നോമ്പും ഖുർആനും- തന്നിൽ തന്നെത്തന്നെ നിർമിക്കുന്ന മനുഷ്യൻ

self-esteem

ജനനം

മനുഷ്യനെ അത്യധികം ആദരവോടെ കാണുന്നു എന്നതാണ് ഖുര്‍ആനിന്റെ സവിശേഷത. അത് മനുഷ്യദൗത്യത്തിന്റെ നിര്‍വഹണത്തിന് പ്രാപ്തനായ മനുഷ്യനെ നമ്മില്‍ സൃഷ്ടിക്കുന്നതിന് നമ്മളെ സഹായിക്കുന്നു.

അങ്ങനെയൊരു സൃഷ്ടിപ്രക്രിയ ഉണ്ട്. അതും മനുഷ്യന് ദൈവം നല്‍കുന്ന ആദരവാണ്. ദൈവസൃഷ്ടിയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ കണ്ടെടുത്ത് അവയ്ക്ക് പുതിയ അസ്തിത്വം നല്‍കാനുള്ള ശേഷിയും ആ ശേഷിയെ ഉപയോഗപ്പെടുത്താനുള്ള സര്‍ഗാത്മക അഭിവാഞ്ഛയും മനുഷ്യപ്രകൃതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മനുഷ്യന്റെ കലയും സൗന്ദര്യബോധവും വികസിക്കുന്നതും അങ്ങനെയാണ്. ഒരു ശില്‍പി രൂപങ്ങളെ ഉപാധിയാക്കുന്നു. ചിത്രകാരന്‍ വര്‍ണങ്ങളെ. അഭിനേതാവ് ഭാവങ്ങളെയും ഗായകന്‍ ശബ്ദത്തെയും തങ്ങളുടെ ഉപകരണങ്ങളാക്കി മാറ്റുകയാണ്. അതുപോലെ സാഹിത്യകാരന്‍ അക്ഷരങ്ങളെ. ഇപ്പറഞ്ഞവയില്‍ മനുഷ്യന്‍ സ്വയം വികസിപ്പിച്ചത് അക്ഷരങ്ങളെ മാത്രമാകുന്നു. പക്ഷേ അപ്പോഴും ഭാഷയുടെ ഉറവിടം ഏത് എന്ന പ്രശ്‌നം വരും. തൃപ്തികരമായ വിശദീകരണം ഇതിന് നല്‍കപ്പെട്ടിട്ടില്ല. മനുഷ്യനെ മറ്റ് സ്പീഷീസുകളില്‍ നിന്നും മനുഷ്യരെ തമ്മിലും വേര്‍തിരിക്കുന്ന ഒന്നാമത്തെ ആന്തരിക സവിശേഷതയാണ് ഭാഷ. സംസാരിക്കുന്ന ജീവി എന്ന നിലയില്‍ മനുഷ്യന്‍ അവന് തന്നെ ഒരല്‍ഭുത പ്രതിഭാസമാണ്. തന്നെക്കുറിച്ചു തന്നെ അല്‍ഭുതപ്പെടാനുള്ള മനുഷ്യന്റെ സവിശേഷമായ കഴിവില്‍ നിന്നാണ് ഭാഷകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്.
227dd6758f1079404d01e62f8586c66b
അതേസമയം ഈ അല്‍ഭുതത്തിന് നിദാനം സംസാരിക്കുന്ന ജീവി എന്ന തന്റെ തന്നെ പ്രകൃതമാണല്ലോ. ഇതാണ് ഭാഷയുടെ അടിസ്ഥാനം. എന്നാല്‍ ഇത് മനുഷ്യനോടൊപ്പം മനുഷ്യന്റെ ഉല്‍ഭവം മുതല്‍ക്കേ ഉള്ളതാണെന്ന നിലപാട് വേദഗ്രന്ഥം സ്വീകരിക്കുന്നു. ആദമിന് നാമങ്ങള്‍ പഠിപ്പിച്ചു എന്ന് സൂറഃ അല്‍ ബഖറയിലും മനുഷ്യന് സംസാരിക്കാനുള്ള സിദ്ധി നല്‍കി, അഥവാ സംസാരിക്കാന്‍ അവനെ പഠിപ്പിച്ചു എന്ന് സൂറഃ അര്‍റഹ്മാനിലും ഖുര്‍ആന്‍ പറയുന്നുണ്ട്. തൂലികയെ ഉപാധിയാക്കി മനുഷ്യനെ അല്ലാഹു പഠിപ്പിച്ചു എന്ന് നബിക്ക് ലഭിച്ച ആദ്യത്തെ വെളിപാടായി സൂറഃ അല്‍ അലഖിലും പറയുന്നു. ഭാഷയുടെ പുതിയ വിശദാംശങ്ങളും അതിലെ വൈവിധ്യങ്ങളുമെല്ലാം ചരിത്രഗതിയില്‍ മനുഷ്യന്‍ വികസിപ്പിച്ചെടുത്തതാണെങ്കിലും അതിന്റെ ആധാരം മനുഷ്യനില്‍ത്തന്നെയുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ സര്‍ഗാത്മകമായ, മനുഷ്യന്റെ സകല പ്രകടനങ്ങളും പ്രകൃതിയില്‍ നിന്നോ സ്വപ്രകൃതത്തില്‍ നിന്നോ അസംസ്‌കൃത വസ്തുക്കള്‍ വലിച്ചെടുത്തു കൊണ്ടുള്ള നിര്‍വഹണങ്ങളാണ്. ഇതിലാകട്ടെ, അവന്‍ ഉപയോഗിക്കുന്ന വസ്തുവിന് ഒരു പുതിയ സ്വത്വവും അസ്തിത്വവും നല്‍കുക എന്ന പ്രക്രിയ നടക്കുന്നുണ്ട്.

സൃഷ്ടി

ഇതിലൂടെ മനുഷ്യന്‍ ഒരു സ്രഷ്ടാവിന്റെ റോളിലേക്ക് ഉയരുകയാണ് ചെയ്യുന്നത്. മണ്ണില്‍ നിന്ന് നിന്നെ പടച്ച അല്ലാഹു മണ്ണില്‍ നിനക്ക് നിര്‍മാണച്ചുമതലയും നല്‍കി എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (സൂറഃ ഹൂദ്). സ്രഷ്ടാവായ ദൈവം മനുഷ്യന് സൃഷ്ടിപ്രക്രിയയുടെ ഉത്തരവാദിത്തം നല്‍കിയിരിക്കുന്നു എന്നര്‍ത്ഥം.

