എട്ടാമിന്ദ്രിയം -ഒരു വായന

വി.എ കബീർ

എട്ടാമിന്ദ്രിയം എന്ന എന്റെ പുസ്തകത്തിന് വി.എ കബീർ സാഹിബ് ഒരു അറബ് പത്രത്തിൽ എഴുതിയ നിരൂപണത്തിന്റെ പരിഭാഷ
(പരിഭാഷ തയ്യാറാക്കിയത് മുഹമ്മദ് ഹാഫിസ്, ഇഖ്ബാല്‍)
_______________________

വ്യത്യസ്ത വീക്ഷണങ്ങൾ പരാമർശിക്കപ്പെടുന്ന, ഉപകാര പ്രദമായ ഒരു ചിന്തായാത്രയാണ് എട്ടാമിന്ദ്രിയം എന്ന ഈ പുസ്തകം. പുസ്തകത്തോടുള്ള പ്രണയം എങ്ങനെയാണ് തന്റെ ചിന്താ ജീവിതത്തെ രൂപപ്പെടുത്തിയതെന്നും ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ശരിപ്പെടുത്തിയതെന്നും ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.
page 1 page 2
ഒരാത്മകഥയല്ലിത്. ഗ്രന്ഥകാരനോടൊപ്പമുള്ള ഒരു യാത്ര. ഈ യാത്രയിൽ നാം ഒട്ടേറെ തത്വചിന്തകന്മാരെയും സാഹിത്യകാരമാരെയും കണ്ടു മുട്ടുന്നു. തന്റെ ചിന്തകളിൽ നിന്നുണ്ടായ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലാണ് ഈ കൃതി. അസ്തിത്വവാദം, യുക്തിവാദം, മാർക്സിസം, മത തത്വചിന്തകൾ എന്നിവയെപ്പറ്റി നമുക്കിതിൽ വായിക്കാം.

ഒരു പുസ്തകം എങ്ങനെ വായിക്കണം, അതിനെ ഏത് രീതിയിൽ ഉൾക്കൊള്ളണം, എന്തിനാണ് വായിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. അതേസമയം ഉത്തരങ്ങളെക്കാൾ പ്രധാനം ചോദ്യങ്ങളാണ് എന്ന തത്വത്തിനും ഗ്രന്ഥകാരൻ അടിവരയിടുന്നുണ്ട്.
…………….. .. ……………..
മലയാള ഭാഷയിലെ പ്രശസ്ത നിരൂപകനായ എം കൃഷ്ണൻ നായർ വായനയെ കുറിച്ച് പറയുന്ന ഉപമ ഇങ്ങനെ വായിക്കാം. പുസ്തകം, സന്ദർശനത്തിനെത്തുന്നവർക്ക് വിളമ്പുന്ന ചായ പോലെയാണ്. ചിലർ കുടിക്കാതെ മാറ്റിവെക്കും. അങ്ങനെ അത് തണുത്തു പോകും. ചിലർ അത് പെട്ടന്ന് കുടിക്കും. ചുണ്ടും നാക്കും പൊള്ളും. മറ്റു ചിലർ സാവധാനം ആസ്വദിച്ച് കുടിക്കും.. അവസാനം പറയപ്പെട്ടതുപോലെ വേണം വായനയെ സമീപിക്കാൻ.

ഏട്ടാമിന്ദ്രിയം എന്ന തലക്കെട്ട് കൊണ്ട് രചയിതാവ് എന്താണ് ഉദ്ദേശിക്കുന്നത്?

പഞ്ചേന്ദ്രിയങ്ങൾ അറിയപ്പെട്ടതാണ്. ദൃശ്യം, ശ്രോത്രം, സ്പർശം, രസം, ഗന്ധം എന്നിവയാണവ. മനുഷ്യൻ തന്റെ അവസ്ഥകളോട് ഇടപഴകുമ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങളാണിവ. മനുഷ്യന്റെ അസ്തിത്വം പക്ഷേ, കേവലം പാദാർത്ഥികം മാത്രമല്ല. അതുകൊണ്ടു തന്നെ അവന് ആറാമതൊരിന്ദ്രിയം കൂടിയുണ്ടെന്ന് സങ്കൽപിക്കാവുന്നതാണ്. അത് മനസ്സ് ആണെന്ന് രചയിതാവ് പറയുന്നു.അപ്പോൾ ഏഴാമത്തെയും എട്ടാമത്തെയും? ഈ പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ (ജിതേന്ദ്രിയം) അത് നമുക്ക് വായിക്കാം.

