ഓണം- മിത്തും യാഥാർത്ഥ്യവും

11958068_735516929904966_5967930259310958423_o

അതിപ്രാചീന കാലം മുതക്കേ നില നിന്നിരുന്ന ഒരു കൊയ്ത്തുല്‍സവത്തിന്റെ ഭാഗമാണ് ഓണത്തെ പരിഗണിക്കാൻ പറ്റുക. ഈ കൊയ്ത്തുല്‍സവത്തിന് ഇപ്പോൾ കരുതപ്പെടുന്നത് പോലെ വാമനമിത്തുമായി യഥാര്‍ത്ഥത്തില്‍ ബന്ധമൊന്നുമില്ല. പുരാണത്തിലെ ബലി-വാമന സംഭവം നടക്കുന്നത് കേരളത്തിലല്ല. ബലിയുടെ യാഗത്തിനും വാമനന്റെ വരവിനുമൊക്കെ പശ്ചാത്തലമാകുന്നത് നര്‍മദാ തീരമാണ്. നര്‍മദയിലെ ഭൃഗുകഛകം എന്ന സ്ഥലത്താണ് മഹാബലി യാഗം നടത്തിയത്. തന്നെയുമല്ല, അല്‍പം കൂടി ചരിത്രപരമായി പ്രസക്തിയുള്ള വിവരണമനുസരിച്ച് ഇതിലെ കഥാപാത്രം ബലിയേ അല്ല, മറിച്ച് ധുന്ധു എന്ന ദാനവനാണ്. ഇത് സംബന്ധമായ വിവരണം താഴെ വരുന്നുണ്ട്.

ഇവിടെ മനസ്സിലാക്കേണ്ട സംഗതി, കൊയ്ത്തുല്‍സവങ്ങള്‍ക്ക് പൊതുവേ മതപരമായ മാനങ്ങളില്ല എന്നതാണ്, ചിലത് മതപരമായ മാനങ്ങൾ കൈവരിക്കാറുണ്ടെങ്കിലും. ഹിന്ദു എന്ന മതം രൂപപ്പെടുന്നത് തന്നെ കൊളോനിയല്‍ കാലത്താണ് എന്ന് വാദിക്കാറുണ്ടല്ലോ. എന്നാല്‍ ഓണം കൊളോനിയല്‍ കാലത്തിനും മുന്നേ ഉള്ളതാണ്. അതിനാല്‍ത്തന്നെ ഹിന്ദുവും ഓണവുമായി വലിയ ബന്ധമൊന്നുമില്ല. കൊയ്ത്തുല്‍സവങ്ങള്‍ ലോകത്ത് പല ഭാഗത്തും ഇപ്പോഴും ഉണ്ട്. മധ്യപൗരസ്ത്യ ദേശങ്ങളില്‍ കൊയ്ത്തും വിളയുമൊന്നും പൊതുവേ ഇല്ലാത്തതു കൊണ്ടാവാം, അറിയപ്പെടുന്ന കൊയ്ത്തുൽസവങ്ങളൊന്നും അവിടങ്ങളിൽ കാണാത്തത്. എന്നാല്‍ മിഡിലീസ്റ്റില്‍ത്തന്നെ ഇറാന്‍, യരുശലേം, തുര്‍ക്ക്‌മെനിസ്താന്‍ എന്നിവിടിങ്ങളില്‍ പ്രാചീന കാലം മുതല്‍ക്കേയുള്ളതും ഇപ്പഴും തുടരുന്നതുമായ കൊയ്ത്തുല്‍സവങ്ങളുണ്ട്. ഇറാനില്‍ സരതുഷ്ട്രരുടെ കാലം മുതല്‍ക്ക് ഉള്ളതും ഇസ്ലാമിക് ഗവണ്‍മെന്റ് വന്നതിന് ശേഷവും തുടരുന്നതുമായ വലിയ ഉല്‍സവമാണ് മെഹറെഗാന്‍. തുര്‍ക്‌മെനിസ്താനില്‍ ഹാസില്‍ ടോയ് എന്ന ഒരാഘോഷമുണ്ട്. യരൂശലമില്‍ യൂദന്മാര്‍ ആചരിച്ചിരുന്ന സുക്കോത്ത് എന്ന കൊയ്ത്തുല്‍സവം യൂറോപ്പില്‍ മസോത്ത് ആയി മാറി. ഇപ്പഴും ഇസ്രായേലില്‍ സുക്കോത്ത് ആചാരമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ ഒക്ടോബറിലെ രണ്ടാം തിങ്കളാഴ്ചയും കാനഡയില്‍ നവംബറിലെ നാലാം വ്യാഴാഴ്ചയും നടക്കുന്ന ഉല്‍സവത്തിന് താങ്ക്‌സ്ഗിവിങ് എന്നാണ് പേര്. യു.കെയിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ യു.കെയിലെ തന്നെ കോര്‍ണിഷ് ജനതയുടെ ഗില്‍ഡൈസ്, റഷ്യയിലെ ഡോഷിങ്കി, ബെലാറസിലെ ഡാഷിങ്കി, ജര്‍മനിയിലെ ഒക്ടോബര്‍ ഫെസ്റ്റ്, യുക്രെയിനിലെ സേവിയര്‍ ഒഫ് ദ ആപ്പിള്‍ ഫെസ്റ്റ് ആര്‍ജന്റിനയിലെ ഫിയെസ്റ്റ നേഷനല്‍ ഡെ ലാ വെന്‍ഡിമിയ തുടങ്ങിയവ ലോകത്ത് ഇന്നും നിലനില്‍ക്കുന്ന പ്രസിദ്ധമായ ഉല്‍സവങ്ങളാണ്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന കൊയ്ത്തുല്‍സവമാണ് ഹോളി.

