ഒരു വായനാത്മ(ക)കഥ -ഒന്ന്

ഒരു വായനക്കാരന്‍ അയാള്‍ മരിക്കുന്നതിന് മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുമ്പോള്‍ വായിക്കാത്ത ആള്‍ക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം മാത്രമാണെന്ന് ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. പല ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ അവസരം ലഭിച്ചതിന്റെ കൃതാര്‍ത്ഥതയാണ് ഈ വരി ഉദ്ധരിക്കുമ്പോള്‍ ഇതെഴുതുന്നയാള്‍ക്കുള്ളത്. മറ്റ് ബാധ്യതകളൊന്നും അലോസരപ്പെടുത്താതിരുന്ന, ചുരുങ്ങിയ ഒരു ജീവിതകാലയളവില്‍ പുസ്തകങ്ങളോട് സൗഹൃദവും പിന്നെ പ്രണയവും സ്ഥാപിച്ചതില്‍ നിന്നാണ് ഞാനറിയുന്ന ഞാന്‍ പിറവി കൊണ്ടതെന്ന് കരുതുന്നു. ജീവിതത്തെ യാത്രയെന്ന് വിശേഷിപ്പിക്കാമെങ്കില്‍, ഒരുപാട് യാത്രകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, ഒട്ടേറെ സ്വപ്‌നങ്ങള്‍ എന്നെ നിര്‍മിക്കുന്നതിന് സഹായകമായിട്ടുമുണ്ട്. ചിലപ്പോളവ ഭ്രമകല്‍പനകളായി അമ്പരപ്പിക്കുകയും ദുസ്വപ്‌നങ്ങളായി പേടിപ്പെടുത്തുകയും ചെയ്യുന്നു. പുസ്തകപ്പുറമേറിയുള്ള യാത്രകള്‍. സ്വപ്‌നങ്ങള്‍ക്ക് തെളിച്ചം പകരുന്നതും പുസ്തകങ്ങള്‍ തന്നെ. ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിഷാദങ്ങളും തരും പുസ്തകങ്ങള്‍. അതിനാല്‍ത്തന്നെ, വായനയെക്കുറിച്ച എന്റെ വിചാരങ്ങള്‍ എന്റെ ആത്മകഥ ആയിത്തീരുന്നു. എന്നെസ്സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ മുഖ്യമായ ചേരുവകളെല്ലാം കണ്ടെടുത്തത് പുസ്തകങ്ങളില്‍ നിന്നാണ്.

reading young man- Ignat Bednarik
വായന -Ignat Bednarikന്റെ പെയിന്റിങ്

സ്വയം ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള ഉപായമാണ് വായന എന്നാരോ പറഞ്ഞിട്ടുണ്ട്. അതേസമയം അനുഭവസമ്പന്നരായ ആളുകളുമായുള്ള സംഭാഷണം പോലെയായിരിക്കും നല്ല പുസ്തകങ്ങളുടെ വായന എന്നാണ് റെനെ ദെക്കാര്‍ത്തെയുടെ അഭിപ്രായം. അനുഭവങ്ങളെ സ്വാനുഭവങ്ങളായും ചിന്തകളെ സംവാദങ്ങളായും പരിവര്‍ത്തിപ്പിക്കാത്തേടത്താണ് ഇതിലെ ആദ്യത്തെ പ്രസ്താവന ശരിയാകുന്നത്. സത്യത്തില്‍ ഓരോ വായനയും ഓരോ കണ്ടെത്തലാണ്. വിവിധങ്ങളായ ജീവിതങ്ങളെയും ചിന്തകളെയും അനുഭവിക്കാനും അറിയാനുമുള്ള ഉപാധിയാണത്. അതിലൂടെയാണ് അവബോധങ്ങള്‍ വികാസം പ്രാപിക്കുക. അതിനാകട്ടെ, പുസ്തകങ്ങളെ പൂര്‍ണമായി ആശ്രയിക്കുകയല്ല, മറിച്ച് അവബോധത്തെ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി അവയെ സമീപിക്കുകയാണ് വേണ്ടത്.

