ദേശചരിത്രവും മനുഷ്യചരിത്രവും

Scissors-and-String

ദേശാതിര്‍ത്തിക്കുള്ളില്‍ മനുഷ്യന്‍ (അത് വായിക്കാന്‍ പേരിന്മേല്‍ ക്ലിക് ചെയ്യുക) എന്ന കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

രത്‌നങ്ങളുടെ വിലക്ക് ചില്ലുകഷണങ്ങള്‍

ദേശീയതാവാദത്തിന്റെ ആപല്‍ക്കാരിതയെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബര്‍ട്രന്റ് റസ്സലും ജോര്‍ജ് ബര്‍നാഡ് ഷായും മുതല്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ വരെ. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദേശരാഷ്ട്രങ്ങള്‍ നിലവില്‍ വന്നപ്പോള്‍ത്തന്നെ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിഭജനയുക്തി ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. ദേശാതിര്‍ത്തികളോടുള്ള മനോവിഭ്രമമായി മാറുന്ന ദേശസ്‌നേഹത്തെപ്പോലും മേല്‍പ്പറഞ്ഞ ചിന്തകന്മാര്‍ നിരാകരിച്ചിട്ടുണ്ട്.

ഇതേ നിലപാട് സ്വീകരിച്ചവരായിരുന്നു ഇന്ത്യയില്‍ രബീന്ദ്രനാഥ ടാഗോര്‍ മുതല്‍ മുഹമ്മദ് ഇഖ്ബാല്‍ വരെ. ഇവരെ പ്രത്യേകം എടുത്തു പറയുന്നതിന് പുതിയ കാലത്ത് പ്രസക്തിയുണ്ട്. പ്രത്യേകിച്ച് ടാഗോറിനെ. ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ട ജനഗണമനയുടെ രചയിതാവാണല്ലോ ടാഗോര്‍. ദേശീയഗാനവുമായി ബന്ധപ്പെട്ട കോടതി വിധിയും അതിന്റെ മറവില്‍ നടക്കുന്ന അധികാരപ്രയോഗങ്ങളും സമകാലിക ഇന്ത്യയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. ദേശീയതയെക്കുറിച്ച ചര്‍ച്ചയില്‍ രാഷ്ട്രത്തിന്റെ അധികാരപ്രയോഗങ്ങളെ ടാഗോര്‍ ഇപ്രകാരം വിലയിരുത്തുന്നുണ്ട്:

“രാഷ്ട്രത്തിന്റെ ഈ വാഴ്ചയില്‍ ഭരണീയര്‍ സംശയങ്ങളാല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കും. ഇവയാകട്ടെ, സുസംഘടിതമായ മസ്തിഷ്‌കത്തിന്റെയും പേശിയുടെയും ഭയജന്യമായ ഒരു സമുച്ചയത്തിന്റെ സൃഷ്ടിയായ സംശയങ്ങളാണ്. ഒരു ജനതയുടെ സുഘടിതമായ സ്വാര്‍ത്ഥതതാല്‍പര്യങ്ങളുടേതായ രാഷ്ട്രം, അതിന് മനുഷ്യഗുണവും ആത്മീയതയും ഏറ്റവും കുറവായിരിക്കും.” (1917ല്‍ പ്രസിദ്ധീകരിച്ച, Nationalism എന്ന പ്രസംഗസമാഹാരത്തിലെ Nationalism in west എന്ന പ്രസംഗത്തില്‍ നിന്ന്).

Rabindranath-Tagore
രബീന്ദ്രനാഥ് ടാഗോർ

ഇതുപോലെ ഇന്ത്യയുടെ ദേശീയഗീതമായി ആദരിക്കപ്പെടുന്ന തരാന-എ-ഹിന്ദിന്റെ (സാരെ ജഹാ സെ അച്ഛാ) കര്‍ത്താവാണ് ഇഖ്ബാല്‍. അതേസമയം ഇതുപോലെ ദേശീയഗീതമായി വാഴ്ത്തപ്പെടുന്ന ബന്ദേമാതരത്തിന്റെ കര്‍ത്താവ് ബങ്കിം ചന്ദ്രന്‍ ഇന്ത്യന്‍ വരേണ്യദേശീയതയുടെ വക്താവായി നില കൊണ്ടിരുന്നതായും കാണാം.

മുകളില്‍ സൂചിപ്പിച്ച പ്രസംഗത്തില്‍ ടാഗോര്‍ അതിശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്: “മനുഷ്യരാശിയെ പരിഗണിച്ച് നാം ഉണര്‍ന്ന് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയേ മതിയാകൂ. തിന്മയുടെ നിഷ്ഠുരമായ മഹാമാരിയാണ് ദേശീയത. വര്‍ത്തമാനയുഗത്തിലെ മനുഷ്യരാശിയെ, അതിന്റെ ധാര്‍മിക തേജസ്സിനെ വിഴുങ്ങുന്ന ഒരു മഹാമാരി.”

ഇന്ത്യ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ അടിത്തറ തന്നെ ദേശീയതയായിരിക്കുമെന്ന് മഹാകവി ദീര്‍ഘദര്‍ശനം ചെയ്തു. രത്‌നങ്ങളുടെ വില നല്‍കി ചില്ലുകഷണങ്ങള്‍ വാങ്ങുന്നതിന് സമാനമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ദേശീയതയില്‍ അഭയമന്വേഷിക്കല്‍. ഒരിക്കലും തന്റെ അഭയസ്ഥാനം ദേശീയതയല്ലെന്നും അത് മനുഷ്യരാശിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്രം വെച്ചുകൊണ്ട് ടാഗോര്‍ ദേശീയതാവാദത്തിനെതിരായ തന്റെ വാദമുഖങ്ങളെ സ്ഥാപിക്കുന്നു. ദേശീയതയും ദേശരാഷ്ട്രവും ആധുനികതയുടെ ഉല്‍പന്നങ്ങളാണെങ്കിലും അവയുടെ പിന്നിലുള്ള പ്രവണതകള്‍ പഴയത് തന്നെ. ഏഷ്യയിലെ ആദ്യകാല ചരിത്രത്തിലെ സിഥിയര്‍ (പ്രാചീന കിഴക്കന്‍ ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന ഇറാനിയന്‍ ശകന്മാരെയാണ് ഗ്രീക്കുകാര്‍ സിഥിയര്‍ എന്ന് വിളിച്ചത്) പ്രകൃതിദത്ത വിഭവങ്ങളുടെ ക്ഷാമം നേരിടേണ്ടി വന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള തങ്ങളുടെ സമൂഹത്തെ കൊള്ളസംഘത്തിന്റെ രൂപത്തില്‍ ചിട്ടപ്പെടുത്തുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തതിന്റെ ചരിത്രം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഇത് ഏറ്റവും സത്യസന്ധമായ മാര്‍ഗമല്ല, മറിച്ച് ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. ഈ കൊള്ളയെ, അക്രമത്തെ ന്യായീകരിക്കാന്‍ സിഥിയന്‍ വംശീയതയുടെ, ദേശീയതയുടെ മാനദണ്ഡങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍, ഇപ്രകാരം ഇത്തരം മാര്‍ഗങ്ങള്‍ ന്യായീകരിക്കപ്പെട്ടിരുന്നെങ്കില്‍ ലോകം മുഴുവന്‍ ഇത്തരം പിടിച്ചുപറി സംഘങ്ങള്‍ വ്യാപിച്ചേനെ. ചെന്നായ്ക്കളുടേത് മാതിരി ലളിതമല്ല മനുഷ്യപ്രകൃതം. മനുഷ്യന്‍ എന്ന പ്രകൃതഗുണങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കപ്പെടുന്നുണ്ട് എന്ന് മനുഷ്യന്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ പ്രകൃതഗുണത്തെ അവഗണിക്കുന്നത് പെട്ടെന്നുള്ളതും ചെറുതുമായ ചില വിജയങ്ങള്‍ സമ്മാനിച്ചേക്കാം. എന്നാല്‍ വൈകാതെ അതവന് ഒരു മരണക്കെണിയായിത്തീരും.   scythians സാര്‍വലൗകികതയുടെ വര്‍ണരഹിതമായ അവ്യക്തതയോ ദേശസ്‌നേഹത്തിന്റെ തീവ്രമായ ആത്മാരാധനയോ അല്ല മാനവചരിത്രത്തിന്റെ ലക്ഷ്യം എന്ന് പ്രസ്താവിക്കുന്ന ടാഗോര്‍ ഇന്ത്യയുടെ ചരിത്രത്തെയും വിശകലനം ചെയ്യുന്നുണ്ട്. ഒരു വശത്ത് വൈജാത്യങ്ങളുടെ സാമൂഹികമായ ക്രമീകരണത്തിലൂടെയും മറുഭാഗത്ത് ഏകതയുടെ ആത്മീയമായ അംഗീകരണത്തിലൂടെയും തന്റെ യത്‌നപൂര്‍ത്തീകരണത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ. അതേസമയം തന്നെ, വംശങ്ങള്‍ക്കിടയിലെ അതിര്‍വരമ്പുകളെ ദൃഢതയോടെ നിര്‍മിക്കുന്നതില്‍, തന്റെ വര്‍ഗീകരണങ്ങളില്‍ അധമത്വത്തിന്റെ ഫലങ്ങളെ ശ്വാശ്വതീകരിക്കുതില്‍ ഇന്ത്യ മഹാപരാധങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തന്നെ അദ്ദേഹം വിലയിരുത്തുന്നു. തന്റെ സന്തതികളുടെ മനസ്സുകള്‍ വികലമാക്കുകയും അവരുടെ ജീവിതങ്ങള്‍ തന്റെ സാമൂഹികരൂപങ്ങള്‍ക്കനുയോജ്യമാക്കുതിന് സങ്കുചിതമാക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യ.

ഒപ്പം തന്നെ ശതാബ്ദങ്ങളായി നവപരീക്ഷണങ്ങള്‍ അരങ്ങേറുകയും ഈ സങ്കുചിതത്വത്തില്‍ നീക്കുപോക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് സ്ഥാപിക്കുന്ന കവി, നിരന്തരമായ ഈ നീക്കുപോക്കുകളുടെ ചരിത്രമായി ഇന്ത്യയുടെ ചരിത്രത്തെ വായിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

തിരസ്‌കരണത്തിന്റെ ദേശീയപാഠങ്ങള്‍

Bankim0003
ബങ്കിം ചന്ദ്ര ചതോപാധ്യായ

കൊളോണിയലിസം സൃഷ്ടിച്ച ദേശീയബോധത്തെ മുകളില്‍ സൂചിപ്പിച്ച അതേ വരേണ്യബോധത്തിലും തിരസ്‌കരണബോധത്തിലും (exclusion) സമീപിക്കുകയാണ്, പക്ഷേ വന്ദേമാതരത്തിന്റെ കര്‍ത്താവായ ബങ്കിം ചന്ദ്ര ചതോപാധ്യായ ചെയ്തത്. ഇന്ത്യയുടെ സുവര്‍ണ ഭൂതകാലത്തില്‍ വിള്ളലുണ്ടാക്കിയ സമൂഹമായിട്ടാണ് മുസ്‌ലിംകളെ അദ്ദേഹം കണ്ടത്. ആനന്ദമഠം എന്ന, ബങ്കിം ചന്ദ്രന്റെ നോവലിന്റെ ഭാഗമാണ് വന്ദേമാതരം എന്ന ഗീതം. സന്താനര്‍ എന്ന സന്യാസി സമൂഹം നടത്തുന്ന യുദ്ധത്തെപ്പറ്റി അതിലുള്ള വിവരണം ഇത് ആംഗലര്‍ക്കെതിരായ യുദ്ധമല്ല, മുസ്‌ലിം ഭരണത്തെ തറപറ്റിക്കാനാണ് എന്നാണ്. അല്‍പം കൂടി കടന്നു കൊണ്ട് ആംഗലേയര്‍ രാജ്യഭാരമേല്‍ക്കാന്‍ കളമൊരുക്കുന്നതിന് വേണ്ടിയാണ് ഈ കലാപം എന്ന് തന്നെ പറയുന്നുണ്ട്. ആഗതന്‍ അതവസാനിപ്പിക്കുന്നതിങ്ങനെ, “ഇനി ശത്രുക്കളില്ല. ആംഗലേയര്‍ യഥാര്‍ഥത്തില്‍ മിത്രങ്ങളാണ്. വരൂ, എന്റെ കൂടെ വരൂ. ഇംഗ്ലീഷുകാരെ യുദ്ധത്തില്‍ തോല്‍പ്പിക്കാനുള്ള ശക്തി ഇപ്പോള്‍ ഭൂമിയില്‍ ആര്‍ക്കുമില്ല.”

