ആൽബർട്ട് ലിച്ചൻബർഗിന്റെ ജീവിതം, ഫാഷിസത്തിനെതിരെ ഒരു സത്യവാങ്മൂലം

equity

ജീർണാവശിഷ്ടങ്ങൾക്കിടയിൽക്കിടന്ന് ആൽബർട്ട് ലിച്ചൻബർഗ് കൈയിൽക്കിട്ടിയതെന്തെങ്കിലുമൊക്കെ തിന്നു. റൊട്ടിക്കഷണങ്ങൾ അത്യപൂർവമായി മാത്രമേ വീണു കിട്ടിയുള്ളൂ. ചിലപ്പോഴെല്ലാം അയാൾ അവശിഷ്ടങ്ങൾക്കിടയിൽക്കിടന്ന് പ്രഭാഷണങ്ങളും നടത്തി. അവർ തന്റെ നാക്ക് പിഴുതെടുത്തില്ലല്ലോ എന്നയാൾ അൽഭുതപ്പെട്ടു. (ലിച്ചൻബർഗിന്റെ ചെവികൾ പട്ടാളക്കാർ പറിച്ചെടുത്തിരുന്നു. ജനനേന്ദ്രിയം പിടിച്ച് ഞെക്കിപ്പിഴിഞ്ഞ് നശിപ്പിച്ചു കളഞ്ഞു).

സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവു തന്നെയാണ് തന്റെ നാക്ക് ഇപ്പോഴും ശേഷിക്കുന്നുവെന്നത്. (വിഖ്യാതനായ പാകിസ്ഥാൻ കവി ഫെയ്സ് അഹ്മദ് ഫെയ്സിനെ ഇവിടെ  ഓർക്കുന്നു. അദ്ദേഹത്തിന്റെ വരികൾ, മൌനം വെടിഞ്ഞുറക്കെപ്പറയുവിൻ, നിങ്ങളുടെ ചുണ്ടുകൾ ഇപ്പോഴും സ്വതന്ത്രമാണ്. ഉറക്കെപ്പറയുവിൻ, നിങ്ങളുടെ നാവ് നിങ്ങളുടേതാണ്, നിങ്ങളുടെ ശരീരവും നിങ്ങളുടെ സ്വന്തമാണ്. ഉറക്കെപ്പറയുവിൻ, നിങ്ങളുടെ ജീവിതം ഇപ്പോഴും നിങ്ങളുടേതു തന്നെയാണ്). മനുഷ്യന്റെ ഏറ്റവും അപകടകരമായ ഭാഗം ലൈംഗികാവയവമല്ല. അവന്റെ ചിന്തകളാണ് ഏറ്റവും പ്രധാനം. “അല്ലയോ മഹാനായ അഡോൾഫ് ഹിറ്റ്ലർ, നീ ദെകാർത്തെയെ മറന്നു. പ്രവർത്തനം നിഷേധിച്ചപ്പോൾ ഭയം  ചിന്തിക്കാനാണ് നിർബ്ബന്ധിതമാക്കിയത്. അപ്പോൾ നിലനിൽക്കുന്നുവെന്ന സത്യം ഞെട്ടലോടെയെങ്കിലും തിരിച്ചറിഞ്ഞു. ഞാനും ചിന്തിക്കുന്നു, അതുകൊണ്ട് ഞാനും ജീവിക്കുന്നു. ഞാൻ ജീവിക്കുന്നുവെന്നു വെച്ചാൽ അതിനർത്ഥം നിനക്കതിനാവില്ല എന്നു തന്നെയാകുന്നു. അതായത് നീ നിലനിൽക്കുന്നില്ല.”

എന്നാൽ അടുത്ത നിമിഷം അയാൾ ചിന്തിച്ചു, ഒരുപക്ഷേ, ദെക്കാർത്തെ വിഡ്ഢിയാണ്. ചിന്തിക്കുന്നവർക്ക് നിലനിൽപില്ല. നിഷേധിക്കപ്പെട്ട ജീവിതമായിത്തീർന്നു എന്റെ ചിന്ത. ഞാൻ ഉടനെ മരിച്ചേക്കാം. ഹിറ്റ്ലർ ചിന്തിക്കുന്നില്ല, അയാൾ ചിന്തിക്കുന്നവരെ അറസ്റ്റു ചെയ്യുന്നു. (ബാൾട്ടിക് ജർമൻ തിയറിസ്റ്റും നാസി പാർട്ടിയുടെ ഐഡിയലോഗുമായറിയപ്പെടുന്ന) ആൽഫ്രഡ് റോസൻബർഗ് അർത്ഥരഹിതമായതു മാത്രമേ ചിന്തിക്കുന്നുള്ളൂ. പോപ്പ് ഒരിക്കലും ചിന്തിച്ചിട്ടേയില്ല. എന്നിട്ടും അവരെല്ലാം നിലനിൽക്കുന്നു, ജീവിക്കുന്നു.

ആന്ദ്രേ പ്ലാറ്റനോവിന്റെ (ആന്ദ്രേ പ്ലാറ്റനോവിച്ച് ക്ലിമെന്തോവ്) ദ റബ്ബിഷ് വിന്റ് (ജീർണിച്ച  കാറ്റ്) എന്ന കഥ ഏറ്റവും നടുക്കമുളവാക്കിയിട്ടുള്ള അനുഭവങ്ങളിലൊന്നാണ്. ചില നേരങ്ങളിൽ രോഷം കൊണ്ട് തിളച്ചു മറിയുന്ന രക്തം കഥയുടെ മറ്റു ചില ഭാഗങ്ങളിലെത്തുമ്പോൾ ഭയം കൊണ്ട് ഉറഞ്ഞു കട്ടയായിപ്പോകും.

ആന്ദ്രേ പ്ലാറ്റനോവ്
ആന്ദ്രേ പ്ലാറ്റനോവ്

ഒരു പ്രോലിറ്റേറിയൻ എഴുത്തുകാരനും ബോൾഷെവിക് അനുഭാവിയുമായറിയപ്പെട്ടിരുന്ന പ്ലാറ്റനോവ് പക്ഷേ, സ്റ്റാലിന്റെ ഭരണകാലത്ത് ചെവെൻഗുർ (Chevengur) എന്ന ഒരു നോവലെഴുതിയത്രേ. കമ്യൂനിസ്റ്റ് വ്യവസ്ഥ നിലനിന്നിരുന്ന ചെവെൻഗുറിൽ കമ്യൂനിസത്തെ അംഗീകരിക്കാത്ത വ്യക്തികൾ കൊല്ലപ്പെടുന്നതിന്റെ കഥയാണത്. സ്വാഭാവികമായും  നോവൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല. താങ്കൾ ഏത് സ്കൂളിന്റെ ആളാണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഞാൻ എന്റെ തന്നെ സ്കൂളിന്റെ ആളാണ് എന്നായിരുന്നു.

ജർമനിയിലെ ഫ്യൂറർ ഭരണവും നാസി വംശീയതയും ജീവിതത്തിൽ സൃഷ്ടിച്ച ഞെരുക്കങ്ങളെ ആൽബർട്ട് ലിച്ചൻബർഗ് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുകയാണ് റബ്ബിഷ് വിന്റിൽ. ഒരു സൈക്കിക് ആയി തുടക്കത്തിൽ പെരുമാറുന്ന ലിച്ചൻബർഗ് ഭാര്യ സെൽഡയെ വടി കൊണ്ടടിച്ച ശേഷമാണ് പുറത്തേക്കിറങ്ങുന്നത്. ഒരു കാലത്തൊരഫ്ഗാൻ മാൻപേടയായിരുന്ന സെൽഡയിൽ മൃഗീയമായ ഒരു പരിണാമം സംഭവിച്ചതു പോലെ അയാൾക്ക് തോന്നി. പേ കൊണ്ട് തീക്ഷ്ണമായ കണ്ണുകളും ദുരയുടെ ഉമിനീർ നുരഞ്ഞു പൊങ്ങുന്ന വായയുമുള്ള ഒരു കുരങ്ങാണ് ഇപ്പോൾ അയാളുടെ മുന്നിലുള്ളത്. ആ പാവം വീട്ടമ്മയാകട്ടെ, ആകെയുള്ള രണ്ടു കഷണം ഉരുളക്കിഴങ്ങും ഒരു കഷണം ഇറച്ചിയും കഴിക്കാൻ വേണ്ടി ഭർത്താവിനെ ഉണർത്തുകയുമായിരുന്നു. അയാളെസ്സംബന്ധിച്ചേടത്തോളം ഇപ്പോൾ അവൾ ഒരു ജന്തുവായി മാറിയിരിക്കുന്നു. ഭ്രാന്തചേതനകളുടെ ഒരഴുക്കുകൂന.

ഫാഷിസ്റ്റ് ഭരണകൂടത്തിനു കീഴിൽ, ഇപ്രകാരം മനുഷ്യർ വിപരീത പരണാമത്തിന് വിധേയരായിക്കൊണ്ടിരുന്നു. ജർമനിയുടെ വികസനത്തെക്കുറിച്ച് പറയുക മാത്രമല്ല, അന്നോളം ജർമനി കണ്ടിട്ടില്ലാത്ത വികസനങ്ങൾ നടപ്പിലാക്കുകയും ചെയ്തയാളാണ് ഹിറ്റ്ലർ. എന്നാൽ, മിനുപ്പാർന്ന റോഡുകൾ വെട്ടിത്തിളങ്ങുമ്പോഴും ഹൃദയത്തെയും തലച്ചോറിനെയുമടക്കം കാർന്നു തിന്നുന്ന വിശപ്പിന് മനുഷ്യൻ ഇരയായിക്കൊണ്ടുമിരുന്നു. സെമിത്തേരിയിലെത്തുവോളം ഒരു മനുഷ്യനായിത്തന്നെ ഇരിക്കുമെന്ന് തീരുമാനിച്ചു കൊണ്ട് വടിയുമെടുത്ത് ലിച്ചൻബർഗ് പുറത്തിറങ്ങുന്നതാണ് പിന്നെ നാം കാണുന്നത്. കത്തിജ്വലിക്കുന്ന സൂര്യനെ നോക്കി അയാൾ ചിന്തിച്ചു, ഈ ലോകോർജകാരകമായ സൂര്യനോ ധൂമകേതുക്കളോ അലഞ്ഞു തിരിയുന്ന നക്ഷത്രങ്ങളോ ആയിരിക്കില്ല ഈ ഭൂമിയിലെ മനുഷ്യരാശിയെ നശിപ്പിക്കുക. ഇത്തരം അപ്രധാന കാര്യങ്ങളെയപേക്ഷിച്ച് അവർ എത്രയോ വലുതാണ്.

വംശീയ ഫാഷിസത്തിന്റെയും ഫ്യൂറർ ഭരണകൂടത്തിന്റെയും വ്യവഹാരങ്ങളെ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട് പ്ലാറ്റനോവ് തന്റെ കഥയിൽ. ഒരു ഭാഗത്ത് മനുഷ്യൻ അനുഭവിക്കുന്ന കെടുതികളെ വിവരിക്കുമ്പോൾ മറുഭാഗത്ത് സ്തുതിപാഠകരും സൈനികവൃന്ദവും കറുത്ത ഒരു റൊട്ടിക്കഷണത്തിനുള്ള പണി പോലും ചെയ്യാതെ വെണ്ണയും വീഞ്ഞും കഴിക്കുകയും വിശ്വസ്തരായ ഭാര്യമാരെ ഊട്ടുകയും ചെയ്തതായും പറയുന്നു. സർക്കാറിനോടുള്ള ഭക്ത്യാദരവുകളുടെ സൂചകമായി തെരുവിൽ മാർച്ചു ചെയ്തു  കൊണ്ടിരുന്ന പട്ടാളത്തെ എല്ലാ ദിവസവും പന്നിയിറച്ചി കൊടുത്ത് പോറ്റി. മഹത്തായ ബ്രഹ്മചര്യം വളർത്തിയെടുക്കാൻ ഇവർക്ക് പരിശീലനം നൽകിയ സർക്കാർ തന്നെ യൂദപ്പെണ്ണുങ്ങളിൽ നിന്ന് പകരാനിടയായേക്കാവുന്ന സിഫിലീസിൽ നിന്ന് രക്ഷപ്പെടാൻ മരുന്നു കുപ്പികളും നൽകി. (ജർമൻ സ്ത്രീകൾ അഭിജാതരായ ബോധവതികളായതിനാൽ അവർക്ക് സിഫിലീസ് ബാധിക്കില്ലത്രേ). ഈ വൈരുദ്ധ്യം വിൽഹെം റീഹിന്റെ മാസ് സൈക്കോളജി ഒഫ് ഫാഷിസത്തെ ഓർമയിലേക്ക് കൊണ്ടു വരും. സദാചാരത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും പേരിൽ കാസ്ട്രേറ്റ് ചെയ്യപ്പെടുന്ന ആളുകളുടെ അടക്കി നിർത്തിയ വീര്യത്തെ ഫാഷിസം എങ്ങനെയാണ് തുറന്നുവിടുന്നതെന്ന് അതിൽ നിരീക്ഷിക്കുന്നുണ്ട്. തനിക്കു നേരെ ചാട്ടവാറുയർത്തുന്ന ഈ സൈനികരെ ഊട്ടാനും ശക്തിപ്പെടുത്താനും സുഖിപ്പിക്കാനും വേണ്ടി ഓരോ തൊഴിലാളിയും നൂറ് കുതിരശക്തി ഊർജം ഉൽപാദിപ്പിക്കേണ്ടി വന്നുവെന്നും പ്ലാറ്റനോവിന്റെ കഥയിൽ പറയുന്നു.