അതിസങ്കീര്‍ണമായ മാനസികപ്രക്രിയയാണ് ഒരര്‍ത്ഥത്തില്‍ വായന. അക്ഷരങ്ങളെയും അടയാളങ്ങളെയും അര്‍ത്ഥവത്തായ കാര്യങ്ങളാക്കി പരിവര്‍ത്തിപ്പിക്കലാണത്. അക്ഷരം അതിലൂടെ പുതിയ അര്‍ത്ഥവും സ്വത്വവും കണ്ടെത്തുകയാണ്. മറ്റൊരു വിധത്തില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദത്തിലൂടെയാണ് അക്ഷരം സ്വയം കണ്ടെത്തുന്നത്, അഥവാ അത് അക്ഷരം -ക്ഷരമല്ലാത്തത് അഥവാ നാശമില്ലാത്തത് ആണല്ലോ അക്ഷരം- ആയിത്തീരുന്നത്. ചെറിയ പദങ്ങളില്‍ വലിയ പ്രപഞ്ചങ്ങളെ ഒളിപ്പിക്കുന്ന ഹൈക്കുകളുടെ മായാജാലങ്ങള്‍ മുതല്‍ ജീവതത്വങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ വരെയായി വൈവിധ്യമുള്ള അനുഭവങ്ങളിലൂടെയാണ് അക്ഷരങ്ങള്‍ വായനക്കാരനെ കൊണ്ടുപോകുന്നത്. നന്നായി ചെവിയോര്‍ക്കുന്നവനെ ഒരു കുമ്പിള്‍ വെള്ളത്തില്‍ ഒരു കടലിരമ്പം കേള്‍പ്പിക്കുന്ന (സി രാധാകൃഷ്ണന്‍) ഇന്ദ്രജാലമാണ് ഓരോ അക്ഷരവും കരുതിവെക്കുന്നത്. വായിക്കുന്നവന് പ്രകൃതിബോധമുണ്ടാകുമെന്ന് ടോള്‍സ്‌റ്റോയി പറയുന്നു. എഴുത്തിന്റെ ലക്ഷ്യങ്ങളെ കങ് ഫ്യൂ ചിസ് നിര്‍വചിക്കുന്നതും അങ്ങനെയാണ്. അത് സമൂഹത്തോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മിപ്പിക്കുകയും പ്രകൃതിയുടെ ഭാഷയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്.

oland-barthes
റൊളാങ് ബാർത്

എഴുത്തുകാരനില്‍ നിന്ന് വീണ്ടും മുന്നോട്ട് പോകണം വായനക്കാരന്‍. പോസ്റ്റ് മോഡേണ്‍ ലിറ്റററി തിയറിസ്റ്റ് റൊളാങ് ബാര്‍ത് (Roland Barthes) തന്റെ കൃതിക്കൊപ്പം മരിച്ചുപോയവനാണ് എഴുത്തുകാരന്‍ എന്ന് പറയുന്നുണ്ടല്ലോ. അതേസമയം വായനക്കാരന്‍ സ്രഷ്ടാവുമാണ്. അതായത്, എഴുത്തുകാരന്റെ സര്‍ഗാത്മകതയെ അറിയുന്നതിലുപരി സ്വന്തം സര്‍ഗാത്മകതയെ കണ്ടെടുക്കുകയാണ് യഥാര്‍ത്ഥ വായനക്കാരന്‍ ചെയ്യുന്നത്.

ഇത് എന്റെ വായനയുടെ കഥയാണ്. എന്റെ വായനയുടെ കഥ എന്റെ ജീവിതത്തിന്റെ മുഴുവന്‍ കഥയുമാണ്.