ഭവാനന്ദന്‍ എന്ന കഥാപാത്രത്തിലൂടെ ഇതേ നോവലില്‍ ബങ്കിം ചന്ദ്രന്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. “ഞങ്ങള്‍ക്ക് രാജ്യം കിട്ടണമെന്ന ആകാംക്ഷയല്ല. ഈ മുസല്‍മാന്മാര്‍ ദൈവവിരോധികളായിരിക്കുന്നതിനാല്‍ അവരെ വംശനാശം ചെയ്യണമെന്ന് മാത്രമാണ് ഞങ്ങളുടെ സങ്കല്‍പ്പം.” ബങ്കിം ചന്ദ്രന്‍ ചരിത്രത്തില്‍ ആരോപിക്കുന്ന വംശീയോന്മൂലനത്തിന് തത്വശാസ്ത്രം ചമക്കുകയാണ് പില്‍ക്കാലത്ത് ഗോള്‍വല്‍ക്കര്‍ ചെയ്തത്. അതിന്റെ രാഷ്ട്രീയമായ നിര്‍വഹണത്തിന്റെ ചരിത്രമാണ് ആര്‍.എസ്.എസ്സിന്റെയും സംഘ് പരിവാറിന്റെയും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍.

ബംഗാളിന്റെയും ഇന്ത്യയുടെ തന്നെയും സുവര്‍ണചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമായി തന്റെ യത്‌നത്തെ സ്വയം വിശേഷിപ്പിക്കുന്ന ബങ്കിം ചന്ദ്രന്‍ കൊളോണിയല്‍ ചരിത്രരചയിതാക്കള്‍ നിര്‍മിച്ച ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തില്‍ നിന്നു കൊണ്ടാണ് അത് വായിക്കുന്നത്. അതേസമയം അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ നിര്‍മിച്ചെടുക്കുന്ന സവര്‍ണതയുടെ സുവര്‍ണദേശീയ ചരിത്രം മുസ്‌ലിം എന്നതിനെ മാത്രമല്ല, ദലിതര്‍, സ്ത്രീകള്‍ തുടങ്ങിയ സ്വത്വങ്ങളെയും അപരവല്‍ക്കരിച്ചു കൊണ്ടോ നിരാകരിച്ചു കൊണ്ടോ ആണ് ഇന്ത്യയുടെ ദേശീയ ഭൂപടം വരക്കുന്നത്. ഇത് ഒരര്‍ത്ഥത്തില്‍ ദേശസ്വത്വത്തോടുള്ള നിഷേധാത്മകസമീപനമാണ്. എക്കാലത്തും വരേണ്യതയും ഫാഷിസവും ദേശത്തെ സമീപിക്കുന്നത് ഇപ്രകാരമാകുന്നു. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന ചിന്തയാണ് അത്. വംശീയതയാണ് ഇതിന്റെ ആധാരം. ഇറ്റാലിയന്‍ വംശജര്‍ അവരുടെ വംശവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ ഉതരാണെും മുസ്സോലിനി പ്രഖ്യാപിച്ചു. ജര്‍മന്‍ ആര്യന്മാരെക്കുറിച്ച, ഹിറ്റ്‌ലറുടെ അവകാശവാദവും സമാനമായിരുന്നു. ഇന്ത്യയിലെ സാംസ്‌കാരിക ദേശീയതാവാദികള്‍ ഉന്നയിക്കുന്ന ദേശീയതയാകട്ടെ, “ഇന്ത്യക്കാര്‍ തന്നെയായ ബഹുഭൂരിപക്ഷത്തിനും (സ്ത്രീകള്‍, കീഴാളപക്ഷക്കാര്‍, അയിത്തജാതിക്കാര്‍, ഗോത്രസമൂഹങ്ങള്‍…) പൂര്‍ണ്ണ മനുഷ്യരായിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നുണ്ട്” (മീരാനന്ദ- Prophets Facing Backwards).

ഇന്ത്യ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെയെല്ലാം അടിത്തറ ദേശീയതയായിരിക്കും എന്ന, ടാഗോറിന്റെ ദീര്‍ഘദര്‍ശനം ഇവിടെയാണ് പസക്തമായിത്തീരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, “ഇന്ത്യയുടെ ചരിത്രമെന്നത് ഏതെങ്കിലുമൊരു വംശത്തിന്റേത് മാത്രമല്ല. മറിച്ച് ലോകത്തിലെ വിവിധ വംശങ്ങള്‍ സംഭാവന ചെയ്ത് സംസൃഷ്ടമായ ഒരു ദീര്‍ഘപ്രക്രിയയുടേതാണ്. ദ്രാവിഡരും ആര്യന്മാരും പുരാതന ഗ്രീക്കുകാരും പേര്‍ഷ്യക്കാരും പടിഞ്ഞാറന്‍ നാടുകളിലെയും മധ്യേഷ്യയിലെയും മുഹമ്മദീയരും ചേര്‍ന്ന് സൃഷ്ടിച്ചതാണത്. …അതിനാല്‍ ഇന്ത്യക്ക് ഇന്ത്യയുടെ ചരിത്രം എന്നതിനെക്കാള്‍ മനുഷ്യന്റെ ചരിത്രം എന്ന നിലക്കാണ് ഏറെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ളത്.”

അപകോളനീകരണത്തിന്റെ രാഷ്ട്രീയം, മുസ്‌ലിം സ്വത്വം

അധീശത്വത്തിന്റെ സകല രാഷ്ട്രീയ വിഭാവനകളുടെയും എതിര്‍പക്ഷത്തുള്ള പോരാളിയായി സ്വയം പ്രതിഷ്ഠിച്ച ചിന്തകനായ ഇഖ്ബാല്‍ രാജ്യത്തോടുള്ള സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ഛയുടെയും കാര്യത്തില്‍ ഒട്ടും പുറകിലായിരുന്നില്ല.

Miqbal4
മുഹമ്മദ് ഇഖ്ബാൽ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രൂപപ്പെട്ടതും ഇപ്പോഴും തുടരുന്നതുമായ ഒരു ഭാഷാ തര്‍ക്കമാണ് Hindi-Urdu controversy. ഉല്‍ഭവവും സ്ഥിതിയും കൊണ്ട് രണ്ടും ഒരേ ഭാഷയാണോ അതോ ഒരേ ഭാഷയുടെ ദേശ്യഭേദങ്ങള്‍ (dialects) ആണോ തുടങ്ങിയ കാര്യങ്ങളിലാണ് തര്‍ക്കം തുടങ്ങുന്നത്. അതാകട്ടെ, ദേശീയ ഭാഷ എന്ന നിലക്കുള്ള ഓരോന്നിന്റെയും വ്യത്യസ്തമായ സ്വത്വങ്ങളെക്കുറിച്ച ചര്‍ച്ചയിലേക്ക് തന്നെ വികസിച്ചു. (ഘഡീബോലി എന്ന പ്രാചീന ഇന്ത്യന്‍ ഭാഷയുടെ ഡയലെക്ടുകളാണ് ഉര്‍ദു, ഹിന്ദി, ഹിന്ദുസ്ഥാനി എന്നിവ എന്നാണ് പൊതുവായ നിഗമനം. ഘഡീബോലിയില്‍ പാര്‍സി, അറബി, സംസ്‌കൃതം എന്നീ ഭാഷകള്‍ ചെലുത്തിയ സ്വാധീനത്തില്‍ നിന്നാണ് ഈ ഭാഷകളുടെ ഉല്‍ഭവം. പാര്‍സി, അറബി, സംസ്‌കൃത ഭാഷകളുടെ സ്വാധീനങ്ങളുടെ ഏറ്റക്കുറച്ചിലാണ് ഉര്‍ദൂവിനെയും ഹിന്ദിയെയും ഹിന്ദുസ്ഥാനിയെയും മൂന്നായി നിലനിര്‍ത്തുന്ന ഏറ്റവും പ്രധാന ഘടകം. ഉര്‍ദു പാര്‍സി ലിപിയും ഹിന്ദി ദേവനാഗരി ലിപിയും സ്വീകരിച്ചു. ഇന്ത്യയിലെ സാമാന്യ ജനത്തിന്റെ ഭാഷയായ ഹിന്ദുസ്ഥാനിയില്‍ ഉര്‍ദു സ്വാധീനമാണ് കൂടുതലെങ്കിലും അത് എഴുതുന്നത് ദേവനാഗരി ലിപിയിലാണ്). ഈ തര്‍ക്കത്തില്‍ ഇടപെട്ടു കൊണ്ട് ഗാന്ധിജി പറഞ്ഞ ഒരു കാര്യമുണ്ട്. “ഇഖ്ബാലിന്റെ ഹിന്ദുസ്ഥാന്‍ ഹമാരാ കേള്‍ക്കുമ്പോള്‍ ഏത് ഹൃദയമാണ് സ്പന്ദിക്കാത്തത്? ഇഖ്ബാലിന്റെ ഭാഷ ഹിന്ദിയോ ഉര്‍ദുവോ ഹിന്ദുസ്ഥാനിയോ, ഏതുമാകട്ടെ, അത് ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന്, അതിന് മധുരമില്ലെന്ന്, അത് ഉത്തമമായ ചിന്ത പ്രകടിപ്പിക്കുന്നില്ലെന്ന് ആരാണ് പറയുക?”

ദേശം എന്നത് ദേശീയതയില്‍ നിന്നും ദേശരാഷ്ട്രത്തില്‍ നിന്നും ഭിന്നമാണെന്ന് പ്രഖ്യാപിച്ച ഇഖ്ബാല്‍, കൊളോണിയല്‍ ദേശരാഷ്ട്ര സങ്കല്‍പത്തിന് ബദലായി കൊളോണിയല്‍ വിരുദ്ധ ദേശരാഷ്ട്രത്തെ മുന്നോട്ടു വെച്ച ഇന്ത്യന്‍ ദേശീയവാദികളോട് വിയോജിച്ചു. കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമാണ് ദേശരാഷ്ട്രമെന്ന് അദ്ദേഹം വിലയിരുത്തി.

