ആധ്യാത്മികതയും ഭൗതികശാസ്ത്രവും

Pravachakathwam-Yukthivadam-Adhyathmikam-Boudika-Shasthram-500x500

Pravachakathwam-Yukthivadam-Adhyathmikam-Boudika-Shasthram-500x500ലോകത്തിന് ഭൗതികവും അഭൗതികവുമായ തലങ്ങളുണ്ടെന്നത് ജ്ഞാനവും ചിന്തയും രൂപം കൊണ്ട കാലം മുതല്‍ക്കേയുള്ള മനുഷ്യന്റെ തിരിച്ചറിവുകളിലൊന്നാണ്. കുറേക്കൂടി ഭൗതികവാദാധിഷ്ഠിതമായി തത്വചിന്തയെ അവതരിപ്പിച്ച, ഇന്ത്യന്‍ ഫിലോസഫിയിലെ കപിലനും കണാദനും മുതല്‍ക്ക് ബുദ്ധനും കണ്‍ഫ്യൂഷസും വരെയുള്ളവര്‍ ഇക്കാര്യം പ്രസ്താവിച്ചതായി കാണാം. രൂപവും നാമവും എന്ന് വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും ഇരുപ്രതലങ്ങളെ ബുദ്ധന്‍ വിശേഷിപ്പിക്കുന്നുണ്ട്. രൂപത്തെയും ആശയത്തെയും സംബന്ധിച്ച തത്വചിന്തകളാണ് പ്ലേറ്റോ മുന്നോട്ട് വെക്കുന്നത്.

മനുഷ്യന്‍ അവന്റെ തന്നെ അസ്തിത്വത്തെയും ഈ രണ്ട് പ്രതലങ്ങളിലും നിന്നു കൊണ്ടാണ് തേടിയത്. ഇത് രണ്ടും പരസ്പരപൂരകങ്ങളുമായിരുന്നു. ഭൗതികമായ സ്വത്വത്തെയും ലോകത്തെയും ജീവിതത്തെയും പൂര്‍ണമായും ഉള്‍ക്കൊണ്ടും അംഗീകരിച്ചും കൊണ്ടു തന്നെ പ്രവാചകന്മാര്‍ അഭൗതികത്തെക്കുറിച്ച അന്വേഷണത്തിന്റെ പ്രതലത്തില്‍ നിലകൊണ്ടു. ഭൗതികവും നാഗരികവുമായ പുരോഗതിക്ക് ധാര്‍മികതയുടെ ഒരു അടിത്തറ നല്‍കാന്‍ ഈ നിലപാടിന് കഴിയുകയും ചെയ്തു. അതേസമയം മനുഷ്യധിഷണയെ ഉത്തുംഗതയിലെത്തിച്ച ഭൗതിക അഭൗതിക അന്വേഷണങ്ങള്‍ ചരിത്രത്തിന്റെ ഏതോ ദശയില്‍ വേര്‍പിരിഞ്ഞ് സഞ്ചരിക്കാന്‍ തുടങ്ങിയതായി ഫൈസി എന്ന ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. അഭൗതികമായ ജ്ഞാനങ്ങള്‍ എന്നത് പുരോഹിതന്മാരുടെ പരിവേഷങ്ങള്‍ മാത്രമായിത്തീര്‍ന്നു. പരീക്ഷണനിരീക്ഷണങ്ങളുടെ വഴിയെയാണല്ലോ ആധുനികശാസ്ത്രം അവലംബിച്ചിരുന്നത്. പിസാ ഗോപുരത്തിന് മുകളില്‍ നിന്നും ഗലീലിയോ ഗലീലി താഴേക്കിട്ട, തീരെച്ചെറുതും വളരെ വലുതുമായ രണ്ട് ഭാരങ്ങളുടെ ഏകശബ്ദത്തില്‍ നിന്നാണ് അതിന്റെ മണി മുഴങ്ങിയതെങ്കിലും സൈദ്ധാന്തികമായി ആ വഴി അതിനു മുന്നേ സ്വീകരിച്ചിരുന്ന, കോപ്പര്‍നിക്കസിന്റെ അന്വേഷണങ്ങള്‍ മുതല്‍ക്ക് അതിനെ ഈ പുരോഹിതവേഷങ്ങള്‍ സംശയത്തോടെ കണ്ടു. അധികാരമുള്ള പുരോഹിതന്‍ സംശയത്തിന്റെ പ്രതികരണമായി പീഡനത്തിന്റെ വഴി സ്വീകരിച്ചപ്പോള്‍ ശാസ്ത്രജ്ഞന്റെ നന്മ അന്ധമായ മതവിരോധത്തിലേക്ക് മൂര്‍ത്തമായി. നവോത്ഥാനത്തെയും ജ്ഞാനോദയത്തെയും തുടര്‍ന്ന് ചിന്താപരമായി മേല്‍ക്കൈ നേടിയ, ഗ്രന്ഥകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ മുറിവുണങ്ങി എഴുന്നേറ്റ ശാസ്ത്രജ്ഞന്റെ വകതിരിവില്ലാത്ത പ്രത്യാക്രമണത്തില്‍ മതം അവശമായി.

മതം, ശാസ്ത്രം, തത്വചിന്ത എന്നിവയുടെ സമന്വയത്തിന്റെ വഴികള്‍ തേടുന്നതാണ് ഫൈസിയുടെ പ്രവാചകത്വം, യുക്തിവാദം, ആധ്യാത്മികം, ഭൗതികശാസ്ത്രം എന്ന പുസ്തകം. ഒ.വി വിജയന്‍, ഫ്രിത്യോഫ് കാപ്ര, നവനാസ്തികര്‍ എന്നിവരുടെ നിരീക്ഷണങ്ങളുടെ വിശകലനം എന്ന് തലക്കെട്ടില്‍ത്തന്നെ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത്തരം വിശകലനങ്ങള്‍ എന്നതിലുപരി സ്വതന്ത്രാസ്തിത്വമുള്ള ഒന്നാണ് കോഴിക്കോട് ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.

