ഇരുട്ടുമുറികളില്‍ കെട്ടിയിടപ്പെട്ട മനുഷ്യക്കോലങ്ങളുടെ നിലവിളികള്‍

ameeba

ചിരിച്ചുല്ലസിച്ചു കൊണ്ട്‌ ചെടികള്‍ക്കിടയിലൂടെ ഓടിയ കുട്ടികള്‍ സുരങ്കത്തിലെ കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിലേക്കിറങ്ങി. അവരതില്‍ കളിച്ചു തിമര്‍ത്തു. നേരം പോകെ, കാതടപ്പിക്കുന്ന മുരള്‍ച്ചകള്‍ കേട്ടു തുടങ്ങി. വെള്ളത്തില്‍ നിന്നും മീനുകള്‍ ചത്തുപൊങ്ങി. നിറപ്പകര്‍ച്ച സംഭവിച്ച്‌ വെള്ളം കലങ്ങി.

കാസര്‍ഗോഡ്‌ ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തങ്ങളെക്കുറിച്ച്‌ ശാസ്‌ത്രീയമായ പഠനങ്ങള്‍ ഒട്ടേറെ നടന്നിട്ടുണ്ട്‌. അവയെ പുരസ്‌കരിച്ച്‌ ഡോകുമെന്ററി സിനിമകളും ധാരാളമുണ്ടായി. സ്‌പര്‍ശം എന്ന പേരില്‍ ഈ കുറിപ്പുകാരനും ചെയ്‌തിട്ടുണ്ട്‌ അഞ്ചു ഗ്രാമങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ടുള്ള ഒരു ഡോകുമെന്ററി. എന്നാല്‍ മനോജ്‌ കാനയുടെ അമീബ എന്ന കഥാചിത്രം ദുരിതജീവിതത്തിന്റെ പുറം കാഴ്‌ചകളെക്കുറിച്ചല്ല പറയുന്നത്‌. അഗ്നിമഴ പോലെ ആകാശത്തു നിന്ന്‌ പെയ്‌തിറങ്ങിയ കൊടൂരം സ്വര്‍ഗഗ്രാമത്തിലെ മനുഷ്യരുടെ മനങ്ങളെ എങ്ങനെയാണ്‌ കലക്കിക്കളഞ്ഞതെന്ന്‌ അമീബ വരച്ചു കാണിക്കുന്നു. അത്‌ കൊടും നീറ്റലായി നമ്മുടെ ഉള്ളുകളെയും കലക്കുന്നു. ameoba_400
സുരങ്കങ്ങളിലൂടെ (തുരങ്കം) ഒഴുകിയെത്തിയ വിശുദ്ധമായ ജലമാവണം സ്വര്‍ഗെ എന്ന ഗ്രാമത്തിന്‌ ആ പേര്‌ നല്‍കിയത്‌. സ്വര്‍ഗെയിലെന്നല്ല, എന്‍മകജെ പഞ്ചായത്തില്‍ത്തന്നെ ആരും കിണറുകള്‍ കുഴിക്കാറില്ല. തെളിഞ്ഞ വെള്ളം കൊണ്ട്‌ പ്രകൃതിയും തെളിഞ്ഞ മനസ്സു കൊണ്ട്‌ മനുഷ്യരും അനുഗൃഹീതരായിരുന്ന നാട്‌.

വൈവിധ്യങ്ങള്‍ക്കും പേരു കേട്ടതാണ്‌ ഇത്തിരിപ്പോന്ന ആ സ്ഥലം. തുളുനാടിന്റെ സവിശേഷതയാണ്‌ സാംസ്‌കാരികമായ വൈവിധ്യങ്ങള്‍. ഒട്ടേറെ ഭാഷകള്‍. പൊതുഭാഷയായ തുളു (അതു തന്നെ മൂന്നാലു തരത്തില്‍ സംസാരിക്കാറുണ്ടത്രേ), കൊങ്കിണി എന്നിവയാണ്‌ പ്രധാന ഭാഷകള്‍. പിന്നെ മറാഠി, ബ്യാരി, മലയാളം, കന്നഡ, ഉര്‍ദു, അറബി എന്നിങ്ങനെ പല ഭാഷകള്‍, പല വാക്കുകള്‍. ഏത്‌ സ്വര്‍ഗത്തെയും കമ്പോളവ്യവസ്ഥ നരകമാക്കിത്തീര്‍ക്കുന്നതെങ്ങനെയെന്നതിന്റെ ഉദാഹരണമായിത്തീര്‍ന്നു പിന്നീടാ നാട്‌. ഇതിന്റെ ആഘാതമാണ്‌ അവരുടെ മനോനിലകളെയും തകരാറിലാക്കിക്കളഞ്ഞത്‌. അത്‌ ജീവിതത്തില്‍ത്തന്നെ സൃഷ്ടിച്ച ശിഥിലീകരണം, ബന്ധങ്ങളിലുണ്ടാക്കിയ വിള്ളലുകള്‍, ഒടുങ്ങാത്ത ഭയപ്പാടുകള്‍, വിഷാദരോഗം, ഉന്മാദം തുടങ്ങിയ അനുഭവങ്ങളിലൂടെ സങ്കീര്‍ണത പ്രാപിച്ച്‌ അനുവാചകനെ ഉറക്കം കളയുന്ന അസ്വാസ്ഥ്യത്തിലേക്കെത്തിക്കുന്നു മനോജ്‌ കാനയുടെ സിനിമ.

ആഴത്തിലുള്ള മുറിവുകളാണ്‌ ജീവിതത്തിന്റെ അകത്തും പുറത്തും കീടനാശിനികള്‍ സൃഷ്ടിക്കുന്നത്‌. കീടനാശിനികളുടെ പേരുകള്‍ പോലും അങ്ങനെയാണല്ലോ. Round up (വളഞ്ഞു പിടിക്കല്‍), Machete (വെട്ടുകത്തി) Lasso (ഊരാക്കുടുക്ക്‌), Avenge (വൈര്യനിര്യാതനം, പകപോക്കല്‍) എന്നിങ്ങനെയുള്ള പേരുകള്‍ ആധുനികമൂലധനവ്യവസ്ഥ മനുഷ്യനോട്‌ പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധത്തിന്റെ അടയാളമാകുന്നു.

പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ ജീവനക്കാരനായ നാരായണന്റെ (ഇന്ദ്രന്‍സ്‌) മക്കളായ നിമിഷയുടെയും മനിഷയുടെയും കഥയാണ്‌ അമീബ. പഠനം പൂര്‍ത്തിയാക്കി തിരിച്ചു വരുന്ന നിമിഷയി (ആത്മീയ രാജ്‌) ലാണ്‌ കഥ തുടങ്ങുന്നത്‌. ഒരു സഹോദരന്‍ കൂടിയുണ്ട്‌ അവര്‍ക്ക്‌. ജന്മനാ രണ്ടു കൈകളുമില്ലാത്ത ഒരനിയന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ വൈശാഖ്‌ ആണ്‌ അനിയനെ അവതരിപ്പിച്ചിരിക്കുന്നത്‌. മനിഷയെ (അനുമോള്‍) പെണ്ണുകാണാന്‍ വന്ന പ്രസാദ്‌ അനിയനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും അറിഞ്ഞു കൊണ്ടു തന്നെ അവളെ വിവാഹം ചെയ്‌തു. നിമിഷയ്‌ക്ക്‌ ഒരു കാമുകനുണ്ട്‌. ബാംഗ്ലൂരിലെ ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വിവേക്‌ (അനീഷ്‌ ജി മേനോന്‍). ഇവരുടെയെല്ലാം ജീവിതത്തില്‍ മറികടക്കാന്‍ പറ്റാത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്‌ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി.

വിവേകിന്റെ ജീവിതത്തിലൂടെ വികസനത്തിന്റെ മറ്റൊരു മുഖവും കൂടി മനോജ്‌ കാന കാണിച്ചു തരുന്നുണ്ട്‌. നഗരജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വിവേകിന്റെ സഹപ്രവര്‍ത്തകയുടെ കുട്ടി അതിന്റെ കൃത്യമായ അടയാളമാണ്‌. അവളുടെ ദാമ്പത്യത്തകര്‍ച്ചയുടെ കഥ നിമിഷയോട്‌ വിളിച്ചു പറയുന്ന വിവേക്‌ ഒരു കുടുംബജീവിതം കൂടി തകര്‍ന്നു എന്നാണ്‌ പറയുന്നത്‌. അതൊരു നിത്യസംഭവമാണെന്നര്‍ത്ഥം. കുടുംബബന്ധങ്ങളെയും വ്യക്തിപരമായ ആനന്ദങ്ങളെയും എല്ലാം ബലി കഴിച്ച്‌ കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ഏല്‍പിക്കപ്പെട്ട പ്രോജക്ട്‌ ഡെഡ്‌ ലൈന്‍ തീരുന്നതിനു മുമ്പ്‌ പൂര്‍ത്തിയാക്കുകയും ചെയ്‌ത വിവേകിന്റെ ടീമിനെ, പക്ഷേ പ്രോജക്ട്‌ പൂര്‍ത്തിയായപ്പോള്‍ കമ്പനി ടെര്‍മിനേറ്റ്‌ ചെയ്‌തു. ആവശ്യം കഴിഞ്ഞപ്പോള്‍ ഒരു മനസ്‌താപവും കൂടാതെ തങ്ങള്‍ക്കു വേണ്ടി രാപ്പകല്‍ പ്രയത്‌നിച്ചവരെ കമ്പനി എടുത്തു വെളിയിലേക്കിട്ടെന്നര്‍ത്ഥം. ഒരു പ്രൊമൊഷന്‍ പ്രതീക്ഷിച്ചിരുന്ന വിവേകിന്‌ ഉള്ള ജോലി തന്നെ പോയി. അയാളുടെ പദ്ധതികളെല്ലാം തകര്‍ന്നു. വീട്ടിലേക്ക്‌ പണമയക്കാതായതോടെ അവരും പിണങ്ങി. നിമിഷയുടെ താങ്ങ്‌ ഈ സന്ദര്‍ഭത്തില്‍ അയാള്‍ കൊതിക്കുന്നുണ്ടെങ്കിലും അവള്‍ അയാളില്‍ നിന്നകന്നു. കടുത്ത തലവേദന നിമിഷയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അവസാനം അവളെത്തേടി അയാള്‍ സ്വര്‍ഗെയിലേക്ക്‌ വരുന്നുമുണ്ട്‌.

മെട്രോ നഗരത്തിലെ ജീവിത പ്രതിസന്ധികളും ഗ്രാമങ്ങളിലെ വികസന ദുരന്തങ്ങളും തമ്മില്‍ പക്ഷേ ചില വ്യത്യാസങ്ങളുണ്ട്‌. പല അര്‍ത്ഥങ്ങളിലും അളവുകളിലും ഇരകളാണ്‌ രണ്ടു കൂട്ടരും. എന്നാല്‍ നഗരവാസികള്‍ അത്‌ തിരിച്ചറിയാനും അറിഞ്ഞാല്‍ത്തന്നെ അത്‌ സമ്മതിക്കാനും വളരെ വൈകും. അതിനെക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്‌. അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന നോവലിലെ (എന്‍ഡോസള്‍ഫാന്‍ പ്രദേശത്തെ ദുരിതപര്‍വം തന്നെയാണ്‌ ഇതിന്റെയും പ്രമേയം) സന്യാസിയായ നീലകണ്‌ഠന്റെ ആത്മഗതമനുസരിച്ച്‌, നഗരജീവിതത്തിലെ ദുരന്തങ്ങള്‍ ഏതോ അര്‍ത്ഥത്തില്‍ അവര്‍ തന്നെ തെരഞ്ഞെടുക്കുന്നതാണ്‌. എന്നാല്‍ എന്‍മകജെയിലെ ഈ കുഞ്ഞുങ്ങള്‍ എന്തു തെറ്റു ചെയ്‌തു, അവരുടെ അച്ഛനമ്മമാര്‍ എന്തു പിഴച്ചു?

കുരങ്ങിന്റെ മുഖമുള്ള കുഞ്ഞുങ്ങളെപ്പറ്റി അംബികാസുതന്റെ നോവലില്‍ വായിക്കാം. അവരെയെല്ലാം കണ്ടും ചികില്‍സിച്ചും സ്വാസ്ഥ്യം തകര്‍ന്ന ഡോ അരുണ്‍ കുമാറിന്റെ ഒരു വിലാപമുണ്ട്‌. എവല്യൂഷന്‍ തിയറി മറിച്ചിടുന്ന ആ ശക്തിയേതപ്പാ. ഭീകരമായ ഒരു ജൈവപരിണാമം മനോജിന്റെ സിനിമയിലും വരുന്നുണ്ട്‌. തന്നില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മെറ്റമോര്‍ഫസിസിനെക്കുറിച്ച്‌ തിരിച്ചറിഞ്ഞ നിമിഷ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ പഴയ വീട്ടിലെ ഒരു മുറിയില്‍ സ്വയം ബന്ധിതയാവുകയയായിരുന്നു. ഉള്ളില്‍ നിന്നുയരുന്ന നിലവിളികളെയും തല പൊട്ടിപ്പിളരുന്ന വേദനയെയും അവള്‍ ആ മുറിയുടെ നാലു ചുവരുകള്‍ക്കിടയില്‍ ഒതുക്കി. ആരുമില്ലാത്തപ്പോഴേ ഭക്ഷണം കഴിക്കാന്‍ പോലും പുറത്തു വരികയുള്ളൂ. അവള്‍ക്കുണ്ടായ വിപരിണാമം പ്രേക്ഷകനെ അമ്പരപ്പിച്ചു കളയുന്നുണ്ട്‌.

പെട്ടെന്നൊരു പുലര്‍ച്ചയില്‍ ഒരു തടിയന്‍ പ്രാണിയായി രൂപാന്തരപ്പെടുന്ന, ഫ്രാന്‍സ്‌ കാഫ്‌കയുടെ ഗ്രിഗര്‍ സാംസയെപ്പോലെ (മെറ്റമോര്‍ഫസിസ്‌ എന്ന കഥ) ഞെട്ടിച്ചു കളയുന്ന ഒന്നായിരുന്നു അത്‌. ബീഭല്‍സരൂപിയായ പ്രാണിയെക്കണ്ട്‌ നടുങ്ങിപ്പോകുന്ന അച്ഛനമ്മമാരും സഹോദരിയും നടുക്കം വിട്ടു മാറിയതോടെ സഹതാപപൂര്‍വവും ക്രമേണ ഈര്‍ഷ്യയോടെയുമാണ്‌ അയാളോട്‌ പെരുമാറുന്നത്‌. തീവ്രവ്യഥകള്‍ക്കൊടുവില്‍ ഗ്രിഗര്‍ പ്രാണന്‍ വെടിയുന്നു. വീട്ടുവേലക്കാരി പ്രാണിയുടെ ശവം നീക്കിക്കളഞ്ഞു. നിമിഷ സഹതാപത്തില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ മുറിക്കകത്തേക്കുള്‍വലിഞ്ഞത്‌. ജ്യേഷ്‌ഠത്തി വിളിക്കുമ്പോള്‍ അതവള്‍ പറയുന്നുമുണ്ട്‌. അവള്‍ തന്നെ ഇപ്പോള്‍ അവളെ നോക്കാറില്ല. മുറിക്കകത്തുണ്ടായിരുന്ന ഒരു കണ്ണാടി കരിപിടിച്ചു കിടന്നു.

അമീബ എന്ന പേരും ഒരര്‍ത്ഥത്തില്‍ ഒരു വിപരീത പരിണാമത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നു പറയാം. ജൈവപരിണാമ ചക്രത്തിന്റെ ഏറ്റവുമടിയില്‍ നില്‍ക്കുന്ന ഏകകോശജീവിയാണ്‌ അമീബ. സിനിമയില്‍ മനിഷയുടെ കുഞ്ഞിനെപ്പറ്റി അവളുടെ ഭര്‍തൃമാതാവ്‌ പറയുന്നത്‌ മനുഷ്യന്‍ എന്ന ജീവജാതിക്കു തന്നെ ബാധകമായിത്തീരുന്നു. കുത്തോട്ടാണ്‌ (താഴോട്ട്‌) വളരുന്നത്‌. നിയതമായ ആകൃതിയില്ലാത്ത ജീവിയുമാണല്ലോ അമീബ. ശരീരത്തിനും ജീവിതത്തിനും ആകൃതിയും നിശ്ചിതത്വവുമില്ലാത്ത കുറേ ജന്മങ്ങളെയാണ്‌ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുവണ്ടിത്തോട്ടങ്ങള്‍ സ്വര്‍ഗെ ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്‌. മനുഷ്യന്റെ മസ്‌തിഷ്‌കത്തിനകത്തേക്കു കടന്നാല്‍ മാരകമായ രോഗകാരണമാിത്തീരുന്ന ജീവിയും കൂടിയാണ്‌ അമീബ. അതിനുമപ്പുറം മനുഷ്യന്റെ കോശഘടനയെത്തന്നെ മാറ്റിമറിക്കും വിധം ഭീകരമായ കീടനാശിനിയുടെ പ്രവര്‍ത്തനത്തെയും ഈ പേര്‌ സൂചിപ്പിക്കുന്നുണ്ട്‌. ameeba

ഭീകരമായ വിഷാദരോഗത്തിനടിപ്പെട്ട മനിഷയുടെ മാനസികാവസ്ഥ അങ്ങേയറ്റം സങ്കീര്‍ണമായി. അതാകട്ടെ, അവളുടെ ദാമ്പത്യത്തെയും കുടുംബജീവിതത്തെയും പ്രതിസന്ധിയിലാഴ്‌ത്തി. മരണചിന്ത അവളെ നിരന്തരം വേട്ടയാടിത്തുടങ്ങി. താന്‍ മരിക്കും മുമ്പ്‌ മകന്‍ മരിക്കണം എന്നതായി ചിന്ത. ഉഗ്രമൂര്‍ത്തിയായ തെയ്യം കെട്ടിയാടുമ്പോള്‍ പരിച കൊണ്ട്‌ ആദ്യത്തെ തട്ടുകിട്ടുന്ന ആള്‍ അടുത്ത ഉല്‍സവത്തിനു മുമ്പേ മരിക്കുമെന്നാണ്‌ വിശ്വാസം. അവള്‍ മകനെയും കൊണ്ട്‌ മുന്നില്‍ത്തന്നെ നിന്നു. കുഞ്ഞിന്റെ നിഷ്‌കളങ്കതയ്‌ക്കു മുന്നില്‍ പ്രേക്ഷകരും അമ്മയും ദൈവവും നിസ്സഹായരായിത്തീര്‍ന്നു.

ഇതിനിടയില്‍ ഇടത്തരക്കാരായ ഗ്രാമീണരുടെ ദുരിതജീവിതത്തിനു മേല്‍ പിടി മുറുക്കുന്ന വട്ടിപ്പലിശക്കാരന്‍ (അനൂപ്‌ ചന്ദ്രന്‍), അയാളുടെ ദുരയും ആസക്തിയും തുടങ്ങിയ കുറേ കാര്യങ്ങളും കൂടി മനോജിന്റെ സിനിമയില്‍ വരുന്നു. പ്ലാന്റേഷനില്‍ നാരായണന്റെ സഹപ്രവര്‍ത്തകനായ പ്രഭാകരന്‍ (ബാബു അന്നൂര്‌), എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അയാളുടെ മകന്‍, മനിഷയുടെ അയല്‍ക്കാരിയായ, വളര്‍ച്ച മുരടിച്ച്‌ ശയ്യയാവലംബിയായിക്കിടക്കുന്ന ഷീല തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്‌. കീടനാശിനിയുടെ ഇരയായ സിന്ധുവാണ്‌ ഷീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്‌.

കാലത്തെ  ഒരു പ്രത്യേക രീതിയിൽ അമീബ എന്ന സിനിമ പരിചരിക്കുന്നു. അപ്രധാനമായ സംഭവങ്ങളെയും തുടർച്ചകളെയും വിട്ടുകളയുന്നുണ്ട്. മനിഷയുടെ വിവാഹം, പ്രസവം, കുട്ടിയുടെ വളർച്ച തുടങ്ങിയ കാര്യങ്ങളൊക്കെ വളരെപ്പെട്ടെന്നാണ് സംഭവിച്ചതായി അനുവാചകൻ മനസ്സിലാക്കുന്നത്.

നാട്ടില്‍ ദിരിതങ്ങള്‍ പെരുകിയത്‌ ജടാധാരി ഭൂതത്തിന്റെ കോപം നിമിത്തമാണെന്നാണ്‌ ദീര്‍ഘകാലം എന്‍മകജെയിലെയും മറ്റും ആളുകള്‍ കരുതിയിരുന്നത്‌. ഇത്തരം അബദ്ധവിശ്വാസങ്ങളെ മുതലെടുത്തു കൊണ്ടും മനുഷ്യരെ കൊന്നു തിന്നുന്ന മൂലധനശക്തികളും അവര്‍ക്ക്‌ ദല്ലാള്‍പ്പണി ചെയ്യുന്ന ഭരണാധികാരികളുമൊക്കെയാണ്‌ നമുക്കു ചുറ്റും ഇന്നുള്ളത്‌. ഇവരും ഇവരുടെ പ്രവൃത്തികളും ചേര്‍ന്ന്‌ തകര്‍ക്കുന്ന ജീവിതങ്ങളുടെയും മനസ്സുകളുടെയും നേര്‍ക്കാഴ്‌ചയാണ്‌ അമീബ എന്ന സിനിമ. അഭിനേതാക്കളുടെ പ്രകടനവും കെ.ജി ജയന്റെ കാമറയും സിനിമയുടെ ആത്മാവിനെ ആവാഹിച്ചെടുത്തതു പോലെയായി. വളരെ സൂക്ഷ്‌മമായിത്തന്നെ പശ്ചാത്തല സംഗീതവും (ശ്രീവൽസൻ ജെ മേനോൻ) ഉപയോഗിച്ചിരിക്കുന്നു.

മതം മനുഷ്യന്റെ മയക്കുമരുന്നല്ല

liberation-h-kopp-delaney

മനുഷ്യന്‍ മതത്തെ സൃഷ്‌ടിക്കുകയാണ്‌, മതം മനുഷ്യനെ സൃഷ്‌ടിക്കുകയല്ല ചെയ്യുന്നതെന്ന്‌ A contribution to the Critique of Hegel’s Philosophy of Law എന്ന പ്രബന്ധത്തില്‍ കാള്‍ മാര്‍ക്‌സ്‌ പറയുന്നുണ്ട്‌. മതത്തെ മാര്‍ക്‌സ്‌ മയക്കുമരുന്നെന്ന്‌ വിശേഷിപ്പിച്ചതും ഇതേ പ്രബന്ധത്തിലാണ്‌. മതത്തിന്‌ പ്രതിഷേധത്തിന്റേതായ സ്വഭാവമുള്ളതോടൊപ്പം തന്നെ അതൊരൊളിച്ചോട്ടവും കൂടിയാണെന്ന്‌ ഇതില്‍ സ്ഥാപിക്കുന്നു.“മതപരമായ സന്താപമെന്നത്‌ അതേസമയം തന്നെ യഥാര്‍ഥ സന്താപത്തിന്റെ ഒരു ബഹിര്‍സ്‌ഫുരണവും യഥാര്‍ഥ സന്താപത്തിനെതിരായ ഒരു പ്രതിഷേധവും കൂടിയാണ്‌. മതം മര്‍ദ്ദിതജീവിയുടെ നിശ്വാസമാണ്‌. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്‌. ഉന്മേഷരഹിത സാഹചര്യങ്ങളിലെ ലഹരിയും. മനുഷ്യന്റെ മയക്കുമരുന്നാണ്‌ മതം.” (അതേ കൃതി). അധികാരി വര്‍ഗത്തിന്റെ ഉപകരണമാണ്‌ ഈ മയക്കുമരുന്ന്‌.
4146ddbfc7c0e90561fcddd973af9f97
എന്നാല്‍, മനുഷ്യനെ മനുഷ്യനാക്കുന്നതിനുള്ള പ്രബോധനമാണ്‌ മതം. അഥവാ യഥാര്‍ഥ മനുഷ്യനെ സൃഷ്‌ടിക്കാനുള്ള പരിശ്രമമാണത്‌. ബോധവും ശരീരവും തമ്മില്‍ താളൈക്യമുള്ള മനുഷ്യനെ സൃഷ്‌ടിക്കാനുള്ള ആഹ്വാനമാണ്‌ ഇസ്‌ലാമെന്ന്‌ അലിജാ അലി ഇസത്ത്‌ ബെഗോവിച്‌ (Islam between East and West) എഴുതുന്നുണ്ട്‌. “നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കു”മെന്നാണ്‌ യേശു തന്റെ അപ്പൊസ്‌തോലന്മാരോട്‌ പറയുന്നത്‌. ഖുര്‍ആനിലെ `നഫ്‌സ്‌ മുത്‌മഇന്ന’, കങ്‌ഫ്യൂചിയന്‍ ദര്‍ശനത്തിലെ `ചുന്‍ട്‌സു’ തുടങ്ങിയ പദങ്ങള്‍ മനുഷ്യത്വത്തിന്റെ സമ്പൂര്‍ണതയുടെ അടയാളങ്ങളാണ്‌. മനുഷ്യന്‍ തന്നില്‍ത്തന്നെ യഥാര്‍ഥ മനുഷ്യനെ സൃഷ്‌ടിക്കാന്‍ ശ്രമിക്കയാണ്‌ വേണ്ടതെന്നാണ്‌ മതം പഠിപ്പിക്കുന്നത്‌. ഇവിടെ കേവല ജൈവമനുഷ്യന്‍ എന്ന ആശയത്തില്‍ നിന്ന്‌ സാക്ഷാല്‍ മനുഷ്യന്‍ എന്നത്‌ വേര്‍പിരിയുന്നു. എന്നാല്‍, ജൈവ മനുഷ്യനില്‍ത്തന്നെയാണ്‌ സാക്ഷാല്‍ മനുഷ്യനെയും സൃഷ്‌ടിക്കുക. ജൈവ മനുഷ്യന്‍ എന്ന പ്രതലത്തില്‍ മതം മനുഷ്യനെന്ന പുതുസൃഷ്‌ടി നടത്തുന്നുവെന്നര്‍ഥം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, തന്നില്‍്‌ത്തന്നെ മനുഷ്യന്‍ നടത്തുന്നത്‌ പുതിയൊരു തന്നെ സൃഷ്ടിക്കാനുള്ള പരിശ്രമമാണ്‌. ഇതാകട്ടെ, നിരന്തരമായ പുതുക്കല്‍ ആവശ്യമായി വരുന്ന ഒന്നാണ്‌. ഇതിന്‌ അവനെ പ്രാപ്‌തനാക്കുക എന്നതാണ്‌ മതത്തിന്റെ പ്രധാനദൗത്യം. ഇതിലൂടെ മനുഷ്യനെ അത്‌ സ്രഷ്ടാവിന്റെ പദവിയിലേക്കുയര്‍ത്തുകയും ചെയ്യുന്നു. വേദാധ്യയനം കഴിഞ്ഞ ബ്രാഹ്മണനെ ദ്വിജന്‍ (രണ്ടാമത്‌ ജനിച്ചവന്‍) എന്ന്‌ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനവും, അതിലെ ജാതിബ്രാഹ്മണ്യം എന്നത്‌ മാറ്റിവെച്ചാല്‍, ഒരു പക്ഷേ ഈ സങ്കല്‍പമാവാം. മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ ഇനിയും സ്വയം കണ്ടെത്താത്തവനോ, കണ്ടെത്തിയിട്ട്‌ വീണ്ടും സ്വയം നഷ്‌ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ്‌ മതം (A contribution to the Critique of Hegel’s Philosophy of Law). എന്നാലോ, മതം യഥാര്‍ഥത്തില്‍ സ്വയം കണ്ടെത്താനുള്ള മാര്‍ഗദര്‍ശനത്തിന്റെ വിളംബരമാകുന്നു. വേദങ്ങള്‍ ആത്മാന്വേഷണത്തിന്‌ പ്രേരിപ്പിക്കുന്നു. ആത്മവിത്തായിരിക്കാനാണ്‌ വേദോപനിഷത്തുകള്‍ മനുഷ്യനോടാവശ്യപ്പെടുന്നത്‌. ആത്മവിത്തായവനേ (സ്വയം അറിഞ്ഞവന്‍) ബ്രഹ്മവിത്താവാന്‍ (ഈശ്വരനെ അറിഞ്ഞവന്‍) പറ്റുകയുള്ളൂ. ആത്മവിത്തായവന്‍ സമ്രാട്ടാണെന്നും ഉപനിഷദ്‌ പാഠമുണ്ട്‌. `മന്‍ അറഫ നഫ്‌സഹു ഫഖദ്‌ അറഫ റബ്ബഹു’ (ആര്‌ തന്നെത്തന്നെ അറിയുന്നുവോ, അവന്‍ ഈശ്വരനെ അറിയും) എന്ന്‌ ഇസ്‌ലാമില്‍ ഒരു പ്രമാണമുണ്ട്‌.

ലോകത്തേയും ജീവിതത്തേയും കുറിച്ച ശരിയായ ദര്‍ശനമാണ്‌ മതം. മതം അതിന്റെ യഥാര്‍ഥ രൂപത്തില്‍ നിരീക്ഷണത്തെ പ്രോത്സാഹിപ്പി ക്കുകയും ശകുനത്തെ നിരാകരിക്കുകയും ചെയ്യുന്നു. ഭൗതികമായ കാര്യ കാരണ ബന്ധങ്ങളെ അംഗീകരിക്കുകയും ലോകത്ത്‌ നീതിനിഷ്‌ഠമായ ജീവിതത്തെ ആവശ്യപ്പെടുകയും ചെയ്യുന്നു. “തലകുത്തിനിറുത്തപ്പെട്ട ലോക ബോധ”മെന്ന്‌ പക്ഷേ, മാര്‍ക്‌സ്‌ മതത്തെ പരിഹസിക്കുന്നുണ്ട്‌ (അതേ കൃതി). ഒരു സമൂഹം ഈ ബോധത്തെ സൃഷ്‌ടിക്കുന്നത്‌ ആ സമൂഹം തന്നെ തലകുത്തിനിറുത്തപ്പെട്ടതായതുകൊണ്ടാണ്‌. സത്യത്തിനപ്പുറത്തുള്ള ലോകമാണത്രേ മതം. അതപ്രത്യക്ഷമായിക്കഴിഞ്ഞാല്‍പ്പിന്നെ ഈ ലോകത്തിന്റെ സത്യം സ്ഥാപിക്കുകയെന്നതാവും ചരിത്രത്തിന്റെ ദൗത്യം. എന്നാല്‍, മതം ലോകത്തെ സത്യമെന്നംഗീകരിക്കുന്നുണ്ട്‌. പ്രാപഞ്ചികമായ സന്തുലിതത്ത്വത്തെ ലോകത്തിന്റെ നിലനില്‍പിന്റെ ആധാരമായി പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ ജീവിതത്തെയും ഇപ്രകാരം നീതിയില്‍ വളര്‍ത്തിയെടുക്കാന്‍ പഠിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. “അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു, സാമൂഹികനീതിയും നന്മയും പിന്നെ, നിന്റെ ബന്ധുക്കള്‍ക്കാവശ്യമുള്ളതേകലും. പാപവും തിന്മയും അക്രമവും നിങ്ങള്‍ക്കവന്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍ വേണ്ടി അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്‌” (ഖുര്‍ആന്‍, സൂറഃ അന്നഹ്‌ല്‍ 90). ബോധവും ശരീരവും തമ്മില്‍ താളൈക്യമുള്ള മനുഷ്യനെയെന്നതോടൊപ്പം നീതിയും സന്തുലിതത്വവുമുള്ള യഥാര്‍ഥ ലോകത്തേയും സൃഷ്‌ടിക്കാനുള്ള ആഹ്വാനമാണ്‌ മതം. കങ്‌ഫ്യൂചിസിന്റെ വീക്ഷണത്തില്‍ ആത്മീയ ദര്‍ശനത്തിന്റെ ലക്ഷ്യം രണ്ടെണ്ണമാണ്‌. ശ്രേഷ്‌ഠനായ മനുഷ്യന്‍, സുവ്യവസ്ഥിതമായ സമൂഹം എന്നിവയാണവ.

