ഇഖ്ബാലും ഇസത്ബെഗോവിച്ചും പിന്നെ ബോസ്നിയൻ വംശഹത്യയും

The Genocide - painting by Paul Batou

ഒരു വായനാത്മ(ക)കഥ ഏഴ്

മുൻഭാഗങ്ങൾ: ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്

കിഴക്കിനും പടിഞ്ഞാറിനും മധ്യേ

ധ്യാനനിമഗ്നനായി അധികകാലം മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. മൗവിനെയും ചെയെയും മജൂംദാറിനെയുമൊക്കെ ആത്മാവില്‍ പ്രതിഷ്ഠിച്ചിരുന്ന എന്നിലെ സാമൂഹികോദ്വേഗി അസ്വസ്ഥനായിത്തുടങ്ങി. ധ്യാനത്തെക്കാള്‍ ആനന്ദം അയോധ്യയിലെ കമ്പനിയും പാട്ട് മേളയും ബഹളങ്ങളുമൊക്കെ തരുന്നുണ്ടോ എന്നായി സംശയം.

ഈ അസ്വാസ്ഥ്യത്തിന്റെ മൂര്‍ച്ഛയിലാണ്, ഒരു ദിവസം യാദൃഛികമായി ഒരു പുസ്തകത്തിന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടത്. മാതൃഭൂമി ദിനപത്രത്തിലാണ് അത് കണ്ടതെന്നാണ് ഓര്‍മ. പുസ്തകം കോഴിക്കോട്ടെ ഐ.പി.എച് പ്രസിദ്ധീകരിച്ചതാണ്. എന്റെ കൈയിലുണ്ടായിരുന്ന ഖുര്‍ആന്‍ ഭാഷ്യവും അവരുടേതായിരുന്നല്ലോ. അതാകട്ടെ, ഖുര്‍ആന്‍ സൂക്തങ്ങളുടെ വിവര്‍ത്തനവും തീരെച്ചെറിയ ചില കുറിപ്പുകളും മാത്രമാണ്. ഇസ്ലാമിക ദര്‍ശനത്തെ ആഴത്തില്‍ അറിയാന്‍ പര്യാപ്തമായിരുന്നില്ല അത്.

Intellect - painting by Jim Warren
Intellect – painting by Jim Warren

ഇസ്ലാം രാജമാര്‍ഗം എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. സത്യത്തില്‍ അതിന്റെ വിവര്‍ത്തകന്റെ പേരാണ് എന്നെ ആ പരസ്യത്തിലേക്ക് ആകര്‍ഷിച്ചത്. പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്‍.പി മുഹമ്മദ്. പില്‍ക്കാലത്ത് ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയുടെ പ്രസിഡന്റായിത്തീര്‍ന്ന അലിജാ ഇസത്‌ബെഗോവിച് (Alija Izetbegovic) എഴുതിയ Islam between East and West എന്ന പുസ്തകത്തിന്റെ പരിഭാഷയായിരുന്നു അത്.

ആത്മീയതയുമായി ബന്ധപ്പെട്ട പുതിയ അഭിനിവേശങ്ങള്‍ അസംബന്ധങ്ങളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ അഭിനിവേശങ്ങളും ചിന്തയും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. ആശ്രമത്തില്‍ ഭജനയിരുന്നിട്ടും സ്വാസ്ഥ്യമല്ല ലഭിച്ചത്. മനുഷ്യനെയും ലോകത്തെയും ചരിത്രത്തെയും വിശദീകരിക്കുന്നതിന് പര്യാപ്തമായ ഏകദര്‍ശനം അന്ന് എന്നെസ്സംബന്ധിച്ചിടത്തോളം ഡയലക്ടിക്കല്‍ മെറ്റീരിയലിസം തന്നെ. ഈ സംഘര്‍ഷത്തിലേക്കാണ് ഇസത്‌ബെഗോവിച് ഇറങ്ങി വരുന്നത്. അദ്ദേഹം മുന്നോട്ടു വെച്ച ഏറ്റവും ശക്തമായ ആശയം Islam: Bipolarity എന്നതായിരുന്നു. ഇതിന് എന്‍.പി നല്‍കിയ തര്‍ജമ ഇസ്ലാം: ദ്വിധ്രുവത എന്നും. സത്യത്തില്‍ രണ്ട് extreme കളെ സമന്വയിപ്പിക്കാനുള്ള മതത്തിന്റെ ശേഷിയെപ്പറ്റി ഞാനാദ്യമായി അറിയുന്നതും ചിന്തിക്കുന്നതും അപ്പോഴാണ്. ഗ്രന്ഥത്തിന്റെ തുടക്കം തന്നെ, സൃഷ്ടിയും പരിണാമവും എന്ന അധ്യായത്തിലെ ഡാര്‍വിനും മൈക്കലാഞ്ചലോവും എന്ന ഉപശീര്‍ഷകം, എന്നെ ആകര്‍ഷിച്ചു. മനുഷ്യജീവിതത്തിന്റെ തുടക്കത്തെക്കുറിച്ച ഖുര്‍ആനികാഖ്യാനത്തെ (സൂറഃ അല്‍ അഅ്‌റാഫ് 172 കാണുക) ഇസത്‌ബെഗോവിച് ഖാലൂബലാ സംഭവം എന്ന് വിളിക്കുന്നു. ഈ സംഭവം മുതല്‍ക്ക് ഏകധ്രുവത്തില്‍ നിന്നു കൊണ്ടുള്ള ജീവിതം അപ്രായോഗികവും അര്‍ത്ഥരഹിതവുമായിത്തീര്‍ന്നു എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മെറ്റീരിയലിസത്തെ നിരാകരിച്ചു കൊണ്ടും അതേസമയം തന്നെ മാറ്ററിനെ ഉള്‍ക്കൊണ്ടു കൊണ്ടുമുള്ള ഒരു ഡയലക്ടിസിസം, ആശയലോകവും ഭൗതികലോകവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തെക്കുറിച്ച പാഠം, മതദര്‍ശനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് കൂടുതല്‍ ആ വഴിക്ക് ചിന്തിക്കാന്‍ എനിക്ക് പ്രേരണയായി. പിന്നീടുണ്ടായ എന്റെ ഇസ്ലാം പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെ അതിന്റെ ഡയലക്ടിസിസത്തിലും മധ്യമസ്വഭാവത്തിലും ഊന്നി നില്‍ക്കുന്നതായിരുന്നു. രണ്ട് അറ്റങ്ങളുടെ ശക്തമായ സമന്വയം. ചരിത്രത്തിലെ ദ്വന്ദാത്മകയെക്കുറിച്ച പാഠവും നിരാകരണത്തിന്റെ നിരാകരണത്തെക്കുറിച്ച സിദ്ധാന്തവുമെല്ലാം (Law of Negation of the Negation) ഇതില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന ചിന്ത ആ പുസ്തകം സമ്മാനിച്ചു.

Alija_Izetbegovic
അലിജാ ഇസത്ബെഗോവിച്

വൈരുദ്ധ്യം എന്നത് യാഥാര്‍ത്ഥ്യമായിരിക്കേ, വൈരുദ്ധ്യാത്മകബന്ധങ്ങളെക്കുറിച്ച അവബോധം ഒരു തത്വചിന്തയുടെ സമഗ്രതയെ സൂചിപ്പിക്കുന്നതാണ്. സോക്രട്ടീസ് മുതല്‍ക്കുള്ള ചിന്തകന്മാര്‍ ഈ ദ്വന്ദ്വാത്മകതയെ വ്യത്യസ്തരൂപങ്ങളില്‍ സമീപിച്ചവരായിരുന്നു. സോക്രാട്ടിക് ഡയലക്ടിക്‌സ്, കാര്‍ട്ടീസിയന്‍ ഡയലക്ടിക്‌സ്, ഹെഗലിയന്‍ ഡയലക്ടിക്‌സ് എന്നിങ്ങനെ വൈരുദ്ധ്യങ്ങളോടുള്ള വ്യത്യസ്ത സമീപനങ്ങള്‍ തത്വചിന്തയില്‍ കാണാം. അതിന്റെ ഏറ്റവും പരിഷ്‌കൃതമായ പതിപ്പാണ് മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം. വൈരുദ്ധ്യങ്ങളെക്കുറിച്ച (സത്യത്തില്‍ ദ്വന്ദ്വങ്ങള്‍ എന്നതാണ് കൂടുതല്‍ ശരി) ചിന്തകള്‍ ബുദ്ധദര്‍ശനത്തിലും കണ്‍ഫ്യൂഷനിസ്റ്റ് ചിന്തയിലുമെല്ലാം കണ്ടെത്താന്‍ പറ്റും.

സിന്ദ റൂദ്

ഇസത്‌ബെഗോവിച്ചിന്റെ പുസ്തകത്തിന് തിലകക്കുറിയായി അദ്ദേഹം തന്നെ ചേര്‍ത്തിട്ടുള്ള ഒരു കവിതാശകലമുണ്ട്. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജാവീദ് നാമ എന്ന പേര്‍ഷ്യന്‍ കാവ്യത്തില്‍ നിന്നെടുത്തതായിരുന്നു അത്. ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍ അതില്‍ നിന്നുള്ള ചില ശകലങ്ങളും പിന്നെ ആ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകളും വായിച്ചിട്ടുണ്ട്.

ദാന്തെ അലിഗിയേറിയുടെ (Dante Alighieri) ഡിവൈന്‍ കോമഡിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇഖ്ബാല്‍ ജാവീദ് നാമ (Book of Eternity) എഴുതിയതെന്നാണ് പറയപ്പെടുന്നത്. സ്വര്‍ഗനരകങ്ങളിലൂടെയുള്ള ദാന്തെയുടെ സഞ്ചാരത്തിന് വഴികാട്ടിയാവുന്നത് പ്രാചീന റോമന്‍ കവിയായ വെര്‍ജില്‍ ആണെങ്കില്‍ ജാവീദ് നാമയില്‍ ആ സ്ഥാനത്ത് മൗലാനാ ജലാലുദ്ദീന്‍ റൂമിയാണ്. തന്റെ ആത്മീയ യാത്രയില്‍ ഇഖ്ബാല്‍ സ്വീകരിക്കുന്ന ഒരു pseudonym ഉണ്ട്. സിന്ദ റൂദ് എന്നാണ് അത്. പില്‍ക്കാലത്ത് അദ്ദേഹത്തെപ്പറ്റി മകന്‍ ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ എഴുതിയ നാല് വാല്യങ്ങളുള്ള പുസ്തകത്തിന്റെ പേരും സിന്ദ റൂദ് എന്നായിരുന്നു.

ദൈവാനുഭവത്തിന്റെയും മിസ്റ്റിസിസത്തിന്റെയും പ്രതലത്തില്‍ നിന്നു കൊണ്ടുള്ള സര്‍ഗാവിഷ്‌കാരങ്ങളൊന്നും ഞാന്‍ അതിന് മുമ്പ് വായിച്ചിട്ടില്ല. ദാന്തെയെപ്പോലും വായിക്കുന്നത് പിന്നീടാണ്. ഒരിക്കല്‍ ശ്രീകാന്ത് സര്‍ എനിക്ക് Illustrated weekly of India എന്ന വാരികയുടെ അപ്പോഴത്തെ ലക്കം എടുത്തു തന്നു. അതില്‍ ഇറാനിലെ നേതാവായ ആയതൊല്ലാ ഖൊമൈനിയുടെ For Fathima എന്ന കവിതയുണ്ടായിരുന്നു. ആയിടെയായിരുന്നു അദ്ദേഹം അന്തരിച്ചത്. അതുവരെ മുരടനായ ഒരു മതമൗലികവാദി മാത്രമായിരുന്നു എനിക്ക് ഖൊമൈനി. അതിനാല്‍ത്തന്നെ ആ കവിത എന്നില്‍ അല്‍ഭുതമുളവാക്കി. ഹൊകൂമതെ ഇസ്ലാമി: വലായതെ ഫഖീഹ് (Islamic Government: Governance of Jurist) എന്ന മതരാഷ്ട്രീയ ഗ്രന്ഥവും ആദാബെ സലാത് (The Disciplines of Prayers) എന്ന മതാനുഷ്ഠാന ഗ്രന്ഥവും ഒക്കെ രചിച്ച ഖൊമൈനിയാണ് tavern പോലുള്ള മെറ്റഫറുകള്‍ പോലുമുപയോഗിച്ച് കവിതയെഴുതിയിരിക്കുന്നത്. അതേസമയം The Wine of Love എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതകളുടെ ഒരു ബൃഹദ്‌സമാഹാരം തന്നെയുണ്ടായിരുന്നെന്ന് ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്.

Miqbal4ഖുദി എന്ന ആശയത്തില്‍ ഊന്നി നിന്നു കൊണ്ടാണ് ഇഖ്ബാല്‍ തന്റെ ദര്‍ശനത്തെ വികസിപ്പിക്കുന്നത്. സ്വം എന്നാണ് ഖുദിയുടെ അര്‍ത്ഥം. self എന്നു പറയാം. പാര്‍സി ഭാഷയില്‍ എഴുതപ്പെട്ട അസ്‌റാറെ ഖുദി (The Secrets of the Self) ആണ് ഇഖ്ബാലിന്റെ, പ്രസിദ്ധീകൃതമായ ആദ്യത്തെ philosophical poetry book. കലാമെ ഇഖ്ബാല്‍ എന്ന പേരില്‍ നുസ്‌റത് ഫതേ അലി ഖാന്‍ കംപോസ് ചെയ്ത് പാടി ഇറക്കിയ ഒരു ഖവ്വാലി ആല്‍ബമുണ്ട്. അതില്‍ ഖുദീ കാ സിര്‍റെ നിഹാന്‍, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പാട്ട് കേള്‍ക്കാം.

ദൈവത്തോടുള്ള കലഹമാണ് ഇഖ്ബാലിന്റെ ശിക്‌വ (പരിദേവനം) എന്ന കാവ്യം. അതില്‍ തൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന ആത്മാന്വേഷകന്റെ ഉള്ളിലെ നിറവാണ് ജവാബെ-ശിക്‌വ (പ്രതിവചനം).

സ്വം എന്ന ആശയത്തിലൂടെ ഇഖ്ബാല്‍ സൂഫികളുടെ വഴിയില്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും അവരില്‍ ചിലര്‍ കൈക്കൊണ്ടിരുന്ന ചരിത്രനിഷേധപരതയെയും സ്വന്തത്തിലേക്കുള്ള ഉള്‍വലിയലിനെയും അദ്ദേഹം പാടെ നിരാകരിച്ചു. ആത്മാവിനെ enlighten ചെയ്യാനുള്ള അഭ്യാസങ്ങളാണല്ലോ പല ആത്മീയ ചിന്തകളുടെയും കാതല്‍. അതേസമയം ഇഖ്ബാല്‍ self നെക്കുറിച്ച് പറയുന്നത് ഉള്ളിലേക്ക് വലിയാനല്ല, പുറത്തേക്ക് പ്രസരിക്കാനാണ്. ജീവിതം പോരാട്ടവും നമ്മുടെ ഓരോ നിശ്വാസവും അതിലെ പടവാളുമാണെങ്കില്‍ വാളിന്റെ തലപ്പാണ് ഖുദി. ധീരന്മാര്‍ മൂന്ന് ആയുധങ്ങള്‍ ഏന്തണം എന്ന് അദ്ദേഹം പറയുന്നു. യഖീന്‍ മുഹ്കം ആണ് ഒന്ന്. അതായത് ചാഞ്ചല്യമില്ലാത്ത, ദൃഢമായ ബോധ്യവും വിശ്വാസവും. രണ്ട് അമല്‍ പൈഹം അഥവാ കര്‍മ നൈരന്തര്യം. മഹബ്ബത് ഫാതിഹെ ആലം ആണ് മൂന്നാമത്തെത്. ലോകത്തെ ജയിച്ചടക്കുന്ന സ്‌നേഹം എന്നര്‍ത്ഥം.