ഓണവും വസന്തവും

ഈ സ്ഥാനത്ത് കേരളത്തിലുള്ള രണ്ട് ആഘോഷങ്ങളാണ് ഓണവും വിഷുവും. ഹാര്‍വെസ്റ്റ് ഫെസ്റ്റിവലുകളുടെ കൂട്ടത്തിലാണ് ഇവയെ സാമൂഹിക പഠിതാക്കള്‍ പെടുത്തിയിട്ടുള്ളത്, മതാചാരങ്ങളുടെ കൂട്ടത്തിലല്ല. രാശിചക്രമനുസരിച്ചുള്ള പഞ്ചാംഗത്തില്‍ രണ്ട് സമരാത്രദിനങ്ങളുണ്ട് (Equinox). മീനം 7 (മാർച്ച് 20), കന്നി 7 (സെപ്തംബർ 23) എന്നീ ദിവസങ്ങളാണ് സമരാത്രദിനങ്ങൾ. ഈ ദിവസങ്ങളിൽ രാവും പകലും പന്ത്രണ്ട് മണിക്കൂര്‍ വീതമായിരിക്കും. ഇതിൽ ഒന്നാമത്തേതിനെ മേഷാദി, മേടാദി, മേടവിഷുവം, മഹാവിഷുവം (Vernal Equinox) എന്നെല്ലാം പറയും. രണ്ടാമത്തേത് തുലാവിഷുവമാണ്. തുലാദി എന്നും വസന്തവിഷുവം (Autumnal Equinox)  എന്നും ഇതിന് പേരുണ്ട്. രാശിചക്രമാണ് ഇന്ത്യയിലെ കാലഗണനയുടെ ആധാരമായിരുന്നത്. മേടം ആണ് ഒന്നാമത്തെ രാശി. അതിനാല്‍ വിഷു പുതുവല്‍സരാഘോഷം കൂടിയാണ്. ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസത്തെ സംക്രാന്തി എന്ന് പറയും. സംക്രാന്തികളില്‍ ഏറ്റവും പ്രധാനം മേടസംക്രാന്തി ആണെന്നാണ് സങ്കല്‍പം. അന്നാണ് കലണ്ടര്‍ തുടങ്ങുക. മേടത്തിന്റെ തുടക്കത്തെ അശ്വതി ഞാറ്റുവേലയായി പറയുന്നു. ഇടവം പാതിക്ക് രോഹിണി ഞാറ്റുവേല. അപ്പോഴാണ് മഴ പെയ്യുക. അതിനാൽ കാർഷിക വൃത്തിക്കുള്ള ഒരുക്കത്തിന്റെ നേരമായി വിഷു മാറി. ഇങ്ങനെയാണ് വിഷു ഒരു കാർഷികോൽസമായി രൂപപ്പെടുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള കരുതലിന്റെ ദിനവും കൂടിയാണ് അത്. അതേസമയം ഈ ചര്യ പിന്നീട് വിഷുഫലം എന്ന ജ്യോതിഷത്തട്ടിപ്പായി രൂപം കൊണ്ടു.

