സംഘിഫാഷിസത്തിന്റെ കെട്ടുകഥകള്‍ അഥവാ ജോസഫ് ഗീബല്‍സിന്റെ പുനര്‍ജന്മങ്ങള്‍ -ഒന്ന്

cycleoflies_chrismars

വംശീയ ഫാഷിസം അതിന്റെ മേല്‍ക്കോയ്മയുടെ സംസ്ഥാപനത്തിന് പ്രധാനമായും ആശ്രയിക്കാറുള്ള ചില വഴികളുണ്ട്. ഇക്കാര്യത്തില്‍ എല്ലാ വംശീയ സിദ്ധാന്തങ്ങളും സാമ്യത പുലര്‍ത്തുന്നുമുണ്ട്. ആ വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവയാണ്.
1) വംശത്തിന്റെ പവിത്രതയെയും വിശുദ്ധിയെയും കുറിച്ച ബോധങ്ങള്‍
2) വംശീയമോ ദേശീയമോ ആയ അപമാനനത്തെക്കുറിച്ച വ്യാജസിദ്ധാന്തങ്ങള്‍
3) ഇതരസമൂഹങ്ങളെക്കുറിച്ച് അപരന്മാരും ശത്രുക്കളും എന്ന ചിന്ത ഉല്‍പാദിപ്പിക്കലും അവരെ പിശാചവല്‍ക്കരിക്കലും

ഇന്ത്യയിലെ സംഘ് പരിവാര്‍ ഫാഷിസവും ഇതേ നിലപാട് തന്നെ സ്വീകരിക്കുന്നു. ഈ മൂന്ന് അടിത്തറകളില്‍ നിന്നു കൊണ്ടുള്ള ചരിത്രവും പൊതുബോധനിര്‍മിതിയും വളരെ വ്യാപകത്വം നേടിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അവര്‍ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ പ്രധാന വാദമുഖങ്ങളെ ലഘുവായി ഒന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇവിടെ ശ്രമിക്കുന്നത്.
hyperrealism-paintings-tigran-tsitoghdzyan
ഒന്ന്)
ആര്യവാദം

ഇതിന് രണ്ട് തലങ്ങളുണ്ട്. ആര്യന്മാര്‍ മറ്റെവിടെ നിന്നും വന്നവരല്ല, അവര്‍ ഇന്ത്യയില്‍ത്തന്നെ ഉല്‍ഭവിച്ചവരാണ് എന്നതാണ് ഒന്ന്. രണ്ടാമത്തേത് ഇന്ത്യയിലെ ഏറ്റവും ആദിമ നിവാസികള്‍ ആര്യന്മാരാണ് എന്നതും.

ഹിന്ദുക്കള്‍ മാത്രമാണ് ഈ നാട്ടിലെ ആദിമജനത എന്ന് ഹിന്ദുത്വ ഫാഷിസത്തിന്റെ ആചാര്യനും ആര്‍.എസ്.എസ്സിന്റെ രണ്ടാമത്തെ സര്‍സംഘചാലകും (supreme leader) ആയ എം.എസ് ഗോള്‍വല്‍ക്കര്‍ We or Our Nationhood Defined എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. എണ്ണായിരമോ പതിനായിരമോ വര്‍ഷങ്ങളോളം ഹിന്ദുക്കള്‍ക്കായിരുന്നേ്രത ഈ ഭൂമിയില്‍ ‘അവിതര്‍ക്കിതമായ അവകാശം’. അങ്ങനെയാണു പോലും ഈ മണ്ണ് ഹിന്ദുസ്ഥാന്‍ അഥവാ ഹിന്ദുക്കളുടെ നാട് ആയത്. ഒരു വിദേശവംശം ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നത് വരെ അത് നിലനിന്നുവെന്നും ഈ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

ആക്രമിച്ച് കീഴ്‌പ്പെടുത്തിയ വിദേശവംശം ഏതാണെന്ന് വ്യക്തമല്ലെങ്കിലും, ഹിന്ദു എന്നതു കൊണ്ട് ആര്യനെയാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഗോള്‍വല്‍ക്കര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം അദ്ദേഹം പറയുന്ന അത്രയും കാലത്തെ പഴക്കമൊന്നും എന്തായാലും ഇന്ത്യയിലെ ആര്യചരിത്രത്തിനില്ല എന്നതാണ് വസ്തുത. ചരിത്രമെന്നാല്‍ യക്ഷിക്കഥയല്ലല്ലോ.

ഇവിടെ മറ്റൊരു കാര്യം വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു (We or Our Nationhood Defined) എന്ന പുസ്തകത്തിലെ ആശയങ്ങളുടെ യ്ഥാര്‍ത്ഥ കര്‍തൃത്വത്തെച്ചൊല്ലി വിവാദങ്ങളുണ്ട്. ഇത് ഗോള്‍വല്‍ക്കറുടെയോ ആറെസ്സെസ്സിന്റെയോ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നതല്ലെന്ന് അവര്‍ക്ക് തന്നെ ഒരു വാദമുണ്ട്. എന്നാല്‍ 1939ല്‍ പ്രസിദ്ധം ചെയ്യപ്പെട്ട ഈ പുസ്തകത്തെ പലരും ആര്‍.എസ്.എസ് ബൈബിള്‍ എന്ന് വരെ വിശേഷിപ്പിച്ചതായി കാണാം.
2902030468_bd196dae7d_b
ഈ നിരാകരണത്തില്‍ വലിയ കാര്യമൊന്നുമില്ല. ആര്‍.എസ്.എസ് ഐഡിയലോഗും ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രഫസറുമായ രാകേഷ് സിന്‍ഹ 2006ല്‍ തയ്യാറാക്കിയ ബുക്‌ലെറ്റില്‍ പറയുന്നത് ഈ പുസ്തകം ജി.ഡി സവര്‍ക്കറുടെ രാഷ്ട്രമീമാംസയുടെ സംഗ്രഹം ആണെന്നും ഇതിനെ സംഗ്രഹിച്ചു എന്നതിനപ്പുറം ഗോള്‍വല്‍ക്കറുടെ വീക്ഷണങ്ങളെ ഇത് പ്രതിനിധാനം ചെയ്യുന്നില്ല എന്നുമാണ്. ഗണേഷ് ദാമോദര്‍ സവര്‍ക്കര്‍ എന്ന ജി.ഡി സവര്‍ക്കറാകട്ടെ, വിനായക് ദാമോദര്‍ സവര്‍ക്കറുടെ (വി.ഡി സവര്‍ക്കര്‍) മൂത്ത സഹോദരനും അഭിനവ് ഭാരത് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനുമാണ്. ഇത് സവര്‍ക്കറുടെ ആശയങ്ങളുടെ സംഗ്രഹമാണെങ്കില്‍ത്തന്നെ അക്കാര്യവും ഗോള്‍വല്‍ക്കര്‍ സംശ്ലേഷകനായിട്ടെങ്കിലും ഒരു പങ്ക് ഇതില്‍ വഹിച്ചിട്ടുണ്ട് എന്നതും ഇതിനെ ഹിന്ദുത്വയുടെ പാഠപുസ്തകം തന്നെയാക്കി മാറ്റുന്നുണ്ട്. മാത്രവുമല്ല, വിചാരധാരയടക്കം തന്റെ കൃതികളിലെല്ലാം ഗോള്‍വല്‍ക്കര്‍ മുന്നോട്ട് വെക്കുന്ന അതേ വംശീയ ആശയങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലും ഉള്ളത്. ഗോള്‍വല്‍ക്കറുടെ സമ്പൂര്‍ണകൃതികളുടെ സമാഹാരമായ ശ്രീ ഗുരുജി സമഗ്രയില്‍ വി ഓര്‍ അവര്‍ നാഷന്‍ഹുഡ്ഡിന് ഗോള്‍വല്‍ക്കര്‍ തന്നെ എഴുതിയ ആമുഖലേഖനം ചേര്‍ത്തിട്ടുണ്ടെന്ന് ജ്യോതിര്‍മയ ശര്‍മ വ്യക്തമാക്കുന്നുണ്ട് (Terrifying Vision: M.S Golwalkar, the RSS and India).

തങ്ങളുടെ വംശീയ വിശുദ്ധി നിലനിര്‍ത്താന്‍ വേണ്ടി യൂദന്മാരെ കൊന്നുതീര്‍ക്കുകയും തുടച്ച് മാറ്റാന്‍ ശ്രമിക്കുകയും ചെയ്ത, ജര്‍മനിയുടെ പ്രവൃത്തിയെ ഈ പുസ്തകത്തില്‍ ശ്ലാഘിക്കുന്നുണ്ട്.

എന്തായാലും വിഷയത്തിലേക്ക് വരാം. സത്യത്തില്‍ ഹിന്ദു എന്ന പ്രയോഗം അതിന്റെ ഉല്‍ഭവത്തില്‍ ഏതെങ്കിലും വംശത്തെയോ സമുദായത്തെയോ മതത്തെയോ അല്ല, മറിച്ച് ഭൂമേഖലയെയാണ് സൂചിപ്പിച്ചിരുന്നത്. ഈ നാമം തന്നെയും പേര്‍ഷ്യനില്‍ നിന്നാണ് വരുന്നത്. ഇറാനിലെ വേദഗ്രന്ഥമായ അവെസ്തയുടെ ഭാഷയായ സെന്ദില്‍ സപ്തസിന്ധുവിനെ ഹപ്തഹിന്ദു എന്നാണ് വിളിക്കുന്നത്. ഇത് സംബന്ധമായി പുറകേ നാം വിവരിക്കുന്നുണ്ട്.

