സന്തുലനം -ഇസ്ലാമിക ദർശനം പാഠം മൂന്ന്

Estuary-300x300-newweb

കഴിഞ്ഞ പാഠങ്ങൾ

ഒന്ന്, ഉത്തമസമുദായം

രണ്ട്, മധ്യമസമുദായം 

മധ്യമദര്‍ശനത്തെയും മധ്യമിക ജീവിതത്തെയും സംബന്ധിച്ചാണ് കഴിഞ്ഞ പാഠത്തില്‍ പറഞ്ഞത്. വിപരീതങ്ങളുടെ ഐക്യത്തെക്കുറിച്ച തത്വചിന്തകളെപ്പറ്റി അവിടെ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഐക്യത്തെ, വൈരുദ്ധ്യങ്ങളുടെ സമന്വയത്തെ അനിവാര്യമാക്കുന്ന തത്വമാണ് ഖുര്‍ആനിലെ വസ്ത്വിയഃ എന്നും നാമതില്‍ കണ്ടു. മധ്യമമാര്‍ഗം, മധ്യമദര്‍ശനം എന്നിങ്ങനെ അര്‍ത്ഥം കല്‍പിക്കാവുന്ന, വസ്ത്വിയഃ എന്ന ആശയത്തിലൂടെ വൈരുദ്ധ്യങ്ങളുടെ വിശകലനത്തില്‍ പുതിയ രീതിശാസ്ത്രം നിര്‍മിക്കാനുള്ള പ്രേരണയാണ് ഖുര്‍ആന്‍ പകരുന്നത്.

പ്രകൃതി, മനുഷ്യന്‍, അസ്തിത്വം, ജീവന്‍ തുടങ്ങിയ ആശയങ്ങള്‍ തുടക്കം മുതല്‍ക്ക് തന്നെ മനുഷ്യന്റെ ചിന്തകള്‍ക്കും അന്വേഷണങ്ങള്‍ക്കും നിമിത്തങ്ങളായിത്തീര്‍ന്നിട്ടുണ്ട്. പ്രധാനമായും ഇതിന്റെയെല്ലാം ഉറവിടത്തെയും സ്ഥിതിയെയും പരിണതിയെയും സംബന്ധിച്ച ചോദ്യങ്ങള്‍. ഇവ്വിഷയകമായി ഉണ്ടായിട്ടുള്ള തത്വവിചാരങ്ങളെ ഒരു ലളിത സംക്ഷേപണത്തിന് വിധേയമാക്കിയാല്‍, രണ്ട് തരം തത്വങ്ങളാണ് ഉള്ളത് എന്ന് കാണാം. പൊതുവേ ഭൗതികാതീതമായതിനെ നിഷേധിക്കുന്നവരാണ് കേവലഭൗതികവാദികള്‍. നേരെ തിരിച്ച് ഭൗതികലോകത്തിന്റെ അസ്തിത്വത്തെത്തന്നെ നിരാകരിക്കുന്ന സിദ്ധാന്തങ്ങളുമുണ്ട്. ഉണ്മ എന്നാല്‍ കേവലം ഭ്രമമോ ആശയമോ മാത്രമാണെന്ന് അവര്‍ കരുതുന്നു. അതിനാല്‍ ഭൗതികലോകം മിഥ്യയോ ശൂന്യതയോ ആണെന്നും. ഈ നിരാസത്തെയാണ് മതം പ്രോല്‍സാഹിപ്പിക്കുന്നതെന്ന ധാരണ മതത്തിനകത്തും പുറത്തും നിലനില്‍ക്കുന്നുണ്ട്.
fa33e6a3c64f4ce9d077ab990e6f69b5
ഇസ്ലാം ഭൗതികലോകത്തെയോ ഭൗതികജീവിതത്തെയോ നിരാകരിക്കുന്നില്ല. എന്നാല്‍ ഇത് രണ്ടിന്റെയും ഭൗതികമാത്രാഖ്യാനങ്ങളെ അംഗീകരിക്കുന്നുമില്ല.

ഒന്നാമതായും ഭൗതികലോകം എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഖലഖല്ലാഹുസ്സമാവാതി വല്‍ അര്‍ദ ബില്‍ ഹഖ് എന്നാണ് ഒരിടത്ത് പ്രഖ്യാപിക്കുന്നത്. ആകാശഭൂമികളെ അല്ലാഹു പടച്ചത് യാഥാര്‍ത്ഥ്യമായിത്തന്നെയാകുന്നു. അല്‍ഹഖ് എന്നാല്‍ സംശയത്തിനിടയില്ലാത്ത വിധം യാഥാര്‍ത്ഥ്യമാണത് എന്ന് ധ്വനിപ്പിക്കുന്ന ശബ്ദമാണ്. കയറ് കാണുമ്പോള്‍ സര്‍പ്പമാണെന്ന മിഥ്യ (രജ്ജുസ്സര്‍പ്പമിഥ്യ) ജനിക്കുന്ന ഒരേര്‍പ്പാടല്ല ലോകം. പലപ്പോഴും ആത്മീയവാദികള്‍ക്ക് ലോകം ഒരാശയം മാത്രമാണ്. മായ എന്ന തത്വത്തിന്റെ തെറ്റായ വായനയാണത് എന്ന് ആനന്ദകൂമാരസ്വാമി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈശ്വരവൈഭവം ഇഹലോകമായി പ്രത്യക്ഷമാകുന്നതാണ് മായ. അത് കേവലമിഥ്യയല്ല. പരിമാണാത്മകമായ പ്രപഞ്ചപ്രത്യക്ഷങ്ങളുടെ ആവിര്‍ഭാവത്തിന്റെയും വെളിപ്പെടലിന്റെയും തോത് കണക്കാക്കാന്‍ സഹായിക്കുന്ന ഉപാധിയും മാനദണ്ഡവുമാണ് മായ. ഈ മാനദണ്ഡം അനുസരിച്ച് ഒരാള്‍ മിഥ്യയില്‍ അകപ്പെട്ടു എന്നോ ബോധോദയം പ്രാപിച്ചു എന്നോ പറയാം. (Ananda Kentish Coomara Swamyയുടെ Hinduism and Buddhism എന്ന പുസ്തകത്തില്‍ നിന്ന് ജ്യേതിര്‍മയ ശര്‍മ ഉദ്ധരിക്കുന്നത്).

ഈ കാഴ്ചപ്പാട് വളരെ കൃത്യമാണ്. അതായത് ഈശ്വരന്റെ സര്‍ഗാത്മകതയുടെ ഒരു manifestation ആണ് മായ. അത് ലോകമായി പ്രത്യക്ഷമാകുന്നു. അതാകട്ടെ, യാഥാര്‍ത്ഥ്യവുമാണ്. യാഥാര്‍ത്ഥ്യം എന്ന നിലക്ക് തന്നെ ലോകത്തെ സമീപിച്ചേ പറ്റൂ എന്നത് ഖുര്‍ആന്റെ ഖണ്ഡിതമായ നിലപാടാണ്. അതേസമയം യഥാര്‍ത്ഥജ്ഞാനവും ലോകവും എന്നത് നമ്മുടെ ഭൗതികസംവേദനങ്ങളില്‍ ചുരുക്കാവുന്ന ഒന്നല്ല താനും.

ലോകത്തിന്റെ, പ്രകൃതിയുടെ ഉല്‍പത്തിയെയും സ്ഥിതിയെയും സംബന്ധിച്ച ചിന്തകളില്‍, പദാര്‍ത്ഥവാദികളുടെ അന്വേഷണം കേവലപ്രകൃതിയിലോ കേവലഭൗതികത്തിലോ പദാര്‍ത്ഥത്തിലോ ചെന്നെത്തുന്നു. അതേസമയം പദാര്‍ത്ഥാതീതമായ പരമസത്തയെ അംഗീകരിക്കുന്നുവെങ്കിലും ആശയവാദപരമായ നിലപാട് പുലര്‍ത്തുന്ന ആത്മീയവാദികള്‍ പദാര്‍ത്ഥത്തെ ഒരു വിഭ്രമം മാത്രമാക്കുകയും ചെയ്യുന്നു.