ഓണവും ഒരു മതാഘോഷമായല്ല ഉൽഭവിച്ചത്. കേരളത്തില്‍ ആര്യാധിനിവേശം സംഭവിക്കുന്നതിനും മുമ്പേ ഓണത്തിനു തുല്യമായ ആഘോഷമുണ്ട്. സമാനമായ കൊയ്ത്തുൽസവം പ്രാചീനകാലം മുതല്‍ക്കേ മെസൊപ്പൊട്ടേമിയയില്‍ അസ്സീറിയന്‍, സുമേറിയന്‍ ജനതകളില്‍ ഉണ്ടായിരുന്നു. കേരളത്തിലെ പൂർവവാസികൾക്ക് ഈ പ്രാചീന ജനതകളുമായി കച്ചവടബന്ധങ്ങളുണ്ടായിരിക്കണം. ചിങ്ങമാസത്തിന്റെ പ്രാധാന്യം കേരളത്തിന്റെ കാലാവസ്ഥയും കൊയ്ത്തുമൊക്കെയായി ബന്ധപ്പെടുത്തി കാണേണ്ടതാണ്.

ഓണത്തിൽ മാവേലിമിത്ത് പിന്നീടാണഅ കടന്നു വന്നത്. (പുരാണത്തില്‍ വാമനമിത്തുണ്ട്. എന്നാല്‍ അത് ഓണത്തിന്റെ കഥയായത് വളരെപ്പില്‍ക്കാലത്താകുന്നു).

ഓണവും വാമനനും

ഒരു കഥയനുസരിച്ച് മഹാബലി എന്ന ‘അസുരനെ’ തോല്‍പ്പിക്കാനാണ് വാമനന്‍ ഉദ്യമിച്ചിറങ്ങിയിരുന്നത് (ഭാഗവതം). സ്വസ്ഥമായിരുന്നു തപസ്സു ചെയ്യുന്നതിനു വേണ്ടി നര്‍മദാ തീരത്ത് ഭൃഗുകച്ഛകം എന്ന സ്ഥലത്ത് (കേരളത്തിലല്ല. പുരാണത്തിലെ ബലിയുടെ കഥയും കേരളവും തമ്മില്‍ ബന്ധമില്ല) യാഗത്തിലേര്‍പ്പെട്ടിരുന്ന മഹാബലിയോട് മൂന്നടി സ്ഥലം ചോദിക്കുകയാണ് വാമനന്‍. എന്നാല്‍ രണ്ടാമതൊരു കഥയില്‍ (പത്മപുരാണം) വാമനന്‍ ധുന്ധു എന്ന ‘ദാനവ’നോട് സ്വന്തം ജ്യേഷ്ഠനാല്‍ പുറത്താക്കപ്പെട്ടവന്‍ എന്ന കള്ളക്കഥ പറഞ്ഞ് നില നില്പിനു വേണ്ടി സ്ഥലം ചോദിച്ചതാണ്. ബലിയെ സുതലത്തിലേക്ക് ആനയിച്ചതായാണ് ഭാഗവതത്തിൽ പറയുന്നതെങ്കിൽ പത്മപുരാണത്തലെ ധുന്ധുവാണ് പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടത്.

