അധികാരം, ഫാഷിസം ചാവാലിപ്പട്ടികളുടെ കുരയും

19105804_1409336542465002_3333298466158850316_n
ആഗോളസാമ്രാജ്യത്വത്തെ കടലാസു പുലി എന്ന് വിശേഷിപ്പിച്ചത് മാവോയാണ്. മൂന്നാം ലോകരാജ്യങ്ങളുടെ അനൈക്യം മാത്രമാണ് അതിനെ നിലനിര്ത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
 
കസന് സക്കീസിന്റെ ലാസ്റ്റ് ടെംപ്‌റ്റേഷന് ഒഫ് ക്രൈസ്റ്റില് പീലാത്തോസ് യേശുവിനെ വിചാരണ ചെയ്യുന്ന ഒരു സന്ദര്ഭമുണ്ട്. നീ ആരാണ് എന്ന് പീലാത്തോസിന്റെ ചോദ്യം. ആരായിട്ടാണ് നീ നിന്നെ സ്വയം പ്രതിഷ്ഠിക്കുന്നത് എന്നാണ് ആ ചോദ്യത്തിന്റെ അര്ത്ഥം. അപ്പോള് യേശു ഒരു കഥ പറഞ്ഞു.
ദ് ലാസ്റ്റ് ടെംപ്റ്റേഷൻ ഒഫ് ക്രൈസ്റ്റ് -കസൻ സക്കീസിന്റെ നോവലിനെ ആസ്പദമാക്കി സ്കോർസീസ് നിർമിച്ച സിനിമയുടെ പോസ്റ്റർ
ദ് ലാസ്റ്റ് ടെംപ്റ്റേഷൻ ഒഫ് ക്രൈസ്റ്റ് -കസൻ സക്കീസിന്റെ നോവലിനെ ആസ്പദമാക്കി സ്കോർസീസ് നിർമിച്ച സിനിമയുടെ പോസ്റ്റർ
ദാനിയേല് പ്രവാചകന് ഒരിക്കല് ഒരു സ്വപ്‌നം കണ്ടു. അദ്ദേഹമത് അങ്ങനെ തുടങ്ങി.
പഴയ നിയമത്തിലെ ദാനിയേലിന്റെ പുസ്തകം നിറയെ സ്വപ്‌നങ്ങളാണ്. സ്വപ്‌നം കാണുക എന്നത് ഒരു രാഷ്ട്രീയ പ്രവര്ത്തനമാണ് എന്ന് പഠിപ്പിക്കലാണ് ആ പ്രവാചകന്റെ ലക്ഷ്യം എന്ന് തോന്നും. ജീവിതത്തെയും ആത്മീയതയെയും രാഷ്ട്രത്തെയും സമൂഹത്തെയും കുറിച്ച് വിപ്ലവാത്മകവും മാനുഷികവുമായ ദര്ശനങ്ങള് മുന്നോട്ട് വെക്കുന്ന സ്വപ്‌നങ്ങള്. ഭാവിയെക്കുറിച്ച ശുഭോദര്ക്കവും പ്രകാശമാനവുമായ പ്രവചനങ്ങള് ഉള്ളടങ്ങുന്ന, അധികാരങ്ങളുടെ അന്ത്യം പ്രവചിക്കുന്ന സ്വപ്‌നങ്ങള്. ഉയര്ന്നതും പ്രൗഢവുമായ എല്ലാ ഇടങ്ങളും ശൂന്യമായിപ്പോകുമെന്നും അധികാരത്തിന്റെ ഉന്നതസൗധങ്ങള് തകര്ന്ന് പൊടിയുമെന്നും ആ ധൂളികള് അധസ്ഥിതന്റെ ചവിട്ടടിയില് ഞെരിയുമെന്നും പ്രവചിച്ചത് യെശയ്യാ പ്രവാചകനാണ്. ഹീറയില് നിന്ന് ഒരു പെണ്ണിന് ഏകയായി മക്ക വരെ സഞ്ചരിക്കാന് സാധിക്കുമെന്നും ഒന്നിനെയും ആശ്രയിക്കേണ്ടതില്ലാത്ത വിധം സമൂഹം സ്വയം പര്യാപ്തമാവുമെന്നും അധികാരത്തിന്റെ കോട്ട തകര്ത്ത് ഖജനാവുകളില് ശേഖരിച്ചിരിക്കുന്ന സ്വര്ണം ജനങ്ങള്ക്ക് വിതരണം ചെയ്യപ്പെടുമെന്നും ഒരു പ്രവചനം മുഹമ്മദ് നബി നടത്തിയതായി ഹദീസുകളില് കാണാം.
 
കസന് സക്കീസിന്റെ യേശു വിവരിക്കുന്ന സ്വപ്നം, ദാനിയേല് പുസ്തകത്തിലുള്ളതാണെങ്കിലും അതില് അത് കാണുന്നത് യേശുവല്ല, മറിച്ച് ബാബിലോണിയന് രാജാവാണ്. രാജാവിനുള്ള മുന്നറിയിപ്പായി അതില് വരുന്നതിനെ ദാനിയേലിന്റെ പ്രവചനമായി പരിവര്ത്തിപ്പിച്ചതില് രാഷ്ട്രീയവും സൗന്ദര്യവുമുണ്ട്. സ്വപ്‌നം ഇങ്ങനെയാണ്.
 
പ്രൗഢിയില് ഉയര്ന്നു നില്ക്കുന്ന ഒരു പ്രതിമ.
അതിന്റെ തല സ്വര്ണം കൊണ്ടുള്ളത്.
കൈകള് വെള്ളി കൊണ്ട്.
ശരീരം വെങ്കലം കൊണ്ട്.
കാലുകള് ഇരുമ്പു കൊണ്ട്.
 
അതേസമയം അതിന്റെ പാദങ്ങള് വെറും കളിമണ്ണായിരുന്നു. പ്രതിമയുടെ നില്പും ഉത്തുംഗതയും കണ്ട് വിസ്മയിച്ച ആളുകള് അതിന് എപ്പോഴും വഴങ്ങി വിധേയപ്പെട്ടു പോന്നു. അപ്പോഴാണ് ഒരു കല്ല് അതിന് നേരെ ചീറി വന്നത്. കല്ല് നെറ്റിയില് പതിച്ചു. മണ്ണ് കൊണ്ടുള്ള പാദങ്ങള് എളുപ്പം ഇളകി. അത് മറിഞ്ഞു വീണു.
 
ദൈവമാണാ കല്ലെറിഞ്ഞത്. ഞാനാണാ കല്ല്. യേശു പറഞ്ഞവസാനിപ്പിച്ചു. പീലാത്തോസിന് കാര്യം മനസ്സിലായി. അപ്പോള് പ്രതിമ റോമാ സാമ്രാജ്യം തന്നെ.
 
സാമ്രാജ്യത്വമായാലും ഫാഷിസമായാലും സ്വേച്ഛാധികാരത്തിന്റെയും സര്വാധിപത്യത്തിന്റെയും അടിത്തറ ദുര്ബ്ബലമാണ്. പുറമേ പ്രൗഢവും ദുര്ഗമവുമായി അനുഭവപ്പെടുന്ന അധികാരം നിലനില്ക്കുന്നത് അതിനെക്കുറിച്ച തിരിച്ചറിയായ്മയിലാണ്. അധസ്ഥിതരുടെ അനൈക്യത്തെയും അത് അവലംബമാക്കുന്നു.
ബഷീറിന്റെ പല കഥകളിലും അധികാരം പരിഹസിക്കപ്പെടുന്നുണ്ട്. ഭര്റ് എന്ന കഥയില് മനം മയക്കുന്ന സൗന്ദര്യമായാണ് അത് പ്രത്യക്ഷപ്പെടുന്നത്. വിനീതനിധേയനായി അവളുടെ സൗന്ദര്യത്തെ പ്രകീര്ത്തിച്ച് തുറിച്ച കണ്ണുകളോടു കൂടിയിരിക്കുകയാണ് കഥാകൃത്ത്. എല്ലാം അവളുടെ ശരീരത്തില് നിന്ന് ദുര്ഗന്ധത്തിന്റെ അകമ്പടിയോടെ ഭര്റ് എന്ന ശബ്ദം പുറപ്പെടുന്നത് വരെ മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു വളി വിടുന്നതോടെ നിസ്സഹായമായിപ്പോകുന്ന അധികാരം. പ്രണയാതുരനെങ്കിലും സഹജമോ ആര്ജിതമോ ആയ അധികാരഭാവം കേശവന് നായരില് ഉണരുന്നുണ്ട് പലപ്പോഴും (പ്രേമലേഖനം). പുരുഷന് എന്നതാണ് അയാളുടെ ന്യായം. എല്ലാ പൗരുഷങ്ങള്ക്കും സ്‌ത്രൈണതയെ യഥാര്ത്ഥത്തില് ഭയമാണ്. ഈ ഭയമാണ് പുരുഷമേധാവിത്തത്തെ ഉല്പാദിപ്പിക്കുന്നത്. പക്ഷേ, അപ്പോഴെല്ലാം സാറാമ്മയുടെ പ്രതികരണത്തിന് മുന്നില് അയാള് ചൂളിപ്പോകുന്നുണ്ട്.
 
ടൈഗര് എന്ന മറ്റൊരു കഥയുണ്ട്. ടൈഗര് എന്നത് ഒരു നായയുടെ പേരാണ്. നായ എന്നാല് വെറും നായയാണ്. ടൈഗര് എന്ന വ്യാജം അതിന്മേല് ആരോപിക്കപ്പെടുന്നതോടെ അത് കടുവയായിപ്പകരുന്നു. പോലീസേമാന്മാര് ഓമനത്തത്തോടെ വളര്ത്തുന്ന നായയായിനാല് തടവുകാരെക്കാള് ‘മാന്യത’യുണ്ട് അവന്. തടവുകാര് വെറും നായ്ക്കളും നായ കടുവയുമാണ്. ബ്രിട്ടീഷ് വാഴ്ചക്കാലത്തെ കഥയായതിനാല് അതിന്റേതായ രാഷ്ട്രീയമാണ് കഥയില് പ്രത്യക്ഷത്തില് പ്രകടമാവുകയെങ്കിലും എക്കാലത്തെയും അധികാരങ്ങള്ക്കും അവരുടെ പോലീസ് സംവിധാനത്തിനും അത് ചേരും. യജമാനനെ സേവിക്കുന്ന നായ സ്വന്തം വര്ഗത്തിന് നേരെ കുരച്ചു ചാടുന്നു. ഫാഷിസ്റ്റ് വാഴ്ചക്കാലത്ത് ദലിതര് കോടാലിക്കൈകളായി മാറുന്നതും സേനയിലെ മുസ്ലിംകള് കൂടുതല് രാജ്യസ്‌നേഹം പ്രകടിപ്പിക്കാന് നിര്ബ്ബന്ധിതരായിത്തീരുന്നതും ഇങ്ങനെയാണ്.
 
അതേസമയം ടെറിട്ടറിയില് മാത്രമാണ് ടൈഗറിന് പ്രൗഢി. പുറത്തിറങ്ങിയാല് അവന് തൊപ്പി പോയ പോലീസുകാരനെപ്പോലെയാണ്. തടവുകാരെ രൂക്ഷമായി നോക്കുകയും അവരുടെ നേരെ മുരളുകയും ചെയ്യുന്ന അവന് പുറത്തിറങ്ങുമ്പോള് ഏതെങ്കിലും ചാവാലിപ്പട്ടിയുടെ കുര കേട്ടാല് ഉടന് പേടിച്ച് വാല് പിന്കാലുകള്ക്കിടയിലേക്ക് താഴ്ത്തി തലയും കുനിച്ച് തിരിച്ചോടി വരും. ദേണ്ടെടാ നമ്മുടെ ഇന്സ്‌പെക്ടര് എന്ന് രാഷ്ട്രീയത്തടവുകാര് സ്വകാര്യമായി പരിഹസിക്കുകയും ചെയ്യും. ഒരു കുര കേള്ക്കുന്നതു വരെയേയുള്ളൂ ഏതധികാരവും.
Street Pup -painting by Tessa Guze
Street Pup -painting by Tessa Guze
ബഷീര് കഥ തുടങ്ങുന്നത് ടൈഗര് ഭാഗ്യവാനായ നായയാണ് എന്ന് പറഞ്ഞു കൊണ്ടാണ്. അവസാനിപ്പിക്കുന്നതും ഇതേ കാര്യം പറഞ്ഞാണെങ്കിലും അവിടെ ടൈഗര് ഭാഗ്യവാനായ ഒരു നായയാണ് എന്ന് കാണാം. ഒരു, ഒരിക്കല്, ഒരിടത്ത് എന്നതെല്ലാം കഥയ്ക്ക് മിത്തിക്കല് പരിവേഷം നല്കുന്ന പ്രയോഗമാണ്. ഒരിക്കലൊരിടത്ത് എന്ന് പറയുന്നതോടെ നാടോടിക്കഥയിലെ രാജാവ് ദൈവമായിത്തീരുന്നു. രാജാക്കന്മാരുടെ അപദാനകഥകളും പുരാണങ്ങളും അരങ്ങു വാഴുമ്പോഴാണ് മലയാള സാഹിത്യത്തില് ചെറുകഥാ പ്രസ്ഥാനത്തിന്റെ ഉദയം. വേങ്ങയില് കുഞ്ഞിരാമന് നായനാരുടേത് എന്ന് പറയപ്പെടുന്ന വിരുതന് ശങ്കു എന്ന, മലയാളത്തിലെ ആദ്യ കഥയായി അറിയപ്പെടുന്ന (പറയപ്പെടുന്നതും അറിയപ്പെടുന്നതും തന്നെയാണ്) കഥയില് നായകന് ഒരു കള്ളനാണ്. കള്ളനെ നായകനാക്കുന്നത് ഒരു വിപ്ലവമായിരുന്നു. ദാദാസാഹിബ് ഫാല്ക്കെ മുതല് നടരാജ മുതലിയാര് വരെയുള്ളവര് സിനിമയിലൂടെ പറഞ്ഞത് പുരാണങ്ങളും രാജാക്കഥകളും തന്നെയായിരുന്നു. ചില സദുപദേശങ്ങള്ക്കൊപ്പം അധികാരത്തിന്റെ സ്തുതികള്. രാജാ ഹരിശ്ചന്ദ്രയും മോഹിനി ഭസ്മാസുറുമായി ഫാല്ക്കെ വന്നപ്പോള് കീചകവധവും മഹിരാവണയും ലവകുശയുമൊക്കെയായിരുന്നു നടരാജ മുതലിയാരുടെ സിനിമകള്. ഇവരാരുടെയും സംഭാവനകളെയോ ഹരിശ്ചന്ദ്രകഥയെയോ ചെറുതാക്കിക്കാണുകയല്ല. അതേസമയം ഒരു സാമൂഹിക പ്രമേയവുമായി, ഇന്നില് നില്ക്കുന്ന സിനിമയുമായി ജെ.സി ഡാനിയേല് മലയാളത്തില് രംഗപ്രവേശം ചെയ്തു എന്നത് അഭിമാനകരമാണ്.
 
എന്തായാലും ‘ഒരു’ എന്നതിലെ പരിവേഷത്തെക്കുറിച്ചാണല്ലോ പറഞ്ഞത്. അധികാരത്തിന്റെ സുവര്ണഭൂതകാലത്തെക്കുറിച്ച സ്വപ്‌നങ്ങള്ക്ക് വംശീയതയുടെ നിറം പകര്ന്നതാണ് ഇന്ത്യയിലെ ബ്രാഹ്മണിക്കല് ഫാഷിസ്റ്റ് ദര്ശനം. അതിന്റെ അധികാരോപകരണങ്ങള്ക്കെല്ലാം ബഷീറിന്റെ ടൈഗര് എന്ന നായയുടെ സ്വഭാവവും കാണാം. എല്ലാം തികഞ്ഞ, വിമാനവും ആറ്റം ബോംബും കമ്പിയില്ലാക്കമ്പിയും വരെ ഉപയോഗിച്ചിരുന്ന, ട്രാന്സ്പ്ലാന്റേഷനും ടെസ്റ്റ് ട്യൂബ് ശിശുവിന്റെ പിറവിയും സാക്ഷാല്ക്കരിക്കപ്പെട്ടിരുന്ന സുവര്ണഭൂതകാലത്തെ എത്ര ആധികാരികമായാണ് ‘ഒരിക്കലൊരിടത്ത്’ കഥകളുടെ പിന്ബലത്തോടെ നാം ഗവേഷണപ്രബന്ധങ്ങളാക്കി മാറ്റുന്നത്.
 
അതേസമയം, ഒരു ചാവാലിപ്പട്ടിയുടെ കുര കേള്ക്കുന്നത് വരെയേയുള്ളൂ ടൈഗറിന്റെ പ്രതാപം. മറുശബ്ദങ്ങളുയരാതിരിക്കാനുള്ള ജാഗ്രത ഇന്ത്യയിലെ ഫാഷിസ്റ്റ് അധികാരം പുലര്ത്തുന്നത് അതുകൊണ്ടാണ്. അതേസമയം ചാവാലിപ്പട്ടിയുടെ കുരയുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച അവബോധത്തിലേക്ക് സമൂഹം ഉയരുന്നതു വരെ മാത്രമേ അതുണ്ടാകൂ. ഏറ് വന്നാല് പ്രതിമ മറിഞ്ഞു വീഴുക തന്നെ ചെയ്യും. കടലാസു പുലി വെറും കടലാസു പുലി മാത്രമാണ്.
 

കൊലക്കളങ്ങളും ശവക്കൂമ്പാരങ്ങളും

painting by Vann Nath depicting torture done by the Khmer Rouge in Cambodia

വംശീയദേശീയതയും സ്വേഛാധിപത്യവും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.

ഒന്നാം ഭാഗം ഇവിടെ വായിക്കാം

നീത്ഷ്‌ചേ, നാസി
സെറ്റ്‌ലർ കൊളോണിയലിസത്തിന്റെ (settler colonialism കുടിയേറ്റ കൊളോണിയലിസം -തദ്ദേശവാസികള്‍ക്കു മേല്‍ കടന്നാക്രമണം നടത്തി കുടിയേറ്റക്കാരുടെ രാഷ്ട്രീയാധീശത്വം നടപ്പിലാക്കുന്ന കൊളോണിയല്‍ നയമാണിത്) പ്രതലത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇംപീരിയല്‍ ജര്‍മനിയില്‍ ആവിഷ്‌കരിക്കപ്പെട്ട ഒരു സിദ്ധാന്തമായിരുന്നു ലെയ്ബന്‍സ്‌റോം (Lebensraum). 1914 സെപ്തംബറില്‍ ചാന്‍സലര്‍ തിയോബാള്‍ഡ് ഫോന്‍ ബേത്മാന്‍ ഹോള്‍വെഗിന് വേണ്ടി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ജര്‍മന്‍ ഡിപ്ലോമാറ്റുമായ കര്‍ട് റീസ്‌ലര്‍ തയ്യാറാക്കിയ Septemberprogramm അനുസരിച്ച് തങ്ങളുടെ അധീനപ്രദേശത്തെ വിപുലമാക്കുന്നതിനുള്ള ഒരു ജിയോപൊലിറ്റിക്കല്‍ അജണ്ട, ഇംപീരിയല്‍ ജര്‍മനിക്ക് ഒന്നാം ലോകയുദ്ധത്തില്‍ ഉണ്ടായിരുന്നു.

ഒന്നാം ലോകയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് ജര്‍മനിയിലുണ്ടായ ദേശീയമായ അസംതൃപ്തികളെ ഇന്ധനമാക്കിക്കൊണ്ടാണ് അഡോള്‍ഫ് ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ശക്തി പ്രാപിക്കുന്നത്. ലെയ്ബന്‍സ്‌റോം എന്ന സിദ്ധാന്തം അതോടെ നാസി പാര്‍ട്ടിയുടെയും പ്രധാന തത്വശാസ്ത്രമായി മാറി.

അഡോൾഫ് ഹിറ്റലർ
അഡോൾഫ് ഹിറ്റലർ

പത്തൊമ്പതാം നൂറ്റാണ്ടില്‍, ചാള്‍സ് ഡാര്‍വിന്റെ ദ് ഒറിജിന്‍ ഒഫ് സ്പീഷീസിന് ജര്‍മന്‍ ബയോളജിസ്റ്റായ ഓസ്‌കര്‍ പെസ്‌കല്‍ എഴുതിയ നിരൂപണത്തില്‍ ജീവിവര്‍ഗങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ട സിദ്ധാന്തം വിവരിക്കുന്നതിന് വേണ്ടി lebensraum എന്ന പദം ഉപയോഗിച്ചു. ദേശീയ സാംസ്‌കാരിക തലത്തിലേക്ക് ഇതിന്റെ പ്രയോഗം വികസിപ്പിച്ചതാകട്ടെ, ജര്‍മന്‍ ഭൂശാസ്ത്രജ്ഞനും (geographer) വംശീയ സംസ്‌കാര ശാസ്ത്രജ്ഞനുമായ (ethnographer) ഫ്രീദ്രിച് റാറ്റ്‌സെലാണ്. രാഷ്ട്രീയ ഭൂമിശാസ്ത്രത്തെസ്സംബന്ധിച്ച തന്റെ പഠനത്തില്‍, ഭൂപരമായ സവിശേഷതകള്‍ സമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള മനുഷ്യപരിശ്രമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിന്ന തീസീസിന്റെ ശീര്‍ഷകമായാണ് റാറ്റ്‌സെല്‍, ലെയ്‌ബെന്‍സ്‌റോം ഉപയോഗിച്ചത്.

raum എന്ന ജര്‍മന്‍ പദത്തിന് room, space എന്നൊക്കെയാണ് അര്‍ത്ഥം. lebensraum എന്നാല്‍ living space എന്നും. അതിജീവനത്തിനുള്ള അര്‍ഹതയെക്കുറിച്ച ഡാര്‍വിന്‍ സിദ്ധാന്തവും കരുത്തിന്റെ മൂല്യവിചാരവുമായി ബന്ധപ്പെട്ട നീത്ഷ്‌ചേവിയന്‍ തത്വചിന്തയുമൊക്കെയായിരുന്നു ഹിറ്റ്‌ലറുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.

നാസി കോൺസൻട്രേഷൻ കാംപ്
നാസി കോൺസൻട്രേഷൻ കാംപ്

സദാചാരത്തെക്കുറിച്ച സ്വന്തം കാഴ്ചപ്പാടുകളാണ് ഫ്രീദ്‌റിച് നീത്ഷ്‌ചേയില്‍ മതത്തോടുള്ള, പ്രത്യേകിച്ച് ക്രിസ്തുമതത്തോടുള്ള കഠിനശത്രുതയായി വികസിക്കുന്നത്. വിട്ടുവീഴ്ചയിലും ദയയിലും അധിഷ്ഠിതമായ സദാചാരസംഹിതകളെ വിധേയത്വത്തിന്റെ സിദ്ധാന്തങ്ങളായാണ് അദ്ദേഹം പരിഗണിക്കുന്നത്. രണ്ടുതരം സദാചാരങ്ങളാണ് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഉള്ളത്. മതത്തിന്റെത് അടിമസദാചാരമാണ് (slave morality). എന്നാല്‍ മനുഷ്യചരിത്രത്തിന്റെ ആരംഭത്തിലുള്ളതും പ്രാഥമികവുമായ സദാചാരം ഉടമസദാചാരമാണ് (master morality). നീത്ഷ്‌ചേയുടെ അഭിപ്രായത്തില്‍ ഉടമസദാചാരമാണ് ക്രിയാത്മകവും സര്‍ഗാത്മകവും. ഉടമസദാചാരത്തില്‍ മൂല്യങ്ങള്‍ ഉല്‍ഭവിക്കുന്നത് നല്ലതും ചീത്തയും (good and bad) തമ്മിലുള്ള വൈരുധ്യത്തില്‍ നിന്നാണ്. ഈ ദ്വന്ദ്വങ്ങളെ യൂദ, ക്രൈസ്തവ മതങ്ങള്‍ നന്മ-തിന്മ ദ്വന്ദ്വങ്ങളായി (good and evil) അട്ടിമറിച്ചു. ഉടമസദാചാരത്തില്‍ അധികാരം, സമ്പത്ത്, ആരോഗ്യം, കരുത്ത് എന്നിവയാണ് ഗുഡ് എന്ന് വിശേഷിപ്പിക്കപ്പെടുക. ബെര്‍ബേറിയന്‍ കാലം മുതല്‍ ഹോമറിന്റെ ഇതിഹാസങ്ങളില്‍ ചിത്രണം ചെയ്യപ്പെടുന്ന ഗ്രീസിലെ വ്യവസ്ഥ വരെയുള്ള വീരനായകന്മാരുടെ ഗുണങ്ങളായിരുന്നു ഇവ. അടിമത്തപരമായ പതിത്വം, ദാരിദ്ര്യം, രോഗം, ദൗര്‍ബല്യം തുടങ്ങിയവ ബാഡ് ആണ്.

എന്നാല്‍ മതപരമായ വ്യാമോഹങ്ങള്‍ സൃഷ്ടിച്ച അടിമസദാചാരത്തിലെ നന്മ-തിന്മ വൈരുധ്യത്തിലെ മൂല്യവിചാരത്തില്‍ കരുണ, ഭക്തി, ഇന്ദ്രിയനിഗ്രഹം, വിനയം, വിധേയത്വം തുടങ്ങിയവയാണ് ഗുഡ്. നിഷേധാത്മകമാണ് ഈ സദാചാരസംഹിത എന്നതിനാല്‍ നീത്ഷ്‌ചേ ഇതിനെ nay-saying morality എന്നുവിളിച്ചു. ഉടമസദാചാരമാകട്ടെ, ക്രിയാത്മകമാകയാല്‍ അത് yea-saying morality ആണ്. മാസ്റ്റര്‍ മൊറാലിറ്റിയില്‍ കരുത്തന്മാര്‍ കരുത്തുറ്റ മൂല്യങ്ങളെ നിര്‍മിക്കുന്നു. സ്ലേവ് മൊറാലിറ്റിയാകട്ടെ, ആരംഭിക്കുന്നത് തന്നെ വിധേയത്വബോധത്തിലാണ്. ഈ സദാചാരകുതന്ത്രം തിരിച്ചറിഞ്ഞ് കരുത്തന്മാര്‍ ദയയെ അതിജയിച്ച് ഉയര്‍ന്നു നില്‍ക്കണം എന്നാണ് നീത്ഷ്‌ചേയുടെ ആഹ്വാനം.

ഇപ്രകാരം ഉയര്‍ന്നു നില്‍ക്കുന്ന, കരുത്ത് കൊണ്ട് ലോകം കീഴടക്കുന്ന മനുഷ്യനെ നീത്ഷ്‌ചെ യൂബര്‍മെന്‍ഷ് (Ubermensch) എന്ന് വിളിച്ചു. അതീതമനുഷ്യന്‍ എന്നോ അതിമാനുഷന്‍ എന്നോ (overman or superman) ഇതിനെ വിവര്‍ത്തനം ചെയ്യാം.

നീത്ഷ്ചേ, യൂബർമെൻഷ് ചിത്രകാരന്റെ ഭാവനയിൽ
നീത്ഷ്ചേ, യൂബർമെൻഷ് ചിത്രകാരന്റെ ഭാവനയിൽ

ആധുനികതയിലെ കൊളോണിയല്‍, വംശീയ സങ്കല്‍പങ്ങളുടെ ആധാരം നീത്ഷ്‌ചേവിയന്‍ ചിന്തകളാണെങ്കില്‍ മറുപുറത്ത് ആധുനികതയെയും അതിന്റെ അധികാരപ്രയോഗങ്ങളെയും നിരാകരിക്കുന്ന, എന്നാല്‍ അധീശത്വപരവും (supremacist) പാരമ്പര്യാധിഷ്ഠിതവും സ്വത്വാധികാരപരവുമായ തത്വചിന്തകള്‍ മുന്നോട്ടു വെക്കുന്ന ഉത്തരാധുനിക വിചാരലോകത്തിനും ആവേശം പകര്‍ന്നത് നീത്ഷ്‌ചേ തന്നെയാണ്. നീത്ഷ്‌ചേയെ വായിച്ചതുകൊണ്ടാണ് താന്‍ ഉണര്‍ന്നതെന്ന് മിഷേല്‍ ഫൂക്കോ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അഡോള്‍ഫ് ഹിറ്റ്‌ലറുടെയും ബെനിറ്റോ മുസ്സോളിനിയുടെയും തത്വശാസ്ത്രത്തില്‍ നീത്ഷ്‌ചേക്കും യൂബര്‍മെന്‍ഷിനും വലിയ സ്വാധീനമുണ്ട്. ദയയെയും സമാധാനത്തെയും കുറിച്ച എല്ലാ സിദ്ധാന്തങ്ങളും ഫാഷിസത്തിന് ശത്രുതാപരമാണെന്ന് മുസ്സോളിനി The Doctrine of Fascism എന്ന പ്രബന്ധത്തില്‍ രേഖപ്പെടുത്തുന്നു. പുരുഷന്മാര്‍ക്ക് മുസ്സോളിനി കല്‍പിച്ചു നല്‍കുന്ന ദൗത്യം യുദ്ധമാണ്. സ്ത്രീകള്‍ക്കാകട്ടെ, യുദ്ധം ചെയ്യാന്‍ വേണ്ടി വീരന്മാരെ പ്രസവിക്കുക എന്നതും. ഫാഷിസ്റ്റ് സ്വഭാവമുള്ള ഏതൊരു വംശീയ സിദ്ധാന്തത്തിലും സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വത്വവും വ്യക്തിത്വവും വീരമാതാവ് എന്നത് മാത്രമാകുന്നു.

കൊലമുറികളും ചോരപ്പാടങ്ങളും
എന്തായാലും സോഷ്യല്‍ ഡാര്‍വിനിസത്തിലെയും നീത്ഷ്‌ചേവിയന്‍ തത്വചിന്തയിലെയും അതിജയസിദ്ധാന്തം (survival of the fittest) ഹിറ്റലറുടെ lebensraum നെ (living space) ഒരു todesraum (space for death) ആക്കി മാറ്റി. മരണത്തിനാണ് ടോഡെസ് എന്ന് പറയുക. ടോഡെസ്‌റോമിന് കൊലയറ എന്ന് ലളിതമായി വിവര്‍ത്തനം നല്‍കാം.

എന്തെന്നാല്‍, സജീവത (living) എന്നത് അതിജയത്തിനര്‍ഹതയുള്ളവര്‍ക്ക് മാത്രം വിധിക്കപ്പെട്ടതാകുന്നു. മറ്റുള്ളവരെല്ലാം നശിക്കുക എന്നതാണ് വംശീയതയില്‍ നീതി. ഉയര്‍ത്തപ്പെടുന്ന എല്ലാ നല്ല മുദ്രാവാക്യങ്ങളും നൈതികാശയങ്ങളും അതിജീവനത്തിന് ശേഷിയുള്ളവരുടേത് മാത്രമത്രേ.

വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട തത്വദര്‍ശനങ്ങളെപ്പോലും വംശീയദേശീയത ചോരച്ചൊരിച്ചിലിനുള്ള ന്യായങ്ങളാക്കി മാറ്റിയിട്ടുണ്ട്. കംബോഡിയയുടെ ചരിത്രം അതിലെ ഏറ്റവും കുപ്രസിദ്ധമായ അധ്യായമാണ്. കംബോഡിയയിലെ ഖമര്‍ റൂഷ് (Khmer Rouge) ഒരു കമ്യൂനിസ്റ്റ് പ്രസ്ഥാനമായാണ് സ്വയം അടയാളപ്പെടുത്തിയത്. മൂന്ന് ചിന്തകളായിരുന്നു ഖമര്‍ റൂഷിന്റെ അടിസ്ഥാനം. അഗ്രേറിയന്‍ സോഷ്യലിസം, കമ്യൂനിസം, ഖമര്‍ ദേശീയത എന്നിവയാണവ. ഭൂമിക്ക് മേലുള്ള തുല്യാവകാശസിദ്ധാന്തത്തെയാണ് അഗ്രേറിയനിസം (Agrarianism) എന്ന് പറയുക. പക്ഷേ, ആദ്യം പറഞ്ഞ രണ്ട് സമത്വ സിദ്ധാന്തങ്ങളും മൂന്നാമത്തെ ഖമര്‍ ദേശീയതക്ക് കീഴിലായിരുന്നു. അതായത്, തുല്യാവകാശവും കമ്യൂനിസവുമൊക്കെ നടപ്പിലാക്കേണ്ടത് ഖമറുകള്‍ക്കിടയില്‍ മാത്രമായിരുന്നു. ഖമറുകള്‍ക്കിടയില്‍ സ്ഥിതിസമത്വം നടപ്പിലാകണമെങ്കില്‍ മറ്റ് എത്‌നിക്കുകള്‍ തുടച്ചു നീക്കപ്പെടണം.

ഖമർ റൂഷ് കൊലക്കളം, ഇരകളുടെ തലയോടുകൾ നിറച്ച കൊയൂങ് എക്കിലെ സ്മാരകസ്തൂപം
ഖമർ റൂഷ് കൊലക്കളം, ഇരകളുടെ തലയോടുകൾ നിറച്ച കൊയൂങ് എക്കിലെ സ്മാരകസ്തൂപം

ചരിത്രത്തില്‍ തുല്യതയില്ലാത്ത മനുഷ്യവേട്ടകള്‍ അങ്ങനെ അരങ്ങേറിത്തുടങ്ങി. ഖമര്‍ റൂഷിന്റെ കൊലനിലങ്ങളില്‍ (Khmer Rouge Killing Fields) ശോണിതസമുദ്രങ്ങള്‍ തന്നെയൊഴുകി. കോണ്‍സന്‍ട്രേഷന്‍ കാമ്പുകള്‍ എന്ന പേരില്‍ ഹിറ്റ്‌ലര്‍ ഒരുക്കിയത് കൊലയറകളായിരുന്നെങ്കില്‍ ഖമര്‍ റൂഷിന്റെത് കൊലക്കളങ്ങള്‍ തന്നെയായിരുന്നുവെന്നര്‍ത്ഥം. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങള്‍ വെറും അസ്ഥിക്കൂമ്പാരങ്ങളായിത്തീര്‍ന്നു.

പോള്‍ പോട്ട് ആയിരുന്നു അന്ന് കംബോഡിയന്‍ (കമ്യൂനിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കംപൂച്ചിയ) പ്രധാനമന്ത്രി. ഒപ്പം കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് കംപൂച്ചിയയുടെ ജനറല്‍ സെക്രട്ടറിയും ഖമര്‍ റൂഷ് രക്തരക്ഷസ്സുകളുടെ നേതാവും അയാള്‍ തന്നെയായിരുന്നു. ഒന്നര മുതല്‍ രണ്ട് വരെ മില്യന്‍ കംബോഡിയന്മാര്‍ പോള്‍ പോട്ടിന്റെ കാലത്ത് ഖമര്‍ റൂഷിന്റെ ആക്രമണത്തിനിരയായും പട്ടിണി കിടന്നും അടിമപ്പണി കാരണവും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

Pol Pot. The Khmer Rouge Leader -Hen Sophal's painting
Pol Pot. The Khmer Rouge Leader -Hen Sophal’s painting

യഥാര്‍ത്ഥത്തില്‍ ലെയ്ബന്‍സ്‌റോമിന് രണ്ട് മുഖങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നുന്ന രണ്ട് മുഖങ്ങള്‍. ബാഹ്യജനതയുടെ അധികാരത്തെയാണ് (exogenous domination) സെറ്റ്‌ലേര്‍സ് കൊളോണിയലിസം ലക്ഷ്യമാക്കുന്നതെങ്കില്‍, മണ്ണിന്റെ മക്കള്‍ വാദം (sons of soil/ SOS) എന്നറിയപ്പെടുന്ന, ഇതിന്റെ മറുമുഖം ഉന്നയിക്കുന്നത് ആന്തരികജനതയുടെ (indigenous) ആധിപത്യത്തെയാണ്. അതായത്, വംശീയബോധമുള്ള ജനത ആഭ്യന്തരമായി മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്നുണ്ടെങ്കില്‍ അന്തര്‍ദ്ദേശപരമായി ഇതിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്‍ഡിജെനസ്, മണ്ണിന്റെ മക്കള്‍ തുടങ്ങിയ സങ്കല്‍പങ്ങള്‍ തന്നെ ചരിത്രപരമായി തനി അസംബന്ധങ്ങളാണ് എന്നത് വേറെ കാര്യം.

ലോകത്തുള്ള ഒരു ജനതയും എപ്പോഴെങ്കിലും എവിടെയെങ്കിലും മുളച്ചുപൊങ്ങിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു നിലക്കും പറ്റില്ല. വംശീയശുദ്ധിവാദമുന്നയിച്ചാലും ഇല്ലെങ്കിലും ഏതെങ്കിലും വര്‍ഗമോ ഗോത്രമോ അതിന്റെ രക്തവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ട് എന്ന് കരുതുന്നതും അസംബന്ധമാണ്. മെഹര്‍ഗഢിലെ ആസ്ത്രലോയ്ഡ്, നീഗ്രോയ്ഡ് വര്‍ഗങ്ങളുടെ ഗ്രാമസംസ്‌കാരത്തില്‍ നിന്ന് തുടങ്ങുന്നതാണ് അറിയപ്പെടുന്ന ഇന്ത്യന്‍ ചരിത്രം. അതുതൊട്ട്, സൈന്ധവതീരങ്ങളില്‍ വേരുറപ്പിച്ച ദ്രാവിഡജനതയും അതിനും ശേഷം ഗംഗാതടം കേന്ദ്രീകരിച്ച് വികസിച്ച ഇന്‍ഡോ ആര്യന്‍ ജനതയുമെല്ലാം കടന്നുവന്നവരാണ്. അതിന് ശേഷവും ഒട്ടേറെ ജനവിഭാഗങ്ങള്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അവരെല്ലാം ഇവിടുത്തെ ജനതയായി മാറുകയും ചെയ്തു.

ഈ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തെക്കാള്‍ പ്രാധാന്യമുള്ളത്, ഇവരെല്ലാം ചേര്‍ന്നും സമന്വയിച്ചുമാണ് പിന്നീടുള്ള ഇന്ത്യന്‍ ചരിത്രം മുന്നോട്ട് പോയത് എന്നതിനാണ്. ഈ സമന്വയമാകട്ടെ, സാംസ്‌കാരികം മാത്രമല്ല, ജൈവികം കൂടിയായിരുന്നു എന്നതത്രേ യാഥാര്‍ത്ഥ്യം.

Khmer Rouge -painting by Vann Nath
Khmer Rouge -painting by Vann Nath

ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിച്ച് ഭൂപരമോ രക്തപരമോ ആയ അവകാശവാദങ്ങളുന്നയിക്കുന്നവരാണ് ലോകത്തെ ആക്രാമക വംശീയവാദങ്ങള്‍ മുഴുവനും. യൂദ സയനിസം മുതല്‍ ഇന്ത്യന്‍ ആര്യവാദവും ഹിന്ദുത്വയും വരെയുള്ള ആശയങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത് ഇത്തരം അവകാശവാദങ്ങള്‍ക്ക് മേലാണ്. കൃത്രിമമായി ഉയര്‍ത്തിവിട്ട ഈ വികാരങ്ങള്‍ക്ക് മേലാണ് നിങ്ങളുടെ മണ്ണ്, നിങ്ങളുടെ സംസ്‌കാരം (അര്‍ദുകും, ത്വരീഖതുകും) തുടങ്ങിയ ആശയങ്ങള്‍ പ്രാചീനരും അര്‍വാചീനരുമായ എല്ലാ ഫറോവമാരും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് സ്ഥാപിക്കാന്‍ വേണ്ടി ചരിത്രത്തെയും ശാസ്ത്രത്തെയുമൊക്കെ വികലമാക്കുന്ന പ്രവണതയും കാണാം. ചരിത്രത്തെ പല കോണിലും വായിക്കാമെങ്കിലും വ്യാജങ്ങളും മിത്തുകളും ചരിത്രസംഭവങ്ങളായി മാറുന്ന പ്രവണത മോസ്റ്റ് മോഡേണ്‍ ഇന്ത്യയില്‍ വ്യാപകമാണ്. വേദഗണിതം, വേദശാസ്ത്രം തുടങ്ങിയ അക്കാദമികാഭ്യാസങ്ങളും ജ്യോതിഷം പോലുള്ള ശാസ്ത്രവിരുദ്ധതകളുടെ ശാസ്ത്രപരിണാമവുമൊക്കെ ഇന്ത്യന്‍ അക്കാദമിക രംഗത്തെ കാഴ്ചകളാണ്.

ഫാഷിസ്റ്റ് പ്രകൃതം പ്രകടിപ്പിക്കുന്ന വംശീയ ദേശീയതയുടെയും വലതുപക്ഷ റാഡിക്കലിസത്തിന്റെയുമൊക്കെ സ്വാധീനം അതിന്റെ എല്ലാ ഭീകരതയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ദശയിലൂടെയാണ് ഇന്ത്യയുടെ പല അയല്‍ദേശങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയിലും സംഹള ദേശീയതയും ബുദ്ധ റാഡിക്കലിസവും മ്യാന്‍മറിലെ ബര്‍മീസ് ദേശീയതയും ബുദ്ധ റാഡിക്കലിസവും ഉദാഹരണം.

ഇതേ വലതുപക്ഷബോധം പങ്കുവെക്കുന്നതാണ് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും. വൈവിധ്യങ്ങളുടെ ചരിത്രത്തിന്റെ ഒരു നിരാകരണമാണത്. ഒരു വംശീയ ശുദ്ധീകരണത്തിന് വേണ്ടിയുള്ള ആസൂത്രിതമായ പ്രവര്‍ത്തനമായിരുന്നു 2002 ലെ ഗുജറാത്ത് വംശഹത്യ. ഇപ്പോഴും തുടരുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഇതിന്റെ തുടര്‍ച്ചയത്രേ. സംഘ് രാഷ്ട്രീയം മേല്‍ക്കൈ നേടിയതും ഇത്തരം വികാരങ്ങളിളക്കിവിട്ടു കൊണ്ടാണ്.

അതേസമയം മാനുഷിക മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ജനാധിപത്യബോധത്തെയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതിരോധം ഇന്ത്യയില്‍ ഇനിയും സാധ്യവുമാണ്.

പരിപ്രേക്ഷ്യങ്ങളുടെ സിദ്ധാന്തം അഥവാ അകുതഗാവയും കുറോസാവയും വര്‍ധമാന മഹാവീരനും

web2-1800x1013

ആ ചെറുവനത്തില്‍ അന്നെന്താണ് സംഭവിച്ചത്? യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരന്‍ താജോമാരു താകെഹിരോ എന്ന സമുറായിയെ കൊന്നുവോ? ഞാന്‍ ചോദിച്ചു.

ആളൊഴിഞ്ഞ കടപ്പുറം എന്നെ അല്‍ഭുതപ്പെടുത്തി. ഏറെ തിരക്കേറിയ സ്ഥലമാണ്. ഏത് പാതിരാത്രിക്ക് വന്നാലും ആളുകളുണ്ടാവാതിരിക്കുകയുമില്ല. അങ്ങനെയൊരു തീരത്താണ് ഏറെ നേരമായി ഞാന്‍ ഒറ്റക്കിരിക്കുന്നത്. ഒരേ രീതിയില്‍ നിരന്തരം സംഭവിക്കുന്നതാണെങ്കിലും ആര്‍ത്തലച്ചുള്ള തിരകളുടെ വരവ് എത്ര നേരം കണ്ടിരുന്നാലും മടുക്കില്ല. കൈയിലൊരു പൊതി നിലക്കടല കൂടിയുണ്ടെങ്കില്‍ കൂടുതല്‍ ആസ്വാദ്യമായി. കൂട്ടിനാരുമില്ലാതിരിക്കുക തന്നെയാണ് ഭേദം. കടലയെക്കുറിച്ചോര്‍ത്തപ്പോള്‍ ഒന്ന് ചുറ്റിലും നോക്കി. സാധാരണയായി നിറച്ചുവെച്ച കടലപ്പൊതികളുമായി ചുറ്റി നടക്കുന്ന ഒരുപാടാളുകളുണ്ടാവുമീ കടല്‍ത്തീരത്ത്. ഇന്ന് അവരെയും കാണുന്നില്ല. ഉപ്പിലിട്ടതും ഐസ് ചുരണ്ടിയതും ഒക്കെ വില്‍ക്കുന്നവരുമില്ല. കാലുകളിന്മേല്‍ പ്രകാശിക്കുന്ന വിളക്കുകള്‍ക്ക് വോള്‍ട്ടത തീരെ കുറവ്.

മണലിന്മേല്‍ അങ്ങിങ്ങായിക്കിടന്നിരുന്ന ചെറുകല്ലുകള്‍ പെറുക്കി ഞാന്‍ കടലിലേക്കെറിഞ്ഞുകൊണ്ടിരുന്നു.

അപ്പോഴാണ് അവര്‍ വന്നത്. ഏത് ദിശയില്‍ നിന്നാണ് വന്നതെന്നറിഞ്ഞുകൂടാ. അതോ, പെട്ടെന്നെന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതോ?

അകുതഗാവ, കുറോസാവ
അകുതഗാവ, കുറോസാവ

നല്ല മുഖപരിചയം. എന്നാല്‍ ഇവിടെങ്ങും ഉള്ളവരാണെന്ന് തോന്നുന്നില്ല. ഇന്നാട്ടുകാരേ ആവാന്‍ സാധ്യതയില്ല. പിന്നെങ്ങനെയാണിത്ര പരിചയം തോന്നുന്നത്.

പെട്ടെന്ന് ഉള്ളിലൊരു ബോധം വന്നു. ഈ ആള്‍.., അതെ അതുതന്നെ. റ്യുനോസുകി അകുതഗാവ. ജാപ്പനീസ് ചെറുകഥയുടെ പിതാവ്. അപ്പോള്‍ അന്നേരത്തെ അരണ്ട വെളിച്ചത്തില്‍ നിഴല് പോലെ പിറകില്‍ നില്‍ക്കുന്നതോ? ഞാന്‍ ഏന്തിനോക്കുന്നത് കണ്ട് പിറകില്‍ നില്‍ക്കുന്നയാള്‍ അല്‍പം മുന്നോട്ടേക്ക് കയറി. ദൈവമേ, ഇത് കുറോസാവയാണല്ലോ, അകിരാ കുറോസാവ!

മരിച്ചവര്‍ മുന്നില്‍ വരുമ്പോള്‍ ആളുകള്‍ പേടിച്ച് ബോധം കെട്ടുവീഴുന്നതായി സിനിമകളിലും മറ്റുമൊക്കെ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ത്തന്നെ അങ്ങനെ വന്നുവെന്ന് കരുതുക. ആളുകള്‍ പേടിക്കുമോ? ഇഷ്ടവും സ്‌നേഹവും കൊണ്ട് പരസ്പരം വീര്‍പ്പു മുട്ടിച്ചിരുന്നവരില്‍ ഒരാള്‍ വിടപറഞ്ഞ് പോയ ശേഷം നിനച്ചിരിക്കാത്ത നേരത്ത് തിരിച്ചു വന്നാല്‍ ശരിക്കും ആനന്ദിക്കുകയല്ലേ വേണ്ടത്?

ഒരുപക്ഷേ പേടിക്കത്തക്കതായ എന്തെങ്കിലും മരിച്ചയാള്‍ക്കും ജീവിക്കുന്നയാള്‍ക്കുമിടയിലുണ്ടാവാം.

പലരെയും കാണണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഈ രണ്ടുപേരും ഉണ്ടായിരുന്നോ? ഞാനൊരാത്മാപഗ്രഥനം നടത്താന്‍ ശ്രമിച്ചു.

പക്ഷേ, നിങ്ങള്‍ രണ്ടുപേരെയും ഒരേ പ്രായം തോന്നിക്കുന്നല്ലോ എന്ന് ഞാനല്‍ഭുതപ്പെട്ടു. ജീവിച്ചിരിക്കുന്നവരുടെ കണക്കില്‍ 1927 ല്‍ തന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് അകുതഗാവ മരിക്കുന്നത്. ആത്മഹത്യയായിരുന്നത്രേ. കൂടിയ അളവില്‍ ബാര്‍ബിറ്റല്‍ കഴിച്ച് മരിച്ചു. കുറോസാവ വിട്ടുപിരിഞ്ഞത് 1998ലാണ്. അന്നേരം അദ്ദേഹത്തിന് പ്രായം എണ്‍പത്തെട്ട്.

കാലമൊക്കെ നിങ്ങളുടെ കണക്കിലല്ലേയുള്ളൂ. കാലദേശപരിധികളെ മറികടന്നവരെയാണ് നിങ്ങള്‍ മരിച്ചവര്‍ എന്ന് കണക്കാക്കുന്നത്.

അങ്ങനെയാണോ? അപ്പോള്‍ ശരിയാണ്. കാലമില്ലെങ്കില്‍ പ്രായമില്ല, പ്രായവ്യത്യാസവുമില്ല.

താകെഹിരോയെ താജോമാരു ഒരുപക്ഷേ കൊന്നു, ഒരുപക്ഷേ കൊന്നില്ല. ദൂരെയെങ്ങോ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അകുതഗാവ പിറുപിറുത്തു. കോട്ടിന്റെ പോക്കറ്റില്‍ നിന്ന് അയാള്‍ ഒരു സിഗററ്റെടുത്ത് ചുണ്ടില്‍ വെച്ചു. ലൈറ്ററില്‍ നിന്ന് തീ പിടിപ്പിച്ച് പുകയൂതി വിട്ടുകൊണ്ടിരുന്നു.

അതേതാണ്ട് ജൈനദര്‍ശനത്തിലെ സ്യാദ്‌വാദം പോലെയുള്ള മറുപടിയാണല്ലോ എന്ന് ഞാന്‍ പ്രതികരിച്ചു.

മഹാവീര പ്രതിമ
മഹാവീര പ്രതിമ

അതെന്താണ്? ചോദിച്ചത് കുറോസാവയാണ്.

പണ്ട് ഞങ്ങടെ നാട്ടില്‍ വര്‍ധമാന മഹാവീരന്‍ എന്ന ഒരു തത്വജ്ഞാനിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തമാണ് സ്യാദ്‌വാദം. സോപാധികപ്രസ്താവങ്ങളുടെ സിദ്ധാന്തം (theory of conditioned predication) എന്ന് പറയും. സ്യാദ് എന്ന വാക്കിന് ഒരുപക്ഷേ എന്നാണ് അര്‍ത്ഥം. അതായത്, ഒരു പരിപ്രേക്ഷ്യത്തില്‍, ഫ്രം സം പെര്‍സ്‌പെക്ടീവ്‌സ്, എന്ന് ഇവിടെ അര്‍ത്ഥം വരും.

വിശദീകരിച്ചാല്‍, ഒരു വസ്തുവിന്റെ അസ്തിത്വത്തെക്കുറിച്ച അറിവ് പോലും സ്യാദ് ആണ്. ഒരു പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ ഉണ്ട് (സ്യാദസ്തി), മറ്റൊരു പരിപ്രേക്ഷ്യത്തില്‍ ഇല്ല (സ്യാദ്‌നാസ്തി). ചിലപ്പോള്‍ ഒരേ പരിപ്രേക്ഷ്യത്തില്‍ത്തന്നെ ഉണ്ടെന്നും ഇല്ലെന്നും വരാം (സ്യാദസ്തിനാസ്തി). ചിലപ്പോള്‍ മറ്റൊരു പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ നിര്‍ണയം അസാധ്യമാണെന്നും വരാം (സ്യാദവക്തവ്യം).

ഒരു ആശയത്തിന്റെ സ്വീകാര്യതക്കും ഈ തത്വം ബാധകമാണ്. പ്രകൃതിയെക്കുറിച്ച അറിവുകള്‍ തത്വചിന്തയിലേക്കാണല്ലോ വികസിക്കേണ്ടത്. ഒരാശയത്തിന്റെ അംഗീകാരം എന്നത് സ്യാദ് ആണ്. അതിന്റെ സ്വീകാര്യതയും അസ്വീകാര്യതയും സാഹചര്യ ബന്ധിതമാണ്. ഒരു സാഹചര്യത്തില്‍, ഒരു വീക്ഷണകോണിലൂടെ നോക്കിയാല്‍ ആശയത്തെ അംഗീകരിക്കാം. സാഹചര്യമോ വീക്ഷണമോ മാറുമ്പോള്‍ അതേ ആശയം അസ്വീകാര്യമായും തീരാം. ഒരേ ആശയം തന്നെ, ഒരേ സാഹചര്യത്തിലും ഒരേ വീക്ഷണകോണിലും ഒരുപോലെ സാധുവും അസാധുവുമാകുന്ന അവസ്ഥയുമുണ്ടാകാം. മറ്റൊരു വീക്ഷണകോണില്‍ അത് നിര്‍ണയാതീതമായെന്നും വരാം.

ചുരുക്കിപ്പറഞ്ഞാല്‍ ജ്ഞാനവും നിലപാടുകളുമെല്ലാം ആപേക്ഷികങ്ങളാണ്.

rashomon -painting by Kent Williams
rashomon -painting by Kent Williams

ഇതാണ് തിയറി ഒഫ് കണ്ടിഷന്‍ഡ് പ്രെഡിക്കേഷന്‍, തത്വചിന്താധ്യാപനത്തിന്റെ ഭാരത്തില്‍ ഞാന്‍ നന്നായിട്ടൊന്ന് കിതച്ചു. ജപ്പാനില്‍ നിന്ന് വന്ന ഈ ബുദ്ധിജീവികള്‍ക്ക് ഇതുവല്ലോം തിരിഞ്ഞോ ആവോ.

കാര്യത്തിലേക്ക് വരാം.

കണ്ട കാര്യങ്ങള്‍ ഇത്രയുമാണ്.
1) താകെഹിരോ മരിച്ചു. വാളോ കത്തിയോ കൊണ്ട് നെഞ്ഞിലേറ്റ മുറിവാണ് പ്രത്യക്ഷത്തില്‍ മരണകാരണം.
2) താകെഹിരോയുടെ ഭാര്യ മസാഗോയും താജോമാരുവും തമ്മില്‍ ശാരീരിക സംയോഗം നടന്നു.
3) താകെഹിരോയുടെ വില്ലും ആവനാഴിയും താജോമാരു കവര്‍ന്നു.
4) ഈ രണ്ടുപേരില്‍ ആരെങ്കിലുമൊരാള്‍ മരിക്കണമെന്ന് മസാഗോ ആഗ്രഹിച്ചു.
5) താകെഹിരോയുടെ മരണശേഷം താജോമാരുവും മസാഗോയും അവിടം വിട്ടുപോയി. എന്നാല്‍ അവര്‍ ഒരുമിച്ചല്ല പോയത്.

ഇത്രയും കാര്യങ്ങള്‍ നിങ്ങളെങ്ങനെ ഉറപ്പിച്ചു എന്നായി അകുതഗാവ.

ദൃക്‌സാക്ഷികളുണ്ടല്ലോ. ആദ്യം മരംവെട്ടുകാരന്‍, പിന്നെ ബുദ്ധമതപുരോഹിതന്‍.

അതെ, അവരുടെ പരിപ്രേക്ഷ്യം. അന്നേരം ഇടപെട്ടത് കുറോസാവയാണ്. അതും കണ്ടിഷന്‍ഡ് പ്രെഡിക്കേഷന്‍ തന്നെ.

ഈ എണ്ണിപ്പറഞ്ഞതില്‍ മരണം മാത്രമാണ് ആത്യന്തികസത്യം എന്ന് വേണമെങ്കില്‍ പറയാം. അകുതഗാവ വിശദീകരിച്ചു. എന്നാല്‍ അതും ഒരു സത്യമാണോ? മരിച്ചുപോയ ഞങ്ങളല്ലേ ഇന്നിവിടെ ഈ കടല്‍ത്തീരത്തിരിക്കുന്നത്?

സമുറായിയെ കൊള്ളക്കാരന്‍ കൊന്നു, വലിയ കഠാര കൊണ്ട് ആഴത്തിലുള്ള മുറിവേറ്റാണ് താകെഹിരോ മരിച്ചത്. എന്നിട്ടാ കത്തിയെവിടെ? കത്തി കൊണ്ട് ആഴത്തിലേറ്റ മുറിവ് മരം വെട്ടുകാരന്റെ വിവരണത്തില്‍ വാള്‍ കൊണ്ടുള്ള വെട്ടായി മാറിയതെങ്ങനെ? അദ്ദേഹം തുടര്‍ന്ന് ചോദിച്ചു.

എന്നോടാണോ ചോദിക്കുന്നത്? താങ്കളല്ലേ കഥയെഴുതിയത്? എന്റെ ചോദ്യത്തിന് അകുതഗാവ ഒന്ന് ചിരിച്ചു.

ഈ ചോദ്യം റാഷമോണ്‍ സിനിമയിലുണ്ട്. ഞാനോര്‍മിച്ചു. റാഷമോണ്‍ കവാടത്തിനരികില്‍ നിന്ന് മരം വെട്ടുകാരനും ബുദ്ധഭിക്ഷുവും പറഞ്ഞ കഥ കേട്ടുകൊണ്ടിരുന്ന വഴിപോക്കന്‍. അകുതഗാവയുടെ കഥയില്‍ അങ്ങനെ ചോദിക്കുന്നുണ്ടോ?
അക്കാര്യം ഓര്‍മയില്‍ വരുന്നില്ല. അവരൊന്നും പറഞ്ഞുമില്ല.

എന്നാലും ഇപ്പറഞ്ഞ അഞ്ച് കാര്യങ്ങളും സത്യങ്ങള്‍ തന്നെയെന്ന് കരുതാം. പക്ഷേ, ഇതിലെ കഥാപാത്രങ്ങള്‍ സംഭവത്തെ വിവരിക്കുന്നതെങ്ങനെയാണ്? ഞാന്‍ ആ കഥ ഒരിക്കല്‍ക്കൂടി ഓര്‍മിക്കാന്‍ ശ്രമിച്ചു. എല്ലാം പ്രകാരങ്ങള്‍ മാത്രമാണ്. എന്നുവെച്ചാല്‍ ഒരുപക്ഷേ അതൊന്നുമായിരിക്കില്ല സംഭവം.

കൊള്ളക്കാരന്റെ (താജോമാരു) കുറ്റസമ്മതമൊഴി ഇങ്ങനെ:
തന്ത്രത്തില്‍ സമുറായിയെ താന്‍ മരത്തില്‍ കെട്ടിയിട്ടു. ഇതുകണ്ട സ്ത്രീ തന്റെ മേല്‍വസ്ത്രത്തിനടിയിലൊളിച്ചുവെച്ചിരുന്ന കഠാര വലിച്ചെടുത്ത് തന്നെ കുത്താന്‍ ശ്രമിച്ചെങ്കിലും താന്‍ കത്തി തെറിപ്പിച്ചു കളഞ്ഞു. അവിടെ വച്ചു തന്നെ സ്ത്രീയെ മാനഭംഗപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഒന്നുകില്‍ തന്റെ ഭര്‍ത്താവിനെ കൊന്നുകളയുകയോ അല്ലെങ്കില്‍ കൊള്ളക്കാരന്‍ മരിക്കുകയോ ചെയ്യണം എന്ന് അവളാണ് പറഞ്ഞത്. തന്റെ നഗ്നത ആസ്വദിച്ച രണ്ട് ആണുങ്ങള്‍ നിലനില്‍ക്കെ ജീവിച്ചിരിക്കുന്നത് അവള്‍ക്ക് നാണക്കേടാണത്രേ. ബന്ധനസ്ഥനായ ആളെ ചതിവില്‍ കൊല്ലുന്നതിന് പകരം അയാളെ സ്വതന്ത്രനാക്കി ദ്വന്ദ്വയുദ്ധം നടത്തിയാണ് താന്‍ അയാളെ കൊന്നത്. സ്ത്രീ ഓടിപ്പോവുകയും ചെയ്തു. അയാളുടെ വാളും അമ്പും ആവനാഴിയും താന്‍ കവര്‍ന്നെടുത്തു. പിടിയിലാകുന്നതിന് മുമ്പ് വാള്‍ വില്‍ക്കുകയും ചെയ്തു.

സ്ത്രീയുടെ (മസാഗോ) ഭാഷ്യം ഇങ്ങനെ:
തന്റെ ഉദ്ദേശ്യം നിറവേറ്റി താജോമാരു ഓടിപ്പോയി. മാനഭംഗത്തിനിരയായ താന്‍ ബന്ധനസ്ഥനായിരുന്ന ഭര്‍ത്താവിനെ നോക്കിയപ്പോള്‍ അയാള്‍ വെറുപ്പോടെ തന്നെ നോക്കിയിരിക്കുന്നതായാണ് കണ്ടത്. താന്‍ തെറ്റുകാരിയല്ലെന്നും തന്നോട് ക്ഷമിക്കണമെന്നും താനയാളോട് അപേക്ഷിച്ചു. എന്നാല്‍ നിര്‍വികാരതയോടെ അയാള്‍ തന്നെ അവഗണിച്ചു.

തനിക്കിനി ജീവിക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ ഭര്‍ത്താവും തന്നോടൊപ്പം മരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് താന്‍ കത്തി കൊണ്ട് അയാളുടെ ഔരസഭാഗത്തുള്ള കയര്‍ അറുത്തുമാറ്റിയപ്പോള്‍ അയാള്‍ക്ക് മുറിവേറ്റു. കാട്ടിനകത്തേക്കോടിപ്പോയി. ശേഷം പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.

റാഷമോൺ സിനിമയിൽ നിന്ന് -മസായുകി മോറി, തൊഷിറോ മിഫ്യൂൺ, മചികോ കിയോ എന്നിവർ
റാഷമോൺ സിനിമയിൽ നിന്ന് -മസായുകി മോറി, തൊഷിറോ മിഫ്യൂൺ, മചികോ കിയോ എന്നിവർ

കൊല്ലപ്പെട്ട സമുറായിയുടെ (താകെഹിരോ) പ്രേതം ഒരു മീകോയെ (ഷിന്റോ മതവിശ്വാസികള്‍ക്കിടയിലുള്ള മന്ത്രവാദം പഠിച്ച പുരോഹിത) മാധ്യമമാക്കിക്കൊണ്ട് സംഭവം വിവരിച്ചു. അതാണ് അയാളുടെ പരിപ്രേക്ഷ്യം. അതിങ്ങനെ:
ബലാല്‍സംഗം ചെയ്ത ശേഷം താജോമാരു മസാഗോയോട് ഭര്‍ത്താവിനെ ഉപേക്ഷിക്കാനും തന്റെ ഭാര്യയാവാനും ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ കൊന്നുകളയണം എന്ന ഉപാധിയോടെ അവളതിന് സമ്മതിച്ചു.

