കൊലക്കളങ്ങളും ശവക്കൂമ്പാരങ്ങളും

വംശീയദേശീയതയും സ്വേഛാധിപത്യവും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.

ഒന്നാം ഭാഗം ഇവിടെ വായിക്കാം

നീത്ഷ്‌ചേ, നാസി
സെറ്റ്‌ലർ കൊളോണിയലിസത്തിന്റെ (settler colonialism കുടിയേറ്റ കൊളോണിയലിസം -തദ്ദേശവാസികള്‍ക്കു മേല്‍ കടന്നാക്രമണം നടത്തി കുടിയേറ്റക്കാരുടെ രാഷ്ട്രീയാധീശത്വം നടപ്പിലാക്കുന്ന കൊളോണിയല്‍ നയമാണിത്) പ്രതലത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇംപീരിയല്‍ ജര്‍മനിയില്‍ ആവിഷ്‌കരിക്കപ്പെട്ട ഒരു സിദ്ധാന്തമായിരുന്നു ലെയ്ബന്‍സ്‌റോം (Lebensraum). 1914 സെപ്തംബറില്‍ ചാന്‍സലര്‍ തിയോബാള്‍ഡ് ഫോന്‍ ബേത്മാന്‍ ഹോള്‍വെഗിന് വേണ്ടി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ജര്‍മന്‍ ഡിപ്ലോമാറ്റുമായ കര്‍ട് റീസ്‌ലര്‍ തയ്യാറാക്കിയ Septemberprogramm അനുസരിച്ച് തങ്ങളുടെ അധീനപ്രദേശത്തെ വിപുലമാക്കുന്നതിനുള്ള ഒരു ജിയോപൊലിറ്റിക്കല്‍ അജണ്ട, ഇംപീരിയല്‍ ജര്‍മനിക്ക് ഒന്നാം ലോകയുദ്ധത്തില്‍ ഉണ്ടായിരുന്നു.

ഒന്നാം ലോകയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് ജര്‍മനിയിലുണ്ടായ ദേശീയമായ അസംതൃപ്തികളെ ഇന്ധനമാക്കിക്കൊണ്ടാണ് അഡോള്‍ഫ് ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ശക്തി പ്രാപിക്കുന്നത്. ലെയ്ബന്‍സ്‌റോം എന്ന സിദ്ധാന്തം അതോടെ നാസി പാര്‍ട്ടിയുടെയും പ്രധാന തത്വശാസ്ത്രമായി മാറി.

അഡോൾഫ് ഹിറ്റലർ
അഡോൾഫ് ഹിറ്റലർ

പത്തൊമ്പതാം നൂറ്റാണ്ടില്‍, ചാള്‍സ് ഡാര്‍വിന്റെ ദ് ഒറിജിന്‍ ഒഫ് സ്പീഷീസിന് ജര്‍മന്‍ ബയോളജിസ്റ്റായ ഓസ്‌കര്‍ പെസ്‌കല്‍ എഴുതിയ നിരൂപണത്തില്‍ ജീവിവര്‍ഗങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ട സിദ്ധാന്തം വിവരിക്കുന്നതിന് വേണ്ടി lebensraum എന്ന പദം ഉപയോഗിച്ചു. ദേശീയ സാംസ്‌കാരിക തലത്തിലേക്ക് ഇതിന്റെ പ്രയോഗം വികസിപ്പിച്ചതാകട്ടെ, ജര്‍മന്‍ ഭൂശാസ്ത്രജ്ഞനും (geographer) വംശീയ സംസ്‌കാര ശാസ്ത്രജ്ഞനുമായ (ethnographer) ഫ്രീദ്രിച് റാറ്റ്‌സെലാണ്. രാഷ്ട്രീയ ഭൂമിശാസ്ത്രത്തെസ്സംബന്ധിച്ച തന്റെ പഠനത്തില്‍, ഭൂപരമായ സവിശേഷതകള്‍ സമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള മനുഷ്യപരിശ്രമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിന്ന തീസീസിന്റെ ശീര്‍ഷകമായാണ് റാറ്റ്‌സെല്‍, ലെയ്‌ബെന്‍സ്‌റോം ഉപയോഗിച്ചത്.

raum എന്ന ജര്‍മന്‍ പദത്തിന് room, space എന്നൊക്കെയാണ് അര്‍ത്ഥം. lebensraum എന്നാല്‍ living space എന്നും. അതിജീവനത്തിനുള്ള അര്‍ഹതയെക്കുറിച്ച ഡാര്‍വിന്‍ സിദ്ധാന്തവും കരുത്തിന്റെ മൂല്യവിചാരവുമായി ബന്ധപ്പെട്ട നീത്ഷ്‌ചേവിയന്‍ തത്വചിന്തയുമൊക്കെയായിരുന്നു ഹിറ്റ്‌ലറുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.

