അമ്മയും കാള്‍ മാര്‍ക്‌സും

painting by David Carson Taylor

ഒരു വായനാത്മ(ക)കഥ നാല്

ഭാഗം ഒന്ന്, രണ്ട്, മൂന്ന് എന്നിവ ഇവിടെ വായിക്കാം.

ചുവന്ന ചട്ടയുള്ള പുസ്തകങ്ങള്‍

സോവിയറ്റ് നാട് എന്ന് മലയാളത്തിലും Soviet Land എന്ന് ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു മാസികയുണ്ടായിരുന്നു. തിളങ്ങുന്ന ആര്‍ട് പേപ്പറില്‍ അച്ചടിക്കുന്ന ആ മാസിക സ്‌കൂള്‍ കാലത്ത് പല കുട്ടികളും പുസ്തകം പൊതിയാന്‍ ഉപയോഗിച്ചു വന്നു. സോവിയറ്റ് നാടിലെ ചിത്രങ്ങളും അച്ചടിയുമൊക്കെ അത്യാകര്‍ഷകങ്ങളാണ്. സോവിയറ്റ് യൂനിയന്‍ എന്നറിയപ്പെട്ടിരുന്ന യു.എസ്.എസ്.ആറില്‍ (Union of Soviet Socialist Republic) നിന്ന് ലോകത്തിലെ നാനാ ഭാഷകളില്‍ അച്ചടിച്ച് അതാത് രാജ്യങ്ങളില്‍ വിതരണം ചെയ്യപ്പെട്ടിരുന്ന പ്രസിദ്ധീകരണമാണ് സോവിയറ്റ് നാട്. കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യയുടെ (സി.പി.ഐ) ഉടമസ്ഥതയിലുള്ള പ്രഭാത് ബുക് ഹൗസാണ് കേരളത്തില്‍ അതിന്റെ വിതരണക്കാര്‍. മോസ്‌കോയില്‍ നിന്ന് പ്രസാധനം ചെയ്യപ്പെടുന്ന, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ധാരളം പുസ്തകങ്ങള്‍ പ്രഭാത് ബുക് ഹൗസില്‍ കിട്ടും. നല്ല കടലാസ്, നല്ല അച്ചടി. അതേസമയം വില വളരെ തുച്ഛം. കമ്യൂനിസ്റ്റ് തത്വങ്ങളും റഷ്യന്‍ സാഹിത്യവുമൊക്കെ പ്രചരിപ്പിക്കുന്നതിനു വേണ്ടി സോവിയറ്റ് സര്‍ക്കാറിന്റെ സഹായത്തോടെ വിതരണം ചെയ്യപ്പെട്ടിരുന്ന പുസ്തകങ്ങളായിരുന്നു അവ. 1991ല്‍ സോവിയറ്റ് യൂനിയന്‍ എന്ന രാഷ്ട്രം ഇല്ലാതാകുന്നത് വരെ ഇത്തരം പുസ്തകങ്ങള്‍ പ്രഭാതില്‍ വില്‍ക്കപ്പെട്ടു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണ്ണൂരിലെ ഒരു എക്‌സിബിഷനില്‍ വെച്ച് എന്റെ ഉമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് അച്ഛന്റെ ബാല്യം എന്ന് പേരുള്ള ഒരു സോവിയറ്റ് പുസ്തകം വാങ്ങിത്തന്നതായി ഓര്‍ക്കുന്നു. അതിന്റെ ഗ്രന്ഥകര്‍ത്താവാരാണെന്നോര്‍മയില്ല. ഏതോ റഷ്യന്‍ എഴുത്തുകാരന്റെ പിതാവ് മകന് പറഞ്ഞു കൊടുത്ത ബാല്യകാല കഥകള്‍ പിന്നീട് ക്രോഡീകരിച്ചതാണെന്ന് തോന്നുന്നു.

painting by David Carson Taylor
painting by David Carson Taylor

ഏതെങ്കിലും വഴിക്ക് അല്‍പം പണം കൈയില്‍ വന്നാല്‍ പ്രഭാതില്‍ പോയി പുസ്തകങ്ങള്‍ വാങ്ങല്‍ ശീലമായി. കുറഞ്ഞ പണത്തിന് ധാരാളം പുസ്തകങ്ങള്‍ കിട്ടും. രാഷ്ട്രീയ, സൈദ്ധാന്തിക പുസ്തകങ്ങള്‍ക്കൊപ്പം നല്ല കഥകള്‍, കവിതകള്‍, നോവലുകള്‍ തുടങ്ങിയവയും.

പ്രോഗ്രസ്, റാദുഗ തുടങ്ങിയ പ്രസാധനാലയങ്ങളാണ് മോസ്‌കോവില്‍ നിന്ന് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. പ്രോഗ്രസ്സിന്റെ പാഠപുസ്തകം സീരീസുകള്‍ വളരെയധികം പ്രയോജനപ്പെട്ട ഒന്നായിരുന്നു. ഇംഗ്ലീഷില്‍ ഇത് ABC series ആണ്. ABC of Socialism, ABC of Dialectical Materialism, ABC of Marxism-Leninism എന്നിവയാണ് എ.ബി.സി സീരീസ്. ഓരോ സീരീസിലും കുറെയേറെ പുസ്തകങ്ങള്‍. ‘ഒരു പാഠപുസ്തകം’ എന്ന പേരില്‍ ഇറങ്ങിയ ഇവയുടെ മലയാള വിവര്‍ത്തനങ്ങളില്‍ ചിലതൊക്കെ ഞാനന്ന് വാങ്ങി വായിച്ചിരുന്നു (അന്നും ഇന്നും പുസ്തകം വാങ്ങുന്നതിന്റെ പാതി സ്പീഡ് പോലുമില്ല വായനക്ക്, ആലോചിക്കുമ്പോള്‍ വളരെ ഖേദം തോന്നാറുണ്ട്). മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയതും അക്കാലത്തു തന്നെ. മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും പുസ്തകങ്ങള്‍ക്ക് പുറമെ, യെവ്‌ഗേനിയ സ്‌തെപ്പാനൊവ എഴുതിയ, മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ജീവചരിത്രങ്ങള്‍, പ്ലെഹാനൊവിന്റെ പുസ്തകങ്ങള്‍ തുടങ്ങി മാക്‌സിം ഗോര്‍ക്കിയുടെ അമ്മയും പരിശീലനവുമൊക്കെ പ്രഭാതില്‍ നിന്ന് വാങ്ങി വായിച്ചു. വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരൊക്കെ മോസ്‌കോ പ്രസാധകരുടെ മലയാള വിവര്‍ത്തകരായിരുന്നു.

ഒരു രാഷ്ട്രത്തിന്റെ തിരോഭാവം

റഷ്യയിലെ സാറിസ്റ്റ് ഏകാധിപത്യത്തിനെതിരായ കലാപങ്ങളെത്തുടര്‍ന്നാണ് ബോള്‍ഷെവിക് വിപ്ലവം അരങ്ങേറിയത്. 1917ല്‍ സാര്‍ നിക്കോളാസ് രണ്ടാമന്‍ പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ജോര്‍ജി ലവേവ് അധികാരമേറ്റെടുത്തെങ്കിലും പിന്തുണ ഉറപ്പു വരുത്താന്‍ പറ്റാതിരുന്നതിനാല്‍ അലക്‌സാണ്ഡര്‍ ഫ്യോദ്‌റൊവിച് കെറന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ നിലവില്‍ വന്നു. എന്നാല്‍ വ്‌ലാഡിമിര്‍ ഇലിയിച്ച് ഉല്യാനൊവ് എന്ന വ്‌ലാഡിമിര്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് വിപ്ലവത്തെത്തുടര്‍ന്ന് കെറന്‍സ്‌കിക്ക് അധികാരമൊഴിയേണ്ടി വന്നു. ജൂലിയന്‍ കലണ്ടര്‍ പ്രകാരം 1917 ഒക്ടോബര്‍ 24, 25 തീയതികളിലാണ് ഈ വിപ്ലവം നടന്നത്. റഷ്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ജോര്‍ജിയന്‍ കലണ്ടറില്‍ നവംബര്‍ 6, 7 ആയിരുന്നു തീയതികള്‍. 1922ല്‍ സമീപ റിപ്പബ്ലിക്കുകളെക്കൂടി ചേര്‍ത്തു കൊണ്ട് USSR രൂപീകൃതമായി. ലെനിന്‍ ആയിരുന്നു ഭരണത്തലവന്‍ (സോവിയറ്റ് പ്രീമിയര്‍). 1991 ആഗസ്തില്‍ ഗെന്നാഡി യനായേവ് സോവിയറ്റ് പ്രീമിയര്‍ ആയിരിക്കെ, രണ്ട് ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്തിരുന്ന, ലോകത്തിലെ ഏറ്റവും വലിയ ആ രാഷ്ട്രം നാമാവശേഷമായി.

ഏകകക്ഷി ജനാധിപത്യത്തിനു കീഴില്‍ സമഗ്രാധിപത്യപരമായ സ്വഭാവമായിരുന്നു സോവിയറ്റ് യൂനിയന് ഉണ്ടായിരുന്നത്. 1985 മാര്‍ച്ച് മുതല്‍ 1991 ഡിസംബര്‍ വരെ സോവിയറ്റ് പ്രീമിയര്‍ ആയിരുന്ന മിഖയേല്‍ ഗോര്‍ബച്ചേവ് രാജ്യത്തിന്റെ വ്യവസ്ഥയെ മാറ്റിപ്പണിയാന്‍ ശ്രമിച്ചു. ലിയൊനിദ് ബ്രഷ്‌നേവിന്റെ കാലത്ത് തന്നെ സോവിയറ്റ് രാഷ്ട്രം Era of Stagnation എന്ന് വിളിക്കപ്പെട്ട സ്തംഭനകാലത്തെ നേരിട്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് യൂരി ആന്ദ്രപ്പോവിന്റെ നേതൃത്വത്തില്‍ കുറെയൊക്കെ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രണ്ടു വര്‍ഷം മാത്രമേ പ്രിമിയര്‍ ആയി ഇരുന്നുള്ളൂ. ആന്ദ്രപ്പോവിന്റെ മരണത്തെത്തുടര്‍ന്ന് നേതൃത്വം ഏറ്റെടുത്ത കൊണ്‍സ്റ്റാന്റ്യിന്‍ ചെര്‍നെങ്കൊയുടെ (Konstantin Chernenko) കാലത്ത് ചെര്‍നോബില്‍ ആണവദുരന്തവും അഫ്ഗാന്‍ യുദ്ധവുമൊക്കെയായി അവസ്ഥ കൂടുതല്‍ മോശമായി. ഈ സാഹചര്യത്തിലാണ് ഗോര്‍ബച്ചേവ് പെരെസ്‌ത്രോയ്ക്ക അഥവാ ഉടച്ചുവാര്‍ക്കല്‍ (Perestroika/ Restructuring) പ്രഖ്യാപിച്ചത്. ഇത് റിപ്ബ്ലിക്കുകളില്‍ ബഹുകക്ഷി ജനാധിപത്യത്തിന് അവസരമൊരുക്കി. ഇതോടൊപ്പം അദ്ദേഹം പ്രഖ്യാപിച്ച ഗ്ലാസ്‌നസ്ത് (Glasnost/ Openness) ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന ഇരുമ്പുമറ തകര്‍ത്തു. എന്നാല്‍ ഇതിന് പ്രതീക്ഷിക്കാത്ത ചില പ്രത്യാഘാതങ്ങളുമുണ്ടായി. റിപബ്ലിക്കുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും കമ്യൂനിസ്റ്റ് ഭരണത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങാനും തുടങ്ങി. ഇതോടെ പ്രകോപിതരായ കമ്യൂനിസ്റ്റ് പാര്‍ട്ടിയിലെയും സെക്യൂരിറ്റി ഏജന്‍സിയായ KGB യിലെയും തീവ്ര ഇടതുപക്ഷവാദികള്‍ ഗെന്നാഡി യനായെവിന്റെ നേതൃത്വത്തില്‍ ഗോര്‍ബച്ചേവിനെ തടവിലാക്കി. അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും സോവിയറ്റ് പ്രീമിയര്‍ സ്ഥാനവും രാജി വെച്ചു. ഇതിനകം റഷ്യന്‍ പ്രസിഡന്റായിത്തീര്‍ന്നിരുന്ന, കമ്യൂനിസ്റ്റ് വിരുദ്ധനായ ബോറിസ് യെല്‍ത്സിന്‍ യനായെവിനെതിരെ കലാപമിളക്കിവിട്ടതിനെത്തുടര്‍ന്ന് 1991 ആഗസ്തില്‍ മോസ്‌കോയില്‍ കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ രക്തപതാക താഴുകയും റഷ്യന്‍ പതാക ഉയരുകയും ചെയ്തു.

ലെനിൻ
ലെനിൻ

എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. അമേരിക്കയും USSR ഉം തമ്മില്‍ അത്രയും കാലം നിലനിന്നിരുന്ന ശീതയുദ്ധം അവസാനിച്ചതോടെ തങ്ങളുടെ അധീശത്വം സ്ഥാപിക്കപ്പെടുന്ന ഏകധ്രുവലോകത്തെക്കുറിച്ച അമേരിക്കയുടെ സ്വപ്‌നങ്ങള്‍ക്ക് ശക്തിയേറി. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും നിലനിര്‍ത്തിപ്പോന്നിരുന്ന, സോഷ്യലിസത്തെക്കുറിച്ച ചിന്തകള്‍ തീര്‍ത്തും ഉപേക്ഷിച്ച് നിയോ ലിബറല്‍ നയങ്ങളിലേക്ക് നീങ്ങി. ഗാട്ടിന്റെയും ലോകവ്യാപാരസംഘടന, ലോകബാങ്ക് മുതലായവയുടെയും ഘടനാപരിഷ്‌കാരങ്ങളായ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ശക്തിപ്പെട്ടു.

ലോകമെങ്ങുമുള്ള കമ്യൂനിസ്റ്റുകള്‍ക്ക് ആവേശവും പ്രത്യാശയുമായിരുന്നു സോവിയറ്റ് യൂനിയന്‍. അതേസമയം അതുതന്നെയായിരുന്നു പലേടത്തെയും കമ്യൂനിസ്റ്റ് സംഘടനകളുടെ പരിമിതിയും. മോസ്‌കോയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവര്‍ എന്ന് അക്കാലത്ത് കമ്യൂനിസ്റ്റ് സഖാക്കള്‍ക്ക് ഒരു പരിഹാസപ്പേര് തന്നെയുണ്ട്. അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയില്‍ കൃഷ്ണന്‍ കുട്ടി നായര്‍ അവതരിപ്പിച്ച ഒരു തയ്യല്‍ക്കാരന്‍ സഖാവുണ്ട്. എപ്പോഴും സോവിയറ്റ് കീര്‍ത്തനങ്ങളുരുവിട്ടു കൊണ്ടാണ് അയാള്‍ തയ്യല്‍ മെഷീന്റെ ട്രെഡിലില്‍ ആഞ്ഞു ചവിട്ടുന്നത്. ധര്‍മപുരിയില്‍ വരള്‍ച്ചയും ചുവന്ന താര്‍ത്താരിക്കുടിയരശില്‍ വെള്ളപ്പൊക്കവും വരുമ്പോള്‍ വെള്ളപ്പൊക്കത്തിനെതിരെ സെമിനാര്‍ നടത്തുന്ന ധര്‍മപുരിയിലെ സമത്വവാദികളെ അവതരിപ്പിക്കുന്നുണ്ട് ധര്‍മപുരാണം എന്ന നോവലില്‍ ഒ.വി വിജയന്‍.