ഇതുകേട്ട് ആദ്യം ഞെട്ടിയ കൊള്ളക്കാരന്‍, കുപിതനായി അവളെ ചവിട്ടിത്തെറിപ്പിക്കുകയം തന്നെ അഴിച്ചുവിട്ട ശേഷം ഇത്രയും നന്ദികെട്ട ഒരു സ്ത്രീയെ വേണമെങ്കില്‍ താങ്കള്‍ക്ക് വധിക്കാം എന്ന് പറയുകയും ചെയ്തു. ഇതുകേട്ടതോടെ താന്‍ കൊള്ളക്കാരനോട് അപ്പോള്‍ത്തന്നെ ക്ഷമിച്ചു. ഭാര്യ ഓടിപ്പോയി. കൊള്ളക്കാരനും അവിടെ നിന്ന് പോയപ്പോള്‍ താന്‍ ഭാര്യയുടെ കൈയില്‍ നിന്നും വീണുപോയ കത്തി കൊണ്ട് സ്വയം കുത്തി മരിക്കുകയായിരുന്നു.

എന്നാല്‍, പിന്നീട് തന്റെ നെഞ്ഞില്‍ നിന്നും ആരോ കത്തി ഊരിയെടുക്കുന്നതായി താന്‍ അറിഞ്ഞിരുന്നുവെന്നും താകെഹിരോയുടെ ആത്മാവ് കൂട്ടിച്ചേര്‍ത്തു.

അതൊരു സമുറായിക്ക് ചേര്‍ന്ന ഭാഷ്യം തന്നെ. ഹരാകിരി (കത്തി കൊണ്ട് പ്രത്യേകരീതിയില്‍ സ്വന്തം വയറ് കീറി നടത്തുന്ന, സമുറായികള്‍ക്കിടയില്‍ നിലനിന്നിരുന്ന അനുഷ്ഠാന സ്വയംഹത്യ) തങ്ങളുടെ വീരത്വത്തിന്റെ അടയാളമായി കരുതുന്നവരാണല്ലോ അവര്‍.

അപ്പോള്‍ ഈ വിവരണങ്ങള്‍ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളാണ് എന്ന് കരുതിയാലും മുകളില്‍ എണ്ണിപ്പറഞ്ഞ അഞ്ച് കാര്യങ്ങള്‍ തന്നെയാണ് അടിസ്ഥാനം. അപ്പോള്‍ സത്യം എന്ന ഒന്നുണ്ട്. സ്യാദ്‌വാദത്തിലും വസ്തു അല്ലെങ്കില്‍ ആശയം നിലനില്‍ക്കുന്നുണ്ട്. അതിനെ കാണുന്നതും അറിയുന്നതും വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിലാണ് എന്നേയുള്ളൂ. അസ്തിത്വം പോലും അംഗീകരിക്കപ്പെടുന്നത് എന്ന് അവിടെ പറഞ്ഞതും ഈ പരിപ്രേക്ഷ്യവുമായി മാത്രം ബന്ധപ്പെടുന്നതാണ്.

സത്യാനന്തരകാലത്തെ നുണകളുടെ രാഷ്ട്രീയത്തെ പരിപ്രേക്ഷ്യങ്ങളെയും പ്രകാരങ്ങളെയും സംബന്ധിച്ച ഈ വിവരണം സാധൂകരിക്കുന്നില്ല എന്നര്‍ത്ഥം.

വളരെ ഗൗരവത്തില്‍ തട്ടി മൂളിച്ച എന്റെ നിഗമനങ്ങളോട് ഇരുവരും ഒന്നും പ്രതികരിച്ചില്ല. വീണ്ടുമൊരു സിഗററ്റ് കൊളുത്തി അകുതഗാവ തിരകളെണ്ണിക്കൊണ്ടിരുന്നു.

വിശേഷിച്ചും ആധുനികതയുടെ ആരംഭത്തില്‍, അസ്തിത്വാന്വേഷണത്തിന്റെ തത്വചിന്തയുടെ കാലഘട്ടത്തിലാണ് താങ്കള്‍ In a Grove (യാബു നോ നകാ) എന്ന കഥയെഴുതിയതെന്ന് തോന്നുന്നു. അല്ലേ?

ചക്രവാളത്തിലേക്ക് നോക്കി അദ്ദേഹം ഒന്ന് മൂളി. വികാരങ്ങള്‍ക്കും വൈയക്തികമായ വിശ്വാസങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു കാലത്തെയാണല്ലോ സത്യാനന്തര രാഷ്ട്രീയം അടയാളപ്പെടുത്തുന്നത്.

മൂന്ന് പേര്‍ തമ്മിലുള്ള സംസാരത്തിലൂടെയാണല്ലോ താങ്കള്‍ അകുതഗാവയുടെ കഥയെ ദൃശ്യവല്‍ക്കരിച്ചത്. എന്തായാലും അത് കഥയ്ക്ക് പുതിയൊരു മാനം നല്‍കുന്നുണ്ട്.

പരിപ്രേക്ഷ്യം എന്ന തത്വത്തെ അത് ഒന്നുകൂടി വികസിപ്പിക്കുന്നു.

എന്റെ പ്രകീര്‍ത്തനം പക്ഷേ, കുറോസാവ ഒട്ടും ഗൗനിച്ചില്ലെന്ന് തോന്നുന്നു.

ആ മൂന്നില്‍ രണ്ടുപേര്‍ തന്റെ കഥയില്‍ത്തന്നെ ഉണ്ട് എന്ന് അകുതഗാവ വെറുതെ ചിരിച്ചു. കികോരി എന്ന മരംവെട്ടുകാരനും താബി ഹോഷി എന്ന ബുദ്ധഭിക്ഷുവും. പിന്നെ, മൂന്നാമത്തെയാള്‍ ഒരു വഴിപോക്കന്‍.

പഴകിപ്പൊളിഞ്ഞു നില്‍ക്കുന്ന റാഷമോണ്‍ കവാടത്തിനരികിലാണ് സംഭവവിവരണം നടക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് കവാടത്തിന്റെ മറയിലേക്ക് കയറി നിന്നതാണ് ആ മൂവരും. പുരാതന ജാപ്പനീസ് നഗരമായ കിയോട്ടോയിലെ തകര്‍ന്ന കൊട്ടാരത്തിന്റെ പ്രവേശനകവാടമാണ് റാഷമോണ്‍.

പക്ഷേ, റാഷമോണ്‍ കവാടത്തെ പശ്ചാത്തലമാക്കി അപ്പേരില്‍ത്തന്നെ താങ്കള്‍ മറ്റൊരു കഥയും എഴുതിയിട്ടില്ലേ? ഞാന്‍ ചോദിച്ചു. അകുതഗാവ ചിരിച്ചു.

ആ കഥയും ഞാന്‍ ഓര്‍മിച്ചു.

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഒരു വൃദ്ധയുമാണ് കഥയിലെ കഥാപാത്രങ്ങള്‍. പിന്നെ ഒരു യുവതിയുടെ ജഡവും. ആ ജഡവും ജീവനുള്ളവരെപ്പോലെ ഒരു കഥാപാത്രം തന്നെ. അന്നത്തെ ജപ്പാനിലെ ജീവിതാവസ്ഥയുടെ പ്രതീകം തന്നെ ജീര്‍ണിച്ചു നില്‍ക്കുന്ന ഗേറ്റ്.

താഴ്ന്ന ക്ലാസ്സില്‍ ജോലിയിലുണ്ടായിരുന്ന അയാള്‍ക്ക് മുന്നില്‍ ഇപ്പോള്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ മരണത്തിലേക്ക് തന്നെ കൊണ്ടുപോയേക്കാവുന്ന പട്ടിണിയെ വരിക്കുക, അല്ലെങ്കില്‍ കള്ളനാവുക. ഒരു തെരഞ്ഞെടുപ്പിന്റെ സംഘര്‍ഷം അയാളനുഭവിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് റാഷമോണ്‍ കവാടത്തിനകത്ത് ആ സ്ത്രീയെ അയാള്‍ കണ്ടുമുട്ടിയത്.

ശവശരീരങ്ങള്‍ വലിച്ചെറിയപ്പെടുന്ന കൊട്ടാരത്തിലെ രണ്ടാം നിലയില്‍ ശവങ്ങളുടെ തലമുടി മുറിച്ചെടുക്കുകയാണ് ആ കിഴവി. തിരുപ്പനുണ്ടാക്കി വില്‍ക്കാനാണ് താന്‍ മുടി കട്ടെടുക്കുന്നതെന്ന് അവര്‍ അയാളോട് പറഞ്ഞു. അവരുടെ നീചവൃത്തിയില്‍ പ്രതിഷേധിച്ചപ്പോള്‍ അയാളും അവരും തമ്മില്‍ ഒരു സംവാദം രൂപപ്പെട്ടു. താന്‍ ചെയ്യുന്നത് തെറ്റല്ലെന്നും തന്റെ അതിജീവനത്തിന് ഇത് കൂടിയേ തീരൂ എന്നുമായിരുന്നു അയാളുടെ ന്യായവാദം.

ഉദാഹരണത്തിന് മരിച്ചുകിടക്കുന്ന ഈ സ്ത്രീയെ നോക്കൂ. പാമ്പിന്റെ ഇറച്ചി മുറിച്ചെടുത്ത് മീനാണെന്നും പറഞ്ഞ് ആളുകള്‍ക്ക് വില്‍ക്കലാണ് ഇവരുടെ ജോലി. ഇവള്‍ ചെയ്തതും തെറ്റല്ല. എന്തെന്നാല്‍ ഇവള്‍ക്കും നിലനില്‍ക്കേണ്ടതുണ്ട്. ഇവള്‍ മറ്റുള്ളവരോട് ചെയ്തത് ഇപ്പോള്‍ ഞാന്‍ ഇവളോടും ചെയ്യുന്നു.

ശരിയാണ്. അയാള്‍ സമ്മതിച്ചു. അതിജീവനം എന്റെയും പ്രശ്‌നമാണ്. ഇത്രയും നേരം ഞാന്‍ ചിന്തിച്ചതിന്റെ ഉത്തരം എനിക്ക് കിട്ടി. പട്ടിണി കിടന്ന് മരിക്കാന്‍ എനിക്ക് പറ്റില്ല. അതിനാല്‍ ഞാന്‍ ചെയ്യുന്നതും തെറ്റല്ല.

ഇതും പറഞ്ഞ് അയാള്‍ ബലം പ്രയോഗിച്ച് ആ സ്ത്രീയുടെ വസ്ത്രം കവര്‍ന്നെടുത്തുകൊണ്ട് സ്ഥലം വിട്ടു.

ഒട്ടും പ്രത്യാശ നല്‍കാത്തതാണ് താങ്കളുടെ ഈ രണ്ട് കഥകളും എന്ന് പലരും എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. കഥയോര്‍ത്തു കൊണ്ട് ഞാന്‍ പറഞ്ഞു.

നിങ്ങള്‍ക്കെന്തു തോന്നുന്നു? അദ്ദേഹം ചോദിച്ചു.

വെറുമൊരു വായനക്കാരന്‍ മാത്രമായ എന്റെ തോന്നലുകള്‍ക്ക് സൈദ്ധാന്തികമായി എന്ത് പ്രസക്തിയാണുള്ളത്? ഞാന്‍ തിരിച്ചു ചോദിച്ചു.

ഒരു കാര്യം ചോദിച്ചോട്ടെ. മടിച്ചു മടിച്ച് ഞാന്‍ ചോദിച്ചു. റ്യുനോസുകി അകുതഗാവ എന്ന എഴുത്തുകാരന്റെ കഥകള്‍ മാത്രമല്ല നിരാശാഭരിതമായിരിക്കുന്നതെന്ന് തോന്നുന്നു. അതായത്, ആ വ്യക്തി തന്നെയും പ്രസാദാത്മകത്വമോ പ്രതീക്ഷകളോ വെച്ചുപുലര്‍ത്തുന്നയാളല്ലെന്ന്. അതുകൊണ്ടായിരിക്കാം അയാള്‍ ചെറുപ്രായത്തില്‍ത്തന്നെ ജീവിതം സ്വയം അവസാനിപ്പിച്ചത്.

ചോദ്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടോ എന്തോ. ഒന്നും പ്രതികരിച്ചില്ല.

വളരെപ്പെട്ടെന്നാണ് അതിശക്തമായ ഒരു മഴ പെയ്തത്. ഞങ്ങളവിടെ നിന്ന് ഓടി, പൊളിഞ്ഞു കിടക്കുന്ന കടല്‍പ്പാലത്തിന്റെ അടിയില്‍ പോയി നിന്നു.

താങ്കളുടെ സിനിമയില്‍ ഇതുപോലൊരു മഴയത്താണ് ഇതുപോലെ പൊട്ടിപ്പൊളിഞ്ഞ റാഷമോണ്‍ കവാടത്തില്‍ അവര്‍ ഒത്തുചേര്‍ന്നത്. അവരും മൂന്നു പേരായിരുന്നു അല്ലേ?

റാഷമോൺ കവാടം, കുറോസാവയുടെ സിനിമയിൽ
റാഷമോൺ കവാടം, കുറോസാവയുടെ സിനിമയിൽ

കുറോസാവ ഒന്ന് ചിരിച്ചു.

റാഷമോണ്‍ കഥ കവര്‍ച്ചയില്‍ അവസാനിക്കുകയാണ്. എന്നാല്‍ സിനിമ അവിടെ അവസാനിപ്പിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അതും പ്രകാരങ്ങളുടെ വ്യത്യാസങ്ങള്‍ തന്നെയാണ്, അല്ലേ?

ആവാം. അകുതഗാവ സമ്മതിച്ചു. ഒരുപക്ഷേ ഞാന്‍ കണ്ടതിനുമപ്പുറം ഇദ്ദേഹം കണ്ടിരിക്കാം. ജപ്പാനിലെ അന്നത്തെ സാഹചര്യത്തില്‍ എനിക്ക് അത്രയേ കാണാന്‍ പറ്റുമായിരുന്നുള്ളൂ.

അതായത്, റാഷമോണ്‍ എന്ന് തന്നെ പേരുള്ള കഥയില്‍ നിന്ന് കുറോസാവ ആ കവാടത്തിന്റെ പശ്ചാത്തലവും അവസാനത്തില്‍ ഒരു കവര്‍ച്ചയും മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ബാക്കി കഥയൊക്കെ ചെറുവനത്തിലെ കൊലപാതകത്തിന്റെ കുറോസാവന്‍ പരിപ്രേക്ഷ്യമാണ്.

കൊലപാതകത്തിന്റെയും ബലാല്‍സംഗത്തിന്റെയും ആഖ്യാനങ്ങള്‍, ബുദ്ധഭിക്ഷുവും മരംവെട്ടുകാരനും പറഞ്ഞു തീര്‍ന്നപ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. റാഷമോണ്‍ കവാടത്തിനിപ്പുറം ഉപേക്ഷിക്കപ്പെട്ട ഒരു കൈക്കുഞ്ഞ്. അതിന് തൊട്ടുമുന്നേ ആരെയും വിശ്വസിക്കാന്‍ പറ്റാതായി എന്ന് ബുദ്ധഭിക്ഷു നെടുവീര്‍പ്പിടുന്നുണ്ട്. എന്നാല്‍, ആരും ആരെയും വിശ്വസിക്കാതിരുന്നാല്‍ ജീവിതം നരകമായിത്തീരുമല്ലോ എന്ന് പരിതപിക്കുകയും ചെയ്യുന്നു.

കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് വഴിപോക്കന്‍ ആ കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ അണിയിച്ചിരുന്ന വസ്ത്രം അഴിച്ചെടുത്ത് കൈക്കലാക്കി. മരംവെട്ടുകാരന് അത് തീരെ സഹിച്ചില്ല.

റാഷമോൺ കവാടം -പുതിയ മാതൃക
റാഷമോൺ കവാടം -പുതിയ മാതൃക

നിങ്ങളെന്താണിച്ചെയ്യുന്നത്? മരം വെട്ടുകാരന്‍ ചോദിച്ചു.
ഞാനെന്തുചെയ്താല്‍ നിനക്കെന്താ എന്ന് വഴിപോക്കന്‍.
വളരെ മോശമാണിത്.
എന്തു മോശം? ഞാനല്ലെങ്കില്‍ വേറാരെങ്കിലും ഇതെടുക്കും. അപ്പോപ്പിന്നെ അത് ഞാനായാലെന്താ?
നീചപ്രവൃത്തിയല്ലേ ഇത്?
അതുശരി. അപ്പോള്‍ ഈ കുഞ്ഞിന്റെ മാതാപിതാക്കളോ? കിടന്നു സുഖിച്ചിട്ട്, കുഞ്ഞുണ്ടായപ്പോള്‍ അതിനെ തെരുവില്‍ വലിച്ചെറിഞ്ഞില്ലേ? അതിനെക്കാളും നീചനാണോ ഞാന്‍?
നിങ്ങള്‍ പറയുന്നത് ശരിയല്ല. ആ വസ്ത്രത്തില്‍ തുന്നിവെച്ച ഏലസ്സ് കാണുന്നില്ലേ? അവര്‍ കുഞ്ഞിന്റെ രക്ഷയ്ക്ക് വേണ്ടി ജപിച്ചു കെട്ടിയതാണ്. ഉപേക്ഷിക്കാനും മാത്രം ക്ലേശത്തിലായിരുന്നിരിക്കണം അവര്‍. ഉപേക്ഷിച്ചതും മനക്ലേശത്തോടെ തന്നെയാവും.
എനിക്ക് മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിരിക്കാന്‍ സമയമില്ല.
സ്വാര്‍ത്ഥന്‍.
സ്വാര്‍ത്ഥനാവുന്നതില്‍ ഒരു തെറ്റുമില്ല. പട്ടികള്‍ പോലും സുഖമായി ജീവിക്കുന്നില്ലേ ഈ ഭൂമിയില്‍? കുറച്ചൊക്കെ സ്വാര്‍ത്ഥത ഇല്ലെങ്കില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്.

ഇതും പറഞ്ഞ് വഴിപോക്കന്‍ നടന്നു നീങ്ങുമ്പോള്‍ മരംവെട്ടുകാരന്‍ ആത്മഗതം പോലെ പറഞ്ഞു.
സ്വാര്‍ത്ഥരാണെല്ലാവരും. എന്നിട്ട് ന്യായങ്ങള്‍ പറയുകയാണ്. കൊള്ളക്കാരനും ആ സ്ത്രീയും അവരുടെ ഭര്‍ത്താവും.. ഇപ്പോള്‍ നിങ്ങളും.

മുന്നോട്ട് ചെന്ന് വഴിപോക്കനെ തടയാന്‍ ശ്രമിച്ച മരംവെട്ടുകാരനോട് പക്ഷേ അയാള്‍ ചോദിച്ചു.
അപ്പോള്‍ നിങ്ങള്‍ മാത്രം പരിശുദ്ധനോ? നല്ല തമാശയായിരിക്കുന്നല്ലോ. ഇല്ലെങ്കില്‍ പറയ്. ആ രത്‌നം പതിച്ച വിലപിടിപ്പുള്ള കത്തി നിങ്ങള്‍ എന്തു ചെയ്തു? എന്തുപറ്റി അതിന്? അതങ്ങ് മണ്ണില്‍ അലിഞ്ഞുപോയോ? ഒരു കള്ളന്‍ വേറൊരു കള്ളനെ കള്ളനെന്ന് വിളിച്ചാക്ഷേപിക്കുന്നതല്ലേ യഥാര്‍ത്ഥ സ്വാര്‍ത്ഥത?

ചോദ്യം മരംവെട്ടുകാരനെ തളര്‍ത്തി. താന്‍ ചെയ്തതു തന്നെയാണ് ശരി എന്ന അഹന്തയോടെ അട്ടഹസിച്ചുകൊണ്ട്, കവര്‍ന്നെടുത്ത കുഞ്ഞിന്റെ വസ്ത്രവുമായി അയാള്‍ മഴയത്തിറങ്ങി നടക്കുകയും ചെയ്തു.

ഇത്രയുമാണ് അകുതഗാവയുടെ കഥയുടെ അന്ത്യത്തിന് സമാനമായ സംഭവം എന്ന് ഞാനോര്‍ത്തു. എന്നാല്‍ കുറോസാവ അവിടെ നിര്‍ത്തുന്നില്ല. മനുഷ്യനന്മയിലുള്ള വിശ്വാസത്തെ ഉറപ്പിക്കുന്നതാണ് സിനിമയുടെ അന്ത്യരംഗം. കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഭിക്ഷുവിന്റെ അരികിലേക്ക് ചെന്ന് മരംവെട്ടുകാരന്‍ കൈ നീട്ടുന്നു. എന്തിന്, ബാക്കിയുള്ളതു കൂടി എടുക്കാനോ എന്ന് ഭിക്ഷു അലറി.

ദയനീയഭാവത്തോടെ അയാള്‍ പറഞ്ഞു. എനിക്ക് ആറ് കുട്ടികളാണ്, ഒരാളും കൂടി ഉണ്ടെന്നുവെച്ച് കാര്യങ്ങളില്‍ വലിയ മാറ്റമൊന്നും ഉണ്ടാവാന്‍ പോകുന്നില്ലല്ലോ.

ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, അന്നേരം ഭിക്ഷു സൗമ്യനായി. എനിക്ക് നഷ്ടപ്പെട്ടു പോയിരുന്ന, മനുഷ്യനിലുള്ള വിശ്വാസം നിങ്ങള്‍ കാരണം തിരിച്ചു കിട്ടി.

്കഥയുടെ കുറോസാവന്‍ പരിപ്രേക്ഷ്യം ഇങ്ങനെയാണ്. മനുഷ്യനന്മയിലുള്ള വിശ്വാസം അദ്ദേഹത്തിന് ഊട്ടിയുറപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊട്ടും വക കാണാത്ത ഒരു കാലത്തെയായിരുന്നു അകുതഗാവ പ്രതിനിധീകരിച്ചിരുന്നത്.

അപ്പോള്‍ ആഖ്യാനവൈവിധ്യങ്ങളില്‍ നേരത്തേ പറഞ്ഞ കഥാപാത്രങ്ങള്‍ക്കൊപ്പം ഈ രണ്ടുപേരും കൂടി വരുന്നു. കഥാകൃത്തും ചലച്ചിത്രകാരനും. അവരില്‍ നിന്നൊക്കെ ഭിന്നമായ, പരസ്പരവും ഭിന്നമായ രണ്ട് ആഖ്യാനങ്ങള്‍ കൂടി.

ഓരോരുത്തരും ഒരേ സംഭവത്തില്‍ തന്റെ അഹത്തെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നു. തനിക്ക് തന്നെ ഊന്നല്‍ നല്‍കുന്നു. എല്ലാ വിവരണങ്ങളും അഹംബോധത്തില്‍ നിന്ന് തന്നെ ഉണ്ടാകുന്നതാണ്. അതായത്, പൂര്‍ണസത്യം എന്നത് പൂര്‍ണമായും ആവിഷ്‌കരിക്കുക അസാധ്യമാണ്.

പരിപ്രേക്ഷ്യങ്ങളുടെ ദര്‍ശനത്തെപ്പറ്റി ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ മഴ തോര്‍ന്നു. മഴയ്ക്കിപ്പോള്‍ വരാനും പോകാനുമൊന്നും അധികം സമയം വേണമെന്നില്ലല്ലോ. കടല്‍പ്പാലത്തിനടിയില്‍ നിന്നും ഞാന്‍ പുറത്തേക്ക് വന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ലല്ലോ എന്ന് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. അവരെ കണ്ടപ്പോള്‍ തോന്നാത്ത ഭയം ഇപ്പോള്‍ എന്നെ കീഴ്‌പ്പെടുത്താന്‍ തുടങ്ങി. പെട്ടെന്നൊരിടി ശബ്ദം. റോഡിലെ ട്രാന്‍സ്‌ഫോമറില്‍ നിന്നൊരാളല്‍.

കൂരിരുട്ടില്‍ തീരത്തെ മണലിന്മേല്‍ ഞാന്‍ മലര്‍ന്നു കിടന്നു.

വംശീയദേശീയതയും സ്വേഛാധിപത്യവും

lead_720_405

രണ്ടായിരത്തിപ്പതിനൊന്ന് ജനുവരി 25 ന് ആരംഭിച്ച് ഫെബ്രുവരി 11 വരെ നീണ്ടു നിന്ന പോരാട്ടമായിരുന്നു ഈജിപ്തിലെ തഹ്‌രീര്‍ വിപ്ലവമായി അറിയപ്പെട്ടത്. തൊട്ട് മുന്നേ തുനീഷ്യയില്‍ നടന്ന, മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെട്ട പ്രക്ഷോഭവുമായി അതിനെ ചേര്‍ത്ത് അറബ് വസന്തം എന്നും വ്യവഹരിക്കപ്പെട്ടു.

Hitler -painting by Arthur Szyk
Hitler -painting by Arthur Szyk

അതേ വര്‍ഷം സെപ്തംബറില്‍ തഹ്‌രീര്‍ സമരം വിഷയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് Tahrir 2011: The Good, the Bad and the Politician. മൂന്ന് ഡോകുമെന്ററി സിനിമകളുടെ ഒരു ആന്തോളജിയാണ് ഇത്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് തഹ്‌രീര്‍. ദ് ഗുഡ് എന്ന ഭാഗം തഅ്മീര്‍ ഇസ്സത്തും ദ് ബാഡ് എന്ന ഭാഗം അയ്‌തെന്‍ അമീനും സംവിധാനം ചെയ്തിരിക്കുന്നു.

ആഭ്യന്തരശത്രുവിനെക്കുറിച്ച തത്വശാസ്ത്രം
മൂന്നാമത്തെ ഭാഗം ദ് പൊലിറ്റീഷന്‍ സംവിധാനിച്ചത് അസ്മ, ശൈഖ് ജാക്‌സന്‍ തുടങ്ങിയ ലോകപ്രശസ്ത ചലച്ചിത്രങ്ങളുടെ സാക്ഷാത്കാരകനായ, ഈജിപ്ഷ്യന്‍ ഫിലിം മേക്കര്‍ അംറ് സലാമയാണ്. രസകരമായ ഒരു സറ്റയറിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന പൊലിറ്റീഷനില്‍ ഒരു സ്വേഛാധിപതിയെ നിര്‍മിക്കുന്ന പത്ത് ഘടകങ്ങള്‍ വിവരിക്കുന്നുണ്ട്. ഹെയര്‍ ഡൈയിലാണ് അത് തുടങ്ങുന്നത്. മുപ്പത് കൊല്ലത്തോളം ഈജിപ്തിനെ അടക്കിഭരിച്ച ഹുസ്‌നി മുബാറക് അവസാനകാലം വരെ ചെറുപ്പമായിരുന്നു. അധികാരത്തില്‍ ഹെയര്‍ ഡൈക്കുള്ള പങ്കിനെ സരസമായി അവതരിപ്പിക്കുമ്പോള്‍ സ്വന്തം ന്യൂനതകള്‍ മറച്ചുവെക്കാനും തനിക്കില്ലാത്ത ഗുണങ്ങള്‍ അവകാശപ്പെട്ട് മേല്‍ക്കോയ്മ നേടാനുമുള്ള ഒരു സ്വേഛാധികാരിയുടെ ത്വരയാണ് ആന്തരികമായി അതില്‍ അടയാളപ്പെടുന്നത്. തുടര്‍ന്ന് ഛായാചിത്രങ്ങളും അപദാനഗീതങ്ങളും തെരുവുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തന്റെയും പിതാമഹന്മാരുടെയും പേരുകള്‍ നല്‍കലും ഒക്കെയായി ten rules to being a good dictator മുന്നോട്ട് പോകുന്നു.

അവസാനം പറയുന്ന മൂന്ന് കാര്യങ്ങള്‍ സാര്‍വകാലിക പ്രസക്തിയുള്ളതാണ്. മാധ്യമങ്ങളെ അധീനപ്പെടുത്തല്‍ (cowing media), ഒരു സങ്കല്‍പ ഭീകര ശത്രുവിന്റെ ഭൂതരൂപത്തെ നിര്‍മിക്കലും വളര്‍ത്തലും (raising the spectre of a phantom enemy), ഒരു പാരമ്പര്യവാഴ്ചാക്രമത്തെ ശാശ്വതീകരിക്കല്‍ (perpetuating a dynasty) എന്നിവയാണവ. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെയും അധികാരവ്യവസ്ഥയെയും കുറിച്ച ചര്‍ച്ചയിലും പ്രസക്തമായ കാര്യങ്ങള്‍.

മുബാറക്കിന് വംശീയദേശീയതയുടെ പശ്ചാത്തലം വല്ലാതെയൊന്നുമില്ലായിരുന്നു. അതിനാല്‍ത്തന്നെ അവസാനം പറഞ്ഞ മൂന്നില്‍, രണ്ടാമത്തെ നിയമം അവിടെ ഒരു വംശീയതയുടെ മാനമാര്‍ജിച്ചതുമില്ല. എന്നാല്‍ ഒരു ജനാധിപത്യക്രമത്തിലൂടെ അധികാരത്തിലേറി കടുത്ത സ്വേഛാധിപത്യ പ്രവണതകള്‍ കാണിച്ച, സ്വേഛാധിപത്യത്തിന്റെ മാതൃകകളായി അംഗീകരിക്കപ്പെട്ട പലരും വംശീയവാദത്തിന് മേലാണ് തങ്ങളുടെ സിംഹാസനങ്ങള്‍ സ്ഥാപിച്ചു നിര്‍ത്തിയത് എന്നു കാണാം.

അയ്തൻ അമീൻ, തഅ്മീർ ഇസ്സത്, അംറ് സലാമ
അയ്തൻ അമീൻ, തഅ്മീർ ഇസ്സത്, അംറ് സലാമ

ആന്തരികശത്രുക്കള്‍ എന്ന സങ്കല്‍പം സംഘ് പരിവാര്‍ ഫാഷിസത്തിന്റെ വേദപുസ്തകമായ വിചാരധാരയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിത്തീര്‍ന്നതിന്റെ പശ്ചാത്തലവും ഇതാണ്. സാധാരണ ഏകാധിപതികള്‍ തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികളെയും സംഘടനകളെയുമാണ് ഭീകരവല്‍ക്കരിക്കുന്നതെങ്കില്‍ വംശീയവാദികളായ ഏകാധിപതികള്‍ ഒരു സമൂഹത്തെത്തന്നെയാണ് ഭീകരമുദ്ര ചുമത്തി അപരവല്‍ക്കരിക്കുക എന്നതാണ് വ്യത്യാസം.