നാസി കോൺസൻട്രേഷൻ കാംപ്
നാസി കോൺസൻട്രേഷൻ കാംപ്

സദാചാരത്തെക്കുറിച്ച സ്വന്തം കാഴ്ചപ്പാടുകളാണ് ഫ്രീദ്‌റിച് നീത്ഷ്‌ചേയില്‍ മതത്തോടുള്ള, പ്രത്യേകിച്ച് ക്രിസ്തുമതത്തോടുള്ള കഠിനശത്രുതയായി വികസിക്കുന്നത്. വിട്ടുവീഴ്ചയിലും ദയയിലും അധിഷ്ഠിതമായ സദാചാരസംഹിതകളെ വിധേയത്വത്തിന്റെ സിദ്ധാന്തങ്ങളായാണ് അദ്ദേഹം പരിഗണിക്കുന്നത്. രണ്ടുതരം സദാചാരങ്ങളാണ് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഉള്ളത്. മതത്തിന്റെത് അടിമസദാചാരമാണ് (slave morality). എന്നാല്‍ മനുഷ്യചരിത്രത്തിന്റെ ആരംഭത്തിലുള്ളതും പ്രാഥമികവുമായ സദാചാരം ഉടമസദാചാരമാണ് (master morality). നീത്ഷ്‌ചേയുടെ അഭിപ്രായത്തില്‍ ഉടമസദാചാരമാണ് ക്രിയാത്മകവും സര്‍ഗാത്മകവും. ഉടമസദാചാരത്തില്‍ മൂല്യങ്ങള്‍ ഉല്‍ഭവിക്കുന്നത് നല്ലതും ചീത്തയും (good and bad) തമ്മിലുള്ള വൈരുധ്യത്തില്‍ നിന്നാണ്. ഈ ദ്വന്ദ്വങ്ങളെ യൂദ, ക്രൈസ്തവ മതങ്ങള്‍ നന്മ-തിന്മ ദ്വന്ദ്വങ്ങളായി (good and evil) അട്ടിമറിച്ചു. ഉടമസദാചാരത്തില്‍ അധികാരം, സമ്പത്ത്, ആരോഗ്യം, കരുത്ത് എന്നിവയാണ് ഗുഡ് എന്ന് വിശേഷിപ്പിക്കപ്പെടുക. ബെര്‍ബേറിയന്‍ കാലം മുതല്‍ ഹോമറിന്റെ ഇതിഹാസങ്ങളില്‍ ചിത്രണം ചെയ്യപ്പെടുന്ന ഗ്രീസിലെ വ്യവസ്ഥ വരെയുള്ള വീരനായകന്മാരുടെ ഗുണങ്ങളായിരുന്നു ഇവ. അടിമത്തപരമായ പതിത്വം, ദാരിദ്ര്യം, രോഗം, ദൗര്‍ബല്യം തുടങ്ങിയവ ബാഡ് ആണ്.

എന്നാല്‍ മതപരമായ വ്യാമോഹങ്ങള്‍ സൃഷ്ടിച്ച അടിമസദാചാരത്തിലെ നന്മ-തിന്മ വൈരുധ്യത്തിലെ മൂല്യവിചാരത്തില്‍ കരുണ, ഭക്തി, ഇന്ദ്രിയനിഗ്രഹം, വിനയം, വിധേയത്വം തുടങ്ങിയവയാണ് ഗുഡ്. നിഷേധാത്മകമാണ് ഈ സദാചാരസംഹിത എന്നതിനാല്‍ നീത്ഷ്‌ചേ ഇതിനെ nay-saying morality എന്നുവിളിച്ചു. ഉടമസദാചാരമാകട്ടെ, ക്രിയാത്മകമാകയാല്‍ അത് yea-saying morality ആണ്. മാസ്റ്റര്‍ മൊറാലിറ്റിയില്‍ കരുത്തന്മാര്‍ കരുത്തുറ്റ മൂല്യങ്ങളെ നിര്‍മിക്കുന്നു. സ്ലേവ് മൊറാലിറ്റിയാകട്ടെ, ആരംഭിക്കുന്നത് തന്നെ വിധേയത്വബോധത്തിലാണ്. ഈ സദാചാരകുതന്ത്രം തിരിച്ചറിഞ്ഞ് കരുത്തന്മാര്‍ ദയയെ അതിജയിച്ച് ഉയര്‍ന്നു നില്‍ക്കണം എന്നാണ് നീത്ഷ്‌ചേയുടെ ആഹ്വാനം.