വി.എ കബീർ
വി.എ കബീർ

അതായത്, ഇന്ദ്രിയങ്ങളെ ആറിലും ഒതുക്കാൻ രചയിതാവ് തയ്യാറാവുന്നില്ല. മറിച്ച് അതിനെ വീണ്ടും വിശാലമാക്കുന്നു. അവയെ ഇമം ഗസ്സാലിയുടെ ചില നിരീക്ഷണങ്ങൾ വെച്ചുകൊണ്ട് വിപുലീകരിക്കുന്നു. ഗസ്സാലിയുടെ സംസ്കരണ ചിന്തകൾ സ്വത്വത്തെ ആഴത്തിൽ അറിയാൻ ശ്രമിക്കുന്നതാണ്.

ഭൗതികമായ ആസക്തികളെ മോശമായി കരുതുന്ന ഒന്നല്ല അത്. അതാകട്ടെ, ഇസ്ലാമിന്റെ തന്നെ സവിശേഷതയാണ്. ആത്മീയ ചിന്തകൾക്കപ്പുറം അത് പദാർത്ഥലോകത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുകയും മനുഷ്യന്റെ ഭൗതിക ചോദനകളെ ആദരിക്കുകയും ചെയ്യുന്നു. ചോദനകളെ സംഹരിക്കുന്നതിലല്ല സംസ്കരിക്കുന്നതലാണ് സദാചാരം നിലകൊള്ളുന്നത്.
മനുഷ്യൻ അവന്റെ എല്ലാ പുരോഗതികളേയും കെട്ടിപ്പടുക്കുന്നത് തൃഷ്ണകളുടെ പ്രചോദനം കാരണമാണ്. Libidinal energy എന്ന ഒന്നുണ്ട്. ഈ പദം നൂറ്റാണ്ടുകൾക്ക് മുൻപ് ഇമാം ഗസ്സാലി ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷയിൽ ഖുവ്വതു ശഹ്‌വാനിയഃ.

ആത്മീയ ദർശനങ്ങളിൽ തൃഷ്ണകളെ വെടിയുമ്പോഴാണ് ജിതേന്ദ്രിയത്വം ഉണ്ടാകുന്നത്. ഇതാണ് വിരക്തിയുടെ (സുഹ്ദിന്റെ) അടിസ്ഥാനം. മഹാഭാരതത്തിലെ വിഭാണ്ഡകൻ എന്ന മഹർഷി ഇതിനെയാണ് പ്രതിനിധീകരിക്കുന്നത്. തനിക്ക് പറ്റിയ തെറ്റ് തന്റെ മകന് പറ്റരുത് എന്ന വിചാരത്തിൽ അവനെ സ്ത്രീ എന്ന പദം പോലും കേൾപ്പിക്കാതെ കാട്ടിൽ വളർത്തുന്നു. എന്നാൽ എല്ല കവചങ്ങളെയും ഭേദിച്ചു കൊണ്ട് ഋശ്യശൃംഗൻ എന്ന വിഭാണ്ഡകപുത്രനിൽ വൈശാലി എന്ന പെണ്ണ് പ്രണയം വളർത്തി. പെണ്ണിനേയും കാമത്തെയും തിരിച്ചരിഞ്ഞ ഋശ്യശൃംഗൻ പിതാവിനെ തള്ളിപ്പറഞ്ഞ് അവൾക്കൊപ്പം പോയി.

