്ടില്‍ത്തന്നെയുള്ള ഉറച്ചുപോകല്‍ (Fixation) തുടങ്ങിയവയുടെ സാധ്യതകളെപ്പറ്റി പറയുന്നു. ഇതും ഇത്തരത്തില്‍പ്പെട്ടതും അല്ലാത്തതുമായ മാനസികാവസ്ഥകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായിത്തീര്‍ന്നേക്കാം.
സ്വവര്‍ഗപ്രണയം, സ്വവര്‍ഗരതി തുടങ്ങിയ കാര്യങ്ങളെ വിശകലനം ചെയ്‌താല്‍ മറ്റൊരു പ്രവണത കൂടി കാണാം. മിക്കപ്പോഴും ഈ ഇണകളില്‍ കര്‍തൃത്വമുള്ള ഒരാളുണ്ടാവും. അതായത്‌ ലൈംഗികതയുമായി ബന്ധപ്പെട്ട പരമ്പരാഗത യാഥാസ്ഥിതിക ധാരണകളില്‍ നിന്ന്‌ മുക്തമാവില്ല പല സ്വവര്‍ഗ ബന്ധങ്ങളും. കൃത്രിമമായെങ്കിലും അവിടെ ഒരാള്‍ ആണിന്റെ റോള്‍ തന്നെയാണ്‌ ആടുന്നത്‌. മറ്റേയാള്‍ പെണ്ണാണ്‌. ഇങ്ങനെയൊരു മാനസികാവസ്ഥയില്‍ ജീവിക്കുന്നതു കാരണവും താന്‍ സ്വീകരിച്ചിരിക്കുന്ന സ്‌ത്രീ സ്വത്വത്തോടുള്ള അമിത പ്രതിബദ്ധത -ഒരു തരം സ്വത്വശങ്ക- കാരണവും കൂടുതല്‍ വിധേയത്വമുള്ള ‘പെണ്ണാ’യിത്തന്നെ അയാള്‍ മാറുന്നു. അങ്ങനെ ഏതൊരു പരമ്പരാഗത ദാമ്പത്യത്തിലുമുള്ളതിനെക്കാള്‍ കടുത്ത പുരുഷമേധാവിത്തത്തിന്റെ ഉത്തമമാതൃകയായിത്തീരുന്നു ആ ബന്ധം. ഇതില്‍ പുരുഷ പങ്ക്‌ നിര്‍വഹിക്കുന്നയാള്‍ മിക്കപ്പോഴും നാം മുകളില്‍ വര്‍ഗീകരിച്ചിരിക്കുന്ന രീതിയനുസരിച്ച്‌ ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ടയാളാവാനാണ്‌ സാധ്യത. അയാള്‍ പങ്കാളിയുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുകയാണ്‌ ചെയ്യുന്നത്‌. ഇവിടെ ഈ ബന്ധം കാപട്യത്തിന്റെ രൂപമണിയുന്നുണ്ട്‌.


