സഞ്ചരിക്കുന്ന വാക്കുകൾ

img-20160730-wa0055

-ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

 

(എന്റെ പുതിയ പുസ്തകത്തിന് -മക്ക, കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ അവതാരിക)

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

എന്റെ ആത്മമിത്രം മുഹമ്മദ് ശമീം തന്റെ ഏറ്റവും പുതിയ പുസ്തകത്തിന് (മക്ക: കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക് ) കുറിപ്പ് എഴുതുവാനാവശ്യപ്പെട്ടത് ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. ഒഴിവു കഴിവുകളും  രംഗത്തെ എന്റെ അറിവില്ലായ്മയെപ്പറ്റിയുള്ള കാര്യവും പറഞ്ഞെങ്കിലും ശമീം വിട്ടില്ല. മുഹമ്മദ് ശമീമിനെ വര്‍ഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന് മതപരമായ വിഷയത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ട്. മികച്ച പ്രഭാഷകനാണ്. എന്നാല്‍ ഒട്ടും മതവേഷധാരിയല്ല. പലപ്പോഴും ഒരു നൊമാഡിന്റെ വേഷമാണു താനും. മതപരമായ അറിവിന്റെയും ആഴക്കാഴ്ചയുടെയും കാര്യത്തില്‍ എന്നെ ഇത്രയേറെ അമ്പരപ്പിച്ച ഒരു യുവപണ്ഡിതനെ ഞാന്‍ കണ്ടിട്ടില്ല. ഇതര മതങ്ങളെ ആഴത്തില്‍ പഠിക്കുന്ന കാര്യത്തിലും ആള്‍ മിടുക്കനാണ്. ഈ പുസ്തകത്തിലൂടെ കടന്നുപോയപ്പോള്‍ ശമീമിന്റെ ജ്ഞാനദൃഷ്ടിയെ കുറേക്കൂടി വിപുലമായി എനിക്കറിയാന്‍ കഴിഞ്ഞു.

ലിയോ ടോൾസ്റ്റോയി
ലിയോ ടോൾസ്റ്റോയി

ഇതെഴുതുന്ന ആള്‍ ഒരു പണ്ഡിതനല്ല; സര്‍ഗാത്മക സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. വിവിധ മതപ്രസ്ഥാനങ്ങളുടെ വ്യവസ്ഥാപിത ശൈലികളോട് എന്നും കലഹിച്ച ചരിത്രമാണ് സര്‍ഗാത്മക ലോകത്തിന് ഏറെ പറയാനുണ്ടാവുക. സര്‍ഗാത്മക സാഹിത്യത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സ് സത്യത്തില്‍ ആത്മീയതയാണ്- ഇത് ഒരു വൈരുധ്യമായി കുടികൊള്ളുന്നു. ലിയോ ടോള്‍സ്റ്റോയിയെയായിരിക്കും നമുക്ക് പെട്ടെന്നോര്‍മ വരിക. ബൈബിള്‍ മൂല്യത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ഉരുവം കൊണ്ടതെന്നു കാണാം. എന്നാല്‍ ചര്‍ച്ച് ടോള്‍സ്റ്റോയിക്കെതിരായിരുന്നു. ടോള്‍സ്റ്റോയിയുടെ ലോകപ്രശസ്തമായ ഒരു കഥയുണ്ട്- Three Saints. ടോള്‍സ്റ്റോയി എത്രകണ്ട് ആത്മീയ പുരുഷനായിരുന്നു എന്നതിന് അനേകം തെളിവുകള്‍ അദ്ദേഹത്തിന്റെ കൃതിയിലുണ്ട്. എന്നിട്ടും ചര്‍ച്ചുമായി അദ്ദേഹത്തിനു സംഘട്ടനത്തിലേര്‍പ്പെടേണ്ടിവന്നു എന്നും വ്യവസ്ഥാപിത മതഘടനയില്‍ നിന്നു പുറത്തായി എങ്ങനെ അദ്ദേഹം ‘തെമ്മാടിക്കുഴി’യിലകപ്പെട്ടു എന്നും ഇന്നു നമുക്കറിയാം. പള്ളിക്കുള്ളിലല്ല, പുറത്താണ് ആത്മീയ പ്രസരണം വേണ്ടതെന്ന് ഇതുപോലുള്ള അനേകം സര്‍ഗാത്മക സാഹിത്യകാരന്മാര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നിരന്തരമായി പറഞ്ഞിട്ടുണ്ട്. ചര്‍ച്ചിന്റെ നൈതിക മൂല്യങ്ങള്‍ മതത്തിന്റെ യഥാര്‍ത്ഥ സത്തക്ക് നേര്‍വിപരീതമായാണ് മിക്കപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് അവര്‍ അടിവരയിട്ടിട്ടുണ്ട്. വലത്തേ കരണത്തടിച്ചവനു നിന്റെ ഇടത്തേ കരണം കാണിച്ചുകൊടുക്കുക എന്ന യേശുവചനവും കുരിശുയുദ്ധവും തമ്മില്‍ ഒന്നുചേര്‍ത്തുവെച്ചാല്‍ മാത്രം ഈ വൈരുധ്യത്തെ നമുക്ക് കാണാന്‍ കഴിയും. കുരിശുയുദ്ധത്തില്‍ നടത്തിയ നരഹത്യയുടെ റെക്കോര്‍ഡ് ഭേദിക്കാന്‍ കഴിയാതെ ദു:ഖിച്ചാവും അഡോള്‍ഫ് ഹിറ്റ്‌ലറും ജോസഫ് സ്റ്റാലിനും കടന്നുപോയിട്ടുണ്ടാവുക! മാര്‍ക്‌സിന്റെ ജീവിതത്തെയും സ്റ്റാലിന്റെ ജീവിതത്തെയും ഒന്ന് ഒത്തുവെച്ചു നോക്കിയാലും നമുക്കീ വൈരുധ്യം മനസ്സിലാക്കാം.