റൂമി
റൂമി

ഈ ദര്‍ശനത്തില്‍ നിന്നുകൊണ്ട് എല്ലാ വിഷയങ്ങളിലുമുള്ള കാഴ്ചപ്പാടുകളെ കവിതയിലൂടെയും ഗദ്യരചനകളിലൂടെയും ഇഖ്ബാല്‍ പ്രകാശിപ്പിച്ചു. സാരേ ജഹാന്‍ സെ അഛാ എഴുതിയ, ദേശത്തോടുള്ള അകൈതവപ്രണയം മനസ്സിലും വരികളിലും അരച്ചു ചേര്‍ത്ത കവി ദേശീയതയുടെ കഠിനവിമര്‍ശകനും കൂടിയായിരുന്നു. ഇസ്ലാമിക ദര്‍ശനത്തിന്റെ അടിത്തറയില്‍ ഉറച്ചു നില്‍ക്കുമ്പോഴും മതവൈവിധ്യങ്ങള്‍ക്ക് നേരെ ആദരവ് കൈക്കൊള്ളാനും അദ്ദേഹത്തിന് സാധിക്കുന്നു.

ഡാര്‍വിനും മിഖേലാഞ്ജലോയും

Islam between East and West എന്നതായിരുന്നല്ലോ ഇസത്‌ബെഗോവിച്ചിന്റെ പുസ്തകത്തിന്റെ പേര്. ഇതില്‍ കിഴക്കും പടിഞ്ഞാറും ഭിന്നങ്ങളായ ജീവിതവീക്ഷണങ്ങളുടെ പ്രതീകമായാണ് വരുന്നത്. അദ്ദേഹം എടുത്തു ചേര്‍ത്തിട്ടുള്ള, ജാവീദ് നാമയിലെ ഭാഗം ആരംഭിക്കുന്നതിങ്ങനെയാണ്. ‘കിഴക്കു നിന്നാണുയരുന്നതെങ്കിലും സൂര്യന്‍/ ധീരനായ്, ജ്യോതിര്‍മയരൂപനായ് മറനീക്കി,/ ഉള്ളിലെ ചെന്തീയാളിക്കത്തിയുജ്വലിപ്പത്/ പശ്ചിമ പൂര്‍വങ്ങള്‍ തന്‍ ചങ്ങല പൊട്ടിച്ചവന്‍.’

കിഴക്ക്, പടിഞ്ഞാറ് ദ്വന്ദ്വത്തെ ഇഖ്ബാല്‍ തന്നെയും പലേടത്തും ആവിഷ്‌കരിച്ചിട്ടുണ്ട്. ‘കിഴക്ക് പറങ്കികള്‍ക്ക് സമ്മാനിച്ചത് സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും പ്രവാചകനെ, എന്നാല്‍ പറങ്കകള്‍ കിഴക്കിന് നല്‍കിയതോ, മദിരയും പകിടയും ചുവന്ന തെരുവുകളും.’

ഒരു അധ്യാപനം എന്ന നിലക്കല്ല, മറിച്ച് ലോകവീക്ഷണം എന്ന നിലക്കാണ് താന്‍ ഇസ്ലാമിനെ നോക്കിക്കാണുന്നതെന്ന് ഇസത്‌ബെഗോവിച് പ്രസ്താവിക്കുന്നു. അതിനാല്‍ താന്‍ അകത്തു നിന്ന് ഇസ്ലാമിനെ നോക്കുന്നില്ലെന്നും പുറത്തു നിന്നു കൊണ്ടുള്ള നിരീക്ഷണങ്ങളാണ് പുസ്തകം എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രപഞ്ചത്തെയും ജീവിതത്തെയും സംബന്ധിച്ച് മൂന്ന് വീക്ഷണങ്ങളുള്ളതായി ആമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഭൗതികവാദപരം, മതപരം, ഇസ്ലാമികം എന്നിവയാണവ.

പദാര്‍ത്ഥം എന്നും ബോധം എന്നും രണ്ട് മൂലഘടകങ്ങള്‍ ഉണ്ടെന്ന് നാം നേരത്തേ മനസ്സിലാക്കിയിരുന്നു. ഈ ഘടകങ്ങള്‍ രണ്ട് വ്യവസ്ഥകളാണ്, രണ്ട് ലോകങ്ങള്‍. അവയുടെ ഉല്‍പത്തിയും ധര്‍മവും ഭിന്നമാണ്. ഒന്ന് മറ്റൊന്നില്‍ നിന്നുണ്ടാകുന്നതല്ല, ഒന്ന് മറ്റതില്‍ ഒതുങ്ങുകയുമില്ല. ഈ രണ്ട് ലോകങ്ങളിലുമാണ് നമ്മുടെ ജീവിതം. എന്നാല്‍ നാം രണ്ട് ലോകങ്ങളില്‍ ജീവിക്കുന്നുവോ എന്നതല്ല, മറിച്ച് പൂര്‍ണധാരണയോടു കൂടി നാം രണ്ട് ലോകങ്ങളിലും ജീവിക്കുന്നുവോ എന്നതാണ ചോദ്യം. ഇതിലാണ് ഇസ്ലാമിന്റെ ആന്തരികാര്‍ത്ഥം കുടിക്കൊള്ളുന്നതെന്ന് ഇസത്‌ബെഗോവിച് നിരീക്ഷിക്കുന്നു. പദാര്‍ത്ഥവാദാധിഷ്ഠിത ശാസ്ത്രം ഭൗതികലോകത്തിന്റെ ഉല്‍പന്നം മാത്രമായി മനുഷ്യനെ ഒതുക്കുമ്പോള്‍ മതം ഭൗതികലോകത്തില്‍ നിന്ന് അവന്റെ സത്തയെ വിഛേദിച്ചു കളയുകയാണ് ചെയ്യുന്നത്. പ്രകൃതിയുടെ തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ചാള്‍സ് ഡാര്‍വിന്‍ (Charles Darwin) സൃഷ്ടിച്ച മനുഷ്യനെയും (ഇതിനും സമാന ചിന്തകള്‍ക്കും കൂടുതല്‍ വസ്തുനിഷ്ഠമായ വിശ്വാസ്യതയുണ്ടെന്ന് സമ്മതിക്കുന്ന ഇസത്‌ബെഗോവിച്, പക്ഷേ അത് മനുഷ്യന്‍ എന്ന ആശയത്തിന്റെ സമൂലനിഷേധമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്) സിസ്റ്റെയിന്‍ ചാപ്പലിലെ മിഖേലാഞ്ജലോ ബുനേറോതിയുടെ (Michelangelo Bounerroti) ചുവര്‍ ചിത്രങ്ങളില്‍ പ്രകാശിതനാകുന്ന മനുഷ്യനെയും ഈ രണ്ട് വീക്ഷണത്തിന്റെ മാതൃകകളായി അവതരിപ്പിക്കുന്ന ഗ്രന്ഥകാരന്‍ ഇത് രണ്ടിന്റെയും ഇടയിലാണ് ഇസ്ലാമിനെ പ്രതിഷ്ഠിക്കുന്നത്. അതാകട്ടെ, ഡാര്‍വിനെയും മിഖേലാഞ്ചലോയെയും ഉള്‍ക്കൊണ്ടു കൊണ്ടു തന്നെയാണ് താനും.

ഒരു വംശഹത്യയുടെ കഥ

ചരിത്രത്തില്‍ തുല്യതയില്ലാത്ത വംശഹത്യയ്ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ഇസത്‌ബെഗോവിച്ചിന്റെ നാടായ ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയുടേത്. തെക്കന്‍ സ്ലാവ് വിഭാഗത്തില്‍പ്പെട്ട, പരസ്പരം ശത്രുക്കളായ മൂന്ന് ജനവിഭാഗമാണ് ബോസ്‌നിയന്‍ ജനത. 2013ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 50.11 ശതമാനം ബോസ്‌നിയാക്കുകളും 30.78 ശതമാനം സെര്‍ബുകളും 15.43 ശതമാനം ക്രൊയാട്ടുകളുമാണ് ഉള്ളത്. ബോസ്‌നിയാക്കുകള്‍ ബോസ്‌നിയന്‍ മുസ്ലിംകള്‍ എന്നും അറിയപ്പെടുന്നു. ബൈസാന്റൈന്‍ പ്രജകളായിരുന്ന സെര്‍ബുകള്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണെങ്കില്‍ ക്രൊയാട്ടുകളില്‍ ബഹുഭൂരിഭാഗം കത്തോലിക്കരാണ്. മതപരമായ കണക്ക് ഇങ്ങനെ: 51 ശതമാനം ഇസ്ലാം, 31 ശതമാനം സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സി, 15 ശതമാനം കത്തോലിക്ക.

The Genocide - painting by Paul Batou
The Genocide – painting by Paul Batou

രാജ്യത്തിന്റെ ഘടനയും അതിസങ്കീര്‍ണം. ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീന  എന്ന് പേരുള്ള രാഷ്ട്രം, അതിനകത്ത് തന്നെ രണ്ട് പൂര്‍ണ സ്വതന്ത്ര രാഷ്ട്രീയ ഭരണഘടകങ്ങള്‍. ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീന എന്ന് തന്നെ പേരുള്ള ഫെഡറേഷനും സെര്‍പ്‌സ്‌ക (Srpska) എന്ന് പേരുള്ള പൂര്‍ണാധികാര റിപ്പബ്ലിക്കും. ബോസ്‌നിയാക്കുകളുടെ മേഖലയാണ് ബോസ്‌നിയയെങ്കില്‍ ഹെര്‍സെഗൊവീനയില്‍ ക്രൊയാട്ടുകള്‍ക്കാണ് ഭൂരിപക്ഷം. സെര്‍ബുകളുടെ ഭരണപ്രദേശമാണ് സെര്‍പ്‌സ്‌ക. അതാകട്ടെ, എല്ലാ അര്‍ത്ഥത്തിലും സെര്‍ബിയ എന്ന രാജ്യത്തോട് അനുഭാവം പുലര്‍ത്തുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ എത്‌നോ ലിംഗ്വിസ്റ്റിക് ഗ്രൂപ്പാണ് സ്ലാവുകള്‍ എന്ന ഇന്തോ ആര്യന്‍ വിഭാഗം. ചെക്, പോള്‍, സ്ലൊവാക് എന്നിവ പടിഞ്ഞാറന്‍ സ്ലാവുകളായും റഷ്യന്‍, ബെലറൂസിയന്‍ അഥവാ ബിയലോറഷ്യന്‍, ഉക്രെയ്‌നിയന്‍ എന്നിവ കിഴക്കന്‍ സ്ലാവുകളായും ബോസ്‌നിയാക്, മാസിഡോണിയന്‍, ക്രൊയാട്ട്, സെര്‍ബ്, മോണ്ടിനെഗ്രിന്‍, ബള്‍ഗേറിയന്‍, സ്ലൊവീന്‍ എന്നിവ തെക്കന്‍ സ്ലാവുകളായും അറിയപ്പെടുന്നു.

ഉഥ്മാനിയ (ഓട്ടോമന്‍) അധീനത്തിലായിരുന്ന ബോസ്‌നിയയും ഹെര്‍സെഗൊവീനയും പത്തൊമ്പതാം നൂറ്റാണ്ടോടെ ഓസ്‌ട്രോ ഹംഗേറിയന്‍ (ഹാബ്‌സ്ബര്‍ഗ്) സാമ്രാജ്യത്തിന് കീഴിലായി. പില്‍ക്കാലത്ത് ഹാബ്‌സ്ബര്‍ഗ് സാമ്രാജ്യത്വത്തിനെതിരെ ബാള്‍ക്കന്‍ മേഖലയില്‍ സ്ലാവിക് ഐക്യശ്രമങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് 1914 ജൂണ്‍് 28ന് ഓസ്‌ട്രോ ഹംഗേറിയന്‍ കിരീടാവകാശിയായ ആര്‍ച് ഡ്യൂക് ഫ്രാന്‍സിസ് ഫെര്‍ഡിനന്റും ഭാര്യയും ബോസ്‌നിയന്‍ തലസ്ഥാനമായ സാരയെവോയില്‍ വെച്ച് ഗാവ്‌റിലൊ പ്രിന്‍സിപ് എന്ന ബോസ്‌നിയന്‍ സെര്‍ബ് ദേശീയവാദിയുടെ വെടിയേറ്റു മരിച്ചു. ഇതാണ് ഒന്നാം ലോകയുദ്ധത്തിന് തുടക്കമിട്ടത്.

മാർഷൽ ടിറ്റോ
മാർഷൽ ടിറ്റോ

അച്ചുതണ്ട് ശക്തികളായ ഓസ്ട്രിയ-ഹംഗറി, ജര്‍മനി, ഇറ്റലി സഖ്യത്തിന് വന്‍ തിരിച്ചടിയേറ്റതോടെ 1918ല്‍ കിങ്ഡം ഒഫ് സെര്‍ബ്‌സ്, ക്രൊയട്ട്, സ്ലൊവീന്‍സ് എന്ന ഐക്യരാഷ്ട്രം രൂപപ്പെട്ടു. പിന്നീട് ഈ സഖ്യത്തില്‍ ബോസ്‌നിയ-ഹെര്‍സെഗൊവീനയും ചേര്‍ന്നതോടെ 1929ല്‍ ഇത് കിങ്ഡം ഒഫ് യുഗോസ്ലാവിയ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. സ്ലാവിക് ഭാഷകളില്‍ യുഗ് എന്നാല്‍ തെക്ക് എന്നും സ്ലവേനി എന്നാല്‍ സ്ലാവുകള്‍ എന്നും അര്‍ത്ഥം. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ ആഭ്യന്തരശൈഥില്യമുണ്ടാവുകയും സെര്‍ബ്, ക്രൊയാട്ട് സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തു.

1941ല്‍ യൂഗോസ്ലാവിയ ജര്‍മന്‍ പക്ഷത്തിന് കീഴടങ്ങിയതോടെ അതിനെതിരെ ഒരു Anti-Fascist Council for the National Liberation of Yugoslavia രൂപം കൊള്ളുകയും രാജഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാവുകയും ചെയ്തു. മാര്‍ഷല്‍ ടിറ്റോ എന്നറിയപ്പെട്ട യോസിപ് ബ്രോസ് ടിറ്റോയുടെ (Josip Broz Tito) നേതൃത്വത്തിലുള്ള League of Communists of Yugoslavia അധികാരം പിടിച്ചെടുത്തു. അതോടെ ടിറ്റോവിയന്‍ ഫെഡറല്‍ ഏകകക്ഷി ഭരണവ്യവസ്ഥയ്ക്ക് കീഴില്‍ സോഷ്യലിസ്റ്റ് ഫെഡറല്‍ റിപബ്ലിക് ഒഫ് യൂഗോസ്ലാവിയ സ്ഥാപിതമാവുകയും ചെയ്തു. ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീന, ക്രൊയേഷ്യ, മാസിഡോണിയ, മോണ്ടിനിഗ്രോ, സെര്‍ബിയ, സ്ലൊവീനിയ എന്നിവയായിരുന്നു യൂഗോസ്ലാവിയയിലെ റിപ്പബ്ലിക്കുകള്‍.