ദ ഗോസ്റ്റ് ഹു വാക്‌സ്

ഒരുപക്ഷേ, എല്ലാവരെയും പോലെ ബാലമാസികകളില്‍ നിന്ന് തുടങ്ങിയെങ്കിലും ഒരു മുഴുനീളനൊറ്റക്കഥ എന്ന നിലക്ക് ഞാനാദ്യം വായിച്ച പുസ്തകം ടിപ്പുസുല്‍ത്താന്‍ എന്ന, പൂമ്പാറ്റ അമര്‍ ചിത്രകഥാ പുസ്തകമായിരുന്നു. ആയിരം ദിവസം ആട്ടിൻ കുട്ടിയായി ജീവിക്കുന്നതിനെക്കാൾ ഒരൊറ്റ ദിവസം കടുവയായി ജീവിക്കുന്നതാണ് നല്ലത് എന്ന, പ്രഖ്യാപനം തറഞ്ഞു കയറിയതോടെ ടിപ്പുസുൽത്താൻ ഒരു വീരകഥാപാത്രമായി മനസ്സിൽ നിറഞ്ഞു നിന്നു. അന്ന് ഞാന്‍ മൂന്നാം ക്ലാസ്സിലാവണം പഠിക്കുന്നത്. നാലാം ക്ലാസ് വരെ പഠിച്ചിരുന്ന, പാപ്പിനിശ്ശേരി ഗവണ്‍മെന്റ് മാപ്പിള എൽ.പി സ്‌കൂളില്‍ നിന്ന് അഞ്ച് മുതല്‍ ആറോന്‍ യു.പി സ്‌കൂളിലേക്ക് വന്നതോടെ, അവിടെ ചെറിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും കഥാപുസ്തകങ്ങള്‍ എടുത്ത് വായന തുടങ്ങി. ചിത്രകഥകളല്ലാത്ത പുസ്തകങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് അങ്ങനെയാണ്. എന്നാലും ആ സമയത്ത് ബാലമാസികകളും ചിത്രകഥകളും ഉപേക്ഷിച്ചില്ല. അതിപ്പോഴും വിട്ടിട്ടില്ല എന്നതാണ് സത്യം. ബാലമാസികകള്‍ കണ്ടാല്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്ന സ്വഭാവം അല്‍പസ്വല്‍പം ഗൗരവത്തോടെ വായനയെ സമീപിക്കുന്ന ഇന്നും ഉണ്ട്. അക്കാലത്ത് നിയോ കോമിക്‌സ്, ഇന്ദ്രജാല്‍ കോമിക്‌സ്, വിദ്യാര്‍ത്ഥിമിത്രം കോമിക്‌സ്, റീഗല്‍ കോമിക്‌സ് തുടങ്ങിയ കമ്പനികള്‍ ഇറക്കുന്ന രസകരങ്ങളായ ഡിറ്റക്ടീവ് ചിത്രകഥകള്‍ വരാറുണ്ടായിരുന്നു. ഇന്ദ്രജാലിലും വിദ്യാര്‍ത്ഥിമിത്രത്തിലും ലീഫോക്കിന്റെ ഫാന്റം, മാന്ത്രികനായ മാന്‍ഡ്രേക്ക്, അലക്‌സ് റേമണ്ടിന്റെ ഫ്‌ലാഷ് ഗോഡന്‍ തുടങ്ങിയ കോമിക്‌സും വരും. അന്ന് മനോരമ പത്രത്തില്‍ സ്ഥിരം കോമിക് സ്ട്രിപ്പായി മാന്‍ഡ്രേക്കും സണ്‍ഡേ സപ്ലിമെന്റില്‍ ഫാന്റവും പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. അങ്ങനെയാണ് ഞാന്‍ സ്വയം ഒരു വീരപുരുഷനായി മാറിയത്. ശരിക്കും ഭ്രമാത്മകമായ ജീവിതമായിരുന്നു അന്നത്തേത്. കൂട്ടുകൂടലും കൂട്ടുകാരും താരതമ്യേന കുറവായിരുന്നു എനിക്ക് എന്നു വേണം പറയാൻ. അൽപം അന്തർമുഖത്വം അപ്പോഴും ഇപ്പോഴും എനിക്കുണ്ട്.