ആദികാരണത്തെസ്സംബന്ധിച്ച തത്വവിചാരങ്ങള്‍ ശ്രദ്ധിക്കാം. കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു നിമിത്തകാരണവും ഉപാദനകാരണവും ഉണ്ടാകാം. പ്രതിഭാസങ്ങളുടെ നാല് കാരണങ്ങളെ വിവരിക്കുന്നുണ്ട് അരിസ്റ്റോട്ടില്‍. Matter, Form, Agent, End or Purpose എന്നിവയാണവ. നമ്മുടേതായ രീതിയില്‍ കാരണങ്ങളെ വിശകലനം ചെയ്താല്‍ ഒന്നിന്റെ പ്രത്യക്ഷകാരണമാണ് Material cause. ഇതിനെ Immediate cause എന്നും പറയാം. ഒന്നിന്റെ കാരണപരമ്പരയിലെ അവസാനത്തെ കാരണമാണ് ഇത്. പിന്നെയുള്ളത് ഒന്നിനെ സാധ്യമാക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളും മറ്റുമൊക്കെയാണ്. ഇതിനെ Formal cause എന്ന് വിളിക്കാം. ഒന്നിന്റെ ഉല്‍ഭവത്തിന് അടിസ്ഥാനപരമായ നിമിത്തമായിത്തീരുന്ന കാരണമാണ് അതിന്റെ Agent. ഇതാണ് കാര്യത്തിന്റെ യഥാര്‍ത്ഥനിമിത്തം അതിനാല്‍ ഇതിനെ Efficient cause എന്നും പറയുന്നു. അവസാനമുള്ളത് കാര്യത്തിന്റെ ഉദ്ദേശ്യമാണ് (End or Purpose). Final cause എന്ന് വിളിക്കാറുണ്ട് ഇതിനെ. കാരണത്തെക്കുറിച്ച ഈ സിദ്ധാന്തങ്ങള്‍ മനുഷ്യനെസ്സംബന്ധിച്ചിടത്തോളം അവന്റെ ഉല്‍പത്തി, പരിസരം, ദൗത്യം, മടക്കം (സംപ്രതിഷ്ഠാ) എന്നിവയുടെ കൂടി അന്വേഷണമായിത്തീരുന്നു. അതേസമയം ഇവയില്‍ രണ്ടാമത്തെത് അനുകൂലനങ്ങളെയും നാലാമത്തെത് ഉദ്ദേശ്യത്തെയുമാണ് സൂചിപ്പിക്കുന്നത് എന്നതിനാല്‍ ഒന്നാമത്തെയും മൂന്നാമത്തെയും തത്വങ്ങളെയാണ് പൂര്‍ണമായ അര്‍ത്ഥത്തില്‍ കാരണങ്ങളായി വിശേഷിപ്പിക്കാന്‍ പറ്റുക. അതായത് മെറ്റീരിയല്‍ അഥവാ ഇമ്മിഡിയറ്റ് കോസും (ഉപാദാനം) എഫിഷെന്റ് കോസും (നിമിത്തം).
file-cole-thomas-the-subsiding-of-the-waters-of-the-deluge-1829
ഇപ്രകാരം, പ്രപഞ്ചത്തിന്റെ സാക്ഷാല്‍ക്കാരവുമായി ബന്ധപ്പെട്ട വിവരണത്തില്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഇച്ഛയെ (God’s will) അതിന്റെ നിമിത്ത കാരണമായും അല്ലാഹുവിന്റെ പ്രവൃത്തിയെ (God’s deed) ഉപാദാന കാരണമായും അവതരിപ്പിക്കുന്നു. അതായത് പ്രകൃതി അല്ലെങ്കില്‍ പദാര്‍ത്ഥ പ്രപഞ്ചം അതിന്റെ ആദിമസൂക്ഷ്മാവസ്ഥയില്‍ അല്ലാഹുവിന്റെ ഇച്ഛയിലാണ് നിലകൊണ്ടിരുന്നത്. ഉണ്ടാകണം എന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ പ്രപഞ്ചത്തിന് ഒരു കാര്യകാരണവ്യവസ്ഥയും നിയമവും നല്‍കുന്നതിന്റെ ഭാഗമായി അതിന്റെ രൂപപ്പെടലും വികാസവുമൊക്കെ ഘട്ടം ഘട്ടമായാണ് നടക്കുന്നത് എന്നാണ് വേദഗ്രന്ഥത്തിന്റെ വിവരണം. മനുഷ്യന്റെ ആവിര്‍ഭാവത്തെക്കുറിച്ച വിവരണങ്ങളും ഇപ്രകാരം തന്നെ വായിക്കാം.

ഇനി ഇത് മറ്റൊരു നിലക്ക് പരിശോധിക്കാം. ആശയവാദപരവും ഭൗതികവാദപരവുമായ തത്വചിന്തകളെ ഒരുപോലെ നിരാകരിക്കുകയും എന്നാല്‍ പരസ്പരനിഷേധപരമായ ഈ രണ്ട് ധാരകളിലെയും സത്യങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു ദര്‍ശനം ഈ വിവരണത്തില്‍ നമുക്ക് വായിച്ചെടുക്കാന്‍ പറ്റും. അതായത് പ്രകൃതിക്ക് ഉല്‍പത്തിയും (Genesis) സൃഷ്ടിപ്പും (Creation) ഉണ്ടായിട്ടുണ്ട്. Genesisന്റെ കാരണം God’s will ആണെങ്കില്‍ Creation ന്റെ കാരണം God’s deed ആണ്. Creation നെ നാം Material cause ആയിട്ടാണല്ലോ കണ്ടത്. അതായത് അത് മെറ്റീരിയല്‍ ആണ്. അതേസമയം Genesis, അതിന് കാരണമായിട്ടുള്ള God’s will എന്നിവ കേവലാശയങ്ങളും ആണ്. അതായത് പ്രകൃതിയുടെയും മനുഷ്യന്റെയും ഉല്‍ഭവത്തിനും നിലനില്‍പിനും ആശയപരമായ കാരണങ്ങളുണ്ട്, പദാര്‍ത്ഥപരമായ കാരണങ്ങളുണ്ട്. രണ്ടും യാഥാര്‍ത്ഥ്യമാണ്. ഒന്ന് മറ്റതിന്റെ അനുബന്ധവും രണ്ടും പരസ്പരപൂരകവുമാണ്. അതിനപ്പുറം ഒന്നിന് വേണ്ടി മറ്റതിനെ റദ്ദ് ചെയ്യേണ്ടതില്ല.

ഇത് നിലപാടുകളിലേക്ക് വരുമ്പോഴാകട്ടെ, ശരീരമാത്രമായ ഭൗതികജീവിതത്തെയല്ല ഇസ്ലാം പ്രതിനിധാനം ചെയ്യുന്നത്. അതേസമയം ശരീരത്തെ അവഗണിക്കുക, അതിന്റെ താല്‍പര്യങ്ങളെ നിന്ദ്യമായി കണക്കാക്കുക തുടങ്ങിയ പ്രവണതകളെ അത് ശക്തിയായി നിരാകരിക്കുകയും ചെയ്യുന്നു. ശരീരം ആത്മാവിന്റെ തടവറയോ പരിമിതിയോ അല്ല. ശരീരവും ആത്മാവും പരസ്പരം വസ്ത്രവും വസനവും ആകുന്നു. ഇത് കര്‍മത്തെയും ധര്‍മത്തെയും സംബന്ധിച്ച ഇസ്ലാമിന്റെ നിലപാടായി മാറുന്നു.

ധര്‍മം മധ്യമമാര്‍ഗമാണെന്ന് ബുദ്ധന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇന്ദ്രിയവാഞ്ഛകളിലും ലൗകികസുഖഭോഗങ്ങളിലും സത്യത്തെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അതുപോലെ അര്‍ത്ഥശൂന്യമാണ് കേവലമായ തപസ്സ്, ശരീരപീഡ മുതലായവയും. ഇന്ദ്രിയലോലുപതയുടെ ഭോഗമാര്‍ഗത്തെയും ഇന്ദ്രിയ നിഗ്രഹത്തിന്റെ വൈരാഗ്യമാര്‍ഗത്തെയും വെടിഞ്ഞ് മധ്യമമാര്‍ഗം സ്വീകരിക്കാനാണ് ഗൗതമ ബുദ്ധന്‍ ആഹ്വാനം ചെയ്തത്.