 മുകളില്‍പ്പറഞ്ഞ അസുരനും ദാനവനും തമ്മില്‍ വ്യത്യാസമുണ്ട്.  ഇറാനില്‍ നിന്നാണ് ആര്യന്മാര്‍ ഇന്ത്യയിലേക്കു വന്നത്. ഇറാനിയന്‍ ആര്യന്മാരും ഇന്ത്യന്‍ ആര്യന്മാരും തമ്മിലുണ്ടായ രാഷ്ട്രീയ വടംവലിയില്‍ നിന്നാണ് ദേവ-അസുര മിത്ത് രൂപപ്പെടുന്നത്. (പലരും എഴുതാറുള്ളതു പോലെ അസുരന്‍ ദ്രാവിഡനാകാന്‍ തരമില്ല). ആദിപിതാവായ കശ്യപപ്രജാപതിക്ക് ദിതി, അദിതി എന്നീ സഹോദരിമാരില്‍ പിറന്ന മക്കളാണ് യഥാക്രമം ദൈത്യന്മാരും (അസുര) ആദിത്യന്മാരും (ദേവ). സഹോദരിമാരായ ദിതിയും അദിതിയും എന്ന സങ്കല്പം തന്നെ രണ്ടുകൂട്ടരും യഥാര്‍ത്ഥത്തില്‍ വംശബന്ധമുള്ളവരാണെന്നതിനു തെളിവാണ്. എന്നാല്‍ കശ്യപന് (അദ്ദേഹത്തില്‍ നിന്നാണ് എല്ലാ മനുഷ്യവംശങ്ങളുമുണ്ടായത്) ദനു, ദയ എന്നിവരിലുണ്ടായ മക്കളെ ദാനവന്മാര്‍ എന്നോ ദസ്യുക്കള്‍ എന്നോ വിളിക്കുന്നു. ഇവര്‍ മിക്കവാറും ദ്രാവിഡജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരായിരിക്കണം. ഇതില്‍ ദയയുടെ സന്തതിപരമ്പരയിലാണ് നേരത്തേ പറഞ്ഞ ധുന്ധു ഉള്‍പ്പെടുന്നത്.

(മഹാവിഷ്ണുവിന്റെ ത്രിവിക്രമരൂപമാണ് വാമനന്‍. മൂന്ന് ചവിട്ടടികളിലൂടെ സ്വര്‍ഗവും ഭൂമിയും അളക്കുകയും ശത്രുവിനെ ചവിട്ടിത്താഴ്ത്തുകയും ചെയ്തതിനാലണ് വിഷ്ണു ത്രിവിക്രമനായത്. വാമനന്റെ മൂന്നു ചുവടുകള്‍ ആര്യന്മാരുടെ യാത്രയുടെ മൂന്നു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാവാം. യൂറോപ്പില്‍ നിന്ന് കാബൂൾ നദിക്കരയിലേക്കും അവിടെ നിന്ന് ഇറാനിലേക്കും പിന്നെ ആര്യാവര്‍ത്തത്തി-സിന്ധു ഗംഗാ തടം-ലേക്കും).