കേരളത്തിലെ മുസ്‌ലിം മതവിദ്യാഭ്യാസം ഇപ്പോഴും പ്രായപൂര്‍ത്തിയെത്തിനില്‍ക്കുന്ന (matured) ഒന്നല്ല എന്ന അഭിപ്രായമുള്ള ആളാണ് ഈ കുറിപ്പുകാരന്‍. അനുഷ്ഠാനബന്ധിതമായ സങ്കല്‍പത്തിനപ്പുറം അത് ഒട്ടും യാത്ര ചെയ്തിട്ടില്ല എന്നല്ല; ഇപ്പറഞ്ഞതിനപ്പുറം മതം പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും അതിന്റെ മാനസിക ചക്രവാളം മിക്കപ്പോഴും വിശാലമല്ല. അനുഷ്ഠാനപരമായ വിതാനമാണ് അതിന്റെ അവസാന ലോകം. അത് രൂപമായിക്കണ്ട് ഭാവമായി പടരേണ്ട സന്ദര്‍ഭങ്ങളെ നമ്മുടെ പുരോഹിതരും പണ്ഡിതരും മതപ്രാസ്ഥാനികരും എന്നും തുരങ്കം വെച്ചു. പാണ്ഡിത്യത്തെ അധികാരലബ്ധിയാക്കി അതു കെട്ടിയിട്ടു. ഏതുതരം അധികാരങ്ങളും ചോദ്യങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ കാണാറുള്ളൂ. അധികാരത്തിനും സഹിഷ്ണുതയ്ക്കും ഇരു ചേരിയില്‍ നില്‍ക്കാനേ കഴിയൂ. ഇവിടെയും അതു സംഭവിച്ചു. മതത്തിനു പുറത്തുള്ളവരുടെ വിമര്‍ശനങ്ങളുടെ നൂറിരട്ടി പകയോടെ മതത്തിനുള്ളിലുളള വിമര്‍ശകരെ അത് നേരിട്ടു. ചേകന്നൂര്‍ വധം ഉദാഹരണം. വളരെ political ആയ ഒരു മതത്തിന്റെ കൈകാലുകള്‍ അരിഞ്ഞിട്ട വിലാപഗീതമാണത്. ഭയം ഒരുപകരണമാക്കി ചിന്തകളെ നിരന്തരം തടഞ്ഞു. ചിന്തിക്കുന്നവരേ, നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നു ആവര്‍ത്തിച്ചുപറഞ്ഞ വേദപുസ്തകത്തെ വെറും ഒച്ചകളും ശീലുകളും ഭയാത്മക ആശ്രയാത്മരൂപങ്ങളുമാക്കി അത് പരിവര്‍ത്തിപ്പിച്ചുകൊണ്ടേയിരുന്നു. അനുഷ്ഠാന കാര്യങ്ങളുടെ ശാഠ്യങ്ങളില്‍ അഭിരമിച്ച് എത്രയോ ‘പണ്ഡിതന്മാര്‍’ കാലഗതി പൂണ്ടു. ഒച്ചകളുടെ ജയിലഴികളില്‍ ആശയം നിരാലംബമായി. പണ്ഡിതന്മാര്‍ എന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന പലരും ഗ്രന്ഥം ചുമക്കുന്ന ജീവികളായിപ്പോയി. ഇവരില്‍ എഴുത്തുകാര്‍ എന്നു പറയുന്നവരില്‍ ബഹുഭൂരിഭാഗവും അറബിഗ്രന്ഥങ്ങളുടെ പരിഭാഷക്കാരാണെന്ന് കാണാം. അതാതു ദേശത്തിന്റെ പ്രത്യേകതകളെ കണക്കിലെടുത്ത് ആ സംസ്‌കാരത്തെ തന്നെ ഒരു വിനിമയ ഭാഷയാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മതപ്രവര്‍ത്തകര്‍ എന്നാല്‍ ഒരു ട്രേഡ് യൂണിയന്‍ പോലെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരുടെതായി. പുറത്തുനിന്നുള്ള വിഷയങ്ങള്‍ ശ്രദ്ധിക്കാന്‍ ഇവര്‍ വിമുഖരായി. തന്റെ മതത്തിനു പുറത്തുള്ള കാര്യങ്ങളിലേക്ക് മതസൗന്ദര്യശാസ്ത്രത്തെ കൊണ്ടുപോകുന്നതിനു പകരം പ്രത്യേക കമ്യൂണുകളായി പ്രവര്‍ത്തിക്കാനാണ് അതിനു താല്‍പ്പര്യം. മതമൂഢത എന്ന വാക്ക് ഇതിനു യോജിക്കുമോ എന്നറിയില്ല. അതുകൊണ്ട് ആദ്യം അടച്ചിട്ടത് മുഖ്യധാരാ വിനിമയങ്ങളെയാണ്. തങ്ങളുടേതായ ചെറുലോകത്തിലേക്ക് ഇസ്‌ലാമിനെ ചുരുക്കി അവര്‍ പ്രോക്രസ്റ്റിന്റെ കട്ടിലുകള്‍ യഥേഷ്ടം നിര്‍മിച്ചു. ഇന്നും അതിനു സാരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. ഈ സ്വയം കമ്യൂണുകള്‍ വികാരത്തിന്റെയും അപരവിദ്വേഷങ്ങളുടെയും പുറത്ത് അതിന്റെ ആഹാരവും പ്രജനനവും തേടുന്നതു കാണാം. മതത്തിന്റെ പേരില്‍ പ്രവാചകന്‍ ഒരിക്കല്‍ പോലും തര്‍ക്കത്തിലോ സംവാദത്തിലോ ഏര്‍പ്പെട്ടതായി എന്റെ വായനയില്‍ പെട്ടിട്ടില്ല. ഇങ്ങനെ ഇത്തിരി വട്ടത്തിലെ ലോകത്തില്‍ പ്രജാപതികളായി വാഴുന്നവര്‍ ഇസ്‌ലാം എന്ന ആശയത്തിന്റെ വ്യാപനത്തെ വമ്പിച്ച നിലയില്‍ ഉപരോധിക്കുന്നതായാണ് കാണാന്‍ കഴിയുക.