ഇതാണ് ജീവിതത്തിലെ സന്തുലനം. ഇന്ദ്രിയലോലുപതയുടെ ഭോഗമാര്‍ഗത്തെയും ഇന്ദ്രിയനിഗ്രഹത്തിന്റെ വൈരാഗ്യമാര്‍ഗത്തെയും വെടിഞ്ഞ് മധ്യമമാര്‍ഗം സ്വീകരിക്കല്‍. ഇതിന്റെ ആധാരമായ തത്വദര്‍ശനത്തെയാണ് ഇവിടെ വിവരിച്ചതെങ്കില്‍ മറ്റ് ജീവിതപാഠങ്ങളെ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വായിക്കാം.

സന്തുലനം -ഇസ്ലാമിക ദർശനം പാഠം രണ്ട്

dialektik2

‘ഇവ്വിധം നിങ്ങളെ നാം ഒരു മധ്യമസമുദായമാക്കിയിരിക്കുകയാകുന്നു. അങ്ങനെ നിങ്ങള്‍ ലോകജനതയ്ക്ക് സാക്ഷികളാകാന്‍, ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും’ (ഖുര്‍ആന്‍- അല്‍ ബഖറഃ:143).

മനുഷ്യർക്ക് വേണ്ടി നിലകൊള്ളേണ്ടതായ ഉത്തമസമുദായം എന്ന് ഖുർആൻ അതിന്റെ അനുഗാതാക്കളെ വിശേഷിപ്പിക്കുന്നതായാണ്  കഴിഞ്ഞ പാഠത്തിൽ നാം കണ്ടത്. അതോടൊപ്പം മറ്റൊരു വിശേഷണമാണ് ഇവിടെ ഉദ്ധരിച്ച സൂക്തത്തിൽ പറയുന്നത്. അത് ഉമ്മതുൻ വസത്വ് അഥവാ മധ്യമസമുദായം എന്നതത്രേ.

എന്താണ് മധ്യമസമുദായം എന്നതു കൊണ്ടുദ്ദേശിക്കുന്നത്? ഈ പദവും ഇതുകൊണ്ടുദ്ദേശിക്കുന്ന തത്വവുമൊക്കെ ഖുര്‍ആന്റെ അവതരണത്തിന് മുമ്പേ തന്നെയുള്ളതാണ്. മധ്യമദര്‍ശനത്തിന്റെ വക്താക്കളുടെ സമൂഹമാണ് മധ്യമസമുദായം. പ്രവാചകന്മാരുടെ ദര്‍ശനത്തിന്റെ സവിശേഷതയാണത്. തത്വചിന്തകരായി അറിയപ്പെടുന്ന സോക്രട്ടീസും കങ് ഫ്യു ചിസും (Confucius) ശ്രീബുദ്ധനും ഉള്‍പ്പെടെയുള്ള ലോകഗുരുക്കന്മാര്‍ ലോകത്തിനുപദേശിച്ചുകൊടുത്തത് മധ്യമദര്‍ശനമാണ്. കങ് ഫ്യു ചിയന്‍ ദര്‍ശനത്തിന്റെ പ്രധാനസ്വഭാവം തന്നെയാണിത്. ഏറ്റവും ഉയര്‍ന്ന വിതാനത്തിലുള്ള ധര്‍മവും നന്മയും മധ്യമനിലപാടിലാണ് കുടിക്കൊള്ളുന്നതെന്ന് കങ് ഫ്യു ചിസിന്റെ ഗ്രന്ഥമായ ലുന്‍ യുവില്‍ (Analects) പറയുന്നു (The virtue embodied in the Doctrine of the Mean is of the highest order. But it has long been rare among the people – Analects 6:26).

ധര്‍മം മധ്യമമാര്‍ഗമാണെന്ന് ബുദ്ധന്‍ പഠിപ്പിച്ചു. ഇന്ദ്രിയവാഞ്ഛകളിലും ലൗകികസുഖഭോഗങ്ങളിലും സത്യത്തെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അതുപോലെ അര്‍ത്ഥശൂന്യമാണ് കേവലമായ തപസ്സ്, ശരീരപീഡ മുതലായവയും. ഇന്ദ്രിയലോലുപതയുടെ ഭോഗമാര്‍ഗത്തെയും ഇന്ദ്രിയ നിഗ്രഹത്തിന്റെ വൈരാഗ്യമാര്‍ഗത്തെയും വെടിഞ്ഞ് മധ്യമമാര്‍ഗം സ്വീകരിക്കാനാണ് ഗൗതമ ബുദ്ധന്‍ ആഹ്വാനം ചെയ്തത്.പ്രതിബദ്ധതയുടെ മാര്‍ഗമാണ് മധ്യമമാര്‍ഗം. ‘നിങ്ങള്‍ ലോകജനതയ്ക്ക് സാക്ഷികളാകാന്‍’ എന്ന ഖുര്‍ആനിക പ്രയോഗം സൂചിപ്പിക്കുന്നതതാണ്. മധ്യമസമുദായമെന്നാല്‍ (ഉമ്മതുന്‍ വസത്വ്) മധ്യമമാര്‍ഗത്തെ ആദര്‍ശമായി സ്വീകരിച്ചവര്‍ എന്നര്‍ത്ഥം. രണ്ടറ്റങ്ങള്‍ക്കിടയില്‍ മധ്യഭാഗത്ത് നിലകൊള്ളുന്നതിനെയാണ് ഭാഷാപരമായി വസത്വ്, വുസ്ത്വാ എന്നൊക്കെ പറയുക. ഈ നിലയിലാണ് ഇസ്ലാം ഓരോ വിഷയത്തെയും സമീപിക്കുന്നത്.

പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം തോന്നിപ്പിക്കുന്ന ഘടകങ്ങളെ (വിരുദ്ധങ്ങളെ), രണ്ടറ്റങ്ങളെ സമന്വയിപ്പിക്കുന്ന ഒന്നാണ് മധ്യമമാര്‍ഗം എന്നതാണ് മധ്യമദര്‍ശനത്തിന്റെ പ്രധാനതലം. ചിന്തയിലും കര്‍മത്തിലും മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകളുമായിക്കൂടി ഈ ചര്‍ച്ച ബന്ധപ്പെടുന്നുണ്ട്.

വിരുദ്ധങ്ങളുടെ സമന്വയം എന്നത് ജീവിതവികാസത്തിന്റെ അനിവാര്യതയാകുന്നു. വിപരീതങ്ങളുടെ ഐക്യം (The Unity of Opposites), നിഷേധത്തിന്റെ നിഷേധം (The Negation of the Negation) എന്നീ തത്വങ്ങളിലൂടെയുള്ള വിശകലനം തത്വശാസ്ത്രത്തിന്റെയും ഒരു രീതിയാണ്. നിലനില്‍പിന്റെ തന്നെ അടിസ്ഥാനമായ വൈരുദ്ധ്യങ്ങളെക്കുറിച്ച ചിന്തയില്‍ നിന്നാണ് പ്രാചീനകാലത്തെ ഇന്ത്യയില്‍ പ്രകൃതി-പുരുഷന്‍, ചൈനയില്‍ യിന്‍-യങ് തുടങ്ങിയവയുടെ സംഗമത്തെക്കുറിച്ച തത്വങ്ങളും പുരാണങ്ങളും ഉണ്ടാകുന്നത്. Maieutics എന്ന് പേരുള്ള, സോക്രട്ടീസിന്റെ ക്രോസ് പരിശോധനാ രീതി പ്രസിദ്ധമാണ്. ഒരു തീസീസിന്റെ തിരിച്ചും മറിച്ചുമുള്ള പരിശോധനാ രീതിയിലൂടെ വൈരുദ്ധ്യങ്ങളെ സമന്വയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. സോക്രാട്ടിക് വൈരുദ്ധ്യം, കാര്‍ട്ടീസിയന്‍ വൈരുദ്ധ്യം, ഹെഗലിയന്‍ വൈരുദ്ധ്യം തുടങ്ങിയവ ജീവിതത്തെ വൈരുദ്ധ്യങ്ങളുടെ പരിശോധനയിലൂടെ അനലൈസ് ചെയ്യുന്നതിനുള്ള വ്യത്യസ്ത വഴികളാണ്.

