സന്തുലനം -ഇസ്ലാമിക ദർശനം പാഠം നാല്

images

കഴിഞ്ഞ പാഠങ്ങൾ

ഒന്ന്, ഉത്തമസമുദായം

രണ്ട്, മധ്യമസമുദായം

മൂന്ന്, ദർശനം – പദാർത്ഥവും ആശയവും

മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഉത്തമസമുദായം എന്ന നിലക്ക് ഖുര്‍ആന്‍ അതിന്റെ അനുഗാതാക്കളെ എങ്ങനെ നിര്‍ണയിക്കുന്നു എന്ന് നാം ഒന്നാമത്തെ പാഠത്തില്‍ വിവരിച്ചു. നന്മയില്‍ നില കൊള്ളാനും നന്മ കല്‍പിക്കാനും കല്‍പിക്കുന്ന ഒന്ന് എന്ന നിലക്ക് വേദഗ്രന്ഥം നന്മയെ അടയാളപ്പെടുത്തുന്നത് ഏത് വിഷയത്തിലും അറ്റങ്ങളുടെ ആത്യന്തികതകളില്‍ നിന്ന് വിട്ട് മധ്യമനിലയിലാണ് എന്നും ഈ നിലപാട് മുറുകെപ്പിടിക്കാന്‍ ബാധ്യസ്ഥര്‍ എന്ന അര്‍ത്ഥത്തിലാണ് വിശ്വാസികള്‍ക്ക് മധ്യമസമുദായം എന്ന വിശേഷണം നല്‍കുന്നത് എന്നും രണ്ടാമത്തെ പാഠത്തിലും വിശദീകരിച്ചു. പ്രപഞ്ചത്തിന്റെ ഉല്‍പത്തിയും നിലനില്‍പുമായി ബന്ധപ്പെട്ട ദര്‍ശനത്തില്‍ പദാര്‍ത്ഥവാദത്തില്‍ നിന്നും ആശയവാദത്തില്‍ നിന്നും വേറിട്ട് കൊണ്ട് ഖുര്‍ആന്‍ സ്വീകരിക്കുന്ന നിലപാടാണ് മൂന്നാമത്തെ പാഠത്തില്‍ പരാമൃഷ്ടമായത്.
c5c09730ff1db600bc5cc4c14399f9b4
വിധിയെയും മനുഷ്യന്റെ ഇച്ഛാസ്വാതന്ത്ര്യത്തെയും സംബന്ധിച്ച നിലപാടുകള്‍ ഇവിടെ വിശദീകരിക്കാം. ഈ വിഷയത്തില്‍ ‘ബുദ്ധന്‍, യേശു, മുഹമ്മദ് ലോകമതങ്ങളെപ്പറ്റി ഒരു പുസ്തകം’ എന്ന എന്റെ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു.

///’അല്ലാഹുവിന്റെ വിധി (ഖദ്ര്‍/ Decree, Destiny) എന്നത് ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു തത്വമാണ്. അവന്റെ വിധിയനുസരിച്ചാണ് എല്ലാം, എല്ലാ നന്മതിന്മകളും. മനുഷ്യന്റെ വിശ്വാസം, കര്‍മം തുടങ്ങിയവയ്ക്കും ഇത് ബാധകമാണ് എന്നാണ് പൊതുവേ മനസ്സിലാക്കപ്പെടുക.
സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉദ്ഭവിക്കാം. ദൈവത്തിന്റെ തീരുമാനം അനുസരിച്ചു മാത്രമാണ് നാം ചരിക്കുന്നതെങ്കില്‍ അവന്റെ രക്ഷാ ശിക്ഷകള്‍ക്ക് എന്ത് പ്രസക്തി? എന്നാല്‍ ഇങ്ങനെ ഒരു യാന്ത്രികവിധി വിശ്വാസമല്ല ഇസ്‌ലാമിന്റേത്. അല്ലാഹുവിന്റെ വിധി എന്ന ആശയം വളരെ പ്രധാനമാണ്. മനുഷ്യന്റെ കഴിവുകള്‍, കര്‍മങ്ങള്‍, ആദര്‍ശം എന്നിങ്ങനെ എല്ലാത്തിലും. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും ചെയ്യുന്നുവെന്ന് ഖുര്‍ആനില്‍ പലേടത്തും പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അല്ലാഹു സര്‍വശക്തന്‍ ആയിരിക്കെത്തന്നെ, അവന്റെ ഉദ്ദേശ്യത്താല്‍ മാത്രം ആളുകളെ വഴികേടിലാക്കില്ല എന്നും പറയുന്നുണ്ട്. സ്വയം നന്മ ഉദ്ദേശിക്കുന്നവരാരെന്ന് അല്ലാഹുവിന് അറിയാം. എന്നാല്‍ അവര്‍ക്ക് സന്മാര്‍ഗപ്രാപ്തി ഉണ്ടാകുന്നത് അവന്റെ അനുഗ്രഹത്താലാകുന്നു. ‘പറയുക, ഓരോരുത്തരും അവരവരുടെ മാര്‍ഗങ്ങളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാകുന്നു. ആരാണ് സന്മാര്‍ഗത്തില്‍ എന്ന് നന്നായി അറിയുന്നവന്‍ നിങ്ങളുടെ റബ്ബ് മാത്രമത്രേ’ (ബനീ ഇസ്‌റാഈല്‍: 84).