Einstein_1921_by_F_Schmutzer_-_restoration
ഐൻസ്റ്റീൻ

മുകളില്‍ സൂചിപ്പിച്ച വിഭജനത്തെപ്പറ്റി വെര്‍ണര്‍ ഹെയ്‌സന്‍ബര്‍ഗില്‍ നിന്ന് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്ന വരികള്‍ കാണുക: ‘പത്തൊമ്പതാം നൂറ്റാണ്ട് പ്രകൃതിശാസ്ത്രത്തിന് വേണ്ടി അതികര്‍ക്കശമായ ചട്ടക്കൂട് വികസിപ്പിച്ചു. ശാസ്ത്രത്തിന്റെ മാത്രമല്ല, ജനസഞ്ചയത്തിന്റെ തന്നെ പൊതുവീക്ഷണമായി അത് മാറി. ക്ലാസ്സിക്കല്‍ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളായ സ്ഥലം, കാലം, വസ്തു, ഹേതു എന്നിവയാല്‍ താങ്ങിനിര്‍ത്തപ്പെട്ടതായിരുന്നു ആ ചട്ടക്കൂട്. മാറ്റര്‍ അടിസ്ഥാന യാഥാര്‍ത്ഥ്യമായി അംഗീകരിക്കപ്പെട്ടു. ഈ പദാര്‍ത്ഥലോകത്തെ കീഴടക്കിയ കുരിശുയുദ്ധമായി ശാസ്ത്രപുരോഗതി വിലയിരുത്തപ്പെട്ടു. ഈ ചട്ടക്കൂട് എത്രത്തോളം കര്‍ക്കശമായിരുന്നുവെന്നാല്‍; മനസ്സ്, മനുഷ്യാത്മാവ്, ജീവന്‍ മുതലായ സുപരിചിതാശയങ്ങള്‍ക്ക് അതില്‍ ഒട്ടും സ്ഥാനമുണ്ടായിരുന്നില്ല. പദാര്‍ത്ഥലോകത്തിന്റെ കണ്ണാടി മാത്രമാണ് അതില്‍ മനസ്സ്. ഈ കണ്ണാടിയുടെ സവിശേഷതകളെപ്പറ്റി പഠിച്ച മനശ്ശാസ്ത്രജ്ഞന്മാര്‍ അതിന്റെ വീക്ഷണപരമായ സവിശേഷതകളെ വിട്ട് യാന്ത്രികസവിശേഷതകളെയാണ് പരിഗണിച്ചത്. അവിടെപ്പോലും ക്ലാസ്സിക്കല്‍ ശാസ്ത്രത്തിന്റെ യാന്ത്രികാശയങ്ങളെ, വിശേഷിച്ചും കാര്യകാരണങ്ങളെ അടിസ്ഥാനമാക്കാനാണ് മുതിര്‍ന്നത്. ജീവനാകട്ടെ, കാര്യകാരണങ്ങളാല്‍ നിര്‍ണയിക്കപ്പെട്ടതും പ്രകൃതിനിയമങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടതുമായ ഭൗതിക, രാസിക പ്രക്രിയകളായി വ്യാഖ്യാനിക്കപ്പെട്ടു. മതം ഇവിടെ ഭാവനാസൃഷ്ടികളായി മാറി. ഇത് മതവും ശാസ്ത്രവും തമ്മില്‍ തുറന്ന ശത്രുത സൃഷ്ടിക്കുകയും ചെയ്തു.’

ഈ വിഭജനവും ശത്രുതയും ശാസ്ത്രത്തില്‍ ദാര്‍ശനികമായ ഒരു വാക്വം സൃഷ്ടിച്ചിട്ടുണ്ട്. അതെപ്പറ്റി മാക്‌സ് പ്ലാങ്കിന്റെ ഒരു ഉദ്ധരണി തുടക്കത്തില്‍ത്തന്നെ ഫൈസി ഉദ്ധരിക്കുന്നുമുണ്ട്. ‘ശാസ്ത്രത്തിന് പ്രകൃതിയുടെ ആത്യന്തികനിഗൂഢത പരിഹരിക്കാനാവില്ല. എന്തെന്നാല്‍ നാം പരിഹരിക്കാന്‍ ശ്രമിക്കുന്ന പ്രപഞ്ചനിഗൂഢതകളുടെ ഭാഗം തന്നെയാണല്ലോ നാമും. ഏറ്റവും തുളച്ചു കയറുന്ന ഒരു കണ്ണിനും അതിനെത്തന്നെ കാണാനാവില്ലല്ലോ. ഒരു പണിയുപകരണത്തിന് അതിന്മേല്‍ത്തന്നെ പണിയെടുക്കാനുമാവില്ല.’