ഗള്‍ഫ് കുടിയേറ്റത്തിന്റെ ഫലമായി വന്ന സാമ്പത്തികലബ്ധിയോടെ കേരളത്തില്‍ പെട്ടെന്ന് അത് മതവ്യവസായമായി വളരുകയും ചെയ്തു. ലോകത്തിലെ എല്ലാ അപരിഷ്‌കൃത സമൂഹവുമെന്നപോലെ നാം യുക്തിയെ നിരാകരിക്കുകയോ തരാതരം പോലെ ഉപയോഗിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ മകരവിളക്കായാലും വിശുദ്ധ രോമമായാലും ഒക്കെ പ്രായോഗിക തലത്തില്‍ ഒന്നായിത്തീരുന്നു.

സിയാവുദ്ദീൻ സർദാർ
സിയാവുദ്ദീൻ സർദാർ

മതടൂറിസത്തെക്കുറിച്ച് ഏറ്റവും ഉച്ചത്തില്‍ പറഞ്ഞ ആള്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ തന്നെയാവണം. Desperately Seeking Paradise ആയാലും Mecca: The Sacred City ആയാലും മതം വിവിധ വ്യവസായമായും അധികാരത്തിന്റെ പുത്തന്‍ രൂപമായും പരിണമിക്കുന്നതിന്റെ ഉത്ക്കണ്ഠകളാണ് പങ്കുവെക്കുന്നത്. അധികാരം, വ്യവസായം എന്നിവയെ കേന്ദ്രീകരിച്ചുണ്ടായ ആഗോളീകരണ കാലത്തെ മതലോബികള്‍ നൈതിക വിചാരങ്ങളുടെ ശത്രുപക്ഷത്ത് കുടിക്കൊള്ളുക മാത്രമല്ല ചെയ്യുന്നത്. പുതിയ നൈതിക സങ്കല്‍പങ്ങളെ വ്യാജമായി അത് ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ മാത്രം ഒരുദാഹരണം പറയാം. വിശുദ്ധ രോമത്തെ കേന്ദ്രീകരിച്ച് സമീപ കാലത്തുണ്ടായ മതവ്യവസായ സംരംഭത്തെപ്പറ്റി അതേ സംഘടനയിലുള്ള യുവാക്കളോട് അന്വേഷിച്ചുനോക്കൂ. അവര്‍ ഒരു പുഞ്ചിരികൊണ്ട് ആ വിഷയത്തില്‍ നിന്നു തെന്നിമാറി സംഘടനയുടെ പുതിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും അതിന്റെ നന്മകളെപ്പറ്റിയും പെട്ടെന്ന് വാചാലരാവുന്നതു കാണാം. ഇത് ആഗോളീകരണ കാലത്തിന്റെ പുതിയ നൈതിക നയസങ്കല്‍പമാണ്. മകരവിളക്കിലും ഭക്തരായ യുവാക്കളില്‍ ഈ നിലപാടാണെന്നു കാണാം. ദ്വന്ദ്വ നൈതികബോധംമെന്നോ കപട നൈതികബോധമെന്നോ വിളിക്കാവുന്ന, അവനവന്‍ പോലുമറിയാതെ അവനവനെ കബളിപ്പിക്കുന്ന ഒരു സാമൂഹ്യമനസ്സ് ചിന്തയില്‍ സ്തംഭിച്ചു നില്‍ക്കുന്നുണ്ട്. ഒരു മറുപടിയിലേക്കോ സത്യാന്വേഷണത്തിലേക്കോ അത് ഒരിഞ്ച് മുന്നോട്ട് ചലിക്കില്ല. ചിന്തയില്‍ നിന്ന് ചന്തയിലേക്കുള്ള ഈ ദൂരത്തെ മറ്റൊരര്‍ത്ഥത്തില്‍ മുഹമ്മദ് ശമീം വിചാരണക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതെഴുന്ന ആള്‍ ഇതേ സമയത്ത് സൗദി അറേബ്യയിലായിരുന്നു. അനേകം മുസ്‌ലിം മതചിഹ്നങ്ങളെ പ്രദര്‍ശിപ്പിക്കുന്ന നാടുകളിലൊക്കെ പോയി. കൂട്ടത്തില്‍ ഉംറയും നിര്‍വഹിച്ചു. ഒട്ടേറെ പൊളിച്ചുമാറ്റലുകള്‍ക്കിടയിലും മക്ക എന്റെ ആത്മാവിനെ സ്പര്‍ശിക്കുകയും മദീന കണ്ണുകളെ മാത്രം തൊടുകയും ചെയ്തു. അതൊന്നുമല്ല പ്രധാന കാര്യം. ഹിറാ മലയും അതിലെ ഗുഹാ പരിസരവും എന്റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. ഹിറാ മലയോളം, ആ ഗുഹാ പരിസരത്തോളം വൃത്തിഹീനമായി സൂക്ഷിക്കുന്ന ഒരിടവും സൗദി അറേബ്യയില്‍ കണ്ടിട്ടില്ല. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്ത അനേകം ഭിക്ഷാടക മാഫിയകളാലും അശ്രദ്ധമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്, ഭക്ഷണ മാലിന്യങ്ങളാലും അതു കരളലയിക്കുന്ന കാഴ്ചയായി. അടുത്തതവണ വരുമ്പോഴേക്കും ഇത്രയും കരുത്ത് ശരീരത്തിനുണ്ടാവില്ല എന്ന തോന്നലില്‍ വളരെ പ്രയാസപ്പെട്ട് അന്തമറ്റ പാറക്കെട്ടുകള്‍ കുമിഞ്ഞുകിടക്കുന്നതു പോലുള്ള ആജാനബാഹുക്കളായ പാക്കിസ്ഥാന്‍ അഫ്ഗാന്‍കാരുടെ ഇടയിലൂടെ ശ്വാസംമുട്ടി നൂണ്ടിറങ്ങി ആ ഗുഹാ കവാടം ഒന്നു കണ്ടു മടങ്ങി.

