തുലാസിന്റെ പാഠങ്ങൾ

1401x788-R1231_FEA_ISIS_A

ജീവിതത്തെക്കുറിച്ച സമഗ്രമായ കാഴ്ചപ്പാടും മാര്‍ഗദര്‍ശനവുമായി ഇസ്ലാമിനെ അവതരിപ്പിക്കുകയാണ് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്തത്. സമഗ്രം അഥവാ Comprehensive എന്നാല്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നത് എന്നു മാത്രമല്ല അര്‍ത്ഥം. വേണ്ടത്, വേണ്ടിടത്ത്, വേണ്ട അളവില്‍ ഉള്‍ക്കൊള്ളുന്നത് എന്നാണ്. ഖുര്‍ആനില്‍ പേര് പറയുന്നതും അല്ലാത്തതുമായ പ്രവാചകന്മാര്‍ അവരവരുടെ കാലത്തിനനുസരിച്ച മുന്‍ഗണനാക്രമങ്ങള്‍ സ്വീകരിച്ചിരുന്നു. ആ അടിസ്ഥാനത്തില്‍ അവര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങള്‍ പല സ്വഭാവമാര്‍ജിക്കുകയും ചെയ്തിരുന്നു. ഒരു സമുദായത്തിന്റെ വിമോചനത്തിനും ക്രമങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി ആ സമുദായത്തെ വളര്‍ത്തിയെടുക്കുന്നതിനുമാണ് മോശയുടെ പ്രസ്ഥാനം ഊന്നല്‍ നല്‍കിയതെങ്കില്‍ യെശയ്യാവിലും യിരെമ്യാവിലും അത് അധികാരസ്ഥാനങ്ങള്‍ക്കെതിരായ താക്കീതുകളായിത്തീരുന്നു. ലൂത്വിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പ്രസ്ഥാനം സദാചാരപരവും ധാര്‍മികവുമായ മുഖമായിരുന്നു കൂടുതലായും ആര്‍ജിച്ചിരുന്നത്. യേശുവിന്റെ കീഴില്‍ ദൈവത്തിന് തന്നെ പൂര്‍ണമായും സ്‌നേഹം എന്ന അര്‍ത്ഥം കൈവന്നു.

ഇപ്രകാരം ഇവിടെ സൂചിപ്പിച്ച സെമിറ്റിക് പാരമ്പര്യങ്ങള്‍ക്ക് പുറത്തും ഇതുപോലുള്ള വൈവിധ്യങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. ഒരേ ദേശത്ത് ഏതാണ്ടൊരേ കാലത്ത് ജീവിച്ചിരുന്ന ബുദ്ധന്റെയും മഹാവീരന്റെയും ചരിത്രമെടുത്താല്‍, ജാതീയതയുടെയും സവര്‍ണതയുടെയും അധികാരപ്രയോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിയ പ്രസ്ഥാനമായിരുന്നു ഒന്നാമത്തെയാളുടേതെങ്കില്‍ രണ്ടാമന്‍ സത്തയുടെയും ആത്മത്തിന്റെയും വികാസത്തിനാണ് മുന്‍ഗണന നല്‍കിയത്. ഇതുപോലെ, കങ് ഫ്യൂ ചിസ് തന്റെ ദര്‍ശനത്തെ സാമൂഹിക നീതിപ്രസ്ഥാനമായാണ് വികസിപ്പിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ സമകാലികനായ ലൗ ദ്‌സു പൊരുളിനെക്കുറിച്ച അന്വേഷണത്തിന് മുന്‍ഗണന നല്‍കി. ചൈനയിലെ തന്നെ അവരെത്തുടര്‍ന്നു വന്ന മാ ത്സുവിന്റെ ദര്‍ശനം സാമൂഹിക പരിഷ്‌കരണ സംരംഭമായിരുന്നു.