ദേശീയതയെ പ്രധാനപ്പെട്ട ഒരു പോയിന്റായി അംറ് സലാമ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും വംശീയ ഫാഷിസത്തിന്റെ ആധാരത്തില്‍ സ്വേഛാധിപത്യത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ rasing the spectre of a phantom enemy എന്ന നിയമത്തില്‍ അതുകൂടി ഉള്‍ച്ചേരുന്നുണ്ട്. national socialism എന്ന തത്വമാണ് ഹിറ്റലറും നാസി പാര്‍ട്ടിയും മുന്നോട്ട് വെച്ചിരുന്നത്. ഇതിലാകട്ടെ, ഏകമുഖമായ ദേശീയതയുടെ ഒരു സംസ്‌കാരം രൂപപ്പെടുകയും ആ സംസ്‌കാരത്തിന്റെ ശത്രുക്കളായി യൂദ ജനത അടയാളപ്പെടുകയും ചെയ്തു. മനുഷ്യന്‍ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും മാരകവും മനുഷ്യവിരുദ്ധവും എന്ന് രബീന്ദ്ര നാഥ ടാഗോര്‍ വിശേഷിപ്പിച്ച ദേശീയതയോടുള്ള ഭ്രാന്തന്‍ ആഭിമുഖ്യം വളര്‍ത്തിക്കൊണ്ടാണ് നാസി ജര്‍മനിയില്‍ യൂദന്മാര്‍ക്കെതിരായ നിഷ്ഠുരവംശഹത്യ അരങ്ങേറ്റിയത് എന്നത് ചരിത്രം.

Exposing the Autocrat, painting by Dave Martsolf
Exposing the Autocrat, painting by Dave Martsolf

പവിത്രമായ സംസ്‌കാരം എന്ന ആശയത്തിന് കുറേക്കൂടി തെളിച്ചം നല്‍കുന്ന സ്വഭാവത്തിലാണ് സംഘപരിവാരം അവരുടെ വംശീയരാഷ്ട്രീയത്തെ cultural nationalism (സാംസ്‌കാരിക ദേശീയതാവാദം) എന്ന് വിളിച്ചത്. ഇതിലും കുറേക്കൂടി വ്യക്തവും മൂര്‍ത്തവുമായ ുവമിീോ ലിലാ്യ പ്രത്യക്ഷപ്പെട്ടു. ഒരുപക്ഷേ ഒന്നിലധികം ഭൂതങ്ങള്‍. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂനിസ്റ്റുകാര്‍ക്കുമായി മൂന്ന് അധ്യായങ്ങളാണ് ഗോള്‍വല്‍ക്കര്‍ മാറ്റിവെച്ചിരുന്നതെങ്കിലും കുറേക്കൂടി പ്രാധാന്യവും മൂര്‍ഛയുമുള്ളത് മുസ്‌ലിം എന്ന ആന്തരികദൗര്‍ബല്യത്തിനെതിരായ വാദങ്ങള്‍ക്കായിരുന്നു. തീര്‍ത്തും വൈകാരികമായ സ്വഭാവത്തില്‍ പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു അത്.

ഇന്ത്യാമഹാരാജ്യത്തിലെ ജനങ്ങളെ പൂര്‍ണമായും ധ്രുവീകരിക്കുന്ന പ്രവണതകള്‍ ആരംഭിച്ചതവിടെയാണ്. ചരിത്രപരമായി പറഞ്ഞാല്‍ വിചാരധാരയ്ക്കും മുന്നേ ബങ്കിം ചന്ദ്രനിലും സവര്‍ക്കറിലും തുടങ്ങിയ വിഭജനമാണത്. ഇന്ത്യാ വിഭജനം എന്ന് നാം വിളിക്കുന്ന സംഭവം തൊട്ട് ഏറ്റവുമിന്നത്തെ (most modern) ഇന്ത്യയിലെ ജനതയില്‍ സംഭവിച്ചിരിക്കുന്ന ആപല്‍ക്കരമായ മാനസിക വിഭജനം വരെയെത്തിനില്‍ക്കുന്ന ചരിത്രത്തിന്റെ ആരംഭം.

വംശീയസ്വേഛാധിപത്യത്തിന്റെ ലക്ഷണങ്ങള്‍
കുറേക്കൂടി വ്യക്തമായി ഒരു വംശീയ സ്വേഛാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ ഖുര്‍ആനില്‍ വരച്ചുകാട്ടുന്നതും നമുക്കിവിടെ മാതൃകയായെടുക്കാം. തഹ്‌രീറില്‍ പരാമര്‍ശിച്ചതു പോലെ ഇവിടെയും ദേശപശ്ചാത്തലം ഈജിപ്താണ് എന്നത് രസകരമാണ്.

ഈ ലക്ഷണങ്ങള്‍ തികഞ്ഞ സര്‍വാധിപതിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന വ്യക്തി ഫറോവയാണ്. പൗരാണിക ഈജിപ്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേരാണല്ലോ ഫറോവ എന്നത്. പരാമൃഷ്ട വ്യക്തി ഏത് ഫറോവയാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നില്ല. ഫിര്‍ഔന്‍ എന്നേ പറയുന്നുള്ളൂ. മൂസാ നബിയുടെ ചരിത്രവുമായി ബന്ധപ്പെടുന്ന ഫറോവ എന്നു മാത്രം മനസ്സിലാക്കാം.

51c-HPQsNgL._SX332_BO1,204,203,200_    അവിടെയും ഒരു പ്രശ്‌നമുള്ളത്, ചരിത്രപരമായി പരിശോധിക്കുന്വോള്‍ ഫിര്‍ഔന്‍ എന്ന പേരില്‍ വേദഗ്രന്ഥത്തില്‍ വരുന്ന അധികാരരൂപം രണ്ടു പേരാവാനാണ് സാധ്യത. മൂസാ നബി മദ്‌യനിലേക്ക് പോകുന്നത് വരെയുള്ള കാലം പരാമര്‍ശിക്കപ്പെടുന്നേടത്ത് ഒരാള്‍. മദ്‌യനില്‍ നിന്നും പ്രവാചകനായി ഈജിപ്തില്‍ തിരിച്ചെത്തിയപ്പോഴുള്ള ഫറോവ (ആദ്യത്തെയാളിന്റെ മകന്‍) രണ്ടാമനും. ഇതില്‍ ഒന്നാമത്തെയാള്‍ റാമോശ് (റംസേസ്) രണ്ടാമനും രണ്ടാമത്തെയാള്‍ മിറിന്‍ പതഹും (മെര്‍നെപ്റ്റാ) ആണെന്നാണ് പ്രബലമായ വീക്ഷണം. ഒന്നാമത്തെയാള്‍ സേതി ഒന്നാമനും രണ്ടാമത്തെയാള്‍ റാമോശ് രണ്ടാമനും ആണെന്നും പക്ഷമുണ്ട്.

എന്നാല്‍ ചരിത്രത്തിന്റെ ഈ സൂക്ഷ്മതലങ്ങളിലേക്കൊന്നും ഖുര്‍ആന്‍ പോകുന്നില്ല. ഒന്നായാലും രണ്ടായാലും ഫിര്‍ഔന്‍ എന്ന ഒറ്റപ്പേരില്‍ത്തന്നെ അത് ഈ ചരിത്രം വിശദീകരിക്കുന്നു.

സത്യത്തില്‍ ലോകത്തുള്ള ഏതൊരു സ്വേഛാധിപതിയെയും ഒറ്റപ്പേരില്‍ത്തന്നെ വിളിക്കാം എന്നതാണ് അതിലുള്ള തത്വം. ദുരധികാരത്തിന്റെ മാതൃകയായി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു വ്യക്തിയുടെ, ഇബ്‌റാഹീം നബിയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട അധികാരബിംബത്തിന്റെ പേരോ സൂചനയോ ഒന്നും പറയുന്നേയില്ല എന്നതും ശ്രദ്ധേയമാണ്.

ഇനി ഖുര്‍ആനികാഖ്യാനത്തില്‍ നിന്നും നമുക്ക് ക്രോഡീകരിക്കാവുന്ന, ഫാഷിസ്റ്റ് ഏകാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ ഇപ്രകാരം വിവരിക്കാം.

ഒന്ന്) അമാനുഷികമായ, ചിലപ്പോള്‍ അതിഭൗതികം തന്നെയായ അവകാശവാദങ്ങള്‍. ചിലരുടെ കാര്യത്തില്‍ ഇത്തരം അവകാശവാദങ്ങള്‍ നേര്‍ക്ക് നേരെ ഉന്നയിക്കപ്പെടുന്നതാണെങ്കില്‍ മറ്റു ചിലരില്‍ അമാനുഷികത സ്ഥാപിക്കപ്പെടുന്ന വിധത്തില്‍ പരോക്ഷമായ സ്വാധീനങ്ങളുണ്ടാക്കുകയാണ് ചെയ്യുക.

സൂറഃ അന്നാസിആത് ഇരുപത്തിനാലാം വചനത്തില്‍ ഇങ്ങനെ പറയുന്നു: ‘അങ്ങനെയവന്‍ (ഫറോവ) ജനങ്ങളെ ഒരുമിച്ചു കൂട്ടി. എന്നിട്ടിപ്രകാരം വിളംബരം ചെയ്തു. ഞാനാണ് നിങ്ങളുടെ അദ്വിതീയനായ പരമാധികാരി’. വേറൊരു വചനത്തില്‍ ഫറോവയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിച്ചത് കാണാം. ‘അല്ലയോ പൗരമുഖ്യരേ, ഞാനല്ലാതെ മറ്റൊരീശ്വരന്‍ നിങ്ങള്‍ക്കുള്ളതായി ഞാനറിയില്ല’ (അല്‍ ഖസ്വസ് 38). ഇതിനനുബന്ധമായി വിഭവങ്ങളുടെ മേല്‍ അധികാരം വാദിക്കുകയും ചെയ്തു ഫറോവ. ‘എന്റെ ജനമേ, ഈ മിസ്‌റിന്റെ (മിസ്രയീം, ഈജിപ്ത്) ആധിപത്യം എനിക്കല്ലേ? എന്റെ കാല്‍ക്കീഴിലല്ലേ ഈയാറുകളൊക്കെയുമൊഴുകുന്നത്?’ (അസ്സുഖ്‌റുഫ് 51).

ഒരു ജനായത്ത ക്രമത്തില്‍ വിഭവങ്ങള്‍ക്കു മേല്‍ ജനങ്ങള്‍ക്കാണ് അധികാരം. ഈ അധികാരത്തെ ഒരു അമാനത്തായി അംഗീകരിച്ചുകൊണ്ട് ഇസ്‌ലാം, അതിനും മേല്‍ അല്ലാഹുവിന്റെ പരമാധികാരത്തെ സ്ഥാപിക്കുന്നു എന്നേയുള്ളൂ. അത് പക്ഷേ, ഭൂമിയില്‍ ഏതെങ്കിലും ഒരാള്‍ക്കോ വിഭാഗത്തിനോ ഉള്ള പ്രത്യേകാവകാശത്തെ കുറിക്കുന്നതല്ല.

ജനതയുടെ തുല്യ പങ്കാളിത്തം എന്ന മൂല്യത്തെ നിരാകരിച്ചു കൊണ്ടോ അവഗണിച്ചു കൊണ്ടോ ഭരണാധികാരിയോ ഭരണനേതൃത്വമോ വിഭവങ്ങളുടെ വിനിയോഗത്തില്‍ സ്വേച്ഛ പ്രയോഗിച്ചു തുടങ്ങുകയാണെങ്കില്‍, പുറമേക്ക് എന്തുപേരില്‍ വിളിച്ചാലും സമ്പ്രദായം സ്വേഛാധിപത്യപരമായിത്തീരും.

painting by Raffi Yedalin
painting by Raffi Yedalin

രണ്ട്) സ്വജനതയെ ഭിന്നിപ്പിക്കലും തട്ടുകളാക്കിത്തിരിക്കലും. ഖുര്‍ആന്‍ അതിപ്രകാരം വിവരിക്കുന്നു. ‘ഫറോവ, നിശ്ചയമായും നാട്ടിലവന്‍ ഞെളിഞ്ഞു നടന്നിരുന്നു. സ്വദേശവാസികളെ തട്ടുകളാക്കിത്തിരിച്ചു. എന്നിട്ടവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കുകയും ചെയ്തു’ (അല്‍ ഖസ്വസ് 4).

യസ്തദ്ഇഫു ത്വാഇഫതന്‍ മിന്‍ഹും (അവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കി) എന്നാണ് ഖുര്‍ആന്റെ പ്രയോഗം. സ്വതവേ ബലവാന്മാരായ ആളുകളെ അധികാരശക്തിയുപയോഗിച്ചോ സമ്മര്‍ദ്ദം ചെലുത്തിയോ അടിച്ചമര്‍ത്തി ദുര്‍ബ്ബലരാക്കുന്നതിനാണ് ഇങ്ങനെ പ്രയോഗിക്കുക.

മൂന്ന്) പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും വിശുദ്ധിയെയും മേന്മയെയും കുറിച്ച അവകാശവാദങ്ങള്‍, ഇവയുടെ രക്ഷകന്‍ എന്ന നാട്യം, പിന്നെ വംശീയ ദേശീയവാദവും.

മൂസാ നബിയെ തോല്‍പിക്കാന്‍ നിയുക്തരായ ചില ജാലവിദ്യക്കാര്‍ അദ്ദേഹത്തിന്റെ സംസാരം കേട്ട് ആദ്യം അന്ധാളിച്ചിരുന്നു. മാനസികമായി സത്യത്തോട് പ്രതിബദ്ധതയുണ്ടായിരുന്ന അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായി. അവര്‍ തമ്മില്‍ കൂടിയാലോചിക്കാന്‍ തുടങ്ങി.

അന്നേരം ഇടപെട്ട, ഫറോവയുടെ ഔദ്യോഗികമാധ്യമങ്ങള്‍, ജാലവിദ്യക്കാരെ ഉണര്‍ത്താന്‍ ശ്രമിച്ചത് ഈ ‘വിശുദ്ധ’പാരമ്പര്യത്തിന്റെ പേര് പറഞ്ഞാണ്. ‘അവര്‍ പറഞ്ഞു, ആഭിചാരകന്മാരാണിവരിരുവരും (മൂസായും സഹോദരനും). ആഭിചാരപ്രയോഗങ്ങളിലൂടെ നിങ്ങളുടെ സ്വന്തം മണ്ണില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ ആചാരങ്ങളെയും ക്രമബദ്ധവും മഹത്തരവുമായ സംസ്‌കാരത്തെയും നശിപ്പിക്കാനുമത്രേ ഇവര്‍ ഉദ്ദേശിക്കുന്നത്’ (ത്വാഹാ 63).

നിങ്ങളുടെ മണ്ണ്, നിങ്ങളുടെ പാരമ്പര്യം എന്നീ പ്രയോഗങ്ങള്‍ (അര്‍ദുകും, ത്വരീഖതുകും) ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലോകത്തിന്നു വരെ ഉണ്ടായിട്ടുള്ള എല്ലാ ആക്രാമകവംശീയസിദ്ധാന്തങ്ങളുടെയും അടിസ്ഥാനമാണ് ഇതുമായി ബന്ധപ്പെട്ട ആശയങ്ങള്‍. മണ്ണിന്റെ മക്കള്‍ സിദ്ധാന്തമൊക്കെ ഇതിന്റെ ഭാഗമാണ്. ഒഴിപ്പിക്കപ്പെടേണ്ടതോ അടിച്ചമര്‍ത്തപ്പെടേണ്ടതോ ആയ ആളുകളായി ഇവര്‍ തങ്ങളല്ലാത്ത മനുഷ്യവിഭാഗങ്ങളെ കാണുന്നു. മണ്ണിന്റെ അവകാശികള്‍ തങ്ങളാണ്, തങ്ങള്‍ മാത്രമാണ് എന്ന വിചാരമാണത്. രാജ്യത്തിന്റെ ആഭ്യന്തരശത്രുക്കളോ നാശകാരികളോ ആയി മറ്റുള്ളവരെ മുദ്രകുത്തുകയും ചെയ്യുന്നു. മറ്റൊരു വചനത്തില്‍ ഖുര്‍ആന്‍ ഫറോവയെ ഇപ്രകാരം ഉദ്ധരിക്കുന്നത് കാണാം: ‘മൂസായെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്. എന്നെയതിന് വിട്ടേക്കുക. അവന്‍ അവന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ. നിങ്ങളുടെ ആചാരങ്ങളെയും സംസ്‌കാരത്തെയും അവന്‍ അട്ടിമറിക്കുകയും നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയും ചെയ്‌തേക്കുമവനെന്ന് ഞാന്‍ കരുതുന്നു’ (ഗാഫിര്‍ 26).

നാല്) അപരത്വം സൃഷ്ടിക്കുക, അപരന്മാരായി മുദ്രകുത്തപ്പെടുന്നവരെ പീഡിപ്പിക്കുക, വംശഹത്യ നടത്തുക മുതലായവ.

ജനതയെ തട്ടുകളാക്കിത്തിരിച്ചതിനെപ്പറ്റി മുകളില്‍ ഉദ്ധരിച്ച വചനത്തില്‍, അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബ്ബലരാക്കിയതായി പറയുന്നുണ്ടല്ലോ. ധിക്കാരികളായ അധികാരികളുടെ പ്രവൃത്തികളായി വംശഹത്യയെയും സംസ്‌കാരഹത്യയെയും (genocide and ethnocide) പൊതുവില്‍ത്തന്നെ ഖുര്‍ആന്‍ എണ്ണുന്നുമുണ്ട്. സൂറഃ അല്‍ബഖറഃ 204-206 വചനങ്ങള്‍ നമുക്ക് ഇങ്ങനെ വായിക്കാം: ‘മനുഷ്യരില്‍ച്ചിലരിങ്ങനെയുമുണ്ട്. ഈ ലോകജീവിതത്തെക്കുറിച്ച അവരുടെ വാദങ്ങള്‍ നിങ്ങള്‍ക്ക് കൗതുകകരമായിത്തോന്നിയേക്കും. തങ്ങളുടെ മനസ്സിലുള്ളതിനെ സത്യപ്പെടുത്താനവര്‍ ദൈവത്തെപ്പിടിച്ചാണയിടും. എന്നാലോ, ഏറെ വക്രതയുള്ള (മനുഷ്യ)ശത്രുക്കളാണവര്‍. ഭൂമിയില്‍ മേല്‍ക്കോയ്മ കിട്ടിയാലോ, അവരതില്‍ നാശമുണ്ടാക്കാന്‍ ശ്രമിക്കുന്നു. വിളവുകളും മനുഷ്യകുലത്തെയും നശിപ്പിക്കുകയും ചെയ്യുന്നു. നശീകരണം ഇഷ്ടപ്പെടുന്നവനല്ല അല്ലാഹു. ദൈവബോധമുള്‍ക്കൊള്ളുക എന്നാരെങ്കിലും അത്തരമൊരാളോട് പറഞ്ഞാലോ, സ്വഗര്‍വ് അവനെ അതിനനുവദിക്കുകയുമില്ല. നരകം തന്നെയാണവര്‍ക്ക് മതിയായത്. എത്ര ചീത്തയായ വാസസ്ഥാനമായിരിക്കുമത്’.

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിലെ ആണ്‍തരികളെ കൊന്നൊടുക്കാനും പെണ്ണുങ്ങളെ ദാസിമാരാക്കാനും അയാള്‍ മുതിര്‍ന്നതായി ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നു. മേല്‍ ഉദ്ധരിച്ച വചനത്തില്‍ത്തന്നെ അക്കാര്യം വരുന്നുണ്ട്. ‘നിശ്ചയമായും അവന്‍ നാട്ടില്‍ ഞെളിഞ്ഞു നടന്നിരുന്നു. സ്വദേശവാസികളെയവന്‍ തട്ടുകളാക്കിത്തിരിച്ചു. എന്നിട്ടവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു, പെണ്‍കുട്ടികളെ (അപമാനം പേറി) ജീവിക്കാന്‍ വിടുകയും. നിശ്ചയം, അവന്‍ അക്രമകാരികളില്‍പ്പെട്ടവന്‍ തന്നെയാകുന്നു’ (അല്‍ ഖസ്വസ് 4).

അഞ്ച്) സ്വജനതയെ നിന്ദ്യരും വിഡ്ഢികളും അതുവഴി ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അടിമകളുമാക്കി മാറ്റുക. ‘തന്റെ ജനതയെ അവന്‍ നിസ്സാരരായി ഗണിച്ചു. അങ്ങനെയവര്‍ അവനെ പൂര്‍ണമായനുസരിക്കുകയും ചെയ്തു. സത്യത്തില്‍ അധര്‍മചാരികളായ ജനതയായിരുന്നവര്‍’ (അസ്സുഖ്‌റുഫ് 54).

ഇസ്തഖഫ്ഫ എന്ന പദത്തിനാണ് നിസ്സാരരായി ഗണിച്ചു എന്ന് അര്‍ത്ഥം നല്‍കിയത്. നിന്ദ്യരാക്കി, വിഡ്ഢികളാക്കി എന്നൊക്കെ അര്‍ത്ഥമുള്ള പദമാണത്. എപ്രകാരമാണ് വംശീയദേശീയതയെയും പാരമ്പര്യത്തെയും ഇളക്കിവിട്ട് അധികാരമുറപ്പിക്കുന്ന സ്വേച്ഛാധികാരികള്‍ തങ്ങളുടെ നാട്ടുകാരെ പൂര്‍ണമായും അനുസരണമുള്ളവരാക്കി മാറ്റുന്നത് എന്ന് വ്യക്തമാക്കുതാണ് ഈ സൂക്തം.

എന്തായാലും ദേശീയമായ വ്യാജബോധങ്ങളും വംശീയതയും സ്വേഛാധിപതികളുടെ എക്കാലത്തെയും ഉപകരണങ്ങളായിരുന്നു എന്നത് വ്യക്തമാണ്. അതിഭീകരമായ കൂട്ടക്കൊലകളുടെയും വംശഹത്യകളുടെയും സിദ്ധാന്തങ്ങളാണ് വംശീയദേശീയവാദങ്ങള്‍.

(തുടരും)

ബസ്തറും മാവോയും കുറേ ഉണ്ടയില്ലാവെടികളും

Unda-Malayalam-Movie2

മൗയിസ്റ്റുകളെ നേരിടാന്‍ തയ്യാറായി ഛത്തീസ്ഗഢിലേക്ക് പോയ തെരഞ്ഞെടുപ്പ് ഓഫീസർ നൂതൻ കുമാർ എന്ന ന്യൂട്ടൻ കുമാർ (രാജ്കുമാർ റാവു) മൗയിസ്റ്റുകളെ കണ്ടില്ല. എന്നാൽ ചെറിയ തോതിൽ ഒരു മൗയിസ്റ്റ് ആക്രമണത്തിന് സാക്ഷിയായി. എന്നാൽ അത് അവിടെയുള്ള പൊലീസുകാർ തന്നെ സംഘടിപ്പിച്ച ഒരു കപടനാടകമായിരുന്നു എന്ന് താമസിയാതെ അയാൾ തിരിച്ചറിയുകയും ചെയ്തു.

ഇതേ ഛത്തീസ്ഗഢിലേക്ക് തന്നെ, മൗയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാൽ, ഓഫീസർ കമാൻഡിങ് മാത്യൂസ് ആന്റണിയുടെയും (രഞ്ജിത്ത്) എസ്.ഐ മണികണ്ഠൻ സി.പിയുടെയും (മമ്മൂട്ടി) നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒരുങ്ങിക്കെട്ടിപ്പോയ കേരളാ പൊലീസ് സംഘവും മൗയിസ്റ്റുകളെ കണ്ടില്ല. ബസ്തറിലെ സ്‌കൂളധ്യാപകനും ആദിവാസിയുമായ കുനാൽ ചന്ദിനെ (ഓംകാർ ദാസ് മണിക്പുരി) സംഘം ചേര്‍ന്ന് തല്ലുന്ന ചിലർ, പക്ഷേ മൗയിസ്റ്റുകളായിക്കൊള്ളണം എന്നൊന്നുമില്ല താനും. എന്നാൽ തെരഞ്ഞെടുപ്പു ദിവസം അവർക്ക് ഭീകരമായ ഒരാക്രമണം (ഭീകരമായ ആക്രമണത്തെയല്ലല്ലോ സാങ്കേതികമായി ഭീകരാക്രമണം എന്ന് പറയുക) നേരിടേണ്ടി വന്നു. അതവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ലോക്കൽ നേതാവും ഗുണ്ടകളും അഴിച്ചു വിട്ട ആക്രമണമായിരുന്നു.

അമിത് വി മസൂർക്കറിന്റെ ന്യൂട്ടൻ എന്ന സിനിമ, ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലികാവസ്ഥയുടെ subtle critique എന്ന് തന്നെ പറയാവുന്ന ഒരു അലിഗറിയാണ്. ഒരു ക്ലാസിക് സറ്റയർ എന്ന് വിളിക്കാം. ഖാലിദ് റഹ്മാൻ സാക്ഷാത്കരിച്ച ഉണ്ട എന്ന മലയാള ചലച്ചിത്രത്തിന് പ്രമേയപരമായോ ഘടനാപരമായോ ഈ സിനിമയുമായി ബന്ധമോ സാമ്യമോ ഇല്ല. എന്നാൽ പശ്ചാത്തലം ഒന്നു തന്നെയാണ്. ഒരേ പശ്ചാത്തലത്തിലുള്ള ഈ രണ്ട് കഥകളും രണ്ടു തരത്തിൽ അനിവാര്യങ്ങളായ സാമൂഹികവിമര്‍ശനങ്ങളുമാണ്. തങ്ങളുടേതല്ലാത്ത എല്ലാ ദേശീയബോധങ്ങളും വിഘടനവാദപരമാണ് എന്ന് ചിന്തിക്കുന്ന ഒരു ഭരണകൂടത്തെയും അതിന്റെ കീഴിൽ സിസ്റ്റത്തിന് സംഭവിക്കുന്ന ബോധപരിണാമങ്ങളെയും പ്രശ്‌നവൽക്കരിക്കുന്നുണ്ട് ഈ രണ്ട് സിനിമകളും.

MV5BMDk4Y2Q2MmUtYjE1YS00NjEwLTg0ZGYtOGJkZjUzOTllYzA0L2ltYWdlXkEyXkFqcGdeQXVyNzA0MTg0MzE@._V1_ഒരു സറ്റയറിന്റെ ഘടനയല്ല ഉണ്ട എന്ന സിനിമയ്ക്കുള്ളത്. അത് കുറേക്കൂടി ഷാർപ് ആണ്. നര്‍മങ്ങളുടെ ചേരുവകൾ ധാരാളമായുണ്ടെങ്കിലും പൊതുവെ അതിന്റെ ഘടന ഒരു ത്രില്ലർ മൂവിയുടേതാണ്.

ന്യൂട്ടൻ പൊതുവെ സമ്പ്രദായങ്ങളെ പ്രതിക്കൂട്ടിൽ നിര്‍ത്തുന്നില്ല. എന്നു മാത്രമല്ല, നൂതൻ കുമാർ എന്ന ന്യൂട്ടൻ കുമാർ സിസ്റ്റത്തെയും അതിന്റെ ഘടനയെയും കണിശമായി പിന്തുടരുന്ന ഒരാളുമാണ്. ചിത്രത്തിന്റെ എൻഡിങ്ങും അതിലുള്ള വിശ്വാസത്തെ അടിവരയിട്ടുറപ്പിച്ചു കൊണ്ടാണ്. അതേസമയം മൂക്കാതെ പഴുത്ത ഒന്നാണ് ഇന്ത്യൻ ജനാധിപത്യം എന്ന വസ്തുതയും അത് വെളിപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് എന്താണെന്നും അതെത്രത്തോളം തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നുമൊന്നും അറിയാത്ത ഒരു വലിയ ജനസാമാന്യത്തിന്റെ പ്രതീകമായാണ് ന്യൂട്ടനിലെ ഗോത്രവർഗക്കാർ പ്രത്യക്ഷപ്പെടുന്നത്. നിങ്ങൾ തെരഞ്ഞെടുത്ത് ജയിപ്പിച്ചയാൾ ദൽഹിയിലേക്ക് പോകുമെന്നും അയാൾ നിങ്ങളുടെ പ്രശ്‌നങ്ങളൊക്കെ തീർക്കുമെന്നും അവരോട് പറഞ്ഞപ്പോൾ അവരുടെ മൂപ്പൻ പ്രതികരിക്കുന്നത് താൻ ഇവിടെയുള്ളപ്പോൾ എന്തിനാണ് മറ്റൊരാൾ ദല്‍ഹിക്ക് പോകുന്നത് എന്നാണ്.

പ്രമേയപരമായി അൽപം കൂടി വിശാലമായ ഒരു പ്രതലത്തിലേക്ക് വരുന്നുണ്ട് ഉണ്ട. അതിൽ സിസ്റ്റം ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. വെടിയുണ്ടകൾ നിറച്ച, പൊലീസിന്റെ പെട്ടിയുടെ മുകളില്‍ കുരങ്ങൻ കയറി സര്‍ക്കസ്സ് കളിക്കുന്ന ദൃശ്യത്തിലാണല്ലോ അതവസാനിക്കുന്നത് തന്നെ. കുനാൽ ചന്ദിനോട് അവസാനം മണികണ്ഠൻ പറയുന്നതും അത്തരമൊരു വര്‍ത്തമാനമാണ്, ഈ മണ്ണ് നിങ്ങളുടേതാണ്, നിങ്ങളിവിടുന്ന് എങ്ങോട്ടും പോകരുത്.

അവഹേളനങ്ങളുടെയും അസ്പൃശ്യതയുടെയും കുടിയൊഴിപ്പിക്കലുകളുടെയുമൊക്കെ അനുഭവങ്ങൾ ചിലപ്പോൾ മണികണ്ഠന് തന്നെയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ബസ്തറിൽ നിന്നും അയാൾ ഭാര്യയെ വിളിക്കുമ്പോൾ അവർ (ഈശ്വരി റാവു) തന്റെ അംഗനവാടിയിലാണ്. പശ്ചാത്തലത്തിൽ അയ്യങ്കാളിയുടെ ചില്ലിട്ട ചിത്രം കാണാം. മണിയുടെ ജാതി തിരിച്ചറിയാൻ ഈയൊരു ദൃശ്യമേ ചിത്രത്തിലുള്ളൂ. ഒരുപക്ഷേ അതത്ര പ്രധാനമല്ലെന്ന് തോന്നാം. രണ്ടോ മൂന്നോ സെക്കന്‍ഡുകൾ മാത്രം കാഴ്ചയിൽ നില്‍ക്കുന്ന ഫ്രെയിമിൽ അത്രയൊന്നും പ്രധാനമല്ലാത്ത ഒരു ഭാഗത്താണ് അയ്യങ്കാളിയെ നിർത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെടുക എന്നത് കഥാഗതിയെ പിന്തുടരുന്നതിന് അത്ര അനിവാര്യമൊന്നുമല്ല. എന്നാലും ഇടയ്‌ക്കെങ്കിലും കീഴ് ജീവനക്കാർ അയാളോട് കാണിക്കുന്നതായി നമുക്ക് തോന്നുന്ന അനാദരവിന് വിശദീകരണമാവുന്നുണ്ട് ആ ഫ്രെയിം.

ബസ്തറിലെ ആകെ ജനസംഖ്യയിൽ എഴുപത് ശതമാനം ഗോത്ര, ഗിരി വർഗക്കാരാണ്. ഛത്തീസ്ഗഢിലെ ടോട്ടൽ ട്രൈബൽ പോപ്പുലേഷന്റെ ഏതാണ്ട് ഇരുപത്തേഴ് ശതമാനം വരും ഇത്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ മൗയിസ്റ്റ് അറ്റാക് നടക്കുന്ന മേഖല എന്നാണ് ബസ്തറിനെക്കുറിച്ച പ്രചാരണം.

