പിന്നെയും അടൂര്‍ ഗോപാലകൃഷ്ണന്‍

pinneyum

ഒരവസരം കൂടി (Once Again, പിന്നെയും) ലഭിച്ചിരുന്നെങ്കില്‍ എല്ലാം ഒന്ന് മാറ്റിയെഴുതാമായിരുന്നെന്ന് പലരും ചിന്തിച്ചിരിക്കും. പുരുഷോത്തമന്‍ നായര്‍ ഒരൊളിച്ചോട്ടത്തിന് ശേഷം പിന്നെയും മറ്റൊരു ജീവിതത്തിലേക്ക് തിരികെ വരാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ തിരസ്‌കരിക്കപ്പെട്ടു. ഇഷ്ടത്തോടെയല്ലെങ്കിലും സ്വന്തം പ്രണയിനി തന്നെ അയാളുടെ തിരിച്ചു വരവിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

ഞാന്‍ ആരാണെന്ന് നിങ്ങള്‍ അന്വേഷിക്കേണ്ടതില്ല, കാരണം എനിക്ക് തന്നെ അറിയില്ല ഞാനാരാണെന്ന് എന്നത് പുരുഷോത്തമന്‍ നായരുടെ (ദിലീപ്) വാക്കുകളാണ്. യാഥാര്‍ത്ഥ്യവും ഭ്രമവും തമ്മിലുള്ള, ഒട്ടും വേര്‍പെടുത്താനാവാത്ത ഇഴചേരല്‍ മുഖാമുഖം മുതല്‍ക്കുള്ള അടൂര്‍ ചിത്രങ്ങളില്‍ പലതിലും കാണാന്‍ പറ്റും. അനന്തരം എന്ന സിനിമ ഫാന്റസിയും റിയാലിറ്റിയും തമ്മിലുള്ള ചൂതുകളിയാണ്. മാറിവരുന്ന പുരുഷോത്തമന്‍ നായര്‍ (സുബോധ് ഭാവെ) ആദ്യം പേടിപ്പെടുത്തുന്നതും പിന്നീട് സഹതാപമുണര്‍ത്തുന്നതുമായ യാഥാര്‍ത്ഥ്യമായിരുന്നു ദേവിക്കെങ്കില്‍ (കാവ്യ മാധവന്‍) അവളുടെ സഹോദരന് (ഇന്ദ്രന്‍സ്) അതൊരു സ്വപ്‌നമാണ്. ഉള്ളില്‍ അലിവിന്റെ ഉറവ പൊട്ടിയൊലിപ്പിച്ച സ്വപ്‌നം.
pinneyum
2008 ലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും എന്ന സിനിമ റിലീസ് ചെയ്തത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിന്നെയും ഒരടൂര്‍ ചിത്രം. അടൂരിന്റെ ഫ്രെയിമുകള്‍ അടൂരിന്റെ മാത്രം ഫ്രെയിമുകളാണ്. ജീവിതത്തിന്റെ ഇരുട്ടും വെളിച്ചവും ഇത്രയും ഫലപ്രദമായി ആവിഷ്‌കരിക്കാന്‍ മറ്റാര്‍ക്കും സാധിച്ചെന്നു വരില്ല. ലൈറ്റിങ്, ഫ്രെയിം കോമ്പോസിഷന്‍ എന്നിവയില്‍ അതീവ സൂക്ഷ്മത പുലര്‍ത്തുന്ന അടൂരിന്റെ ചിത്രങ്ങള്‍ ഭാവുകത്വ നിര്‍മിതിയില്‍ പശ്ചാത്തലസംഗീതം വഹിക്കുന്ന പങ്കിന്റെ ഏറ്റവും മികച്ച അടയാളങ്ങളാണ്. പുതിയ സിനിമയിലും ആ വൈദഗ്ദ്യം അനുഭവിക്കാന്‍ സാധിക്കും. എം.ജെ രാധാകൃഷ്ണന്‍ (കാമറ), ബി അജിത് കുമാര്‍ (എഡിറ്റിങ്), ബിജിബാല്‍ (സംഗീതം) എന്നിവരുടെ പ്രതിഭയും ഇതിന് ശക്തി പകര്‍ന്നു.