ഗോള്‍വല്‍ക്കര്‍ക്ക് ഹിന്ദു എന്നാല്‍ ആര്യനാണ് എന്ന് സൂചിപ്പിച്ചല്ലോ. ഇന്ത്യയില്‍ ആര്യസാന്നിധ്യം അറിയപ്പെടുന്നത് ഏതാണ്ട് ബി.സി.ഇ 1600 മുതല്‍ക്കാണ്. എണ്ണായിരമോ പതിനായിരമോ വര്‍ഷങ്ങളുടെ അവിതര്‍ക്കിതമായ അവകാശം നിലനിന്ന ശേഷം വിദേശശക്തികളാല്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തപ്പെടുക, അതും കഴിഞ്ഞ് നൂറ്റാണ്ടുകളുടെ കൊളോണിയല്‍ വാഴ്ചയും സ്വാതന്ത്ര്യപ്രാപ്തിയും ഒക്കെ ചേര്‍ത്തു വെച്ചാല്‍ പത്ത് പന്ത്രണ്ട് സഹസ്രാബ്ദങ്ങളുടെ ചരിത്രം വരും. എന്നാലോ നാല് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സിന്ധു നദിക്കിപ്പുറത്ത് ആര്യന്മാര്‍ ഉണ്ടായിട്ടില്ല.

ആര്യവംശാഭിമാനത്തിന് തന്നെയും ആദ്യഘട്ടത്തില്‍ ഇങ്ങനെയൊരു വാദമുണ്ടായിരുന്നില്ല. ഉത്തരധ്രുവത്തില്‍ നിന്നാണ് ആര്യന്മാരും വേദങ്ങളും ഉല്‍ഭവിച്ചതെന്ന വാദം, ബാലഗംഗാധര തിലകന്‍ മുന്നോട്ടു വെച്ചിരുന്നതായി Communal Politics- Facts versus Myths എന്ന പുസ്തകത്തില്‍ രാം പുനിയാനി വ്യക്തമാക്കുന്നുണ്ട്. പിന്നീട് രണ്ടായിപ്പിരിഞ്ഞതില്‍ ഒരു ശാഖ യൂറോപ്പിലേക്ക് കടന്ന് അപരിഷ്‌കൃതത്വത്തിലേക്ക് തിരിച്ചു പോവുകയും രണ്ടാമത്തെത് ഇന്ത്യയിലേക്ക് വന്ന് ആര്യസംസ്‌കൃതിയെ നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്തുവത്രേ. ഇംഗ്ലീഷുകാരും ഇന്ത്യയിലെ ഉയര്‍ന്ന ജാതിക്കാരും ആര്യവംശജരുടെ തന്നെ പിന്‍മുറക്കാരായതിനാല്‍ ഇംഗ്ലീഷുകാരുടെ ആഗമനത്തെ അധിനിവേശമായി കാണരുതെന്നും അത് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളുടെ പുനസ്സമാഗമം മാത്രമാണെന്നും കേശബ് ചന്ദ്ര സെന്നില്‍ നിന്നും പുനിയാനി ഉദ്ധരിക്കുന്നുണ്ട്.

തിലകന്റെ ഉത്തരധ്രുവസിദ്ധാന്തത്തെ തള്ളിക്കളയാന്‍ ഗോള്‍വല്‍ക്കര്‍ മുതിരുന്നില്ല. പകരം അതിവിചിത്രമായ ഒരു സിദ്ധാന്തം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ ബിഹാറും ഒഡീഷയുമടങ്ങുന്ന സ്ഥലമായിരുന്നേ്രത പഴയ ഉത്തരധ്രുവം. ഉത്തരധ്രുവലോകം വടക്കു കിഴക്കന്‍ ദിശയിലേക്കും പിന്നീട് അല്‍പം ഉത്തരഭാഗത്തേക്കും നീങ്ങി ഇന്നത്തെ സ്ഥാനത്ത് എത്തിച്ചേര്‍ന്നു. അതായത്, ഹിന്ദുക്കള്‍ (ആര്യന്മാര്‍) ഇന്ത്യയിലേക്ക് കുടിയേറുകയല്ല, മറിച്ച് അവരുടെ ഭൂപ്രദേശം തന്നെ അവരെയും കൊണ്ട് സഞ്ചരിച്ച് ഇങ്ങോട്ടെത്തുകയായിരുന്നു എന്നാണ് ഗോള്‍വല്‍ക്കറുടെ സിദ്ധാന്തം.
chalcolithic1
ആര്യജനതയുടെ വ്യാപനത്തെക്കുറിച്ച ചരിത്ര വിവരണം മറ്റൊന്നാണ്. ഇന്തോ-യൂറോപ്യന്‍ എന്ന ഒരു പൊതുപൂര്‍വിക ഭാഷയില്‍ നിന്നാണ് ഗ്രീക്ക്, ലാറ്റിന്‍, സെന്ദ്, പേര്‍ഷ്യന്‍ തുടങ്ങിയവയെപ്പോലെത്തന്നെ സംസ്‌കൃതവും ഉണ്ടായത്. ഹിന്ദു പുരാണേതിഹാസങ്ങളെക്കാള്‍ പഴക്കമുള്ള വൈദികസാഹിത്യം സംസ്‌കൃതത്തിന്റെ കൂടുതല്‍ പഴയ ഒരു രൂപമാണ് ഉപയോഗിച്ചിരുന്നത്. ഇതിനെ ഇന്തോ-ഇറാനിയന്‍ അഥവാ ഇന്തോ-ആര്യന്‍ ഭാഷ എന്ന് വര്‍ഗീകരിക്കാമെന്ന് റൊമിലാ ഥാപ്പര്‍ ചൂണ്ടിക്കാണിക്കുന്നു (The Penguin History of Early India: From the Origins to AD 1300). ഇതാകട്ടെ, കൂടുതല്‍ ഇന്തോ-യൂറോപ്യന്‍ ഭാഷയോട് ചേര്‍ന്നു നില്‍ക്കുന്നു. ആര്യന്‍ ജനതകളുടെ സമാനത പ്രധാനമായും ഭാഷാപരമാണ് (ആര്‍.എസ് ശര്‍മ, Ancient India). ഇന്തോ-യൂറോപ്യന്‍ ഭാഷകളാണ് വ്യത്യസ്ത ആര്യന്‍ ജനതകള്‍ സംസാരിച്ചത്. യൂറോപ്പില്‍ എല്ലായിടത്തും ഇറാനിലും വടക്കേ ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും നിലനില്‍ക്കുന്നത് ഇതിന്റെ വകഭേദങ്ങളാണെന്നും ആര്‍.എസ് ശര്‍മ പ്രസ്താവിക്കുന്നു.

ഇന്തോ-യൂറോപ്യന്‍ സംസാരിച്ചിരുന്ന ജനതയുടെ മൂലസ്ഥാനം മധ്യേഷ്യയായിരുന്നു (ഭാഷയുടെ പേര് വംശനാമമായി പ്രയോഗിക്കുന്നതിനോട് ഥാപ്പര്‍ വിയോജിക്കുന്നുണ്ട്. എന്നാല്‍ സൗകര്യത്തിന് വേണ്ടി നാം ഇന്തോ-യൂറോപ്യന്‍ ജനത, ഇന്തോ-ആര്യന്‍ ജനത എന്നൊക്കെ പ്രയോഗിക്കുന്നുണ്ട്). ഇടയജീവിതവുമായി അവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി, ശാഖകളും ഉപശാഖകളുമായി പലയിടങ്ങളിലേക്കും സഞ്ചരിച്ചു. ഇതില്‍, രണ്ട് വലിയ വിഭാഗങ്ങളുള്ളതില്‍ ഒന്ന് അനത്തോലിയ(ഏഷ്യാമൈനര്‍)യിലേക്കും രണ്ടാമത്തെത് ഇറാനിലേക്കും കുടിയേറി. ഈ രണ്ടാമത്തെ വിഭാഗത്തില്‍ ചിലരാണ് ഇന്ത്യയിലേക്ക് വന്നത്. അരീരിയ എന്നും ആര്യന്‍ എന്നും അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നതായി ഇന്ത്യയിലെ ഋഗ്വേദത്തിലും ഇറാനിലെ അവെസ്തയിലും കാണാം. കുടിയേറിയ അധിവാസമുറപ്പിച്ച പ്രദേശത്തെ അവെസ്തയില്‍ അയിരിയാന വീഗോ (ആര്യാനാം വേജാഹ്) എന്നും ഋഗ്വേദത്തില്‍ ആര്യാവര്‍ത്തം എന്നും വിളിച്ചു. ഈ ആര്യാനാം വേജയാണ് പിന്നെ ഇറാന്‍ ആയത്. ഇന്തോ-ആര്യന്‍ ജനതയില്‍ നിന്ന് ചില സംഘങ്ങള്‍ ക്രമേണ ഇന്തോ-ഇറാനിയന്‍ അതിര്‍ത്തി ദേശങ്ങളില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വടക്കേ ഇന്ത്യയിലേക്ക് കുടിയേറി. ആര്യ ആക്രമണം എന്ന സിദ്ധാന്തത്തോട് റൊമിലാ ഥാപ്പര്‍ യോജിക്കുന്നില്ല. അതേസമയം കുടിയേറ്റത്തിന് മുന്നേ ആദിമമായ മറ്റ് സംസ്‌കൃതികളും ഭാഷകളും ഇവിടെ നിലനിന്നിരുന്നു എന്ന് അവര്‍ സ്ഥാപിക്കുന്നുണ്ട്. യുഗാധിപന്മാരായ മനുക്കളുടെ കഥ പറയുന്നുണ്ട് ഹൈന്ദവപുരാണത്തില്‍. സ്വയംഭുവ മനുവാണ് ആദിപിതാവും ആദ്യത്തെ മനുവുമെന്ന് പുരാണങ്ങള്‍ സമര്‍ത്ഥിക്കുന്നുണ്ടെങ്കിലും മനുവിനെ അപ്രകാരം കരുതാത്ത, മനുവിന്റെ മക്കളല്ലാത്ത ജനവിഭാഗങ്ങള്‍ അതിനും മുന്നേ ഇന്ത്യയില്‍ ഉണ്ടായിരുന്നു.