ദ്രാവിഡരും ദസ്യുക്കളും

ആര്യന്മാരുടെ അധിനിവേശകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന അധികാരവും സംസ്‌കാരവും ദ്രാവിഡജനവിഭാഗങ്ങളുടേതായിരുന്നു. എന്നാല്‍ ദ്രാവിഡന്മാരും ഏഷ്യാമൈനറില്‍ നിന്നും കടന്നു വന്നവരാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി വാസമുറപ്പിച്ചത് ആഫ്രിക്കയില്‍ നിന്നു വന്ന നീഗ്രോയ്ഡുകളും ആസ്‌ത്രേലിയയില്‍ നിന്നു വന്ന ആസ്ത്രലോയ്ഡുകളുമായിരുന്നെന്ന് പറയപ്പെടുന്നു. ദ്രാവിഡന്മാര്‍ അധികാരം സ്ഥാപിച്ചതോടെ ഇവര്‍ ശിഥിലരായിത്തീര്‍ന്നു. ആന്‍ഡമാന്‍ ദ്വീപിലെ തദ്ദേശവാസികള്‍ നീഗ്രോയ്ഡ് വിഭാഗത്തിലും മധ്യേന്ത്യയിലെ ഗിരിവംശജരും ശ്രീലങ്കയിലെ വെദ്ധകളും ആസ്ത്രലോയ്ഡ് വിഭാഗത്തിലും പെട്ടവരാണത്രേ. ദ്രാവിഡന്മാര്‍ സിന്ധു തടങ്ങളില്‍ മഹത്തായ ഒരു നാഗരികതയും സംസ്‌കാരവും പടുത്തുയര്‍ത്തി. എന്നാല്‍ സിന്ധു നദീതട സംസ്‌കാരം രൂപപ്പെടുന്നത് ബി.സി.ഇ 3300 ലാണ്. അതിനും മുമ്പ് ഇവിടുത്തെ പൂര്‍വവാസികള്‍ ബി.സി.ഇ 7000 മുതല്‍ തുടങ്ങിയതും 2500 വരെ നിലനിന്നിരുന്നതുമായ ഒരു സംസ്‌കാരം കെട്ടിപ്പടുത്തിരുന്നു. മെഹര്‍ഗഢ് സംസ്‌കാരം എന്നറിയപ്പെടുന്ന ഇത് ഇന്നത്തെ പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ബോളാന്‍ ചുരത്തോടു ചേര്‍ന്ന് കച്ച് മേഖലയിലാണ് നിലനിന്നിരുന്നത്. തെക്കേ ഏഷ്യയില്‍ കൃഷിയും കാലിവളര്‍ത്തലും ആരംഭിച്ചത് മെഹര്‍ഗഢ് വാസികളാണ് എന്നാണ് കരുതപ്പെടുന്നത്.

പാകിസ്ഥാനിലെത്തന്നെ മോഹഞ്‌ജൊദാരൊ, ഹരപ്പാ, ലോത്തല്‍ തുടങ്ങിയ നഗര കേന്ദ്രങ്ങളില്‍ വളര്‍ന്നു വന്ന ദ്രാവിഡസംസ്‌കാരത്തിന്റെ വികാസത്തോടെ മെഹര്‍ഗഢിലെ പൗരാണിക കര്‍ഷകഗ്രാമസംസ്‌കാരം തകര്‍ന്നു. സിന്ധു നാഗരികതയാകട്ടെ, ബി.സി.ഇ 3300 മുതല്‍ 1200 വരെ നിലനിന്നു. ആര്യന്മാരുടെ വരവും സിന്ധു നദിയിലുണ്ടായ പ്രളയവും നിമിത്തം പിന്നീടതും ക്ഷയിച്ചു. ദക്ഷിണേന്ത്യയിലേക്കാണ് അവര്‍ പലായനം ചെയ്തത്. ദക്ഷിണേന്ത്യയിലെ മലയാളികള്‍, കന്നഡികര്‍, തമിഴര്‍, തെലുങ്കര്‍, തുളുവര്‍ എന്നിവര്‍ക്കു പുറമേ പാകിസ്ഥാനിലെ പ്രഹൂയികളും ബീഹാറിലും ഒറീസ്സയിലും ബംഗ്ലാദേശിലും നേപ്പാളിലും മറ്റുമുള്ള ഖുരുക്ക് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും ദ്രാവിഡരുടെ പിന്മുറക്കാരാണെന്നു കരുതാം.