ഈ സൃഷ്ടികര്‍മത്തിന്റെ നിര്‍വഹണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യന്‍ തന്നില്‍ തന്നെത്തന്നെ നിര്‍മിക്കുക എന്നതാകുന്നു. ഖുര്‍ആന്‍ മനുഷ്യന്‍ എന്ന അര്‍ത്ഥത്തല്‍ രണ്ട് പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ബശര്‍ എന്നതും രണ്ടാമത്തേത് ഇന്‍സാന്‍ എന്നതും ആകുന്നു. ഈ രണ്ട് പദങ്ങളെ വിശകലനം ചെയ്തു കൊണ്ട് അലി ശരീഅത്തി സൂചിപ്പിച്ച ഒരു കാര്യമുണ്ട്. ബശര്‍ എന്നാല്‍ ഒരു കേവല ജൈവമനുഷ്യന്‍ ആകുന്നു. ബശര്‍ എന്ന പദം ചര്‍മം എന്ന അര്‍ത്ഥത്തിലേക്ക് കൂടി പോകുന്നതാണ്. അത് മനുഷ്യന്റെ ജീവശാസ്ത്ര ഘടനയെ സൂചിപ്പിക്കുന്ന ഒന്നാണ്. അതേസമയം ഇന്‍സാന്‍ എന്നത് ദൈവികഗുണങ്ങളെ സ്വാംശീകരിച്ച മനുഷ്യനെ സൂചിപ്പിക്കുന്നു. അനസ എന്നതാണ് ഇന്‍സാന്‍ എന്നതിന്റെ ക്രിയാധാതു. ഇണങ്ങി, പരസ്പരം രമിപ്പിച്ചു എന്നൊക്കെയാണ് അനസയുടെ അര്‍ത്ഥം. അപ്പോള്‍ ഇണക്കമുള്ളവനാണ് ഇന്‍സാന്‍. അതാണ് യഥാര്‍ത്ഥ മനുഷ്യന്‍. ഈ ഇണക്കത്തിന് നാല് മാനങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് മനുഷ്യനും ദൈവവും തമ്മിലുള്ള ഇണക്കമാണെങ്കില്‍ രണ്ടാമത്തേത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണക്കമാണ്. മൂന്നാമത്തേത് ഒരു മനുഷ്യവ്യക്തിയും മറ്റൊരു മനുഷ്യവ്യക്തിയും തമ്മിലുള്ള ഇണക്കം. നാലാമത്തേത് ഒരു സമൂഹവും മറ്റൊരു സമൂഹവും തമ്മിലുള്ള ഇണക്കം. ഇപ്രകാരം വ്യക്തികള്‍ പരസ്പരവും സമൂഹങ്ങള്‍ തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ദൈവവും തമ്മിലും ശരിയായി ഇണങ്ങുമ്പോഴാണ്, അപ്പോള്‍ മാത്രമാണ് ശരിയായ ജീവിതം സംഭവിക്കുന്നത്.

ഈ ശരിയായ ജീവിതം ശരിയായ രീതിയില്‍ പടുക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ധാര്‍മിക ബാധ്യതയായി ഖുര്‍ആന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ജൈവമനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനായി ഉയരണം. മറ്റൊരു നിലക്ക് പറഞ്ഞാല്‍ ബശര്‍ എന്ന, ദൈവം പ്രദാനം ചെയ്ത പ്രതലത്തില്‍ ഇന്‍സാന്‍ എന്ന പുതുസൃഷ്ടി, തന്നില്‍ത്തന്നെയുള്ള ഒരഴിച്ചു പണിയല്‍ നടത്തണം. ആയിത്തീരുന്നവനാണ് മനുഷ്യന്‍ എന്ന് ബൈബിള്‍ പറയുന്നുണ്ട്.

സത്ത

മനുഷ്യനില്‍ സാത്താന്‍ കണ്ട പോരായ്ക, അഥവാ അതുതന്നെയാണ് സാത്താന്റെ ദര്‍ശനവും, അവന്‍ കേവലം മണ്ണു കൊണ്ട് ഉണ്ടാക്കപ്പെട്ടവന്‍ എന്നതായിരുന്നു. ഇത് മനുഷ്യനെസ്സംബന്ധിച്ച ബാഹ്യനിരീക്ഷണമാണ്. ഈ നിരീക്ഷണത്തില്‍ പരിമിതപ്പെട്ടതാണ് സാത്താനിക ദര്‍ശനത്തിന്റെ ഉല്‍പത്തി. അത് ഛാന്ദോഗ്യുപനിഷത്തില്‍ വിരോചനന്‍ കണ്ട കാഴ്ച പോലെയാണ്. തന്നെത്തന്നെ അറിയാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ വിരോചനനും ഇന്ദ്രനും തെളിഞ്ഞ വെള്ളത്തില്‍ നോക്കിയപ്പോള്‍ കണ്ട പ്രതിബിംബം തന്നെയാണ് തന്റെ പരമമായ അസ്തിത്വം എന്ന് വിരോചനന്‍ തീരുമാനിച്ചു. വെള്ളത്തിന് ശരീരത്തെ മാത്രമേ പ്രതിബിംബിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ അതിനപ്പുറത്തുള്ള സത്തയെയാണ് ഇന്ദ്രന്‍ തേടിയത്. അങ്ങനെയാണ് അവന്‍ വെറും കാഴ്ചയ്ക്കപ്പുറത്തുള്ള ബോധത്തെ (Consciousness) തിരിച്ചറിഞ്ഞത്. വിരോചനന്റെ ശരീരമാത്ര ദര്‍ശനമാണ് സ്വാര്‍ത്ഥത്തെയും തദനുബന്ധമായ കുഴപ്പങ്ങളെയും സൃഷ്ടിച്ചതെന്ന് പറയാം. ഇതാണ് സാത്താന്റെയും കാഴ്ചപ്പാട്. സാത്താനാണ് നിങ്ങളുടെ തെളിഞ്ഞ ശത്രു എന്ന് മനുഷ്യനോട് പറയുമ്പോള്‍ അല്ലാഹു പഠിപ്പിക്കുന്ന പാഠവും ഇതാണ്. വെറും മണ്ണ് മാത്രമാണെന്നിരിക്കേ, ആദം എങ്ങനെ എന്നെക്കാള്‍ ശ്രേഷ്ഠനാകും എന്നതായിരുന്നല്ലോ ഇബ്‌ലീസിന്റെ ചോദ്യം. ഇപ്രകാരം തന്റെ സത്തയെയും ശ്രേഷ്ഠതയെയും ചോദ്യം ചെയ്ത സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് കീഴൊതുങ്ങുകയാണ് ഭൗതികാസക്തനായ മനുഷ്യന്‍ ചെയ്യുന്നത്. ഈ ഭൗതികതയ്ക്ക് സൈദ്ധാന്തികമുഖം നല്‍കുകയാണ് മനുഷ്യനെസ്സംബന്ധിച്ച ഭൗതികവാദദര്‍ശനങ്ങള്‍.

243963_116440181774023_100002241247523_154711_179615_o2

അതേസമയം മണ്ണ് എന്നത് യാഥാര്‍ത്ഥ്യവുമാണ്. അതാണ് പ്രാഥമികം. അതാണ് തൊലി (ചര്‍മം). അഥവാ ബശര്‍ എന്ന കേവലജൈവമനുഷ്യന്റെ Base. ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിച്ചു കൊണ്ടുള്ള ഒരു നിലപാടും മനുഷ്യനെസ്സംബന്ധിച്ച് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നേയില്ല. സംന്യാസജീവിതം (Asceticism), ഭൗതികലോകത്തെയും  ജീവിതത്തെയും സംബന്ധിച്ച ഭയം (Aversion) തുടങ്ങിയ ആശയങ്ങളെ ഇസ്ലാം തീര്‍ത്തും നിരാകരിക്കുന്നത് അതുകൊണ്ടാണ്. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് യേശു പറഞ്ഞത് സാത്താനോടാണ്. അതേസമയം അതേ യേശു തന്നെ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അന്നന്നത്തെ അപ്പം അതാത് ദിവസം ഞങ്ങള്‍ക്ക് തരേണമേ എന്നും യാചിച്ചു. അപ്പത്തിന്, അപ്പം കൊണ്ട് പുഷ്ടിപ്പെടുന്ന ശരീരത്തിന് സാത്താനും യേശുവും കല്‍പിച്ച അര്‍ത്ഥവും സ്ഥാനവും രണ്ടാണ് എന്നതാണ് ഇതിന്റെ സാരം.