ഇപ്രകാരം ഉയര്‍ന്നു നില്‍ക്കുന്ന, കരുത്ത് കൊണ്ട് ലോകം കീഴടക്കുന്ന മനുഷ്യനെ നീത്ഷ്‌ചെ യൂബര്‍മെന്‍ഷ് (Ubermensch) എന്ന് വിളിച്ചു. അതീതമനുഷ്യന്‍ എന്നോ അതിമാനുഷന്‍ എന്നോ (overman or superman) ഇതിനെ വിവര്‍ത്തനം ചെയ്യാം.

നീത്ഷ്ചേ, യൂബർമെൻഷ് ചിത്രകാരന്റെ ഭാവനയിൽ
നീത്ഷ്ചേ, യൂബർമെൻഷ് ചിത്രകാരന്റെ ഭാവനയിൽ

ആധുനികതയിലെ കൊളോണിയല്‍, വംശീയ സങ്കല്‍പങ്ങളുടെ ആധാരം നീത്ഷ്‌ചേവിയന്‍ ചിന്തകളാണെങ്കില്‍ മറുപുറത്ത് ആധുനികതയെയും അതിന്റെ അധികാരപ്രയോഗങ്ങളെയും നിരാകരിക്കുന്ന, എന്നാല്‍ അധീശത്വപരവും (supremacist) പാരമ്പര്യാധിഷ്ഠിതവും സ്വത്വാധികാരപരവുമായ തത്വചിന്തകള്‍ മുന്നോട്ടു വെക്കുന്ന ഉത്തരാധുനിക വിചാരലോകത്തിനും ആവേശം പകര്‍ന്നത് നീത്ഷ്‌ചേ തന്നെയാണ്. നീത്ഷ്‌ചേയെ വായിച്ചതുകൊണ്ടാണ് താന്‍ ഉണര്‍ന്നതെന്ന് മിഷേല്‍ ഫൂക്കോ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അഡോള്‍ഫ് ഹിറ്റ്‌ലറുടെയും ബെനിറ്റോ മുസ്സോളിനിയുടെയും തത്വശാസ്ത്രത്തില്‍ നീത്ഷ്‌ചേക്കും യൂബര്‍മെന്‍ഷിനും വലിയ സ്വാധീനമുണ്ട്. ദയയെയും സമാധാനത്തെയും കുറിച്ച എല്ലാ സിദ്ധാന്തങ്ങളും ഫാഷിസത്തിന് ശത്രുതാപരമാണെന്ന് മുസ്സോളിനി The Doctrine of Fascism എന്ന പ്രബന്ധത്തില്‍ രേഖപ്പെടുത്തുന്നു. പുരുഷന്മാര്‍ക്ക് മുസ്സോളിനി കല്‍പിച്ചു നല്‍കുന്ന ദൗത്യം യുദ്ധമാണ്. സ്ത്രീകള്‍ക്കാകട്ടെ, യുദ്ധം ചെയ്യാന്‍ വേണ്ടി വീരന്മാരെ പ്രസവിക്കുക എന്നതും. ഫാഷിസ്റ്റ് സ്വഭാവമുള്ള ഏതൊരു വംശീയ സിദ്ധാന്തത്തിലും സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വത്വവും വ്യക്തിത്വവും വീരമാതാവ് എന്നത് മാത്രമാകുന്നു.