കുറ്റകൃത്യമാണ് പിന്നെയും എന്ന ചിത്രത്തിന്റെ പശ്ചാത്തലം. എട്ടു വര്‍ഷം മുന്നേ തകഴിക്കഥകളെ ആസ്പദമാക്കി ഒരു പെണ്ണും രണ്ടാണും എന്ന പേരില്‍ അദ്ദേഹം പറഞ്ഞ, കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ എന്നീ നാല് കഥകളുടെയും പശ്ചാത്തലം കുറ്റകൃത്യങ്ങള്‍ തന്നെ. ആ സിനിമയ്ക്ക് അടൂര്‍ ഇംഗ്ലീഷില്‍ നല്‍കിയ പേര് A Climate for Crime എന്നായിരുന്നു. കുറ്റങ്ങളെ സാമൂഹ്യപശ്ചാത്തലങ്ങളുമായി ബന്ധപ്പെടുത്തുന്ന ആ സിനിമയില്‍ മറ്റ് അടൂര്‍ ചിത്രങ്ങളിലെന്ന പോലെ സൂക്ഷ്മതലരാഷ്ട്രീയമുണ്ട്. കുറ്റം തന്നെയാണ് നിഴല്‍ക്കുത്തിന്റെയും പ്രമേയം. അതിലാകട്ടെ, നിരപരാധിയെന്ന് നീതിപീഠത്തിനടക്കം ബോധ്യമുള്ള ഒരാളുടെ മേല്‍ കുറ്റം അടിച്ചേല്‍പിക്കപ്പെടുകയാണ്. സ്ഥാപിത മത രാഷ്ട്രീയ വ്യവസ്ഥകള്‍ക്കു നേരെ തൊടുക്കുന്ന നിശിതവിമര്‍ശവുമാണ് നിഴല്‍ക്കുത്ത്. കാലം തീര്‍ത്തും മാറിനില്‍ക്കുന്നു എന്ന സവിശേഷതയും അടൂര്‍ ചിത്രങ്ങള്‍ക്കുണ്ട്. നിഴല്‍ക്കുത്തിലും മതിലുകളിലുമൊക്കെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും ബ്രിട്ടീഷ് വാഴ്ചയുടെയും കഥകള്‍ പറയുമ്പോഴും ആനുകാലികരാഷ്ട്രീയത്തെ കൃത്യമായും അവ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. നിരൂപകരില്‍ പലരും ഫ്യൂഡല്‍ എന്നാക്ഷേപിക്കുന്ന, സദാചാര മൂല്യങ്ങളുടെ കാര്യത്തിലും അടൂര്‍ സിനിമകള്‍ പ്രതിബദ്ധമാണ്. എന്നാല്‍ ഈ സൂക്ഷ്മരാഷ്ട്രീയത്തിലേക്ക് പിന്നെയും പോകുന്നില്ല. എന്നാല്‍ വൈയക്തികമായ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിക്കുന്ന സാമൂഹികബോധത്തെ അത് അടയാളപ്പെടുത്തുന്നുണ്ട് താനും. അതിനാല്‍ത്തന്നെ ഈ സിനിമ ഒരു അരാഷ്ട്രീയ സിനിമയല്ല.

പിന്നെയും എന്ന സിനിമയുടെ പ്രമേയം ഉടലെടുക്കുന്നത് ഒരു യഥാര്‍ത്ഥസംഭവത്തില്‍ നിന്നാണ്. 1984ല്‍ കേരളത്തെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും സംഭവമായിരുന്നു സുകുമാരക്കുറുപ്പ് സംഭവം. ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ കാറിലിട്ട് കൊന്ന് കാറടക്കം കത്തിച്ചു കളഞ്ഞ കേസിലെ സുകുമാരക്കുറുപ്പ് ഇന്നും അജ്ഞാതനാണ്. ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നതില്‍പ്പോലും അഭ്യൂഹങ്ങളാണ്.

നിരന്തരം പ്രണയലേഖനങ്ങളെഴുതിയിരുന്ന ഒരു കാലത്തില്‍ നിന്ന് പ്രായോഗിക ജീവിതത്തിലേക്ക് ഒട്ടും പ്രായോഗിക ബുദ്ധിയില്ലാതെ എടുത്തു ചാടിയ ആളാണ് പുരുഷോത്തമന്‍ നായര്‍. ജോലിയില്ലാതെ വിവാഹം കഴിച്ചത് ഗുരുതരമായ ഉത്തരവാദിത്തവിലോപമാണ് എന്ന് കുറ്റപ്പെടുത്തിയ ഇന്റര്‍വ്യൂ ബോഡ് അംഗങ്ങളോട് അയാളക്കാര്യം സമ്മതിക്കുകയും ചെയ്യുന്നുണ്ട്. വീടിന്റെയും കുടുംബത്തിന്റെയും ഭാരം ഭാര്യയുടെ ചുമതലയിലായി. അനുഭവങ്ങള്‍ ദേവിയില്‍ പാരുഷ്യം സൃഷ്ടിക്കുമ്പോഴും അയാള്‍ കാല്‍പനിക ലോകത്ത് വിരാജിക്കാനാണ് ശ്രമിക്കുന്നത്. വാണ്ടഡ് കോളങ്ങള്‍ സ്ഥിരമായി നോക്കുകയും ഇന്റര്‍വ്യൂകളില്‍ കൃത്യമായി പങ്കെടുക്കുകയും അതിനെക്കാള്‍ കൃത്യമായി ഓരോ ഇന്റര്‍വ്യൂവിലും പരാജയപ്പെടുകയും ചെയ്യുക എന്നതിനപ്പുറം സ്വന്തമായി ഒരു വഴി കണ്ടെത്താന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ പണമുണ്ടാകുമ്പോള്‍ മാത്രം മനുഷ്യന് കരഗതമാകുന്ന മൂല്യത്തെ അയാള്‍ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞു.