The Kingdom of this World (അലെഹോ കാർപെന്റിയർ/ Alejo Carpentier), One Hundred Years of Solitude (ഗബ്രിയേൽ ഗാർസിയ മാർക്വിസ്/ Gabriel Garcia Marquez), Pedro Paramo (ഹുവാൻ റൂൾഫോ/Juan Rulfo) തുടങ്ങി പാണ്ഡവപുരവും (സേതു) പ്രതിമയും രാജകുമാരിയും (പി പത്മരാജൻ) വരെയുള്ള പുസ്തകങ്ങളും അകിര കുറോസാവയുടെ (Akira Kurosawa) Dreams, ഗില്യെർമോ ദെൽ തോറോയുടെ (Guillermo del Toro) Pan’s Labyrinth, വൂഡി അലന്റെ (Woody Allen)  Midnight in Paris, ആങ് ലീയുടെ (Ang Lee) Life of Pi തുടങ്ങിയ സിനിമകളും സൃഷ്ടിച്ച മാജിക്കൽ റിയലിസത്തിലേക്ക് സഞ്ചരിച്ചത് വളരെക്കാലം കഴിഞ്ഞാണെങ്കിലും അന്നത്തെ പ്രൈമറി സ്കൂളുകാരനിൽ ആഫ്രിക്കയിലെ ബംഗള വനത്തിലെ തലയോട്ടി ഗുഹയും ന്യൂയോർക്കിലെ ഒരുന്നത ഗിരിശൃംഗത്തിൽ പണിത സാനഡുവും ഒക്കെthe_ghost_who_walks_by_jasoncm-d68mhsf യഥാർത്ഥ മാന്ത്രികലോകങ്ങളായിത്തന്നെ നിലനിന്നു. തലയോട്ടി ഗുഹയിലാണ് നീതിയുടെ പോരാളിയായ നടക്കും ഭൂതം, ഫാന്റം താമസിക്കുന്നത്. സഹചരരായി ഡയാനയും റെക്‌സും ഹീറോ എന്ന കുതിരയും ഡെവിള്‍ എന്ന ചെന്നായയും. മായാജാലങ്ങളും ഹിപ്നോട്ടിക് മുദ്രകളും കൊണ്ട് gangsters, mad scientists തുടങ്ങി extraterrestrials വരെയുള്ള പലതരം വില്ലന്മാരെ അമ്പരപ്പിച്ച് തോൽപിക്കുന്ന മാൻഡ്രേക്കിന്റേതാണ് Xanadu. കൂടെ നർദ എന്ന സുന്ദരിപ്പെണ്ണും ലോതർ എന്ന തടിയൻ ചങ്ങാതിയും. തെറോൺ എന്ന മാൻഡ്രേക്കിന്റെ ഗുരുവും കോബ്ര, ഡെറെക്, മോഹിനിയായ അലീന തുടങ്ങിയ വില്ലന്മാരുമൊക്കെ സദാ എനിക്കൊപ്പം തന്നെ ജീവിച്ചിരുന്നു.

അമര്‍ ചിത്രകഥകളിലൂടെ ഒരുപാട് ചരിത്രകഥാപാത്രങ്ങള്‍, പുരാണേതിഹാസകഥകള്‍, യക്ഷിക്കഥകള്‍ തുടങ്ങിയവയും ഭാവനകളെ ത്രസിപ്പിച്ചു.

ജോണിമാഷും കുട്ട്യോളും

ഇങ്ങനെ കോമിക്കുകള്‍ സൃഷ്ടിക്കുന്ന ഭ്രമങ്ങളില്‍ ജീവിക്കുമ്പോഴും ‘അല്‍പം വലിയ’ വായനകളും കൂടി നടന്നു കൊണ്ടിരുന്ന, യു.പി സ്‌കൂള്‍ ജീവിതകാലത്ത് വായന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രോല്‍സാഹനം നല്‍കിക്കൊണ്ടിരുന്ന ഒരധ്യാപകന്‍ എനിക്കുണ്ടായിരുന്നു. ജോണി മാഷ് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ജോര്‍ജ് തറയില്‍. ജോണി മാഷിന്റെ പിന്തുണയോടു കൂടി ഞാനും സഹപാഠികളായ ബാബുരാജ്, മൂസാന്‍ തുടങ്ങിയവരുമൊക്കെച്ചേര്‍ന്ന് ഒരു കൈയെഴുത്ത് മാസിക തുടങ്ങി. തുടങ്ങി എന്നു തന്നെ വേണം പറയാന്‍. കാരണം ആ ഒരു വര്‍ഷം മൂന്നോ നാലോ ലക്കങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൈയെഴുത്ത് മാസികയുടെ രീതികളെക്കുറിച്ചൊന്നും വലിയ പിടിയുണ്ടായിരുന്നില്ല. നല്ലൊരു നോട്ട് ബുക്ക് വാങ്ങിച്ച് അതില്‍ എഴുതുകയും വരക്കുകയുമൊക്കെ ചെയ്തു. ഞാനായിരുന്നു എഡിറ്റര്‍. പേജുകള്‍ നിറയ്ക്കാന്‍ വേണ്ടത്ര വിഭവങ്ങള്‍ കിട്ടാതായതോടെ പല പേരുകളില്‍ ഞാന്‍ തന്നെ പലതും എഴുതാനും തുടങ്ങി. യു.പി സ്‌കൂള്‍ കാലം തൊട്ടേ എഴുത്ത് വശമായിത്തുടങ്ങി എന്നതായിരുന്നു കൈയെഴുത്ത് മാസികാ പ്രസ്ഥാനത്തിലൂടെ എനിക്കുണ്ടായ സമ്പാദ്യം.

