പരിപ്രേക്ഷ്യങ്ങളുടെ സിദ്ധാന്തം അഥവാ അകുതഗാവയും കുറോസാവയും വര്‍ധമാന മഹാവീരനും

ആ ചെറുവനത്തില്‍ അന്നെന്താണ് സംഭവിച്ചത്? യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരന്‍ താജോമാരു താകെഹിരോ എന്ന സമുറായിയെ കൊന്നുവോ? ഞാന്‍ ചോദിച്ചു.

ആളൊഴിഞ്ഞ കടപ്പുറം എന്നെ അല്‍ഭുതപ്പെടുത്തി. ഏറെ തിരക്കേറിയ സ്ഥലമാണ്. ഏത് പാതിരാത്രിക്ക് വന്നാലും ആളുകളുണ്ടാവാതിരിക്കുകയുമില്ല. അങ്ങനെയൊരു തീരത്താണ് ഏറെ നേരമായി ഞാന്‍ ഒറ്റക്കിരിക്കുന്നത്. ഒരേ രീതിയില്‍ നിരന്തരം സംഭവിക്കുന്നതാണെങ്കിലും ആര്‍ത്തലച്ചുള്ള തിരകളുടെ വരവ് എത്ര നേരം കണ്ടിരുന്നാലും മടുക്കില്ല. കൈയിലൊരു പൊതി നിലക്കടല കൂടിയുണ്ടെങ്കില്‍ കൂടുതല്‍ ആസ്വാദ്യമായി. കൂട്ടിനാരുമില്ലാതിരിക്കുക തന്നെയാണ് ഭേദം. കടലയെക്കുറിച്ചോര്‍ത്തപ്പോള്‍ ഒന്ന് ചുറ്റിലും നോക്കി. സാധാരണയായി നിറച്ചുവെച്ച കടലപ്പൊതികളുമായി ചുറ്റി നടക്കുന്ന ഒരുപാടാളുകളുണ്ടാവുമീ കടല്‍ത്തീരത്ത്. ഇന്ന് അവരെയും കാണുന്നില്ല. ഉപ്പിലിട്ടതും ഐസ് ചുരണ്ടിയതും ഒക്കെ വില്‍ക്കുന്നവരുമില്ല. കാലുകളിന്മേല്‍ പ്രകാശിക്കുന്ന വിളക്കുകള്‍ക്ക് വോള്‍ട്ടത തീരെ കുറവ്.

മണലിന്മേല്‍ അങ്ങിങ്ങായിക്കിടന്നിരുന്ന ചെറുകല്ലുകള്‍ പെറുക്കി ഞാന്‍ കടലിലേക്കെറിഞ്ഞുകൊണ്ടിരുന്നു.

അപ്പോഴാണ് അവര്‍ വന്നത്. ഏത് ദിശയില്‍ നിന്നാണ് വന്നതെന്നറിഞ്ഞുകൂടാ. അതോ, പെട്ടെന്നെന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതോ?

അകുതഗാവ, കുറോസാവ
അകുതഗാവ, കുറോസാവ

നല്ല മുഖപരിചയം. എന്നാല്‍ ഇവിടെങ്ങും ഉള്ളവരാണെന്ന് തോന്നുന്നില്ല. ഇന്നാട്ടുകാരേ ആവാന്‍ സാധ്യതയില്ല. പിന്നെങ്ങനെയാണിത്ര പരിചയം തോന്നുന്നത്.

പെട്ടെന്ന് ഉള്ളിലൊരു ബോധം വന്നു. ഈ ആള്‍.., അതെ അതുതന്നെ. റ്യുനോസുകി അകുതഗാവ. ജാപ്പനീസ് ചെറുകഥയുടെ പിതാവ്. അപ്പോള്‍ അന്നേരത്തെ അരണ്ട വെളിച്ചത്തില്‍ നിഴല് പോലെ പിറകില്‍ നില്‍ക്കുന്നതോ? ഞാന്‍ ഏന്തിനോക്കുന്നത് കണ്ട് പിറകില്‍ നില്‍ക്കുന്നയാള്‍ അല്‍പം മുന്നോട്ടേക്ക് കയറി. ദൈവമേ, ഇത് കുറോസാവയാണല്ലോ, അകിരാ കുറോസാവ!

മരിച്ചവര്‍ മുന്നില്‍ വരുമ്പോള്‍ ആളുകള്‍ പേടിച്ച് ബോധം കെട്ടുവീഴുന്നതായി സിനിമകളിലും മറ്റുമൊക്കെ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ത്തന്നെ അങ്ങനെ വന്നുവെന്ന് കരുതുക. ആളുകള്‍ പേടിക്കുമോ? ഇഷ്ടവും സ്‌നേഹവും കൊണ്ട് പരസ്പരം വീര്‍പ്പു മുട്ടിച്ചിരുന്നവരില്‍ ഒരാള്‍ വിടപറഞ്ഞ് പോയ ശേഷം നിനച്ചിരിക്കാത്ത നേരത്ത് തിരിച്ചു വന്നാല്‍ ശരിക്കും ആനന്ദിക്കുകയല്ലേ വേണ്ടത്?

ഒരുപക്ഷേ പേടിക്കത്തക്കതായ എന്തെങ്കിലും മരിച്ചയാള്‍ക്കും ജീവിക്കുന്നയാള്‍ക്കുമിടയിലുണ്ടാവാം.

പലരെയും കാണണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഈ രണ്ടുപേരും ഉണ്ടായിരുന്നോ? ഞാനൊരാത്മാപഗ്രഥനം നടത്താന്‍ ശ്രമിച്ചു.