ദേശീയതയെ അദ്ദേഹം ഒരു വിഗ്രഹമായാണ് കണ്ടത്. എന്തെങ്കിലും ഉപകാരങ്ങള്‍ ചെയ്യുന്നതില്‍ നിസ്സഹായമായത് എന്നും ജീവിതത്തെ ആകാശത്ത് നിന്ന് പിടിവിട്ട് കാറ്റിനാല്‍ റാഞ്ചപ്പെട്ട് അഗാധഗര്‍ത്തത്തില്‍ തള്ളിയിടപ്പെടുന്ന ഒന്നാക്കി മാറ്റുന്നത് എന്നും ഖുര്‍ആന്‍ പറയുന്ന അസ്‌നാം എന്ന അതേ സംവര്‍ഗത്തില്‍ തന്നെയാണ് അദ്ദേഹം ദേശീയതയെയും പെടുത്തിയത്. കത്തോലിക്കാ മതാധിപത്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും തകര്‍ച്ച ദേശീയതയുടെ ഉദയത്തിന് കാരണമായി. എന്നാല്‍ ദേശീയതയുടെ പേരില്‍ ഉല്‍ഭവിച്ച സംഘട്ടനങ്ങളും മല്‍സരങ്ങളും പാശ്ചാത്യന്‍ സംസ്‌കാരത്തെത്തന്നെ ദുഷിപ്പിച്ചു എന്നാണ് ഇഖ്ബാലിന്റെ വിലയിരുത്തല്‍.

ദേശസ്‌നേഹം ഉന്നതമായ ലക്ഷ്യത്തിലേക്കെത്തുന്നില്ലെങ്കില്‍ അത് ദുര്‍ബ്ബലരാജ്യങ്ങളെ കീഴടക്കാനുള്ള ഉപകരണമായി അധഃപതിച്ചേക്കാം എന്ന് ദേശസ്‌നേഹത്തെക്കുറിച്ച കാഴ്ചപ്പാടുകളെത്തന്നെ അദ്ദേഹം സംഗ്രഹിക്കുന്നു. ഇന്ത്യയെപ്പോലെ ചൈനയും അറേബ്യയും സ്‌നേഹിക്കപ്പെടേണ്ടത് തന്നെയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

പാകിസ്ഥാന്റെ പിതാവായി അദ്ദേഹത്തെ മുദ്ര കുത്തുന്നത് അദ്ദേഹത്തിന്റെ തത്വങ്ങളോട് ചെയ്യുന്ന അനീതിയാണ്. അപകോളനീകരണത്തിന്റെ രാഷ്ട്രീയം എന്ന ഭാവിയിലേക്ക് നയിച്ചേക്കാവുന്ന പ്രബലമായ ഒരു മുസ്‌ലിം ദേശത്തിന്റെ സാധ്യതകളെ മാത്രമേ അദ്ദേഹം കണ്ടുള്ളൂ. മുസ്‌ലിം എന്ന സ്വത്വത്തെയും ഇസ്‌ലാം എന്ന ദര്‍ശനത്തെയും അദ്ദേഹം വിലയിരുത്തിയത് അപ്രകാരമാണ്. മുസ്‌ലിംകള്‍ക്ക് ഒരു ദേശരാഷ്ട്രം എന്ന മുദ്രാവാക്യത്തെ അദ്ദേഹം പിന്തുണച്ചതേയില്ല. ഒരു ദേശം എന്ന നിലയില്‍, ദേശരാഷ്ട്രം എന്ന നിലയിലോ ദേശീയത എന്ന നിലയിലോ അല്ല, ഇസ്ലാമിന് പുതിയൊരു തുടക്കം കുറിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചേക്കും എന്ന വിശ്വാസം.

ദേശീയതയും മാനവികതയും

അതിര്‍വരമ്പുകളെ അതിജയിക്കുന്ന വേദസംജ്ഞകളെക്കുറിച്ച പരാമര്‍ശത്തിലാണല്ലോ ഈ പ്രബന്ധം തുടങ്ങിയത്? ഒരു തരം ഗോത്രദേശീയത പ്രവാചകന്റെ കാലത്ത് നിലനിന്നിരുന്നുവെന്നു കരുതാം. അദ്ദേഹമാകട്ടെ, ഗോത്രസ്വത്വങ്ങളെയോ അതുമായി ബന്ധപ്പെട്ട സാംസ്‌കാരിക വൈവിധ്യങ്ങളെയോ നിരാകരിച്ചില്ല. എന്നാല്‍ വംശീയമായ ഉത്കൃഷ്ടതാ വാദങ്ങളെയും മുന്‍വിധികളെയും തീര്‍ത്തും നിരാകരിക്കുകയും ചെയ്തു. ഗോത്രദേശീയതയെ അടയാളപ്പെടുത്താനുതകുന്ന ഒരു പദം അദ്ദേഹം പ്രയോഗിച്ചത് അസബിയ്യഃ എന്നാകുന്നു. അസബിയ്യയിലേക്കു വിളിക്കുന്നവനും അതിനു വേണ്ടി പൊരുതുന്നവനും അതില്‍ മരിക്കുന്നവനുമൊന്നും തന്റെ കൂട്ടത്തില്‍പ്പെട്ടവരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Scissors-and-String  യഥ്‌രിബ് എന്ന മദീനയില്‍ നിലനിന്നിരുന്ന ഗോത്രദേശീയസംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സ്ഥാപിതമായ, യഥ്‌രിബിന്റെ പൊതു ദേശീയതയുടെ ആധാരത്തില്‍ ഒരു സമവായം രൂപപ്പെട്ട സമയത്താണ് നബി തിരുമേനി അവിടേക്ക് വരുന്നത്. മദീനയിലെ അന്നത്തെ ദേശീയനേതാവ് അബ്ദുല്ലാഹ് ബ്‌നു ഉബയ്യ് പ്രവാചകനെതിരില്‍ നിരന്തരമായ പ്രചാരവേലകളിൽ ഏർപ്പെട്ടിരുന്നതായി ചരിത്രത്തില്‍ കാണാം. അതായത്, നബിയുടെ മാനവികതാവാദവും ഇബ്‌നു ഉബയ്യിന്റെ യഥ്‌രിബ് ദേശീയതാ വാദവും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. അന്നത്തെ ഇസ്‌ലാമികസമൂഹത്തിനകത്തു തന്നെയായിരുന്ന ഇബ്‌നു ഉബയ്യും കൂട്ടാളികളും. എന്നാല്‍ യഥ്‌രിബ് (മദീന) വികാരത്തെ മറ്റുള്ളവരില്‍ ഉദ്ദീപിപ്പിക്കുവാന്‍ അയാള്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ദേശവാസികള്‍ ഉന്നതന്മാരും വിദേശികള്‍ തരം താഴ്ന്നവരുമാണെന്ന അയാളുടെ വാദം ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുനാഫിഖൂന്‍). ദേശീയതാവാദാധിഷ്ഠിതമായ അയാളുടെ തന്ത്രങ്ങളും മദീനാ സൊസൈറ്റിയില്‍ അവയുണ്ടാക്കിയ ആഘാതങ്ങളും മറി കടക്കുന്നതിന് നബി ഒരു പാട് ക്ലേശിച്ചിരുന്നു.

എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം, മനുഷ്യന്‍ എന്ന സ്വത്വരൂപത്തിന് നല്‍കുന്ന ആദരവ് ഖുര്‍ആന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരാശയമാണ്. അതിനു താഴെയുള്ള സ്വത്വ സംസ്‌കാര വൈവിധ്യങ്ങളെ അത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാം പ്രതിനിധീകരിക്കുന്ന പൊതു മാനവികതയെ മറികടക്കാന്‍ അതനുവദിക്കുന്നില്ല. എല്ലാ കുടിപ്പകകളെയും എന്റെ കാല്‍ക്കീഴില്‍ ചവിട്ടിയമര്‍ത്തിയിരിക്കുന്നുവെന്നാണല്ലോ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ നബി പ്രഖ്യാപിച്ചത്. മൂല്യങ്ങളുടെയും ദര്‍ശനത്തിന്റെയും പുനരുത്ഥാനത്തെയാണ് ഇസ്‌ലാമിക ചരിത്രം നവോത്ഥാനമായി അംഗീകരിക്കുന്നത്. ജനവിരുദ്ധ ആധുനിക ദേശീയതാവാദം സാംസ്‌കാരിക പുനരുത്ഥാനത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. അതേ സമയം ഇതിന്റെ പ്രതികരണമായി രൂപപ്പെട്ടിട്ടുള്ള ഉത്തരാധുനിക നവദേശീയതാവാദം ചത്തു മണ്ണടിഞ്ഞ ആചാരങ്ങളെയും അപ്രസക്തമായ മിത്തുകളെയും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. പുതിയ ദൈവങ്ങളെ നിര്‍മിക്കുന്നു. ഇതാകട്ടെ, ചക്രത്തെ പുറകോട്ടാണ് തിരിക്കുക.

അദേല പീവ എന്ന ബള്‍ഗേറിയന്‍ ചലച്ചിത്രകാരി Whose is this Song എന്ന ഒരു ഡോകുമെന്ററി സിനിമയെടുത്തിട്ടുണ്ട്. അവരുടെ തന്നെ ഒരന്വേഷണയാത്രയാണ് ഇതിന്റെ പ്രമേയം. തീരെച്ചെറുപ്പം മുതല്‍ക്കു തന്നെ താന്‍ ധാരാളമായി കേട്ടു വളര്‍ന്നിട്ടുള്ള ഒരു ഗാനം, ഒരീണം മറ്റു പല രാജ്യങ്ങളിലെയും ജനങ്ങള്‍ അവരുടേതായി നെഞ്ചേറ്റുന്നുണ്ടെന്ന് മനസ്സിലാക്കുന്നതിനെത്തുടര്‍ന്നാണ് അവരുടെ യാത്ര ആരംഭിക്കുന്നത്. എല്ലാ ബാള്‍ക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ അവരുടെ ഹൃദയത്തില്‍ നിന്നും പുറപ്പെടുവിക്കുന്നൊരീണമായിരുന്നത്. അങ്ങനെയവര്‍ ബാള്‍ക്കന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ബള്‍ഗേറിയ, ഗ്രീസ്, അല്‍ബേനിയ, മാസിഡോണിയ, തുര്‍ക്കി, ബോസ്‌നിയ ഹെര്‍സെഗോവിന എന്നീ രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ ഒരേ ഗാനത്തെ തങ്ങളുടെ മാത്രം സ്വന്തമായിക്കരുതുന്നു. മാസിഡോണിയയിലെ ദര്‍വീശുകളും ഗ്രീസിലെ ചര്‍ച്ചു ഗായകരും ആലപിക്കുന്നത് ഒരേ ഈണം. അതേ ഗാനം തന്നെ പ്രണയിനികളുടെ സ്‌നേഹതാളമായും സമരഭടന്മാരുടെ ആവേശമായും മാറുന്നു. യുദ്ധമുഖത്ത് സൈനികര്‍ക്ക് വീര്യം പകരുന്നതിനും അതേ ഗാനമുപയോഗിക്കുന്നു. ഭൂപടത്തിലെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യന് എല്ലായിടങ്ങളിലും പൊതുവായി ചിലതുണ്ടെന്ന ഓര്‍മപ്പെടുത്തലായി അങ്ങനെ അദേലയുടെ യാത്ര മാറുന്നു.

എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമായിരുന്നില്ല. ദേശസ്‌നേഹപരമായ മുന്‍വിധികള്‍ സംഗീതത്തിന്റെ അതിരുരഹിതത്വത്തെ മറികടക്കുന്നതായിരുന്നു. ഒരേഗാനം പങ്കുവയ്ക്കുന്ന ജനങ്ങള്‍ക്കിടയില്‍ അദൃശ്യമായ സ്‌നേഹത്തിന്റെ ഇഴകളുണ്ടാകുമെന്ന് കരുതി ദേശാന്തരം നടത്തുന്ന ചലച്ചിത്രകാരി ഒടുവില്‍ കണ്ടെത്തുന്നതാകട്ടെ, മനുഷ്യര്‍ പരസ്പരം വെറുക്കാന്‍ കണ്ടെത്തുന്ന ദേശീയവും വംശീയവും ചരിത്രപരവുമായ കാരണങ്ങളെ. ഗാനത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം പൂര്‍ത്തിയാകാതെ അവസാനിപ്പിക്കുകയാണവര്‍. കേവലം ഒരു ഗാനത്തെസ്സംബന്ധിക്കുന്ന വിവരങ്ങളല്ല, അകന്മഷമായ പാരസ്പര്യത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താനായിരുന്നു അവര്‍ യാത്ര തിരിച്ചിരുന്നത്. എന്നാല്‍ കണ്ടെത്തിയത് അതിരുകള്‍ മനുഷ്യത്വത്തെ വിഴുങ്ങുന്ന കാഴ്ചയും.

ദേശം, ദേശീയത്വം എന്നീ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുകയും സ്വഗൃഹപ്രേമം, സംഘബോധം എന്നിവയുടെ ആധാരത്തിലുള്ള ദേശസ്‌നേഹത്തെ ഉള്‍ക്കൊള്ളുകയും ചെയ്തു കൊണ്ടു തന്നെ, ദേശീയതാവാദം എന്ന ആത്യന്തികതയെ, എല്ലാറ്റിനെക്കാളുമുപരി മാനുഷികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ദര്‍ശനത്തിന്റെ ആധാരത്തില്‍ നാം വിശകലനവിധേയമാക്കേണ്ടതുണ്ട്. മഹാകവി പ്രഖ്യാപിച്ചതു പോലെ മനുഷ്യത്വം തന്നെയാണ് മനുഷ്യന്റെ ശരിയായ അഭയകേന്ദ്രം.

ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

additional_cab2d50a6f71c8a042336936d92aa543f9dce774-8

ദേശീയതയെപ്പറ്റി – ഒന്നാം ഭാഗം

I am against any nationalism; even in the guise of mere patriotism – Albert Einstein

Patriotism can not be our spiritual shelter. My refuge is humanity – Rabindranath Tagore

അതിര്‍ വരമ്പുകളെ അതിലംഘിക്കുന്ന ചില പദങ്ങളുണ്ട്. ഖുര്‍ആനില്‍ മുസ്‌ലിം എന്ന വാക്ക് അങ്ങനെയാണ് ഉപയോഗിക്കുന്നത്. ഇപ്പോഴും ഇതിന് മുമ്പും ഈ നിലപാട് കൈക്കൊണ്ടവര്‍ മുസ്‌ലിംകള്‍ തന്നെ എന്നാണ് ഖുര്‍ആന്‍ സൂറഃ അല്‍ ഹജ്ജിലെ അവസാനത്തെ ആയത്തില്‍ പറയുന്നത്. ഇതിലൂടെ ദേശത്തെ മാത്രമല്ല, കാലത്തെക്കൂടി അതിവര്‍ത്തിക്കുന്ന ഒരു സംജ്ഞയാണ് ഖുര്‍ആന്‍ അതിന്റെ അനുഗാതാക്കള്‍ക്ക് നല്‍കുന്നത് എന്ന് വരുന്നു. ബനൂ ഇസ്‌റാഈല്‍ എന്ന് ഖുര്‍ആന്‍ വിളിക്കുന്ന യൂദ സമൂഹത്തിന്റെ ആദ്യകാല നാമം എബ്രായ എന്നായിരുന്നു. ഈ പേരിന്റെ ഉല്‍ഭവത്തെപ്പറ്റി ഇവിടെ പ്രസക്തമായ ചില നിരീക്ഷണങ്ങളുണ്ട്. അതിലൊന്ന് അബ്രഹാമില്‍ നിന്ന് ഉണ്ടായതാണ് ആ പദം എന്നാണ്. അബ്രഹാമിനെ, ഇബ്‌റാഹീമിനെ വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത് ഇമാമുന്‍ ലിന്നാസ് എന്നാണല്ലോ. ജനതകളുടെ നേതാവ്. ഇതിലെ അന്നാസ് എന്ന സംവര്‍ഗം എല്ലാ അതിരുകളെയും ഭേദിക്കുന്ന ഒന്നാണ്. ദേശമോ വംശമോ ഗോത്രമോ ഇല്ലാത്തത്. ഇല്ലാത്തത് എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ഇല്ലാത്തത് എന്നു തന്നെ. ഇബ്‌റാഹീമിന്റെ മില്ലത്ത് (മാര്‍ഗം) എന്ന് പറഞ്ഞാല്‍ എല്ലാത്തരം വിഭാഗീയ കാഴ്ചപ്പാടുകളെയും പൂര്‍ണമായും നിശിതമായും തള്ളിക്കളയുന്നു.

fa33e6a3c64f4ce9d077ab990e6f69b5  എബ്രായ എന്ന പദത്തിന്റെ മറ്റൊരു വിശദീകരണം അത് യൂദസമൂഹത്തിന്റെ ഭാഷയുടെ പേരാണ് എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ സമൂഹം എബ്രായ എന്ന് വിളിക്കപ്പെട്ടത് കൊണ്ടാണ് അവരുടെ ഭാഷയ്ക്കും ആ പേര് വന്നത്. ആദിമ കനാന്യഭാഷയുടെ ഡയലക്ട് ആണ് എബ്രായ. കനാന്യനില്‍ ആ പദത്തിന്റെ അര്‍ത്ഥം അതിരുകള്‍ ഭേദിക്കുന്നത് എന്നാകുന്നു. സാമുദായികമോ ദേശീയമോ ആയ എല്ലാ അതിരുകളെയും ഭേദിക്കുന്നു എന്നാണ് അത്  സൂചിപ്പിക്കുന്നത്. പ്രവാചകന്മാരുടെ സമൂഹം എന്ന നിലയില്‍ ദൈവം അവര്‍ക്ക് നല്‍കിയ പേരാണത് എന്ന് ചിന്തിക്കാം.

ഓരോ സമൂഹവും താന്താങ്ങളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും സംസ്‌കാരത്തിലും നില കൊള്ളുമ്പോള്‍ത്തന്നെയും ഇപ്പറഞ്ഞതൊന്നും വൈകാരികമായ മേല്‍ക്കൈ നേടരുതെന്നും അത്തരം സങ്കുചിതത്വങ്ങളെ അതിവര്‍ത്തിക്കുക എന്നതാണ് യഥാര്‍ത്ഥലക്ഷ്യത്തിലേക്കുള്ള ഉപായം എന്നുമാണ് ഇതിലൂടെ പഠിപ്പിക്കപ്പെടുന്നത്.

ദേശം, ദേശീയത്വം, ദേശീയതാവാദം

Natio എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥം place of birth എന്നാണ്. ഇതില്‍ നിന്നാണ് Nation (ദേശം) എന്ന വാക്കുണ്ടാവുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെ മിക്ക ജന്തുക്കളിലും കാണപ്പെടുന്ന രണ്ട് വികാരങ്ങള്‍ ദേശം എന്ന യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്‌കാരത്തിന് നിമിത്തമാകുന്നുണ്ട്. സ്വഗൃഹപ്രേമവും സംഘബോധവുമാണത്. ജന്മസ്ഥലം ഉള്‍പ്പെടെ സ്വന്തം ചുറ്റുപാടുകളോടുള്ള സഹജവും സ്വാഭാവികവുമായ പ്രതിബദ്ധതയെ സ്വഗൃഹപ്രേമം എന്ന് വിളിക്കാം. അതാകട്ടെ, സ്വന്തം കുടുംബം, ഗോത്രം, സമുദായം എന്നിങ്ങനെ വികസിച്ച് ദേശത്തിലേക്കെത്തുകയാണ് ചെയ്യുക. അതായത് സ്വഗൃഹപ്രേമം ഒരാളില്‍ ദേശസ്‌നേഹമായും പ്രകാശിതമാകുന്നു. മനുഷ്യന്‍ എന്ന കാഴ്ചപ്പാട് ദേശത്തെ റദ്ദ് ചെയ്യുന്ന ഒന്നല്ല. അതിനാല്‍ത്തന്നെ സമുദായങ്ങളെയും സാമുദായികവും പ്രാദേശികവുമായ സംസ്‌കാരങ്ങളെയും റദ്ദ് ചെയ്യാന്‍ ദേശത്തിനും അധികാരമില്ല. ജന്മസ്ഥലം എന്ന യാഥാര്‍ത്ഥ്യത്തെ ദേശം എന്നതിലേക്ക് വികസിപ്പിച്ചത് മനുഷ്യനാണ്. ആ വിഭജനം പ്രകൃതിപരമൊന്നുമല്ല. കുടുംബം, സമുദായം തുടങ്ങിയവയാകട്ടെ, ദേശം എന്നതിനെക്കാള്‍ ശുദ്ധവും മൗലികവുമായ (genuine) യാഥാര്‍ത്ഥ്യങ്ങളാകുന്നു. ഭൂമിശാസ്ത്രപരമായ അതിരുകളാണ് ദേശത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ദേശം ഒരു ആദര്‍ശമല്ല. അതേസമയം കുടുംബം എന്നതില്‍ രക്തബന്ധം എന്ന ജൈവികത കുടികൊള്ളുന്നു. സമുദായമാകട്ടെ, ആദര്‍ശത്താലോ വിശ്വാസത്താലോ ബന്ധിതവുമായിരിക്കും.

ഒരാളുടെ ദേശീയമായ സ്വത്വത്തെ അയാളുടെ ദേശീയത്വം (nationality) ആയി മനസ്സിലാക്കാം. അതായത്, രാജ്യത്തിന്റെ അതിരുകള്‍ അതിനകത്തുള്ളവര്‍ക്ക് നല്‍കുന്ന ഐഡന്റിറ്റിയാണ് നാഷനാലിറ്റി. അതേസമയം ദേശം ആദര്‍ശമായി മാറുന്നേടത്താണ് ദേശീയതയും ദേശീയതാവാദവും (nationalism) ഉല്‍ഭവിക്കുന്നത്.

സ്വഗൃഹം എന്നതില്‍ വ്യവഹരിക്കാവുന്ന ഏതൊരു തലവും എന്ന പോലെത്തന്നെ ദേശത്തിന്റെയും ആദര്‍ശവല്‍ക്കരണം ദേശീയബോധത്തിന്റെ അതിരുകവിച്ചില്‍ (Chauvinism) സൃഷ്ടിക്കുന്നു. ഇതാകട്ടെ, ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ളവരെ അപരന്മാര്‍ ആക്കുകയും അവരോടുള്ള വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നു. സെനഫോബിയ (Xenophobia) എന്ന് ഈ മാനസികാവസ്ഥയ്ക്ക് പേരുണ്ട്. Xenon എന്നാല്‍ അപരന്‍, വിദേശി എന്നെല്ലാമാണ് അര്‍ത്ഥം.