Zentralbild Prof. Dr. phil Werner Kar. Heisenberg, Physiker, geboren 5.12.1901 in Würzburg, Professor für theoretische Physik, Direktor des Max-Planck-Instituts für Physik in Göttingen, Nobelpreis für Physik 1932 (Aufnahme 1933) 39049-33
വെർണർ ഹെയ്സെൻബെർഗ്

 

അതേസമയം ഗ്രന്ഥത്തിന്റെ ആമുഖലേഖനം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായ സുപ്രധാന സംഭവം മത ശാസ്ത്ര പാരസ്പര്യത്തില്‍ പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ശാസ്ത്രം കൈയടക്കിവെച്ചിരുന്ന മേല്‍ക്കോയ്മയുടെ ഗ്രാഫ് മാക്‌സിമയില്‍ നിന്നും താഴേക്ക് പോകുന്ന പ്രവണത കാണിച്ചു തുടങ്ങി എന്ന പ്രസ്താവനയോടെയാണ്. മധ്യകാലത്തെ മതാധിപത്യം ജ്ഞാനത്തിന് മേല്‍ പുലര്‍ത്തിയിരുന്ന മേല്‍ക്കോയ്മയും ഇന്‍ക്വിസിഷനുമൊക്കെ സൃഷ്ടിച്ച നാസ്തിക ഒബ്‌സെഷനെപ്പറ്റിയും ആമുഖത്തില്‍ ഫൈസി സൂചിപ്പിക്കുന്നുണ്ട്. ഇത് ശാസ്ത്രലോകത്ത് ഉണ്ടാക്കിയ മുന്‍വിധികളെയും അദ്ദേഹം പരാമര്‍ശിക്കുന്നു. എന്നാല്‍ ഇതേ തരത്തിലുള്ള മുന്‍വിധികള്‍ മനുഷ്യന്റെ ശാസ്ത്രാന്വേഷണങ്ങളെപ്പറ്റി മധ്യകാലപാരമ്പര്യത്തിന്റെ സ്വാധീനമുള്ള മതബോധവും വെച്ചു പുലര്‍ത്തിയിരുന്നു. ശാസ്ത്രത്തിന്റെ നിലപാടുകള്‍ക്ക് നേരെ ഗ്രന്ഥകാരന്‍ ചില ചോദ്യങ്ങള്‍ തൊടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ, ജൈവവര്‍ഗോല്‍പത്തി വിമര്‍ശനപഠനം എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയായി അവകാശപ്പെടുന്ന ഈ പുസ്തകം മുകളില്‍ സൂചിപ്പിച്ച ആറ്റിറ്റിയൂഡിന്റെയും ഒബ്‌സെഷന്റെയുമൊക്കെ പ്രകടമായ ഉദാഹരണമായി കൈകാര്യം ചെയ്യുന്നതും ഡാര്‍വിനിസത്തെയാണ്.

200px-Fritjof_Capra
ഫ്രിത്യോഫ് കാപ്ര
AVT_O-V-Vijayan_6831
ഒ.വി വിജയൻ

ഒരുപക്ഷേ ഈ പുസ്തകത്തിന്റെ പ്രകടമായ ഒരു ദൗര്‍ബ്ബല്യവും അതാണ്. അത് പരിണാമത്തെക്കുറിച്ച തത്വചിന്തകളെയും ശാസ്ത്രകല്‍പനകളെയും ഡാര്‍വിനിസത്തിലേക്ക് ചുരുക്കുന്നു. പ്രകൃതിനിര്‍ദ്ധാരണത്തെ മാത്രമാണ് ഗ്രന്ഥകാരന്‍ പരിണാമത്തെക്കുറിച്ച ശാസ്ത്രമായി പരിഗണിക്കുന്നത്. ഡാര്‍വിനിസത്തിന് പുറത്തുള്ള പരിണാമ സിദ്ധാന്തങ്ങളെക്കുറിച്ചോ ജീവലോകത്തിന്റെ പരിണാമം എന്ന ആശയത്തെ മൗലികമായി എങ്ങനെ സമീപിക്കാം എതിനെക്കുറിച്ചോ ഈ പുസ്തകം ഒന്നും പറയുന്നില്ല. മാത്രവുമല്ല, മതവും ശാസ്ത്രവും തമ്മിലുള്ള പാരസ്പര്യം എന്ന മഹത്തായ ആശയം മുന്നോട്ടു വെക്കുമ്പോഴും ഇവ തമ്മിലുള്ള ഭിന്നതയുടെയും എതിര്‍പ്പിന്റെയും ഭാഗങ്ങളെയാണ് അറിയാതെയെങ്കിലും ഗ്രന്ഥകാരന്‍ പ്രക്ഷേപിക്കുന്നത്. അതിനുള്ള ടൂളായും ഡാര്‍വിനിസം ഇതില്‍ മാറുന്നുണ്ട്. അതിലാകട്ടെ, മിഷനറി ശാസ്ത്രജ്ഞന്മാരുടെ ശാസ്ത്രീയ സൃഷ്ടിവാദം എന്ന കപടസിദ്ധാന്തത്തെ ഒരാധാരമായി സ്വീകരിക്കുകയും ചെയ്യുന്നു. ഉല്‍പത്തിയെക്കുറിച്ച മതചിന്തകളും സൃഷ്ടി എന്ന ആശയവും ശാസ്ത്രത്തിന്റെ വിഷയമല്ല. പ്രതിഭാസങ്ങളെക്കുറിച്ച വിവരണങ്ങളില്‍ ശാസ്ത്രം ഉപയോഗിക്കുന്ന ടെര്‍മിനോളജി വ്യത്യസ്തമായിരിക്കും.