പക്ഷേ, നിങ്ങള്‍ രണ്ടുപേരെയും ഒരേ പ്രായം തോന്നിക്കുന്നല്ലോ എന്ന് ഞാനല്‍ഭുതപ്പെട്ടു. ജീവിച്ചിരിക്കുന്നവരുടെ കണക്കില്‍ 1927 ല്‍ തന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് അകുതഗാവ മരിക്കുന്നത്. ആത്മഹത്യയായിരുന്നത്രേ. കൂടിയ അളവില്‍ ബാര്‍ബിറ്റല്‍ കഴിച്ച് മരിച്ചു. കുറോസാവ വിട്ടുപിരിഞ്ഞത് 1998ലാണ്. അന്നേരം അദ്ദേഹത്തിന് പ്രായം എണ്‍പത്തെട്ട്.

കാലമൊക്കെ നിങ്ങളുടെ കണക്കിലല്ലേയുള്ളൂ. കാലദേശപരിധികളെ മറികടന്നവരെയാണ് നിങ്ങള്‍ മരിച്ചവര്‍ എന്ന് കണക്കാക്കുന്നത്.

അങ്ങനെയാണോ? അപ്പോള്‍ ശരിയാണ്. കാലമില്ലെങ്കില്‍ പ്രായമില്ല, പ്രായവ്യത്യാസവുമില്ല.

താകെഹിരോയെ താജോമാരു ഒരുപക്ഷേ കൊന്നു, ഒരുപക്ഷേ കൊന്നില്ല. ദൂരെയെങ്ങോ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അകുതഗാവ പിറുപിറുത്തു. കോട്ടിന്റെ പോക്കറ്റില്‍ നിന്ന് അയാള്‍ ഒരു സിഗററ്റെടുത്ത് ചുണ്ടില്‍ വെച്ചു. ലൈറ്ററില്‍ നിന്ന് തീ പിടിപ്പിച്ച് പുകയൂതി വിട്ടുകൊണ്ടിരുന്നു.

അതേതാണ്ട് ജൈനദര്‍ശനത്തിലെ സ്യാദ്‌വാദം പോലെയുള്ള മറുപടിയാണല്ലോ എന്ന് ഞാന്‍ പ്രതികരിച്ചു.

മഹാവീര പ്രതിമ
മഹാവീര പ്രതിമ

അതെന്താണ്? ചോദിച്ചത് കുറോസാവയാണ്.

പണ്ട് ഞങ്ങടെ നാട്ടില്‍ വര്‍ധമാന മഹാവീരന്‍ എന്ന ഒരു തത്വജ്ഞാനിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തമാണ് സ്യാദ്‌വാദം. സോപാധികപ്രസ്താവങ്ങളുടെ സിദ്ധാന്തം (theory of conditioned predication) എന്ന് പറയും. സ്യാദ് എന്ന വാക്കിന് ഒരുപക്ഷേ എന്നാണ് അര്‍ത്ഥം. അതായത്, ഒരു പരിപ്രേക്ഷ്യത്തില്‍, ഫ്രം സം പെര്‍സ്‌പെക്ടീവ്‌സ്, എന്ന് ഇവിടെ അര്‍ത്ഥം വരും.

വിശദീകരിച്ചാല്‍, ഒരു വസ്തുവിന്റെ അസ്തിത്വത്തെക്കുറിച്ച അറിവ് പോലും സ്യാദ് ആണ്. ഒരു പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ ഉണ്ട് (സ്യാദസ്തി), മറ്റൊരു പരിപ്രേക്ഷ്യത്തില്‍ ഇല്ല (സ്യാദ്‌നാസ്തി). ചിലപ്പോള്‍ ഒരേ പരിപ്രേക്ഷ്യത്തില്‍ത്തന്നെ ഉണ്ടെന്നും ഇല്ലെന്നും വരാം (സ്യാദസ്തിനാസ്തി). ചിലപ്പോള്‍ മറ്റൊരു പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ നിര്‍ണയം അസാധ്യമാണെന്നും വരാം (സ്യാദവക്തവ്യം).

ഒരു ആശയത്തിന്റെ സ്വീകാര്യതക്കും ഈ തത്വം ബാധകമാണ്. പ്രകൃതിയെക്കുറിച്ച അറിവുകള്‍ തത്വചിന്തയിലേക്കാണല്ലോ വികസിക്കേണ്ടത്. ഒരാശയത്തിന്റെ അംഗീകാരം എന്നത് സ്യാദ് ആണ്. അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും സാഹചര്യ ബന്ധിതമാണ്. ഒരു സാഹചര്യത്തില്‍, ഒരു വീക്ഷണകോണിലൂടെ നോക്കിയാല്‍ ആശയത്തെ അംഗീകരിക്കാം. സാഹചര്യമോ വീക്ഷണമോ മാറുമ്പോള്‍ അതേ ആശയം അസ്വീകാര്യമായും തീരാം. ഒരേ ആശയം തന്നെ, ഒരേ സാഹചര്യത്തിലും ഒരേ വീക്ഷണകോണിലും ഒരുപോലെ സാധുവും അസാധുവുമാകുന്ന അവസ്ഥയുമുണ്ടാകാം. മറ്റൊരു വീക്ഷണകോണില്‍ അത് നിര്‍ണയാതീതമായെന്നും വരാം.

ചുരുക്കിപ്പറഞ്ഞാല്‍ ജ്ഞാനവും നിലപാടുകളുമെല്ലാം ആപേക്ഷികങ്ങളാണ്.

rashomon -painting by Kent Williams
rashomon -painting by Kent Williams

ഇതാണ് തിയറി ഒഫ് കണ്ടിഷന്‍ഡ് പ്രെഡിക്കേഷന്‍, തത്വചിന്താധ്യാപനത്തിന്റെ ഭാരത്തില്‍ ഞാന്‍ നന്നായിട്ടൊന്ന് കിതച്ചു. ജപ്പാനില്‍ നിന്ന് വന്ന ഈ ബുദ്ധിജീവികള്‍ക്ക് ഇതുവല്ലോം തിരിഞ്ഞോ ആവോ.