ഹിറ്റ്ലറുടെ അർദ്ധകായ പ്രതിമ ഉണ്ടാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന നാഷനൽ സോഷ്യലിസ്റ്റുകളോട് ലിച്ചൻബർഗ് ഫ്യൂററെ പ്രകീർത്തിച്ചു കൊണ്ട് ഒരു പ്രസംഗം നടത്തുന്നതായി കഥയിൽ നാം വായിക്കുന്നു. ആവേശഭരിതരായ നാസികൾ ഹെയ്ൽ ഹിറ്റ്ലർ എന്നാർത്തു കൊണ്ട് അയാളെ പ്രോൽസാഹിപ്പിച്ചു..എന്നാൽ ശക്തമായ സർക്കാസമായിരുന്നു ആൽബർട്ടിന്റേത്. മഹാനായ അഡോൾഫ്, അയാൾ പറഞ്ഞു, പുതിയൊരുദ്യോഗം തന്നെ കണ്ടുപിടിച്ചല്ലോ. ദശലക്ഷക്കണക്കിനാൾക്കാർ അധികോൽപാദനത്തിനിടവരുത്താതെ അതിൽ വ്യാപൃതരായി. ഷൂസും വസ്ത്രങ്ങളും ധരിച്ച് ഒന്നും ഉൽപാദിപ്പിക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്ന അവർ അധികഭക്ഷണത്തെ ഇല്ലാതാക്കി. അങ്ങനെയവർ വിയർപ്പിലും സന്തോഷത്തിലും നിന്റെ ഖ്യാതിയെ വാഴ്ത്തിക്കൊണ്ടിരുന്നു. ഈ പുതിയ വ്യവസായം കൊണ്ട് പ്രബുദ്ധരായ ആളുകൾ അവരുടെ കായബലവും ഹൃദയവും അതിനായുപയോഗപ്പെടുത്തി. ഹിറ്റ്ലർ, നിങ്ങളെന്റെ മാതൃഭൂമിയെ ഏറ്റെടുത്തു, എന്നിട്ടോരോരുത്തർക്കും പണി നൽകി, നിങ്ങളുടെ യശസ്സിന് കുട പിടിക്കുന്ന പണി.

swastik-3വണ്ടിയുടെ റേഡിയേറ്ററിന്മേൽ ഹെയ്ൽ ഹിറ്റ്ലർ എന്ന മുദ്രാവാക്യവും സ്വസ്തിക ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. കൃമിയുടെ കാലുകൾ പോലെ എന്നാണ് സ്വസ്തിക ചിഹ്നത്തെ പ്ലാറ്റനോവ് വിശേഷിപ്പിക്കുന്നത്. അത്രയും നിന്ദ്യമായ ഒന്ന്. കെട്ടപ്പെട്ട കൈകളുടെ അടയാളമാണ് സ്വസ്തിക എന്ന് എം.എൻ വിജയൻ പറഞ്ഞിട്ടുണ്ട്. കൈയിലിരുന്ന വടി കൊണ്ട് റേഡിയേറ്ററിന്മേൽ ആഞ്ഞടിച്ച ലിച്ചൻബർഗ് പിന്നീട് ഫ്യൂററുടെ പ്രതിമയ്ക്കു മേലും അടിച്ചു. തലയ്ക്കു തന്നെ രണ്ടടി. ആ അടിയ്ക്ക് ലോഹത്തിന്മേൽ ഒരു കേടും വരുത്താൻ പറ്റിയില്ല, വടി കഷണങ്ങളായി തെറിക്കുകയും ചെയ്തു. നാസിപ്പടയ്ക്ക് കാര്യം മനസ്സിലായതപ്പോഴാണ്. അവരയാളെ നിഷ്ഠൂരമായി മർദ്ദിച്ചു. ഇടിച്ചു പിഴിഞ്ഞു, ചെവികളും ലൈംഗികാവയവവും പറിച്ചെടുത്തു. ചവറ്റുകുഴിയുടെ മൂടി തുറന്ന് അതിലേക്കിടുകയും ചെയ്തു.

ഈ പ്രതിമയുടെ വിവരണം നൽകുന്നുണ്ട് കഥാകൃത്ത്. അത് രസാവഹവും ഏകാധിപതിയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഭോജ്യങ്ങളും ചുംബനങ്ങളും ആഗ്രഹിച്ചു  കൊണ്ടിരിക്കുന്ന, ആസക്തി ബാധിച്ച ചുണ്ടുകളും സർവലോകപ്രശസ്തിയാൽ തടിച്ചു വീർത്ത  കവിളുകളും. മനുഷ്യരാശിയുടെ തന്നെ വിധി നിർണയിക്കുവാൻ വേണ്ടി വേദനാജനകമായ തീവ്രശ്രദ്ധയോടെയാണിരിക്കുന്നതെന്ന് കാണുന്നവൻ ധരിക്കേണ്ടതിനു വേണ്ടി, കൃത്യാന്തരബാഹുല്യം നിമിത്തമുള്ള പ്രക്ഷുബ്ധത വ്യക്തമാക്കുന്നതിനായി സാമാന്യം ഭേദപ്പെട്ടൊരു ചുളിവ് കൂലിക്കെടുത്ത കലാകാരന്മാർ നെറ്റിയിൽ ഉണ്ടാക്കി വെച്ചിരുന്നു. പ്രതിമയുടെ മാറ് ഒരു പെണ്ണിനെ വരിഞ്ഞു മുറുക്കാനെന്ന പോലെ മുന്നോട്ട് ചാഞ്ഞു നിന്നു. കാമവികാരപ്രകടനത്തിനും പൊതു പ്രസംഗത്തിനും തയ്യാറായി നിൽക്കുന്ന ചുണ്ടുകൾ മൃദുവായി ചിരിച്ചു കൊണ്ടിരുന്നു.

കുഴിയിൽ അയാളുടെ ജീവിതത്തെപ്പറ്റിയാണ് പിന്നെ കഥാകൃത്ത് പറയുന്നത്. അതിലും തുടർന്നങ്ങോട്ടും ലിച്ചൻബർഗ് അഭിമുഖീകരിക്കുന്നത് അത്യന്തം വമനേച്ഛയുളവാക്കുന്ന അനുഭവങ്ങളെയാണ്. ജീവൻ നിലനിർത്താൻ വേണ്ടി അങ്ങോട്ട് വന്നു വീഴുന്നതിൽ അൽപം മൃദുവായതെന്തും അയാൾ തിന്നു. തന്റെ കാൽ കരണ്ടു കൊണ്ടിരുന്ന ഒരെലിയെ അയാളൊരിക്കൽ പിടിച്ച് ഞെരിച്ചു കൊന്നു. ധാരാളം രക്തം കുടിച്ചും മാംസം കാർന്നും എലി അയാളുടെ ജീവിതത്തെ വീണ്ടും നശിപ്പിക്കുകയായിരുന്നു. ദാരിദ്ര്യത്തിന്റെ തുച്ഛമായ ആദായം കൊണ്ട് സംഭരിച്ച രക്തവും മാംസവും തിരിച്ചെടുക്കണമെന്ന ആഗ്രഹത്തോടെ അയാൾ ആ ചത്ത എലിയെ രോമങ്ങളടക്കം തിന്നു തീർത്തു. ഒരു വിപരീത പരിണാമം എല്ലാ അർത്ഥത്തിലും ലിച്ചൻബർഗിന് സംഭവിക്കുകയായിരുന്നു. അവസാനം അവിടെ നിന്ന് പിടികൂടപ്പെട്ട അയാൾ കോൺസൻട്രേഷൻ കാമ്പിലേക്കയക്കപ്പെടുകയും എന്നാൽ ഇത് എന്തു തരം ജന്തുവാണെന്നതിനെപ്പറ്റി ശാസ്ത്രജ്ഞന്മാർ ഗവേഷണങ്ങളിലേർപ്പെടുകയും ചെയ്തു. പുതിയ  ഒരു ജന്തു, ഒരു രോമപാളി പുതുതായി വളർന്നു വരുന്നു (പിഴുതെടുക്കപ്പെട്ട ചെവിയുടെ സ്ഥാനത്ത് അയാൾക്ക് രോമങ്ങൾ വളർന്നു മൂടിയിരുന്നു), ലൈംഗിക സവിശേഷതകൾ അവ്യക്തമാണ് എന്നൊക്കെ അതിന്റെ ലക്ഷണങ്ങൾ എഴുതപ്പെട്ടു.

ഹെഡ്വിഗ് ഹോട്മാൻ എന്ന ഒരു കമ്യൂനിസ്റ്റ്കാരി വിചാരണ ചെയ്യപ്പെടുന്നത് ചിത്രീകരിച്ചിട്ടുണ്ട് കഥയിൽ. നാഷനൽ സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം അതിന്റെ പരമോന്നത നേതാവിനോട് കാണിച്ച പുച്ഛം, തടവിലായിരുന്നപ്പോൾ രണ്ട്  മുതിർന്ന ഉദ്യോഗസ്ഥരുടെ സ്നേഹം (കാമാസക്തി) നിഷേധിച്ചത് തുടങ്ങിയവയായിരുന്നു അവരുടെ മേലുള്ള കുറ്റം. പരിഹാസത്തോടെ ഹെഡ്വിഗ് നൽകിയ മറുപടി ശക്തമായ നാസി ഭരണകൂടത്തെ വിറപ്പിക്കുന്നതായിരുന്നു. ആ രണ്ട്  ഉദ്യോഗസ്ഥർക്ക് സ്നേഹം നിഷേധിച്ചിട്ടുണ്ട്. അതിന്റെ കാരണം ഞാൻ ഒരു സ്ത്രീ ആണ് എന്നതും അവർ പുരുഷന്മാർ എന്നതിൽ പരാജിതരാണെന്നതുമാണെന്ന് അവർ പ്രഖ്യാപിച്ചു. പരിഹാസത്തോടെ അവർ തുടർന്നു, പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഒന്നാം തരം ജർമൻ ശേഷി നഷ്ടപ്പെട്ട അവർക്ക് ഫ്രഞ്ച് രീതിയിൽ സ്നേഹിക്കാനേ അറിയൂ. ജർമൻ രീതിയിൽ ആവുന്നില്ല. അതിനാൽ അവർ രാഷ്ട്രത്തിന്റെ ശത്രുക്കളാണ്. അവരെ വെടിവെച്ചു കൊല്ലണം.

പൌരുഷത്തെ തള്ളിപ്പറയുന്ന സ്ത്രീയിലൂടെ ഫാഷിസത്തിന്റെ ദൌർബ്ബല്യത്തെ വരച്ചു കാട്ടുന്ന പ്ലാറ്റനോവ് ജർമൻ രീതിയിലുള്ള സെക്സ്, ഫ്രഞ്ച് രീതിയിലുള്ള സെക്സ് എന്നീ പ്രയോഗങ്ങളിലൂടെ അതിന്റെ വംശീയ ബോധത്തെ നിന്ദ്യമായി പരിഹസിക്കുകയും ചെയ്യുന്നു. വംശീയമായ മേന്മ, വംശവിശുദ്ധി തുടങ്ങിയ അവകാശവാദങ്ങളിലെ അർത്ഥരാഹിത്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഹിറ്റ്ലറുടെ നാഷനൽ സോഷ്യലിസത്തെപ്പോലെത്തന്നെ ഇന്ത്യയിലെ കൾചറൽ നാഷനാലിസവും കെട്ടിപ്പൊക്കിയിരിക്കുന്നത് വംശീയമായ അവകാശവാദങ്ങൾക്കു മേലാണല്ലോ. കാസ്ട്രേറ്റ് ചെയ്യപ്പെട്ടവന്റെ വികാരത്തള്ളിച്ചയാണ് റേപ്പ് ചെയ്തുകളയും തുടങ്ങിയ ഭീഷണികളിലൂടെ നമ്മുടെ നാടും ഈയടുത്ത കാലത്ത് കണ്ടത്. ഊതിവീർപ്പിച്ച ശേഷിയാണ് എല്ലാ ഏകാധിപത്യങ്ങൾക്കുമുള്ളത്. വംശീയമായ അവകാശവാദങ്ങളും ഇത്രയ്ക്കേയുള്ളൂ.

ഹെഡ്വിഗിനോടൊപ്പം കാംപിൽ നിന്നും രക്ഷപ്പെട്ട ലിച്ചൻബർഗ് എത്തിച്ചേരുന്നത് എല്ലാവരും ചത്തൊടുങ്ങുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്ത ഒരു ഗ്രാമത്തിലേക്കാണ്. ജീവന്റെ ശേഷിപ്പ് കണ്ട  ഒരു വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുന്ന ഒരമ്മയെ അയാളവിടെ കണ്ടു. ഒരാഴ്ചയായി ഞാനിങ്ങനെ തൊട്ടിലാട്ടിയിട്ടും തണുപ്പു കാരണം മക്കൾക്കുറങ്ങാൻ പറ്റുന്നില്ലെന്ന് ആ സ്ത്രീയുടെ ആവലാതി. ലിച്ചൻബർഗ് ആ തൊട്ടിലിലേക്ക് കുനിഞ്ഞു നോക്കിയപ്പോഴാണ് വായനക്കാരൻ ഞെട്ടിത്തരിക്കുന്നത്. കണ്ണുകൾ തുറന്നു പിടിച്ച് മുഖത്തോടു മുഖം നോക്കി മരിച്ചു കിടക്കുന്ന ആറും ഏഴും വയസ്സ് പ്രായമായ രണ്ട് കുഞ്ഞുങ്ങളുടെ കറുത്ത തലകൾ. അനശ്വരതയെ സമീപിക്കുമ്പോഴുള്ള പേടിയിൽ നിന്ന് പെങ്ങളെ സംരക്ഷിക്കാനെന്ന പോലെ ആൺകുട്ടി പെൺകുട്ടിയെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചിരുന്നുവെന്ന് കഥാകൃത്ത് വിവരിക്കുന്നു.

അടുക്കളയിൽ ചെന്ന് അടുപ്പിൽ തീ കൂട്ടിയ ലിച്ചൻബർഗ് താൻ ഒരു കഷണം ഇറച്ചി പാചകം ചെയ്യുകയാണെന്നും അത് വെന്താൽ ചെന്ന് കഴിച്ചോളണമെന്നും താൻ ഉറങ്ങുകയാണെങ്കിൽ വിളിക്കരുതെന്നും ദിവസങ്ങളായി പട്ടിണി കിടക്കുന്ന, “ഉറങ്ങുന്ന” തന്റെ മക്കളെ തനിച്ചാക്കി ഗ്രാമം വിട്ട്  പോകാൻ കൂട്ടാക്കാത്ത ആ അമ്മയോട് പറഞ്ഞ ശേഷം അവർ കാണാതെ തന്റെ തുടയിൽ നിന്ന് വലിയ ഒരു കഷണം ഇറച്ചി മുറിച്ചെടുത്ത ശേഷം അത് വേവിക്കാനിട്ടു.