ഖുര്‍ആനിലെ പ്രവാചകന്‍ ശുഐബിന്റെ ആശയങ്ങള്‍ സാമ്പത്തിക നീതിശാസ്ത്രവുമായി ബന്ധപ്പെട്ട ആശയങ്ങളായിരുന്നു. അതേസമയം ധൂര്‍ത്തിനും സാങ്കേതികവിദ്യകളുടെ സ്വാര്‍ത്ഥമായ ദുരുപയോഗത്തിനും എതിരായ ഉല്‍ബോധനങ്ങളായി ഹൂദ്, സ്വാലിഹ് മുതലായ പ്രവാചകന്മാരുടെ പ്രബോധനത്തെ കാണാം. മുഹമ്മദ് നബിക്ക് ശേഷം ഖുര്‍ആനിന്റെ അടിത്തറയില്‍ നിന്നു കൊണ്ടുള്ള സാമൂഹികനവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മുജദ്ദിദുകളും ഇതുപോലെ വ്യത്യസ്തമായ ഊന്നലുകള്‍ സ്വീകരിച്ചു. അതുകൊണ്ടു തന്നെ അവരുടെ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിന്റെ വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങളായിത്തീര്‍ന്നു. തസ്വവ്വുഫിന്റെ (സൂഫിസം) ചരിത്രപരമായ പ്രസക്തി അതാണ്. അഹ്മദ് ഇബ്‌നു ഹൻബല്‍ മുതല്‍ ഇബ്‌നു തൈമിയ വരെയുള്ള മഹത്തുക്കളുടെ സലഫീ ആശയവും ഇപ്രകാരം കാലവും ദേശവും തേടിയ ആവിഷ്‌കാരങ്ങളായിരുന്നു. അതേസമയം ഇതെല്ലാം ചേര്‍ന്നതാണ് ദര്‍ശനത്തിന്റെ സമഗ്രത എന്ന കാഴ്ചപ്പാട് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നതായി കാണാം. അങ്ങനെയാണ് വൈവിധ്യമുള്ള രീതികളും ആശയങ്ങളും മുന്നോട്ടു വെച്ച പ്രവാചകന്മാരെയും ദാര്‍ശനികന്മാരെയും ഒരേ പരമ്പരയുടെ ചരടില്‍ കോര്‍ക്കാന്‍ മുഹമ്മദ് നബിക്ക് സാധിക്കുന്നത്.

ഇവിടെ Comprehensive എന്ന പദത്തെപ്പറ്റി Comprehensive ആയ ഒരവബോധം അനിവാര്യമായിത്തീരുന്നു. ഒരു ഭാഗത്ത് മേല്‍ വിവരിച്ച പ്രസ്ഥാനങ്ങളുടെ പിന്തുടർച്ച അവകാശപ്പെടുന്ന ചിലർ യാതൊരു കാലബോധവും കൂടാതെ അക്കാലത്തെ അതേ ചിന്താഗതികള്‍ വെച്ചു കൊണ്ട് ദര്‍ശനത്തെ കേവലം മതത്തിലേക്ക് ചുരുക്കുന്നു. മറുഭാഗത്ത് സമഗ്രതയെക്കുറിച്ച ആശയം പങ്കുവെക്കുന്ന വിഭാഗങ്ങള്‍ എല്ലാം അടങ്ങിയത് എന്ന അര്‍ത്ഥകല്‍പനയുടെ ലാഘവത്വത്തിനപ്പുറം കാലത്തെയോ ദേശത്തെയോ മനുഷ്യനെയോ വായിക്കാന്‍ മെനക്കെടാതെ, പ്രയോജനപ്രദം എന്ന് പ്രബോധിതര്‍ക്ക് ബോധ്യപ്പെടാത്ത പ്രത്യയശാസ്ത്രം വിളമ്പാന്‍ മുതിരുന്നു.

ഇവിടെയാണ് സമഗ്രം എന്നതിന് വേണ്ടത്, വേണ്ടിടത്ത്, വേണ്ട അളവില്‍ എന്ന അര്‍ത്ഥകല്‍പന പ്രസക്തമായിത്തീരുന്നത്. ലാ തഗ് ലൗ ഫീ ദീനികും (നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ അതിര് കവിയരുത്) എന്നത് ഖുര്‍ആന്റെ കല്‍പനയാണ്. ദീന്‍ പഠിപ്പിക്കുന്ന ഖുര്‍ആനാണ് അതില്‍ത്തന്നെ അതിര് കവിയരുത് എന്ന കല്‍പന മുന്നോട്ട് വെക്കുന്നത്. നിസ്‌കരിക്കാന്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ തന്നെയാണ് സാമൂഹിക ബോധമില്ലാത്ത നിസ്‌കാരക്കാരന്‍ നരകത്തില്‍ പോകും (ഫ വൈലുന്‍ ലില്‍ മുസ്വല്ലീന്‍ – നിസ്‌കരിക്കുന്നവന് നരകം) എന്ന് പ്രഖ്യാപിക്കുന്നത്. ഖുര്‍ആനില്‍ ധാരാളം മെറ്റഫറുകള്‍ കടന്നുവരുന്നുണ്ട്. അതില്‍ ഏറ്റവും തിളക്കമാര്‍ന്നത് തുലാസിന്റെ ദൃഷ്ടാന്തമാണ് എന്ന് ഈ കുറിപ്പുകാരന്‍ കരുതുന്നു. അതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് വേദഗ്രന്ഥത്തിന്റെ കൽപന. സന്തുലിതത്വത്തെയാണ് തുലാസ് അടയാളപ്പെടുത്തുന്നത്.