ഹരപ്പന്‍ നാഗരികതയുടെ പ്രഭാവം ആരംഭിക്കുന്നതിന് മുമ്പാണ് ബൊളാന്‍ പ്രദേശങ്ങളില്‍, വിശിഷ്യാ മെഹര്‍ഗഢ്, പിറാക്, നൗഷേറ തുടങ്ങിയിടങ്ങളില്‍ ശക്തമായ അധിവാസങ്ങളുണ്ടാകുന്നത്. മെഹര്‍ഗഢ് സംസ്‌കാരം എന്നറിയപ്പെട്ടിരുന്ന ഇത് BCE 7000 മുതല്‍ BCE 2500 വരെ നിലനിന്നിരുന്ന നവീന ശിലായുഗ സംസ്‌കാരമായിരുന്നു. BCE 3000 ന് മുമ്പ് ആദിദ്രാവിഡ ജനത സിന്ധുനദിക്കരയില്‍ നാഗരികജീവിതം പടുത്തുയര്‍ത്തി. കാല്‍ക്കോലിഥിക കാലഘട്ടത്തിന്റെ, ആര്യ കുടിയേറ്റത്തിന് മുമ്പുള്ള അവശിഷ്ടങ്ങള്‍ നൗഷേറയില്‍ നിന്നും മറ്റുമൊക്കെ കണ്ടെടുത്തിട്ടുണ്ട്. കാല്‍ക്കോലിഥിക കാലഘട്ടത്തിലെത്തന്നെ ചില ചെറുസംസ്‌കൃതികള്‍, പ്രധാനമായും ചംബലും നര്‍മദയും കേന്ദ്രീകരിച്ചു കൊണ്ടുള്ള അഹാര, കായത, മാള്‍വ, സ്വല്‍ദ, പ്രഭാസ്-രംഗ്പൂര്‍ തുടങ്ങിയ ഗ്രാമീണ സംസ്‌കാരങ്ങള്‍ പടുത്തുയര്‍ത്തിയത് മനുവിനെ ആദിമപിതാവായി അംഗീകരിക്കുന്ന ജനതകളല്ല. ആസ്ത്രലോയ്ഡ് വിഭാഗത്തില്‍പ്പെട്ട മധ്യേന്ത്യയിലെ ഗിരിവംശജരും ശ്രീലങ്കയിലെ വെദ്ധകളും നീഗ്രോയ്ഡ് വിഭാഗത്തില്‍പ്പെട്ട ആന്തമാനിലെ ആദിമനിവാസികളുമൊക്കെ പില്‍ക്കാലത്ത് ശിഥിലീകരിക്കപ്പെട്ട മെഹര്‍ഗഢ് ജനതയായിരുന്നത്രേ.

കുറേക്കൂടി സംഘടിതവും ശക്തവുമായ നഗരസംസ്‌കാരമാണ് ദ്രാവിഡന്മാര്‍ പടുത്തുയര്‍ത്തിയത്. സിന്ധു നദിക്കരയില്‍ ആവാസമുറപ്പിച്ച ഇവരുടെ പ്രധാന നഗരങ്ങള്‍ മോഹന്‍ ജൊ ദാരൊ, ഹരപ്പ, ലോത്തല്‍ തുടങ്ങിയവയാകുന്നു. പിന്നീട് ക്ഷയിച്ചു പോയ സൈന്ധവജനത മുഖ്യമായും ദക്ഷിണേന്ത്യയിലേക്കാണ് പലായനം ചെയ്തത്. ദക്ഷിണേന്ത്യയിലെ തമിഴര്‍, തെലുങ്കര്‍, തുളുവര്‍, കന്നഡികര്‍, മലയാളികള്‍ എന്നിവര്‍ക്ക് പുറമേ പാകിസ്ഥാനിലെ പ്രഹൂയികളും ബിഹാറിലും ഒഡിഷയിലും ബംഗ്ലാദേശിലും നേപ്പാളിലും മറ്റുമുള്ള ഖുരുക്ക് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരുമൊക്കെ ദ്രാവിഡരുടെ പിന്‍മുറക്കാരാണ്.

ഇന്ത്യയിലെ ആദിമജനത ആര്യന്മാരായിരുന്നു എന്ന സിദ്ധാന്തം എന്തായാലും പൂര്‍വകാല ചരിത്രവിശകലനങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് അംഗീകരിക്കാന്‍ പറ്റില്ല. എന്നാല്‍ ആര്യന്മാര്‍ ഇന്ത്യയില്‍ ഉല്‍ഭവിച്ചവരാണോ എന്ന ചോദ്യത്തിന് കുറെയൊക്കെ ഉത്തരം മുകളില്‍ത്തന്നെയുണ്ട്. അത് കൂടുതല്‍ വിശദീകരിക്കാം.

ഇന്തോ-ആര്യന്‍ ഭാഷയുടെ ഏറ്റവും ആദിമമായ തെളിവ് കിട്ടുന്നത് ഇന്ത്യയില്‍ നിന്നേയല്ല. വടക്കന്‍ സിറിയയിലാണ് അത് ലഭിച്ചതെന്ന് പറയപ്പെടുന്നു (ഥാപ്പര്‍). ഋഗ്വേദ സംസ്‌കൃതത്തെക്കാളും പൗരാണിക സെന്ദിനെക്കാളും പഴക്കമുള്ളതാണ് ഇത്. BCE പതിനാലാം നൂറ്റാണ്ടില്‍ ഹിറ്റൈറ്റുകളും മിറ്റാനികളും തമ്മിലുണ്ടായ ഉടമ്പടിയാണിത്. ഇതിന് സാക്ഷികളായി ചില ദേവന്മാരെയും പരാമര്‍ശിക്കുന്നുണ്ട്. ഇന്തോ-ഇറാനിയന്‍ ജനതയുടെ ദേവന്മാരായിരുന്നു അവര്‍. ഇന്ദ്രന്‍/ ഇറാനിയന്‍ ആര്യന്മാരുടെ ഇന്ദര, മിത്രന്‍/ മിത്രാസ്, വരുണന്‍/ ഉരുവനസ് തുടങ്ങിയവര്‍. ആര്യന്മാര്‍ ഇന്ത്യയില്‍ നിന്നും ഹിറ്റൈറ്റ് പ്രദേശത്തെത്തുകയായിരുന്നില്ലെന്നും അവര്‍ ഇന്ത്യയിലേക്കടക്കമുള്ള യാത്രയിലായിരുന്നുവെന്നും അങ്കാറ യൂനിവേഴ്‌സിറ്റിയിലെ പുരാവസ്തു ശാസ്ത്ര പ്രഫസര്‍ കെമാല്‍ ബല്‍ക്കന്‍ (Kemal Balkan, ‘The Appearance of the Indo-Europeans and Indo-Aryans in Anatolia’ എന്ന പ്രബന്ധം) വ്യക്തമാക്കുന്നതായി എന്‍.എം ഹുസൈന്‍ ഉദ്ധരിച്ചിട്ടുണ്ട് (നവ ആര്യവാദത്തിന്റെ രാഷ്ട്രീയം).