ട്രൈബൽ നൃത്തവും സംഗീതവും -ഛത്തീസ്ഗഢ്
ട്രൈബൽ നൃത്തവും സംഗീതവും -ഛത്തീസ്ഗഢ്


സവിശേഷമായ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തുന്നവരാണ് ബസ്തറിലെ ട്രൈബുകൾ. പ്രത്യേകിച്ചും അവരുടെ സംഗീതം. ഇന്ത്യയിലെ പല ദേശങ്ങളിലും തനതായ സംഗീതവും പ്രാദേശികമായ സംഗീതോപകരണങ്ങളും അനുബന്ധമായ മിത്തുകളും ഉള്ളതായി കാണാം. എന്നാൽ പൊതുവായും ഔദ്യോഗികമായും ഇന്ത്യൻ സംസാകരത്തെ ദൃശ്യവൽക്കരിക്കുമ്പോൾ ഇതൊന്നും അതിൽപ്പെടാറുമില്ല. Tony Gatlif ന്റെ Safe Journey (Latcho Drom) എന്ന ഫ്രഞ്ച് ഡോകുമെന്ററി ഈ സംഗീതപാരമ്പര്യത്തെ ഹൃദയാവർജകമായി രേഖപ്പെടുത്തുന്നുണ്ട്. വടക്കു പടിഞ്ഞാറൻ ഇന്ത്യ മുതല്‍ സ്‌പെയിൻ വരെയുള്ള ഒരു സംഗീതയാത്രയാണ് ഗാത്‌ലിഫിന്റെ സിനിമ.

ഈ കുറിപ്പുകാരന് രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ അവിടുത്തെ നാടോടി ഗോത്രവർഗങ്ങളെയും കേസരിയാ ബാലം എന്ന പാട്ടുമാണ് പെട്ടെന്ന് മനസ്സിൽ വരിക. അത് പഞ്ചാബാകുമ്പോൾ ഹീർ രാഞ്ജൻ പ്രണയവും ഹീറിന്റെ പാട്ടുകളും പിന്നെ കലന്ദർ ഷായുടെ സൂഫീ അപദാനഗീതങ്ങളും. ബംഗാളിലെത്തുമ്പോൾ ആ സ്ഥാനത്ത് ബാവുൾ ഗായകരും ഏക് താര, ദോ താര തന്ത്രിവാദ്യങ്ങളും ദുഗിയും കര്‍താലും മഞ്ജിരയും ചിമ്തയുമെല്ലാം കടന്നുവരും.

ബസ്തറിൽ, വിശേഷിച്ച് ജഗദൽപൂരിൽ ഋതുഭേദങ്ങൾക്കനുസരിച്ചുള്ള വ്യത്യസ്ത സംഗീതസമ്പ്രദായങ്ങളുണ്ട്. ഉണ്ട എന്ന സിനിമയ്ക്ക് പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തലസംഗീതം ബസ്തറിലെ പാരമ്പര്യ ഈണങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടുള്ളതാണ്. അത്യധികം ചേതോഹരമായിരുന്നു അത്. കഥാസന്ദര്‍ഭങ്ങൾക്കൊത്ത വികാരങ്ങൾ അനുവാചകനിൽ സൃഷ്ടിക്കാൻ ഈ പശ്ചാത്തലസംഗീതത്തിന് സാധിച്ചിട്ടുണ്ട്.

പരമ്പരാഗത കൊട്ടുവാദ്യങ്ങൾ -ഛത്തീസ്ഗഢ്
പരമ്പരാഗത കൊട്ടുവാദ്യങ്ങൾ -ഛത്തീസ്ഗഢ്


വിശേഷിച്ചും ഭയം. ഭയമാണ് സിനിമയിലെ പ്രധാന വില്ലൻ. ഭരണസംവിധാനത്തിന് ജനങ്ങളോടുള്ള ഭയമാണ് അടിസ്ഥാനം. ഒരു പരിധി വരെ ബാക്കിയൊക്കെയും സൃഷ്ടിക്കപ്പെടുന്ന ഭയമാണ് എന്ന ഒരു നിഗമനത്തിലെത്താൻ ചിത്രം പ്രേരിപ്പിക്കുന്നുണ്ടോ? പ്രത്യേകിച്ചും മൗയിസ്റ്റുകളെക്കുറിച്ച ഊതിവീര്‍പ്പിച്ച ഭയം. മസൂർക്കറിന്റെ സിനിമയിലും ഖാലിദ് റഹ്മാന്റെ സിനിമയിലും നക്‌സലൈറ്റുകളെയോ മൗയിസ്റ്റുകളെയോ കാണുന്നില്ല എന്ന് നേരത്തേ പറഞ്ഞല്ലോ. അതേസമയം പൊലീസുകാരിൽ മുഴുവനും മൗയിസ്റ്റുകളെക്കുറിച്ച ഭയം നിലനിൽക്കുന്നുണ്ട് താനും.

മൗ ദ്‌സെദോങ് (മാവോ സെതൂങ്) തന്നെയും ആന്ധ്രാപ്രദേശുകാരനാണെന്നാണ് ഇവിടെയുള്ളവരുടെ വിചാരം എന്ന് ഐ.ടി.ബി.പി (ഇന്‍ഡോ-തിബത്തൻ ബോഡർ പൊലീസ്) ഓഫീസർ കപിൽ ദേവ് (ഭഗ്‌വാൻ തിവാരി) ഇടയ്ക്ക് തമാശയായി പറയുന്നതും നാം കേൾക്കുന്നുണ്ട്.

അത്രമേൽ ആസ്വാദ്യകരമെങ്കിലും പശ്ചാത്തലസംഗീതത്തെ ഒട്ടും ലിമിറ്റ് ചെയ്തില്ല എന്നത് ചിത്രത്തിന്റെ പോരായ്മയായും തോന്നി എന്നത് മറച്ചുവെക്കുന്നില്ല.

കുനാൽ ചന്ദിന്റെ വാക്കുകളിലും മൗയിസ്റ്റുകളെക്കുറിച്ച ഭയം നിഴലിക്കുന്നുണ്ട്. നിങ്ങളുടെ ആളുകളാണ് ഞങ്ങൾ എന്ന് മാവോവാദികളും മാവോവാദികളുടെ ആളുകളാണെന്ന് നിങ്ങളും പറയുന്നു, യഥാര്‍ത്ഥത്തിൽ ഞങ്ങൾ ആരുടെയും ആളുകളല്ല എന്ന് അയാൾ മണിയോട് പറയുന്നുമുണ്ട്. എന്നിട്ടും അയാളുടെ മകനെ മാവോവാദിയാണെന്നും പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത മക്കളെ കാത്തിരിക്കുന്ന, ഇന്ത്യയിലെ ലക്ഷക്കണക്കിന് പിതാക്കന്മാരുടെ കൂട്ടത്തില്‍ ഒരാളായി അയാളും.

ജാതിയുമായി ബന്ധപ്പെട്ട മുൻവിധികളും ഭയവും കേരളാ പൊലീസ് സേനയെയും ബാധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ എന്ന പൊലീസുകാരന് (അഭിറാം പൊതുവാൾ) ആദിവാസികളെ ഭയമാണ്, കുനാൽ ചന്ദിനെയും ഭയമാണ്. ഈ ഭയം ബോധപൂർവമല്ലെങ്കിലും ഒപ്പം ജോലി ചെയ്യുന്ന ബിജുകുമാർ (ലുഖ്മാൻ) എന്ന, ആദിവാസിയായ കോണ്‍സ്റ്റബിളിനോട് അയാൾക്കുള്ള അവജ്ഞയായും മാറുന്നുണ്ട്.

ഒരിക്കൽ മാത്രം ബിജുകുമാർ, ഉണ്ണികൃഷ്ണനോട് ശക്തിയായി പ്രതികരിക്കുന്നു. ഇതിലാണ് ഉണ്ട മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വ്യക്തവും തീവ്രവുമായി പ്രസരിക്കുന്നത്.

അതേസമയം തന്നെ ഉണ്ണികൃഷ്ണൻ എന്ന വ്യക്തിയുടെ ജാതിവെറിയല്ല ചിത്രത്തിൽ പ്രകടമാകുന്നത്. അയാൾ തന്നെയും ഇരയാണ്. ഇന്ത്യൻ സമൂഹത്തിന്റെ തന്നെ ശാപമായ ജാതിബോധത്തിന്റെ ഇര. ഒപ്പം തന്നെ പൊലീസ് സംവിധാനത്തിനകത്തെ ഹയറാർക്കി എപ്രകാരം ഒരു ജാതി ഹയറാർക്കി പോലെ പ്രവർത്തിക്കുന്നു എന്നും കാണാം. ഹവിൽദാർ ജോജോയിലൊക്കെ (ഷൈൻ ടോം ചാക്കോ) പ്രകടമാകുന്നത് ഈ ബോധമാണെന്ന് പറയാം.

ഛത്തീസ്ഗഢിൽ എലക്ഷൻ ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിന് രേിടേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ച ഒരു പത്രവാര്‍ത്തയിൽ നിന്നാണ് താൻ ഇങ്ങനെയൊരു പ്രമേയം വികസിപ്പിച്ചതെന്ന് ഖാലിദ് റഹ്മാൻ പറയുന്നു. ആ ഒരു നൂലിഴയെ ഇന്ത്യൻ ജീവിതത്തിന്റെ നാഡി ഞരമ്പുകളായി പരിവർത്തിപ്പിക്കാനാണ് ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് ഹര്‍ഷദും യത്‌നിച്ചത്. അതിലവർ വിജയിച്ചു എന്ന് നിസ്സംശയം പറയാം.

ഗ്രാനൈറ്റ് നിക്ഷേപം, അത് കവർന്നെടുക്കുന്ന മുതലാളിത്തം, അതുമായി ബന്ധപ്പെട്ട പാരിസ്ഥിതികവും സാമുഹികവുമായ ചൂഷണങ്ങൾ, അത് നിമിത്തമുണ്ടാകുന്ന ജലക്ഷാമം എന്നു തുടങ്ങി, ഉണ്ടയിൽ കടന്നുപോകുന്ന സന്ദർഭങ്ങളും വിഷയങ്ങളും അനവധിയാണ്. അതെല്ലാം തന്നെ വളരെ കൃത്യതയോടെയാണ് ഒരുമിച്ചു ചേർത്തിട്ടുള്ളത് എന്നും തോന്നി.

മുഖ്യധാരാ സിനിമകളിലെ അതിമാനുഷരൂപങ്ങളെ നിരാകരിച്ചു കൊണ്ടാണ് സമീപകാലത്ത് കൂടുതൽ റിയലിസ്റ്റിക് ആയ ആഖ്യാനങ്ങൾ വെള്ളിത്തിരകളിൽ തെളിഞ്ഞു തുടങ്ങിയത്. മമ്മൂട്ടി എന്ന താരത്തിന്റെ സാന്നിധ്യമുണ്ടെങ്കിലും ഉണ്ട അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന് താരപരിവേഷം നൽകുന്നില്ല. മമ്മൂട്ടി എന്ന നടനെയാണ്, താരത്തെയല്ല ഉണ്ടയില്‍ നാം കാണുക. ആ അര്‍ത്ഥത്തിൽ സമീപകാലത്തുണ്ടായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമായിരുന്നു മുന്നറിയിപ്പിലെ സി.കെ രാഘവൻ. അതിന് ശേഷവും തോപ്പിൽ ജോപ്പനും മധുര രാജയുമൊക്കെയായി ആടിത്തിമർത്ത മമ്മൂട്ടി ഒരു നടനായി വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഉണ്ടയിലാണ്.

അതേindexസമയം, അവസാനത്തെ സംഘർഷ രംഗം അത്രയ്‌ക്കൊന്നും റിയലിസ്റ്റിക് ആയിരുന്നില്ല എന്നു പറയേണ്ടി വരും. അറിഞ്ഞോ അറിയാതെയോ അമാനുഷശേഷിയുള്ള ഒരു മെഗാസ്റ്റാർ അവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ മൊത്തം ഒഴുക്കിനും മമ്മൂട്ടിയുടെ തന്നെ കഥാപാത്രത്തിന്റെ അതുവരെയുള്ള സ്വഭാവത്തിനും അൽപം ഭംഗം സൃഷ്ടിക്കുന്ന ഈ സംഘട്ടനമാണ് കല്ലുകടി ഉണ്ടാക്കിയ മറ്റൊരു ഘടകം.

അവസാനം വരെ ചടുലവും തീവ്രവുമാണ് ഹർഷദിന്റെ തിരക്കഥ. ചിത്രം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും ഓരോ രംഗവും കൃത്യമായി പ്രതിഫലിപ്പിക്കുന്നുമുണ്ട്. മലയാള സിനിമയ്ക്ക് ഒട്ടും പരിചയമില്ലാത്ത പ്രദേശത്തെയും ജീവിതത്തെയും ഒപ്പിയെടുക്കുന്നതിൽ സജിത് പുരുഷന്റെ ദൃശ്യപരിചരണവും പൂര്‍ണമായും വിജയിച്ചിട്ടുണ്ട് എന്നു പറയാം.

തമാശയുടെ ശരീരശാസ്ത്രവും മനശ്ശാസ്ത്രവും

dc-Cover-2qiqaqcpbhdgom46e28df2ebh1-20190607010524.Medi
ബോഡി ഷെയിമിങ്, W Strempler ന്റെ ഡാഡാ കൊളാഷ്
ബോഡി ഷെയിമിങ്, W Strempler ന്റെ ഡാഡാ കൊളാഷ്

ഏതാണ്ട് യുവപ്രായത്തിന്റെ ആരംഭം മുതലേ ഈ കുറിപ്പുകാരന്റെ തലയിൽ നിന്നും രോമങ്ങൾ വിടപറഞ്ഞു തുടങ്ങിയിരുന്നു. ശരീരസൗന്ദര്യം, ആരോഗ്യം എന്നിത്യാദി കാര്യങ്ങളിൽ വലിയ ശ്രദ്ധയോ പിടിവാശിയോ ഇല്ലാത്തതു കൊണ്ടോ സ്വൽപം നേരത്തേ തന്നെ ഗാർഹസ്ഥ്യം എന്ന പരമപദം പ്രാപിച്ചിരുന്നതിനാലോ എനിക്കത് വലിയ പ്രശ്‌നമൊന്നുമുണ്ടാക്കിയില്ല എന്നതാണ് സത്യം.

പിന്നെ, കൂട്ടിന് ഒരിക്കലൊരു സ്വകാര്യ സംഭാഷണത്തിനിടയിൽ ആത്മസുഹൃത്തും എഴുത്തുകാരനുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞ ഒരു തമാശയുമുണ്ടായിരുന്നു. അദ്ദേഹം ഇതെവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല. എന്റെ മുടിനാരുകൾ അഭിമാനികളാണ്, അതിനാലവ നരയ്ക്കുമ്മുമ്പേ കൊഴിഞ്ഞുപോകുന്നു എന്നതായിരുന്നത്.

പക്ഷേ, കാര്യങ്ങളെ ഇങ്ങനെ തമാശയായിട്ട് കാണാൻ കോളജധ്യാപകനായ ശ്രീനിവാസന് (വിനയ് ഫോർട്ട്) പറ്റുമായിരുന്നില്ല. കോണ്‍ഫിഡൻസിന്റെ ഗ്രാഫ് വളരെ താഴ്ന്നു നില്‍ക്കുന്ന ഒരാൾ. ഞാൻ പ്രൊഫസർ ശ്രീനിവാസൻ എന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തുന്നതിൽത്തന്നെയുണ്ട് അയാളനുഭവിക്കുന്ന ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സ്. ഇന്റേണൽ മാർക് കൂട്ടിക്കിട്ടാൻ വേണ്ടി അയാളോടപേക്ഷിക്കുന്ന ശ്രീജിത് എന്ന വിദ്യാർത്ഥി (ശാഹിദ് എം ശമീം) എടുത്തിടുന്ന ഒരു കൊളുത്തിൽ അയാൾ പെട്ടുപോകുന്നതും ഈ ലോ കോണ്‍ഫിഡൻസ് കാരണം തന്നെ.

അതിനെക്കാൾ രസകരം, ധാരാളം മുടിയുള്ള ഒരാളായിരുന്നു ശ്രീജിത് എന്നതാണ്. (ഒരു ഹെഡ്ബാംഗറെപ്പോലെ വളര്‍ത്തിക്കൊണ്ടു നടക്കുന്ന ശാഹിദിന്റെ മുടി കാരണം വീട്ടിലുണ്ടാകുന്ന പൊല്ലാപ്പുകൾ ചില്ലറയൊന്നുമല്ലെന്നുള്ളതും ഇവിടെ അനുസ്മരിക്കുന്നു. എന്തായാലും തനി’മുടിയ’നായ അവന്റെ മുടി കൊണ്ട് ഇങ്ങനെയെങ്കിലും ഒരു പ്രയോജനം ഉണ്ടായതിലുള്ള അനൽപമായ കൃതാർത്ഥതയും ഇവിടെ രേഖപ്പെടുത്തുന്നു -വ്യക്തിപരം). അങ്ങനെയുള്ള ശ്രീജിത്തിനോട് മുടിക്ക് തീരെ കട്ടിയില്ലാത്ത ശ്രീനിവാസന് തോന്നുന്ന അസൂയ അതിലുണ്ടോ?
dc-Cover-2qiqaqcpbhdgom46e28df2ebh1-20190607010524.Medi
പക്ഷേ, ഇതിലെല്ലാം തന്നെ വിദഗ്ദമായ കൈയൊതുക്കമാണ് തമാശ എന്ന സിനിമയുടെ സാക്ഷാത്ക്കാരകനായ അശ്രഫ് ഹംസ കാണിച്ചിരിക്കുന്നത്. സത്യസന്ധമായിപ്പറഞ്ഞാൽ, തീർത്തും നവാഗതനായ ഒരാളുടെ സിനിമ, പക്ഷേ അസൂയാർഹമാം വിധം പെർഫെക്ടായി അനുഭവപ്പെടുന്നുണ്ട്. രണ്ടാം പകുതിയിൽ തിരക്കഥ അൽപം ദുർബലമാകുന്ന തൊഴിച്ചാൽ, സാങ്കേതികമായും ചിത്രം മികച്ചു നില്‍ക്കുന്നു. സമീർ താഹിർ എന്ന കൃതഹസ്തന്റെ വർക്ക് നന്നായി എന്ന് ഞാന്‍ അഭിപ്രായം പറയുന്നത് ശുദ്ധവിവരക്കേടാവും. ദൃശ്യങ്ങളൊക്കെയും കൃത്യവും വ്യക്തവുമാണ്, ഷാർപ് ആണ്. മറ്റ് ഘടകങ്ങളെടുക്കുമ്പോഴും സാങ്കേതികത്തികവ് പ്രകടമാണ്.

അതായത്, ചെറിയൊരു സംഭവമാണ് തമാശ. അത്രയും ചെറിയൊരു പ്രമേയത്തെ രണ്ട് മണിക്കൂർ നേരത്തേക്ക് നീട്ടിവലിച്ചിട്ടും അനാവശ്യമായ വിശദാംശങ്ങൾ ഒന്നും അതില്‍ കടന്നുവരുന്നില്ല. ആദ്യന്തം രസകരമായി കണ്ടിരിക്കാം താനും.

ഒരു സൈക്കോ സിനിമയല്ല തമാശ. എന്നാൽ അതിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും മനശ്ശാസ്ത്രപരമായ വിശകലനങ്ങൾ അര്‍ഹിക്കുന്നുണ്ട്. ബോഡി ഷെയിമിങ് എന്ന ആൾക്കൂട്ടാക്രമണത്തെ രേഖപ്പെടുത്തുകയാണ് ചിത്രത്തിന്റെ രണ്ടാം പകുതി ചെയ്യുന്നത്. നിഷ്ഠുരമായ ആക്രമണം എന്ന് പറയാം. (ആസുരമായ എന്ന് പറയാറുണ്ട്. പക്ഷേ, അസുരന്മാരോട് പ്രത്യേകിച്ച് വംശീയവിദ്വേഷമൊന്നും ഇല്ലാത്തതിനാൽ ഇതെഴുതുന്നയാൾ പൊതുവെ ആ വിശേഷണം ഉപയോഗിക്കാറേയില്ല).

ബോഡി ഷെയിമിങ് എന്നത് ഒരു സാമൂഹികമനോരോഗമാണങ്കിൽ വ്യക്തിത്വാപഭ്രംശമായിത്തന്നെ ആളുകളിൽ പ്രകടമായേക്കാവുന്ന ചില ശരീരവിചാരങ്ങളുണ്ട്. ബോഡി ഇമേജ് ഡിസ്‌സാറ്റിസ്ഫാക്ഷൻ (body image dissatisfaction) ആണ് ഇതിൽ ഏറ്റവും ലഘുവായത്. ഈ ബോധം ശ്രീനിവാസനിൽ തരക്കേടില്ലാത്ത അളവിൽത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുക്കം ചില നേരങ്ങളിൽ അയാള്‍ പ്രകോപിതനാവുന്നു പോലുമുണ്ട്. വില്യം ഷേക്‌സ്പിയർ തൊട്ട് വൈക്കം മുഹമ്മദ് ബഷീർ വരെയുള്ള കഷണ്ടിത്തലയന്മാരുടെ പേരുകളിൽ ആശ്വാസം കണ്ടെത്താനുള്ള അയാളുടെ ശ്രമം അത്ര ഫലവത്താകുന്നുമില്ല.

ഒരുതരം ന്യൂറോസിസ് ആണ് ബോഡി ഇമേജ് ഡിസ്‌സാറ്റിസ്ഫാക്ഷന്‍. ഉദ്വേഗബന്ധിതമായ (anxiety related) ഒരു മാനസികാവസ്ഥ. സ്വന്തത്തെപ്പറ്റി തീർത്തും നെഗറ്റീവായ ചിന്തകൾ വച്ചുപുലർത്താൻ ഇത് ഇടയാക്കിയേക്കും. അത് ക്രമത്തിൽ ഒരു ഒബ്‌സഷൻ ആയി മാറിയേക്കാം.

ഈ ഒബ്‌സഷൻ കഠിനമാകുന്നതിനനുസരിച്ച് ഒരുപക്ഷേ ഇതിന്റെ മാരകമായ പ്രകടനത്തിലേക്കും ഒരു വ്യക്തി ചെന്നെത്തിയേക്കാം. അതാകട്ടെ, ബോഡി ഡിസ്‌മോർഫിക് ഡിസോഡറിലേക്ക് (body dysmorphic disorder/ BDD) നയിക്കുന്നു. (ഡിസ്‌മോർഫോഫോബിയ -dysmorphophobia- എന്നും ഇതിന് പേരുണ്ട്). ഇതിന്റെ ആത്യന്തികഫലം ഒരുപക്ഷേ ആൾ കടുത്ത വിഷാദത്തിൽ ചെന്നുപതിക്കുക എന്നതായിരിക്കും. ഫലപ്രദമായ പ്രതിവിധി ഏതാണ്ട് അസാധ്യം തന്നെയായ ഒരു മനോരാഗമാണിത്.

ഡിസ്മോർഫോഫോബിയ (BDD)
ഡിസ്മോർഫോഫോബിയ (BDD)

ഇത്തരം മനോവ്യതിയാനങ്ങൾ വ്യക്തിയിൽ സൃഷ്ടിക്കുന്നതിൽ സമൂഹത്തിനും പൊതുബോധത്തിനുമുള്ള പങ്ക് ചെറുതല്ല. ബോഡി ഷെയിമിങ്ങിന്റെ തന്നെ ഏറ്റവും ആക്രാമകമായ പ്രയോഗത്തെയാണ് എം.ടി വാസുദേവൻ നായരുടെ കുട്ട്യേടത്തി എന്ന കഥ അടയാളപ്പെടുത്തുന്നത്. കുട്ട്യേടത്തിയിൽ അത് സൃഷ്ടിച്ച ഡിസ്മോർഫിക് ഡിസോഡർ എത്രത്തോളം മാരകമായിരുന്നെന്ന് കഥയുടെ അന്ത്യത്തിൽ നാം കാണുന്നു. (നിസ്സഹായരായ സ്ത്രീ കഥാപാത്രങ്ങൾ എം.ടിയുടെ ഒരു ദൗർബല്യമായിരുന്നെന്ന് തോന്നുന്നു).

ഡിസ്മോർഫോഫോബിക് ആയ ചിലർ മുഖത്തിന്റെ രൂപം മാറ്റാനുള്ള സർജറിക്ക് വേണ്ടി ശഠിക്കാറുണ്ട്. അത് BDDക്ക് ഒരു പരിഹാരമേയല്ല. താടിയുടെ നീളം കുറച്ചാൽ അവർക്ക് പല്ലുകൾ പുറത്തേക്കുന്തി നിൽക്കുന്നതായി തോന്നും. അത് ശരിയാക്കിയാൽ മുടി നിവർത്തണമെന്ന് തോന്നും. എല്ലാം ചെയ്തു കഴിഞ്ഞാലും തന്റെ മുഖം കൊള്ളാവുന്ന ഒന്നാണെന്ന് അവർക്ക് തോന്നുകയേയില്ല.

കുട്ട്യേടത്തി -പി.എൻ മേനോന്റെ സിനിമയുടെ പോസ്റ്റർ
കുട്ട്യേടത്തി -പി.എൻ മേനോന്റെ സിനിമയുടെ പോസ്റ്റർ


കൂട്ടത്തിൽ പറയട്ടെ, ഇമേജ് ഡിസ്‌സാറ്റിസ്ഫാക്ഷൻ എന്ന ബോധത്തെ ഫലപ്രദമായി ചികില്‍സിക്കാൻ ചില എഴുത്തുകാർക്ക് സാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. “ഉടലതിരമ്യമൊരുത്തന് കാൽക്കൊരു മുടവുണ്ടവന് നടക്കുന്നേരം” എന്ന് തുടങ്ങുന്ന കവിത കുഞ്ചൻ നമ്പ്യാർ ഉപസംഹരിക്കുന്നത്, “ലക്ഷം മാനുഷരൊപ്പം ചേര്‍ന്നാൽ ലക്ഷണമൊത്തവരൊന്നോ രണ്ടോ” എന്ന് സ്ഥാപിച്ചുകൊണ്ടാണ്. കഷണ്ടിയെയും കുടവയറിനെയും ‘പുരുഷ’ലക്ഷണങ്ങളായി അടയാളപ്പെടുത്തുന്നുണ്ട് വേങ്ങയില്‍ കുഞ്ഞിരാമൻ നായനാർ. കൊഴിഞ്ഞു വീഴുന്ന മുടിനാരുകളെപ്പറ്റി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞ ‘തമാശ’ തുടക്കത്തിൽ ഉദ്ധരിച്ചുവല്ലോ.

മൂക്കിന് നീളം കൂടിയ മൂക്കൻ വിശ്വവിഖ്യാതനായിത്തീര്‍ന്ന ബഷീർക്കഥ, ഒരു പൊലിറ്റിക്കൽ സറ്റയർ ആണെങ്കിലും (അല്ലെങ്കിലും ഭര്‍റ് ഉള്‍പ്പെടെയുള്ള ബഷീറിന്റെ തമാശക്കഥകളെല്ലാം രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ തന്നെയാണ്) നീളം കൂടിയ മൂക്ക് എന്നത് ഒരു സാധ്യതയായി പരിവർത്തിതമാകുന്നുണ്ട് അതിൽ.

വൈയക്തികമോ സാമൂഹികമോ ആയ എല്ലാ അപകര്‍ഷങ്ങളെയും അതിജീവിക്കുന്നതിന്റെ കഥകൾ പറഞ്ഞ സി അയ്യപ്പന്റെ രചനകളെപ്പറ്റി ശ്രീനിവാസൻ ക്ലാസ്സെടുക്കുന്നത് സിനിമയിൽത്തന്നെ കാണാം.

മനോവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചിന്തകളിലേക്ക് നയിക്കുന്നുണ്ടെങ്കിലും അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കുന്ന സിനിമയല്ല തമാശ. ആന്ത്യന്തികമായി അനുവാചകനെ ആത്മബോധത്തിലേക്കും ആത്മവിശ്വാസത്തിലേക്കും നയിക്കുന്നതാണ് താനും അശ്രഫ് ഹംസയുടെ കഥാകഥനരീതി (അദ്ദേഹം തന്നെയാണ് ഇതിന്റെ തിരക്കഥാകൃത്തും).

അൽപം അതിഭാവുകത്വം ആരോപിക്കാവുന്നത് രണ്ടാം പകുതിയിലെ സൈബർ ബോഡി ഷെയിമിങ്ങിൽ ആണ്. ശ്രീജിത്ത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ അന്നേരം മാഷ്‌ക്ക് പിന്തുണയുമായി വരുന്നു എന്നതും ശ്രദ്ധേയമാണ്. ന്യൂ ജെന്നിനോടുള്ള പൊസിറ്റീവ് അപ്രോച്.

എന്നാൽ സോഷ്യൽ മീഡിയയില്‍ ഇടപെടുന്നവർക്ക് ഈ ചിത്രീകരണത്തിൽ യാതൊരുതരത്തിലുള്ള അതിശയോക്തിയും ഇല്ലെന്നേ തോന്നൂ.

ലോ കോണ്‍ഫിഡന്റ് ആയ ആളുകൾക്ക് ബോഡി ഷെയിമിങ് വളരെപ്പെട്ടെന്ന് എഫക്ട് ചെയ്യും. ശ്രീനിവാസന്‍ അതിൽ അസ്വസ്ഥനാവുന്നുമുണ്ട്. എന്നാൽ അയാളോടൊപ്പം ആക്രമിക്കപ്പെടുന്ന ചിന്നുവിന് (ചിന്നു ചാന്ദ്നി) അതൊരു പ്രശ്‌നമേയല്ല. വളരെ ഈസിയായി അവർ തന്റെ അഹംബോധമൊന്നു കൊണ്ടു മാത്രം ഇത്തരം തമാശകളെ (മറ്റുള്ളവർ വെറും തമാശകളായി മാറുന്നുവെന്നതാണല്ലോ ബോഡി ഷെയിമിങ്ങിന്റെ സാമൂഹ്യ മനശ്ശാസ്ത്രം) അതിജീവിക്കുന്നു. കൂട്ടത്തിൽ ചിന്നുവിന്റെ സാമൂഹ്യബോധവും അതിനവരെ സഹായിക്കുന്നു. അവസാന രംഗത്തെ ചിന്നു ഒ ഹെൻറിയുടെ ഡെല്ലയെ ഓർമിപ്പിക്കുന്നുണ്ട്.

69740948അതേസമയം ബോഡി ഷെയിമിങ്ങിന്റെ കാര്യത്തിൽ ഏറ്റവും മാരകമായ മനോവ്യതിയാനവും രോഗവുമുള്ളത്‍ ഷെയിമിങ് നടത്തുന്നവർക്കായിരിക്കും. നോർമലി പൊസിറ്റീവ് ആയിരിക്കില്ല അവരാരും. എല്ലായ്‌പോഴും എല്ലാത്തിനോടും നിഷേധാത്മകമായ മനോഭാവം (നെഗറ്റീവ് ആറ്റിറ്റ്യൂഡ്) മാത്രം വെച്ചുപുലര്‍ത്തുന്നവര്‍. ഒരുതരം ഡിസ്റ്റോട്ടഡ് സെൽഫ് കോൺഫിഡൻസ് ഉള്ള ഇവരാണ് മറ്റുള്ളവരെ, തങ്ങൾ ദോഷമെന്ന് വിധിക്കുന്ന ചെറുകാര്യങ്ങളുടെ പേരിൽ പരിഹസിക്കാൻ മുതിരുന്നത്. പൊതുവേ അസൂയാലുക്കളാണ് ഇവർ.