അമ്മയും കാള്‍ മാര്‍ക്‌സും

എംഗൽസ്, മാർക്സ്
എംഗൽസ്, മാർക്സ്

ഹെസ്‌കൂളില്‍ ഞാന്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തകനായിരുന്നു. അതിന് കാരണം എന്റെ വീട് പൊതുവേ കോണ്‍ഗ്രസ് അനുകൂലമായിരുന്നുവെന്നതോടൊപ്പം തന്നെ അക്കാലത്തെ എന്റെ ദേശീയബോധത്തിന്റെ സ്വഭാവവും കൂടിയായിരുന്നു. അതേസമയം, കമ്യൂനിസത്തെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കിത്തുടങ്ങിയതോടെ, ഒരു തൊഴിലാളിയുടെ മകന്‍ എന്ന നിലക്ക് എന്റെ പ്രത്യയശാസ്ത്രം അതാണെന്ന ബോധവുമുണ്ടായി. ആ ബോധത്തിലേക്കാണ് മോസ്‌കോയില്‍ നിന്നുള്ള ചുവന്ന പുസ്തകങ്ങള്‍ വന്നിറങ്ങിയത്. On Religion എന്ന പേരില്‍ കാള്‍ മാര്‍ക്‌സിന്റെയും ഫ്രീഡ്രിക് എംഗല്‍സിന്റെയും ലേഖനങ്ങള്‍ സമാഹരിച്ചു കൊണ്ട് പ്രോഗ്രസ് പബ്ലിഷേര്‍സ് ഒരു പുസ്തകമിറക്കിയിരുന്നു. മാര്‍ക്‌സിന്റെ A Cotnribution to the Critique of Hegel’s Philosophy of Rights, എംഗല്‍സിന്റെ Anti Dhuring തുടങ്ങിയ ക്ലാസ്സിക്കുകളില്‍ നിന്നുള്ള ലേഖനങ്ങളും അവര്‍ പരസ്പരവും മറ്റു ചിലര്‍ക്കും എഴുതിയ കത്തുകളുമൊക്കെയായിരുന്നു ആ പുസ്തകത്തില്‍ ക്രോഡീകരിച്ചിരുന്നത്. മതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള അക്കാലത്തെ ബോധ്യങ്ങള്‍ ഉറപ്പിക്കുന്നതിനും അതെല്ലാം സഹായകമായി. (ബോധ്യം എന്നു തന്നെയാണ് പറയേണ്ടത്. ഒരിക്കലും എന്റെ തിരിച്ചറിവുകളോട് ഞാന്‍ അന്യായം പ്രവര്‍ത്തിച്ചിട്ടില്ല. പില്‍ക്കാലത്തുണ്ടാകുന്ന അനുഭവങ്ങളും അറിവുകളും മുന്‍കാല ബോധ്യങ്ങളെ തിരുത്തുന്നതില്‍ ഇതുവരെ അസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുമില്ല). അതേസമയം മതത്തെക്കുറിച്ച മാര്‍ക്‌സിസ്റ്റ് സമീപനം ഇടമറുകിന്റെയും സോ കോള്‍ഡ് യുക്തിവാദികളുടെയും വിമര്‍ശത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അന്നും ഇന്നും ഞാന്‍ സ്വയം യുക്തിവാദി എന്ന് തന്നെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരെ, കവിഞ്ഞാല്‍ അനുഭവമാത്രവാദികള്‍ എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ എന്നും യുക്തി അവരുടെ പ്രധാനപരിഗണനയേ അല്ലെന്നും പിന്നീട് തോന്നിയിട്ടുമുണ്ട്. ചരിത്രത്തെ സമീപിക്കുന്നതിലുള്ള സത്യസന്ധതയായിരുന്നു പ്രധാന ഘടകം. ഒരു ഐഡിയോളജി എന്ന നിലക്ക് മാര്‍ക്‌സിസത്തിന്റെ സമീപനത്തില്‍ കൃത്യതയും വ്യക്തതയുമുണ്ട്. ഡയലക്ടിക്കലായ സമീപനം (ഒരു തത്വശാസ്ത്രത്തെ സത്യസന്ധമാക്കുന്നത് വൈരുദ്ധ്യാത്മക സമീപനമാണ്) വെച്ചു പുലര്‍ത്തുന്നതിനാല്‍, മതത്തെ അതിലെ നന്മയെയും ചരിത്രത്തില്‍ അത് വഹിച്ച പങ്കിനെയും അംഗീകരിച്ചു കൊണ്ടു തന്നെ വിലയിരുത്താനും വിമര്‍ശിക്കാനും മാര്‍ക്‌സിസത്തിന് സാധിക്കുന്നു. എന്തായാലും കമ്യൂനിസ്റ്റ് മാനിഫെസ്‌റ്റോയും ദാസ് കാപിറ്റലിന്റെ ആമുഖവും ഡയലക്ടിക്‌സ് ഒഫ് നേച്ചറുമൊക്കെ അത്ര അഗാധമായല്ലെങ്കിലും അക്കാലത്ത് വായിച്ചു. അന്ന് വാങ്ങിയ സോവിയറ്റ് പുസ്തകങ്ങളില്‍ ചിലതൊക്കെ ഇന്നും എന്റെ ശേഖരത്തിലുണ്ട്. മൗ ദ്‌സെദോങ്ങിന്റെ On Cotnradiction ഉം അക്കാലത്ത് വായിച്ചു. ലെനിനും മൗയും ചെ ഗുവേരയും മുതല്‍ ചാരു മജുംദാറും വര്‍ഗീസും വരെയുള്ളവര്‍ ദൈവങ്ങളായി കുറച്ചു കാലം മനസ്സില്‍ കുടിയിരുന്നു.

Maxim Gorky a portrait by Nikolay Bogdanov-Belsky
Maxim Gorky a portrait by Nikolay Bogdanov-Belsky

മോസ്‌കോയിലെ ചുവന്ന പുസ്തകങ്ങളില്‍ മനസ്സിനെ വല്ലാതെ ഉലച്ച ഒന്ന് മാക്‌സിം ഗോര്‍ക്കിയുടെ അമ്മ തന്നെയാണ്. തികച്ചും രാഷ്ട്രീയമെങ്കിലും കേവലം മുദ്രാവാക്യനോവലല്ല അമ്മ. അത് വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ ഇത് രണ്ടും തമ്മില്‍ പുലര്‍ത്തേണ്ട പ്രതിബദ്ധതയുടെ ആഖ്യാനമാണ്. അമ്മയും മകനും തമ്മിലുള്ള, ദ്വൈത്തിന്റെ സീമകളെ അതിലംഘിക്കുന്ന കഥയാണ്. അതില്‍ മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്. പ്രണയവും വെറുപ്പുമുണ്ട്. ആഹ്ലാദവും ദാരിദ്ര്യവുമുണ്ട്. ഉള്ളു പൊള്ളയായിത്തീര്‍ന്ന, ആത്മാവ് നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടും മനുഷ്യത്വത്തിലേക്കുണര്‍ത്താനുള്ള ത്യാഗപൂര്‍ണമായ പരിശ്രമമാണ് ഗോര്‍ക്കിക്ക് വിപ്ലവം. കാല്‍പനികഭാവമുള്ള എല്ലാ എഴുത്തുകാരും ഇപ്രകാരം തന്നെയാണ് സാമൂഹിക പരിവര്‍ത്തനങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളതെങ്കിലും വിപ്ലവങ്ങള്‍ അവയുടെ തുടര്‍ച്ചയില്‍ ആ ദൗത്യത്തിലല്ല നിലകൊള്ളാറുള്ളതെന്നത് ചരിത്രം.

ഗോര്‍ക്കിയുടെ മുന്നില്‍ ഒരു യഥാര്‍ത്ഥ അമ്മയും മകനും ഉണ്ടായിരുന്നു. നീഷ്‌നി നോവ്‌ഗൊറൊദ് എന്ന റഷ്യന്‍ പട്ടണത്തിന്റെ പ്രാന്തത്തിലുള്ള സൊര്‍മോവോ ഫാക്ടറിയില്‍ 1902ല്‍ നടന്ന മെയ് ദിന പ്രകടനത്തില്‍ പങ്കെടുത്ത, ഗോര്‍ക്കിയുടെ സുഹൃത്ത് പ്യോത്തര്‍ സലമോവും അദ്ദേഹത്തിന്റെ അമ്മ അന്ന സലമോവയുമാണ് നോവലില്‍ പാവേല്‍ വ്‌ലാസോവും പിയെലാഗ്യേയ നിലോവ്‌ന വ്‌ലാസോവയും ആയിപ്പകര്‍ന്നതത്രേ. അതേസമയം അമ്മയുടെ കഥ പൂര്‍ണമായും ഗോര്‍ക്കിയുടെ ഭാവനയുമാണ്.

പീഡകനും മദ്യപനും ദുര്‍മാര്‍ഗിയുമായ വ്‌ലാസോവ് എന്ന അച്ഛന്‍ സാറിസ്റ്റ് റഷ്യയിലെ അധികാരത്തിന്റെ പ്രതീകമാണെങ്കില്‍ ഭര്‍തൃപീഡനം കൊണ്ടും കഠിനാധ്വാനത്താലും അകാലവാര്‍ധക്യം ബാധിച്ച് നട്ടെല്ല് തകര്‍ന്ന് ഒരു വശം കൂനിപ്പോയവളാണ് നിലോവ്‌ന എന്ന അമ്മ. മനുഷ്യസ്‌നേഹിയും വിപ്ലവകാരിയുമായ മകന്‍ പാവെല്‍ എന്ന പാഷ്‌കയുടെയും പീഡകനായ ഭര്‍ത്താവിന്റെയും ഇടയില്‍ സമ്മര്‍ദ്ദത്തിലായിപ്പോകുന്നുണ്ട് അവരുടെ ജീവിതം. എന്നാല്‍ പിന്നീട് അമ്മ ശരിക്കും മകന്റെ ദൗത്യം തന്നെ ഏറ്റെടുത്തു. മകന്‍ ജയിലിലടക്കപ്പെട്ടതിനെത്തുടര്‍ന്ന് അവന്‍ എഴുതിയ ലഘുലേഖകള്‍ വിതരണം ചെയ്യുമ്പോള്‍, എന്റെ മാംസവും രക്തവുമായ മകന്റെ വാക്കുകള്‍ ഞാന്‍ തന്നെ മറ്റുള്ളവര്‍ക്കെത്തിച്ചു കൊടുക്കുക എന്നത് എന്റെ സ്വന്തം ആത്മാവിനെ ഇതരര്‍ക്കായി ദാനം ചെയ്യുന്നത് പോലെ അഭിമാനകരമാണ് എന്ന് ആ അമ്മ പറയുന്നു.

തന്റെ മകന് വേണ്ടിയും അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്ന, വിശ്വാസിയായ വിപ്ലവകാരിയെയാണ് ഗോര്‍ക്കി അവതരിപ്പിക്കുന്നത്.

പിന്നീട് പൊലീസ് പിടിയിലാകുമെന്ന് വന്നപ്പോള്‍ മകന് ക്ലേശം വരരുത് എന്ന് കരുതി ലഘുലേഖകളടങ്ങിയ പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തയ്യാറാകാതിരുന്ന അമ്മ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചു വീണേക്കും എന്ന തോന്നലുണ്ടാക്കിക്കൊണ്ടാണ് ഗോര്‍ക്കിയുടെ നോവല്‍ അവസാനിക്കുന്നത്.

അമ്മ, പുദോഫ്കിന്റെ സിനിമയുടെ പോസ്റ്റർ
അമ്മ, പുദോഫ്കിന്റെ സിനിമയുടെ പോസ്റ്റർ

1906ല്‍ എഴുതപ്പെട്ട ഈ നോവല്‍ 1926ല്‍ സെവൊലോദ് പുഡോഫ്കിന്‍ (Vsevolod Pudovkin) സിനിമയാക്കി. ലോകസിനിമാ ചരിത്രത്തില്‍ സെര്‍ഗി ഐസന്‍സ്റ്റീനോടൊപ്പം സ്ഥാനമുള്ളയാളാണ് പുഡോഫ്കിന്‍. മൊണ്ടാഷിന്റെ പിതാക്കന്മാരായി രണ്ടു പേരും അറിയപ്പെടുന്നു. 1905ലെ പോട്ടെംകിന്‍ കപ്പല്‍ക്കലാപത്തിന്റെ ചരിത്രമാണ് ഐസന്‍സ്റ്റിന്റെ സിനിമയ്ക്ക് വിഷയമായതെങ്കില്‍ പുഡോഫ്കിന്റെ സിനിമയുടെ അവലംബമായ ഗോര്‍ക്കിയുടെ നോവല്‍ 1902ലെ ഒരു കലാപത്തെ പ്രേരകമായി സ്വീകരിച്ചിരിക്കുന്നു. ഈ രണ്ട് സംഭവങ്ങളും അടിച്ചമര്‍ത്തപ്പെട്ട, അന്നിലക്ക് പരാജയപ്പെട്ട പരിശ്രമങ്ങളാണ് എന്ന് പറയാമെങ്കിലും സിനിമകളില്‍ അത് വിജയത്തിന്റെ അടയാളമായി മാറുന്നു. നേവലിലും സിനിമയിലും മകന്‍ പാവെല്‍ ആണെങ്കിലും പുഡോഫ്കിന്‍ അമ്മയ്ക്ക് പേര് നല്‍കുന്നില്ല. അവര്‍ അമ്മയാണ്. ലോകത്തുള്ള സകല വിപ്ലവകാരികളുടെയും അമ്മ. അമ്മയുടെ (മകന്റെയും) മരണത്തിലാണ് പുഡോഫ്കിന്‍ സിനിമ അവസാനിപ്പിക്കുന്നത്.

കലാപത്തെക്കുറിച്ച സ്വപ്‌നങ്ങള്‍

ചില വൈകുന്നേരങ്ങളില്‍ ശമീറും ഞാനും സൈക്കിളോടിച്ച് രെഞ്ജിയുടെ വീട്ടിലേക്ക് പോകും. അവന്റെ വീടിനടുത്ത് ഒരു ലൈബ്രറിയുണ്ട്. അവിടെ നിന്ന് പുസ്തകവും കൂടി എടുത്തു കൊണ്ടാവും തിരിച്ചു വരല്‍. ചിലപ്പോള്‍ ഒറ്റയ്ക്കായിരിക്കും സഞ്ചാരം. സൈക്കിള്‍ കാരിയറിന്മേല്‍ ഒരു പുസ്തകം. ആകാശത്തെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ടു കൂടിയാവും സവാരി. പരിഷത്തിന്റെ ക്ലാസ്സുകളിലൂടെ ഓറിയനും റീഗലും സിറിയസും തിരുവാതിരയും സപ്തര്‍ഷിമാരുമൊക്കെ കൂട്ടുകാരും വഴികാട്ടികളുമായി മനസ്സില്‍ കുടിയേറിയിരുന്നു.

നിങ്ങള്‍ കലാപകാരിയായിരിക്കുമ്പോഴും പ്രണയിയായിരിക്കുമ്പോഴും നക്ഷത്രങ്ങളെക്കാള്‍ നല്ല കൂട്ടില്ല. ഇരുട്ടേറെയുള്ളപ്പോഴാണ് നക്ഷത്രങ്ങളെ കാണാന്‍ പറ്റുക എന്ന് റാല്‍ഫ് വാല്‍ഡോ എമര്‍സന്‍ പറയുന്നുണ്ട്. അതായത്, പ്രത്യാശയും പ്രതീക്ഷയുമാണ് ഇരുണ്ട ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങള്‍. ചിലപ്പോഴവ അഗാധ ദര്‍ശനത്തിലേക്ക് വഴികാട്ടും. മറ്റു ചിലപ്പോള്‍ പ്രണയാനുഭവങ്ങളിലേക്കുണര്‍ത്തും.