അപ്പോള്‍ മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ഒരാന്തരികസത്തയെ അവന്റെ പ്രകൃതത്തിന്റെ തന്നെ ഭാഗമാക്കി ചേര്‍ത്തിരുന്നു സ്രഷ്ടാവായ ദൈവം. ഖുര്‍ആന്‍ അതിനെ റൂഹ് എന്ന് വിളിക്കുന്നു. റൂഹ് എന്നാല്‍ അല്ലാഹുവിന്റെ വചനമാണ്. റൂഹിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് എന്റെ റബ്ബില്‍ നിന്നുള്ള കല്‍പനയാണ് എന്ന് പറയാന്‍ ഖുര്‍ആന്‍ നബിയോട് ആവശ്യപ്പെടുന്നുണ്ട്. മനുഷ്യനില്‍ അല്ലാഹു അവന്റെ റൂഹില്‍ നിന്നുള്ളത് ഊതി എന്നാണ് സൂറഃ അല്‍ ബഖറയില്‍ പറയുന്നത്. സൂറഃ അന്നഹ്‌ലിലെ രണ്ടാം മന്ത്രത്തില്‍ റൂഹിനെ അല്ലാഹുവിന്റെ വേദം എന്ന അര്‍ത്ഥത്തില്‍ തന്നെ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വചനത്തെ, വേദത്തെ പ്രവാചകനിലേക്കെത്തിക്കുന്ന മലക്കിനെയും ഖുര്‍ആന്‍ റൂഹ് എന്ന് വിളിക്കുന്നു. നിരര്‍ത്ഥകമായ ജീവാത്മ-പരമാത്മ ചര്‍ച്ചയില്‍ മനുഷ്യന്റെ ബൗദ്ധികമായ ശേഷികളെ വ്യയം ചെയ്യുന്ന, ആത്മാവല്ല റൂഹ്. റൂഹിനെക്കുറിച്ച പാഠം ആത്മീയതയുമല്ല. റൂഹ് അല്ലാഹുവിന്റെ വചനമാണ്. അത് Logos ആണ്. അതിനെക്കുറിച്ചുള്ള ഇസ്ലാമിന്റെ അധ്യാപനങ്ങളാകട്ടെ, ആത്മീയതയുമല്ല, മറിച്ച് അത് അതിന്റെ സത്തയാണ്. ഈ സത്തയാണ് (Essence) മതത്തില്‍ തേടേണ്ടത്. തന്നില്‍ത്തന്നെ മനുഷ്യന്‍ തിരിച്ചറിയേണ്ടതാകട്ടെ, ആത്മാവിനു പകരം ബോധത്തെ (Consciousness) ആകണം. ബോധം ദൈവവചനമാണെന്ന തിരിച്ചറിവിലാണ് മനുഷ്യപ്രവര്‍ത്തനങ്ങള്‍ നിര്‍മാണാത്മകമായിത്തീരുക. അപ്പോഴാണ് തന്റെ ജൈവപ്രതലത്തില്‍ യഥാര്‍ത്ഥ മനുഷ്യന്‍ എന്ന പുതുസൃഷ്ടി നടത്താന്‍ അവന്‍ പ്രാപ്തനാകുക. വിരോചനന്‍ കണ്ടത് ശരീരത്തെ മാത്രമാണെങ്കില്‍, ശരീരം എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നു എന്നതാണ് ആത്മീയ ദര്‍ശനങ്ങളും മതങ്ങളും ചെയ്യുന്ന അബദ്ധം. അത് പദാര്‍ത്ഥലോകത്ത് ജീവിക്കാന്‍ മനുഷ്യനുള്ള അര്‍ഹതയെത്തന്നെ നിരാകരിക്കുന്നു.

ഇപ്രകാരം തന്റെ സത്തയെ തിരിച്ചറിഞ്ഞു കൊണ്ട് വേണം മനുഷ്യന്‍ തന്നില്‍ തന്നെത്തന്നെ സൃഷ്ടിക്കാന്‍. പ്രകൃതിയോടും സമൂഹത്തോടും ഇണക്കമുള്ള മനുഷ്യന്‍ ഉണ്ടാകുന്നത് അപ്പോഴാണ്. ഈ ഇണക്കമാണ്, അത് മാത്രമാണ് ലോകത്ത് സമാധാനവും സന്തുലിതത്വവും കൊണ്ടു വരിക. അപ്പോഴാണ് നീതി സ്ഥാപിക്കപ്പെടുക. അപ്പോഴാണ് സ്വാര്‍ത്ഥത മുതല്‍ വംശീയതയും വര്‍ഗീയതയും വരെ, പേരിലും ന്യായീകരണത്തിലും മതവും ആത്മീയതയുമൊക്കെ കടന്നു വരുന്നുണ്ടെങ്കിലും സത്യത്തില്‍ ഭൗതികമാത്രമായ മനുഷ്യവിരുദ്ധവികാരങ്ങള്‍ ഇല്ലാതാവുക.

നോമ്പ്

ഇതിനും ചില ക്രമങ്ങളുണ്ട്.

ലോകം കേവല ഭോഗത്തില്‍ നിന്നും ധാര്‍മികമായ കര്‍മവ്യവസ്ഥയിലേക്ക് പരിണമിച്ചതിന്റെ നാന്ദിയാണ് ആദമിന്റെ ഉല്‍പത്തി. ആദമിനെ അല്ലാഹു തന്റെ ഖലീഫ എന്ന് വിശേഷിപ്പിക്കാന്‍ കാരണവും അതാണ്. അതായത് ഭൂമിയില്‍ അല്ലാഹുവിന് പകരം നില്‍ക്കുന്നയാള്‍ എന്ന് ആലങ്കാരികാര്‍ത്ഥം. ഈ ദൗത്യം നിറവേറ്റുന്നതിന് അല്ലാഹു ആദമിന് അറിവ് നല്‍കി. അറിവാണ് ഒന്നാമത്തെ ഉപാധിയും ഉപായവും. അറിവും ബോധവും കൊണ്ടേ ജീവിതവിജയം കൈവരിക്കാനും സാത്താന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്താനും പറ്റൂ. തുടര്‍ന്ന് മനുഷ്യന്റെ ഔന്നത്യത്തെ ഒരു പ്രണാമത്തിലൂടെ മലക്കുകളെക്കൊണ്ട് -മലാഇകത് എന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെ അധികാരവ്യവസ്ഥ എന്നു തന്നെ അര്‍ത്ഥമുണ്ട്- അംഗീകരിപ്പിച്ചു. മണ്ണിന്റെ നിന്ദ്യത പറഞ്ഞ് തര്‍ക്കിച്ച ഇബ്‌ലീസിനെ സാത്താന്റെ തനിസ്വരൂപമായി മനുഷ്യന് പരിചയപ്പെടുത്തി. പിന്നെ, ആദമിനോട് പറയുന്നത് വിശാലമായ ജന്നത്തിലേക്ക്, ജീവിതപ്പൂന്തോപ്പിലേക്ക് ഇറങ്ങിത്തിരിക്കാനാണ്. അവിടെ കാണുന്ന കനികള്‍ ഇഷ്ടം പോലെ ആസ്വദിക്കാനും. ഇത് കല്‍പനയാണ്. മനുഷ്യന് ലഭിച്ച ഒന്നാമത്തെ കല്‍പന. അതും ഇണയോടൊത്ത് പ്രവേശിക്കാനാണ് അല്ലാഹു കല്‍പിച്ചത്. ജീവിതത്തിന്റെ സൗന്ദര്യം നുകരുക എന്നതാണ് ഇതിന്റെ പ്രഥമമായ അര്‍ത്ഥം. മനുഷ്യന്‍ വികസിപ്പിച്ച എല്ലാ സൗന്ദര്യശാസ്ത്രങ്ങളും ജീവിതത്തിന്റെ തന്നെ ഈ സൗന്ദര്യാനുഭവങ്ങളില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇതിന്റെ മറ്റൊരര്‍ത്ഥം മനുഷ്യന്‍ തന്നെത്തന്നെ നിര്‍മിക്കുന്നതിന്, ബശര്‍ എന്ന പ്രതലത്തില്‍ ഇന്‍സാന്‍ എന്ന പുതുസൃഷ്ടി നടത്തുന്നതിന് ആവശ്യമായ ടൂളുകള്‍ ഈ തോട്ടത്തില്‍ നിന്ന് കണ്ടെത്തണം എന്നതാണ്. അങ്ങനെയായിത്തീരണമെങ്കില്‍ ആസ്വാദനം എന്ന തലത്തിന് നിയന്ത്രണം ആവശ്യമായി വരുന്നു. അതാണ് ഖുര്‍ആനിലെ വിലക്കപ്പെട്ട മരം പ്രതിനിധീകരിക്കുന്നത്. ആ മരത്തെ സമീപിക്കുന്ന പക്ഷം നിങ്ങള്‍ അക്രമികളില്‍പ്പെട്ടു പോകും എന്നാണ് ദൈവം അവരോട് പറഞ്ഞത് (സൂറഃ അല്‍ബഖറഃ).