വിവരണാതീതവും അവിഭാജ്യവുമായ ഒരു തത്വമാണ് ജീവന്‍. അതിന് ശാസ്ത്രീയമോ തത്വചിന്താപരമോ ആയ വ്യാഖ്യാനങ്ങള്‍ സാധ്യമല്ല. അതേസമയം അതിന്റെ ഉല്‍പത്തിയെക്കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള മതപരമായ വിശദീകരണങ്ങളാകട്ടെ അമൂര്‍ത്തവും (abstract) ആണ്. തത്വശാസ്ത്രപരമായ വിശകലനത്തില്‍ ഒരേ ജീവന്‍ തന്നെ വ്യത്യസ്ത ജീവരൂപങ്ങളിലൂടെ പുരോഗമിക്കുകയാണ് ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്തത് എന്ന് പറയാം. ഈ പുരോയാനമാകട്ടെ, തികച്ചും മൂര്‍ത്തമായ ഘട്ടങ്ങളിലൂടെ സംഭവിക്കുന്നു. ഒരു ഘട്ടത്തില്‍ നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള പരിവര്‍ത്തനത്തെ പരിണാമം എന്നോ എവല്യൂഷന്‍ എന്നോ വിശേഷിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്ന പക്ഷമാണ് ഇതെഴുതുന്നയാള്‍ക്കുള്ളത്. ഈ പരിണാമത്തെ ഒരു ജീവരൂപം മറ്റൊന്നായി മാറുന്ന പ്രക്രിയയായിട്ടേ ശാസ്ത്രത്തിന് വിലയിരുത്തേണ്ടതുള്ളൂ. evolution എന്ന പദം ചിന്താരംഗത്ത് ആദ്യമായി പ്രയോഗിച്ചത് പോലും സെന്റ് അഗസ്റ്റിനാണ്. തന്റെ മുന്‍നിര്‍ണിതവിധിവാദം സ്ഥാപിക്കാനാണ് അദ്ദേഹം ഈ പദം ഉപയോഗിച്ചതെങ്കിലും. ചുരുള്‍ നിവര്‍ത്തല്‍ (act of unrolling) എന്നാണ് evolutio എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം. മതത്തിലെ യാന്ത്രികവിധിവാദം പോലെത്തന്നെയാണ് പ്രകൃതിനിയമങ്ങളുമായി ബന്ധപ്പെട്ട യാന്ത്രിക സമീപനങ്ങളും. അതേസമയം ഭാഷയില്‍ evolution എന്ന വാക്ക് gradual development of something എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു. ഇന്നിലക്ക് ജീവരൂപങ്ങളിലൂടെയുള്ള ജീവന്റെ വികാസത്തെ വിശേഷിപ്പിക്കുന്നതിന് ഏറ്റവും ഉപയുക്തമാണ് ആ വാക്ക്.

തികച്ചും സംശയരഹിതമായി നമുക്കൊരു സ്രഷ്ടാവുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് ഈ പുസ്തകം സമര്‍പ്പിക്കുന്നതെന്ന് ആമുഖത്തില്‍ത്തന്നെ ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ ഇത് സംവാദാത്മകതയെക്കാള്‍ തീര്‍പ്പുകളുടെ ഒരു ശൈലി അവലംബിച്ചതായി കാണുന്നു. ഇതൊരു കുറവായി സൂചിപ്പിച്ചതല്ല. പുസ്തകത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി ഗ്രന്ഥകാരന്‍ തന്നെ വെളിപ്പെടുത്തിയതും രചനയില്‍ അദ്ദേഹം സ്വീകരിച്ചതുമായ രീതി അതാണെന്ന് മാത്രം. അതേസമയം ഇത് പുസ്തകം മുന്നോട്ടു വെക്കുന്ന ചര്‍ച്ചകളുടെ വ്യത്യസ്ത തലങ്ങളിലേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് പറയാതെയും വയ്യ. ഇത്തരമൊരു വിഷയത്തെ കൂടുതല്‍ സംവാദാത്മകമായ, ദൈവത്തിന്റെയും സൃഷ്ടിയുടെയും കാര്യത്തില്‍ നാസ്തികമോ ആസ്തികമോ അജ്ഞേയമോ ആയ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്ന എല്ലാവരുമായും സംവദിക്കുന്ന ഒരു തലത്തിലേക്ക് ഉയര്‍ത്താന്‍ തീര്‍ച്ചയായും ഗ്രന്ഥകാരന് സാധിക്കുമായിരുന്നു.

 