സ്റ്റാലിനുമായി തെറ്റിയതിനാല്‍, കമ്യൂനിസ്റ്റ് ഭരണകൂടമെങ്കിലും അന്നത്തെ USA-USSR ശീതസമരത്തില്‍ മാര്‍ഷല്‍ ടിറ്റോ കക്ഷി ചേര്‍ന്നില്ലെന്ന് മാത്രമല്ല, ഈജിപ്തിലെ നാസര്‍, ഇന്ത്യയിലെ നെഹ്‌റു തുടങ്ങിയവരുമായിച്ചേര്‍ന്ന് ചേരിചേരാ സഖ്യത്തിന് രൂപം നല്‍കുകയും ചെയ്തു. സെര്‍ബ് വംശജനായ ടിറ്റോയുടെ ഭരണത്തില്‍ സെര്‍ബുകള്‍ ശക്തമായ മേധാവിത്തം സ്ഥാപിച്ചു. ഇതിനെതിരെ മറ്റ് ദേശീയതകള്‍ ശബ്ദമുയര്‍ത്തിയെങ്കിലും കരുത്തിലും സാമര്‍ത്ഥ്യത്തിലും ടിറ്റോയെ വെല്ലുവിളിക്കാന്‍ ഒരു സഖ്യത്തിനും സാധിക്കുമായിരുന്നില്ല. എന്നാല്‍ 1980ല്‍ ടിറ്റോ അന്തരിച്ചതോടെ സെര്‍ബ്, ക്രൊയാട്ട്, സ്ലൊവീന്‍ ദേശീയതകള്‍ തമ്മില്‍ പൂര്‍വാധികം ശക്തമായ തമ്മിലടി തുടങ്ങുകയും ചെയ്തു.

മിലോസെവിച്
മിലോസെവിച്

കൊടും വംശീയവാദിയും ക്രൂരനുമായ സ്ലൊബോദാന്‍ മെലോസെവിച് (Slobodan Milosevic) സെര്‍ബുകളുടെ നേതാവായതോടെ ക്രൊയേഷ്യയും സ്ലൊവീനിയയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പിന്നീട് മറ്റ് റിപ്പബ്ലിക്കുകള്‍ക്കൊപ്പം ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയും ആ വഴി നീങ്ങി. സെര്‍ബിയയും മോണ്ടിനിഗ്രോയും ഫെഡറല്‍ റിപ്പബ്ലിക് ഒഫ് യൂഗോസ്ലാവിയ (FR Yugoslavia, നേരത്തെ നില നിന്നിരുന്നത് SFR അഥവാ Socialist Federal Republic of Yugoslavia ആയിരുന്നു) എന്ന പേരിലും പിന്നീട് സ്റ്റേറ്റ് യൂനിയന്‍ ഒഫ് സെര്‍ബിയ ആന്റ് മോണ്ടിനിഗ്രോ എന്ന പേരിലും നിലനില്‍ക്കുകയും 2006ല്‍ രണ്ട് രാഷ്ട്രങ്ങളായി വിഭജിതമാകുകയും ചെയ്തു. സെര്‍ബുകളുടെ ഒരു ഉപവംശം മാത്രമായിരുന്നു മോണ്ടിനിഗ്രുകള്‍.

ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ബോസ്‌നിയന്‍ സെര്‍ബുകള്‍ എതിര്‍ത്തു. ഫെഡറല്‍ റിപ്പബ്ലിക് ഒഫ് യൂഗോസ്ലാവിയയില്‍ ലയിക്കുകയാണ് വേണ്ടത് എന്നായിരുന്നു അവര്‍ വാദിച്ചത്. ബോസ്‌നിയാക്കുകളും ക്രൊയാട്ടുകളും സ്വതന്ത്രരാജ്യത്തിന് വേണ്ടിയും വാദിച്ചു. ഇതോടെ ബോസ്‌നിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചു. പിന്നീട് നടന്ന ജനഹിത പരിശോധനയെ സെര്‍ബുകള്‍ ബഹിഷ്‌കരിച്ചു. സ്വതന്ത്രരാഷ്ട്രം എന്ന ആവശ്യം മേല്‍ക്കൈ നേടുകയും ചെയ്തു. എന്നാല്‍ ബോസ്‌നിയന്‍ സെര്‍ബുകള്‍ തങ്ങളുടെ സ്വാധീന മേഖലകള്‍ ചേര്‍ത്തു കൊണ്ട് റിപ്പബ്ലിക് ഒഫ് സെര്‍ബ് പീപ്പിള്‍ ഒഫ് ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന അഥവാ റിപ്പബ്ലിക് ഒഫ് സെര്‍പ്‌സ്‌ക രൂപീകരിച്ചതോടെ ആഭ്യന്തര കലാപം അത്യധികം രൂക്ഷമായി.

മെലോസെവിച്ചിന്റെ സെര്‍ബിയന്‍ പട്ടാളം ഇതോടെ രംഗത്തിറങ്ങി. ബോസ്‌നിയന്‍ മുസ്ലിംകളുടെ പൂര്‍ണമായ ഉന്മൂലനം ലക്ഷ്യം വെച്ചു കൊണ്ട് തന്നെ തുല്യതയില്ലാത്ത നരനായാട്ട് ആരംഭിച്ചു. പെണ്ണുങ്ങളെ തടവിലിടുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്യുക എന്നത് യുദ്ധനയമായിത്തന്നെ സ്വീകരിച്ച, മെലോസെവിച്ച് പട്ടാളം ബോസ്‌നിയയെ അക്ഷരാര്‍ത്ഥത്തില്‍ നരകമാക്കി മാറ്റി. 142344-004-6ED745D6

ചിന്തകനും പോരാളിയും

1992ല്‍ തുടങ്ങിയ നരഹത്യയും ബലാല്‍സംഗവും മൂന്ന് വര്‍ഷത്തോളം നിസ്സംഗമായി നോക്കി നിന്ന ശേഷം ഐക്യരാഷ്ട്രസഭയും നാറ്റോയും രംഗത്തിറങ്ങി സമാധാന കരാറുണ്ടാക്കി. അങ്ങനെ 1995ല്‍ ഇന്ന് നിലനില്‍ക്കുന്ന, രണ്ട് സ്വതന്ത്രരാഷ്ട്രങ്ങളടങ്ങിയ ഒരു രാഷ്ട്രമായ ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീന സ്ഥാപിതമായി. മൂന്ന് പ്രസിഡന്റുമാരാണ് രാജ്യത്തിനുണ്ടാവുക. മൂന്ന് ജനവിഭാഗങ്ങളും തെരഞ്ഞെടുക്കുന്ന ഓരോ പ്രസിഡന്റ്. ഇവര്‍ ചേര്‍ന്ന പ്രസിഡന്‍സി കൗണ്‍സിലിന്റെ കാലാവധി നാല് വര്‍ഷം. ചെയര്‍മാന്‍ ഒഫ് പ്രസിഡന്‍സിയാണ് രാഷ്ട്രത്തലവന്‍. എട്ടു മാസം വീതം മൂന്ന് പ്രസിഡന്റുമാരും മാറി മാറി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നു.

ചെയര്‍മാന്‍ ഒഫ് പ്രസിഡന്‍സി സ്ഥാനത്തിരുന്ന ആദ്യത്തെയാള്‍ അലിജാ ഇസത്‌ബെഗോവിച്ചാണ്. രൂക്ഷമായ ഈ പ്രതിസന്ധിക്കാലത്ത് ബോസ്‌നിയാക്കുകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയുമാണ് അദ്ദേഹം.

ജീവിതത്തിന്റെ പതിനാറ് വര്‍ഷങ്ങള്‍ തടവറയ്ക്കകത്താണ് ഇസത്‌ബെഗോവിച് കഴിച്ചു കൂട്ടിയത്. മാര്‍ഷല്‍ ടിറ്റോ അടക്കമുള്ള ഭരണാധികാരികള്‍ അദ്ദേഹത്തെ ജയിലിലടച്ചിരുന്നു.

ചിന്താരംഗത്ത് ഉജ്വലമായ ശോഭയോടെ നിലകൊള്ളുമ്പോഴും കര്‍മഭൂമിയില്‍ സമരനായകനായും ചിന്തിക്കാന്‍ പോലുമാവാത്ത പ്രതിസന്ധികളിലൂടെ സ്വന്തം ജനത കടന്നു പോകുമ്പോള്‍ അവര്‍ക്ക് ആശ്വാസവും വീര്യവും പകരുന്ന നേതാവായും നിലകൊണ്ടയാളായിരുന്നു ഇസത്‌ബെഗോവിച്.

പില്‍ക്കാലത്ത് സെര്‍ബ് വംശീയ ഭ്രാന്തിനെതിരെ സെര്‍ബിയയിലെത്തന്നെ ന്യൂനപക്ഷവിഭാഗമായ അല്‍ബേനിയന്‍ വംശജര്‍ കലാപമുയര്‍ത്തി. ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ വൊയ്‌വൊദീന (Autonomous Province of Vojvodina), കൊസോവോ (Republic of Kosovo) എന്നീ രണ്ട് സ്വയംഭരണമേഖലകളായി സെര്‍ബിയ വിഭജിക്കപ്പെടുകയും ചെയ്തു. അല്‍ബേനിയന്മാരുടെ റിപ്പബ്ലിക്കായ കൊസോവോ ഒരു അര്‍ദ്ധരാഷ്ട്രമായിത്തന്നെ നിലകൊള്ളുന്നു.

സെര്‍ബ് വംശീയതയുടെ നിഷ്ഠുരതകള്‍ ഒട്ടേറെ സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. രണ്ട് ഭടന്മാര്‍, ഒരു ബോസ്‌നിയാക്കും ബോസ്‌നിയന്‍ സെര്‍ബും നോ മാന്‍സ് ലാന്റിലെ ഒരു ട്രെഞ്ചിനകത്ത് കുടുങ്ങിപ്പോകുന്നതിന്റെ ചിത്രീകരണമാണ് ഡെനിസ് തനോവിച്ചിന്റെ (Danis Tanovic) No Man’s Land. അഹ്മദ് ഇമാമോവിച്ചിന്റെ (Ahmed Imamovic) രണ്ട് സിനിമകള്‍ വിഖ്യാതമാണ്. Go West, Belvedere എന്നിവയാണവ. സെബ്രെനിറ്റ്‌സയില്‍ (Srebrenica) നടന്ന അതിഭീകര കൂട്ടക്കൊലയെ അതിജയിച്ച സ്ത്രീകള്‍ പതിനഞ്ച് വര്‍ഷത്തിനിപ്പുറം അന്ന് കൊല്ലപ്പെട്ട പ്രിയപ്പെട്ടവരുടെ അസ്ഥികളും അവശിഷ്ടങ്ങളും വരുന്നതും കാത്തിരിക്കുന്നതാണ് ബെല്‍വുദീറിന്റെ മുഖ്യപ്രമേയം.

ഹലീമ എന്ന സ്ത്രീക്ക് വംശഹത്യയില്‍ നഷ്ടപ്പെട്ടത് തന്റെ ഭര്‍ത്താവിനെയും വളര്‍ത്തുപുത്രനെയുമാണ്. അവരുടെ മരുമകളായ സഫിയക്ക് ഒരു സെര്‍ബില്‍ ജനിച്ച കുട്ടിയാണ് അവരുടെ മകന്‍. മൃതദേഹങ്ങള്‍ DNA സാംപിള്‍ നോക്കി ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിന് വിട്ടു കൊടുക്കുന്നേടത്ത് രണ്ടു പേരുടെയും ശരീരങ്ങള്‍ അവര്‍ കണ്ടെത്തിയെങ്കിലും സാംപിള്‍ നോക്കിയല്ലാതെ വിട്ടു തരില്ല എന്നായിരുന്നു അധികൃതരുടെ നിലപാട്. ഹലീമ സഫിയയെ അന്വേഷിച്ചു കണ്ടെത്തി. അവിഹിതമായി ഗര്‍ഭം ധരിച്ച് പ്രസവിച്ച ശേഷം മക്കളില്ലാത്ത ഹലീമയെ കുഞ്ഞിനെ ഏല്‍പിച്ച സഫിയ അവളുടെ കാമുകനോട് പറഞ്ഞത് കുഞ്ഞ് stillborn ആണെന്നായിരുന്നു. ഇപ്പോള്‍ അവള്‍ കഴിയുന്നത് അയാളുടെ കൂടെത്തന്നെയാണ്. കള്ളം കണ്ടുപിടിക്കപ്പെടും എന്ന കാര്യം പറഞ്ഞ് അവള്‍ ബ്ലഡ് സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ അവള്‍ മറച്ചു വെക്കാന്‍ ആഗ്രഹിച്ചത് അതിനെക്കാള്‍ വലിയ കാര്യമായിരുന്നു. ഹലീമയുടെ ഭര്‍ത്താവിനെയും മകനെയും യമപുരിയിലേക്കയച്ചത് അവളുടെ സെര്‍ബ് ഭര്‍ത്താവ് തന്നെയായിരുന്നു എന്ന കാര്യം. ആര്‍സീന്‍ ആന്റന്‍ ഒസ്‌തൊയീച്ചിന്റെ (Arsen Anton Ostojic) Halima’s Path എന്ന സിനിമയുടേതാണ് ഈ കഥ.

Halima's_Pathയ്വാനിറ്റാ വില്‍സന്റെ (Juanita Wilson) As If I Am Not There, പോള്‍ ഹിയെറ്റിന്റെ (Paul Hyett) The Seasoning House എന്നീ ചിത്രങ്ങള്‍ ബലാല്‍സംഗയുദ്ധത്തിന്റെ എല്ല് മരവിപ്പിക്കുന്ന ഭീകരതയാണ് പ്രമേയമാക്കുന്നത്. ക്രിസ്ത്യന്‍ വാഗ്നറുടെ (Christian Wagner) Warchild, ഐദ ബെഗിച്ചിന്റെ (Aida Begic) Snow എമിര്‍ കൂസ്തുറിറ്റ്‌സയുടെ (Emir Kusturica) Life is a Miracle, ജസ്മില സ്ബാനിക്കിന്റെ (Jasmila Zbanic) Grbavica: The Land of my Dreams തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ ബോസ്‌നിയന്‍ വംശഹത്യയുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. പ്രശസ്ത നടി ആഞ്ജലിനാ ജോലീ (Anjelina Jolie) സംവിധാനം ചെയ്ത In the Land of Blood and Honey യും മികച്ച ഒരു സിനിമയാണ്.