തത്വങ്ങളിലും നിലപാടുകളിലും ചിന്തയിലും ജീവിതത്തിലുമെല്ലാം ഇത്തരത്തില്‍ വൈരുദ്ധ്യങ്ങളുടെ സമന്വയത്തെ അനിവാര്യമാക്കുന്ന തത്വമാണ് ഖുര്‍ആനിലെ വസ്ത്വിയ. മധ്യമമാര്‍ഗം, മധ്യമദര്‍ശനം തുടങ്ങിയ അര്‍ത്ഥകല്‍പനകളിലൂടെ വൈരുദ്ധ്യങ്ങളുടെ വിശകലനത്തില്‍ പുതിയ ഒരു രീതിശാസ്ത്രം നിര്‍മിക്കാനുള്ള പ്രേരണയാണ് വസ്ത്വിയ എന്ന പ്രയോഗത്തിലൂടെ ഖുര്‍ആന്‍ പകരുന്നത്.
tumblr_n30yzkzeih1r12ruio1_500
നീതിക്കും അനീതിക്കുമിടയിലുള്ള നിലപാട്, നന്മതിന്മകള്‍ തമ്മിലുള്ള പോരാട്ടത്തിലുള്ള ബാലന്‍സിങ്, മദ്യപാനിക്കും മദ്യം ഉപയോഗിക്കാത്തവനും ഇടയില്‍ അല്‍പം മാത്രം കുടിക്കുന്നവന്‍ എന്നൊക്കെയുള്ള ലഘൂകരണത്തിലൂടെ ഒരു വലിയ ആശയത്തെ പരിഹസിക്കാന്‍ പ്രത്യേകിച്ച് ചിന്തയും വിവരവുമൊന്നും വേണമെന്നില്ല. വൈരുദ്ധ്യങ്ങള്‍ എന്നത് നന്മ-തിന്മ പോരാട്ടമല്ല. നിലനില്‍പിന്റെ തന്നെ അടിസ്ഥാന തത്വമാണ്. പ്രകൃതിയുടെ മതം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍, അത് സ്വീകരിച്ചവരെയാണ് ഉമ്മതുന്‍ വസത്വ് എന്ന് വിളിക്കുന്നതെങ്കില്‍, വസ്ത്വിയഃ എന്നത് പ്രകൃതിയുടെ മാര്‍ഗമാണ് എന്ന് വരുന്നു. ഈ മധ്യമികതയെത്തന്നെയാണ് നാം സന്തുലിതത്വമായി അടയാളപ്പെടുത്തുന്നത്.

ദര്‍ശനത്തിലും തത്വങ്ങളിലും ഇസ്ലാം സ്വീകരിച്ചിട്ടുള്ള മധ്യമപാഠങ്ങളെ ഇനിയുള്ള അധ്യായങ്ങളില്‍ പരിശോധിക്കാം.

സന്തുലനം -ഇസ്ലാമിക ദർശനം പാഠം ഒന്ന്

5751301741_aa8463e472_b

ഖുര്‍ആന്‍, അത് വിഭാവനം ചെയ്യുന്ന സമൂഹത്തിന് ചില ലക്ഷണങ്ങള്‍ വരയ്ക്കുന്നുണ്ട്.

എല്ലാ മനുഷ്യര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഉത്തമസമുദായം (കുന്‍തും ഖൈറ ഉമ്മതിന്‍ ഉഖ്‌ രിജത് ലിന്നാസ്) എന്നതാണ് അതിലൊന്ന്. ഇത് പരിഗണനകളിലുള്ള ഏത് തരം വിഭാഗീയതകളെയും പൂര്‍ണമായും നിരാകരിക്കുന്ന ഒന്നാകുന്നു. വളരെ കൃത്യമാണ് പ്രഖ്യാപനം. ലിന്നാസ് എന്നാണ്. അന്നാസിന് വേണ്ടി എന്നര്‍ത്ഥം. അന്നാസ് എന്ന സംവര്‍ഗം മനുഷ്യന്‍ എന്നതല്ലാത്ത സകല അടയാളങ്ങളെയും തീര്‍ത്തും നിരാകരിക്കുന്നതാണ്. ഈ നിരാകരണത്തിനും ഉപാധികളൊന്നുമില്ല.

അതേസമയം, മനുഷ്യജീവിതത്തിലെയും സംസ്‌കാരത്തിലെയും വൈവിധ്യങ്ങളെയും തനിമകളെയും ഈ അന്നാസ് കൊണ്ട് റദ്ദ് ചെയ്യുന്ന നിലപാട് അത് സ്വീകരിക്കുന്നില്ല എന്നത് മറ്റൊരു വിഷയമാണ്. സന്തുലനത്തെക്കുറിച്ച പാഠാവലിയില്‍ ഒന്നായി അത് പിന്നീട് വരും.

“അല്ലാഹുവില്‍ ബോധവും ബോധ്യവും അര്‍പ്പിച്ചു കൊണ്ട്, നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന, മനുഷ്യർക്ക് വേണ്ടി നിലകൊള്ളുന്ന ഉത്തമസമുദായം” എന്നാണ് പ്രയോഗം. അടിച്ചമര്‍ത്തപ്പെടുന്ന പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി, നൈതികവും സ്വാതന്ത്ര്യേച്ഛുവുമായ പോരാട്ടങ്ങളിലേര്‍പ്പെടുമ്പോള്‍പ്പോലും, ആ നിലകൊള്ളല്‍ സന്ദര്‍ഭവുമായി മാത്രം ബന്ധപ്പെടുന്ന ഒന്നാകുന്നു. നിലപാടുകളെ ന്യായീകരിക്കുന്നത് കാലം മാത്രവുമാണ്. ആത്യന്തികമായ ലക്ഷ്യം മനുഷ്യനന്മ തന്നെയാകുന്നു.
index
ഇവിടെ സാമൂഹികവും മാനുഷികവുമായ നീതി എന്നത് പ്രധാനമായി വരുന്നു. നീതി വിശുദ്ധിയോടും ദൈവചിന്തയോടും ഏറ്റവും അടുത്ത് നില്‍ക്കുന്ന വികാരമാണ് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അതായത് നീതിബോധമാണ് വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും താങ്ങ്. നീതിബോധത്തിന്റെ അഭാവത്തില്‍ ഈമാനിന് നിലനില്‍പില്ല.

(ഈമാന്‍ എന്നാല്‍ കേവല വിശ്വാസമല്ല. ആ വാക്കിന്റെ പൊരുള്‍ ഇങ്ങനെയാണ്. അംന് എന്നാല്‍ നിര്‍ഭയത്വം എന്നും സമാധാനം എന്നുമാണ് അര്‍ത്ഥം. ഇതില്‍ നിന്നുണ്ടായ വാക്കാണ് ഈമാന്‍. വിശ്വാസവുമായി ബന്ധപ്പെടുത്തി ആ വാക്കിന് കൊടുക്കാവുന്ന അര്‍ത്ഥം faith അല്ലെങ്കില്‍ belief എന്നതിനേക്കാള്‍ trust എന്നോ confidence എന്നോ ആയിരിക്കും. ശരിക്കും പറഞ്ഞാല്‍ feeling that something is real and true ആണ് ഈമാന്‍. ഈ അനുഭൂതി ദൈവത്തെക്കുറിച്ചാകുമ്പോള്‍ തികഞ്ഞ ഒരു പ്രതീക്ഷ (trust) ആയി അത് മാറുന്നു. അതില്‍ നിന്ന് ജനിക്കുന്ന വിശ്വാസം, മുകളില്‍പ്പറഞ്ഞത് പോലെ കേവലം faith അല്ല, മറിച്ച് confidence ആണ്. ഈ കോണ്‍ഫിഡെന്‍സ് പകരുന്ന peace and fearlessness ആണ് ഈമാന്റെ ആത്യന്തികഫലം).