കൊലമുറികളും ചോരപ്പാടങ്ങളും
എന്തായാലും സോഷ്യല്‍ ഡാര്‍വിനിസത്തിലെയും നീത്ഷ്‌ചേവിയന്‍ തത്വചിന്തയിലെയും അതിജയസിദ്ധാന്തം (survival of the fittest) ഹിറ്റലറുടെ lebensraum നെ (living space) ഒരു todesraum (space for death) ആക്കി മാറ്റി. മരണത്തിനാണ് ടോഡെസ് എന്ന് പറയുക. ടോഡെസ്‌റോമിന് കൊലയറ എന്ന് ലളിതമായി വിവര്‍ത്തനം നല്‍കാം.

എന്തെന്നാല്‍, സജീവത (living) എന്നത് അതിജയത്തിനര്‍ഹതയുള്ളവര്‍ക്ക് മാത്രം വിധിക്കപ്പെട്ടതാകുന്നു. മറ്റുള്ളവരെല്ലാം നശിക്കുക എന്നതാണ് വംശീയതയില്‍ നീതി. ഉയര്‍ത്തപ്പെടുന്ന എല്ലാ നല്ല മുദ്രാവാക്യങ്ങളും നൈതികാശയങ്ങളും അതിജീവനത്തിന് ശേഷിയുള്ളവരുടേത് മാത്രമത്രേ.

വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട തത്വദര്‍ശനങ്ങളെപ്പോലും വംശീയദേശീയത ചോരച്ചൊരിച്ചിലിനുള്ള ന്യായങ്ങളാക്കി മാറ്റിയിട്ടുണ്ട്. കംബോഡിയയുടെ ചരിത്രം അതിലെ ഏറ്റവും കുപ്രസിദ്ധമായ അധ്യായമാണ്. കംബോഡിയയിലെ ഖമര്‍ റൂഷ് (Khmer Rouge) ഒരു കമ്യൂനിസ്റ്റ് പ്രസ്ഥാനമായാണ് സ്വയം അടയാളപ്പെടുത്തിയത്. മൂന്ന് ചിന്തകളായിരുന്നു ഖമര്‍ റൂഷിന്റെ അടിസ്ഥാനം. അഗ്രേറിയന്‍ സോഷ്യലിസം, കമ്യൂനിസം, ഖമര്‍ ദേശീയത എന്നിവയാണവ. ഭൂമിക്ക് മേലുള്ള തുല്യാവകാശസിദ്ധാന്തത്തെയാണ് അഗ്രേറിയനിസം (Agrarianism) എന്ന് പറയുക. പക്ഷേ, ആദ്യം പറഞ്ഞ രണ്ട് സമത്വ സിദ്ധാന്തങ്ങളും മൂന്നാമത്തെ ഖമര്‍ ദേശീയതക്ക് കീഴിലായിരുന്നു. അതായത്, തുല്യാവകാശവും കമ്യൂനിസവുമൊക്കെ നടപ്പിലാക്കേണ്ടത് ഖമറുകള്‍ക്കിടയില്‍ മാത്രമായിരുന്നു. ഖമറുകള്‍ക്കിടയില്‍ സ്ഥിതിസമത്വം നടപ്പിലാകണമെങ്കില്‍ മറ്റ് എത്‌നിക്കുകള്‍ തുടച്ചു നീക്കപ്പെടണം.

ഖമർ റൂഷ് കൊലക്കളം, ഇരകളുടെ തലയോടുകൾ നിറച്ച കൊയൂങ് എക്കിലെ സ്മാരകസ്തൂപം
ഖമർ റൂഷ് കൊലക്കളം, ഇരകളുടെ തലയോടുകൾ നിറച്ച കൊയൂങ് എക്കിലെ സ്മാരകസ്തൂപം

ചരിത്രത്തില്‍ തുല്യതയില്ലാത്ത മനുഷ്യവേട്ടകള്‍ അങ്ങനെ അരങ്ങേറിത്തുടങ്ങി. ഖമര്‍ റൂഷിന്റെ കൊലനിലങ്ങളില്‍ (Khmer Rouge Killing Fields) ശോണിതസമുദ്രങ്ങള്‍ തന്നെയൊഴുകി. കോണ്‍സന്‍ട്രേഷന്‍ കാമ്പുകള്‍ എന്ന പേരില്‍ ഹിറ്റ്‌ലര്‍ ഒരുക്കിയത് കൊലയറകളായിരുന്നെങ്കില്‍ ഖമര്‍ റൂഷിന്റെത് കൊലക്കളങ്ങള്‍ തന്നെയായിരുന്നുവെന്നര്‍ത്ഥം. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങള്‍ വെറും അസ്ഥിക്കൂമ്പാരങ്ങളായിത്തീര്‍ന്നു.