ഈ വിലക്കുകളുടെ പ്രതിനിധാനമാണ് നോമ്പ്.

ഇവിടെയാണ് മുകളില്‍ സൂചിപ്പിച്ച ക്രമങ്ങളും വരുന്നത്. അഞ്ച് തത്വങ്ങളാണ് ഇവിടെ ക്രമങ്ങളായി പറയുന്നത്. അത് നമുക്കകത്ത് നാം നടത്തേണ്ട മനുഷ്യസൃഷ്ടിപ്പ് മുതല്‍ നോമ്പ് വരെ എത്തുന്നതാണ്.

1) ഈ സൃഷ്ടിപ്പിന്റെ നിര്‍വഹണത്തിന് നാം മണ്ണിന്റെ പരിമിതികളെ മറികടക്കേണ്ടതുണ്ട്.

ഇവന്‍ വെറും മണ്ണാണ് എന്ന ഓര്‍മപ്പെടുത്തലാണല്ലോ സാത്താന്‍ നടത്തിയത്. മനുഷ്യന്റെ അസ്തിത്വത്തെ കേവലശരീരത്തിലേക്ക് ചുരുക്കലാണത്. അതായത് കേവല ഭൗതികവാദപരമായി മാത്രം മനുഷ്യനെ കാണുക. അതിനപ്പുറം മനുഷ്യനില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന മാനുഷികമായ ഗുണങ്ങളെയും ദൈവികമായ മൂല്യങ്ങളെയും നിരാകരിക്കുക.

കേവലശരീരം എന്നതിനെ മറികടക്കുക എന്നത് ഒന്നാമത്തെ തത്വമായി വരുന്നത് അതു കൊണ്ടാണ്. ആദമിന്റെ ശേഷിയെയും സാധ്യതകളെയും മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് ദൈവം സാത്താന്റെ വാദങ്ങളെ പ്രതിരോധിച്ചത്. അതേസമയം ഈ സാധ്യതകളെ കണ്ടു കൊണ്ടു തന്നെയാണ് സാത്താന്‍ ഇപ്രകാരം വാദിച്ചത്. കണ്ടെത്തിയ, അനുഭവിച്ച ഒരു യാഥാര്‍ത്ഥ്യത്തെ നിഷേധിക്കലായിരുന്നു അത്. മനുഷ്യനെസ്സംബന്ധിച്ചുള്ള കേവലഭൗതികവീക്ഷണവും അപ്രകാരം തന്നെയാണ്.

Ramadan Lantern

ആദമിന്റെ അറിവിലാണ് ഈ സാധ്യതകളെ മുഖ്യമായും അല്ലാഹു ഉള്‍ക്കൊള്ളിച്ചത്. ഈ അറിവിനെസ്സംബന്ധിച്ച് അല്ലാഹു പറയുന്നതാകട്ടെ, ആദമിന് നാം നാമങ്ങള്‍ പഠിപ്പിച്ചു എന്നാകുന്നു. ഇത് യുക്തിപൂര്‍വകമായ വിശകലനത്തിനുള്ള (Logical Reasoning) മനുഷ്യന്റെ ശേഷിയെ കുറിക്കുന്നു. നാമങ്ങള്‍ ഭാഷയുടെ ആധാരമാണ്. ഒപ്പം നാമങ്ങള്‍ എന്നത് ഓരോന്നിനെയും വേര്‍തിരിക്കാന്‍, അപഗ്രഥിച്ച് പഠിക്കാന്‍ അനിവാര്യമായ ഉപകരണമാണ്. തന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന, തന്റെ തന്നെ ഈ സാധ്യതയെ തിരിച്ചറിയുന്നില്ലെങ്കില്‍ ഭൂമിയില്‍ ഈശ്വരന്റെ പ്രതിനിധാനമായി വര്‍ത്തിക്കുന്നതില്‍ മനുഷ്യന്‍ പരാജയപ്പെട്ട് പോകുന്നു. ഒപ്പം തന്നില്‍ നിവേശിതമായിരിക്കുന്ന റൂഹിനെ തിരിച്ചറിയുക എന്നതും അനിവാര്യമാകുന്നു. ഈ തിരിച്ചറിവുകളെയാണ് സാത്താന്‍ തടസ്സപ്പെടുത്തുന്നത്.

2) ഈ പരിമിതികളെ മറികടക്കുന്നതിന് മനുഷ്യന്‍ ചില പരിധികളെയും വിലക്കുകളെയും പാലിക്കേണ്ടതുണ്ട്.

ലോകജീവിതത്തെത്തന്നെ കേവലഭോഗവ്യവസ്ഥയില്‍ നിന്ന് ധാര്‍മികകര്‍മവ്യവസ്ഥയിലേക്കുണര്‍ത്തിയത് പരിധി പാലനത്തെക്കുറിച്ച ആശയമാണെന്ന് മുകളില്‍ സൂചിപ്പിച്ചു. മറ്റൊരു നിലക്ക് പറഞ്ഞാല്‍ വിലക്കുകളാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്.