കേരളീയ നവോത്ഥാന ചരിത്രത്തിലെ മതാധ്യായത്തിന്റെ ഏടുകളില്‍ സവിശേഷ സ്ഥാനമര്‍ഹിക്കുന്ന ഒരു മഹാപ്രസ്ഥാനം അനാവശ്യമായ ചില ചിന്താക്കുഴപ്പങ്ങളിലകപ്പെട്ട് നെടുകെ പിളര്‍ന്നു. ഇതില്‍ ഒരു വിഭാഗം കേരളീയ മുസ്ലിം നവോത്ഥാനവുമായി ബന്ധപ്പെടുത്തിത്തന്നെ തങ്ങളുടെ ചരിത്രത്തെയും നിലപാടുകളെയും വികസിപ്പിച്ചപ്പോള്‍ മറുവിഭാഗം, അറബ് ലോകത്ത്  ഇതിനകം ശക്തി പ്രാപിച്ചിരുന്ന അക്ഷരവാദത്തിലും ശുദ്ധിവാദത്തിലും അധിഷ്ഠിതമായിരുന്ന സലഫീ മൂവ്‌മെന്റുമായി തങ്ങളെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു. ഇതില്‍ നിന്നുണ്ടായ ചില കുഴപ്പങ്ങളെ നാം കണ്ടില്ലെന്നു നടിക്കാന്‍ പാടില്ലാത്തതാകുന്നു.
tumblr_ngih7mtXas1t75hn7o1_1280
സന്ദര്‍ഭവും മുന്‍ഗണനാക്രമവും (Context) പരിഗണിക്കാതെ ആശയം (Text) വായിക്കുക എന്ന സമീപനമാണ് ശുദ്ധിവാദികള്‍ (Puritans) സ്വീകരിച്ചിരുന്നത്. അതില്‍ അവര്‍ അങ്ങേയറ്റം പോവുകയും ചെയ്തു. തേങ്ങ അരച്ചു ചേർത്ത കറി കഴിക്കരുത് എന്നാണ് വൈദ്യന്‍ ഉപദേശിച്ചതെങ്കില്‍ അതിനെ അതിൽ മാത്രം നിർത്താതെ, തെങ്ങു കൊണ്ടുള്ള പാലം കടക്കുന്നതും ചകിരി കൊണ്ടുള്ള കയറോ പടമോ ഉപയോഗിക്കുന്നതും ചിരട്ട കൊണ്ടുള്ള കയില്‍ (തവി) കൊണ്ട് കോരുന്നതും ഹറാമാക്കുന്ന ഒരു ലൈന്‍. ഈ മാനസികാവസ്ഥ സ്വാധീനിച്ചതോടെ ചില വ്യതിയാനങ്ങളുണ്ടായി.