മറ്റൊരു വസ്തുത കൂടിയുണ്ട്. സംസ്കൃതത്തിലും പൌരാണിക ഇറാനിയന്‍ ഭാഷകളിലും അസുരന്‍, ദേവന്‍ എന്നീ രണ്ടു വാക്കുകള്‍ക്കും നല്ല അര്‍ത്ഥങ്ങളാണുള്ളത്. എന്നാല്‍ ഇറാനിയന്‍ പുരാണങ്ങളില്‍ അഹുരന്‍ (ഇതാണ് ഇന്ത്യന്‍ പുരാണങ്ങളിലെ അസുരന്‍. നമ്മുടെ സിന്ധു ഇറാനില്‍ ഹിന്ദു ആയതു പോലെ) ഉത്തമനും ദേവന്‍ അങ്ങേയറ്റം വെറുക്കപ്പെട്ടവനുമാണ്. എന്നാല്‍ ഇന്ത്യയിലാവട്ടെ, നേരെ തിരിച്ചും. യഥര്‍ത്ഥത്തില്‍ ഇതും ആര്യ രാഷ്ട്രീയ പ്രശ്നത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

മഹാബലിയും മാവേലിയും

നമ്മുടെ (കേരളത്തിലെ) മാവേലിമിത്ത് ഉത്തരേന്ത്യയില്‍ വാമനമിത്താണ്. വാമനൻ പ്രോട്ടഗോനിസ്റ്റായി വരുന്ന ആര്യ, ബ്രാഹ്മണ മിത്തിനെ മാവേലി (മഹാബലി എന്ന സംസ്കൃത നാമത്തേയും നമ്മള്‍ മാറ്റി) കേന്ദ്രസ്ഥാനത്തു വരികയും വാമനൻ ആന്റഗോനിസ്റ്റാവുകയും ചെയ്യുന്ന മാവേലിമിത്തായി രൂപപ്പെടുത്തിയതില്‍ കേരളത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ അവബോധവും കീഴാള ഉണര്‍വ്വും പങ്കു വഹിച്ചിരിക്കാമെന്ന് ഈ കുറിപ്പുകാരന്‍ വിശ്വസിക്കുന്നു. മാത്രവുമല്ല, അതില്‍ പരസ്പരം സ്നേഹവും വിശ്വാസവുമുള്ള പൌരന്മാരെ ഉള്‍ക്കൊള്ളുന്ന സമത്വസുന്ദരനൈതിക ലോകത്തെക്കുറിച്ച സങ്കല്പവും സ്വപ്നവുമുണ്ട്. അന്നിലക്ക് ഉജ്വലമാണ് മാവേലിമിത്ത്. ആര്യ ബ്രാഹ്മണ വാമനന്‍ ഇതില്‍ പ്രതികഥാപാത്രമായി മാറുകയാണല്ലോ.

മുകളില്‍ പറഞ്ഞ പോലെ ചിങ്ങത്തിലെ ആഘോഷത്തെ മാവേലിക്കഥയിലേക്ക് പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണ്. ഇത് കേരളത്തിന്റെ കൊയ്ത്തുത്സവമാണ്, ഹിന്ദുവിന്റെ മതാഘോഷമല്ല.

