സിനിമയെടുക്കും മുമ്പ് തിരക്കഥ കത്തിച്ചു കളയണം എന്ന് പ്രസ്താവിച്ച രാജീവ് രവി അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാത്ത ചലച്ചിത്രകാരനാണ്. അദ്ദേഹത്തിന്റെ വഴിയിലേക്ക് പ്രേക്ഷകര്‍ വന്നെന്നിരിക്കാം, ഇല്ലെന്നുമിരിക്കാം. കമ്പോളം വാര്‍ത്തെടുത്ത വ്യാജ പ്രേക്ഷകമനസ്സിനെ പരിഗണിക്കാന്‍ താന്‍ തയ്യാറല്ലെന്നു തന്നെയാണ് രാജീവ് രവി തന്റെ വാക്കുകളിലൂടെയും സിനിമകളിലൂടെയും തെളിയിക്കുന്നത്.
കഥ കേള്‍ക്കുമ്പോള്‍ ഒരു ടിപ്പിക്കല്‍ പ്രണയകഥ എന്നു തോന്നിക്കുന്ന തന്തുവാണ് അന്നയും റസൂലും എന്ന ചിത്രത്തിന്റേത്. ഞാന്‍ സ്റ്റിവ് ലോപ്പസിനാകട്ടെ കൃത്യമായ ഒരു കഥ പറയാനുണ്ടായിരുന്നില്ല. കമ്മട്ടിപ്പാടത്തിലെത്തുമ്പോഴോ, അത് ക്വട്ടേഷന്‍, പ്രതികാരം, ഗാങ്സ്റ്റർ തുടങ്ങിയ ഇനങ്ങളിലേക്കു മാറുന്നു. എന്നാല്‍ തിരക്കഥ കത്തിച്ചു കളയാന്‍ പറഞ്ഞതു പോലെ കഥയല്ല സിനിമ എന്നു കൂടി തെളിയിക്കാന്‍ രാജീവിന് സാധിക്കുന്നു. കേള്‍ക്കുന്ന പ്രണയകഥയല്ല അന്നയും റസൂലും എന്ന സിനിമ. നായകന് കാര്യക്ഷമമായി നിര്‍വഹിക്കുന്ന പ്രതികാരമാണ് കമ്മട്ടിപ്പാടത്തിന്റെ ക്ലൈമാക്സെങ്കിലും അതും സിനിമയെ കമ്പോളപ്പട്ടികയിലേക്ക് ക്ലിപ്തപ്പെടുത്താവുന്ന ഘടകമേയല്ല. സത്യത്തില്‍ ചിത്രത്തില്‍ അങ്ങനെയൊരു നായകന് തന്നെയില്ല. പ്രതികാരം നിര്‍വഹിക്കപ്പെട്ടോ ഇല്ലേ എന്നത് പ്രേക്ഷകനെ ആശ്വസിപ്പിക്കുകയോ അസ്വസ്ഥമാക്കുകയോ ചെയ്യയുന്ന ഘടകവുമല്ല. നല്ല കഥയുണ്ടെങ്കിലേ നല്ല സിനിമയാകൂ എന്നത് പടച്ചുണ്ടാക്കപ്പെട്ട മൗഢ്യമാണ്. നല്ല കഥ അനുഭവിക്കാന്‍ കഥ വായിച്ചാല്‍ മതി. നല്ല സിനിമ അനുഭവിക്കാന്‍ അത് കാണുക തന്നെ വേണം.