പോള്‍ പോട്ട് ആയിരുന്നു അന്ന് കംബോഡിയന്‍ (കമ്യൂനിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കംപൂച്ചിയ) പ്രധാനമന്ത്രി. ഒപ്പം കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് കംപൂച്ചിയയുടെ ജനറല്‍ സെക്രട്ടറിയും ഖമര്‍ റൂഷ് രക്തരക്ഷസ്സുകളുടെ നേതാവും അയാള്‍ തന്നെയായിരുന്നു. ഒന്നര മുതല്‍ രണ്ട് വരെ മില്യന്‍ കംബോഡിയന്മാര്‍ പോള്‍ പോട്ടിന്റെ കാലത്ത് ഖമര്‍ റൂഷിന്റെ ആക്രമണത്തിനിരയായും പട്ടിണി കിടന്നും അടിമപ്പണി കാരണവും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

Pol Pot. The Khmer Rouge Leader -Hen Sophal's painting
Pol Pot. The Khmer Rouge Leader -Hen Sophal’s painting

യഥാര്‍ത്ഥത്തില്‍ ലെയ്ബന്‍സ്‌റോമിന് രണ്ട് മുഖങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നുന്ന രണ്ട് മുഖങ്ങള്‍. ബാഹ്യജനതയുടെ അധികാരത്തെയാണ് (exogenous domination) സെറ്റ്‌ലേര്‍സ് കൊളോണിയലിസം ലക്ഷ്യമാക്കുന്നതെങ്കില്‍, മണ്ണിന്റെ മക്കള്‍ വാദം (sons of soil/ SOS) എന്നറിയപ്പെടുന്ന, ഇതിന്റെ മറുമുഖം ഉന്നയിക്കുന്നത് ആന്തരികജനതയുടെ (indigenous) ആധിപത്യത്തെയാണ്. അതായത്, വംശീയബോധമുള്ള ജനത ആഭ്യന്തരമായി മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്നുണ്ടെങ്കില്‍ അന്തര്‍ദ്ദേശപരമായി ഇതിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്‍ഡിജെനസ്, മണ്ണിന്റെ മക്കള്‍ തുടങ്ങിയ സങ്കല്‍പങ്ങള്‍ തന്നെ ചരിത്രപരമായി തനി അസംബന്ധങ്ങളാണ് എന്നത് വേറെ കാര്യം.

ലോകത്തുള്ള ഒരു ജനതയും എപ്പോഴെങ്കിലും എവിടെയെങ്കിലും മുളച്ചുപൊങ്ങിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു നിലക്കും പറ്റില്ല. വംശീയശുദ്ധിവാദമുന്നയിച്ചാലും ഇല്ലെങ്കിലും ഏതെങ്കിലും വര്‍ഗമോ ഗോത്രമോ അതിന്റെ രക്തവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ട് എന്ന് കരുതുന്നതും അസംബന്ധമാണ്. മെഹര്‍ഗഢിലെ ആസ്ത്രലോയ്ഡ്, നീഗ്രോയ്ഡ് വര്‍ഗങ്ങളുടെ ഗ്രാമസംസ്‌കാരത്തില്‍ നിന്ന് തുടങ്ങുന്നതാണ് അറിയപ്പെടുന്ന ഇന്ത്യന്‍ ചരിത്രം. അതുതൊട്ട്, സൈന്ധവതീരങ്ങളില്‍ വേരുറപ്പിച്ച ദ്രാവിഡജനതയും അതിനും ശേഷം ഗംഗാതടം കേന്ദ്രീകരിച്ച് വികസിച്ച ഇന്‍ഡോ ആര്യന്‍ ജനതയുമെല്ലാം കടന്നുവന്നവരാണ്. അതിന് ശേഷവും ഒട്ടേറെ ജനവിഭാഗങ്ങള്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അവരെല്ലാം ഇവിടുത്തെ ജനതയായി മാറുകയും ചെയ്തു.