ചിങ്ങം മുഴുവന്‍ ആഘോഷവേളയാണ്. അതു കൊണ്ടാണ് അത്തം തൊട്ടുത്രാടം വരെയും പിന്നെ തിരുവോണവും അതുകഴിഞ്ഞ് അവിട്ടവും ചതയവുമെല്ലാം വ്യത്യസ്തപേരുകളിലുള്ള  ആഘോഷങ്ങളായത്. എന്നാല്‍ ചിങ്ങത്തിലെ തിരുവോണ നാളിന് പ്രത്യേക പ്രാധാന്യം കൈവന്നതിനെപ്പറ്റി വ്യത്യസ്ത സിദ്ധാന്തങ്ങളുണ്ട് ചരിത്രകാരന്മാര്‍ക്കിടയില്‍. അതിലൊന്നാകട്ടെ മുസ്ലിം ചരിത്രവുമായാണ് ബന്ധപ്പെടുന്നത്. കേ(ചേ)രളത്തിന്റെ അവസാന ചക്രവര്‍ത്തി (പെരുമാള്‍), അതായത് അവസാനത്തെ ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ച് അറേബ്യയിലേക്കു പോയത് ചിങ്ങത്തില്‍ തിരുവോണം നാളിലാണെന്നതാണത്. (ഒരു സിദ്ധാന്തമണ്. ശരിയോ തെറ്റോ ആവാം). എന്നാല്‍ ഇതിനെ ശക്തിപ്പെടുത്തുന്ന മറ്റൊരു സിദ്ധാന്തവും കൂടിയുണ്ട്. കൊല്ലവര്‍ഷക്കലണ്ടര്‍ കണക്കാക്കിത്തുടങ്ങിയത് പെരുമാളിന്റെ യാത്രയോടെയാണെന്നതാണത്. എന്റെ അഭിപ്രായത്തില്‍ ഇതിനും ബലം നല്‍കുന്ന മറ്റൊരു വസ്തുതയുണ്ട്. രാശിചക്രമനുസരിച്ച് കലണ്ടര്‍ യഥാര്‍ത്ഥത്തില്‍ തുടങ്ങേണ്ടത് മേടത്തിലാണ്. (മേടം ഒന്നാണല്ലോ വിഷു). എന്നാല്‍ കൊല്ലവര്‍ഷക്കലണ്ടര്‍ എന്തു കൊണ്ട് ചിങ്ങത്തില്‍ തുടങ്ങുന്നു? ഇതിന്റെ ഉത്തരം പെരുമാളിന്റെ യാത്രയാണ് കൊല്ലവര്‍ഷം തുടങ്ങിയതിന്റെ നിദാനമെന്നും (കൊയിലാണ്ടിയിലെ പന്തലായനിക്കൊല്ലത്തു നിന്ന് കപ്പലേറിയതുകൊണ്ടാ‍ണത്രേ അത് കൊല്ലവര്‍ഷമായത്) ആ യാത്ര ചിങ്ങത്തിലായതു കൊണ്ടാണ് ആ മാസം കലണ്ടറിന്റെ ആരംഭമായതെന്നുമാവാനേ തരമുള്ളൂ. (ഇക്കാര്യം കൂട്ടത്തില്‍ ഒരറിവിനു വേണ്ടി പറഞ്ഞതാണ്. ഒരു സിദ്ധാന്തം നിലവിലുള്ളതു സൂചിപ്പിച്ചതാണ്. എന്തായാലും ചിങ്ങം മുഴുവനും മലയാളിക്ക് ആഘോഷമായിരുന്നുവെന്നതാണ് വസ്തുത).

അതേസമയം കേരളം കടന്നുപോയ അതിന്റെ ഫ്യൂഡല്‍ കാലയളവില്‍ കൊയ്ത്തിനും മെതിക്കും അധ്വാനം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാവുകയും എന്നാല്‍ അതിന്റെ ഫലമനുഭവിക്കുന്നതില്‍ നിന്ന് അകറ്റപ്പെടുകയും ചെയ്ത വലിയൊരു വിഭാഗമുണ്ടായിരുന്നു. അവരുടെ പിന്‍മുറക്കാര്‍ ഇന്നുമുണ്ട്. അവര്‍ ഭൂരഹിതരാണ്. ഓണം ആഘോഷിക്കാന്‍ കാണം (ഭൂമി എന്നും അര്‍ത്ഥമുണ്ടല്ലോ അതിന്) വില്‍ക്കണമെന്ന് അവരോട് പറയുന്നതു തന്നെ മനുഷ്യത്വരഹിതമായ സവര്‍ണവിനോദമല്ലാതൊന്നുമല്ല. മലയാള മണ്ണിന്റെ കൊയ്ത്തും സമൃദ്ധിയും മലയാളത്തുകാരായ സകല സ്ത്രീപുരുഷന്മാര്‍ക്കുമുള്ളതാവണം. പ്രത്യേകിച്ചും നാം പാടുന്ന മാവേലിപ്പാട്ടിന്റെ തന്നെ സന്ദേശം അതായിരിക്കേ. ഈ ചിന്തയുടെ അഭാവത്തില്‍ ഒരാഘോഷത്തിനും പ്രസക്തിയില്ലാതാവും.