നാല് അധ്യായങ്ങളാണ് പുസ്തകത്തിനുള്ളത്. പ്രവാചകനിയോഗത്തിന്റെ അനിവാര്യത, മതവും ശാസ്ത്രവും ആധുനിക ഭൗതികശാസ്ത്രവും പൗരസ്ത്യ ആധ്യാത്മിക ദര്‍ശനങ്ങളും, മനുഷ്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു എന്നിവയാണവ. ഇതിന്റെ ക്രമം ഇപ്പറഞ്ഞതാണെങ്കിലും അതെപ്പറ്റി ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഫലശ്രുതിയാണ് പ്രവാചകനിയോഗത്തിന്റെ അനിവാര്യത എന്നതാണത്. അതേസമയം വായന താരതമ്യേന അയത്‌നലളിതമായ ഭാഗം എന്ന നിലക്ക്, മറ്റ് അധ്യായങ്ങളില്‍ ക്ലിഷ്ടമായ സാങ്കേതികവിവരണങ്ങള്‍ കടന്നു വരുന്നതിനാല്‍ വായനക്കാരനില്‍ ഉണ്ടായേക്കാവുന്ന മുന്‍വിധിയെ മറികടക്കുന്നതിനാണ് അധ്യായക്രമത്തില്‍ അതിനെ മുന്നില്‍ നിര്‍ത്തിയത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബുദ്ധിയുമായുള്ള ഒരു സംവാദത്തിലൂടെ സഞ്ചരിക്കുന്ന ഈ അധ്യായത്തില്‍ ഇന്ദ്രിയങ്ങളുടെയും ഗണിതശാസ്ത്രപരമായ യുക്തിയുടെയും പരിമിതികളെ വിശദീകരിക്കുന്നു.
കാലം, ഗതി, നിര്‍ണിതത്വം മുതലായവയെ വിശദീകരിച്ച ശേഷം തെരഞ്ഞെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള മനുഷ്യസ്വാതന്ത്ര്യത്തെ അംഗീകരിക്കുകയാണ് ഫൈസി. ആ സ്വാതന്ത്യത്തിലൂടെ നാം പരീക്ഷിക്കപ്പെടുകയാണ് എന്ന ഒരു തത്വവും അദ്ദേഹം മുന്നോട്ടു വെക്കുന്നു. അതായത്, ദൈവികമായ പരീക്ഷണത്തോടുള്ള നമ്മുടെ പ്രതികരണമാണ് നമ്മുടെ തെരഞ്ഞെടുപ്പ്. അതേസമയം നമ്മുടെ തെരഞ്ഞെടുപ്പിന് പ്രപഞ്ചത്തിലെ ഒരതിസൂക്ഷ്മചലനത്തെപ്പോലും സ്വാധീനിക്കാന്‍ കഴിയില്ല. നമ്മുടെ ചിന്തകള്‍ക്ക് ആധാരമെന്ന് നാം കരുതുന്ന ന്യൂറോണുകളെപ്പോലും. ഈ വിവരണം എത്രത്തോളം സൂക്ഷ്മമാണെന്നതിനെപ്പറ്റി സംശയമുണ്ടാവാം. പ്രത്യേകിച്ചും മനുഷ്യകര്‍മങ്ങളുടെ ഫലങ്ങളെയും അടയാളങ്ങളെയും പറ്റി ഖുര്‍ആന്‍ തന്നെ മുന്നോട്ട് വെക്കുന്ന ഒരാശയമുണ്ടല്ലോ. മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍ കരയിലും കടലിലും നാശങ്ങളുളവായിരിക്കുന്നു എന്ന്. സൂക്ഷ്മവും സ്ഥൂലവുമായ ആഘാതങ്ങളെ സൂചിപ്പിക്കുന്നതാണ് ഫസാദ് എന്ന ഖുര്‍ആനിക പ്രയോഗം. ഈ ആഘാതങ്ങളെപ്പറ്റി അറിയാതെയല്ല ഫൈസി നമ്മുടെ തെരഞ്ഞെടുപ്പിന്റെ സ്വാധീനത്തെസ്സംബന്ധിക്കുന്ന ആശയം മുന്നോട്ടു വെച്ചത്. പ്രകൃതിയുടെ ഗതിക്കും ധര്‍മത്തിനും വിരുദ്ധമായ മനുഷ്യന്റെ സഞ്ചാരമാണ് അവന്റെ തന്നെ ചുറ്റുപാടുകളില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നത്. അതേസമയം ഈ വ്യതിയാനങ്ങള്‍ മൗലികമല്ല. അവന്റെ നിലപാടുകളുടെ പ്രതികരണങ്ങള്‍ മാത്രമാണ്. അടിസ്ഥാനധര്‍മത്തെയോ നിയമങ്ങളെയോ അത് ബാധിക്കുന്നില്ല.

ഇതിലൂടെ പ്രവാചകത്വം എന്ന ആശയത്തെ ഫൈസി യുക്തിഭദ്രമായി സ്ഥാപിക്കുന്നുണ്ട്. ശേഷം വെളിപാടിനെയും പ്രവാചകപരമ്പരയെയും ദൈവം മനുഷ്യനുമായി സംവദിക്കുന്ന മാധ്യമത്തെയും സംബന്ധിച്ച, ഒ.വി വിജയന്റെ കാഴ്ചപ്പാടുകളെ നിരൂപണം ചെയ്യുകയും ചെയ്യുന്നു. അതേസമയം ചില ലളിതവല്‍ക്കരണങ്ങള്‍ ഇവിടെ കടന്നുകൂടിയോ എന്ന സംശയം ഇതെഴുതുന്നയാള്‍ക്കുണ്ട്. ദൈവം തന്റെ അടിമകളുടെ ഉദാരത പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ദാരിദ്ര്യം ഉണ്ടാക്കിയത് എന്നൊക്കെയുള്ള തരത്തില്‍. വിഭവങ്ങളുടെ അസന്തുലിതമായ വിതരണമാണ് ദാരിദ്യത്തിന്റെ ഹേതു. മനുഷ്യകരങ്ങളുടെ തെറ്റായ പ്രവര്‍ത്തനങ്ങളുടെ ആഘാതമാണ് ഇതും. അതുപോലെ പ്രവാചകന്‍, വെളിപാട് എന്നിവയാണ് ദൈവത്തെ അറിയുന്നതിനുള്ള ശരിയായ മാധ്യമങ്ങള്‍ എന്ന നിലപാടിനെ നിരാകരിച്ചു കൊണ്ട് ഒ.വി വിജയന്‍ മുന്നോട്ടു വെക്കുന്ന, ഉള്ളുണര്‍വുകള്‍ എന്ന ആശയത്തെ നിരൂപണം ചെയ്യുന്ന ഭാഗവും. ലോകത്തുള്ള ബഹുഭൂരിഭാഗവും പിന്‍പറ്റുന്നത് പ്രവാചകന്മാരെയോ മറ്റ് ഉല്‍കൃഷ്ടവ്യക്തികളെയോ ആണ്, സ്വന്തം ഉള്ളുണര്‍വുകളെയല്ല എന്ന് ഫൈസി പറയുന്നത് ശരിയാണ്. ഇവിടെ പക്ഷേ ഉള്ളുണര്‍വുകള്‍ എന്ന ആശയത്തെത്തന്നെ നീരാകരിക്കുന്ന ഒരു ധ്വനി വരുന്നുണ്ടെന്ന് തോന്നുന്നു. മറ്റൊന്ന് മലക്കുകളെക്കൊണ്ടുള്ള ദൈവസഹായത്തെ വിവരിക്കുമ്പോള്‍, അല്ലാഹുവിന്റെ ശക്തിയിലും സഹായത്തിലും വിശ്വാസമുണ്ടെങ്കിലും ആ സഹായത്തെ മൂര്‍ത്തരൂപത്തില്‍ കണ്‍മുന്നില്‍ കാണുമ്പോഴുള്ള മനസ്സമാധാനത്തിന് വേണ്ടി എന്ന് പറയുന്നതാണ്. എങ്ങനെയാണ് മലക്കുകളെ മൂര്‍ത്തരൂപത്തില്‍ കണ്‍മുന്നില്‍ കാണുക? മലക്കുകള്‍, അവരുടെ സാന്നിധ്യത്താലുണ്ടാവുന്ന ശാന്തി തുടങ്ങിയ വിഷയങ്ങളെ മനശ്ശാസ്ത്രപരവും ദാര്‍ശനികവുമായി സമീപിക്കുകയല്ലേ യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത്?