യാന്ത്രിക ഭൗതികവാദത്തിന്റെ ആചാര്യനായ ലുദ്‌വിഗ്‌ ഫോയര്‍ബാഹ്‌, മതത്തെക്കുറിച്ച നിരീക്ഷണങ്ങളില്‍ മാര്‍ക്‌സിസത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. ഫോയര്‍ബാഹ്‌ ഇങ്ങനെ എഴുതുന്നു: “മനുഷ്യന്‍ അവനില്‍നിന്നുതന്നെ വേര്‍പെടുത്തിയ സ്വരൂപമാണ്‌ മതം. മനുഷ്യന്‍ അവന്റെ തന്നെ പ്രതിപക്ഷസ്ഥാനിയായി ദൈവത്തെ മുന്നില്‍ നിറുത്തുന്നു. മനുഷ്യന്‍ എന്തല്ലയോ അതാണ്‌ ദൈവം. ദൈവം എന്താണോ അതല്ല മനുഷ്യന്‍. ദൈവം അനശ്വരനാണ്‌, മനുഷ്യന്‍ നശ്വരനും. ദൈവം പരിപൂര്‍ണനാണ്‌, മനുഷ്യന്‍ അപൂര്‍ണനും. ദൈവം സര്‍വശക്തനാണ്‌, മനുഷ്യന്‍ ദുര്‍ബലനും. ദൈവം അനന്തനും മനുഷ്യന്‍ കാലബദ്ധനുമാണ്‌. അതുപോലെ ദൈവം പരിശുദ്ധനാണ്‌, മനുഷ്യന്‍ മഹാപാപിയും.” (The Essence of Christianity)
front.tif
ദൈവത്തിന്റെ പരിശുദ്ധി, അനന്തത, പരിപൂര്‍ണത എന്നിവയെ യാഥാര്‍ഥ്യങ്ങളും അടിസ്ഥാനവുമായംഗീകരിക്കെത്തന്നെ മതം ദൈവത്തെ അവതരിപ്പിക്കുന്നത്‌ മനുഷ്യന്റെ പ്രതിദ്വന്ദമായിട്ടല്ല. പരിമിതികളെയും തുര്‍ബ്ബലതകളെയും പാപങ്ങളെയും അതിജയിക്കാനുള്ള പരിശീലനമാണ്‌ അത്‌ മനുഷ്യന്‌ നല്‍കുന്നത്‌ താനും. ഇപ്പറഞ്ഞ താരതമ്യം അപ്രസക്തവും അനാവശ്യവുമത്രേ. ഒരുപക്ഷേ, തന്റെ തന്നെ അനുബന്ധമായിട്ടാണ്‌ ദൈവം മനുഷ്യനെ സൃഷ്‌ടിച്ചതും പരിഗണിച്ചതും. ഭൂമിയില്‍ അധികാരവും തന്റെ പ്രാതിനിധ്യവുമുള്ള സൃഷ്‌ടി എന്നാണ്‌ ഖുര്‍ആനില്‍ അല്ലാഹു മനുഷ്യനെ പരിചയപ്പെടുത്തുന്നത്‌. ദൈവ സദൃശന്‍ എന്ന വിശേഷണം കാണാം ബൈബിളില്‍. ദൈവിക ഗുണങ്ങളാര്‍ജിക്കാനാണ്‌ മുഹമ്മദ്‌ നബി പഠിപ്പിക്കുന്നത്‌.

ഉല്‍പത്തിയെക്കുറിച്ച സിദ്ധാന്തങ്ങളില്‍ മതത്തെ അജ്ഞതയോടും ഭയത്തോടും ബന്ധപ്പെടുത്തുന്നവരാണേറെയും. ചിലര്‍ മതോല്‍പത്തിയില്‍ വഞ്ചനയും അധീശത്വവുമാരോപിക്കുന്നു. മനുഷ്യനെ ഭയപ്പെടുത്തുകയും കീഴ്‌പ്പെടുത്തുകയും ചെയ്‌തിരുന്ന ശക്തികളില്‍നിന്നാണത്രേ മതചിന്തകളുടെ ഉദ്‌ഭവം. അത്‌ ആരംഭത്തില്‍ പ്രകൃതിശക്തികളാണെങ്കില്‍ പിന്നീട്‌ സാമൂഹികമായ അധീശത്വമുള്ള ശക്തികള്‍. ഈ രണ്ടാമത്തെ ഘട്ടത്തിലെത്തുമ്പോഴാണ്‌ ഭയത്തോടൊപ്പം വഞ്ചനയും ഇതില്‍ ചേരുന്നത്‌. “മതമെന്നുപറയുന്ന ഏതു സംഗതിയും ആളുകളുടെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികള്‍ അവരുടെ മനസ്സില്‍ ഉളവാക്കുന്ന അദ്‌ഭുതകരമായ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. ഈ പ്രതിഫലനത്തില്‍ ഭൗമികശക്തികള്‍ അമാനുഷ രൂപം കൈക്കൊള്ളുന്നു. ചരിത്രാരംഭത്തില്‍ പ്രകൃതിശക്തികളാണ്‌ ആദ്യമായി ഇപ്രകാരം പ്രതിഫലിപ്പിക്കപ്പെട്ടത്‌. തുടര്‍ന്നുള്ള പരിണാമഗതിക്കിടയില്‍ ഈ ശക്തികള്‍ വിവിധജനവിഭാഗങ്ങള്‍ക്കിടയില്‍ വിവിധങ്ങളായ പലേ രൂപങ്ങളും കൈക്കൊണ്ടു…… ഏറെത്താമസിയാതെ പ്രകൃതിശക്തികള്‍ക്ക്‌ സമാന്തരമായി സാമൂഹ്യശക്തികളും സജീവമായി. ഇവയും പ്രകൃതിശക്തികളുടെ അത്രതന്നെ അന്യവും പിടികിട്ടാത്തതുമെന്ന നിലയ്‌ക്കാണ്‌ മനുഷ്യനെ സമീപിക്കുന്നത്‌. അത്രതന്നെ പ്രകടമായ സ്വാഭാവികാവശ്യകതയോടു കൂടിത്തന്നെയാണ്‌ അവയും മനുഷ്യന്റെമേല്‍ ആധിപത്യം ചെലുത്തുന്നതും. തുടക്കത്തില്‍ പ്രകൃതിയുടെ നിഗൂഢശക്തികളെ മാത്രം പ്രതിനിധീകരിച്ചിരുന്ന അദ്‌ഭുതരൂപങ്ങള്‍ക്ക്‌ ചില സാമൂഹിക സവിശേഷതകള്‍ കൈവരികയും അവ ചരിത്ര ശക്തികളുടെ പ്രതിനിധികളായിത്തീരുകയും ചെയ്‌തു” -ഫ്രെഡറിക്‌ ഏംഗല്‍സ്‌, Anti Dhuring.

സാമൂഹികമായ ചില പ്രവര്‍ത്തനങ്ങളെ ദൈവികപദവിയിലേക്കുയര്‍ത്തുന്നതും നമുക്കിതിനോടു ചേര്‍ത്തുതന്നെ കാണാം. വൈദ്യം, യുദ്ധം തുടങ്ങിയവയുടെ ദേവന്മാര്‍ ഉദാഹരണം. ഈ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ക്ക്‌ കിട്ടിയിരുന്ന സാമൂഹികമായ അന്തസ്സിന്റേയും അതുവഴി അധീശത്വത്തില്‍ നേടാന്‍ കഴിയുന്ന പങ്കിന്റേയും പ്രതിഫലനങ്ങളാണിവ. എന്നാല്‍, പലപ്പോഴും പുരോഹിതര്‍ ഈ ദേവന്മാരുടെ മുകളിലായിരിക്കുകയും ചെയ്യുന്നുണ്ട്‌. ചില സമൂഹങ്ങളില്‍ രാജാക്കന്മാര്‍ കരുത്തുറ്റ ദൈവങ്ങളായിത്തീരുകയും അദ്‌ഭുതരൂപങ്ങളായി പ്രതിഷ്‌ഠിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ആദിമപരിശുദ്ധിയില്‍ ഇപ്പറഞ്ഞതൊന്നുമായിരുന്നില്ല മതം. അത്‌ അധീശത്വത്തിന്റെ നിരാകരണവും ഉള്ളടക്കത്തില്‍ വിമോചനപര വുമായിരുന്നു. “നാം നമ്മില്‍ച്ചിലരെ, അല്ലാഹുവിനെ വിട്ട്‌ ഉടമസ്ഥന്മാരാക്കാതിരിക്കുക” എന്നതാണ്‌ ഖുര്‍ആന്‍ പഠിപ്പിച്ച പ്രധാന തത്ത്വം. നുകങ്ങള്‍ തകര്‍ക്കലും സകല ബന്ധനങ്ങളേയും അഴിക്കലുമാണ്‌ ഏറ്റവും ശ്രേഷ്‌ഠമായ ഉപവാസമായി ബൈബിളും പഠിപ്പിക്കുന്നത്‌. പരലോകത്തെ മതം അവതരിപ്പിക്കുന്നത്‌, ഈ ലോകത്ത്‌ അധീശത്വത്തിന്‌ കീഴ്‌പ്പെട്ട്‌, അത്‌ വിധിയെന്നോര്‍ത്ത്‌ വഴങ്ങി ജീവിക്കുന്നവര്‍ക്കുള്ള സാന്ത്വനവും സമ്മാനവുമായിട്ടല്ല, അഥവാ അധികാരവ്യവസ്ഥയെ അട്ടിമറിക്കാതിരിക്കുകയും അതിന്റെ സേവകരായി വര്‍ത്തിക്കുകയും ചെയ്യുന്നതിനുള്ള പ്രതിഫലമായിട്ടല്ല. മറിച്ച്‌ ജീവിതത്തിന്റെ അനിവാര്യമായ തുടര്‍ച്ചയും ഒരു യാഥാര്‍ഥ്യവുമെന്ന നിലയിലാകുന്നു. അന്യായമായ അധികാരങ്ങളെ ഈ ലോകത്തുതന്നെ തകര്‍ക്കാനുള്ള ആഹ്വാനമാണ്‌ മതം. ഈ നിലപാടില്‍ നിന്നുകൊണ്ടുതന്നെ ഖുര്‍ആന്‍ ചരിത്രത്തോടുള്ള അതിന്റെ സമീപനത്തെ രൂപപ്പെടുത്തുകയും അധഃസ്ഥിതന്റെ വിജയത്തേയും വിമോചനത്തേയും പ്രവചിക്കുകയും ചെയ്യുന്നു. “എന്നാല്‍, നാം ഉദ്ദേശിക്കുന്നതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട്‌ ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക്‌ ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ (ഏകാധിപതിയായ) ഫറോവയും ഹാമാനും അവരുടെ സൈന്യങ്ങളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍ നിന്ന്‌ ഭയപ്പെട്ട തിരിച്ചടി യാഥാര്‍ഥ്യമാക്കിക്കാണിക്കാനുമാകുന്നു.” (അല്‍ഖസ്വസ്വ്‌: 5,6). യെശയ്യാ പ്രവാചകന്റെ ഒരു പ്രവചനം ബൈബിളില്‍ ഇങ്ങനെ വായിക്കാം: “അവന്‍ ഉയരത്തില്‍ പാര്‍ക്കുന്നവരെ, ഉന്നത നഗരത്തെത്തന്നെയും താഴ്‌ത്തി നിലംപരിശാക്കി പൊടിയില്‍ തള്ളിക്കളഞ്ഞു. അങ്ങനെ ദരിദ്രരുടെ കാല്‍ക്കീഴില്‍, പാവങ്ങളുടെ ചവിട്ടടിയില്‍ അത്‌ ചവിട്ടി മെതിക്കപ്പെടുന്നു.” (യെശയ്യാ, 26:5,6)

പ്രകൃതിശക്തികളോടുള്ള ഭയം നിമിത്തം മനുഷ്യന്‍ അവയെ ആരാധിച്ചതിന്‌ സാര്‍വത്രികവും ഖണ്ഡിതവുമായ തെളിവുകളൊന്നുമില്ല. പ്രകൃതിയോട്‌ താളൈക്യപ്പെടാനാണ്‌ മതം ആവശ്യപ്പെടുന്നത്‌. ഉപനിഷത്തുകളിലും ലൗദ്‌സുവിന്റെ ചിന്തകളിലും മുതല്‍ ഖുര്‍ആനില്‍ വരെ ഈയാശയം കാണാം.
AntiDuhring.225x225-75
ഭയപ്പെടല്‍, ഭയപ്പെടുത്തല്‍ അഥവാ വഞ്ചന എന്നിവയോടൊപ്പം ഭാവനയെക്കൂടി മതത്തിന്റെ മാനസിക ഉല്‍പത്തി കേന്ദ്രമായി പരിഗണിക്കാറുണ്ട്‌. മനുഷ്യരില്‍ ചിന്താശക്തിയുള്ള വിഭാഗങ്ങള്‍ ഉണ്ടായപ്പോള്‍ത്തന്നെ മതസങ്കല്‍പങ്ങളും രൂപപ്പെട്ടു. ഭയത്തിനും ഭാവനയ്‌ക്കും കാര്യകാരണ ചിന്തകളുമായാണല്ലോ ബന്ധമുള്ളത്‌. എന്നാല്‍ കാര്യകാരണ ബോധമില്ലാത്ത മനുഷ്യരുണ്ടായിട്ടുണ്ടോ? ഒരുപാട്‌ മനുഷ്യ ഇനങ്ങള്‍ ഭൂമിയില്‍ നിലനിന്നിരുന്നുവത്രേ. ഹോമോ ഹബിലിസ്‌, ഹോമോ റുഡോള്‍ഫെന്‍സിസ്‌, ഹോമോ എര്‍ഗാസ്റ്റര്‍, ഹോമോ ജോര്‍ജിക്കസ്‌, ഹോമോ ഇറക്‌ട്‌സ്‌, ഹോമോ റോഡെന്‍സിയന്‍സിസ്‌ തുടങ്ങിയവക്ക്‌ പുറമേ പൂര്‍ണ മനുഷ്യജാതിയായി പറയപ്പെടുന്ന ഹോമോസേപ്പിയന്‍സിന്റെ തന്നെ ആദ്യകാല ഉപവിഭാഗങ്ങളായ ഹോമോസേപ്പിയന്‍സ്‌ നിയാണ്ടര്‍താലെന്‍സിസ്‌, ഹോമോസേപ്പിയന്‍സ്‌ ഇദാല്‍ത്തു മുതലായവയും. ഇവയില്‍ ഹോമോസേപ്പിയന്‍സ്‌ ഉപവിഭാഗങ്ങളൊഴിച്ചൊന്നിനും അതിനെപ്പോലെ കാര്യകാരണ ചിന്താശേഷി ഉണ്ടായിരുന്നില്ലെന്ന്‌ വാദിക്കുന്നു. ഇപ്പറഞ്ഞവയെല്ലാം ഒന്നുകില്‍ പലയിനംആന്ത്രപ്പോയ്‌ഡ്‌ കുരങ്ങുകളോ (ആള്‍ക്കുരങ്ങുകള്‍) അല്ലെങ്കില്‍ വ്യത്യസ്‌ത നരവര്‍ഗങ്ങളില്‍പ്പെട്ട പൂര്‍ണ മനുഷ്യര്‍ തന്നെയോ ആവാനുള്ള സാധ്യത എന്തുകൊണ്ടില്ല? ജീവാശ്‌മങ്ങള്‍ (Fossils) നമുക്കു തരുന്ന പാഠം കേവലവും യാന്ത്രികവുമായ പരിണാമത്തിന്റേതല്ല, നമ്മുടെ ജ്ഞാനപരിധിക്കുമപ്പുറം വൈപുല്യമുള്ളതും വികസ്വരവുമായ ജൈവവൈവിധ്യത്തിന്റേതാണ്‌. മനുഷ്യരിലും ഇത്തരം വൈവിധ്യങ്ങളുണ്ട്‌. ശരീരഘടനയില്‍ വളരെയേറെ വ്യത്യസ്‌തതകളുള്ള മനുഷ്യവര്‍ഗങ്ങള്‍ ഇന്നും ഭൂമിയില്‍ നിലനില്‍ക്കുന്നുമുണ്ട്‌. ശേഷിപ്പുകള്‍ ഒന്നുകില്‍ മനുഷ്യനല്ലാത്ത ജന്തുവിന്റേതാവാം, അല്ലെങ്കില്‍ കാര്യകാരണബോധവും ചിന്തയും കൂടിയുള്ള നരവര്‍ഗത്തിന്റേതുമാവാം. മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ എന്നതല്ല, ചിന്ത തന്നെയാണ്‌ മനുഷ്യനെ നിര്‍മിച്ചത്‌ എന്നതാണ്‌ ശരി. ഇപ്പറഞ്ഞ ജീവജാതികളില്‍ കാര്യകാരണ ചിന്തയുള്ളവ മനുഷ്യവിഭാഗത്തില്‍പ്പെടും. ഹോമോസേപ്പിയന്‍സ്‌ എന്ന ഇന, ജാതി നിര്‍ണയത്തിനപ്പുറം മറ്റൊരു വര്‍ഗീകരണം മനുഷ്യര്‍ക്കിടയില്‍ ആവശ്യവുമില്ല. അഥവാ അത്‌ ശാസ്‌ത്രീയമായാല്‍പ്പോലും മാനുഷികമാവില്ല. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, കാര്യകാരണ ചിന്താശക്തി മനുഷ്യന്റെ സവിശേഷതയാണ്‌. അഥവാ അതുള്ള ജാതിയാണ്‌ മനുഷ്യനെന്നറിയപ്പെടുന്നത്‌. ചിന്താശക്തിയോടൊപ്പം മതവും ഉണ്ട്‌. ഉപാസനാരീതികളും ധാര്‍മികമായ വിലക്കുകളുമാണ്‌ മനുഷ്യാവിര്‍ഭാവത്തിന്റെ അടയാളങ്ങള്‍. അതിനാല്‍, മതോല്‍പത്തിയെ കാലാനുക്രമത്തില്‍ അടയാളപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍, ചിന്തയുമായി മതത്തിനുള്ള ചരിത്രപരമായ ബന്ധം നിമിത്തം ഭയവും ഭാവനയുമാണ്‌ മതം എന്ന തീര്‍പ്പും യുക്തിസഹമല്ല. അങ്ങനെയെങ്കില്‍ കാലമിത്രയുമായിട്ടും മതം എന്ന അടിസ്ഥാനാശയം തന്നെ നിലനില്‍ക്കുമായിരുന്നില്ല. മനുഷ്യന്റെ തികച്ചും സ്വാഭാവികമായ വാസനയും ചോദനയുമാണ്‌ മതം.

ദൈവം നന്മയിലേക്ക്‌ വഴികാണിക്കുന്നുവെന്ന സങ്കല്‍പമാണ്‌ യഥാര്‍ഥത്തില്‍ മതത്തിന്റെ ആധാരം. ധര്‍മം എന്ന്‌ സംസ്‌കൃതത്തിലും ദീന്‍ എന്ന്‌ അറബിയിലും പറയുന്ന ശബ്‌ദങ്ങള്‍ ജീവിതസമ്പ്രദായം എന്ന അര്‍ഥത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. `ധൃ’ എന്നതിന്‌ നിലനിറുത്തുക എന്നര്‍ഥം. ഇതില്‍ നിന്നാണ്‌ ധര്‍മമുണ്ടായത്‌. മനുഷ്യനേയും ജീവിതത്തേയും നിലനിറുത്തുന്നതിന്‌ സഹായകമായ കര്‍മങ്ങള്‍, ബാധ്യതകള്‍, ചുമതലകള്‍ എന്നിവയെയെല്ലാം ഇത്‌ സൂചിപ്പിക്കുന്നു. ശരിയായ വഴി എന്ന അര്‍ഥത്തില്‍ ബുദ്ധന്‍ തന്റെ ധര്‍മത്തെ സദ്‌ധര്‍മം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ഖുര്‍ആന്‍ ഈയര്‍ഥത്തില്‍ പ്രയോഗിക്കുന്ന പദം `അല്‍ഹിദായ’ ആണ്‌. ചിന്തിക്കുക എന്നര്‍ഥമുള്ള മന്‍-മന്യതേ എന്ന ധാതുവില്‍ നിന്നാണ്‌ മത ശബ്‌ദമുണ്ടായത്‌. ഇംഗ്ലീഷില്‍ religion എന്നത്‌ religio എന്ന ലാറ്റിന്‍ പദത്തിന്റെ രൂപമാണ്‌. legere (തെരഞ്ഞെടുക്കുക) എന്നോ ligare (കൂട്ടിക്കെട്ടുക) എന്നോ ഉള്ള വാക്കിന്റെ കൂടെ വീണ്ടും (പുനഃ) എന്നര്‍ഥമുള്ള re ചേര്‍ത്താണ്‌ religio ഉണ്ടാകുന്നത്‌.

re, ligare എന്നീ വാക്കുകളില്‍ നിന്നാണ്‌ Religion ന്റെ ഉല്‍ഭവമെന്ന നിഗമനം മതത്തിന്റെ ഉള്ളടക്കവുമായി പൊരുത്തപ്പെടുന്നു. ബന്ധങ്ങളാണ്‌ ഈ പദം വഴി സൂചിതമാകുന്നത്‌. ബന്ധങ്ങളെയും പാരസ്‌പര്യങ്ങളെയും കുറിച്ച ബോധമാണ്‌ മതത്തിന്റെ മുഖ്യമായ ഉള്ളടക്കം. അത്‌ നാല്‌ മാനങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്നുമുണ്ട്‌. വ്യക്തി-വ്യക്തി എന്നതാണ്‌ ഇതില്‍ ഒന്നാമത്തേത്‌. ഓരോ വ്യക്തിക്കും മറ്റ്‌ ഓരോ വ്യക്തിയോടുമുള്ള ബാധ്യതകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്‌ മതം. രണ്ടാമത്തേത്‌ വ്യക്തി-സമൂഹം എന്നതാണ്‌. വ്യക്തിയുടെ അഭിനിവേശങ്ങള്‍, വികാരങ്ങള്‍, ശീലങ്ങള്‍ എന്നിവയെയും സമൂഹത്തിന്റെ ഭദ്രത, ആചാരങ്ങള്‍, നിയമങ്ങള്‍ എന്നിവയും സംബന്ധിച്ച്‌ വളരെ സന്തുലിതമായ സമീപനമാണ്‌ മതം മുന്നോട്ടു വെക്കുന്നത്‌. മനുഷ്യന്‍-പ്രകൃതി എന്ന ബന്ധമാണ്‌ മുന്നാമത്തേത്‌. പ്രകൃതിയുടെ വഴി പിന്തുടരാനുള്ള ആഹ്വാനമാണ്‌ വേദം. പ്രകൃതിയുടെ സന്തുലിതത്വത്തേയും മനുഷ്യന്റെ നീതിബോധത്തെയും കൂട്ടിക്കെട്ടുന്നുണ്ട്‌ ഖുര്‍ആന്‍. ഈ സന്തുലനത്തെ അപകടപ്പെടുത്താതെ പ്രകൃതിയില്‍ നിന്ന്‌ തനിക്കാവശ്യമുള്ളത്‌ സ്വീകരിക്കുന്നതോടൊപ്പം അതിന്റെ ഒരു ഘടകമെന്ന നിലക്ക്‌ തനിക്കുള്ള ബാധ്യതകള്‍ നിര്‍വഹിക്കുകയും വേണമെന്ന്‌ മതം ഓര്‍മിപ്പിക്കുന്നു. നാലാമതായി ഇതിനെക്കാളെല്ലാം പ്രധാനവും എന്നാല്‍ ഇപ്പറഞ്ഞ ബന്ധങ്ങളോടുള്ള പ്രതിബദ്ധതകളിലൂടെ സ്ഥാപിക്കാന്‍ സാധിക്കുന്നതുമായ ബന്ധം, മനുഷ്യന്‍-ഈശ്വരന്‍ എന്നത്‌. (ഇപ്പറഞ്ഞ ഓരോന്നും കൂടുതല്‍ വിശകലനമര്‍ഹിക്കുന്നു. അത്‌ പിന്നീടാവാം).

ഇപ്രകാരം മതത്തിന്റെ യഥാര്‍ത്ഥ അസ്‌തിത്വത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അത്‌ തലകുത്തി നിര്‍ത്തപ്പെട്ട ലോകബോധമല്ല, മറിച്ച്‌ ലോകത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ആഹ്വാനമാണ്‌. പ്രകൃതി ശക്തികളോടും സാമൂഹികാധീശത്വങ്ങളോടുമുള്ള ഭയമോ വിധേയത്വമോ അല്ല, അധീശത്വങ്ങളുടെ നിരാകരണവും വിമോചനവുമാണ്‌. യഥാര്‍ത്ഥ സന്താപങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല, സാമൂഹിക നീതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ്‌. തന്റെ പരിമിതികളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നുല്‍ഭൂതമാവുന്ന അവയെ അതിജയിക്കുന്ന പ്രതിദ്വന്ദ്വമായ ദൈവത്തെക്കുറിച്ച സങ്കല്‍പങ്ങളല്ല, പരിമിതികള്‍ക്കപ്പുറം തന്റെ സാധ്യതകളെക്കുറിച്ച്‌ മനുഷ്യനോടുള്ള ഓര്‍മപ്പെടുത്തലാണ്‌.

അക്ഷരവും അധികാരവും

inquisition_wip_3

താളുകളില്‍ വിഷം പുരട്ടി സൂക്ഷിച്ച ഒരു പുസ്തകത്തിന്റെ കഥയുണ്ട് Umberto Ecoവിന്റെ ഒരു വിഖ്യാത നോവലില്‍. അത്യന്തം നിഗൂഢത നില നില്‍ക്കുന്ന, The Name of the Rose എന്ന നോവലിലെ മുഖ്യമായ പശ്ചാത്തലം തന്നെ ഈ പുസ്തകത്തെക്കുറിച്ച അന്വേഷണമാണ്. (ഈ നോവല്‍ അതേ പേരില്‍ Jean-Jaques Annaud മനോഹരമായി സിനിമയാക്കിയിട്ടുണ്ട്). പല പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഉംബര്‍ടോ എകോ ഒരു പുസ്തകത്തെപ്പറ്റി പ്രതിപാദിക്കുന്നത്. ആ സഞ്ചാരം ഒടുക്കം നമ്മളെ മെല്‍കിലെ ആഡ്‌സോ എന്ന ബെനഡിക്റ്റന്‍ സന്യാസിയുടെ ഓര്‍മക്കുറിപ്പുകളിലെത്തിക്കുന്നു. ഇറ്റലിയിലെ ഒരു ബെനഡിക്റ്റന്‍ സന്യാസാശ്രമത്തില്‍ നടന്ന ദുര്‍മരണങ്ങളെക്കുറിച്ച അന്വേഷണത്തിന് മഠത്തിന്റെ ആബോ (Abbot -മഠാധിപതി)യുടെ അഭ്യര്‍ത്ഥന പ്രകാരം, മറ്റു ചില കാര്യങ്ങള്‍ക്കായി ആഡ്‌സോയോടൊപ്പം അവടെയെത്തിയിരുന്ന, അദ്ദേഹത്തിന്റെ ഗുരുവായ വില്യം ബാസ്‌കര്‍വില്‍ എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസി തയ്യാറായി. ബൈബിളിലെ വെളിപാടു പുസ്തകത്തിലെ (Apocalypse) പ്രവചനങ്ങളുടെ മാതൃകയിലായിരുന്നു, കൊലപാതകങ്ങള്‍ എന്നു തോന്നിക്കുന്ന മരണങ്ങള്‍ നടന്നത്.

nameoftheroseഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ രക്തം കലര്‍ന്ന തീയും കന്മഴയും ഭൂമിയില്‍ പതിച്ചുവെന്നാണ് യോഹന്നാന്റെ വെളിപാടിലെ ഒന്നാം പ്രവചനം. മഠത്തിലെ പകര്‍പ്പെഴുത്തുകാരനും ചിത്രകാരനുമായ അദെല്‍മോ മുകളില്‍ നിന്നും പാറക്കെട്ടില്‍ വീണ് തല തകര്‍ന്നു രക്തത്തില്‍ കുളിച്ചു മരിക്കുകയായിരുന്നു. പരിഭാഷകനായ വെനന്‍ഷ്യസ് ചോരയില്‍ മുങ്ങിയാണ് മരിച്ചു കിടന്നത്. അപ്പോള്‍ കടലിന്റെ മൂന്നിലൊന്ന് രക്തമായി എന്ന രണ്ടാം പ്രവചനത്തിന് സമാനമായിരുന്നു അത്. സഹലൈബ്രേറിയന്‍ ബെറിങ്ഗര്‍ കുളിമുറിയില്‍ വിഷം അകത്തു ചെന്ന നിലയില്‍ കാണപ്പെട്ടു. തിക്തകം (കയ്പുരസമുള്ളത് എന്നര്‍ത്ഥം) എന്ന നക്ഷത്രം കടലില്‍ വീണ് ജലത്തിന്റെ മൂന്നിലൊന്ന് തിക്തകമായെന്നും ആ ജലത്താല്‍ ആളുകള്‍ മരണമടഞ്ഞുവെന്നുമാണ് യോഹന്നാന്‍ മൂന്നാമതായി പ്രവചിച്ചത്. തോട്ടക്കാരന്‍ സെവെറിനസ് തല തകര്‍ന്നു മരിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും മൂന്നിലൊന്ന് തകര്‍ക്കപ്പെട്ടുവെന്ന പ്രവചനത്തെയാണ് അതനുസ്മരിപ്പിച്ചത്. ലൈബ്രേറിയന്‍ മലാഖി വിഷബാധയേറ്റു മരിച്ചു. മരിക്കുമ്പോള്‍ ചുറ്റിലുമുണ്ടായിരുന്നവരെ നോക്കി, ആയിരം തേളുകളുടെ വിഷമുണ്ടതിനെന്ന് അദ്ദേഹമെന്നോടു പറഞ്ഞിരുന്നുവെന്ന് അന്ത്യമൊഴി നല്‍കി. തേളു കുത്തുമ്പോലത്തെ പീഡനത്തെപ്പറ്റിയുള്ളതാണ് വെളിപാടിലെ അഞ്ചാമത്തെ പ്രവചനം. ഇനിയും രണ്ടു കൊലപാതകങ്ങള്‍ കൂടി നടന്നേക്കുമെന്ന് ബ്രദര്‍ വില്യം ഊഹിച്ചു. അതേപ്പറ്റിയുള്ള പ്രവചനമനുസരിച്ച് ഒരാള്‍ തീയും പുകയുമേറ്റും അവസാനത്തെയാള്‍ ഉദരത്തില്‍ കയ്‌പേറിയതും വായില്‍ തേന്‍ പോലെ മധുരിക്കുന്നതുമായ ചുരുള്‍ കാരണവുമായിരിക്കും മരിക്കുക.

umbertoeco
ഉംബർതോ എകോ

എന്തായാലും അന്വേഷണം തുടങ്ങിയതോടെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തിന്റെ കാര്യം ബ്രദര്‍ വില്യമിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടനുബന്ധിച്ച് മഠത്തിലെ പ്രസിദ്ധമായ ലൈബ്രറിയുടെ മുന്‍ സൂക്ഷിപ്പുകാരനും അവിടുത്തെ ഏറ്റവും പ്രമുഖ സന്യാസിയുമായ ബുര്‍ഗോസിലെ ഹോര്‍ഹെയെ പ്രത്യേകം നിരീക്ഷിച്ചതോടെ നടന്നിട്ടുള്ള ദുര്‍മരണങ്ങളില്‍ മിക്കതും അയാള്‍ കാരണമാണെന്ന് വില്യം ബാസ്‌കര്‍വില്ലിന് ബോധ്യപ്പെട്ടു. മരണങ്ങള്‍ക്ക് വെളിപാടു പ്രവചനങ്ങളുമായുള്ള സാദൃശ്യം ഒട്ടൊക്കെ യാദൃച്ഛികമായിരുന്നു. അന്ധനായ ഹോര്‍ഹെ കഠിന ബ്രഹ്മചര്യനിഷ്ഠ പുലര്‍ത്തുന്നയാളാണ്. അതേയവസരം കടുത്ത അധീശപ്രവണതയുള്ളയാളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിന്റെ പ്രതീകം. അയാളുടെ അന്ധതയും അതിന്റെ സൂചനയാണ്. പ്രത്യേകിച്ചും കടുത്ത വിരക്തി പലപ്പോഴും അധീശപ്രവണതയോ ചിലപ്പോള്‍ വിധേയത്വ ബോധമോ വളര്‍ത്തും.