കാര്യത്തിലേക്ക് വരാം.

കണ്ട കാര്യങ്ങള്‍ ഇത്രയുമാണ്.
1) താകെഹിരോ മരിച്ചു. വാളോ കത്തിയോ കൊണ്ട് നെഞ്ഞിലേറ്റ മുറിവാണ് പ്രത്യക്ഷത്തില്‍ മരണകാരണം.
2) താകെഹിരോയുടെ ഭാര്യ മസാഗോയും താജോമാരുവും തമ്മില്‍ ശാരീരിക സംയോഗം നടന്നു.
3) താകെഹിരോയുടെ വില്ലും ആവനാഴിയും താജോമാരു കവര്‍ന്നു.
4) ഈ രണ്ടുപേരില്‍ ആരെങ്കിലുമൊരാള്‍ മരിക്കണമെന്ന് മസാഗോ ആഗ്രഹിച്ചു.
5) താകെഹിരോയുടെ മരണശേഷം താജോമാരുവും മസാഗോയും അവിടം വിട്ടുപോയി. എന്നാല്‍ അവര്‍ ഒരുമിച്ചല്ല പോയത്.

ഇത്രയും കാര്യങ്ങള്‍ നിങ്ങളെങ്ങനെ ഉറപ്പിച്ചു എന്നായി അകുതഗാവ.

ദൃക്‌സാക്ഷികളുണ്ടല്ലോ. ആദ്യം മരംവെട്ടുകാരന്‍, പിന്നെ ബുദ്ധമതപുരോഹിതന്‍.

അതെ, അവരുടെ പരിപ്രേക്ഷ്യം. അന്നേരം ഇടപെട്ടത് കുറോസാവയാണ്. അതും കണ്ടിഷന്‍ഡ് പ്രെഡിക്കേഷന്‍ തന്നെ.

ഈ എണ്ണിപ്പറഞ്ഞതില്‍ മരണം മാത്രമാണ് ആത്യന്തികസത്യം എന്ന് വേണമെങ്കില്‍ പറയാം. അകുതഗാവ വിശദീകരിച്ചു. എന്നാല്‍ അതും ഒരു സത്യമാണോ? മരിച്ചുപോയ ഞങ്ങളല്ലേ ഇന്നിവിടെ ഈ കടല്‍ത്തീരത്തിരിക്കുന്നത്?

സമുറായിയെ കൊള്ളക്കാരന്‍ കൊന്നു, വലിയ കഠാര കൊണ്ട് ആഴത്തിലുള്ള മുറിവേറ്റാണ് താകെഹിരോ മരിച്ചത്. എന്നിട്ടാ കത്തിയെവിടെ? കത്തി കൊണ്ട് ആഴത്തിലേറ്റ മുറിവ് മരം വെട്ടുകാരന്റെ വിവരണത്തില്‍ വാള്‍ കൊണ്ടുള്ള വെട്ടായി മാറിയതെങ്ങനെ? അദ്ദേഹം തുടര്‍ന്ന് ചോദിച്ചു.

എന്നോടാണോ ചോദിക്കുന്നത്? താങ്കളല്ലേ കഥയെഴുതിയത്? എന്റെ ചോദ്യത്തിന് അകുതഗാവ ഒന്ന് ചിരിച്ചു.

ഈ ചോദ്യം റാഷമോണ്‍ സിനിമയിലുണ്ട്. ഞാനോര്‍മിച്ചു. റാഷമോണ്‍ കവാടത്തിനരികില്‍ നിന്ന് മരം വെട്ടുകാരനും ബുദ്ധഭിക്ഷുവും പറഞ്ഞ കഥ കേട്ടുകൊണ്ടിരുന്ന വഴിപോക്കന്‍. അകുതഗാവയുടെ കഥയില്‍ അങ്ങനെ ചോദിക്കുന്നുണ്ടോ?
അക്കാര്യം ഓര്‍മയില്‍ വരുന്നില്ല. അവരൊന്നും പറഞ്ഞുമില്ല.

എന്നാലും ഇപ്പറഞ്ഞ അഞ്ച് കാര്യങ്ങളും സത്യങ്ങള്‍ തന്നെയെന്ന് കരുതാം. പക്ഷേ, ഇതിലെ കഥാപാത്രങ്ങള്‍ സംഭവത്തെ വിവരിക്കുന്നതെങ്ങനെയാണ്? ഞാന്‍ ആ കഥ ഒരിക്കല്‍ക്കൂടി ഓര്‍മിക്കാന്‍ ശ്രമിച്ചു. എല്ലാം പ്രകാരങ്ങള്‍ മാത്രമാണ്. എന്നുവെച്ചാല്‍ ഒരുപക്ഷേ അതൊന്നുമായിരിക്കില്ല സംഭവം.