അതായത്, രണ്ടാം സഹസ്രാബ്ദത്തില്‍ത്തന്നെ ഇന്തോ-ആര്യന്‍ ഭാഷയുടെ പ്രാചീനമായ ഒരു രൂപം സംസാരിച്ചിരുന്ന ജനത വടക്കന്‍ സിറിയയിലുണ്ടായിരുന്നു. ഒരു പക്ഷേ, ഇന്തോ-ആര്യന്‍ ജനത ആ ഭാഷയുടെ ‘ആവിര്‍ഭാവ’ പ്രദേശത്ത് നിന്ന് പടിഞ്ഞാട്ടോ തെക്കു കിഴക്കോട്ടോ സഞ്ചരിച്ചിരിക്കാം. അങ്ങനെയെങ്കില്‍ ഈ ഭാഷയുടെ ഉല്‍ഭവസ്ഥാനം വടക്കു കിഴക്കന്‍ ഇറാഖാണെന്ന് വരും. കുതിരകളും കുതിരകളെ പൂട്ടിയ രഥങ്ങളും ഉപയോഗിച്ചിരുന്നവരായിരുന്നതിനാല്‍ സഞ്ചാരവും പോരാട്ടങ്ങളും താരതമ്യേന അനായാസമായിരുന്നു ഈ ജനതക്ക്. (കുതിരയും ആര്യസംസ്‌കാരവും തമ്മില്‍ ദൃഢമായ ബന്ധമുണ്ട്. വൈദികമായ ധര്‍മകര്‍മാദികളിലും യാഗങ്ങളിലും മറ്റ് അനുഷ്ഠാനങ്ങളിലുമൊക്കെ കുതിര ഒരു അനിവാര്യഘടകമാണ്. സൈനികസന്നാഹങ്ങളിലും കുതിരകള്‍ക്കും കുതിരകളെ പൂട്ടിയ തേരുകള്‍ക്കുമാണ് പ്രാധാന്യം. ആര്യന്മാരുടെ സൈനികവിജയങ്ങളിലും കുതിരകള്‍ക്ക് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ട്). സൈനികമായി ഇവര്‍ വന്‍വിജയമായിരുന്നുവെന്ന് ഹിറ്റൈറ്റ്-മിറ്റാനി ഉടമ്പടി സ്ഥിരീകരിക്കുന്നുമുണ്ട്. പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍ ഇവര്‍ എത്തിച്ചേര്‍ന്നതിന് ഇതാവും വിശദീകരണം എന്നാണ് ഥാപ്പര്‍ പറയുന്നത്.
Chalcolithic Age in India-upsc-civils-notes
സെന്ദും സംസ്‌കൃതവും തമ്മിലുള്ള താരതമ്യത്തില്‍ ചില തിരിച്ചിടലുകളാണ് പ്രധാനമായും ശ്രദ്ധയില്‍ വരിക. അതിലേറ്റവും പ്രധാനം ഹ, സ എന്നീ അക്ഷരങ്ങളുടേതാണ്. സംസ്‌കൃതത്തിലെ ‘സ’ സെന്ദില്‍ ‘ഹ’ ആണ്. അപൂര്‍വമായെങ്കിലും ഇത് തിരിച്ചും സംഭവിക്കാറുണ്ട്. ഹോമ, ദാഹ, ഹെപ്ത ഹിന്ദു, അഹുര എന്ന് സെന്ദില്‍ പറയുമ്പോള്‍ സംസ്‌കൃതത്തില്‍ അവ യഥാക്രമം സോമ, ദാസ, സപ്തസിന്ധു, അസുര എന്നിങ്ങനെയാണ്. എന്നാല്‍ അതിനപ്പുറം, ചരിത്രപരവും രാഷ്ട്രീയപ്രധാനവുമായ ചില തിരിച്ചിടലുകളുണ്ട്. ദേവ, അസുര (അഹുര) സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ടതാണ് അതില്‍ മുഖ്യം.. ഇന്ദരയും ദേവന്മാരും ക്രൂരന്മാരും ദുര്‍മോഹികളുമായ രാക്ഷസന്മാരാണ് സെന്ദ് പുരാണങ്ങളില്‍. സെന്ദ് പുരാണങ്ങളിലെ ദേവന്മാരുടെ സ്ഥാനത്ത് സംസ്‌കൃത പുരാണങ്ങളിലെ ദേവന്മാര്‍ നില്‍ക്കുന്നു. ഇത് ്അവര്‍ക്കിടയില്‍ത്തന്നെയുണ്ടായ ഒരു പോരാട്ടത്തിലേക്ക് സൂചന തരുന്നുണ്ട്. ഇന്തോ-ഇറാനിയന്‍ അതിര്‍ത്തിയിലും അഫ്ഗാനിലെ ഹരക്വതി (സരസ്വതി) തീരത്തും പാര്‍ത്തിരുന്നവര്‍ സിന്ധുതടത്തിലേക്ക് കുടിയേറിയതിന്റെ ഒരു കാരണം ഈ പോരാട്ടങ്ങളുമാവാം.

എന്നുവെച്ചാല്‍ പലരും കരുതുന്നത് പോലെ അസുരന്‍ ഇന്ത്യയിലെ ആദിദ്രാവിഡനോ മറ്റേതെങ്കിലും ആദിമനിവാസികളോ അല്ല. മറിച്ച് സ്വയം അസുര (അഹുര) എന്ന് തന്നെ വിശേഷിപ്പിച്ചിരുന്ന ഇറാനിയന്‍ ആര്യന്മാരാണ്. പുരാണമനുസരിച്ച് തന്നെ സഹോദരിമാരായ ദിതിയുടെയും അദിതിയുടെയും മക്കളാണല്ലോ ദേവന്മാരും അസുരന്മാരും. അതായത്, അവര്‍ തമ്മില്‍ വംശബന്ധമുണ്ട്. ദസ്യുക്കള്‍ എന്ന് ആര്യപുരാണങ്ങളില്‍ വിളിക്കപ്പെട്ടവര്‍ ഇവിടുത്തെ ആദിമനിവാസികളും ആവാം. ദസ്യുക്കളെ ഓടിച്ചതിന്റെ പേരില്‍ ദേവരാജാവായ, ആര്യ നേതാവായ ഇന്ദ്രന്‍ ഋഗ്വേദകാലത്ത് തന്നെയുള്ള ചില മിത്തുകളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും പുരാണങ്ങളില്‍ ദേവ-ദസ്യു സംഘര്‍ഷം അത്ര വ്യാപകമല്ല. അതേസമയം അസുരനുമായി കൊമ്പ് കോര്‍ക്കാത്ത പുരാണങ്ങളില്ല.

Ancient India എന്ന പുസ്തകത്തില്‍ ആര്‍.എസ് ശര്‍മ ആര്യന്മാരുടെ കുടിയേറ്റത്തിനുള്ള ജനിതകശാസ്ത്രപരമായ ചില തെളിവുകളും അവതരിപ്പിക്കുന്നുണ്ട്. 1500 ബി.സിക്ക് അല്‍പം മുമ്പാണ് ആര്യന്മാര്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് പറയാം. നദിതര്‍ണ (ഉത്തമനദി) എന്ന് ഋഗ്വേദം വിശേഷിപ്പിക്കുന്ന സരസ്വതി നദി ഹരിയാനയിലെയും രാജസ്ഥാനിലെയും ഘഗ്ഗര്‍-ഹക്ര നദിയാണെന്നാണ് അനുമാനം. എന്നാല്‍ ഋഗ്വേദത്തിലെ തന്നെ വിവരണം മുന്‍നിര്‍ത്തി ഇപ്പോള്‍ വിവരിക്കപ്പെടുന്നത് ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് ആണ് ഇതെന്നാണ്. അവെസ്തയില്‍ ഇതിന് ഹരക്വതി എന്ന് പേരുണ്ട്. ഈ ഹരക്വതിയാണ് ഋഗ്വേദത്തില്‍ സരസ്വതിയായി മാറിയത്. ഒരു പക്ഷേ, സരസ്വതി എന്ന പേര് അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റപ്പെട്ടതുമാവാം.

സത്യത്തില്‍ ഇത്തരത്തിലുള്ള കുടിയേറ്റങ്ങളെത്തുടര്‍ന്ന് വംശീയമായി ഇടകലര്‍ന്നു തന്നെയാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജവിതം പുരോഗമിച്ചത്. ഭാഷ വംശത്തിന്റെ പേരായി പരിഗണിക്കരുത് എന്ന, റൊമിലാ ഥാപ്പറുടെ അഭിപ്രായം ഇന്ത്യന്‍ ജനതയെസ്സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. സംസ്‌കൃതം, ഇറാനിയന്‍, ഗ്രീക്ക്, ലത്തീന്‍ തുടങ്ങിയ ആര്യഭാഷകള്‍ സംസാരിക്കുന്നവരെ ഒരേ ജനുസ്സില്‍പ്പെട്ടവരായി പരിഗണിച്ചിരുന്നെങ്കിലും ജൈവശാസ്ത്രപരമായ വംശത്തെക്കുറിച്ച് വര്‍ഷങ്ങളോളം നടന്ന പഠനങ്ങള്‍ ജനിതകഘടനയുടെയും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെയും കാര്യത്തില്‍ വടക്കേ ഇന്ത്യ വിവിധതരക്കാരും വംശക്കാരുമായ വലിയൊരു ജനസഞ്ചയത്തെയാണ് ഉള്‍ക്കൊള്ളുന്നതെന്നും ഏതെങ്കിലും ഒരു വംശക്കാരാണവര്‍ എന്ന് പറയാനാവില്ലെന്നുമാണ് വ്യക്തമാക്കുന്നത് (രാം പുനിയാനി).
cycleoflies_chrismars
അതിനാല്‍ത്തന്നെ, ഒന്നാമതായും സംശുദ്ധമായ ആര്യവംശം ഇന്ത്യയില്‍ നിലനിന്നിരുന്നു എന്ന വാദം തന്നെ ശുദ്ധ അസംബന്ധമാണ്. ഇന്തോ-ആര്യന്‍ ഭാഷ സംസാരിച്ചിരുന്നവരെല്ലാം ആര്യവംശത്തില്‍പ്പെട്ടവരായിരുന്നു എന്ന വാദം അതിനെക്കാള്‍ അസംബന്ധമാണ്. ഇന്ത്യന്‍ സമൂഹത്തെസ്സംബന്ധിച്ചിടത്തോളം ആര്യന്‍, ദ്രാവിഡന്‍ എന്നീ പ്രയോഗങ്ങള്‍ പ്രഥമമായും ജൈവശാസ്ത്രപരമായ സമൂഹങ്ങളെയല്ല, ഭാഷകളെയാണ് സൂചിപ്പിക്കുന്നത് (ഥാപ്പര്‍).

ഇന്ത്യയിലെ ആദിമജനത ആര്യന്മാരായിരുന്നു എന്ന വാദം ചരിത്രപരമായി തീര്‍ത്തും അസാധുവാണ്. ആര്യന്മാര്‍ ഇന്ത്യയില്‍ ഉല്‍ഭവിച്ചവരാണെന്ന സങ്കല്‍പനമാകട്ടെ, വലിയൊരു ഫലിതവുമാണ്. കൊല്ലങ്ങളായി, വെറും ഫലിതമാണെന്നറിഞ്ഞു കൊണ്ടു തന്നെ നിരന്തരം ആവര്‍ത്തിച്ച് സത്യപ്പെടുത്താന്‍ നോക്കുന്ന തത്വം.