ഭൌതികത മനുഷ്യനെ ആഗ്രഹങ്ങൾക്കടിപ്പെടുത്തു. എന്നാൽ ആത്മീയത ആശകളെ ഇല്ലാതാക്കുകയും ചെയ്യും. ഈ രണ്ട് ചിന്തകളെയും തള്ളിപ്പറയുകയാണ് ഖുർആൻ ചെയ്യുന്നത്. മനുഷ്യനെ അവനിൽത്തന്നെ തളച്ചിടുകയാണ് ഇത് രണ്ടും ചെയ്യുന്നത്. ഒന്നാമത്തെത് യാതൊരു പരിധിയുമില്ലാത്ത ആസ്വാദനങ്ങളുടെ ലോകത്തെ അവന് മുന്നിൽ തുറന്നു വെക്കുന്നു. രണ്ടാമത്തെതാകട്ടെ, സമൂഹത്തോടുള്ള അവന്റെ ബാധ്യതകളെ വിസ്മരിപ്പിക്കുന്നു.

ഇണയുടെ ഗന്ധമറിഞ്ഞ് അവർക്കൊപ്പം സഹവസിക്കാനാണ് ദൈവം ആദമിനെ തോട്ടത്തിലേക്ക് വിട്ടതെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഏകനായി ജീവിക്കാനല്ല മനുഷ്യൻ കൽപിക്കപ്പെട്ടത്.

ഇന്ദ്രിയങ്ങളെ വിവരിക്കുമ്പോൾ ശരീരമണ്ഡലമെന്നും ബോധമണ്ഡലമെന്നും രണ്ടായി അവയെ വിഭാഗീകരിക്കുകയാണ് ഗ്രന്ഥകർത്താവ് ആദ്യം ചെയ്യുന്നത്. ശരീരം രൂപമാണ്, ബോധം രൂപാതീതവും. നാക്കിന്റെ അനുഭവം രസവും മൂക്കിന്റെ അനുഭവം ഗന്ധവും കണ്ണിന്റെ അനുഭവം രൂപവും കാതിന്റെ അനുഭവം ശബ്ദവും ത്വക്കിന്റെ അനുഭവം സ്പർശവുമാണല്ലോ. ഇവയാണ് ശരീരേന്ദ്രിയങ്ങൾ. മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയാണ് തുടർന്നുള്ളത്. ഇവയുടെ അനുഭവമാകട്ടെ യഥാക്രമം വികാരം, വിചാരം അനുഭൂതി എന്നിവയും. ഇതെല്ലാം ഉൾപ്പെടുമ്പോഴാണ് ജ്ഞാനം പൂർണമാകുന്നതെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.
ettamindriyam-jpg
മനുഷ്യന് സ്രഷ്ടാവ് നൽകിയ ശുദ്ധപ്രകൃതത്തെ വിശാലമാക്കുന്നതിൽ സഹായിക്കാൻ പുസ്തകങ്ങൾക്ക് കഴിയും. അത് അവന്റെ യുക്തിബോധത്തെ ദൃഢീകരിക്കുന്നു. നിഷേധിക്കുക അസാധ്യമായതിനാലാണ് വിശ്വസിക്കുന്നത് എന്ന് ശമീം പ്രസ്താവിക്കുന്നുണ്ട്.

മതപരമായ സ്വാധീനം വല്ലാതെ ഇല്ലാത്തതും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊതുങ്ങുന്നതുമായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. മതപാഠശാലകളിൽ ചേർക്കുന്ന മുസ്ലിംകൾക്കിടയിലെ സാമ്പ്രദായിക രീതി അനുവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. കൌമാരപ്രായത്തിൽത്തന്നെ നിരീശ്വരയുക്തിവാദത്തിന്റെ സ്വാധീനവുമുണ്ടായി.

സംശയങ്ങളുടെ ഘട്ടമായിരുന്നു അത്. സംശയങ്ങളുടെ അസ്വാസ്ഥ്യങ്ങളിൽ നിന്ന് സ്വാസ്ഥ്യത്തിലേക്ക് നയിക്കുന്ന ഒരു പ്രക്രിയയാണ് വായന. ഉണ്മയെക്കുറിച്ച അന്വേഷണത്തിന്റെ ഭാഷകളാണ് ഓരോ വായനയും. ഈ അന്വേഷണത്തിൽത്തന്നെയാണ് ഫയദോർ ദസ്തയെവ്സ്കി, ഫ്രാൻസ് കാഫ്ക, അൽബേർ കാമു, ഴാങ് പോൾ സാർത്ര് തുടങ്ങിയവരൊക്കെ കടന്നുവന്നത്.