വ്രതസമയത്ത് തടയപ്പെടുന്ന ആഹാരനീഹാരാദികള്‍ ഈ വിലക്കുകളുടെ പ്രതീകമാകുന്നു. ഒരാള്‍ തെറ്റായ കര്‍മങ്ങളോ വാക്കുകളോ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അയാള്‍ അന്നപേയങ്ങളുപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബ്ബന്ധവുമില്ല എന്ന് നബി തിരുമേനി അരുളിയിട്ടുണ്ട്. പരിധിക്കപ്പുറത്തുള്ളതിന് ഇസ്ലാമിന്റെ ്‌സാങ്കേതികഭാഷയില്‍ ഹറാം എന്നാണ് പറയുക. സത്യത്തല്‍ ഹറാം എന്നാല്‍ വിശുദ്ധം എന്നാണ് അര്‍ത്ഥം. കേവലമായിട്ടെടുക്കുമ്പോള്‍ ഇതില്‍ ആശയക്കുഴപ്പമുണ്ടാകും. മദ്യം, ചൂതാട്ടം, പലിശ, വ്യഭിചാരം തുടങ്ങിയവ ഹറാമാണ് എന്ന് പറയുമ്പോള്‍ അവയെല്ലാം വിശുദ്ധങ്ങളാണ് എന്ന ഒരു ധാരണയാണോ ഈ പദപ്രയോഗം സൃഷ്ടിക്കുന്നത്? എന്നാല്‍ ഇവിടെ ഹറാം എന്നതു കൊണ്ട് സൂചിതമാകുന്നത് അല്ലാഹുവിന്റെ പരിധി എന്ന ആശയത്തെയാണ്. തോട്ടത്തിന്റ ഒരറ്റം വരെ പോകാന്‍ ആദമിനെ അല്ലാഹു അനുവദിച്ചിരിക്കുന്നു. അതിനപ്പുറത്താണ് വിലക്കപ്പെട്ട ആ മരം. അതിനിപ്പുറത്ത് അല്ലാഹു വരച്ച അദൃശ്യമായ ഒരു വരയുണ്ട്. ആ വരയുടെ വിശുദ്ധിയെയാണ് ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രാകൃതമനുഷ്യരില്‍ വ്യത്യസ്തങ്ങളായ വിലക്കുകള്‍ നിലനിന്നിരുന്നതായി അറ്റ്കിന്‍സണ്‍ (First Principle) രേഖപ്പെടുത്തുന്നു. വിലക്കുകളെസ്സംബന്ധിച്ച പ്രാകൃതസങ്കല്‍പങ്ങളെ മതചരിത്രകാരന്മാര്‍ ടാബു (Taboo) എന്നാണ് വിളിക്കുന്നത്. ഇത് ടോംഗ ദ്വീപിലെ ആദിമനിവാസികളില്‍ നിന്ന് വന്ന പദമാണ്. അവര്‍ വിലക്കപ്പെട്ട കാര്യങ്ങളെ ടപു എന്നാണ് പറഞ്ഞിരുന്നത്. ടപു എന്നാല്‍ ഉന്നതം, വിശുദ്ധം എന്നെല്ലാം തന്നെയാണ് അര്‍ത്ഥം.

അതായത് വിലക്കുകളുടെ പാലനം മണ്ണിന്റെ, ഭൗതികതയുടെ പരിധികളെ ലംഘിക്കാന്‍ മനുഷ്യന് സഹായകമാകുന്നു. അതാകട്ടെ, മണ്ണിന്റെ ആസ്വാദനത്തയോ അതിന്റെ സത്തയെയോ നിഷേധിക്കുന്നുമില്ല. ലോകത്തെ ഉപേക്ഷിച്ചു കൊണ്ടുള്ള ആത്മീയാഭ്യാസങ്ങളെ ഇസ്ലാം അംഗീകരിച്ചിട്ടേയില്ല. ജീവിതത്തെ ദൈവികമായ വിലക്കുകളുടെ പരിധിക്കകത്ത് ധാര്‍മികമായി ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. അതാണ് പ്രലോഭനങ്ങളെ അതിജയിക്കാനും സ്വാര്‍ത്ഥത്തില്‍ നിന്നുള്ള മുക്തി കരസ്ഥമാക്കാനും മനുഷ്യനെ സഹായിക്കുക.

അതേസമയം വിലക്കപ്പെട്ടവയോട് പ്രലോഭനം ജനിപ്പിക്കുകയാണ് സാത്താന്‍ ചെയ്തത്. എല്ലാ വിലക്കുകളെയും ലംഘിക്കാന്‍ ആധുനിക മൂലധനവ്യവസ്ഥ മനുഷ്യനെ പ്രേരിപ്പിക്കുന്നു. മൂലധനവ്യവസ്ഥ സൃഷ്ടിക്കുന്ന ഭോഗസംസ്‌കാരത്തിനെതിരായ പ്രതിരോധവും കൂടിയാണ് നോമ്പ്. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്, പിതാവില്‍ നിന്നുള്ള സകല വചനങ്ങളാലും അേ്രത എന്ന യേശുക്രിസ്തുവിന്റെ വര്‍ത്തമാനം ഇവിടെ പ്രസക്തമാകുന്നു.

3) പരിധികള്‍ പാലിക്കുന്നതിന് ആത്മനിയന്ത്രണം അനിവാര്യമാണ്.

ഇതാണ് മൂന്നാമത്തെ തത്വം. തോട്ടത്തില്‍ സാത്താന്‍ ആദമിനെ ദുര്‍ബോധനം ചെയ്തു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഈ ദുര്‍ബോധനത്തെയും പ്രലോഭനത്തെയും അതിജയിക്കണമെങ്കില്‍ തന്റെ തൃഷ്ണകളെ നിയന്ത്രിക്കാന്‍ മനുഷ്യന്‍ പഠിക്കണം.

ഓരോ മനുഷ്യനിലും മൃഗതൃഷ്ണകളുണ്ട്. അതേസമയം ഈ മൃഗതൃഷ്ണകള്‍ മനുഷ്യന്റെ ശക്തിയും കൂടിയാണ്. എന്നാല്‍ അവയെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്ന മനുഷ്യധിഷണ കൂടുതല്‍ കരുത്തു നേടുന്നു. നിയന്ത്രിക്കുക എന്നാല്‍ വിരക്തനാവുക എന്നല്ല അര്‍ത്ഥം. തൃഷ്ണയാണ് ദുഃഖകാരണം എന്ന് പറഞ്ഞ ശ്രീ ബുദ്ധന്‍ സ്വാര്‍ത്ഥമാകയാല്‍ അനാശാസ്യമായിത്തീരുന്ന തൃഷ്ണ എന്ന് അതിന് വ്യക്തത നല്‍കുന്നുണ്ട്. നോമ്പ് നോല്‍ക്കുന്ന ദിവസങ്ങളില്‍ പോലും പകലിന്റെ അതിര് വിട്ടുകഴിഞ്ഞാല്‍ വൈരാഗിയാവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. വ്രതകാലരാവുകളില്‍ നിങ്ങള്‍ നിങ്ങളുടെ ഇണകളെ പ്രാപിച്ചു കൊള്ളൂ, നിങ്ങള്‍ അവര്‍ക്കും അവര്‍ നിങ്ങള്‍ക്കും വസ്ത്രമാണ് എന്ന് ഖുര്‍ആന്‍ പ്രത്യേകം പറയുന്നു.

4) ആത്മനിയന്ത്രണത്തിന് ആത്മസംസ്‌കരണം ആവശ്യമാണ്.

ആത്മനിയന്ത്രണം എന്നേടത്തും ആത്മസംസ്‌കരണം എന്നേടത്തും ആത്മം എന്ന പദത്തിന് Self എന്നാണ് അര്‍ത്ഥം. മൗലികമായി എന്നെ സംസ്‌കരിക്കേണ്ടത് ഞാന്‍ തന്നെയാണ്. മനുഷ്യന്റെ നൈസര്‍ഗിക പ്രകൃതം നന്മയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഏറ്റവും ഉല്‍കൃഷ്ടമായ ഘടനയില്‍ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍ (സൂറഃ അത്തീന്‍). മനുഷ്യനില്‍ നന്മ ഉണ്ടാക്കുകയല്ല, അവനിലെ നൈസര്‍ഗികമായ നന്മയെ ഉദ്ദീപിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രവാചകന്മാര്‍ ചെയ്തത്.