പ്രണയത്തിലൂടെ അന്നയും റസൂലും പറയുന്നത് കൊച്ചിയുടെ ജീവിതമാണ്. പ്രതികാരത്തിലൂടെ കമ്മട്ടിപ്പാടം പറയുന്നതും അതു തന്നെ. സ്റ്റീവ് ലോപ്പസിന്റെ അന്വേഷണയാത്രയിലും നാം കണ്ടത് യഥാര്‍ത്ഥ ജീവിതങ്ങള്‍ തന്നെയായിരുന്നു. റിയലിസ്റ്റിക് സിനിമകളുടെ കലാകാരനാണ് രാജീവ് രവി. സിനിമയുടെ ജനറുകളെപ്പറ്റി കേരളത്തിലെ സാധാരണ പ്രേക്ഷകന് വെച്ചു പുലര്‍ത്തുന്ന ചില സങ്കല്പങ്ങളുണ്ട്. സൈക്കോളജിക് ത്രില്ലര്‍ എന്ന് ‘മുന്നറിയിപ്പി’നെ വിശേഷിപ്പിച്ചപ്പോള്‍ അതെങ്ങനെയാണ് ത്രില്ലറാകുന്നത് എന്ന് സംശയിച്ചവരുണ്ടായിരുന്നു. ഇപ്പോള്‍ കമ്മട്ടിപ്പാടത്തെ ഗ്യാങ്സ്റ്റര്‍ സിനിമ എന്ന് വിശേഷിപ്പിക്കുമ്പോഴും അതെക്കുറിച്ചുള്ള അവന്റെ യാഥാസ്ഥിതിക ധാരണകള്‍ അവനെ വിസ്മയിപ്പിച്ചേക്കാം, ഫെർനാന്റോ മെറേലിസിന്റെയും കാതിയ ലുന്ദിന്റെയും സിറ്റി ഒഫ് ഗോഡ്, മാർട്ടിൻ സ്കോർസീസിന്റെ ദ ഡിപാർട്ടഡ്, ഗവിൻ ഹുഡ്ഡിന്റെ സോസി തുടങ്ങിയ പടങ്ങൾ അവൻ കണ്ടിട്ടില്ലെങ്കിൽ.
വളരെ ആഴമുള്ള പ്രമേയമാണ് സ്റ്റീവ് ലോപ്പസിന്റേത്. അത് ഒരന്വേഷണമാണ്. സ്റ്റീവ് ലോപ്പസിന്റെ അന്വേഷണയാത്ര. കമ്മട്ടിപ്പാടവും അന്വേഷണമാണ്. ഗംഗയെത്തേടിയുള്ള, കൃഷ്ണന്റെ അന്വേഷണം. അതൊരു ചരിത്രാന്വേഷണമാണ്. എറണാകുളം എന്ന സിറ്റി രൂപപ്പെട്ടതിന്റെ കഥയാണത്. അതിലാണ് കൃഷ്ണന് തന്റെ സ്വത്വത്തെയും തിരിച്ചറിയുന്നത്. എറണാകുളത്തെ കെ.എസ്.ആര്.ടി.സി സ്റ്റേഷന് മുതര്ക്കങ്ങോട്ട് ഒരു കാലത്ത് കമ്മട്ടിപ്പാടമായിരുന്നു എന്നും അതില്‍ നിന്നാണ് സിനിമ ആ പേര് സ്വീകരിച്ചതെന്നും രാജീവ് രവിയും തിരക്കഥാകൃത്ത് പി ബാലചന്ദ്രനും പറയുന്നു. വികസനത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെയും അത് അനാഥമാക്കുന്ന ജീവിതങ്ങളെയുമാണ് രാജീവ് രേഖപ്പെടുത്തുന്നത്. കമ്മട്ടിപ്പാടം മാത്രമല്ല, അവിടുത്തെ ജീവിതങ്ങളും കൂടിയാണ് തകരുന്നത്. മണ്ണില്‍ പണിയെടുത്ത് നമുക്ക് ചുറ്റും ഉണ്ടായിരുന്ന കുറേ മനുഷ്യര്‍ എവിടെപ്പോയി? അവരെ പുത്തന്‍ വികസനം അതിന്റെ ഗുണഭോക്താക്കളാക്കുകയും ഉന്നത സ്ഥാനത്തിരുത്തുകയും ചെയ്തു എന്ന് കരുതണമെങ്കില്‍ ചരിത്രത്തെയും സമൂഹത്തെയും പറ്റിയുള്ള സാമാന്യം വലിയ അജ്ഞത ഉണ്ടായിരിക്കണം. മണ്ണില്‍ പണിയെടുക്കാന്‍ അറിയുന്ന, അതിനോട് ഇണങ്ങി ജീവിച്ച, മണ്ണിനെ റിയല്‍ എസ്റ്റേറ്റ് അസംസ്കൃതമയല്ലാതെ മണ്ണായിത്തന്നെ സ്നേഹിച്ച മനുഷ്യര്‍ മണ്ണില്‍ നിന്നും തുടച്ചു മാറ്റപ്പെടുകയായിരുന്നു.