പിറ്റേന്നു രാവിലെ സെൽഡയോടൊപ്പം ആ വീട്ടിൽ ഒരു പൊലീസുകാരൻ വന്നു. പൊലീസുകാരന്റെ സഹായത്തോടെ, വീടു വിട്ടു പോയ, സമനില തെറ്റിയ തന്റെ ഭർത്താവിനെ തേടിപ്പിടിക്കാനാണ് സെൽഡ വന്നതെങ്കിൽ അവളുടെ നിസ്സഹായത മുതലെടുത്ത് ഒരു രാജ്യദ്രോഹക്കുറ്റവാളിയെ പിടി കൂടാനുള്ള ആവേശത്തിലായിരുന്നു പോലീസുകാരൻ. അടുപ്പിൽ വെന്തുണങ്ങിപ്പോയ ഇറച്ചിക്കഷണം അവർ കണ്ടു. പിന്നെ തൊട്ടിലിലും പുറത്തുമായി മരിച്ചു  കിടക്കുന്ന രണ്ട്  കുഞ്ഞുങ്ങളും അമ്മയും. പുറത്ത് മറ്റേതോ ജന്തു കാലിൽ നിന്ന് ഇറച്ചി കടിച്ചെടുത്ത രൂപത്തിൽ ചോരയൊലിപ്പിച്ച് ചത്ത് കമഴ്ന്നു കിടക്കുന്ന, അപരിചിതമായ ഒരു ജന്തു. കുരങ്ങായിരിക്കും എന്ന് പൊലീസുകാരൻ പറഞ്ഞപ്പോൾ അത് ശരിയായിരിക്കുമെന്ന് സെൽഡയ്ക്കും തോന്നി. വെന്തുണങ്ങിയ മനുഷ്യമാംസം പൊലീസുകാരൻ തിന്നു. സെൽഡ ഇനിയും തന്റെ ഭർത്താവിനെ, ലിച്ചൻബർഗിനെ കണ്ടത്താൻ പറ്റാത്ത വ്യഥയിൽ നിന്നു.

ആന്ദ്രേ പ്ലാറ്റനോവിന്റെ അൽപം  ദീർഘമായ കഥ അൽപം വിശദമായിത്തന്നെ ഈ കുറിപ്പിൽ സംക്ഷേപിച്ചിട്ടുണ്ട്. വംശീയതയും ഫാഷിസവും അധികാരം കൈയടക്കുന്ന കാലത്ത്, ഒരു ഫ്യൂററുടെ കൈയിൽ അധീശത്വം, ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത വിധം വന്നു ചേരുമ്പോൾ ജീവിതത്തിന് സംഭവിക്കുന്നതെന്ത് എന്നതിന്റെ നേർ പരിച്ഛേദമാണ് ആൽബർട്ട് ലിച്ചൻബർഗ് എന്ന, പ്ലാറ്റനോവ് കഥാപാത്രത്തിന്റെ ജീവിതം. ഒപ്പം മുകളിൽ കഥാവിവരണത്തിൽ അതാതിടങ്ങളിൽ സൂചിപ്പിച്ച പോലെ ഒരു ദർശനം എന്ന നിലക്കുള്ള, ഫാഷിസത്തിന്റെ ദൌർബ്ബല്യങ്ങളും ഒരധികാരവ്യവസ്ഥയായിത്തീരുമ്പോൾ അതാർജിക്കുന്ന പൈശാചിക ഭാവങ്ങളും. മനുഷ്യൻ നിർമിച്ചതിലും പ്രയോഗിച്ചതിലും വെച്ച് ഏറ്റവും വലിയ തിന്മയാണ് വംശീയത. ഏറ്റവും ക്രൂരമായ വ്യവസ്ഥയാണ് ഫാഷിസം.

ഖുർആൻ വ്യാഖ്യാനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ അഥവാ ജീവിതത്തിന്റെ ആധാരമൂല്യങ്ങൾ ഖുർആനിൽ

knowledge2

വിശുദ്ധ ഖുർആനാണല്ലോ ഇസ്ലാമിന്റെ അടിത്തറ. അതാണ് ഇസ്ലാമിന്റെ പ്രമാണം. ബാക്കിയുള്ളതെല്ലാം അതിന് വിധേയമായോ അതിന്റെ കീഴിലോ മാത്രം പരിഗണിക്കപ്പെടേണ്ടതാണ്.

ഏതൊരു ഗ്രന്ഥത്തിലെയും പാഠങ്ങളെ മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അത് മുന്നോട്ടു വെക്കുന്ന മൌലികാശയങ്ങളിൽ നിന്നു കൊണ്ടാണ്. അടിസ്ഥാനപരമായി അത് മുന്നോട്ടു വെക്കുന്ന മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി അതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. അഥവാ ഒരു ഗ്രന്ഥം സ്വയം തന്നെ മുന്നോട്ടു വെക്കുന്ന അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്ത നിലപാടുകൾ അതു തന്നെ സ്വീകരിക്കുന്നുണ്ടെങ്കിൽ അത് അതിന്റെ ന്യൂനതയായാണ് വിലയിരുത്തപ്പെടേണ്ടത്.

ഖുർആൻ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിന് കൃത്യമായ ചില മാനദണ്ഡങ്ങൾ (Criteria) ഖുർആൻ തന്നെ മുന്നോട്ടു വെക്കുന്നുണ്ട്. ചിലത് ചില തത്വങ്ങളാണെങ്കിൽ മറ്റു ചിലത് സനാതനമായ ചില മൂല്യങ്ങളാണ്. ആയിത്തീരേണ്ടവനാണ് മനുഷ്യൻ എന്നതാണ് വേദകാഴ്ചപ്പാട്. ജനിതകമായുള്ളത് മനുഷ്യ രൂപം മാത്രമാകുന്നു. ആ രൂപത്തിൽ മനുഷ്യൻ എന്ന തത്വത്തെ നിർമിക്കാൻ അവന്റെ തന്നെ പരിശ്രമം അനിവാര്യമാകുന്നു. ഇപ്രകാരം മനുഷ്യനായിത്തീരുന്നതിനും അതേവിധം നിലനിൽക്കുന്നതിനും അനിവാര്യമായും മുറുകെപ്പിടിക്കേണ്ടതായ മൂല്യങ്ങളെയാണ് ഇവിടെ സനാതനം എന്ന് വിശേഷിപ്പിച്ചത്. ഈ  തത്വങ്ങളിലും മൂല്യങ്ങളിലും തന്നെയാണ് ഭൂമിയിൽ ജീവിതം പടുക്കാനും ഖുർആൻ നിർദ്ദേശിച്ചത് എന്നതിനാൽ ഇവയെ ഇസ്ലാമിന്റെ ജീവിതദർശനത്തിന്റെ അടിസ്ഥാനങ്ങളായി പരിഗണിക്കാവുന്നതാണ്.

ഈ അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും ലഘുവായി ഒന്ന് അവലോകനം ചെയ്യാം.

1) യുക്തിബോധം
മനുഷ്യൻ എന്ന നിലയിലുള്ള ജീവിതത്തിനും പ്രവർത്തനങ്ങൾക്കും വേണ്ടി ദൈവം നൽകിയ ആദ്യത്തെ ടൂൾ ജ്ഞാനമാണ്. ഹോമോ സേപിയൻ എന്ന ജീവജാതിയെ മനുഷ്യൻ എന്ന നിറവിലേക്ക് അല്ലാഹു ഉയർത്തിയത് അസ്മാഅ് പഠിപ്പിച്ചു കൊണ്ടാണ് (സൂറ അൽബഖറഃ 31). അസ്മാഅ് (പേരുകൾ, Names) എന്ന പ്രയോഗം തന്നെ ചിന്തയുടെ കൊടുമുടിയിലേക്ക് നമ്മെ നയിക്കുന്നുണ്ട്. അത് ജ്ഞാനത്തിന്റെ വിനിമയത്തെ (Conveyance of Knowledge) സൂചിപ്പിക്കുന്ന ഒന്നാണ്. പേരുകൾ ഭാഷയുമായാണ് ബന്ധപ്പെടുന്നത്. പേരുകളിൽ നിന്നാണ് ഭാഷയുടെ ഉൽഭവം എന്നു പറയാം. അറിവിന്റെയും ആശയങ്ങളുടെയും ശേഖരണവും കൈമാറ്റവുമാണല്ലോ ഭാഷയുടെ ഉദ്ദേശ്യം.

logical-reasoning-

അതിനുമപ്പുറം അസ്മാഅ് എന്നത് മനുഷ്യന്റെ താർക്കികമായ, യുക്ത്യധിഷ്ഠിതമായ അപഗ്രഥന ശേഷിയെ (Man’s Faculty of Logical Definition) സൂചിപ്പിക്കുന്നു. തത്വചിന്തയിൽ ഇതിനെയാണ് ലോഗോസ് എന്നു പറയുക. പേരുകൾ എന്നത് ഓരോന്നിന്റെയും വിശേഷങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതായത് ഓരോന്നിന്റെയും സൂക്ഷ്മവും ലോജിക്കലുമായ അപഗ്രഥനത്തെ (Reasoning). ഓരോന്നിനെയും സവിശേഷങ്ങളായി കണ്ട് തിരിച്ചറിയാനുള്ള ശേഷിയുമാണത്.

ഇവിടെ ഓരോന്നിനെയും അപഗ്രഥിക്കാനുള്ള മനുഷ്യന്റെ വൈഭവത്തെ അംഗീകരിക്കുകയും ആദരിക്കുകയുമാണ് ഖുർആൻ ചെയ്യുന്നതെന്ന് വ്യക്തം. ഇത് എല്ലാത്തിനെയും അപ്രകാരം അപഗ്രഥിക്കുന്നതിനുള്ള ആഹ്വാനവും കൂടിയാണ്. ജീവിതത്തെ വായിക്കുന്നതിൽ മനുഷ്യന് നൽകപ്പെട്ട ഒന്നാമത്തെ ടൂൾ ഇതായതിനാൽ വിശുദ്ധ ഖുർആനിനെ വായിക്കുന്നേടത്തും ഒന്നാമതായി വരേണ്ട മാനദണ്ഡം ഇതു തന്നെ. അല്ലാഹുവിന്റെ ആയത്തുകൾക്കു മേൽ മൂകരും അന്ധരുമായി അടയിരിക്കുകയല്ല വേണ്ടതെന്ന് ഇബാദു റഹ്മാന്റെ (കരുണയുടെ ഉടയവനായ അല്ലാഹുവിന്റെ അടിയാറുകൾ) ലക്ഷണങ്ങൾ പറയുമ്പോൾ സൂറ അൽഫുർഖാനിൽ പ്രഖ്യാപിക്കുന്നുണ്ട്.

2) ദ്വന്ദ്വാത്മകത
ഖുർആൻ അതിന്റെ അനുയായികളെ ഉമ്മതുൻ വസത്വ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആത്യന്തികമായ രണ്ടറ്റങ്ങൾക്കും മധ്യേയുള്ളത് എന്നതാണ് വസത്വ് കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഖുർആന്റെ വിശകലന രീതി ഇതു തന്നെയാണ്. വസത്വിയ്യ എന്നത് ഖുർആന്റെ ദാർശനിക നിലപാടാണെന്ന് മനസ്സിലാക്കാം. ഈ ദ്വന്ദ്വാത്മകതയ്ക്ക് (Dialecticism) പ്രകൃതിയെയും ചരിത്രത്തെയും ജീവിതത്തെയും വ്യാഖ്യാനിക്കാനും ശരിയായ മാർഗദർശനത്തിലൂടെ നിലപാടുകളെ രൂപപ്പെടുത്താനുമുള്ള ശേഷിയുണ്ട്. എല്ലാ അതിവാദങ്ങളെയും വസത്വിയ്യ എന്ന ദർശനം നിരാകരിക്കുന്നു. എല്ലാത്തിന്റെയും നന്മകളെ അത് സ്വാംശീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ താൽപര്യങ്ങളെയും വ്യക്തിയുടെ അഭിനിവേശങ്ങളെയും അത് ഒരുപോലെ ഉൾക്കൊള്ളുന്നു.

dialecticism

ഡയലക്ടിക്കലായ സമീപനം ഒരു പ്രത്യയശാസ്ത്രം എന്ന നിലക്കു കൂടി ഇസ്ലാമിനെ ഉയർത്തിപ്പിടിക്കുന്നു. കാരണം അത് സമഗ്രാവബോധത്തിലേക്കാണ് മനുഷ്യധിഷണയെ നയിക്കുക. ഇതിലൂടെ ജീവിതത്തെ ശരിയായും മുഴുവനായും സമീപിക്കുന്ന സമഗ്രതയുള്ള ദർശനമായി ഇസ്ലാം മാറുന്നു.

3) ക്രമപ്രവൃദ്ധമായ ജ്ഞാനവും നിലപാടുകളും 
ലതർകബുന്ന ത്വബഖൻ അൻ ത്വബഖ് എന്നാണ് മനുഷ്യജീവിതത്തെപ്പറ്റി ഖുർആൻ (സൂറ അൽ ഇൻശിഖാഖ്) പറയുന്നത്. ജീവിതം പടിപടിയായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് എന്നർത്ഥം. ഈ ഓരോ പടി കയറുമ്പോഴും പുതിയ അനുഭവങ്ങളുണ്ടാവുകയും ആ അനുഭവങ്ങൾ പുതിയ അനുഭൂതികളും പുതിയ അറിവുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. 
 ജീവൻ മനുഷ്യനിലേക്കെത്തിയതും മനുഷ്യൻ ഇന്നത്തെ ജീവിതത്തിലേക്കെത്തിയതുമൊക്കെ ഇപ്രകാരം ക്രമപ്രവൃദ്ധമായിത്തന്നെയാണ്. അതിനാൽത്തന്നെ ആശയങ്ങൾ കാലാനുസൃതമായി വികസിക്കുക എന്നത് അനിവാര്യമാകുന്നു. മുകളിലെ പടി ചവുട്ടുന്നത് തികച്ചും  പുതിയ അനുഭവമാണ്. ഇതിലേക്കെത്തിയാലേ ഇതും ഇതിലുള്ളതും എന്താണെന്ന തിരിച്ചറിവുണ്ടാകൂ. താഴത്തെ പടിയിൽ നിന്നു കൊണ്ട് പറഞ്ഞ വർത്തമാനങ്ങളിൽ പലതും അവിടെ പ്രസക്തമാവാതെ പോവും.
നബിയുടെയും സ്വഹാബിമാരുടെയും ജീവിതത്തോടും സന്ദർഭങ്ങളോടും ഇടപെട്ടു കൊണ്ടാണ് ഖുർആൻ അതിന്റെ അവതരണം പൂർത്തീകരിച്ചത്. സ്വാഭാവികമായും ഏതു കാലത്തെയും അനുഭവങ്ങളോടും സന്ദർഭങ്ങളോടും സംവദിക്കാൻ അതിന് കഴിയണം. ഖുർആനിനെക്കുറിച്ച ജ്ഞാനത്തിലും അതിനോടുള്ള സമീപനത്തിലും ഈയൊരു ബോധം പ്രധാനമാണ്.