തുടര്‍ന്ന് ഒരു യഥാര്‍ത്ഥ ആധ്യാത്മികപ്രസ്ഥാനത്തിന്റെ ഗുണങ്ങളും ലക്ഷണങ്ങളും വിവരിക്കുകയാണ് ഗ്രന്ഥകാരന്‍. ഇതിന്റെ ആധാരത്തില്‍ ക്രൈസ്തവ, ഇസ്ലാം, ഹിന്ദു, ബുദ്ധ, യൂദ മതങ്ങളെ വിശകലനം ചെയ്യുന്ന ഫൈസി ബിംബാരാധനയുമായി ബന്ധപ്പെട്ട വിജയന്റെ വാദങ്ങളെ നിരൂപണവിധേയമാക്കുന്നുമുണ്ട്. തീര്‍ച്ചയായും സത്യത്തിന്റെ പൊരുള്‍ ആ പൗരാണികമതത്തിന്റെ (ഹിന്ദു) ഗ്രന്ഥങ്ങളില്‍ നിന്ന് ഗ്രഹിക്കാന്‍ പറ്റും എന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അതിനെ അറിയാന്‍ ഒട്ടും മെനക്കെടുന്നില്ല. അതേസമയം അവബോധത്തിന്റെ പൂര്‍ണതയിലെത്തിക്കാന്‍ രൂപപരിവര്‍ത്തനം വന്ന, ഹിന്ദുമതമുള്‍പ്പെടെയുള്ള മതങ്ങള്‍ അശക്തമായിത്തീരുതെന്തു കൊണ്ട് എന്ന് സാര്‍ത്ഥകമായി വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ബുദ്ധമതം മനുഷ്യന്റെ ആകുലതകളെ മനശ്ശാസ്ത്രപരമായി സമീപിച്ചു എന്ന് സമ്മതിക്കുമ്പോഴും ദൈവാശയത്തിന്റെയും മറുലോകത്തിന്റെയും നിരാകരണം, കഠിനതപസ്സിലൂടെയുള്ള മനോദീപ്തി തുടങ്ങി നിലവില്‍ ആ മതത്തെപ്പറ്റി നിലനില്‍ക്കുന്ന ധാരണകളെ പിന്‍തുടരുകയാണ് ചെയ്യുന്നത്. വചനം ദൈവമായിരുന്നു എന്ന ബൈബിള്‍ വാക്യത്തെ ദൈവത്തിന്റേതായിരുന്നു എന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും വചനം അഥവാ ലോഗോസ് എന്നതിന്റെ തത്വശാസ്ത്രമാനങ്ങള്‍ പരിഗണിക്കാത്തത് കൊണ്ടാവാം.

മനുഷ്യനിലെ ധാര്‍മികഗുണങ്ങളെ ദൈവത്തിന്റെ രചനാത്മക ഊര്‍ജവുമായി ബന്ധപ്പെടുത്തുന്നത് പ്രകൃതത്തെക്കുറിച്ച (ഫിത്വ്‌റഃ) ഖുര്‍ആനിക പാഠങ്ങളുടെ നല്ലൊരു വിശദീകരണമായിത്തീരുന്നുണ്ട്.

മതശാസ്ത്രപാരസ്പര്യങ്ങളുടെ ചരിത്രത്തെയാണ് രണ്ടാം അധ്യായം വിശകലനം ചെയ്യുന്നത്. ഇതില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍, ഇര്‍വിന്‍ ഷ്രോഡിംഗര്‍, വെര്‍ണര്‍ ഹെയ്‌സന്‍ബര്‍ഗ് എന്നിവരുടെ നിരീക്ഷണങ്ങളും വായിക്കാം.

മതാത്മകമായ തലത്തില്‍ ബാറൂച് സ്പിനോസയുടെ അനുയായി എന്ന് വിശേഷിപ്പിക്കാനാണ് ഐന്‍സ്റ്റിന്‍ ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹത്തില്‍ നിന്ന് പുസ്തകം ഇങ്ങനെ ഉദ്ധരിക്കുന്നു: ‘സ്പിനോസയുടെ അനുയായികളായ ഞങ്ങള്‍ ചരാചരങ്ങളഖിലത്തിലും സ്ഥിതി ചെയ്യുന്ന അതിശയകരമായ അടുക്കിലും ചിട്ടയിലും നിയമവ്യവസ്ഥയിലും അതുപോലെ മനുഷ്യനിലും മൃഗങ്ങളിലും അവതീര്‍ണമാകുന്ന അതിന്റെ ആത്മാവിലും ദൈവത്തെ കണ്ടെത്തുവരാണ്. മൂര്‍ത്തദൈവത്തെ ചോദ്യം ചെയ്യണോ എത് വ്യത്യസ്തമായ ചോദ്യമാണ്. അത്തരമൊരു കാര്യത്തിന് ഞാനായിട്ടൊരിക്കലും മുതിരില്ല. കാരണം, അഭൗതികവീക്ഷണത്തിന്റെ അഭാവത്തെക്കാള്‍ മൂര്‍ത്തദൈവത്തിലുള്ള വിശ്വാസം തെയാണ് നല്ലത്.’