ഈ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തെക്കാള്‍ പ്രാധാന്യമുള്ളത്, ഇവരെല്ലാം ചേര്‍ന്നും സമന്വയിച്ചുമാണ് പിന്നീടുള്ള ഇന്ത്യന്‍ ചരിത്രം മുന്നോട്ട് പോയത് എന്നതിനാണ്. ഈ സമന്വയമാകട്ടെ, സാംസ്‌കാരികം മാത്രമല്ല, ജൈവികം കൂടിയായിരുന്നു എന്നതത്രേ യാഥാര്‍ത്ഥ്യം.

Khmer Rouge -painting by Vann Nath
Khmer Rouge -painting by Vann Nath

ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിച്ച് ഭൂപരമോ രക്തപരമോ ആയ അവകാശവാദങ്ങളുന്നയിക്കുന്നവരാണ് ലോകത്തെ ആക്രാമക വംശീയവാദങ്ങള്‍ മുഴുവനും. യൂദ സയനിസം മുതല്‍ ഇന്ത്യന്‍ ആര്യവാദവും ഹിന്ദുത്വയും വരെയുള്ള ആശയങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത് ഇത്തരം അവകാശവാദങ്ങള്‍ക്ക് മേലാണ്. കൃത്രിമമായി ഉയര്‍ത്തിവിട്ട ഈ വികാരങ്ങള്‍ക്ക് മേലാണ് നിങ്ങളുടെ മണ്ണ്, നിങ്ങളുടെ സംസ്‌കാരം (അര്‍ദുകും, ത്വരീഖതുകും) തുടങ്ങിയ ആശയങ്ങള്‍ പ്രാചീനരും അര്‍വാചീനരുമായ എല്ലാ ഫറോവമാരും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് സ്ഥാപിക്കാന്‍ വേണ്ടി ചരിത്രത്തെയും ശാസ്ത്രത്തെയുമൊക്കെ വികലമാക്കുന്ന പ്രവണതയും കാണാം. ചരിത്രത്തെ പല കോണിലും വായിക്കാമെങ്കിലും വ്യാജങ്ങളും മിത്തുകളും ചരിത്രസംഭവങ്ങളായി മാറുന്ന പ്രവണത മോസ്റ്റ് മോഡേണ്‍ ഇന്ത്യയില്‍ വ്യാപകമാണ്. വേദഗണിതം, വേദശാസ്ത്രം തുടങ്ങിയ അക്കാദമികാഭ്യാസങ്ങളും ജ്യോതിഷം പോലുള്ള ശാസ്ത്രവിരുദ്ധതകളുടെ ശാസ്ത്രപരിണാമവുമൊക്കെ ഇന്ത്യന്‍ അക്കാദമിക രംഗത്തെ കാഴ്ചകളാണ്.

ഫാഷിസ്റ്റ് പ്രകൃതം പ്രകടിപ്പിക്കുന്ന വംശീയ ദേശീയതയുടെയും വലതുപക്ഷ റാഡിക്കലിസത്തിന്റെയുമൊക്കെ സ്വാധീനം അതിന്റെ എല്ലാ ഭീകരതയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ദശയിലൂടെയാണ് ഇന്ത്യയുടെ പല അയല്‍ദേശങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയിലും സംഹള ദേശീയതയും ബുദ്ധ റാഡിക്കലിസവും മ്യാന്‍മറിലെ ബര്‍മീസ് ദേശീയതയും ബുദ്ധ റാഡിക്കലിസവും ഉദാഹരണം.

ഇതേ വലതുപക്ഷബോധം പങ്കുവെക്കുന്നതാണ് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും. വൈവിധ്യങ്ങളുടെ ചരിത്രത്തിന്റെ ഒരു നിരാകരണമാണത്. ഒരു വംശീയ ശുദ്ധീകരണത്തിന് വേണ്ടിയുള്ള ആസൂത്രിതമായ പ്രവര്‍ത്തനമായിരുന്നു 2002 ലെ ഗുജറാത്ത് വംശഹത്യ. ഇപ്പോഴും തുടരുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഇതിന്റെ തുടര്‍ച്ചയത്രേ. സംഘ് രാഷ്ട്രീയം മേല്‍ക്കൈ നേടിയതും ഇത്തരം വികാരങ്ങളിളക്കിവിട്ടു കൊണ്ടാണ്.

അതേസമയം മാനുഷിക മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ജനാധിപത്യബോധത്തെയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതിരോധം ഇന്ത്യയില്‍ ഇനിയും സാധ്യവുമാണ്.