ഓരോ മനുഷ്യന്റേയും ഭാഗ്യദൗര്‍ഭാഗ്യങ്ങളും അവന്റെ അന്തിമമായ അവസ്ഥയും അതിന്റെ കാരണങ്ങളും അവരവര്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗത്തിലും കര്‍മങ്ങളിലുമാണ് ഉള്ളത്. അഥവാ അവന്റെ ഏത് തരത്തിലുള്ള പരിണതിക്കും പ്രഥമകാരണം അവന്‍ തന്നെ. അവന്റെ തെരഞ്ഞെടുപ്പ്, അവന്റെ കര്‍മങ്ങള്‍, അവയുടെ അടിസ്ഥാനത്തില്‍ അവന്റെ വിചാരണ. ‘ഓരോ മനുഷ്യന്റേയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ത്തന്നെ ബന്ധിച്ചിരിക്കുന്നു. പുനരുത്ഥാനനാളില്‍ അവന് വേണ്ടി ഒരു കര്‍മരേഖ പുറപ്പെടുവിക്കും. തുറന്ന പുസ്തകം പോലെ അതവന് കാണാം. വായിക്കുക, നിന്റെയീ കര്‍മപുസ്തകം. നിന്റെ വിചാരണയ്ക്ക് ഇന്ന് നീ തന്നെ മതി’ (ബനീ ഇസ്‌റാഈല്‍: 13-14).

ഇച്ഛാനുസാരം പ്രവര്‍ത്തിക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യമുള്ളതിനാല്‍ കര്‍മങ്ങളുടെ ഉത്തരവാദിയും അതിന്റെ ഫലം അനുഭവിക്കേണ്ടവനും അവന്‍ തന്നെ. എന്നാല്‍, ഏതൊരു കര്‍മത്തിലും കാര്‍മികന്റെ ഉദ്ദേശ്യം എന്ന ഘടകത്തോടൊപ്പം അല്ലാഹുവിന്റെ വിധി എന്നതും കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ചിലപ്പോള്‍ നമ്മില്‍ നിന്നുണ്ടാവുന്നത് നമ്മള്‍ ഉദ്ദേശിച്ചത് തന്നെയാവണമെന്നില്ല. എല്ലാത്തിനും ഒരു കാര്യകാരണ ബന്ധമുണ്ട്. ആ കാര്യകാരണബന്ധം തന്നെയും ദൈവികമായ ഒരു വിധിയാണ്. എന്നാല്‍ അത് ഒരു പരിധി വരെ മുന്‍കൂട്ടി അറിയാം. ഒപ്പം യാദൃച്ഛികത എന്ന സാധ്യതയും ഓരോന്നിലും നിലനില്‍ക്കുന്നു. ഇതും ദൈവികമായ തീരുമാനമാണ്. എന്നാല്‍ നമ്മുടെ മുന്‍ധാരണക്കും ഗ്രാഹ്യതക്കും അപ്പുറം നില്‍ക്കുന്ന ഒന്നാണ് ഇത്. അപ്പോള്‍ കാര്യ കാരണബന്ധം എന്ന ഘടകവും യാദൃച്ഛികത എന്ന സാധ്യതയും ചേര്‍ന്ന, നമ്മുടെ നിയന്ത്രണത്തിന് വിധേയമല്ലാത്ത ഒരു തലമുണ്ട്. മറുഭാഗത്ത് ഒരു കര്‍മം സംഭവിക്കുമ്പോള്‍ അത് ചെയ്യുന്ന ആളിന്റെ ബോധവും ഉദ്ദേശ്യവും എന്ന തലവും. ഈ രണ്ട് തലങ്ങളെയും അംഗീകരിച്ചു കൊണ്ടുള്ള നിലപാട് ഇക്കാര്യത്തില്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. അതായത് വിധിയെയും ഇച്ഛാസ്വാതന്ത്ര്യത്തെയും ശരിയായി സമന്വയിച്ചു കൊണ്ടുള്ള കാഴ്ചപ്പാട്.

മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍, വ്യക്തിക്ക് തന്റെ നിലപാടും വഴിയും തീരുമാനിക്കുന്നതില്‍ സ്വയം നിര്‍ണയവും ഇച്ഛാസ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ അവന് നിര്‍ണയാവകാശം ഉണ്ട് എന്നത് പടച്ചവന്റെ വിധിയാണ്. (അതായത്, വിധിയാണ് മനുഷ്യപ്രവര്‍ത്തനങ്ങളുടെ പ്രഥമഹേതു. എന്നാല്‍ മനുഷ്യന്‍ അവന്റെ കര്‍മങ്ങളുടെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനാണ് എന്നതാണ് ഇക്കാര്യത്തിലുള്ള പ്രഥമമായ വിധി).

പില്‍ക്കാലത്ത് ജബരിയ്യ, ഖദ്‌രിയ്യ എന്നീ പേരുകളില്‍ രണ്ട് ചിന്താ ധാരകള്‍ ഈ വിഷയത്തില്‍ മുസ്‌ലിംകളില്‍ രൂപം കൊണ്ടു. ആദ്യ വിഭാഗം യാന്ത്രിക വിധിവാദികളായിരുന്നെങ്കില്‍ രണ്ടാമത്തേത് ഇച്ഛാ സ്വാതന്ത്ര്യമാത്രവാദികളായിരുന്നു. ഇസ്‌ലാമികലോകത്ത് പക്ഷേ, ഈ രണ്ട് ചിന്തകള്‍ക്കും വേരുപിടിക്കാന്‍ പറ്റിയില്ല. അതിന് കാരണം മറ്റ് പലതിലും എന്ന പോലെ ഇക്കാര്യത്തിലും ഇസ്‌ലാം അംഗീകരിക്കുന്ന സന്തുലിതനിലപാട് തന്നെയാണ്.’///

Josefien-Stoppelenburg-dreambirds1-825x510ജബരിയ്യയെയും ഖദ്‌രിയ്യയെയും സംബന്ധിച്ച പരാമര്‍ശത്തില്‍ നാം കണ്ടത് പോലെ യാന്ത്രികമായ വിധിസങ്കല്‍പങ്ങളെല്ലാം പില്‍ക്കാലത്ത് മതത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ടതാണ്. മുസ്ലിം സമൂഹത്തില്‍ ജബരിയ്യാക്കള്‍ എന്നത് പോലെ ക്രിസ്തുമതത്തില്‍ മുന്‍നിര്‍ണിത വിധിവാദം (determinism) ആദ്യമായി ഉന്നയിച്ചത് ഹിപ്പോയിലെ അഗസ്തിനോസ് പുണ്യവാളന്‍ (St. Augustine of Hippo/ Aurelius Augustinus Hipponensis) ആണ്. ജന്മപാപസിദ്ധാന്തം അവതരിപ്പിച്ചതും സെന്റ് അഗസ്റ്റിന്‍ ആയിരുന്നു.