സാർത്രിന്റെ വീക്ഷണത്തിൽ സ്വന്തത്തെപ്പറ്റി ബോധമുള്ള ഏകജീവിയാണ് മനുഷ്യൻ. അതിനാൽ ഞാൻ എന്ത് എന്നതിനെക്കാൾ ഞാൻ എന്ന അസ്തിത്വത്തിന് മുൻഗണനയുണ്ട്. മനുഷ്യന് നിത്യതയില്ല. സ്വന്തത്തെ നവീകരിക്കുന്നതിന് ശപിക്കപ്പെട്ടവനാണ് അവൻ. സംഭാഷണം പഠിക്കാതെ അരങ്ങിലേക്ക് കയറുന്ന നടന്മാരെ പോലെയാണ് ഓരോ മനുഷ്യനും. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഒരു ശാപമായി കാണുന്നു സാർത്ര്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയാൻ അവന് കഴിയില്ല. എന്നാൽ മനുഷ്യൻ പന്നികളെപ്പോലെ പെരുമാറിയിട്ട് പൂർവികനായ ആദാമിനെ പഴിചാരുകയാണ്.

കാമുവിന്റെ ജീവിതത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. യുക്തിയില്ലാത്ത അർഥരഹിത ജീവിതം ഒന്നാമത്തേത്. അർത്ഥമുള്ള ഒരേയൊരു സംഗതി മരണം മാത്രമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. Stranger തുടങ്ങിയ കൃതികൾ അതിന് തെളിവാണ്. നിരർത്ഥകത തന്നെ എവിടെയുമെത്തിക്കില്ല എന്ന തിരിച്ചറിവിൽ പ്രക്ഷോഭകാരിയാവുന്നതാണ് രണ്ടാമത്തെ ഘട്ടം. പോരാട്ടം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ജീവിതത്തിന്റെ ആസ്വാദനത്തിലേക്ക് നയിക്കുന്നു. ജീവിതത്തിന് അർത്ഥം പകരാൻ ശേഷിയുള്ള മൂല്യങ്ങളെക്കുറിച്ച അന്വേഷണമാണ് പ്ലേഗ് പോലുള്ള കൃതികളിൽ കാണാൻ കഴിയുന്നത്. മൂന്നാമത്തെ ഘട്ടമാകട്ടെ, തന്നിലേക്ക് തന്നെയുള്ള തിരിച്ചറിവാണ്.

സാർത്രിനും മുന്നേ അസ്തിത്വവാദത്തെ അവതരിപ്പിച്ച കീർകിഗൊർ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളെ വിവരിക്കുന്നതും ഇതിൽ പരാമർശിക്കുന്നുണ്ട്. മൂന്നിനുമപ്പുറം ദൈവത്തിന്റെ കൈയിലേക്കുള്ള ചാട്ടമാണ്. കീർകിഗൊറിന്റെ ഈ വിവരണത്തെ ജസ്റ്റിൻ ഗാർഡൻ Sophi’s World എന്ന കൃതിയിൽ, കുറ്റവും ശിക്ഷയും എന്ന കൃതിയിലെ റസ്‌കോൾനിക്കവിന്റെ അനുഭവങ്ങളോട് താരതമ്യം ചെയ്യുന്നുണ്ട്.

പിന്നീട് നഫ്സ് അമ്മാറഃ, നഫ്സ് ലവ്വാമഃ, നഫ്സ് മുത്മഇന്നഃ എന്ന് ഖുർആനിൽ സ്വത്വവികാസത്തിന്റെ മൂന്ന് ഘട്ടങ്ങളായി വിവരിച്ച തത്വങ്ങളിലേക്കാണ് ഗ്രന്ഥകാരൻ പോകുന്നത്. നഫ്സിന് നൽകാവുന്ന പരിഭാഷ self (സ്വത്വം) എന്നാണ്, അല്ലാതെ soul (ആത്മാവ്) എന്നല്ല. ഇതാകട്ടെ, idealistic philosophy യുമായി യോജിക്കുന്നതല്ല താനും.