അതിനും മുമ്പ് തന്നെ ഗള്‍ഫ് കുടിയേറ്റം മറ്റ് രീതികളിലും കേരളീയ മുസ്ലിം ജീവിതത്തെ സ്വാധീനിച്ചിരുന്നു. സാരിയും മുഴുക്കൈയന്‍ ബ്ലൗസും ധരിച്ച് തട്ടം കൊണ് തല മറച്ച പെണ്ണുങ്ങളായിരുന്നു ആദ്യകാലത്ത് കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളില്‍ പോലും ഉണ്ടായിരുന്നതെങ്കില്‍, പര്‍ദ്ദ എന്ന് ഇന്ന് വിളിക്കപ്പെടുന്ന അറേബ്യന്‍ അബായ മൊത്തം മുസ്ലിം സ്ത്രീകളുടെ തന്നെ വസ്ത്രമായിത്തീര്‍ന്നത് ഇതിന്റെ അടയാളമത്രേ. ഇബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ പ്രസ്ഥാനം ആധുനിക സാമൂഹിക ക്രമത്തിന്റെ വികാസങ്ങളെ മുഴുവന്‍ നിരാകരിച്ച് ഒരു രാജഭരണത്തെയാണ് സ്ഥാപിച്ചത്. പ്രവാചകന്റെ നാടും ഇസ്ലാമിലെ വിശുദ്ധ ഗേഹങ്ങളും ഒരു കുടുംബത്തിന്റെ പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ അധീനത്തിലായിത്തീര്‍ന്നു. അവിടെ മതം ആലുശ്ശൈഖിനും ഭരണം ആലുസ്സുഊദിനുമായി വീതിക്കപ്പെട്ടു. താമസിയാതെ ആലുശ്ശൈഖുമാര്‍ രാജാക്കന്മാരുടെ സ്തുതിപാഠകന്മാരും ആയിത്തീര്‍ന്നു. അധികാരത്തിന്റെ താല്‍പര്യങ്ങള്‍ക്ക് മതപരമായ ന്യായീകരണങ്ങളും ചമയ്ക്കപ്പെട്ടു. വഹ്ഹാബി പ്യൂരിട്ടാനിസം സുഊദി അറേബ്യയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറി.

ഇതിലേക്കുള്ള ലിങ്ക് ആണ് വേഷത്തിലും ഭാവത്തിലും പോലുമുള്ള ആത്യന്തികതകളായി മാറിയത്. വെട്ടിയൊതുക്കിയ താടി വെച്ചവരും ക്ലീന്‍ ഷേവ് ചെയ്തവരും അടങ്ങിയതായിരുന്നു ആദ്യകാലത്ത് പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെങ്കിൽ ഇപ്പോള്‍ അത് കാല്‍മുട്ട് വരെയെത്തുന്ന താടിയും മുട്ടോളം ഉയര്‍ന്ന് നില്‍ക്കുന്ന വസ്ത്രവുമുള്ളവരുടേത് മാത്രമായി മാറി. മതവുമായി ബന്ധപ്പെട്ട ബാഹ്യചിഹ്നങ്ങള്‍ക്ക് ആദര്‍ശപരിവേഷം ലഭിച്ചു. താടിയെപ്പറ്റി പുസ്തകങ്ങള്‍ തന്നെ രചിക്കപ്പെട്ടു. ഫോട്ടോഗ്രാഫിയും സംഗീതവും ഹറാമായി. ഇക്കൂട്ടത്തില്‍ ഇതേ സ്രോതസ്സില്‍ നിന്നാണ് മലയാളിയുടെ മതജീവിതത്തിലേക്ക് ജിന്നുകളും ആടുകളും ഇറങ്ങി വന്നത്.

മനുഷ്യനെ സമൂഹത്തില്‍ നിന്ന് വ്യവച്ഛേദിച്ചു കളയുക എന്ന സ്വഭാവം പ്യൂരിട്ടാനിസത്തിലെ എല്ലാ ധാരകളുടെയും പൊതു സ്വഭാവമാണ്. താടി സാഹചര്യബന്ധിതവും നിര്‍ദ്ദേശക തത്വവുമാണെങ്കില്‍ മറ്റൊരാളുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുക എന്നത് മൗലികവും സ്ഥായിയുമായ കല്‍പനയാണ്. ഇപ്പോള്‍ കാണപ്പെടുന്നതാകട്ടെ, മുറ്റിയ താടിരോമങ്ങള്‍ക്കിടയില്‍ നിര്‍വികാരമായ ചുണ്ടുകള്‍. മതത്തിന്റെ പരുക്കത്തം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന പ്രകാശരഹിതമായ കണ്ണുകളും.