കൊള്ളക്കാരന്റെ (താജോമാരു) കുറ്റസമ്മതമൊഴി ഇങ്ങനെ:
തന്ത്രത്തില്‍ സമുറായിയെ താന്‍ മരത്തില്‍ കെട്ടിയിട്ടു. ഇതുകണ്ട സ്ത്രീ തന്റെ മേല്‍വസ്ത്രത്തിനടിയിലൊളിച്ചുവെച്ചിരുന്ന കഠാര വലിച്ചെടുത്ത് തന്നെ കുത്താന്‍ ശ്രമിച്ചെങ്കിലും താന്‍ കത്തി തെറിപ്പിച്ചു കളഞ്ഞു. അവിടെ വച്ചു തന്നെ സ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഒന്നുകില്‍ തന്റെ ഭര്‍ത്താവിനെ കൊന്നുകളയുകയോ അല്ലെങ്കില്‍ കൊള്ളക്കാരന്‍ മരിക്കുകയോ ചെയ്യണം എന്ന് അവളാണ് പറഞ്ഞത്. തന്റെ നഗ്നത ആസ്വദിച്ച രണ്ട് ആണുങ്ങള്‍ നിലനില്‍ക്കെ ജീവിച്ചിരിക്കുന്നത് അവള്‍ക്ക് നാണക്കേടാണത്രേ. ബന്ധനസ്ഥനായ ആളെ ചതിവില്‍ കൊല്ലുന്നതിന് പകരം അയാളെ സ്വതന്ത്രനാക്കി ദ്വന്ദ്വയുദ്ധം നടത്തിയാണ് താന്‍ അയാളെ കൊന്നത്. സ്ത്രീ ഓടിപ്പോവുകയും ചെയ്തു. അയാളുടെ വാളും അമ്പും ആവനാഴിയും താന്‍ കവര്‍ന്നെടുത്തു. പിടിയിലാകുന്നതിന് മുമ്പ് വാള്‍ വില്‍ക്കുകയും ചെയ്തു.

സ്ത്രീയുടെ (മസാഗോ) ഭാഷ്യം ഇങ്ങനെ:
തന്റെ ഉദ്ദേശ്യം നിറവേറ്റി താജോമാരു ഓടിപ്പോയി. മാനഭംഗത്തിനിരയായ താന്‍ ബന്ധനസ്ഥനായിരുന്ന ഭര്‍ത്താവിനെ നോക്കിയപ്പോള്‍ അയാള്‍ വെറുപ്പോടെ തന്നെ നോക്കിയിരിക്കുന്നതായാണ് കണ്ടത്. താന്‍ തെറ്റുകാരിയല്ലെന്നും തന്നോട് ക്ഷമിക്കണമെന്നും താനയാളോട് അപേക്ഷിച്ചു. എന്നാല്‍ നിര്‍വികാരതയോടെ അയാള്‍ തന്നെ അവഗണിച്ചു.

തനിക്കിനി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ ഭര്‍ത്താവും തന്നോടൊപ്പം മരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് താന്‍ കത്തി കൊണ്ട് അയാളുടെ ഔരസഭാഗത്തുള്ള കയര്‍ അറുത്തുമാറ്റിയപ്പോള്‍ അയാള്‍ക്ക് മുറിവേറ്റു. കാട്ടിനകത്തേക്കോടിപ്പോയി. ശേഷം പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.

റാഷമോൺ സിനിമയിൽ നിന്ന് -മസായുകി മോറി, തൊഷിറോ മിഫ്യൂൺ, മചികോ കിയോ എന്നിവർ
റാഷമോൺ സിനിമയിൽ നിന്ന് -മസായുകി മോറി, തൊഷിറോ മിഫ്യൂൺ, മചികോ കിയോ എന്നിവർ

കൊല്ലപ്പെട്ട സമുറായിയുടെ (താകെഹിരോ) പ്രേതം ഒരു മീകോയെ (ഷിന്റോ മതവിശ്വാസികള്‍ക്കിടയിലുള്ള മന്ത്രവാദം പഠിച്ച പുരോഹിത) മാധ്യമമാക്കിക്കൊണ്ട് സംഭവം വിവരിച്ചു. അതാണ് അയാളുടെ പരിപ്രേക്ഷ്യം. അതിങ്ങനെ:
ബലാല്‍സംഗം ചെയ്ത ശേഷം താജോമാരു മസാഗോയോട് ഭര്‍ത്താവിനെ ഉപേക്ഷിക്കാനും തന്റെ ഭാര്യയാവാനും ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ കൊന്നുകളയണം എന്ന ഉപാധിയോടെ അവളതിന് സമ്മതിച്ചു.

ഇതുകേട്ട് ആദ്യം ഞെട്ടിയ കൊള്ളക്കാരന്‍, കുപിതനായി അവളെ ചവിട്ടിത്തെറിപ്പിക്കുകയം തന്നെ അഴിച്ചുവിട്ട ശേഷം ഇത്രയും നന്ദികെട്ട ഒരു സ്ത്രീയെ വേണമെങ്കില്‍ താങ്കള്‍ക്ക് വധിക്കാം എന്ന് പറയുകയും ചെയ്തു. ഇതുകേട്ടതോടെ താന്‍ കൊള്ളക്കാരനോട് അപ്പോള്‍ത്തന്നെ ക്ഷമിച്ചു. ഭാര്യ ഓടിപ്പോയി. കൊള്ളക്കാരനും അവിടെ നിന്ന് പോയപ്പോള്‍ താന്‍ ഭാര്യയുടെ കൈയില്‍ നിന്നും വീണുപോയ കത്തി കൊണ്ട് സ്വയം കുത്തി മരിക്കുകയായിരുന്നു.

എന്നാല്‍, പിന്നീട് തന്റെ നെഞ്ഞില്‍ നിന്നും ആരോ കത്തി ഊരിയെടുക്കുന്നതായി താന്‍ അറിഞ്ഞിരുന്നുവെന്നും താകെഹിരോയുടെ ആത്മാവ് കൂട്ടിച്ചേര്‍ത്തു.

അതൊരു സമുറായിക്ക് ചേര്‍ന്ന ഭാഷ്യം തന്നെ. ഹരാകിരി (കത്തി കൊണ്ട് പ്രത്യേകരീതിയില്‍ സ്വന്തം വയറ് കീറി നടത്തുന്ന, സമുറായികള്‍ക്കിടയില്‍ നിലനിന്നിരുന്ന അനുഷ്ഠാന സ്വയംഹത്യ) തങ്ങളുടെ വീരത്വത്തിന്റെ അടയാളമായി കരുതുന്നവരാണല്ലോ അവര്‍.