മോസ്‌കോയിൽ പബ്ലിഷ് ചെയ്യപെട്ട മാർക്സിസ്റ്റ് പുസ്തകങ്ങളുടെ വായനയാണ് പിന്നീട് വരുന്നത്. On Religion , മാർക്സിന്റെ A Contribution to the Critique of Hegel’s Philosophy of Rights, ഏംഗൽസിന്റെ Anti Dhuring, മൌ ദ്സെദോങ്ങിന്റെ On Contradiction തുടങ്ങിയവയെല്ലാം വായനയിൽ വരുന്നു. മാർക്സിന്റെ ചിന്തകൾ വ്യക്തമാണ്. മതത്തിന്റെ നന്മയെയും ചരിത്രത്തിലെ അതിന്റെ പങ്കിനെയും അംഗീകരിച്ചു കൊണ്ട് അതിനെ വിലയിരുത്താനും വിമർശിക്കാനും സാധിക്കുന്നു എന്നതാണ് അതിന്റെ സവിശേഷത.
1565267606778
വിപ്ലവവും പരിണാമവും എന്ന ലേഖനത്തിൽ അനാർക്കിസത്തെ വിലയിരുത്തുന്നുണ്ട്. Anarchia എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് anarchism എന്ന പദം വന്നത്. An എന്നാൽ കൂടാതെ എന്നും Archos എന്നാൽ നേതാവ് ലീഡർ എന്നുമാണ് അർത്ഥം. അതായത് നേതാവില്ലാത്ത അവസ്ഥ.

വ്യവസ്ഥക്കെതിരെ ചിന്തിക്കുന്നവരാണ് അനാർകിസ്റ്റുകൾ.അങ്ങനെ നോക്കുമ്പോൾ പ്രവാചകന്മാരും തത്വ ചിന്തകരും അനാർക്കിസ്റ്റുകൾ ആണ്. മാർക്സ്, ഗാന്ധി, ടോൾസ്റ്റോയ് എന്നിവരൊക്കെ വ്യവസ്ഥയെ എതിർത്തിരുന്നവർ ആണ്. ഗാന്ധിയുടെ പ്രചോദനം ആയിരുന്ന ഹെൻറി ഡേവിഡ് തോറോയുടെ ദർശനം അറിയപ്പെടുന്നത് Pacific Anarchism എന്നാണ്.

മാനുഷിക ശുദ്ധിയിലും പ്രകൃതിയിലും വിശ്വസികുന്നവരാണ് പസിഫിക് അനാർകിസ്റ്റുകൾ. ഇതിൽ മതതത്വചിന്തയുടെ സ്വാധീനമുണ്ട്. എന്നാൽ മതവ്യവസ്ഥയെയും വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികളെയും അവർ വിമർശിച്ചു. വ്യക്തിവിശുദ്ധിയെ അത് തകർക്കുമെന്ന് വാദിച്ചു.

സ്വന്തത്തെ ആശ്രയിക്കുന്നവനും സ്വതന്ത്രനും ആണെങ്കിൽ മനുഷ്യൻ മാന്യൻ ആയിരിക്കും. എല്ലാവരിലും ദൈവാംശമുണ്ട്. സ്വാതന്ത്ര്യം അതിനെ വിശാലമാക്കാൻ സഹായിക്കുന്നു. മത രാഷ്ട്രീയ വ്യവസ്ഥകൾ ഈ സ്വാതന്ത്ര്യത്തെ തടയുകയാണ്. അതായത്, തോറോയുടെ ചിന്തകൾ അത് Individualism ത്തെ അനുകൂലിക്കുന്നു..എന്നാൽ മൂല്യങ്ങളെ നിരാകരിക്കുന്ന ലിബറൽ Individualism ആയിരുന്നില്ല അത്. പരിസ്ഥിതിവാദത്തിന്റെ വക്താവും അടിമത്ത വിരുദ്ധനുമായ തോറെ യുടെ കൃതികളിൽ പ്രധാനമാണ് On the Duty of Civil Disobedience. ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും പ്രചോദനം ഇതുതന്നെ. അഹിംസാവാദിയായ തോറോയിൽ ഗാന്ധി മാത്രമല്ല മാർട്ടിൻ ലൂതർ കിങ്, ടോൾസ്റ്റോയി മുതലായവരും ആകൃഷ്ടരായി.