ഹോര്‍ഹെയെ അസ്വസ്ഥനാക്കിയ പുസ്തകത്തെപ്പറ്റി പറയാം. അതിനാണ് ഈ ലേഖനത്തില്‍ നാം പ്രതിപാദിക്കാന്‍ പോകുന്ന വിഷയവുമായി കൂടുതല്‍ ബന്ധമുള്ളത്. ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്‌റ്റോട്ടിലിന്റെ Poetics എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു അത്. കാവ്യമീമാംസയെക്കുറിച്ച പുസ്തകമാണ് പൊയറ്റിക്‌സ്. കവിതകളെയും മറ്റും അരിസ്റ്റോട്ടില്‍ ട്രാജഡി, കോമഡി, എപിക് എന്നിങ്ങനെ മൂന്നായി തിരിക്കുന്നുണ്ടെങ്കിലും പൊയറ്റിക്‌സില്‍ ട്രാജഡിയെപ്പറ്റി മാത്രമേ വിശദമായി പ്രതിപാദിക്കുന്നുള്ളൂ. കോമഡിയെപ്പറ്റിയായിരുന്നു പ്രസ്തുത രണ്ടാം ഭാഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നത്. ഈ പുസ്തകമാണ് ഹോര്‍ഹെ താളുകളില്‍ വിഷം പുരട്ടി രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത്.

പുസ്തകത്തോടുള്ള, ഹോര്‍ഹെ എന്ന അധികാരസ്വരൂപത്തിന്റെ വിരോധത്തിന് ചില കാരണങ്ങളുണ്ട്.

ഒന്നാമതായും ചിരിയെക്കുറിച്ചുള്ളതാണ് പുസ്തകം. ഹോര്‍ഹെയുടെ വീക്ഷണത്തില്‍ ചിരി ദൗര്‍ബ്ബല്യമാണ്. ദുഷ്പ്രവൃത്തിയും ശരീരത്തിന്റെ താല്‍പര്യവുമാണ്. കര്‍ഷകന്റെ വിനോദവും മദ്യപാനിയുടെ തോന്ന്യാസവുമാണത്. യേശു ഒരിക്കലും ചിരിച്ചിട്ടില്ലെന്നാണയാളുടെ വാദം. എന്നാല്‍ അരിസ്‌റ്റോട്ടില്‍ ചിരിയെ കലയും കലാപവുമായി വികസിപ്പിക്കുന്നു. ഭയത്തിലൂടെ മാത്രമേ മനുഷ്യനെ നിയമാനുസാരിയാക്കാന്‍ കഴിയൂ എന്നിരിക്കേ ചിരി ഭയത്തെ ദൂരീകരിക്കുമെന്ന് ഹോര്‍ഹെ ഭയപ്പെട്ടു. രണ്ടാമത്തെ അയാളുടെ ഭീതി അരിസ്റ്റോട്ടിലിന്റെ ചിരിയുടെ കലാപശേഷി തന്നെയായിരിക്കണം. ജ്ഞാനികള്‍ക്കു മുന്നില്‍ ചിരിയുടെ വാതില്‍ തുറന്നുകൊടുക്കുന്ന അരിസ്റ്റോട്ടില്‍ ‘തന്റെ’ ദൈവത്തെയും ലോകത്തെയും കീഴ്‌മേല്‍ മറിക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അരിസ്‌റ്റോട്ടിലിന്റെ പുസ്തകം അറബികള്‍ വിവര്‍ത്തനം ചെയ്തതില്‍ നിന്നാണ് പിന്നീടതിന്റെ ലാറ്റിന്‍ പതിപ്പുണ്ടാകുന്നത്. ഇതാണ് പുസ്തകവിരോധത്തിന്റെ മൂന്നാമത്തെ കാരണം. ‘അവിശ്വാസിക’ളായ അറബികളോടുള്ള വെറുപ്പ്. കുരിശുയുദ്ധമനോഗതിക്കാരനായ ക്രൈസ്തവസന്യാസിയുടെ ഇസ്ലാം ഭീതിയും വിരോധവും. ഇസ്ലാമോഫോബിയ.

പുസ്തകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ സമകാലിക വിവാദങ്ങളാണ് എകോവിന്റെ റോസിനെ ഓര്‍മയിലേക്ക് കൊണ്ടു വന്നത്. പുസ്തകങ്ങള്‍ക്കെതിരിലുള്ള കേസുകള്‍, ഭീഷണികള്‍, അറസ്റ്റുകള്‍, സത്യവാങ്മൂലങ്ങള്‍ എന്നിത്യാദി സംഭവങ്ങളാല്‍ ബഹുലമായിരുന്നുവല്ലോ കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിന്റെ സാംസ്‌കാരികരംഗം. ഏറ്റവുമവസാനം ഗെയില്‍ ട്രേഡ്‌വെല്‍ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസാധകരായ ഡി.സി ബുക്‌സിനു നേരെയുണ്ടായ അതിക്രമങ്ങളും.

 അധികാരത്തിന്റെ ആത്മീയത-

ട്രേഡ്‌വെല്ലിന്റെ പുസ്തകം കേരളത്തിലെ അറിയപ്പെടുന്ന ആത്മീയകേന്ദ്രവുമായി ബന്ധപ്പെട്ടതാകയാല്‍ത്തന്നെ എകോയുടെ കഥയുമായി ഇതിന് വേറെയുമൊട്ടേറെ സാമ്യങ്ങളുണ്ട്. അമൃതാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ക്കേ അത്യന്തം നിഗൂഢമാണ്. എന്നാല്‍ റോസിലെ ബെനഡിക്‌റ്റൈന്‍ ആശ്രമത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ വിരക്തിയുടെയും ഗൂഢാത്മകതയുടെയും മതരൂപങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന പരിണതികളും. സന്യാസം ഹോര്‍ഹെയില്‍ സൃഷ്ടിച്ചത് അധീശത്വ മനസ്സും മതപരവും സാമുദായികവുമായ മുന്‍വിധികളുമായിരുന്നെങ്കില്‍ അയാളുടെ മഠത്തിലെ മറ്റുപലരും വികൃതലൈംഗികതകള്‍ക്ക് കീഴ്‌പ്പെട്ടു പോയതായി കൊലപാതകാന്വേഷണത്തിനിടയില്‍ ബ്രദര്‍ വില്യം മനസ്സിലാക്കുന്നുണ്ട്. അന്ധനായ ഹോര്‍ഹെ അതിനെക്കാളന്ധമായ തന്റെ വിശ്വാസത്തിന്റെ വിഷം പേജുകളില്‍ പുരട്ടി വെച്ചിരുന്ന ചിരിയുടെ, കലാപത്തിന്റെ പുസ്തകം രഹസ്യമുറിയിലുണ്ടെന്നു കണ്ടെത്താനിടയായ ബെറിങ്ഗര്‍ അന്വേഷണകുതുകിയായ അദെല്‍മോയെ പുസ്തകം തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് സ്വവര്‍ഗരതിക്കിരയാക്കുകയായിരു

ന്നു. അയാള്‍ക്കു വഴങ്ങിയതിലുള്ള പശ്ചാത്താപം നിമിത്തം മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തതായിരുന്നു അദെല്‍മോ. പിന്നീട് പുസ്തകം കൈക്കലാക്കിയ വെനന്‍ഷ്യസ് നാക്കില്‍ വിരല്‍ തൊട്ട് പേജുകള്‍ മറിച്ചതു വഴി വിഷം തീണ്ടി അടുക്കളയിലേക്കോടി ചോര ഛര്‍ദ്ദിച്ചു മരിച്ചു. ബെറിങ്ഗറും ഇതേ പ്രകാരം വിഷം അകത്തു ചെന്നു മരിച്ചു. പുസ്തകം വീണ്ടെടുക്കാന്‍ ഹോര്‍ഹെ മലാഖിയെ അയച്ചു. സെവെറിനസിന്റെ കൈയില്‍ പുസ്തകം കണ്ട അയാള്‍ തോട്ടക്കാരനെ തലയ്ക്കടിച്ചു കൊന്നു. ആയിരം തേളുകളുടെ ശക്തിയുള്ള പുസ്തകം തുറന്നു നോക്കരുതെന്ന ഹോര്‍ഹെയുടെ മുന്നറിയിപ്പിനെ അവഗണിച്ച് മലാഖി അത് മറിച്ചു നോക്കി, അയാളും മരിച്ചു. പിന്നീട്, ബ്രദര്‍ വില്യമിന്റെ കേസന്വേഷണത്തിനിടെ ഒരിടനാഴിക്കിടയില്‍ കുടുങ്ങിപ്പോയ ആബോ പുകയേറ്റ് ശ്വാസം മുട്ടി മരിച്ചു. അവസാനം വിവരങ്ങളെല്ലാം മനസ്സിലാക്കിയ വില്യമിനെ പുസ്തകം കൊണ്ടു തന്നെ കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഹോര്‍ഹെ അതിന്റെ താളുകള്‍ സ്വയം കടിച്ചിറക്കിക്കളഞ്ഞു. യാദൃച്ഛികമെങ്കിലും വെളിപാടു പ്രവചനമാതൃകയില്‍ത്തന്നെ ആബോയും ഹോര്‍ഹെയും മരിച്ചു.

സന്യാസാശ്രമങ്ങളിലും ആത്മീയകേന്ദ്രങ്ങളിലും നടക്കുന്ന രതി വൈകൃതങ്ങളും ലൈംഗികാക്രമണങ്ങളും ഒട്ടും പുതുമയുള്ള സംഭവമല്ല. അതേയവസരം എത്ര തന്നെ സംഭവങ്ങള്‍ പുറത്തു വന്നാലും നിയമവ്യവസ്ഥകള്‍ ഇവരെ വെറുതെ വിടുന്നതിനുള്ള പ്രധാന കാരണം അധീശവ്യവസ്ഥയോടു പൊരുത്തപ്പെടുന്നതും അതിനെ സഹായിക്കുന്നതുമായ ഒന്നാണ് ആത്മീയതക്കും മതത്തിനും ഇത്തരം സംഘങ്ങള്‍ നല്‍കുന്നതും പരിശീലിപ്പിക്കുന്നതുമായ ഗൂഢവ്യാഖ്യാനങ്ങള്‍ എന്നതു തന്നെയാകുന്നു. മറ്റൊന്ന് പുതിയ ജനാധിപത്യ കാലത്ത് പ്രത്യേകിച്ചും കോര്‍പറേറ്റ് സ്വഭാവമാര്‍ജിച്ചിട്ടുള്ള ഇത്തരം സംഘങ്ങളുടെ ആള്‍ ബലവും സാമ്പത്തിക ശേഷിയുമത്രേ. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ വിശുദ്ധനരകത്തിനു സമാനമായ പുസ്തകങ്ങള്‍ ലോകത്തു തന്നെ മറ്റൊട്ടേറെ ആശ്രമങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും എതിരായും പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവാന്വേഷണവുമായി ബന്ധപ്പെട്ട അബദ്ധധാരണകളാല്‍ ആശ്രമങ്ങളില്‍ച്ചെന്നു പെട്ടവരുടെ അനുഭവങ്ങള്‍ തന്നെയായിരുന്നു അവയിലേറെയും. ലൈംഗികാക്രമണങ്ങളും സാമ്പത്തിക ചൂഷണങ്ങളും മിക്ക നവ ആത്മീയ കേന്ദ്രങ്ങളുടെയും സ്വഭാവം തന്നെയാണെന്നാണ് പല സംഭവങ്ങള്‍ മുന്നില്‍ വെച്ചു ചിന്തിക്കുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ലൈംഗികാക്രമണം, സന്യാസനിഷ്ഠ പാലിക്കാന്‍ സാധിക്കാത്തവരുടെ വൈകാരികമായ ക്ഷോഭങ്ങളുടെ അണ പൊട്ടല്‍ മാത്രമല്ലെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. മറിച്ച്, ഒന്നാമതായും നിയമവിരുദ്ധവേഴ്ചകള്‍ മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. രണ്ടാമതായി സാമ്പത്തികവും ലൈംഗികവുമായ മേല്‍ക്കൈ എന്നത് ജീവിതത്തിനു മേല്‍ തന്നെയുള്ള അധീശത്വമായി മാറുന്നു. അനുഭവങ്ങളായിരുന്നു അവരുടെ തിരിച്ചറിവുകള്‍ക്ക് ഹേതു. ട്രേഡ്‌വെല്‍ തന്നെ അവരുടെ പുസ്തകത്തില്‍ പറഞ്ഞതു പോലെ, ദൈവത്തെ കാണാന്‍ വേണ്ടി ഞാന്‍ ഗുരുവിനെ തേടി. ദൈവത്തെ കണ്ടതേയില്ല, എന്നാല്‍ സ്വയം കണ്ടു. അതില്‍ ദൈവത്തിന് നന്ദി.

Gail_Tredwell
ഗെയിൽ ട്രേഡ്‌വെല്‍

പുസ്തകങ്ങളുടെ താളുകളില്‍ വിഷം പുരട്ടി അധീശത്വപരമായ തങ്ങളുടെ നിലപാടിനെ ഭദ്രമാക്കാന്‍ തന്നെയാണ് സമൂഹ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പുസ്തകങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ നടക്കുന്ന അസഹിഷ്ണുതാപൂര്‍വ്വമായ ആക്രമണങ്ങള്‍ അതിന്റെ സൂചനകളാണ്.

നിലനില്‍ക്കുന്ന അധീശവ്യവസ്ഥ പുസ്തകങ്ങളെ നേര്‍ക്കു നേര്‍ വേട്ടയാടാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. അമൃതാശ്രമത്തിന്റെ കാര്യത്തിലാണെങ്കില്‍ പുസ്തകത്തെ നേര്‍ക്കു നേര്‍ നിരോധിക്കുകയോ ചെയ്യാതെ, മഠത്തിന്റെ അധികാര താല്‍പര്യങ്ങളെ ഭദ്രമാക്കുന്ന രീതിയിലാണ് ഭരണകൂടവും അനുബന്ധസംവിധാനങ്ങളും പെരുമാറുന്നതെന്നു മാത്രം. ഏറ്റവുമടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ ചെറുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഒരല്‍പം മാത്രം വിപുലമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തതൊഴിച്ചാല്‍, സാധാരണ ഉണ്ടാവാറുള്ളതു പോലെ വലിയ കോലാഹലങ്ങളും വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളുമൊന്നുമുയര്‍ത്തിയില്ലെന്നത് ശ്രദ്ധേയമാണ്. വെന്‍ഡി ധോണിഗറുടെ പുസ്തകം മുതല്‍ക്ക് ജമാഅത്തെ ഇസ്ലാമിക്കെതിരായ കേസില്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ നിരോധഭീഷണിയുയര്‍ത്തിയ പതിനാല് പുസ്തകങ്ങള്‍ വരെയുള്ളതില്‍ ഇസ്ലാം എതിര്‍ കക്ഷിയല്ല. എന്നല്ല, കോഴിക്കോട്ടെ പുസ്തക റെയ്ഡും പ്രസ്തുത സത്യവാങ്മൂലവുമടങ്ങുന്ന സംഭവങ്ങളില്‍ ഇസ്ലാമും മുസ്ലിംകളും ഇരകളാണു താനും. ഒരു പക്ഷേ ഇതാണ് പതിവ് തര്‍ക്കവിദ്വാന്മാരുടെ മൗനത്തിനു കാരണമായിട്ടുള്ളതെങ്കില്‍, പുസ്തകങ്ങള്‍ക്കെതിരായ നടപടി കൊണ്ട് എന്തൊക്കെയാണോ ഭരണകൂടം ഉദ്ദേശിച്ചത്, അതില്‍ച്ചില കാര്യങ്ങള്‍ അവര്‍ നേടിക്കഴിഞ്ഞുവെന്നു വേണം കരുതാന്‍. മുമ്പ് റുഷ്ദിയുടെയും ലജ്ജയുടെയും കാര്യത്തില്‍ ഇതൊന്നുമായിരുന്നില്ല കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന്റെ പ്രതികരണം. എന്തിന്, ആറാം തിരുമുറിവിന്റെ കാര്യത്തില്‍പ്പോലും കേരളം വളരെ ജാഗ്രതയും കരുത്തും കാണിച്ചിരുന്നുവെന്നോര്‍ക്കുക. സാത്താനിക പദ്യങ്ങളുടെ കാര്യത്തിലോ ലജ്ജയുടെ കാര്യത്തിലോ മുസ്ലിം മതസമൂഹം സ്വീകരിച്ചിരുന്ന സമീപനത്തെ അംഗീകരിക്കേണ്ട കാര്യം നമുക്കില്ല. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പവിത്രമായിക്കരുതുന്നൊരു ചരിത്രത്തെ സാഹിത്യത്തിന്റെ അന്തസ്സിനു നിരക്കാത്ത രീതിയില്‍ ആക്ഷേപിക്കുകയെന്നതല്ലാത്ത യാതൊരു ലക്ഷ്യവും സാത്താനിക പദ്യങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നു നമുക്ക് ബോധ്യപ്പെടും. എന്നാല്‍പ്പോലും ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടുക എന്നതു തന്നെയാണ് മാന്യത, ജനാധിപത്യപരമായ യുക്തി. അന്നിലക്കാകുമ്പോള്‍ റുഷ്ദിക്കെതിരായ പ്രവര്‍ത്തനങ്ങളും അപലപനീയം തന്നെയാകുന്നു. എന്നാല്‍ ഇവിടെ സൂചിപ്പിച്ച കാര്യം, സാംസ്‌കാരിക കേരളം ആ വിഷയങ്ങളിലെല്ലാം കാണിച്ചിട്ടുള്ള താല്‍പര്യം ഇപ്പോഴത്തെ സംഭവങ്ങളില്‍ ചിലതിലെങ്കിലും കാണിക്കുന്നില്ല എന്നതാണ്.

അസഹിഷ്ണുതയുടെ സംസ്‌കാരം-

മതത്തെയും ആത്മീയതയെയും വിമോചനപരവും മാനസികവുമായ ദര്‍ശനവും അനുഭൂതിയുമായി കണ്ട് ശീലിച്ചിട്ടില്ലാത്തവര്‍ യാതൊരര്‍ത്ഥവുമില്ലാത്ത അനുഷ്ഠാനങ്ങളിലും അസഹിഷ്ണുത നിറഞ്ഞ വൈകാരികതയിലും അഭിരമിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റങ്ങള്‍ വ്യാപകമാവുന്നു. വരേണ്യവംശീയദേശീയവാദത്തിന്റെ ആചാര്യന്മാരായ സംഘ്പരവാര്‍ സംഘടനകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെ ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന വിഭാഗമാണ്. ഈയടുത്ത കാലത്ത് തുടര്‍ച്ചയായി അവരുടെ പല തരത്തിലുള്ള അക്രമങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായി.

വെന്‍ഡി ദോണിഗറുടെ The Hindus An Alternative History എന്ന പുസ്തകത്തിനെതിരെ 295 A വകുപ്പു പ്രകാരം ഒരു സംഘപരിവാരസംഘടന കേസു കൊടുത്തു. അതേയവസരം കേസിന്റെ വിധിക്കു വേണ്ടിയൊന്നും കാത്തു നില്‍ക്കാതെ പുസ്തകത്തിനെതിരെ അവര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളെത്തുടര്‍

ന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് പുസ്തകം പിന്‍വലിക്കുക മാത്രമല്ല, സ്റ്റാളുകളില്‍ നിന്നും തിരിച്ചെടുത്ത കോപ്പികള്‍ നശിപ്പിക്കുക കൂടി ചെയ്തു. അല്‍പം മുമ്പ്, മാതാഅമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും എന്ന പുസ്തകം രചിച്ച ശ്രീനി പട്ടത്താനം എന്ന യുക്തിവാദി നേതാവിനെ 295 A വകുപ്പു ചുമത്തി പ്രൊസിക്യൂട്ടു ചെയ്യാനുള്ള നടപടികള്‍ക്ക് ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് തുടര്‍ നടപടികള്‍ മുന്നോട്ടു പോയില്ല. ഗെയില്‍ ട്രേഡ്‌വെല്ലിന്റെ പുസ്തകം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ ദൃശ്യ പത്ര മാധ്യമങ്ങള്‍ക്കു നേരെയുണ്ടായിട്ടുള്ള പ്രചാരണം സമൂഹത്തില്‍ വര്‍ഗീയാസ്വാസ്ഥ്യത്തിന്റെ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു. അമൃതാനന്ദമയിഭക്തര്‍ക്കു വേണ്ടി വാദിച്ച വക്കീല്‍ അന്നു നടത്തിയ ഒരു പരാമര്‍ശം മമ്മൂട്ടി ചെയര്‍മാനായ കൈരളി ടിവിയും എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്ണും എന്നതായിരുന്നു. പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങളെ വസ്തു നിഷ്ഠമായും യുക്തിബോധത്തോടെയും സമീപിക്കുന്നതിനു പകരം ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും മാനേജ്‌മെന്റിന്റെയുമൊക്കെ മതവും വിശ്വാസവുമൊക്കെ വച്ചു കൊണ്ട് വിലയിരുത്തുന്ന മാനസികാവസ്ഥയെ നമ്മള്‍ എങ്ങനെയാണ് കാണേണ്ടത്?ആവിഷ്‌കാരത്തിന്റെ എല്ലാ രൂപങ്ങളോടുമുണ്ടാവുന്നുണ്ട് ഈ അസഹിഷ്ണുത. ചിത്രരചനയില്‍ അഗ്രിമസ്ഥാനത്തു നില്‍ക്കുന്നവരില്‍പ്പെട്ട എം.എഫ് ഹുസൈന്‍ ഇന്ത്യന്‍ പൗരത്വം പോലുമുപേക്ഷിച്ച് അന്യനാട്ടുകാരനായി മരിക്കേണ്ടിവന്നത് നമ്മുടെ ദേശത്തിനു തന്നെയുണ്ടാക്കിയ അഭിമാനക്ഷതത്തെയോര്‍ത്ത് നമ്മളിലെത്ര പേര്‍ അസ്വസ്ഥരായിട്ടുണ്ട്? തൃശൂരില്‍ വിബ്‌ജ്യോര്‍ ചലച്ചിത്രമേളയില്‍ കശ്മീര്‍ ചലച്ചിത്രകാരനായ ബിലാല്‍ എ ജാനിന്റെ Ocean of Tears എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയും സംഘപരിവാരവും രംഗത്തിറങ്ങി ബഹളം വെച്ചെങ്കിലും പ്രതിനിധികള്‍ ഒറ്റക്കെട്ടായി ചെറുത്തതോടെ നാണം കെട്ടു സ്ഥലം വിടേണ്ടി വന്നു. അക്രമികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനു പകരം സംഘാടകരെ ഉപദ്രവിക്കാനാണ് പൊലീസും ശ്രമിച്ചത്. യഥാര്‍ത്ഥത്തില്‍ പി.എസ്.ബി.ടി സാമ്പത്തികസഹായം നല്‍കി നിര്‍മിച്ച കണ്ണീര്‍ക്കടല്‍ സെന്‍സര്‍ ബോഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രമാണ്. അല്ലെങ്കില്‍ത്തന്നെയും അംഗീകാരമുള്ള ചലച്ചിത്രമേളകള്‍ക്ക് സെന്‍സര്‍ സര്‍ടിഫിക്കറ്റ് നിര്‍ബന്ധവുമല്ല താനും. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ, മൃണാള്‍ സെന്നും ശ്യാം ബെനഗലും അഡ്വ നരിമാനുമൊക്കെ അംഗങ്ങളായ ട്രസ്റ്റാണ് പി.എസ്.ബി.ടി.

benedictine-monastery-of-ripoll1ഇത്തരത്തിലുള്ള ക്രൂരമായ കൈയേറ്റങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ട്. ഇസ്ലാമിലെ സ്ത്രീകളോടുള്ള പരിഗണനയെ വിമര്‍ശിച്ച് അയാന്‍ ഹിര്‍സി അലിയോടൊപ്പം Submission എന്ന സിനിമ നിര്‍മിച്ചതിന്റെ പേരില്‍ ഡച്ച് ചലച്ചിത്രകാരന്‍ തിയോ വാന്‍ ഗോഷിനെ മുസ്ലിം മതമൗലികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയത് 2004 ലാണ്. ഇസ്ലാമിനെ ആശയപരമായി വിലയിരുത്തുന്നതില്‍ വാന്‍ ഗോഷിനോ ഹിര്‍സി അലിക്കോ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ നേരിടേണ്ടത് തികച്ചും ആശയപരമായിത്തന്നെയാണ്. കൊലപാതകം അവരുടെ വിമര്‍ശങ്ങള്‍ ശരിയാണെന്നതിനെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

സത്യത്തില്‍ ഗെയില്‍ ട്രേഡ്‌വെല്ലിന്റേതുള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ഭാരതീയ സനാതന പാരമ്പര്യത്തെയോ ആത്മീയതയെയോ വിമര്‍ശിക്കുന്നതല്ല. സമ്പൂര്‍ണം എന്നവകാശപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തികളോ സംഘടനകളോ വിമര്‍ശനാതീതരല്ല താനും. മഠത്തില്‍ താനനുഭവിച്ച ലൈംഗകാതിക്രമങ്ങളുള്‍പ്പെടെയുള്ള പീഡനങ്ങളെ ഇന്ത്യയില്‍ ആത്മശാന്തി തേടിവന്ന ഒരു വിദേശ വനിത തുറന്നെഴുതുമ്പോള്‍ ഉത്തരവാദിത്തബോധമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ചെയ്തത്. മാത്രവുമല്ല, പുസ്തകത്തെപ്പറ്റി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കാനാണ് പെലീസ് തുനിഞ്ഞത്.

പുസ്തകങ്ങളോടുള്ള വ്യവസ്ഥിതിയുടെ ആക്രമണത്തിന്റെ, സമീപകാലത്തെ മറ്റു ചില ഉദാഹരണങ്ങള്‍ കൂടി ഇവിടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കോഴിക്കോട്ടെ ചില പ്രസാധനാലയങ്ങളിലുണ്ടായ റെയ്ഡ്, തുടര്‍ന്നുണ്ടായ കേസ്, പതിനാല് പുസ്തകങ്ങള്‍ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്മൂലം മുതലായവയാണത്. അധികാരികളുടെ ഈ പുസ്തകവേട്ടയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന മാനസികവും സാമൂഹികവുമായ ചില കാര്യങ്ങളുണ്ട്. അക്ഷരവും അധികാരവും തമ്മിലുള്ള പോരാട്ടമാണ് ഇതില്‍ ഏറ്റവും പ്രധാനം. അനുബന്ധമായി മറ്റു ചില തത്വങ്ങളുമുണ്ട്.

അക്ഷരവും അധികാരവും തമ്മില്‍-

അക്ഷരത്തോടും അറിവിനോടുമുള്ള അധീശത്വത്തിന്റെ അസഹിഷ്ണുതയ്ക്ക് അധികാരത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ബൈബിളില്‍ വിത്തു വിതക്കാരന്റെ ഉപമ പറയുന്നുണ്ടല്ലോ. വചനം കേള്‍പ്പിക്കുന്നവനാണ് വിതക്കാരനെന്ന് യേശു വിശദീകരിക്കുന്നുണ്ട്. അതായത് അക്ഷരങ്ങളാണ് വിത്തുകള്‍. സെമിറ്റിക് ജനത സ്വതവേ വായിക്കുകയല്ല, കേള്‍ക്കുകയാണ് ചെയ്തിരുന്നത്. അതില്‍ ഒരു കൂട്ടം വിത്തുകള്‍ വഴിയരികില്‍ വീണുപോയപ്പോള്‍ ദുഷ്ടന്‍ വന്ന് അത് ചവിട്ടിത്തൂത്തുകളഞ്ഞെന്നാണ് യേശു പറഞ്ഞത്. അതിനദ്ദേഹം നല്‍കിയ വിശദീകരണത്തിലുള്ളത് നിങ്ങളുടെ നേതാക്കന്മാരാണ് ദുഷ്ടന്‍ എന്നതു കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കു

ന്നതെന്നായിരുന്നു. അക്ഷരത്തെ ഭയക്കുന്ന അധികാരത്തെയാണിവിടെ സൂചിപ്പിച്ചതെന്നര്‍ത്ഥം. നൂഹിന്റെ വചനം കേള്‍ക്കാന്‍ കൂട്ടാക്കാതെ വിരല്‍ ചെവിയില്‍ തിരുകിയ ജനതയെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അധികാരികളുടെ വിലക്കാണ് ഇതിനു കാരണമെന്നു വ്യക്തം. കേള്‍ക്കരുതെന്നു വിലക്കുക തന്നെയാണ് മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ കാര്യത്തിലും അന്നത്തെ അധികാരിവര്‍ഗം ചെയ്തിരുന്നതെന്ന് ചരിത്രം.ജ്ഞാനിയായ സേക്രട്ടീസ് യുവാക്കളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാരോപിച്ച് അഥീനിയന്‍ ഭരണകൂടം വിചാരണ ചെയ്തു കൊന്നു കളഞ്ഞു. ചിന്തകളെയാണ് അവിടെയും ഭരണകൂടം ഭയപ്പെട്ടത്. സോക്രട്ടീസ് ഏഥന്‍സിലെ വരേണ്യപാരമ്പര്യത്തെ നിരാകരിച്ചു. പ്രമാണിമാരുടെ ദൈവങ്ങളെ തകര്‍ത്തു. പരമ്പരാഗതവും ദേശീയവുമായ പാഠങ്ങളെ നിരൂപണബുദ്ധിയോടെ സമീപിക്കാന്‍ യുവജനതയെ പ്രാപ്തരാക്കി. ഉജ്വലവും വിപ്ലവാത്മകവുമായ ഈ ചിന്തകള്‍ അധികാരികളുടെ സ്വാസ്ഥ്യം കെടുത്തി. വിചാരണയിലും വധശിക്ഷയിലും പ്രതിഫലിച്ചത് അക്ഷരങ്ങളോടും ചിന്തകളോടുമുള്ള ഈയസഹിഷ്ണുത തന്നെയായിരുന്നെന്നു വേണം മനസ്സിലാക്കാന്‍. അന്നത്തെ ആത്മീയാചാര്യന്മാരും മതനേതാക്കന്മാരും കൂട്ടുണ്ടായിരുന്നു ഈ അക്ഷരഹത്യയ്ക്ക്.

ഭീതിയും ഭീതിയുടെ ഉല്‍പാദനവും-

മൂലധനകേന്ദ്രിതമായ ഇന്നത്തെ അധികാരഘടനയ്‌ക്കെതിരെ ശക്തമായ ആശയപ്രതിരോധം സൃഷ്ടിക്കുന്നവരാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. അതിനാല്‍ ആഗോളതലത്തില്‍ത്തന്നെ അധീശത്വം ഇസ്ലാമിനെ വികൃതമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

മുതലാളിത്തത്തിന്റെ ആരംഭദശയില്‍ത്തന്നെ അതിന്റെ ചൂഷണസ്വഭാവത്തെ തുറന്നു കാട്ടി, അടിസ്ഥാനവര്‍ഗത്തിന്റെ ബദല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച കമ്യൂനിസ്റ്റ് ദര്‍ശനത്തിനെതിരെ അധികാരികള്‍ നടത്തിയ പ്രചാരണങ്ങളെ പ്രതിപാദിക്കുന്നുണ്ട് കമ്യൂനിസ്റ്റ് മാനിഫെസ്റ്റോയില്‍. അത് തുടങ്ങുന്നതു തന്നെ യൂറോപ്പിനെ ബാധിച്ചിരിക്കുന്ന കമ്യൂനിസ്റ്റ് ദുര്‍ഭൂതത്തെസ്സംബന്ധിച്ച മുതലാളിത്ത പ്രചാരണത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. എതിര്‍ക്കുന്നവരെസ്സംബന്ധിച്ച് ഭീതി വളര്‍ത്താനുള്ള ശ്രമം പണ്ടേയുള്ളതാണ്. ദൈവികദര്‍ശനത്തെ, അതിന്റെ രാഷ്ട്രീയ പ്രയോഗത്തിന് ഊന്നല്‍ നല്‍കി ആവിഷ്‌കരിക്കാന്‍ ശ്രമിച്ച, ആധുനിക ഇസ്ലാമിക പ്രസ്ഥാനാചാര്യന്മാരായ മൗദൂദിയുടെയും ഖുത്വുബിന്റെയുമൊക്കെ ചിന്തകള്‍ പ്രതിരോധത്തിന്റെ ദൈവശാസ്ത്രത്തെക്കുറിച്ച വെളിവു നല്‍കിയതോടെ, അവരുടെ ആധാരമായ ഇസ്ലാമിനെക്കുറിച്ച് പലതരം ആശങ്കകള്‍ സൃഷ്ടിക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വം ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഫലമായി വളര്‍ന്നുവന്ന ഇസ്ലാം ഭീതി പ്രസാധനാലയങ്ങളിലുള്ള റെയ്ഡ് മുതല്‍ പതിനാല് പുസ്തകങ്ങളെക്കുറിച്ച അഫിഡവിറ്റ് വരെയുള്ള കാര്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്.