ആഴ്ചയിലൊരിക്കല്‍, തന്റെയൊരു പിരീഡ് പല വിഷയങ്ങളിലുമുള്ള ചര്‍ച്ചകള്‍ക്കും കുട്ടികളുടെ സര്‍ഗാത്മകപ്രകടനങ്ങള്‍ക്കും വേണ്ടി നീക്കി വെക്കും ജോണി മാഷ്. സയന്‍സ് ക്ലാസില്‍ അധ്യാപകന്‍ വിരലുയര്‍ത്തിക്കാണിച്ച് സപ്പോസ് ദിസീസെ ടെസ്റ്റ് ട്യൂബ് എന്ന് പറയുന്ന, അതിദരിദ്രമായ പൊതുവിദ്യാഭ്യാസക്കാലമായിരുന്നു അത്. എല്‍.പിയില്‍ പഠിക്കുമ്പോള്‍, അത് ഗവണ്‍മെന്റ് സ്‌കൂളായത് കൊണ്ട് ഉച്ചയ്ക്ക് ഉപ്പുമാവ് കിട്ടും. അമേരിക്കന്‍ ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ്. ഗോതമ്പ് അമേരിക്കനായതു കൊണ്ടോ എന്തോ, അതിന് നല്ല രുചി അനുഭവപ്പെട്ടു. ആറോന്‍ യു.പി എയിഡഡ് സ്‌കൂളാണ്. അവിടെ അതുമില്ല. പി.ടി.എ എന്ന സംവിധാനവും അതീവ ദുര്‍ബ്ബലം. എന്റെ ഉപ്പ എന്റെ സ്‌കൂള്‍ ജീവിതത്തിലൊരിക്കലെങ്കിലും ഒരു പി.ടി.എ മീറ്റിങ്ങിന് പങ്കെടുത്തതായി എനിക്കോര്‍മയില്ല. അങ്ങനെയൊരു കാലത്ത് സ്‌കൂളുകള്‍ സജീവമായിരുന്നത് ത്യാഗസന്നദ്ധരായ അധ്യാപകരുടെ പരിശ്രമങ്ങള്‍ കൊണ്ടാണെന്ന് പറയാം. അക്കാര്യത്തില്‍, ഇപ്പോള്‍ സ്വയം ഒരധ്യാപകനായിരിക്കുമ്പോഴും മാതൃകയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ജോണി മാഷ്. ജോണി പാപ്പിനിശ്ശേരി എന്ന തൂലികാനാമത്തില്‍ എഴുതാറുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ, പരിമളം എന്ന കഥാസമാഹാരം ആയിടെ പുറത്തിറങ്ങി. പരിചയമുള്ള രക്ഷിതാക്കളെയൊക്കെ കണ്ട് അദ്ദേഹം അതിന്റെ കോപ്പികള്‍ വിറ്റ വകയില്‍ ഉപ്പയും ഒരെണ്ണം വാങ്ങി എനിക്ക് തന്നു.

നേരു പറഞ്ഞാൽ ഞാന്‍ വായിക്കുന്നത് ഉപ്പാക്ക് അത്ര ഇഷ്ടമല്ല. കൂടുതല്‍ വായിച്ചാല്‍ തലയുടെ പിരിയിളകും എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഒരുപക്ഷേ, അന്നത്തെ ആധുനിക എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ പ്രകൃതം അങ്ങനെയായതു കൊണ്ടായിരിക്കാം.

ഹൈസ്‌കൂള്‍ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ പുതിയ ചങ്ങാതിമാര്‍, പുതിയ വിഷയങ്ങള്‍, ചര്‍ച്ചകള്‍, യുവജനോല്‍സവം (അന്ന് ഹൈസ്‌കൂള്‍ കലോല്‍സവം യുവജനോല്‍സവമാണ്) എന്നിങ്ങനെ സജീവമായി. കൂട്ടത്തില്‍ പുതിയ വായന, പുതിയ പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങാനുള്ള ആഗ്രഹവും അക്കാലത്തുണ്ടായതാണ്.