വംശീയത നരകമാക്കിത്തീര്‍ത്ത ഒട്ടേറെയിടങ്ങള്‍ ഭൂമിയിലുണ്ടല്ലോ. റ്വാണ്‍ഡ മുതല്‍ ഗുജറാത്ത് വരെ. രക്തത്തിനും ഗര്‍ഭപാത്രത്തിനും നാം നല്‍കേണ്ട പവിത്രത ബന്ധങ്ങളുടെയും മാതൃത്വത്തിന്റെും മൂല്യങ്ങളില്‍ നിന്നു കൊണ്ടുള്ളതാവണം. അതിനപ്പുറം ശുദ്ധിയുടെയും ഈഗോയുടെയും അടയാളമായി രക്തം മാറുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും ക്രൂരനായി മാറുക എന്നാണ് ഈയനുഭവങ്ങളൊക്കെയും നമ്മളെ പഠിപ്പിക്കുന്നത്.

ഇസത്‌ബെഗോവിച്ചിന്റെ ചിന്തകളെപ്പറ്റി അല്‍പം കൂടി പറയേണ്ടതുണ്ട്. അടുത്ത ലേഖനത്തിലാവാം.

അലങ്കാരപ്പുലയനും ശങ്കരാചാര്യരും

painting by Sophia Kramskaya

ഒരു വായനാത്മ(ക)കഥ ആറ്

ഭാഗം ഒന്ന്രണ്ട്മൂന്ന്നാല്അഞ്ച് എന്നിവ ഇവിടെ വായിക്കാം

തോറ്റംപാട്ടുകള്‍

അതാണ് തുടക്കം. ഒരു സവിശേഷബന്ധമായി ആ പരിചയപ്പെടല്‍ വളര്‍ന്നു. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം. ശ്രീകാന്ത് എന്നത് തൂലികാ നാമമാണ്. ശരിയായ പേര് ബാലചന്ദ്രന്‍ നായര്‍. കോളജ് വിദ്യാഭ്യാസം കൊല്‍ക്കത്തയിലായിരുന്നു. കുറേക്കാലം അവിടെത്തന്നെ താമസിച്ചു. പിന്നെ പലയിടത്തും സഞ്ചരിച്ചു. ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതി. പിന്നീടാണ് പയ്യന്നൂരില്‍ വരുന്നത്.

painting by Sophia Kramskaya
painting by Sophia Kramskaya

എന്റെ ജീവിതത്തില്‍ ശ്രീകാന്ത് സാറിന് വലിയ സ്ഥാനമുണ്ട്. ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ മാവുങ്കാല്‍ എന്ന സ്ഥലത്താണ് താമസം. അവിടെയുള്ള ആനന്ദാശ്രമത്തിന്റെ പ്രസിദ്ധീകരണമായ ജ്ഞാനഗീതയുടെ പത്രാധിപരാണ്. ഇന്റെഗ്രല്‍ ബുക്‌സിന്റെ ഇപ്പോഴത്തെ ഓഫീസും അവിടെത്തന്നെ.

മുറിയില്‍ നിറയെ പുസ്തകങ്ങളാണ്. മേശപ്പുറത്തും പുസ്തകങ്ങളും ഫയലുകളും പത്രക്കട്ടിങ്ങുകളും. പിന്നെയൊരു ടൈപ്പ് റൈറ്റര്‍. രാത്രി വൈകുന്നത് വരെ ടൈപ്പ് റൈറ്ററില്‍ താളാത്മകമായി കൊട്ടുന്ന ശബ്ദം എന്റെ മുറിയില്‍ കേള്‍ക്കാമായിരുന്നു. താളത്തിലുള്ള ശബ്ദം ഉറക്കം വരാന്‍ നല്ലതാണ്. ടിക് ടിക് ശബ്ദമുണ്ടാക്കുന്ന ഒരു ക്ലോക്കുണ്ടായിരുന്നു വീട്ടില്‍. കോട്ടണ്‍സ് ഫാക്ടറിയുടെ തൊട്ടടുത്തായതു കൊണ്ട് പൊതുവെ പരിസരമൊക്കെ ശബ്ദമുഖരിതമാണെങ്കിലും ഒന്നും വായിക്കാന്‍ തോന്നാത്ത ദിവസങ്ങളില്‍ ഞാന്‍ ആ ക്ലോക്കിന്റെ ശബ്ദത്തിലേക്ക് എന്റെ അസ്തിത്വത്തെയൂം ബോധത്തെയും ചുരുക്കാന്‍ ശ്രമിക്കും. അങ്ങനെയൊരേഗ്രാകതയിലുള്ള ഉറക്കവും ആനന്ദം പകരും. ഏതാണ്ടതിന് സമാനമാണ് ശ്രീകാന്ത് സാറിന്റെ ടൈപ്പ് റെറ്റര്‍ കൊട്ട്.

അദ്ദേഹം തന്നെ രചിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ നിലത്ത് കെട്ടുകളായി കിടക്കുന്നുണ്ട്. ആയിടെ എഴുതിയ Power in Temples -A Modern Perspective ആണ് പ്രധാനമായും ഉള്ളത്. Alphabet of Reality എന്ന പേരില്‍ ഒരു പരമ്പരയുമുണ്ട്. Sri Ganesha, Surya the Sun God എന്നിവയാണ് അതില്‍ ആ സമയത്ത് പ്രസിദ്ധീകരിച്ചിരുന്നത്. അകപ്പൊരുള്‍ എന്ന പേരില്‍ പൊട്ടന്‍ തെയ്യത്തെപ്പറ്റി ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുന്നു. ആ വിഷയത്തില്‍ ഞാനുമായി അദ്ദേഹം കുറേ സംസാരിച്ചിട്ടുണ്ട്. ഞാനവിടെ താമസിക്കുന്ന കാലത്ത് തന്നെ അതും പ്രസിദ്ധീകൃതമായി. ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നതിന്റെ ചില അധ്യായങ്ങള്‍ എന്നെ കേള്‍പ്പിച്ചിട്ടുണ്ട്. അത് പിന്നീടെന്തായി എന്നറിയില്ല.

ശരിക്കും പൊട്ടന്‍ തെയ്യത്തെയല്ല, തെയ്യത്തിലെ പാട്ടിനെയാണ് അകപ്പൊരുള്‍ എന്ന പുസ്തകം പഠനവിധേയമാക്കുന്നത്. തോറ്റംപാട്ട് എന്നാണ് പൊട്ടന്‍ തെയ്യത്തിന്റെ പാട്ടിന് പറയുക.

 പുലയനും ബ്രാഹ്മണനും

പണ്ട് വീട്ടിന്റെ പരിസരത്തുള്ള ഒരു പുലയ കുടുംബത്തില്‍ പൊട്ടന്‍, ഗുളികന്‍, ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടപ്പെടാറുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ബാലചന്ദ്രന്‍ എന്റെ സുഹൃത്താണ്. തോറ്റം പാട്ടിന്റെ ഉള്ളടക്കവും അര്‍ത്ഥവും ഗംഭീരമാണ്. ശങ്കരാചാര്യരോട് തര്‍ക്കിച്ച ചണ്ഡാലന്റെ തെയ്യമാണ് പൊട്ടന്‍ തെയ്യം. മാറിപ്പോ ചണ്ഡാലാ എന്ന് ശങ്കരാചാര്യര്‍ കല്‍പിച്ചപ്പോള്‍ ചണ്ഡാലന്‍ ചോദിച്ചത്രേ, മാറേണ്ടത് ദേഹമോ ദേഹിയോ എന്ന്. ഇതോടെ ആചാര്യര്‍ക്ക് ഉത്തരം മുട്ടി. ആചാര്യരുടെ ബ്രഹ്മസത്യം ജഗന്മിഥ്യ, ജീവോ ബ്രഹ്മൈവ നാ പരഃ എന്ന തത്വമനുസരിച്ച് ദേഹം മിഥ്യയാണ്. അതായത് ചണ്ഡാലന്റെ ശരീരം എന്നത് ആചാര്യരുടെ തോന്നല്‍ മാത്രമാണ്. എങ്കില്‍പ്പിന്നതെങ്ങോട്ട് മാറാന്‍? ദേഹിയാകട്ടെ, ബ്രഹ്മം തന്നെയാണ്. എന്നുവെച്ചാല്‍ ആചാര്യരിലും ചണ്ഡാലനിലുമുള്ളത് ഒരേ ദേഹി തന്നെ.

പൊട്ടൻ തെയ്യം
പൊട്ടൻ തെയ്യം

ശ്രീ പരമേശ്വരന്‍ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ചു എന്നാണ് ഐതിഹ്യത്തിലുള്ളത്. അതേസമയം ഈ പുരാവൃത്തത്തിന് നിമിത്തമായി മറ്റൊരു കഥ പറയപ്പെടാറുണ്ട്. തലക്കാവേരിയിലേക്ക് യാത്ര പുറപ്പെട്ട ശങ്കരന്‍ കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന സ്ഥലത്തെ അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തില്‍ എത്തുകയും അവിടെ വെച്ച് അദ്വൈത തത്വം പ്രസംഗിക്കുകയും ചെയ്തത് അകലെയൊരു കുന്നിന്‍ ചരുവിലിരുന്നിരുന്ന അലങ്കാരന്‍ എന്ന പുലയ യുവാവ് കേട്ടുവത്രേ. പിറ്റേന്ന് പുലര്‍ച്ചെ യാത്ര തുടര്‍ന്ന ആചാര്യരുമായി വഴിയില്‍ വെച്ച് അലങ്കാരന്‍ നടത്തിയ സംവാദമാണ് മേല്‍ക്കഥയായി പരിണമിച്ചത്. ഒരേ വരമ്പില്‍ വെച്ച് ബ്രാഹ്മണനും പുലയനും തമ്മില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന ശങ്കരന്റെ ജാതിശാഠ്യത്തെ തല്‍ക്കാലം പരിഗണിച്ച അലങ്കാരന്‍ തന്റെ കൈയിലെ മാടിക്കോല്‍ കുറുകെ വച്ച് വരമ്പിനെ രണ്ടാക്കിയെന്നും അങ്ങനെയാണ് ആ സ്ഥലത്തിന് ഇടവരമ്പ് എന്ന് പേര് വന്നതെന്നും കഥയുണ്ട്. എന്തായാലും പുലയന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിപ്പോയ ആചാര്യന്‍ അലങ്കാരന്റെ സമദര്‍ശനം അംഗീകരിച്ചു എന്നാണ് കഥ തുടരുന്നത്.

Shankaracharya-and-Chandalaഒരു പുലയ യുവാവിന് മുന്നില്‍ ഉത്തരം മുട്ടിപ്പോയതിന്റെ ക്ഷീണത്തില്‍ നിന്ന് ആചാര്യരെ രക്ഷിക്കാന്‍ വേണ്ടിയാവാം പില്‍ക്കാലത്ത് ചണ്ഡാല വേഷമണിഞ്ഞ് പരീക്ഷിക്കാന്‍ വന്ന ശ്രീ പരമേശ്വരന്‍ എന്ന കഥയുണ്ടാക്കിയത്.

പൊട്ടന്റെ പേരിലുമുണ്ട് ആക്ഷേപഹാസ്യം. കളിയോട് കൂട്ടിക്കുഴച്ച് കാര്യം പറഞ്ഞു ഫലിപ്പിക്കുന്നതിനും പൊട്ടന്‍ കളി എന്ന് പറയാം. കോമാളിക്കോലങ്ങള്‍ കെട്ടി സുവിശേഷം പറയുന്ന, പഴയ നാടകങ്ങളിലെ സൂത്രധാരന്മാര്‍ തൊട്ട് ചാര്‍ലി ചാപ്ലിന്‍ വരെ പ്രതിഭാധനരായ കലാകാരന്മാരുടെ രീതിയാണല്ലോ അത്. അതേസമയം ചോദ്യങ്ങള്‍ ചോദിച്ച് കുഴക്കുന്ന ആളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള തന്ത്രമാണ് പൊട്ടന്‍ എന്ന മുദ്ര കുത്തല്‍. അലങ്കാരനായാലും ചണ്ഡാലനായാലും ശ്രീ പരമേശ്വരനായാലും പൊട്ടനായി അവതരിക്കുകയാണ് ചെയ്യുന്നത്. കലാപകാരിയായ പൊട്ടന്‍. പൊലാരന്‍ അഥവാ പുലമാരുതന്‍, പുലച്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളും പൊട്ടന്റെ കൂടെ കെട്ടിയാടാറുണ്ട്.

പുലച്ചാമുണ്ഡി
പുലച്ചാമുണ്ഡി

തോറ്റത്തിലെ ഏറ്റവും പ്രശസ്തമായ വരികള്‍ ഇങ്ങനെ:
‘നിങ്കള കൊത്ത്യാലും ചോരേല്ലേ ചൊവ്വറെ,
നാങ്കള കൊത്ത്യാലും ചോരേല്ലേ ചൊവ്വറെ,
പിന്നെന്ത് ചൊവ്വറ് കുലം പിശക് ന്ന്,
തീണ്ടിക്കൊണ്ടല്ലേ കുലം പിശക് ന്ന്’

സര്‍വത്തിലും കുടിക്കൊള്ളുന്ന ഏകതത്വത്തെ ഉപാസിക്കുമ്പോഴും ശങ്കരന്‍ അപശൂദ്രാധികരണത്തിന്റെ സൈദ്ധാന്തികനും കൂടിയായിരുന്നു. ജ്ഞാനസമ്പാദനത്തിനോ മോക്ഷത്തിനോ ഉള്ള അധികാരം അദ്ദേഹം ശൂദ്രനോ അവര്‍ണനോ നല്‍കിയില്ല. ഇതിനോടുള്ള, പരിഹാസം കലര്‍ന്ന പ്രതിഷേധമാവാം അലങ്കാരന്റെ സംവാദവും പൊട്ടന്‍ തെയ്യം തോറ്റം പാട്ടും.

എച്ച്.എച്ച് അബ്ദുല്ല

ശ്രീകാന്ത് സാറിന്റെ മുറിയില്‍ ഞാന്‍ നിത്യസന്ദര്‍ശകനായി മാറി. അവിടെ വേറെയും പലരും വരാറുണ്ട്. വേദാന്ത ചര്‍ച്ചകളുടെ അന്തരീക്ഷം രൂപപ്പെടും പിന്നെ. എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്താന്‍ അദ്ദേഹം ഉല്‍സാഹിച്ചു. പല തരത്തിലുള്ള ധാരാളം ആളുകളുമായി ഞാനങ്ങനെ പരിചയത്തിലായി. അയോധ്യയില്‍ത്തന്നെ താമസിച്ചിരുന്ന ഇംഗ്ലീഷ് പ്രഫസര്‍ അക്കൂട്ടത്തിലൊരാളാണ്. ഓലയമ്പാടിയിലെ മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സ്ഥിരം അന്തേവാസിയായി കഴിയുന്ന കുഞ്ഞിരാമപ്പൊതുവാള്‍ എന്ന സ്വാതന്ത്ര്യ സമര ഭടന്‍ ഇടയ്‌ക്കൊക്കെ വരും. ആവേശപ്പൊതുവാള്‍ എന്നാണത്രേ യുവപ്രായത്തില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

അയോധ്യയിൽ കമ്പനി കൂടുന്ന ദിവസങ്ങളില്‍ മടിച്ചു മടിച്ചാണ് ഞാന്‍ പങ്കു ചേരുക. ഗുരുസ്ഥാനീയനായ ശ്രീകാന്ത് സാര്‍ അതേ ലോഡ്ജിലാണല്ലോ താമസിക്കുന്നത്. അല്‍പമൊന്ന് ചൂടായാല്‍പ്പിന്നെ ഗുരുസ്മരണ പമ്പ കടക്കും. എന്നാൽ പിറ്റേന്ന് ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലേക്കേ പോകില്ല. ഷോപ്പിലേക്ക് പോകാന്‍ സമയമാകുന്നത് വരെ ഉറങ്ങും. ഷോപ്പടച്ചാല്‍ പരമാവധി സമയം ടൗണിലൊക്കെ കറങ്ങി നടന്ന് പറ്റിയാല്‍ ഒരു സെക്കന്റ് ഷോയും കണ്ട് താമസിച്ച് മാത്രം മുറിയിലെത്തും. അതേസമയം ഒരിക്കല്‍പ്പോലും ശ്രീകാന്ത് സര്‍ എന്നെ ഉപദേശിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അനിഷ്ടം എനിക്ക് കൃത്യമായി വായിച്ചെടുക്കാന്‍ പറ്റുമായിരുന്നു താനും.