പ്രവാചകന്മാരും നിലവിലെ വ്യവസ്ഥകളോട് കലഹിച്ചു. അവകാശങ്ങളെക്കാൾ അവർ ഉത്തരവാദിത്തങ്ങൾക്ക് പ്രാധാന്യം നൽകി. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ മനുഷ്യരെല്ലാം ഉത്തരവാദിത്തമുള്ളവരാണ്. പ്രവാചകന്മാരുടെ വ്യവസ്ഥാ നിരാകരണം അടിസ്ഥാനമാക്കി അവരെയും ഗ്രന്ഥകാരൻ അനാർക്കിസ്റ്റുകൾ എന്ന് വിളിക്കുന്നു. ക്രമപ്രവൃദ്ധമായ പരിവർത്തനങ്ങളെയായിരുന്നു അവർ അംഗീകരിച്ചിരുന്നത്.

ഇവിടെ ഗ്രന്ഥകാരൻ യേശുവിന്റെ ഉപമ അവതരിപ്പിക്കുന്നു. ദൈവരാജ്യത്തിന്റെ ഉപമ കടുകുമണി പോലെയാണ്. അത് നിലത്ത് വേരുപിടിപ്പിക്കുകയും ആകാശത്തേക്ക് വളരുകും ചെയ്യുന്നു. ഇതുപോലെ ക്രമപ്രവൃദ്ധമായി സംഭവിക്കേണ്ടതാണ് സാമൂഹിക പരിവർത്തനവും.

ദേബീപ്രസാദ് ചതോപാധ്യായുടെ ഇന്ത്യൻ ഫിലോസഫി, മുൻ ഇന്ത്യൻ പ്രസിഡന്റ് എസ് രാധാകൃഷ്ണന്റെ ഇന്ത്യൻ ഫിലോസഫി, ഡോ. അംബേദ്കറുടെ ബുദ്ധനും ബുദ്ധധർമവും തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഗ്രന്ഥകാരൻ ഇന്ത്യൻ തത്വചിന്തയെയും വിവരിക്കുന്നുണ്ട്. തന്റെ അന്വേഷണയാത്രയിൽ അദ്ദേഹം ഇസ്‌ലാമിനെ കണ്ടെത്തുന്നതാവട്ടെ, ആധുനിക ചിന്തകന്മാരായ പഴയ യൂഗോസ്‌ലാവിയയിലെ അലി ഇസത്ബെഗോവിച്, പാകിസ്ഥാനിലെ അബുൽ അഅ്‌ലാ മൌദൂദി, ഇറാനിലെ അലി ശരീഅത്തി എന്നിവരിലൂടെ. ഇസത്ബെഗോവിചിന്റെ Islam Between East and West എന്ന ഗ്രന്ഥം അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ചു. പ്രത്യേകിച്ചും അതിൽ വിവരിക്കുന്ന Bipolarity of Islam എന്ന ആശയം. മധ്യമം എന്ന ഇസ്‌ലാമിക നിലപാടിനെയും അതിന്റെ തത്വശാസ്ത്രപരമായ ശക്തിയെയും അവതരിപ്പിക്കുന്നതായിരുന്നു ഇസത് ബെഗോവിച്ചിന്റെ ചിന്തകൾ. ഇതെല്ലാം ഇസ്‌ലാമിക തത്വചിന്തയിലേക്ക് ഗ്രന്ഥകാരനെ അടുപ്പിച്ചു.