ഇസ്‌ലാമിന്റെ ചിന്ത ഉരുവംകൊണ്ട ഒരിടം എത്രകണ്ട് വൃത്തിഹീനമായി സൂക്ഷിക്കപ്പെടുന്നു എന്നതിനു സത്യത്തിന്റെ പ്രതീകാത്മകത്വമുണ്ട്. അവിടെ ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം ഒരു ചന്ത സാധ്യമല്ല. മറ്റു ഇടങ്ങളില്‍ അതു സാധ്യമാണ്. ഒരു ചിന്താസ്ഥലത്തെ പ്രകൃതിദത്തമായ ക്യൂബിക് പ്രതലം ഒളിപ്പിച്ചുവെച്ചിരിക്കുന്നു! അഭയം നല്‍കിയിരിക്കുന്നു. പ്ലാസ്റ്റിക്-ഭക്ഷണ മാലിന്യങ്ങള്‍ കൊണ്ട് അത് നിരന്തരം അഭിഷേകം ചെയ്യപ്പെടുമ്പോഴും.

ഹിറാ ഗുഹ
ഹിറാ ഗുഹ

ഇസ്‌ലാം ചിന്താലോകത്തെ തിരസ്‌കരിക്കുന്നതിന്റെ പിഴ ലോകത്തെമ്പാടുമുള്ള പാവപ്പെട്ട നിരപരാധികളായ മുസ്‌ലിംകള്‍ അടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചരിത്രം നിരന്തരമായി ആവര്‍ത്തിച്ചു ബോറടിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ലോകത്തിലെ ഏതു യുദ്ധത്തിനും കലാപങ്ങള്‍ക്കും പിന്നില്‍ കച്ചവട, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മാത്രം. സാധാരണ ജനത മാധ്യമങ്ങളുടെ യുദ്ധവര്‍ണ്ണനകളിലും സെന്റിമെന്റല്‍ക്കഥകളിലും ആശങ്കകളിലും അഭിരമിച്ചുകൊള്ളും. സത്യം കടലിനടിയിലാണ്. തിരകള്‍ മാത്രം അടിച്ചുവീശിക്കൊണ്ടിരിക്കുകയും ചെയ്യും! താലിബാനിലായാലും കുരിശു യുദ്ധത്തിലായാലും ഗുജറാത്തിലായാലും ബൊക്കോ ഹറാമിന്റെ നൈജീരിയയിലായാലും വ്യത്യാസമൊന്നുമില്ല!!