ഇത്തരം അസൂയാലുക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് സൈബറിടം എന്ന ചിന്തയ്ക്കും തമാശ ഇടം തരുന്നുണ്ട്. ഒരാൾക്കുണ്ടാകുന്ന വ്യക്തിത്വാപഭ്രംശം പോലെയല്ല ഇത്തരം സാമൂഹിക ഞരമ്പുരോഗങ്ങൾ.

വിനയ് ഫോർട്ടിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളാണ് ഗോഡ് സേയിലെ ഹരിചന്ദ്രനും തമാശയിലെ ശ്രീനിവാസനും. വ്യക്തിത്വത്തിന് സവിശേഷമായ വിഘടനങ്ങൾ സംഭവിക്കുന്ന ഡിസോസിയേറ്റീവ് ഡിസോഡർ, അതിന്റെ ഭാഗമായ ഡീപെര്‍സനലൈസേഷൻ ഡിസോഡർ എന്നീ മാനസികാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ഷെറിയും ഷൈജു ഗോവിന്ദും ചേര്‍ന്ന് സാക്ഷാത്കരിച്ച ഗോഡ് സേയിൽ വിനയ് ഫോർട്ട് കടന്നുവരുന്നത് എന്നതും പ്രസ്താവ്യമാണ്.

അബു വളയംകുളത്തിന്റെ കാസ്റ്റിങ് സൂക്ഷ്മമായിരുന്നു എന്നു വേണം കരുതാന്‍. വിനയ് ഫോർട്ടിനും ചിന്നുവിനും പുറമെ ദിവ്യപ്രഭ, ഗ്രേസ് ആന്റണി, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ എന്നിവർ മുതൽക്ക് ചെറുവേഷത്തിൽ വരുന്നവർ വരെ എല്ലാവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു എന്നും പറയാം.

അര്‍ത്ഥം നഷ്ടപ്പെട്ടുപോയ അക്ഷരങ്ങള്‍

4-801584
മൈത്രേയന്റെ ജീവിതവും തീവണ്ടിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.

അഭേദ്യമായ ബന്ധം, അങ്ങനെയൊന്നുണ്ടോ? ബന്ധങ്ങള്‍ എന്നത് ഒരു യുക്തിപദ്ധതിയാണ്. അതുപോലൊരു പദ്ധതിയാണ് ഭാഷയും. അന്തിമമായി ഒരക്ഷരം എന്നത് ഒരു ശബ്ദം മാത്രമാണ്. അക്ഷരങ്ങളെ കോര്‍ത്താണ് നാം വാക്കുകളുണ്ടാക്കുന്നത്. അതാകട്ടെ, ശബ്ദങ്ങളുടെ ഒരു സംയോജനം, ഒരു മിശ്രണം മാത്രമാണ്. ഈ സംയോജനം ഒരു ശബ്ദബിംബമായാണ് (auditory image) കര്‍ണപുടത്തില്‍ പതിയുന്നത്. പരിചിതമായ ഒരു ദൃശ്യബിംബത്തോട് (visual image) അതിനെ ചേര്‍ത്തുവെക്കുന്നത് ഭാഷ എന്ന യുക്തിപദ്ധതിയുടെ ഒരു തീര്‍പ്പ് മാത്രമാണ്.

1ദൃശ്യവും ശബ്ദവുമായ ഈ ബിംബങ്ങള്‍ എല്ലാവരുടെയും ഉള്ളില്‍ ഉണര്‍ത്തുന്നത് ഒരേ പ്രതികരണമാണ് എന്ന് പോലും ഉറപ്പിക്കാന്‍ പറ്റില്ല. ചുവപ്പ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലുണരുന്ന ചുവപ്പ് ഒന്ന് തന്നെയാണോ?

അല്‍പം നീളമുള്ള ഒരു പേരാണ് ഷെറി തന്റെ പുതിയ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. “കഖഗഘങചഛജഝഞടഠഡഢണതഥദധ….” മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങളുടെ കൂട്ടം.

കെട്ടഴിഞ്ഞു നില്‍ക്കുന്ന അക്ഷരങ്ങളുടെ കൂട്ടത്തിന് അര്‍ത്ഥമില്ല. ഭാഷ എന്ന യുക്തിയുടെ പുറത്ത് കടന്നാല്‍ ഈയക്ഷരങ്ങളെല്ലാം വെറും ശബ്ദങ്ങളോ ചിത്രങ്ങളോ മാത്രം. പരിചിതമായ ഏതെങ്കിലും ദൃശ്യബിംബത്തോട് ഈ ശബ്ദങ്ങളെ ചേര്‍ത്ത് വെക്കാനും പറ്റില്ല.

മൈത്രേയനെ നാം ആദ്യം കാണുന്നത് തന്നെ തീവണ്ടിക്കകത്താണ്. തീവണ്ടി തട്ടി മരിച്ചു എന്ന് കേട്ടുകേള്‍വിയുള്ള മൈത്രേയന്റെ തിരിച്ചവരവാണത്. എന്നാല്‍ അയാളുടെ ഭാര്യയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടിത്തന്നെ മരിച്ചതാണ്. അയാള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച ഉസ്താദിന്റെ ജീവിതാഭിലാഷമായിരുന്നു തീവണ്ടി മറയ്ക്കുക എന്നത്. ട്രെയിന്‍ വാനിഷിങ്. തീവണ്ടിയില്‍ കയറി എങ്ങോ പോയതാണ് ഉസ്താദ്. ഒന്നല്ല മുഴുവന്‍ തീവണ്ടികളും മറയ്ക്കണം എന്നാണ് മൈത്രേയന്റെ തീരുമാനം.

ഇടയ്ക്കിടെ തീവണ്ടിപ്പാളത്തില്‍ വന്നിരിക്കുന്നുണ്ട് മൈത്രേയന്‍. ചിലപ്പോള്‍ പാളത്തില്‍ ചെവി ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നു. ഒരിക്കലങ്ങനെയിരിക്കുമ്പോള്‍ തൊട്ടടുത്ത പാളത്തില്‍ക്കൂടി തീവണ്ടി കടന്നുപോകുന്നുമുണ്ട്.

ചായില്യം, അമീബ എന്നീ മികച്ച മലയാളചിത്രങ്ങളുടെ സാക്ഷാത്കാരകനായ മനോജ് കാനയാണ് (Manoj Kana) കഖഗഘങ…യില്‍ മൈത്രേയനായി വരുന്നത്. അക്ഷരങ്ങളെ വാക്കുകളോടും വാക്കുകളെ വാക്യങ്ങളോടും ബന്ധിക്കുന്ന അര്‍ത്ഥത്തിന്റെ നൂലിഴ അറ്റുപോയ മൈത്രേയന്റെ ജീവിതത്തെ പ്രശംസാതീതമായ വൈദഗ്ദ്യത്തോടെയാണ് മനോജ് കാന തന്റെ നാട്യത്തിലേക്ക് ആവാഹിച്ചെടുത്തിട്ടുള്ളത്.

അച്ഛന്‍ ദീനം പിടിച്ചു കിടന്ന നാളില്‍ കാലന്‍ കെട്ടുമായി മൈത്രേയന്‍ നീങ്ങുന്ന ദൃശ്യത്തിലും ബാക്‌ഡ്രോപ്പില്‍ ഒരു തീവണ്ടി കുതിച്ചുപായുന്നുണ്ട്. ഒരസ്തമനദൃശ്യമായിരുന്നു അത്. ഒരു പകലിന്റെ മരണം.

മനോഹരമാണ് ദൃശ്യങ്ങള്‍. ജലീല്‍ ബാദുഷയുടെ (Jaleel Badusha) വിരുത് എത്ര സൂക്ഷ്മമായാണ് ദൃശ്യങ്ങളെ പരിചരിക്കുന്നത്. അസ്തമനസമയത്തെ മങ്ങൂഴം ചിലരിലെങ്കിലും ലഘുവായ ഒരു വിഷാദം സൃഷ്ടിക്കാറുണ്ട്. മരണത്തിന്റെ പ്രതീകമാണ് സന്ധ്യ.

ഷെറിയുടെ സിനിമയില്‍ തീവണ്ടിയും മരണത്തിന്റെ അടയാളം തന്നെ. മരണം കഖഗഘങ…യുടെ മുഖ്യപ്രമേയമാണ്. ദുര്‍മരണങ്ങള്‍ക്ക് വിധേയമാകുന്ന ആത്മാക്കള്‍ക്ക് ശാന്തി കിട്ടുന്നതിനായി കാലന്‍ കെട്ട് നടത്തുന്ന കരിംകാലനാണ് മൈത്രേയന്റെ അപ്പന്‍ (കോക്കാട് നാരായണന്‍). കാലനെ ഊട്ടാണ്ട് ചാവെടുത്താല്‍ മരണോം മാരീം തീരില്ലെന്ന് വിശ്വാസം.

തന്റെ ആദ്യസിനിമയായ ആദിമധ്യാന്തത്തിലും ഷെറി മരണത്തെ അടയാളപ്പെടുത്തുന്നുണ്ട്. ശരിക്കും ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തെയാണ് ആ ചിത്രം രേഖപ്പെടുത്തുന്നത്. പ്രസവത്തില്‍ത്തന്നെ മരിച്ചുപോയ വാവയുടെ കുഴിമാടത്തില്‍ മാന്തുകയാണ് ആദിമധ്യാന്തത്തിലെ ഏകന്‍ എന്ന, ബധിരനായ കുട്ടി. കുഴിമാടം മാന്തിയ ഏകന് അതില്‍ നിന്നും കിട്ടിയത് ജീവനുള്ള ഒരു പൂമ്പാറ്റയെ. അതങ്ങനെ ഉയരത്തിലേക്ക് പറന്നുപറന്ന്…

ഓരോ മരണത്തിനും ജീവിതത്തിന്റേതായ ഒരു തുടര്‍ച്ചയുണ്ട്. കൊല്ലാന്‍ വന്നയാളെ പറ്റിച്ച് രക്ഷപ്പെട്ട് മരത്തില്‍ കയറിക്കൂടിയ ബെര്‍ഗ്മാന്‍ കഥാപാത്രം (സെവന്‍ത് സീല്‍) ഞെട്ടലോടെ തിരിച്ചറിയുന്നത് മരണം താന്‍ ഇരുന്ന മരത്തെ വെട്ടിവീഴ്ത്തുന്നതാണ്. എന്നാല്‍ മരത്തിന്റെയും യോനാസ് സ്‌കാറ്റിന്റെയും മരണത്തെത്തുടര്‍ന്ന് നാം കാണുന്നത് മുറിഞ്ഞുവീണ മരത്തിന്റെ കുറ്റിയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ചിലച്ചുകൊണ്ട് അതിശീഘ്രം ഓടുന്ന ഒരണ്ണാനെയാണ്.

കുഞ്ഞുവാവയുടെ കുഴിമാടത്തില്‍ നിന്നും പുറപ്പെട്ടത് ഒരു പൂമ്പാറ്റയാണെങ്കില്‍ തന്റെ ശവപ്പെട്ടിയില്‍ നിന്നും ഒരുപാട് ശലഭങ്ങള്‍ വിരിയുമെന്നാണ് മൈത്രേയന്‍ അച്ഛനോട് പറയുന്നത്. ട്രെയിന്‍ വാനിഷിങ് ഉപേക്ഷിച്ച അയാള്‍ ഇപ്പോള്‍ റിസറക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഉസ്താദ് ചെയ്തിട്ടുണ്ട്. കുഴിച്ചിട്ട് മൂന്നാം നാള്‍ പെട്ടി തുറന്ന് ജീവനോടെ പുറത്തുവന്നിട്ടുണ്ട്. വിദേശത്താരോ ഒരാഴ്ച അങ്ങനെ കിടന്നിട്ടുണ്ടത്രേ. അതാണ് റെക്കോഡ്. അത് തകര്‍ക്കണം. മൂന്നാം നാളല്ല, മുപ്പതീസം കഴിഞ്ഞേ തന്റെ കുഴി തുറക്കാവൂ. മുപ്പത് ദിവസമെന്നത് ആരാലും ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡാണ്.

മാജിക്കും ലോകവും ഉള്ളേടത്തോളം കാലം മജീഷ്യന്‍ മൈത്രേയന്റെ പേര് ആകാശത്തില്‍ നിലനില്‍ക്കും.

ഭാര്യയുടെയും മക്കളുടെയും പിന്നെ ഉസ്താദിന്റെയും ഫോട്ടോകള്‍ മാത്രം താന്‍ എടുക്കും എന്ന് അപ്പനോട് പറയുന്ന മൈത്രേയന്‍ പെട്ടി തുറക്കുമ്പോള്‍, പൂമ്പാറ്റകള്‍ പാറുമ്പോള്‍, പൂമ്പാറ്റക്ക് ചിറക് മുളക്ക്‌ണേന് മുമ്പുള്ള ഒരു ഉമ്മണാച്ചിപ്പുഴുക്കുഞ്ഞിനെക്കണ്ടാ, അട്പ്പിച്ചൊരുപാട് നേരം നോക്കിനിക്കണം അപ്പന്‍ എന്ന് കൂട്ടിച്ചേര്‍ക്കുന്നു.

123സ്വയം നഷ്ടപ്പെട്ട മൈത്രേയന്‍ തന്നെത്തന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇന്ദ്രജാലത്തിലൂടെ നടത്തുന്നത്. നിലനില്‍ക്കാനുള്ള ജീവന്റെ ത്വര. അതേസമയം തന്നെ അയാള്‍ക്ക് മുന്നില്‍ മറ്റൊരു ലോകവുമുണ്ട്. അത് മരണത്തിന്റെ ലോകമാണ്. ഒരിക്കല്‍ കരിംകാലന്‍ തെയ്യത്തിന്റെ കിരീടവും വടിയും ധരിച്ച് അയാള്‍ അപ്പനോട്, അപ്പന് വയ്യാണ്ടായില്ലേ, ഈ കാലന്‍ കെട്ടിനുള്ള അവകാശം ഇനി എനക്ക് തന്നൂടേ എന്ന് ചോദിക്കുന്നുണ്ട്.

അവകോശോ എന്ന് കരിംകാലന്‍ അമ്പരക്കുന്നു. ഈ കെട്ടും ചാവുമൊക്കെ തന്നോട് കൂടി തീരണം എന്നാണ് അയാളുടെ നിലപാട്.

ഭൂതകാലത്തെപ്പറ്റി മങ്ങിയ ഓര്‍മകള്‍ മാത്രമേയുള്ളൂ മൈത്രേയന്. ആ ഓര്‍മകളിലൂടെ ചലച്ചിത്രകാരന്‍ നമ്മളെ കൊണ്ടുപോകുന്നതാകട്ടെ, ആരോഹണാവരോഹണക്രമങ്ങളോ നാളുകളോ അക്കങ്ങളോ ഒന്നും പരിഗണിക്കാതെയാണ്. ഒരു നോണ്‍ ലിനിയര്‍ ആഖ്യാനം. ഒരു നിലക്ക് മൈത്രയന്റെ ജീവിതം തന്നെ അങ്ങനെയാണ്. പൊട്ടിയ കണ്ണാടിയും പൊട്ടിയ ക്ലോക്കും കാണുന്നുണ്ട് ഒരു ഫ്രെയിമില്‍. മുയല്‍ക്കൂട്ടിലെ ഉറുമ്പുകളെ ഓടിക്കാന്‍ കത്തിച്ചിടാന്‍ വേണ്ടി ‘കള്ളാസ്’ കിട്ടാഞ്ഞപ്പം ചൊമരിലെ കലണ്ടറെടുത്താണ് അയാള്‍ കത്തിക്കുന്നത്.

കാലത്തിലും കലണ്ടറിലുമൊക്കെ ഇനിയെന്ത് കാര്യം എന്ന് അയാളുടെ ന്യായീകരണം.

അമ്മയുടെയും പെങ്ങളുടെയും മരണം അയാള്‍ക്കൊരോര്‍മ മാത്രമാണ്. വിഭ്രാന്തമായ അയാളുടെ മനസ്സ് ആ മരണങ്ങളുടെ ഉത്തരവാദിത്തം കരിംകാലനില്‍ ചാര്‍ത്തുന്നുമുണ്ട്. പിന്നെ, ലോകസഞ്ചാരം നടത്തിയ കാലം ഇരുളും ഭ്രാന്തും കലര്‍ന്നതാണ്. അതിനിടയില്‍ ദാരിദ്ര്യവും ഭാര്യയുടെ ആത്മഹത്യയും അയാളുടെ ഓര്‍മകള്‍ക്ക് മേലും ഇരുള്‍ പടര്‍ത്തുന്നു. (കുട്ടികളെയും അവള്‍ കൊണ്ടോയി തീവണ്ടിക്ക് ചാടിച്ചു). പിന്നെ പോലീസും ഭ്രാന്താശുപത്രിയും.

നിലനില്‍ക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നതാകട്ടെ, ജാലവിദ്യയോടുള്ള ഭ്രമവും. ഉസ്താദ് ഒരഭിനിവേശമായി അയാളില്‍ നിറയുന്നതങ്ങനെയാണ്. അയാള്‍ ടേപ്പ് റിക്കാഡറില്‍ എപ്പോഴും ഉസ്താദിന്റെ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്നു.

ഉസ്താദ് പറയുന്നതില്‍ എപ്പളുമൊന്നും ഭാഷയുണ്ടാവൂല. പക്ഷേ, ഉള്ള ഭാഷയെക്കാളും ഉറപ്പും കാര്യവും ഉസ്താദിന്റെ ഇല്ലാത്ത ഭാഷക്കുണ്ടായിരുന്നു.

ഇന്ദ്രജാലപ്രകടനത്തിന്റെ (ഒടുവില്‍ റിസറക്ഷന്റെയും) പോസ്റ്ററെഴുതുമ്പോള്‍ അതിന്റെ തലക്കെട്ടിലും പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങള്‍ മാത്രം. കളമരവഢജവസ.. എന്നിങ്ങനെ. വീട്ടുചുമരിന്മേലും അയാള്‍ ക്രമമില്ലാതെ അക്ഷരങ്ങള്‍ എഴുതിവെക്കുന്നു, അല്ല വരച്ചുവെക്കുന്നു.

ഇന്ദ്രജാലം കഴിഞ്ഞാല്‍ അയാള്‍ ചെയ്യുന്ന ജോലി ഒരു ബുക്കില്‍ എന്തൊക്കെയോ കുറിച്ചിടുക എന്നതാണ്. ആത്മകഥ എന്നാണ് അയാള്‍ പറയുന്നത്. അതിലും ശിഥിലമായിക്കിടക്കുന്ന കുറേ അക്ഷരങ്ങളും പിന്നെ കുറേ ചിത്രങ്ങളും മാത്രം.

മുഴുമിപ്പിക്കാനായില്ല എന്ന് ആത്മകഥ മറിച്ചു നോക്കിക്കൊണ്ട് അയാള്‍ പറയുന്നുണ്ട്. അയാളുടെ ജീവിതത്തെക്കുറിച്ചാവാം. ഭ്രാന്താശുപത്രിയിലെ എണ്ണമോര്‍മയില്ലാത്ത കുറേ നാളുകള്‍ മാഞ്ഞു തേഞ്ഞുപോയി. ബാക്കിയുള്ള തീരെ കുറച്ചോര്‍മകള്‍, അതേലും മറന്നുപോകാണ്ടിരിക്കാന്‍ വേണ്ടിയാണ് വരക്കാനും കുറിക്കാനും വെറ്‌തെ തുടങ്ങിയത്. രാവേതാ പകലേതാ, നേരേതാ മായേതാ, വന്നോരാരാ പോയോരാരാ.

ആത്മസുഹൃത്തായ അന്തുവിനോടൊത്തുള്ള നേരങ്ങളില്‍ കരിംകാലനും അത് പറയുന്നുണ്ട്. വന്നുവന്ന് രാവേതാ പകലേതാ, നേരേതാ മായേതാ ന്നറിയാണ്ടായി. വന്നോരാരാ പോയോരാരാ, ഇരുട്ടേതാ വെളിച്ചേതാ.

അന്തുവിന്റെ (കെ.കെ) പൂച്ചകള്‍ ജീവന്റെ സാന്നിധ്യമായി സിനിമയിലുടനീളം ഓടിനടക്കുന്നു. അന്തുവിന്റെ പൂച്ചകള്‍ക്കെല്ലാം പേരുകളുണ്ട്. ഗോയിന്ദന്‍, മമ്മദ്, ബീപാത്തു, മാധവി, തൊമ്മന്‍ എന്നിങ്ങനെ.

4-801584ഒരു മാജിക്കല്‍ റിയലിസ്റ്റിക് ലോകത്തെയാണ് ഷെറി സൃഷ്ടിക്കുന്നത്. അര്‍ത്ഥങ്ങളെ അപനിര്‍മിക്കാനുള്ള ശ്രമത്തില്‍ സംഭവങ്ങള്‍ക്ക് ക്രമം മാത്രമല്ല, കാര്യകാരണബന്ധങ്ങളുടേതായ യാതൊരു പ്രതലത്തെയും സിനിമ സ്വീകരിച്ചിട്ടില്ല. non sequitur എന്ന് പറയാം. നായികയും നായകനും പ്രണയവും വിരഹവുമില്ല. സംഭവങ്ങള്‍ക്കും ആശയങ്ങള്‍ക്കും നാം നല്‍കുന്ന ഘടനകളുടെയും അര്‍ത്ഥങ്ങളുടെയും അസാന്നിധ്യത്തെ ചിത്രീകരിക്കുന്വോഴും അവയെയൊന്നിനെയും ബോധപൂര്‍വം നിരാകരിക്കുന്നുമില്ല.

നാം വരക്കുന്ന കള്ളികള്‍ക്കും കല്‍പിക്കുന്ന അര്‍ത്ഥങ്ങള്‍ക്കും പുറത്തും ജീവിതമുണ്ട് എന്ന കാഴ്ചയാണിത്.

ഒരുപക്ഷേ പുറത്താണ് ജീവിതമുള്ളത് എന്ന സത്യം. അക്ഷരങ്ങളും വാക്കുകളുമൊക്കെ അവിടെ കേവലം കോറിവരക്കപ്പെട്ട ചിത്രങ്ങളോ അര്‍ത്ഥമില്ലാത്ത ശബ്ദങ്ങളോ ആയി മാറുന്നു.

ജീവിതമുള്ളേടത്തല്ലേ മരണവും ഉണ്ടാവൂ.

ലൈംഗികത: ലക്ഷണ വിലക്ഷണതകള്‍

52-521020_open-gay-symbols-clipart.png
painting. Louis Fratino, Beach at Night
painting. Louis Fratino, Beach at Night

അല്‍പം മുമ്പൊരിക്കല്‍ ഒരു ചെറുപ്പക്കാരനുമായി അസ്വാഭാവിക ലൈംഗികാഭിനിവേശങ്ങളെപ്പറ്റി സംസാരിക്കാനിട വന്നു.

സ്വവര്‍ഗരതി ആയിരുന്നു അവന്റെ വിഷയം. എഴുപതുകള്‍ക്ക് മുമ്പ് ഒരു ക്രമഭംഗം (disorder) ആയി പരിഗണിക്കപ്പെട്ടിരുന്ന സ്വവര്‍ഗരതി അനുക്രമമായ ഒരു ഗവേഷണമൊന്നും കൂടാതെ (എന്റെ അറിവു വെച്ചാണ് ഞാന്‍ പറയുന്നത്) വളരെപ്പെട്ടെന്ന് സ്വാഭാവികമായി മാറിയതെങ്ങനെ എന്ന സംശയമാണ് ഞാനുന്നയിച്ചത്. ജനിതകവും മനശ്ശാസ്ത്രപരവുമായ കാരണങ്ങള്‍ക്കപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങള്‍ ഇതിനുണ്ടോ?

അതൊരു സംശയപ്രകടനം മാത്രമായിരുന്നു. എന്നാല്‍ ഇതിന് അയാള്‍ പറഞ്ഞ മറുപടികളൊന്നും എനിക്കത്ര തൃപ്തികരമായി തോന്നിയില്ല. ഒരുപക്ഷേ, അയാള്‍ക്ക് കൂടുതല്‍ അറിയാത്തതു കൊണ്ടാവാം. അല്ലെങ്കില്‍ എനിക്കറിയാത്തതുകൊണ്ടുമാവാം. ഭിന്ന ലൈംഗിക പ്രകൃതങ്ങളെപ്പറ്റി തീരെ അജ്ഞനാണ് ഞാന്‍ എന്ന് സ്വയം കരുതുന്നില്ല. എന്നാലും ചില സംശയങ്ങള്‍ ഉണ്ടാവാമല്ലോ.

അസ്വാഭാവികം
ഒന്നാമത്, ലൈംഗിക അഭിവിന്യാസങ്ങള്‍ (sexual orientations) പലതരത്തിലുണ്ട്. ചിലര്‍ക്ക് സാധാരണയിലും കവിഞ്ഞ ലൈംഗികാസക്തി ഉണ്ടായി എന്നു വരാം. ഇതിനെ ഒരു paraphilia (വ്യക്തികളോടോ വസ്തുക്കളോടോ സാഹചര്യങ്ങളോടോ അസ്വാഭാവികമായി തോന്നുന്ന ലൈംഗികമോഹത്തെയാണ് പാരഫീലിയ എന്ന് പറയുക) ആയി പരിഗണിക്കാന്‍ പറ്റില്ല. അതേസമയം ഈ അതിലൈംഗികാസക്തിയും (hypersexuality or sexual addiction) ഒരു ക്രമഭംഗമായാണ് (disorder) മനസ്സിലാക്കപ്പെടാറുള്ളത്. പാരഫീലിയ തന്നെ പലവിധമുണ്ട്. ഇവയില്‍ പലതിനെയും കേവലം ക്രമഭംഗം (disorder) ആയല്ല, മറിച്ച് വ്യതിയാനം (deviation) ആയിത്തന്നെയാണ് പരിഗണിച്ചു പോരുന്നത്. ചിലര്‍ക്ക് ബലാല്‍സംഗത്തോട് ആഭിമുഖ്യം കാണും. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മനോവ്യതിയാനം തന്നെയാണതും. ബയാസ്റ്റോഫീലിയ അഥവാ റാപ്‌റ്റോഫീലിയ (biastophilia or raptophilia) എന്ന് ഇതിന് പേരും ഉണ്ട്. ഇതിനെക്കാള്‍ അപ്പുറത്തും ഉണ്ട് സൈക്കിയാട്രിക് ഡിസോഡറുകള്‍. ആന്ത്രൊപ്പോഫിഗലേഗ്നിയ (anthropophagalagnia) എന്ന ഡിസോഡര്‍ ബാധിച്ചവരില്‍ റാപ്‌റ്റോഫീലിയക്കൊപ്പം കാനിബാളിസം കൂടി ഉണ്ടാകുമത്രേ. എന്നുവെച്ചാല്‍ അവര്‍ ബലാല്‍സംഗം ചെയ്ത ശേഷം ഇരയെ കൊന്നു തിന്നും.

main-qimg-5bc4ddd2b18bb1872c70f85511125d8a   മനുഷ്യരല്ലാത്ത ജീവികളോട് കാമാസക്തി തോന്നുന്ന bestiality അഥവാ zoophilia, ശവശരീരങ്ങളെ കാമിക്കുന്ന necrophilia, കുട്ടികളോട് കാമാസക്തി പ്രകടിപ്പിക്കുന്ന paedophilia എന്നു തുടങ്ങി രതിചിത്രങ്ങളും പോണ്‍ ഫിലിമുകളും കണ്ട് രതിമൂര്‍ഛയനുഭവിക്കുന്ന pictophilia, പരസ്യമായോ എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ ശരീരത്തിലേക്കോ മൂത്രവിസര്‍ജനം നടത്തി ഉന്മത്തരാകുന്ന urolagnia, വിസര്‍ജ്യം മണത്തും ശരീരത്തില്‍ പുരട്ടിയും നിര്‍വൃതി നേടുന്ന coprophilia, അടിവസ്ത്രം ഉള്‍പ്പെടെയുള്ള നിര്‍ജീവ വസ്തുക്കളില്‍ കാമാസ്വാദനം കേന്ദ്രീകരിക്കപ്പെടുന്ന fetishism എന്നിങ്ങനെ ആ പട്ടിക നീണ്ടു നീണ്ട് പോകും.

ഇതൊക്കെയും വ്യത്യസ്തങ്ങളായ ഓറിയന്റേഷനുകള്‍ തന്നെയാണ്. പൂരപ്പറമ്പിലും ബസ്സിലുമൊക്കെ പെണ്ണുങ്ങളുടെ ശരീരത്തില്‍ ലിംഗമുരസി നിര്‍വൃതി കൊള്ളുന്നവര്‍ക്കും കിടപ്പറകളില്‍ ഒളിഞ്ഞു നോക്കുന്നവര്‍ക്കുമൊക്കെ സുന്ദരമായ പേരുകളുണ്ട്. ഒന്നാമത്തെ കൂട്ടര്‍ ഫ്രോട്ടേറുകളാണെങ്കില്‍ (frotteur) രണ്ടാമത്തെ വിഭാഗം വോയുറുകളാണ് (voyeur).

ഇവരിലൊക്കെയും വലിയൊരു വിഭാഗം ആളുകള്‍ സ്വാഭാവിക രതിബന്ധത്തില്‍ തല്‍പരരല്ലാത്തവരാണ്. ചിലര്‍ അതിന് പറ്റാത്തവര്‍ പോലുമാണ്. ഇവരുടെ അഭിനിവേശങ്ങളെയും വികാരങ്ങളെയും നാം ഏത് രീതിയിലാണ് പരിചരിക്കുക?

എന്റെ ചോദ്യം അയാള്‍ക്കത്ര പിടിച്ചില്ലെന്ന് തോന്നുന്നു. സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നുമില്ല. അയാള്‍ പറഞ്ഞു. ഹോമോസെക്ഷ്വാലിറ്റി ഒരു സ്വാഭാവികാഭിനിവേശം മാത്രമാണ്.

അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ എനിക്ക് പ്രയാസമുണ്ട്. കാരണം, ആധുനികമോ ഉത്തരാധുനികമോ ആയ തത്വചിന്തകളുടെയൊന്നും അകമ്പടിയില്ലാതെയാണെങ്കിലും ഖുര്‍ആനില്‍ ഖൗമു ലൂത്വ് എന്ന് വിളിക്കപ്പെടുന്ന, സദൂമിലെ സമുദായം പറഞ്ഞ ന്യായവും മറ്റൊന്നല്ലല്ലോ.

ആ വായന ശരിയല്ല. അവര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരായിരുന്നു, പിന്നെ ആക്രമണകാരികളും.