4) സാമൂഹിക നീതി
നീതിക്കു വേണ്ടി നിലകൊള്ളണമെന്നാണ് ഖുർആന്റെ കൽപന. ഒരു കാര്യത്തിൽ ഉറച്ച്, അതിൽത്തന്നെയും അതിനു വേണ്ടിത്തന്നെയും നിലകൊള്ളുന്നതിനാണ് അഖീമു എന്ന കൽപന ക്രിയ ഉപയോഗിക്കാറുള്ളത്. നാല് കാര്യങ്ങളിൽ ഖുർആൻ ഈ പ്രയോഗം നടത്തിയതു കാണാം. അഖീമുദ്ദീൻ എന്നതാണ് അതിലൊന്ന്. അദ്ദീൻ എന്നാൽ മാർഗങ്ങളിൽ ഏറ്റവും ശരിയായ മാർഗം. സത്യധർമം എന്ന് വിവർത്തനം ചെയ്യാം. ഈ മാർഗത്തോടുള്ള പ്രതിജ്ഞാബദ്ധതയെ അല്ലാഹു അഖീമുശ്ശഹാദ എന്നും കൽപിച്ചിരിക്കുന്നു. ഉറച്ച ബോധ്യം തന്നെയാണ് സത്യധർമപ്രാപ്തിയുടെ ശരിയായ ആധാരം. അതിനാൽ ബോധ്യത്തിൽ, ബോധ്യത്തിന്റെ സാക്ഷ്യപ്പെടുത്തലിൽ നില കൊള്ളണമെന്നാണ് ഖുർആൻ കൽപിച്ചത്. മൂന്നാമതായി അല്ലാഹു അഖീമുസ്സ്വലാ എന്നു കൽപിച്ചിരിക്കുന്നു. സത്യധർമം അംഗീകരിക്കുന്നതിലൂടെ തന്റെ മേൽ വരുന്ന സകല ഉത്തരവാദിത്തങ്ങളിലും ശരിയായി നില കൊള്ളുക എന്ന ആശയം അതിലുണ്ട്. പിന്നെയുള്ളത് അഖീമുൽ വസ്ൻ എന്നതാണ്. അഖീമുൽ വസ്ന ബിൽ ഖിസ്ത് എന്നാണ് പ്രയോഗം. അളവുകളെ നീതിപൂർവം നിലനിർത്തണം എന്നർത്ഥം. അതായത്, മാനദണ്ഡങ്ങൾ നീതിപൂർവകമാകണം.

justice

അല്ലാഹു നിങ്ങളോട് കൽപിക്കുന്നത് നീതിയും നന്മയും ബന്ധുബാധ്യതകളുമാണെന്ന് സൂറഃ അന്നഹ്ൽ തൊണ്ണൂറാം മന്ത്രത്തിൽ പറയുന്നു.

സ്വാഭാവികമായും ഏതൊരു കാര്യത്തിലും വിശുദ്ധ ഖുർആന്റെ ഏറ്റവും ശരിയായ വ്യാഖ്യാനം (ഉപവ്യാഖ്യാനം എന്നു പറയും സംസ്കൃതത്തിൽ, ഉപ എന്നു പറഞ്ഞാൽ ഏറ്റവും അടുത്തു നിൽക്കുന്നത് എന്നർത്ഥം) നീതിയോടും മനുഷ്യാവകാശങ്ങളോടും ഏറ്റവും അടുത്തു നിൽക്കുന്ന പാഠമായിരിക്കും. അത് ഖുർആൻ തന്നെ നേർക്കു നേരെ പ്രഖ്യാപിച്ചതുമാണ്. ഇഅ്ദിലൂ ഹുവ അഖ്റബു ലിത്തഖ് വാ (നീതിയിൽ നിലകൊള്ളുക, അതാണ് സൂക്ഷ്മതയോട് വളരെയടുത്തു നിൽക്കുന്നത്). വ്യത്യസ്ത തരക്കാരും സാമൂഹികമായി വ്യത്യസ്ത തട്ടുകളിൽ നിൽക്കുന്നവരുമായിരിക്കും എല്ലാക്കാലത്തും മനുഷ്യൻ. ഈ വൈജാത്യങ്ങളെ, ലിംഗപരമായ വൈജാത്യങ്ങളുൾപ്പെടെ പരിഗണിച്ചു കൊണ്ടുള്ളതല്ലാത്ത അക്ഷരവ്യാഖ്യാനങ്ങൾ കൊണ്ട് കാര്യമില്ല. അക്ഷരവ്യാഖ്യാനം സ്വീകരിച്ചാൽ ഖുർആന്റെ ആധാരത്തിൽത്തന്നെ തനിവംശീയതയും വിവേചനവും അതിൽത്തന്നെ കണ്ടെത്താൻ നാം നിർബ്ബന്ധിതരായിത്തീരും. അഅ്റാബ് എന്നതിന് നാം പൊതുവേ നൽകാറുള്ള അർത്ഥം ഉദാഹരണം. കാട്ടറബികൾ എന്നതാണല്ലോ നമ്മുടെ പരിഭാഷയും വ്യാഖ്യാനവും. ഇതിനെ ഈ അർത്ഥത്തിലാണ് വിപുലപ്പെടുത്തുന്നതെങ്കിൽ അത് തികഞ്ഞ വംശീയാധിക്ഷേപമായിരിക്കും. ലാ യസ്ഖർ ഖൌമുൻ മിൻ ഖൌമിൻ (ഒരു ഖൌമും, സമുദായവും മറ്റൊരു ഖൌമിനെ അധിക്ഷേപിക്കരുത്) എന്ന് കർക്കശമായാജ്ഞാപിച്ച വിശുദ്ധ ഖുർആൻ അഅ്റാബ് എന്ന് അന്നത്തെ നാഗരിക അറബികൾ ആക്ഷേപിച്ചിരുന്ന കാട്ടറബികളെക്കുറിച്ച വംശീയ പരാമർശമല്ല ഇവിടെ നടത്തുന്നത്. ഇവിടെ അഅ്റാബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് വിവേകശൂന്യരായ ആളെകളെയാണ്. എന്നിട്ട് പടച്ചവൻ പറയുന്നത് കാര്യങ്ങളുടെ മർമം തിരിയാത്തതു കൊണ്ട്, ഫിലോസഫി തിരിയാത്തതു കൊണ്ട് അവരെ മുഅ്മിനുകൾ എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല, എന്നാൽ അവർ മുസ്ലിംകളാണ്. അന്നിലക്കുള്ള അവരുടെ സൽക്കർമങ്ങൾ ആദരവർഹിക്കുന്നതുമാണ് എന്നതാണ്. ഇതുപോലെ യൂദന്മാരെക്കുറിച്ച ഖുർആന്റെ നിരൂപണങ്ങളെ വംശീയമനസ്സോടു കൂടി വ്യാഖ്യാനിക്കാം. എന്നാലോ, നിങ്ങളോട് ശത്രുതയുള്ളവരോടു പോലും നീതി കാണിക്കണം എന്ന, ഖുർആന്റെ കൽപനയിൽ നിന്ന് അത് വളരെ ദൂരെ മാറിനിൽക്കും.

വിവാഹപ്രായം, തങ്ങൾക്ക് അധികാരമേൽപിക്കപ്പെട്ട ആളുകൾ (മാ മലകത് ഐമാൻ) തുടങ്ങി ഇന്ന് ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിവാദവിഷയങ്ങളിലും ഇതേ മാനദണ്ഡങ്ങളാണ് ബാധകമാവുക. ഇന്ന പ്രായത്തിലാണ് വിവാഹം കഴിക്കേണ്ടത് എന്ന നിയമം ഖുർആനിലില്ല. എന്നാൽ വിവാഹ പ്രായം എന്ന ആശയം അത്  മുന്നോട്ടു വെക്കുന്നുണ്ട്. സൂറഃ അന്നിസാഅ് ആറാം മന്ത്രത്തിൽ വിവാഹപ്രായം വരെ പരിരക്ഷിച്ചതിനു ശേഷം ആ സമയത്ത് അവർക്ക് റുശ്ദ് (പക്വത) കൈവന്നാൽ അവരുടെ സമ്പത്ത് അവർക്ക് നൽകുക എന്ന് കൽപിക്കുന്നുണ്ട്. ഈ നിയമത്തിൽ ചില കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. 1) വിവാഹ പ്രായം (ബുലൂഗുന്നികാഹ്) എന്ന ഒന്നുണ്ട്. 2) അവർ പക്വത (റുശ്ദ്) കൈവരിക്കുന്ന സമയമാണത്. 3) അവർ കൈവരിക്കുന്ന റുശ്ദിന്റെ പ്രധാന അടയാളം അവരുടെ സമ്പത്ത് കൈകാര്യം ചെയ്യാനുള്ള കാര്യപ്രാപ്തി നേടുക എന്നതാകുന്നു.

ഇവിടെ ഖുർആൻ പ്രായോഗിക പക്വതയെ മാത്രമാണ് വിഷയാനുബന്ധം എന്ന നിലക്ക് പറഞ്ഞിട്ടുള്ളൂവെങ്കിലും റുശ്ദ് എന്നതിന് മറ്റ് മാനങ്ങളുമുണ്ട്. അതിബലവത്തായ കരാർ (മീഥാഖുൻ ഗലീള്) ആണ് വിവാഹം. കരാറിലേർപ്പെടുന്ന കക്ഷികളുടെ പൂർണമായ സമ്മതം ഇതിന്റെ നിബന്ധനയാകുന്നു. സ്വാഭാവികമായും സമ്മതിക്കാനുള്ള അഥവാ തീരുമാനമെടുക്കാനുള്ള ശേഷി, മാനസിക പക്വത റുശ്ദിന്റെ അടയാളമാണ്. അതോടൊപ്പം വിവാഹം എന്നത് ലൈംഗികതയും സന്തത്യുൽപാദനവും ഉദ്ദേശ്യമായിട്ടുള്ള ഏർപ്പാടായതിനാൽ ശാരീരിക പക്വത എന്നതും അതിന്റെ ഭാഗമാകുന്നു. ഖുർആൻ തന്നെ മുന്നോട്ടു വെക്കുന്ന ഈ തത്വം മനസ്സിൽ വെച്ചു  കൊണ്ടു വേണം ഇവ്വിഷയകമായി വന്നിട്ടുള്ള റിപ്പോർട്ടുകൾ തള്ളുന്നതും കൊള്ളുന്നതും. ആയിശയെ നബി വിവാഹം കഴിക്കുന്ന സമയത്ത് അവരുടെ പ്രായം എന്തായിരുന്നു എന്ന ചർച്ചയ്ക്കുപരിയായി വിവാഹത്തെസ്സംബന്ധിച്ച ഖുർആന്റെ നിലപാടും നിയമവും ഇതാണ് എന്ന തിരിച്ചറിവാണ് വേണ്ടത്. അതേസമയം പലരും ആയിശയുടെ പ്രായത്തെക്കുറിച്ച  റിപ്പോർട്ടും മകളെ വിവാഹം  കഴിപ്പിച്ചു  കൊടുക്കുന്നതിൽ രക്ഷിതാവിന്റെ ബാധ്യത, വിവാഹക്കരാറിന്റെ കാര്യത്തിൽ അയാളിലേൽപിക്കപ്പെടുന്ന വിലായത്ത് (രക്ഷാകർതൃത്വം) എന്നിങ്ങനെ വിവാഹത്തിന്റെ രീതിയെക്കുറിച്ച  നിയമങ്ങളും വെച്ചു കൊണ്ട് പെണ്ണിന്റെ തീരുമാനം ഇക്കാര്യത്തിൽ നിബന്ധനയല്ലെന്നും ഏത് ശൈശവ പ്രായത്തിലും അവളെ അവളോടാലോചിക്കാതെ  വിവാഹം ചെയ്തു കൊടുക്കാൻ രക്ഷിതാവിനധികാരമുണ്ടെന്നും വാദിക്കുന്നു. ഇത് ഖുർആൻ ശക്തമായി കൽപിക്കുന്ന നീതി എന്ന ആശയത്തിനും പെണ്ണിന് അത് നൽകുന്ന കർതൃത്വാവകാശത്തിനും വിരുദ്ധമാണെന്ന്, ഖുർആൻ വിരുദ്ധമാണെന്ന് അവർ ചിന്തിക്കുന്നില്ല.