ഞാനൊരു ഫാക്ടറിത്തൊഴിലാളിയുടെ മകനാണ്. പാപ്പിനിശ്ശേരിയിലെ വെസ്റ്റേൺ ഇന്ത്യാ കോട്ടൺസ് എന്ന കമ്പനിയിലാണ് ഉപ്പാക്ക് ജോലി. പഴയ കാലത്ത് അത് ആറോൻ മിൽ ആയിരുന്നു. സഖാവ് കൃഷ്ണപിള്ളയുടെ തൊഴിലാളി സംഘാടനത്തിനും മറ്റുമൊക്കെ സാക്ഷ്യം വഹിച്ചിട്ടുണ്ട് സാമുവൽ ആറോൻ സ്ഥാപിച്ച ആറോൻ മിൽ. എ.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എന്ന മലയാളി വ്യവസായ പ്രമുഖനും രാമസ്വാമി എന്ന തമിഴൻ ചെട്ടിയാരും കൂടി ആറോൻ മിൽ വിലക്കെടുക്കുകയും വെസ്റ്റേൺ ഇന്ത്യാ കോട്ടൺസ് സ്ഥാപിക്കുകയുമായിരുന്നു. ഉപ്പാക്ക് അത്യാവശ്യം നല്ല കൂലിയുണ്ടെങ്കിലും കിട്ടുന്നത് ഉടന്‍ ചെലവഴിച്ചില്ലെങ്കില്‍ മനസ്സമാധാനം കിട്ടാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തവും മറ്റും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ വയ്യാതായും തുടങ്ങി. പ്രാരാബ്ധങ്ങളും അനുബന്ധമായ അസ്വാരസ്യങ്ങളുമൊക്കെ വീട്ടില്‍ പതിവായി. ഇനി അതൊന്നുമില്ലെങ്കിലും പോക്കറ്റ് മണിയും മറ്റുമൊന്നും തരുന്ന പതിവ് അന്നുണ്ടായിരുന്നില്ല. ചിലപ്പോള്‍ ആകസ്മികമായി കിട്ടുന്ന ചില്ലറത്തുട്ടുകള്‍, അതേയുള്ളൂ വരുമാനം.

സഫലമീ യാത്ര

Sergey Eisenstein by Andrew Khalturin
സെർഗി ഐസൻസ്റ്റീൻ, Andrew Khalturin ന്റെ പെയിന്റിങ്

അങ്ങനെ, സ്വന്തമായല്‍പം വരുമാനമുണ്ടാക്കാനുള്ള ചിന്തയും ഉടലെടുത്തു. പുസ്തകങ്ങള്‍ വാങ്ങണം. അതിന് പുറമേ എന്റെ ആസ്വാദനം മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിച്ചിരുന്നു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാനൊരു സിനിമ കണ്ടു. സിനിമകള്‍ മുമ്പും കണ്ടിരുന്നെങ്കിലും വേറിട്ട ഒരു സിനമാക്കാഴ്ചയെക്കുറിച്ച പാഠങ്ങള്‍ പകര്‍ന്നു തന്നത്, ഞാന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളില്‍ ജോയിന്‍ ചെയ്ത അജയന്‍ മാഷാണ്. മാഷും അദ്ദേഹത്തിന്റെ ചങ്ങാതിമാരും ചേര്‍ന്നാണെന്ന് തോന്നുന്നു, സ്‌കൂള്‍ ഹാളില്‍ത്തന്നെ ഒരു സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചത്. സെര്‍ഗി ഐസന്‍സ്റ്റിന്റെ ബാറ്റില്‍ഷിപ് പോട്ടെംകിന്‍ ആയിരുന്നു ആ സിനിമ. എക്കാലത്തെയും സിനിമാ പഠിതാക്കളുടെ പാഠപുസ്തകമായിത്തീർന്ന ക്ലാസിക്. 1905ലെ പോടെകിൻ കപ്പൽക്കലാപത്തെ തന്തുവാക്കിക്കൊണ്ട് 1925ൽ ഐസൻസ്റ്റീൻ ചെയ്തതാണ് ഈ സിനിമ. 1905ലെ കലാപം ഒരു പരാജയപ്പെട്ട കലാപമായിരുന്നെങ്കിലും ഐസൻസ്റ്റിന്റെ സിനിമയിൽ അത് വിജയക്കൊടി പാറിക്കുന്നു. ചിത്രത്തെപ്പറ്റിയും അതിലെ ഒഡേസ പടവുകളിലെ വെടിവെപ്പ് ദൃശ്യങ്ങളുടെ അനുക്രമത്തെക്കുറിച്ചും പിന്നീട് ധാരാളമായി വായിച്ചിട്ടുണ്ട്.