തത്വചിന്തയില്‍ Evolution എന്ന പദം ആദ്യമായുപയോഗിച്ചത് സെന്റ് അഗസ്റ്റിനാണ്. a gradual process of change and development എന്നാണ് പൊതുവേ ഈ പദത്തിന് അര്‍ത്ഥം പറയാറുള്ളതെങ്കിലും act of unfolding എന്ന അര്‍ത്ഥത്തിലാണ് സെന്റ് അഗസ്റ്റിന്‍ ഇതുപയോഗിച്ചത്. ആദ്യമേ വരച്ച ശേഷം ചുരുട്ടി വെച്ച ഒരു ചിത്ര കംബളം ചുരുള്‍ നിവര്‍ത്തുന്നത് പോലെയാണ് ഈ ലോകത്തും ഓരോ വ്യക്തിയുടെയും ജീവിതത്തിലും നടക്കുന്ന സംഭവവികാസങ്ങള്‍ എന്നാണ് അദ്ദേഹം സിദ്ധാന്തിച്ചത്. ജന്മപാപസിദ്ധാന്തമനുസരിച്ച് അടിസ്ഥാനപരമായി മനുഷ്യന് ലഭിക്കുന്നത് പാപജന്മമാണ്. പാപത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുന്നതിന് വേണ്ടി പുത്രനായ ദൈവം യേശുവായി ജന്മമെടുത്ത് ക്രൂശുമരണം വരിക്കുകയായിരുന്നു. എന്നാല്‍ ഈ രക്ഷാകരത്വം എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകുന്നില്ല. ഇതില്‍ അഭയം പ്രാപിക്കാനുള്ള തീരുമാനമാകട്ടെ, മനുഷ്യനില്‍ നിന്ന് ഉണ്ടാകുന്നതുമല്ല. രക്ഷാശിക്ഷകള്‍ ദൈവം മുന്‍കൂട്ടി തീരുമാനിച്ചതാണ്. അതായത് ദൈവവിധിയനുസരിച്ച് രക്ഷാശിക്ഷകള്‍ ലഭിക്കുകയാണ്, മറിച്ച് മനുഷ്യന്‍ സ്വന്തം അവബോധത്താല്‍ അത് നേടുകയല്ല ചെയ്യുന്നത്.

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ തനി ഭൗതികതയില്‍ കഴിഞ്ഞു കൂടി, ശേഷം മനിക്കേയമതാവലംബിയായ സെന്റ് അഗസ്റ്റിന്‍ പിന്നീട് ക്രൈസ്തവസംന്യാസിയും മനിക്കേയമതത്തിന്റെ വിമര്‍ശകനും ആയി മാറി. ഏതെങ്കിലും ആശയത്തോട് തീവ്രപോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഒരാള്‍ അതിന്റെ തന്നെ സ്വാധീനത്തിലകപ്പെടുന്നതായി കാണാറുണ്ട്. ശങ്കരാചാര്യരുടെ ആശയങ്ങളില്‍ ബുദ്ധചിന്തകളുടെ കണ്ടെത്താം. എന്നു മാത്രമല്ല പ്രഛന്നബുദ്ധന്‍ എന്ന വിളിപ്പേര് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. സരതുഷ്ട്രന്‍, മനിക്കേയന്‍ ദ്വന്ദ്വാത്മകസിദ്ധാന്തത്തിന് പിന്നീട് സംഭവിച്ച വികൃത പരിണാമങ്ങളില്‍ നിന്നായിരിക്കാം തിന്മയുടെ അനിവാര്യത, ജന്മപാപം മുതലായവയെക്കുറിച്ച, അഗസ്തിനോസ് സിദ്ധാന്തങ്ങള്‍ ജന്മമെടുത്തത്. (സത്യത്തില്‍, സരതുഷ്ട്രരും മാനിയുമൊക്കെ ഉന്നയിച്ച ദ്വന്ദ്വാത്മക സിദ്ധാന്തം, അതിന്റെ യഥാര്‍ത്ഥരൂപത്തില്‍ സന്തുലിതമായ വീക്ഷണത്തെയാണ് പ്രകാശിപ്പിക്കുന്നത്. എന്നാല്‍ പില്‍ക്കാലത്ത് അത് തികച്ചും വ്യത്യസ്തമായ മറ്റൊരു രൂപം പ്രാപിക്കുകയായിരുന്നു).