പാട്ടു പാടുന്നതു കൊണ്ടാവാം, അയോധ്യയില്‍ എനിക്കൊരു ഇരട്ടപ്പേര് കിട്ടി. ഹിസ് ഹൈനസ് അബ്ദുല്ല. ആ സമയത്താണ് അപ്പേരിലുള്ള, സിബി മലയിലിന്റെ സിനിമ റിലീസായത്. അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം, അബ്ദുല്ല സംഗീതജ്ഞനാണ്. അയോധ്യയിലെ മിക്ക അന്തേവാസികള്‍ക്കും ഇങ്ങനെയോരോ പേരുണ്ട്. പ്രഫസറെ വിളിക്കുന്നത് ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്നാണ്. ഒരു മുറിയില്‍ താമസിക്കുന്ന പാലാക്കാരായ മൂന്ന് അച്ചായന്മാരുണ്ടായിരുന്നു. മൂന്ന് പേരുടെയും പ്രകൃതം വെച്ചു കൊണ്ട് സോഫ്റ്റ്, മീഡിയം, ഹാര്‍ഡ് എന്ന് വിളിച്ചു അവരെ.

ഹിസ് ഹൈനസ് അബ്ദുല്ല പിന്നീട് ലോപിച്ചു. എച്ച്.എച്ച് എന്നായി വിളി. നല്ല സംബോധന. എനിക്കതങ്ങിഷ്ടായി. പക്ഷേ, തമാശയെന്തെന്നു വെച്ചാല്‍ പലരും ധരിച്ചത് എന്റെ യഥാര്‍ത്ഥ പേര് അബ്ദുല്ല എന്നാണെന്നാണ്. അപൂര്‍വം ചിലര്‍ക്കൊഴിച്ച് എന്റെ പേര് തന്നെ അറിയില്ല. എല്ലാവര്‍ക്കും ഞാന്‍ അബ്ദുല്ലയായി.

Music and Literature - painting by William Harnett
Music and Literature – painting by William Harnett

ധ്യാനം

ശ്രീകാന്ത് സാറിന്റെ മുറിയില്‍ പലപ്പോഴും ആധ്യാത്മിക ചര്‍ച്ചകള്‍ നടക്കും. അപൂര്‍വം ചിലപ്പോള്‍ സാമൂഹിക വിഷയങ്ങളും. ഞാന്‍ തന്നെ മുടക്കിയ പഠനം തുടരാനും ബിരുദം സമ്പാദിക്കാനും അദ്ദേഹം എന്നെ നിര്‍ബ്ബന്ധപൂര്‍വം പ്രേരിപ്പിച്ചു. ഉപനിഷത്തുകളുടെയും മറ്റും വ്യാഖ്യാനങ്ങളും അനുബന്ധരചനകളുമൊക്കെ ധാരാളമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ശേഖരത്തില്‍. അതില്‍ ചിലതൊക്കെ ഞാനും വായിച്ചു. അലക്‌സിസ് കരേലിന്റെ (Alexis Carrel) Man, The Unknown എന്ന പുസ്തകം എന്നെക്കൊണ്ട് അദ്ദേഹം വായിപ്പിച്ചു. അതിലെ ഉള്ളടക്കമൊന്നും എനിക്കിപ്പോള്‍ ഓര്‍മയില്ല. ഫ്രിത്യോഫ് കാപ്രയുടെ (Fritjof Capra) ചിന്തകളെപ്പറ്റി അദ്ദേഹം ധാരാളം പറഞ്ഞിരുന്നെങ്കിലും എന്തുകൊണ്ടോ കാപ്രയുടെ പുസ്തകങ്ങളൊന്നും ഞാന്‍ വായിച്ചില്ല. താവോ ഒഫ് ഫിസിക്‌സും ടേണിങ് പോയിന്റുമൊക്കെ അദ്ദേഹത്തിന്റെ ശേഖരത്തില്‍ത്തന്നെ ഉണ്ടായിരുന്നിട്ടും. അതേസമയം കാപ്രയെക്കുറിച്ച വിമര്‍ശങ്ങള്‍ പില്‍ക്കാലത്ത് പലേടത്തുമായി വായിച്ചിട്ടുണ്ട്. ശ്രീകാന്ത് സാറിന്റെ സദസ്സുകളിലെ ചര്‍ച്ചകളും പുതിയ വായനകളും ആത്മീയതയെയും മതത്തെയുമൊക്കെ അതിന്റെ തന്നെ പക്ഷത്ത് നിന്നു കൊണ്ട് പഠിക്കണം എന്ന ചിന്ത എന്നിലുളവാക്കി. ആദ്യം എതീസ്റ്റുകളിലൂടെയും പിന്നെ മാര്‍ക്‌സിയന്‍ ചിന്തകളിലൂടെയുമൊക്കെയാണല്ലോ ഞാനതു വരെ മതത്തെ കണ്ടിരുന്നത്.

കോഴിക്കോട്ടെ മള്‍ബെറി ബുക്‌സ് വളര്‍ന്നു വരുന്ന സമയമാണ്. പുതിയ പല ചിന്തകളും മലയാളത്തിലേക്ക് കൊണ്ടുവരാന്‍ ഉല്‍സാഹിച്ചിരുന്നു അവര്‍. അതിന്റെ ഒരു ഏജന്റ് ഇടയ്‌ക്കൊക്കെ ഞങ്ങളുടെ കടയില്‍ വരും. മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും അവരുടെ പക്കലുണ്ടാവും. എറിക് ഫ്രോമിന്റെ പ്രണയം എന്ന കലയ്ക്കും വില്‍ഹെം റീഹിന്റെ ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തിനുമൊക്കെ ഒപ്പം പുതിയ ആത്മീയ ചിന്തകളെക്കുറിച്ചുള്ളവയും ഞാന്‍ വാങ്ങിത്തുടങ്ങി. സെന്‍ ബുദ്ധിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എനിക്കിഷ്ടമായിരുന്നു. സെന്‍ പഠിക്കാന്‍ അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ റെപ്‌സിന്റെ പുസ്തകങ്ങള്‍ വളരെ പ്രയോജനപ്രദമാണ്.

Quran-Bhashyamശ്രീകാന്ത് ഇടയ്ക്കിടെ ആനന്ദാശ്രമത്തില്‍ ധ്യാനത്തിന് പോകും. മെഡിറ്റേഷനെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ വെളുപ്പിനെഴുന്നേറ്റ് ഞാനും ധ്യാനത്തിലേര്‍പ്പെടും. എന്നാല്‍പ്പിന്നെ പരമ്പരാഗതമായ മുസ്ലിം നമസ്‌കാരം ആയാലെന്താ എന്നായി പിന്നെ ചിന്ത. പയ്യന്നൂരിലെ വികാസ് ബുക് സെന്ററില്‍ നിന്നും ഞാന്‍ ഖുര്‍ആന്‍ ഭാഷ്യം എന്ന പുസ്തകം വാങ്ങിച്ചു. അബുല്‍ അഅ്‌ലാ മൗദൂദി ഉര്‍ദുവിലെഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മലയാള പരിഭാഷയാണ്. എന്റെ വകയിലൊരു മൂത്താപ്പയായി സി.വി അബൂബക്കര്‍ എന്നൊരാള്‍ വളപട്ടണത്തുണ്ടായിരുന്നു. ‘പ്രബോധനം സി.വി’ എന്ന് തന്നെ അറിയപ്പെടുന്ന അദ്ദേഹം പ്രബോധനം വാരികയുടെയും ഐ.പി.എച്ച് പുസ്തകങ്ങളുടെയും പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചതാണ്. അദ്ദേഹത്തില്‍ നിന്ന് ചിലതൊക്കെ ചിലപ്പോള്‍ കേട്ടിട്ടുണ്ടെന്നല്ലാതെ അബുല്‍ അഅ്‌ലാ മൗദൂദിയെ അതുവരെ ഞാനറിഞ്ഞിട്ടില്ല. ഖുര്‍ആന്‍ ഭാഷ്യവും അദ്ദേഹത്തെ അറിയാന്‍ പര്യാപ്തമായ പുസ്തകമല്ല. നിസ്‌കാരത്തിന് വേണ്ടി ചില സൂറകള്‍ പഠിക്കാന്‍ ഞാന്‍ ശ്രമിച്ചു. നാലാം ക്ലാസ് വരെ മാപ്പിള എല്‍.പി സ്‌കൂളില്‍ സ്‌പെഷ്യല്‍ ലാംഗ്വേജായി പഠിച്ച അറബിയേ കൈയിലുള്ളൂ. അതിന് ശേഷം അതുമായി യാതൊരു ബന്ധവുമില്ലായിരുന്നു താനും. ചെറിയൊരായത്ത് കഷ്ടി ഓതി അതിന്റെ അര്‍ത്ഥവും വായിക്കണമെങ്കില്‍ ശരാശരി അര മണിക്കൂറെടുക്കും.

ആനന്ദാശ്രമത്തില്‍ ശ്രീകാന്തിന്റെ കൂടെ ഞാനും പോയി. അവിടുത്തെ ഭജനയിലും മറ്റുമൊക്കെ പങ്കെടുത്തു. അവരുടെ സംഗീതസദസ്സില്‍ കീര്‍ത്തനം ആലപിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് അഞ്ച് കിലോമീറ്റര്‍ കിഴക്കായി മാവുങ്കാല്‍ എന്ന സ്ഥലത്താണ് ആനന്ദാശ്രമം. 1939ല്‍ വൈഷ്ണവ സന്യാസിയായ സ്വാമി രാംദാസ് സ്ഥാപിച്ചതാണത്. പ്രശാന്തമായ അന്തരീക്ഷവും നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അതീവലളിതമായ ആശ്രമക്കെട്ടിടങ്ങളും. ആശ്രമത്തിന് കിഴക്കുള്ള മഞ്ഞംപൊതിക്കുന്ന് പ്രകൃതിസൗന്ദര്യത്തെ ആത്മാവിലേക്കാവാഹിക്കാന്‍ പറ്റിയ സ്ഥലമാണ്. ഈ കുന്നിന്റെ ഉച്ചിയില്‍ കയറിയിരുന്ന് ചിലരൊക്കെ ധ്യാനത്തിലേര്‍പ്പെടാറുണ്ട്. ഒരിക്കല്‍ ആനന്ദാശ്രമത്തിലേക്ക് പോകുന്ന വഴി കാഞ്ഞങ്ങാട്ട് ഹോസ്ദുര്‍ഗ് കോട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന നിത്യാനന്ദാശ്രമവും സന്ദര്‍ശിച്ചു. ഒരു കാലത്ത് കൊടും വനമായിരുന്ന സ്ഥലത്ത് സ്വാമി നിത്യാനന്ദന്‍ നിര്‍മിച്ചതെന്ന് പറയപ്പെടുന്ന 45 ഗുഹകള്‍ ആണ് ഈ ആശ്രത്തിന്റെ സവിശേഷത. ഈ ഗുഹകളില്‍ ആളുകള്‍ ഏകാന്തധ്യാനം നടത്തുന്നു.

സ്പന്ദമാപിനികള്‍

സി രാധാകൃഷ്ണന്റെ മുമ്പേ പറക്കുന്ന പക്ഷികള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത് ആയിടെയാണെന്ന് തോന്നുന്നു. നക്‌സലൈറ്റായ അര്‍ജുന്റെ കഥ പറയുന്ന നോവല്‍. ഒട്ടേറെ രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകള്‍ ആ നോവലില്‍ കടന്നു വരുന്നുണ്ട്. പൊതുവെ സി.ആറിന്റെ നോവലുകളെല്ലാം അങ്ങനെയാണ്. ബൃഹദ് രചനകളാണ് എല്ലാം. അസ്തിത്വാന്വേഷണത്തിന്റെ കാലത്താണ് എഴുത്ത് തുടങ്ങിയതെങ്കിലും ദാര്‍ശനിക ദുരൂഹതകളെ തന്റെ എഴുത്തില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്തിയിരുന്നു അദ്ദേഹം. നോവല്‍ നവകം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പരമ്പരയുടെ ഭാഗമാണ് മുമ്പേ പറക്കുന്ന പക്ഷികള്‍. അതിന് മുന്നേ ആ സീരീസില്‍ എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മുമ്പേ പറക്കുന്ന പക്ഷികള്‍ക്ക് ശേഷം കരള്‍ പിളരും കാലം, വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍, ഇനിയൊരു നിറകണ്‍ചിരി എന്നിവയും വന്നു. ഈ ഒമ്പത് നോവലുകളെ ചേര്‍ത്ത് അപ്പുവിന്റെ അന്വേഷണം എന്ന പേരില്‍ ഡോ എം ലീലാവതിയുടെ ഒരു പഠനമുണ്ട്. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളുടെ നേരടയാളങ്ങളാണ് ആ നോവലുകള്‍. അതേസമയം ആധ്യാത്മികമായ ഒരവബോധത്തിലാണ് അവ അവസാനിക്കുന്നത്.

സി രാധാകൃഷ്ണൻ
സി രാധാകൃഷ്ണൻ

മനുഷ്യബന്ധങ്ങളുടെ ആഴം രചനകളുടെ കരുത്താക്കി മാറ്റിയ സാഹിത്യകാരനാണ് സി രാധാകൃഷ്ണന്‍. എല്ലാം മായ്ക്കുന്ന കടലിലാണല്ലോ നവകം ആരംഭിക്കുന്നത്. അര്‍ജുന്റെയും സഹോദരി അനുരാധയുടെയും കഥ വരുന്ന മുമ്പേ പറക്കുന്ന പക്ഷികളിലും കരള്‍ പിളരും കാലത്തിലും ഇനിയൊരു നിറകണ്‍ിചിരിയിലും അപ്പു ഒരു കര്‍മസാക്ഷിയുടെ റോളിലാണ്. ബാക്കിയുള്ളവയാകട്ടെ, അപ്പുവിന്റെ തന്നെ കഥയാണ്. ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെയില്‍ അപ്രധാനമായ ഒരു പ്രതലത്തിലേക്ക് മാറുന്നുമുണ്ട് അപ്പു. മരുമക്കത്തായത്തിന്റെ നന്മകളിലാണ് ആരംഭം. ബന്ധങ്ങളുടെ ദൃഢതയാണ് മരുമക്കത്തായത്തിന്റെ സവിശേഷത. കണ്ണൂരിലെ മാപ്പിളമാര്‍ക്കിടയില്‍ നിലവിലുള്ള, മരുമക്കത്തായത്തിന് സദൃശമായ മാതൃദായ ക്രമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് നേരിട്ട് ബോധ്യമുള്ള ഒരു കാര്യമാണത്. രക്തബന്ധങ്ങളുടെ ഉള്‍ക്കൂറ്റുറപ്പ് എന്ന് ഇതിനെപ്പറ്റി പ്രയോഗിക്കുന്നുണ്ട് എം ലീലാവതി.