ഷിയ, സുന്നി, ശാഫി, ഹനഫി, ഖവാരിജുകള്‍, മുഅ്തസിലകള്‍, മാലികി, ഹന്‍ബലി എന്തായാലും രക്തച്ചൊരിച്ചില്‍ ഒരു പ്രധാന സന്ദേശകാവ്യമായിത്തുടരുന്നു. രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നു രാഷ്ട്രീയത കുടിയൊഴിഞ്ഞുപോകുന്നതുപോലെ മതത്തില്‍ നിന്ന് അതിന്റെ ആത്മീയത കുടിയൊഴിഞ്ഞു പോകുമ്പോള്‍ അവിടെ കാരുണ്യം അര്‍ത്ഥരഹിതമായ ഒരു ഉപചാര പദമായിത്തീരുന്നു. ഒരു ഷിയ പള്ളിയില്‍ നിന്നു മുഹ്‌റം ആഘോഷിച്ച് പുറത്തിറങ്ങിയ ആറു പേരെ ഒരു മുസ്‌ലിം ഭ്രാന്തന്‍ വെടിവെച്ചുകൊന്നതിന്റെ ചോരപ്പാടുണങ്ങാത്ത പള്ളിപ്പടവുകളും ഞാന്‍ സൗദിയില്‍ കണ്ടു. കൊല്ലപ്പെട്ട ആറു പേരില്‍ ഒരാള്‍ അഞ്ച് വയസ്സുള്ള കുട്ടിയായിരുന്നെന്ന് കേട്ട് ഞാന്‍ ഏറെ നേരം തരിച്ചുനിന്നുപോയി. കാരുണ്യം കാരുണ്യം എന്ന് ഒരു മന്ത്രംപോലെ ഉരുവിട്ട പ്രവാചക ജീവിതമെവിടെയെന്ന് ഞാന്‍ മനസ്സാ പരതി. ഒന്നിന്റെ പേരിലും പ്രവാചകന്‍ കരുണയെ നിഷേധിച്ചിട്ടില്ല. നിവൃത്തിയില്ലാത്ത പ്രതിരോധ ഘട്ടത്തില്‍പ്പോലും. പിന്നെ എന്താണ് ഈ മതത്തിന് പറ്റിയത്? അത് സമാധാനം ആശംസിക്കുന്ന അതിന്റെ അഭിവാദനത്തില്‍ നിന്നുപോലും (അസ്സലാമു അലൈക്കും) ആശയത്തെ അതിന്റെ ആത്മാവിലേക്ക് സ്വീകരിച്ചിട്ടില്ല എന്നാണോ മനസ്സിലാക്കേണ്ടത്? ആശയലോകം അടഞ്ഞതിനെപ്പറ്റി മുസ്‌ലിം സമൂഹം ഉത്ക്കണ്ഠപ്പെട്ടില്ല. അനുഷ്ഠാനങ്ങളുടെയും എക്‌സിബിഷനിസത്തിന്റെയും ഇത്തിരി വൃത്തത്തില്‍ വലിയ ഒരാശയലോകത്തെ ചുരുക്കി. ഈ വര്‍ത്തമാനത്തെയാണ് മുഹമ്മദ് ശമീം ഓര്‍മ്മിപ്പിക്കുന്നത്. ഈ പുസ്തകം ഒരു അന്വേഷണ യാത്ര പോലെയാണ്. പോകേണ്ട വഴികളെക്കുറിച്ച് കാര്യമായി മുന്‍വിധികളില്ല. കണ്ടെത്തേണ്ട സത്യത്തെ മാത്രമേ അത് ലാക്കാക്കുന്നുള്ളൂ. പല മുസ്‌ലിം വിദ്യാലയങ്ങളിലും പൊതുചടങ്ങിന് പോകാന്‍ എനിക്ക് മടിയാണ്. വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും ഒരു സാരിത്തുണി കൊണ്ടെങ്കിലും മറച്ചുവിഭജിക്കുന്നത് പലയിടത്തേയും കാഴ്ച. എന്റെ അന്തസ്സിനെ അതു പരിഹസിക്കുന്നതുപോലെ തോന്നും. വിദ്യാലയം ദേവാലയം പോലെയാകാത്തതുകൊണ്ടാണിത്. ആ സങ്കല്‍പം ഉണ്ടായിരുന്നെങ്കില്‍ അവര്‍ മക്കയിലെ പ്രദക്ഷിണത്തെ ഓര്‍ക്കുമായിരുന്നു.

ഈയിടെ കേരളത്തിലെ ഒരു ലീഡിങ്ങ് മതപണ്ഡിതന്റെ പ്രസംഗം പത്രത്തില്‍ വായിച്ചു. ഖുര്‍ആന്‍ കവിതയോ നാടകമോ പോലെ വായിക്കേണ്ടതല്ല. അത്രയും സമ്മതിക്കാം. തുടര്‍ന്ന് പറയുന്ന ഭാഗങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞതിനെ പിന്തുടരുന്നു ഈ പ്രസ്താവനയും. ഇദ്ദേഹം നേരിട്ടും അല്ലാതെയും നടത്തുന്ന ഹോട്ടല്‍, ആശുപത്രി സമുച്ചയങ്ങളില്‍ സ്ത്രീകളായ മുസ്‌ലിം നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍ യഥേഷ്ടം ജോലി ചെയ്യുന്നുണ്ട്. അപ്പോഴാണ് ഈ ‘മതപ്രബോധനം’. മതവ്യാപാരത്തിലെ ഏറ്റവും രുചിയുള്ള വൈകാരിക മാംസമാണ് യാഥാസ്ഥിതികത.