Painting by Frédéric Bruneau
Painting by Frédéric Bruneau

അതോടൊപ്പം, ദേശീയതാവാദത്തിന്റെ തലത്തില്‍ നിന്നു കൊണ്ട് പരിശോധിക്കുമ്പോള്‍, ഒരു രാഷ്ട്രത്തിന്റെ പൊതുവായ സാംസ്‌കാരിക പൈതൃകത്തെയും മറ്റും എങ്ങനെയാണ് നിര്‍വചിക്കുക? പൊതുവേ ബഹുസ്വരമാണ് മിക്കവാറും ആധുനിക രാഷ്ട്രങ്ങളിലെ ജനതയെല്ലാം തന്നെ. സ്വിറ്റ്‌സര്‍ലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാകട്ടെ, ഈ ബഹുത്വം അതിന്റെ ഏറ്റവുമുന്നതിയില്‍ നില്‍ക്കുന്നു. ഒട്ടേറെ ഭാഷകള്‍ സംസാരിക്കുന്ന ജനതയാണ് സ്വിറ്റ്‌സര്‍ലന്റിലേത്. ഇന്ത്യയിലെ മത, ഭാഷാ വൈവിധ്യങ്ങളാകട്ടെ അസംഖ്യം. ഈ ബഹുസ്വരതയെ അതേ നിലക്ക് അഭിമുഖീകരിക്കാനോ അംഗീകരിക്കാന്‍ പോലുമോ പലപ്പോഴും ദേശീയതക്ക് സാധിക്കാറില്ല. ചരിത്രപരമോ സാമൂഹികമോ ആയ സാഹചര്യങ്ങളാല്‍ അധീശപദവി കൈയടക്കുന്ന വിഭാഗങ്ങള്‍ ദേശീയ ജനതയുടെ സ്ഥാനത്ത് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും മാത്രമാണ് ദേശസംസ്‌കാരമെന്ന ബോധം അടിച്ചേല്പിക്കുകയും ചെയ്യാറുണ്ട്. ഇതു വഴി ഒരുമിച്ചു ചേര്‍ത്താല്‍ രാജ്യ പൗരന്മാരില്‍ വലിയൊരു ഭൂരിപക്ഷം തന്നെ വന്നേക്കാവുന്ന സമൂഹങ്ങള്‍ അപരവല്‍ക്കരിക്കപ്പെടുന്നു. അങ്ങനെ ദേശീയത ജനവിരുദ്ധവും അക്കാരണത്താല്‍ത്തന്നെ ദേശവിരുദ്ധവുമായിത്തീരുകയും ചെയ്യുന്നു.

ഒരര്‍ത്ഥത്തില്‍ ഇന്ത്യയെപ്പോലുള്ള സ്ഥലങ്ങളിലെങ്കിലും രാജഭരണകാലത്തെ രാജഭക്തിയാണ് ആധുനികതയില്‍ ദേശീയതാവാദമായി പരിണമിച്ചതെന്നു പറയാം. അതിര്‍ത്തികളോടുള്ള വ്യഗ്രത രണ്ടിലുമുണ്ട്. അതിര്‍ത്തി വിപുലീകരണ വ്യഗ്രതയും (രാഷ്ട്ര വികസനവാദം) ഇതിലടങ്ങിയിട്ടുണ്ട്. ഈ വികാരത്തിലൂടെ രാജാവിന്റെ അധികാരാതിര്‍ത്തിയാണ് സംരക്ഷിക്കപ്പെടുകയോ വിപുലീകരിക്കപ്പെടുകയോ ചെയ്യുന്നത്. കൊളോണിയല്‍ കാലത്ത് രാജാവിന്റെ അധികാരാതിര്‍ത്തി എന്നതിനു പകരം വിപണിയുടെ അതിരടയാളങ്ങള്‍ എന്ന മനോനില വന്നു. രാജാവിന്റെ സ്വേച്ഛാധികാരമായാലും വിപണിയുടെ അതിരടയാളങ്ങളായാലും സംരക്ഷിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുക എന്നത് ദേശസ്‌നേഹം എന്ന, പവിത്രീകരിക്കപ്പെട്ട വികാരത്തിന്റെ പേരിലാവുന്നതോടെ അതുമായി 5d696471e2d87a0f6f1b2528ebcc6ff8ബന്ധപ്പെട്ട സംരംഭങ്ങളില്‍ പങ്കു ചേരാന്‍ ദേശത്തിലെ മുഴുവനാളുകളും നിര്‍ബ്ബന്ധിതരാകുന്നു. മാത്രവുമല്ല, ദേശീയതയെക്കാള്‍ പവിത്രമായ മറ്റൊന്നില്ലെന്നു വരുന്നതോടെ രാഷ്ട്രവികസനശ്രമത്തിനിടയിലെ അമാനവികമായ നിഷ്ഠുരതകള്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. പുതിയ കാലത്തെ ദേശീയ പ്രതിബദ്ധതയുമായി ബന്ധപ്പെട്ട ക്രൂരതകളെ സോഷ്യല്‍ ഡാര്‍വിനിസം കൊണ്ട് ന്യായീകരിക്കാറുമുണ്ട്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ പ്രകൃതിനിയമമാണത് എന്ന് വാദിക്കപ്പെടാറുണ്ട്. രാജ്യതന്ത്രത്തിന്റെ അനിവാര്യവികാസമായി യുദ്ധവും ആക്രമണവും മാറുന്നതങ്ങനെയാണ്.

ദേശീയതാവാദത്തിന്റെ വികാസം

ദേശീയതയെ ഒരു ആദര്‍ശമായി വളര്‍ത്തിയതും പ്രചരിപ്പിച്ചതും യൂറോപ്യരാണ്. ഫ്രഞ്ച് വിപ്ലവം, ജ്ഞാനോദയം, മതനവീകരണം, വ്യവസായ വിപ്ലവം, മുതലാളിത്തവും കോളനീകരണവും തുടങ്ങിയ പശ്ചാത്തലങ്ങള്‍ ആധുനികകാലത്തെ യൂറോപ്യന്‍ ദേശീയതാവികാരത്തിന്റെ വളര്‍ച്ചയ്ക്കു പിറകിലുണ്ട്.

മധ്യകാലഘട്ടത്തില്‍ യൂറോപ്പ് റോമാ സാമ്രാജ്യത്തിന്റെയും മാര്‍പ്പാപ്പയുടെയും കീഴിലായിരുന്നപ്പോള്‍ ദേശവുമായി ബന്ധപ്പെട്ട വികാരങ്ങള്‍ അത്ര ശക്തമായിരുന്നില്ല. അക്കാലത്ത് ലാറ്റിന്‍ യൂറോപ്പിന്റെ പൊതുഭാഷയുമായിരുന്നു. പിന്നീട് ശക്തരായ രാജാക്കന്മാര്‍ക്കു കീഴില്‍, റോമിന്റെയും പോപ്പിന്റെയും അധികാരത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മുക്തമായിത്തുടങ്ങിയതോടെയാണ് ദേശീയത ശക്തി പ്രാപിച്ചു തുടങ്ങിയത്. ലാറ്റിന്റെ പദവി നഷ്ടപ്പെടുകയും ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് തുടങ്ങിയ പ്രാദേശികഭാഷകള്‍ ശ്രദ്ധിക്കപ്പടുകയും ചെയ്തു. മതനവീകരണത്തെത്തുടര്‍ന്ന് പ്രൊട്ടസ്റ്റന്റ് സഭകള്‍ ശക്തിപ്പെട്ടതോടെ പോപ്പിന്റെ അധികാരത്തിനു പുറത്ത്, ദേശീയതലത്തിലുള്ള സഭകള്‍ വളര്‍ന്നു വന്നു. പള്ളിയുടെ ഉഗ്രശാസനകളില്‍ക്കഴിഞ്ഞിരുന്ന യൂറോപ്പിനെസ്സംബന്ധിച്ചിടത്തോളം കൂടുതല്‍ മതമുക്തരായിത്തീരാന്‍ കൂടുതല്‍ ദേശഭക്തരാവേണ്ടതുണ്ടായിരുന്നു.

ഫ്രഞ്ചു വിപ്ലവവും ദേശീയതാവാദത്തിന് ഊര്‍ജം പകര്‍ന്നു. ഫ്രഞ്ച് ദാര്‍ശനികനായ റൂസ്സോ പിതൃരാജ്യത്തോടുള്ള കൂറിനെ ഒരു പൗരന്റെ മറ്റെന്തിനെക്കാളും വലിയ ഗുണമായി അവതരിപ്പിച്ചു. ദേശീയ ചിഹ്നങ്ങള്‍, അവയുടെ പവിത്രത തുടങ്ങിയവയെ ലോകത്തിനു പരിചയപ്പെടുത്തിയതും ഫ്രഞ്ചു വിപ്ലവമാണ്. ഒരര്‍ത്ഥത്തില്‍ പഴയ ഗോത്രജീവിതവ്യവസ്ഥയിലെ റ്റോട്ടം സമ്പ്രദായത്തിനു തുല്യമാണ് ദേശീയ ചിഹ്നങ്ങള്‍ എന്നു പറയാം.

വ്യവസായവിപ്ലവാനന്തരം മുതലാളിത്തത്തിന്റെ വികാസം, പുതിയ ഭൂപ്രദേശങ്ങളുടെ കണ്ടുപിടുത്തം എന്നിവ യൂറോപ്പില്‍ ദേശീയബോധത്തെ ശക്തിപ്പെടുത്തി. കൂട്ടത്തില്‍ വെള്ളക്കാരന്റെ വംശീയ അഹന്ത കൂടി ഒത്തുചേര്‍ന്നതോടെ ഇതര ഭൂപ്രദേശങ്ങള്‍ക്കും ജനതകള്‍ക്കും മേലുള്ള കൈയേറ്റങ്ങള്‍ ന്യായീകരിക്കപ്പെട്ടു. അമേരിക്കന്‍ ഭൂപ്രദേശത്ത് കടന്നു കയറിയ യൂറോപ്യന്മാര്‍ അവിടുത്തെ ആദിമ ഗോത്രങ്ങളില്‍ ഏതാണ്ട് മിക്കതിനെയും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കി. അതോടെ അവിടെ ആധിപത്യം കൈയടക്കിയ വെള്ളക്കാരാവട്ടെ, അധികം താമസിയാതെ പുതിയ അമേരിക്കന്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുകയും മാതൃരാജ്യങ്ങളുമായി പോരാട്ടങ്ങളിലേര്‍പ്പെട്ട് സ്വതന്ത്രരാജ്യങ്ങളായിത്തീരുകയും ചെയ്തു. ദേശീയ ബോധവും ദേശീയതയും പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാവുന്നതിന്റെ ഉദാഹരണവും കൂടിയായിത്തീര്‍ന്നു അത്. തൊട്ടു മുമ്പു വരെ ഇംഗ്ലീഷ് ദേശീയതയുടെയും മറ്റും പരിധിയില്‍ വന്നിരുന്നവരാണ് പുതുതായൊരു അമേരിക്കന്‍ ദേശീയത സ്ഥാപിച്ചെടുത്തത്.

വെള്ളവംശീയത, ദേശീയതാവാദത്തിന് അതിക്രൂരമായ മുഖമാണ് നല്‍കിയത്. അധിനിവിഷ്ടദേശങ്ങളില്‍ വെള്ളക്കാര്‍ ചെയ്തു കൂട്ടിയ ക്രൂരതകള്‍ക്ക് കണക്കില്ല. വൈറ്റ് മാന്‍സ് ബേഡന്‍, വെസ്റ്റ് ആന്റ് റെസ്റ്റ്, റെസ്റ്റ് ഒഫ് ദ വേള്‍ഡ് തുടങ്ങിയ പ്രയോഗങ്ങള്‍ തന്നെ കൊളോണിയല്‍ അധിനിവേശകാലത്തെ യൂറോപ്യന്‍ വംശീയ ബോധത്തിന്റെ മൂര്‍ധന്യത്തെയാണ് സൂചിപ്പിക്കുന്നത്.