സ്വത്വം

മർയം ഖാതൂൻ മൊൽകാര
മർയം ഖാതൂൻ മൊൽകാര

ഇത്തരം സങ്കീര്‍ണതകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും ഇതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യലും പരിഹാരം തേടലുമൊക്കെ നടക്കുമ്പോഴും തനിക്ക്‌ ഹിതകരമല്ലാത്ത ശരീരത്തിനകത്ത്‌ ജീവിക്കേണ്ടി വരുന്നവരുടെ സ്വത്വസന്ത്രാസങ്ങളെ അഭിമുഖീകരിക്കാതിരിക്കാന്‍ പറ്റില്ല. ഹിജഡ സമൂഹത്തില്‍ ചേരുന്ന ഇന്ത്യന്‍ ട്രാന്‍സ്‌ സെക്ഷ്വലുകള്‍ തങ്ങളിലെ പുരുഷനെ ഹനിക്കാന്‍ ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച്‌ മാത്രം വായിച്ചാല്‍ മതി, ഇവരനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാന്‍. ബഹുചര മാതായ്‌ക്ക്‌ തങ്ങളുടെ പുരുഷലിംഗം നിവേദ്യമായി സമര്‍പ്പിക്കുന്നത്‌ തികച്ചും പ്രാകൃതമായ രീതിയിലാണ്‌. മന്ത്രോച്ചാരണങ്ങളോടെ അര്‍ദ്ധബോധാവസ്ഥയിലെത്തിക്കുന്ന ആളിന്റെ ലിംഗം വൃഷണസഞ്ചിയോടു ചേര്‍ത്ത്‌ കടയ്‌ക്കല്‍ വെച്ചു തന്നെ കര്‍മങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഹിജഡ നൂലു കൊണ്ട്‌ വരിഞ്ഞു കെട്ടുന്നു. എന്നിട്ട്‌ നേര്‍ക്കു നേരെ അതങ്ങ്‌ മുറിച്ചു മാറ്റുകയാണ്‌ ചെയ്യുക. രക്തപ്രവാഹം തടയാനും മെനക്കെടാറില്ല. എന്തെന്നാല്‍ ആ ചോര മുഴുവന്‍ പോയാലേ അയാളിലെ പുരുഷഭാവം ഇല്ലാതാവൂ എന്നാണ്‌ വിശ്വാസം. ഈ പ്രക്രിയയില്‍ മരണം വരെ നടന്നേക്കാം. ഇതുപോലെ വരിയുടക്കല്‍ സമ്പ്രദായം ട്രാന്‍സ്‌ജെന്‍ഡറുകളുടെ സമൂഹങ്ങളില്‍ പലേടത്തുമുണ്ട്‌. ഇത്രയും ഭീകരമായ ത്യാഗത്തിന്‌ തയ്യാറാവുന്നതില്‍ നിന്നു തന്നെ ഇവരനുഭവിക്കുന്ന വ്യഥകള്‍ ഏത്രത്തോളം തീവ്രമാണെന്നത്‌ വ്യക്തമാണ്‌.
ഇറാനില്‍ ട്രാന്‍സ്‌ ജെന്‍ഡറുകളുടേതായ ഒരു സമൂഹം രൂപപ്പെട്ടിരുന്നെങ്കിലും ഷായുടെ കാലത്ത്‌ ഇവരുടെ ആഗ്രഹങ്ങളെ നിയമവിരുദ്ധമായാണ്‌ പരിഗണിച്ചിരുന്നത്‌. വിപ്ലവാനന്തരം മര്‍യം ഖാതൂന്‍ മൊല്‍കാര എന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ ആയത്തുല്ലാ ഖുമൈനിയുമായി നടത്തിയ സംവാദങ്ങള്‍ വിഖ്യാതമാണ്‌. ആണായി ജനിക്കുകയും തന്റെ ആണസ്‌തിത്വത്തിനകത്ത്‌ ജീവിക്കാന്‍ തനിക്ക്‌ പറ്റില്ലെന്ന്‌ തിരിച്ചറിയുകയും ചെയ്‌തയാളാണ്‌ മര്‍യം ഖാതൂന്‍ മൊല്‍കാര.

ആയത്തുല്ലാ ഖുമൈനി
ആയത്തുല്ലാ ഖുമൈനി

ഇതേത്തുടര്‍ന്ന്‌ ഖുമൈനി നല്‍കിയ ഫത്‌വയനുസരിച്ച്‌ ഇങ്ങനെയുള്ളവര്‍ക്ക്‌ Surgical Reassignment നടത്താനും തുടര്‍ന്ന്‌ സ്‌ത്രീയായി ജീവിക്കാനും വിവാഹം കഴിക്കാനും തന്റെ രേഖകളിലെല്ലാം ജെന്‍ഡര്‍ തിരുത്താനുമുള്ള അവകാശം ഇറാനില്‍ ലഭിച്ചു. ഭാരിച്ച ചെലവു വരുന്ന ഈ ശസ്‌ത്രക്രിയയില്‍ സര്‍ക്കാര്‍ സഹായം കൂടി അനുവദിക്കാറുണ്ട്‌. അതേസമയം സ്വവര്‍ഗരതിയെ അസാന്മാര്‍ഗിക സഞ്ചാരവും കടുത്ത ക്രിമിനല്‍ കുറ്റവുമായിത്തന്നെയാണ്‌ ഇറാന്‍ പരിഗണിക്കുന്നത്‌.
എന്തായാലും ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നേടത്ത്‌ മുകളില്‍ സൂചിപ്പിച്ചതു പോലെ കാര്യങ്ങള്‍ കൃത്യമായി വര്‍ഗീകരിച്ച്‌ വിശകലനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. ഇതിലെന്നല്ല ഏതിലും ഇപ്രകാരമുള്ള വിശകലനം ആവശ്യമാണ്‌. എങ്കില്‍ മാത്രമേ ധാര്‍മികവും മാനുഷികവുമായ പരിഹാരങ്ങള്‍ ഉണ്ടാവുകയുള്ളൂ.