ദൈവികദര്‍ശനത്തിന്റെ പ്രബോധനമായ പുസ്തകങ്ങള്‍ അധീശത്വത്തിന്റെ നിരാകരണമാണ്. ഇതാണ് ഇസ്ലാം ഭീതിയുടെ പ്രാദുര്‍ഭാവത്തിന്റെ നിമിത്തം. നിരാകരണങ്ങളെ സ്വയം ഭയപ്പെടുകയന്നത് അന്യായമായ അധികാരപ്രയോഗത്തിന്റെ വക്താക്കളുടെ സഹജസ്വഭാവമാകുന്നു. യഥാര്‍ത്ഥത്തില്‍ കര്‍ക്കശമായ അധികാരസംസ്ഥാപനം തന്നെ ഭീതിയുടെ പ്രത്യക്ഷമത്രേ. അതിനാല്‍ത്തന്നെ നിരാകരണത്തിന്റെ ശക്തികളെസ്സംബന്ധിച്ച് പല തരത്തിലുള്ള ഭയപ്പാടുകള്‍ സൃഷ്ടിക്കാന്‍ അധീശത്വം ശ്രമിച്ചു കൊണ്ടേയിരിക്കും. പുസ്തകങ്ങളോടുള്ള വിരോധത്തിനു പിന്നില്‍ ഇതും ഒരു ഘടകമായി വര്‍ത്തിക്കുന്നുണ്ടാവാം.

സംശയങ്ങളുടെ പ്രജനനം-

ജനതയെ ഭിന്നിപ്പിക്കല്‍ അധികാരാസക്തരുടെ പൊതുവായ നിലപാടാണ്. ഇതിന്റെ പ്രധാനപടിയാണ് സമൂഹങ്ങള്‍ക്കിടയില്‍ പരസ്പരം സംശയം ജനിപ്പിക്കല്‍. ഇതിനു വേണ്ടി പ്രയോഗിക്കാറുള്ള തന്ത്രങ്ങളെയും പതിനാല് പുസ്തകങ്ങളെപ്പറ്റിയുള്ള അഫിഡവിറ്റില്‍പ്പറഞ്ഞ ചില കാര്യങ്ങളില്‍ കാണാന്‍ കഴിയും. രണ്ട് പുസ്തകങ്ങളുടെ കാര്യത്തില്‍ വിശ്വാസപരമായി ഇസ്ലാമിനും ക്രിസ്തുമതത്തിനുമിടയില്‍ നിലനില്‍ക്കുന്ന ഭിന്നതകളെ പെരുപ്പിച്ചു കാട്ടുന്ന പരാമര്‍ശങ്ങളുണ്ട്. പൊതുവായി ഓരോ മതത്തിന്റെയും വിശ്വാസകാര്യങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍ മറ്റു മതസ്ഥരില്‍ യാതൊരാശങ്കയും ജനിപ്പിക്കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ പ്രത്യേകം അടര്‍ത്തിയെടുത്ത് പൂര്‍വാപരബന്ധമില്ലാതെ ഉദ്ധരിച്ചാല്‍ ചിലപ്പോള്‍ മൂലകൃതിയില്‍ ആ കാര്യങ്ങളുടെ പരാമര്‍ശം കൊണ്ടുള്ള ഉദ്ദേശ്യം പോലും ചിലപ്പോള്‍ മാറിപ്പോകാം. മറ്റൊരു ജനതയില്‍ ഇവര്‍ തങ്ങളുടെ ശത്രുക്കളാണെന്ന ബോധം സൃഷ്ടിക്കാന്‍ പോലും അത് കാരണമായേക്കാം.

ജഅ്ഫര്‍ ബ്‌നു അബീത്വാലിബിന്റെ നേതൃത്വത്തില്‍ അബിസീനിയയിലേക്ക് ഹിജ്‌റ പോയ മുസ്ലിം സംഘത്തെ അവിടെ നിന്നു പുറത്താക്കണമെന്നാവശ്യപ്പട്ട് ഖുറൈശി പ്രതിനിധിയായ അംറ് ബ്‌നു ആസ് അബിസീനിയന്‍ രാജാവായ നജ്ജാശിയോടു സംസാരിച്ചപ്പോള്‍, എന്തിന്റെ പേരിലാണ് തങ്ങള്‍ ജന്മനാടുപേക്ഷിച്ചു പോരേണ്ടിവന്നതെന്ന് ജഅ്ഫര്‍ വിവരിച്ചു. ഇതു കേട്ട രാജാവ് അവരെ നാട്ടില്‍ നിന്നു പുറത്താക്കാന്‍ തയ്യാറായില്ല. അതേത്തുടര്‍ന്ന് അംറ് പ്രയോഗിച്ച തന്ത്രം ഇതു തന്നെയായിരുന്നു. യേശുവിനെക്കുറിച്ച ഇവരുടെ വിശ്വാസമെന്തെന്നു ചോദിക്കാന്‍ അംറ് രാജാവിനോടു പറഞ്ഞു. അതു മാത്രമായിട്ടു കേള്‍ക്കുമ്പോള്‍ ക്രിസ്ത്യാനിയായ രാജാവ് അസ്വസ്ഥനാകുമെന്നും മുസ്ലിം സംഘത്തെ പുറത്താക്കുമെന്നുമായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ തന്ത്രം മനസ്സിലാക്കിയ ജഅ്ഫര്‍ തന്ത്രപൂര്‍വ്വം തന്നെ പ്രതികരിച്ചത് ചരിത്രം.

സമാനമായ സ്വഭാവത്തിലാണ് അഫിഡവിറ്റില്‍ വരികളുദ്ധരിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശുമരണം, ത്രിയേകത്വം മുതലായ കാര്യങ്ങളില്‍ ഇസ്ലാം, ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നത അല്‍പം വിവരമുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും രണ്ടു സമൂഹങ്ങളും ഒന്നായി സൗഹൃദത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കുന്നുമുണ്ട്. എന്നല്ല, ലോകത്തൊരിടത്തും ഈ വിശ്വാസഭിന്നതയുടെ പേരില്‍ ഒരു കലാപവുമരങ്ങേറിയിട്ടില്ല. എന്നിരിക്കേ, ഇപ്പോള്‍ മുകളില്‍റഞ്ഞതു പ്രകാരം ഉദ്ധരിക്കുന്നത്, തീര്‍ച്ചയായും ഇരു സമൂഹങ്ങളുടെയും സൗഹൃദത്തെതകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടിത്തന്നെയാണ്. ഇപ്രകാരം അവിശ്വാസം ജനിപ്പിക്കുന്ന പ്രക്രിയ കൂടി പുസ്തകങ്ങള്‍ക്കെതിരായ നീക്കത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

എന്തായാലും, വിമോചനത്തിന്റെ ആയുധങ്ങളാണ് പുസ്തകങ്ങള്‍. താളില്‍ വിഷം പുരട്ടിയും നിരോധമേര്‍പ്പെടുത്തിയും അവയില്‍ നിന്ന് മനുഷ്യനെ അകറ്റാനുള്ള തന്ത്രങ്ങളുടെ പ്രയോഗത്തിന് ചിന്തകളുടെ ഉല്‍ഭവത്തിന്റെ അത്ര തന്നെ പഴക്കമുണ്ട്. ജീവിതത്തെ അധീനപ്പെടുത്താനുള്ള അധീശശ്രമങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ അക്ഷരങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞേ പറ്റൂ. അധികാരത്തിനെതിരെ അക്ഷരങ്ങളുടെ പക്ഷത്തു നില്‍ക്കാനും അക്ഷരവൈരികളായ അക്രമികളെ തിരിച്ചറിയാനും നമുക്കു കഴിയുക എന്നത് വളരെ പ്രധാനമാണ്.

പുറത്താക്കപ്പെട്ടത് മഹാബലിയോ ധുന്ധുവോ?

Picture of The Lion Gate - Hittite Capital Hattusa 3

മഹാബലി പുരാണത്തെക്കുറിച്ചുള്ള ചില വര്‍ത്തമാനങ്ങള്‍ പങ്കു വെക്കാം. യഥാര്‍ത്ഥത്തില്‍ ഓണവും മഹാബലിയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നും പ്രാചീന കാലം മുതല്‍ക്ക് കേരളത്തില്‍ നിലനിന്നിരുന്ന കൊയ്ത്തുല്‍സവത്തിലേക്ക് മാവേലി മിത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നുമാണ് ഇതെഴുതുന്നയാളുടെ ധാരണ.

ഉത്തരേന്ത്യയിലും ഹിന്ദുപുരാണങ്ങളിലും ഇത് വാമനമിത്താണ്. അതായത് കഥയിലെ Protagonist അഥവാ നായകന്‍ വാമനനാണ്. മഹാബലി പ്രതിനായകനും (Antagonist). വില്ലന്‍ എന്നു പറയാം. ആര്യപുരാണത്തിലെ പ്രതിനായകനെ കേരളം നായകനാക്കി മാറ്റിയതിന്റെ ചരിത്രം പഠനവിധേയമാക്കേണ്ടതാണ്. എന്നാല്‍ ആര്യപുരാണത്തിലെ വാമനചരിതത്തില്‍ മഹാബലി തന്നെയാണോ വില്ലന്‍ എന്ന് ഉറപ്പിച്ചു പറയാന്‍ വയ്യ. ഭാഗവതത്തിലാണ് ഈ റോളില്‍ മഹാബലി കടന്നു വരുന്നത്. മഹാബലി, എല്ലാവര്‍ക്കുമറിയാവുന്നതു പോലെ ഒരു അസുര ചക്രവര്‍ത്തിയാണ്. എന്നാല്‍ പത്മപുരാണത്തിലെ വാമനകഥയില്‍ ഇതേ ഭാഗത്ത് വരുന്നത് ധുന്ധു എന്ന രാജാവാണ്. ധുന്ധു ആകട്ടെ, അസുരനല്ല. മറിച്ച് ദാനവനാണ്. ഭാഗവതത്തിലെ കഥയില്‍ നര്‍മദാ തീരത്തെ ഭൃഗുകച്ഛകം എന്ന സ്ഥലത്ത് യാഗം നടത്തുകയായിരുന്നു മഹാബലി. യഥാര്‍ത്ഥത്തില്‍ ഈ പുരാണകഥയുടെ സ്ഥലപരിസരം കേരളമല്ല. ഇന്ന് കേരളവും കര്‍ണാടകത്തിലെ കൊങ്കണ്‍ മേഖലയുമായിത്തീര്‍ന്ന പ്രദേശങ്ങള്‍ കടലില്‍ നിന്ന് ഉയര്‍ന്നു വന്നത് പരശുരാമന്‍ മഴു (മുറം എന്ന് പാഠഭേദം) എറിഞ്ഞിട്ടാണെന്നാണല്ലോ പുരാണം. വാമനാവതാരം നടക്കുന്നത് പരശുരാമന് മുമ്പാണ്. കേരളം ഭരിച്ച രാജാവായി മഹാബലിയെ പുരാണങ്ങള്‍ അടയാളപ്പെടുത്തുന്നേയില്ലെന്നര്‍ത്ഥം. യാഗസ്ഥലത്തേക്കു വന്ന വാമനന്‍ മൂന്നടി മണ്ണ് ചോദിക്കുകയും ദാനശീലനും ഉല്‍കൃഷ്ടനുമായ ബലി ഉടന്‍ സമ്മതിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കുള്ളനായിരുന്ന ബ്രാഹ്മണന്‍ പെട്ടെന്ന് ആകാശത്തോളം വളര്‍ന്ന് ഒരടിയാല്‍ സ്വര്‍ഗവും രണ്ടാമത്തെ ചുവടില്‍ ഭൂമിയും അളന്നെടുത്തതോടെ വാക്കു പാലിക്കുന്നതില്‍ കണിശക്കാരനായ ബലി (ആര്യന്മാര്‍ക്ക് ബലി വില്ലനാണെങ്കിലും അദ്ദേഹത്തിന്റെ മഹത്വങ്ങളും ഗുണങ്ങളും അവര്‍ അംഗീകരിക്കുന്നുണ്ട്) മൂന്നാമത്തെ ചുവടിന് തന്റെ തല താഴ്ത്തിക്കൊടുത്തതോടെ അതിനകം വിരാട് രൂപം പ്രാപിച്ചിരുന്ന വാമനന്‍ തന്റെ പാദസ്പര്‍ശത്താല്‍ ബലിയെ അനുഗ്രഹിച്ച് പിതാമഹനായ പ്രഹ്ലാദനോടൊത്ത് സ്വര്‍ഗത്തെക്കാള്‍ മഹത്തരമായ സുതലത്തിലേക്കാനയിച്ചു എന്നാണ് ഭാഗവത കഥ.

1620700_735516929904966_5967930259310958423_nപത്മപുരാണപ്രകാരം ധുന്ധുവിന്റെ അടുത്തേക്കു വന്ന വാമനന്‍ തന്നെ ജ്യേഷ്ഠന്‍ പുറത്താക്കിയെന്ന കള്ളക്കഥ പറഞ്ഞ് സ്ഥലം ചോദിക്കുന്നതായാണ് കഥ. ബാക്കി മഹാബലിക്കഥയിലേതു തന്നെ.

എന്നാല്‍ ബലി സുതലത്തിലേക്കാനയിക്കപ്പെടുകയാണുണ്ടായതെങ്കില്‍ ധുന്ധു പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയാണ് ചെയ്തത്. അതിശക്തനും കൂടിയായിരുന്നു ധുന്ധു എന്നാണ് സങ്കല്‍പം. മഹാബലിയുടെ പ്രപിതാമഹന്‍ ഹിരണ്യ കശിപു (കശിപുവിന്റെ മകന്‍ പ്രഹ്ലാദന്റെ മകന്‍ വിരോചനന്റെ മകനാണ് ബലി) ധുന്ധുവിന്റെ ആശ്രിതനായിരുന്നെന്നും പദ്മപുരാണം പറയുന്നു.

ഇവിടെ ഈ കഥകള്‍ പരിശോധിച്ചത് ഇന്ത്യയിലേക്ക് കടന്നു വന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ ചരിത്രത്തിലേക്ക് ഇത് വെളിച്ചം വീശുന്നുണ്ട് എന്നു തോന്നിയതിനാലാണ്. ദേവന്മാരുടെ നേതാവായ ഇന്ദ്രന്റെ അനുജനായി ഭഗവാന്‍ വിഷ്ണു പിറന്നതാണ് വാമനന്‍ എന്നാണ് കഥ. ഇവിടെ മൂന്ന് വര്‍ഗങ്ങളെ നാം പരിചയപ്പെടുന്നുണ്ട്. ഒന്ന് ദേവന്‍ തന്നെ. കഥയിലെ പ്രോട്ടഗോണിസ്റ്റ് ദേവനാണ്. ആന്റഗോണിസ്റ്റ് ബലി ആണെങ്കില്‍ അസുരനും ധുന്ധു ആണെങ്കില്‍ ദാനവനുമാണ്. ആരാണ് ദേവന്‍, ആരാണ് അസുരന്‍, ആരാണ് ദാനവന്‍ എന്നതാണ് ഇവിടെ അന്വേഷണ വിഷയം. പലപ്പോഴും ചരിത്രം തന്നെയാണ് പില്‍ക്കാലത്ത് മിത്തുവല്‍ക്കരിക്കപ്പെടാറുള്ളത്.

ആര്യന്മാരുടെ അധിനിവേശകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന അധികാരവും സംസ്‌കാരവും ദ്രാവിഡജനവിഭാഗങ്ങളുടേതായിരുന്നു. എന്നാല്‍ ദ്രാവിഡന്മാരും ഏഷ്യാമൈനറില്‍ നിന്നും കടന്നു വന്നവരാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി വാസമുറപ്പിച്ചത് ആഫ്രിക്കയില്‍ നിന്നു വന്ന നീഗ്രോയ്ഡുകളും ആസ്‌ത്രേലിയയില്‍ നിന്നു വന്ന ആസ്ത്രലോയ്ഡുകളുമായിരുന്നെന്നു പറയപ്പെടുന്നു. ദ്രാവിഡന്മാര്‍ അധികാരം സ്ഥാപിച്ചതോടെ ഇവര്‍ ശിഥിലരായിത്തീര്‍ന്നു. ആന്‍ഡമാന്‍ ദ്വീപിലെ തദ്ദേശവാസികള്‍ നീഗ്രോയ്ഡ് വിഭാഗത്തിലും മധ്യേന്ത്യയിലെ ഗിരിവംശജരും ശ്രീലങ്കയിലെ വെദ്ധകളും ആസ്ത്രലോയ്ഡ് വിഭാഗത്തിലും പെട്ടവരാണത്രേ. ദ്രാവിഡന്മാര്‍ സിന്ധു തടങ്ങളില്‍ മഹത്തായ ഒരു നാഗരികതയും സംസ്‌കാരവും പടുത്തുയര്‍ത്തി. എന്നാല്‍ സിന്ധു നദീതട സംസ്‌കാരം രൂപപ്പെടുന്നത് ബി.സി.ഇ 3300 ലാണ്. അതിനും മുമ്പ് ഇവിടുത്തെ പൂര്‍വവാസികള്‍ ബി.സി.ഇ 7000 മുതല്‍ തുടങ്ങിയതും 2500 വരെ നിലനിന്നിരുന്നതുമായ ഒരു സംസ്‌കാരം കെട്ടിപ്പടുത്തിരുന്നു. മെഹര്‍ഗഢ് സംസ്‌കാരം എന്നറിയപ്പെടുന്ന ഇത് ഇന്നത്തെ പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ബോളാന്‍ ചുരത്തോടു ചേര്‍ന്ന് കച്ച് മേഖലയിലാണ് നിലനിന്നിരുന്നത്. തെക്കേ ഏഷ്യയില്‍ കൃഷിയും കാലിവളര്‍ത്തലും ആരംഭിച്ചത് മെഹര്‍ഗഢ് വാസികളാണ് എന്നാണ് കരുതപ്പെടുന്നത്.

പാകിസ്ഥാനിലെത്തന്നെ മോഹഞ്‌ജൊദാരൊ, ഹരപ്പാ, ലോത്തല്‍ തുടങ്ങിയ നഗര കേന്ദ്രങ്ങളില്‍ വളര്‍ന്നു വന്ന ദ്രാവിഡസംസ്‌കാരത്തിന്റെ വികാസത്തോടെ മെഹര്‍ഗഢിലെ പൗരാണിക കര്‍ഷകഗ്രാമസംസ്‌കാരം തകര്‍ന്നു. സിന്ധു നാഗരികതയാകട്ടെ, ബി.സി.ഇ 3300 മുതല്‍ 1200 വരെ നിലനിന്നു. ആര്യന്മാരുടെ വരവും സിന്ധു നദിയിലുണ്ടായ പ്രളയവും നിമിത്തം പിന്നീടതും ക്ഷയിച്ചു. ദക്ഷിണേന്ത്യയിലേക്കാണ് അവര്‍ പലായനം ചെയ്തത്. ദക്ഷിണേന്ത്യയിലെ മലയാളികള്‍, കന്നഡികര്‍, തമിഴര്‍, തെലുങ്കര്‍, തുളുവര്‍ എന്നിവര്‍ക്കു പുറമേ പാകിസ്ഥാനിലെ പ്രഹൂയികളും ബീഹാറിലും ഒറീസ്സയിലും ബംഗ്ലാദേശിലും നേപ്പാളിലും മറ്റുമുള്ള ഖുരുക്ക് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും ദ്രാവിഡരുടെ പിന്മുറക്കാരാണെന്നു കരുതാം.

മധ്യപൂര്‍വദേശത്തു നിന്നും കുടിയേറിയ ആര്യന്മാര്‍ ഇവിടുത്തെ പൂര്‍വ ജനതകളുമായി ഇണങ്ങിച്ചേര്‍ന്നിരുന്നില്ല. ശ്രേഷ്ഠന്‍ എന്ന അര്‍ത്ഥത്തില്‍ ആര്യന്‍ എന്ന് സ്വയം വിളിച്ചിരുന്ന ആ ജനത മറ്റുള്ളവരെ അധഃകൃത സമൂഹമായും ജാതിഭ്രഷ്ടരായുമാണ് കണക്കാക്കിയിരുന്നത്.

trivikrama
ത്രിവിക്രമ വാമനൻ

ഇനി നമുക്ക് വാമനകഥയിലേക്കു തന്നെ തിരികെ പോകാം. തങ്ങളുടെ ദൈവമായ മഹാവിഷ്ണുവിനെ ആര്യന്മാര്‍ ത്രിവിക്രമനായി സങ്കല്‍പിച്ചിരുന്നു. ത്രിവിക്രമനായ വിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. മൂന്ന് ചുവടുകളിലൂടെ മഹാവിഷ്ണു ലോകത്തെത്തന്നെ ദേവന്മാര്‍ക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തു എന്ന വിശ്വാസമാണ് വാമനമിത്തിന്റെ ഉറവിടം. ഈ മൂന്നു ചുവടുകളെ ഇന്ത്യയിലെ ആര്യന്മാരുടെ സഞ്ചാരവുമായി താരതമ്യം ചെയ്യാം. ഇന്‍ഡോ യൂറോപ്യന്‍ വംശജരാണ് ആര്യന്മാര്‍. ഇന്ത്യയിലേക്കവര്‍ വന്നത് ഇറാനില്‍ നിന്നാണ്. ഇറാനിലെ സരതുഷ്ട്രമതക്കാരുടെ വേദഗ്രന്ഥമായ അവെസ്തയില്‍ ജനതയുടെ ആദ്യകാല വാസസ്ഥലത്തെ ആര്യാനാം വേജാഹ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഇറാന്‍ എന്ന പദം തന്നെ ആര്യാന എന്നതില്‍ നിന്നുല്‍ഭവിച്ചതാണ്. യൂറോപ്പില്‍ നിന്ന് കാബൂള്‍ നദിക്കരയിലേക്കുള്ള പലായനമാണ് ത്രിവിക്രമനായ വിഷ്ണുവിന്റെ ഒന്നാമത്തെ ചുവട്. അവിടെ നിന്ന് ഇറാനിലേക്കുള്ളത് രണ്ടാമത്തേത്. പിന്നെ അവിടുന്ന് സിന്ധു നദിക്കരയിലേക്കുള്ളത് മൂന്നാമത്തേതും. ഈ സങ്കല്‍പമാണ് വാമനന്റെ മൂന്ന് ചുവടുകളായി അവതരിപ്പിക്കപ്പെട്ടത്.

അങ്ങനെ വരുമ്പോള്‍ സിന്ധു തടം അന്ന് ഭരിച്ചിരുന്നത് ആരായിരുന്നു? അസുരനോ അതോ ദാനവനോ? അസുരന്‍ എന്ന് ഭാഗവതവും ദാനവന്‍ എന്ന് പത്മപുരാണവും പറയുന്നു. ഇവിടെയാണ് ഈ ദേവനും അസുരനും ദാനവനും ആരായിരുന്നു എന്ന അന്വേഷണം പ്രസക്തമാകുന്നത്.

ഇറാനില്‍ അധിവസിച്ചിരുന്ന ആര്യന്മാര്‍ക്കിടയില്‍ രൂപപ്പെട്ട കിടമല്‍സരങ്ങളാണ് ദേവാസുരപുരാണങ്ങളുടെ യഥാര്‍ത്ഥ ആധാരം എന്നു കരുതുന്നവരുണ്ട് (കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.ടി രവിവര്‍മയുടെ ഋഗ്വേദം മുതല്‍ ഓണപ്പാട്ടുകള്‍ വരെ എന്ന പുസ്തകം വായിക്കുക). അപ്പോള്‍ ദേവന്‍ ഇന്ത്യന്‍ ആര്യനും അസുരന്‍ ഇറാനിയന്‍ ആര്യനുമാണ്. ഒരേ വര്‍ഗത്തില്‍പ്പെട്ടവരാണല്ലോ രണ്ടു കൂട്ടരും. പുരാണമനുസരിച്ച് ലോകത്തിലെ സകല നരവര്‍ഗങ്ങളുടെയും ആദിപിതാവ് കശ്യപ പ്രജാപതിയാണ്. കശ്യപന്റെ വ്യത്യസ്ത ഭാര്യമാരില്‍ നിന്നാണ് വ്യത്യസ്ത വര്‍ഗങ്ങളുല്‍ഭവിക്കുന്നത്. ഈ ഭാര്യമാരില്‍ സഹോദരികളായ ദിതി, അദിതി എന്നിവരുടെ മക്കളാണ് ദൈത്യന്മാരും (അസുരന്മാര്‍) ആദിത്യന്മാരും (ദേവന്മാര്‍). ഈ സങ്കല്‍പം രണ്ട് വിഭാഗങ്ങളുടെയും വംശബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഇറാനിയന്‍ പുരാണങ്ങളില്‍ നന്മയുടെ വക്താക്കളായി അഹുരന്മാരും തിന്മയുടെ ശക്തികളായി ദേവന്മാരുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നത് ഇതിന് തെളിവാണ്. നേരെ തിരിച്ചാണല്ലോ ഇന്ത്യന്‍ പുരാണങ്ങള്‍. സെന്ദ് ഭാഷയിലെ അഹുരനാണ് സംസ്‌കൃതത്തില്‍ അസുരനായിത്തീര്‍ന്നത്. ഈ ഭാഷകള്‍ തമ്മില്‍ ഒരു പാട് ചേര്‍ച്ചകളുണ്ട്. ഒപ്പം പ്രധാന വ്യത്യാസം പൗരാണിക ഇറാനിലെ സെന്ദ് ഭാഷയിലെ ഹ എന്ന വര്‍ണം സംസ്‌കൃതത്തില്‍ സ ആയി മാറുന്നു എന്നതാണ്. നേരെ തിരിച്ചുമതെ. നമ്മുടെ സിന്ധു ഇറാനികള്‍ക്ക് ഹിന്ദു ആയത് അങ്ങനെയാണല്ലോ. ഭാഷയില്‍ അസുരന്‍ എന്നത് ഒരു മോശം പദമല്ല താനും. അപ്പോള്‍ ദേവാസുരന്മാര്‍, അഥവാ സഹോദരിമാരുടെ മക്കള്‍ ആയി പുരാവൃത്തവല്‍ക്കരിക്കപ്പെട്ടത് ഇന്ത്യന്‍ ആര്യനും ഇറാനിയന്‍ ആര്യനുമായിരുന്നെന്നര്‍ത്ഥം. തോറ്റോടിയവരാണ് ഇന്ത്യന്‍ ആര്യന്മാര്‍ എന്നും കരുതാം. പുരാണങ്ങളിലെ ദേവാസുര സംഘര്‍ഷങ്ങളില്‍ പലപ്പോഴും തോല്‍വി സംഭവിക്കാറുള്ളത് ദേവന്മാര്‍ക്കാണ്. പിന്നീടാണ് മഹാവിഷ്ണുവിന്റെ ഇടപെടലുണ്ടാവുക. അതോടെ അസുരന്‍ പരാജയപ്പെടുന്നു. ഇതാകട്ടെ, ഇറാനിലെ തങ്ങളുടെ സഹോദരര്‍ തന്നെയായ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച അവരുടെ സ്വപ്‌നമായിരുന്നുവെന്നു കരുതാം.

അധിവാസത്തിന് പുതിയ ഇടം നല്‍കിയതും തങ്ങളുടെ ദേവനായ മഹാവിഷ്ണുവായിരുന്നെന്ന് ആര്യന്മാര്‍ കരുതുന്നു. അതിന്റെ ആധാരത്തിലാണ് വിഷ്ണുവിന് ത്രിവിക്രമ രൂപമുണ്ടാവുന്നത്. അതാണ് വാമന കഥയിലുള്ളത്. എന്നാല്‍ സിന്ധു തടത്തില്‍ അവര്‍ക്ക് നേരിടാനുണ്ടായിരുന്നത് അസുരനെയായിരുന്നില്ലെന്നിരിക്കേ, ബലി എന്ന അസുരന്‍ എങ്ങനെ ഈ കഥയില്‍ വില്ലനായി വന്നു എന്നു ചിന്തിക്കേണ്ടതാണ്.

അവിടെയാണ് പത്മപുരാണത്തിലെ ആഖ്യാനത്തിന്റെ പ്രസക്തി. അതിലെ ധുന്ധു എന്ന രാജാവ് ദാനവനാണെന്നു പറഞ്ഞല്ലോ. കശ്യപപ്രജാപതിക്ക് ദനു, ദയ എന്നിവരിലുണ്ടായ മക്കളാണ് ദാനവന്മാര്‍ എന്നാണ് പുരാണം. ഈ ദാനവനാവണം വാമനകഥയായി മാറിയ ചരിത്രത്തിലെ യഥാര്‍ത്ഥ കഥാപാത്രം. ദാനവന്‍ ദ്രാവിഡനാണെന്നു കരുതാം. പുരാണത്തില്‍ത്തന്നെ വിവരിക്കുന്ന ധുന്ധുവിന്റെ ഗുണഗണങ്ങള്‍ അന്ന് നിലനിന്നിരുന്ന ദ്രാവിഡ സംസ്‌കാരത്തിന്റെ മഹത്വത്തെയാവാം സൂചിപ്പിക്കുന്നത്. എന്നുവെച്ചാല്‍ വാമനന്‍ പുറത്താക്കിയത് ബലിയെയല്ല, ധുന്ധുവിനെയാണെന്നര്‍ത്ഥം.

എന്നാല്‍ കൂടുതല്‍ പ്രചാരവും അംഗീകാരവും ലഭിച്ചത് ഭാഗവതത്തിലെ ആഖ്യാനത്തിനാണ്. അതിനാല്‍ത്തന്നെ വാമനകഥയിലെ വില്ലനായി ബലി അംഗീകരിക്കപ്പെട്ടു. കേരളത്തിലെ മാവേലിക്കഥയിലും ബലിയാണ് കഥാപാത്രമെങ്കിലും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുക എന്ന സങ്കല്‍പം പത്മപുരാണത്തല്‍ നിന്ന് വന്നതാണ്. ഭാഗവതത്തില്‍ ബലി ചവിട്ടിത്താഴ്ത്തപ്പെടുകയല്ല, സുതലത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ് ചെയ്തത്.

ഈ വില്ലന്‍, പക്ഷേ മലയാളികള്‍ക്കെങ്ങനെ നായകനായിത്തീര്‍ന്നു? രണ്ടു കാരണങ്ങളാവാം. ഒന്ന് മലയാളിയുടെ ദ്രാവിഡ പാരമ്പര്യം തന്നെ. രണ്ടാമത്തേത്, ബലിയെത്തന്നെ മാവേലിയാക്കി മാറ്റി തദ്ദേശവല്‍ക്കരിച്ച മലയാളി പൂര്‍വകാലത്ത് വച്ചു പുലര്‍ത്തിയിരുന്ന സാമൂഹിക ബോധം. അടിച്ചമര്‍ത്തപ്പെട്ടവനോടുള്ള ആഭിമുഖ്യം. അതോടൊപ്പം കള്ളത്തരങ്ങളില്ലാത്ത ഒരു പൂര്‍വകാലത്തെക്കുറിച്ച, ചരിത്രപരമോ അല്ലാത്തതോ ആയ ഗൃഹാതുരത്വം. അതോടൊപ്പം നൈതികമായ ഒരു ജീവിതവ്യവസ്ഥയെക്കുറിച്ച സ്വപ്‌നങ്ങളും. അത്തരത്തിലുള്ള തന്റെ സ്വപ്‌നങ്ങള്‍ക്ക് ദൈവങ്ങള്‍ തന്നെ എതിരായി നില്‍ക്കുന്നതിലുള്ള പ്രതിഷേധവും കൂടിയാവാം മാവേലിയെക്കുറിച്ച വാഴ്ത്തു പാട്ടുകളായി രൂപപ്പെട്ടത്.

എന്നാല്‍ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ഓണവും മാവേലിയും തമ്മിലുള്ള ബന്ധം പില്‍ക്കാലത്തുണ്ടായതാണ്. പുരാതന കാലം മുതല്‍ക്ക് കേരളത്തില്‍ നില നിന്നിരുന്ന കൊയ്ത്തുല്‍സവവുമായാണ് ഓണാഘോഷങ്ങള്‍ ബന്ധപ്പെടുന്നത്. സത്യത്തില്‍ ചിങ്ങത്തില്‍ ഒരു മാസത്തെ ഉല്‍സവമാണ്. എന്നാല്‍ അതില്‍ത്തന്നെ തിരുവോണനാളിന് പ്രത്യേക പ്രാധാന്യം കൈവന്നതിനു പിന്നിലെ ചരിത്രപരമായ കാരണങ്ങള്‍ എന്താവാം. അതെക്കുറിച്ചും ഒരന്വേഷണം നടത്താം. പിന്നീടാവാം.