ഖുര്‍ആന്‍ ഉപയോഗിക്കുന്ന രൂപകങ്ങളില്‍, ബിംബങ്ങളില്‍ (metaphor) ഏറ്റവും പ്രധാനം തുലാസ് ആണ്. എന്തെന്നാല്‍ അത് ഖുര്‍ആന്റെ തന്നെ രൂപകമാണ്. അതോടൊപ്പം അത് നീതിയുടെയും സന്തുലനത്തിന്റെയും രൂപകം കൂടിയാണ്. ഒരു ജനതയ്ക്ക് നിങ്ങളോടുള്ള ശത്രുതയും വിരോധവും അവരോട് നീതികേട് കാണിക്കുന്നതിന് കാരണമേയല്ല എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. നിങ്ങളുടെ സ്വന്തക്കാര്‍ക്കെതിരാവുന്ന കാര്യമാണെങ്കില്‍പ്പോലും നീതി പറയുക, പ്രവര്‍ത്തിക്കുക എന്ന് അതിനെക്കാള്‍ കര്‍ശനമായും കല്‍പിക്കുന്നു. ഒരു സമൂഹത്തെ  വാര്‍ത്തെടുക്കുമ്പോള്‍ ആധാരമാക്കേണ്ട മൂന്ന് മൂല്യങ്ങളെ അല്ലാഹുവിന്റെ അലംഘനീയമായ കല്‍പനകളായി പറയുമ്പോള്‍ സൂറഃ അന്നഹ് ലില്‍ ബില്‍ അദ് ലി വല്‍ ഇഹ്‌സാനി വ ഈതാഇ ദില്‍ഖുര്‍ബാ എന്നാണ് ഉള്ളത്. സാമൂഹിക നീതി, നന്മ (ഇഹ്‌സാന്‍ എന്നാല്‍ പരമമായ നന്മയാണ്, ഏറ്റവും ശരിയായത്, ഏറ്റവും ശരിയായ രൂപത്തില്‍, ഏറ്റവും ശരിയായ സന്ദര്‍ഭത്തില്‍, ഏറ്റവും ശരിയായ മനോഘടനയോടു കൂടി ചെയ്യുക എന്നര്‍ത്ഥം), മനുഷ്യബന്ധങ്ങള്‍ എന്നിവയാണ് ഈ മൂല്യങ്ങള്‍.

ഈ മൂല്യങ്ങളുടെ എതിർ വിഭാവനങ്ങളാണ് ശത്രു എന്നാണ് ഇതിൽത്തന്നെ തുടർന്ന് പറയുന്നത്. അത് ഫഹ്ശാഅ്, മുൻകർ, ബഗ് യ് എന്നിവയാകുന്നു. ഒരു വ്യക്തിയെ  അവനിലേക്ക് തന്നെ ചുരുക്കുന്ന ധാർമിക തിന്മകളാണ് ഫഹ്ശാഅ്. എന്നാൽ ഒരു സമൂഹത്തിൽത്തന്നെ ആഘാതങ്ങളുണ്ടാക്കുന്ന നിലപാടുകളും പ്രവർത്തികളും മുൻകർ ആണ്. ഒരു സമൂഹത്തിന്റെയോ വ്യക്തിയുടെയോ വ്യക്തികളുടെ കൂട്ടത്തിന്റെയോ മേൽ നടക്കുന്ന രാഷ്ട്രീയമോ സാംസ്കാരികമോ ശാരീരികമോ മാനസികമോ ആയ അധിനിവേശങ്ങളെ ബഗ് യ് എന്നും പറയും. ഇത് മൂന്നിനുമെതിരായ കർക്കശപോരാട്ടങ്ങൾ നടക്കുമ്പോഴും ഈ സാത്താനിക മൂല്യങ്ങളല്ലാതെ, വ്യക്തിയോ സമൂഹമോ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടേണ്ടതില്ല എന്ന് പ്രത്യേകം ഉപദേശിക്കപ്പെടുന്നു. ഇപ്പറഞ്ഞ ബഗ് യിന്റെ പ്രതീകങ്ങളായി ജീവിച്ച്  മരിച്ചു പോയ ചില വ്യക്തികളെയോ സമൂഹങ്ങളെയോ തീർത്തും എതിർസ്ഥാനത്ത് പ്രതിഷ്ഠിച്ചു  കൊണ്ട് ചില കഥകൾ ഖുർആൻ പറയുന്നുണ്ട്. അത്  പക്ഷേ, ഖുർആന്റെ തന്നെ ഭാഷയിൽ ഉമ്മതുൻ ഖദ് സലഫ് ആണ്. അതായത്, അവരുടെ ജീവിതം എന്തായിരുന്നുവെന്ന് വളരെ വ്യക്തമായി അടയാളപ്പെട്ടു  കഴിഞ്ഞു. വർത്തമാനത്തിൽ മുൻവിധി സ്വീകരിക്കാൻ ചരിത്രം നിങ്ങൾക്ക് പ്രേരകമാകാവതല്ല. നിങ്ങൾ നിങ്ങളുടെ സഹോദരനെ സഹായിക്കണം, അവൻ മർദ്ദകനാണെങ്കിലും മർദ്ദിതനാണെങ്കിലും എന്നത് നബിവചനമാണ്. സ്വീകാര്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നബിവചനമാണിത് എന്നാണ് ഇതെഴുതുന്നയാളുടെ ധാരണ. മർദ്ദിതനെ സഹായിക്കണം, അവനോട് ഐക്യദാർഢ്യപ്പെടണം എന്നത് മനസ്സിലായി, എന്നാൽ മർദ്ദകനെ എങ്ങനെ സഹായിക്കണം എന്ന ചോദ്യം സ്വാഭാവികമായും അനുചരിന്മാരിൽ നിന്നുണ്ടായപ്പോൾ നബി തിരുമേനി പറഞ്ഞത്, മർദ്ദനം അവസാനിച്ചാൽ ഒരു ജനശത്രു എന്ന മുദ്രയിൽ നിന്ന്, തജ്ജന്യമായ തിന്മകളിൽ അവൻ രക്ഷപ്പെടുമല്ലോ എന്നാണ്. അപ്പോൾ മർദ്ദനം എന്ന വ്യവസ്ഥയോടാണ് പോരാടേണ്ടത് എന്ന് വ്യക്തം. അനീതിയുടെ ഇന്നത്തെ ഇരകളെ നാളത്തെ അതിന്റെ വൈതാളികന്മാരാക്കുക എന്നത് സമരലക്ഷ്യമായിത്തീരരുത് എന്നാണ് മുന്നറിയിപ്പ്.

സന്തുലനം എന്നതിന്റെ മറുവാക്കാണ് നീതി എന്ന് പറയാം. ഇതാണ് ഇതുമായി ബന്ധപ്പെട്ട ഒന്നാമത്തെ പാഠം. തന്റെ മറുപേരായിത്തന്നെ അല്ലാഹു നീതിയെ സ്വീകരിച്ചതായാണ് ഖുർആൻ ബോധ്യപ്പെടുത്തുക. പ്രപഞ്ചം സന്തുലിതമാണ്. ഇത് പഠിപ്പിക്കുന്നതിന് ഖുർആൻ സ്വീകരിക്കുന്ന രൂപകം തുലാസ് തന്നെയാണ്. ലോകങ്ങളെ സംവിധാനിക്കുകയും തുലാസ് സ്ഥാപിക്കുകയും ചെയ്തു എന്നാണ് സൂറഃ അർറഹ്മാനിൽ പറയുന്നത്. തുലാസിന്റെ കാര്യത്തിൽ നിങ്ങൾ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്  എന്ന് തുടർന്ന് കൽപിക്കുകയും ചെയ്യുന്നു. അപ്പോൾ പ്രപഞ്ചത്തിൽ തുലാസ് ഉണ്ട്, ഒരു equilibrium ഉണ്ട്. അല്ലാഹു സ്ഥാപിച്ച തുലാസ്. തുലാസ് എന്നാൽ സംതുലിതാവസ്ഥ ആണ്. തുലാസ് എന്നാൽ നീതിയുമാണ്. നിങ്ങൾ തുലാസ് മുറുകെപ്പിടിക്കണം.
അതേസമയം സന്തുലനത്തിന് ദാര്‍ശനികവും മതപരവും രാഷ്ട്രീയവും സാമൂഹികവുമൊക്കെയായ തലങ്ങളൊരുപാട് വേറെയുമുണ്ട്. ഈ പാഠത്തിൽ സൂചിപ്പിച്ച, ഖൈറ ഉമ്മത്ത് (ഉത്തമ സമുദായം) എന്നതോട് ചേർത്ത് തന്നെ പറയാവുന്ന ലക്ഷണമാണ് ഉമ്മതുൻ വസത്വ് (മധ്യമ സമുദായം) എന്നതും. അതും സന്തുലിതത്വത്തിന്റെ ദർശന, ജീവിത പാഠങ്ങളും ഓരോന്നായി, വരും പാഠങ്ങളില്‍ പരിശോധിക്കാം.