ഉഭയം

അതേസമയം ലൈംഗികമായി ഒരു മൂന്നാം വര്‍ഗത്തില്‍പ്പെട്ടവര്‍ എന്ന്‌ നിസ്സംശയം പറയാവുന്ന മറ്റു ചില വിഭാഗങ്ങളുണ്ട്‌. അപരലിംഗികള്‍ അഥവാ ട്രാന്‍സ്‌ സെക്ഷ്വലുകള്‍ എന്നതിനേക്കാള്‍ ഉഭയലിംഗികള്‍ എന്ന വിശേഷണമായിരിക്കും അവര്‍ക്ക്‌ ചേരുക. അതായത്‌ ഒരേ ശരീരത്തില്‍ത്തന്നെ ആണിനെയും പെണ്ണിനെയും കൊണ്ടു നടക്കുന്നവര്‍. Inter Sex Persons എന്നാണ്‌ അവരെ വിശേഷിപ്പിക്കുക. ഹെര്‍മഫ്രൊഡൈറ്റുകള്‍ (Hermaphrodites) എന്നും ഇവരെ വിളിക്കാറുണ്ട്‌. ഹെര്‍മഫ്രൊഡൈറ്റസ്‌ എന്ന ഗ്രീക്ക്‌ ദേവന്റെ കഥ മുകളില്‍ ഉദ്ധരിച്ചിട്ടുണ്ടല്ലോ. തികച്ചും ജനിതകമാണ്‌ ഇവരുടടെ അവസ്ഥ. ഇങ്ങനെയുള്ള ആളുകള്‍ അത്യപൂര്‍വമാണ്‌. എങ്കില്‍പ്പോലും നമ്മുടേതായ ഒരുവക ലളിതപരിഹാരവും ഇവരുടെ കാര്യത്തില്‍ സാധ്യമല്ല. ചിലപ്പോള്‍ ഇവരെ ശസ്‌ത്രക്രിയയിലൂടെ സാധാരണയായ അവസ്ഥയിലേക്ക്‌ കൊണ്ടുവരാന്‍, അത്‌ സാധിക്കുന്ന കേസുകളില്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ അവരോടു കാണിക്കുന്ന വലിയ അന്യായമാണ്‌. ഇക്കാര്യം അവരുടെ സംഘടന (International Intersex Forum) ശക്തമായി വാദിക്കുന്നുമുണ്ട്‌. അവരുടെ മനസ്സെന്തെന്നറിഞ്ഞ ശേഷമല്ല മറ്റുള്ളവര്‍ അവരില്‍ തെരഞ്ഞെടുപ്പു നടത്താറുള്ളത്‌. ചിലപ്പോള്‍ അവരെ പൂര്‍ണപുരുഷനാക്കാനായിരിക്കും മറ്റുള്ളവര്‍ ശ്രമിക്കുക. എന്നാല്‍ അവരില്‍ പ്രവര്‍ത്തിക്കുന്നത്‌ സ്‌ത്രൈണ അഭിനിവേശങ്ങളായിരിക്കാം. നേരെ തിരിച്ചും വരാം. സ്വാഭാവികമായും ഈ ശസ്‌ത്രക്രിയ അവരില്‍ താങ്ങാനാവാത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ചിലര്‍ ചിലപ്പോള്‍ പുരുഷ അഭിനിവേശങ്ങളില്‍ നില കൊള്ളുകയും എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ അത്‌ സ്‌ത്രൈണാഭിനിവേശങ്ങളായി മാറുകയും ചെയ്യാം. ഇനിയും ചിലപ്പോള്‍ ഒരാള്‍ക്ക്‌ സ്‌ത്രൈണവികാരങ്ങളുണ്ടാവുകയും അവരുടെ ശരീരം പക്ഷേ അതിന്‌ വഴങ്ങാതിരിക്കുകയും ചെയ്യാം.

ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌ ലൂസിയ പ്യുയെന്‍സോ എന്ന ആര്‍ജന്റിനന്‍ ചലച്ചിത്രകാരി, XXY എന്ന അവരുടെ സിനിമയില്‍. ഇന്റര്‍സെക്‌സ്‌ ജനിതകഘടനയെ സൂചിപ്പിക്കുന്നതാണ്‌ ഈ പേര്‌. ലിംഗ ക്രോമസോമുകളില്‍ X ക്രോമസോമിന്റെ കൂടെ X തന്നെയാണ്‌ ചേരുന്നതെങ്കില്‍ കുട്ടി പെണ്ണും Y ആണ്‌ ചേരുന്നതെങ്കില്‍ ആണും ആയിത്തീരുകയെന്നതാണ്‌ സാധാരണഗതിയില്‍ സംഭവിക്കുക.
ഒരു കുഞ്ഞില്‍ ഡിഫാള്‍ട്ടായി പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പെണ്ണിന്റേതാണ്‌. XY ക്രോമസോമുകളുടെ സംയോഗമാണ്‌ സംഭവിക്കുന്നതെങ്കില്‍ Y ക്രോമസോമിലെ SRY എന്ന ജീനാണ്‌ പ്രധാനമായും ഭ്രൂണത്തിന്റെ പുരുഷലിംഗപരിവര്‍ത്തനം സാധ്യമാക്കുന്നത്‌. സ്‌ത്രൈണാവയവങ്ങളുടെയും ഹോര്‍മോണുകളുടെയും വളര്‍ച്ച തടഞ്ഞു കൊണ്ട്‌ ഭ്രൂണത്തിനു മേല്‍ സ്വാധീനമുറപ്പിക്കുന്ന SRY പോലുള്ള ജീനുകള്‍ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണിന്റെ ഉല്‍പാദനവും വൃഷണങ്ങള്‍ (Testicles), പുരുഷലിംഗം തുടങ്ങിയവയുടെ രൂപപ്പെടലും ഉറപ്പു വരുത്തുന്നു. അതേസമയം ചിലരുടെ ജനിതകസംയോഗത്തില്‍ XY യോടൊപ്പം ഒരു X കൂടുതലുണ്ടാവും. അവരില്‍ പുരുഷലൈംഗികാവയവങ്ങളുണ്ടായിരിക്കുമെങ്കിലും അധികമുള്ള തന്റെ സ്വാധീനത്താല്‍ ചിലപ്പോള്‍ ഈ അവയവങ്ങള്‍ ദുര്‍ബ്ബലമായിരിക്കും. കുട്ടി വളരുന്നതനുസരിച്ച്‌ മുലകളും മറ്റ്‌ സ്‌ത്രൈണസവിശേഷതകളും മാനസികാവസ്ഥകളും വികസിച്ചു വരികയും ചെയ്യും. ചിലരില്‍ ടെസ്റ്റിക്കിളിനൊപ്പം ദുര്‍ബ്ബലമോ ബലവത്തോ ആയ ഓവറിയുമുണ്ടാകും. ഇനിയും ചിലരിലാകട്ടെ, രണ്ട്‌ ലൈംഗികാവയവങ്ങള്‍ തന്നെ ഉണ്ടാകും. ഇതിന്‌ XXY സിന്‍ഡ്രം എന്ന്‌ പറയാറുണ്ട്‌. ക്ലൈന്‍ഫെല്‍ഡ്‌ സിന്‍ഡ്രം എന്നും ഇതിന്‌ പേരുണ്ട്‌.