ജോൺ അബ്രഹാം
ജോൺ അബ്രഹാം
പി.എ ബക്കർ
പി.എ ബക്കർ

അപ്പോക്കില്‍ ചിലപ്പോള്‍ സമത്വസുന്ദരസ്വപ്‌നങ്ങളെക്കുറിച്ച ചിന്തകള്‍, അതിനു വേണ്ടിയുള്ള കലാപങ്ങള്‍. കലാപകാരിയായി ഞാന്‍. കലാപം സ്വപ്‌നത്തിലേയുള്ളൂ, പ്രായോഗികമായി ഞാനൊരു ഭീരുവാണ്. മലയാളത്തിലെ അവാങ് ഗാദ് (Avant-garde) ചലച്ചിത്രകാരനായ ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമ ഏതാണ്ട് ആ കാലത്താണ് പുറത്തുവന്നത്. നക്‌സലൈറ്റായ ഹരിനാരായണന്‍ എന്ന യുവാവിന്റെ മരണവാര്‍ത്ത അയാളുടെ അമ്മയെ അറിയിക്കാന്‍ പുരുഷന്‍ എന്ന ഗവേഷണ വിദ്യാര്‍ത്ഥി നടത്തുന്ന യാത്രയിലൂടെ വികസിക്കുന്ന ആ സിനിമ കേരളത്തിലെ ചില ഇടതുപക്ഷസമരങ്ങളുടെ റിയല്‍ ഫൂട്ടേജുകള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. 1975 ല്‍ റിലീസായതെങ്കിലും പി.എ ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍ എന്ന സിനിമയും ആയിടെയാണ് ഞാന്‍ കണ്ടത്. പൊലീസ് വേട്ടയാടുന്ന ഗോപി എന്ന നക്‌സലൈറ്റ് യുവാവിന്റെ കഥ. പവിത്രന്‍ നിര്‍മിച്ച ഈ സിനിമയുടെ നിര്‍മാണത്തെയും അതിലെ സാഹസങ്ങളെയും ഉപജീവിച്ചു കൊണ്ട് ബാബു ഭരദ്വാജ് കബനീനദി ചുവന്നത് എന്ന പേരില്‍ ഒരു നോവല്‍ രചിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ പിന്നീട് നടന്‍ എന്ന നിലക്ക് പ്രശസ്തനായ ജോയ് മാത്യു ആദ്യമായി അഭിനയിച്ച സിനിമയാണ് അമ്മ അറിയാന്‍. പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രന്‍ സിനിമാ രംഗത്തേക്ക് കടന്നു വന്നത് കബനീനദിയിലെ ഗോപിയുടെ വേഷം അഭിനയിച്ചു കൊണ്ടുമായിരുന്നു.

നക്സൽബാരി കലാപം അമ്പതാം വാർഷികം
നക്സൽബാരി കലാപം അമ്പതാം വാർഷികം

ഒരു വര്‍ഷം മുമ്പ് ഒരു ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ നക്‌സല്‍ബാരി ഗ്രാമത്തില്‍ പോകാനിടയായി. ചാരു മജുംദാറിന്റെ നാടാണ് നക്‌സല്‍ബാരി. വിഖ്യാതമായ കര്‍ഷക കലാപം നടന്ന സ്ഥലം. ദേശീയ ജനാധിപത്യ വിപ്ലവം എന്ന, അവിഭക്ത കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ ലൈനിനോട് വിയോജിച്ച് ജനകീയ ജനാധിപത്യ വിപ്ലവം എന്ന നിലപാട് സ്വീകരിച്ച് പിളര്‍ന്ന കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ, അതിന്റെ ആഗോള ബൂര്‍ഷ്വാസിയുടെ ദല്ലാളിത്ത സ്വഭാവം മുന്‍നിര്‍ത്തി വിശകലനം ചെയ്യണം എന്ന് വാദിച്ചിരുന്നു.

ഇക്കാര്യത്തില്‍ കുറേക്കൂടി തീവ്രമായ നിലപാടെടുത്ത ചാരു മജുംദാര്‍, ചൈനീസ് കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെയും ചെയര്‍മാന്‍ മൗവിന്റെയും (മാവോ) പാത പിന്‍തുടര്‍ന്ന് ഗ്രാമങ്ങളെ വിമോചിപ്പിക്കാനുള്ള പോരാട്ടം ആരംഭിച്ചു. സി.പി.ഐ (എം)ല്‍ നിന്ന് പിളര്‍ന്ന് കനു സന്യാല്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് അദ്ദേഹം കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ്) രൂപീകരിച്ചു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണവര്‍ഗ്ഗം ആഗോള ബൂര്‍ഷ്വാസിയുടെ ദല്ലാള്‍ ദൌത്യമാണ് നിര്‍വ്വഹിക്കുന്നതെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂര്‍ഷ്വാസിയല്ല ഇന്ത്യന്‍ ഭരണവര്‍ഗ്ഗം എന്നും വാദിച്ച മജുംദാറിന്റെയും സന്യാലിന്റെയും നേതൃത്വത്തില്‍ നക്‌സല്‍ബാരി ഗ്രാമത്തില്‍ കര്‍ഷക കലാപം നടന്നു. കലാപം അടിച്ചമര്‍ത്തപ്പെട്ടതിനെത്തുടര്‍ന്ന് അറസ്റ്റിലായ മജുംദാര്‍ കൊടും പീഡനങ്ങളേറ്റ് ജയിലില്‍ മരണമടഞ്ഞു.

നക്‌സല്‍ബാരി കലാപത്തെത്തുടര്‍ന്ന് സി.പി.ഐ (എം.എല്‍) ഉം സമാനനിലപാടുകാരും നക്‌സലൈറ്റുകള്‍ എന്നറിയപ്പെട്ടു.

സിലിഗുഢിയില്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കുകയായിരുന്നു മജുംദാര്‍.

മാര്‍ക്‌സിസത്തോടുള്ള അഭിനിവേശം കത്തിനില്‍ക്കുന്ന ആ സമയത്തും ഒരു അനാര്‍ക്കിസ്റ്റ് സ്വഭാവം തന്നെയാണ് എന്റെ ചിന്തകള്‍ക്കുണ്ടായിരുന്നത്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലമാണത്. ക്ലാസ്സില്‍ അറ്റന്റ് ചെയ്യാറില്ല. ഒന്നുകില്‍ കോളേജ് ലൈബ്രറി അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും സിനിമാ തിയേറ്റര്‍. ഇതാണ് ദിനചര്യ. അവസാനം പരീക്ഷ പോലും അറ്റന്റ് ചെയ്തില്ല. കോളേജില്‍ പോകുന്ന പരിപാടി തന്നെ അവിടെയങ്ങവസാനിപ്പിച്ചു.

അസ്തിത്വാന്വേഷണം

04_Painted_library

ഒരു വായനാത്മ(ക)കഥ -മൂന്ന്

ഭാഗം ഒന്നും ഭാഗം രണ്ടും ഇവിടെ വായിക്കാം

വിഗ്രഹഭഞ്ജകര്‍

ക്രൈം ആന്റ് പണിഷ്‌മെന്റിലെ റസ്‌കോള്‍നിക്കവിന്റെ ജീവിതം അസ്തിത്വാനുഭവങ്ങളിലൂടെയുള്ള സഞ്ചാരത്തിലേക്കാണ് നയിച്ചത്. അവിടുന്നങ്ങോട്ട് ഫ്രാന്‍സ് കാഫ്കയും (Franz Kafka) അബ്‌സേഡിസ്റ്റ് ഫിക്ഷനുമൊക്കെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ യൂറോപ്യന്‍ സാഹിത്യത്തെ ചലിപ്പിച്ച അസംബന്ധസാഹിത്യവും (Absurdist Fiction) അസ്തിത്വവാദവും (Existentialism) ഒക്കെ അറുപത്, എഴുപതുകളില്‍ ഒരു ഹരമായി മാറിയിരുന്നു. എന്റെ അനുഭവങ്ങളിലേക്ക് പക്ഷേ ഇതെല്ലാം കടന്നു വരുന്നത് എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ്. കാഫ്കയുടെ Metamorphasis, The Trial, Tha Castle തുടങ്ങിയവയൊക്കെ പല സമയങ്ങളിലായി വായിച്ചു തീര്‍ത്തു. അല്‍ബേര്‍ കമ്യൂവിന്റെ (Albert Camus) അപരിചിതന്‍, ഴാങ് പോള്‍ സാര്‍ത്രിന്റെ (Jean-Paul Sartre) ചില കഥകള്‍ തുടങ്ങിയവയും ഈയിനത്തില്‍ അപ്പോഴും പിന്നീടുമായി വായിച്ചു. ഗ്രിഗര്‍ സാംസയും (മെറ്റമോര്‍ഫസിസ്) ജോസഫ് കെയും (ട്രയല്‍) ലാന്റ് സര്‍വേയര്‍ കെയും (കാസ്ല്‍) അസ്തിത്വവിഷാദത്തിന്റെ അതിശക്തമായ അടയാളങ്ങളാണ്.

Bookworm painting by Carl Spitzweg
Bookworm painting by Carl Spitzweg

ഇതിനിടയിലെപ്പോഴോ ആണ് പോഞ്ഞിക്കര റാഫിയും സെബീനാ റാഫിയും ചേര്‍ന്നെഴുതിയ കലിയുഗം വായിക്കുന്നത്. ഹിപ്പികളെയും അവരുടെ തത്വശാസ്ത്രത്തെയും കുറിച്ച പുസ്തകമായിരുന്നു അത്. അബ്‌സേഡിസ്റ്റ് സാഹിത്യം, സാര്‍ത്രിന്റെ അസ്തിത്വവാദം, ജാക് കെറ്വോക്കിനെപ്പോലുള്ള (Jack Kerouac) വിഗ്രഹഭഞ്ജകന്മാരുടെ (Iconoclasts) സാഹിത്യങ്ങള്‍, ജാസ് സംഗീതം, ഹിപ്പിയിസം തുടങ്ങിയവയെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് കലിയുഗം. ഹിപ്പി സംഗീതം നേരത്തേ തന്നെ എനിക്കിഷ്ടമാണ്. ബീറ്റിൽസും ബോണി എമ്മുമൊക്കെ പൊതുവേ ഹരമായിരുന്നു അക്കാലത്ത്. ബോബ് മർലിയുടെ പാട്ടുകളിൽ കലാപവും ഉണ്ടായിരുന്നു. അല്‍പസ്വല്‍പം അനാര്‍ക്കിസത്തിലേക്കും ലഹരിയിലേക്കുമൊക്കെ വഴുതിക്കൊണ്ടിരുന്ന കാലവുമായിരുന്നു അത്.

ജീവിതം എന്ന അസംബന്ധം

the-trial-by-franz-kafka-copyതന്റെ മുപ്പതാം പിറന്നാളിന്റന്നാണ് ഒരു ബാങ്കിലെ ചീഫ് കാഷ്യറായ ജോസഫ് കെ കിടപ്പു മുറിയില്‍ വെച്ചു തന്നെ അറസ്റ്റിലാവുന്നത്.

എന്തിനായിരുന്നു കെ അറസ്റ്റ് ചെയ്യപ്പെട്ടത്? അറസ്റ്റ് ചെയ്യാന്‍ വന്നവര്‍ക്കു പോലും അതിനെപ്പറ്റി യാതൊരു വിവരവുമില്ല. അറസ്റ്റ് ചെയ്ത ഏജന്‍സിയെയോ അതിന്റെ ഏജന്റുമാരെയോ കുറിച്ച് നോവലിസ്റ്റും ഒരു വിവരവും തരുന്നില്ല. അയാളുടെ വിചാരണ തന്നെ വെറും പ്രഹസനമായിരുന്നു. കീഴൊതുക്കം കൊണ്ട് തന്റെ ദുരനുഭവത്തെ മറികടക്കാന്‍ കെക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അയാളതിന് തയ്യാറാവുന്നില്ല. തന്റെ അറസ്റ്റിനെ അയാള്‍ ഗൗരവത്തിലെടുത്തുകളഞ്ഞു. എന്ത് തെറ്റാണ് താന്‍ ചെയ്തത് എന്ന അന്വേഷണവുമായി നിയമവ്യവസ്ഥയുടെ പരിസരങ്ങളിലെല്ലാം ചുറ്റിക്കറങ്ങി. ഒരു അഭിഭാഷകനെ സന്ദര്‍ശിച്ചെങ്കിലും അറസ്റ്റിനുള്ള കാരണം അറിയാത്തതിനാല്‍ കേസ് വാദിക്കാന്‍ പറ്റില്ലെന്ന് അയാള്‍ കൈമലര്‍ത്തി. പിന്നീടെപ്പഴോ ജോസഫ് കെ ഒരു ഭദ്രാസനപ്പള്ളിയില്‍ (Cathedral) ചെന്ന് അവിടുത്തെ ബിഷപ്പുമായി സംസാരിച്ചു. എല്ലാം സഹിച്ച്, ദൈവവിധിക്ക് കീഴൊതുങ്ങി ജീവിക്കണമെന്ന ഉപദേശവും കിട്ടി.

Portrait of Franz Kafka by Andy Warhol
Portrait of Franz Kafka by Andy Warhol

ഒറ്റപ്പെട്ടു പോകുന്ന മനുഷ്യന്‍ ഉള്ളില്‍ വഹിക്കുന്ന വിഷാദത്തിന്റെ കൊടുംഭാരത്തെയും അവന്റെ മനസ്സിനെ ഗ്രസിക്കുന്ന ഉല്‍ക്കണ്ഠയുടെ കാഠിന്യത്തെയും ചിത്രീകരിക്കുന്ന നോവലാണ് ദ ട്രയല്‍. എന്തിന്റെ പ്രതീകമാണ് ഇതിലെ വിചാരണ? നിത്യവും നടക്കുന്ന ഒന്നായതിനാല്‍ അത് ഒന്നിന്റെയും പ്രതീകമല്ല എന്ന തോന്നലാണ് നമുക്കുണ്ടാവുന്നത്. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ കാരണം, തന്റെ പേരിലുള്ള കുറ്റം എന്ത് എന്ന അന്വേഷണം വ്യവസ്ഥയെ അലോസരപ്പെടുത്തുന്നതായിരുന്നു. അതായിരുന്നു അയാള്‍ ചെയ്ത കൊടിയ അപരാധം. വിഷാദഭാരത്തിന്റെ അവസാനത്തില്‍, കെയുടെ മുപ്പത്തൊന്നാം പിറന്നാളിന്റെ തലേന്ന്, അതായത് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട് കൃത്യം ഒരു കൊല്ലം പൂര്‍ത്തിയായപ്പോള്‍, രണ്ടു പേര്‍ അയാളെ വിളിച്ചു കൊണ്ടു പോയി. നഗരത്തിന്റെ വെളിമ്പ്രദേശത്തുള്ള പാറമടയില്‍ അവരയാളെ കുത്തിക്കൊന്നു. ഒരു പട്ടിയെപ്പോലെ ലജ്ജാകരമായ മരണമാണല്ലോ തന്റേത് എന്ന് ചിന്തിക്കുമ്പോഴും അവരുടെ കൊലക്കത്തിക്ക് കെ സ്വയം വഴങ്ങിക്കൊടുക്കുകയാണ്. പ്രമുഖ ചലച്ചിത്രകാരനായ ഓര്‍സണ്‍ വെല്‍സ് ട്രയലിനെ സിനിമയാക്കിയിട്ടുണ്ട്.

സ്വാസ്ഥ്യം മുഴുവനും കെടുത്തിക്കളയുന്ന alienationന് ഞാനും വിധേയനായിട്ടുണ്ട്. പലപ്പോഴും അസഹ്യമായ വിഷാദത്തിലേക്ക് തെന്നിപ്പോകുന്ന അവസ്ഥ. കുറ്റ്യാടി കോളജിൽ ജോലി ചെയ്യുന്ന കാലത്ത് ടി മുഹമ്മദ് വേളം എന്റെ മുറി പങ്കിട്ടിരുന്നു. എന്നാൽ പലപ്പോഴും അദ്ദേഹം മുറിയിൽ ഉണ്ടാവില്ല. വിഷാദഗ്രസ്തനാവുന്ന സമയവും കൂടിയാണ് അതെങ്കിൽ പിന്നവിടെ ഞാൻ നിൽക്കില്ല. സുഹൃത്ത് നിയാസിന്റെ വീട്ടിലേക്കോടും. അവനോടൊപ്പമാവും അന്ന് ഉറക്കം. നല്ല സമൃദ്ധിയോടൊപ്പം തന്നെ കൊടും ദാരിദ്ര്യവും ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇതും എന്റെ ഈ പ്രകൃതത്തിന് കാരണമാവാം. ഇപ്പോൾ പക്ഷേ, ഒരു പരിധി വരെയെങ്കിലും ഞാനത് ആസ്വദിക്കാൻ ശീലിച്ചിട്ടുണ്ട്.