അപ്പോള്‍ ഈ വിവരണങ്ങള്‍ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളാണ് എന്ന് കരുതിയാലും മുകളില്‍ എണ്ണിപ്പറഞ്ഞ അഞ്ച് കാര്യങ്ങള്‍ തന്നെയാണ് അടിസ്ഥാനം. അപ്പോള്‍ സത്യം എന്ന ഒന്നുണ്ട്. സ്യാദ്‌വാദത്തിലും വസ്തു അല്ലെങ്കില്‍ ആശയം നിലനില്‍ക്കുന്നുണ്ട്. അതിനെ കാണുന്നതും അറിയുന്നതും വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിലാണ് എന്നേയുള്ളൂ. അസ്തിത്വം പോലും അംഗീകരിക്കപ്പെടുന്നത് എന്ന് അവിടെ പറഞ്ഞതും ഈ പരിപ്രേക്ഷ്യവുമായി മാത്രം ബന്ധപ്പെടുന്നതാണ്.

സത്യാനന്തരകാലത്തെ നുണകളുടെ രാഷ്ട്രീയത്തെ പരിപ്രേക്ഷ്യങ്ങളെയും പ്രകാരങ്ങളെയും സംബന്ധിച്ച ഈ വിവരണം സാധൂകരിക്കുന്നില്ല എന്നര്‍ത്ഥം.

വളരെ ഗൗരവത്തില്‍ തട്ടി മൂളിച്ച എന്റെ നിഗമനങ്ങളോട് ഇരുവരും ഒന്നും പ്രതികരിച്ചില്ല. വീണ്ടുമൊരു സിഗററ്റ് കൊളുത്തി അകുതഗാവ തിരകളെണ്ണിക്കൊണ്ടിരുന്നു.

വിശേഷിച്ചും ആധുനികതയുടെ ആരംഭത്തില്‍, അസ്തിത്വാന്വേഷണത്തിന്റെ തത്വചിന്തയുടെ കാലഘട്ടത്തിലാണ് താങ്കള്‍ In a Grove (യാബു നോ നകാ) എന്ന കഥയെഴുതിയതെന്ന് തോന്നുന്നു. അല്ലേ?

ചക്രവാളത്തിലേക്ക് നോക്കി അദ്ദേഹം ഒന്ന് മൂളി. വികാരങ്ങള്‍ക്കും വൈയക്തികമായ വിശ്വാസങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു കാലത്തെയാണല്ലോ സത്യാനന്തര രാഷ്ട്രീയം അടയാളപ്പെടുത്തുന്നത്.

മൂന്ന് പേര്‍ തമ്മിലുള്ള സംസാരത്തിലൂടെയാണല്ലോ താങ്കള്‍ അകുതഗാവയുടെ കഥയെ ദൃശ്യവല്‍ക്കരിച്ചത്. എന്തായാലും അത് കഥയ്ക്ക് പുതിയൊരു മാനം നല്‍കുന്നുണ്ട്.

പരിപ്രേക്ഷ്യം എന്ന തത്വത്തെ അത് ഒന്നുകൂടി വികസിപ്പിക്കുന്നു.

എന്റെ പ്രകീര്‍ത്തനം പക്ഷേ, കുറോസാവ ഒട്ടും ഗൗനിച്ചില്ലെന്ന് തോന്നുന്നു.

ആ മൂന്നില്‍ രണ്ടുപേര്‍ തന്റെ കഥയില്‍ത്തന്നെ ഉണ്ട് എന്ന് അകുതഗാവ വെറുതെ ചിരിച്ചു. കികോരി എന്ന മരംവെട്ടുകാരനും താബി ഹോഷി എന്ന ബുദ്ധഭിക്ഷുവും. പിന്നെ, മൂന്നാമത്തെയാള്‍ ഒരു വഴിപോക്കന്‍.

പഴകിപ്പൊളിഞ്ഞു നില്‍ക്കുന്ന റാഷമോണ്‍ കവാടത്തിനരികിലാണ് സംഭവവിവരണം നടക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് കവാടത്തിന്റെ മറയിലേക്ക് കയറി നിന്നതാണ് ആ മൂവരും. പുരാതന ജാപ്പനീസ് നഗരമായ കിയോട്ടോയിലെ തകര്‍ന്ന കൊട്ടാരത്തിന്റെ പ്രവേശനകവാടമാണ് റാഷമോണ്‍.

പക്ഷേ, റാഷമോണ്‍ കവാടത്തെ പശ്ചാത്തലമാക്കി അപ്പേരില്‍ത്തന്നെ താങ്കള്‍ മറ്റൊരു കഥയും എഴുതിയിട്ടില്ലേ? ഞാന്‍ ചോദിച്ചു. അകുതഗാവ ചിരിച്ചു.

ആ കഥയും ഞാന്‍ ഓര്‍മിച്ചു.

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഒരു വൃദ്ധയുമാണ് കഥയിലെ കഥാപാത്രങ്ങള്‍. പിന്നെ ഒരു യുവതിയുടെ ജഡവും. ആ ജഡവും ജീവനുള്ളവരെപ്പോലെ ഒരു കഥാപാത്രം തന്നെ. അന്നത്തെ ജപ്പാനിലെ ജീവിതാവസ്ഥയുടെ പ്രതീകം തന്നെ ജീര്‍ണിച്ചു നില്‍ക്കുന്ന ഗേറ്റ്.