ഇതോടു ചേര്‍ത്ത് സ്പിനോസയുടെ ദര്‍ശനത്തെ വിവരിക്കാനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് തുടര്‍ച്ചയായുള്ള, ആധുനികശാസ്ത്രവും പൗരസ്ത്യ ആധ്യാത്മിക ദര്‍ശനങ്ങളും എന്ന ലേഖനത്തില്‍ അദൈ്വതം പോലുള്ള തത്വശാസ്ത്രങ്ങളും പരാമര്‍ശിക്കപ്പെടുന്നു. എന്നാല്‍ സ്പിനോസയുടെ ദര്‍ശനം, ഏകതത്വവാദം (Monism), അദൈ്വതം, പ്രകൃതിതത്വവാദം (Pantheism), സൂഫികളുടെ വഹ്ദതുല്‍ വുജൂദ് തുടങ്ങിയവ തമ്മിലുള്ള ബന്ധങ്ങളെയും വ്യതിരിക്തതകളെയും പറ്റി പുസ്തകം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ അത്ര സൂക്ഷ്മമായില്ല എന്ന് പറയാതിരുന്നു കൂടാ.

Spinoza
ബാറൂച് സ്പിനോസ

സ്വന്തം ആശയങ്ങളുടെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരു തത്വചിന്തകന്‍ സ്പിനോസയെപ്പോലെ അപൂര്‍വമായേ ഉണ്ടാകൂ. വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട മതത്തിനെതിരെയാണ് അദ്ദേഹം പോരാടിയത്. ഇതിന്റെ പേരില്‍ സമുദായത്തില്‍ നിന്നും അതെത്തുടര്‍ന്ന് കുടുംബത്തില്‍ നിന്നും ഭ്രഷ്ടാക്കപ്പെട്ടു. ചരിത്രപരമായ വിമര്‍ശനപദ്ധതിയിലൂടെ ബൈബിളിന് വ്യാഖ്യാനം ശ്രമിച്ച ആദ്യത്തെ ആളായി വിശേഷിപ്പിക്കപ്പെടാറുള്ള സ്പിനോസ യൂദ, ക്രൈസ്തവ മതങ്ങള്‍ കടുത്ത വിശ്വാസാന്ധതയാലും ഉപരിപ്ലവമായ ആചാരങ്ങളാലുമാണ് പിടിച്ചു നില്‍ക്കുന്നതെന്ന് തുറന്നടിച്ചു. യേശു ക്രിസ്തു ദൈവത്തിന്റെ വചനമാധ്യമം തന്നെയാണെന്നും യൂദമതത്തിന്റെ യാഥാസ്ഥിതികത്വത്തില്‍ നിന്നുള്ള വിമോചനത്തെയാണ് ക്രിസ്തുവചനങ്ങള്‍ ഉദ്‌ഘോഷിക്കുന്തെന്നും പ്രസ്താവിച്ചത് സ്പിനോസയുടെ സമുദായമായ യൂദസമൂഹത്തെ അത്യന്തം പ്രകോപിതമാക്കിയെന്ന് പറയേണ്ടതില്ലല്ലോ.

ദൈവത്തെയും പ്രകൃതിയെയും മനുഷ്യനെയും പറ്റി സ്പിനോസ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് അല്‍പം ദുര്‍ഗ്രഹതയുണ്ടെങ്കിലും പുസ്തകത്തില്‍ പൊതുവായി സ്വീകരിച്ചിരിക്കുന്ന നിലപാട് അതിനെ Pantheism ഉമായി ഐക്യപ്പെടുത്തുന്നതാണ്. ഒരിടത്ത് പക്ഷേ, Pantheism, Panentheism എന്നിവ തമ്മിലുള്ള വ്യത്യാസത്തെ ചെറുതായി സൂചിപ്പിക്കുകയും സ്പിനോസയുടെ ദര്‍ശനം പാനെന്‍തീസമാണ് എന്ന് പറയുകയും ചെയ്യുന്നുണ്ട്. സ്പിനോസയുടെ അഭിപ്രായത്തില്‍ പ്രകൃതിയുടെ ജീവിതത്തിന്റെ വളരെച്ചെറിയ ഒരു ഭാഗമാണ് നാം ഓരോരുത്തരുടെയും ജീവിതമാകുന്നത്. അതിനാല്‍ ബൃഹത്തായ സമഗ്രതയുടെ നന്നേച്ചെറിയ ഒരു ഭാഗം മാത്രമാണ് ഓരോ ആളും. അതേസമയം എല്ലാം പ്രകൃതി മാത്രമല്ല, പ്രകൃതിയെ ദൈവത്തില്‍ നിന്ന് തിരിച്ചറിയണം. ദൈവം എല്ലാമാണ്, എല്ലാം ദൈവത്തിലുണ്ട്. ദൈവം ലോകത്തെ സൃഷ്ടിച്ചത് അവന് അതിന് വെളിയില്‍ നില്‍ക്കാനല്ല. മറിച്ച് ലോകം ദൈവത്തിനുള്ളിലാണ്. അവനില്‍ നാം ജീവിക്കുന്നു, അവനില്‍ നാം ചലിക്കുന്നു.