Laststand  വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് രൂപപ്പെട്ട ഉദാരതാ സിദ്ധാന്തങ്ങടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനം ഈ ദേശീയ ബോധം തന്നെയായിരുന്നെന്നു കാണാം. ഉദാരദേശീയതാവാദം (Liberal Nationalism) പൗരന്മാരില്‍ അങ്ങേയറ്റത്തെ രാഷ്ട്രവിധേയത്വം സൃഷ്ടി്ച്ചു. അതോടൊപ്പം ഗവണ്‍മെന്റിന്റെ ലക്ഷ്യം സ്വന്തം രാജ്യപരിധിക്കകത്തുള്ള ജനങ്ങള്‍ക്ക് പരമാവധി സുഖവും സന്തോഷവും നല്‍കുക എന്നതുമായിത്തീര്‍ന്നു. എന്നാല്‍ ഇത് രാജ്യങ്ങള്‍ തമ്മിലുള്ള അന്യായമായ ഏറ്റുമുട്ടലുകള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കുമിടയാക്കി. ദേശതാല്‍പര്യങ്ങള്‍ ഏതക്രമത്തിനും ന്യായീകരണമായിത്തീരുകയാണല്ലോ. യുദ്ധത്തില്‍ തങ്ങളുടെ ഭൂപരമായ അതിര്‍ത്തിക്കകത്തുള്ള സൈനികര്‍ വീരന്മാരും അതിനു പുറത്തുള്ളവര്‍ അക്രമികളുമായി മാറുന്നതിന്റെ മനശ്ശാസ്ത്രവും ഇതു തന്നെ. അതിരാണ് നന്മ തിന്മകളുടെ പരമമായ മാനദണ്ഡം.

ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണം

ചരിത്രപരമായി ഇന്ത്യ എന്നത് ഒരു ഏകസംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയല്ല. കൊളോണിയല്‍ കാലഘട്ടത്തിന് മുമ്പ് ഒരു ദേശമായിട്ടല്ലാതെ ഒരു ദേശരാഷ്ട്രമായി ഇന്ത്യ നിലനിന്നിട്ടേയില്ല. ബി.സി.ഇ അയ്യായിരത്തോടടുത്ത് ഇവിടെ ആഫ്രിക്കയില്‍ നിന്നുള്ള നീഗ്രോയ്ഡുകളും ആസ്‌ത്രേലിയയില്‍ നിന്നുള്ള ആസ്ത്രലോയ്ഡുകളുമാണ് പ്രവേശിച്ചത്. അവരാണ് മെഹര്‍ഗഢ് സംസ്‌കാരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദിമസംസ്‌കാരത്തിന്റെ പ്രയോക്താക്കള്‍. ബി.സി.ഇ മൂവായിരത്തോടെ ഏഷ്യാമൈനറില്‍ നിന്നും ദ്രാവിഡരും ആയിരത്തറുന്നൂറോടെ മധ്യേഷ്യയില്‍ നിന്ന് ആര്യന്മാരും പ്രവേശിച്ചു. മേധാവിത്തം പിടിച്ചടക്കാനുള്ള ഏറ്റുമുട്ടലുകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിയെങ്കിലും അതാത് സംസ്‌കാരങ്ങള്‍ ഒട്ടൊക്കെ തനിമകള്‍ നിലനിര്‍ത്തിക്കൊണ്ടും ആദാനപ്രദാനങ്ങളിലൂടെയും ഇവിടെ വികസിച്ചു. തുടര്‍ന്ന് പാര്‍സികളും അറബികളുമൊക്കെയായി ഒട്ടേറെ ജനവിഭാഗങ്ങള്‍ ഈ പ്രദേശത്തേക്ക് പ്രവേശിക്കുകയും ഇവിടെ അതിജീവനം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ എല്ലാ ജനവിഭാഗങ്ങളുടെയും സംഭാവനകള്‍ സ്വീകരിച്ചു കൊണ്ടാണ് ഇന്ത്യയുടെ വളര്‍ച്ച. അതായത് inclusion ആയിരുന്നു അതിന്റെ സ്വഭാവം. എന്നാല്‍ വര്‍ണാശ്രമധര്‍മത്തിന്റെ പ്രയോഗം സൃഷ്ടിച്ച ശ്രേണീബദ്ധത അധികാരത്തിന്റെ സ്വഭാവമാര്‍ജിച്ചതോടെയാണ് exclusion വരേണ്യതയുടെ സ്വഭാവമായി മാറിയത്.

കൊളോണിയല്‍ അധിനിവേശങ്ങളോടുള്ള ചെറുത്തുനില്‍പ്പ് ആണ് ഇന്ത്യയില്‍ ദേശീയമായ ബോധം സൃഷ്ടിച്ചത്. ദേശീയബോധം അധിനിവേശവിരുദ്ധമായ പോരാട്ടങ്ങളില്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. മഹാത്മാഗാന്ധിയും മറ്റ് ഇന്ത്യന്‍ ദേശീയ നേതാക്കളും ഇന്ത്യന്‍ ദേശീയബോധത്തെ ഉദ്ദീപിപ്പിച്ചത് ബ്രിട്ടീഷധീശത്വവിരുദ്ധ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ സാംസ്‌കാരികവും സാമൂഹികവുമായ നവോത്ഥാന മുന്നേറ്റങ്ങള്‍ ഇതിനെ ഒന്നുകൂടി ശക്തിപ്പെടുത്തി. പുരോഗമനാശയങ്ങളുടെ പിന്‍ബലം ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിനു ലഭിക്കുകയും ചെയ്തു.

ഇപ്രകാരം പല രാജ്യങ്ങളിലും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും വിദേശ മേല്‍ക്കോയ്മകളില്‍ നിന്നുള്ള മോചനത്തിനും ദേശീയത ഉപകരണമായിത്തീര്‍ന്നു. യൂറോപ്പിനകത്തും പുറത്തും ഇതിനുദാഹരണങ്ങളുണ്ട്. ഹോളണ്ടിന്റെ അധീശത്വത്തില്‍ നിന്ന് ബെല്‍ജിയവും റഷ്യന്‍ മേധാവിത്വത്തില്‍ നിന്ന് പോളണ്ടും വിമുക്തി നേടിയതങ്ങനെയാണ്. സൈമണ്‍ ബോളിവറിനെപ്പോലുള്ള നേതാക്കന്മാര്‍ ലാറ്റിനമേരിക്കയിലെ വിവിധരാജ്യങ്ങളെ ഇതു പോലെ ഉദ്ദീപിപ്പിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാര്‍ സ്വരാജ്യത്തിലെ സര്‍ക്കാറിന്റെ ആധിപത്യത്തിനെതിരായ് നടത്തിയ സമരങ്ങളുടെ ഫലമായാണ് ഐക്യനാടുകളെന്ന രാജ്യം തന്നെ. എന്നാല്‍ യൂറോപ്പിലെ ഈ ഓരോ രാജ്യവും തങ്ങളുടെ അതിര്‍ത്തികളെ വിപുലീകരിക്കാന്‍ ഇതര ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും മേല്‍ ഭീകരമായ ആക്രമണങ്ങളഴിച്ചു വിട്ടതിനും ചരിത്രം സാക്ഷിയായി.

ഇറാഖി ചിത്രകാരൻ Paul Batou വിന്റെ The Genocide എന്ന പെയിന്റിങ്
ഇറാഖി ചിത്രകാരൻ Paul Batou വിന്റെ The Genocide എന്ന പെയിന്റിങ്

കൊളോണിയല്‍ വിരുദ്ധ ദേശീയബോധത്തിന് ഒരു പരിധിവരെയെങ്കിലും ഈ ഉള്‍ക്കൊള്ളല്‍ സ്വഭാവമുണ്ടായിരുന്നെങ്കിലും വരേണ്യബോധവും അതിനെ ആദര്‍ശമായി സ്വീകരിച്ച് വളര്‍ന്നു വന്ന ആര്‍.എസ്.എസ് പോലുള്ള കക്ഷികളും ഇന്ത്യന്‍ ദേശീയതയെ exclusivist ആയിത്തന്നെ സമീപിച്ചു.

ദേശീയതയും മാനുഷികതയും

ചരിത്രം, സംസ്‌കാരം, രാഷ്ട്രാതിര്‍ത്തി, വംശം, രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങള്‍ തുടങ്ങി ദേശീയവാദം ഉന്നയിക്കുന്ന ന്യായങ്ങളൊന്നും തന്നെ സ്ഥായിയല്ല. ഇപ്പറഞ്ഞതൊന്നും തന്നെ ഏകതാനമോ ഏകമുഖമോ അല്ല. യുക്തിഭദ്രമോ സാര്‍വലൗകികമോ ആയ ആശങ്ങളല്ല ഇതൊന്നും. തികച്ചും വരേണ്യമായ പ്രതിലോമവ്യവഹാരങ്ങള്‍ക്കകത്താണ് ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം പോലും വികസിച്ചത്. ആദ്യകാല നേതാക്കന്മാരില്‍പ്പലരും ഈ സവര്‍ണ ദേശീയതയെയാണ് സ്വപ്‌നം കണ്ടിരുന്നത്. അതേസമയം സവര്‍ണ ചിട്ടകള്‍ക്കു പുറത്തായിരുന്നു ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിഭാഗവും ജീവിച്ചിരുന്നത്. അവരുടെ ജീവിതം, സംസ്‌കാരം, ബന്ധങ്ങള്‍, അതിജീവനം തുടങ്ങിയ കാര്യങ്ങളെല്ലാം വിസ്മരിക്കപ്പെട്ടു. മാനസികമായി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തടവുകാരായി വരേണ്യപാരമ്പര്യം പിന്തുടരാനായിരുന്നു മിക്ക നേതാക്കന്മാരും ശ്രമിച്ചത്.

അല്ലെങ്കില്‍ ആരാണ് വിദേശി? ഇന്ത്യന്‍ വരേണ്യത സൃഷ്ടിക്കുന്ന പൊതുബോധത്തില്‍ പാകിസ്ഥാനികളും ബംഗ്ലാദേശികളും ഏറ്റവും വെറുക്കപ്പെടേണ്ട വിദേശശക്തികളാണ്. എന്നാല്‍ ഭൂപരമായി ഈ രണ്ടു ജനതകളെയും ഇന്ത്യക്കാരില്‍ നിന്നു വേര്‍തിരിക്കുന്ന അതിര്‍ രേഖ രൂപപ്പെട്ടിട്ട് കേവലം ഏഴ് മാത്രമല്ലേ ആയുള്ളൂ? അതിനു മുമ്പ് അവര്‍ ഇന്ത്യന്‍ ദേശീയതയുടെ തന്നെ ഭാഗമായിരുന്നല്ലോ? ഒന്നു കൂടി കൃത്യമായിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ദേശീയത തന്നെയും കൊളോണിയല്‍ വാഴ്ചയുടെ ഉല്പന്നം മാത്രമായിരുന്നല്ലോ. വെള്ളക്കാരന്റെ അധീശത്വത്തിന്‍ കീഴില്‍ വരുന്നതിനു മുമ്പ് ഇന്ത്യ ഒട്ടേറെ നാട്ടുരാജ്യങ്ങളായി നില്‍ക്കുകയായിരുന്നല്ലോ? നാടു വാഴുന്ന പൊന്നുതമ്പുരാന്മാരോടുള്ള ഭയഭക്തിബഹുമാനാദരവുകള്‍ മാത്രമാണ് അന്ന് നില നിന്നിരുന്ന ദേശീയബോധം. ദേശരാഷ്ട്രമെന്ന പാശ്ചാത്യ ആധുനിക സങ്കല്പത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് എവിടെയുമെന്നതു പോലെ ഇന്ത്യയിലെയും ദേശീയത. അതിനോടുള്ള ഷോവനിസ്റ്റിക് ഭ്രമമാണ് നിലവില്‍ ഇന്ത്യക്കാരന്റെ ദേശീയബോധം. സത്യത്തില്‍ ആധുനിക ദേശരാഷ്ട്രമെന്നത് ഒരു imagined political community മാത്രമാകുന്നു (ബെനഡിക്റ്റ് ആന്‌ഡേഴ്‌സന്‍).