അലിജാ ഇസത്ബെഗോവിച്
അലിജാ ഇസത്ബെഗോവിച്

സോക്രട്ടീസ് മുതൽക്കേയുള്ള തത്വചിന്തകർ ഈ ദ്വിധ്രുവതയെ പലരീതിയിൽ പരിചരിക്കുന്നുണ്ട്. വൈരുധ്യാത്മകതയെക്കുറിച്ച ചിന്തകളെ ഗ്രന്ഥകാരൻ ഇതുമായി ബന്ധപ്പെടുത്തുന്നു. ഇതിലാകട്ടെ സോക്രാട്ടിക്, കാർട്ടീസിയൻ, ഹെഗലിയൻ തുടങ്ങിയ അനേകം രീതികളുമുണ്ട്. കങ് ഫ്യൂചിയൻ, ബുദ്ധ ദർശനങ്ങളിലും ഇതുമായി ബന്ധപ്പെട്ട വിശകലനങ്ങൾ കാണാം. വൈരുധ്യാത്മകതയെക്കുറിച്ച ചിന്തകൾ തന്നെയാണ് മാർക്സിന്റെയും അടിത്തറ.

ഇസ്‌ലാമിനെ ഇസത്ബെഗോവിച് ലോകത്തെക്കുറിച്ച ഒരു വീക്ഷണമായി അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ചത്തെയും ജീവിതത്തെയും പറ്റി മൂന്ന് തരം വീക്ഷണങ്ങളുണ്ട്. ഒന്ന് ഭൌതികവാദപരം, രണ്ട് മതപരം, മൂന്ന് ഇസ്‌ലാമികം.

ഡാർവിനിസത്തിലെ ഭൌതിക മനുഷ്യനും പ്രശസ്ത ചിത്രകാരൻ മീഖേലാഞ്ജലോ വത്തിക്കാനിലെ കപ്പേളയിൽ വരച്ച ചിത്രങ്ങളിലെ ആത്മീയ മനുഷ്യനുമിടയിലാണ് ഇസത്ബെഗോവിച് ഇസ്‌ലാം അവതരിപ്പിക്കുന്ന മനുഷ്യനെ പ്രതിഷ്ഠിക്കുന്നത്. ഈ രണ്ട് ഭാവങ്ങളെയും തള്ളിക്കളഞ്ഞല്ല, ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ഇത് നിർവഹിക്കുന്നത്.

ഇസ്‌ലാമികനവീകരണത്തെ തടയുന്നത് രണ്ട് ശക്തികളാണെന്ന് ബെഗോവിച്ച് ചൂണ്ടിക്കാണിക്കുന്നു. പരമ്പരാഗത ഉലമാക്കളും തനി ആധുനികവാദികളും. ഉലമാക്കൾ ഇസ്‌ലാമിനെ കാമ്പില്ലാത്ത ചട്ടക്കൂട് മാത്രമാക്കുമ്പോൾ ആധുനികർ ഇസ്‌ലാമികതത്വങ്ങളെത്തന്നെ നിരാകരിക്കുന്നു.

ഇതുപോലെ മൌദൂദിയുടെ ഖിലാഫത്തും രാജവാഴ്ചയും അലി ശരീഅത്തിയുടെ മതം മതത്തിനെതിരെ, സാമൂഹ്യശാസ്ത്ര ലേഖനങ്ങൾ തുടങ്ങിയവയും എട്ടാമിന്ദ്രിയത്തിന്റെ ഗ്രന്ഥകാരനെ സ്വാധീനിച്ച പുസ്തകങ്ങളാണ്.

ജോർജ് ആർ.ആർ മാർട്ടിന്റെ ഒരു കഥാപാത്രത്തെ ഉദ്ധരിക്കുന്നുണ്ടദ്ദേഹം. വായിക്കാത്ത ഒരാൾക്ക് ഒരേയൊരു ജീവിതം ലഭിക്കുമ്പോൾ വായിക്കുന്ന ആൾക്ക് മരണത്തിന് മുമ്പ് ആയിരം ജീവിതങ്ങൾ ജീവിക്കാൻ കഴിയുന്നു. ഈ ഗ്രന്ഥകാരൻ ഒട്ടേറെ ജീവിതങ്ങൾ ജീവിച്ചതിന്റെ സാക്ഷ്യമാണ് എട്ടാമിന്ദ്രിയം എന്ന ഈ പുസ്തകം.