സ്‌നേഹശൂന്യവും പ്രതിബദ്ധതാരഹിതവുമായ ഒരു ലോകത്ത് ജീവിച്ചിരിക്കുന്നതിലെ നിരര്‍ത്ഥകതയെയാവാം മരണത്തിന് വഴങ്ങുന്ന കെയിലൂടെ കാഫ്ക അടയാളപ്പെടുത്തിയത്. മെറ്റമോര്‍ഫസിസിലെ ഗ്രിഗര്‍ സാംസയുടെ മരണവും ഇതുപോലൊരു പ്രതീകമാണ്. നികൃഷ്ടജീവി എന്ന് ഒരിക്കല്‍ പിതാവ് കാഫ്കയെ വിശേഷിപ്പിച്ചത് കാഫ്കയുടെ ഹൃദയത്തെ ആഴത്തില്‍ മുറിപ്പെടുത്തി. പുഴുക്കളെപ്പോലെ ഇഴയാന്‍ മാത്രമേ തനിക്ക് കഴിയുന്നുള്ളൂ എന്ന് അദ്ദേഹം ഡയറിയില്‍ കുറിച്ചു.

ഒരു പ്രഭാതത്തില്‍ ഒരു നികൃഷ്ടജീവിയായി കിടക്കയില്‍ ഉണര്‍ന്നെണീക്കുകയാണ് ഗ്രിഗര്‍ സാംസ. മെറ്റമോര്‍ഫസിസ് വായിച്ചതാണ് താന്‍ ഒരു എഴുത്തുകാരനാകാന്‍ കാരണമെന്ന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് പറഞ്ഞിട്ടുണ്ട്. ഒരേ അക്ഷരവിന്യാസമുള്ള സദൃശമായ പേരുകളാണ് കാഫ്കയും സാംസയും. ഗ്രിഗര്‍ സാംസയുടെ ഉറക്കമില്ലാത്ത രാവുകളെ കാഫ്ക ചിത്രീകരിക്കുന്നുണ്ട്. ഭയാനകവും നിദ്രാവിഹീനവുമായ രാവുകളില്ലായിരുന്നെങ്കില്‍ താന്‍ ഒന്നും എഴുതുമായിരുന്നില്ലെന്ന് തന്നെക്കുറിച്ചു തന്നെ കാഫ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അസ്തിത്വവിഷാദങ്ങള്‍

ഒറ്റപ്പെട്ടുപോകുന്ന മനുഷ്യനോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് കാഫ്ക മെറ്റമോര്‍ഫസിസിലൂടെ രേഖപ്പെടുത്തുന്നു. നിന്ദ്യതയാര്‍ന്ന ഒരു ജീവിയായിപ്പരിണമിച്ച ഗ്രിഗര്‍ സാംസയോട് ആദ്യം എല്ലാവരും അനുതാപം രേഖപ്പെടുത്തുന്നുണ്ടെങ്കിലും ക്രമേണ അതിലും പരിണാമമുണ്ടായി. സഹോദരിയുടെ നീരസം, അച്ഛന്റെ വെറുപ്പ്, സ്‌നേഹത്തെ അതിജയിക്കുന്ന അമ്മയുടെ ഭയം എന്നിവയൊക്കെ തിരിച്ചറിയുന്ന സാംസ ചുറ്റുമുള്ളവരുടെ ഓരോ ശബ്ദത്തിനു നേരെയും കാതുകള്‍ കൂര്‍പ്പിക്കുകയും എന്നാല്‍ എപ്പോഴും സോഫയ്ക്കടിയില്‍ ഒളിക്കുകയും ചെയ്തു. അവസാനം കീടമായിട്ടു തന്നെ മരിക്കുകയും ചെയ്തു.

maxresdefault
ദ ട്രയൽ -ഒർസൻ വെൽസിന്റെ സിനിമയിൽ നിന്ന്

തന്റെ കുറ്റത്തെക്കുറിച്ച, ജോസഫ് കെയുടെ അന്വേഷണം പോലെത്തന്നെ വ്യര്‍ത്ഥമായിത്തീരുന്നു കോട്ടയിലെ (ദ കാസ്ല്‍) ലാന്റ് സര്‍വേയര്‍ കെയുടെ അസ്തിത്വാന്വേഷണവും. ഗ്രാമത്തിലെ ദുര്‍ഗത്തിന്റെ ദുര്‍ഗമത വ്യവസ്ഥിതിയുടെ അടയാളമായി അനുഭവപ്പെടുന്നു. ഗ്രാമത്തില്‍ ഭൂമി സര്‍വേ നടത്താനുള്ള ഉത്തരവ് ദുര്‍ഗത്തിന്റെ അധികാരികളില്‍ നിന്ന് കിട്ടിയിട്ടാണ് കെ എത്തുന്നതെങ്കിലും അയാളുടെ നിയമനത്തെ ഗ്രാമാധികാരികള്‍ അംഗീകരിച്ചില്ല. തന്റെ സ്ഥാനം അംഗീകരിച്ചു കിട്ടാന്‍ വേണ്ടിയുള്ള കെയുടെ പരിശ്രമങ്ങളോട് എല്ലാവരും നിസ്സംഗതയോടെയാണ് പെരുമാറുന്നത്. ലാന്റ് സര്‍വേയര്‍ കെയുടെ കഥയും മരണത്തില്‍ത്തന്നെയാണ് കാഫ്ക അവസാനിപ്പിക്കുന്നത്.

അസംബന്ധസാഹിത്യത്തിന്റെ മാതൃകകളായാണ് കാഫ്കയുടെ കൃതികള്‍ പരിഗണിക്കപ്പെടാറുള്ളതെങ്കിലും അസ്തിത്വവാദത്തിന്റെ ആചാര്യനായി അറിയപ്പെടുന്ന ഷാങ് പോള്‍ സാര്‍ത്രും അദ്ദേഹത്തോടൊപ്പം അല്‍ബേര്‍ കമ്യുവുമൊക്കെ രംഗപ്രവേശം ചെയ്യുന്നത് അദ്ദേഹത്തിന്റെ അവസാന കാലത്തായിരുന്നു.

തന്റെ അസ്തിത്വത്തെപ്പറ്റി അവബോധമുള്ള ഏകജീവിയാണ് മനുഷ്യന്‍. അതിനാല്‍ത്തന്നെ ഞാന്‍ എന്ത് എന്നതിനെക്കാള്‍ മുന്‍ഗണന ഞാന്‍ എന്നതിന് സ്വയം ഉണ്ടെന്നാണ് സാര്‍ത്ര് നിരീക്ഷിക്കുന്നത്. മനുഷ്യന് അനശ്വരമായ സ്വഭാവമൊന്നുമില്ല. നവീകരിക്കാന്‍ ശപിക്കപ്പെട്ടവരാണ് നാം. പറയാനുള്ളത് പഠിക്കാതെ അരങ്ങിലേക്ക് വലിച്ചെറിയപ്പെട്ട നടന്മാരെപ്പോലെയുമാണ് നാം. എങ്ങനെ ജീവിക്കണമെന്ന് സ്വയം തീരമുമാനിക്കണം. തങ്ങള്‍ ജീവിക്കുന്നുവെന്നും ഒരുനാള്‍ മരിക്കണമെന്നും തിരിച്ചറിയുന്നതോടെ മനുഷ്യന്‍ സംത്രാസമനുഭവിക്കുന്നു, അഥവാ അസ്തിത്വ സാഹചര്യങ്ങളില്‍ പെടുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഒരു ശാപമായാണ് സാര്‍ത്ര് കണ്ടത്. സ്വതന്ത്രനായിരിക്കാന്‍ ശപിക്കപ്പെട്ടവനാണ് മനുഷ്യന്‍. തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അവന് ഒരിക്കലും ഒഴിയാന്‍ കഴിയുന്നില്ല. എന്നാല്‍ വളര്‍ന്ന മനുഷ്യനാകട്ടെ, പന്നികളെപ്പോലെ പെരുമാറിയിട്ട് പഴയ ആദമിന്റെ തലയില്‍ പഴി ചാരുകയാണ്. അങ്ങനെയൊരു ആദം ഇല്ല. നമ്മുടെ തന്നെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി നാം അങ്ങനെയൊന്നിനെ ഉണ്ടാക്കുകയാണ്.

sartre_22
സാർത്ര്
camus
കമ്യൂ

കമ്യൂവിന്റെ ജീവിതം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി അദ്ദേഹത്തിന്റെ കൃതികള്‍ അടയാളപ്പെടുത്തുന്നുണ്ടെന്ന് നിരൂപകന്മാർ കരുതുന്നു. മനുഷ്യഭാഗധേയത്തിലുള്ള വിശ്വാസം അസംബന്ധവും യുക്തിരഹിതവുമാണെന്ന തിരിച്ചറിവില്‍ സന്ദേഹിയും നിരര്‍ത്ഥകവാദിയുമായിത്തീരുന്നതാണ് ഒന്നാമത്തെത്. എന്തിനു വേണ്ടിയാണിതെല്ലാം എന്ന ചിന്തയില്‍ അന്യതാബോധം നിറയുകയും നാളെ, നാളെ എന്ന പകിട്ടില്ലാത്ത ദിനരാത്രങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന ഘട്ടം. അര്‍ത്ഥവും നിലനില്‍പുമുള്ള ഒരേയൊരു തത്വം മരണം മാത്രമാണെന്ന വിചാരം The Stranger (aka The Outsider) തുടങ്ങിയ കൃതികളില്‍ കാണാം. ഈ നിരര്‍ത്ഥകത, പക്ഷേ തന്നെ എങ്ങും എത്തിക്കില്ല എന്ന ചിന്ത എഴുത്തുകാരനെ പ്രക്ഷോഭകാരിയാക്കുന്നു. പ്രക്ഷോഭം സൃഷ്ടിക്കുന്ന വെല്ലുവിളി ജീവിതം ആസ്വദിക്കാനുള്ള ആഹ്വാനമായിത്തീരുന്നു. ജീവിതത്തിന് അര്‍ത്ഥം പകരാന്‍ സാധിക്കുന്ന മൂല്യങ്ങളെക്കുറിച്ച വിചാരമാണ് പ്ലേഗ് തുടങ്ങിയ കൃതികളില്‍ പ്രതിഫലിക്കുന്നത്. തന്നിലേക്ക് തന്നെയുള്ള തിരിച്ചുപോക്കാണ് മൂന്നാമത്തെ ഘട്ടം.

സ്വന്തം അമ്മയുടെ ശവസംസ്‌കാരവേളയില്‍ കണ്ണീരൊലിപ്പിക്കാന്‍ പറ്റാതിരുന്നതിന്റെ പേരിലാണ് അപരിചിതനിലെ (സ്‌ട്രെയിഞ്ചര്‍) മ്യൂര്‍സാള്‍ട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. കളിയില്‍ കൂടാന്‍ അയാള്‍ക്ക് പറ്റുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്ന് തന്റെ കഥാപാത്രത്തെപ്പറ്റി കമ്യൂ തന്നെ പറയുന്നു. നുണ പറയാന്‍ കൂട്ടാക്കാത്തവനാണ് അയാള്‍. നുണ പറയുക എന്നാല്‍ സത്യമല്ലാത്തത് പറയുക എന്നത് മാത്രമല്ല, സത്യമെന്താണോ അതില്‍ കൂടുതല്‍ പറയുക എന്നതും നുണയാണെന്ന് കമ്യൂ വിശദീകരിക്കുന്നു. താനെന്താണോ അതേ മ്യൂര്‍സാള്‍ട്ട് ചെയ്യുന്നുള്ളൂ, അതേ പറയുന്നുമുള്ളൂ. തന്റെ വികാരങ്ങള്‍ മറച്ചുപിടിക്കാന്‍ അയാള്‍ വിസമ്മതിക്കുന്നു. അക്കാരണത്താല്‍ത്തന്നെ അയാള്‍ അപകടകാരിയാണെന്ന് സമൂഹത്തിന് തോന്നുകയും ചെയ്യുന്നു. കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴും അയാള്‍ പറയുന്നത് കുറ്റബോധമല്ല, അസഹ്യതയാണ് തനിക്ക് തോന്നുന്നത് എന്നാണ്. അപരിചിതനെ ലുകീനോ വിസ്‌കോന്തി (Luchino Visconti/ Italy), സെകി ഡെര്‍മിക്യൂബുസ് (Zeki Dermirkubuz/ Turkey) തുടങ്ങിയവര്‍ സിനിമയിലേക്കും കൊണ്ടു വന്നു.

തത്വചിന്തയില്‍ അസ്തിത്വവാദം എന്ന ധാരയുടെ സ്ഥാപകന്‍ സോറന്‍ കീര്‍ക്കിഗൊര്‍ (Soren Kierkegaard) ആണെങ്കിലും അദ്ദേഹത്തെ വളരെപ്പിന്നീടാണ് ഞാന്‍ വായിച്ചത്. ക്രിസ്തുമതവിശ്വാസിയും ദൈവശാസ്ത്രജ്ഞനും കൂടിയാണദ്ദേഹം. മൂന്ന് ഘട്ടങ്ങള്‍ക്ക് ശേഷം ദൈവത്തിന്റെ തുറന്ന കരങ്ങളിലേക്കുള്ള എടുത്തു ചാട്ടമാണ്. ഈ ഘട്ടങ്ങളെ റസ്‌കോള്‍നിക്കവിന്റെ അനുഭവങ്ങളോട് താദാത്മ്യപ്പെടുത്തിയിട്ടുണ്ട് ജസ്റ്റിന്‍ ഗാര്‍ഡറുടെ Sophie’s World എന്ന പുസ്തകത്തില്‍. മറ്റു ചില ആസ്വാദനാനുഭവങ്ങളെക്കൂടി മുന്‍ നിര്‍ത്തി, നഫ്‌സിന്റെ വികാസത്തിന്റെ മൂന്ന് ഘട്ടങ്ങളെക്കുറിച്ച ഖുര്‍ആനിക ചിന്തയോട് ചേര്‍ത്ത് എന്റെ മക്ക, കാഴ്ചയില്‍ നിന്ന് ഹൃദയത്തിലേക്ക് എന്ന പുസ്തകത്തില്‍ അതിനെ പരിപാലിച്ചിട്ടുണ്ട്. അതെപ്പറ്റി പിന്നീട് പറയാം.

ചെറിയ ലോകവും വലിയ മനുഷ്യരും

The_art_scholar_by_Andre Martins de Barros

ഒരു വായനാത്മ(ക)കഥ -രണ്ട്

ഒന്നാം ഭാഗം ഇവിടെ വായിക്കാം

അബ്ദു മാഷും മലര്‍വാടിയും

Mike-Stilkey-Books-Paintings-54769552 9 whimsical portrait
Whimsical portrait by Mike Stilkey

ഹൈസ്‌കൂളില്‍ ഒരുതവണ സാഹിത്യസമാജം ഉല്‍ഘാടനം ചെയ്യാന്‍ കുഞ്ഞുണ്ണി മാഷ് വന്നിരുന്നു. അന്നദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ബാലമാസികകളെ വിമര്‍ശനവിധേയമാക്കുകയുണ്ടായി. 1980ല്‍ പ്രസിദ്ധീകരണമാരംഭിച്ച മലര്‍വാടി മാസികയില്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന ഒരു പംക്തി വരാറുണ്ട്. കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായ ഒരു പംക്തി. ഇ.വി അബ്ദുവിന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച മലര്‍വാടി മാസിക മറ്റ് ബാലമാസികകളില്‍ നിന്നെല്ലാം അക്കാലത്ത് തികച്ചും വേറിട്ട് നിന്നു. ബഷീര്‍, എം.ടി, സി രാധാകൃഷ്ണന്‍ തുടങ്ങിയ കൃതഹസ്തരായ എഴുത്തുകാര്‍ അന്ന് അതില്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയിരുന്നു. അബ്ദു മാഷ് എന്ന മഹാമനീഷിയെ ശരിയായി അറിയുന്നതൊക്കെ വളരെ പിന്നീടാണ്. അദ്ദേഹത്തിന്റെ മരണശേഷം. സാഹിത്യലോകത്തെ സൂഫിയും ആത്മീയ ലോകത്തെ സാഹിത്യകാരനും എന്ന് ആരോ അദ്ദേഹത്തെ വിശേഷിപ്പിച്ചതായി വായിച്ചിട്ടുണ്ട്. അദ്ദേഹം അധ്യാപകനായിരുന്ന കുറ്റ്യാടി കോളജില്‍ ഞാന്‍ പിന്നീട് അധ്യാപകനായി. എന്റെ സഹയാത്രിക ഫൈനാന അതേ കോളജില്‍ അബ്ദു മാഷിന്റെ ശിഷ്യയായിരുന്നു.