5) ആത്മസംസ്‌കരണത്തിന്റെ ഏറ്റവും ശക്തമായ ഉപാധിയാണ് നോമ്പ്.

ഇങ്ങനെയാണ് നോമ്പ് യഥാര്‍ത്ഥ മനുഷ്യനെ നിര്‍മിക്കുന്നത്. ഏറ്റവും അനിവാര്യമായിരിക്കുന്ന ആവശ്യങ്ങളെപ്പോലും താല്‍ക്കാലികമായെങ്കിലും അടക്കാന്‍ നോമ്പ് മനുഷ്യനോട് ആവശ്യപ്പെടുന്നു. ഇതിലൂടെ സ്വാര്‍ത്ഥത്തെ കീഴൊതുക്കാനും തൃഷ്ണകളെ നിയന്ത്രണത്തില്‍ കൊണ്ടു വരാനും മനുഷ്യന് സാധിക്കുന്നു.

പരിധിപാലനത്തിന്റെ ദര്‍ശനത്തെയും വ്യവസ്ഥയെയുമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍ എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തെക്കുറിച്ച ശരിയായ തിരിച്ചറിവാണ് ഖുര്‍ആന്‍ പകരുന്നത്. ഈ തിരിച്ചറിവിനെ പ്രയോഗിക്കുന്നതിനുള്ള പരിശീലനവും ഒപ്പം തിരിച്ചറിവ് പകര്‍ന്നു തന്ന റബ്ബിനോടുള്ള കൃതജ്ഞതയുമായി റമദാനിലെ വ്രതാനുഷ്ഠാനത്തെ ഖുര്‍ആന്‍ തന്നെ വിശേഷിപ്പിക്കുന്നു.

ആകയാല്‍, ‘സത്യാനുഗാതാക്കളേ, നിങ്ങള്‍ക്ക് നാം നോമ്പിനെ നിയമമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങള്‍ക്ക് നിയമമാക്കിയതു പോലെ തന്നെ. അതിലൂടെ നിങ്ങള്‍ വിശുദ്ധരായിത്തീരാന്‍’ -ഖുര്‍ആന്‍, അല്‍ ബഖറഃ.

വിജയവും വിമോചനവും

Priests_traveling_across_kealakekua_bay_for_first_contact_rituals

പെറുവിലെ ഇന്‍കാ വര്‍ഗക്കാരുടെ തലവനായ കോണ്‍ടിക്കിയുടെ നേതൃത്വത്തില്‍ പൗരാണികകാലത്ത് ഒരു സംഘം സാഹസികര്‍ ബാള്‍സാ മരത്തടികള്‍ വള്ളികള്‍ കൊണ്ട് ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ ദുര്‍ബലമായ ചങ്ങാടത്തില്‍ ശാന്തസമുദ്രത്തിലൂടെ ദിവസങ്ങളോളം സാഹസയാത്ര ചെയ്ത് പസഫിക് ദ്വീപസമൂഹത്തില്‍ എത്തിച്ചേര്‍ന്നു. അവര്‍ പോളിനേഷ്യന്‍ വംശമായി അവിടെ വികസിക്കുകയും ചെയ്തു. അങ്ങനെയാണ് പസഫിക് ദ്വീപസമൂഹത്തില്‍ മനുഷ്യ ചരിത്രം ആരംഭിച്ചത്. മനുഷ്യന്റേയും മനുഷ്യചരിത്രത്തിന്റേയും വികാസത്തിന്റെ ശരിയായ അടയാളങ്ങളില്‍ ഒന്നാണിത്. ചരിത്രത്തെ നിര്‍മിക്കുന്നതിനും മനുഷ്യജീവിതത്തെ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള യാത്ര.

വ്യാപാരയാത്രകളെപ്പോലും ഖുര്‍ആന്‍ ഇങ്ങനെത്തന്നെ കാണുന്നു. വേനല്‍ക്കാലത്തും ശൈത്യകാലത്തും ഖുറൈശികള്‍ നടത്തുന്ന വ്യാപാരയാത്രകളെ ദൈവാനുഗ്രഹമായാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. (ഖുറൈശ്: 1-2)
Priests_traveling_across_kealakekua_bay_for_first_contact_rituals
പില്‍ക്കാലത്ത് കോണ്‍ടിക്കിയുടെ നാടായിരുന്ന, പെറു ഉള്‍പ്പെടുന്ന ഭൂഖണ്ഡത്തില്‍, ആവിക്കപ്പലില്‍ ക്രിസ്റ്റഫര്‍ കൊളംബസും സംഘവും വന്നു. അവരുടെ രംഗപ്രവേശം മഹത്തായ പര്യവേക്ഷണമായും ഭൂപ്രദേശങ്ങളുടെ പുതിയ കണ്ടുപിടിത്തമായും എഴുതപ്പെട്ടു. തുടര്‍ന്ന് വന്ന, കൊളംബസിന്റെ പിന്‍മുറക്കാരായ കുടിയേറ്റക്കാര്‍ ആ ദേശത്തിന്റെ സംസ്‌കാരങ്ങളെയും സന്തുലിതത്വത്തെയും പ്രകൃതി വ്യവസ്ഥയെയും അട്ടിമറിച്ചു. മനുഷ്യര്‍ പരസ്പരവും ഓരോ മനുഷ്യനും പ്രകൃതിയോടും ഉണ്ടായിരുന്ന ധാര്‍മികമായ ബന്ധങ്ങളെ അവര്‍ തകര്‍ത്തെറിഞ്ഞു.

ഇവിടെപ്പറഞ്ഞ രണ്ട് യാത്രകളും മനുഷ്യചരിത്രത്തിലെ രണ്ടുതരം വികാസങ്ങളെ പ്രതിനിധീകരിക്കുന്നു. ഒന്ന് പുതിയ ഒരു നരവര്‍ഗമായി വികാസം പ്രാപിക്കുകയും ഒരു സംസ്‌കാരം കെട്ടിപ്പടുക്കുകയും ചെയ്ത, തികച്ചും നിര്‍മാണാത്മകമായ സഞ്ചാരമാണെങ്കില്‍ മറ്റത് മനുഷ്യ വംശത്തെത്തന്നെ നശിപ്പിക്കുന്നതും പ്രകൃതിയെ തകര്‍ക്കുന്നതുമായ ഒന്നാണ്. കോണ്‍ടിക്കിയുടെ വര്‍ഗമായ ഇന്‍കാ ഉള്‍പ്പെടെയുള്ള പ്രാചീന റെഡ് ഇന്ത്യന്‍ ഗോത്രങ്ങള്‍ പലതും അധിനിവേശങ്ങളില്‍ തീര്‍ത്തും നാമാവശേഷമായി. അധികാരപ്രമത്തരായ രാജാക്കന്മാരുടെ അധിനിവേശത്തെപ്പറ്റി ശേബാരാജ്ഞി പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ ആ നാടിനെ അവര്‍ നശിപ്പിച്ചതു തന്നെ. അതിലെ ആദരണീയ പൗരന്മാരെ നിന്ദിക്കുകയും ചെയ്യും” (അന്നംല്: 34).