ഏതായാലും അതോടെ, മികച്ച സിനിമകള്‍ കാണണമെന്ന മോഹവും ജനിച്ചു. അടൂരിന്റെയും അരവിന്ദന്റെയും മറ്റും സിനിമകള്‍ റിലീസായ അന്ന് തന്നെ കണ്ണൂരില്‍ച്ചെന്ന് എ ക്ലാസ് തിയറ്ററില്‍ നിന്ന് തന്നെ കാണല്‍ പതിവാക്കി. ഉപ്പ ഞങ്ങളെ സിനിമക്ക് കൊണ്ടുപോകാറുണ്ടെങ്കിലും ഒറ്റയ്ക്ക് ഞാന്‍ പോകുന്നത് ഇഷ്ടമല്ല. ഇത്തരം പടങ്ങളാണെങ്കില്‍ മൂപ്പരുടെ ആസ്വാദനത്തിന് വഴങ്ങുകയുമില്ല. അതിനാല്‍ വീട്ടിലറിയാതെ സ്വന്തം ചെലവില്‍ വേണം. ഇതും പുസ്തകം വാങ്ങാനുള്ള ആഗ്രഹവും. ചില്ലറ വരുമാനാന്വേഷണങ്ങള്‍ അങ്ങനെ തുടങ്ങിയതാണ്.

battleship-potemkin
ബാറ്റിൽഷിപ് പോടെംകിൻ

അങ്ങനെ, മാവ് കായ്ക്കുന്ന സീസണിൽ ഞാനും മൂത്തമ്മാന്റെ മോന്‍ നാസറും ചെറിയ തോതില്‍ മാവുകള്‍ പാട്ടത്തിനെടുക്കുന്നയാളെ കണ്ട് മാങ്ങ പറിച്ചു കൊടുക്കാമെന്ന കരാറുണ്ടാക്കാൻ തുടങ്ങി. നാസറും ഞാനും സമപ്രായക്കാരാണ്. ഒരേ ദിവസമാണ് ഉമ്മയും മൂത്തമ്മയും പെറ്റത്. ഒരു മണിക്കൂർ വ്യത്യാസത്തിൽ ഞാനാണ് ജ്യേഷ്ഠൻ. അതേസമയം ഞങ്ങൾ വളർന്നത് സഹോദരന്മാരായല്ല, മറിച്ച് ചങ്ങാതിമാരായിട്ടായിരുന്നു. ജോലിക്ക് എത്രയാണ് കൂലി വാങ്ങേണ്ടതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. പണിയെടുപ്പിക്കുന്നയാള്‍ പറയുന്ന കൂലി ഞങ്ങളങ്ങ് സമ്മതിക്കും. അയാള്‍ക്കത് വളരെ ലാഭമാണ്. ഞാനന്ന് ഏത് മരത്തിലും വലിഞ്ഞു കേറുമായിരുന്നു. കിട്ടുന്ന കാശ് ഞാനും നാസറും പങ്കിട്ടെടുക്കും. വീട്ടിലറിഞ്ഞാല്‍ ഭൂകമ്പം നടക്കും. അതേസമയം പുസ്തകം വാങ്ങണമെങ്കില്‍ ഇങ്ങനെ ചിലതല്ലാതെ വേറെ വഴിയില്ല.

saphalamee yathraഎന്തുകൊണ്ടോ, അന്നെന്നെ ഏറ്റവും ആകര്‍ഷിച്ച കവിയാണ് എന്‍.എന്‍ കക്കാട്. കക്കാടിന്റെ സഫലമീയാത്രയാണ് ഞാന്‍ വില കൊടുത്തു വാങ്ങിയ ആദ്യത്തെ പുസ്തകം. കക്കാടിന്റെ കവിതകളില്‍ ആത്മീയതയും വിപ്ലവവുമുണ്ട്. 1987ല്‍ ഐഹികജീവിതം അവസാനിപ്പിച്ച അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നും എനിക്കിഷ്ടമാണ്.