യാഥാസ്ഥിതികത അരക്ഷിതബോധത്തില്‍ നിന്നുണ്ടാവുകയും ഭയപ്പെടുത്തി നിലനിര്‍ത്തുകയും ചെയ്യുന്ന ഒന്നാണ്. ഹിംസയും അതു വഴിവരുന്നു. യുക്തി കൈമോശം വരുന്നതോടെയാണ് ഒരാള്‍ പ്രകോപിതനാവുകയും ഹിംസയിലേക്ക് കടക്കുകയും ചെയ്യുന്നത്. ബാബ്‌രി മസ്ജിദ് പൊളിക്കാനായി പുറപ്പെട്ട കര്‍സേവക്കാരോട് ആനന്ദ് പട്‌വര്‍ധന്‍ തന്റെ രാം കാ നാം എന്ന ഡോക്യുമെന്ററിയില്‍ രാമന്റെ ജനനകാലം ചോദിക്കുന്ന ഒരു രംഗമുണ്ട്. ആ ഇതിഹാസ കഥാപാത്രത്തിന്റെ കാലഗണനയെപ്പറ്റി പറഞ്ഞു പറഞ്ഞ് യുക്തി നഷ്ടപ്പെടുന്നതോടെ കര്‍സേവക്കാരുടെ ആ പ്രാദേശിക നേതാവ് പെട്ടെന്ന് ദേഷ്യപ്പെടുകയാണ്. ഹിന്ദു മതത്തില്‍ മാത്രമല്ല കര്‍സേവക്കാര്‍; എല്ലാ മതത്തിലുമുണ്ട്. താലിബാന്‍കാര്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ബൗദ്ധപ്രതിമ തകര്‍ത്തപ്പോള്‍ മനുഷ്യവംശം അതു കണ്ടു. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെയെല്ലാം സൃഷ്ടിച്ച ദൈവത്തെ രക്ഷിക്കാന്‍ വാളുകളും ബോംബുകളുമായി പടപ്പുകള്‍ പുറത്തിറങ്ങുമ്പോള്‍ നഷ്ടപ്പെടുന്നതും യുക്തിതന്നെ. യുക്തി എന്ന വാക്ക് മതപരമല്ല എങ്കിലും നൈതികയുക്തി എന്ന ഒന്ന് എല്ലാ മതത്തിലുമുണ്ട്. മതങ്ങളുടെ പ്രിസര്‍വേറ്ററാണ് അത്. നൈതികയുക്തി ദുര്‍ബ്ബലപ്പെടുമ്പോള്‍ മതവും ദുര്‍ബ്ബലപ്പെടും എന്നതാണ് സത്യം. ബാബ്‌രി മസ്ജിദ് ബി.ജെ.പി പൊളിക്കും പൊളിക്കും എന്നു പറഞ്ഞ് സംഘര്‍ഷം മൂര്‍ച്ഛിച്ച കാലത്ത്  ഈ നൈതികയുക്തി ഏറ്റവും ഗുണപരമായി ഉപയോഗിച്ച ഒരു വാക്കേ ഞാന്‍ കേട്ടിട്ടുള്ളൂ. അത് സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്. ബാബ്‌രി മസ്ജിദ് തര്‍ക്കത്തെപ്പറ്റി എന്താണഭിപ്രായം എന്ന് പത്രക്കാരന്‍ ചോദിച്ചപ്പോള്‍ ബഷീറിന് ഒരു സംശയവുമുണ്ടായിരുന്നില്ല. അദ്ദേഹം

ബഷീർ
ബഷീർ

പറഞ്ഞു: ആ പള്ളി വിട്ടുകൊടുക്കണം. ആകാശത്തിന് ചുവട്ടിലുള്ള എവിടേയും പള്ളിയാണ്. ഇത് പ്രവാചക വചനമാണ്. അത് മുഹമ്മദ് ഷമീം ഭാഗം ഒന്നിലെ മൂന്നാം അധ്യായത്തില്‍ പറയുന്നുണ്ട്. ഈ വാക്യം ഒരു മതപണ്ഡിതന്റെയോ സംഘടനയുടെയോ  ചുണ്ടില്‍ നിന്നും വന്നില്ല. ഇതു പറയാന്‍ സര്‍ഗാത്കമക രചനയില്‍ ആത്മീയത പ്രസരിപ്പിച്ച ഒരെഴുത്തുകാരന്‍ വേണ്ടിവന്നു. പക്ഷേ, ആരും അതു ചെവിക്കൊണ്ടില്ല. ഇപ്പോഴും പ്രതികാര പോസ്റ്ററുമായി ചിലരെങ്കിലും നടക്കുന്നു. മതവിശ്വാസത്തില്‍ നൈതികയുക്തി പുലര്‍ത്താന്‍ അത്യസാമാന്യമായ സൗന്ദര്യദര്‍ശനം (Aesthetics) വേണം. വികാരമായി പെട്ടെന്ന് പരിണമിക്കാന്‍ സജ്ജമായി നില്‍ക്കുന്ന ഒന്നാണ് മതം. ശുദ്ധീകരിക്കാത്ത വികാരപ്രകടനവും നൈതിക യുക്തിവിചാരവും വിരുദ്ധ ദിശയില്‍ സഞ്ചരിക്കുന്നു.