അതേസമയം ഇതേ മരുമക്കത്തായം കുടുംബബന്ധങ്ങളില്‍ത്തന്നെ സൃഷ്ടിച്ച വിള്ളലുകളിലൂടെയാണ് പീന്നീട് ആഖ്യാനം പുരോഗമിക്കുന്നത് (പുഴ മുതല്‍ പുഴ വരെ). ഒരു അഭയാര്‍ത്ഥിയെപ്പോലെ പലായനം ചെയ്യുന്ന അപ്പു, പിന്നീട് ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു (പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി).

അറുപതുകളില്‍ കൊടൈക്കനാലിലെ അസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ സയന്റിഫിക് അസിസ്റ്റന്റായും പൂനെയിലെ വേള്‍ഡ് വൈഡ് സീസ്‌മോളജി സെന്ററില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജായും പ്രവര്‍ത്തിച്ചിരുന്നു രാധാകൃഷ്ണന്‍. ഉദ്യോഗത്തില്‍ നിന്നും രാജിവെച്ച അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. നമ്മുടെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെപ്പോലും ബാധിച്ച ജീര്‍ണതയെയാണ് പുള്ളിപ്പുലികള്‍ വരച്ചിടുന്നതെങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെയാണ് തീവ്ര പ്രതികരണങ്ങള്‍ക്കും വിധ്വംസക വിപ്ലവ ചിന്തകള്‍ക്കും നിമിത്തമാകുന്നത് എന്ന അന്വേഷണമാണ് സ്പന്ദമാപിനികള്‍. സത്യത്തില്‍ അപ്പുവിലൂടെ സി.ആറിനെത്തന്നെയാണ് നാം കാണുന്നത്. മുംബൈയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അപ്പുവിലൂടെ ഇന്ത്യയിലെ അധോലോകത്തിന്റെ കഥ അനാവരണം ചെയ്യുന്നു (ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ).

പിന്നെ വരുന്നത് അസംതൃപ്തികളുടെയും കലാപങ്ങളുടെയും കഥ. നക്‌സലൈറ്റ് പ്രസ്ഥാനത്തിലെ അംഗമായിരുന്ന അര്‍ജുനെത്തേടിയാണ് അപ്പുവിന്റെ യാത്ര (മുമ്പേ പറക്കുന്ന പക്ഷികള്‍). അടിയന്തിരാവസ്ഥയുടെ ദുരിതങ്ങളുടെ കരള്‍ പിളരുന്ന ആഖ്യാനമാണ് അടുത്തത് (കരള്‍ പിളരും കാലം).

പ്രവാസം ഉപേക്ഷിച്ച് അപ്പു ജന്മനാട്ടില്‍ തിരിച്ചെത്തുന്നു. നാട്ടില്‍ മരുമക്കത്തായം തകര്‍ന്നു. ബന്ധങ്ങളെക്കുറിച്ച സങ്കല്‍പനങ്ങളിലും കാതലായ മാറ്റങ്ങളുണ്ടായി (വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍). വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്ന അപ്പുവിനെത്തേടി അവസാനം അയാള്‍ വരുന്നു, അര്‍ജുന്‍. അക്കഥയാണ് അവസാനത്തെ നോവൽ (ഇനിയൊരു നിറകണ്‍ചിരി). അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ദല്‍ഹി രാഷ്ട്രീയം, ഇന്ദിരാഗാന്ധി, ധീരേന്ദ്ര ബ്രഹ്മചാരിയെയും ചന്ദ്രസ്വാമിയെയും പോലുള്ള വന്‍ രാഷ്ട്രീയ സ്വാധീനം നേടിയെടുത്ത കപടന്മാര്‍, ഉപജാപങ്ങള്‍ തുടങ്ങിയവയുടെ അടയാളങ്ങള്‍ ആ നോവലില്‍ കാണാം. ആരായിരുന്നു അര്‍ജുന്‍ എന്ന സസ്‌പെന്‍സ് തകരുന്നത് അതിലാണ്. മുമ്പേ പറക്കുന്ന പക്ഷികളുടെ അവസാനത്തില്‍ ഒരു അര്‍ജുന്‍ വരുന്നുണ്ട്. കരള്‍ പിളരും കാലത്തിന്റെ അവസാനത്തിലാകട്ടെ, അത് മറ്റൊരാളായി മാറി. യഥാര്‍ത്ഥ അര്‍ജുന്‍, ദല്‍ഹിയില്‍ തന്നോടൊപ്പം പത്രത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍, മുന്നിലേക്ക് വരുമ്പോള്‍ അപ്പു തന്നെയും ഞെട്ടുകയാണ്.

Bookworm -painting by Nino Chakvetadze
Bookworm -painting by Nino Chakvetadze

നന്നായി ചെവിയോര്‍ത്താല്‍ ഒരു കുമ്പിള്‍ വെള്ളത്തില്‍ ഒരു കടലിരമ്പം കേള്‍ക്കാം എന്ന് സി.ആര്‍ പ്രസ്താവിക്കുന്നത് എല്ലാം മായ്ക്കുന്ന കടലിലാണ്. ജീവിക്കാന്‍ മാത്രമല്ല, മരിക്കാനും മനുഷ്യന് മാനുഷികതയുടെ സ്പര്‍ശം വേണം എന്നാണ് കൊച്ചുമകന്‍ അപ്പുവിന്റെ സ്പര്‍ശത്തിന് വേണ്ടി മരിക്കാതെ കാത്തുകിടക്കുന്ന മുത്തച്ഛന്‍ ബോധ്യപ്പെടുത്തുന്നത്. തലമുറകളെ കൂട്ടിയിണക്കുന്ന ഓരോ കണികയിലും സ്‌നേഹത്തിന്റെ ഈ മരണമില്ലായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. നവകത്തിലെ അവസാനത്തെ നോവലിനെപ്പറ്റി അദ്ദേഹം പറയുന്നതാകട്ടെ; ചിരിക്കിടയില്‍ കരയാന്‍, അതായത് ചിരിച്ചു കൊണ്ട് കരയാന്‍ നമുക്ക് പറ്റില്ല. എന്നാല്‍ കരഞ്ഞു കൊണ്ട് ചിരിക്കാം. ഒരു നിറകണ്‍ചിരി. പിറന്നു വീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ, അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണ് നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരണ്ണാറക്കണ്ണനെക്കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുള്ളൂ. അത്രയുമുണ്ട്.

മനുഷ്യന്‍ നേടുന്ന അറിവുകള്‍ അവന്റെ നന്മയ്ക്ക് ഉപയോഗിക്കപ്പെടുന്നതിന് പകരം നശീകരണത്തിനുള്ള ആയുധങ്ങളായി മാറുന്നതിലുള്ള വേവലാതി നോവല്‍ നവകത്തില്‍ കാണാം. ഒപ്പം പലതരം വീക്ഷണങ്ങളും സ്വഭാവങ്ങളുമുള്ള പലതരം മനുഷ്യര്‍. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാലതയാണ് സി.ആറിന്റെ കാന്‍വാസിന്റെ സവിശേഷത. ശാസ്ത്രവും സാഹിത്യവും തമ്മിലും രാഷ്ട്രീയവും ആധ്യാത്മികതയും തമ്മിലുമുള്ള ഉദ്ഗ്രഥനത്തെയാണ് അവസാനത്തില്‍ ഈ നോവലുകള്‍ മുന്നോട്ട് വെക്കുന്നത്.

അവസാനത്തിലേക്കടുക്കുമ്പോള്‍ പരമ്പരയ്ക്ക് വേദാന്തത്തിന്റെ ഒരു സ്പര്‍ശം കൈവരുന്നു. സത്യത്തില്‍ ഇതിലൂടെയാണ് വേദാന്തത്തെ ഞാന്‍ ആദ്യം അറിയുന്നത്. വേദാന്തത്തെ ദ്വൈതമായും അദ്വൈതമായും വിശിഷ്ടാദ്വൈതമായുമൊക്കെ പലരും കണ്ടിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങള്‍ക്കെല്ലാമപ്പുറം സി രാധാകൃഷ്ണന്റെ വേദാന്തം സ്‌നേഹവേദാന്തമാണ്. വേദത്തിന് ജൈമിനി നല്‍കിയ വ്യാഖ്യാനത്തെ കര്‍മമീമാംസയെന്നും ബാദരായണന്‍ നല്‍കിയ വ്യാഖ്യാനത്തെ ജ്ഞാനമീമാംസയെന്നും പറയാറുണ്ടെങ്കില്‍ രാധാകൃഷ്ണനില്‍ അത് സ്‌നേഹമീമാംസയായിത്തീരുന്നു.

അര്‍ജുന്‍ ആയിരുന്ന കാലത്തെ നക്‌സലൈറ്റ് ആക്ഷനില്‍ നടത്തിയ കൊലപാതകത്തിന് പകരം വീട്ടാനുള്ള പ്രതിജ്ഞയുമായി നടക്കുന്ന, കൊല്ലപ്പെട്ടയാളുടെ മകന്റെ മുന്നിലേക്ക് പോകണം സിദ്ധാര്‍ത്ഥ് ഥാപ്പയ്ക്ക്. അപ്പുവും ഥാപ്പയും അയാളുടെ അടുത്തെത്തുന്നു. അവസാന നിമിഷത്തില്‍, പക്ഷേ അയാള്‍ ദുര്‍ബ്ബലനായിത്തീര്‍ന്നു. ചോരയ്ക്ക് ചോര പ്രതികാരത്തിന്റെ അര്‍ത്ഥരാഹിത്യത്തിലേക്കയാള്‍ ഉണര്‍ന്നു. ഭൗതികതയുടെ കൊലവിളികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ആത്മീയത അനുഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെയിലും ഉണ്ട്.

കുറേക്കൂടി താത്വികമായ ആത്മീയ ചര്‍ച്ചകളിലേക്കാണ് ശ്രീകാന്ത് സര്‍ എന്നെ നയിച്ചതെങ്കിലും അദ്ദേഹത്തിലും ഞാന്‍ ആ സ്‌നേഹഭാവം ദര്‍ശിച്ചു. അന്നും ഇന്നും അദ്ദേഹത്തിന്റെ തത്വങ്ങളെ ഞാന്‍ പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. അന്ന് അംഗീകരിച്ചത്ര പോലും ഇന്ന് അംഗീകരിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തെ സ്വന്തമായി ഏറ്റുവാങ്ങിയ മനസ്സ് ഇന്നും ഞാന്‍ കാത്തു സൂക്ഷിക്കുന്നു.

പിന്നീട് മതത്തെ അറിയുകയും ശ്ലാഘിക്കുകയും ചെയ്തപ്പോഴും സ്ഥാപിതമായ മതപ്രയോഗങ്ങളിലെ സങ്കുചിതത്വത്തെ തീര്‍ത്തും മാറ്റി നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതിന് സഹായിച്ചത് തീരെ കുറച്ചെങ്കിലും എനിക്കുണ്ടായിട്ടുള്ള വിലയേറിയ ബന്ധങ്ങളും പിന്നെ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും തന്നെയാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും ജീവിതത്തെപ്പറ്റി ശരിയായ ഉള്‍ക്കാഴ്ച നല്‍കി. പലതരം ചുറ്റുപാടുകളും സംസ്‌കാരങ്ങളും വ്യത്യസ്തമായ അവബോധങ്ങളും വാസനകളും. ഒരു വ്യക്തിയെ നിര്‍മിക്കുന്നതില്‍ ചുറ്റുപാടുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതവും ചരിത്രവുമൊന്നും കൃത്യവും രേഖീയവുമല്ല താനും. അങ്ങനെ വരുമ്പോള്‍ ആളുകളെ വിധിക്കാനും പഴിക്കാനും ഞാനാര്?

അരാജകത്വത്തെ വായിക്കുമ്പോൾ

painting by William Harnett
ഒരു വായനാത്മ(ക)കഥ അഞ്ച്
ഭാഗം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവ വായിക്കുക

അരാജകം

അരാജകവാദം അഥവാ അനാര്‍കിസം എന്നതിന് പല സമീപനങ്ങളുണ്ട്. ഒരുപക്ഷേ, ഉദാര വ്യക്തിവാദത്തെയും (liberal individualism) ബൊഹീമിയനിസത്തെയും എസ്‌കേപ്പിസത്തെയുമൊക്കെയാണ് ഇന്ന് അനാര്‍കിസം എന്ന് വിശേഷിപ്പിക്കാറുള്ളത്. unconventional ആയ ജീവിതരീതികള്‍ (ഫ്രീക്കന്‍) സ്വീകരിക്കുന്നവരെയാണ് പൊതുവെ ബൊഹീമിയന്‍ എന്ന് പറയുക. സിസ്റ്റത്തോടുള്ള പ്രതിഷേധത്തിന്റെ മറവില്‍ വൈയക്തികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും പൗരധര്‍മങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രവണതയെ എസ്‌കേപ്പിസം എന്ന് പറയാം. യഥാര്‍ത്ഥത്തില്‍ ഇന്‍ഡിവിജ്വല്‍ അനാര്‍കിസം, എതിസ്റ്റ് അനാര്‍കിസം, ഫെമിനിസ്റ്റ് അനാര്‍കിസം, അനാര്‍കോ പസിഫിസം, ക്രിസ്ത്യന്‍ അനാര്‍കിസം, അനാര്‍കോ കമ്യൂനിസം എന്നിങ്ങനെ അനാര്‍കിസത്തിന് പല വകഭേദങ്ങളുമുണ്ട്.