താഴ്ന്ന ക്ലാസ്സില്‍ ജോലിയിലുണ്ടായിരുന്ന അയാള്‍ക്ക് മുന്നില്‍ ഇപ്പോള്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ മരണത്തിലേക്ക് തന്നെ കൊണ്ടുപോയേക്കാവുന്ന പട്ടിണിയെ വരിക്കുക, അല്ലെങ്കില്‍ കള്ളനാവുക. ഒരു തെരഞ്ഞെടുപ്പിന്റെ സംഘര്‍ഷം അയാളനുഭവിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് റാഷമോണ്‍ കവാടത്തിനകത്ത് ആ സ്ത്രീയെ അയാള്‍ കണ്ടുമുട്ടിയത്.

ശവശരീരങ്ങള്‍ വലിച്ചെറിയപ്പെടുന്ന കൊട്ടാരത്തിലെ രണ്ടാം നിലയില്‍ ശവങ്ങളുടെ തലമുടി മുറിച്ചെടുക്കുകയാണ് ആ കിഴവി. തിരുപ്പനുണ്ടാക്കി വില്‍ക്കാനാണ് താന്‍ മുടി കട്ടെടുക്കുന്നതെന്ന് അവര്‍ അയാളോട് പറഞ്ഞു. അവരുടെ നീചവൃത്തിയില്‍ പ്രതിഷേധിച്ചപ്പോള്‍ അയാളും അവരും തമ്മില്‍ ഒരു സംവാദം രൂപപ്പെട്ടു. താന്‍ ചെയ്യുന്നത് തെറ്റല്ലെന്നും തന്റെ അതിജീവനത്തിന് ഇത് കൂടിയേ തീരൂ എന്നുമായിരുന്നു അയാളുടെ ന്യായവാദം.

ഉദാഹരണത്തിന് മരിച്ചുകിടക്കുന്ന ഈ സ്ത്രീയെ നോക്കൂ. പാമ്പിന്റെ ഇറച്ചി മുറിച്ചെടുത്ത് മീനാണെന്നും പറഞ്ഞ് ആളുകള്‍ക്ക് വില്‍ക്കലാണ് ഇവരുടെ ജോലി. ഇവള്‍ ചെയ്തതും തെറ്റല്ല. എന്തെന്നാല്‍ ഇവള്‍ക്കും നിലനില്‍ക്കേണ്ടതുണ്ട്. ഇവള്‍ മറ്റുള്ളവരോട് ചെയ്തത് ഇപ്പോള്‍ ഞാന്‍ ഇവളോടും ചെയ്യുന്നു.

ശരിയാണ്. അയാള്‍ സമ്മതിച്ചു. അതിജീവനം എന്റെയും പ്രശ്‌നമാണ്. ഇത്രയും നേരം ഞാന്‍ ചിന്തിച്ചതിന്റെ ഉത്തരം എനിക്ക് കിട്ടി. പട്ടിണി കിടന്ന് മരിക്കാന്‍ എനിക്ക് പറ്റില്ല. അതിനാല്‍ ഞാന്‍ ചെയ്യുന്നതും തെറ്റല്ല.

ഇതും പറഞ്ഞ് അയാള്‍ ബലം പ്രയോഗിച്ച് ആ സ്ത്രീയുടെ വസ്ത്രം കവര്‍ന്നെടുത്തുകൊണ്ട് സ്ഥലം വിട്ടു.

ഒട്ടും പ്രത്യാശ നല്‍കാത്തതാണ് താങ്കളുടെ ഈ രണ്ട് കഥകളും എന്ന് പലരും എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. കഥയോര്‍ത്തു കൊണ്ട് ഞാന്‍ പറഞ്ഞു.

നിങ്ങള്‍ക്കെന്തു തോന്നുന്നു? അദ്ദേഹം ചോദിച്ചു.

വെറുമൊരു വായനക്കാരന്‍ മാത്രമായ എന്റെ തോന്നലുകള്‍ക്ക് സൈദ്ധാന്തികമായി എന്ത് പ്രസക്തിയാണുള്ളത്? ഞാന്‍ തിരിച്ചു ചോദിച്ചു.

ഒരു കാര്യം ചോദിച്ചോട്ടെ. മടിച്ചു മടിച്ച് ഞാന്‍ ചോദിച്ചു. റ്യുനോസുകി അകുതഗാവ എന്ന എഴുത്തുകാരന്റെ കഥകള്‍ മാത്രമല്ല നിരാശാഭരിതമായിരിക്കുന്നതെന്ന് തോന്നുന്നു. അതായത്, ആ വ്യക്തി തന്നെയും പ്രസാദാത്മകത്വമോ പ്രതീക്ഷകളോ വെച്ചുപുലര്‍ത്തുന്നയാളല്ലെന്ന്. അതുകൊണ്ടായിരിക്കാം അയാള്‍ ചെറുപ്രായത്തില്‍ത്തന്നെ ജീവിതം സ്വയം അവസാനിപ്പിച്ചത്.

ചോദ്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടോ എന്തോ. ഒന്നും പ്രതികരിച്ചില്ല.

വളരെപ്പെട്ടെന്നാണ് അതിശക്തമായ ഒരു മഴ പെയ്തത്. ഞങ്ങളവിടെ നിന്ന് ഓടി, പൊളിഞ്ഞു കിടക്കുന്ന കടല്‍പ്പാലത്തിന്റെ അടിയില്‍ പോയി നിന്നു.

താങ്കളുടെ സിനിമയില്‍ ഇതുപോലൊരു മഴയത്താണ് ഇതുപോലെ പൊട്ടിപ്പൊളിഞ്ഞ റാഷമോണ്‍ കവാടത്തില്‍ അവര്‍ ഒത്തുചേര്‍ന്നത്. അവരും മൂന്നു പേരായിരുന്നു അല്ലേ?