നുണകളാണ്, നുണകള്‍ മാത്രമാണ് സംഘി ഫാഷിസത്തിന്റെ അടിത്തറകള്‍.

റവലൂഷനും എവലൂഷനും അഥവാ കലാപങ്ങൾക്കൊരു ഗൃഹപാഠം

Estuary-300x300-newweb

സാമൂഹികപരിവർത്തനവുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്കു വെക്കാം.

പരിവര്‍ത്തനം ഒരു വിപ്ലവം ആയിത്തീരുന്നതിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളാണ് നാം പൊതുവേ വെച്ചു പുലര്‍ത്താറുള്ളത്. revolution എന്ന് പറയും. വിപ്ലവം എന്ന് നിസ്സംശയം പറയാവുന്ന പല സംഭവങ്ങള്‍ക്കും ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം തന്നെ അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഏതൊരു വിപ്ലവത്തെയും അനിവാര്യമാക്കിത്തീര്‍ക്കുന്ന ചില സാമൂഹികാവസ്ഥകളുണ്ട്. ഇത്തരം അവസ്ഥകളോടുള്ള പ്രതികരണമായിരിക്കും എല്ലാ വിപ്ലവങ്ങളും.

അതേസമയം revolution എന്ന പദം സ്വയം ചില ആശയങ്ങളുള്‍ക്കൊള്ളുന്നുണ്ട്. revolutio എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് അതിന്റെ ഉല്‍പത്തി. A turn around എന്നാണ് അതിന്റെ അര്‍ത്ഥം. രാഷ്ട്രീയമായി ഇതിനെ നിര്‍വചിക്കുമ്പോള്‍ രാഷ്ട്രീയാധികാരത്തിലോ സമൂഹഘടനയിലോ സംഭവിക്കുന്ന മൗലികമാറ്റം (A fundamental change in political power or social structure) എന്ന് പറയാം. ഇത് രണ്ട് തരത്തിലാവാമെന്ന് അരിസ്‌റ്റോട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു constitution തീര്‍ത്തും മറ്റൊന്നായി മാറലാണ് ഒന്ന്. അതേസമയം നിലനില്‍ക്കുന്ന constitutionല്‍ വരുത്തുന്ന പരിഷ്‌കരണം ആണ് രണ്ടാമത്തെത്. എന്തായാലും നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയ്‌ക്കെതിരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സംഭവിക്കുന്ന ജനകീയമായ പ്രക്ഷോഭം എന്ന് സാമാന്യമായി revolutionനെ നിര്‍വചിക്കാം.

1401x788-R1231_FEA_ISIS_Aഓക്‌സ്‌ഫെഡ് നിഘണ്ടുവില്‍ ഈ പദത്തിന് നല്‍കിയിരിക്കുന്ന ഒരര്‍ത്ഥം An instance of revolving എന്നാണ്. A forcible overthrow of a government or social order, in favour of a new system എന്നുമുണ്ട്. ഏതാണ്ടിതേ അര്‍ത്ഥത്തോടൊപ്പം കേംബ്രിജ് നിഘണ്ടുവില്‍ often using violence or war എന്നും കാണാം. ഒരു sudden and drastic change ആണ് revolution എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് സാമാന്യമായിപ്പറയാം. അതായത് അതി കര്‍ക്കശവും ഝടുതിയില്‍ സംഭവിക്കുന്നതുമായ പരിവര്‍ത്തനം.

സത്യത്തില്‍, ഇത്തരം പരിവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ അനിവാര്യമായിത്തീരും എന്ന് സമ്മതിച്ചു കൊണ്ടുതന്നെ പറയട്ടെ, ഇതൊരു ആഘാതം പോലെയാണ്. മുകളില്‍ നിന്നും വന്നു വീഴുന്നത്. പെട്ടെന്ന് ഫലിക്കുകയും അതിനെക്കാള്‍ പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്ന വിളവു പോലെയാണിത്. വചനത്തെ പലപ്പോഴും സമരമായും നീതിക്കു വേണ്ടി വിശക്കുന്നവരോടുള്ള ഐക്യപ്പെടലായും അവതരിപ്പിക്കുന്ന യേശു ക്രിസ്തു വചനത്തെത്തന്നെ വിതക്കാരന്റെ വിത്തിനോട് ഉപമിക്കുന്നേടത്ത് ചിലപ്പോള്‍ വിത്ത് വഴിയരികില്‍ വീഴുമെന്നും അത് ദുഷ്ടന്‍ വന്ന് ചവിട്ടിക്കളയുമെന്നും പറയുന്നു. അധികാരശക്തിയാണ് ദുഷ്ടന്‍. അതേസമയം പെട്ടെന്ന് വിളയുന്ന നിലങ്ങളുണ്ട്. പാറനിലത്ത് വീണത് വളരെപ്പെട്ടെന്ന് മുളച്ചു. എന്നാല്‍ വെയില്‍ മൂത്തപ്പോഴേക്കും വേരിന് ആഴമില്ലായ്കയാല്‍ ഉണങ്ങിപ്പോയി. ഇതാണ് സത്യത്തില്‍ revolution എന്ന ആഘാതം. പലപ്പോഴും വൈകാരികമായ പ്രതികരണം മാത്രമായിരിക്കുമത്. മാറ്റത്തിന് ആധാരമായിരിക്കുന്ന രാഷ്ട്രീയമോ തത്വശാസ്ത്രമോ ജനങ്ങളെ ഒട്ടും സ്വാധീനിച്ചിട്ടുണ്ടാവില്ല (ചിലപ്പോള്‍ തത്വശാസ്ത്രം തന്നെയുണ്ടാവില്ല). മനുഷ്യപ്പറ്റില്ലാത്ത അധികാരപ്രയോഗത്തിനെതിരായ ഉടന്‍ കലാപമായിരിക്കുമത്. അങ്ങനെ രൂപപ്പെടുന്ന വിപ്ലവമാകട്ടെ, പലപ്പോഴും സ്വന്തം സന്തതികളെ കൊന്നുതിന്നുന്ന അവസ്ഥയുമുണ്ടാകും. ചിലപ്പോള്‍ ഒരു സ്വേച്ഛാധികാരത്തിന്റെ സ്ഥാനത്ത് മറ്റൊരു മേല്‍ക്കോയ്മ രൂപപ്പെടും. സയ്യിദ് മൗദൂദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ലാത്ത പോയി മനാത്ത വരും. ആ മേല്‍ക്കോയ്മ വംശീയമാവാം, ചിലപ്പോള്‍ പാര്‍ട്ടി അധികാരവുമാവാം. ഇതാകട്ടെ, വളരെപ്പെട്ടെന്നു തന്നെ മനസ്സിനെയും സമൂഹത്തെയും ശിഥിലീകരിക്കുന്നു.

self-esteemഇവിടെ ശരിയും സ്ഥായിയുമായ പരിവര്‍ത്തനത്തെക്കുറിച്ച ആലോചനകള്‍ പ്രസക്തമാവുന്നു. പുരോയാനത്തിലേക്ക് മാത്രം കുതിക്കുന്ന ഒന്നാവണം അത്. ഒരിക്കലും തുടങ്ങിയേടത്തേക്ക് തിരിച്ചു വരുന്നതാവരുത്. നേരത്തേ പറഞ്ഞ sudden, drastic change ഒരര്‍ത്ഥത്തില്‍ reversible കൂടിയാണ്. എന്നാല്‍ സ്ഥായിയായ പരിവര്‍ത്തനം, അത് മുകളില്‍ നിന്ന് താഴേക്ക് ആപതിക്കുന്ന ഒന്നല്ല. മറിച്ച് തറയില്‍ വേര് പിടിച്ച് ക്രമപ്രവൃദ്ധമായി വളരുന്ന ഒന്നാണ്. തിരിച്ചു പോകുന്ന ഒന്നല്ല മറിച്ച് മുന്നോട്ട് പോകുന്ന ഒന്ന്, irreversible, ആണത്.

ഈ പ്രക്രിയയെ evolution എന്ന് വിളിക്കാം. ഈ വാക്കും ലത്തീനില്‍ നിന്ന് വന്നതാണ്. evolutio എന്നതാണ് ഇതിന്റെ മൂലരൂപം. act of unrolling എന്ന് ഇതിന്റെ അര്‍ത്ഥം. evolve എന്ന ക്രിയാരൂപത്തിന് ആവിഷ്‌കരിക്കുക, ഘട്ടം ഘട്ടമായി വളര്‍ത്തിയെടുക്കുക എന്നെല്ലാം അര്‍ത്ഥമുണ്ട്. എവലൂഷന്‍ എന്ന പ്രയോഗം മൂവ്‌മെന്റിനെ സൂചിപ്പിക്കുന്നു. തന്റെ വിധിവാദത്തെ സ്ഥാപിക്കാന്‍ വേണ്ടി സെന്റ് അഗസ്റ്റിന്‍ ഈ പദം ഉപയോഗിക്കുന്നുണ്ട്. ചുരുട്ടിവെച്ച പരവതാനിയിലെന്ന പോലെ സകല കാര്യങ്ങളും എഴുതപ്പെട്ടിരിക്കുകയാണെന്നും അത് ചുരുള്‍ നിവരുന്നതിനനുസരിച്ചാണ് പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. ജീവപരിണാമത്തെ സൂചിപ്പിക്കാന്‍ ശാസ്ത്രജ്ഞരും ഇതേ വാക്ക് തന്നെ ഉപയോഗിക്കുന്നു.