മഞ്ഞവരയ്‌ക്കു മുകളിലൂടെ ചില ജീവിതങ്ങള്‍

12359829_776305419159450_3030731378306774132_n

ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള സിനിമകള്‍ പൊതുവേ അളവറ്റ അനുഭൂതി പകര്‍ന്നു തരുന്നവയാണ്‌. ഒപ്പം ശക്തമായ രാഷ്ട്രീയ ബോധവും. പ്രത്യേകിച്ച്‌ മെക്‌സിക്കന്‍ സിനിമകള്‍. അവ ജീവിതം പറയുന്നു. അനുവാചകനുമായി ആഴത്തിലുള്ള സംവാദങ്ങളിലേര്‍പ്പെടുന്നു. നിലപാടെടുക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നു.

വേട്ടയാടുന്ന അനുഭവങ്ങളുള്ള ഒന്നു തന്നെയാണ്‌ സെല്‍സോ ആര്‍ ഗാര്‍ഷ്യ ഒരുക്കിയ The Thin Yellow Line (La Delgada Linea Amarilla) എന്ന മെക്‌സിക്കന്‍ സിനിമയും. അഞ്ച്‌ ബ്ലൂ കോളര്‍ ജോലിക്കാരുടെ യാത്രയാണ്‌ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. വ്യത്യസ്‌ത സ്വഭാവവും പശ്ചാത്തലങ്ങളുമുള്ള അഞ്ചു പേര്‍.

ഒപ്പം ഇത്‌ അന്വേഷണത്തിന്റെ സിനിമയുമാണ്‌. ചിത്രത്തിലെ പ്രധാന കഥാപാത്രമായ തോനോ എന്ന അന്റോണിയോ വര്‍ഷങ്ങളായി ഗാര്‍ഡായി ജോലി ചെയ്യുന്ന ജങ്ക്‌ യാര്‍ഡില്‍ നിന്നും പിരിച്ചു വിടപ്പെടുകയാണ്‌. ആനുകൂല്യമായി അയാള്‍ക്ക്‌ ലഭിക്കുന്നത്‌ പഴയ ഒരു ട്രക്ക്‌ മാത്രം. ഭാര്യയുടെയും മകന്റെയും പഴയ ഫോട്ടോകള്‍ സൂക്ഷിച്ചിട്ടുള്ള ഒരു പെട്ടിയാണ്‌ പിന്നെയയാളുടെ വിലപ്പെട്ട സമ്പാദ്യം. ഇനിയൊരു ജോലിയന്വേഷിക്കുന്നതിനെപ്പറ്റി അയാളോട്‌ സഹതപിച്ച മേലുദ്യോഗസ്ഥനോട്‌ അയാള്‍ വര്‍ഷങ്ങളായി താന്‍ അന്വേഷണത്തില്‍ത്തന്നെയാണെന്ന്‌ പറയുന്നുണ്ട്‌. മറ്റൊരു കഥാപാത്രമായ പാബ്ലോയോട്‌ അയാള്‍ പിന്നീട്‌ നടത്തുന്ന സംഭാഷണത്തിലാണ്‌ അയാള്‍ എന്താണ്‌ അന്വേഷിച്ചിരുന്നതെന്ന്‌ മനസ്സിലാവുന്നത്‌. സദാ വിഷാദാത്മകതയുള്ള ഒരാളാണ്‌ അന്റോണിയോ. ഇപ്പോള്‍ അയാള്‍ തൊഴിലന്വേഷണത്തിലാണ്‌. മുമ്പ്‌ ഫോര്‍മാനായി ജോലി ചെയ്‌തിരുന്ന കമ്പനിയിലെ, ഏറ്റവും മികച്ച ഒരു ഫോര്‍മാനായിരുന്നു അന്റോണിയോ എന്ന്‌ തിരിച്ചറിഞ്ഞ എഞ്ചിനീയറെ പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്ടുമുട്ടിയതോടെ മികച്ച പ്രതിഫലത്തിന്‌ പതിനഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രോജക്ട്‌ അയാള്‍ക്ക്‌ ലഭിച്ചു. ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രാന്ത്യത്തില്‍ നാം കാണുന്നത്‌ വീണ്ടും തൊഴിലന്വേഷകനായിത്തീര്‍ന്ന അന്റോണിയോയെ. ഫോര്‍മാനായി അയാള്‍ നിയോഗിക്കപ്പെടുന്ന തൊഴില്‍ സംഘത്തിലോരോരുത്തര്‍ക്കുമുണ്ട്‌ ഇത്തരം അന്വേഷണകഥകള്‍.

the_thin_yellow_line_stillരണ്ട്‌ മെക്‌സിക്കന്‍ ഗ്രാമങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന റോഡിന്റെ നടുവില്‍ മീഡിയന്‍ ലൈന്‍ വരക്കുക എന്നതാണ്‌ ജോലി. ഇരുനൂറ്റിപ്പതിനേഴ്‌ കിലോമീറ്റര്‍ നീളത്തില്‍ നേരിയ മഞ്ഞ വര വരയ്‌ക്കണം. മഴ തുടങ്ങുന്നതിനു മുമ്പ്‌ വരച്ചു തീരേണ്ടതുള്ളതിനാല്‍ പതിനഞ്ച്‌ ദിവസം മാത്രമേ സമയമുള്ളൂ. തോനോയൊടൊപ്പമുള്ളത്‌ ഈ ജോലിയില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത നാലു പേരാണ്‌. പൊക്കം കുറഞ്ഞ്‌ ദൃഢഗാത്രനായ അത്തായ്‌ദേ എന്ന മുന്‍ സര്‍ക്കസ്‌ സ്റ്റേജ്‌ ഹാന്റ്‌, പൊണ്ണത്തടിയനായ ഗബ്രിയേല്‍, മാരിയോ എന്ന ദോഷൈകദൃക്ക്‌ പിന്നെ, ഉള്ളില്‍ കലാപത്തിന്റെ തീ കൊണ്ടു നടക്കുന്നവന്‍ എന്ന്‌ തോന്നിക്കുന്ന പാബ്ലോ എന്ന കൗമാരക്കാരന്‍ എന്നിവരാണവര്‍.

പതിനഞ്ച്‌ ദിവസം കൊണ്ട്‌ ഇരുനൂറ്റിപ്പതിനേഴ്‌ കിലോമീറ്റര്‍ നടന്ന്‌ പണിയെടുക്കുക എന്നത്‌ എളുപ്പമുള്ള കാര്യമല്ല. അതിനിടയിലാകട്ടെ, പലതരം അനുഭവങ്ങള്‍ അവര്‍ക്ക്‌ നേരിടേണ്ടി വരുന്നു. ഏകോപനത്തോടെ എല്ലാവരെയും ജോലി ചെയ്യിക്കുന്നതില്‍ അന്റോണിയോ വിജയിക്കുന്നുണ്ടെങ്കിലും പലതരക്കാരായ ജോലിക്കാരുടെ സ്വഭാവങ്ങളിലും പെരുമാറ്റത്തിലുമുള്ള വൈരുദ്ധ്യങ്ങള്‍ അയാളെ കുഴക്കുന്നുണ്ട്‌.

പതുക്കെ ഈ മീഡിയന്‍ ലൈന്‍ സെല്‍സോ ഗാര്‍ഷ്യയുടെ സിനിമയില്‍ ജീവിതം തന്നെയായി മാറുന്നു. ജീവിതത്തെയും മരണത്തെയും, സന്തോഷത്തെയും ദുഃഖത്തെയും ചിരിയെയും കരച്ചിലിനെയും എല്ലാത്തിലുമുപരിയായി ശരിയെയും തെറ്റിനെയും വേര്‍തിരിക്കുന്നത്‌ ഈ നേരിയ വര മാത്രമാണ്‌. ജീവിതത്തിലെ സര്‍വവൈരുദ്ധ്യങ്ങള്‍ക്കുമിടയിലുള്ള വര വളരെ നേര്‍ത്തതാണ്‌. ഈ മഞ്ഞ വരയ്‌ക്ക്‌ മുകളിലൂടെയാണല്ലോ തൊഴിലാളി സംഘത്തിന്റെ സഞ്ചാരം.

ചിക്കാഗോയിലുള്ള തന്‍രെ സഹോദരനുമായി ഒത്തു ചേരാനുള്ള ആഗ്രഹത്തോടെ അതിനു വേണ്ടി സമ്പാദിക്കുകയാണ്‌ പാബ്ലോ. അവനോടാണ്‌ തോനോ തന്റെ കഥ പറയുന്നത്‌. കല്യാണം കഴിച്ച് അധികം താമസിയാതെ അന്റോണിയോയുടെ ഭാര്യ മരിച്ചു പോയി. ഏകമകന്‍ പെട്ടെന്നൊരു നാള്‍ അപ്രത്യക്ഷനായി. യു.എസ്സിലേക്ക്‌ നാടു വിട്ടതാണെന്നും അവിടെയെവിടെയോ അവന്‍ ജീവിച്ചിരിപ്പുണ്ടെന്നും അയാള്‍ കരുതുന്നു. അവവനെ അന്വേഷിച്ചാണ്‌ തോനോയുടെ ജീവിതം മുന്നോട്ട്‌ പോവുന്നത്‌. പരുക്കനായ അയാള്‍ക്ക്‌ പാബ്ലോ മകനായിത്തീര്‍ന്നു. എന്നാല്‍ പാബ്ലോയ്‌ക്ക്‌ പണി പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഉണ്ടായിരിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. ചിക്കാഗോയിലെ സഹോദരനുമായി ഒരിക്കലും സന്ധിപ്പ്‌ സാധ്യമാകാത്ത ഒരു പരിണതി അവന്‌ വന്നു ചേര്‍ന്നു. ഹോസ്‌പിറ്റലില്‍ അവനെ കിടത്തിയ ട്രോളി മുന്നോട്ടു പോകുമ്പോള്‍ അവന്റെ കൈയില്‍ നിന്നും ഇറ്റിവീണ രക്തത്തുള്ളികള്‍ റോഡിലെ മഞ്ഞ വര പോലെ

നേര്‍ത്ത മഞ്ഞ വര കൊണ്ട്‌ ജീവിതത്തെത്തന്നെ അടയാളപ്പെടുത്തുന്ന സെല്‍സോ ഗാര്‍ഷ്യയുടെ സിനിമ ഉള്ളില്‍ വല്ലാത്തൊരു വിങ്ങല്‍ നിറയ്‌ക്കുന്നു.

അതീവ ഹൃദ്യമായ പ്രകൃതി ദൃശ്യങ്ങളിലൂടെയാണ്‌ ആ റോഡ്‌ കടന്നു പോകുന്നത്‌. ആ ദൃശ്യങ്ങളുടെ മനോഹാരിതയാകട്ടെ, പൂര്‍ണമായും ഒപ്പിയെടുത്തിട്ടുണ്ട്‌ ഗാര്‍ഷ്യ. ഒരേ സമയം ആനന്ദവും വിഷാദവുമനുഭപ്പെടുത്തുന്ന സിനിമ വളരെ നേരത്തേക്ക്‌ അനുവാചകനെ ശക്തമായി പിന്തുടരുന്നു.

ചോദ്യങ്ങളും ഉത്തരങ്ങളും

1462690_589735257758472_2019034259_o

ചോദ്യങ്ങളുടെ പ്രസക്തിയെപ്പറ്റി ചില വിചാരങ്ങളാവാം. ചോദ്യങ്ങൾ അവബോധത്തിന്റെ കവാടങ്ങളാണ്. സാമൂഹികമാറ്റത്തിന്റെ ഉപകരണങ്ങളുമാണ്. ചോദ്യങ്ങളാണ് ദാർശനികന്മാരെയും വിപ്ലവകാരികളെയും സൃഷ്ടിച്ചത്. പ്രവാചകന്മാരെ അവരുടെ സാമൂഹികദൌത്യത്തിലേക്ക് നയിച്ചതും ചോദ്യങ്ങളായിരുന്നു. ഇവിടെ പ്രവാചകന്മാർ ഏറ്റെടുത്തതും നിറവേറ്റിയതുമായ സാമൂഹിക ദൗത്യത്തെപ്പറ്റിയും നാം ചിന്തിക്കേണ്ടതാണ്. ഏത് തരം സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടിയാണ് അവര്‍ യത്‌നിച്ചിരുന്നത്? അവരില്‍ നിന്നെന്താണ് സമൂഹത്തിന് ലഭിച്ചിരുന്നത്?

പ്രവാചകന്‍ എന്ന അസ്തിത്വത്തിലേക്ക് മുഹമ്മദ് നബി ഉണരുന്നത് ഹിറാ ഗുഹയില്‍ വെച്ചാണ്. അവിടെ നബി തിരുമേനി അല്ലാഹുവിന്റെ മലക്കിനെ ദര്‍ശിച്ചു. അവിടെ വെച്ചദ്ദേഹത്തിന് ലഭിച്ച ഉല്‍ബോധനം വായിക്കുവിന്‍ (ഇഖ്‌റഅ്) എന്നായിരുന്നുവെന്നത് സുവിദിതമാണ്. നിശ്ചയമായും ‘നീ നിന്റെ ഈശന്റെ നാമത്തില്‍ വായിക്കുവിന്‍’ എന്നത് മഹത്തരമായൊരു കല്പനയായിരുന്നു. എക്കാലത്തെയും എല്ലാ മനുഷ്യര്‍ക്കും നല്‍കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കല്‍പന. മുഹമ്മദ് നബിക്കു ലഭിച്ച ഏറ്റവും പ്രഥമമായ കല്‍പനയും. ആദ്യമായി അവതരിച്ചിട്ടുള്ള കല്‍പനയെന്ന നിലക്ക് ആത്മീയ ജീവിതത്തിന്റെ അസ്തിവാരമായിത്തന്നെ അത് പരിഗണിക്കപ്പെടേണ്ടതാണ്. അതേയവസരം അങ്ങനെയൊരു പ്രാധാന്യം ആ കല്‍പനയ്ക്ക് ആരെങ്കിലും നല്‍കുന്നുണ്ടോ? വായിക്കുക എന്നാണ് കല്‍പന. അതായത്, കൂടുതലായി അന്വേഷിച്ചു കൊണ്ടിരിക്കുക. നന്നായി വിശകലനം ചെയ്യുക. ശരിയായി ചിന്തിക്കുക. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക.

ചോദ്യങ്ങള്‍ പരിവര്‍ത്തനശേഷിയുള്ള ആയുധങ്ങളാണ്. പ്രമുഖനായൊരു ഗ്രീക്ക് ദാര്‍ശനികന്‍ പഠിപ്പിച്ചതു പോലെ, ഉത്തരങ്ങള്‍ അത്ര പ്രധാനമല്ല, ചോദ്യങ്ങള്‍ക്കാണ് പരിവര്‍ത്തനശേഷിയുള്ളത്. ചോദ്യം ചോദിക്കുക എന്നത് പ്രധാനം തന്നെയാണ്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കാനാണ് സോക്രട്ടീസ് യുവാക്കളെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിനെതിരെ അഥീനിയന്‍ ഭരണകൂടം ചുമത്തിയ കുറ്റങ്ങളിലൊന്നുമതായിരുന്നല്ലോ. സമൂഹവും വ്യക്തിയും തമ്മില്‍ സ്ഥിരവും ഉത്തമവുമായ ബന്ധമുണ്ടായെങ്കില്‍ മാത്രമേ ഉത്തമനായ മനുഷ്യനും ഭദ്രമായ സമൂഹവുമുണ്ടായിത്തീരുകയുള്ളൂ എന്നു വിശ്വസിച്ച കങ് ഫ്യു ചിസ് അത്തരത്തിലൊരു ബന്ധം വളരുന്നതിന് നിര്‍ദ്ദേശിച്ചു കൊടുത്ത എട്ടു പടികളുള്ള മാര്‍ഗത്തില്‍ ഒന്നാമത്തേത് വസ്തുതകളെക്കുറിച്ച അന്വേഷണം എന്നതാണ്. ചോദ്യങ്ങള്‍ വിജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും താക്കോലുകളാണെന്ന് നബി തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങളധികരിപ്പിക്കരുതെന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നുമുണ്ട്. അതേ സമയം അവിടെ ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത് പുരോഹിതന്മാരും അധികാരികളും അവരോട് മാനസികമായടിമപ്പെട്ടു പോയ മനുഷ്യരും പ്രവാചകന്മാരെ ആക്ഷേപിച്ചു ചോദിച്ച തരം ചോദ്യങ്ങളെയാകുന്നു. എന്നു തന്നെയല്ല, പരിഹാസത്തിന്റെയും പ്രതിലോമപരതയുടെയും ശബ്ദമാണ് ആ ചോദ്യങ്ങള്‍. ചോദ്യങ്ങളുന്നയിച്ച പുരോഹിതന്മാരെയും അനുയായികളെയും അണലി സന്തതികളേ എന്നു വിളിച്ചാക്ഷേപിച്ചുവല്ലോ സ്‌നാപകയോഹന്നാന്‍. യൂദ പുരോഹിതന്മാര്‍ യേശുവിനോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. സീസറിനു നികുതി കൊടുക്കുന്നതിനെസ്സംബന്ധിച്ചും ‘പിഴച്ച’ സ്ത്രീയെ ശിക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇതിനുദാഹരണമാണ്. അടിമത്തം മാനസികാവസ്ഥയായിപ്പോയ സമുദായം മോശയോടു ചോദിച്ച ചോദ്യങ്ങളെ ഖുര്‍ആന്‍ ഇതിനുള്ള തെളിവായുദ്ധരിച്ചിട്ടുണ്ട്. ഞങ്ങളിതിനു മുമ്പും കച്ചവടം നടത്തിയിട്ടുണ്ട്, നീ പറയുന്ന നൈതികതയൊന്നും സാമ്പത്തികകാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ബാധകമായിരുന്നില്ലെന്നിരിക്കേ ഇപ്പോള്‍ നീയിപ്പറയുന്ന വര്‍ത്തമാനങ്ങള്‍ നിനക്കെവിടുന്നു കിട്ടിയെടോ എന്ന് ശുഐബ് നബിയോട് സമൂഹത്തിലെ സമ്പന്നന്‍മാര്‍ ചോദിച്ചതും വേദഗ്രന്ഥത്തില്‍ വായിക്കാം. ദൈവത്തിന്റെ ദാസന്മാരായ മനുഷ്യരെ അടിമകളാക്കി വെക്കരുതെന്ന് ഫറോവയോടു പറഞ്ഞ മോശയോട് അയാള്‍ ചോദിച്ച ചോദ്യവുമിക്കൂട്ടത്തില്‍പ്പെടും. മുമ്പു മുതലേ അവര്‍ അടിമകളായിരുന്നല്ലോ, എന്നിരിക്കേ, അതിനെതിരാണു ദൈവകല്‍പനയെങ്കില്‍ ഞങ്ങളുടെ മുന്‍ഗാമികളൊക്കെ പിഴച്ചു പോയവരാണെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടതെന്നാണ് ഫറോവ ചോദിച്ചത്. ഇപ്രകാരം വ്യവസ്ഥിതിയോടുള്ള പ്രവാചകന്മാരുടെ കലഹത്തില്‍ നിന്ന് ജനശ്രദ്ധയെ തിരിച്ചു വിടാനുള്ള ചോദ്യങ്ങളാണ് അധികാരികള്‍ ചോദിച്ചതെങ്കില്‍ സാധാരണക്കാരായ മറ്റു ചിലരാകട്ടെ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ചോദ്യങ്ങള്‍ ചോദിച്ചത്.

അതായത് പരിവര്‍ത്തനോന്മുഖമായ ചോദ്യങ്ങളുള്ളതു പോലെത്തന്നെ പ്രതിലോമപരമായ ചോദ്യങ്ങളുമുണ്ട്. അതില്‍ത്തന്നെ സമ്പ്രദായങ്ങളെ താങ്ങിനിര്‍ത്തുന്ന ചോദ്യങ്ങളും ഉത്തരവാദിത്തങ്ങളോടുള്ള വിമുഖതയുടെ ഉല്‍പന്നങ്ങളായ ചോദ്യങ്ങളുമുണ്ട്.

വായിക്കുക അല്ലെങ്കില്‍ അന്വേഷിക്കുക എന്ന ആഹ്വാനത്തിനു ശേഷം മുഹമ്മദ് നബിക്ക് ലഭിച്ച കല്‍പനയെന്തായിരുന്നു? പുതപ്പിട്ടു മൂടിക്കിടക്കുന്നവനേ, ഉടനെഴുന്നേല്‍ക്കുവിന്‍, നിന്റെ ജനതയ്ക്ക് മുന്നറിയിപ്പു കൊടുക്കുവിന്‍, നിന്റെ നാഥന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍, നിന്റെ ഉടുമുണ്ടുകള്‍ വൃത്തിയാക്കിയിടുവിന്‍, സകല മാലിന്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവിന്‍, കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ടാവരുത് ആര്‍ക്കെങ്കിലും സഹായം ചെയ്യുന്നത്, നിന്റെ ഈശ്വരനു വേണ്ടി ക്ഷമ കൈക്കൊള്ളുവിന്‍ എന്നീ കല്‍പനകളായിരുന്നു അവ.

പുതച്ചുമൂടിക്കിടക്കുക എന്നത് അതീവ സുഖകരമായൊരവസ്ഥയാണ്. പുറത്തു നടക്കുന്നതൊന്നും തന്നെ നമ്മളറിയേണ്ടതില്ല. കാണേണ്ടതും കേള്‍ക്കേണ്ടതുമില്ല. നില നില്‍ക്കുന്ന ഒരു സൗകര്യത്തിനകത്ത് സുഖനിദ്ര കൊള്ളുകയും വിസ്മൃതിയിലകപ്പെടുകയും ചെയ്യുക. പുതപ്പിനടിയില്‍ക്കഴിയുന്ന മുഹമ്മദിനെ ദൈവം തട്ടി വിളിക്കുകയാണ്, എഴുന്നേല്‍ക്ക്. പുതപ്പങ്ങോട്ടു തട്ടി മാറ്റുക. എണീറ്റിട്ടാളുകളോട് ചില വര്‍ത്തമാനങ്ങള്‍ പറയണം. അവരെ ഉല്‍ബുദ്ധരാക്കുമാറ്. ഈ കട്ടിക്കരിമ്പടം അന്നത്തെ സാമൂഹികാവസ്ഥകളെയും മതസമ്പ്രദായങ്ങളെയും സൂചിപ്പിക്കുന്നു. അന്നാട്ടില്‍ നില നിന്നിരുന്ന മതപരമോ സാമൂഹികമോ ആയ ഒരത്യാചാരത്തിലും മുഹമ്മദ് പങ്കാളിയായിരുന്നില്ല. എന്നു തന്നെയല്ല, സമൂഹത്തിന്റെ നിലപാടുകളും ജീവിതരീതിയും അന്നത്തെ അധീശസമ്പ്രദായവുമൊന്നും ശരിയല്ലെന്നുള്ള തിരിച്ചറിവിലാണവിടുന്ന് കുറഞ്ഞ കാലത്തേക്ക് ഒരൊളിച്ചോട്ടം നടത്തുകയും ഏകനായി ഗുഹയില്‍ ധ്യാനിക്കുകയും ചെയ്തത്. എന്നാല്‍പ്പോലും സ്വയം വിശുദ്ധനായിരിക്കെത്തന്നെ, അവിശുദ്ധമായ അധീശവ്യവസ്ഥയുടെ തണലിലും ചൂടിലും കഴിഞ്ഞു കൂടാന്‍ നിനക്കനുവാദമില്ലെന്നും ജഡപാരമ്പര്യങ്ങളാലുള്ള കട്ടിപ്പുതപ്പിനെ തട്ടി മാറ്റാന്‍ നീ ബാധ്യസ്ഥനാണെന്നുമാണ് അല്ലാഹു നബിയോട് പറയുന്നത്. ജനതയെ ഉല്‍ബുദ്ധരാക്കുവാന്‍, അവര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ ദൈവം നബിയോടു കല്‍പിക്കുന്നു.

അപ്പോള്‍ ഒന്നാമതായി നബിയോടു കല്‍പിച്ചത് അറിയാനും അവബോധമാര്‍ജിക്കാനുമാണെങ്കില്‍ തുടര്‍ന്നു പറഞ്ഞത് സമൂഹത്തെ ഉല്‍ബുദ്ധരാക്കാനും പരിവര്‍ത്തിപ്പിക്കാനും. ഒന്നാമത്തേത് ജ്ഞാനമാണ് രണ്ടാമത്തേത് വിപ്ലവമാണ്. നിലവിലുള്ള വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടല്ലാതെ പരിവര്‍ത്തനോന്മുഖമായ ഉല്‍ബുദ്ധത വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നു സ്പഷ്ടം. സ്വാഭാവികമായും ചോദ്യങ്ങളുന്നയിക്കാനാണ് നബിതിരുമേനി സമൂഹത്തെ പ്രാപ്തരാക്കിയതെന്നു മനസ്സിലാക്കാം. റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയാധീശത്വത്തെയും അവര്‍ക്ക് പിന്തുണ നല്‍കിയിരുന്ന യൂദ പൗരോഹിത്യത്തെയും ചോദ്യം ചെയ്യാനാണ് യേശു ജനതയെ പഠിപ്പിച്ചിരുന്നത്. സീസറിന്റെ സാമന്തനായി അധികാരം വാണിരുന്ന അന്തിപ്പാസ് രാജാവിന്റെ ചെയ്തികളെയും അധികാരിയായിരിക്കുവാനുള്ള അയാളുടെ അര്‍ഹതയെയും ചോദ്യം ചെയ്തതിന്റെ പേരില്‍ യോഹന്നാന്‍ പ്രവാചകന്റെ തലയറുത്ത കഥ പറയുന്നുണ്ടല്ലോ ബൈബിളില്‍.questions

തന്റെ ഉത്തരവാദിത്തത്തെ ഓര്‍മിപ്പിക്കുന്ന അന്വേഷണങ്ങളെയാണ് വേദഗ്രന്ഥം പരിശീലിപ്പിക്കുന്നത്. താന്‍ ആരാണ്, എന്തിനാണ്? ഇതു മനസ്സിലാക്കിക്കഴിഞ്ഞാല്‍പ്പിന്നെ, സമൂഹത്തിലും ചരിത്രത്തിലും തനിക്കുള്ള ഉത്തരവാദിത്തത്തെസ്സംബന്ധിച്ച അറിവുകള്‍ അയാളില്‍ നിറയും. സ്വാഭാവികമായും അയാള്‍ തന്റെ ചുറ്റുപാടിലും കണ്ടെത്തുന്ന അനീതിയെ ചോദ്യം ചെയ്തു തുടങ്ങും. അങ്ങനെ അയാളില്‍ നിന്നു പുറപ്പെടുന്ന ചോദ്യങ്ങള്‍. സോക്രട്ടീസിന്റെ ശിഷ്യന്മാര്‍ ചോദിച്ചതിത്തരം ചോദ്യങ്ങളാകുന്നു.

നീതിയുടെ ചോദ്യങ്ങള്‍-

ഇത്തരം ചോദ്യങ്ങള്‍ക്ക് മനുഷ്യരെ പ്രാപ്തരാക്കുവാനാണ് അവരെ ഉല്‍ബോധിപ്പിക്കുവിന്‍ എന്നതിലൂടെ ഖുര്‍ആന്‍ നബിയോട് കല്‍പിക്കുന്നത്. സമൂഹത്തിനു മേല്‍ വിരിക്കപ്പെട്ടിട്ടുള്ള, യാഥാസ്ഥിതികത്വത്തിന്റെ കട്ടിപ്പുതപ്പ് തട്ടിമാറ്റുന്നതിന് ഇത്തരം ചോദ്യങ്ങള്‍ ആവശ്യവുമാണ്. അതായത് സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കും നന്മയിലേക്കും ധാര്‍മികതയിലേക്കുമുള്ള ചോദ്യങ്ങള്‍.

Jostein Gaarder ന്റെ Sophie’s World എന്ന നോവലില്‍ ജീവിതത്തിന്റെ സങ്കീണതകളെസ്സംബന്ധിച്ച് പറയുന്നൊരുപമയുണ്ട്. Playing Card കളെയാണ് അദ്ദേഹം ഉപമാനമായവതരിപ്പിക്കുന്നത്. കറുപ്പും ചുവപ്പുമായ കാര്‍ഡുകള്‍. ഇടയില്‍ വന്നു പോകുന്നൊരു ജോക്കറും. ചുവപ്പും കറുപ്പും നിറമുള്ള കളിച്ചീട്ടുകള്‍ രണ്ടു മനോഭാവങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. സങ്കീര്‍ണമായ ഒരു പാട് ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് മനുഷ്യലോകം. തൃപ്തികരമായ മറുപടി നല്‍കാനാവുന്നില്ല അവയ്ക്ക്. അപ്പോള്‍പ്പിന്നെ രണ്ടു സാധ്യതകളാണുള്ളത്. എല്ലാമറിയാമെന്നു നടിച്ച് ഈ ലോകത്തെയും അവനവനെത്തന്നെയും വിഡ്ഢികളാക്കുകയെന്നതാണൊന്ന്. രണ്ടാമത്തേത് ചോദ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് മനുഷ്യപുരോഗതിയെത്തന്നെ തടയലുമാണ്. അങ്ങനെ ആളുകള്‍ രണ്ടായിത്തിരിയുന്നു. ഉറച്ചതെങ്കിലും തെറ്റാവാനിടയുള്ള ധാരണകള്‍ പുലര്‍ത്തുന്നവരും പുരോഗതിയോട് വിമുഖരായിരിക്കുന്നവരും.

തമ്മില്‍ ഇടഞ്ഞും പിണഞ്ഞും അവസാനം നിരയൊത്തും വീണ്ടും കുഴഞ്ഞുമറിഞ്ഞും നില്‍ക്കുന്ന, കറുത്തതും ചുവന്നതുമായ ഈ ചീട്ടുകള്‍ തന്നെയാണ് ജീവിതം. ചിലപ്പോള്‍ മാത്രം ഇടയിലൊരു ജോക്കര്‍ പ്രത്യക്ഷപ്പെടും. ക്ലബ്‌സിലോ ഹാര്‍ട്‌സിലോ സ്‌പേഡ്‌സിലോ ഡയമണ്ട്‌സിലോ പെടാത്ത ഒന്നാണത്. ഒന്നു മുതല്‍ പൂജ്യം വരെയുള്ള അക്കങ്ങളൊന്നു കൊണ്ടും അവന്റെ മൂല്യം അളക്കാനൊക്കില്ല. രാജാവും റാണിയും ജാക്കും അവന്റെ മുമ്പില്‍ നിഷ്പ്രഭം. ഒരു ചീട്ടു കെട്ടില്‍ ക്ലബ്ബും (ക്ലാവർ) ഹാര്‍ട്ടും (ഓഡിയോ) ഡയമണ്ടും സ്‌പേഡും ഒരു പാടുണ്ടാവും. എന്നാല്‍ ജോക്കര്‍ ഒന്നു മാത്രം.

അവന്‍ ചോദ്യം ചോദിക്കുന്നവനാണ്. ശരിയായ അറിവിലേക്ക് മറ്റുള്ളവരെ നയിക്കുന്നവനുമാണ്. വ്യവസ്ഥയെ അഴിച്ചു പണിയുന്നവനും ആധിപത്യത്തെ ചോദ്യം ചെയ്യുന്നവനുമാണ്. അവന്‍ ചിരിക്കുകയും ചിരിപ്പിക്കുകയും ചിരിയെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വികസിപ്പിക്കുകയും ചെയ്യുന്നു.

ഓരോ ജോക്കറും ഓരോ വിപ്ലവകാരിയാണ്.