റാഷമോൺ കവാടം, കുറോസാവയുടെ സിനിമയിൽ
റാഷമോൺ കവാടം, കുറോസാവയുടെ സിനിമയിൽ

കുറോസാവ ഒന്ന് ചിരിച്ചു.

റാഷമോണ്‍ കഥ കവര്‍ച്ചയില്‍ അവസാനിക്കുകയാണ്. എന്നാല്‍ സിനിമ അവിടെ അവസാനിപ്പിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അതും പ്രകാരങ്ങളുടെ വ്യത്യാസങ്ങള്‍ തന്നെയാണ്, അല്ലേ?

ആവാം. അകുതഗാവ സമ്മതിച്ചു. ഒരുപക്ഷേ ഞാന്‍ കണ്ടതിനുമപ്പുറം ഇദ്ദേഹം കണ്ടിരിക്കാം. ജപ്പാനിലെ അന്നത്തെ സാഹചര്യത്തില്‍ എനിക്ക് അത്രയേ കാണാന്‍ പറ്റുമായിരുന്നുള്ളൂ.

അതായത്, റാഷമോണ്‍ എന്ന് തന്നെ പേരുള്ള കഥയില്‍ നിന്ന് കുറോസാവ ആ കവാടത്തിന്റെ പശ്ചാത്തലവും അവസാനത്തില്‍ ഒരു കവര്‍ച്ചയും മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ബാക്കി കഥയൊക്കെ ചെറുവനത്തിലെ കൊലപാതകത്തിന്റെ കുറോസാവന്‍ പരിപ്രേക്ഷ്യമാണ്.

കൊലപാതകത്തിന്റെയും ബലാല്‍സംഗത്തിന്റെയും ആഖ്യാനങ്ങള്‍, ബുദ്ധഭിക്ഷുവും മരംവെട്ടുകാരനും പറഞ്ഞു തീര്‍ന്നപ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. റാഷമോണ്‍ കവാടത്തിനിപ്പുറം ഉപേക്ഷിക്കപ്പെട്ട ഒരു കൈക്കുഞ്ഞ്. അതിന് തൊട്ടുമുന്നേ ആരെയും വിശ്വസിക്കാന്‍ പറ്റാതായി എന്ന് ബുദ്ധഭിക്ഷു നെടുവീര്‍പ്പിടുന്നുണ്ട്. എന്നാല്‍, ആരും ആരെയും വിശ്വസിക്കാതിരുന്നാല്‍ ജീവിതം നരകമായിത്തീരുമല്ലോ എന്ന് പരിതപിക്കുകയും ചെയ്യുന്നു.

കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് വഴിപോക്കന്‍ ആ കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ അണിയിച്ചിരുന്ന വസ്ത്രം അഴിച്ചെടുത്ത് കൈക്കലാക്കി. മരംവെട്ടുകാരന് അത് തീരെ സഹിച്ചില്ല.

റാഷമോൺ കവാടം -പുതിയ മാതൃക
റാഷമോൺ കവാടം -പുതിയ മാതൃക

നിങ്ങളെന്താണിച്ചെയ്യുന്നത്? മരം വെട്ടുകാരന്‍ ചോദിച്ചു.
ഞാനെന്തുചെയ്താല്‍ നിനക്കെന്താ എന്ന് വഴിപോക്കന്‍.
വളരെ മോശമാണിത്.
എന്തു മോശം? ഞാനല്ലെങ്കില്‍ വേറാരെങ്കിലും ഇതെടുക്കും. അപ്പോപ്പിന്നെ അത് ഞാനായാലെന്താ?
നീചപ്രവൃത്തിയല്ലേ ഇത്?
അതുശരി. അപ്പോള്‍ ഈ കുഞ്ഞിന്റെ മാതാപിതാക്കളോ? കിടന്നു സുഖിച്ചിട്ട്, കുഞ്ഞുണ്ടായപ്പോള്‍ അതിനെ തെരുവില്‍ വലിച്ചെറിഞ്ഞില്ലേ? അതിനെക്കാളും നീചനാണോ ഞാന്‍?
നിങ്ങള്‍ പറയുന്നത് ശരിയല്ല. ആ വസ്ത്രത്തില്‍ തുന്നിവെച്ച ഏലസ്സ് കാണുന്നില്ലേ? അവര്‍ കുഞ്ഞിന്റെ രക്ഷയ്ക്ക് വേണ്ടി ജപിച്ചു കെട്ടിയതാണ്. ഉപേക്ഷിക്കാനും മാത്രം ക്ലേശത്തിലായിരുന്നിരിക്കണം അവര്‍. ഉപേക്ഷിച്ചതും മനക്ലേശത്തോടെ തന്നെയാവും.
എനിക്ക് മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിരിക്കാന്‍ സമയമില്ല.
സ്വാര്‍ത്ഥന്‍.
സ്വാര്‍ത്ഥനാവുന്നതില്‍ ഒരു തെറ്റുമില്ല. പട്ടികള്‍ പോലും സുഖമായി ജീവിക്കുന്നില്ലേ ഈ ഭൂമിയില്‍? കുറച്ചൊക്കെ സ്വാര്‍ത്ഥത ഇല്ലെങ്കില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്.

ഇതും പറഞ്ഞ് വഴിപോക്കന്‍ നടന്നു നീങ്ങുമ്പോള്‍ മരംവെട്ടുകാരന്‍ ആത്മഗതം പോലെ പറഞ്ഞു.
സ്വാര്‍ത്ഥരാണെല്ലാവരും. എന്നിട്ട് ന്യായങ്ങള്‍ പറയുകയാണ്. കൊള്ളക്കാരനും ആ സ്ത്രീയും അവരുടെ ഭര്‍ത്താവും.. ഇപ്പോള്‍ നിങ്ങളും.