ഈ ഗ്രന്ഥകര്‍ത്താവ് ഖുര്‍ആന്‍ ചിന്തകളെ കൈയാളുമ്പോള്‍ പ്രധാനമായും മൂന്നുതരം കാഴ്ചകളെയാണ് സ്വീകരിക്കുന്നത്. ഒന്ന്, ഖുര്‍ആനെ ഒരു ചരിത്രവസ്തുവാക്കി അതിനെ താമസയോഗ്യമാക്കുന്നു. രണ്ട്, ഇതര മതവിശ്വാസങ്ങളുമായും ദര്‍ശനങ്ങളുമായും സംയോജിപ്പിക്കുകയോ താരതമ്യം ചെയ്യുകയോ ചെയ്യുന്നു. മൂന്ന്, ഖുര്‍ആനിക ആശയങ്ങളുടെ നേരെ അപനിര്‍മ്മാണരീതി (Deconstruction Theory) ഉപയോഗിച്ച് വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്നു. അനുഷ്ഠാന കാര്യങ്ങളെ ഇങ്ങനെ അപനിര്‍മ്മിക്കുന്ന ഭാഗങ്ങള്‍ എമ്പാടുമുണ്ട്. തത്വചിന്തയേയും ആപേക്ഷികതാ വിചാരത്തെയും നവീനമൂല്യ സങ്കല്‍പ്പങ്ങളെയും ഗ്രന്ഥകാരന്‍ ഉപകരണമാക്കി മുന്നേറുന്നതു കാണാം. മധ്യമ ദര്‍ശനം എന്ന അധ്യായത്തില്‍ പ്ലേറ്റോയെ നിര്‍ത്തി സോക്രട്ടീസ് ഉയരസങ്കല്‍പ്പത്തെ മാറ്റുന്ന കഥ പറയുന്നുണ്ട്. വലുപ്പത്തെക്കുറിച്ചുള്ള ആത്മീയ ചിന്തയാണിത്. എല്ലാ മുസ്‌ലിം പള്ളിയും കഅബയേക്കാള്‍ ചെറുതാണെന്ന് നാം അങ്ങനെ കണ്ടെത്തുന്നു. അങ്ങനെ വാക്ക് തന്നെ ദേവാലയമായിത്തീരുന്നു. ഓര്‍മ്മിപ്പിക്കലിന്റെ ദേവാലയം.
kaabameccadrawing
മതാനുഷ്ഠാനങ്ങളൊന്നും തന്നെ പ്രതീകാത്മകതയെ മാറ്റിനിര്‍ത്തിക്കൊണ്ട് മുന്നേറാനാവുന്ന ഒന്നല്ല. വിവിധ മതദര്‍ശനങ്ങളില്‍ പ്രതീകാത്മകതയെ വിശകലനം ചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്. പക്ഷേ, വിശകലനം വലിയ ചക്രവാളങ്ങളെ ലാക്കാക്കുന്നില്ലെങ്കില്‍ പലപ്പോഴും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ ബന്ധിപ്പിച്ചിടും. മുഹമ്മദ് ശമീം മതചിഹ്നങ്ങളെയും അവയിലെ പ്രതീകാത്മകതയെയും പലപാട് പരിശോധിക്കുകയും കാലികമായ വിശകലനത്തിനു വിധേയമാക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. പുതിയ ചക്രവാളങ്ങളിലേക്കും തുറസ്സിലേക്കുമുള്ള പാതകള്‍ അതു തുറന്നിടുന്നു. മതദര്‍ശനങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ ചുരുങ്ങിയ കാലദേശബോധം വഹിക്കുമ്പോള്‍ അതു മനുഷ്യവിരുദ്ധ പ്രവര്‍ത്തനമായിത്തീരുന്നു. ഒരാളിന്റെ ജനനം, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ മാത്രം തമ്പടിച്ച് മുന്നേറുന്ന, മറ്റൊരര്‍ത്ഥത്തില്‍ വിശ്വാസികളെ ബന്ദിയാക്കിപ്പോകുന്ന പതിവില്‍ നിന്നു പുതിയ  ചക്രവാളത്തിലേക്കും  പരിസരങ്ങളിലേക്കും സൗന്ദര്യദര്‍ശനങ്ങളിലേക്കും ഉയരുന്നില്ലെങ്കില്‍ മതം ritual tool അഥവാ ritual machinery ആയി സ്വയം ചുരുങ്ങും. മാമോദിസ മുക്കല്‍, സുന്നത്ത് കര്‍മ്മം, വിവാഹച്ചടങ്ങ്, മരണാനന്തരച്ചടങ്ങ് എന്നിവയിലൂടെ മാത്രം ബന്ധിപ്പിച്ച് ഒരു സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മതങ്ങള്‍ക്ക് ഏറെക്കാലം കഴിയില്ല. അവന്റെ സാമൂഹ്യപരമായ ആത്മീയ സ്വയംപൂരണങ്ങള്‍ക്ക് അത് വിധേയമാകാന്‍ സജ്ജമാകണം.  