ലൂസിയ പുയെൻസോ
ലൂസിയ പുയെൻസോ

ഇതില്‍ നിന്നാണ്‌ ലൂസിയ പ്യുയെന്‍സോ തന്റെ സിനിമയ്‌ക്കുള്ള പേര്‌ സ്വീകരിച്ചിരിക്കുന്നത്‌. അതേസമയം XXY എന്ന പേര്‌ സിനിമ പറയാനുദ്ദേശിക്കുന്ന കാര്യങ്ങളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ലെന്ന്‌ വേണമെങ്കില്‍ ആരോപിക്കാവുന്നതാണ്‌. ഒരു X ക്രോമസോമിന്റെ ആധിക്യം കാരണം പുരുഷനില്‍ ഉണ്ടാകുന്ന സ്‌ത്രൈണ പ്രവണതകളാണല്ലോ XXY സിന്‍ഡ്രം. എന്നാല്‍ ഇന്റര്‍സെക്‌സിന്റെ രൂപീകരണത്തിന്റെ വഴി അതു മാത്രമല്ല. അതേസമയം ഹെര്‍മഫ്രൊഡൈറ്റുകള്‍ സാധാരണഗതിയില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ നേര്‍ക്കാഴ്‌ചയായി പ്യുയെന്‍സോവിന്റെ ചിത്രം മാറുന്നുണ്ട്‌. അലക്‌സ്‌ എന്ന പതിനാലുകാരി(രന്‍) ആണ്‌ അതിലെ പ്രധാന കഥാപാത്രം. അലക്‌സിനെ തുടക്കത്തില്‍ നമ്മളറിയുന്നത്‌ ഒരു പെണ്ണായിട്ടാണ്‌. എന്നാല്‍ താമസിയാതെ അലക്‌സിന്റെ യഥാര്‍ത്ഥ പ്രകൃതമെന്തെന്ന്‌ നാം മനസ്സിലാക്കുന്നു. അവള്‍ക്ക്‌(ന്‌) രണ്ട്‌ ലൈംഗികാവയവങ്ങളുമുണ്ട്‌. മറൈന്‍ ബയോളജിസ്‌റ്റായ അലക്‌സിന്റെ അച്ഛന്‍ അവളോ(നോ)ടും അമ്മയോടുമൊപ്പം ആര്‍ജന്റിനയിലെ നഗരത്തില്‍ നിന്നു മാറി ഉറുഗ്വേയിലെ ഒരു നാട്ടുമ്പുറത്ത്‌ താമസിക്കുകയാണ്‌. അലക്‌സ്‌ ആരാണെന്നും എന്താണെന്നുമുള്ള തീരുമാനം അലക്‌സില്‍ നിന്നു തന്നെ ഉണ്ടാവാന്‍ കാത്തു നില്‍ക്കുകയാണ്‌ അയാള്‍. തന്നിലെ Masculine features നെ അമര്‍ത്താനും കൂടുതല്‍ Feminine features വളര്‍ത്തിയെടുക്കാനും വേണ്ടി മരുന്നുകള്‍ കഴിച്ചിരുന്ന അലക്‌സ്‌ ഇപ്പോള്‍ അത്‌ നിര്‍ത്തിയിരിക്കുകയാണ്‌. കാരണം അലക്‌സ്‌ എന്താണെന്ന്‌ അയാള്‍ക്കു തന്നെ അറിഞ്ഞു കൂടാ. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ വേണമെങ്കില്‍ ശസ്‌ത്രക്രിയയിലൂടെ ഏതെങ്കിലുമൊന്ന്‌ ആക്കാന്‍ പറ്റുമായിരുന്നിട്ടും അവളുടെ(ന്റെ) ഇഷ്ടത്തിന്‌ വിട്ടു കൊടുക്കുകയാണ്‌ വേണ്ടത്‌ എന്ന തീരുമാനത്തില്‍ പ്രായപൂര്‍ത്തിയാവാന്‍ കാത്തുനില്‍ക്കുകയാണ്‌ മാതാപിതാക്കള്‍. താന്‍ സ്‌ത്രീയാകണോ പുരുഷനാകണോ അതോ നിലവിലുള്ള അവസ്ഥയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്തതിന്റെ വ്യഥകളിലൂടെയും ബദ്ധപ്പാടുകളിലൂടെയും മുന്നോട്ടു പോവുകയാണ്‌ പ്യുയെന്‍സോവിന്റെ സിനിമ.
്‌അലക്‌സിന്‌ ലൈംഗികാടുപ്പം തോന്നുന്നത്‌ പുരുഷനോടാണ്‌. അതേസമയം രതിയിലേര്‍പ്പെട്ടു തുടങ്ങിയാല്‍പ്പിന്നെ അവള്‍(ന്‍) സ്വയം പുരുഷനായിത്തീരുന്നു. അതോടെ അലക്‌സിന്റെ പെരുമാറ്റങ്ങളില്‍ ആകെയൊരു പരിവര്‍ത്തനം വരികയായി. ഇതുമൂലമുള്ള പകപ്പിനിടിലാണ്‌ അലക്‌സിന്റെ കൂട്ടുകാരനായ അല്‍വാരോയ്‌ക്ക്‌ സ്വയം തന്നെ താനൊരു ഗേ ആണോ എന്ന സംശയമുണ്ടാകുന്നത്‌. എന്തായാലും ഇതിനിടയിലെല്ലാം തന്നെ തന്റെ വ്യക്തിത്വത്തെക്കുറിച്ച ആശയക്കുഴപ്പങ്ങളും ഉല്‍ക്കണ്‌ഠകളും അലക്‌സില്‍ നിറഞ്ഞു നിന്നു. ഒരു സെക്‌സ്‌ റീഅസൈന്‍മെന്റ്‌ സര്‍ജറിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴും കഴിച്ചു കൊണ്ടിരുന്ന മരുന്ന്‌ മുടക്കിയതിനെപ്പറ്റി ചോദിക്കുമ്പോഴും അലക്‌സിന്‌ ഒന്നും പറയാനുണ്ടായിരുന്നില്ല. താന്‍ ആരാണെന്ന്‌ നിര്‍ണയിക്കാന്‍ കഴിയാത്തതാണല്ലോ അവളുടെ(ന്റെ) യഥാര്‍ത്ഥ പ്രശ്‌നം. സര്‍ജറിയുടടെയും മരുന്നുകളുടെയും മുഴുവന്‍ സാധ്യതകളെയും നിരാകരിച്ച അലക്‌സ്‌ ഇങ്ങനെ ആത്മഗതം ചെയ്‌തു What if there is nothing to choose? ഈ പ്രതിസന്ധിയുടെ ആഴത്തെ കൃത്യമായനുഭവപ്പെടുത്തുന്ന ഒന്നാണ്‌ പ്യുയെന്‍സോവിന്റെ സിനിമ.
ലൈംഗികാവയവം ആണിന്റേതോ പെണ്ണിന്റേതോ എന്ന്‌ വേര്‍തിരിക്കാന്‍ കഴിയാത്ത ചില കേസുകളുണ്ട്‌. ഇവരെ ക്രോമസോം അനാലിസിസ്‌ നടത്തി ആണോ പണ്ണോ എന്ന്‌ നിര്‍ണയിക്കാന്‍ പറ്റും. അതേസമയം അവരനുഭവിക്കുന്ന പ്രതിസന്ധികളുടെ ആധാരം അവരുടെ ശാരീരിക വ്യക്തിത്വം എന്ത്‌ എന്നതുമായി ബന്ധപ്പെട്ടതല്ല. മറിച്ച്‌ അവരുടെ മാനസിക വ്യക്തിത്വമാണ്‌ അവരെ യഥാര്‍ത്ഥത്തില്‍ നിര്‍ണയിക്കുന്നത്‌. അതോടൊപ്പം യഥാക്രമം സ്‌ത്രീ, പുരുഷ ഹോര്‍മോണുകളായ ഈസ്‌ട്രജന്‍, ആന്‍ഡ്രജന്‍ എന്നിവ തലച്ചോറില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ്‌ അവരെ മാനസികമായി സ്വാധീനിക്കുന്നതില്‍ മുഖ്യമായ ഘടകം. ഇത്രത്തോളം സങ്കീര്‍ണമല്ലാത്ത മറ്റു ചില പ്രവണതകളും കൂടി ഉണ്ട്‌. ചിലര്‍ പെണ്‍കുഞ്ഞായി ജനിക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്നുവെങ്കിലും സൂക്ഷ്‌മഘടനയില്‍ ആണ്‍ജന്മമായിരിക്കും അവരുടേത്‌. അവര്‍ക്ക്‌ പുരുഷഗ്രന്ഥി ഉണ്ടായിരിക്കും. എന്നാല്‍ അതിന്‌ പ്രവര്‍ത്തനക്ഷമതയുടെ കുറവുണ്ടാകും. അല്ലെങ്കില്‍ അതില്‍ നിന്നുല്‍പാദിപ്പിക്കപ്പെടുന്ന ടെസ്റ്റോസ്‌റ്റിറോണ്‍, ആന്‍ഡ്രജന്‍ തുടങ്ങിയ പുരുഷ ഹോര്‍മോണുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടാവില്ല. അങ്ങനെ ആ ആള്‍ ഒരു സ്‌ത്രീയായിത്തന്നെ പ്രത്യക്ഷയാകും. ശിശുവിന്റെ ഡിഫാള്‍ട്ട്‌ ലിംഗം തന്നെ പെണ്ണായിരിക്കുമെന്നു സൂചിപ്പിച്ചിരുന്നല്ലോ. എല്ലാ സ്‌ത്രൈണതകളോടും സ്‌ത്രീയുമായി ബന്ധപ്പെട്ട ബാഹ്യസവിശേഷതകളുടെ നിറവിലും തന്നെ അവള്‍(ന്‍) വളരും. ഈ അവസ്ഥയെ ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം എന്നു വിളിക്കാറുണ്ട്‌. ഒരുപക്ഷേ ആര്‍ത്തവമില്ലാത്തതിന്റെ പേരില്‍ വൈദ്യസഹായം തേടുമ്പോഴായിരിക്കും താന്‍ യഥാര്‍ത്ഥത്തില്‍ ഒരാണാണെന്ന്‌ അവള്‍(ന്‍) അറിയുക. ഇത്രയും കാലം പെണ്ണായി ജീവിച്ച അവള്‍ക്ക്‌ ഇനിയും അതേ സ്ഥിതിയില്‍ തുടരുന്നതാണ്‌ നല്ലതെങ്കിലും ഇതിന്റെ പരിമിതികളെക്കുറിച്ച ബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ്‌ ഇതിന്റെ ശരിയായ പരിഹാരം. പ്രവര്‍ത്തനക്ഷമമല്ലാത്ത പുരുഷഗ്രന്ഥി നീക്കം ചെയ്യേണ്ടതായും വരും.