painting by William Harnett
painting by William Harnett
anarchia എന്നതാണ് ഗ്രീക് മൂലരൂപം. അന (an) എന്നാല്‍ without എന്നും ആര്‍ക്കോസ് (archos) എന്നാല്‍ ruler, leader എന്നിങ്ങനെയുമാണ് അര്‍ത്ഥം. അനാര്‍ക്കോസ് എന്ന പദത്തിന് one without ruler എന്നും.
ഹെന്റി ഡേവിഡ് തോറോ
ഹെന്റി ഡേവിഡ് തോറോ
ഒരര്‍ത്ഥത്തില്‍, വ്യവസ്ഥിതിക്കെതിരെ ചിന്തിക്കുന്നവരെയാണ് അനാര്‍കിസ്റ്റുകള്‍ എന്നു വിളിക്കുക. ഈ അര്‍ത്ഥത്തില്‍ എല്ലാ കലാപകാരികളും പ്രവാചകന്മാരും തത്വചിന്തകന്മാരും അനാര്‍കിസ്റ്റുകളാണ്. സമ്പ്രദായങ്ങളെ നിരാകരിച്ചവരാണ് മഹാത്മാ ഗാന്ധിയും മാര്‍ക്‌സുമെല്ലാം. ഗാന്ധിയുടെ രാഷ്ട്രീയ പ്രചോദനങ്ങളില്‍ ഒരാളായിരുന്ന ഹെന്റി ഡേവിഡ് തോറോയുടെ (Henry David Thoreau) സിദ്ധാന്തം പസിഫിസ്റ്റ് അനാര്‍കിസം അഥവാ അനാര്‍കോ പസിഫിസം ആണ്. അഹിംസാധിഷ്ഠിത സാമൂഹ്യ വിപ്ലവം എന്ന ആശയം തന്നെ തോറോയുടേതാണ്. യുദ്ധവും വയലന്‍സും യാതൊരു കാരണവശാലും നീതീകരിക്കാന്‍ സാധിക്കില്ല എന്ന തീവ്ര ചിന്ത വെച്ചു പുലര്‍ത്തുന്നവരെയാണ് പസിഫിസ്റ്റ് എന്ന് പറയുക. Transcendentalsim (അനുഭവാതീത ജ്ഞാനവാദം) എന്ന പേരില്‍ കിഴക്കന്‍ ഐക്യനാടുകളില്‍ ആയിരത്തെണ്ണൂറ്റി ഇരുപതുകള്‍ തൊട്ട് പ്രചാരം നേടിയ ഫിലോസഫിക്കല്‍ മൂവ്‌മെന്റിലെ അംഗവും കൂടിയായിരുന്നു തോറോ. മനുഷ്യരുടെയും പ്രകൃതിയുടെയും ജനിതക വിശുദ്ധിയില്‍ (the inherent goodness of people and nature) വിശ്വസിക്കുന്നവരാണ് ട്രാന്‍സെന്‍ഡെന്റലിസ്റ്റുകള്‍. മതപരമായ തത്വചിന്തകളുടെ സ്വാധീനമുണ്ടായിരുന്ന അനുഭവാതീത ജ്ഞാനവാദം, പക്ഷേ, സ്ഥാപിത മതരൂപങ്ങളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും വിമര്‍ശിച്ചു. വ്യക്തിയുടെ പ്യൂരിറ്റിയെ അത്തരം സ്ഥാപനങ്ങള്‍ കളങ്കപ്പെടുത്തുന്നു എന്നാണ് അവര്‍ വാദിച്ചത്. സ്വാശ്രയിയും സ്വതന്ത്രനും (self-reliant and independent) ആയിരിക്കുന്നേടത്തോളം മനുഷ്യര്‍ ഉത്തമന്മാരായിരിക്കും. എല്ലാവരിലും ദൈവത്തിന്റെ അംശം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ദൈവാംശത്തെ വിപുലപ്പെടുത്തുന്ന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ് മത, രാഷ്ട്രീയ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. യഥാര്‍ത്ഥ ഇന്‍ഡിവിജ്വലുകള്‍ക്ക് മാത്രമേ സത്യത്തില്‍ നിലകൊള്ളുന്ന സമുദായത്തെ നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ അനുഭവാതീത ജ്ഞാനവാദം വ്യക്തിവാദത്തിന്റെ (individualism) നിലപാട് കൈക്കൊള്ളുന്നു. എന്നാല്‍ അത് മൂല്യങ്ങളെ നിരാകരിക്കുന്ന ലിബറല്‍ ഇന്‍ഡിവിജ്വലിസമായി മാറുന്നില്ല താനും. ആധുനിക പരിസ്ഥിതി വാദത്തിന് അടിത്തറയിട്ടവരിലൊരാളും കടുത്ത അടിമത്ത വിരുദ്ധനും (abolitionist) ആയി അറിയപ്പെട്ടിരുന്ന തോറോയുടെ കൃതികളില്‍ പ്രധാനപ്പെട്ടതാണ് On the Duty of Civil Disobedience (aka Resistance to Civil Government). ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആധാരം തന്നെ ഇതാണെന്ന് പറയാം. അതേസമയം സമരങ്ങള്‍ പൂര്‍ണമായും അഹിംസാധിഷ്ഠിതമായിരിക്കണമെന്നും തോറോ വാദിച്ചു. ഗാന്ധിയെപ്പോലെ തോറോയില്‍ നിന്ന് പ്രചോദിതരായിരുന്നു ടോള്‍സ്‌റ്റോയിയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങുമെല്ലാം.
പിയർ ഴൂസെഫ് പ്രൂധോ
പിയർ ഴൂസെഫ് പ്രൂധോ
ഫ്രഞ്ച് ചിന്തകനായ പിയര്‍ ഴൂസെഫ് പ്രൂധോ (Pierre-Joseph Proudhon) ആണ് തന്റെ സാമൂഹ്യചിന്തയെ അനാര്‍കിസം എന്ന് ആദ്യമായി വിളിക്കുന്നത്. അദ്ദേഹത്തിന്റെ The Philosophy of Poverty (aka The System of Economic Cotnradictions) എന്ന പുസ്തകത്തെ വിമര്‍ശിച്ചു കൊണ്ട് കാള്‍ മാര്‍ക്‌സ് The Poverty of Philosophy എന്ന പുസ്തകമെഴുതിയിട്ടുണ്ട്. എന്നാല്‍ പ്രൂധോയുടെ ചിന്തയെ മാര്‍ക്‌സ് തന്നെയും വിശേഷിപ്പിച്ചത് അനാര്‍കോ കമ്യൂനിസം എന്നായിരുന്നു. ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം എന്ന് പ്രൂധോ തന്റെ കൃതിക്ക് പേര് നല്‍കിയത് മാര്‍ക്‌സിനെ പരിഹസിക്കുന്നതിന് വേണ്ടിയായിരുന്നെങ്കില്‍ ഒരു തത്വചിന്തകന്റെ നര്‍മബോധത്തെ പ്രകടമാക്കുന്നതായിരുന്നു തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന തലക്കെട്ടിലൂടെ മാര്‍ക്‌സ് നല്‍കിയ തിരിച്ചടി. ഭൗതികോല്‍പന്നങ്ങള്‍ക്കൊപ്പം മനുഷ്യന്‍ സാമൂഹ്യബന്ധങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്ന ആശയത്തെ പ്രൂധോ പരിഹസിച്ചു. അതേസമയം മാര്‍ക്‌സിനെസ്സംബന്ധിച്ചിടത്തോളം തുണിയോ ചണമോ പോലെ മനുഷ്യന്‍ സാമൂഹിക ബന്ധങ്ങളും ഉല്‍പാദിപ്പിക്കുന്നുണ്ട്. സാമൂഹിക ബന്ധങ്ങളാകട്ടെ, ഉല്‍പാദന ശക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ്. പുതിയ ഉല്‍പാദന ശക്തികള്‍ രംഗപ്രവേശം ചെയ്യുന്നതോടെ മനുഷ്യന്‍ ഉല്‍പാദന രീതിയില്‍ മാറ്റം വരുത്തുന്നു. അതാകട്ടെ, ഉപജീവന രീതിയില്‍ത്തന്നെയുള്ള മാറ്റമാണ്. അതോടെ എല്ലാ സാമൂഹിക ബന്ധങ്ങളിലും മാറ്റം വരുന്നു. കൈത്തൊളില്‍ ശാലകളുടെ സൃഷ്ടിയായിരുന്നു നാടുവാഴിത്തം. ആവി യന്ത്രശാലകളാകട്ടെ, മുതലാളിമാര്‍ക്ക് ജന്മം നല്‍കി. അതായത്, ഭൗതികോല്‍പാദനം നടത്തുന്ന മനുഷ്യര്‍ ആ ഉല്‍പാദന രീതിക്ക് അനുഗുണമായ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അതോടൊപ്പം ആ സാമൂഹിക ബന്ധങ്ങള്‍ക്ക് നിരക്കുന്ന തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കുമൊക്കെ അവര്‍ ജന്മം നല്‍കുന്നു. എന്നാല്‍ ഈ ആശയങ്ങളും വര്‍ഗങ്ങളും ഈ ബന്ധങ്ങളെപ്പോലെത്തന്നെ ശാശ്വതമല്ല. കേവലം ചരിത്രബന്ധിതവും മാറിക്കൊണ്ടിരിക്കുന്നതുമായ ഉല്‍പന്നങ്ങള്‍ മാത്രം.
ബക്കൂനിൻ
ബക്കൂനിൻ

അരാജകവാദപരമായ തന്റെ നിലപാടില്‍ നിന്നു കൊണ്ട് വര്‍ഗസമരം, തൊഴിലാളി വര്‍ഗവിപ്ലവം, വര്‍ഗ സര്‍വാധിപത്യം തുടങ്ങിയ ആശയങ്ങളോട് പ്രൂധോ നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ഭരണകൂടത്തിന്റെ ആവശ്യകതയെ തീര്‍ത്തും നിരാകരിക്കുകയും ചെയ്തു.

പ്രൂധോയെ മാത്രമല്ല, അരാജക വിപ്ലവസിദ്ധാന്തങ്ങള്‍ ഉന്നയിച്ച റഷ്യന്‍ റവലൂഷനറി അനാര്‍കിസ്റ്റ് മിഖയേല്‍ അലക്‌സിയേവിച് ബക്കൂനിനെയും (Michael Alexandrovich Bakunin) മാര്‍ക്‌സ് തള്ളിക്കളഞ്ഞു. പ്രൂധോ കുറേക്കാലം മാര്‍ക്‌സിന്റെ സുഹൃത്തായിരുന്നെങ്കില്‍ പാരീസില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു ബക്കൂനിന്‍. ബക്കൂനിന്‍ നിലകൊണ്ടത് തോറോയെയും ട്രാന്‍സെന്‍ഡെന്റലിസ്റ്റുകളെയും പോലെ മനുഷ്യന്‍ പ്രകൃത്യാ ഉല്‍കൃഷ്ടനാണ് എന്ന വാദത്തിലായിരുന്നു. എന്നാല്‍ തോറോയുടെ പസിഫിസത്തിന് വിരുദ്ധമായി ഹിംസാത്മകമായ സമരങ്ങളെ അദ്ദേഹം ന്യായീകരിച്ചു. propaganda of the deed (propaganda by the deed) എന്ന അനാര്‍കിസ്റ്റ് സിദ്ധാന്തത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. ഹിംസാത്മകവും സായുധവുമായ കലാപങ്ങള്‍, ഉന്മൂലനം തുടങ്ങിയ പ്രവര്‍ത്തനരീതികളെ സിദ്ധാന്തവല്‍ക്കരിക്കുന്ന തത്വമായിരുന്നു അത്. ഏതാണ്ട് സമാനമായ ഒരു സിദ്ധാന്തം നിചായേവിസമാണ്. ദസ്തയെവ്‌സ്‌കിയുടെ ഡെമന്‍സില്‍ പ്യോതര്‍ സ്‌തെപാനവിച് വെര്‍കൊവന്‍സ്‌കി എന്ന ഒരു കഥാപാത്രമുണ്ട്. സെര്‍ഗി ഗെന്നാഡിയേവിച് നിചായെവ് (Sergey Gennadiyevich Nechayev) എന്ന റഷ്യന്‍ കലാപകാരിയാണ് ഈ കഥാപാത്രനിര്‍മിതിയുടെ പ്രേരകം എന്ന് പറയപ്പെട്ടിട്ടുണ്ട്. ആദര്‍ശരാഹിത്യത്തെയും ഭീകരപ്രവൃത്തികളെയും കാല്‍പനികഛായ നല്‍കി കൊണ്ടു നടക്കുന്ന പ്രവണതയാണ് നിചായെവിന്റെ തത്വങ്ങളുടെ (നിചായേവിസം) അടിത്തറ.
വിപ്ലവത്തിന് കൃത്യമായ പാര്‍ട്ടി, പരിപാടി, രൂപരേഖ എന്നിവയൊന്നും ആവശ്യമില്ലെന്നും അത് രൂപപ്പെട്ടു വരുന്ന ഒന്നാണ് എന്നുമാണ് ബക്കൂനിന്‍ സിദ്ധാന്തിച്ചത്. തൊഴിലാളി വര്‍ഗഭരണകൂടം എന്ന സങ്കല്‍പത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെയൊന്ന് താല്‍ക്കാലികമായിപ്പോലും ഉണ്ടാവരുതെന്നും അഥവാ ഉണ്ടായാല്‍ ഫലത്തില്‍ അത് ചുവപ്പ് ബൂര്‍ഷ്വാസിയായിത്തീരും എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
ഇത്തരം എല്ലാ അരാജകവാദങ്ങളെയും ആശയവാദപരവും പെറ്റിബൂര്‍ഷ്വാ ഭാവുകത്വം പേറുന്നതും എന്ന് മാര്‍ക്‌സ് തള്ളിക്കളഞ്ഞു.

അധികാരവും ഉത്തരവാദിത്വവും

നിലനില്‍ക്കുന്ന സമ്പ്രദായത്തെയും അധികാരവ്യവസ്ഥയെയും തള്ളിക്കളഞ്ഞവരാണ് പ്രവാചകന്മാരും എന്നാണ് പിന്നീട് മതത്തെയും അതിന്റെ തത്വശാസ്ത്രത്തെും വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്. സ്ഥാപിത മതരൂപങ്ങള്‍ മനുഷ്യനിലെ സ്വാഭാവിക നന്മയെ corrupt ചെയ്യുന്നു എന്ന, ട്രാന്‍സെന്‍ഡെന്റലിസ്റ്റുകളുടെ നിരീക്ഷണം വളരെ ശരിയാണെങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായ മതമൂല്യങ്ങളെപ്പറ്റി അവര്‍ തന്നെ പറയുന്നുണ്ടല്ലോ. സത്യത്തില്‍ അധികാരം (power) എന്ന ആശയത്തെ നിരാകരിക്കുകയും പകരം ഉത്തരവാദിത്വത്തെ (authority) സ്ഥാപിക്കുകയുമാണ് പ്രവാചകന്മാര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പവറിന്റെ നിരാകരണത്തിന്റെ തലത്തില്‍ അവരെയും അനാര്‍ക്കിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കാം. ഒരര്‍ത്ഥത്തില്‍ ഈ കാഴ്ചപ്പാട് തന്നെയാണ് ക്ലാസ്സിക്കല്‍ അനാര്‍കിസം.