ഇതു പോലെ മാ മലകത് ഐമാൻ (വലംകൈ ഉടമപ്പെടുത്തിയവർ എന്ന് വാക്കർത്ഥം, അധീനത്തിൽ വന്നവരെയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്) എന്ന് ഖുർആൻ പറയുന്നത് അടിമയടമത്തവുമായി ബന്ധപ്പെടുത്തുകയും അടിമത്തം എന്നതിൽ അടിസ്ഥാനപരമായി ഇസ്ലാം തെറ്റൊന്നും കാണുന്നില്ല എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അധീശത്വം അല്ലാഹുവിനു മാത്രമാണെന്നും ഉടമാവകാശം ഭൂമിയിലാർക്കും വക വെച്ചു കൊടുക്കരുതെന്നും ആദർശപാഠമായി പഠിപ്പിക്കുന്ന, ഫഖു റഖബ (മനുഷ്യരുടെ കഴുത്തുകളെ ബന്ധന വിമുക്തമാക്കൽ) അല്ലാഹുവിലേക്കുള്ള പാതയിലെ ഒന്നാമത്തെ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്ന വിശുദ്ധ ഖുർആനോട് കാണിക്കാവുന്ന ഏറ്റവും വലിയ അനാദരവായിരിക്കും അത്. സത്യത്തിൽ ഈ പ്രയോഗം വരുന്നത് യുദ്ധത്തടവുകാരുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാര്യത്തിലാണ്. അവർ അല്ലാഹുവിന്റെ മാത്രം അടിമകളാണെന്നിരിക്കേ, നിങ്ങളവരെ അടിമകളായി പരിഗണിക്കരുത് എന്ന് നബി തിരുമേനി പ്രത്യേകം ഉണർത്തുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം യുദ്ധത്തടവുകാർ എന്നത് അന്തർദ്ദേശീയ നിയമങ്ങളും കരാറുകളുമൊക്കെയായി ബന്ധപ്പെട്ട സംവർഗമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിനനുസൃതമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും അവർ അടിമകളല്ലെന്നു തന്നെയാണ് പറയുന്നത്. അവർ നിങ്ങളുടെ കീഴിൽ വന്നവർ മാത്രമാണ്. അവരോടുള്ള പെരുമാറ്റം പോലും ആദരപൂർവമാകണം എന്നു തന്നെ നബി തിരുമേനി കൽപിക്കുന്നുണ്ട്.

equity

അദ്ൽ എന്നും ഖിസ്ത് എന്നും ഖുർആൻ പ്രയോഗിക്കുന്നുണ്ട്. സാമൂഹിക നീതി എന്നു തന്നെയാണ് അദ്ൽ എന്ന പദം അർത്ഥമാക്കുക. ഖിസ്ത് എന്നാൽ തുല്യത (Equity) കൂടിയാണ്. ലിംഗപദവിയുടെ കാര്യത്തിൽ ജെൻഡർ ഇക്വിറ്റിയല്ല, ജെൻഡർ ജസ്റ്റിസ് ആണ് ഖുർആൻ നിർദ്ദേശിക്കുന്നത് എന്ന് ചിലർ വാദിക്കുന്നതു കാണാറുണ്ട്. ജസ്റ്റിസ്, ഇക്വിറ്റി എന്നീ പദങ്ങളുടെ താൽപര്യങ്ങളറിയാത്തതു കൊണ്ടുള്ള വർത്തമാനങ്ങളാണ്. അല്ലാഹുവിനോടും അവന്റെ അടിയാറുകളോടും (അത് ആണായാലും പെണ്ണായാലും) ഉള്ള സമീപനങ്ങളിൽ ഖിസ്ത് നിലനിർത്താനാണ് അല്ലാഹുവിന്റെ കൽപന. അഖീമുൽ വസ്ന ബിൽ ഖിസ്ത് എന്ന വാക്യം മുകളിൽ ഉദ്ധരിച്ചുവല്ലോ. ഇതിന് സോപാധികത്വമില്ല.

5) നന്മ
ഖുർആൻ അതിന്റെ അനുയായികൾക്കു മേൽ ചുമത്തുന്ന പ്രധാന ബാധ്യത അംറുൻ ബിൽ മഅ്റൂഫി വ നഹ് യുൻ അനിൽ മുൻകർ (നന്മയുടെ സ്ഥാപനവും തിന്മയുടെ വിപാടനവും) ആണ്. സമൂഹത്തെ ധാർമികമായും നാഗരികമായും പുരോഗമനത്തിലേക്ക് നയിക്കുന്ന ആശയങ്ങളെയും തീർപ്പുകളെയും നന്മ എന്ന് പരിഗണിക്കാം. അതേസമയം അധോഗമനത്തിലേക്ക് മനുഷ്യവംശത്തെ വഴി നടത്തുന്ന എന്തും തിന്മയാണ്. ഓരോ സമൂഹത്തിനും ഓരോ ദിശയും ലക്ഷ്യസ്ഥാനവുമുണ്ടെന്നും മുസ്ലിം സമൂഹത്തിന് അത് നന്മയാണ് എന്നും (ലി കുല്ലിൻ വിജ്ഹതുൻ ഹുുവ മുവല്ലീഹാ, ഫസ്തബിഖുൽ ഖൈറാത്) ഖുർആൻ പ്രഖ്യാപിക്കുന്നു. നന്മയാണ് യഥാർത്ഥ ഖിബ് ല എന്നർത്ഥം. അങ്ങോട്ടേക്ക് മുഖം തിരിക്കണം, അങ്ങോട്ടേക്ക് മുന്നേറണം. ഇപ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വേണം ഖുർആനെ വായിക്കാനും വ്യാഖ്യാനിക്കാനും. ഇതിന്റെ ആധാരത്തിൽ വേണം നിലപാടുകൾ രൂപപ്പെടുത്താൻ. ഇതിന്റെ അടിസ്ഥാനത്തിൽ വേണം മറ്റ് വിഭാഗങ്ങളുമായി സഹകരിക്കാനും.

നന്മ ചെയ്യണമെന്നു മാത്രമല്ല, നന്മ ഏറ്റവും ഉത്തമമായി ചെയ്യണം എന്നും ഖുർആൻ കൽപിക്കുന്നു. മുകളിൽ നീതിയുടെ ഭാഗം വിശദീകരിക്കുമ്പോൾ ഉദ്ധരിച്ച, സൂറ അന്നഹ് ലിലെ ആയത്തിൽ നീതിയോടൊപ്പം പറയുന്നത് ഇഹ്സാൻ എന്നാണ്. ഏറ്റവും നല്ലത്, ഏറ്റവും ശരിയായ രീതിയിൽ ചെയ്യുന്നതിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നു പറയാം.

6) അക്ലിഷ്ടത
അതിഗഹനമെങ്കിലും സരളവും ലളിതവുമാണ് ഖുർആൻറെ ജീവിതപാഠങ്ങൾ. അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, പ്രയാസമല്ല എന്ന് ഖുർആൻ വ്യക്തമായിപ്പറയുന്നു. നിങ്ങൾ ഞെരുക്കമുണ്ടാക്കരുത്, മറിച്ച് എളുപ്പമുണ്ടാക്കുവിൻ എന്ന് നബിതിരുമേനി ഉപദേശിച്ചതായി കാണാം. ഭയപ്പെടുത്തരുത്, സന്തോഷവാർത്തയറിയിക്കുവിൻ എന്ന് ഇതോടു കൂടെച്ചേർത്ത് അവിടുന്നു പറഞ്ഞു.

7) കരുണയും ഗുണകാംക്ഷയും
നഗരവാസികളോട് ഹിത്വ എന്നു പറഞ്ഞു കൊണ്ട് (വിട്ടുവീഴ്ചയും ഗുണകാംക്ഷയും പ്രഖ്യാപിച്ചു കൊണ്ട്) വേണം നിങ്ങളുടെ നഗരപ്രവേശം എന്നാണ് വിശുദ്ധ ഖുർആന്റെ കൽപന. ഈ ഗുണകാംക്ഷയും വിട്ടു വീഴ്ചയും ഖുർആനെ വായിക്കുന്നേടത്തും വ്യാഖ്യാനിക്കുന്നേടത്തും അടിസ്ഥാനങ്ങളായി വരണം. അല്ലാഹു കരുണയെ തന്റെ മേൽ സ്വയം ബാധ്യതയാക്കിയിരിക്കുന്നു എന്നാണ് വേദഗ്രന്ഥം പ്രഖ്യാപിക്കുന്നത്. ദൈവത്തിന്റെ ഈ കരുണാഭാവത്തെ ലോകത്തിന് വെളിവാക്കുന്ന സ്വഭാവത്തിലല്ലാതെ ഖുർആൻ വായിക്കപ്പെടരുത്, വ്യാഖ്യാനിക്കപ്പെടരുത്.

8) വിശാലത

ഹൃദയവിശാലത (ശറഹു സ്വദർ) എന്നത് സാമൂഹികമായ ഇടപെടലിന്റെ അനിവാര്യമായ ഉപാധികളിലൊന്നായിത്തന്നെ പ്രവാചകന്മാർ മനസ്സിലാക്കിയിരുന്നു. ഫിർഔനുമായി സംവാദത്തിലേർപ്പെടാൻ കൽപിക്കപ്പെട്ട ഉടനെ മൂസാ നബി  ആദ്യം പ്രാർത്ഥിച്ചത് ശബ്ബിശ്ശ്രഹ്ലീ സ്വദ് രീ (എന്റെ മനം തുറന്നു വിശാലമാക്കിത്തരണേ നാഥാ) എന്നാകുന്നു. മുഹമ്മദ് നബിയുടെ മനോവിശാലതയെപ്പറ്റി അശ്ശർഹ് എന്ന സൂറയിൽ അല്ലാഹുവിന്റെ അനുഗ്രഹം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ചുറ്റുപാടുകളോടും സഹജീവികളോടും സഹചരന്മാരോടുമൊക്കെയുള്ള ഹൃദയ വിശാലത എന്ന തത്വത്തിന് നിരക്കാത്ത വ്യാഖ്യാനങ്ങളെ ഖുർആൻ സ്വയം സ്വീകരിക്കുകയില്ല എന്നാണ് ചിന്തിക്കേണ്ടത്. .

ഇപ്പറഞ്ഞ തൂണുകൾക്കു മേലാണ് വിശുദ്ധ ഖുർആന്റെ പാഠങ്ങളെക്കുറിച്ച വ്യാഖ്യാനങ്ങളെ നാം ഉണ്ടാക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അതിന് ചിന്തയുടെ തന്നെ ആധാരങ്ങളായി ഇവ മാറേണ്ടതുണ്ട്.

ഈ തൂണുകൾക്കു മേൽ നിലകൊള്ളുമ്പോൾ ഖുർആന്റെ പ്രായോഗിക മാതൃകകളായി നാം പരിഗണിക്കുന്ന, പ്രവാചക ജീവിതത്തെയും പ്രവാചകന്റെയും അനുചരന്മാരുടെയും നിലപാടുകളെയും സംബന്ധിച്ച രേഖകളെക്കുറിച്ച ശരിതെറ്റുകളെപ്പറ്റി ശരിയായ അവബോധം രൂപപ്പെടും. ഈ അവബോധത്തെയും ഖുർആന്റെ ഭാഷയിൽ തഖ് വ എന്നു പറയാം. ഇതിന്മേൽ കെട്ടിപ്പടുക്കണം വിശുദ്ധ വേദത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയും പ്രബോധനങ്ങളെയും. അതായിരിക്കും അതിനോട് ഏറ്റവും അടുത്തു നിൽക്കുന്ന വ്യാഖ്യാനം (തസ്യോപവ്യാഖ്യാനം).

ദൈവത്തിന്റെ പുസ്തകം

daivathinte-pusthakam.jpg.image.784.410

(മാർച്ച് അഞ്ചാം തീയതി കണ്ണൂരിൽ ലൈബ്രറി കൌൺസിലിന്റെ പരിപാടിയിൽ അവതരിപ്പിച്ച പ്രഭാഷണം, സമയക്കുറവു നിമിത്തം അവിടെ പറയാൻ പറ്റാതെ പോയ കാര്യങ്ങളും കൂടി ചേർത്തു കൊണ്ട്)

ദൈവത്തിന്റെ പുസ്തകം എന്ന പുസ്തകത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ അതിൽ സ്വാഭാവികമായും ദൈവവും പുസ്തകവും കടന്നു വരും. പുസ്തകത്തിന്റെ ആഖ്യാനവും ഉള്ളടക്കവും ആ അർത്ഥത്തിൽ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുന്ന ഒന്നുമാണ്.