ഗാന്ധിയും ഗോഡ് സേയും

god-say-movie-stills-vinay-forrt-3712

Dissociative disorder എന്ന ഒരു മാനസിക പ്രതിഭാസമുണ്ട്. ലഘുവും ഗുരുവുമായ ഒട്ടേറെ രൂപങ്ങളുമുണ്ട് ഇതിന്. ഒരാളുടെ വ്യക്തിത്വത്തിന് സവിശേഷമായ വിഘടനങ്ങള്‍ സംഭവിക്കുകയാണ്. ഇതിന്റെ ഒരു രൂപമാണ് Depersonalization disorder. അയഥാര്‍ത്ഥവും താല്‍ക്കാലികവുമായ ഭ്രമങ്ങള്‍ക്കടിപ്പെടുന്ന ഒരാളില്‍ സംഭവിക്കുന്ന, അഹത്തില്‍ നിന്നും വലയത്തില്‍ നിന്നുമുള്ള വേര്‍പെടല്‍ (detachment from self and surrounding) ആണിത്.

മര്‍ലന്‍ ബ്രാന്റോയ്ക്കും അല്‍ പാസിനോയ്ക്കും ഇതിന് സമാനമായ ഒന്ന് സംഭവിച്ചതിനെപ്പറ്റി പറയുന്നുണ്ട്, ഷെറി, ഷൈജു ഗോവിന്ദ് സഹോദരന്മാരുടെ ഗോഡ് സേ എന്ന സിനിമയിലെ ഹരിശ്ചന്ദ്രന്‍ (വിനയ് ഫോര്‍ട്ട്). ഗോഡ്ഫാദറില്‍ നിന്നിറങ്ങാന്‍ കുറേ ചികില്‍സയും കൗണ്‍സലിങ്ങുമൊക്കെ വേണ്ടി വന്നുവത്രേ. (അല്ലെങ്കിലും ഗോഡ്ഫാദര്‍ ട്രിലഗിയില്‍ നിന്ന് അത്ര പെട്ടെന്നൊന്നും ഇറങ്ങാന്‍ പ്രേക്ഷകനും പറ്റില്ല. കൊപ്പോളയുടെ തന്നെ ഒരു ബാധ സിനിമതന്നെയായ ബ്രാം സ്‌റ്റോക്കേഴ്‌സ് ഡ്രാക്കുളയ്ക്ക് പോലും അങ്ങനെയൊരു ഭ്രമം ജനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല). ഹരിശ്ചന്ദ്രന്‍ ഇത് പറയുന്നത് താന്‍ ജോലി ചെയ്യുന്ന, ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ഡിറക്ടര്‍, ഖാന്‍ സാറിനോട് (ജോയ് മാത്യു) ആണ്. നിലയത്തില്‍ ഗാന്ധിമാര്‍ഗം അവതരിപ്പിച്ചിരുന്ന ഗോവിന്ദനുണ്ണിയുടെ യാത്രയയപ്പ് കഴിഞ്ഞതിന് ശേഷമാണ്. ഗോവിന്ദനുണ്ണിയില്‍ അവസാനം ഗാന്ധിസം ഒരു ബാധയായി മാറി. രസകരമായൊരു വസ്തുതയെന്തെന്നാല്‍ അദ്ദേഹത്തിന് ശേഷം ഗാന്ധിമാര്‍ഗം അവതരിപ്പിക്കാനുള്ള നിര്‍ബ്ബന്ധിത നിയോഗം ഏറ്റെടുക്കേണ്ടി വന്ന ഹരിശ്ചന്ദ്രന് ഇതേ വിഭ്രമം പിടിപെട്ടു എന്നതാണ്. ഗോവിന്ദനുണ്ണിയില്‍ ഗാന്ധിസം മാത്രമാണ് ആവേശിച്ചിരുന്നതെങ്കില്‍ ഹരിശ്ചന്ദ്രനില്‍ അത് പൂര്‍ണമായ ഒരു മെറ്റമോര്‍ഫസിസ് ആയിരുന്നു. ആള്‍ ഗാന്ധി തന്നെയായി മാറി.
god-say-movie-stills-surjith-and-mythili-3711
ഭാഗികമായി ഇങ്ങനെയൊരാദേശത്തിലേക്ക് പോകുന്നുണ്ട് സിനിമയിലെ മറ്റൊരു കഥാപാത്രവും. മൈഥിലി അവതരിപ്പിക്കുന്ന, ഹരിശ്ചന്ദ്രന്റെ കാമുകി കൂടിയായ ഡ്രാമ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി. അവള്‍ മുഖത്ത് മാത്രമല്ല, ജീവിതത്തിന് തന്നെ ചായം തേക്കുകയാണ്. വ്യത്യസ്തങ്ങളായ ചായങ്ങള്‍. അവളെ നാം ആദ്യം കാണുമ്പോള്‍ റെഷേല്‍ എന്ന അഭിസാരികയുടെ വേഷത്തിലാണ്. ഏറ്റവും ഭാഗ്യവും നിറവുമുള്ളത് അഭിസാരികയുടെ ജീവിതത്തിലാണെന്നും എല്ലാ ദിവസവും ഒരേ മുഖവും ഒരേ കട്ടിലും കണി കണ്ടുണരേണ്ടതില്ലല്ലോ എന്നും പറയുന്ന അവള്‍ നമുക്ക് കല്യാണം കഴിക്കണ്ടേ എന്ന ഹരിയുടെ ചോദ്യത്തെ പരിഹസിക്കുന്നു. ഈ വേഷത്തില്‍ നിന്നിറങ്ങിയാല്‍ താന്‍ ചിലപ്പതികാരത്തിലെ കണ്ണകിയായി വരും എന്നും അന്ന് നിനക്ക് പാതിവ്രത്യം സമര്‍പ്പിക്കാം എന്നുമാണ് അവളുടെ ഡയലോഗ്. സിനിമയുടെ അവസാനത്തിലാകട്ടെ, മൈഥിലിയുടെ മുഖഭാവത്തില്‍ കസ്തൂര്‍ ബാ ഗാന്ധിയുടെ നിസ്സംഗതയും സാത്വികതയും.

ഹരിശ്ചന്ദ്രന്‍ ഗാന്ധിയായി മാറുന്നതാണ് ടി.എന്‍ പ്രകാശിന്റെ ഗാന്ധിമാര്‍ഗം എന്ന കഥ. കഥയില്‍ നിന്ന് തിരക്കഥാകൃത്തായ ഷെറി സ്വീകരിക്കുന്നത് ഇത്രയും മാത്രമാണ്. അത് പക്ഷേ, പല കോണുകളിലൂടെ വികസിപ്പിച്ചതോടെ, മന്‍മോഹന്‍ സിങ്ങും ഉദാരവല്‍ക്കരണവും ബാബരി മസ്ജിദും തൊട്ടുള്ള ഇന്ത്യയെക്കുറിച്ച ഒരു സത്യവാങ്മൂലമായി അത് മാറി.