The gradual development of something എന്നതാണ് evolution എന്നതിന് ഒക്‌സ്‌ഫെഡ് നിഘണ്ടു നല്‍കിയിരിക്കുന്ന ഒരര്‍ത്ഥം. ഇതാണ് ശരിയും സ്ഥായിയുമായ പ്രോസസിനെ സൂചിപ്പിക്കുന്ന ശബ്ദം. റെവലൂഷന്‍ എന്നാല്‍ sudden, drastic change ആണെങ്കില്‍ എവലൂഷന്‍ ക്രമപ്രവൃദ്ധമായ വികാസമാണ്. മനുഷ്യസമൂഹത്തിന്റെ ജൈവികവും സാമൂഹികവുമായ പരിണാമങ്ങളെപ്പറ്റി ഖുര്‍ആന്‍ ത്വബഖന്‍ അന്‍ ത്വബഖ് എന്ന് പ്രയോഗിക്കുന്നുണ്ട്. പടിപടിയായി എന്നാണ് ത്വബഖന്‍ അന്‍ ത്വബഖിന്റെ അര്‍ത്ഥം.

വചനത്തെ സമരമായും ആദര്‍ശമായും വിവരിച്ചുവല്ലോ. ഉത്തമമായ, സ്ഥായിയായ വചനം വേരാഴ്ന്നു നില്‍ക്കുന്ന ഒരു ഉത്തമവൃക്ഷം പോലെയാണെന്ന ഉപമ ഖുര്‍ആനില്‍ വായിക്കാം. ആകാശത്ത് പടര്‍ന്നു നില്‍ക്കുന്ന ശാഖകളാല്‍ തണുപ്പും തണലും പകരുന്ന, മധുരോദാരഫലങ്ങളാല്‍ സകലത്തിനും അനുഗ്രഹമായിത്തീരുന്ന വൃക്ഷം. വിതക്കാരന്റെ വിത്തില്‍ നിന്നും ഒരു കൂട്ടം മുള്‍പ്പടര്‍പ്പില്‍ വീണതായി മുകളില്‍ സൂചിപ്പിച്ച യേശുവിന്റെ ഉപമയില്‍ പറയുന്നുണ്ട്. അത് മുളപൊട്ടാതെ മുള്ളൂകള്‍ ഞെരുക്കിക്കളഞ്ഞു. അത് സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ കൂമ്പടഞ്ഞു പോകുന്ന കലാപങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍ ശരിയായ നിലത്ത് വീണ വിത്തുകള്‍ മുപ്പതും അറുപതും നൂറും മേനിയായി വിളഞ്ഞു എന്നാണ് വിവരിക്കപ്പെടുന്നത്.

തറയില്‍ വേരു പിടിച്ച് ക്രമപ്രവൃദ്ധമായുള്ള വളര്‍ച്ച. അതാണ് പരിവര്‍ത്തനത്തിന്റെ ശരിയായ വഴി. നിലത്ത് നട്ട കടുകുമണി പോലെ എന്ന് യേശുവിനെ ഒരിക്കല്‍ക്കൂടി ഉദ്ധരിക്കാം. അധികാരസ്ഥാനവും ഘടനയും മാത്രമല്ല, അവബോധത്തെക്കൂടി മാറ്റിമറിക്കലാണ് അത്. നിലനില്‍ക്കുന്നതും പ്രയോജനപ്രദവുമായ ഒന്ന്.

സദാ എ ഇശ്ഖ്

Mehdi Hassan

599728_375245779207422_1430023287_nരഞ്ജിശ് ഹീ സഹീ ദില്‍ ഹീ ദുഖാനേ കെലിയേ ആ
ആ ഫിര്‍ സെ മുഝേ ഛോഡ് കെ ജാനേ കെ ലിയേ ആ

അതെത്ര തന്നെ വേദന നിറഞ്ഞതാണെങ്കിലും
എന്റെ ഹൃദയത്തെ മുറിവേല്‍പിക്കാന്‍ വേണ്ടിയെങ്കിലും നീ വരിക
ഇനിയുമൊരു വിരഹമെനിക്ക് സമ്മാനിക്കാന്‍ വേണ്ടിയെങ്കിലും
ഒരിക്കല്‍ക്കൂടി

അഹ്മദ് ഫറാസിന്റെ ഗസല്‍. മെഹ്ദി ഹസന്റെ ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍. ഇന്ന് ജൂണ്‍ പന്ത്രണ്ടാണ്. ഉസ്താദ് മെഹ്ദി ഹസന്‍ ലോകത്തോട് വിട പറഞ്ഞിട്ട് നാളേക്ക് കൃത്യം അഞ്ച് വര്‍ഷം പൂര്‍ത്തിയാവുന്നു. 2012 ജൂണ്‍ 13നാണ് ആ നാദം നിലച്ചത്.

ചരമവാര്‍ഷികത്തിന്റെ ഈ സന്ദര്‍ഭത്തില്‍, ഉസ്താദിന്റെ മരണം നടന്ന ഉടനെ ഞാന്‍ എന്റെ പഴയ ബ്ലോഗില്‍ എഴുതിയ ലേഖനം ചില മിനുക്കുപണികളോട് പുനഃപ്രസിദ്ധീകരിക്കുകയാണ്.

മനസ്സ് ഇപ്പോള്‍ പഴയൊരനുഭവത്തിലേക്ക് തെന്നുകയാണ്.

കോഴിക്കോട്ടു നിന്നും നാട്ടില്‍ വന്ന ദിവസം രാത്രി, കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും സല്ലാപങ്ങള്‍ക്കും ശേഷം ഉറക്കത്തിലേക്കു വീണു തുടങ്ങിയപ്പോള്‍ പെട്ടെന്ന് അകലെയെങ്ങോ നിന്ന് അലൗകികമായ ഒരു തരംഗം മനസ്സിലേക്കിടിച്ചു കയറിയ പോലൊരനുഭവം. മെഹ്ദിയുടെ സ്വരമാണ്, യമന്‍ കല്യാണില്‍. ‘മുഘം ബാത് പഹേലീ ജൈസീ, ബസ് വൊഹി ബൂഝേ ജിസ് കൊ ബുഝായേ’ സത്യത്തില്‍ എന്റെ ഉള്ളില്‍ നിന്നുയര്‍ന്നതായിരുന്നു ആ സ്വരം. കട്ടിലില്‍ നിന്നെഴുന്നേറ്റ് എന്റെ സീഡി ശേഖരം പരതി. ‘ബെസ്റ്റ് ഒഫ് മെഹ്ദി ഹസന്‍: എ കലക്ഷന്‍ ഒഫ് അണ്‍ഫൊര്‍ഗെറ്റബ്ള്‍ ഗസല്‍സ്’ എന്ന പേരില്‍ സോണി മ്യൂസിക് പുറത്തിറക്കിയ സീഡി പുറത്തെടുത്തു. പേര് അണ്‍ഫൊര്‍ഗെറ്റബ്ള്‍ ‘ഗസല്‍സ്’ എന്നാണെങ്കിലും അത് ഗസല്‍, നസം തുടങ്ങി രാജസ്ഥാനി ഫോക്, ഥുമ് രി, ദാദിര തുടങ്ങിയവയെല്ലാമടങ്ങിയ ഒന്നായിരുന്നു. ഭൈരവിയിലാലപിച്ച ഹീറില്‍ അതവസാനിക്കുന്നു. അതിലൊന്ന് മുഘം ബാത് പഹേലീ ജൈസീ, ആര്‍സൂ ലഖ്‌നവിയുടെ ഗസല്‍. പിറ്റേന്നു കാലത്ത് മറക്കാതെ കേള്‍ക്കാന്‍ ഞാനതെടുത്ത് പ്ലേയറിന്റെ മുകളില്‍ വച്ചു.

വേദനയുടെ സംഗീതം.., ആനന്ദത്തിന്റെയും

സുഖകരമായൊരു വിഷാദമാണ് ചിലപ്പോളെനിക്ക് മെഹ്ദി ഹസന്‍. മറ്റു ചിലപ്പോളാകട്ടെ തുല്യതയില്ലാത്ത ഒരുന്മാദവും. ഏറ്റവും കീഴ്സ്ഥായിയില്‍ നിന്നാണ് പലപ്പോഴും അദ്ദേഹം പാടുന്നത്. അങ്ങനെയാ ശബ്ദം ഭൂമിയുടെ അന്തര്‍ഭാഗത്തു നിന്നു വരുന്നു. പെട്ടെന്നതുയരുന്നു. നമ്മുടെ ആത്മാവിന്റെ അഗാധതയില്‍ നിന്നുയര്‍ന്നു വരുന്ന ഒന്നായി നാമപ്പോളതിനെ അറിയുന്നു. ഒരൊറ്റ വരി അദ്ദേഹം ആലപിക്കുമ്പോള്‍ അതില്‍ നാം പ്രണയത്തിന്റെ ആഴവും ആത്മീയതയുടെ ഉല്‍ക്കര്‍ഷവും തത്വചിന്തയുടെ കനവും ഒരേ സമയം അനുഭവിക്കുന്നു. വിരഹത്തിന്റെ വേദനയും.
1385905-7
ആലെ രസ എഴുതിയ ജോ ചാഹ്‌തേ ഹോ എന്ന ഗസല്‍, കണ്‍സേര്‍ട്ടുകളില്‍ ഉസ്താദ് ആലപിക്കുമ്പോള്‍ അതിലെ യെ രാസെ മുഹബ്ബത് ഹേ പ്യാരേ, തും രാസെ മുഹബ്ബത് ക്യാ ജാനൂ എന്ന വരികളുടെ പല നിംനോന്നതങ്ങളിലുള്ള ആവര്‍ത്തനങ്ങളുണ്ടാകാറുണ്ട്. മെഹ്ദിയുടെ സംഗീതത്തിന്റെ എല്ലാ രസങ്ങളും അതില്‍ ചേര്‍ന്ന് വരും. രാസെ മുഹബ്ബത്, പ്രണയത്തിന്റെ രഹസ്യം അതിന്റെ രസം. നിനക്ക് അതെന്തറിയാം.