മാന്ത്രികന്‍ തൊപ്പിയില്‍ നിന്നു പുറത്തേക്കെടുത്ത ഒരു മുയലിനെക്കൂടി ഉപമയാക്കുന്നുണ്ട് ജസ്റ്റിന്‍ ഗാര്‍ഡര്‍ അതേ പുസ്തകത്തില്‍ത്തന്നെ. മാന്ത്രികന്‍ ഈ വിദ്യ കാണിക്കുമ്പോള്‍ നമ്മള്‍ പെട്ടെന്നു വളരെ വിസ്മയിക്കും. തൊപ്പിയില്‍ നിന്നു പുറത്തെടുക്കപ്പെട്ട മുയലാണ് ലോകം എന്നു കരുതുക. അപ്പോള്‍ മുയല്‍ ലോകം അഥവാ കാര്യവും മാന്ത്രികന്‍ കാരണവും. മുയലിന്റെ ശരീരത്തില്‍ ധാരാളം ചെള്ളുകളുണ്ട്. മുയലിന്റെ തൊലിയോടു ചേര്‍ന്നാണ് ചെള്ളുകള്‍ നില കൊള്ളുന്നത്. അവയില്‍ ഭൂരിഭാഗവും മുയലിന്റെ തൊലിയും രോമങ്ങളും നല്‍കുന്ന ചൂടിന്റെ സുഖത്തില്‍ മയങ്ങുന്നു. ഒരന്വേഷണ ബുദ്ധിയുമില്ലാത്തതു കൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളൊന്നും തന്നെ അവയെ ബാധിക്കുന്നില്ല. എന്നാല്‍ സാഹസികബുദ്ധിയുള്ള ചില ചെള്ളുകള്‍ മുയല്‍ രോമത്തിലൂടെ മുകളിലേക്കു സഞ്ചരിക്കുകയും മുയലിന്റെ ഉറവിടമായ തൊപ്പിയെയും കാരണമായ മാന്ത്രികനെയും കണ്ടെത്തുകയും ചെയ്യുന്നു. അത് യഥാര്‍ത്ഥത്തില്‍ തങ്ങളെക്കുറിച്ചു തന്നെയുള്ള തിരിച്ചറിവായിത്തീരുന്നു. രോമങ്ങളിലൂടെയുള്ള അവയുടെ സഞ്ചാരം അന്വേഷണയാത്രയാണ്. അതിന് പ്രേരകമായിത്തീരുന്നതാകട്ടെ, ഉള്ളിലുണരുന്ന ചോദ്യങ്ങളും.

ഇനി മറ്റൊന്നു ചിന്തിക്കുക. തൊലിയുടെ ചൂടും പറ്റി ഭൗതികാസക്തിക്കടിപ്പെട്ടു ജീവിക്കുന്ന ചെള്ളുകള്‍ തമ്മില്‍ മല്‍സരമുണ്ടാവുന്നു. ഈ മല്‍സരത്തില്‍ അര്‍ഹതയുള്ളതിന്റെ അതിജീവനമുണ്ടാകുന്നു. അതായത്, കൈയൂക്കുള്ളവന്‍ കാര്യക്കാരനാകുന്നു. ഒരധീശ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നര്‍ത്ഥം. ബഹുഭൂരിഭാഗം ചെള്ളുകളും സമൂഹ ഘടനയില്‍ അടിമകളോ അടിയാന്മാരോ ആയിത്തീരുകയാണ്. മുയലിന്റെ പ്രതലമായ തൊപ്പിയും തൊപ്പിയുടെ ഉടമസ്ഥനായ മാന്ത്രികനെയും കണ്ടെത്തുകയും തുടര്‍ന്നിങ്ങോട്ടുള്ള കാര്യകാരണബന്ധങ്ങളെപ്പറ്റി യാഥാര്‍ത്ഥ്യാധിഷ്ഠിതമായ അവബോധം നേടുകയും ചെയ്തവര്‍ താഴോട്ടിറങ്ങി വരികയും കൂടുതല്‍ ചെള്ളുകളെ ചോദ്യങ്ങളുന്നയിക്കാനും അന്വേഷണത്തിന്റെ വഴിയിലൂടെ യാത്ര ചെയ്യാനും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ ആധിപത്യങ്ങളെ ചോദ്യം ചെയ്യുന്നു, അവയുടെ ശ്രേണീബദ്ധതയെ നിരാകരിക്കുന്നു, മാമൂലുകളെ ധിക്കരിക്കുന്നു. അങ്ങനെ ചോദ്യങ്ങളും അന്വേഷണങ്ങളും കലാപമായിത്തീരുന്നു.

ചോദ്യങ്ങള്‍ ആദിമഹേതുവിനെക്കുറിച്ച അന്വേഷണമായിത്തീരുന്നതോടെയാണ് കൃത്രിമമായ അധികാര ഘടനകളെ നിരാകരിക്കാന്‍ സാധിക്കുന്നത്. പിതുരാധിപത്യത്തിന്റെ ദൈവങ്ങളെയാണ് ഇബ്‌റാഹീം തകര്‍ത്തതെന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. പുരോഹിതനും സ്വന്തം പിതാവുമായ ആസറിനെ ഇബ്‌റാഹീം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിപ്പോയ ആസര്‍ വീട്ടില്‍ നിന്നദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. രാജാവിനെയും ചോദ്യം ചെയ്തു പ്രവാചകനായ അബ്രഹാം. രാജാവും പിതാവും പുരോഹിതനും പിതൃസ്ഥാനീയരാണ്. എന്നാല്‍ പിതുരാധിപത്യഘടനയില്‍ അവര്‍ പിതൃബിംബങ്ങളായി മാറുന്നു. ഈ ബിംബങ്ങളുടെ തകര്‍ച്ചയെയാണ് ഇബ്‌റാഹീമിന്റെ വിഗ്രഹഭഞ്ജനത്തിലൂടെ നാമറിയുന്നത്. ഏതെന്‍സിലെ പ്രമാണിമാരുടെ ദൈവങ്ങളെ സോക്രട്ടീസും ചോദ്യം ചെയ്തു. മനുഷ്യവിരുദ്ധവും വരേണ്യവുമായ മാമൂലുകളെ തകര്‍ത്ത എല്ലാ മഹാന്മാരും ചോദ്യം ചെയ്യാനാണ് പ്രേരിപ്പിച്ചതെന്നു കാണാം. തൊപ്പിയെയും മാന്ത്രികനെയും കണ്ടറിഞ്ഞിട്ടുള്ളവരായിരുന്നു അവര്‍. ഇബ്‌റാഹീം പ്രപഞ്ച വ്യവസ്ഥയെ അറിഞ്ഞുവെന്ന് വേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ.

ചോദ്യങ്ങള്‍ക്കുത്തരം തങ്ങളുടെ പക്കലാണുള്ളതെന്ന് ശഠിക്കുന്നവര്‍ സമൂഹത്തിലെ അധികാരികളാണ്. അധികാരികളും പ്രമാണികളും പറയുന്നത് പലപ്പോഴും പലര്‍ക്കും ശരിയും ആകര്‍ഷകവുമായിത്തോന്നിയേക്കും. അവരുടെ വര്‍ത്തമാനങ്ങള്‍ ഭൂമിയില്‍ നിങ്ങളെ വളരെയേറെ ആകര്‍ഷിച്ചേക്കാമെന്നു തന്നെയാണല്ലോ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് (അല്‍ ബഖറഃ). എന്നാല്‍ ഭൂമിയില്‍ അക്രമം വ്യാപിപ്പിക്കുകയും മനുഷ്യനെയും വിളവുകളെയും നശിപ്പിക്കുകയുമാവും അധികാരം ലഭിച്ചാല്‍ അവര്‍ ചെയ്യുക. ചോദ്യങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നവര്‍ ഘടനയോടു പൊരുത്തപ്പെടുന്ന സാധാരണക്കാരും. ചോദ്യങ്ങളുന്നയിക്കുകയും ചോദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരത്രേ വിപ്ലവകാരികള്‍.

ഇപ്രകാരം ചോദ്യങ്ങളുടെ രാഷ്ട്രീയ പ്രസക്തിയെ തിരിച്ചറിയണമെന്നാണ് ഖുര്‍ആന്റെ ആഹ്വാനം. ചോദ്യങ്ങളുടെ ആധാരം അന്വേഷണവുമാവണം. അതിനാല്‍ത്തന്നെയാണ് വേദഗ്രന്ഥം അതിന്റെ ഉല്‍ബോധനം വായിക്കുക (ഇഖ്‌റഅ്) എന്ന കല്‍പനയിലാരംഭിച്ചത്.

വായിക്കുക.., നിന്റെ ഈശ്വരന്റെ നാമത്തില്‍, അവനല്ലോ നിന്നെ സൃഷ്ടിച്ചത്. മനുഷ്യനെ ഒട്ടിപ്പിടിക്കുന്ന പിണ്ഡത്തില്‍ നിന്ന് രൂപപ്പെടുത്തിയതവന്‍ തന്നെ. ആകയാല്‍ നീ വായിക്കുക. നിന്റെ ഈശ്വരന്‍ അത്യധികം ഔദാര്യവാനത്രേ. എന്തെന്നാല്‍ അവന്‍ തൂലികയാല്‍ നിനക്കറിവു നല്‍കി. അവന്‍ മനുഷ്യനെ അവനറിയില്ലായിരുന്നത് പഠിപ്പിച്ചു (ഖുര്‍ആന്‍ സൂറഃ അല്‍ അലഖ് :1-5).

റയാന്‍ എന്ന സ്വര്‍ഗകവാടത്തിലൂടെ ചക്രവാളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക്‌

12294771_776010745855584_3078810480638472618_n

ഒരുപാട്‌ ചോദ്യങ്ങളുണ്ടായിരുന്നു കൊച്ചു റയാന്‌ അമ്മയോട്‌ ചോദിക്കാന്‍. അമ്മ ധാരളം കഥകള്‍ പറയും. ഭാവനകളുടെ ചിറകില്‍ അവനെ ആകാശത്തേക്കുയര്‍ത്തും. കടല്‍ നികന്ന്‌ മരുഭൂമിയായ സ്ഥലത്തെ മണലിലും പാറക്കെട്ടുകളിലും അമ്മയുടെ കൈയും പിടിച്ച്‌ നടക്കാന്‍ ശയാന്‌ വളരെ ഇഷ്ടമാണ്‌. അത്തരം നടത്തങ്ങളിലാണ്‌ അവന്‍ ഓരോന്ന്‌ ചോദിക്കുന്നതും അമ്മ പലതും പറയുന്നതും.

അങ്ങനെയൊരിക്കല്‍ അവന്‍ ചോദിച്ചത്‌ കടലിനെക്കുറിച്ചു തന്നെയായിരുന്നു. അതെന്തു കൊണ്ടാണ്‌ ഇങ്ങനെ മരിച്ചു കൊണ്ടിരിക്കുന്നത്‌? പ്രായം ചെന്നാല്‍ എല്ലാവരും വയ്യാത്തവരാവുകയും മരിക്കുകയും ചെയ്യുമല്ലോ. കടലിന്‌ വയസ്സാവുന്നതു കൊണ്ടാണോ കടല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്‌?3260_gl

കടല്‍ ഇല്ലാതാവുന്നു എന്നത്‌ ഒരു കഥപറച്ചിലുകാരന്റെ ഭാവനയല്ല. ആരാല്‍ കടലാണ്‌ അത്‌. കസാക്കിസ്ഥാന്റെ തെക്കും ഉസ്‌ബക്കിസ്ഥാന്റെ വടക്കുമായി സ്ഥിതി ചെയ്‌തിരുന്ന ആരാല്‍ കടല്‍ ഇന്നില്ല. റയാന്റെ ചോദ്യത്തിന്റെ ശരിയായ ഉത്തരം നമുക്കറിയാം. തെക്കു നിന്ന്‌ അമുദാര്യയെന്നും വടക്കു നിന്ന്‌ സിര്‍ദാര്യയെന്നും പേരുള്ള രണ്ട്‌ മഹാനദികളാണ്‌ ആരാല്‍ കടലിനെ പോഷിപ്പിച്ചു കൊണ്ടിരുന്നത്‌. യഥാര്‍ത്ഥത്തില്‍ കടലെന്നു വിളിക്കാനും മാത്രം സമൃദ്ധമായ മഹാ തടാകമായിരുന്നു ആരാല്‍. സുപീരിയര്‍, വിക്ടോറിയ, കാസ്‌പിയന്‍ എന്നിവ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ശുദ്ധജലതടാകം. മഗോളിയന്‍ ഭാഷയില്‍ ആരാല്‍ എന്നു പറഞ്ഞാല്‍ ദ്വീപ്‌ എന്നാണ്‌ അര്‍ത്ഥം. Sea of Islands എന്നറിയപ്പെട്ടിരുന്ന ആരാല്‍ കടലില്‍ ആയിരത്തില്‍പ്പരം ചെറുദ്വീപുകള്‍ ഉണ്ടായിരുന്നു.

മനുഷ്യന്റെ ലാഭക്കൊതി മൂലം മരിച്ചു പോയ കടലാണ്‌ ആരാല്‍. പരുത്തിക്കൃഷിയില്‍ ലോകകമ്പോളം കയ്യടക്കാന്‍ കൊതിച്ച സോവിയറ്റ്‌ യൂനിയനാണ്‌ ആരാലിന്റെ ഘാതകര്‍. അവര്‍ അമുദാര്യയിലെയും സിര്‍ദാര്യയിലെയും വെള്ളം കൃഷിക്കു വേണ്ടി തിരിച്ചു വിട്ടതോടെ കടല്‍ മെലിയാന്‍ തുടങ്ങി. താമസിയാതെ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്ന രണ്ട്‌ കൂറ്റന്‍ കുഴികളും അവയ്‌ക്ക്‌ ചുറ്റും വെറും മരുപ്പരപ്പും അവശേഷിപ്പിച്ചു കൊണ്ട്‌ കടല്‍ മരിച്ചു. ഇനിയും തങ്ങളുടെ കടല്‍ തങ്ങളെത്തേടിയെത്തുന്നത്‌ സ്വപ്‌നം കാണാന്‍ ആരാല്‍ തടത്തില്‍ താമസിക്കുന്നവര്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു.

സ്വപ്‌നം കാണുന്ന കുട്ടി തന്നെയായിരുന്നു റയാന്‍. അവനിലേക്ക്‌ സ്വപ്‌നങ്ങളും പ്രതീക്ഷകളും കടത്തി വിടുന്നത്‌ അവന്റെ അമ്മ തന്നെ. കടലൊഴിഞ്ഞ മരുപ്പറമ്പില്‍ത്തന്നെയാണ്‌ അവനും അമ്മയും താമസിക്കുന്നത്‌. സോവിയറ്റ്‌ യൂനിയന്റെ പതനത്തിനു ശേഷമുള്ള കസാക്കിസ്ഥാനില്‍.

ജോര്‍ജിയ, കസാക്കിസ്ഥാന്‍, ഉസ്‌ബക്കിസ്ഥാന്‍ തുടങ്ങിയ, പഴയ സോവിയറ്റ്‌ റിപ്പബ്ലിക്കുകളായിരുന്ന പലയിടങ്ങളില്‍ നിന്നും വരുന്ന പല സിനിമകളും കുട്ടികളെ കേന്ദ്രീകരിച്ച്‌ വികസിക്കുന്നവയാണ്‌. ഒരു പക്ഷേ സോവിയറ്റ്‌ യൂനിയന്റെ പതനം സൃഷ്ടിച്ച അരക്ഷിതാവസ്ഥയെയായിരിക്കാം അവ സൂചിപ്പിക്കുന്നത്‌. ഇത്തവണ കേരള ചലച്ചിത്രോല്‍സവത്തില്‍ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച, സന്ന ഇസബയേവയുടെ (Zhanna Issabayeva) ബോപെം (Bopem) എന്ന സിനിമയും ഇക്കൂട്ടത്തില്‍ വരുന്നു. റയാന്‍ എന്ന ബാലന്റെ ജീവിതത്തിലൂടെയും മനോവ്യാപാരങ്ങളിലൂടെയുമുള്ള ഒരു യാത്രയാണത്‌.

ചക്രവാളത്തിനപ്പുറം ഒരു ലോകമുണ്ടെന്നും അങ്ങോട്ടേക്കാണ്‌ നമ്മള്‍ യാത്ര ചെയ്യേണ്ടതെന്നും അമ്മ റയാനോട്‌ പറയുന്നുണ്ട്‌. പലയാളുകളും അങ്ങോട്ടേക്ക്‌ യാത്ര പുറപ്പെട്ടിട്ട്‌ പൂര്‍ത്തിയാക്കാതെ തിരിച്ചു വരുന്നവരാണ്‌. റയാന്‍ എന്ന പേരിന്റെ അര്‍ത്ഥവും ഒരിക്കല്‍ അമ്മ അവന്‌ പറഞ്ഞു കൊടുത്തു. സ്വര്‍ഗലോകത്തിലെ കവാടമാണ്‌ റയാന്‍. വിശപ്പിനെയും ദാഹത്തെയും അതിജയിച്ച്‌ ഉപവാസമനുഷ്‌ഠിക്കുന്നവര്‍ക്ക്‌ അതിലൂടെ പ്രവേശിക്കാം. ആ വാതിലിനപ്പുറത്തായിരിക്കണം അമ്മ പറഞ്ഞ ചക്രവാളത്തിനപ്പുറത്തെ ആ ലോകം. ഒരു നാള്‍ കൊടും ദാഹങ്ങളെ അതിജയിച്ച്‌ റയാന്‍ ആ കവാടത്തിലെത്തിച്ചേരും.

അമ്മയുടെ മരണശേഷം ഒറ്റപ്പെട്ട്‌ താമസിക്കുന്ന, പതിനാലുകാരനായ റയാന്റെ ഓര്‍മകളിലൂടെയാണ്‌ ബോപെം മുന്നോട്ട്‌ പോകുന്നത്‌. അഞ്ച്‌ വയസ്സുള്ളപ്പോള്‍ ഇതുപോലെ അമ്മയുടെ കൈയും പിടിച്ച്‌ നടക്കുന്ന സന്ദര്‍ഭത്തില്‍ ഒരു കാര്‍ വന്നിടിച്ച്‌ അമ്മ മരിച്ചു പോയി.

റയാനെക്കൂടാതെ അവന്റെ അമ്മയും ഏതാണ്ട്‌ പൂര്‍ണമായും മരിച്ചു കഴിഞ്ഞ ആരാല്‍ കടലും കടലൊഴിഞ്ഞിടത്ത്‌ അവന്‍ കണ്ടെത്തുന്ന, തകര്‍ന്ന്‌ തുരുമ്പെടുത്തു തീരാറായ, പഴയ സോവിയറ്റ്‌ യൂനിയന്റെ ഒരു കപ്പലുമാണ്‌ സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍. ഇവരെക്കൂടാതെ മദ്യപിച്ച്‌ അലസജീവിതം നയിക്കുന്ന അച്ഛനെയും അച്ഛന്റെ സഹോദരിയെയും അവന്റെ തന്നെ കൂട്ടുകാരെയും അയല്‍പക്കത്തെ പെണ്‍കുട്ടിയെയും മറ്റുമൊക്കെ നമ്മള്‍ ഇടയ്‌ക്ക്‌ കാണുന്നുണ്ടെന്നു മാത്രം. സുദീര്‍ഘമായ ഷോട്ടുകളാണ്‌ ചിത്രത്തിന്റേത്‌. അതേസമയം അവ മനോഹരവുമാണ്‌. പ്രകൃതിയിലുണ്ടാകുന്ന ചെറുചലനങ്ങളെ വരെ ഇസബയേവയുടെ കാമറ ഒപ്പിയെടുക്കുന്നുണ്ട്‌.12294771_776010745855584_3078810480638472618_n

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അഗാധതയും എന്നാല്‍ ലാഭക്കൊതി മൂന്ന്‌ ആ ബന്ധം പൊട്ടിച്ചെറിഞ്ഞ മനുഷ്യന്റെ പ്രവൃത്തികളുടെ പ്രത്യാഘാതവും ആറാല്‍ കടലിന്റെ സാന്നിധ്യത്തിലൂടെ ചിത്രം നമുക്ക്‌ കാട്ടിത്തരുന്നുണ്ട്‌. ഒപ്പം പഴയ സോവിയറ്റ്‌ റിപ്പബ്ലിക്കുകള്‍ അനുഭവിക്കുന്ന രാഷ്ട്രീയ മാനുഷിക പ്രതിസന്ധികളെക്കുറിച്ചുള്ള വിചാരങ്ങളും ഇതില്‍ നാം അനുഭവിക്കുന്നു. ചിത്രത്തിന്റെ അവസാനത്തിലാകട്ടെ, ഒരിക്കല്‍ ആ കപ്പലില്‍ നിന്ന്‌ കിട്ടിയിരുന്ന, കീറിപ്പറിഞ്ഞ സോവിയറ്റ്‌ പതാക കൂട്ടിത്തുന്നി അതിന്റെ കൊടിമരത്തില്‍ കെട്ടി ഒരു സങ്കല്‍പയാത്ര നടത്തുകയാണ്‌ റയാന്‍. കൊടി വിജയത്തിന്റെ അടയാളമാണെന്ന്‌ അമ്മ അവന്‌ പറഞ്ഞു കൊടുത്തിട്ടുണ്ട്‌. അതേസമയം എന്തിനാണ്‌ ഈ കൊടി തന്നെ എന്ന ചോദ്യത്തിന്‌ അവന്റെ മറുപടി മറ്റൊന്നും കിട്ടാത്തതു കൊണ്ട്‌ എന്നാണ്‌. സോവിയറ്റ്‌ കൊടി കെട്ടിയ യാത്രയും റയാന്റെ ഈ മറുപടിയുമെല്ലാം സിനിമയുടെ രാഷ്ട്രീയ പ്രസ്‌താവനകളായിത്തീരുന്നു.

എന്നാല്‍ അവന്റെ യാത്ര അവിടെ നിന്ന്‌ മറ്റൊരു മാനത്തിലേക്ക്‌ പോകുന്നുമുണ്ട്‌. കപ്പലിന്റെ മുകളില്‍ നിന്ന്‌ അവന്‍ കൈയും വിടര്‍ത്തി പറന്നു. അവിടെ നിന്നും വീണ റയാന്‍ അഞ്ചു വയസ്സുകാരനായി റയാന്‍ കവാടത്തിനപ്പുറം ചക്രവാളത്തിനപ്പുറത്തുള്ള ലോകത്തില്‍ അമ്മയുടെ പിന്നിലേക്ക്‌ ഉണരുകയും ചെയ്‌തു.

മാരകമായ ട്യൂമര്‍ പിടിപെട്ട റയാന്‍ പണമോ സഹായമോ ഇല്ലാത്തതിനാല്‍ മരണം ഉറപ്പിച്ചതോടെ അമ്മയെ പണ്ട്‌ ഇടിച്ചിട്ട വാഹനത്തിലുണ്ടായിരുന്ന ഓഫീസറെയും അയാളില്‍ നിന്ന്‌ പണം വാങ്ങി കേസൊതുക്കാന്‍ സഹായിച്ച, മദ്യപനും മുരടനുമായ അച്ഛനെയും കൊന്നു കളഞ്ഞു. അങ്ങേയറ്റം പ്രകോപിതനായ ഒരു സന്ദര്‍ഭത്തില്‍ അച്ഛന്റെ സഹോദരിയെയും.

റയാനിലേക്കുള്ള റയാന്റെ യാത്ര. അതാകട്ടെ, നന്മകളിലൂടെയുള്ള യാത്ര തന്നെയാണെന്നും സിനിമ രേഖപ്പെടുത്തുന്നുണ്ട്‌. ബോപെം എന്ന സിനിമ പരിസ്ഥിതിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വാചാലമാകുന്നു എന്നതോടൊപ്പം തന്നെ കാഴ്‌ചക്കാരന്റെ രാഷ്ട്രീയവും ആധ്യാത്മികവുമായ അവബോധങ്ങളെ വികസിപ്പിക്കുകയും ചെയ്യുന്നു. അതീവഗഹനമാണ്‌ ചിത്രത്തിലെ ദൃശ്യങ്ങള്‍. വളരെ സൂക്ഷ്‌മവും മൂര്‍ച്ഛയേറിയതുമായത്‌. തുടക്കത്തില്‍, ചുവന്ന പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന മനോഹരമായ ഒരു പൂന്തോപ്പിലൂടെ അമ്മയുടെ കൈ പിടിച്ച്‌ ഫ്രെയിമിനകത്തേക്ക്‌ കടന്നു വരുന്ന കൊച്ചു റയാനെയാണ്‌ നമ്മള്‍ കാണുന്നതെങ്കില്‍ ചിത്രത്തിന്റെ അവസാനത്തില്‍ അതേ ദൃശ്യത്തില്‍ അതേ അമ്മയും റയാനും അനന്തതയിലേക്ക്‌ നടന്നു പോകുകയാണ്‌. അതിനിടയില്‍ അവന്റെ ഒറ്റപ്പെടലുകള്‍, ജീവിതാനുഭവങ്ങള്‍, ഓര്‍മകള്‍, മനോവ്യാപാരങ്ങള്‍. എല്ലാ അര്‍ത്ഥത്തിലും വളരെ മനോഹരമായ സിനിമ.

ഒരു ദേശത്തിന്റെ കഥ

3a60e-sham

ഒരു ദേശത്തിലെ കഥാകാരന്മാര്‍ ഉണര്‍ന്നൊരുമിച്ചു. ആ ഉണര്‍വ്വ് ദേശത്തിന്റെ കഥയിലേക്കും ദേശത്തിനു പറയാനുള്ള കഥയിലേക്കും വികസിച്ചു.

ചരിത്രരചനയിലും വായനയിലും നാം ശീലിച്ച, നമ്മെ ശീലിപ്പിച്ച ചില രീതികളും നിദാനങ്ങളുമുണ്ട്. മുകളില്‍ നിന്ന് താഴോട്ട് എന്നതാണതിന്റെ സാമ്പ്രദായിക ഘടന. ലോകചരിത്രം, ഇന്ത്യാചരിത്രം, കേരളചരിത്രം എന്നു തീരൂന്നുവത്. ചെറുദേശങ്ങളുടെ ചരിത്രത്തെ അത് ഗൗനിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ കേരളം എന്ന വ്യവഹാരം തന്നെയും രൂപപ്പെടും മുമ്പാണ് മലയാളത്തുകാരന്റെ സ്വത്വം രൂപപ്പെടുന്നത്. മലയാളന്റെ സാംസ്‌കാരിക സ്വത്വം താഴെ നിന്ന് മുകളിലേക്കുള്ള വായനയെ ആവശ്യപ്പെടുന്നു.

കൊച്ചു കൊച്ചു തട്ടകങ്ങള്‍ ചേര്‍ന്നതാണ് മലയാളന്റെ ആവാസവ്യവസ്ഥ. അവന്റെ സാമൂഹികജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ദേശങ്ങളിലെ കുടിയിരിപ്പുകൂട്ടായ്മകളില്‍ നിന്നാരംഭിയ്ക്കുന്നു. കുടിയിരിപ്പുകൂട്ടായ്മകളാണ് ആധുനികകാലത്ത് തറവാടുകളായി വ്യവഹരിക്കപ്പെട്ടത്. തറവാടുകള്‍ ദേശം ന്നെ തട്ടകത്തില്‍ ഒരുമിയ്ക്കുന്നു.

3ecb5-shameemദേശത്തിന് അതിന്റേതായ ചരിത്രവും വര്‍ത്തമാനവുമുണ്ട്. അതിന്റേതായ സംസ്‌കാരവും രാഷ്ട്രീയവും. കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണത്തിന്റെ സ്വത്വവും അര്‍ത്ഥവും കണ്ടെടുക്കുകയാണ് ‘വളപട്ടണം കഥകള്‍ ‘ എന്ന പേരില്‍ ഈയ്യ വളപട്ടണം സമാഹരിച്ച കഥകള്‍ . പതിനേഴു കഥാകൃത്തുക്കള്‍ . 2.04 ച.കി.മീ മാത്രം വിസ്താരമുള്ള മണ്ണാണ് ഇത്രയേറെ കഥാകള്‍ക്കും കഥാപാത്രങ്ങള്‍ക്കും കഥാകാരന്മാര്‍ക്കും ജന്മം നല്‍കിയത്. കഥാകാരന്മാരില്‍ച്ചിലരാകട്ടെ ദേശത്തിനപ്പുറം വളര്‍ന്ന് പുകഴ് കേട്ടവരാണ്.

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സമകാലികനായ എം.ആര്‍ .കെ.സി എന്ന ചെങ്കുളത്ത് ചെറിയ കുഞ്ഞരാമ മേനോന്‍ മലയാള കഥാസാഹിത്യത്തിന്റെ ഉത്ഭവകാലപ്രതിനിധികളിലൊരാളാണ്. അദ്ദേഹത്തിന്റേതാണ് സമാഹാരത്തിലെ ആദ്യകഥ, ‘മച്ചാട്ടുമലയിലെ ഭൂതം’. ആദ്യകാലകഥകളുടെ ഭാഷയും ഘടനയും സ്വഭാവവും പഠിയ്ക്കാന്‍ സഹായകമാണ് എം.ആര്‍ .കെ.സിയുടെ കഥ.

അധീശത്വവും തിരസ്‌കൃതജീവിതങ്ങളും

കഥ അഥവാ കല ഏറ്റെടുക്കേണ്ട, നിര്‍വഹിക്കേണ്ട സാമൂഹിക ദൗത്യത്തെ പ്രതിനിധീകരിക്കുന്നുണ്ട്‌ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘തുരുമ്പുമുള്ളാണിയുടെ ഹൃദയം’ എന്ന കഥ. ആലഞ്ചേരി ജുമുഅത്ത് പള്ളിയിലെ മമ്മുമുക്രിയുടെ കഥയാണ് ശിഹാബുദ്ദീന്‍ പറയുന്നത്. പള്ളിയിലെ വെറും തണ്ണിന്‍ കോരി മുക്രിയല്ല, മറിച്ച് വിരലുകളഞ്ചും ചേര്‍ത്ത് ലിപിയിലേക്ക് സ്ലേറ്റുപാതയൊരുക്കിയ ഉസ്താദാണ് കഥാകാരന്റെ കണ്ണില്‍, മദ്രസാ അധ്യാപകനും കൂടിയായ മമ്മുമുക്രി. കുട്ടികള്‍ക്ക് ചിത്രം വരച്ചുകൊടുക്കുന്ന മമ്മുമുക്രി ചായക്കണക്കെഴുതിയ കടലാസിന്റെ പിന്നില്‍ കോറിയിട്ട പോത്തിന്റെ ചിത്രത്തിന് (പള്ളിയുടെയും മദ്രസയുടെയും മേധാവിയായ) ഖത്തീബിന്റെ മുഖം. മുക്രി വരച്ച, യേശുക്രിസ്തുവിന്റെ ചിത്രത്തിനാകട്ടെ, മുക്രിയുടെ സ്വന്തം ഛായ. മുക്രി ബോധപൂര്‍വം വരയ്ക്കുകയല്ല. ചിത്രമെഴുത്ത് (ഖത്തീബിന്റെ) ഇസ്‌ലാമില്‍ ഹറാമാണെന്ന് അറിയാഞ്ഞിട്ടുമല്ല. ആരോ മുക്രിയെക്കൊണ്ടു ചെയ്യിക്കുകയാണ്, ഒരു നിയോഗം പോലെ.

ഖത്തീബ് ഒരു അധീശബിംബമാണ്. ഒരു പിതൃ-പുത്ര സംഘര്‍ഷത്തിന്റെ ചിത്രമാണ് ശിഹാബ് വരച്ചിടുന്നത്. ജീവിതം പൗരോഹിത്യത്തിനെതിരായ സമരമാക്കി മാറ്റിയ കലാപകാരിയാണ് ക്രിസ്തു. മുക്രിക്ക് നന്മതിന്മകളെപ്പറ്റി പഠിപ്പിക്കുന്നതും (നല്ല ജിന്നും ചീത്ത ജിന്നും അഥവാ ഇസ്‌ലാം ജിന്നും കാഫിര്‍ ജിന്നും) ഖത്തീബാണ്. (ഉള്ളതു പറഞ്ഞാല്‍ ഞാനുമൊരു ഖത്തീബാണ്. കഥ വായിച്ചു കൊണ്ടിരുന്ന എനിക്ക് ചിലതെന്തോ അനുഭവപ്പെട്ടു. ഒരു മെറ്റമോര്‍ഫസിസ്. കണ്ണാടിയില്‍ നോക്കിയപ്പോള്‍ തലയില്‍ രണ്ടു കൊമ്പുകള്‍ , കക്കാടിന്റെ കവിതയിലേതു പോലെ ‘തുറിച്ച മന്തന്‍ കണ്ണുകളു’മായി മുക്രയിടുന്നൊരു തടിയന്‍ പോത്ത്). തട്ടിന്‍പുറത്ത് സിമന്റിട്ട അരച്ചുമരില്‍ പച്ചിലയും കരിക്കട്ടയും ചെങ്കല്ലും ചേര്‍ത്ത് മുക്രി വരച്ചിട്ടത് കറുത്ത ഇരുമ്പഴികള്‍ കടിച്ചുമുറിക്കുന്ന പച്ചനിറമുള്ള സിംഹത്തെ. ചോര നിറമുള്ള കണ്ണുകളുള്ള സിംഹം ക്രുദ്ധനായി ഖത്തീബിനെ നോക്കുന്നതു പോലെ. ഭ്രാന്തനും ബാധയേറ്റവനുമായി മുദ്ര കുത്തപ്പെട്ട മുക്രിയെ തിരിച്ചറിഞ്ഞ വലിയ തങ്ങള്‍ നിസ്സഹായനായി. ‘സമാധാനിക്ക് മോനേ, നീ കുറേ നേരത്തേയായിപ്പോയി. ആര്‌ടേം കുറ്റമല്ല.’