9780241969601

ചെറുതെങ്കിലും ഒരു സംഘം രൂപം കൊള്ളുമ്പോള്‍ അതിനൊരു ക്രമം വേണമെന്ന് അന്നത്തെ സാമൂഹിക ക്രമത്തെ പാടെ നിരാകരിച്ച മുഹമ്മദ് നബി തന്നെ പഠിപ്പിക്കുന്നുണ്ട്. മൂന്ന് പേര്‍ ഒരു യാത്ര ചെയ്യുമ്പോള്‍ മൂന്നിലൊരാളെ നേതാവായി തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. അതേസമയം അതു മുതല്‍ക്കങ്ങോട്ട് രാഷ്ട്ര നേതൃത്വം വരെയുള്ള അദ്ദേഹത്തിന്റെ പാഠങ്ങളിലെവിടെയും കേന്ദ്രീകൃതവും ശക്തവുമായ അധികാരത്തെപ്പറ്റി (power) പറയുന്നില്ല. നേതൃത്വം (ഇമാറത്ത്), നേതാവ് (അമീര്‍, ഇമാം) തുടങ്ങിയ പദങ്ങളേ ഉപയോഗിക്കുന്നുള്ളൂ.
വിപ്ലവം ഉണ്ടാകുന്നതാണ്, അതിന് അച്ചടക്കവും സംഘവുമൊന്നും വേണമെന്നില്ല എന്ന ചിന്താഗതിയും അരാജക വ്യക്തിവാദവും അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. മാര്‍ക്‌സിന്റെ അരാജകത്വവിമര്‍ശങ്ങള്‍ക്കും ഈ തലവും കൂടി ഉണ്ടായിരുന്നു.
മതതത്വചിന്തകളെ ഞാന്‍ വളരെപ്പിന്നീടാണ് വായിച്ചത്. ആ കഥ പുറകേ പറയാം. സാന്ദര്‍ഭികമായി സാമൂഹിക പരിവര്‍ത്തനത്തില്‍ പ്രവാചകന്‍ പ്രയോഗിച്ച രീതിയെപ്പറ്റി എന്റെ ഒരു വിലയിരുത്തല്‍ പങ്കു വെക്കാം.
പരിവര്‍ത്തനം ഒരു വിപ്ലവം ആയിത്തീരുന്നതിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളാണ് നാം പൊതുവേ വെച്ചു പുലര്‍ത്താറുള്ളത്. revolution എന്ന് പറയും. വിപ്ലവം എന്ന് നിസ്സംശയം പറയാവുന്ന പല സംഭവങ്ങള്‍ക്കും ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം തന്നെ അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഏതൊരു വിപ്ലവത്തെയും അനിവാര്യമാക്കിത്തീര്‍ക്കുന്ന ചില സാമൂഹികാവസ്ഥകളുണ്ട്. ഇത്തരം അവസ്ഥകളോടുള്ള പ്രതികരണമായിരിക്കും എല്ലാ വിപ്ലവങ്ങളും.

കലാപം

അതേസമയം revolution എന്ന പദം സ്വയം ചില ആശയങ്ങളുള്‍ക്കൊള്ളുന്നുണ്ട്. revolutio എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് അതിന്റെ ഉല്‍പത്തി. a turn around എന്നാണ് അതിന്റെ അര്‍ത്ഥം. രാഷ്ട്രീയമായി ഇതിനെ നിര്‍വചിക്കുമ്പോള്‍ രാഷ്ട്രീയാധികാരത്തിലോ സമൂഹഘടനയിലോ സംഭവിക്കുന്ന മൗലികമാറ്റം (a fundamental change in political power or social structure) എന്ന് പറയാം. ഇത് രണ്ട് തരത്തിലാവാമെന്ന് അരിസ്‌റ്റോട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു constitution തീര്‍ത്തും മറ്റൊന്നായി മാറലാണ് ഒന്ന്. അതേസമയം നിലനില്‍ക്കുന്ന constitutionല്‍ വരുത്തുന്ന പരിഷ്‌കരണം ആണ് രണ്ടാമത്തെത്. എന്തായാലും നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയ്‌ക്കെതിരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സംഭവിക്കുന്ന ജനകീയമായ പ്രക്ഷോഭം എന്ന് സാമാന്യമായി revolutionനെ നിര്‍വചിക്കാം.

ഓക്‌സ്‌ഫെഡ് നിഘണ്ടുവില്‍ ഈ പദത്തിന് നല്‍കിയിരിക്കുന്ന ഒരര്‍ത്ഥം an instance of revolving എന്നാണ്. a forcible overthrow of a government or social order, in favour of a new system എന്നുമുണ്ട്. ഏതാണ്ടിതേ അര്‍ത്ഥത്തോടൊപ്പം കേംബ്രിജ് നിഘണ്ടുവില്‍ often using violence or war എന്നും കാണാം. ഒരു sudden and drastic change ആണ് revolution എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് സാമാന്യമായിപ്പറയാം. അതായത് അതി കര്‍ക്കശവും ഝടുതിയില്‍ സംഭവിക്കുന്നതുമായ പരിവര്‍ത്തനം.

anarchism

ഇത്തരം പരിവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ അനിവാര്യമായിത്തീരുമങ്കിലും, ഇതൊരു ആഘാതം പോലെയാണ്. മുകളില്‍ നിന്നും വന്നു വീഴുന്നത്. പെട്ടെന്ന് ഫലിക്കുകയും അതിനെക്കാള്‍ പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്ന വിളവു പോലെയാണിത്. പലപ്പോഴും വൈകാരികമായ പ്രതികരണം മാത്രമായിരിക്കുമത്. മാറ്റത്തിന് ആധാരമായിരിക്കുന്ന രാഷ്ട്രീയമോ തത്വശാസ്ത്രമോ ജനങ്ങളെ ഒട്ടും സ്വാധീനിച്ചിട്ടുണ്ടാവില്ല. മനുഷ്യപ്പറ്റില്ലാത്ത അധികാരപ്രയോഗത്തിനെതിരായ ഒരുടന്‍ കലാപം. അങ്ങനെ രൂപപ്പെടുന്ന വിപ്ലവമാകട്ടെ, പലപ്പോഴും സ്വന്തം സന്തതികളെ കൊന്നുതിന്നുന്ന അവസ്ഥയുമുണ്ടാകും. ചിലപ്പോള്‍ ഒരു സ്വേച്ഛാധികാരത്തിന്റെ സ്ഥാനത്ത് മറ്റൊരു മേല്‍ക്കോയ്മ രൂപപ്പെടുകയാവും ഫലം.
പെട്ടെന്ന് വന്നു വീഴുന്നതായതിനാല്‍ ഇത് reversible ആയിരിക്കും. സ്ഥായിയായ പരിവര്‍ത്തനം മുകളില്‍ നിന്ന് ആപതിക്കുന്ന ഒന്നല്ല, മറിച്ച് തറയില്‍ വേര് പിടിച്ച് ക്രമപ്രവൃദ്ധമായി വളരുന്ന ഒന്നാണ്. അത് irreversible ആയിരിക്കും.
5cd9d0f29899b5bac8d85cefeb738470
ഈ പ്രക്രിയയെ evolution എന്ന് വിളിക്കാം. ഈ വാക്കും ലത്തീനില്‍ നിന്ന് വന്നതാണ്. evolutio എന്നതാണ് ഇതിന്റെ മൂലരൂപം. act of unrolling എന്ന് അര്‍ത്ഥം. evolve എന്ന ക്രിയാരൂപത്തിന് ആവിഷ്‌കരിക്കുക, ഘട്ടം ഘട്ടമായി വളര്‍ത്തിയെടുക്കുക എന്നെല്ലാം അര്‍ത്ഥമുണ്ട്. എവലൂഷന്‍ എന്ന പ്രയോഗം മൂവ്‌മെന്റിനെ സൂചിപ്പിക്കുന്നു. തന്റെ വിധിവാദത്തെ സ്ഥാപിക്കാന്‍ വേണ്ടി സെന്റ് അഗസ്റ്റിന്‍ ഈ പദം ഉപയോഗിക്കുന്നുണ്ട്. ചുരുട്ടിവെച്ച പരവതാനിയിലെന്ന പോലെ സകല കാര്യങ്ങളും എഴുതപ്പെട്ടിരിക്കുകയാണെന്നും അത് ചുരുള്‍ നിവരുന്നതിനനുസരിച്ചാണ് പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. ജീവപരിണാമത്തെ സൂചിപ്പിക്കാന്‍ ശാസ്ത്രജ്ഞരും ഇതേ വാക്ക് തന്നെ ഉപയോഗിക്കുന്നു.
the gradual development of something എന്നതാണ് evolution എന്നതിന് ഒക്‌സ്‌ഫെഡ് നിഘണ്ടു നല്‍കിയിരിക്കുന്ന ഒരര്‍ത്ഥം. ഇതാണ് ശരിയും സ്ഥായിയുമായ പ്രോസസിനെ സൂചിപ്പിക്കുന്ന ശബ്ദം. ഝടുതിയിലുള്ളതും വരണ്ടതുമാണ് റവലൂഷനെങ്കില്‍, എവലൂഷന്‍ ക്രമപ്രവൃദ്ധമായ വികാസമാണ്. മനുഷ്യസമൂഹത്തിന്റെ ജൈവികവും സാമൂഹികവുമായ പരിണാമങ്ങളെപ്പറ്റി ഖുര്‍ആന്‍ ത്വബഖന്‍ അന്‍ ത്വബഖ് എന്ന് പ്രയോഗിക്കുന്നുണ്ട്. പടിപടിയായി എന്നാണ് ത്വബഖന്‍ അന്‍ ത്വബഖിന്റെ അര്‍ത്ഥം.

ഒരു വഴിത്തിരിവ്

എന്തായാലും തല്‍ക്കാലം ഈ ചര്‍ച്ചയെ ഇവിടെ വിട്ടിട്ട് അക്കാലത്തെ എന്റെ മാനസികാവസ്ഥകളിലേക്ക് തിരികെ വരാം.

അരാജകത്വപരമായ ബോധം സൃഷ്ടിക്കുന്നതില്‍ അസ്തിത്വവാദപരമായ അന്വേഷണങ്ങളും വലിയ പങ്കു വഹിക്കുന്നു.
അലഞ്ഞു തിരിഞ്ഞങ്ങനെ നടക്കുന്ന നേരത്ത് ഉപ്പ എനിക്കൊരു ജോലി ശരിയാക്കിത്തന്നു. പയ്യന്നൂരിലെ തേജസ് വസ്ത്രാലയത്തില്‍ കണക്കെഴുത്താണ് പണി. താമസവും പയ്യന്നൂരില്‍ത്തന്നെ. മൂന്നരവര്‍ഷത്തോളം പയ്യന്നൂര്‍ അയോധ്യ ലോഡ്ജില്‍ താമസിച്ചു. ജീവിതം അവ്യവസ്ഥിതത്വത്തിന്റെ ഉച്ചിയിലേക്ക് പോയതും വായനയിലും ജീവിതത്തിലും വലിയൊരു വഴിത്തിരിവുണ്ടായതും അവിടെ വെച്ചാണ്.
മാസവാടകയ്ക്ക് ദീര്‍ഘകാലം താമസിക്കുന്നവരായതു കൊണ്ടു തന്നെ അയോധ്യയില്‍ എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. ഇടയ്ക്കിടെ പാര്‍ട്ടികളും മദ്യവും ബഹളവും ഒരുമിച്ച് സിനിമയ്ക്ക് പോക്കും ഒക്കെയായി മിക്കവാറും എല്ലായ്‌പോഴും ഉല്‍സവപ്രതീതി. അധികം പേരും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമൊക്കെയായതു കൊണ്ട് ഔദ്യോഗിക അവധി ദിനങ്ങളില്‍ അവരെല്ലാം നാട്ടില്‍ പോകും. അപ്പോഴവിടെ ഒരുതരം ശ്മശാന മൂകത ഫീല്‍ ചെയ്യും. എനിക്കാണെങ്കില്‍ ഞായറാഴ്ചകള്‍ കഴിഞ്ഞാല്‍ രണ്ട് പെരുന്നാളുകളും ഓണവും വിഷുവും ക്രിസ്മസും മാത്രമാണ് അവധിദിനങ്ങള്‍. ഏകാന്തവേളകളില്‍ അസഹ്യമായ ഒരുതരം വിഷാദം എന്നെ ബാധിക്കാറുണ്ട്.
അവിടുത്തെ താമസക്കാരും രീതികളുമായി ഞാന്‍ പെട്ടെന്ന് ഇഴുകിച്ചേര്‍ന്നു. പാര്‍ട്ടികള്‍ മൂക്കുമ്പോള്‍ ഞാന്‍ പാട്ടു പാടല്‍ നിര്‍ബ്ബന്ധമാണ്. ഞാനാകട്ടെ, അന്നേരം മതിമറന്ന് പാടും.
Art and Literature by Loren Entz
ശറാബ് ചീസ് ഹി ഐസീ ഹെ ന ഛോഡി ജായേ
യെ മേരെ യാര്‍ കെ ജൈസീ ഹെ ന ഛോഡി ജായേ..
ചിലപ്പോള്‍ പാട്ടും കൂത്തുമൊക്കെ പാതിരാ വരെ നീളും. അതും ഉച്ചസ്ഥായിയില്‍.
സബ്‌കോ മാലൂം ഹേ മേ ശറാബീ നഹീ
ഫിര്‍ ഭി കോയീ പിലായേ തൊ മേ ക്യാ കരൂം
സിര്‍ഫ് ഇക് ബാര് നസരോം സെ നസരേ മിലേ
ഓര്‍ കസം ടൂട്ട് ജായേ തൊ മേ ക്യാ കരൂം
എന്റെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നയാളെ അധികം പുറത്തെങ്ങും കാണാറില്ല. എന്നുതന്നെയല്ല, ആള്‍ ജോലിക്കെങ്ങും പോകുന്നതും കണ്ടിട്ടില്ല. ചിലപ്പോള്‍ മുറിയും പൂട്ടി പുറത്തേക്കൊരു പോക്ക് പോകും. പിന്നെ കുറച്ച് ദിവസം കഴിഞ്ഞേ വരൂ.
അന്വേഷിച്ചപ്പോള്‍, ഒരെഴുത്തുകാരനാണ് അയാള്‍ എന്ന് മനസ്സിലായി. ഒരു വേദാന്തചിന്തകനാണ്. ശ്രീകാന്ത് എന്നാണ് പേര്. പുസ്തകങ്ങള്‍ എഴുതി സ്വന്തമായി പബ്ലിഷ് ചെയ്യുന്നു. ഇന്റെഗ്രല്‍ ബുക്‌സ് എന്നാണ് പ്രസാധനശാലയുടെ പേര്. അതിന്റെ ഓഫീസും വിതരണശാലയുമൊക്കെ ആ മുറിയാണ്.
ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വാതില്‍ക്കല്‍ ഒന്ന് മുട്ടി. വാതില്‍ തുറന്ന് ആകര്‍ഷകമായ പുഞ്ചിരിയോടെ അദ്ദേഹം വരൂ എന്ന് അകത്തേക്ക് ക്ഷണിച്ചു. ഒരു പുസ്തകം തരാമോ വായിക്കാന്‍ എന്ന് എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാന്‍ ചോദിച്ചു. അദ്ദേഹം തന്നത് ദേബീപ്രസാദ് ചതോപാധ്യായയുടെ ഇന്ത്യന്‍ ഫിലോസഫി എന്ന പുസ്തകമാണ്. അതെന്നെ അല്‍ഭുതപ്പെടുത്തി. ഇടതു ചിന്തകനും ഭൗതികവാദിയുമാണ് ദേബീപ്രസാദ്. ഇന്ത്യന്‍ തത്വചിന്തയുടെ വേര് ലോകായതമാണെന്ന് സ്ഥാപിക്കുന്നയാള്‍. (പ്രാചീനഭാരതത്തിലെ നിരീശ്വരവാദിയും ഹേതുവാദിയുമായ ചാര്‍വാകന്റെ ദര്‍ശനമാണ് ലോകായതം). ഒരു വേദാന്തിയായ ഇദ്ദേഹം തന്റെ ചിന്തയുടെ നേരെ എതിര്‍ പക്ഷത്തുള്ള പുസ്തകമാണല്ലോ തന്നത് എന്ന അല്‍ഭുതം ഞാന്‍ മറച്ചുവെച്ചില്ല.
അതു സാരമില്ല, അദ്ദേഹം പറഞ്ഞൂ. അത് വായിക്കൂ. വായിച്ചു കഴിഞ്ഞ് നമുക്ക് ചര്‍ച്ച ചെയ്യാമല്ലോ.