അമര്‍ ചിത്രകഥകളെക്കുറിച്ചും കുഞ്ഞുണ്ണി മാഷ് സൂചിപ്പിച്ചു. അല്‍പം നേരത്തേ തന്നെ വായനയും ചിന്തയും തുടങ്ങിയിരുന്ന ഞാന്‍ അക്കാലത്ത് ഒരു നിര്‍മത, നിരീശ്വരവാദിയായാണ് ജീവിക്കുന്നത്. നിരീശ്വരവാദം ചിന്തകന്റെ അനിവാര്യമായ അലങ്കാരമാണെന്ന തെറ്റിദ്ധാരണയും എനിക്കുണ്ടായിരുന്നോ എന്ന സംശയവും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇല്ലാതില്ല.

പൃഥ്വിരാജ് ചൗഹാന്റെ അമര്‍ ചിത്രകഥ വായിച്ചിരുന്നു. രജപുത്രരാജാവായ പൃഥ്വിരാജും മുഹമ്മദ് ഗോറിയും തമ്മിലുള്ള ഏറ്റുമുട്ടല്‍. യുദ്ധക്കളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത് പക്ഷേ, ഹരഹര മഹാദേവ, അല്ലാഹു അക്ബര്‍ എന്നീ മുദ്രാവാക്യങ്ങളാണെന്ന് തോന്നും. ശിവജിയുടെയും ഔറംഗസേബിന്റെയും ചരിത്രവും ഇപ്രകാരം തന്നെയാണ് അവതരിപ്പിക്കുന്നത്. നെറ്റിയില്‍ കുറി വരച്ച മറാത്ത സൈന്യം ഹരഹര മഹാദേവ എന്നും തലപ്പാവും താടിയുമണിഞ്ഞ മുഗള്‍ സൈന്യം അല്ലാഹു അക്ബര്‍ എന്നും അലറിക്കൊണ്ട് വളുകള്‍ വീശുന്നു. ചരിത്രത്തെക്കുറിച്ച അത്യധികം വിഭാഗീയമായ വിചാരങ്ങള്‍ ബാലമനസ്സുകളിലേക്ക് പ്രവേശിക്കാന്‍ ഇത് നിമിത്തമായേക്കും എന്ന ആശങ്ക അന്ന് കുഞ്ഞുണ്ണിമാഷ് മുന്നോട്ടു വെച്ചു. ശിവജിയെ ഹിന്ദുവും ഔറംഗസേബിനെ മുസ്ലിമുമാക്കി പരസ്പരം എതിരില്‍ നിര്‍ത്തുന്ന രീതിയിലുള്ള ചരിത്രം കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കു വേണ്ടി എഴുതപ്പെട്ടതാണ്. ഇന്നും അതേ കാഴ്ചപ്പാട് തന്നെ അധികാര താല്‍പര്യങ്ങളുടെ പേരില്‍ നിലനിര്‍ത്തപ്പെടുന്നു.

അമര്‍ ചിത്രകഥകളിലെ പുരാണ കഥകളുടെ പശ്ചാത്തലം കഥാപാത്രങ്ങളുടെ വേഷങ്ങള്‍ എന്നിവയും പ്രശ്‌നമാണ്. യാതൊരു ചരിത്രബോധവുമില്ലാത്ത വരകള്‍. ഇതേ രൂപത്തിലാണ് ശിവകാശിയിലെ കലണ്ടറുകള്‍ മുതല്‍ രാമാനന്ദ് സാഗറിന്റെ രാമായണ സീരിയല്‍ വരെ വേഷഭൂഷകള്‍ ചിത്രീകരിക്കുന്നത്. കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ പീറ്റര്‍ ബ്രൂക്കിന്റെ ദ മഹാഭാരത എന്ന സിനിമ കണ്ടു. അമര്‍ ചിത്രകഥകളിലെ കൊട്ടാരങ്ങളില്‍ നിന്നും ആടയാഭരണങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം. കറുത്തവരും വെളുത്തവരുമായ നടീ നടന്മാരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മല്ലിക സാരാഭായി അതില്‍ ദ്രൗപദിയായി വരുന്നു.

ചെറിയ ലോകവും വലിയ മനുഷ്യരും

ഏതാണ്ടതിനൊക്കെയല്‍പം മുമ്പ്, എന്റെ വലിയ വീട്ടിന്റെ താഴത്തെ നിലയിലുള്ള ഒരു മുറി അന്‍വര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ പഠനാവശ്യത്തിന് വാടകയ്‌ക്കെടുത്തു. ഞാന്‍ അയാളുമായി കമ്പനിയായി. അയാളില്‍ നിന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ആദ്യമായി കാണുന്നത്. ജി അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്ന കാലമായിരുന്നു അത്.

cheriya manushyarum
ചെറിയ മനുഷ്യർ, വലിയ ലോകം

അരവിന്ദന്റെ സാമൂഹികബോധത്തെയും ദര്‍ശനത്തെയും കൃത്യമായി അടയാളപ്പെടുത്തുന്ന കഥാപാത്രമാണ് ചെറിയ മനുഷ്യരിലെ ഗുരുജി. അദ്ദേഹത്തിന്റെ ആത്മപ്രകാശനം തന്നെയാണത് എന്ന് പറയാം. പിന്നീട് അരവിന്ദന്റെ സിനിമകളിലും സമാനമായ കഥാപാത്രങ്ങളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. രാമുവിന്റെ കഥയാണ് ചെറിയ മനുഷ്യര്‍ വലിയ ലോകം. എന്നാല്‍ രാമുവിന്റെ നിലപാടുകളെയും ജീവിതത്തെത്തന്നെയും നിര്‍ണയിച്ചത് ഗുരുജിയാണ്.

രസകരമാണ് ഗുരുജിയിലെ വൈരുദ്ധ്യങ്ങള്‍. സന്യാസവും അതിലെ ഡിറ്റാച്‌മെന്റും കൊണ്ട് മാത്രമേ രക്ഷയുള്ളൂ എന്ന് പറയുന്ന ഗുരുജി തൊട്ടുടനെത്തന്നെ പെങ്ങളുടെ കുട്ടിയുടെ പിറന്നാളിന് ഉണ്ണാന്‍ പോകുന്നതിനെപ്പറ്റി ജാഗ്രത്താകുന്നു. അസ്തിത്വ ദുഃഖങ്ങളെപ്പറ്റി പിറുപിറുത്തു കൊണ്ടിരിക്കുമ്പോള്‍ ഒരു ഹോട്ടല്‍ കണ്ടാല്‍ എന്നാപ്പിന്നൊരു ചിക്കന്‍ ബിരിയാണി കഴിച്ചിട്ടാവാം ബാക്കി എന്ന് തീരുമാനിക്കുന്നു. സാമൂഹിക രാഷ്ട്രീയത്തെയും സാഹിത്യാദി കലകളെയുമൊക്കെപ്പറ്റി വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട് ഗുരുജിക്ക്.

ഗുരുജിയിലൂടെ അരവിന്ദന്റെ പ്രവചനങ്ങളും കൂടിയാണ് ചുരുളഴിയുന്നത്. കാലത്തിന് മുന്നേയാണല്ലോ അദ്ദേഹത്തിന്റെ പ്രതിഭ സഞ്ചരിച്ചിരുന്നതും. ശബരിമലയുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് താമസിയാതെ അതൊരു വാണിജ്യ കേന്ദ്രമായി മാറിയേക്കാം എന്ന് ഗുരുജിയെക്കൊണ്ട് അരവിന്ദന്‍ പറയിക്കുന്നത് എഴുപതുകളിലാണെന്നോര്‍ക്കണം. ഭക്തിവ്യവസായം പരിസ്ഥിതിയെയും പ്രകൃതിയെയും എങ്ങനെ ബാധിക്കാന്‍ പോകുന്നു എന്ന ദീര്‍ഘദര്‍ശനവും ഗുരുജിയുടെ വെളിപാടുകളിലുണ്ട്.

aravindan self caricature
ജി അരവിന്ദൻ -സെൽഫ് കാരിക്കേച്ചർ

കഴിഞ്ഞ വര്‍ഷം ഞാനെഴുതിയ മക്ക, കാഴ്ചയില്‍ നിന്ന് ഹൃദയത്തിലേക്ക് എന്ന പുസ്തകത്തിന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ അവതാരികയില്‍ സൂചിപ്പിക്കുന്ന ഒരു കാര്യവും ഇതാണ്. പ്രവാചക ചരിത്രത്തില്‍ സുപ്രധാനസ്ഥാനമുള്ള ഹിറാ ഗുഹയെ തദ്ദേശീയ ഭരണകൂടം ഇത്രമേല്‍ അവഗണിക്കാന്‍ കാരണമെന്ത് എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം അവിടെ ഒരു ചന്ത സാധ്യമല്ല എന്ന നിഗമനത്തില്‍ ചെന്നെത്തുകയും ചെയ്യുന്നു. മതം ചിന്തയുടെ സാധ്യതകളെ തമസ്‌കരിക്കുകയും ചന്തയുടെ ഇടങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

അസ്തിത്വ ദുഃഖങ്ങളുടെയും സാമൂഹിക ദര്‍ശനങ്ങളുടെയും സമഗ്രമായ കാഴ്ചകള്‍ തന്നെയാണ് അരവിന്ദന്റെ സിനിമകളും. ഒരിടത്ത് എന്ന സിനിമയിലാകട്ടെ, അരവിന്ദനിലെ കാര്‍ട്ടൂണിസ്റ്റ് പൂര്‍ണമായും പുനര്‍ജനിക്കുന്നതും കാണാം.

യുക്തിവാദം

ഇടമറുകിന്റെ, ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകം എനിക്ക് തന്നത് ആരാണെന്ന് ഓര്‍മയില്ല. ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം ശമീറിന്റെ കൈയില്‍ നിന്നാണ് കിട്ടിയതെന്ന് തോന്നുന്നു. മതം, തല്‍സംബന്ധമായ ആചാരങ്ങള്‍ തുടങ്ങിയവയുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. അതേസമയം എന്റെ തറവാട്ടുകാര്‍ മൊത്തത്തില്‍ മതാഭിമുഖ്യമുള്ളവരാണ്. വളപട്ടണത്താണ് ഞങ്ങളുടെ തറവാട്ട് വേര്. അവിടെ നിന്നും എന്റെ ഉമ്മുമ്മയുടെ ശാഖ പാപ്പിനിശ്ശേരിയില്‍ വന്ന് താമസമാക്കി. മാതൃദായക്കാരാണ് കണ്ണൂരിലെ മാപ്പിളമാര്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ പാപ്പിനിശ്ശേരിയില്‍ തന്നെ. മക്കളെ അധികം പുറത്തെങ്ങും വിടാത്ത പ്രകൃതമായിരുന്നു ഉപ്പയുടേത്. അതിനാലായിരിക്കാം, സ്‌കൂളില്‍ പോകുന്നതിന് പുറമേ മദ്രസയും കൂടി ആവശ്യമില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്. ഗുണമായാലും ദോഷമായാലും ചെറുപ്രായത്തിലുള്ള മതബോധനത്തിന് ഞാന്‍ വിധേയനായതേയില്ല. യു.പി കാലം മുതല്‍ക്കുള്ള വായനാഭിമുഖ്യത്തെത്തുടര്‍ന്ന്, പ്രത്യേകിച്ചും അന്നത്തെ വായനയുടെ സ്വഭാവം തന്നെ ഏതാണ്ട് മതവിരുദ്ധം ആയതുകൊണ്ടാവാം മതവിരുദ്ധയുക്തിവാദം ചെറുപ്പം മുതല്‍ക്കേ ചിന്തകളെ സ്വാധീനിച്ചു. ജോണി മാഷ് കറ കളഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കിലും കുട്ടികളില്‍ സ്വതന്ത്രമായ ചിന്തയുടെ വിത്തുകള്‍ പാകാന്‍ ശ്രമിച്ചിരുന്നു.

abraham t kovoor
എ.ടി കോവൂർ

ഇന്ത്യന്‍ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ തന്നെ മറ്റു ചില പുസ്തകങ്ങളും കൂടി പിന്നീട് തേടിപ്പിടിച്ചു വായിച്ചു. എ.ടി കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. കോവൂരിന്റെ മതവിമര്‍ശങ്ങള്‍ക്ക് കുറേക്കൂടി തെളിച്ചമുണ്ട്. അദ്ദേഹത്തിന്റെ കേസ് ഡയറിയില്‍ കുറിച്ചിട്ടിട്ടുള്ള അനുഭവങ്ങള്‍ അന്ന് നിലനിന്നിരുന്ന, ഇന്നും ബാധകളായും ജിന്ന്, കുട്ടിച്ചാത്തന്‍ ചികില്‍സകളായും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ തൂത്തെറിയാന്‍ പര്യാപ്തമാണ്. അക്കാലത്തെ എന്റെ വളരെയടുത്ത സുഹൃത്തായ ശമീര്‍ എട്ടാം ക്ലാസ് വരെ ചേന്ദമംഗലൂര്‍ ഇസ്ലാഹിയയിലായിരുന്നു പഠിച്ചിരുന്നത്. ഒമ്പത് മുതല്‍ അവന്‍ നാട്ടില്‍ എന്റെ സ്‌കൂളില്‍ത്തന്നെ വന്നു ചേര്‍ന്നു. പുസ്തകങ്ങളോടുള്ള മമതയല്ലാതെ ശമീറിന് പ്രത്യേകിച്ച് യുക്തിവാദാഭിമുഖ്യമൊന്നുമുണ്ടായിരുന്നില്ല. അവന്റെ എളാപ്പ യൂസഫ് വേളാപുരം ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനും നാടകകൃത്തുമാണ്. അദ്ദേഹത്തിന്റെ ഒരു നാടകം ഞങ്ങള്‍ സ്‌കൂളില്‍ കളിച്ചിട്ടുമുണ്ട്. ആ സമയത്ത് അദ്ദേഹവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നവരാണ് അന്ന് ബുദ്ധിജീവികള്‍. വീട്ടില്‍ രണ്ടുമൂന്ന് ‘മ’ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വരാറുണ്ടായിരുന്നു.