ഉത്തരം

ശരിയായ ഹെര്‍മഫ്രൊഡൈറ്റുകളിലേക്കു വരാം. ഇവരെ ശരിയായി മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതില്‍ സമൂഹത്തിനുണ്ടാകുന്ന പരാജയമാണ്‌ ഇവരെ പുറമ്പോക്കുകളിലേക്കും വേശ്യാവൃത്തികളിലേക്കും തള്ളിവിടുന്നത്‌. അതോടൊപ്പം മാന്യമായ സ്ഥാനം, അധിവാസം, വിദ്യാഭ്യാസം, തൊഴിലെടുത്ത്‌ ജീവിക്കാനുള്ള അവസരവും സ്വയം പര്യാപ്‌തതയും, കുടുംബവും ലൈംഗികതയും തുടങ്ങിയവ ഇവരുടെയും കൂടി അവകാശങ്ങളാണെന്നംഗീകരിക്കാന്‍ സമൂഹം തയ്യാറാവേണ്ടതാണ്‌. നപുംസകം, ആണും പെണ്ണും കെട്ടവന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ തെറികളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മാനസികാവസ്ഥ ഇവരെ ഉള്‍ക്കൊള്ളാന്‍ യഥാര്‍ത്ഥത്തില്‍ സന്നദ്ധമല്ല. ശമനോപാധികളില്ലാത്ത അഭിനിവേശങ്ങളും അകറ്റപ്പെടുന്നതിന്റെ വേദനയും സ്വന്തം അസ്‌തിത്വത്തോടു തന്നെ ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാവുന്ന വെറുപ്പുമൊക്കെച്ചേര്‍ന്നാണ്‌ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഹിജഡകളെ മറ്റുള്ളവരോട്‌ ഗോഷ്‌ഠി കാണിച്ചും പിടിച്ചു പറിച്ചും ജീവിക്കുന്നവരാക്കി മാറ്റിയത്‌.
ഇവരുടെ വൈകാരിക സന്ത്രാസങ്ങളെ ഉള്‍ക്കൊള്ളുന്ന തലത്തിലേക്ക്‌ ഇസ്ലാമിക കര്‍മശാസ്‌ത്രവും വല്ലാതെയൊന്നും വികാസം പ്രാപിച്ചിട്ടില്ലെന്നു തോന്നുന്നു. ആര്‍ത്തവം, താടിമീശകള്‍, മൂത്രം പുറപ്പെടുന്ന സ്ഥാനം തുടങ്ങിയവ പരിശോധിച്ച്‌ അനന്തരാവകാശപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അവ്യക്തനപുംസകങ്ങളെ സ്‌ത്രീയോ പുരുഷനോ നോക്കുന്നത്‌ നിഷിദ്ധമാണെന്നതു പോലുള്ള വിധികളുമൊക്കെയാണ്‌ കര്‍മശാസ്‌ത്രഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയുക. ഇതിലൊന്നും തന്നെ അവരുടെ വൈകാരികമായ അഭീഷ്ടങ്ങളെയോ വികാരങ്ങളെയോ അവരനുഭവിക്കുന്ന സ്വത്വപരമായ സന്ത്രാസങ്ങളെയോ ഒന്നും ഒട്ടും പരിഗണിക്കുന്നില്ല.
വിശുദ്ധ ഖുര്‍ആന്‍ സൂറഃ അശ്ശൂറാ നാല്‍പത്തൊമ്പതാമത്തെ മന്ത്രത്തില്‍ ആധിപത്യത്തിനുടയവനായ അല്ലാഹു അവന്റെ ഇച്ഛ പ്രകാരം ആണ്‍മക്കളെയും പെണ്‍മക്കളെയും നല്‍കുന്നതായി പ്രഖ്യാപിക്കുന്നുണ്ട്‌. എന്നാല്‍ അതിനു ശേഷം അമ്പതാമായത്തിലുള്ള പരാമര്‍ശം ഇങ്ങനെയാണ്‌. ഔ യുസവ്വിജുഹും ദുക്‌റാനന്‍ വ ഇനാഥാ. ചിലര്‍ക്ക്‌ ആണ്‍മക്കള്‍, ചിലര്‍ക്ക്‌ പെണ്‍മക്കള്‍ എന്ന്‌ പ്രസ്‌താവിച്ചതിനു ശേഷം ഇനിയും ചിലര്‍ക്ക്‌ ആണ്‍മക്കളും പെണ്‍മക്കളും എന്നാണ്‌ സാധാരണഗതിയില്‍ ഇതിന്‌ അര്‍ത്ഥം പറയാറുള്ളതെങ്കിലും യുസവ്വിജുഹും ദുകറാനന്‍ വ ഇനാഥാ എന്നാല്‍ ആണിനെയും പെണ്ണിനെയും ചേര്‍ത്തു നല്‍കും എന്നാണ്‌ പദാര്‍ത്ഥം വരികയെന്നതില്‍ നിന്ന്‌ ഇത്‌ മൂന്നാം ലിംഗവര്‍ഗത്തെ സൂചിപ്പിക്കുന്നതാണ്‌ എന്ന്‌ ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ആ വ്യാഖ്യാനം ശരിയാണെങ്കില്‍ അവരുടെ അസ്‌തിത്വത്തെ ഖുര്‍ആന്‍ സ്ഥാപിച്ചിരിക്കുന്നു എന്നാണ്‌ അര്‍ത്ഥം. അവരെ അംഗീകരിക്കാനും അധിവസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കനുസൃതമായ, അവരെയും അവരുടെ വികാരങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള തത്വങ്ങളും കര്‍മശാസ്‌ത്രവുമൊക്കെ വികസിപ്പിക്കേണ്ടത്‌ അനിവാര്യമാകുന്നു. അതാകട്ടെ, അനന്തരാവകാശ മസ്‌അലകള്‍ നിര്‍മിക്കാനും നോട്ടത്തിന്റെ സംസ്‌കാരം ശരിയാക്കാനും മാത്രമാവുകയുമരുത്‌.
എന്തായാലും വലിയൊരു സമൂഹത്തെ ശരിയായി അഭിമുഖീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്‌ ഇക്കാര്യത്തില്‍ നാമേറ്റെടുക്കേണ്ട പ്രഥമ ദൗത്യം. എന്നാല്‍ അതോടൊപ്പം തന്നെ, ഇതുമായി ബന്ധപ്പെട്ട അനാശാസ്യമായ വാദങ്ങളെയും മുദ്രാവാക്യങ്ങളെയും പടിക്കു പുറത്തു നിര്‍ത്താനും സാധിക്കേണ്ടതുണ്ട്‌. ഈ പ്രബന്ധത്തില്‍ ചൂണ്ടിക്കാണിച്ചതു പോലെ, ഏതു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും കുറ്റവാസന, രോഗം, നൈസര്‍ഗികത എന്നിവയെ കൃത്യമായി വേര്‍തിരിച്ചു കൊണ്ട്‌ അതിന്റെ, ആധാരത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്‌തു കൊണ്ടു വേണം മുന്നോട്ടു പോകാന്‍.

 • Mr. BorN …..

  വളരെ നന്നായി എഴുതിയിരിക്കുന്നു ….

  വിശദമായ കമന്റ് പിന്നീട് എഴുതാം ..

 • labbams4u

  ട്രാന്‍സ്‌ജെന്‍ഡറുകളായിത്തീരുന്നവരില്‍ വലിയൊരു ഭാഗം തീരെച്ചെറുപ്രായത്തില്‍ ചെറുതോ വലുതോ ആയ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ വിധേയരായവരാണ്‌.
  <<<<<<<<<<<
  ഈ പ്രയോഗത്തില്‍ ഒരു പ്രശ്നമില്ലേ, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നത് ആയിത്തീരുന്ന ഒരു അവസ്ഥയല്ലല്ലോ , ജന്മനാ ഉണ്ടാവുന്ന വൈകല്യം മാത്രമാവുമ്പോള്‍.