വരേണ്യതയുടെ ഈ സ്വാധീനത്തെ ഒട്ടൊക്കെ സ്തംഭിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. ഇന്ത്യന്‍ ദേശീയതയെ ഗാന്ധിജി സമീപിച്ചതും അതിനെ വികസിപ്പിക്കാന്‍ ശ്രമിച്ചതും മറ്റൊരു രീതിയിലായിരുന്നു. ഇന്ത്യന്‍ പാരമ്പര്യത്തെയും ആത്മീയതയെയും അദ്ദേഹം കൊളോണിയല്‍ വിരുദ്ധവികാരമുണര്‍ത്തുന്നതിനു വേണ്ടിയുപയോഗിച്ചു. ദേശീയതക്കും ദേശീയപ്രസ്ഥാനത്തിനും മറ്റൊരു മുഖം നല്‍കാന്‍ പരിശ്രമിച്ചു.

അതേസമയം ഗാന്ധിജിയുടെ ഈ പരിശ്രമങ്ങളുടെ പ്രതിലോമപ്രതികരണമായാണ് ഹിന്ദുമഹാസഭയും ആക്രാമക ഹിന്ദുത്വ ദേശീയതയും വളര്‍ന്നുവന്നതെന്നു പറയാം.

(അടുത്ത പോസ്റ്റ്:

ദേശീയത- ടാഗോറിന്റെയും ഇഖ്ബാലിന്റെയും ബങ്കിം ചന്ദ്രന്റെയും വീക്ഷണങ്ങൾ)

 

 

സന്തുലനം -ഇസ്ലാമിക ദർശനം പാഠം നാല്

images

കഴിഞ്ഞ പാഠങ്ങൾ

ഒന്ന്, ഉത്തമസമുദായം

രണ്ട്, മധ്യമസമുദായം

മൂന്ന്, ദർശനം – പദാർത്ഥവും ആശയവും

മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഉത്തമസമുദായം എന്ന നിലക്ക് ഖുര്‍ആന്‍ അതിന്റെ അനുഗാതാക്കളെ എങ്ങനെ നിര്‍ണയിക്കുന്നു എന്ന് നാം ഒന്നാമത്തെ പാഠത്തില്‍ വിവരിച്ചു. നന്മയില്‍ നില കൊള്ളാനും നന്മ കല്‍പിക്കാനും കല്‍പിക്കുന്ന ഒന്ന് എന്ന നിലക്ക് വേദഗ്രന്ഥം നന്മയെ അടയാളപ്പെടുത്തുന്നത് ഏത് വിഷയത്തിലും അറ്റങ്ങളുടെ ആത്യന്തികതകളില്‍ നിന്ന് വിട്ട് മധ്യമനിലയിലാണ് എന്നും ഈ നിലപാട് മുറുകെപ്പിടിക്കാന്‍ ബാധ്യസ്ഥര്‍ എന്ന അര്‍ത്ഥത്തിലാണ് വിശ്വാസികള്‍ക്ക് മധ്യമസമുദായം എന്ന വിശേഷണം നല്‍കുന്നത് എന്നും രണ്ടാമത്തെ പാഠത്തിലും വിശദീകരിച്ചു. പ്രപഞ്ചത്തിന്റെ ഉല്‍പത്തിയും നിലനില്‍പുമായി ബന്ധപ്പെട്ട ദര്‍ശനത്തില്‍ പദാര്‍ത്ഥവാദത്തില്‍ നിന്നും ആശയവാദത്തില്‍ നിന്നും വേറിട്ട് കൊണ്ട് ഖുര്‍ആന്‍ സ്വീകരിക്കുന്ന നിലപാടാണ് മൂന്നാമത്തെ പാഠത്തില്‍ പരാമൃഷ്ടമായത്.
c5c09730ff1db600bc5cc4c14399f9b4
വിധിയെയും മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെയും സംബന്ധിച്ച നിലപാടുകള്‍ ഇവിടെ വിശദീകരിക്കാം. ഈ വിഷയത്തില്‍ ‘ബുദ്ധന്‍, യേശു, മുഹമ്മദ് ലോകമതങ്ങളെപ്പറ്റി ഒരു പുസ്തകം’ എന്ന എന്റെ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു.

///’അല്ലാഹുവിന്റെ വിധി (ഖദ്ര്‍/ Decree, Destiny) എന്നത് ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു തത്വമാണ്. അവന്റെ വിധിയനുസരിച്ചാണ് എല്ലാം, എല്ലാ നന്മതിന്മകളും. മനുഷ്യന്റെ വിശ്വാസം, കര്‍മം തുടങ്ങിയവയ്ക്കും ഇത് ബാധകമാണ് എന്നാണ് പൊതുവേ മനസ്സിലാക്കപ്പെടുക.
സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉദ്ഭവിക്കാം. ദൈവത്തിന്റെ തീരുമാനം അനുസരിച്ചു മാത്രമാണ് നാം ചരിക്കുന്നതെങ്കില്‍ അവന്റെ രക്ഷാ ശിക്ഷകള്‍ക്ക് എന്ത് പ്രസക്തി? എന്നാല്‍ ഇങ്ങനെ ഒരു യാന്ത്രികവിധി വിശ്വാസമല്ല ഇസ്‌ലാമിന്റേത്. അല്ലാഹുവിന്റെ വിധി എന്ന ആശയം വളരെ പ്രധാനമാണ്. മനുഷ്യന്റെ കഴിവുകള്‍, കര്‍മങ്ങള്‍, ആദര്‍ശം എന്നിങ്ങനെ എല്ലാത്തിലും. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും ചെയ്യുന്നുവെന്ന് ഖുര്‍ആനില്‍ പലേടത്തും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അല്ലാഹു സര്‍വശക്തന്‍ ആയിരിക്കെത്തന്നെ, അവന്റെ ഉദ്ദേശ്യത്താല്‍ മാത്രം ആളുകളെ വഴികേടിലാക്കില്ല എന്നും പറയുന്നുണ്ട്. സ്വയം നന്മ ഉദ്ദേശിക്കുന്നവരാരെന്ന് അല്ലാഹുവിന് അറിയാം. എന്നാല്‍ അവര്‍ക്ക് സന്മാര്‍ഗപ്രാപ്തി ഉണ്ടാകുന്നത് അവന്റെ അനുഗ്രഹത്താലാകുന്നു. ‘പറയുക, ഓരോരുത്തരും അവരവരുടെ മാര്‍ഗങ്ങളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാകുന്നു. ആരാണ് സന്മാര്‍ഗത്തില്‍ എന്ന് നന്നായി അറിയുന്നവന്‍ നിങ്ങളുടെ റബ്ബ് മാത്രമത്രേ’ (ബനീ ഇസ്‌റാഈല്‍: 84).

ഓരോ മനുഷ്യന്റേയും ഭാഗ്യദൗര്‍ഭാഗ്യങ്ങളും അവന്റെ അന്തിമമായ അവസ്ഥയും അതിന്റെ കാരണങ്ങളും അവരവര്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗത്തിലും കര്‍മങ്ങളിലുമാണ് ഉള്ളത്. അഥവാ അവന്റെ ഏത് തരത്തിലുള്ള പരിണതിക്കും പ്രഥമകാരണം അവന്‍ തന്നെ. അവന്റെ തെരഞ്ഞെടുപ്പ്, അവന്റെ കര്‍മങ്ങള്‍, അവയുടെ അടിസ്ഥാനത്തില്‍ അവന്റെ വിചാരണ. ‘ഓരോ മനുഷ്യന്റേയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ത്തന്നെ ബന്ധിച്ചിരിക്കുന്നു. പുനരുത്ഥാനനാളില്‍ അവന് വേണ്ടി ഒരു കര്‍മരേഖ പുറപ്പെടുവിക്കും. തുറന്ന പുസ്തകം പോലെ അതവന് കാണാം. വായിക്കുക, നിന്റെയീ കര്‍മപുസ്തകം. നിന്റെ വിചാരണയ്ക്ക് ഇന്ന് നീ തന്നെ മതി’ (ബനീ ഇസ്‌റാഈല്‍: 13-14).

ഇച്ഛാനുസാരം പ്രവര്‍ത്തിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുള്ളതിനാല്‍ കര്‍മങ്ങളുടെ ഉത്തരവാദിയും അതിന്റെ ഫലം അനുഭവിക്കേണ്ടവനും അവന്‍ തന്നെ. എന്നാല്‍, ഏതൊരു കര്‍മത്തിലും കാര്‍മികന്റെ ഉദ്ദേശ്യം എന്ന ഘടകത്തോടൊപ്പം അല്ലാഹുവിന്റെ വിധി എന്നതും കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ചിലപ്പോള്‍ നമ്മില്‍ നിന്നുണ്ടാവുന്നത് നമ്മള്‍ ഉദ്ദേശിച്ചത് തന്നെയാവണമെന്നില്ല. എല്ലാത്തിനും ഒരു കാര്യകാരണ ബന്ധമുണ്ട്. ആ കാര്യകാരണബന്ധം തന്നെയും ദൈവികമായ ഒരു വിധിയാണ്. എന്നാല്‍ അത് ഒരു പരിധി വരെ മുന്‍കൂട്ടി അറിയാം. ഒപ്പം യാദൃച്ഛികത എന്ന സാധ്യതയും ഓരോന്നിലും നിലനില്‍ക്കുന്നു. ഇതും ദൈവികമായ തീരുമാനമാണ്. എന്നാല്‍ നമ്മുടെ മുന്‍ധാരണക്കും ഗ്രാഹ്യതക്കും അപ്പുറം നില്‍ക്കുന്ന ഒന്നാണ് ഇത്. അപ്പോള്‍ കാര്യ കാരണബന്ധം എന്ന ഘടകവും യാദൃച്ഛികത എന്ന സാധ്യതയും ചേര്‍ന്ന, നമ്മുടെ നിയന്ത്രണത്തിന് വിധേയമല്ലാത്ത ഒരു തലമുണ്ട്. മറുഭാഗത്ത് ഒരു കര്‍മം സംഭവിക്കുമ്പോള്‍ അത് ചെയ്യുന്ന ആളിന്റെ ബോധവും ഉദ്ദേശ്യവും എന്ന തലവും. ഈ രണ്ട് തലങ്ങളെയും അംഗീകരിച്ചു കൊണ്ടുള്ള നിലപാട് ഇക്കാര്യത്തില്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. അതായത് വിധിയെയും ഇച്ഛാസ്വാതന്ത്ര്യത്തെയും ശരിയായി സമന്വയിച്ചു കൊണ്ടുള്ള കാഴ്ചപ്പാട്.

മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍, വ്യക്തിക്ക് തന്റെ നിലപാടും വഴിയും തീരുമാനിക്കുന്നതില്‍ സ്വയം നിര്‍ണയവും ഇച്ഛാസ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ അവന് നിര്‍ണയാവകാശം ഉണ്ട് എന്നത് പടച്ചവന്റെ വിധിയാണ്. (അതായത്, വിധിയാണ് മനുഷ്യപ്രവര്‍ത്തനങ്ങളുടെ പ്രഥമഹേതു. എന്നാല്‍ മനുഷ്യന്‍ അവന്റെ കര്‍മങ്ങളുടെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനാണ് എന്നതാണ് ഇക്കാര്യത്തിലുള്ള പ്രഥമമായ വിധി).