ഒടുക്കം അയാള്‍ ഒരു കടുംകൈക്ക് മുതിരുന്നത് അതിനാലാവാം. അപ്പോഴും എളുപ്പവഴിയാണ് അയാള്‍ തേടുന്നത്. ഭര്‍ത്താവിന്റെ മദ്യപാനവും ധൂര്‍ത്തും മൂലം കഷ്ടത്തിലായ സഹോദരിയുടെ (സൃന്ദ അഷബ്) ദുരിതങ്ങള്‍ അയാള്‍ക്കു മുന്നിലുണ്ടെങ്കിലും അവള്‍ക്കു വേണ്ടി വല്ലതും ചെയ്യാനും അയാള്‍ക്ക് ഭാര്യയുടെ സഹായം വേണ്ടിയിരുന്നു. അതേസമയം കൊടും കുറ്റകൃത്യത്തിന് അയാള്‍ മുതിരുന്നതാകട്ടെ, ഇക്കാരണത്താലൊന്നുമല്ല താനും. പണത്തോട് അയാള്‍ക്ക് പെട്ടെന്നുണ്ടാകുന്ന അഭിനിവേശത്തിന് സഹോദരിയുടെ കഷ്ടപ്പാടുകള്‍ പോലും കാരണമായിത്തീരുന്നില്ല.
pinneyum-movie-stills-sample-poster-3157
എന്നാല്‍ ചില കാര്യങ്ങളില്‍ ചില പോരായ്മകള്‍ അനുഭവപ്പെട്ടതും പറയട്ടെ. ചിത്രത്തില്‍ വരുന്ന പോലീസുകാരില്‍ മിക്കവരും വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നവരാണ്. റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞവര്‍ എന്ന് തോന്നും. സംഭാഷണങ്ങള്‍ അപൂര്‍വം ചിലേടങ്ങളിലെങ്കിലും നാടകീയമായിപ്പോയെന്ന് തോന്നി. എല്ലാറ്റിലുമുപരി കുറ്റകൃത്യത്തില്‍ പങ്കു ചേരാനുള്ള, ദേവിയുടെ അച്ഛന്റെയും അമ്മാവന്റെയും (നെടുമുടി വേണു, വിജയരാഘവന്‍) തീരുമാനത്തിന് വിശ്വസനീയമായ സ്വാഭാവികത ഫീല്‍ ചെയ്യുന്നില്ല.

നിരാശപ്പെടുത്തിയ ഘടകങ്ങൾ വേറെയുമുണ്ട്. സ്വയംവരം മുതൽ എലിപ്പത്തായം ഉൾപ്പെടെ കഥാപുരുഷൻ വരെയുള്ള സിനിമകളിസലൂടെ പ്രേക്ഷകനെ സംവാദാത്മകമായ ഒരു തലത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോയ ആളാണ് അടൂർ. അനന്തരം പോലുള്ള സിനിമകളാകട്ടെ, ജീവിതത്തിൽ യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുത്താനാവാത്ത ഭ്രമാത്മകതകളെ അഭിമുഖീകരിക്കുന്നു. സീതയും ഉണ്ണിയും അജയനും കാളിയപ്പനും കുഞ്ഞുണ്ണിയും തൊമ്മിയുമൊക്കെ നമുക്ക് ചുറ്റിലുമുള്ളവർ തന്നെയായിരുന്നു. അല്ല, നമ്മൾ തന്നെയായിരുന്നു. ആ ഒരു താദാത്മ്യം ഈ സിനിമയിൽ കാണാനില്ല. ഒരുപക്ഷേ കഥ പറഞ്ഞവസാനിപ്പിക്കുന്ന, പ്രേക്ഷകന് ഒന്നും ചെയ്യാനില്ലാത്ത അടൂർ സിനിമയുമായിരിക്കും പിന്നെയും.

അപ്പോഴും ലോകസിനിമാ പ്രേക്ഷകൻ അടൂരിനെ കാത്തിരിക്കുന്നു എന്നതും യാഥാർത്ഥ്യമാണ്.