നിന്ദിതരും പീഡിതരും

the-hunchback-of-notre-dame-patrick-whelan
നോതൃദാമിലെ കൂനൻ – Patrick Whelan ന്റെ പെയിന്റിങ്

വിനുവുമൊത്തുള്ള വര്‍ത്തമാനങ്ങളിലൂടെയാണ് ലോക ക്ലാസിക് സാഹിത്യങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയത്. വിശ്വസാഹിത്യമാല എന്ന പേരില്‍ അന്ന് ഡി.സി ബുക്‌സ് ക്ലാസിക് കൃതികളുടെ സംഗൃഹീത പുനരാഖ്യാനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും ആ സീരീസില്‍പ്പെട്ട പുസ്തകങ്ങള്‍ പലതും എടുത്ത് വായിച്ചു. പിന്നീട് അവയില്‍പ്പലതും സ്വന്തമായി വാങ്ങുകയും ചെയ്തു. വിക്തോര്‍ യൂഗോവിന്റെ The Hunchback of Notre-dame ഉം Les Miserables ഉം വായിച്ചത് ഈ സംഗ്രഹവിവര്‍ത്തനങ്ങളിലൂടെയാണെങ്കിലും അത്തരം പുസ്തകങ്ങളുടെ പൂര്‍ണവിവര്‍ത്തനങ്ങള്‍ പിന്നീട് വായിച്ചു. നോത്ര് ദാം പള്ളിയില്‍ മണിയടിക്കുന്ന കൂനന്‍ ക്വാസിമൊദോയും എസ്മറാള്‍ഡ എന്ന സുന്ദരിയായ ജിപ്‌സിപ്പെണ്ണും മനസ്സ് പിളര്‍ന്ന് കയറിയ കഥാപാത്രങ്ങളാണ്. പാവങ്ങള്‍ എന്ന പേരില്‍ നാലപ്പാട്ട് നാരായണ മേനോന്‍ വിവര്‍ത്തനം ചെയ്ത ലെ മിറാബിള്‍ ഹൃദയത്തെ മുറിപ്പെടുത്തുകയും ആത്മാവിനെ കരുണയില്‍ പൊതിയുകയും ചെയ്യുന്നു. അതിനെപ്പറ്റി യൂഗോ തന്നെ പറയുന്ന ചില കാര്യങ്ങളുണ്ട്. സാഹിത്യത്തെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ദര്‍ശനങ്ങളാണവ. ഇറ്റാലിയന്‍ ഭാഷയില്‍ ലെ മിറാബിള്‍ പ്രസിദ്ധീകരിച്ച മൊസ്യൂ ഡെയിലിക്ക് അദ്ദേഹം അയച്ച കത്താണത്. പാവങ്ങള്‍ ഫ്രഞ്ചുകാരുടെ പുസ്തകമല്ലെന്ന് അതില്‍ പറയുന്നു. അത് ലോകത്തിന്റെ പുസ്തകമാണ്. അടിമകള്‍ നിലനില്‍ക്കുന്ന ജനാധിപത്യരാജ്യങ്ങള്‍ എന്നതു പോലെ അടിയാന്മാരുള്ള രാജഭരണപ്രദേശങ്ങളും കേള്‍ക്കണം എന്ന് കരുതിത്തന്നെയാണ് താന്‍ പുസ്തകം എഴുതിയതെന്നും യൂഗോ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹികങ്ങളായ ഇടുക്കങ്ങള്‍ രാജ്യസീമകളെ അതിലംഘിക്കുന്ന പ്രശ്‌നങ്ങളാണ്. ഭൂമണ്ഡലം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മനുഷ്യജീവിതത്തിലെ വ്രണങ്ങള്‍ ഭൂപടത്തില്‍ വരയ്ക്കപ്പെട്ട ചുവന്നതോ നീലിച്ചതോ ആയ അതിര്‍ത്തിയടയാളം കണ്ട് സ്തംഭിച്ച് നില്‍ക്കുന്നില്ല. മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ടോ, ഭക്ഷണത്തിനു വേണ്ടി എവിടെയെല്ലാം പെണ്ണുങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടോ, തണുപ്പ് മാറ്റാന്‍ നെരിപ്പോടും അറിവേകാന്‍ പുസ്തകവും കിട്ടാതെ എവിടെയെല്ലാം കുട്ടികള്‍ കഷ്ടപ്പെടുന്നുണ്ടോ അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതിലില്‍ മുട്ടി വിളിച്ചു പറയും, എനിക്ക് വാതില്‍ തുറന്നു തരിക, ഞാന്‍ നിങ്ങളെ കാണാന്‍ വന്നതാണ്.

Jean Valjean - Les Miserables painting - Germán Peralta Carrasoni
ജീൻ വാൽജീൻ – Germán Peralta Carrasoni യുടെ പെയിന്റിങ്

പിന്നീട് മൊസ്യു മദലിയന്‍ എന്ന മേയറായി മാറിയ ജീന്‍ വാല്‍ജീന്റെ (ഷാങ് വാല്‍ഷാങ്) കഥയാണ് ലെ മിറാബ്ള്‍. പെങ്ങളുടെ മക്കള്‍ വിശന്നു കരയുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ ഒരു കഷണം റൊട്ടി മോഷ്ടിച്ചോടിയ ജീന്‍ വാല്‍ജീന്‍ വ്യവസ്ഥയുടെ എല്ലാ കാര്‍ക്കശ്യങ്ങള്‍ക്കും ഇരയായ ഒരു വ്യക്തിയാണ്. പത്തൊമ്പത് കൊല്ലത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അയാള്‍ സമൂഹത്തോടുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ട ഒരാളാവുക സ്വാഭാവികം. എന്നാല്‍ ചെറിയ തെറ്റിന്, അതും സമൂഹത്തിലെ അനൈതികതയുടെ പ്രേരണയുള്ള കുറ്റത്തിന് വലിയ ശിക്ഷ നല്‍കുന്ന രാജവ്യവസ്ഥ മാത്രമല്ല, തെറ്റുകള്‍ക്ക് മാപ്പ് നല്‍കുന്ന സ്‌നേഹ വ്യവസ്ഥ കൂടി ഉള്‍ക്കൊള്ളുന്നതാണ് ജീവിതം എന്ന തിരിച്ചറിവ് അയാള്‍ക്ക് നല്‍കുന്നത് ഡിന്യെയിലെ ബിഷപ്പാണ്. അതോടെ അയാള്‍ മറ്റൊരു ജീവിതത്തിലേക്ക് തിരിയുന്നതാണ് നാം കാണുന്നത്. ആധുനിക ലോകത്തിന്റെ ഇതിഹാസമായ പാവങ്ങളിലെ ഫന്‍തീനും കൊസെത്തുമെല്ലാം നമുക്കിടയില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ്.

യൂഗോയെപ്പോലെ ഫയദോര്‍ ദസ്തയെവ്‌സ്‌കിയും ടോള്‍സ്‌റ്റോയിയും ഷെയ്ക്‌സ്പിയറും ചാള്‍സ് ഡിക്കന്‍സുമൊക്കെ ആദ്യം വിശ്വസാഹിത്യമാലയിലൂടെ കടന്നു വന്ന് പിന്നീട് കൂടുതല്‍ വിപുലമായ വായനയിലൂടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടി. നാം ദുരിതങ്ങളിലകപ്പെട്ടിരിക്കുമ്പോഴാണ് ദസ്തയെവ്‌സ്‌കിയെ വായിക്കേണ്ടത് എന്ന് ഹെര്‍മന്‍ ഹെസ്സേ പറയുന്നുണ്ട്. നിന്ദിതരും പീഡിതരും (Humiliated and Insulted) അദ്ദേഹത്തിന്റെ ഏഴാമത്തെ നോവലാണെങ്കിലും ദസ്തയെവ്‌സ്‌കിയെ വായിക്കുന്നവര്‍ ആദ്യം വായിക്കേണ്ട പുസ്തകം അതത്രേ. ആ പുസ്തകവും Crime and Punishment (കുറ്റവും ശിക്ഷയും), The Brothers Karamazov (കരമസോവ് സഹോദരന്മാര്‍), Demons (aka The Possessed ഭൂതാവിഷ്ടര്‍) എന്നീ നോവലുകളും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. ജീവിതത്തില്‍ ഒരേയൊരു പുസ്തകം വായിക്കാനേ ഒരാള്‍ക്ക് അവസരമുള്ളൂവെങ്കില്‍ അത് ലെ മിറാബിളോ ബ്രദേര്‍സ് കരമസോവോ ആയിരിക്കണം എന്ന് പറയാറുണ്ട്.

വേദനകളിലൂടെയും യാതനകളിലൂടെയും മനുഷ്യന്‍ ആര്‍ജിക്കുന്ന ആത്മീയൗന്നത്യവും ഈശ്വരസാക്ഷാല്‍ക്കാരവുമാണ് ദസ്തയെവ്‌സ്‌കിയുടെ നോവലുകളുടെ പ്രധാന ഉള്ളടക്കം. മരണത്തിലേക്ക് പോലും സഞ്ചരിച്ച അനുഭവം ദസ്തയെവ്‌സ്‌കിക്കുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹം ശിക്ഷ നടപ്പാക്കാന്‍ ഇരകളെ തോക്കിന്‍ മുനകളില്‍ നിരത്തി നിര്‍ത്തി കാഞ്ചി വലിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പത്തെ സെക്കന്റില്‍ ശിക്ഷ ഇളവു ചെയ്യപ്പെട്ടതായ കല്‍പന വന്നതിന്റെ പേരില്‍ രക്ഷപ്പെട്ടയാളാണ്. സെക്‌സും ചൂതാട്ടവും ആത്മീയതയും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന നോവലുകളുടെ കര്‍ത്താവ് നിര്‍മലനായ ഒരു പുരോഹിതനാണോ അതോ കുശാഗ്രബുദ്ധിയായ ക്രിമിനലാണോ എന്ന് വായനക്കാര്‍ക്ക് സംശയം തോന്നിപ്പോകും.

മൃഗീയമായ ക്രൂരത എന്ന പ്രയോഗത്തെ വിചാരണ ചെയ്യുന്നുണ്ട് കാരമസോവ് സഹോദരന്മാര്‍. എങ്ങനെയാണ് ഒരു മൃഗത്തിന് മനുഷ്യനോളം ക്രൂരനാവാന്‍ കഴിയുക? മാന്തിയും കടിച്ചും കൊല്ലാന്‍ മാത്രമേ ഒരു കടുവയ്ക്കറിയൂ. മനുഷ്യര്‍ ചെയ്യുന്നത് പോലെ അവ എതിരാളികളുടെ ചെവിയില്‍ ആണിയടിച്ച് കയറ്റി മതിലിനോട് ചേര്‍ത്ത് നിര്‍ത്താറില്ല. മാതാവിന്റെ വയര്‍ പിളര്‍ന്ന് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുകയോ അമ്മമാരുടെ മുന്നില്‍ വെച്ച് കുട്ടികളെ മേല്‍പ്പോട്ടെറിഞ്ഞ് കുന്തമുനയിലേക്ക് പിടിച്ചെടുത്ത് രസിക്കുകയോ ചെയ്യാറില്ല.

karamazov and sons with servant, portrait by Alice Neel
കരമസോവും മക്കളും ഭൃത്യനും – Alice Neel ന്റെ പോർട്രെയിറ്റ്

വിവരം കെട്ടവനും തനിത്താന്തോന്നിയുമായ ഫയദോര്‍ പാവ്‌ലോവിച്ച് കാരമസോവിന്റെയും മക്കളുടെയും കഥയാണ് Brothers Karamazov. രണ്ട് ഭാര്യമാരിലായി മൂന്ന് മക്കള്‍. ദിമിത്രി, ഐവാന്‍, അല്യോഷ. പിന്നെ, സ്മരഡിയാക്കോവ് എന്ന ജാരസന്തതിയും. മനുഷ്യവ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മതിന്മകളെയും വൈരുദ്ധ്യങ്ങളെയും ശക്തമായി ആവിഷ്‌കരിക്കുന്നതാണ് ദസ്തയെവ്‌സ്‌കി പറയുന്ന ജീവിതങ്ങള്‍. ധൂര്‍ത്തനും എടുത്തുചാട്ടക്കാരനുമാണ് ദിമിത്രി. സന്ദേഹവാദിയും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമാണ് ഐവാന്‍. അല്യോഷയാകട്ടെ, നിര്‍മലനായ ഈശ്വരവിശ്വാസിയും.

Parable of the Grand Inquisitor (പ്രധാന മതദ്രോഹവിചാരകന്റെ അന്യാപദേശം) എന്ന് പ്രശസ്തി നേടിയ ഒരു കഥയുണ്ട് കാരമസോവില്‍. ഒരു novice monk ആയ അല്യോഷയോട് ഇവാന്‍ പറയുന്ന കഥയാണ്. സ്‌പെയിനിലെ സെവിയ (Seville) എന്ന സ്ഥലത്ത് പുനരാഗതനാകുന്ന യേശുക്രിസ്തുവിന്റെ കഥയാണത്. ക്രിസ്തുവിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും സഭ അദ്ദേഹത്തെ ജയിലിലടക്കുകയും ചുട്ടുകൊല്ലാന്‍ വിധിക്കുകയും ചെയ്തു. അന്നു രാത്രി മുഖ്യ മതദ്രോഹവിചാരകന്‍ (Grand Inquisitor) അദ്ദേഹത്തെ രഹസ്യമായി സമീപിച്ചു. താങ്കള്‍ ശരിക്കും യേശുവാണെന്ന് താന്‍ തിരിച്ചറിഞ്ഞതാണെന്നും എന്നാല്‍ സഭയ്ക്ക് ഇപ്പോള്‍ ഒരു യേശുവിനെ ആവശ്യമേയില്ലെന്നും അതൊരസൗകര്യമാണെന്നുമാണ് അയാള്‍ പറയുന്നത്. തുടര്‍ന്ന് അയാള്‍ പറയുന്ന കാര്യങ്ങള്‍ നേരത്തേയുള്ള യേശുവിന്റെ ഉപദേശങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. മരുഭൂമിയില്‍ വെച്ച് യേശു തള്ളിക്കളഞ്ഞ സാത്താനിക പ്രലോഭനങ്ങള്‍, അപ്പത്തിന്റെയും മായാജാലത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനങ്ങള്‍, തള്ളിക്കളഞ്ഞു എന്നത് തെറ്റായിരുന്നു എന്നാണ് അയാള്‍ പറയുന്നത്. ഇതിലൂടെ യേശു ജനതയ്ക്ക് സ്വാതന്ത്ര്യം നല്‍കുകയായിരുന്നു എന്നും ജനങ്ങളുടെ ഈ സ്വാതന്ത്ര്യപ്രാപ്തിയെ അംഗീകരിക്കാനാവില്ലെന്നും അയാള്‍ തുടരുന്നു.

grand inquisitor
Parable of the Grand Inquisitor

മതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളും സ്ഥാപിത പുരോഹിത താല്‍പര്യങ്ങള്‍ പേറുന്ന മതരൂപങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെയാണ് ഈ അന്യാപദേശത്തിലൂടെ ദസ്തയെവ്‌സ്‌കി അടയാളപ്പെടുത്തുന്നത്.

ക്ലേശങ്ങള്‍ നിറഞ്ഞ ജീവിതകാലത്ത് തന്നെയാണ് ഷാങ് വാല്‍ ഷാങ്ങിനെയും ഫന്‍തീനെയും കൊസെത്തിനെയും (ലെ മിറാബ്ള്‍) റസ്‌കോള്‍നിക്കവിനെയും സോഫിയ സെമിയോവ്‌നയെയും (െ്രെകം ആന്റ് പണിഷ്‌മെന്റ്) ഒക്കെ ഞാനും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. െ്രെകം ആന്റ് പണിഷ്‌മെന്റിലെ അല്യോന ഇവാനവ്‌ന എന്ന പലിശക്കാരിയെയും ഞാന്‍ ജീവിതത്തില്‍ ഒട്ടേറെത്തവണ അഭിമുഖീകരിച്ചിട്ടുണ്ട്. വായിക്കുന്ന കഥകളും കഥാപാത്രങ്ങളും ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്ന ആ കാലത്താണ് വായന ഭ്രാന്തമായ ഒരു സാധനയായി മാറിയത്. ബഷീറിന്റെ ശബ്ദങ്ങളും വിശപ്പും ജന്മദിനവും ജീവിതനിഴല്‍പ്പാടുകളും ഒക്കെ വായിക്കുന്നതും ആ കാലത്ത് തന്നെ. ബഷീര്‍ കൃതികളും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സാഹിത്യത്തെയും കുറിച്ചുള്ള രചനകളുമൊക്കെ എന്റെയും ചങ്ങാതിമാരുടെയും ചില ഒത്തുകൂടലുകളിലെ പ്രധാന ചര്‍ച്ചകളായിരുന്നു. കാരൂരും ഓ.വി വിജയനും എം മുകുന്ദനും പുനത്തിലും സി രാധാകൃഷ്ണനും സച്ചിദാനന്ദനും ഡി വിനയചന്ദ്രനുമൊക്കെ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു നിന്നു.