ഇതിനു വിരുദ്ധമായ ഒരു സഞ്ചാരമാതൃക, ദുല്‍ഖര്‍നൈന്‍ എന്ന രാജാവിലൂടെ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നു (സൂറഃ അല്‍കഹ്ഫ് 83- 98). ഭൂപ്രദേശങ്ങളും ജനതകളും കീഴില്‍ വന്നപ്പോള്‍ തന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിച്ചു. അക്രമികള്‍ക്ക് മാത്രം ശിക്ഷ, ആദര്‍ശനിഷ്ഠരും വിശ്വാസികളുമായവരോട് ആദരവ്. അധിനിവേശത്തില്‍ നിന്നാണ് അദ്ദേഹം ഭൂപ്രദേശങ്ങളെ വിമോചിപ്പിക്കുന്നത്. അധിനിവേശകരോട് പ്രതികാരം ചെയ്യാനല്ല, അവര്‍ക്ക് മാപ്പ് നല്‍കാനും അക്രമങ്ങള്‍ തുടരുന്നവരെ മാത്രം ശിക്ഷിക്കാനുമാണ് അദ്ദേഹം മുതിരുന്നത്. മക്ക മുഹമ്മദ് നബിയുടെ നേതൃത്വം അംഗീകരിച്ച ശേഷം തടവിലാക്കപ്പെട്ട ശത്രുക്കളോട് നബി പറഞ്ഞു: ‘പൊയ്‌ക്കൊള്‍ക, ഇന്ന് നിങ്ങളെല്ലാവരും സ്വതന്ത്രരാകുന്നു.”

മറ്റൊരു സമൂഹത്തിലെത്തിയ ദുല്‍ഖര്‍നൈന്‍, ആ സമൂഹത്തിന് അക്രമികളില്‍ നിന്നുള്ള പ്രതിരോധമാര്‍ഗം ഉണ്ടാക്കി. കപ്പം നല്‍കാന്‍ തയ്യാറായ ജനതയോട് അദ്ദേഹം പറഞ്ഞത്,’നികുതിയല്ല, നിങ്ങളുടെ അധ്വാനമാണെനിക്കു വേണ്ടത് എന്നായിരുന്നു. സമൂഹത്തിന്റെ പുനര്‍ നിര്‍മാണത്തിനുവേണ്ടി കൂട്ടായ യത്‌നം, ജനകീയമായ വികസന സംരംഭം എന്നിങ്ങനെ ജനായത്ത സാമൂഹ്യക്രമത്തിന്റെ ആദിമമായ പാഠങ്ങളും കൂടി നാമിതില്‍ കാണുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായമനുസരിച്ച് ദുല്‍ഖര്‍നൈന്‍ പേര്‍ഷ്യയിലെ കോരെശ് (സൈറസ്) രാജാവാണ്. അദ്ദേഹമാകട്ടെ, സൗരാഷ്ട്ര സമൂഹത്തിന്റെ ഒരു വീരകഥാപാത്രമാണ്. സരതുഷ്ട്ര മതപ്രബോധകനും ആ ധാരയിലെ ഒരു നവോത്ഥാന നായകനുമാണ് അദ്ദേഹം.

ഏതു കാര്യത്തിലുമുള്ള രണ്ട് രീതിയിലുള്ള വികാസങ്ങള്‍ എന്ന, സാധ്യതകളെ ഇപ്രകാരം സഞ്ചാരങ്ങളുടെ കാര്യത്തിലും ഖുര്‍ആന്‍ വരച്ച് കാണിക്കുകയാണ്. ഇതില്‍ ഖുര്‍ആന്‍ അതിന്റെ കല്‍പനകള്‍ പഠിപ്പിക്കുന്നുമുണ്ട്. അതിലൊന്ന്, ഒരു സമൂഹത്തോടുള്ള അല്ലാഹുവിന്റെ നിര്‍ദേശമാണ്. ഒരു സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍, വിനയാന്വിതരായും നിലവില്‍ അവിടെ വസിക്കുന്ന സമൂഹവുമായി സഹവര്‍ത്തിത്വവും അവര്‍ക്ക് സുരക്ഷയും വിടുതലും പ്രഖ്യാപിച്ചു കൊണ്ടും പ്രവേശിക്കാനും അവിടുത്തെ പ്രകൃതിയില്‍നിന്ന് വിഭവങ്ങള്‍ സ്വീകരിച്ച് പുഷ്ടിപ്പെടാനും ഉള്ള നിര്‍ദേശം (അല്‍ബഖറ: 58). മറ്റൊരിടത്ത് അധിനിവേശത്തിന്റെ രീതി പ്രസ്താവിക്കപ്പെടുന്നുണ്ട്. അങ്ങനെയാവരുതെന്നാണ് അതില്‍ മനുഷ്യരോടുള്ള ഖുര്‍ആന്റെ താക്കീത്. ഈ അധിനിവേശകരുടെ വര്‍ത്തമാനങ്ങള്‍ കൗതുകകരമായിരിക്കും. വികസനത്തെക്കുറിച്ചും ജീവിതപുരോഗതിയെപ്പറ്റിയും അവര്‍ സംസാരിക്കും. അവരുടെ സാങ്കേതികവിദ്യകളാല്‍ ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കുന്നതിനെപ്പറ്റിയും അവര്‍ പറയും. അധികാരം ലഭിച്ചാലോ, അവര്‍ ഭൂമിയില്‍ നാശം വിതയ്ക്കും. വിളവ് നശിപ്പിക്കും. മനുഷ്യവംശങ്ങളെ ഉന്മൂലനം ചെയ്യും (അല്‍ബഖറ: 204-205). അതായത്, സമ്പത്തിനും ജീവനും ഭീഷണി ഉയര്‍ത്തും. പ്രകൃതിയെ തകര്‍ക്കും. ഭൗതികതയുടെ സഞ്ചാരങ്ങള്‍ നരഹത്യകള്‍ക്കും തനിമകളുടെ ഉന്മൂലനത്തിനും നിമിത്തമാവുന്നു.

ഖുര്‍ആന്‍ അടിയാളന്റെ വിജയവും വിമോചനവും പ്രഖ്യാപിക്കുന്നു. ”അടിച്ചമര്‍ത്തപ്പെട്ടിരുന്ന ജനതയെ നാം നമ്മുടെ അനുഗ്രഹങ്ങളാല്‍ ആ ദേശത്തിന്റെ പൂര്‍വ പശ്ചിമ ദിക്കുകളുടെ അവകാശികളാക്കുകയും ചെയ്തു” (അല്‍ അഅ്‌റാഫ്: 137). ഇത് പ്രകൃതി നിയമവും ഖണ്ഡിത വിധിയുമായാണ് പരാമര്‍ശിക്കപ്പെടുന്നത്.”’നാം ഉദ്ദേശിക്കുന്നതോ, ഭൂവില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറോവയും ഹാമാനും അവരുടെ സൈന്യങ്ങളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍ നിന്ന് ഭയപ്പെട്ട തിരിച്ചടി യാഥാര്‍ത്ഥ്യമാക്കിക്കാണിക്കാനുമത്രേ” (അല്‍ ഖസ്വസ്വ്: 5-6). പീഡിതജനതയുടെ എന്നതോടൊപ്പം നന്മയും ആദര്‍ശ ബോധവുമുള്ള സമൂഹത്തിന്റേയും വിജയമാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്.