അതെങ്ങനെ ശരിയാകും? ഖുര്‍ആനില്‍ പ്രവാചകന്‍ അവര്‍ക്കെതിരെ ഉന്നയിച്ച കുറ്റാരോപണം വളരെ വ്യക്തമാണ്. ‘ലൂത്വിനെ നാം നിയോഗിച്ചു. അദ്ദേഹം സ്വജനതയോട് പറഞ്ഞതെന്തെന്നാല്‍, നിങ്ങള്‍ക്കു മുമ്പ് ലോകത്താരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയില്‍ നിങ്ങളേര്‍പ്പെടുന്നതെന്ത്? നിങ്ങള്‍ കാമപൂര്‍ത്തിക്കായി സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ സമീപിക്കുകയാണല്ലോ. കൊടിയ അക്രമികള്‍ തന്നെയാണ് നിങ്ങള്‍’ (സൂറഃ അല്‍ അഅ്‌റാഫ്: 80-81). ഓ.., ഇവര്‍ വലിയ വിശുദ്ധന്മാര്‍ എന്ന് അന്നാട്ടിലെ ‘ചിന്തകന്മാര്‍’ ലൂത്വിനെ പരിഹസിച്ചിരുന്നതായും തുടര്‍ന്ന് പറയുന്നുണ്ട്.

അപ്പോള്‍ ഇപ്പറഞ്ഞതില്‍ കുട്ടികളെവിടെ, ആക്രമണമെവിടെ? പിന്നെയുള്ളത് ഒരു സംഭവമാണ്. ലൂത്വിന്റെ വീട്ടിലേക്ക് കൗമാരക്കാരായ മനുഷ്യരുടെ വേഷത്തില്‍ ദൈവദൂതന്മാര്‍ വന്ന സന്ദര്‍ഭം. അന്നേരം ആക്രമണോല്‍സുകരായി ആ ജനത പാഞ്ഞടുത്തു എന്നാണ്. സൂറഃ ഹൂദ് 77-83 ആയത്തുകളില്‍ ഇക്കാര്യം പറയുന്നുണ്ട്. ഇതുകൊണ്ടു മാത്രം ആ ജനത ആക്രാമക ലൈംഗികതയുടെ ആളുകളാണെന്ന് വരുന്നില്ല. അവര്‍ക്കിടയില്‍ നിന്നു കൊണ്ട് നിരന്തരം അവരെ ഉപദേശിക്കുന്ന പ്രവാചകനോടുള്ള രോഷം കൂടിയാവാം അവരെ അങ്ങോട്ടേക്ക് കുതിച്ചെത്താന്‍ പ്രേരിപ്പിച്ചത്. എന്നു തന്നെയല്ല, തങ്ങളുടെ ലൈംഗിക അഭിവിന്യാസം ഇന്നതാണ് എന്നും മറിച്ചുള്ള ഒന്നില്‍ തങ്ങള്‍ തല്‍പരരല്ല എന്നും ഈ ജനത ന്യായം പറയുന്നതും ഇതിനിടയില്‍ത്തന്നെയാണ് ഉള്ളത്. ‘യാ ഖൗമി ഹാഉലാഇ ബനാതീ, ഹുന്ന അത്വ്ഹറു ലകും’ (എന്റെ ജനമേ, ഇതാ എന്റെ പെണ്‍കുട്ടികള്‍, ഇവരല്ലേ നിങ്ങള്‍ക്ക് വിശുദ്ധരായ ഇണകള്‍) എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍, അവരുടെ പ്രതികരണം ‘ലഖദ് അലിംത മാലനാ ഫീ ബനാതിക മിന്‍ ഹഖ്, വ ഇന്നക ലതഅ്‌ലമു മാ നുരീദ്’ (നിന്റെ പെണ്‍കുട്ടികളില്‍ ഞങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്നും ഞങ്ങളുടെ അഭിനിവേശം എന്താണെന്നും നിനക്ക് നന്നായറിയാമല്ലോ) എന്നായിരുന്നല്ലോ (ഹൂദ് 78-79).

സത്യത്തില്‍ ഇതുതന്നെയാണ് ഇപ്പോഴും ഉന്നയിക്കപ്പെടുന്ന ന്യായം. അഭിനിവേശം വ്യത്യസ്തമാകുമ്പോള്‍ അത് സ്വാഭാവികമാകാന്‍ എത്ര സാധ്യതയുണ്ടോ അത്ര തന്നെയെങ്കിലും സാധ്യത അതൊരു ക്രമഭംഗമാകാനും ഉണ്ടല്ലോ.

ഞാന്‍ ചിന്തിക്കുന്നത്, ഒരുപക്ഷേ മുകളില്‍ പറഞ്ഞ ഡിസോഡറുകളും ക്രമത്തില്‍ ഡിസോഡറുകളല്ലാതായിത്തീരും എന്നാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പീഡോഫീലിയ തികച്ചും സ്വാഭാവികമാണെന്നും പീഡോഫൈലുകള്‍ ലൈംഗിക ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നവരാണെന്നും വാദങ്ങള്‍ ഉയര്‍ത്തപ്പെട്ടേക്കാം.

എന്റെ ഈ വര്‍ത്തമാനം അയാളെ തികച്ചും പ്രകോപിതനാക്കി. ആ സംസാരം അവിടെ അവസാനിക്കുകയും ചെയ്തു.

organico-xxx-angel-ortiz
Organico Xxx. painting by Angel Ortiz

വിവിധം
പക്ഷേ, രണ്ടോ മൂന്നോ വര്‍ഷം വേണ്ടിവന്നില്ല. ഏതാണ്ട് ആറ് മാസത്തിനുള്ളില്‍ത്തന്നെ പീഡോഫൈല്‍ അഡ്വക്കറ്റുകളുടെ വാദങ്ങള്‍ കേരളത്തിലെ സാമൂഹ്യമാധ്യമത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്കിടയില്‍ മഞ്ച് വാദം എന്ന പേരിലാണ് പീഡോഫൈല്‍ അഡ്വോക്കസി അറിയപ്പെടുന്നത്. അയല്‍പക്കത്തെ കൊച്ചുകുട്ടിക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നതിന്റെ പിന്നിലെ സ്വന്തം വികൃതാസക്തിയെ പവിത്രീകരിച്ചു കൊണ്ട് ഒരാള്‍ ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റില്‍ നിന്നാണ് ആ പേര് വന്നത്. ആഗോളതലത്തില്‍ ഇത്തരം വാദങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെട്ടു തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി എന്ന് തന്നെ പറയാം. പീഡോഫൈല്‍ ആന്റ് പെഡറാസ്റ്റ് അഡ്വോക്കസി ഗ്രൂപ്പുകള്‍ ഇന്ന് പലേടത്തും നിലനില്‍ക്കുന്നുണ്ട്. (കുട്ടികളോടുള്ള ലൈംഗികാഭിനിവേശത്തിന് പൊതുവെ പീഡോഫീലിയ എന്നാണ് പേരെങ്കിലും മുതിര്‍ന്ന പുരുഷന്മാര്‍ക്ക് ചെറിയ ആണ്‍കുട്ടികളോട് തോന്നുന്ന ആകര്‍ഷണത്തെ പ്രത്യേകമായി pederasty എന്നാണ് പറയുക). IPCE എന്ന ഒരു അന്തര്‍ദ്ദേശീയ സംഘടനയുണ്ട്. International Pedophile and Child Emancipation എന്ന് പൂര്‍ണരൂപം. ഈ പേര് തന്നെ തമാശയാണ്. പീഡോഫീലിയയും ചൈല്‍ഡ് ഇമാന്‍സിപേഷനും ഒരുമിച്ച് ചേര്‍ത്തിരിക്കുന്നു. ഇമാന്‍സിപേഷന്‍ എന്നു വെച്ചാല്‍ വിമോചനം എന്നര്‍ത്ഥം. കുട്ടികളോട് മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന മോഹവൈകൃതത്തിലൂടെ കുട്ടികളുടെ വിമോചനമോ? ഒരുപക്ഷേ അങ്ങനെയുമാവാം. വിമോചനത്തെക്കുറിച്ച കാഴ്ചപ്പാടുകള്‍ പോലും പുത്തന്‍ ലിബറല്‍ കാലഘട്ടത്തില്‍ മറ്റൊന്നാണല്ലോ.

സത്യത്തില്‍ ഈ ഭ്രാന്ത് ഇവിടെയും നില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. പീഡോഫൈല്‍ അഡ്വോക്കസിക്കുമപ്പുറം ഇപ്പോള്‍ incest advocacy വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏതൊരു ധര്‍മശാസ്ത്രമനുസരിച്ചും പരസ്പരം ലൈംഗികസമ്പര്‍ക്കത്തിലേര്‍പ്പെട്ടു കൂടാത്ത ബന്ധുക്കള്‍ തമ്മിലുള്ള ബന്ധത്തെയാണ് incest (അഗമ്യഗമനം) എന്ന് പറയുക. ഇറാനിയന്‍-കനേഡിയന്‍ എക്‌സ് മുസ്‌ലിം എതീസ്റ്റും സെകുലര്‍ ആക്ടിവിസ്റ്റും ആയി അറിയപ്പെടുന്ന പോഡ്കാസ്റ്ററും വ്‌ലോഗറുമായ അര്‍മിന്‍ നവാബി ഇക്കഴിഞ്ഞ ജൂലൈയില്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടത്, ഗര്‍ഭധാരണത്തിന് കാരണമായിത്തീരുന്നില്ലെങ്കില്‍ അഗമ്യഗമനത്തില്‍ യാതൊരു തെറ്റുമില്ല എന്നാണ്. അതിനാല്‍ പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയെത്തിയവര്‍ക്കിടയില്‍ നടക്കുന്ന ഹോമോസെക്ഷ്വല്‍ ഇന്‍സെസ്റ്റ് തികച്ചും ശരിയാണെന്നും അപ്രകാരം ബന്ധപ്പെടുന്ന രണ്ട് സഹോദരന്മാരെയോ സഹോദരികളെയോ തമ്മില്‍ അകറ്റുന്നത് ‘അധാര്‍മികം’ ആണെന്നും നവാബി തുടരുന്നു.

ഒറ്റപ്പെട്ട വര്‍ത്തമാനങ്ങളായി തള്ളിക്കളയാവുന്നതല്ല ഒന്നും. അര്‍മിന്‍ നവാബിയുടെ ട്വീറ്റ് വരുന്നത് 2018 ജൂലൈയിലാണെങ്കില്‍ 2016 ഫെബ്രുവരി 24 ലെ ഇന്‍ഡിപെന്‍ഡെന്റില്‍ സ്വീഡിഷ് ലിബറല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ ലിബറല്‍ യൂത് ഒഫ് സ്വീഡന്റെ സ്റ്റോക്‌ഹോം ബ്രാഞ്ചിന്റെ ഒരു പ്രമേയം വായിക്കാം. അഗമ്യഗമനവും നെക്രോഫീലിയയും (ശവരതി) നിയമവിധേയമാക്കണം എന്നതായിരുന്നു ആ പ്രമേയം.

സ്വവര്‍ഗലൈംഗികതയെക്കുറിച്ച ചര്‍ച്ചയില്‍ തുടക്കത്തില്‍ത്തന്നെ ഇത്രയും പറയുന്നത് ഈ ലേഖകനില്‍ മുന്‍വിധി ആരോപിക്കാന്‍ നിമിത്തമായിത്തീരും എന്നറിയാതെയല്ല ഇതെഴുതിയത്. മുന്‍വിധി ഇല്ല എന്ന് എനിക്ക് വാദവുമില്ല. പ്രശ്‌നത്തെ ഏത് വീക്ഷണകോണില്‍ സമീപിക്കുന്വോഴും ഇത്തരം വിഷയങ്ങള്‍ക്ക് പിന്നില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഉദാരലൈംഗികതയുടെ അപകടങ്ങളെപ്പറ്റി സൂചിപ്പിക്കുന്നത്, ഇസ്‌ലാമിക ധര്‍മനീതിയുടെ പരിസരത്ത് നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും അനിവാര്യമാണ് എന്ന് തോന്നിയതിനാലാണ്. കേവല സദാചാരം (morality) അല്ല ഇസ്‌ലാം പരിശീലിപ്പിക്കുന്നത്. അതിന് അതിന്റെ ദര്‍ശനത്തിന്റെ തന്നെ അവിഭാജ്യഭാഗമായ ഒരു ധര്‍മശാസ്ത്രം (ethics) ഉണ്ട്. അതിന്റെ ആധാരത്തിലാണ് അതിലെ സദാചാരസിദ്ധാന്തങ്ങള്‍ വികസിപ്പിക്കപ്പെടുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യവും സമൂഹത്തിന്റെ ഭദ്രതയുമായി ബന്ധപ്പെട്ട നിലപാടുകളും സിദ്ധാന്തങ്ങളും പോലും അത് വികസിപ്പിക്കുന്നത് ആ ധര്‍മശാസ്ത്രത്തിന്റെ അകത്താണ്.

മധ്യമം
ഇസ്‌ലാമിലെ ധര്‍മശാസ്ത്ര സങ്കല്‍പത്തിന്റെ പ്രധാന സവിശേഷത അത് ഒരുവശത്ത് മനുഷ്യന്റെ വൈകാരികാഭിനിവേശങ്ങളെയും വൈയക്തികാഭിലാഷങ്ങളെയും സര്‍ഗാത്മകവും ക്രിയാത്മകവുമായി സമീപിക്കുമ്പോള്‍ത്തന്നെ മറുവശത്ത് അതിന് കൃത്യമായ അതിരുകളും നിശ്ചയിക്കുന്നു എന്നതാണ്. ഇണയോടൊപ്പം ജീവിതോദ്യാനത്തിലേക്ക് കടക്കാനും അതില്‍ വിഹരിക്കാനും ഇരുവര്‍ക്കുമിഷ്ടമുള്ളത് ഭുജിക്കാനും മനുഷ്യനോട് പറഞ്ഞത് കേവലം അനുവാദമെന്ന നിലയിലല്ല, മറിച്ച് കല്‍പനയെന്ന നിലയിലാണ്. അതാകട്ടെ, മനുഷ്യനോടുള്ള ദൈവത്തിന്റെ പ്രഥമ ധാര്‍മിക കല്‍പനയുമാണ്. നിത്യബ്രഹ്മചര്യത്തില്‍ (celibacy) നിഷ്ഠനാവാന്‍ ഇസ്‌ലാം അനുവദിക്കുന്നു പോലുമില്ല എന്നതാണ് പ്രത്യേകം മനസ്സിലാക്കേണ്ടത്. ഇഷ്ടമുള്ളത് ഭുജിക്കുക എന്നതില്‍ വ്യക്തിയുടെ സ്വച്ഛന്ദതയും പരിരക്ഷിക്കപ്പെടുന്നു. അതേസമയം അതോട് ചേര്‍ത്തു തന്നെയാണ് പരിധിയെപ്പറ്റിയും ഉല്‍ബോധിപ്പിക്കുന്നത്. വിലക്കപ്പെട്ട മരം പ്രതീകവല്‍ക്കരിക്കുന്നത് പരിധികളെയാണ്. മതപരമായ ഭാഷയില്‍ വിലക്കുകള്‍ എന്ന് പറയാം. സ്വച്ഛന്ദതയും വിലക്കുകളും തമ്മില്‍ വൈരുധ്യമുണ്ട്. വൈരുധ്യങ്ങള്‍ മനുഷ്യജീവിതത്തിന്റെ അനിവാര്യതയാണ് താനും. വിരുദ്ധധ്രുവങ്ങള്‍ തമ്മിലുള്ള കൃത്യമായ വൈരുധ്യാത്മകബന്ധത്തെയാണ് ഒരു നിലപാടായി ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നത്.

ഇതുപോലെ കൃത്യപ്പെടുത്തേണ്ട മറ്റൊരു വൈരുധ്യാത്മകബന്ധമാണ് വ്യക്തിയുടെ അഭിനിവേശങ്ങളും സമൂഹത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ളത്. ഒരു വ്യക്തിയുടെ സ്വതന്ത്രവും തനതുമായ രീതികളെ ശീലങ്ങള്‍ എന്ന് പറയാം. അതേസമയം സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് സാമൂഹികാചാരങ്ങളിലാണ്. അതായത്, വൈയക്തികാഭിനിവേശങ്ങളും സാമൂഹികതാല്‍പര്യങ്ങളും തമ്മിലുള്ള വൈരുധ്യാത്മകതയെക്കാള്‍ ശീലങ്ങളും ആചാരങ്ങളും തമ്മിലുള്ള വൈരുധ്യാത്മകബന്ധം എന്ന് പറയുന്നതാവും കൂടുതല്‍ പ്രയോജനപ്രദം. ആചാരങ്ങള്‍ ശീലങ്ങളെ നിരാകരിക്കുന്നതാവരുത്. അഥവാ വ്യക്തിയുടെ സ്വഛന്ദതയെയും അഭിലാഷങ്ങളെയും അടിച്ചമര്‍ത്താന്‍ സമൂഹത്തിന് അധികാരമില്ല. നിയമങ്ങള്‍ അങ്ങനെയൊരു പ്രവണത കാണിക്കുമ്പോള്‍ അത് ദുരാചാരങ്ങളായിത്തീരും, അവിടെ കേന്ദ്രീകൃതസമഗ്രാധിപത്യം (authoritarianism) വളര്‍ന്നുവരും.

പൂര്‍ണമനുഷ്യന്‍ എന്ന ഒരു അരിസ്റ്റോട്ടിലിയന്‍ കാഴ്ചപ്പാടുണ്ട് (അരിസ്റ്റോട്ടിലിന്റെ സ്ത്രീവിരുദ്ധതയെ മറന്നു കൊണ്ടല്ല ഈ ചര്‍ച്ചയില്‍ അദ്ദേഹത്തെ ഉദ്ധരിക്കുന്നത്). സമഗ്രതയാണ് മനുഷ്യജീവിതത്തിന്റെ സവിശേഷത. അതായത്, അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ പ്രകൃതിയുടെ മുഴുവന്‍ ജീവിതവും ജീവിക്കുന്നവനാണ് മനുഷ്യന്‍. എന്നാല്‍ എല്ലാ ഗുണങ്ങള്‍ക്കും പുറമെ അവന് യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവുമുണ്ട്. അതിനാല്‍ അവനില്‍ ദൈവികമായ യുക്തിയുടെ ജ്വലനമുണ്ട്. മനുഷ്യന് സന്തോഷിക്കാന്‍ കഴിയുന്നത് അവന്റെ എല്ലാ കഴിവുകളും സാധ്യതകളും ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.

ഈ സന്തോഷാവസ്ഥയ്ക്ക് മൂന്ന് രൂപങ്ങളുണ്ട്. ആഹ്ലാദത്തിന്റെയും സുഖാനുഭവത്തിന്റെയും ജീവിതമാണ് അതില്‍ ഒന്നാമത്തെത്. സ്വതന്ത്രനും എന്നാല്‍ ഉത്തരവാദിത്തമുള്ളവനുമായ പൗരന്‍ എന്ന നിലക്കുള്ളത് രണ്ടാമത്തെത്. അവസാനത്തെതാകട്ടെ, ചിന്തകനും ദാര്‍ശനികനും എന്ന നിലക്കുള്ള ജീവിതവും. ഈ മൂന്ന് ആനന്ദങ്ങളെയും ആസ്വദിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം സമഗ്രമായിത്തീരുക.

സന്തുലിതത്വവും പക്വതയുമുള്ളപ്പോള്‍ മാത്രമേ ജീവിതത്തിന്റെ ലയാത്മകത കണ്ടെത്താന്‍ സാധിക്കൂ. അതിനാല്‍ മധ്യമസ്വഭാവത്തിലാവണം മനുഷ്യജീവിതം. ഇതിനെ അരിസ്റ്റോട്ടില്‍ സുവര്‍ണമാധ്യമികത (golden mean or golden middle way) എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എല്ലാ ക്ലാസ്സിക്കല്‍ തത്വചിന്തകന്മാരും പ്രവാചകന്മാരും അംഗീകരിച്ചതാണ് ഈ സന്തുലിതത്വം. ജീവിതം പക്വമായിത്തീരാന്‍ ആത്യന്തികമായ രണ്ടറ്റങ്ങള്‍ ഒഴിവാക്കപ്പെടണം എന്നേ ഇതിനര്‍ത്ഥമുള്ളൂ. ആത്യന്തികതകള്‍ ഒഴിവാക്കപ്പെടുമ്പോഴാണല്ലോ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ഉമ്മതുന്‍ വസത്വ് സാക്ഷാല്‍കൃതമാവുക. ജീവിതം ഈ സുവര്‍ണമാധ്യമികതയിലാവണം. ഭക്ഷണവും ലൈംഗികതയും മുതല്‍ ചെലവഴിക്കലും സാഹസികതയും വരെ എന്തിലും സ്വീകരിക്കപ്പെടേണ്ടത് ഈ മിതസമീപനമാണ് എന്നാണ് അരിസ്റ്റോട്ടില്‍ വിശദീകരിക്കുന്നത്.

ശീലങ്ങളും ആചാരങ്ങളും തമ്മിലുള്ള വൈരുധ്യത്തിലും ഇതേ മധ്യമസമീപനമാണ് കൈക്കൊള്ളേണ്ടത്. ചുറ്റിലും ഒരു സമൂഹമില്ലെങ്കില്‍ നാമാരും ശരിക്കുള്ള മനുഷ്യരാവില്ല. കുടുംബവും സമൂഹവും നമ്മുടെ പ്രാഥമികാവശ്യങ്ങളായ ആഹാരം, ലൈംഗികത തുടങ്ങിയവയെ ആരോഗ്യകരമായി നിര്‍വഹിച്ചു തരുന്നു. നമുക്ക് അനിവാര്യമായ സ്‌നേഹം പകര്‍ന്നു തരികയും ചെയ്യുന്നു. അതിനാല്‍ മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. ഏറ്റവും ഉന്നതമായ അവസ്ഥയില്‍ ഒരു രാഷ്ട്രീയ ജീവിയും.

ഉദാരം
എന്നാല്‍ വ്യക്തിയെ സമൂഹത്തില്‍ നിന്ന് വ്യവഛേദിക്കുകയാണ് ഉദാര വ്യക്തിവാദികള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും അസഹിഷ്ണുതാപൂര്‍വമായ നിലപാടുകളാണ് പുരോഗമനം എന്ന മറ പിടിച്ചു കൊണ്ട് ഇവര്‍ കാണിക്കുന്നത് എന്നതാണ് അനുഭവം. അതുതന്നെയും ഉദാരലൈംഗികതയുടെ കാര്യത്തിലാകുമ്പോള്‍ കൂടുതല്‍ ആക്രാമകമാകുന്നു. 1973 ലാണ് അമേരിക്കന്‍ സൈക്കിയാട്രിസ്റ്റ് അസോസിയേഷന്‍ ഡിസോഡറുകളുടെ പട്ടികയില്‍ നിന്ന് സ്വവര്‍ഗരതിക്ക് സ്വാഭാവികതയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതെങ്കില്‍ ഹോമോഫോബ് എന്ന പദം അമ്പതുകളില്‍ത്തന്നെ സാമൂഹിക വ്യവഹാരങ്ങളുടെ ഭാഗമായിത്തീര്‍ന്നിരുന്നു. സത്യത്തില്‍ ഇതൊരു ലേണിങ് പ്രോസസാണ്. പൊതുബോധത്തെ മാറ്റിയെടുക്കാനുള്ള വിദ്യകള്‍. സദാചാരവാദികളുടെയും കുടുംബവാദികളുടെയും വിയോജിപ്പുകളെ ഹോമോഫോബിയ ആയി മുദ്ര കുത്തുന്നതോടെ അവര്‍ നിശ്ശബ്ദരായിത്തീരുന്നു. അംഗീകരിച്ചില്ലെങ്കില്‍ പിന്തിരിപ്പന്മാരായിത്തീരും എന്ന അവസ്ഥയാണ് അടുത്ത ഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ ഘട്ടമാണ് അതിനടുത്തത്.

ഡീന്‍ ഹാമറുടെ A Linkage Between DNA Makers on the X Chromosome and Male Sexual Orientation എന്ന പഠനം സയന്‍സ് മാഗസിനില്‍ പ്രസിദ്ധം ചെയ്യപ്പെടുന്നത് 1993 ലാണ്. സ്വവര്‍ഗാനുരാഗികളുടെ ത ക്രോമസോമില്‍ X9 28 എന്ന ഒരു ജെനെറ്റിക് മാര്‍കര്‍ ഉണ്ടെന്ന് അതില്‍ അവകാശപ്പെട്ടു. ഇതാണ് ഗേ ജീന്‍ ആയി കൊട്ടിഘോഷിക്കപ്പെട്ടത്.

എന്നാല്‍ ഇതിനെതിരായുള്ള പഠനങ്ങളും സയന്‍സ് മാഗസിനില്‍ തന്നെ വന്നിട്ടുണ്ട്. ജനിതക ഘടകങ്ങള്‍ എന്നത് എന്തായാലും ഇത്രത്തോളം ലളിതമല്ലല്ലോ. ഹാമര്‍ തന്നെ പിന്നീട് ജീന്‍ എന്നത് ഭാഗികമായ ഉത്തരം മാത്രമാണെന്ന് തുറന്നു സമ്മതിച്ചു. ജനിതകത്തെക്കാള്‍ പരിസരത്തിനാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സ്വാധീനമുള്ളത്. പകുതിയിലധികം പേരുടെയെങ്കിലും സ്വവര്‍ഗാനുരാഗ സ്വഭാവത്തിന് പിന്നില്‍ ജനിതകഘടകങ്ങളില്ല എന്ന് ഹാമര്‍ തന്നെ സമ്മതിച്ചതായി 1995 നവംബറില്‍ സയന്റിഫിക് അമേരിക്കനില്‍ പ്രസിദ്ധീകരിച്ച Gay Genes, Revisited എന്ന പഠനത്തില്‍ ജോണ്‍ ഹോര്‍ഗന്‍ പറയുന്നു. ഹോര്‍ഗന്റെ പഠനം പക്ഷേ, സ്വവര്‍ഗരതിതല്‍പരതക്ക് എതിരല്ല. മാത്രവുമല്ല, ക്രിസ്ത്യന്‍ ഹോമോഫോബുകള്‍ ഗേ ജീനിനെപ്പറ്റിയുള്ള തന്റെ റിപ്പോര്‍ട്ട് ദുരുപയോഗം ചെയ്യുന്നതായി 2010 ല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നുമുണ്ട്. ഇവിടെ ഗേ ജനിതകത്തിന്റെ ആധികാരികത സംശയിക്കുക മാത്രമേ നാം ചെയ്യുന്നുള്ളൂ.

m62tlx7kje_homosexual    നിയമസാധുത്വം (legitimacy) നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ അതിനടുത്ത ഘട്ടമാണ്. ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഹോമോ സെക്ഷ്വാലിറ്റിയെയും ഗേ, ലെസ്ബിയന്‍ വിവാഹങ്ങളെയും ഡീക്രിമിനലൈസ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതൊരു സംവാദവിഷയമാകുന്നത് ജനാധിപത്യപരമായി അപകടകരമൊന്നുമല്ല താനും. എല്ലാ വ്യക്തികളുടെയും എല്ലാത്തരം വ്യതിയാനങ്ങളും ക്രിമിനലൈസ് ചെയ്യപ്പെടണം എന്ന് ഈ ലേഖകന് വാദമൊന്നുമില്ല. അതേസമയം നിയമം സ്വവര്‍ഗരതിയെ മഹത്വവല്‍ക്കരിച്ചത് പോലെയാണ് പിന്നീടുണ്ടായ പ്രചാരണങ്ങള്‍. അങ്ങനെയൊരു മാനസികാവസ്ഥ തന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

സദാചാരത്തെക്കുറിച്ച പരമ്പരാഗതമോ മതപരമോ ആയ സങ്കല്‍പങ്ങള്‍ എന്തു തന്നെയായിരുന്നാലും ആ സങ്കല്‍പങ്ങള്‍ക്ക് അനുഗുണമോ വിരുദ്ധമോ ആയ ലൈംഗിക പ്രവൃത്തികള്‍ സ്വകാര്യമായിരിക്കുന്നേടത്തോളം സമൂഹത്തെ അത് ബാധിക്കുന്നൊന്നുമില്ല. പിന്തുടര്‍ന്ന് ചെന്ന് പിടികൂടുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്ന സദാചാരപ്പോലീസിങ്ങിനെ പൊതുസമൂഹമോ അതിലെ സദാചാരവാദികള്‍ പോലുമോ അംഗീകരിച്ചിട്ടുമില്ല. അത് സ്വകാര്യതയുമായി മാത്രം ബന്ധപ്പെട്ടതാണ്. സ്വകാര്യത പരിരക്ഷിക്കപ്പെടുക എന്ന നിലക്ക് കോടതിയുടെ ഇടപെടലിനെ അംഗീകരിക്കാം. അതിനപ്പുറമുള്ള പവിത്രീകരണത്തിനു വേണ്ടിയാണ് ശ്രമങ്ങള്‍ നടന്നത്.

വിയോജനം
ഒരു ഡിസോഡര്‍ അല്ലെങ്കില്‍ ഡീവിയേഷന്‍ എന്ന നിലയില്‍ പരിഗണിച്ചു കൊണ്ട് ഇതിനെ ചികില്‍സിക്കാനോ മാറ്റാനോ ശ്രമിക്കുന്നത് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ നിഷേധിക്കലാണെന്ന വാദവും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇതു സംബന്ധമായി ഉയര്‍ത്തപ്പെട്ട വാദം പ്രവണത egodystonic ആണെങ്കില്‍ മനശ്ശാസ്ത്രചികില്‍സയാകാം, എന്നാല്‍ egosyntonic ആണെങ്കില്‍ ചികില്‍സ പാടില്ല എന്നായിരുന്നു. വിചിത്രമെന്ന് തോന്നുന്നതോ അല്ലാത്തതോ ആയ സ്വന്തം സ്വഭാവസവിശേഷതകളില്‍ ഒരാള്‍ സ്വയം അസ്വസ്ഥനാവാതിരിക്കുകയോ അത് അയാളുടെ ഈഗോയുടെ ലക്ഷ്യമായി പരിഗണിക്കപ്പെടുകയോ തന്റെ ideal self-image ആയി സ്വയം അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതാണ് ഈഗോസിന്റോണിക്. എന്നാല്‍ ഒരാളുടെ ചിന്തകളും പെരുമാറ്റങ്ങളും അയാളുടെ തന്നെ ഐഡിയല്‍ സെല്‍ഫ് ഇമേജിന് വിരുദ്ധമായിത്തീരുന്ന അവസ്ഥയാണ് ഈഗോഡിസ്റ്റോണിക്. ഈ നിലപാടില്‍ അല്‍പമൊക്കെ ന്യായമുണ്ടെന്ന് സമ്മതിച്ചു കൊടുക്കാം. എന്നാല്‍, ഈ വിഭജനത്തെപ്പോലും നിരാകരിച്ചു കൊണ്ട് ഒരാളിലും ഒരു നിലക്കും ഇതിനെ ഡിസോഡറായി പരിഗണിക്കാവതല്ല എന്ന ശാഠ്യമാണ് ഉയര്‍ത്തപ്പെടുന്നത്.

വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയും ഉദാരവാദികളില്‍, പ്രത്യേകിച്ചും ഉത്തരാധുനിക ലൈംഗിക ഉദാരവാദികളില്‍ തികച്ചും പ്രകടമാണ്. വിയോജിക്കുന്നവരെ (എതിര്‍ക്കുന്നവരെയല്ല) ഹോമോഫോബുകളായി മുദ്ര കുത്തുക, പുരോഗമനവിരുദ്ധരെന്നും മതമൗലികവാദിയെന്നും കപടസദാചാരവാദിയെന്നും ചാപ്പ കുത്തുക തുടങ്ങിയ രീതികള്‍ സംവാദങ്ങളില്‍ കാണാം. വാഷിങ്ടണ്‍ സ്റ്റേറ്റില്‍ സ്വവര്‍ഗവിവാഹത്തെ എതിര്‍ത്തു കൊണ്ടുള്ള ഒരു ഭീമഹരജിയില്‍ ഒപ്പിട്ട ഒന്നര ലക്ഷത്തോളം ആളുകളുടെ പേരും മേല്‍വിലാസവും അന്വേഷിച്ചു കൊണ്ട് സ്വവര്‍ഗാഭിരമികളുടെ സംഘടനകള്‍ വിവരാവകാശ ഹരജി നല്‍കിയ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട് വി.സി ശ്രീജന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2018 സെപ്റ്റംബര്‍ 23). ഇത് എതിരാളികളെ തെരഞ്ഞു പിടിച്ച് കൈകാര്യം ചെയ്യാനാണ് എന്നതിനാല്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കരുതെന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിച്ചിരിക്കയാണത്രേ ഹരജിയില്‍ ഒപ്പിട്ടവര്‍.

സത്യത്തില്‍ സ്വവര്‍ഗവിവാഹം എന്ന ആശയം തന്നെ വിചിത്രമാണ്. ഹെറ്ററോസെക്ഷ്വല്‍ ബന്ധത്തില്‍പ്പോലും വിവാഹം എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ നിരാകരിച്ച്, കൂടെത്താമസിക്കുക എന്ന രീതി പ്രയോഗവല്‍ക്കരിക്കുക എന്ന മതേതര സമ്പ്രദായം അല്‍പസ്വല്‍പം വ്യാപകത്വം നേടിക്കൊണ്ടിരിക്കുന്ന കാലത്ത്, തങ്ങളെ വിവാഹം എന്ന കുരുക്കില്‍ ബന്ധിക്കാന്‍ ഉദാരലൈംഗികതയെ പ്രമോട്ട് ചെയ്യുന്നവര്‍ ശ്രമിക്കുന്നതെന്തിന് എന്ന് മനസ്സിലാവുന്നില്ല. കുടുംബം എന്ന സ്ഥാപനം വിവാഹം എന്ന ആചാരത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. അത് അതിന്റെ തുടക്കം മാത്രമാണ്. അതിന് ഒട്ടേറെ തുടര്‍ച്ചകളുണ്ട്. അനന്തരാവകാശം തൊട്ട് വിവാഹമോചനം വരെ നീളുന്ന ഒട്ടേറെ നിയമങ്ങളും ആചാരങ്ങളും ഇതില്‍ കടന്നുവരുന്നുണ്ട്. ഇതിനെയൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്വവര്‍ഗാനുരാഗികളുടെ വിവാഹം എന്ന ആശയം അംഗീകരിക്കപ്പെടുമ്പോള്‍ മറ്റ് തുടര്‍ച്ചകളും ബാധ്യതകളുമൊന്നും ബാധകമാകാത്ത കേവലവിവാഹത്തിന്റെ പ്രസക്തി എന്താണ്? ഒരുപക്ഷേ ഇതിനെ ഒരു സംസ്‌കാരമായി എസ്റ്റാബ്ലിഷ് ചെയ്‌തെടുക്കുക എന്നതുമാവാം വിവാഹം എന്ന ആശയം ഇതില്‍ ചേര്‍ക്കുന്നതിന്റെ യുക്തി.

ഇതുപോലെ വിചിത്രമാണ് തന്റെ പ്രത്യക്ഷാവസ്ഥയ്ക്ക് വിരുദ്ധമായി താന്‍ സ്വയമോ മറ്റെന്തെങ്കിലും സമ്മര്‍ദ്ദം കാരണമോ തന്റെ ലൈംഗികസ്വത്വമായി സ്വീകരിച്ചിരിക്കുന്ന ലിംഗവിഭാഗത്തിന്റെ വസ്ത്രങ്ങള്‍ ധരിക്കുന്ന പ്രവണത. സ്ത്രീകളുടേത് എന്നംഗീകരിക്കപ്പെട്ട വേഷങ്ങള്‍ ഉപേക്ഷിച്ച് പുരുഷനെപ്പോലെ പാന്റും ഷര്‍ട്ടുമിട്ട് നടക്കുന്ന പെണ്ണുങ്ങളുടെ കാലത്താണ് ഇങ്ങനെയൊരു നടപടി. പലപ്പോഴും LGBT മൂവ്‌മെന്റുകളുടെ പ്രവര്‍ത്തകര്‍ അവരുടെ കാമചാപല്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് കേവലം നിലനില്‍ക്കുന്ന സദാചാര സമ്പ്രദായത്തോടുള്ള പ്രതിഷേധം മാത്രമായിരിക്കാന്‍ തരമില്ല. സ്വാഭാവികമായും ഇതിനെ ഒരു bihavioral disorder ആയി കാണുന്നത് തെറ്റാണെന്ന് കരുതാന്‍ പറ്റുമോ?
ഇത്തരം ആസക്തികള്‍ ജനിതകമാണെന്നതിന് പ്രകടമായ തെളിവുകളൊന്നും സമര്‍പ്പിക്കപ്പെട്ടതായി അറിവില്ലെന്ന് നേരത്തേ പറഞ്ഞു. ഇത് മനശ്ശാസ്ത്ര വ്യതിയാനമാവാം. അതിലുപരി ഇതിനെ പ്രതിലോമകരമായ സാംസ്‌കാരിക പരിണാമമായി കാണാം എന്നാണ് ഈ ലേഖകന്റെ പക്ഷം. തീര്‍ച്ചയായും ഇതിന്റെയൊക്കെ അംഗീകാരത്തിലേക്ക് സമൂഹം പരിണമിക്കുന്നതോടെ, ഒരുപക്ഷേ ആ സമൂഹത്തിന്റെ സംസ്‌കാരമായിത്തന്നെ ഇത് വളരുന്നതോടെ കൂടുതലാളുകള്‍ ഈയവസ്ഥയിലേക്ക് കണ്ടീഷന്‍ ചെയ്യപ്പെടുന്നു. അതായത്, സംസ്‌കാരവും മാനസികാവസ്ഥകളും പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നു.

എന്നാല്‍പ്പോലും ഇതില്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. മൗലികസ്വഭാവമാണെങ്കില്‍ അങ്ങനെയൊരു മാറ്റം സാധ്യമല്ലല്ലോ. സ്വവര്‍ഗാസക്തിയുടെ പേരില്‍ സാമാന്യം നല്ല ‘പേരുദോഷം’ നേടിയ ഒരു പ്രദേശം ഇതെഴുതുന്നയാള്‍ക്ക് നേരിട്ടറിയാം. ഒരുപക്ഷേ ആ പ്രദേശവാസികളെക്കാള്‍ സ്വവര്‍ഗാസക്തര്‍ മറ്റിടങ്ങളിലും ഉണ്ടായിരുന്നിരിക്കാം. പൊതുബോധവും മുന്‍വിധികളും നിയന്ത്രിക്കാത്ത സര്‍വേകളും കണക്കുകളും ഉണ്ടാവാന്‍ സാധ്യതയില്ലല്ലോ. അതേസമയം സ്വവര്‍ഗാഭിരമിത്വം ഉള്ളവര്‍ അവിടെ ധാരാളമുണ്ടായിരുന്നു എന്നത് വസ്തുതയാണ് താനും. അക്കാലത്ത് ഇത്തരം അഭിനിവേശങ്ങളുടെ ഇരകളായിത്തീര്‍ന്നത് പലപ്പോഴും കുട്ടികള്‍ ആയിരുന്നു. ധാര്‍മികബോധമുള്ള കുറേ ചെറുപ്പക്കാരുടെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി മൊത്തം ഈ സമൂഹത്തിന്റെ മാനസികാവസ്ഥയില്‍ വലിയ മാറ്റമുണ്ടായി.

ഇന്ന് ഇവിടെ ഇത്തരം ഓറിയന്റേഷന്‍ ഉള്ളവര്‍ വളരെക്കുറവാണ്. ഈ ആസക്തിക്ക് തീര്‍ത്തും മൗലികമായ ജനിതകന്യായങ്ങള്‍, എന്തിന് സ്ഥിരത്വമുള്ള മാനസികകാരണങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു മാറ്റം സംഭവിക്കുമായിരുന്നില്ല. ഒരു സമൂഹം എന്ന നിലക്ക് പ്രദേശത്തെ എടുത്താല്‍ നേരത്തേ ഇവരില്‍ ഒരുതരം സാമൂഹിക ദൃഢീകരണം (social reinforcement) പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതം എന്നതിലുപരി അഭ്യസിപ്പിക്കപ്പെട്ട (learned) ഒരു സ്വഭാവമാണ് ഇത്. ലേണിങ്ങിലൂടെയാണ് ഇത് കണ്ടീഷന്‍ ചെയ്യപ്പെടുന്നത്. സ്വാഭാവികമായും ഇത് unlearn ചെയ്യാനും പറ്റും.

പൊതുവെ ബിഹേവിയറിസ്റ്റുകള്‍ കരുതുന്നതും dispositional (പ്രകൃതപരം) എന്നതിനെക്കാള്‍ learned ആണ് സ്വവര്‍ഗാഭിമുഖ്യം എന്നു തന്നെയാണ്. സ്വഭാവരൂപീകരണശാസ്ത്രവുമായി (ethology) ബന്ധപ്പെട്ട മറ്റ് ചില നിഗമനങ്ങള്‍ കൂടിയുണ്ട്. സ്വാത്മതാദാത്മ്യവുമായി (self-identification) ബന്ധപ്പെട്ടതാണ് അതിലൊന്ന്. ഒരാള്‍ സ്വയം നടത്തുന്ന സ്വത്വനിര്‍ണയം. ഇത് പല കാരണങ്ങളാല്‍ ഒരാളെ ഒരു mistaken identity യിലേക്കെത്തിച്ചേക്കാം. അതില്‍ condition ചെയ്യപ്പെടാം. മൃഗങ്ങളില്‍പ്പോലും ഇത്തരം പ്രവണതകള്‍ കണ്ടുവരാറുണ്ട്. ഇവാന്‍ പാവ്‌ലോവിന്റെ classical conditioning സിദ്ധാന്തം ആവിഷ്‌കരിക്കപ്പെട്ടത് തന്നെ അദ്ദേഹത്തിന്റെ വളര്‍ത്തു നായയില്‍ കണ്ടെത്തിയ പ്രവണതകളില്‍ നിന്നാണല്ലോ.

Stage by stage ആയ ഒരു പ്രക്രിയയാണ് മനുഷ്യന്റെ സൈക്കോസെക്ഷ്വല്‍ വികാസം. ഇതില്‍ ഏതെങ്കിലും ഘട്ടത്തില്‍ എന്തെങ്കിലും കാരണവശാല്‍ ഏതെങ്കിലും തരത്തിലുള്ള ഫിക്‌സേഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ആലോചിക്കാമെന്ന് തോന്നുന്നു. പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. ചെറുപ്രായത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നവരാണ് സ്വവര്‍ഗാഭിരമികളില്‍ വലിയൊരു വിഭാഗം. Pioneer of the modern gay rights movement ആയി അറിയപ്പെടുന്ന ഹെന്റി കാള്‍ ഉല്‍റിച്‌സ് അദ്ദേഹത്തിന്റെ ജീവിതകഥയില്‍ ബാല്യത്തില്‍ പെണ്‍വേഷങ്ങള്‍ ധരിപ്പിച്ച് താലോലിക്കാറുണ്ടായിരുന്ന സ്വന്തം അമ്മയെ അനുസ്മരിക്കുന്നുണ്ട്. പതിനാലാം വയസ്സില്‍ അദ്ദേഹത്തെ ഒരു കുതിരസ്സവാരി പരിശീലകന്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയനാക്കിയത്രേ. എമ്മോ ഗോള്‍ഡ്മാന്‍ എന്ന ഗേ, തരം കിട്ടുന്വോഴെല്ലാം ലൈംഗികമായും അല്ലാതെയും തന്നെ പീഡിപ്പിച്ചിരുന്ന ചില അധ്യാപകരെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. പ്രഖ്യാപിത സ്വവര്‍ഗാഭിരമികളില്‍ പലരും ഇത്തരം ബാല്യകാലപീഡകള്‍ക്ക് വിധേയരായിട്ടുണ്ട്. ഇത്തരം പീഡകള്‍ ഉണ്ടാക്കിയേക്കാവുന്ന മാനസികാഘാതങ്ങളെപ്പറ്റി ശരിയായ പഠനങ്ങള്‍ അനിവാര്യമാണ്. സ്ത്രീകളുമായി ഫലപ്രദമായും സ്വാഭാവികമായും ഇടപെടാനുള്ള സാമര്‍ത്ഥ്യമോ ശേഷിയോ ഇല്ലായ്മയും പുരുഷന്മാരായ പലരെയും മറ്റ് പുരുഷന്മാരിലോ കുട്ടികളിലോ അഭിനിവേശങ്ങള്‍ ജനിപ്പിച്ചേക്കാം.

സ്വത്വം
കമ്പോളാധിഷ്ഠിത ആധുനികത ഉദാരലൈംഗികതയില്‍ കച്ചവടസാധ്യതകളാണ് കാണുന്നതെങ്കില്‍ ഉത്തരാധുനികത ഇതിനെ സ്വത്വരാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെയാണ് സമീപിക്കുന്നത്. പ്രകൃതിയുടെ സ്ഥാപിത നിയമങ്ങളെപ്പോലും എതിര്‍ക്കപ്പെടേണ്ട ബൃഹദാഖ്യാനങ്ങളായി കാണുന്നതില്‍ വിശേഷിച്ച് ഗുണമൊന്നുമില്ലെങ്കിലും.

പൊതുവായ സവിശേഷതകളെക്കാള്‍ വ്യത്യസ്തതകള്‍ക്കാണ് സ്വത്വരാഷ്ട്രീയം പ്രാധാന്യം നല്‍കുക. പൊതുവായി മനുഷ്യരെ വിലയിരുത്താന്‍ അതിന് താല്‍പര്യമില്ല. മനുഷ്യന്റെ പൊതുസവിശേഷതകള്‍ മാത്രമല്ല, മനുഷ്യന്‍ എന്ന വ്യവഹാരത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. വ്യത്യസ്തതകളെയാണ് കൂടുതല്‍ മാനിക്കേണ്ടത് എന്നു വരുമ്പോള്‍ സ്വാഭാവികം എന്ന പരികല്‍പനം തന്നെ അര്‍ത്ഥശൂന്യമായിത്തീരും. സാധാരണ സ്ത്രീ-പുരുഷ ബന്ധം എന്നത് അസംബന്ധമായും മാറും. പിന്നെ, ലൈംഗികത എന്നത് വിലക്ഷണം എന്ന് നേര്‍ബുദ്ധി വിശേഷിപ്പിക്കുന്ന പ്രവണതകളെ ആഘോഷിക്കലാണ്.

വിശകലനം
ഒരു സമൂഹത്തിന്റെ മാനസികവും ധൈഷണികവുമായ ഊര്‍ജം മുഴുവനും രതിയിലേക്ക് പരിമിതപ്പെടുത്തുന്നത് സമൂഹത്തിന്റെ വികാസത്തെയല്ല സൂചിപ്പിക്കുന്നത്. ജീവിതാവബോധവും ജീവിതാനന്ദവും സമഗ്രമാണ് എന്ന തിരിച്ചറിവ് അനിവാര്യമാണ്. ഇതിന് ഒരു രാഷ്ട്രീയ വശം കൂടിയുണ്ട്. ഏകമോ അതിപ്രധാനമോ ആയ പ്രശ്‌നമായി ലൈംഗികത കത്തിനില്‍ക്കുമ്പോള്‍ മറ്റു പലതും സ്വാഭാവികമായി തമസ്‌കരിക്കപ്പെടും എന്നതാണത്. മനുഷ്യജീവിതത്തിനും സംസ്‌കാരത്തിനും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധങ്ങളില്‍പ്പോലും അനാരോഗ്യകരമായ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഈ പ്രവണത നിമിത്തമായേക്കാം.

രതിയുമായി ബന്ധപ്പെട്ട അതിഭാവുകത്വവും കാല്‍പനികതയും കലര്‍ന്ന വര്‍ണനകളും പുതിയ കാലത്ത് സൃഷ്ടിക്കപ്പെട്ട പരസ്യകാമചേഷ്ടകളും സൃഷ്ടിക്കുന്ന ഒരു ലൈംഗികദാരിദ്ര്യമുണ്ട്. ഇത്തരം ചേഷ്ടകളെ സ്വയം തന്നെ ഒരു അധര്‍മമായി സദൂമ്യരെ പ്രവാചകന്‍ ലൂത്വ് ഓര്‍മപ്പെടുത്തുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഇതിനപ്പുറം ആ സമൂഹത്തിന്റെ മുഖ്യസ്വഭാവമായി സ്വവര്‍ഗാസക്തി മാറുന്നതിന് ഒരു പ്രധാന കാരണം എന്ന നിലക്കും ഇത്തരം പരസ്യചേഷ്ടകളെ വിലയിരുത്താം. ഈ അതിഭാവുകത്വങ്ങള്‍ തന്നെയും പ്രയോഗതലത്തില്‍ ഒരുതരം അസംതൃപ്തി സൃഷ്ടിച്ചേക്കാം. പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതങ്ങളും തിളച്ചുമറിഞ്ഞ് പരന്നൊഴുകുന്ന ലാവയും പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിക്കുന്ന സീല്‍ക്കാരങ്ങളും ഉരുണ്ടുകൂടുന്ന വിയര്‍പ്പുമണികളില്‍ പ്രതിഫലിക്കുന്ന മഴവില്‍വര്‍ണങ്ങളും ആകാശത്തിന്റെ മുകള്‍ത്തട്ടിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന ലഘുത്വവുമൊക്കെ കഥകളിലും കവിതകളിലും വായിക്കാനുള്ളതാണ്. കാലുകള്‍ക്ക് ബലമില്ലെങ്കില്‍ കട്ടിലിന് ആട്ടമുണ്ടാവുമെന്നല്ലാതെ പ്രപഞ്ചത്തില്‍ ഒരു പ്രകമ്പനവും യഥാര്‍ത്ഥത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. മറ്റ് പല കാര്യങ്ങളിലും കാല്‍പനികതയും പ്രായോഗികതയും തമ്മിലുള്ള അന്തരം തിരിച്ചറിയുന്ന മനുഷ്യന്‍ രതിയില്‍ മാത്രം ഈ അതിഭാവുകത്വത്തിന്റെ സാക്ഷാല്‍ക്കാരം പ്രതീക്ഷിക്കുന്നു.

ഒപ്പം ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമൊക്കെ അവന്‍ ദര്‍ശിക്കുന്ന വൈചിത്ര്യങ്ങളും വൈകൃതങ്ങളും രതിയുടെ സ്വാഭാവികരീതികളില്‍ അപൂര്‍ണത തോന്നിക്കുന്നു. ഇത് പക്ഷേ, ഒരര്‍ത്ഥത്തില്‍ പണ്ടേ തുടങ്ങിയതാണ്. അറുപത്തെട്ട് രതിനിലകള്‍ വിവരിക്കുന്നുണ്ട് കാമസൂത്രയില്‍ വാല്‍സ്യായനന്‍. ഇതില്‍പ്പലതും പൗരാണികക്ഷേത്രച്ചുവരുകളില്‍ ശില്‍പങ്ങളായി ചിത്രീകരിച്ചതായും കാണാം. എന്നാല്‍ ഇതിലെ മൂന്നോ നാലോ നിലകളൊഴിച്ച് ബാക്കിയുള്ളവയിലേതെങ്കിലും പ്രാക്ടീസ് ചെയ്യാന്‍ ഒരാള്‍ തുനിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ നടുവൊടിഞ്ഞ് കിടക്കാന്‍ അതു തന്നെ മതി. ഈ അറുപത്തെട്ട് നിലകളുടെയും പ്രയോഗത്തിലും അനുഭൂതിയിലും വിചാരപ്പെട്ടു നടക്കുന്ന ഒരാള്‍ ഒന്നുകില്‍ ഇണയില്‍ നിരാശനാവും, അല്ലെങ്കില്‍ തന്നെ ഒന്നിനും കൊള്ളാത്തവനായി മനസ്സിലാക്കും. ഇത്തരം പ്രവണതകളൊക്കെയും വിചിത്രവും അസ്വാഭാവികവുമായ രീതികള്‍ അന്വേഷിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചേക്കാം.

ഇത്തരം നൈരാശ്യങ്ങളെ ശമിപ്പിക്കുന്നതിന് വേണ്ടിയാണ് ലൈംഗികതയില്‍ ആപല്‍ക്കരവും അധാര്‍മികവുമായ പരീക്ഷണങ്ങള്‍ക്ക് അവന്‍ മുതിരുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ പലേടത്തും ഓര്‍ഗികള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. ഒരുപാട് ഇണകള്‍ ഒരുമിച്ചൊരു മുറിയില്‍, ചിലപ്പോള്‍ പരസ്പരം ചേര്‍ന്നു കൊണ്ടൊക്കെ നടക്കുന്ന മദിരോല്‍സവങ്ങളെയും രതിക്കൂത്തുകളെയുമാണ് orgy എന്ന് പറയുക.

ഒപ്പം ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവവും നിലനില്‍ക്കുന്നു. ജനനേന്ദ്രിയങ്ങളുടെ പരസ്പരഘര്‍ഷണമല്ല ലൈംഗികത. ശരീരത്തിലെ എല്ലാ അവയവങ്ങളും ഒപ്പം മനസ്സും ബോധവും പൂര്‍ണമായും പങ്കു കൊള്ളേണ്ട ഒരു പ്രക്രിയയാണത്. നോട്ടം, ചുംബനം, സ്പര്‍ശനം, വര്‍ത്തമാനം എല്ലാം ഇതില്‍ പ്രധാനമാണ്. ഇണയുടെ അഭീഷ്ടങ്ങള്‍ അറിയാനും സാക്ഷാല്‍ക്കരിക്കാനുമുള്ള വ്യഗ്രത രണ്ടു പേരിലുമുണ്ടാവണം. രതിയിലേര്‍പ്പെടുന്ന ഇണകളുടെ ലോകം അവരുടെ മാത്രം ലോകമാണ്. അതങ്ങനെത്തന്നെയായിരിക്കുകയും വേണം. ഇത്തരം ബോധങ്ങളുടെ അഭാവവും സ്വാഭാവികമായ രതിയില്‍ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ശരിയായ ലൈംഗികാവബോധം പ്രസക്തമായിത്തീരുന്നു.

ഈ ലേഖനത്തിലേക്ക് ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വിഭാഗത്തെ കൊണ്ടു വന്നിട്ടില്ല. ട്രാന്‍സ് ജെന്‍ഡര്‍, സ്വവര്‍ഗാഭിരമിത്വം, ഉഭയലൈംഗികാസക്തി തുടങ്ങിയ വിഷയങ്ങള്‍ കൂട്ടിക്കുഴച്ച് ചര്‍ച്ച ചെയ്യേണ്ടതല്ല. വേറെത്തന്നെ ഒരു ചര്‍ച്ചാ വിഷയമാണ് ട്രാന്‍സ് ജെന്‍ഡറുകളുമായി ബന്ധപ്പെട്ടത്. അതേസമയം ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ഭീഷ്മര്‍ യുദ്ധം ചെയ്തതു പോലെ ലൈംഗിക ഉദാരവല്‍ക്കരണവാദികളുടെ മുഴുവന്‍ പരിശ്രമങ്ങളും ഈ ട്രാന്‍സ് ജെന്‍ഡറുകളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ്. ഇതാകട്ടെ, യഥാര്‍ത്ഥ വിഭിന്ന ലൈംഗികവിഭാഗങ്ങള്‍ എന്ന് പറയാവുന്ന, ട്രാന്‍സ് ജെന്‍ഡറുകളുടെയും (അപര ലിംഗികള്‍) ഹെര്‍മഫ്രൊഡൈറ്റുകളുടെയും (ഉഭയലിംഗികള്‍, ഇന്റര്‍ സെക്‌സ് പെര്‍സന്‍സ്) അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് തടസ്സമാണ് സൃഷ്ടിക്കുക.

കൂടുതല്‍ പങ്കാളികളെ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമം ലെജിറ്റിമസി നേടലിന് പിന്നിലുണ്ട് എന്ന് കരുതുന്നതില്‍ തെറ്റില്ല. വിവാഹം കഴിക്കാനുള്ള അവകാശത്തോടൊപ്പം സ്വവര്‍ഗദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം കൂടി ഇവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. ദത്തെടുക്കാന്‍ കുഞ്ഞുങ്ങളെ ഇഷ്ടം പോലെ കിട്ടും. എന്നാല്‍ ഈ ദമ്പതികള്‍ക്കൊപ്പം വളര്‍ന്നു വരുന്ന കുഞ്ഞിന്റെയും ഐഡന്റിറ്റി ഇതേ രീതിയില്‍ സെറ്റ് ചെയ്യപ്പെടാനാണ് വളരെക്കൂടുതല്‍ സാധ്യതകളുള്ളത്. ഒപ്പം മനസ്സിലാക്കേണ്ട കാര്യം, ലൈംഗികക്കമ്പോളത്തിന് ഇത് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു എന്നതാണ്. ഇന്റര്‍നെറ്റിലെ ഡാര്‍ക്, ഡീപ് വെബ്ബുകള്‍ രതിക്കമ്പോളത്തിന്റെ ആഗോളീകരണത്തെ വ്യാപകമാക്കിയിട്ടുണ്ട്. ഈ കമ്പോളത്തിലേക്ക് കൂടുതല്‍ വിഭവങ്ങള്‍, അങ്ങനെ ഈ കച്ചവടത്തിന്റെ വിപുലനത്തിനുള്ള കൂടുതല്‍ സാധ്യതകള്‍ ഉറപ്പു വരുത്തുകയാണ് മൂലധനശക്തികള്‍ ചെയ്യുന്നത്. ഉദാരലൈംഗികത എന്നത് കമ്പോളത്തിന്റെ താല്‍പര്യമാണ്.

സംസ്‌കാരം
സാസ്‌കാരിക പരിണാമം എന്ന് മുകളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഖുര്‍ആനിലെ ലൂത്വിന്റെ പരിശ്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ തന്നെ എതിര്‍പ്പ് ഇതിനെയാണ് അടയാളപ്പെടുത്തുന്നത്. സദൂമില്‍ നിലനിന്നിരുന്നത് മെയില്‍ ഹോമോസെക്ഷ്വാലിറ്റിയാണ്. ഒരു നിലക്കും അതിന്റെ ഗുണഭോക്താവല്ല ആ സ്ത്രീ.

painting by Francine Paul
painting by Francine Paul

സ്ത്രീ സ്വവര്‍ഗാസക്തി അഥവാ ലെസ്ബിയനിസം എന്ന വിഷയം തന്നെ യഥാര്‍ത്ഥത്തില്‍ രതിയെക്കാള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ഒന്നിലും പുരുഷനെ ആശ്രയിക്കാതിരിക്കുക എന്ന തീവ്രാശയം വെച്ചു പുലര്‍ത്തിയിരുന്ന, പുരുഷവിദ്വേഷവും പുരുഷനിരാകരണവും മുഖമുദ്രയാക്കിയിരുന്ന റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ കുടുംബജീവിതത്തിന്റെ ചിട്ടകള്‍ക്ക് വഴങ്ങുന്നതിനോ പുരുഷന്റെ ശാരീരികതൃഷ്ണകള്‍ തൃപ്തിപ്പെടുത്തുന്നതിനോ അയാളുടെ പിന്തുടര്‍ച്ചയ്ക്കായി മക്കളെ പ്രസവിക്കുന്നതിനോ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിച്ചു. തനിക്ക് സംരക്ഷണം നല്‍കുന്നതിന് പ്രത്യുപകാരമായി മാത്രമാണ് സ്ത്രീ ഇത്രയും കാര്യങ്ങള്‍ക്ക് സന്നദ്ധയാവുന്നത്. ഈ സംരക്ഷണം സ്വയം നേടിയെടുത്താല്‍ പിന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അവള്‍ മുക്തയായിത്തീരും. വിവാഹവും കുടുംബഘടനയും സാമൂഹിക തിന്മകളുടെ പ്രത്യക്ഷകാരണമാണെന്നാണ് ഷൂലാമിത്ത് ഫയര്‍‌സ്റ്റോണ്‍ വിലയിരുത്തിയിട്ടുള്ളത്.

ഇതിന്റെ അടുത്ത ഘട്ടത്തിലുള്ള വികാസമാണ് സ്ത്രീ-പുരുഷ ബന്ധങ്ങള്‍ നിരാകരിക്കപ്പെട്ടതും സ്വവര്‍ഗപ്രണയം സ്വാഭാവികവും സ്വീകാര്യവുമായിത്തീര്‍ന്നതും. ഇതേത്തുടര്‍ന്ന് മൈ ബോഡി, മൈ ചോയ്‌സ് എന്ന മുദ്രാവാക്യത്തോടെ മുന്നോട്ട് വെക്കപ്പെട്ട രാഷ്ട്രീയാശയമാണ് ലെസ്ബിയന്‍ ഫെമിനിസം. ഈ ലെസ്ബിയന്‍ ഫെമിനിസമാണ് പുതിയ കാലത്തെ ലെസ്ബിയന്‍ ലൈംഗികാസക്തിയായി വികസിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. വൈയക്തികമായി ദാമ്പത്യബന്ധത്തില്‍ ഉണ്ടാകുന്ന അസംതൃപ്തികളും ഇതിന് നിമിത്തമായേക്കാം. അത്തരമൊരു പരിചരണമാണ് ദീപാ മേത്തയുടെ ഫയര്‍ എന്ന സിനിമയിലുള്ളത്.

തന്റെ സമൂഹം പരമ്പരാഗതമായി കൊണ്ടു നടക്കുന്ന സംസ്‌കാരത്തെ ഭര്‍ത്താവ് ചോദ്യം ചെയ്തു എന്നതാണ് ലൂത്വിന്റെ ഭാര്യയെ പ്രകോപിതയാക്കിയത്. സാത്വികനും പ്രവാചകനുമായ ഭര്‍ത്താവില്‍ നിന്ന് ദൂരം പാലിക്കാന്‍ അവര്‍ക്ക് പ്രേരണ നല്‍കിയതും ഈ പ്രകോപനമാണ് എന്നു വേണം ചിന്തിക്കാന്‍.

എതിക്‌സിനെ മൈനസ് ചെയ്തു കൊണ്ടുള്ള ഇസ്‌ലാം എന്നത് പൂജ്യമായിരിക്കും. ഒപ്പം സമൂഹത്തിലെ ധര്‍മവിരുദ്ധമായ പ്രവണതകള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധം തീര്‍ക്കല്‍ ധര്‍മബോധമുള്ളവരുടെ ബാധ്യതയുമത്രേ. ഫലപ്രദമായ പ്രതിരോധം എന്ന പ്രയോഗത്തെ ശരിക്ക് മനസ്സിരുത്തി വിലയിരുത്തേണ്ടതാണ്.