മുന്നോട്ട് ചെന്ന് വഴിപോക്കനെ തടയാന്‍ ശ്രമിച്ച മരംവെട്ടുകാരനോട് പക്ഷേ അയാള്‍ ചോദിച്ചു.
അപ്പോള്‍ നിങ്ങള്‍ മാത്രം പരിശുദ്ധനോ? നല്ല തമാശയായിരിക്കുന്നല്ലോ. ഇല്ലെങ്കില്‍ പറയ്. ആ രത്‌നം പതിച്ച വിലപിടിപ്പുള്ള കത്തി നിങ്ങള്‍ എന്തു ചെയ്തു? എന്തുപറ്റി അതിന്? അതങ്ങ് മണ്ണില്‍ അലിഞ്ഞുപോയോ? ഒരു കള്ളന്‍ വേറൊരു കള്ളനെ കള്ളനെന്ന് വിളിച്ചാക്ഷേപിക്കുന്നതല്ലേ യഥാര്‍ത്ഥ സ്വാര്‍ത്ഥത?

ചോദ്യം മരംവെട്ടുകാരനെ തളര്‍ത്തി. താന്‍ ചെയ്തതു തന്നെയാണ് ശരി എന്ന അഹന്തയോടെ അട്ടഹസിച്ചുകൊണ്ട്, കവര്‍ന്നെടുത്ത കുഞ്ഞിന്റെ വസ്ത്രവുമായി അയാള്‍ മഴയത്തിറങ്ങി നടക്കുകയും ചെയ്തു.

ഇത്രയുമാണ് അകുതഗാവയുടെ കഥയുടെ അന്ത്യത്തിന് സമാനമായ സംഭവം എന്ന് ഞാനോര്‍ത്തു. എന്നാല്‍ കുറോസാവ അവിടെ നിര്‍ത്തുന്നില്ല. മനുഷ്യനന്മയിലുള്ള വിശ്വാസത്തെ ഉറപ്പിക്കുന്നതാണ് സിനിമയുടെ അന്ത്യരംഗം. കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഭിക്ഷുവിന്റെ അരികിലേക്ക് ചെന്ന് മരംവെട്ടുകാരന്‍ കൈ നീട്ടുന്നു. എന്തിന്, ബാക്കിയുള്ളതു കൂടി എടുക്കാനോ എന്ന് ഭിക്ഷു അലറി.

ദയനീയഭാവത്തോടെ അയാള്‍ പറഞ്ഞു. എനിക്ക് ആറ് കുട്ടികളാണ്, ഒരാളും കൂടി ഉണ്ടെന്നുവെച്ച് കാര്യങ്ങളില്‍ വലിയ മാറ്റമൊന്നും ഉണ്ടാവാന്‍ പോകുന്നില്ലല്ലോ.

ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, അന്നേരം ഭിക്ഷു സൗമ്യനായി. എനിക്ക് നഷ്ടപ്പെട്ടു പോയിരുന്ന, മനുഷ്യനിലുള്ള വിശ്വാസം നിങ്ങള്‍ കാരണം തിരിച്ചു കിട്ടി.

്കഥയുടെ കുറോസാവന്‍ പരിപ്രേക്ഷ്യം ഇങ്ങനെയാണ്. മനുഷ്യനന്മയിലുള്ള വിശ്വാസം അദ്ദേഹത്തിന് ഊട്ടിയുറപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊട്ടും വക കാണാത്ത ഒരു കാലത്തെയായിരുന്നു അകുതഗാവ പ്രതിനിധീകരിച്ചിരുന്നത്.

അപ്പോള്‍ ആഖ്യാനവൈവിധ്യങ്ങളില്‍ നേരത്തേ പറഞ്ഞ കഥാപാത്രങ്ങള്‍ക്കൊപ്പം ഈ രണ്ടുപേരും കൂടി വരുന്നു. കഥാകൃത്തും ചലച്ചിത്രകാരനും. അവരില്‍ നിന്നൊക്കെ ഭിന്നമായ, പരസ്പരവും ഭിന്നമായ രണ്ട് ആഖ്യാനങ്ങള്‍ കൂടി.

ഓരോരുത്തരും ഒരേ സംഭവത്തില്‍ തന്റെ അഹത്തെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നു. തനിക്ക് തന്നെ ഊന്നല്‍ നല്‍കുന്നു. എല്ലാ വിവരണങ്ങളും അഹംബോധത്തില്‍ നിന്ന് തന്നെ ഉണ്ടാകുന്നതാണ്. അതായത്, പൂര്‍ണസത്യം എന്നത് പൂര്‍ണമായും ആവിഷ്‌കരിക്കുക അസാധ്യമാണ്.

പരിപ്രേക്ഷ്യങ്ങളുടെ ദര്‍ശനത്തെപ്പറ്റി ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ മഴ തോര്‍ന്നു. മഴയ്ക്കിപ്പോള്‍ വരാനും പോകാനുമൊന്നും അധികം സമയം വേണമെന്നില്ലല്ലോ. കടല്‍പ്പാലത്തിനടിയില്‍ നിന്നും ഞാന്‍ പുറത്തേക്ക് വന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ലല്ലോ എന്ന് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. അവരെ കണ്ടപ്പോള്‍ തോന്നാത്ത ഭയം ഇപ്പോള്‍ എന്നെ കീഴ്‌പ്പെടുത്താന്‍ തുടങ്ങി. പെട്ടെന്നൊരിടി ശബ്ദം. റോഡിലെ ട്രാന്‍സ്‌ഫോമറില്‍ നിന്നൊരാളല്‍.

കൂരിരുട്ടില്‍ തീരത്തെ മണലിന്മേല്‍ ഞാന്‍ മലര്‍ന്നു കിടന്നു.