1927ല്‍ രാജസ്ഥാനിലെ ലൂനായില്‍ ഒരു സംഗീത കുടുംബത്തില്‍ പിറന്ന മെഹ്ദി ഹസന് പിതാവ് ഉസ്താദ് അസീം ഖാനും അമ്മാവന്‍ ഉസ്താദ് ഇസ്മായില്‍ ഖാനും ആദ്യഗുരുക്കന്മാരായി. ചെറുപ്രായത്തില്‍ത്തന്നെ അദ്ദേഹം ധ്രുപദ് സംഗീതത്തില്‍ വിജ്ഞനായി. ആദ്യ കച്ചേരി നടക്കുമ്പോള്‍ പ്രായം വെറും എട്ടു വയസ്സ്. വിഭജനാനന്തരം കുടുംബത്തോടൊപ്പം പാകിസ്ഥാനിലായി. സൈക്കിള്‍ മെക്കാനിക്കായും ട്രാക്റ്റര്‍ വര്‍ക് ഷോപ്പില്‍ ജീവനക്കാരനായും കടുത്ത ദാരിദ്ര്യത്തെ അതിജയിക്കാന്‍ ശ്രമിച്ച മെഹ്ദി ഹസന്‍ 1950 മുതല്‍ റേഡിയോ പാകിസ്ഥാനില്‍ പാടിത്തുടങ്ങി. 1962 മുതല്‍ സിനിമാ പിന്നണി ഗാന രംഗത്തും. പ്രശസ്തമായ ചില മെലഡികള്‍ -രഫ്ത രഫ്ത വോ മെരീ, ബഹുത് ഖൂബ് സൂരത് ഹെ മേരാ സനം തുടങ്ങിയവ- സിനിമയക്ക് വേണ്ടി പാടിയതാണ്.

ധ്രുപദ് പോലുള്ള ശാസ്ത്രീയ സംഗീതശാഖകളില്‍ അപാരമായ കഴിവു നേടിയെരാള്‍ കുറേക്കൂടി ജനപ്രിയമായ തലങ്ങളിലേക്ക് സാധാരണഗതിയില്‍ ഇറങ്ങിവരാറില്ല. ധ്രുപദില്‍ വൈദഗ്ധ്യം നേടിയ അപൂര്‍വ്വം ചിലരില്‍ മുന്നില്‍ത്തന്നെയായിരുന്നു മെഹ്ദി ഹസന്റെയും പിതാ, മാതാമഹന്മാരുടെയും സ്ഥാനം. എന്നിട്ടും സിനിമയില്‍ പാടിത്തുടങ്ങിയതും പിന്നീട് ഗസലുകളും ഗീതുകളും അവതരിപ്പിച്ചതുമൊക്കെ ഒരു പക്ഷേ അദ്ദേഹത്തിന്റെ ദാരിദ്ര്യം കാരണമാവാം. എന്നാല്‍ സംഗീതലോകത്തിന് അത് രണ്ടു വിധത്തില്‍ ഗുണം ചെയ്തു. ഒന്നാമതായും ജനപ്രിയ സംഗീതത്തിന്റെ നിലവാരം വളരെ ഉയര്‍ന്നു. രണ്ടാമതായി അഗാധവും തത്വചിന്താപരവുമായ ഗസലുകളും മറ്റു കാവ്യങ്ങളും സാധാരണക്കാരിലേക്കിറങ്ങി വന്നു. സാധാരണ പാട്ടുപ്രേമികളെ അത് ഉദാത്തസംഗീതത്തിലേക്കുയര്‍ത്തി.

പ്രഭാതവും പ്രദോഷവും മെഹ്ദിയാണ്

മെഹ്ദിയെപ്പറ്റി ലതാ മങ്കേഷ്‌കര്‍ പറഞ്ഞത് ‘സുബ്ഹ് മെഹ്ദി, ശാം ഭി മെഹ്ദി’ എന്നാണ്. പ്രഭാതവും പ്രദോഷവുമാണ് മെഹ്ദി ഹസന്‍ . രാവും പകലും മെഹ്ദി ഹസനാണ്. സംഗീതത്തിന്റെ മത്വ്‌ലയും മക്തയും* മെഹ്ദി എന്ന പദമാണെന്ന് നമുക്ക് തോന്നും. ആ പദം തന്നെയാണ് റദീഫ്*.., അതു തന്നെ കാഫിയയും*. ദൈവത്തിനും സംഗീതത്തിനും മാത്രമേ താന്‍ അടിപ്പെട്ടിട്ടുള്ളൂ എന്ന് ഖാന്‍ സാഹിബ് പറഞ്ഞു. അദ്ദേഹത്തിന് അത് രണ്ടായിരുന്നില്ല. ആ സ്വരം കേള്‍ക്കുമ്പോള്‍ നമുക്കുമങ്ങനെ തോന്നും. ‘മെഹ്ദി സാബിന്റെ സ്വരത്തില്‍ ഈശ്വരന്‍ പാടുന്നു’വെന്ന് ലതാജി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഈശ്വരനാണ് സ്വരമെന്ന് ഖാന്‍  സാഹിബ് ഒരു മെഹ്ഫിലിനിടയില്‍ പറഞ്ഞു.

നിശ്ശബ്ദതയാണ് ദൈവത്തിന്റെ ഭാഷയെന്ന് റൂമി പാടിയിട്ടുണ്ട്. ബാക്കിയെല്ലാം അതിന്റെ ദുര്‍ബ്ബലമായ വിവര്‍ത്തനങ്ങള്‍ മാത്രമത്രേ. ദൈവത്തിന്റെ വാക്കുകള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല വിവര്‍ത്തനങ്ങള്‍ ഏറ്റവും നല്ല പാട്ടുകളാണ്. ‘നിങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശബ്ദം നല്‍കുന്നവനാണ് നല്ല പാട്ടുകാരനെ’ന്ന് ഖലീല്‍ ജിബ്രാന്‍. അങ്ങനെയാണ് ‘ദൈവത്തിന്റെ സ്വരം’ എന്ന വിശേഷണത്തിന് യഥാര്‍ത്ഥത്തില്‍ത്തന്നെ ഗസലുകളുടെ ഈ ചക്രവര്‍ത്തി അര്‍ഹനായിത്തീരുന്നത്. ഏകാന്തതയില്‍ നിങ്ങളാ ആലാപനം ശ്രവിക്കുക. ഞാന്‍ സൂചിപ്പിച്ച അനുഭവങ്ങള്‍ നിങ്ങളുമറിയും. അത് നിങ്ങളുടെ കണ്ണുകള്‍ നനയ്ക്കും. ആ ഉന്മാദവും വേദനയും ആത്മാവില്‍ നിറഞ്ഞൊഴുകും.

രസ്‌മോ രഹെ ദുനിയാ കീ നിഭാനേ കേ ലിയേ ആ (رسم رہے دُنیا ہی نبھانے كے لیے آ )

Come to fulfill the rituals and traditions of the world
d88b148aa1a7d65eaff6595efded8645
ഒരു പ്രപഞ്ചം തന്നെയാണ് യഥാര്‍ത്ഥത്തിലത്. ഹീറിന്റെ* അലൗകിക പ്രണയം ആ കണ്ഠത്തിലൂടെ ശാശ്വതത്വം നേടുന്നു. ഹീറും അവളുടെ രാഞ്ഝയും നമ്മുടെ മനസ്സില്‍ അനശ്വരപ്രതിഷ്ഠ നേടുന്ന വിഗ്രഹങ്ങളായിത്തീരുന്നു. ദിവ്യാനുരാഗത്തെ വാഴ്ത്തുമ്പോള്‍ സൂഫികള്‍ ഹീറിന്റെ പ്രണയത്തെ ഒരു മെറ്റഫറായി സ്വീകരിച്ചിട്ടുണ്ട്. പരസ്പരം പ്രണയിക്കുന്നവര്‍ ഒരേകസ്വത്വമാര്‍ജിക്കുകയാണ്. സീനത്ത് എന്ന സിനിമയില്‍ മെഹ്ദി സാബ് പാടിയ, വളരെ വിഖ്യാതമായ ‘രഫ്ത രഫ്ത വോ മെരീ’ എന്ന ഗസലിന്റെ അവസാനവരിയുമതായിരുന്നല്ലോ. ‘ആപ് സേ, ഫിര്‍ തും ഹുവേ, ഫിര്‍ തൂ കാ ഗുന്‍വാ ഹോഗയേ..’