ചിന്തയെയും (thought) അതിന്റെ പ്രത്യക്ഷവിപുലീകരണത്തെയും (extension) വ്യത്യസ്തമായ രണ്ട് പദാര്‍ത്ഥങ്ങളായി കണ്ട, റെനെ ദെകാര്‍തെയുടെ നിലപാടിനോട് സ്പിനോസ വിയോജിച്ചിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പദാര്‍ത്ഥം ഒന്നേയുള്ളൂ. നിലനില്‍ക്കുന്ന എന്തിനെയും ഏകയാഥാര്‍ത്ഥ്യത്തിലേക്ക് ചുരുക്കാം. അതിനെ പദാര്‍ത്ഥമെന്ന് വിളിക്കുന്ന അദ്ദേഹം ചിലപ്പോള്‍ അതിനെത്തന്നെ ദൈവമെന്നും വിളിക്കുന്നുണ്ട്. ഇന്നിലക്ക് ഒരു ഏകാത്മകതാവാദമായി അത് ചിലപ്പോള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഏകതത്വവാദത്തില്‍ (Monism) നിന്നും പ്രകൃതിതത്വവാദത്തില്‍ (Pantheism) നിന്നുമൊക്കെ വ്യത്യസ്തമാണ് അത്.

അതേസമയം സ്പിനോസയുടെ ദര്‍ശനത്തെപ്പറ്റി തന്റെ പൊതുവായ നിഗമനത്തിന് വിരുദ്ധമായ ചില അഭിപ്രായങ്ങളും ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. സ്പിനോസ തന്നെ പറയുന്നതാണ് അതിലൊന്ന്. ദൈവത്തെ ദ്രവ്യമാനമുള്ള പദാര്‍ത്ഥവുമായി സമപ്പെടുത്തി എന്ന് തന്നെപ്പറ്റി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തീര്‍ത്തും തെറ്റ് പറ്റി എന്നു തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ദര്‍ശനങ്ങളെ കൂടുതല്‍ വിവരിക്കുന്നത് ആധുനികശാസ്ത്രവും പൗരസ്ത്യ ആധ്യാത്മിക ദര്‍ശനങ്ങളും എന്ന മൂന്നാം അധ്യായത്തിലാണ്. ഭാരവും ഗതിവേഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച, ഗലീലിയോവിന്റെ, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ പരീക്ഷണത്തിലൂടെയും വസ്തുക്കള്‍ താഴെ വീഴുന്നതിനെക്കുറിച്ച ന്യൂട്ടന്റെ അസ്വാസ്ഥ്യങ്ങളെയും വിവരിച്ചു കൊണ്ടാണ് ഈ അധ്യായം തുടങ്ങുന്നത്. ഗുരുത്വാകര്‍ഷണം, ജഡത്വം തുടങ്ങിയ വിഷയങ്ങള്‍ സൃഷ്ടിക്കുന്ന നിഗൂഢതയെയും ഇതിനെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ (General Relativity Theory) ഐന്‍സ്റ്റിന്‍ തെല്ല് ശമിപ്പിച്ചതെങ്ങനെ എന്നും ഇതില്‍ വിശകലനം ചെയ്യപ്പെടുന്നു. ഒരു ഘനവസ്തുവിന്റെ സാന്നിധ്യം അതിന്റെ ചുറ്റുമുള്ള സ്ഥലകാലങ്ങളെ വളയ്ക്കുന്നുണ്ട്. അതിനാല്‍ ഘനവസ്തുവിന്റെ ചുറ്റുമുള്ള സ്ഥലകാലത്തിന്റെ ജ്യാമിതിയാണ് അതില്‍ അകപ്പെടുന്ന വസ്തുവിന്മേലുള്ള ഗുരുത്വാകര്‍ഷണമായി അനുഭവപ്പെടുന്നത്. ഇവിടെ സ്ഥലകാലത്തെക്കുറിച്ച ഐന്‍സ്റ്റീന്റെ സങ്കല്‍പങ്ങളിലൂടെ അതുമായി ബന്ധപ്പെട്ട മറ്റ് ദര്‍ശനങ്ങളിലേക്ക് കൂടി സഞ്ചരിക്കുന്നു.
dreamstime_xs_34881495
ഫ്രിത്യോഫ് കാപ്രയുടെ വെളിപാടുകളെ വിമര്‍ശനവിധേയമാക്കുന്നതും ഈ ഭാഗത്താണ്. ദൈവത്തിന്റെ സര്‍വവ്യാപിത്വം (ഇവിടെ അശ്അരീ, സലഫീ ദൈവശാസ്ത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെയും പരാമര്‍ശിക്കുന്നുണ്ട്), ഞാനാണ് കാലം എന്ന് ദൈവം വെളിപ്പെടുത്തുന്ന ഹദീസ് തുടങ്ങിയ വിഷയങ്ങളിലൂടെ സ്ഥലം, കാലം എന്നിവയെ പുനര്‍നിര്‍വചിക്കാനും ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്.

എന്തായാലും മത, ശാസ്ത്ര വിഭജനങ്ങളെ നിരാകരിക്കുകയും മതം, തത്വചിന്ത, ശാസ്ത്രം എന്നിവയെ സമഗ്രമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമീപനം സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയെ സ്ഥാപിക്കുന്നുണ്ട് ഈ കൃതി. അന്നിലക്ക് ഇതിലെ ചിന്തകള്‍ അതീവശ്രദ്ധയര്‍ഹിക്കുന്നു.