സഫലമീയാത്ര എന്ന സമാഹാരത്തിലെ അതേപേരുള്ള കവിത ജീവിതത്തെക്കുറിച്ച പ്രകാശമാനമായ ദർശനമാണ്. കണ്ഠാർബുദം ബാധിച്ച് വേദനയിൽ തീരുമ്പോഴും അദ്ദേഹം ജീവിതത്തിന്റെ ധന്യതയെ ഓർമിക്കുന്നു. സഫലമായ ജീവിതയാത്രയെപ്പറ്റി പാടുന്നു.

ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ

പിന്നീട് കവി പറയുന്നത് വ്രണിതമാം കണ്ഠത്തിലിന്ന് നോവിത്തിരിക്കുറവുണ്ട് എന്നാണ്. അതിനു ശേഷം നേരിയ നിലാവിന്റെ പിന്നിലെ അനന്തതയിലെ ഇരുൾ നീലിമയിൽ എന്നോ പഴകിയ ഓർമകൾ പോലെ നിന്ന് വിറക്കുന്ന ഏകാന്ത താരകളെ, വളരെ നാളുകൾക്ക് ശേഷം ഒന്ന് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. തന്നോട് ചേർന്നു നിൽക്കാൻ സഖിയോട് അപേക്ഷിക്കുന്നു.

കവിത അവസാനിക്കുന്നതിങ്ങനെ:

കാലമിനിയുമുരുളും..
വിഷുവരും വർഷം വരും

തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം
വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരാ മന്ത്രം സ്മരിക്ക
നാം
അന്യോന്യം ഊന്നു
വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര…

ഹൈസ്‌കൂളില്‍ എന്റെ സുഹൃത്തുക്കളിലും അവിടുത്തെ അധ്യാപകരിലും കൂടുതലും ഇടത് ചിന്താഗതിക്കാരാണ്. സി.പി.എം പ്രവര്‍ത്തകരാണ് അധ്യാപകരില്‍ പലരും. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴില്‍ എയിഡഡ് സ്‌കൂളായിരുന്നു അന്ന്. ഇന്നത് ഇ.എം.എസ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെകന്ററി സ്‌കൂളാണ്. നല്ല വായനക്കാരാണ് അന്നത്തെ അവിടുത്തെ അധ്യാപകര്‍ മിക്കവരും. രസതന്ത്രം പഠിപ്പിക്കുന്ന വിജയന്‍ മാഷ് ആ സമയത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിലൂടെ ഞാന്‍ യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയവയുടെയും പരിഷത്ത് പുസ്തകങ്ങളുടെയും വായനക്കാരനായി. പരിഷത്തിന്റെ ചില വാന നിരീക്ഷണ ക്ലാസ്സുകളില്‍ പങ്കെടുത്തതോടെ രാത്രികളില്‍ ആകാശം നോക്കി നടക്കല്‍ ഹരമായി. ചങ്ങാതിമാരായ ശമീറും രഞ്ജിയും വിനുവുമൊക്കെ പുസ്തകങ്ങളോട് കമ്പമുള്ളവരാണ്. വായനയോടൊപ്പം പുസ്തകങ്ങളെക്കുറിച്ച സജീവ ചര്‍ച്ചകളും നടന്നു. ആ ചര്‍ച്ചകള്‍ ആനുകാലിക സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളിലേക്കൊക്കെ നീണ്ടു.

                                                                        (തുടരും)

  • labbams4u

    ഓരോ വായനയും അനുഭവസമ്പന്നനായ ഒരാളോടുള്ള സംഭാഷണം പോലെ അനുഭവവേദ്യമാണ്.

    ഞങ്ങളുടെ തലമുറയ്ക്ക് നിങ്ങളെ വായിക്കുകയും ചെയ്യാം, നേരിട്ട് സംവദിക്കുകയും ചെയ്യാം, ഡബിൾ സ്ട്രോങ്ങ്‌

  • ജാഫര്‍

    Eagerly waiting for your next part. Finding some slight similarities in our journey…നിങ്ങളെ മാന്‍ഡ്രേക്ക് ആണ് ഭ്രമിപ്പിച്ചതെങ്കില്‍ എന്നെ അലാ ഉദ്ദീന്റെ അത്ഭുത വിളക്കായിരുന്നു…നിങ്ങളുടെത് ജോണി മാഷെങ്കില്‍ എനിക്കത് റോസമ്മ ടീച്ചറായിരുന്നു…
    കശുവണ്ടി വിറ്റ് പുസ്തകം വാങ്ങിയില്ല…മിഠായി വാങ്ങി!