വളപട്ടണം പാലം
വളപട്ടണം പാലം

‘വ്രണം’ എന്ന കഥയില്‍ ശാഹൂല്‍ വളപട്ടണം അടയാളപ്പെടുത്തുന്നത് തിരസ്‌കൃത ജീവിതങ്ങളെ. കുട്ടീക്കയുടെ കാലില്‍ വലിയൊരു വ്രണമുണ്ട്. മൂലധനവ്യവസ്ഥ മനുഷ്യര്‍ക്കു സമ്മാനിക്കുന്ന നോവിന്റൊരു പ്രതീകം. ഒരു കാലത്ത് മരവ്യവസായത്തിന്റെ ദര്‍ബാറായിരുന്ന വളപട്ടണത്ത് വളരെ നല്ല നിലയില്‍ ജീവിച്ചിരുന്നയാളാണ് റൈറ്റര്‍ കുട്ടീക്ക. ഇപ്പോള്‍ ഭര്‍ത്താവുപേക്ഷിച്ച മകളുടെ കുഞ്ഞിന് ദീനം കലശലായിട്ടും മരുന്നു വാങ്ങാന്‍ പോലും പറ്റാതെ നിസ്സഹായനായിത്തീര്‍ന്ന കുട്ടീക്കയുടെ പരിണാമത്തിലൂടെ ശാഹൂല്‍ ചിത്രീകരിക്കുന്നത് അങ്ങാടിയുടെ പരിണാമത്തെയാണ്. അല്ല, വളപട്ടണത്തിന്റെ തന്നെ പരിണാമത്തെയാണ്. ഇതിലൂടെ കമ്പോളത്തിന്റെ നൈതികവ്യവസ്ഥ തന്നെ പ്രശ്‌നവല്‍ക്കരിക്കപ്പെടുകയാണ്. അങ്ങാടി കമ്പോളമല്ല. അങ്ങാടിയില്‍ മനുഷ്യനും മനുഷ്യബന്ധങ്ങളുമുണ്ട്. കമ്പോളത്തിന്റെ നീതിസാരത്തെ കുട്ടീക്ക ഇപ്രകാരം ആത്മഗതം ചെയ്യുന്നു: ‘ഇത് കച്ചവടത്തിന്റെ ലോകമാണ്. ഉടവു പറ്റിയ ചരക്ക് എവിടെയും ചെലവാകില്ല.’

പ്രേം സൂറത്തിന്റെ, പണവും തലയില്‍ തലച്ചോറും ആവശ്യത്തിനുള്ള ജനാബ് കുട്ട്യസ്സന്‍ ഹാജി (‘ഹാജി ഭഗവതി’യെന്ന കഥ) മുസല്‍മാനെങ്കിലും ജാതകത്തിലും ജ്യോതിഷത്തിലും ഏറെ വിശ്വാസമുള്ള ദേഹമാണ്. അണ്ടിപ്പാട്ടം മുതല്‍ പെണ്ണുകെട്ടു വരെ എന്തും മനയ്ക്കലെ മൂത്ത നമ്പൂതിരിയുടെ കവടിമണി പറയും പോലെയേ ഹാജി ചെയ്യൂ. (കച്ചവടം പോലെ പെണ്ണുകെട്ടും ഹാജിക്കൊരു ‘ദൈനംദിന’വ്യവഹാരമായിരുന്നിരിക്കണം). ഭൂമി മുറിച്ചുകമഴ്ത്തിയ പോലുള്ള, ഹാജിയുടെ കണ്ണുകളില്‍ (ഹാജിയുടെ രണ്ടു കണ്ണും ചേര്‍ന്നാല്‍ ലോകം മുഴുവനുമായി) ചോരനിറം കലര്‍ന്ന ചരിത്രസംഭവമാണ് പ്രേം സൂറത്ത് പറയുന്നത്.

സൂറത്തിന്റെ ഹാജി ഭഗവതി മതത്തിന്റെ വ്യാപാരവല്‍ക്കരണത്തെ രേഖപ്പെടുത്തുന്നു. ഒരു കണക്കിന്, മതം എന്നാല്‍ത്തന്നെ അഗ്രചര്‍മ്മം മുറിച്ചെറിയലാണ് ഹാജിക്ക്. ഒരേയൊരു മകള്‍ ഐഷുക്കുട്ടി നസ്രാണിച്ചെക്കനായ ജോര്‍ജിനെ പ്രേമിച്ചു സമ്പാദിച്ച ഗര്‍ഭത്തിന്റെ നാണക്കേടകറ്റാന്‍ വേണ്ടി അവനെ ‘ഇസ്ലാമാ’ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവന്റെ അഗ്രചര്‍മ്മത്തില്‍ നിന്നു ചീറ്റിത്തെറിച്ചതാണ് ഹാജിയുടെ കണ്ണുകളെ ചുവപ്പിച്ചുകളഞ്ഞ ചോര.

കഥയിലെ നമ്പൂതിരി പണത്തെക്കവിഞ്ഞ ഒന്നല്ല വിശ്വാസം എന്നു തെളിയിക്കുന്നു. ഹാജി ജാതകത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്നതും ലാഭത്തിനു വേണ്ടിത്തന്നെ. ആഗോളീകൃതകാലത്തെ റിയല്‍ എസ്‌റ്റേറ്റ് മുതലാളിയുടെ പ്രതീകമാവുന്നുണ്ട്‌ ജനാബ് കുട്ട്യസ്സന്‍ ഹാജി.

ഒരു ദേശം..; കുറേ മനുഷ്യരും 

ജന്മാന്തരഹൃദയബന്ധങ്ങളുടെ ആഖ്യാനമാണ് കെ.ടി.ബാബുരാജ് എഴുതിയ ‘ഒരു രാത്രിസൗഹൃദത്തിന്റെ ബാക്കി’. ഒരു പെണ്ണിന്റെ സ്‌നേഹം തേടിയുള്ളൊരലച്ചിലാണത്. തിരസ്‌കൃതന്റെ സ്വപ്‌നങ്ങളുടെ കഥയുമാണത്. തന്റെ സമ്പാദ്യം മുഴുവന്‍ ചേര്‍ത്തുവെച്ച് അയാളൊരു രാത്രിയില്‍ ഒരു ലൈംഗികത്തൊഴിലാളിയെ വരുത്തി. ‘എനിക്കിതുവരെ ഒരു പെണ്ണിനേയും അറിയില്ല. ഇന്നു മുഴുവനായുമെനിക്കതറിയണം. ഇന്നു മുഴുവന്‍ നീയെന്നെ സ്‌നേഹിക്കണം.’ പിറ്റേന്നു വെളുപ്പിന് അവളുണരും മുമ്പെഴുന്നേറ്റയാള്‍ തീവണ്ടിപ്പാളത്തില്‍ തന്റെ ജീവന്‍ ചേര്‍ത്തുവെച്ചു. അവളിലിത് വലിയ സന്ത്രാസങ്ങള്‍ സൃഷ്ടിച്ചു. അവള്‍ക്ക് പനിച്ചു. പിറ്റേന്ന് തേടിയെത്തിയ ഇടനിലക്കാരനോടവള്‍ പറഞ്ഞു:’എനിക്ക് നിന്നെ അറിയില്ലല്ലോ, നീ ആരാണ്?’

മീസാന്‍കണ്ടിത്തറവാട്ടിലെ ഹസ്സന്‍ കുട്ടിക്കേയിക്ക് (ഏ.മഹമ്മൂദിന്റെ ‘കുഞ്ഞാലി’ എന്ന കഥ) പരസ്പരം രക്തബന്ധമോ വിവാഹബന്ധമോ ഇല്ലാത്ത സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള സ്‌നേഹത്തിന് ഒരര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ത്തന്നെ തന്റെ ഭാര്യ കുഞ്ഞീബിയും ജോലിക്കാരന്‍ കുഞ്ഞാലിയും തമ്മിലുണ്ടായ ‘അസാധാരണ’ബന്ധം അയാളെ അസഹിഷ്ണുവാക്കി. ആള്‍പ്പാര്‍പ്പില്ലാത്ത തറവാട്ടുവീട്ടില്‍ കുഞ്ഞാലിയെക്കൊണ്ടു തന്നെ എടുപ്പിച്ച കുഴിയിലയാള്‍ അവനെ ജീവനോടെ മണ്ണിട്ടു മൂടി. മക്കളില്ലാത്ത കുഞ്ഞീബിക്ക് കുഞ്ഞാലി മാനസപുത്രനായിരുന്നുവെന്നെറിഞ്ഞ ഹസ്സന്‍ കുട്ടിക്കേയി തളര്‍ന്നു. വിശുദ്ധമായ ബന്ധങ്ങളെയാണ് ഏ.മഹമ്മൂദ് വരച്ചിടുന്നത്.

ഈയ്യ വളപട്ടണത്തിന്റെ കഥയില്‍ (‘പടിയിറങ്ങുന്നവരുടെ ദേശം’) ദേശം വ്യക്തിയായി മാറുന്നു. അവസാനത്തെ താമസക്കാരനും വീടൊഴിഞ്ഞു പോകുന്നുവെന്നറിഞ്ഞ ദിവസമാണ് ‘കാസരോഗിയും ജര ബാധിച്ചവനുമായ’ ദേശം കൈരളി കൃഷ്‌ണേട്ടന്റെ സ്റ്റുഡിയോയിലേക്ക് ഫോട്ടോയെടുപ്പിക്കാന്‍ കയറിച്ചെന്നത്. അന്ത്യകൂദാശ പോലൊരാചാരമാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയും മൊബൈല്‍ ഫോണും വരുന്നതിനു മുമ്പത്തെ ഫോട്ടോയെടുപ്പ്. ദേശത്തില്‍ നിന്നുള്ള പടിയിറക്കത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാരണങ്ങളാണ് ഈയ്യ അന്വേഷിക്കുന്നത്. കൈരളി കൃഷ്‌ണേട്ടന്റെ സ്റ്റുഡിയോയും പുതിയ പ്രദേശത്തേക്കു മാറുകയാണ്. ‘കാലത്തിന്റെ പോക്കിനൊത്ത് ..’ എന്ന് കൃഷ്‌ണേട്ടന്റെ ന്യായം. ‘അതിന് വേരുപേക്ഷിക്കണോ?’ എന്ന് ദേശത്തിന്റെ ചോദ്യം. സ്റ്റുഡിയോയില്‍ നിരത്തിവെച്ച ഫോട്ടോകള്‍ ദേശം തിരിച്ചറിയുന്നു. വാടിക്കലത്തെ സലാം, കുത്തിക്കുറി മൊയ്തിന്‍ക്ക, ഔലിയ മമ്മൂഞ്ഞി, തില്ലത്തെയ് സൈനീത്ത, പയേരി ഹവ്വ, കായിത്തോല് വാസു, കുന്‍ കാദിരി … (ദേശത്തിന്റെ സാന്നിധ്യമറിയിച്ച ഇതിഹാസ പുരുഷന്മാര്‍).

ദേശത്തിന്റെ മുഖത്ത് ചിരിയുണ്ടാകുന്നതും കാത്ത് കാമറയ്ക്ക് പിന്നില്‍ കൃഷ്‌ണേട്ടന്‍ നിന്നു.

വളപട്ടണം പുഴ, ബോട്ട് ജെട്ടി, കണ്ടൽക്കാട്
വളപട്ടണം പുഴ, ബോട്ട് ജെട്ടി, കണ്ടൽക്കാട്

ഒരു മരണവൃത്താന്തമാണ് എളയിടത്ത് അശ്‌റഫിന്റെ കഥ, ‘അവകാശി’. സതീശന്റെ മരണത്തിലൂടെ കഥാകാരന്‍ ദേശ, കാലാവസ്ഥകളെ വിചാരണ ചെയ്യുന്നു. സതീശന് സാവിത്രിയുമായുള്ള പ്രണയബന്ധം, സതീശന്റെ ഭാര്യ(പട്ടമഹിഷി)യും മക്കളും, സാവിത്രിയുടെ ഭര്‍ത്താവ് തുടങ്ങിയവരെല്ലാം ചേര്‍ന്ന് സങ്കീര്‍ണമായ ബന്ധങ്ങള്‍ രൂപപ്പെടുന്നു.

സ്വന്തമായൊരു വീട് എന്ന, ഇന്നത്തെ ഏതൊരു ശരാശരിക്കാരന്റെയും സ്വപ്‌നമാണ് എം.ബി.ജാഫറിന്റെ ‘നിറയെ ജാലകങ്ങളുള്ള ഒരു വീട്’ എന്ന കഥയുടെ പരിസരം. കൂട്ടുകുടുംബവ്യവസ്ഥ ക്ഷയോന്മുഖമായിക്കെണ്ടിരിക്കുന്ന കാലമാണ്. അതിന്റെ ഗുണങ്ങള്‍ തമസ്‌കൃതമാവുകയും എന്നാല്‍ വൈകല്യങ്ങള്‍ വ്യക്തിയില്‍ സന്ത്രാസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലാണ് വീട് അബ്ദുവിന്റെ സ്വപ്‌നമായി മാറുന്നത്. അബ്ദുവിന്റെ സ്വപ്‌നത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു. സ്വപ്‌നത്തിലെ വീടിനാകട്ടെ നിറയെ ജാലകങ്ങളും. തകര്‍ച്ചയുടെ ഘട്ടത്തില്‍ കൂട്ടുകുടുംബസമ്പ്രദായം അവന്റെ ലോകത്തിനു മേല്‍ എത്രത്തോളം ഇരുട്ടു പരത്തിയിരുന്നുവെന്നും അതവനെ എത്രമേല്‍ ശ്വാസം മുട്ടിച്ചിരുന്നുവെന്നും നാം കാണുന്നു.

സ്വപ്‌നത്തിലെ അബ്ദുവിന്റെ വീട്ടില്‍ അവന്റെ ഉമ്മയും ഉപ്പയുമുണ്ടായിരുന്നു. എന്നാല്‍ അബ്ദുവിന്റെ വീട് എന്ന യാഥാര്‍ത്ഥ്യം അവര്‍ക്കനുഭവിക്കാന്‍ പറ്റിയില്ല. പുതിയ വീടിന്റെ പാലു കാച്ചലിന്റന്ന് അബ്ദുവും മരിക്കുന്നതോടെയാണ് കഥ അവസാനിക്കുന്നത്.

ഒരു ശവംതീനിക്കഴുകനെപ്പോലെ മരണത്തിന്റെ വഴികളന്വേഷിച്ചു നടക്കുന്ന മൂസ്സാക്ക (‘മരണം വരാത്ത വഴികള്‍ ‘; സാബിര്‍ വളപട്ടണത്തിന്റെ കഥ) ദൈന്യതയാര്‍ന്നൊരു കഥാപാത്രമാണ്. ഖബര്‍ കുഴിക്കുന്ന മൂസ്സാക്ക; മരണം കാത്തു നില്‍ക്കുന്ന മൂസ്സാക്ക .. വൈറ്റ് വാഷിന്റെ പണിക്കു പൊയ്‌ക്കൊണ്ടിരുന്ന മൂസ്സാക്കയെ ഖബര്‍ കുഴിപ്പുകാരനായ പിതാവിന്റെ മരണശേഷം പള്ളിക്കമ്മിറ്റി ഭീഷണിപ്പെടുത്തി കുഴി വെട്ടുകാരന്റെ പണി ഏറ്റെടുപ്പിച്ചതാണ്. ഇങ്ങനെയൊക്കെയാണ് അധീശത്വം വൈയക്തികചോദനകളെ അടിച്ചമര്‍ത്തുന്നത്. ദരിദ്രമായ ദിനരാത്രങ്ങളില്‍ മൂസ്സാക്ക മരണത്തിന്റെ ശബ്ദത്തിനു വേണ്ടി കാതോര്‍ക്കുന്നത്, പക്ഷേ ജീവിതത്തോടുള്ള വിരക്തി കൊണ്ടല്ല; ജീവിതാസക്തി കൊണ്ടു തന്നെയാണ്. തോണി മറിഞ്ഞ് ചില ചെറുപ്പക്കാര്‍ പുഴയില്‍പ്പട്ട വാര്‍ത്തയറിയിച്ച ദാസനോട് മൂസ്സാക്ക അന്വേഷിച്ചു:’അല്ല ദാസാ, അവര് രക്ഷപ്പെട്ടോ?’ ദാസന്‍ രൂക്ഷമായി നോക്കിയപ്പോള്‍ മൂസ്സാക്ക ഞെട്ടി, പിടിക്കപ്പെട്ടോ. ‘മറിഞ്ഞ തോണിയില്‍ നമ്മുടെ മൂന്നാളുകളുണ്ടെ’ന്ന് ‘പ്രതീക്ഷ’യോടെ പറഞ്ഞ മൂസ്സാക്കയോട് അവര്‍ രക്ഷപ്പെട്ടുവെന്ന് പ്രതികരിക്കുമ്പോള്‍ ഭാര്യ സുഹ്‌റ കരഞ്ഞു.

വീട്ടില്‍ നിറയുന്ന നാറ്റത്തിന്റെ ഉറവിടം തേടുന്നു മൊയ്തു മായിച്ചാന്‍ കുന്നിന്റെ രണ്ട് കഥാപാത്രങ്ങള്‍, ഒരു ഭാര്യയും ഭര്‍ത്താവും (കഥ: ‘നാറ്റം’). അവസാനമവര്‍ സ്വന്തം ശവശരീരങ്ങള്‍ രണ്ടു ചാക്കുകളില്‍ കണ്ടെത്തുന്നു.

ഷമിയാസ് വളപട്ടണത്തിന്റെ ‘നോക്കുകുത്തി’ ഇന്നത്തെസമൂഹത്തിന്റെ കപടതകളെയും കക്ഷിരാഷ്ട്രീയ അന്ത:ഛിദ്രതകളെയും പ്രശ്‌നവല്‍ക്കരിക്കുന്നു. കൊലപാതകത്തിനും കൊലയാളിയെ ഉടന്‍ പിടികൂടാനാവശ്യപ്പെട്ടുകൊണ്ട് യഥാര്‍ത്ഥകൊലയാളി തന്നെയായ നേതാവിന്റെ പ്രസംഗത്തിനും സാക്ഷിയാകുന്ന നോക്കുകുത്തിയാണ് കഥ പറയുന്നത്. പ്രതികരിക്കാനാവാതെ നില്‍ക്കുന്ന നോക്കുകുത്തി സമൂഹത്തിന്റെ മരവിച്ച പ്രതികരണശേഷിയെയാണ് സൂചിപ്പിക്കുന്നത്.

മണ്ണില്‍ പണിയെടുക്കുന്ന പുതിയ പണിക്കാരന്‍ തളര്‍ന്നവശരായിത്തീരുന്നു (‘മണ്ണ്’; അസ്ഗറലി ആലൂല്‍ ). എന്നാല്‍ തളര്‍ച്ച അയാളുടെ പ്രതീക്ഷകളെ വളര്‍ത്തുകയാണ്. ‘ഇനിയുള്ള പ്രഭാതം എന്റേതാണെ’ന്ന വിശ്വാസത്തിലേക്ക്, ഉറപ്പിലേക്ക് അത് വികസിക്കുന്നു.

ഹാശിം വലിയകത്ത് ‘കാലം വളരെ മാറിപ്പോയി’ എന്ന കഥയില്‍ മൂന്നാം തവണ ടൗണില്‍ വന്ന കുമാരന്റെ കാഴ്ചയിലേക്ക് ക്ഷണിക്കുന്നു. ആദ്യം നവമിക്കും ശേഷം പാര്‍ട്ടി ജാഥക്കും വന്ന് ഇപ്പോള്‍ വെറുതെ വന്ന കുമാരന്റെ കാഴ്ചയില്‍ പാളത്തില്‍ച്ചാടി മരിച്ച യുവാവിന്റെ ശവം.’മനുഷ്യനായി ജീവിക്കാന്‍ പറ്റാത്തതു കൊണ്ട്’ എന്ന് ആത്മഹത്യാക്കുറിപ്പ്. നഗരവാസികളുടെ നിസ്സംഗതയും കുമാരന്റെ വേദനയും നാമറിയുന്നു.

‘വീട് മാറിപ്പോകുമ്പോള്‍ ‘ എന്ന കഥ (ഹംസ മഠത്തില്‍) യുടെ പശ്ചാത്തലം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡാണ്. മരണം മണക്കുന്നുണ്ട് കഥയിലുടനീളം.

മാധ്യമധര്‍മത്തിന്റെ മൂല്യച്യുതികളാണ് അശ്രഫ് ബാവക്കാന്റവിടെയുടെ കഥാപ്രമേയം (‘ചൂടുള്ള വാര്‍ത്തകള്‍’). വാര്‍ത്തകളുടെ വില്‍പനസാധ്യതയന്വേഷിക്കുന്ന മാധ്യമസംസ്‌കാരത്തെ അതില്‍ വിചാരണ ചെയ്യുന്നു.

വളപട്ടണത്തെ പഴയ തലമുറയിലെ എഴുത്തുകാരനായ വളപട്ടണം അബ്ദുല്ല ‘ശൈത്താന്‍ ‘ എന്ന കഥയില്‍ ശൈത്താന്റെ സാധനസാമഗ്രികളെ ഒരു ലേലം വിളിയുടെ കഥയിലൂടെ പരിചയപ്പെടുത്തുന്നു. വിശ്വാസവഞ്ചനയാണ് ശൈത്താന്റെ ഏറ്റവും പ്രിയപ്പെട്ട ആയുധം. ഇന്നത്തെ ലോകത്തെ പരാജയത്തിലേക്കും മനുഷ്യനെ മാര്‍ഗഭ്രംശത്തിലേക്കും തള്ളിവിടാന്‍ കെല്‍പുറ്റതാണാ ആയുധം.

നാഗരികതയോടുള്ള ഭയം

പതിനേഴു കഥാകാരന്മാരെ അണിനിരത്തി വീറു കാട്ടിയ ഗ്രാമം, പക്ഷേ അക്കുട്ടത്തിലൊരു പെണ്‍ശബ്ദം കേള്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. അതേ സമയം കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ പുസ്തകത്തിലുണ്ട്. വ്രണത്തിലെ കുട്ടീക്കയുടെ മകള്‍ , രാത്രിസൗഹൃദത്തിലെ ലൈംഗികത്തൊഴിലാളി, കുഞ്ഞാലിയിലെ കുഞ്ഞീബി തുടങ്ങിയവര്‍ ഉദാഹരണം.

ഗ്രാമത്തെ നഗരം അപഹരിക്കുമ്പോള്‍ അഥവാ ഗ്രാമം നാഗരികമാകുമ്പോള്‍ നാഗരികതയെ ഭയക്കുന്ന (നാഗരികതയ്ക്ക് ഭാഷയില്‍ കാപട്യം എന്നു പദാര്‍ത്ഥമുണ്ട്) കഥാകാരന്മാര്‍ സംഗമിക്കുകയാണ് വളപട്ടണം കഥകളില്‍ .

കേട്ടും കണ്ടും അറിഞ്ഞും

knowledge2

മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ സംവേദനേന്ദ്രിയങ്ങളെപ്പറ്റി ഖുർആൻ പലേടത്തായി പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യസൃഷ്ടിപ്പിന്റെ വിഷയം പരാമര്‍ശിക്കുമ്പോള്‍ സൂറഃ അസ്സജദയില്‍ ഈ ഇന്ദ്രിയങ്ങളുടെ കാര്യം ഖുര്‍ആന്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ബാഹ്യേന്ദ്രിയങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ കേള്‍വിക്കും കാഴ്ചയ്ക്കും വേദഗ്രന്ഥം കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഇതോട് ചേര്‍ത്ത് ആന്തരികേന്ദ്രിയത്തെയും പരാമര്‍ശിക്കുന്നു. നിങ്ങള്‍ക്ക് നാം കാതും കണ്ണും മനസ്സും തന്നു (സൂറഃ അസ്സജദ). ഒരര്‍ത്ഥത്തില്‍ കാതും കണ്ണും മനസ്സിലേക്ക് തുറക്കുകയാണ് ചെയ്യുന്നത്. മനസ്സ് എന്നതിന് ഇവിടെ ഉപയോഗിക്കുന്ന പദം അഫ്ഇദ (വജഅല ലകുമു സ്സംഅ വല്‍ അബ്‌സ്വാറ വല്‍ അഫ്ഇദ) എന്നാണ്. ഫുആദ് എന്ന പദത്തിന്റെ ബഹുവചനമാണ് അഫ്ഇദ. ഈ പദത്തിനല്പം പ്രാധാന്യമുണ്ടെന്നു തോന്നുന്നു. ഫുആദ് എന്ന വാക്കിന്റെ മൂലപദം ഫഅദ എന്ന ക്രിയയാണ്. ഈ പദത്തിനാകട്ടെ, തീയില്‍ വേവിച്ചുവെന്നും കത്തിച്ചുവെന്നുമൊക്കെയാണ് അര്‍ത്ഥം. അപ്പോള്‍ കേള്‍വിയിലൂടെയും കാഴ്ചയിലൂടെയുമൊക്കെ മനുഷ്യന്‍ ആര്‍ജിക്കേണ്ടതായ ആന്തരിക പ്രകാശത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നു തോന്നുന്നു. മറ്റൊരു നിലക്ക് പറഞ്ഞാല്‍, കത്തുന്ന ഒരു വിളക്കാണ് മനസ്സ്. അതിലേക്കെണ്ണ പകരുന്ന നാളികളത്രേ കാതും കണ്ണും മറ്റിന്ദ്രിയങ്ങളും. അങ്ങനെ ചിന്തിക്കുമ്പോള്‍ അതിലൂടെ ഒഴിക്കപ്പെടുന്ന ഇന്ധനങ്ങളാണ് ശബ്ദങ്ങളും രൂപങ്ങളും മറ്റുമൊക്കെ. സ്വാഭാവികമായും ഖുര്‍ആന്‍ ഈ പരാമര്‍ശത്തിലൂടെ നമ്മളെ ഉദ്‌ബോധിപ്പിക്കുന്നത് കേള്‍ക്കേണ്ടതു പോലെ കേള്‍ക്കാനും കാണേണ്ടതു പോലെ കാണാനും തന്നെയാകുന്നു. കേള്‍ക്കുന്നില്ലേ, കാണുന്നില്ലേ എന്ന് വേദഗ്രന്ഥം അടിക്കടി ചോദിക്കുന്നുമുണ്ട്. ചിന്തകളെ ജ്വലിപ്പിക്കുന്നതാവണം കേള്‍വിയും കാഴ്ചയും. ശരിയായി കേട്ടും കണ്ടും ചിന്തിച്ചും മാത്രമേ നാം എന്തു നിലപാടും സ്വീകരിക്കാവൂ എന്നാണതിന്റെ ഉല്‍ബോധനം. അത് അതിന്റെ തന്നെ അധ്യാപനങ്ങളുടെ അനുധാവനമാണെങ്കില്‍പ്പോലും. യാന്ത്രികമായും പാരമ്പര്യത്തിന്റെ പേരിലും നാം ഒന്നിന്റയും അനുഗാതാക്കളാകരുത്. നിങ്ങള്‍ നിങ്ങള്‍ക്കറിയാത്തതിനെ പിന്‍ തുടരരുത് എന്ന് ഖുര്‍ആന്‍ കല്പിക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് നിങ്ങളുടെ കാതും കണ്ണും മനസ്സും നിശ്ചയമായും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നാണ് (അല്‍ ഇസ്‌റാഅ് :36). അതായത് കേട്ടും കണ്ടും അറിഞ്ഞും ബോധ്യപ്പെട്ടതു തന്നെയാണോ നീ പിന്തുടര്‍ന്നതെന്ന്. നിന്റെ ചിന്തകള്‍ക്ക് തീ പിടിപ്പിക്കുന്ന ഇന്ദ്രിയങ്ങളാണ് നിനക്ക് തന്നിട്ടുള്ളതെന്നിരിക്കേ, ചിന്തിക്കാതെയും അറിയാന്‍ ശ്രമിക്കാതെയും ജീവിച്ചു തീര്‍ത്തതിന് നിനക്കെന്തു ന്യായമാണ് ബോധിപ്പിക്കാനുള്ളത് എന്നു കൂടിയാണ് ഇവിടെ ചോദിക്കപ്പെടുന്നത്.

കേള്‍ക്കാതിരിക്കാന്‍ വേണ്ടി കാതു മൂടിക്കളഞ്ഞ സമൂഹത്തിന്റെ കഥ പറയുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. അവരുടെ നിലപാട് അവരെ നാശത്തിലേക്കു നയിച്ചതിന്റെ ചരിത്രമാണ് പിന്നീട് വിവരിക്കപ്പെടുന്നത്. സത്യത്തില്‍ കാഴ്ചയും കേള്‍വിയുമുള്‍പ്പെടെയുള്ള നമ്മുടെ ശേഷികള്‍, അവയവങ്ങള്‍, നമുക്കു ലഭിച്ചിട്ടുള്ള സൗകര്യങ്ങള്‍, ബന്ധങ്ങള്‍ എന്നിവയെല്ലാം തന്നെ അല്ലാഹു നമ്മെയേല്‍പ്പിച്ച സൂക്ഷിപ്പുമുതലുക (അമാനത്ത്)കളാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അമാനത്തുകള്‍ അവയുടെ ഉടമസ്ഥര്‍ക്ക് തിരിച്ചേല്‍പിക്കേണ്ടതാകുന്നു. മേല്‍പ്പറഞ്ഞ സംഗതികളാകട്ടെ, അതിന്റെ ഏറ്റവും വിശുദ്ധവും പ്രയോജനപ്രദവുമായ വിനിയോഗം എന്നത് നമുക്ക് ദൈവത്തോടുള്ള ബാധ്യതയായും പഠിപ്പിക്കപ്പെടുന്നുണ്ട്. ആകയാല്‍ അറിവും ചിന്തയും പ്രവര്‍ത്തനവും ദൈവത്തോടു നമുക്കുള്ള ബാധ്യതകളത്രേ.

Koninck_JMCകാഴ്ചയുടെ ദർശനവും കേൾവിയുടെ സുവിശേഷവും-

പൗരാണികകാലം മുതല്‍ക്കുള്ള മനുഷ്യന്റെ ദാര്‍ശനികാന്വേഷണങ്ങള്‍, വെളിപാടുകള്‍ എന്നിവയില്‍ നിന്ന് ശരിയായതിനെ നിലനിര്‍ത്തുന്ന വേദമായാണ് ഖുര്‍ആന്‍ സ്വയം വിശേഷിപ്പിക്കുന്നത്. എങ്ങനെയാണ് ഈ ബൃഹദ് ചരിതത്തെ വേദഗ്രന്ഥം സ്വാംശീകരിക്കുകയും സമന്വയിക്കുകയും ചെയ്യുന്നതെന്നന്വേഷിക്കേണ്ടതാണ്. മതത്തിന്റെയും ദര്‍ശനത്തിന്റെയും ചരിത്രവും വികാസവും പരിശോധിച്ചാല്‍ നരവര്‍ഗങ്ങളില്‍ രണ്ടു വിഭാഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നു കരുതാം. ഇന്‍ഡോ യൂറോപ്യന്‍മാര്‍ അഥവാ ആര്യന്മാരാണ് ഒന്ന്. രണ്ടാമത്തെ വിഭാഗം സെമൈറ്റുകളാണ്. കാസ്പിയന്‍ കരിങ്കടല്‍ തീരത്തു നിന്ന് പുറപ്പെട്ട് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും പിന്നെ ഇറാനിലും ഇന്ത്യയിലും കുടിയേറിയവരാണ് ഇന്‍ഡോ യൂറോപ്യന്‍മാര്‍ അഥവാ ആര്യന്മാര്‍ എന്നതാണല്ലോ പ്രസിദ്ധമായ സിദ്ധാന്തം. അവരുടെ തത്വചിന്തകളില്‍ കാഴ്ചയും കണ്ണുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒരു പാടുള്ളതായി കാണാം. ഉദാഹരണത്തിന് ആര്യഭാഷയായ സംസ്‌കൃതത്തിലെ വേദം എന്ന പദമെടുക്കുക. അറിയുക എന്നര്‍ത്ഥമുള്ള വിദ് എന്ന ധാതുവില്‍ നിന്നുണ്ടായതാണീ ശബ്ദം. സമാനമായൊരു പദമാണ് ദേവ. ദിവ്യതി ഇതി ദേവാഃ എന്നാണ് ഈ വാക്കിന്റെ വിശദീകരണം. പ്രകാശിക്കുന്നത് ദേവ എന്നര്‍ത്ഥം. അതോടൊപ്പം തന്നെ ഈ ശബ്ദം മനസ്സിനെയും ബുദ്ധിയെയും സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഭഗവദ് ഗീതയിലെ യാന്തി ദേവവ്രതാ എന്നു തുടങ്ങുന്ന മന്ത്രത്തിലെ ദേവ ശബ്ദത്തിന് നിത്യചൈതന്യയതി നല്‍കിയിട്ടുള്ള അര്‍ത്ഥമങ്ങനെയാണ്. പ്രകാശിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ത്തന്നെയാവാം ഇതും. എങ്ങനെയാണ് മനസ്സ് പ്രകാശിക്കുന്നത്? നമ്മുടെ കാഴ്ചയിലൂടെ, കേള്‍വിയിലൂടെ. ഇതില്‍ത്തന്നെ ഇന്‍ഡോ യൂറോപ്യന്‍ തത്വചിന്തകളില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ളത് കാഴ്ചയ്ക്കാണ്. തികച്ചും തത്വചിന്താപരമായ, ദാര്‍ശനികമായ ഒരു പശ്ചാത്തലമായിരുന്നു ആര്യന്മാരുടേത്. കാഴ്ചയില്‍ നിന്നാണ് ദര്‍ശനം എന്ന പദമുണ്ടാകുന്നത്. ആ വാക്കിന്റെ അര്‍ത്ഥം തന്നെ കാഴ്ച എന്നാണല്ലോ.