മാനവികാംഗത്വം ലഭിക്കുന്ന സാമൂഹ്യ മനുഷ്യനെയാണ് മതങ്ങള്‍ സൃഷ്ടിക്കേണ്ടത്. മതം ഒന്നുകൊണ്ടുമാത്രമല്ല മനുഷ്യന്‍ നന്നാവുന്നത്. മതത്തെ ആത്മീയ ജീവിത പരിസരമാക്കിത്തീര്‍ക്കാനുള്ള വിമലീകരണവും സമകാലീന സമസ്യകളുടെ പൂരണവും അതിനകത്ത് സംഭവിക്കണം. മതം ഒരു യൂണിഫോമിന്റെ  പേരായിച്ചുരുങ്ങുമ്പോള്‍ അത് എളുപ്പം അഴിച്ചുവെക്കാവുന്ന ഒന്നായിത്തീരും. അത് ഹൃദയത്തില്‍ കുടികൊള്ളുകയും കാരുണ്യത്തെ മാത്രം സ്പന്ദിപ്പിക്കുകയും ചെയ്യണം. ഏതു സാഹചര്യത്തിലും യഥാര്‍ത്ഥ ആത്മീയതക്ക് കാരുണ്യത്തെ വിലക്കാന്‍ കഴിയില്ല. അങ്ങനെ വിലക്കാന്‍ കഴിയുന്ന നിമിഷം അത് ആത്മീയതയോ മതവിശ്വാസമോ ആയിത്തീരുന്നതെങ്ങനെ? ഒന്നിന്റെ പേരിലും അത് വെറുപ്പിക്കാന്‍ പഠിപ്പിക്കുന്നില്ല. അന്യമനുഷ്യരെക്കുറിച്ചുള്ള ഉത്ക്കണ്ഠ തന്നെയാണ് ആത്മീയതയും രാഷ്ട്രീയവും. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല എന്ന വളരെ പ്രശസ്തമായ ഒരു പ്രവാചകാധ്യാപനത്തില്‍പ്പോലും  അയല്‍വാസിക്ക് മതമോ വംശമോ ഗോത്രമോ ദേശമോ ഇല്ല. മനുഷ്യന്റെ ഐഡന്റിറ്റി മാത്രമേ ഉള്ളൂ. അതില്‍ കരുണയും സാമ്പത്തിക രാഷ്ട്രീയവുമാണ് ഉടന്‍ പൊട്ടിപ്പുറപ്പെടുന്നത്. സകാത്ത് എന്ന ഏറ്റവും മഹത്തായ ഒരു രാഷ്ട്രീയത്തെ, ‘ഉടന്‍ സാമ്പത്തിക പരിഹാര സിദ്ധാന്ത’ത്തെ മുസ്‌ലിം ലോകത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നതെന്തിന് എന്ന് ഇതെഴുതുന്ന ആള്‍ പലപ്പോഴും ഉത്ക്കണ്ഠപ്പെട്ടിട്ടുണ്ട്. അടുത്ത വീട്ടിലെ ദരിദ്രനായ അമുസ്‌ലിമും സകാത്ത് അര്‍ഹിക്കുന്നുണ്ട്. കേരളത്തില്‍ ജീവിക്കുന്ന ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നുമൊക്കെ വരുന്ന ദരിദ്രരില്‍ ദരിദ്രരായ, തെരുവോരത്ത് കഴിയുന്ന ഭാഷ പോലുമില്ലാത്ത പാവം മറുനാടന്‍ തൊഴിലാളികളില്‍ അനേകമായിരം മുസ്‌ലിംകളുണ്ട്. റമളാന്‍ കാലത്ത് നോമ്പുതുറയില്‍ യഥേഷ്ടം ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ നമ്മളാരും ഈ ആഘോഷത്തിനിടയില്‍ ഇവരെ ഓര്‍ക്കാറ് പോലുമില്ല. സകാത്ത് നല്‍കുമ്പോഴും ഇങ്ങനെ തന്നെ. ആത്മീയതയുടെ കണ്ണുകള്‍ ഇത്തിരി വെട്ടത്തില്‍ മാത്രം ചുരുങ്ങിപ്പോകുന്നതിന്റെ ഒരുദാഹരണമാണിത്. വ്യക്തിപരമായി ഞാനിത് എത്രയോ ആളുകളോട് പറഞ്ഞുനോക്കിയെങ്കിലും ആരും സാരമായെടുക്കാറില്ല. ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മനുഷ്യനെയാണ്. വംശയത്തെയല്ല, വര്‍ഗ്ഗത്തെയല്ല, ദേശീയതയെയല്ല, ഏതെങ്കിലും മതത്തെ പോലുമല്ല. പക്ഷേ, നാം ദൈവത്തെ മലയാളി മുസ്‌ലിമാക്കുന്നു!

ചരിത്രത്തെ സമകാലീനതയിലെത്തിക്കാനും കാലദേശങ്ങളെ ലോകാന്തരീക്ഷത്തിലേക്ക് വിപുലപ്പെടുത്താനും ചെയ്യാന്‍ ക്ഷണിക്കുന്നു, ഈ കൃതി. imag0184