പത്മരാജന്റെ മരണത്തെത്തുടര്‍ന്ന് അയാള്‍ അവതരിപ്പിക്കുന്ന പരിപാടി സിനിമയുടെ തുടക്കത്തില്‍ നാം കാണുന്നു, ക്ഷമിക്കണം, കേള്‍ക്കുന്നു. നിയമം തെറ്റിച്ച് ഭൂമിയിലെ പെണ്‍കൊടിയെ പ്രണയിച്ച ഗന്ധര്‍വന്റെ കഥയിലാണ് അത് തുടങ്ങുന്നത്. മോസ്റ്റ് റേഡിയോജെനിക് വോയ്‌സ് ഇന്‍ കോഴിക്കോട് സ്‌റ്റേഷന്‍ എന്ന് ഖാന്‍ ഒരിക്കല്‍ ഹരിയെ വിശേഷിപ്പിക്കുന്നുണ്ട്.

ആദ്യഭാഗത്ത് ഹരിശ്ചന്ദ്രന്റെ ജീവിതം അരാജകവാദത്തിന്റെ ആഘോഷമാണ്. മദ്യത്തോട് ഹരി അത്യാസക്തി വെച്ചു പുലര്‍ത്തുന്നുണ്ട് അയാള്‍. ചാരായം ചേര്‍ത്ത് ചായ കുടിക്കുകയും ഇഡ്ഡലിയില്‍ സാമ്പാറിന് പകരം ബ്രാണ്ടി ഒഴിക്കുകയും ചെയ്യുന്ന ആള്‍. എന്നാല്‍ ഗാന്ധിമാര്‍ഗം തലക്ക് പിടിച്ചതോടെ അതായിത്തീര്‍ന്നു അയാളുടെ ഭ്രമം. അയാള്‍ മനോബലം കുറഞ്ഞ ചെറുപ്പക്കാരനാണെന്നാണ് ഖാന്റെ അഭിപ്രായം. കള്ളും ഗാന്ധിസവും സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ അപകടമുണ്ടാക്കുന്നതാണ് എന്ന് അയാള്‍ ഹരിയെ ഉപദേശിച്ചു. രണ്ടും ലഹരിയാണ്. മനോബലമില്ലാത്തവര്‍ അടിപ്പെട്ട് പണ്ടാരടങ്ങും. ഇത് തന്നെയാണ് സംഭവിച്ചതും. ചിന്തകളില്‍ മാത്രമല്ല, വേഷത്തിലും ഭാവത്തിലും നടപ്പിലും ഇരിപ്പിലുമെല്ലാം ഗാന്ധി. ഒടുക്കം കടപ്പുറത്തെ ചെരിഞ്ഞു വീണ ഗാന്ധിപ്രതിമയുടെ സ്ഥാനത്ത് ഹരി സ്വയം പ്രതിഷ്ഠിക്കുകയാണ്.

എന്നാല്‍ വ്യവസ്ഥിതിക്കെതിരെ ചിന്തിക്കുന്നവരെയാണ് ഒരര്‍ത്ഥത്തില്‍ അനാര്‍ക്കിസ്റ്റുകള്‍ എന്ന് വിളിക്കുക. ഹരിയുടെയും ചങ്ങാതിമാരുടെയും ആവിഷ്‌കാരങ്ങള്‍, അവരുടെ നാടകക്കളരിയിലെ പാട്ടും കളിയുമെല്ലാം തന്നെ ആ സ്വഭാവത്തില്‍ തന്നെയായിരുന്നു. ‘ഈ ദിവസത്തെ ചവിട്ടിക്കൂട്ടിയൊതുക്കാലോ, ഈ സമയത്തെ കെട്ടിയിട്ട് പോറ്റാലോ, കാത് കേള്‍ക്കണ കാര്യത്തിനൊന്നും നാവു കൊണ്ടൊന്നും മുണ്ടങ്ങ (മുണ്ടങ്ങ? ഒന്നും മുണ്ടണ്ട), കണ്ണ് കാണണ നേരിനൊന്നും തല കൊണ്ടൊന്നും ചീരങ്ങ (ചീരങ്ങ? ഒന്നും ചിന്തിക്കണ്ട).’
god-say-movie-stills-sreejith-pokkan-3709
ഇന്നിലക്ക് ചിന്തിക്കുമ്പോള്‍ ഗാന്ധിസവും അനാര്‍ക്കിസം തന്നെ. ഗാന്ധിയുടെ രാഷ്ട്രീയ പ്രചോദനങ്ങളില്‍ ഒരാളായിരുന്ന ഹെന്റി ഡേവിഡ് തോറോയുടെ സിദ്ധാന്തം അറിയപ്പെട്ടത് തന്നെ പസിഫിസ്റ്റ് അനാര്‍ക്കിസം അഥവാ അനാര്‍ക്കോ പസിഫിസം എന്നാണ്. അഹിംസാധിഷ്ഠിത സാമൂഹ്യ വിപ്ലവം എന്ന ആശയം യഥാർത്ഥത്തിൽ അനാര്‍ക്കോ പസിഫിസത്തിന്റേതാണ്. പിയര്‍ ഴൂസെഫ് പ്രൂഥോ ആണല്ലോ തന്റെ സാമൂഹ്യചിന്തയെ അനാര്‍ക്കിസം എന്ന് ആദ്യമായി വിളിക്കുന്നത്. അദ്ദേഹത്തിന്റെ The Philosophy of Poverty എന്ന പുസ്തകത്തെ വിമര്‍ശിച്ചു കൊണ്ട് കാള്‍ മാര്‍ക്‌സ് The Poverty of Philosophy എന്ന പുസ്തകമെഴുതിയിട്ടുണ്ട്. എന്നാല്‍ പ്രൂഥോയുടെ ചിന്തയെ മാര്‍ക്‌സ് തന്നെയും വിശേഷിപ്പിച്ചത് അനാര്‍ക്കോ കമ്യൂനിസ്റ്റ് എന്നായിരുന്നു. പ്രൂഥോയെ മാത്രമല്ല, തികച്ചും കയോട്ടിക് ആയ വിപ്ലവസിദ്ധാന്തങ്ങള്‍ ഉന്നയിച്ച ബാക്കുനിനെയും മാര്‍ക്‌സ് തള്ളിക്കളഞ്ഞു. ഖുര്‍ആനില്ലാത്ത മുഹമ്മദിന്റെ പുറകെ പോകുന്നവര്‍ എന്ന് ബാക്കുനിനിസ്റ്റുകള്‍ക്ക് നല്ലൊരു വിശേഷണവും അദ്ദേഹം നല്‍കുന്നുണ്ട്. ഒരു അടിത്തറയിലും നിലപാടിലും നിന്നു കൊണ്ട് പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് മുഹമ്മദ് നബിയും ശ്രമിച്ചത്. അതേസമയം നിലനില്‍ക്കുന്ന സമ്പ്രദായത്തെയും വ്യവസ്ഥയെയും അദ്ദേഹവും നിരാകരിച്ചു.

അതായത് വ്യവസ്ഥിതിക്കെതിരായ സമരം എന്ന നിലയില്‍ അനാര്‍ക്കിസമായിരിക്കുമ്പോഴും സമരത്തിലെ അച്ചടക്കം എന്നത് ഗാന്ധി കര്‍ക്കശപൂര്‍വം സ്വീകരിച്ച നിലപാടാണ്.