ജിന്ന് എന്ന ആശയത്തെ ചര്‍ച്ച ചെയ്യുക ഇവിടെ ഉദ്ദേശ്യമല്ല. എന്നാല്‍ ജിന്നുവാദികള്‍ക്ക് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യനും അവരുടെ അഭിനിവേശങ്ങളും അതിജീവനവുമൊന്നും വിഷയമേ അല്ല. ഒരു കാലത്ത് ജിന്നുകളെസ്സംബന്ധിച്ച അസംബന്ധങ്ങള്‍ പ്രചരിപ്പിച്ച് അതില്‍ നിന്ന് മുതലെടുപ്പ് നടത്തിയിരുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തവര്‍ ജിന്ന് ബാധിച്ചവരെപ്പോലെ വേദികളില്‍ ഉറഞ്ഞു തുള്ളുന്നതും അസഭ്യവര്‍ഷം പോലും ചൊരിയുന്നതും കേരളത്തിന് കാണേണ്ടി വന്നു.

പ്രവാചക കാലത്തെ സാമൂഹിക ജീവിതത്തെ പുനരാവിഷ്‌കരിച്ച് ആട് മേയ്ച്ച് കാലം കഴിച്ചു കൂട്ടാന്‍ തീരുമാനിച്ചവര്‍ പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് ദോഷമൊന്നും ചെയ്യുന്നില്ല. അതേസമയം യമനിലെ ദമ്മാജ് ഉള്‍പ്പെടെയുള്ള ഇത്തരം വിഭാഗങ്ങളും വ്യക്തിയെ സമൂഹത്തില്‍ നിന്ന് വ്യവച്ഛേദിക്കുകയാണ്. അതിനുമപ്പുറം ജീവിതത്തിലും നാഗരികതയിലും മനുഷ്യന്‍ ആര്‍ജിച്ചിട്ടുള്ള പുരോഗതികളെ നിരാകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സമൂഹത്തോടുള്ള ബന്ധവിച്ഛേദനത്തില്‍ നിന്ന് സാമൂഹിക വിരുദ്ധമായ പ്രവണതകളിലേക്കുള്ള ദൂരം വളരെ ചെറുതാണ്. കേരളത്തില്‍ നിന്നടക്കം ആടുവളര്‍ത്തല്‍ സലഫിസവുമായി ബന്ധപ്പെട്ട് യമനിലേക്ക് ആളുകള്‍ യാത്രയായി.
Swiss_cavalry_sword
ഇപ്പറഞ്ഞവയെക്കാളെല്ലാം ആക്രാമകമായ മറ്റൊരു പ്രതീകം വാളാണ്. ഇതിന് കേരളത്തില്‍ എത്രത്തോളം സ്വാധീനം ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമല്ല. ഒരു വംശീയ കാഴ്ചപ്പാടിന്റെ കൊടിയടയാളമായിരുന്നു അത്. സുഊദി അറേബ്യ അതിന്റെ കൊടിയടയാളമായി വാള്‍ സ്വീകരിച്ചത് വെറുതെയല്ല. മതത്തിന്റെ വികലവും ഉപരിപ്ലവവുമായ ചില വ്യാഖ്യാനങ്ങള്‍ ഇതിന് മറ്റൊരു തരത്തിലുള്ള മാനവും കൂടി നല്‍കി. ലോകാടിസ്ഥാനത്തില്‍ത്തന്നെ ISIS ലേക്കുള്ള ആളുകളുടെ കുടിയേറ്റത്തിന് അതും വൈകാരികമായ നിമിത്തമായിത്തീര്‍ന്നിട്ടുണ്ടാവാം. ജിഹാദ് ആണ് മതം, അവിശ്വാസികളെയും മുര്‍ത്തദ്ദുകളെയും ആക്രമിക്കലാണ് ജിഹാദ്. ആക്രമണത്തില്‍ വിജയിച്ചാല്‍ കീഴടക്കപ്പെടുന്ന സമൂഹത്തിലെ പെണ്ണുങ്ങളെ ലൈംഗിക അടിമകളാക്കി മാറ്റി ഭോഗിച്ച് സുഖിക്കാം. ഇനി മരിച്ചു പോയാല്‍ സ്വര്‍ഗത്തില്‍ പടച്ചോന്‍ ഒരുക്കുന്ന പഞ്ചനക്ഷത്ര ഭോഗാലയത്തില്‍ ഹൂറികളുമൊത്ത് രമിക്കാം. ഇതിനിടയില്‍ തങ്ങള്‍ വിട്ടുപോകുന്ന ഗ്രാമങ്ങളില്‍ പോലീസുകാര്‍ നിരങ്ങിയാലെന്ത്, തങ്ങളുടെ കുടുംബാംഗങ്ങള്‍ ഒറ്റപ്പെടലിന് വിധേയമായാലെന്ത്, ഒരു സമുദായം മുഴുവന്‍ ആക്ഷേപങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ടാലെന്ത്? അതേസമയം ഇവിടെ പ്രേരകം ഭൌതികാസക്തിയാണ്, മതമോ ധാർമികബോധമോ അല്ല.