daivathinte-pusthakam.jpg.image.784.410
നമ്മുടെ സമൂഹത്തിൽ ഭൂരിഭാഗവും ദൈവം എന്ന അസ്തിത്വത്തിലോ സത്തയിലോവിശ്വസിക്കുന്നവരാണ് എന്ന് നിഗമിക്കപ്പെടാറുണ്ട്. അതേസമയം, നമ്മുടെ ഉള്ളിൽ പാരമ്പര്യജന്യമായി ഉറച്ചു പോകുന്ന ധാരണയാണ് ദൈവവിശ്വാസം എന്നതും ശരിയാണ്. ഈ ധാരണയുമായി ബന്ധപ്പെട്ട ഒരു വിശദാംശത്തിലും യാതൊരു തരത്തിലുള്ള മാറ്റവും വരുത്താൻ നാം തയ്യാറാകാറില്ല. വിഖ്യാതനായ ആർജന്റൈൻ സാഹിത്യകാരൻ മാർകോ ഡനേവിയുടെ The Lord of Flies എന്ന ഒരു കഥയുണ്ട്. ഈച്ചകളുടെ ദൈവം. ഈച്ചകൾ തങ്ങൾക്കൊരു ദൈവത്തെ ഭാവന ചെയ്തു. അതും ഒരീച്ചയായിരുന്നു. ഈച്ചകളുടെ ദൈവം ഈച്ച തന്നെയായിരുന്നു, ചിലനേരം പച്ച, ചിലനേരം കറുപ്പും പൊന്നും നിറത്തിൽ, ചിലനേരം നല്ല ചുവപ്പുനിറത്തില്‍, ചിലനേരം വെളുത്തത്‌, ഇനിയും ചിലപ്പോൾ മാന്തളിർനിറം, ദുർജ്ഞേയനായ ഒരീച്ച, സുന്ദരനായ ഒരീച്ച, വിലക്ഷണനായ ഒരീച്ച, ഭീഷണനായ ഒരീച്ച, ദയാലുവായ ഒരീച്ച, പ്രതികാരബുദ്ധിയായ ഒരീച്ച, നീതിമാനായ ഒരീച്ച, നിത്യയൗവനം കാക്കുന്ന ഒരീച്ച, എന്നാലും എന്നെന്നും ഒരീച്ച. ചിലർ അതിന്റെ വലുപ്പം ഒരു കാളക്കൂറ്റന്റേതെന്നു പറഞ്ഞു പൊലിപ്പിച്ചു. ചിലർ പറഞ്ഞു, കണ്ണിനു കാണാൻ കൂടിയില്ലാത്തത്ര ചെറുതാണവനെന്ന്. ചില മതങ്ങളിൽ അവനു ചിറകുകളില്ല(അവനു പറക്കാൻ ചിറകുകൾ വേണ്ടെന്നും അവർ വാദിച്ചു), മറ്റു ചില മതങ്ങളിൽ അവന്റെ ചിറകുകൾ അനന്തവിസ്തൃതവുമായിരുന്നു. കൊമ്പുകൾ പോലത്തെ തുമ്പികൾ ഉണ്ടവനെന്ന് ഇവിടെയൊരിടത്തു പറയുന്നുണ്ട്‌; ശിരസ്സു മൂടുന്ന കണ്ണുകളുണ്ടെന്ന് ഇനിയൊരിടത്തും പറയുന്നു. നിരന്തരം മർമ്മരം പൊഴിക്കുന്നവനാണു ചിലർക്കവൻ; ചിലർക്കവൻ നിത്യമൂകനും.
യാന്ത്രിക ഭൌതികവാദത്തിന്റെ ആചാര്യനായ ലുദ് വിഗ് ഫോയർബാഹ് മനുഷ്യൻ അവനിൽ നിന്നു തന്നെ വേർപെടുത്തിയ സ്വരൂപമാണ് ദൈവം എന്ന് നിരീക്ഷിക്കുന്നുണ്ട് (The Essence of Christianity). താൻ നശ്വരനെങ്കിൽ അവൻ അനശ്വരൻ. താൻ അപൂർണനെങ്കിൽ അവൻ പൂർണൻ. താൻ കാലബദ്ധനും ദൈവം അനന്തനും. അവൻ പരിശുദ്ധനാണ്, താൻ പാപം പ്രവർത്തിക്കുന്നവനും. അതായത് തന്റെ പരിമിതികളെ അതിജയിക്കുന്ന താൻ തന്നെയാണ് ദൈവം. എന്നാൽ ഇതിന് വിരുദ്ധമായ സങ്കൽപങ്ങളും വികസിച്ചിട്ടുണ്ട്. തന്റെ കാലത്ത് നില നിന്നിരുന്ന വൈദികാര്യന്മാരുടെ ദേവതകളെ  പരാമർശിച്ചു കൊണ്ട് വർദ്ധമാന മഹാവീരൻ പറയുന്നത് കാമ ക്രോധ ലോഭ മോഹാദികൾക്ക്, ദൌർബ്ബല്യങ്ങൾക്കും തൃഷ്ണകൾക്കും എളുപ്പം വഴങ്ങുന്ന ദേവന്മാർ ഒരു സാധാരണ ജൈനനെക്കാളും വളരെ താഴ്ന്ന പടിയിലാണ്  നില കൊള്ളുന്നതെന്നാണ്.
മാർകോ ഡനേവിയുടെ കഥയിൽ ഈച്ചകൾ അവസാനം സ്വർഗത്തിൽ പ്രവേശിക്കും എന്നുമുണ്ട്. സ്വർഗമെന്നാൽ നാറുന്ന ഒരു തുണ്ടം മാംസക്കഷ്ണമാകുന്നു. നാറുന്നതും പുഴുത്തതും ഈച്ചകളുടെ പരേതാത്മാക്കൾ അനന്തകാലം തിന്നാലും തീരാത്തതുമായ മാംസക്കഷ്ണം. വന്നുപൊതിയുന്ന ഈച്ചപ്പറ്റത്തിനടിയിൽ സ്വർഗ്ഗീയമായ ആ എച്ചിൽക്കഷണം നിരന്തരം സ്വയം പ്രവൃദ്ധമായിക്കൊണ്ടേയിരിക്കും. ദുരാത്മാക്കൾക്കുള്ളത് നരകമാണ്. രകത്തിൽ മലമില്ല, മാലിന്യമില്ല, കുപ്പയില്ല, നാറ്റമില്ല, ഒന്നിന്റെയും ഒന്നുമില്ല; വൃത്തി കൊണ്ടു വെട്ടിത്തിളങ്ങുന്നതും, തെളിഞ്ഞ പ്രകാശം കൊണ്ടു ദീപ്തവുമായ ഒരിടം;എന്നു വെച്ചാൽ, ദൈവസാന്നിദ്ധ്യമില്ലാത്ത ഒരിടം. ദൈവം, പരലോകം തുടങ്ങിയവയെപ്പറ്റി മനുഷ്യർ വെച്ചു പുലർത്തുന്ന വിഭാഗീയവും സങ്കുചിതവുമായ കാഴ്ചപ്പാടുകളെക്കുറിച്ച പരിഹാസമായി നമുക്കീ കഥയെ എടുക്കാം. സ്വർഗം ഈച്ചകൾക്കു മാത്രം അവകാശപ്പെട്ടതാണ് എന്നൊരു പരികൽപന കൂടി ഇതിൽ വരുന്നുണ്ടല്ലോ.
കെ.പി രാമനുണ്ണി
കെ.പി രാമനുണ്ണി
ഇപ്രകാരം നാം മനസ്സിൽക്കൊണ്ടു നടക്കുന്ന ദൈവത്തിന് നമ്മുടെ തന്നെ അധികാര, സാമ്പത്തിക താൽപര്യങ്ങളുമായി ബന്ധമുണ്ട്. ഒരു ഘട്ടത്തിൽ ദൈവം ഒരു ഫ്യൂഡൽ പ്രഭുവിനെപ്പോലെ പെരുമാറിയിരുന്നു. നാം ആ ഉന്നത പ്രഭുവിനു മുന്നിൽ നിവേദനങ്ങളോടൊപ്പം നിവേദ്യങ്ങളും സമർപ്പിക്കുന്നു. നിവേദ്യം ദൈവം സ്വീകരിക്കുന്നു, എന്നാൽ നിവേദനം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. അത് ആ മഹാപ്രഭുവിന്റെ അധികാരത്തിൽപ്പെട്ടതാണ്. ഇവിടെ ഉപാസകനിലുള്ളത് നാടുവാഴികൾക്കും ജന്മിമാർക്കും മുന്നിലുള്ള അടിയാന്റെ മനോഭാവമാണ്. ആ ദൈവം സംരക്ഷിക്കുന്നതും നാടുവാഴിത്തപരമായ താൽപര്യങ്ങൾ തന്നെ. അൽപം മാറി മുതലാളിത്ത പരമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിലേക്ക് ജീവിതം വികസിച്ചതോടെ ദൈവത്തിന്റെ സ്വഭാവവും മാറി. ദൈവം എന്ന ആശയവും മനസ്സമാധാനത്തിനു വേണ്ടിയുള്ള ഉപാസനകളും നിലനിൽക്കുകയും എന്നാൽ അധാർമികവും മനുഷ്യവിരുദ്ധവുമായ മുതലാളിത്ത താൽപര്യങ്ങളിൽ യാതൊരു ഇടപെടലും നടത്താൻ ദൈവത്തിന് അധികാരമില്ലാതാവുകയും ചെയ്തു. ജീവിതം തീർത്തും മൂല്യനിരപേക്ഷമാണെന്ന, റാഡിക്കൽ മതേതര സങ്കൽപം ഉണ്ടാവുന്നതങ്ങനെയാണെന്ന് കരുതാം. ജീവിതത്തിൽ ഒരിടപെടലും നടത്താതെ നിലകൊള്ളുക വഴി ഉപാസകനു മാത്രമല്ല, മൂലധനത്തിനും ലാഭത്തിനും കൂടിയാണ് ദൈവം സമാധാനം നൽകുന്നത്. പെറ്റി ബൂർഷ്വാകൾക്കും കച്ചവടക്കാർക്കും താൽപര്യമുള്ള മറ്റൊരു  ദൈവമുണ്ട്. നേരിട്ടോ മാലാഖമാരെ നിയമിച്ചോ അവൻ മനുഷ്യരുടെ സകല കർമങ്ങളും എഴുതിവെക്കുന്നു. നന്മകൾ മാത്രമല്ല, വലിയ പാപങ്ങൾ മുതൽ സൂക്ഷ്മമായ തെറ്റുകൾ വരെ. എന്നാലോ, അത് തോന്നിയ പടിയുള്ള തങ്ങളുടെ ജീവിതത്തിന് തടസ്സവുമല്ല. കാരണം ഞായറാഴ്ച പള്ളിയിൽച്ചെന്ന് കുർബാന കൈക്കൊള്ളുകയോ വെള്ളിയാഴ്ച ജുമുഅ കൂടുകയോ ഒന്നാം തീയതി തോറും കുളിച്ചു തൊഴുകയോ ചെയ്യുമ്പോൾ ഈ എഴുതിയ രേഖ മുഴുവൻ ദൈവം മായ്ച്ചു കളയുന്നു. അതോടെ തങ്ങൾ വിശുദ്ധരാക്കപ്പെടുന്നു.
ഇതെല്ലാം തന്നെ മനുഷ്യന്റെ താൽപര്യങ്ങൾക്കൊത്ത് നിർമിക്കപ്പെടുന്ന ദൈവങ്ങളാണ്. ദൈവത്തിന്റെ പുസ്തകം, ദൈവത്തിന്റെ സ്വന്തം പുസ്തകം (God’s Own Book) എന്ന് ഈ പുസ്തകത്തിന്മേൽ ഇംഗ്ലീഷിൽ പേരു കൊടുത്തിട്ടുമുണ്ട്, എന്ന നോവലിൽ കെ.പി രാമനുണ്ണി ദൈവത്തെ അവതരിപ്പിക്കുമ്പോൾ ഇത്തരം സങ്കൽപങ്ങളിൽ നിന്നെല്ലാം ഭീന്നമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുന്നതായി അനുഭവപ്പെടും. നേരത്തേ സൂചിപ്പിച്ച വിധം പരമ്പരാഗതമായ ദൈവസങ്കൽപങ്ങൾക്കുള്ള, അഥവാ പരമ്പരാഗത സങ്കൽപങ്ങളിലെ ദൈവത്തിനുള്ള പരിഹാസമായാണ് ഡിങ്കോയിസം എന്ന സ്പൂഫ് റിലിജ്യൻ നമ്മുടെ നാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതാകട്ടെ, മറ്റൊരർത്ഥത്തിൽ സാമ്പ്രദായികവും നിറം കെട്ടതുമായ യുക്തിവാദത്തിൽ നിന്നുണ്ടായ പരിഹാസമാണ്. ഇതിനെക്കാൾ ആഴമുള്ളതും ആക്രാമകവുമായ, ഡെവിൾ വർഷിപ് പോലുള്ള സങ്കൽപങ്ങൾ ലോകത്തുടലെടുത്തിട്ടുണ്ട്. എന്നല്ല, അതിന് പ്രത്യേകമായ ഉപസനാനുഷ്ഠാനങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
രാമനുണ്ണിയുടെ നോവലിൽ ദൈവം എന്നത് ഒരു  നിരന്തര സാന്നിധ്യമാണ്. ഈ സാന്നിധ്യത്തിന്റെ അടയാളങ്ങളായാണ് അദ്ദേഹം കൃഷ്ണനെയും നബിയെയും അവതരിപ്പിക്കുന്നത്. അന്നിലക്കാണ് ഈ നോവൽ ദൈവത്തിന്റെ സ്വന്തം പുസ്തകമായി മാറുന്നത്.
പുസ്തകം എന്ന പ്രയോഗത്തെയും നമുക്ക് വായിക്കാൻ ശ്രമിക്കാം. ഇതിൽ വലിയൊരു ഭാഗം  ശ്രീകൃഷ്ണനുമായി ബന്ധപ്പെടുന്ന ആഖ്യാനമാണെങ്കിലും പുസ്തകം എന്ന പ്രയോഗം കുറേക്കൂടി സെമിറ്റിക് ആണ്. ബൈബിൾ എന്ന പദത്തിന്റെ അർത്ഥം തന്നെ പുസ്തകം എന്നാണല്ലോ. ഖുർആൻ അതിനെപ്പറ്റിത്തന്നെ പറയുന്നത് ദാലികൽ കിതാബ് (ആ പുസ്തകം) എന്നാണ്. കൈയിലുള്ള പുസ്തകത്തെപ്പറ്റി ഹാദൽ കിതാബ് (ഈ പുസ്തകം) എന്നു പറയേണ്ടതിനു പകരം ആ പുസ്തകം എന്നു പറഞ്ഞതിനുള്ള കാരണങ്ങളിൽ ഒന്നായി ഖുർആന്റെ ഔന്നത്യത്തെയും ഭൌതികാതീതമായ അതിന്റെ സ്രോതസ്സിനെയും സൂചിപ്പിക്കുന്നതാണത് എന്നാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ഹൈന്ദവ ദർശനത്തിൽ അതിന്റെ ആധാര ഗ്രന്ഥങ്ങൾ പുസ്തകം എന്നല്ല, വേദം എന്നാണ് അടയാളപ്പെടുത്തപ്പെടുന്നത്. വേദം എന്നാൽ അറിവ് എന്നർത്ഥം. അത് അമൂർത്തമാണ്. അത് മൂർത്തമായിത്തീരുമ്പോഴാണ്, മണ്ണിലേക്കിറങ്ങുമ്പോഴാണ് പുസ്തകമാവുന്നത്. ആര്യന്മാരുൾപ്പെടെയുള്ള ഇൻഡോ യൂറോപ്യൻ ജനവിഭാഗത്തിൽ ആധ്യാത്മിക ചിന്തകളും ദർശനത്തിന്റെ സ്വഭാവത്തിലാണ് വികാസം പ്രാപിച്ചിട്ടുള്ളത്. എന്നാൽ സെമൈറ്റുകളിൽ അതിന് മതത്തിന്റെ സ്വഭാവമാണ്. മറ്റൊരു നിലക്ക് പറഞ്ഞാൽ ഇൻഡോ യൂറോപ്യന്മാർ കാഴ്ചയ്ക്കും (ദർശനം) സെമൈറ്റുകൾ കേൾവിക്കും പ്രാധാന്യം നൽകി. ഖുർആൻ ഇതി രണ്ടിനും പ്രാധാന്യം നൽകുന്നുണ്ട്. ഇക്കാരണത്താൽ അതിന് ദർശനത്തിന്റേതായ അപരിമേയത്വവും മതത്തിന്റെ ഘടനയും ഒരേ സമയം പ്രകടിപ്പിക്കാൻ കഴിയുന്നു. അതേസമയം അത് അതിന്റെ സംജ്ഞകൾ സ്വീകരിക്കുന്നത് സെമിറ്റിക് വേരിൽ നിന്നാണ്.
കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിലുള്ള, വിശിഷ്യാ ഹിന്ദു മുസ്ലിം ജനതക്കിടയിലുള്ള ആദാന പ്രദാനങ്ങളെയാണ് കെ.പി രാമനുണ്ണിയുടെ, ചരമവാർഷികം ഒഴിച്ചുള്ള മൂന്നു നോവലുകളും വിഷയമാക്കുന്നത്. ഈ മൂന്നു നോവലുകൾ മൂന്ന് കാലങ്ങളെ സൂചിപ്പിക്കുന്നുണ്ട്. സൂഫി പറഞ്ഞ കഥ ഭൂതത്തിലും ജീവിതത്തിന്റെ പുസ്തകം വർത്തമാനത്തിലുമാണ് നില കൊള്ളുന്നതെങ്കിൽ ദൈവത്തിന്റെ പുസ്തകം ഭാവിയെ സൂചിപ്പിക്കുന്നു. ഈ മൂന്ന് പുസ്തകങ്ങളും ഇവിടെ പറഞ്ഞതു പോലെ സാംസ്കാരികവും സാമൂഹികവുമായ കൊടുക്കൽ വാങ്ങലുകളുടെ ചരിത്രമാണ്. നാം കേരളീയത എന്നും ഭാരതീയത എന്നുമൊക്കെ വിവക്ഷിക്കുന്ന പരിസരങ്ങൾ ഇവിടെ നില കൊള്ളുകയും വന്നു പോവുകയും ചെയ്തിട്ടുള്ള എല്ലാ ജനവിഭാഗങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു കൊണ്ട് വികസിച്ചിട്ടുള്ളതാണ്. ഇപ്പോഴാകട്ടെ, ഈ യാഥാർത്ഥ്യം പ്രത്യേകമായി എടുത്തുപറയേണ്ടതായ സാഹചര്യവും രൂപപ്പെട്ടിരിക്കുന്നു. ദേശം, ദേശീയത, ദേശസ്നേഹം തുടങ്ങിയവ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തെയാണ് ഇവിടെ സൂചിപ്പിച്ചത്. എല്ലാ സ്വരവൈവിധ്യങ്ങളെയും നിരാകരിച്ചു കൊണ്ട് ഏകമുഖമായ ദേശീയ കാഴ്ചപ്പാടുകൾ അടിച്ചേൽപിക്കുകയും മറുശബ്ദങ്ങളെ ദേശവിരുദ്ധതയായി മുദ്ര കുത്തുകയും ചെയ്യുന്ന ഒരു കാലത്താണല്ലോ നാം  ജീവിക്കുന്നത്. ഇന്ത്യയുടെ ചരിത്ര പാരമ്പര്യത്തെ ഉൾക്കൊള്ളുക എന്നതാണ് ഇന്ത്യ എന്ന ദേശത്തോട് കാണിക്കേണ്ട കൂറ് എങ്കിൽ, വിവരിക്കാനാവാത്ത വിധം വൈവിധ്യപൂർണമാണ് അത്. പാരമ്പര്യം എന്നല്ല, പാരമ്പര്യങ്ങൾ എന്നു തന്നെ പറയേണ്ടതായിട്ടുണ്ട്. ഉപഭൂഖണ്ഡത്തിലെ ആദിമ കുടിയേറ്റക്കാർ, നീഗ്രോയ്ഡുകളും ആസ്ത്രലോയ്ഡുകളും തുടങ്ങി ദ്രാവിഡന്മാർ, പിന്നീട് വന്ന ആര്യന്മാർ എന്നല്ല, ഇതിലോരോന്നിലും പെടുന്ന ഉപവിഭാഗങ്ങൾ, പിന്നെയും ഇവിടെ വന്ന് ഈ ദേശത്തിന്റെ ഭാഗമായി മാറിയവർ എന്നിവരുടെയെല്ലാം വൈവിധ്യപൂർണമായ പാരമ്പര്യങ്ങളാണ് ഇന്ത്യയ്ക്ക് അസ്തിത്വം നൽകിയത്.
ഇവിടെ പരസ്പരമുള്ള ഇടപെടലുകളെയും കൊള്ളക്കൊടുക്കകളുടെയും ചരിത്രം പറയുന്ന, രാമനുണ്ണിയുടെ നോവൽ ത്രയം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം പ്രസക്തമാവുന്നു.
Westindischer_Maler_um_1550_001
ദൈവത്തിന്റെ പുസ്തകത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ, അത്ലാന്റിക് 7 ഉം തമോഗർത്തങ്ങളും ബഹിരാകാശ സാങ്കേതിക വിദ്യയും ഭൌതികവും പ്രപഞ്ചവും ഗണിതവും ഒക്കെ തലങ്ങും വിലങ്ങും കെട്ടിയും മറിഞ്ഞും സങ്കീർണമായിരിക്കുന്നു. ഇവിടെ വായന തികച്ചും ഒരധ്വാനമായിത്തന്നെ മാറുന്നുണ്ട്. എന്നാൽ കട്ടിയുള്ള ഈ പുറംതോട് കടിച്ചു പൊട്ടിച്ചു കഴിഞ്ഞാൽ അകത്തുള്ള പരിപ്പ് സ്വാദിഷ്ടം തന്നെയാണ്. തമോഗർത്തങ്ങൾക്കു ശേഷം കൃഷ്ണഭാഗവും പിന്നെ നബിഭാഗവും വരുന്നു. അഞ്ചാമത്തെയും അവസാനത്തെയുമായ ഭാഗം നീലയും ചന്ദ്രക്കലയും ആണ് പുസ്തകത്തിന്റെ പ്രവചനവും രാഷ്ട്രീയവും വായനക്കാരനുമായി അത് പങ്കു വെക്കുന്ന സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം മുന്നോട്ടു വെക്കുന്നത്.
ബഹിരാകാശവാഹനങ്ങൾ വൻ അപകടങ്ങളെ നേരിടേണ്ടി വന്ന ഈസയിലെയും റഷ്യയിലെയും നാസയിലെയും മൂന്ന് സംഭവങ്ങളെത്തുടർന്ന് ഐ.എസ്.ആർ.ഓയിലെ ശാസ്ത്രജ്ഞന്മാരായ കുട്ടിശ്ശങ്കരനും ഹസൻ കുട്ടിയുമാണ് ഭൂമിക്കു മേലുള്ള ആപത്കരമായ തമോഗർത്ത സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. ഈ സ്വാധീനം ഉണ്ടാക്കിയ ആപത് പ്രവണതകളെത്തുടർന്ന് ദ്വാപരയുഗത്തിന്റെയും  ആറാം നൂറ്റാണ്ടിന്റെയും കഷ്ണങ്ങൾ ഭൂമിയിലേക്ക് തെറിച്ചു വീഴുന്നേടത്താണ് കൃഷ്ണഭാഗവും പിന്നെ നബിഭാഗവും വരുന്നത്. ഇതരകാലങ്ങളിലേക്ക് സഞ്ചരിക്കുന്ന ശാസ്ത്രനോവലുകളും രചനകളും ധാരളമുണ്ട്. എന്നാൽ ഇവിടെ അതിനു വിരുദ്ധമായി കാലങ്ങൾ ഇങ്ങോട്ടേക്ക് വരികയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് തെറിച്ചു വീഴുന്ന ദ്വാപരയുഗത്തിന്റെ കഷ്ണം. ദ്വാപരയുഗത്തിലെ അവതാരമായി പുരാണങ്ങൾ വാഴ്ത്തുന്ന കൃഷ്ണന്റെ ജീവിതത്തിന്റെ ആവർത്തനമാണ് പിന്നെ നാം കാണുന്നത്. ധർമസംസ്ഥാപനാർത്ഥായ എന്ന് തന്റെ ദൌത്യത്തെ തിരിച്ചറിഞ്ഞ കൃഷ്ണൻ ഇടയ്ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് യാത്ര നടത്തുന്നതായും രാമനുണ്ണി ചിത്രീകരിക്കുന്നു.
കൃഷ്ണന്റെ പ്രണയഭാവത്തിനും നബിയുടെ കാരുണ്യഭാവത്തിനും പ്രാധാന്യം നൽകിക്കൊണ്ട് വികസിക്കുന്ന രാമനുണ്ണിയുടെ ചരിത്രാഖ്യാനം രണ്ട് വ്യക്തിത്വങ്ങളെയും കേവല മതപരമായ വ്യാഖ്യാനങ്ങളിൽ നിന്ന് പുറത്തേക്കു കൊണ്ടു വരുന്നു. കൃഷ്ണനും നബിയും തമ്മിലുള്ള താരതമ്യത്തിൽ ഈ കുറിപ്പുകാരൻ കാണുന്ന ഒരു പ്രശ്നം ഒരാൾ അൽപസ്വൽപമൊക്കെ പുരാവൃത്തവൽക്കരണം കൊണ്ട് അതിഭാവുകവൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൂർണമായ ചരിത്ര വ്യക്തിത്വവും മറ്റേയാൾ തീർത്തും പുരാണാഖ്യാനങ്ങളിൽ മാത്രം ജീവിക്കുന്ന കഥാപാത്രവുമാണെന്നുള്ളതാണ്. എന്നാൽ ചരിത്രപരമായ ആധികാരികതയോടെയാണ് കൃഷ്ണന്റെ കഥയും രാമനുണ്ണി പറയുന്നത്. അപ്പോഴും പക്ഷേ, ജ്യോതിഷത്തിന്റെയും മന്ത്രാസ്ത്രങ്ങളുടെയും ദേവപുത്രന്മാരുടെയുമൊക്കെ വർത്തമാനങ്ങൾ റിയലിസ്റ്റിക്കായ ഭാഷയിൽ ആവിഷ്കരിക്കപ്പെട്ടത് കൃഷ്ണകഥയെ ചരിത്രത്തിൽ നിന്ന് പുറംതള്ളുന്ന അവസ്ഥ സൃഷ്ടിച്ചുവോ എന്ന സംശയം ബാക്കിയാവുന്നു. തങ്ങൾ അറിഞ്ഞ ധർമപാഠങ്ങളെ ജീവിതത്തിലും സമൂഹത്തിലും സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയുള്ള, നബിയുടെയും കൃഷ്ണന്റെയും പരിശ്രമങ്ങളെ സമർത്ഥിക്കുന്നതിൽ നോവലിസ്റ്റ് പൂർണമായും വിജയിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.
ദൈവത്തിന്റെ പുസ്തകത്തിലെ കാലസങ്കൽപനങ്ങളെപ്പറ്റി പ്രിയ സുഹൃത്ത് ഡോ ജമീൽ അഹ്മദ് എഴുതിയിട്ടുള്ള പഠനത്തിൽ ഭാവിയെക്കുറിക്കുന്ന സർഗരചനകളെ ശാസ്ത്രരചനകളായി വിലയിരുത്തുന്നുണ്ട്. ഭൂതത്തെക്കുറിച്ചുള്ള ആഖ്യാനമാകട്ടെ ചരിത്രപരവുമാണ്. ഇതൊരു ശരിയായ വിഭജനമാണെന്ന് ഇതെഴുതുന്നയാൾക്കും തോന്നുന്നു. ഭാവിയെക്കുറിച്ചുള്ള (ഫ്യൂച്ചറോളജി) ആഖ്യാനങ്ങളെ ശാസ്ത്രാഖ്യായികകളായും ഭൂതത്തെക്കുറിച്ചുള്ള ആവിഷ്കാരങ്ങളെ ചരിത്രാഖ്യായികകളായും വിലയിരുത്താം. അങ്ങനെ വരുമ്പോൾ സൂഫി പറഞ്ഞ കഥ ചരിത്ര നോവലും ദൈവത്തിന്റെ പുസ്തകം ശാസ്ത്ര നോവലുമാണ്. സയൻസ് ഫിക്ഷൻ സിനിമകളെസ്സംബന്ധിച്ചുള്ള ഒരു കാഴ്ചപ്പാട് ഇവിടെ ഓർക്കാവുന്നതാണെന്നു തോന്നുന്നു. Apocalyptic എന്നും Post Apocalyptic എന്നും രണ്ട് ഇനങ്ങളുണ്ട് ശാസ്ത്ര സിനിമകളിൽ. അപോകാലിപ്സ് എന്നത് ഒരു മതസങ്കൽപമാണ്. ബൈബിളിലെ വെളിപാട് പുസ്തകമാണ് ഇതിന്റെ ആധാരം. ഇതിൽ പറയുന്ന അപോകാലിപ്സ് സർവനാശത്തെക്കുറിച്ച (The Complete Final Destruction of the World) ഒരു വിഭാവനമാണ്. മനുഷ്യന്റെ സാങ്കേതിക വിദ്യയും ദുരയും ചേർന്ന് സൃഷ്ടിക്കുന്ന Apocalypse നെക്കുറിച്ച ആവിഷ്കാരങ്ങളെയാണ് അപോകാലിപ്റ്റിക് സിനിമകൾ എന്നു പറയുക. ഇത്തരത്തിലുള്ള ഒരു Mass Disaster നു ശേഷമുള്ള മനുഷ്യന്റെ അതിജീവനത്തെ പോസ്റ്റ് അപോകാലിപ്റ്റിക് എന്നും പറയും. എന്തായാലും ഈ ന്യായമനുസരിച്ച് ദൈവത്തിന്റെ പുസ്തകത്തെ ഒരു ശാസ്ത്ര നോവൽ എന്ന് വിശേഷിപ്പിക്കാം. 
 
പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് കൃഷ്ണാഖ്യാനത്തിന്റെ പ്രധാന വശം. പാണ്ഡവകഥയുടെ ആധാരം മഹാഭാരതമാണല്ലോ. മഹാഭാരതത്തിലെ വിവിധങ്ങളായ ആഖ്യാനങ്ങളിൽ ചില വിമർശങ്ങളും പരിഹാസങ്ങളുമൊക്കെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് വേദ വ്യാസൻ. പെണ്ണിനെ പ്രലോഭനവും ജിതേന്ദ്രിയത്വത്തെ സാക്ഷാൽക്കാരവുമായി കണ്ടിരുന്ന വിഭാണ്ഡക മഹർഷി തനിക്കു പറ്റിയ തെറ്റ് ആ “തെറ്റി”ൽ നിന്ന് ജനിച്ച മകൻ ഋശ്യശൃംഗന് പറ്റാതിരിക്കാൻ പെണ്ണിനെ കാണിക്കാതെയും അറിയിക്കാതെയും അവനെ വളർത്തിയ കഥ പറയുന്നുണ്ട് മഹാഭാരതം. ഒടുക്കം അംഗരാജ്യത്തു നിന്നെത്തിയ വേശത്തരുണിയോടൊപ്പം പിതാവിനെ ഉപേക്ഷിച്ച് പോകുന്ന ഋശ്യശൃംഗനിലൂടെ ജിതേന്ദ്രിയതത്വത്തെക്കുറിച്ച  വിഭാണ്ഡകന്റെ നിലപാടിനെ പരിഹസിക്കുകയാണ് വ്യാസൻ ചെയ്യുന്നതെന്ന് വ്യാസന്റെ ചിരി എന്ന ലേഖനത്തിൽ കുട്ടികൃഷ്ണ മാരാർ (ഭാരതപര്യടനം) പറയുന്നുണ്ട്. ഇതുപോലെ ധൃതരാഷ്ട്രരുടെ അന്ധത ഇതിഹാസാഖ്യാനത്തിൽ ഒരു പ്രതീകമാണ്. അധികാരാസക്തിയും പുത്ര വാൽസല്യവുമാണല്ലോ ധൃതരാഷ്ട്രർ. അദ്ദേഹത്തിന്റെ അന്ധത ഇതിനെ അടയാളപ്പെടുത്തുന്നുണ്ടാവാം. ഉംബർതോ എകോവിന്റെ The Name of the Rose എന്ന നോവലിലെ ഹോർഹേ എന്ന കഥാപാത്രത്തിന്റെ അന്ധതയുമായി ഇതിനെ താരതമ്യം ചെയ്യാം. എന്നാൽ ഭർത്താവിനൊപ്പം അന്ധത സ്വയം വരിച്ച ഗാന്ധാരിയാകട്ടെ, പുത്രന്മാരുടെ അധികാരാസക്തി ഉണ്ടാക്കിയ കുഴപ്പങ്ങൾക്ക് കാരണക്കാരിയാവുകയാണ് ചെയ്യുന്നത്. വ്യാസൻ വരികൾക്കിടയിൽ പറയുന്ന ഇക്കാര്യം രാമനുണ്ണി ഒരു സന്ദർഭമായിത്തന്നെ വികസിപ്പിക്കുന്നുണ്ട്. ഗാന്ധാരിയുടെ കണ്ണ് മൂടിക്കെട്ടിയിരുന്ന തുണി വലിച്ചഴിച്ചു കൊണ്ട്, അപ്പോൾ ആ തുണി വമിപ്പിച്ച ദുർഗ്ഗന്ധത്തെയും നോവൽ വിവരിക്കുന്നുണ്ട്, ഹിഡുംബി നടത്തുന്ന ആക്രോശത്തിലൂടെയാണത്. 
 