”അവന്‍ ഉയരത്തില്‍ പാര്‍ക്കുന്നവരെ, ഉന്നത നഗരത്തെ താഴ്ത്തി, നിലം പരിശാക്കി പൊടിയില്‍ തള്ളി. അങ്ങനെ ദരിദ്രരുടെ കാല്‍ക്കീഴില്‍, അവരുടെ ചവിട്ടടിയില്‍ അത് മെതിക്കപ്പെട്ടു” (ബൈബിള്‍, യെശയ്യ, 26: 5-6). ആര്‍ത്തരുടെ കൊള്ളയേയും ധൂര്‍ത്തിനേയും പ്രവാചകന്മാര്‍ ശക്തിയായി വിമര്‍ശിക്കുകയും നാശങ്ങളെക്കുറിച്ച മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ”തങ്ങള്‍ മാത്രം ദേശത്തില്‍ പാര്‍ക്കുന്നത് പോലെയും മറ്റാര്‍ക്കും പാര്‍ക്കാന്‍ സ്ഥലം ഇല്ലാതാകുവോളവും വീടിനോട് വീടു ചേര്‍ക്കുകയും വയലിനോട് വയല്‍ കൂട്ടുകയും ചെയ്യുന്നവര്‍ക്ക് മഹാനാശം. സൈന്യങ്ങളുടെ കര്‍ത്താവ് ഇങ്ങനെ ശപഥം ചെയ്തിട്ടുണ്ട്. നിശ്ചയം, വലുതും നല്ലതുമായ പല വീടുകളും ആള്‍പ്പാര്‍പ്പില്ലാതെ ശൂന്യമായിപ്പോകും” (യെശയ്യാ 5: 8-12).
liberation-h-kopp-delaney
ആദ് സമൂഹപ്രമാണിമാരോട് ഹൂദ് നബി പറഞ്ഞു: ”ഉയര്‍ന്ന സ്ഥലങ്ങളില്‍ അനാവശ്യമായി സ്മാരക സൗധങ്ങള്‍ പണിയുകയും അനന്തകാലം പാര്‍ക്കാനെന്ന പോലെ ഗംഭീരമായ കൊട്ടാരങ്ങള്‍ നിര്‍മിക്കുകയുമാണോ നിങ്ങള്‍? ആളുകളെ കഠിനമായി ഉപദ്രവിക്കുകയും ചെയ്യുന്നു” (അശ്ശുഅറാഅ്: 128-130). ഥമൂദ് ഗോത്ര പ്രമുഖരോടുള്ള പ്രവാചകന്‍ സ്വാലിഹിന്റെ താക്കീതും ഇതു തന്നെ: ”ഇവിടെയുള്ള സൗകര്യങ്ങളില്‍ നിര്‍ഭയരായി എന്നും കഴിഞ്ഞു കൂടാം എന്നാണോ നിങ്ങള്‍ കരുതുന്നത്? ഈ ഉദ്യാനങ്ങളില്‍, അരുവികളില്‍, വയലുകളില്‍, പാകമായ കുലകള്‍ നിറഞ്ഞ ഈത്തപ്പഴത്തോട്ടങ്ങളില്‍? നിങ്ങള്‍ ആര്‍ഭാട പ്രമത്തരായി മലകള്‍ തുരന്ന് വീടുണ്ടാക്കുകയോ?” (അശ്ശുഅറാഅ്: 146-149). വലിയതും നല്ലതുമായ വീടുകള്‍ ആളില്ലാതെ ശൂന്യമാകത്തക്ക വിധംതന്നെ ചരിത്രം മുന്നോട്ട് പോകുന്നതായി ഖുര്‍ആന്‍ സ്ഥാപിക്കുന്നു.

നീതിരഹിതമായ മത്സരം, ജനതകള്‍ക്കു മേലുള്ള അധിനിവേശം, ഭൂമിയുടേയും ജീവിതത്തിന്റേയും ധാര്‍മികമായ ക്രമത്തെ അട്ടിമറിക്കല്‍ എന്നിവയൊക്കെയാണ് നാശത്തിന്റെ ഹേതുകങ്ങള്‍. ആദ് ഗോത്രത്തെ പരാമര്‍ശിക്കുമ്പോള്‍ അവര്‍ ആളുകളെ കഠിനമായി പീഡിപ്പിക്കുന്നു എന്നും ഫറോവയെപ്പറ്റി നിശ്ചയമായും ഫറോവ ഭൂമിയില്‍ ഞെളിഞ്ഞു നടക്കുകയും ജനതയെ തട്ടുകളാക്കുകയും അവരില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുകയും ചെയ്തു എന്നും പറയുന്നത് ശ്രദ്ധിക്കുക. അധഃസ്ഥിതരുടേയും ആദര്‍ശവാന്മാരുടേയും വിജയത്തെക്കുറിച്ച സുവാര്‍ത്തയും ഖുര്‍ആന്‍ അറിയിക്കുന്നു.
സമൂഹത്തില്‍ ഒരു വിഭാഗം അധീശത്വം കൈയടക്കുകയും സമൂഹം അവരുടെ അധര്‍മങ്ങള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നതോടെ ആ സമൂഹത്തിന്റെ തന്നെ നാശത്തിനുള്ള വഴി തുറക്കപ്പെടുന്നു.”’ഒരു നാടിനെ നാം നശിപ്പിക്കാനുദ്ദേശിച്ചാല്‍, അതിലെ സുഖലോലുപന്മാരെ അധികാരികളാക്കുന്നു. അവര്‍ ധിക്കാരം പ്രവര്‍ത്തിക്കുകയും അങ്ങനെ നമ്മുടെ കല്‍പന അവരില്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നതോടെ അതിനെ നാം തകര്‍ത്തു കളയുന്നു” (ബനീ ഇസ്‌റാഈല്‍: 16).

അന്യായമായ അധികാര വ്യവസ്ഥയേയും അധര്‍മങ്ങളേയും ചോദ്യം ചെയ്തവരാണ് പ്രവാചകന്മാര്‍. ഒട്ടകരോമം കൊണ്ടുള്ള കുപ്പായം ധരിച്ച് കാട്ടുതേനും വെട്ടുകിളികളേയും ഭക്ഷിച്ച് ദൈവത്തേയും പരലോകത്തേയും കുറിച്ച ബോധനം നടത്തി യോര്‍ദാന്‍ നദിയില്‍ ജനങ്ങളെ ജ്ഞാനസ്‌നാനം ചെയ്യിച്ച സ്‌നാപക യോഹന്നാന്‍ അധികാരികളേയും പുരോഹിതന്മാരേയും സര്‍പ്പസന്തതികളെന്നു വിളിച്ചു. അക്രമത്തിനും അഴിമതിക്കും എതിരെ ശബ്ദമുയര്‍ത്തിയ വിപ്ലവകാരിയായ ആ പ്രവാചകനെ അധികൃതര്‍ ഭയന്നു. രാജാവായ ഹെരോദാ അന്തിപ്പാസ് അദ്ദേഹത്തെ ജയിലിലടച്ചു. ഒരു ആട്ടക്കാരിയുടെ അഭീഷ്ടപ്രകാരം അദ്ദേഹത്തിന്റെ തല കൊയ്ത് താലത്തിലാക്കി അവള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. യോഹന്നാനില്‍ നിന്ന് സ്‌നാനമേറ്റ യേശു മിശിഹാ അദ്ദേഹം നിര്‍ത്തിയേടത്ത് നിന്ന് തുടര്‍ന്നു. നീതിയുടേയും വിമോചനത്തിന്റേയും സുവിശേഷമറിയിച്ച യേശുവിന്റെ ദൈവരാജ്യത്തെ മുഹമ്മദ് നബി സാക്ഷാത്കരിക്കുകയും ചെയ്തു.

(ഈ കുറിപ്പുകാരൻ രചിച്ച “ബുദ്ധൻ, യേശു, മുഹമ്മദ് -ലോകമതങ്ങളെപ്പറ്റി ഒരു പുസ്തകം” എന്ന കൃതിയിൽ നിന്ന്)