തങ്ങളല്ലാത്തവരെല്ലാം ഇസ്ലാമിന് പുറത്തോ മുര്‍ത്തദ്ദുകളോ ആണ് ഇത്തരത്തില്‍ തീവ്ര നിലപാടുകളുള്ളവര്‍ക്ക്. അത് വാള്‍ ഇസ്ലാമിലാകുമ്പോള്‍ കൂടുതല്‍ മാരകമായി മാറുന്നു. പ്രവാചകന്‍ പഠിപ്പിച്ച ദീനില്‍ രിദ്ദഃ (ഉപേക്ഷിച്ചു കളയല്‍ എന്നർത്ഥമുള്ള, എന്നാൽ മതപരിത്യാഗം എന്ന, ലഘുവും അസാധുവുമായ അര്‍ത്ഥത്തില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്ന പദം, മുര്‍ത്തദ്ദ് എന്നാല്‍ ഉപേക്ഷിച്ചു കളഞ്ഞവന്‍) എന്നത് ഒരു രാഷ്ട്രീയ പ്രയോഗമാണ്.  എന്നാൽ ഇതിനെ കേവല മതപരിത്യാഗമായി കാണുക, എന്നിട്ട് തങ്ങളോട് വിയോജിക്കുന്ന മുസ്ലിംകളെ മുര്‍ത്തദ്ദുകളായി പ്രഖ്യാപിക്കുക, അവരെ വധിക്കുക തുടങ്ങിയവയെല്ലാം ഈ വാള്‍ ഇസ്ലാമില്‍ സ്വാഭാവികമാണെന്നാണ് മനസ്സിലാവുന്നത്.

എന്തായാലും, പറഞ്ഞു വന്നത് ചുരുക്കിയാല്‍, സാമൂഹികബന്ധങ്ങളുടെ ആഖ്യാനവും കൂടിയായ ഇസ്ലാമിനെ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ നിന്ന് ജിന്നുകളിലേക്കും മനുഷ്യപുരോഗതിയില്‍ നിന്ന് ആടിലേക്കും സമാധാനത്തില്‍ നിന്ന് വാളിലേക്കും വഴി തെറ്റിക്കുകയാണ് തീവ്രത കൈക്കൊണ്ടവര്‍ എന്ന് പറയാം. ദീനില്‍ അതിര് കവിയരുത് എന്ന കല്‍പന ഇത്തരം പ്രവണതകള്‍ക്കെതിരായ ജാഗ്രതയുടെ പാഠമാണ്.

ഇസ്ലാമിന്റെ സമഗ്രതയെ ഉള്‍ക്കൊള്ളുന്നതിലും ജീവിതത്തെ അത് സമീപിക്കുന്ന സമഗ്രമായ രീതിശാസ്ത്രത്തെ അനുധാവനം ചെയ്യുന്നതിലും ഇസ്ലാമിക സമൂഹം പരാജയപ്പെടുന്നേടത്ത് ഇത്തരം പ്രവണതകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും. ഇസ്ലാമികയുക്തിയെ ജീവിതത്തില്‍ ഇംപ്ലിമെന്റ് ചെയ്യുന്നതിന് പകരം അതിനെ കേവലം മതമാക്കി ഒതുക്കുകയും ആചാരബദ്ധവും വിശ്വാസാന്ധ്യം ബാധിച്ചതുമായ ജീവിതത്തിലേക്ക് അതിന്റെ അനുയായികളെ തള്ളിവിടുകയും ചെയ്യുന്നതും മഹാപാതകമാണ്.

അതിനാല്‍ തുലാസാണ് സത്യം, സന്തുലിതത്വമാണ് തത്വം, നീതിയാണ് മൂല്യം. ഇത് മറന്നാല്‍ ഇസ്ലാമില്ല.