അതാണ് ചിത്രത്തില്‍ കൃഷ്ണന് (ദുല്‍ഖര്‍ സല്മാന്) തിരിച്ചറിയുന്നത്. “എടോ, ഈ എറണാകുളം സിറ്റിക്ക് അത്ര ഉറപ്പൊന്നുമില്ല. കാരണം, ഇത് നില്‍ക്കുന്നത് കമ്മട്ടിപ്പാടത്തെ ചതുപ്പിലാണ്. ഇത് കെട്ടിപ്പടുത്തിരിക്കുന്നത് സിമന്റും കമ്പിയും കൊണ്ടല്ല, ഗംഗയെപ്പോലുള്ളവരുടെ ചോര കൊണ്ടാ” എന്ന് അവന് ആശാന് എന്നവര്‍ വിളിച്ചിരുന്ന സുരേന്ദ്രനോട് പറയുന്നു. സുരേന്ദ്രന്റെ വീട്ടില്‍ച്ചെന്ന് ഗംഗ (വിനായകന്) പറയുന്നതും ഇതു തന്നെ. തങ്ങളെ ആയുധങ്ങളാക്കിക്കൊണ്ട് പിടിച്ചെടുത്ത ഭൂമിയുടെ കണക്കുകളാണത്. ഇപ്പുറത്തെ അഞ്ചു സെന്റ് ഇന്നയാളുടെ കുടികിടപ്പു ഭൂമി, അപ്പുറത്തെ മൂന്ന് സെന്റ് ഇന്നയാളുടെ എന്നെല്ലാം അവന് കൃത്യമായി പറയുന്നു. ഗംഗയുടെ വലിയ തിരിച്ചറിവാണ് മജീദിന്റെ മകളുടെ നികാഹിന് കുടിച്ചു പിമ്പിരിയായി വന്ന അവന് അവിടെ വെച്ച് പാടുന്ന പാട്ട്. തീവ്രമാണ് അന്‍വര്‍ അലിയുടെ വരികള്‍.
അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്‍ മകനേ
ഈ കായല്‍ക്കയവും കരയും ആരുടെയുമല്ലെന്‍ മകനേ
പുഴു പുലികള്‍ പക്കി പരുന്തുകള്‍ കടലാനകള്‍ കാട്ടുരുവങ്ങള്‍
പലകാലപ്പരദൈവങ്ങള്‍ പുലയാടികള്‍ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എന്‍ തിരുമകനേ
കുത്തേറ്റ കൃഷ്ണനില്‍ ആരംഭിക്കുന്ന ചിത്രം അവന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നു. അതോടൊപ്പം മുംബൈയില്‍ ജോലി ചെയ്യുന്ന വേളയില്‍ കൃഷ്ണനെത്തേടി വന്ന ഗംഗയുടെ ഫോണ്‍ കോളിലെ ചില ആപച്ഛങ്കകളെത്തുടര്ന്ന് കമ്മട്ടിപ്പാടത്തേക്കുള്ള മടക്കയാത്ര. ശേഷം നാട്ടിലെത്തി ഗംഗയെ കാണാനില്ലെന്നറിഞ്ഞപ്പോള്‍ അവനെത്തേടിയുള്ള അലച്ചിലുകള്‍. പിന്നീട് ഗംഗയ്ക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലാക്കിയതോടെ അതിന്റെ കാരണക്കാരെത്തേടിയുള്ള അന്വേഷണം. ഇപ്രകാരം പല അടരുകളിലൂടെ അരേഖീയമായ ആഖ്യാനമാണ് കമ്മട്ടിപ്പാടത്തിന്റേത്. അതുപോലെ അവന്റെ ഓര്‍മകളിലൂടെ നാം കാണുന്ന കമ്മടിട്പ്പാടത്തിന്റെ ഇതിഹാസത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. ഗംഗയുടെ ജ്യേഷ്ഠനും കൂടിയായ ബാലന്റെ (മണികണ്ഠന്) വീരസാഹസങ്ങള്ക്ക് സാക്ഷികളാകുന്ന കുട്ടിക്കാലം. അല്പസ്വല്പം കന്നന്തിരിവുകളുമായി ഒരു കൗമാരകാലം. ബാലേട്ടനൊപ്പം ചാരായവാറ്റും ക്വട്ടേഷന്‍ വര്‍ക്കുകളുമൊക്കെയായി യുവത്വവും.