ഒരു വായനാത്മ(ക)കഥ -ഒന്ന്

പാബ്ലോ പിക്കാസോ

ഒരു വായനക്കാരന്‍ അയാള്‍ മരിക്കുന്നതിന് മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുമ്പോള്‍ വായിക്കാത്ത ആള്‍ക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം മാത്രമാണെന്ന് ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. പല ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ അവസരം ലഭിച്ചതിന്റെ കൃതാര്‍ത്ഥതയാണ് ഈ വരി ഉദ്ധരിക്കുമ്പോള്‍ ഇതെഴുതുന്നയാള്‍ക്കുള്ളത്. മറ്റ് ബാധ്യതകളൊന്നും അലോസരപ്പെടുത്താതിരുന്ന, ചുരുങ്ങിയ ഒരു ജീവിതകാലയളവില്‍ പുസ്തകങ്ങളോട് സൗഹൃദവും പിന്നെ പ്രണയവും സ്ഥാപിച്ചതില്‍ നിന്നാണ് ഞാനറിയുന്ന ഞാന്‍ പിറവി കൊണ്ടതെന്ന് കരുതുന്നു. ജീവിതത്തെ യാത്രയെന്ന് വിശേഷിപ്പിക്കാമെങ്കില്‍, ഒരുപാട് യാത്രകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, ഒട്ടേറെ സ്വപ്‌നങ്ങള്‍ എന്നെ നിര്‍മിക്കുന്നതിന് സഹായകമായിട്ടുമുണ്ട്. ചിലപ്പോളവ ഭ്രമകല്‍പനകളായി അമ്പരപ്പിക്കുകയും ദുസ്വപ്‌നങ്ങളായി പേടിപ്പെടുത്തുകയും ചെയ്യുന്നു. പുസ്തകപ്പുറമേറിയുള്ള യാത്രകള്‍. സ്വപ്‌നങ്ങള്‍ക്ക് തെളിച്ചം പകരുന്നതും പുസ്തകങ്ങള്‍ തന്നെ. ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിഷാദങ്ങളും തരും പുസ്തകങ്ങള്‍. അതിനാല്‍ത്തന്നെ, വായനയെക്കുറിച്ച എന്റെ വിചാരങ്ങള്‍ എന്റെ ആത്മകഥ ആയിത്തീരുന്നു. എന്നെസ്സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ മുഖ്യമായ ചേരുവകളെല്ലാം കണ്ടെടുത്തത് പുസ്തകങ്ങളില്‍ നിന്നാണ്.

reading young man- Ignat Bednarik
വായന -Ignat Bednarikന്റെ പെയിന്റിങ്

സ്വയം ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള ഉപായമാണ് വായന എന്നാരോ പറഞ്ഞിട്ടുണ്ട്. അതേസമയം അനുഭവസമ്പന്നരായ ആളുകളുമായുള്ള സംഭാഷണം പോലെയായിരിക്കും നല്ല പുസ്തകങ്ങളുടെ വായന എന്നാണ് റെനെ ദെക്കാര്‍ത്തെയുടെ അഭിപ്രായം. അനുഭവങ്ങളെ സ്വാനുഭവങ്ങളായും ചിന്തകളെ സംവാദങ്ങളായും പരിവര്‍ത്തിപ്പിക്കാത്തേടത്താണ് ഇതിലെ ആദ്യത്തെ പ്രസ്താവന ശരിയാകുന്നത്. സത്യത്തില്‍ ഓരോ വായനയും ഓരോ കണ്ടെത്തലാണ്. വിവിധങ്ങളായ ജീവിതങ്ങളെയും ചിന്തകളെയും അനുഭവിക്കാനും അറിയാനുമുള്ള ഉപാധിയാണത്. അതിലൂടെയാണ് അവബോധങ്ങള്‍ വികാസം പ്രാപിക്കുക. അതിനാകട്ടെ, പുസ്തകങ്ങളെ പൂര്‍ണമായി ആശ്രയിക്കുകയല്ല, മറിച്ച് അവബോധത്തെ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി അവയെ സമീപിക്കുകയാണ് വേണ്ടത്.

അതിസങ്കീര്‍ണമായ മാനസികപ്രക്രിയയാണ് ഒരര്‍ത്ഥത്തില്‍ വായന. അക്ഷരങ്ങളെയും അടയാളങ്ങളെയും അര്‍ത്ഥവത്തായ കാര്യങ്ങളാക്കി പരിവര്‍ത്തിപ്പിക്കലാണത്. അക്ഷരം അതിലൂടെ പുതിയ അര്‍ത്ഥവും സ്വത്വവും കണ്ടെത്തുകയാണ്. മറ്റൊരു വിധത്തില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദത്തിലൂടെയാണ് അക്ഷരം സ്വയം കണ്ടെത്തുന്നത്, അഥവാ അത് അക്ഷരം -ക്ഷരമല്ലാത്തത് അഥവാ നാശമില്ലാത്തത് ആണല്ലോ അക്ഷരം- ആയിത്തീരുന്നത്. ചെറിയ പദങ്ങളില്‍ വലിയ പ്രപഞ്ചങ്ങളെ ഒളിപ്പിക്കുന്ന ഹൈക്കുകളുടെ മായാജാലങ്ങള്‍ മുതല്‍ ജീവതത്വങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ വരെയായി വൈവിധ്യമുള്ള അനുഭവങ്ങളിലൂടെയാണ് അക്ഷരങ്ങള്‍ വായനക്കാരനെ കൊണ്ടുപോകുന്നത്. നന്നായി ചെവിയോര്‍ക്കുന്നവനെ ഒരു കുമ്പിള്‍ വെള്ളത്തില്‍ ഒരു കടലിരമ്പം കേള്‍പ്പിക്കുന്ന (സി രാധാകൃഷ്ണന്‍) ഇന്ദ്രജാലമാണ് ഓരോ അക്ഷരവും കരുതിവെക്കുന്നത്. വായിക്കുന്നവന് പ്രകൃതിബോധമുണ്ടാകുമെന്ന് ടോള്‍സ്‌റ്റോയി പറയുന്നു. എഴുത്തിന്റെ ലക്ഷ്യങ്ങളെ കങ് ഫ്യൂ ചിസ് നിര്‍വചിക്കുന്നതും അങ്ങനെയാണ്. അത് സമൂഹത്തോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മിപ്പിക്കുകയും പ്രകൃതിയുടെ ഭാഷയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്.

oland-barthes
റൊളാങ് ബാർത്

എഴുത്തുകാരനില്‍ നിന്ന് വീണ്ടും മുന്നോട്ട് പോകണം വായനക്കാരന്‍. പോസ്റ്റ് മോഡേണ്‍ ലിറ്റററി തിയറിസ്റ്റ് റൊളാങ് ബാര്‍ത് (Roland Barthes) തന്റെ കൃതിക്കൊപ്പം മരിച്ചുപോയവനാണ് എഴുത്തുകാരന്‍ എന്ന് പറയുന്നുണ്ടല്ലോ. അതേസമയം വായനക്കാരന്‍ സ്രഷ്ടാവുമാണ്. അതായത്, എഴുത്തുകാരന്റെ സര്‍ഗാത്മകതയെ അറിയുന്നതിലുപരി സ്വന്തം സര്‍ഗാത്മകതയെ കണ്ടെടുക്കുകയാണ് യഥാര്‍ത്ഥ വായനക്കാരന്‍ ചെയ്യുന്നത്.

ഇത് എന്റെ വായനയുടെ കഥയാണ്. എന്റെ വായനയുടെ കഥ എന്റെ ജീവിതത്തിന്റെ മുഴുവന്‍ കഥയുമാണ്.

ദ ഗോസ്റ്റ് ഹു വാക്‌സ്

ഒരുപക്ഷേ, എല്ലാവരെയും പോലെ ബാലമാസികകളില്‍ നിന്ന് തുടങ്ങിയെങ്കിലും ഒരു മുഴുനീളനൊറ്റക്കഥ എന്ന നിലക്ക് ഞാനാദ്യം വായിച്ച പുസ്തകം ടിപ്പുസുല്‍ത്താന്‍ എന്ന, പൂമ്പാറ്റ അമര്‍ ചിത്രകഥാ പുസ്തകമായിരുന്നു. ആയിരം ദിവസം ആട്ടിൻ കുട്ടിയായി ജീവിക്കുന്നതിനെക്കാൾ ഒരൊറ്റ ദിവസം കടുവയായി ജീവിക്കുന്നതാണ് നല്ലത് എന്ന, പ്രഖ്യാപനം തറഞ്ഞു കയറിയതോടെ ടിപ്പുസുൽത്താൻ ഒരു വീരകഥാപാത്രമായി മനസ്സിൽ നിറഞ്ഞു നിന്നു. അന്ന് ഞാന്‍ മൂന്നാം ക്ലാസ്സിലാവണം പഠിക്കുന്നത്. നാലാം ക്ലാസ് വരെ പഠിച്ചിരുന്ന, പാപ്പിനിശ്ശേരി ഗവണ്‍മെന്റ് മാപ്പിള എൽ.പി സ്‌കൂളില്‍ നിന്ന് അഞ്ച് മുതല്‍ ആറോന്‍ യു.പി സ്‌കൂളിലേക്ക് വന്നതോടെ, അവിടെ ചെറിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും കഥാപുസ്തകങ്ങള്‍ എടുത്ത് വായന തുടങ്ങി. ചിത്രകഥകളല്ലാത്ത പുസ്തകങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് അങ്ങനെയാണ്. എന്നാലും ആ സമയത്ത് ബാലമാസികകളും ചിത്രകഥകളും ഉപേക്ഷിച്ചില്ല. അതിപ്പോഴും വിട്ടിട്ടില്ല എന്നതാണ് സത്യം. ബാലമാസികകള്‍ കണ്ടാല്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്ന സ്വഭാവം അല്‍പസ്വല്‍പം ഗൗരവത്തോടെ വായനയെ സമീപിക്കുന്ന ഇന്നും ഉണ്ട്. അക്കാലത്ത് നിയോ കോമിക്‌സ്, ഇന്ദ്രജാല്‍ കോമിക്‌സ്, വിദ്യാര്‍ത്ഥിമിത്രം കോമിക്‌സ്, റീഗല്‍ കോമിക്‌സ് തുടങ്ങിയ കമ്പനികള്‍ ഇറക്കുന്ന രസകരങ്ങളായ ഡിറ്റക്ടീവ് ചിത്രകഥകള്‍ വരാറുണ്ടായിരുന്നു. ഇന്ദ്രജാലിലും വിദ്യാര്‍ത്ഥിമിത്രത്തിലും ലീഫോക്കിന്റെ ഫാന്റം, മാന്ത്രികനായ മാന്‍ഡ്രേക്ക്, അലക്‌സ് റേമണ്ടിന്റെ ഫ്‌ലാഷ് ഗോഡന്‍ തുടങ്ങിയ കോമിക്‌സും വരും. അന്ന് മനോരമ പത്രത്തില്‍ സ്ഥിരം കോമിക് സ്ട്രിപ്പായി മാന്‍ഡ്രേക്കും സണ്‍ഡേ സപ്ലിമെന്റില്‍ ഫാന്റവും പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. അങ്ങനെയാണ് ഞാന്‍ സ്വയം ഒരു വീരപുരുഷനായി മാറിയത്. ശരിക്കും ഭ്രമാത്മകമായ ജീവിതമായിരുന്നു അന്നത്തേത്. കൂട്ടുകൂടലും കൂട്ടുകാരും താരതമ്യേന കുറവായിരുന്നു എനിക്ക് എന്നു വേണം പറയാൻ. അൽപം അന്തർമുഖത്വം അപ്പോഴും ഇപ്പോഴും എനിക്കുണ്ട്.

The Kingdom of this World (അലെഹോ കാർപെന്റിയർ/ Alejo Carpentier), One Hundred Years of Solitude (ഗബ്രിയേൽ ഗാർസിയ മാർക്വിസ്/ Gabriel Garcia Marquez), Pedro Paramo (ഹുവാൻ റൂൾഫോ/Juan Rulfo) തുടങ്ങി പാണ്ഡവപുരവും (സേതു) പ്രതിമയും രാജകുമാരിയും (പി പത്മരാജൻ) വരെയുള്ള പുസ്തകങ്ങളും അകിര കുറോസാവയുടെ (Akira Kurosawa) Dreams, ഗില്യെർമോ ദെൽ തോറോയുടെ (Guillermo del Toro) Pan’s Labyrinth, വൂഡി അലന്റെ (Woody Allen)  Midnight in Paris, ആങ് ലീയുടെ (Ang Lee) Life of Pi തുടങ്ങിയ സിനിമകളും സൃഷ്ടിച്ച മാജിക്കൽ റിയലിസത്തിലേക്ക് സഞ്ചരിച്ചത് വളരെക്കാലം കഴിഞ്ഞാണെങ്കിലും അന്നത്തെ പ്രൈമറി സ്കൂളുകാരനിൽ ആഫ്രിക്കയിലെ ബംഗള വനത്തിലെ തലയോട്ടി ഗുഹയും ന്യൂയോർക്കിലെ ഒരുന്നത ഗിരിശൃംഗത്തിൽ പണിത സാനഡുവും ഒക്കെthe_ghost_who_walks_by_jasoncm-d68mhsf യഥാർത്ഥ മാന്ത്രികലോകങ്ങളായിത്തന്നെ നിലനിന്നു. തലയോട്ടി ഗുഹയിലാണ് നീതിയുടെ പോരാളിയായ നടക്കും ഭൂതം, ഫാന്റം താമസിക്കുന്നത്. സഹചരരായി ഡയാനയും റെക്‌സും ഹീറോ എന്ന കുതിരയും ഡെവിള്‍ എന്ന ചെന്നായയും. മായാജാലങ്ങളും ഹിപ്നോട്ടിക് മുദ്രകളും കൊണ്ട് gangsters, mad scientists തുടങ്ങി extraterrestrials വരെയുള്ള പലതരം വില്ലന്മാരെ അമ്പരപ്പിച്ച് തോൽപിക്കുന്ന മാൻഡ്രേക്കിന്റേതാണ് Xanadu. കൂടെ നർദ എന്ന സുന്ദരിപ്പെണ്ണും ലോതർ എന്ന തടിയൻ ചങ്ങാതിയും. തെറോൺ എന്ന മാൻഡ്രേക്കിന്റെ ഗുരുവും കോബ്ര, ഡെറെക്, മോഹിനിയായ അലീന തുടങ്ങിയ വില്ലന്മാരുമൊക്കെ സദാ എനിക്കൊപ്പം തന്നെ ജീവിച്ചിരുന്നു.

അമര്‍ ചിത്രകഥകളിലൂടെ ഒരുപാട് ചരിത്രകഥാപാത്രങ്ങള്‍, പുരാണേതിഹാസകഥകള്‍, യക്ഷിക്കഥകള്‍ തുടങ്ങിയവയും ഭാവനകളെ ത്രസിപ്പിച്ചു.

ജോണിമാഷും കുട്ട്യോളും

ഇങ്ങനെ കോമിക്കുകള്‍ സൃഷ്ടിക്കുന്ന ഭ്രമങ്ങളില്‍ ജീവിക്കുമ്പോഴും ‘അല്‍പം വലിയ’ വായനകളും കൂടി നടന്നു കൊണ്ടിരുന്ന, യു.പി സ്‌കൂള്‍ ജീവിതകാലത്ത് വായന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രോല്‍സാഹനം നല്‍കിക്കൊണ്ടിരുന്ന ഒരധ്യാപകന്‍ എനിക്കുണ്ടായിരുന്നു. ജോണി മാഷ് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ജോര്‍ജ് തറയില്‍. ജോണി മാഷിന്റെ പിന്തുണയോടു കൂടി ഞാനും സഹപാഠികളായ ബാബുരാജ്, മൂസാന്‍ തുടങ്ങിയവരുമൊക്കെച്ചേര്‍ന്ന് ഒരു കൈയെഴുത്ത് മാസിക തുടങ്ങി. തുടങ്ങി എന്നു തന്നെ വേണം പറയാന്‍. കാരണം ആ ഒരു വര്‍ഷം മൂന്നോ നാലോ ലക്കങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൈയെഴുത്ത് മാസികയുടെ രീതികളെക്കുറിച്ചൊന്നും വലിയ പിടിയുണ്ടായിരുന്നില്ല. നല്ലൊരു നോട്ട് ബുക്ക് വാങ്ങിച്ച് അതില്‍ എഴുതുകയും വരക്കുകയുമൊക്കെ ചെയ്തു. ഞാനായിരുന്നു എഡിറ്റര്‍. പേജുകള്‍ നിറയ്ക്കാന്‍ വേണ്ടത്ര വിഭവങ്ങള്‍ കിട്ടാതായതോടെ പല പേരുകളില്‍ ഞാന്‍ തന്നെ പലതും എഴുതാനും തുടങ്ങി. യു.പി സ്‌കൂള്‍ കാലം തൊട്ടേ എഴുത്ത് വശമായിത്തുടങ്ങി എന്നതായിരുന്നു കൈയെഴുത്ത് മാസികാ പ്രസ്ഥാനത്തിലൂടെ എനിക്കുണ്ടായ സമ്പാദ്യം.