മുകളില്‍ സൂചിപ്പിച്ച, വിദ് എന്ന പദവും ഐഡിയ (idea) എന്ന ഗ്രീക്ക് പദവും തമ്മില്‍ ബന്ധമുണ്ട്. ഐഡിയ എന്നതിന് ഇംഗ്ലീഷില്‍ ആശയം എന്നര്‍ത്ഥമുണ്ടെങ്കിലും ഗ്രീക്കില്‍ അതിന് വിജ്ഞാനം എന്നു തന്നെയാണ് അര്‍ത്ഥം. വീഡിയോ (vedio) എന്ന ഗ്രീക്ക് പദവും ഇതില്‍ നിന്നുണ്ടായതാണ്. ഞാന്‍ കാണുന്നു എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഞാന്‍ അറിയുന്നു എന്നു കൂടി ഇതിനര്‍ത്ഥം പറയാം. പ്രവാചകന്മാര്‍ കാഴ്ചയെ അറിവ് എന്ന അര്‍ത്ഥത്തില്‍ത്തന്നെ ഉപയോഗിച്ചതായി ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ഉറക്കത്തില്‍ ഞാന്‍ കണ്ടു (ഇന്നീ അറാ ഫില്‍ മനാം) എന്ന് ഇബ്‌റാഹീം നബി പറയുമ്പോള്‍ കേവലം ഞാന്‍ സ്വപ്‌നം കണ്ടു എന്നല്ല അര്‍ത്ഥം. അവിടെ മനാം എന്നു പറഞ്ഞാല്‍ കേവല സുഷുപ്തിയുമല്ല. തുരീയാവസ്ഥയില്‍ എനിക്കൊരു ദര്‍ശനമുണ്ടായി, ഞാന്‍ അറിഞ്ഞു, എനിക്ക് വ്യക്തമായിരിക്കുന്നു എന്നൊക്കെയാണ് അവിടെ ഉദ്ദേശ്യം. (പ്രവാചകന്റെ കണ്ണുകള്‍ മാത്രമേ ഉറക്കത്തിലാഴുന്നുള്ളൂ, അവരുടെ മനസ്സ് ഉണര്‍ന്നിരിക്കുന്നു എന്ന ഒരാലങ്കാരിക പ്രയോഗം മുഹമ്മദ് നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്). അതു പോലെത്തന്നെ, നാം അബ്‌റഹാമിന് പ്രപഞ്ച വ്യവസ്ഥയെ മുഴുവന്‍ കാണിച്ചു കൊടുത്തു എന്ന് ഖുര്‍ആനില്‍ ഒരു കഥ പറയുന്നുണ്ട്. ഇവിടെയും കേവലമായ കാഴ്ചയെയല്ല അര്‍ത്ഥമാക്കുന്നത്. നീ അറിഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ കണ്ടു എന്നര്‍ത്ഥമുള്ള, റആ എന്ന പദത്തിന്റെ തല്‍ഭവങ്ങള്‍ വേദഗ്രന്ഥം ധാരാളമായുപയോഗിച്ചിട്ടുണ്ട്.

വിദ് എന്നതില്‍ നിന്നാണ് വേദം വന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. വേദം ഋഷിപ്രോക്തമാണ്. എന്നാല്‍ വേദമന്ത്രങ്ങള്‍ ഋഷിമാര്‍ നിര്‍മിച്ചതല്ലെന്നാണ് വിശ്വാസം. ഋഷിമാര്‍ മന്ത്ര ദ്രഷ്ടാക്കളാണ്, മന്ത്ര സ്രഷ്ടാക്കളല്ല. അവിടെയും അറിവിന് ദര്‍ശനം (കാഴ്ച) എന്ന വാക്കു തന്നെ ഉപയോഗിച്ചിരിക്കുന്നു. വിദ് ധാതുവില്‍ നിന്നു തന്നെയാണ് വിദ്യ (അറിവ്) ഉണ്ടാവുന്നത്. വിദ്യയുമായി സാമ്യമുള്ള ഒട്ടേറെ ഇന്‍ഡോ യൂറോപ്യന്‍ പദങ്ങളുണ്ട്. ഇംഗ്ലീഷില്‍ wisdom, ജര്‍മനില്‍ vissen നോര്‍വീജിയനില്‍ vitten എന്നെല്ലാം ഒരേ അര്‍ത്ഥത്തില്‍ത്തന്നെ ഉപയോഗിക്കുന്നു. സമാനമായ പദപ്രയോഗങ്ങള്‍ ഇറാനിയന്‍ ഭാഷയിലുമുണ്ട്. ഇപ്രകാരം കാഴ്ചയെ, കണ്ണുകളെ അറിവിന്റെയും അവബോധത്തിന്റെയും ചിന്തയുടെയും അടയാളമായി ഇന്‍ഡോ യൂറോപ്യന്‍ തത്വചിന്തകള്‍ സ്വീകരിക്കുന്നു. ദര്‍ശനം എന്ന പദം തന്നെ മറ്റൊരുദാഹരണമാണല്ലോ. phylosophy എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഈ പദത്തിന്റെയും ഭാഷാര്‍ത്ഥം കാഴ്ച എന്നു തന്നെ.

ഇനി നാം രണ്ടാമത്തെ വിഭാഗമായി പരാമര്‍ശിച്ചിട്ടുള്ള സെമിറ്റിക് ജനതയിലേക്കു വന്നാല്‍, സമാനമായ പ്രാധാന്യം കേള്‍വിക്ക് നല്‍കിയതായി കാണുന്നു. പൊതുവേ സെമൈറ്റുകള്‍ തത്വചിന്താപരമായ സ്വഭാവത്തിലല്ല ലോകത്തെപ്പറ്റി സംസാരിച്ചതും അറിഞ്ഞതും. കൂടുതല്‍ ചിന്തകന്മാരായിരുന്നില്ല അവര്‍, മറിച്ച് കൂടുതല്‍ ഭൂമിയില്‍ ജീവിക്കുന്നവരായിരുന്നു. മറ്റൊരു കാര്യം കൂടിയുള്ളത് ഇന്‍ഡോ യൂറോപ്യന്‍ ഭൂപ്രദേശങ്ങള്‍ തുറന്ന കാഴ്ചയെ ആവശ്യപ്പെടുന്നതാണെങ്കില്‍ സെമൈറ്റുകള്‍ പൊതുവേ മരുഭൂവാസികളായിരുന്നു. ബൈബിളില്‍ യിസ്രായേലേ കേള്‍ക്ക തുടങ്ങിയ പ്രയോഗങ്ങളാണ് കാണാന്‍ പറ്റുക. ഉള്‍ക്കൊള്ളുക, മനസ്സിലാക്കുക എന്നൊക്കെത്തന്നെയാണ് കേള്‍ക്കുക എന്നതു കൊണ്ട് ഇവിടെയും ഉദ്ദേശിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. മിക്കവാറും സെമിറ്റിക് പ്രവാചകന്മാരെല്ലാവരും ഇപ്രകാരമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂസാ നബിയുടെ ചരിത്രം പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആനും ഇവ്വിധം തന്നെ പറയുന്നുണ്ട്. ത്വുവാ താഴ്‌വരയിലെ മൂസായുടെ ദൈവദര്‍ശനത്തെപ്പറ്റി പറഞ്ഞത് മൂസാ കണ്ടു എന്നല്ല, കേട്ടു എന്നാണ്. അതേയവസരം സെമിറ്റിക് പ്രവാചകന്മാര്‍ക്കുണ്ടായ ബോധാനുഭവങ്ങളും ജാഞാനാനുഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടു എന്ന പദവും ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. യൂസഫിന്റെ ചരിത്രം പറയുമ്പോള്‍, അല്ലാഹുവിന്റെ അടയാളം (ബുര്‍ഹാന്‍) കണ്ടില്ലാിരുന്നെങ്കില്‍ അദ്ദേഹവും അധര്‍മത്തില്‍ വീഴുമായിരുന്നു എന്നു പ്രയോഗിക്കുന്നുണ്ട്. കേവല കണ്‍കാഴ്ചയെപ്പറ്റിയല്ല ഇവിടെ പറയുന്നതെന്നു വ്യക്തം. എന്റെ മനസ്സ് തീര്‍ത്തും അകളങ്കിതമായിരുന്നുവെന്നു ഞാനവകാശപ്പെടില്ല. നിശ്ചയം ചിലപ്പോള്‍ മനുഷ്യമനസ്സ് ദുഷ്‌പ്രേരകം തന്നെയായിത്തീരുന്നു എന്ന് യൂസഫ് പറയുന്നുണ്ട്. അതായത് മനസ്സിന്റെ ദൗര്‍ബ്ബല്യത്തെ അതിജയിക്കാന്‍ യൂസഫിന് കഴിഞ്ഞു. അത് ഇപ്പറഞ്ഞ ബുര്‍ഹാന്‍ ദര്‍ശിച്ചതു കൊണ്ടാണ്. അപ്പോള്‍ പാപപ്രേരണയെ അതിജയിക്കാന്‍ സാധിക്കുന്ന ഒരുള്‍ക്കാഴ്ചയെയാണ് കണ്ടു എന്നതു കൊണ്ട് ഖുര്‍ആന്‍ ഇവിടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ത്തന്നെയും പ്രവാചകകഥാകഥനത്തില്‍പ്പോലും ബൈബിള്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് കേള്‍വിക്കു തന്നെയാകുന്നു.

കണ്ണുകളുടെയും കാതുകളുടെയും ഏകോപനം-

അതേയവസരം ഖുര്‍ആന്‍ ജ്ഞാനത്തിന്റെ ഉപാധികളും പ്രമേയങ്ങളും സംബന്ധിച്ച പ്രതിപാദനത്തില്‍ കാഴ്ച, കേള്‍വി എന്നീ രണ്ടു പ്രയോഗങ്ങള്‍ക്കും ഏതാണ്ടൊരേ പ്രാധാന്യം നല്‍കിക്കാണുന്നു. സൂറഃ അസ്സജദയില്‍ സമൂഹത്തിന്റെ ചരിത്രം, പ്രകൃതി പ്രതിഭാസങ്ങള്‍ (സാമൂഹിക ശാസ്ത്രങ്ങളും പ്രകൃതി ശാസ്ത്രങ്ങളും) എന്നിവയുടെ പഠനത്തിന്റെ അനിവാര്യതയെ സൂചിപ്പിച്ചു കൊണ്ടുള്ള വചനങ്ങള്‍ ഇപ്രകാരം വായിക്കാം: ഇവര്‍ക്കു മുമ്പ് എത്ര സമൂഹങ്ങള്‍, നാമവരെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. അവരുടെ വാസസ്ഥലത്തു കൂടിത്തന്നെയാണിപ്പോഴിവര്‍ സഞ്ചരിക്കുന്നത്. എന്നിട്ടെന്തു കൊണ്ടിവര്‍ക്കിത് നല്‍വഴി കാട്ടുന്ന ഗുണപാഠമാകുന്നില്ല? തീര്‍ച്ച, ആ ചരിത്രങ്ങളിലൊക്കെയുമെത്രയോ അടയാളങ്ങള്‍. എന്നിട്ടുമെന്തേ ഇവര്‍ കേള്‍ക്കുന്നില്ല? ഇനിയും ഇവര്‍ കാണുന്നില്ലെന്നോ, വരണ്ട ഭൂമിയില്‍ നാം വെള്ളമൊഴുക്കുകയും അങ്ങനെയതില്‍ വിവിധവിളവുകളുണ്ടാവുകയും ചെയ്യുന്നത്? എന്നിട്ടതില്‍ നിന്നല്ലയോ ഇവര്‍ക്കും ഇവരുടെ കന്നുകാലികള്‍ക്കും ആഹാരം? എന്നിട്ടുമെന്തേ ഇവര്‍ കാണുന്നില്ല? (അസ്സജദഃ :26-27). ചരിത്രത്തെക്കുറിച്ചാവുമ്പോള്‍ കേള്‍ക്കുന്നില്ലേ എന്നും പ്രകൃതിയെപ്പറ്റിയാവുമ്പോള്‍ കാണുന്നില്ലേ എന്നുമാണ് ഇവിടെ ചോദിക്കുന്നത്. രണ്ടായാലും സകല ശാസ്ത്രശാഖകളിലൂടെയും അല്ലാഹുവിന്റെ അടയാളങ്ങളെ അറിയാന്‍ സാധിക്കുമെന്ന പ്രഖ്യാപനമാണിത്. സ്വാഭാവികമായും കേവലമായ കേള്‍വിക്കും കാഴ്ചയ്ക്കുമപ്പുറം, അറിയുന്നില്ലേ എന്നാണ് ചോദ്യം.

ഇവ്വിധം കേള്‍വിയേയും കാഴ്ചയേയും സമന്വയിപ്പിക്കുക എന്നുവെച്ചാല്‍ ഗ്രീസ് മുതല്‍ ഇന്ത്യ വരെയെത്തി നില്‍ക്കുന്ന ഇന്‍ഡോ യൂറോപ്യന്‍മാരെയും കനാനിലും മറ്റു മധ്യപൗരസ്ത്യദേശങ്ങളിലും ഈജിപ്തിലുമൊക്കെയായി വ്യാപിച്ചിട്ടുള്ള സെമൈറ്റുകളെയും സമന്വയിപ്പിക്കുക എന്നാണര്‍ത്ഥം. സത്യത്തില്‍ ലോകത്തുള്ള സകല ജനങ്ങളെയും അഭിമുഖീകരിച്ചു കൊണ്ടുള്ള പ്രതിപാദനശൈലിയാണ് ഖുര്‍ആന്റേത്. വംശപരമായി സെമിറ്റിക് ആണെങ്കിലും മുഹമ്മദ് നബിയുടെ പ്രബോധനം സെമിറ്റിക് വംശത്തോടു മാത്രമായിരുന്നില്ല. ഹദീസുകള്‍ പരിശോധിച്ചാല്‍, നബി തിരുമേനി ആദ്യകാലത്ത് അബ്ദു മനാഫ് സന്തതികളേ എന്നും ഹാശിം കുടുംബമേ എന്നും അല്‍പം കൂടി കഴിഞ്ഞപ്പോള്‍ ഖുറൈശികളേ എന്നുമൊക്കെയായിരുന്നു സംബോധന ചെയ്തിരുന്നതെങ്കില്‍പ്പോലും അധികം വൈകാതെ തന്നെ അത് മനുഷ്യരേ എന്നായിത്തീര്‍ന്നതായി കാണാം. വിടവാങ്ങല്‍ പ്രഭാഷണം എന്നറിയപ്പെടുന്ന, നബിയുടെ അറഫാ പ്രഭാഷണത്തില്‍ ഓരോ കാര്യവും അവിടുന്ന് പറയുന്നത് ജനങ്ങളേ (അയ്യുഹന്നാസ്) എന്നു വിളിച്ചു കൊണ്ടാണ്. അന്നാസ് എന്ന സംബോധന, വാസ്തവത്തില്‍ അതിരുകള്‍ ബാധകമാവാത്ത വിധം മനുഷ്യനെ അഭിമുഖീകരി്ക്കുന്ന ഒന്നാണ്. ഈ മാനവികത ഉറപ്പിച്ചു സംസ്ഥാപിക്കും വിധം മുന്‍കാലത്തുള്ള എല്ലാ സമൂഹങ്ങളെയും ഉള്‍ക്കൊള്ളാന്‍ ഖുര്‍ആന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം സകല അന്വേഷണങ്ങളെയും ചിന്തകളെയും ശരിയായി വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള കരുക്കള്‍ നമുക്കതില്‍ നിന്നു ലഭിക്കുകയും ചെയ്യും. ശരിതെറ്റുകളെ വേര്‍തിരിക്കുന്നതിനുള്ള ആധാരങ്ങളും.

അപ്പോള്‍ കാണുന്നില്ലേ എന്നു ചോദിക്കുക വഴി ഇന്‍ഡോ യൂറോപ്യന്മാരുടെ, ദാര്‍ശനികമായ ഉള്‍ക്കാഴ്ചയുടെ പാരമ്പര്യത്തെയും കേള്‍ക്കുന്നില്ലേ എന്ന ചോദ്യത്തിലൂടെ സെമിറ്റിക് ജനതയുടെ, പറഞ്ഞും കേട്ടും കൈമാറി വികസിച്ച മതപാരമ്പര്യത്തെയും ചേര്‍ത്തു നിര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കാം. അതിനപ്പുറം കാഴ്ച കേള്‍വികളെ അവബോധത്തെ ജ്വലിപ്പിക്കുന്നതിനുള്ള, ചിന്തകള്‍ക്ക് തീ പിടിക്കുന്നതിനുള്ള ഇന്ധനങ്ങളാക്കി മാറ്റാനുള്ള ആഹ്വാനവും കൂടിയാണ് അത്.

SILENT_KNOWLEDGE_original_oil_painting_listed_byഎല്ലാം കേള്‍ക്കുകയും എന്നിട്ടതില്‍ നിന്ന് ശരിയായതു പിന്‍പറ്റുകയും ചെയ്യാന്‍ വേദഗ്രന്ഥം ആഹ്വാനം ചെയ്യുന്നുണ്ട്. അല്ലാഹുവിനെ കണ്‍മുന്നില്‍ക്കാണുമ്പോലെ ഉപാസിക്കാന്‍, ഉത്തമ പ്രവൃത്തികളിലേര്‍പ്പെടാന്‍ നബിതിരുമേനി പഠിപ്പിക്കുന്നു. ജ്ഞാനത്തിന്റെയും അവബോധത്തിന്റെയും ആധാരമില്ലാതെ വെറും വിശ്വാസവും അനുഷ്ഠാനവും മാത്രമായി ചുരുങ്ങിപ്പോയ മതസമൂഹങ്ങളെപ്പറ്റി, കാഴ്ചയും കേള്‍വിയുമില്ലാത്ത ദൈവങ്ങളെ ഉപാസിക്കുന്നവര്‍ അവരുടെ ദൈവങ്ങളെപ്പോലെത്തന്നെ കാണാത്തവരും കേള്‍ക്കാത്തവരുമാണെന്ന് ബൈബിളില്‍ കാണാം. ഖുര്‍ആനിലിതു പോലെ മറ്റൊരു പരാമര്‍ശമുണ്ട്. മനസ്സുണ്ടവര്‍ക്ക്, എന്നാല്‍ ചിന്തിക്കുന്നില്ല. കാതുകളുണ്ട്, പക്ഷേ കേള്‍ക്കുന്നില്ല. കണ്ണുകളുണ്ടെങ്കിലും കാണുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു, അല്ല വഴി പിഴച്ചു പോയവരാകുന്നു.

സമുദായത്തിന്റെയും പൈതൃകത്തിന്റെയും അന്ധമായ അനുധാവനമല്ല, ജ്ഞാനത്തിന്റെയും ബോധ്യത്തിന്റെയും പിന്‍ബലമുള്ള ദര്‍ശനത്തിന്റെ സ്വീകാരമാണ് വേണ്ടതെന്നാണ് ഇത്തരം പാഠങ്ങളിലൂടെ വേദപുസ്തകം പറയുന്നത്.

അവധിക്കാല വിനോദം പോലെ നീതിന്യായവും ജനതയും

12360339_776603295796329_1368905246431500071_n

അന്തരംഗത്തിലെ ശോഭയെ പുറത്തേക്ക്‌ പ്രസരിപ്പിച്ച കഥാകാരന്‍ എന്ന്‌ എം കൃഷ്‌ണന്‍ നായര്‍ വിശേഷിപ്പിച്ച, ഉണ്ണി ആറിന്‌റെ ഒഴിവുദിവസത്തെ കളി എന്ന കഥാസമാഹാരത്തിലെ അതേ പേരുള്ള കഥയാണ്‌ ഒരാള്‍പ്പൊക്കത്തിനു ശേഷം സനല്‍ കുമാര്‍ ശശിധരന്‍ അതേ പേരില്‍ത്തന്നെ സിനിമയാക്കിയത്‌.

ഈ ഒഴിവുകാലക്കളിക്ക്‌ ചില നിയമങ്ങളുണ്ട്‌. അത്‌സിനിമയില്‍ ടൈറ്റില്‍ കാണിക്കുമ്പോള്‍ത്തന്നെ നമ്മളെ പഠിപ്പിക്കുന്നുമുണ്ട്‌. അതില്‍ ഏറ്റവും പ്രധാനം നറുക്കുകളെഴുതുമ്പോഴും എടുക്കുമ്പോഴും മൂന്നു വട്ടം ദൈവനാമത്തില്‍ എന്ന്‌ മനസ്സില്‍ പറയണമെന്നുള്ളതാണ്‌. അപ്പോള്‍ ദൈവനാമത്തില്‍ ഐശ്വര്യമായിത്തന്നെയാണ്‌ കളി തുടങ്ങുന്നത്‌.

ഒരു ഇലക്ഷന്‍ ഒഴിവുകാലം അടിച്ചു പൊളിക്കാന്‍ ഒത്തുകൂടുന്ന അഞ്ച്‌ സുഹൃത്തുക്കളാണ്‌ സിനിമയിലെ കഥാപാത്രങ്ങള്‍. രസകരമായ സംഭവങ്ങള്‍. ചുറ്റുപാടുകളാണെങ്കില്‍ തീര്‍ത്തും ഒഴിഞ്ഞതും എന്നാല്‍ അതിമനോഹരവും. മനോഹരമായ എല്ലാ സ്ഥലങ്ങളും കള്ളു കുടിക്കാന്‍ പറ്റിയവയായതിനാല്‍ അവര്‍ അതു തന്നെ തുടങ്ങി. ലഹരി കയറിയതോടെ അവരുടെ യഥാര്‍ത്ഥ വ്യക്തിത്വങ്ങള്‍ മറ നീങ്ങി പുറത്തു വന്നു തുടങ്ങി.

വിചാരണകളെയും ശിക്ഷാവിധികളെയും ശക്തമായി വിചാരണ ചെയ്യുന്നതാണ്‌ ഉണ്ണിയുടെ കഥയും സനല്‍ കുമാറിന്റെ സിനിമയും. വിധിക്കപ്പെടുന്നവനാകട്ടെ, രാജ്യദ്രോഹിയുമാണ്‌, അതിലേറെ അവന്‍ ദലിതനാണ്‌. കീഴാളര്‍ക്കും മുസ്ലിംകള്‍ക്കുമായി സംവരണം ചെയ്യപ്പെട്ട രാജ്യദ്രോഹപദവികളെ നിശിതമായി പരിഹസിക്കുന്നുണ്ട്‌ ഈ സിനിമ. ഗള്‍ഫു പണക്കാരനായ സവര്‍ണനാണ്‌ രാജാവ്‌. ആ രാജാവിനെതിരെയാണ്‌ കീഴാളന്‍ രാജ്യദ്രോഹം പ്രവര്‍ത്തിച്ചത്‌.

മന്ത്രിയായി കൂടെയുള്ളത്‌ കമ്യൂനിസ്റ്റുകാരന്‍. അവനാകട്ടെ, തന്റെ അച്ഛന്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന്റെ മഹത്വം ഏറ്റു പറഞ്ഞ്‌ പ്രസംഗിക്കുകയും വലിയ കോലാഹലങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊപ്പം പണക്കാരനുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്യുന്നവന്‍. അപ്പോഴും എന്റെ കാശു കൊണ്ട്‌ കള്ളും ആഹാരവും മേടിച്ച്‌ മോന്തിയവന്‍ എന്ന പണക്കാരന്റെ പരിഹാസം നിലനില്‍ക്കുന്നുമുണ്ട്‌.

കളിയില്‍ പിന്നെയുള്ളത്‌ പോലീസുകാരനാണ്‌. അവനൊരു കച്ചവടക്കാരനാണ്‌. കച്ചവടക്കാരനും പണക്കാരനും ഹിപ്പോക്രസിയുടെ തടവറയിലാണെന്ന്‌ കമ്യൂനിസ്‌റ്റുകാരന്‍ ആക്ഷേപിക്കുന്നു. അതേസമയം ഏറ്റവും കടുത്ത ഹിപ്പോക്രസി അവനില്‍ത്തന്നെ നാം കാണുകയും ചെയ്യുന്നു. ദോഷം പറയരുതല്ലോ. കമ്യൂനിസ്‌റ്റുകാരന്‍ കടുത്ത സ്‌ത്രീവാദിയാണ്‌. കാട്ടിലെ ഒത്തു കൂടലിന്‌ പാചകക്കാരിയായി വന്ന പെണ്ണിന്റെ കാര്യത്തില്‍ അയാള്‍ ഒരു അറ്റംപ്‌റ്റ്‌ നടത്തി എന്നത്‌ നേരാണ്‌. പക്ഷേ അവള്‍ക്ക്‌ താല്‍പര്യമില്ലാത്തതു കൊണ്ട്‌ വിട്ടു കളഞ്ഞു. അയാളുടെ അഭിപ്രായത്തില്‍ അതിനെ ലൈംഗികതയിലെ ജനാധിപത്യം എന്നു പറയും. ഹിപ്പോക്രൈറ്റായ കച്ചവടക്കാരന്‌ കാട്ടുപെണ്ണിനെപ്പറ്റി എന്തും പറയാം. എന്നാല്‍ സ്വന്തം ഭാര്യയെപ്പറ്റി പറഞ്ഞാല്‍ ചിരപുരാതീനമായ ആണഭിമാനബോധം അയാളില്‍ നുരഞ്ഞു പൊന്തും.
10tvsrp01-IFFK-_11_2653131g
കൂട്ടത്തില്‍ ഒരു നമ്പൂതിരി കൂടിയുണ്ട്‌. സ്വതവേ നിര്‍ദ്ദോഷിയും സാധുവുമായ ഒരാള്‍. രസപ്രിയനും സഹൃദയനും. എന്നാല്‍ കളിയില്‍ അയാളാണ്‌ ന്യായാധിപസ്ഥാനത്തിരിക്കുന്നത്‌. സബാള്‍ടേണ്‍ പഠനങ്ങളില്‍ ബ്രാഹ്മണനീതി എന്ന്‌ വ്യവഹരിക്കപ്പെടാറുള്ള ആശയത്തെ അയാള്‍ പ്രതിനിധീകരിക്കുന്നുണ്ട്‌. പ്ലാവില്‍ കയറി ചക്ക പറിക്കാനും പാചകത്തിനായി കോഴിയെ കൊല്ലാനുമുള്ള ചുമതല ദലിതന്റേതാണെന്നും മറ്റ്‌ നാല്‌ പേരും കൂടി തീരുമാനിച്ചിട്ടുണ്ട്‌. എന്തെന്നാല്‍ അവന്‍ ദാസനാണ്‌. അങ്ങനെയാണ്‌ അവന്റെ പേര്‌. ധര്‍മാധര്‍മങ്ങള്‍ തീരുമാനിക്കുന്നവന്‍ ധര്‍മനും. അങ്ങനെ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ പോലും അർത്ഥഗർഭമായിത്തീരുന്നു. കമ്യൂനിസ്റ്റുകാരന്റെ പേര് വിനയൻ. കച്ചവടക്കാരൻ അശോകനും.

ഒരാള്‍പ്പൊക്കം സിനിമയിലൂടെ അര്‍ഹമായ ശ്രദ്ധ നേടിക്കഴിഞ്ഞ സനല്‍ കുമാര്‍ ശശിധരന്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ ശരിയായി വായിക്കുകയാണ്‌. അതാകട്ടെ, സൈദ്ധാന്തിക സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടാക്കാതെ കള്ളുകുടിയന്മാരായ അഞ്ച്‌ കൂട്ടുകാരുടെ തമാശകളിലൂടെയും വിനോദങ്ങളിലൂടെയും വളരെ രസകരമായിത്തന്നെ. ഒട്ടും ശ്വാസം വിടാതെ ഈ സിനിമ നിങ്ങള്‍ കണ്ടിരിക്കും എന്നുറപ്പാണ്‌. കാണുകയും വേണം. കഥാപാത്രങ്ങളുടെ മനസ്സു പോലും ഒപ്പിയെടുക്കുന്നതാണ്‌ ഇന്ദ്രജിത്തിന്റെ കാമറ. ബേസില്‍ ജോസഫിന്റെ പശ്ചാത്തല സംഗീതവും വളരെ നന്നായി. തികച്ചും സ്വാഭാവികമായ പ്രകടനമായിരുന്നു അഭിനേതാക്കളുടേത്‌ (നിഷ്‌തര്‍ സേട്ട്‌, ഗിരീഷ്‌ നായര്‍, പ്രദീപ്‌ കുമാര്‍, അരുണ്‍ നാരായണ്‍, ബൈജു നെറ്റോ, അഭിജ ശിവകല തുടങ്ങിയവര്‍). അതേ സമയം സിനിമയ്ക്ക് ദൈർഘ്യം അൽപം കൂടിപ്പോയി എന്ന് സംശയിക്കുന്നു. അത് ഒട്ടും മുഷിപ്പുണ്ടാക്കുന്നില്ലെങ്കിൽപ്പോലും.

മികച്ചതും പ്രയോജനപ്രദവുമായ സംരംഭങ്ങള്‍ മലയാള സിനിമയില്‍ തീര്‍ച്ചയായും ഉണ്ടാകുന്നുണ്ട്‌. എന്നാല്‍ നിലവാരമില്ലാത്ത കമ്പോളസിനിമകളേ നമ്മുടെ മാധ്യമങ്ങള്‍ പോലും കാണുന്നുള്ളൂ എന്നതാണ്‌ ഖേദകരം. പതിനയ്യായിരം പ്രതിനിധികളാണ്‌ ഇത്തവണ മേളയ്‌ക്കുള്ളത്‌. ഒരു പക്ഷേ ഇതില്‍ പന്ത്രണ്ടായിരം പേരും മലയാളികളാണ്‌. സിനിമയെ ഗൗരവമായി കാണുന്ന, എന്നാല്‍ മേളയില്‍ പങ്കെടുക്കാന്‍ പറ്റാത്ത ഒട്ടേറെ പേര്‍ ഇനിയുമുണ്ട്‌. മലയാളത്തിലെ നല്ല സിനിമകള്‍ ലാഭത്തിലാവാന്‍ ഇത്രയും പേര്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയാല്‍ മതി. സത്യത്തില്‍ മേള വെറും മേളയായിപ്പോകുന്നു. വര്‍ണശബളമായ ഒരുല്‍സവം. കമ്പോളതാല്‍പര്യങ്ങളെ അതിജയിക്കുന്ന സമാന്തരസംരംഭങ്ങളെ അടുത്തറിയാനുള്ള അവസരമാവണം ശരിയായ ചലച്ചിത്ര മേളകള്‍.

തനിക്ക്‌ പറയാനുള്ളത്‌ തന്റേതായ വഴിയിലും ശൈലിയിലും, ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നോ നാല്‌ കാശുണ്ടാക്കാന്‍ പറ്റുമോ എന്നോ ഉള്ള ആശങ്കകളില്ലാതെ പറയുന്നവനാണ്‌ കലാകാരന്‍. കമ്പോളത്തിനു വേണ്ടി സിനിമ നിര്‍മിക്കുന്നവന്‍ കലാകാരനല്ല, കച്ചവടക്കാരന്‍ മാത്രമാണ്‌, അവന്‌ കഴിവുണ്ടായാലും ഇല്ലെങ്കിലും ശരി.