അതിനിടയില്‍ ഇവരെത്തന്നെ ഉപയോഗപ്പെടുത്തി ഇവരെത്തന്നെ തുടച്ചു നീക്കാനുള്ള മുതലാളിത്തത്തിന്റെ ശ്രമങ്ങള്‍, ബാലന് ഉണ്ടാകുന്ന തിരിച്ചറിവ്, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിങ്ങനെ സംഭവബഹുലമായി മുന്നോട്ടു പോകുന്നു, കമ്മട്ടിപ്പാടത്തിന്റെ ഇതിഹാസം. വ്യവസായികളും റിയല്‍ എസ്റ്റേറ്റുകാരുമൊക്കെ കോളനികള്‍ ഒഴിപ്പിക്കാന്‍ പോലും ഇവരെയാണ് ഉപയോഗിക്കുന്നത്. ബാലന്റെ അച്ഛാച്ഛന് സ്വസമുദായത്തെ തുടച്ചു നീക്കാനുള്ള കോടാലിക്കൈയായി അവർ മാറിയതിൽ പ്രതിഷേധിക്കുന്നു. അതിനിടയില്‍ കൃഷ്ണന് അനിതയോട് തോന്നുന്ന പ്രേമം. അതേ പെണ്ണിനെത്തന്നെ മനസ്സില്‍ കൊണ്ടു നടക്കുന്ന, അവളുടെ മുറച്ചെറുക്കന് കൂടിയായ ഗംഗ. പ്രണയനായികയില് സോ കോള്‍ഡ് ഗ്ലാമറിന്റെ യാതൊരു സ്പര്ശവുമില്ല. അക്കാര്യത്തില്‍പ്പോലും യാതൊരനുഭാവവും സിനിമ പരമ്പരാഗത ധാരണകളോട് കാണിക്കുന്നേയില്ല. അനിതയെ വിവാഹം കഴിക്കുന്ന ഗംഗയോട് അതിനു മുന്നേ കൃഷ്ണനുമായി പ്രണയത്തിലായിരുന്ന അവള് യാതൊരു അലിവും കാണിക്കുന്നില്ല. അവസാനം ഗംഗയ്ക്കു വേണ്ടി കരയണമെന്ന് തോന്നിയ ഒരേയൊരു സന്ദര്‍ഭത്തെയും അവള് അനുസ്മരിക്കുന്നുണ്ട്.
സിനിമയുടെ കാസ്റ്റിങ് അതിഗംഭീരമാണ്. വിനായകനും മണികണ്ഠനും എല്ലാ പ്രതീക്ഷകള്‍ക്കും മുകളില്‍ നില്‍ക്കുകയായിരുന്നു. അനിതയായി വരുന്നത് ഷോണ്‍ റോമി. ബാലന്റെ പ്രണയഭാജനവും പിന്നീട് ഭാര്യയുമായി വരുന്ന റോസമ്മ അല്പം നിഗൂഢതയുള്ള ഒരു കഥാപാത്രമാണ്. അമല്‍ദ ലിസ് ആണ് റോസമ്മയെ അവതരിപ്പിച്ചത്. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, പി ബാലചന്ദ്രന്, അലന്‍സിയര്‍, സുരാജ് തുടങ്ങി രണ്ടോ മൂന്നോ രംഗങ്ങളില്‍ വന്നു പോകുന്ന സൗബിന്, ഒന്ന് മിന്നി മറയുന്ന മുത്തുമണി എന്നിവര്‍ പോലും ഓര്‍മയില്‍ തങ്ങി നില്ക്കുന്നു.
സാങ്കേതിക മികവും എടുത്തു പറയേണ്ടതു തന്നെ. മധു നീലകണ്ഠന്റെ ദൃശ്യങ്ങളെ അജിത് കുമാറിന്റെ കത്രിക ചേതോഹരമാക്കി.
അന്നയില്‍ നിന്നും റസൂലില്‍ നിന്നും വളരെ മുന്നോട്ടാണ് സ്റ്റീവ് ലോപ്പസ് സഞ്ചരിച്ചത്. അവിടെ നിന്നും മുന്നോട്ട് പോയിട്ടുണ്ട് ഗംഗയും ബാലനും കൃഷ്ണനുമെല്ലാം. ചിത്രത്തിന്റെ ഓരോ ഫ്രെയിമും രാഷ്ട്രീയ പ്രഖ്യാപനങ്ങളാണെന്നു തോന്നും. യഥാര്‍ത്ഥ ജീവിതത്തിന്റെ കഥകളുമായി ഇനിയും രാജീവ് രവി മുന്നോട്ടു തന്നെ പോകും എന്നുറപ്പ്.