പില്‍ക്കാലത്ത് ജബരിയ്യ, ഖദ്‌രിയ്യ എന്നീ പേരുകളില്‍ രണ്ട് ചിന്താ ധാരകള്‍ ഈ വിഷയത്തില്‍ മുസ്‌ലിംകളില്‍ രൂപം കൊണ്ടു. ആദ്യ വിഭാഗം യാന്ത്രിക വിധിവാദികളായിരുന്നെങ്കില്‍ രണ്ടാമത്തേത് ഇച്ഛാ സ്വാതന്ത്ര്യമാത്രവാദികളായിരുന്നു. ഇസ്‌ലാമികലോകത്ത് പക്ഷേ, ഈ രണ്ട് ചിന്തകള്‍ക്കും വേരുപിടിക്കാന്‍ പറ്റിയില്ല. അതിന് കാരണം മറ്റ് പലതിലും എന്ന പോലെ ഇക്കാര്യത്തിലും ഇസ്‌ലാം അംഗീകരിക്കുന്ന സന്തുലിതനിലപാട് തന്നെയാണ്.’///

Josefien-Stoppelenburg-dreambirds1-825x510ജബരിയ്യയെയും ഖദ്‌രിയ്യയെയും സംബന്ധിച്ച പരാമര്‍ശത്തില്‍ നാം കണ്ടത് പോലെ യാന്ത്രികമായ വിധിസങ്കല്‍പങ്ങളെല്ലാം പില്‍ക്കാലത്ത് മതത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ടതാണ്. മുസ്ലിം സമൂഹത്തില്‍ ജബരിയ്യാക്കള്‍ എന്നത് പോലെ ക്രിസ്തുമതത്തില്‍ മുന്‍നിര്‍ണിത വിധിവാദം (determinism) ആദ്യമായി ഉന്നയിച്ചത് ഹിപ്പോയിലെ അഗസ്തിനോസ് പുണ്യവാളന്‍ (St. Augustine of Hippo/ Aurelius Augustinus Hipponensis) ആണ്. ജന്മപാപസിദ്ധാന്തം അവതരിപ്പിച്ചതും സെന്റ് അഗസ്റ്റിന്‍ ആയിരുന്നു.

തത്വചിന്തയില്‍ Evolution എന്ന പദം ആദ്യമായുപയോഗിച്ചത് സെന്റ് അഗസ്റ്റിനാണ്. a gradual process of change and development എന്നാണ് പൊതുവേ ഈ പദത്തിന് അര്‍ത്ഥം പറയാറുള്ളതെങ്കിലും act of unfolding എന്ന അര്‍ത്ഥത്തിലാണ് സെന്റ് അഗസ്റ്റിന്‍ ഇതുപയോഗിച്ചത്. ആദ്യമേ വരച്ച ശേഷം ചുരുട്ടി വെച്ച ഒരു ചിത്ര കംബളം ചുരുള്‍ നിവര്‍ത്തുന്നത് പോലെയാണ് ഈ ലോകത്തും ഓരോ വ്യക്തിയുടെയും ജീവിതത്തിലും നടക്കുന്ന സംഭവവികാസങ്ങള്‍ എന്നാണ് അദ്ദേഹം സിദ്ധാന്തിച്ചത്. ജന്മപാപസിദ്ധാന്തമനുസരിച്ച് അടിസ്ഥാനപരമായി മനുഷ്യന് ലഭിക്കുന്നത് പാപജന്മമാണ്. പാപത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുന്നതിന് വേണ്ടി പുത്രനായ ദൈവം യേശുവായി ജന്മമെടുത്ത് ക്രൂശുമരണം വരിക്കുകയായിരുന്നു. എന്നാല്‍ ഈ രക്ഷാകരത്വം എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകുന്നില്ല. ഇതില്‍ അഭയം പ്രാപിക്കാനുള്ള തീരുമാനമാകട്ടെ, മനുഷ്യനില്‍ നിന്ന് ഉണ്ടാകുന്നതുമല്ല. രക്ഷാശിക്ഷകള്‍ ദൈവം മുന്‍കൂട്ടി തീരുമാനിച്ചതാണ്. അതായത് ദൈവവിധിയനുസരിച്ച് രക്ഷാശിക്ഷകള്‍ ലഭിക്കുകയാണ്, മറിച്ച് മനുഷ്യന്‍ സ്വന്തം അവബോധത്താല്‍ അത് നേടുകയല്ല ചെയ്യുന്നത്.

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ തനി ഭൗതികതയില്‍ കഴിഞ്ഞു കൂടി, ശേഷം മനിക്കേയമതാവലംബിയായ സെന്റ് അഗസ്റ്റിന്‍ പിന്നീട് ക്രൈസ്തവസംന്യാസിയും മനിക്കേയമതത്തിന്റെ വിമര്‍ശകനും ആയി മാറി. ഏതെങ്കിലും ആശയത്തോട് തീവ്രപോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ അതിന്റെ തന്നെ സ്വാധീനത്തിലകപ്പെടുന്നതായി കാണാറുണ്ട്. ശങ്കരാചാര്യരുടെ ആശയങ്ങളില്‍ ബുദ്ധചിന്തകളുടെ കണ്ടെത്താം. എന്നു മാത്രമല്ല പ്രഛന്നബുദ്ധന്‍ എന്ന വിളിപ്പേര് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. സരതുഷ്ട്രന്‍, മനിക്കേയന്‍ ദ്വന്ദ്വാത്മകസിദ്ധാന്തത്തിന് പിന്നീട് സംഭവിച്ച വികൃത പരിണാമങ്ങളില്‍ നിന്നായിരിക്കാം തിന്മയുടെ അനിവാര്യത, ജന്മപാപം മുതലായവയെക്കുറിച്ച, അഗസ്തിനോസ് സിദ്ധാന്തങ്ങള്‍ ജന്മമെടുത്തത്. (സത്യത്തില്‍, സരതുഷ്ട്രരും മാനിയുമൊക്കെ ഉന്നയിച്ച ദ്വന്ദ്വാത്മക സിദ്ധാന്തം, അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ സന്തുലിതമായ വീക്ഷണത്തെയാണ് പ്രകാശിപ്പിക്കുന്നത്. എന്നാല്‍ പില്‍ക്കാലത്ത് അത് തികച്ചും വ്യത്യസ്തമായ മറ്റൊരു രൂപം പ്രാപിക്കുകയായിരുന്നു).

ജന്മപാപസിദ്ധാന്തത്തിനും വിധിവാദത്തിനുമെതിരായി ശക്തമായ ചില പ്രതികരണങ്ങള്‍ ക്രിസ്തുമതത്തില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്. ഡൊണാറ്റിസ്റ്റ്, പെലേഗനിസ്റ്റ് എന്നീ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ കലാപങ്ങളാണ് ഇതില്‍ പ്രധാനം. രണ്ടാം നൂറ്റാണ്ടിലെ മൊണ്ടാനസ് എന്ന ഫ്രിജിയന്‍ സംന്യാസിയുടെ ചിന്തകളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച ചിന്തകനാണ് ദൈവശാസ്ത്ര ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള, കാര്‍ത്തേജിലെ തെര്‍തുല്യന്‍. മൊണ്ടാനസ്, തെര്‍തുല്യന്‍ ചിന്തകളെ കാര്‍ത്തേജിലെ ബിഷപ്പായിരുന്ന ഡൊണാറ്റസ് മാഗ്നസ് ഒരു വലിയ പ്രസ്ഥാനമാക്കി മാറ്റി. അതാണ് ഡൊണാറ്റിസ്റ്റ് മൂവ്‌മെന്റ്. ഉത്തരാഫ്രിക്കയിലും യൂറോപ്പിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന ഡൊണാറ്റിസ്റ്റുകള്‍ പാപസിദ്ധാന്തം,വിധിവാദം എന്നിവയെ നിരാകരിച്ചു.

ബ്രിട്ടീഷുകാരനായ സിര്‍ക്കയിലെ പെലാജിയൂസും ശിഷ്യന്മാരും കുറേക്കൂടി ഭദ്രമായ വാദമുഖങ്ങള്‍ ഉയര്‍ത്തിയാണ് രംഗത്ത് വന്നത്. വിധിവാദവും ജന്മപാപവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടില്ലെന്ന് പെലേഗനിസ്റ്റുകള്‍ വാദിച്ചു. ഒരാളുടെ ഒരു കര്‍മം പാപമാകണമെങ്കില്‍, അത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അയാളുടെ തന്നെ തീരുമാനം ആയിരിക്കണം. അതായത് അയാള്‍ക്ക് അതില്‍ ഇച്ഛാസ്വാതന്ത്ര്യം (Free Will) ഉണ്ടാവണം. ഇച്ഛാശക്തി ഉള്ളതിനാലാണ് കനി ഭക്ഷിച്ചതിന്റെ പേരില്‍ ആദാം പാപിയായതെങ്കില്‍ അതിലെവിടെയാണ് മുന്‍നിര്‍ണിത വിധി ഉള്ളത്? നേരെ മറിച്ച് വിധികല്‍പിതമായ ഒരു കര്‍മമാണ് ആദാം ചെയ്തതെങ്കില്‍, ഒട്ടും ബോധപൂര്‍വകമല്ലാത്ത ഒരു കര്‍മം എങ്ങനെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ വരും? അതിന്റെ പേരില്‍ ആദാം എങ്ങനെയാണ് പാപിയാകുന്നത്?

ആദാമിന്റെ പാപം പിന്നീട് ജനിക്കുന്നവരെയെല്ലാം ബാധിക്കും എന്ന സിദ്ധാന്തത്തെയും പെലേഗനിസ്റ്റുകള്‍ തള്ളിക്കളഞ്ഞു. അവരുടെ വീക്ഷണത്തില്‍, ആദാം ഹവ്വമാരുടെ സന്തതിപരമ്പരക്ക് ആദിമാതാപിതാക്കളില്‍ നിന്ന് ലഭിച്ചത് ആദിമാനുഗ്രഹത്തിന്റെ പൈതൃകം ആണ്, ആദിപാപത്തിന്റെയല്ല. അതിനാല്‍, അവനവന്‍ ചെയ്ത കാര്യങ്ങള്‍ക്കല്ലാതെ പൂര്‍വികരോ മറ്റാരെങ്കിലുമോ ചെയ്ത യാതൊന്നിനും ഒരാളും ഒരു നിലക്കും ഉത്തരവാദിയല്ല.

കേവല വിധി, കളങ്കിത ജന്മം തുടങ്ങിയ പരികല്‍പനകളും അനുഷ്ഠാനബദ്ധതയുമൊക്കെ മതത്തിന്റെ സാമൂഹിക ഉള്ളടക്കത്തെ ചോര്‍ത്തിക്കളയുകയും ചരിത്ര നിര്‍മിതിയില്‍ അതിനുള്ള സ്ഥാനത്തെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കാനും സ്വയം നിര്‍ണയിക്കാനുമുള്ള, മനുഷ്യന്റെ അവകാശത്തെയും ശേഷിയെയും ദൈവത്തിന്റെ വിധിയായി കാണുന്ന ഒന്നാണ് ഇക്കാര്യത്തിലുള്ള സന്തുലിതതത്വം എന്ന് പറയാം.