നിലകൊള്ളുന്ന ദേശത്തെയെന്ന പോലെ ജനിച്ച മണ്ണിനെയും ഉസ്താദ് ആഴത്തില്‍ സ്‌നേഹിച്ചു. ഒന്നിനോടു പ്രതിബദ്ധമാകാന്‍ മറ്റതിനോടു വെറുപ്പു വളര്‍ത്തണമെന്നതാണല്ലോ ഭ്രാന്തദേശീയതയുടെ തത്വശാസ്ത്രം. എന്നാല്‍ മരുഭൂമിയില്‍ നാടോടികള്‍ പാടിനടന്ന് രാജസ്ഥാന്റെ സ്വന്തമായി മാറിയ പാട്ടുകള്‍ മെഹ്ദി സാബിന്റെ ആത്മാവില്‍ നിന്ന് ഉച്ഛസ്ഥായിയില്‍ പ്രതിധ്വനിച്ചു. ‘കേസരിയാ ബാലമ് .. ആവോ രേ .. പഥാരോ മാരേ ദേശ് …’ (സംഗീതലോകത്ത് എനിക്കേറെ പ്രിയപ്പെട്ട മറ്റൊരു പേര് രേശ്മയുടേതാണ്. അവരും രാജസ്ഥാനി. മെഹ്ദി ഹസന് ശേഷം അധികം വൈകാതെ അവരും ഇഹലോകവാസം വെടിഞ്ഞു. പഞ്ചാബി നാടോടിഗാനങ്ങള്‍ പാടിയ അവരും ഇന്ത്യയെ വല്ലാതെ സ്‌നേഹിച്ചിരുന്നു. രണ്ടു ജനതകളും ഒന്നായിത്തീരുന്നത് അവര്‍ സ്വപ്‌നം കണ്ടു. പലായനത്തിന്റെ കെടുതികള്‍ ആവോളമനുഭവിച്ചിട്ടും മെഹ്ദിയും രേശ്മയും അതിര്‍ത്തിക്കിപ്പുറത്തുള്ളവരെ സ്‌നേഹിച്ചു. ഹൃദയത്തില്‍ കൊണ്ടു നടന്നു). രണ്ടു ജനതകളെ ഒരുമിപ്പിക്കാന്‍ സംഗീതത്തിനു പറ്റും. സംഗീതത്തിനാണത് പറ്റുക. ക്രിക്കറ്റിനല്ല.

ധ്രുപദില്‍ പിറന്നുവീണ ഉസ്താദ് ഗീതുകള്‍ക്കു പുറമേ ഥുംരിയും ദാദിരയുമെല്ലാം സാധാരണ പാട്ടുകേള്‍വിക്കാരിലേക്ക് ഇറക്കിക്കൊണ്ടുവന്നു. ‘തീര് നേനോ ക സാലിം..’ (ദാദിര), ‘ഉമഡ് ഖുമഡ് ഘിര് ആയോ രേ സജ്‌നീ..’ (ഥുംരി) തുടങ്ങിയ പാട്ടുകള്‍ പകര്‍ന്നു തന്നിട്ടുള്ള ആനന്ദം അനിര്‍വചനീയമാണ്. (ആഗ്രയുടെയും ബുന്ദേല്‍ഖണ്ഡിന്റെയും സംഗീതമാണ് ദാദിര. ഥുംരിയുടെ ആധാരം കൃഷ്ണനോടുള്ള രാധയുടെ പ്രണയമാണ്. സാധാരണ ഗതിയില്‍ ഇന്ത്യയിലെ പൗരാണിക ഭാഷകളായ ഔധി, ബ്രിജ് എന്നീ ഭാഷകളിലാണ് ഥുംരി എഴുതപ്പെടാറ്. സംഗീതം അതിരുകളെ ഇല്ലാതാക്കുന്ന വിധമാണിത്). മെഹ്ദിയുടെ സംഗീതം കലാകാരനും അനുവാചകനും തമ്മിലുള്ളൊരാശയവിനിമയമായിത്തീരുന്നുണ്ട്. ഇവര്‍ തമ്മിലുള്ള സംവാദമാണല്ലോ യഥാര്‍ത്ഥ കല. ഉസ്ദാദ് പാടുമ്പോള്‍ മതില്‍ക്കെട്ടുകള്‍ തകരുന്നു. അതിര് അപ്രസക്തമാകുന്നു.

ഏകാന്തതയുടെ പാട്ടുകള്‍

1497228623271    1497226343706

അഹ്മദ് ഫറാസ് (രഞ്ജിശി ഹീ സഹീ, ശോലാ ഥാ ജല്‍ ബുജാഊ…), ഖതീല്‍ ശിഫായി (സിന്ദഗീ മേ തൊ സഭീ…), അദീബ് സഹാറന്‍പുരി (മുഘം ബാത് പെഹലീ ജൈസീ…) തുടങ്ങി ഖതീര്‍ ഗസ്‌നവി (ഗോ സരാ സീ ബാത് പര്‍ ബര്‍സോം കൊ യാരാനേ ഗയേ…), സലിം കൗസര്‍ (മേ ഖയാല്‍ ഹൂം കിസി ഓര്‍ കാ) ഉള്‍പ്പെടെ ഖാന്‍ സാഹിബിന്റെ സ്വന്തം കവിയായ ഫര്‍ഹത് ശെഹസാദ് വരെയുള്ളവര്‍ മെഹ്ദിയിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. കഹനാ ഉസേ, സദാ എ ഇശ്ഖ് തുടങ്ങിയ ഓഡിയോ ആൽബങ്ങൾ ശെഹസാദിന്റെ കവിതകളാണ്. മിര്‍സാ ഗാലിബ്, മീര്‍ തഖി മീര്‍, അല്ലാമാ ഇഖ്ബാല്‍ തുടങ്ങിയ മഹാകവികളും അദ്ദേഹത്തിലൂടെ ചിരഞ്ജീവികളായി. വിപ്ലവകവികളായ ഫൈസ് അഹ്മദ് ഫൈസ് (ഗുലോം മെ രംഗ് ഭരേ…), ഹബീബ് ജാലിബ് (ദില്‍ കീ ബാത്…) തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ ആ നാവില്‍ സംഗീതരൂപം പൂണ്ടു. ഥുംരി റാണി എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ശോഭാ ഗുര്‍തുവിനൊപ്പം ഗണേഷ് ബിഹാരി തര്‍സിന്റെ ഗസലുകള്‍ ഉസ്താദ് പാടിയിട്ടുണ്ട്.

1497228276695  മനസ്സില്‍ പ്രണയം പെയ്തിറങ്ങുകയാണ്. ‘പ്യാര്‍ ഭരീ, ദോ ശര്‍മീലീ നേന്‍ ‘.., അക്തര്‍ യൂസുഫിന്റെ വരികള്‍. വിരഹത്തിന്റെ തീവ്രനൊമ്പരമാണ് ഫറാസിന്റെ ‘രഞ്ജിശ് ഹീ സഹീ’. പ്രണയത്തിന്റെ അമര്‍ത്യതയാണ് ഖതീല്‍ ശിഫായിയുടെ ‘സിന്ദഗീ മേ തൊ സഭീ’ യില്‍ നാമനുഭവിക്കുന്നത്.

ഏകാന്തതയുടെ, പ്രണയത്തിന്റെ, വിരഹത്തിന്റെ പാട്ടുകള്‍ക്ക് മരണമില്ല.
‘മേ തൊ മര്‍ കര്‍ ഭീ മെരീ ജാന്‍ തുഝേ ചാഹൂംഗാ (میں تو مر کر بھی میری جان تجھے چاہوں گا) (I will love you even when I am dead)’. ആ പാട്ടുകളിലൂടെയാവട്ടെ, ഉസ്താദ് മെഹ്ദി ഹസനും കാലത്തെ അതിജയിക്കും.
‘തന്ഹാ തന്ഹാ മത് സോചാ കര്‍, മര്‍ ജായേഗാ മത് സോചാ കര്‍…’

*** (കുറിപ്പുകള്‍ )
1) മത്വ്‌ല = ഗസലിന്റെ ഒന്നാമത്തെ ശേര്‍ (പ്രഥമ ശ്ലോകം).
2) മക്ത = ഗസലിന്റെ അവസാനത്തെ ശേര്‍ , ആഖ് രീ ശേര്‍ .
3) റദീഫ് = ഗസലില്‍ നിര്‍ബന്ധമായ പ്രാസം. യഥാര്‍ത്ഥത്തില്‍ ഗസല്‍ ഒരു ഗാനസമ്പ്രദായമല്ല. മറിച്ച് ഒരു രചനാസമ്പ്രദായമാണ്. നാലു വരികളുള്ള ശേറുകളാണെങ്കില്‍ മത്വ്‌ലയിലെ രണ്ടാമത്തെയും അവസാനത്തെയും വരികളിലെയും മറ്റ് ശേറുകളിലെ അവസാനവരിയിലേയും അന്തിമപദം ഒന്നായിരിക്കണം. ഈ പദമാണ് ഗസലിന്റെ റദീഫ്. ഈ വൃത്തത്തിലെഴുതുന്നതാണ് ഗസലുകള്‍ .
4) കാഫിയ = റദീഫിന്റെ തൊട്ടു മുമ്പില്‍ വരുന്ന പദം. ഒരു ഗസലില്‍ ഇങ്ങനെ വരുന്ന എല്ലാ വാക്കുകളുടെയും അന്തിമവര്‍ണം ഒന്നായിരിക്കണം.
5) ഹീര്‍ = പഞ്ചാബിന്റെ പ്രശസ്തമായ ട്രാജിക് റൊമാന്‍സിലെ നായിക. പ്രണയത്തിന്റെയും ആത്മീയതയുടെയും രൂപകമായിത്തീര്‍ന്നു ഹീര്‍ രാഞ്ഝന്‍ കഥ.