Kaaba_khan Kaba_Hola Kaaba_Khana_Holy_kaba_khana kaba_holy kaba_makkah_mecca_madina_masjid nabwai_masjid_nabwi_prophet mosque_mosque_flood_rare_unseen_old_images_2
മുഹമ്മദ് നബിയുടെ ജീവിതത്തെ പുരസ്കരിച്ചു കൊണ്ടുള്ള ഒരു നോവൽ ലോകസാഹിത്യത്തിൽത്തന്നെ ഉള്ളതായി അറിവില്ല. അന്നിലക്ക് ആയിനത്തിൽ ആദ്യത്തേതായി ദൈവത്തിന്റെ പുസ്തകം ചരിത്രത്തിലിടം പിടിക്കുന്നു. മലയാളത്തിൽ നബിയുടെ ജീവിതത്തെ സർഗാത്മകമായി ആവിഷ്കരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ഇത് എന്നു പറയാം. പൊൻകുന്നം സെയ്തു മുഹമ്മദിന്റെ മാഹമ്മദം മഹാകാവ്യമാണ് ഒന്നാമത്തേത്. നബിയുടെ ജീവിതത്തെയും അവിടുത്തെ വാൽസല്യഭാവത്തെയും സ്നേഹാതിരേകത്തെയും കരുണയെയും പ്രണയത്തെയുമെല്ലാം രാമനുണ്ണി ഉജ്വലമായി ആവിഷ്കരിക്കുന്നുണ്ട്. ഉമ്മയെ തെല്ലും വേദനിപ്പിക്കാതെ പെറ്റു വീഴുന്ന കുഞ്ഞ് മുഹമ്മദിനെക്കുറിച്ച വിഭാവനത്തിൽ തുടങ്ങുന്നു അത്. യുദ്ധങ്ങളിൽപ്പോലും മുഴച്ചു നിൽക്കുന്ന, പ്രവാചകന്റെ കാരുണ്യത്തെയും മനുഷ്യപ്പറ്റിനെയും നോവൽ അതിവാചാലമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്. 
 
കൃഷ്ണനും നബിയും ചേർന്ന് പുതിയ കാലത്തിലൂടെ നടത്തുന്ന സഞ്ചാരമാണ് നീലയും ചന്ദ്രക്കലയും എന്ന ഭാഗം. തങ്ങളുടെ തന്നെ അനുയായികൾ തങ്ങളുടെ ആശയങ്ങളെയും ചരിത്രത്തെയും എത്രത്തോളം വികലമാക്കിക്കളഞ്ഞു എന്ന അറിവ് അവരിലുളവാക്കുന്ന വേദന അതിൽ വരുന്നുണ്ട്. ഒരു പ്രവാചകന്റെ കാലത്ത് അദ്ദേഹത്തിനെതിരിൽ രംഗത്തു വരുന്ന അതേ ശക്തികളായിരിക്കും പിന്നീട് അദ്ദേഹത്തിന്റെ കൊടിയും പേരും ഉയർത്തിപ്പിടിച്ചു കൊണ്ട്  രംഗത്തിറങ്ങുക എന്ന് അലി ശരീഅത്തി പറയുന്നുണ്ട്.
 
അതേസമയം ഗതകാല ചരിത്ര കഥാപാത്രങ്ങൾ പലരും ഈ ഭാഗത്ത് രംഗപ്രവേശം ചെയ്യുന്നു. നബി, കൃഷ്ണ പ്രഭാവങ്ങളുടെ സ്വാധീനം അവരിൽ ചെലുത്തുന്ന മാറ്റങ്ങളും ചിത്രീകരിക്കപ്പെടുന്നു. ഇവിടെ മഹാത്മാഗാന്ധിയും കാൾ മാക്സുമെല്ലാം കടന്നു വരികയാണ്. ഒപ്പം ഹെഡ്ഗേവാറും ഹിറ്റ്ലറും വരുന്നു. അവർ അവരുടെ  നിലപാടുകൾ തിരുത്തുന്നു. തങ്ങളുടെ ജീവിതകാലത്ത് കൈക്കൊണ്ടിരുന്ന രാഷ്ട്രീയത്തെ തള്ളിപ്പറയുന്നു. 
 
നബിഭാഗത്ത് നബിയുടെ സഹോദരനായി ക്രിസ്തുവും രംഗപ്രവേശം ചെയ്യുന്നു. ഒരു നബിവചനമനുസരിച്ച് പ്രവാചകന്മാർ എല്ലാവരും പിതാവൊത്ത സഹോദരങ്ങളാണ്. ഈ സാഹോദര്യത്തിലേക്ക് കൃഷ്ണനെയും ചേർത്തു വെക്കുകയാണ് രാമനുണ്ണി. ഇസ്രാഇന്റെ രാത്രി എന്നറിയപ്പെടുന്ന രാവിൽ യരൂശലേം പള്ളിയിൽ ചരിത്രത്തിലിന്നോളം വന്നിട്ടുള്ള സകല പ്രവാചകന്മാരുമൊത്ത് താൻ നിസ്കരിച്ചതായ അനുഭവമുണ്ടായി നബിക്ക്. ഇക്കൂട്ടത്തിലും രാമനുണ്ണി കൃഷ്ണനെ കണ്ടെത്തുന്നുണ്ട്. 
 
നബിയുടെയും  കൃഷ്ണന്റെയും സാന്നിധ്യവും സ്വാധീനവും ആധുനിക ലോകത്ത് ചില പരിവർത്തനങ്ങളുണ്ടാക്കിയതായി നോവലിൽ ചിത്രീകരിക്കപ്പെടുന്നു. ലോകത്തിന്റെ ഭാവിയെയും ജീവിതത്തെയും കുറിച്ച പ്രവചനാത്മകമായ ശുഭപ്രതീക്ഷകൾ സമർപ്പിക്കപ്പെടുന്നതും അവിടെയാണ്. അതാകട്ടെ, വാൾസ്ട്രീറ്റിലെ ഓഹരി ബ്രോക്കർ മാർഗരറ്റ് കോനൻ, ഇറാഖിലെ ശീഈ നേതാവും ഇന്റീരിയർ വകുപ്പ് മന്ത്രിയുമായ അബ്ദുൽ ഹസൻ, ഗുജറാത്തിലെ ആർ.എസ്.എസ് പ്രചാരക് ചന്ദ്രവദൻ പരീഖ് എന്നിവരുടെ കഥയുമാണ്. ഇവരിൽ വന്നു ഭവിക്കുന്ന പരിവർത്തനങ്ങളെ ഒരൽഭുതകഥ പോലെ പറഞ്ഞു പോവുകയല്ല രാമനുണ്ണി ചെയ്യുന്നത്. കൃഷ്ണന്റെയും നബിയുടെയും പ്രഭാവങ്ങൾ അതിന് നിമിത്തമായിത്തീരുമ്പോഴും വളരെ കൃത്യമായ സാമൂഹിക കാര്യകാരണങ്ങൾ അവരുടെ ജീവിതാവിഷ്കാരത്തിൽ നോവലിസ്റ്റ് കണ്ടെത്തുന്നുണ്ട്. തന്റെ പ്രവൃത്തിമേഖലയും കുടുംബവുമൊക്കെയായി സങ്കീർണമായ സംഘർഷങ്ങളിലൂടെയാണ് കോനൻ കടന്നു പോയിരുന്നത്. അബ്ദുൽ ഹസന് ഒരു ഗതകാല ചരിത്രമുണ്ട്. പുറമേ, സെക്ടേറിയൻ തീവ്രവാദങ്ങളിൽപ്പെടാതെ അയാളുടെ മനസ്സിനെ സംരക്ഷിക്കാൻ ജാഗ്രതയോടെ പരിശ്രമിച്ച പ്രഫസറുടെ ചിന്തകളുടെ സ്വാധീനമുണ്ട്. തന്റെ ചുറ്റുപാടുകളും സമൂഹത്തോടുള്ള കടപ്പാടുകളും പ്രതിബദ്ധതയുമാണ് പരീഖിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. 
 
കോനന്റെ കഥയിൽ വാൾസ്ട്രീറ്റിൽ കൊടുമ്പിരിക്കൊണ്ടിരുന്ന പ്രക്ഷോഭങ്ങളും പശ്ചാത്തലമായി വർത്തിക്കുന്നു. കോനൻ എക്സ്പീരിയൻസ് എകനോമിക്സ് എന്ന ഒരു കാഴ്ചപ്പാടും അതിന്റെ ആധാരത്തിൽ ഒരു സംഘത്തെയും രൂപപ്പെടുത്തി. അതുവരെ വാൾസ്ട്രീറ്റിലെ ഓഹരി വ്യാപാരത്തിലും മൂലധനാധിഷ്ഠിത സാമ്പത്തിക പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നവരായിരുന്നു സംഘാംഗങ്ങളും. ആ സംഘം അതിന്റെ പ്രവർത്തനങ്ങളിലൂടെ കമ്യൂനിറ്റി ഒഫ് ഹെവൻ എന്നറിയപ്പെട്ടു. അവർ മൂലധന ദല്ലാളന്മാരാൽ ആക്രമിക്കപ്പെടുകയും വാൾസ്ട്രീറ്റ് പ്രക്ഷോഭകരുടെ പിന്തുണ അവർക്ക് ലഭിക്കുകയും ചെയ്തു. 
 
എക്സ്പീരിയൻസ് ഇകനോമിക്സിലൂടെ ജീവിതത്തെയും വികസനത്തെയും കുറിച്ച് കെ.പി രാമനുണ്ണി നൈതികമായ സങ്കൽപങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. മനുഷ്യജീവിതം സാമാന്യേന രാപ്പകലുകളുടെ വലിയൊരു ഭാണ്ഡക്കെട്ടാണ്. അതിൽത്തന്നെ ഉണർന്നിരിക്കുന്ന ഏതാനും മണിക്കൂറുകളാണ് മനുഷ്യജീവിതം. ഉണർന്നിരിക്കുന്ന മണിക്കൂറുകളിൽത്തന്നെ സക്രിയമായ അനുഭവങ്ങളാണ് മനുഷ്യജീവിതം. അതിനാൽ ആകനോമിക് ആക്ടിവിറ്റി എന്നു പറഞ്ഞാൽ ഓരോ മനുഷ്യന്റെയും സക്രിയമായ അനുഭവങ്ങളെ, അത് ശാരീരികമോ മാനസികമോ ആത്മീയമോ ആകട്ടെ, വികസിപ്പിക്കുന്നതിനു വേണ്ടിയുള്ളതാവണം. അല്ലാതെ റിയൽ എസ്റ്റേറ്റും റോഡും റെയിൽവേയും റൺവേയും ബിൽഡിങ്ങുകളും മാത്രം വികസിപ്പിക്കുന്നതാവരുത്. ഏറ്റവും ചുരുങ്ങിയ പണം കൊണ്ട് ഏറ്റവും കൂടിയ സർഗാത്മകാനുഭവങ്ങൾ ഏവർക്കും പ്രദാനം ചെയ്ത് മനുഷ്യജീവിതത്തെ സമ്പൽ സമൃദ്ധമാക്കുക എന്നതാണ് എക്സ്പീരിയൻസ് ഇകനോമിക്സിന്റെ ലക്ഷ്യം. 
 
ഒടുവിലൊരിടത്ത് നബി കണ്ണനോടിങ്ങനെ പറഞ്ഞു: മാതാപിതാക്കളുടെ അഭാവം നാമിരുവരും ഒരുപോലെ അനുഭവിച്ചത് മുകളിലുള്ളവനെ ആഞ്ഞു പിടിക്കുന്നതിനു വേണ്ടിയാവണം. 
 
കണ്ണൻ നബിയോടു പറഞ്ഞു: നമ്മൾ രണ്ടു പേരുടെയും ആദ്യസ്ത്രീകൾ വയസ്സിന് മൂത്തവരായത് സ്ത്രീലമ്പടത്വത്തിനു പകരം മാതൃപാഠങ്ങൾ പ്രധാനമായതിനാലാകണം. 
 
ഇപ്രകാരം വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ സൂക്ഷ്മവശങ്ങളിലൂടെ നീതിയുടെയും സഹവർത്തിത്വത്തിന്റെയും പാഠങ്ങളുമായി സഞ്ചരിക്കുന്നു ദൈവത്തിന്റെ പുസ്തകം.