ആഴ്ചയിലൊരിക്കല്‍, തന്റെയൊരു പിരീഡ് പല വിഷയങ്ങളിലുമുള്ള ചര്‍ച്ചകള്‍ക്കും കുട്ടികളുടെ സര്‍ഗാത്മകപ്രകടനങ്ങള്‍ക്കും വേണ്ടി നീക്കി വെക്കും ജോണി മാഷ്. സയന്‍സ് ക്ലാസില്‍ അധ്യാപകന്‍ വിരലുയര്‍ത്തിക്കാണിച്ച് സപ്പോസ് ദിസീസെ ടെസ്റ്റ് ട്യൂബ് എന്ന് പറയുന്ന, അതിദരിദ്രമായ പൊതുവിദ്യാഭ്യാസക്കാലമായിരുന്നു അത്. എല്‍.പിയില്‍ പഠിക്കുമ്പോള്‍, അത് ഗവണ്‍മെന്റ് സ്‌കൂളായത് കൊണ്ട് ഉച്ചയ്ക്ക് ഉപ്പുമാവ് കിട്ടും. അമേരിക്കന്‍ ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ്. ഗോതമ്പ് അമേരിക്കനായതു കൊണ്ടോ എന്തോ, അതിന് നല്ല രുചി അനുഭവപ്പെട്ടു. ആറോന്‍ യു.പി എയിഡഡ് സ്‌കൂളാണ്. അവിടെ അതുമില്ല. പി.ടി.എ എന്ന സംവിധാനവും അതീവ ദുര്‍ബ്ബലം. എന്റെ ഉപ്പ എന്റെ സ്‌കൂള്‍ ജീവിതത്തിലൊരിക്കലെങ്കിലും ഒരു പി.ടി.എ മീറ്റിങ്ങിന് പങ്കെടുത്തതായി എനിക്കോര്‍മയില്ല. അങ്ങനെയൊരു കാലത്ത് സ്‌കൂളുകള്‍ സജീവമായിരുന്നത് ത്യാഗസന്നദ്ധരായ അധ്യാപകരുടെ പരിശ്രമങ്ങള്‍ കൊണ്ടാണെന്ന് പറയാം. അക്കാര്യത്തില്‍, ഇപ്പോള്‍ സ്വയം ഒരധ്യാപകനായിരിക്കുമ്പോഴും മാതൃകയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ജോണി മാഷ്. ജോണി പാപ്പിനിശ്ശേരി എന്ന തൂലികാനാമത്തില്‍ എഴുതാറുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ, പരിമളം എന്ന കഥാസമാഹാരം ആയിടെ പുറത്തിറങ്ങി. പരിചയമുള്ള രക്ഷിതാക്കളെയൊക്കെ കണ്ട് അദ്ദേഹം അതിന്റെ കോപ്പികള്‍ വിറ്റ വകയില്‍ ഉപ്പയും ഒരെണ്ണം വാങ്ങി എനിക്ക് തന്നു.

നേരു പറഞ്ഞാൽ ഞാന്‍ വായിക്കുന്നത് ഉപ്പാക്ക് അത്ര ഇഷ്ടമല്ല. കൂടുതല്‍ വായിച്ചാല്‍ തലയുടെ പിരിയിളകും എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഒരുപക്ഷേ, അന്നത്തെ ആധുനിക എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ പ്രകൃതം അങ്ങനെയായതു കൊണ്ടായിരിക്കാം.

ഹൈസ്‌കൂള്‍ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ പുതിയ ചങ്ങാതിമാര്‍, പുതിയ വിഷയങ്ങള്‍, ചര്‍ച്ചകള്‍, യുവജനോല്‍സവം (അന്ന് ഹൈസ്‌കൂള്‍ കലോല്‍സവം യുവജനോല്‍സവമാണ്) എന്നിങ്ങനെ സജീവമായി. കൂട്ടത്തില്‍ പുതിയ വായന, പുതിയ പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങാനുള്ള ആഗ്രഹവും അക്കാലത്തുണ്ടായതാണ്.

ഞാനൊരു ഫാക്ടറിത്തൊഴിലാളിയുടെ മകനാണ്. പാപ്പിനിശ്ശേരിയിലെ വെസ്റ്റേൺ ഇന്ത്യാ കോട്ടൺസ് എന്ന കമ്പനിയിലാണ് ഉപ്പാക്ക് ജോലി. പഴയ കാലത്ത് അത് ആറോൻ മിൽ ആയിരുന്നു. സഖാവ് കൃഷ്ണപിള്ളയുടെ തൊഴിലാളി സംഘാടനത്തിനും മറ്റുമൊക്കെ സാക്ഷ്യം വഹിച്ചിട്ടുണ്ട് സാമുവൽ ആറോൻ സ്ഥാപിച്ച ആറോൻ മിൽ. എ.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എന്ന മലയാളി വ്യവസായ പ്രമുഖനും രാമസ്വാമി എന്ന തമിഴൻ ചെട്ടിയാരും കൂടി ആറോൻ മിൽ വിലക്കെടുക്കുകയും വെസ്റ്റേൺ ഇന്ത്യാ കോട്ടൺസ് സ്ഥാപിക്കുകയുമായിരുന്നു. ഉപ്പാക്ക് അത്യാവശ്യം നല്ല കൂലിയുണ്ടെങ്കിലും കിട്ടുന്നത് ഉടന്‍ ചെലവഴിച്ചില്ലെങ്കില്‍ മനസ്സമാധാനം കിട്ടാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തവും മറ്റും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ വയ്യാതായും തുടങ്ങി. പ്രാരാബ്ധങ്ങളും അനുബന്ധമായ അസ്വാരസ്യങ്ങളുമൊക്കെ വീട്ടില്‍ പതിവായി. ഇനി അതൊന്നുമില്ലെങ്കിലും പോക്കറ്റ് മണിയും മറ്റുമൊന്നും തരുന്ന പതിവ് അന്നുണ്ടായിരുന്നില്ല. ചിലപ്പോള്‍ ആകസ്മികമായി കിട്ടുന്ന ചില്ലറത്തുട്ടുകള്‍, അതേയുള്ളൂ വരുമാനം.

സഫലമീ യാത്ര

Sergey Eisenstein by Andrew Khalturin
സെർഗി ഐസൻസ്റ്റീൻ, Andrew Khalturin ന്റെ പെയിന്റിങ്

അങ്ങനെ, സ്വന്തമായല്‍പം വരുമാനമുണ്ടാക്കാനുള്ള ചിന്തയും ഉടലെടുത്തു. പുസ്തകങ്ങള്‍ വാങ്ങണം. അതിന് പുറമേ എന്റെ ആസ്വാദനം മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിച്ചിരുന്നു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാനൊരു സിനിമ കണ്ടു. സിനിമകള്‍ മുമ്പും കണ്ടിരുന്നെങ്കിലും വേറിട്ട ഒരു സിനമാക്കാഴ്ചയെക്കുറിച്ച പാഠങ്ങള്‍ പകര്‍ന്നു തന്നത്, ഞാന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളില്‍ ജോയിന്‍ ചെയ്ത അജയന്‍ മാഷാണ്. മാഷും അദ്ദേഹത്തിന്റെ ചങ്ങാതിമാരും ചേര്‍ന്നാണെന്ന് തോന്നുന്നു, സ്‌കൂള്‍ ഹാളില്‍ത്തന്നെ ഒരു സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചത്. സെര്‍ഗി ഐസന്‍സ്റ്റിന്റെ ബാറ്റില്‍ഷിപ് പോട്ടെംകിന്‍ ആയിരുന്നു ആ സിനിമ. എക്കാലത്തെയും സിനിമാ പഠിതാക്കളുടെ പാഠപുസ്തകമായിത്തീർന്ന ക്ലാസിക്. 1905ലെ പോടെകിൻ കപ്പൽക്കലാപത്തെ തന്തുവാക്കിക്കൊണ്ട് 1925ൽ ഐസൻസ്റ്റീൻ ചെയ്തതാണ് ഈ സിനിമ. 1905ലെ കലാപം ഒരു പരാജയപ്പെട്ട കലാപമായിരുന്നെങ്കിലും ഐസൻസ്റ്റിന്റെ സിനിമയിൽ അത് വിജയക്കൊടി പാറിക്കുന്നു. ചിത്രത്തെപ്പറ്റിയും അതിലെ ഒഡേസ പടവുകളിലെ വെടിവെപ്പ് ദൃശ്യങ്ങളുടെ അനുക്രമത്തെക്കുറിച്ചും പിന്നീട് ധാരാളമായി വായിച്ചിട്ടുണ്ട്.

ഏതായാലും അതോടെ, മികച്ച സിനിമകള്‍ കാണണമെന്ന മോഹവും ജനിച്ചു. അടൂരിന്റെയും അരവിന്ദന്റെയും മറ്റും സിനിമകള്‍ റിലീസായ അന്ന് തന്നെ കണ്ണൂരില്‍ച്ചെന്ന് എ ക്ലാസ് തിയറ്ററില്‍ നിന്ന് തന്നെ കാണല്‍ പതിവാക്കി. ഉപ്പ ഞങ്ങളെ സിനിമക്ക് കൊണ്ടുപോകാറുണ്ടെങ്കിലും ഒറ്റയ്ക്ക് ഞാന്‍ പോകുന്നത് ഇഷ്ടമല്ല. ഇത്തരം പടങ്ങളാണെങ്കില്‍ മൂപ്പരുടെ ആസ്വാദനത്തിന് വഴങ്ങുകയുമില്ല. അതിനാല്‍ വീട്ടിലറിയാതെ സ്വന്തം ചെലവില്‍ വേണം. ഇതും പുസ്തകം വാങ്ങാനുള്ള ആഗ്രഹവും. ചില്ലറ വരുമാനാന്വേഷണങ്ങള്‍ അങ്ങനെ തുടങ്ങിയതാണ്.

battleship-potemkin
ബാറ്റിൽഷിപ് പോടെംകിൻ

അങ്ങനെ, മാവ് കായ്ക്കുന്ന സീസണിൽ ഞാനും മൂത്തമ്മാന്റെ മോന്‍ നാസറും ചെറിയ തോതില്‍ മാവുകള്‍ പാട്ടത്തിനെടുക്കുന്നയാളെ കണ്ട് മാങ്ങ പറിച്ചു കൊടുക്കാമെന്ന കരാറുണ്ടാക്കാൻ തുടങ്ങി. നാസറും ഞാനും സമപ്രായക്കാരാണ്. ഒരേ ദിവസമാണ് ഉമ്മയും മൂത്തമ്മയും പെറ്റത്. ഒരു മണിക്കൂർ വ്യത്യാസത്തിൽ ഞാനാണ് ജ്യേഷ്ഠൻ. അതേസമയം ഞങ്ങൾ വളർന്നത് സഹോദരന്മാരായല്ല, മറിച്ച് ചങ്ങാതിമാരായിട്ടായിരുന്നു. ജോലിക്ക് എത്രയാണ് കൂലി വാങ്ങേണ്ടതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. പണിയെടുപ്പിക്കുന്നയാള്‍ പറയുന്ന കൂലി ഞങ്ങളങ്ങ് സമ്മതിക്കും. അയാള്‍ക്കത് വളരെ ലാഭമാണ്. ഞാനന്ന് ഏത് മരത്തിലും വലിഞ്ഞു കേറുമായിരുന്നു. കിട്ടുന്ന കാശ് ഞാനും നാസറും പങ്കിട്ടെടുക്കും. വീട്ടിലറിഞ്ഞാല്‍ ഭൂകമ്പം നടക്കും. അതേസമയം പുസ്തകം വാങ്ങണമെങ്കില്‍ ഇങ്ങനെ ചിലതല്ലാതെ വേറെ വഴിയില്ല.

saphalamee yathraഎന്തുകൊണ്ടോ, അന്നെന്നെ ഏറ്റവും ആകര്‍ഷിച്ച കവിയാണ് എന്‍.എന്‍ കക്കാട്. കക്കാടിന്റെ സഫലമീയാത്രയാണ് ഞാന്‍ വില കൊടുത്തു വാങ്ങിയ ആദ്യത്തെ പുസ്തകം. കക്കാടിന്റെ കവിതകളില്‍ ആത്മീയതയും വിപ്ലവവുമുണ്ട്. 1987ല്‍ ഐഹികജീവിതം അവസാനിപ്പിച്ച അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നും എനിക്കിഷ്ടമാണ്.

സഫലമീയാത്ര എന്ന സമാഹാരത്തിലെ അതേപേരുള്ള കവിത ജീവിതത്തെക്കുറിച്ച പ്രകാശമാനമായ ദർശനമാണ്. കണ്ഠാർബുദം ബാധിച്ച് വേദനയിൽ തീരുമ്പോഴും അദ്ദേഹം ജീവിതത്തിന്റെ ധന്യതയെ ഓർമിക്കുന്നു. സഫലമായ ജീവിതയാത്രയെപ്പറ്റി പാടുന്നു.

ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ

പിന്നീട് കവി പറയുന്നത് വ്രണിതമാം കണ്ഠത്തിലിന്ന് നോവിത്തിരിക്കുറവുണ്ട് എന്നാണ്. അതിനു ശേഷം നേരിയ നിലാവിന്റെ പിന്നിലെ അനന്തതയിലെ ഇരുൾ നീലിമയിൽ എന്നോ പഴകിയ ഓർമകൾ പോലെ നിന്ന് വിറക്കുന്ന ഏകാന്ത താരകളെ, വളരെ നാളുകൾക്ക് ശേഷം ഒന്ന് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. തന്നോട് ചേർന്നു നിൽക്കാൻ സഖിയോട് അപേക്ഷിക്കുന്നു.

കവിത അവസാനിക്കുന്നതിങ്ങനെ:

കാലമിനിയുമുരുളും..
വിഷുവരും വർഷം വരും

തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം
വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരാ മന്ത്രം സ്മരിക്ക
നാം
അന്യോന്യം ഊന്നു
വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര…

ഹൈസ്‌കൂളില്‍ എന്റെ സുഹൃത്തുക്കളിലും അവിടുത്തെ അധ്യാപകരിലും കൂടുതലും ഇടത് ചിന്താഗതിക്കാരാണ്. സി.പി.എം പ്രവര്‍ത്തകരാണ് അധ്യാപകരില്‍ പലരും. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴില്‍ എയിഡഡ് സ്‌കൂളായിരുന്നു അന്ന്. ഇന്നത് ഇ.എം.എസ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെകന്ററി സ്‌കൂളാണ്. നല്ല വായനക്കാരാണ് അന്നത്തെ അവിടുത്തെ അധ്യാപകര്‍ മിക്കവരും. രസതന്ത്രം പഠിപ്പിക്കുന്ന വിജയന്‍ മാഷ് ആ സമയത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിലൂടെ ഞാന്‍ യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയവയുടെയും പരിഷത്ത് പുസ്തകങ്ങളുടെയും വായനക്കാരനായി. പരിഷത്തിന്റെ ചില വാന നിരീക്ഷണ ക്ലാസ്സുകളില്‍ പങ്കെടുത്തതോടെ രാത്രികളില്‍ ആകാശം നോക്കി നടക്കല്‍ ഹരമായി. ചങ്ങാതിമാരായ ശമീറും രഞ്ജിയും വിനുവുമൊക്കെ പുസ്തകങ്ങളോട് കമ്പമുള്ളവരാണ്. വായനയോടൊപ്പം പുസ്തകങ്ങളെക്കുറിച്ച സജീവ ചര്‍ച്ചകളും നടന്നു. ആ ചര്‍ച്ചകള്‍ ആനുകാലിക സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളിലേക്കൊക്കെ നീണ്ടു.

                                                                        (തുടരും)