സ്വഭാവത്തിലും വേഷത്തിലുമൊക്കെ പരിഹാസ്യമെന്ന് പോലും തോന്നാവുന്ന പരിവര്‍ത്തനങ്ങള്‍ സ്വീകരിച്ചപ്പോഴും അനാര്‍ക്കിസ്റ്റായ ഹരിശ്ചന്ദ്രന്റെ മനസ്സില്‍ കെടാതെ നിന്ന കനല്‍ ഗാന്ധിയനായ ഹരിയില്‍ ആളിക്കത്തുക തന്നെയാണ് ചെയ്തത്. അതിനിടയില്‍ ഇന്ത്യക്കുണ്ടാവുന്ന മാറ്റങ്ങളെ ഷെറി, ഷൈജു സഹോദരന്മാർ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു. രാജീവ് ഗാന്ധി വധത്തെത്തുടര്‍ന്ന് നരസിംഹറാവു പ്രധാനമന്ത്രിയാവുന്നു. ഹരി താമസിക്കുന്ന ലോഡ്ജില്‍ നിന്ന് പത്രം വായിക്കുമ്പോള്‍ ധനകാര്യ മന്ത്രിയുടെ ചിത്രം കണ്ട് ഇതേതാ ഈ പുതിയ കോങ്ക്രസ്സുകാരന്‍, മന്‍മോഹന്‍ സിങ് എന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. അമേരിക്കയിലെ മന്ത്രിമാര്‍ക്ക് കണക്കും കച്ചോടോം പഠിപ്പിക്കുന്നയാള്‍ എന്ന് മറുപടിയും കിട്ടി. പതിനാറ് ഭാഷ അറിയുന്ന പ്രധാനമന്ത്രിയും ജോര്‍ജ് ബുഷിന് കണക്ക് പഠിപ്പിക്കുന്ന ധനമന്ത്രിയുമായാല്‍ നാട് നന്നാവും എന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചെങ്കിലും ഭരണത്തിന്റെ മുന്നോട്ട് പോക്കാണ് ഹരിശ്ചന്ദ്ര ഗാന്ധിയെ അസ്വസ്ഥനാക്കുന്നത്. ഗാട്ട് കരാര്‍ ഒപ്പ് വെക്കാന്‍ പോകുന്നതിനെക്കുറിച്ചും ബാബരി മസ്ജിദ് തകര്‍ക്കാന്‍ പോകുന്നതിനെപ്പറ്റിയും അദ്ദേഹം ചിന്തിക്കുന്നു. 1986 ലാണ് ഗാട്ടിന്റെ ഉറുഗ്വേ റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. 1991 ല്‍ നരസിംഹറാവു അധികാരത്തില്‍ വരുന്നു. 92 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും 94 ല്‍ ഉറുഗ്വേ റൗണ്ട് പൂര്‍ത്തിയായി കരാര്‍ ഒപ്പ് വെക്കുകയും ചെയ്യുന്നു. എന്തായാലും സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ വീണ്ടും സാമ്രാജ്യത്വത്തിന് അടിയറ വെക്കുകയും കൊള്ളപ്പലിശക്കാരന്റെ ഭാഷ സംസാരിക്കുകയും ലാഭത്തിന് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന അധികാരവ്യവസ്ഥയോടുള്ള പ്രതിഷേധം ഹരിയിലെ ഗാന്ധിക്ക് വേരും വളവും നല്‍കി.

അതേസമയം ഈ സിനിമ ഗാന്ധിയുടെ എല്ലാ നിലപാടുകള്‍ക്കുമുള്ള പ്രത്യയശാസ്ത്ര പിന്തുണയല്ല. ഹരി എഴുതുന്ന നാടകത്തില്‍ ഗാന്ധിയും ഭഗത് സിങ്ങും തമ്മില്‍ നടക്കുന്ന ഒരു മരണാനന്തര സംഭാഷണമുണ്ട്. അതില്‍ തനിക്ക് എവിടെയാണ് തെറ്റ് പറ്റിയത് എന്ന് ചോദിക്കുമ്പോള്‍ ഭഗത് പറയുന്നത് മനുവുമായും മതവുമായും സന്ധി ചെയ്തിടത്ത് എന്നാണ്. അതുപോലെ ബ്രഹ്മചര്യത്തെയും ലൈംഗികതയെയും കുറിച്ച ഗാന്ധിയന്‍ വിചാരങ്ങളെ ഹരിയുടെ കാമുകി പരിഹസിക്കുന്നതും കാണാം.

പ്രകൃതിപരമായ ചികില്‍സാവിധികളോട് പ്രതിപത്തിയുണ്ടായിരുന്ന ആളായിരുന്നെങ്കിലും മൂത്രചികില്‍സയുമായി അദ്ദേഹത്തിനുള്ള ബന്ധമെന്താണെന്ന്, ഒരുപക്ഷേ അതെപ്പറ്റി ഒന്നും വായിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കാം ഇതെഴുതുന്നയാള്‍ക്ക് മനസ്സിലായിട്ടില്ല. അതേസമയം ഹരിശ്ചന്ദ്രൻ അതേപ്പറ്റി ആവർത്തിച്ച് പറയുന്നുണ്ട് താനും. ആരോഗ്യത്തെയും ചികില്‍സയെയും പറ്റി ഗാന്ധി രചിച്ച വിഖ്യാതമായ പുസ്തകം Key to Health ആണ്. അതില്‍ മൂത്രചികില്‍സയെപ്പറ്റി ഒന്നും പറയുന്നില്ലെന്നാണ് ഓര്‍മ.

God say എന്ന പേര് ഹരിയുടെ നാടകത്തിന്റെ കൂടി പേരാണ്. ദൈവം പറയുന്നു എന്ന അര്‍ത്ഥത്തില്‍ God says എന്നാണ് വേണ്ടത്. നാടകത്തിന്റെ പേര് പറയുമ്പോൾ ഹരി God says, ദൈവം പറയുന്നു എന്ന് തന്നെ പറയുന്നുണ്ട്. അതേസമയം അത് Godse (Godsay) എന്ന് ഉച്ചരിച്ചാല്‍ അത് ഗാന്ധിഘാതകന്റെ പേരായും മാറും. നാടകത്തില്‍ വരുന്ന ഗോദ്‌സെ കഥാപാത്രം കൊല്ലേണ്ടത് ഗാന്ധിയെയാണെന്നും ലോകത്തിലെ അവസാനത്തെ കുറ്റവാളിയും മോചിപ്പിക്കപ്പെട്ടാലും നമുക്ക് മാത്രം മാപ്പ് കിട്ടില്ലെന്നും പറയുന്നതും കേള്‍ക്കാം.

ജലീല്‍ ബാദുഷയുടെ ദൃശ്യബോധം ചിത്രത്തിന് വളരെയേറെ മാറ്റ് കൂട്ടിയിട്ടുണ്ട്. അതുപോലെ ബിജിബാലിന്റെ സംഗീതവും. വാചാലമായ പശ്ചാത്തലങ്ങളൊരുക്കുന്നതിലും ഷെറിയും ഷൈജുവും വിജയിച്ചിട്ടുണ്ട്. ഖാന്റെയും ഹരിയുടെയും കാര്‍ കടന്നു പോകുന്ന വഴിയുടെ ദൂരക്കാഴ്ചയിലെ രണ്ട് കന്യാസ്ത്രീകൾ, ഗാന്ധിമാര്‍ഗം പരിപാടി ഏല്‍പിക്കപ്പെട്ട് മടുപ്പോടെ ഇറങ്ങി നടക്കുന്നേടത്ത് പിന്നില്‍ കാണുന്ന വികലാംഗന്‍, ഗാന്ധിയായുള്ള വേഷപ്പകർച്ചയുടെ ഭാഗമായി താടിയും മുടിയുമെടുക്കാൻ ബാർബർ ഷാപ്പിൽ ഇരിക്കുന്ന ഹരിയുടെ മുന്നിൽ തൂങ്ങുന്ന എ,കെ.ജിയുടെയും കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും കലണ്ടർ ഇങ്ങനെ തുടങ്ങിയ ചില ദൃശ്യങ്ങള്‍ ഉദാഹരണം. ഖാന്‍ ഹരിയോട് ബിഗ്, ബ്ലഡ്, റെഡ് സല്യൂട്ട് എന്ന് പറയുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു ബാങ്ക് വിളി ഉയരുന്നുമുണ്ട്. ടൈറ്റില്‍ മൊണ്ടാഷും ആകര്‍ഷകമാണ്. കഥാപാത്രങ്ങൾ, പശ്ചാത്തലം എന്നിവയും കഥാതന്തുവിനോടും പ്രമേയത്തോടും നീതി പുലർത്തുന്നു.

കഥയിലും പ്രമേയത്തിലും പരിചരണത്തിലും അത്യന്തം പുതുമ, വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സംരംഭമായി ഗോഡ്‌സേയെ നിസ്സംശയം വിശേഷിപ്പിക്കാം.