ജന്മപാപസിദ്ധാന്തത്തിനും വിധിവാദത്തിനുമെതിരായി ശക്തമായ ചില പ്രതികരണങ്ങള്‍ ക്രിസ്തുമതത്തില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്. ഡൊണാറ്റിസ്റ്റ്, പെലേഗനിസ്റ്റ് എന്നീ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ കലാപങ്ങളാണ് ഇതില്‍ പ്രധാനം. രണ്ടാം നൂറ്റാണ്ടിലെ മൊണ്ടാനസ് എന്ന ഫ്രിജിയന്‍ സംന്യാസിയുടെ ചിന്തകളില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച ചിന്തകനാണ് ദൈവശാസ്ത്ര ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള, കാര്‍ത്തേജിലെ തെര്‍തുല്യന്‍. മൊണ്ടാനസ്, തെര്‍തുല്യന്‍ ചിന്തകളെ കാര്‍ത്തേജിലെ ബിഷപ്പായിരുന്ന ഡൊണാറ്റസ് മാഗ്നസ് ഒരു വലിയ പ്രസ്ഥാനമാക്കി മാറ്റി. അതാണ് ഡൊണാറ്റിസ്റ്റ് മൂവ്‌മെന്റ്. ഉത്തരാഫ്രിക്കയിലും യൂറോപ്പിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന ഡൊണാറ്റിസ്റ്റുകള്‍ പാപസിദ്ധാന്തം,വിധിവാദം എന്നിവയെ നിരാകരിച്ചു.

ബ്രിട്ടീഷുകാരനായ സിര്‍ക്കയിലെ പെലാജിയൂസും ശിഷ്യന്മാരും കുറേക്കൂടി ഭദ്രമായ വാദമുഖങ്ങള്‍ ഉയര്‍ത്തിയാണ് രംഗത്ത് വന്നത്. വിധിവാദവും ജന്മപാപവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടില്ലെന്ന് പെലേഗനിസ്റ്റുകള്‍ വാദിച്ചു. ഒരാളുടെ ഒരു കര്‍മം പാപമാകണമെങ്കില്‍, അത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അയാളുടെ തന്നെ തീരുമാനം ആയിരിക്കണം. അതായത് അയാള്‍ക്ക് അതില്‍ ഇച്ഛാസ്വാതന്ത്ര്യം (Free Will) ഉണ്ടാവണം. ഇച്ഛാശക്തി ഉള്ളതിനാലാണ് കനി ഭക്ഷിച്ചതിന്റെ പേരില്‍ ആദാം പാപിയായതെങ്കില്‍ അതിലെവിടെയാണ് മുന്‍നിര്‍ണിത വിധി ഉള്ളത്? നേരെ മറിച്ച് വിധികല്‍പിതമായ ഒരു കര്‍മമാണ് ആദാം ചെയ്തതെങ്കില്‍, ഒട്ടും ബോധപൂര്‍വകമല്ലാത്ത ഒരു കര്‍മം എങ്ങനെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ വരും? അതിന്റെ പേരില്‍ ആദാം എങ്ങനെയാണ് പാപിയാകുന്നത്?

ആദാമിന്റെ പാപം പിന്നീട് ജനിക്കുന്നവരെയെല്ലാം ബാധിക്കും എന്ന സിദ്ധാന്തത്തെയും പെലേഗനിസ്റ്റുകള്‍ തള്ളിക്കളഞ്ഞു. അവരുടെ വീക്ഷണത്തില്‍, ആദാം ഹവ്വമാരുടെ സന്തതിപരമ്പരക്ക് ആദിമാതാപിതാക്കളില്‍ നിന്ന് ലഭിച്ചത് ആദിമാനുഗ്രഹത്തിന്റെ പൈതൃകം ആണ്, ആദിപാപത്തിന്റെയല്ല. അതിനാല്‍, അവനവന്‍ ചെയ്ത കാര്യങ്ങള്‍ക്കല്ലാതെ പൂര്‍വികരോ മറ്റാരെങ്കിലുമോ ചെയ്ത യാതൊന്നിനും ഒരാളും ഒരു നിലക്കും ഉത്തരവാദിയല്ല.

കേവല വിധി, കളങ്കിത ജന്മം തുടങ്ങിയ പരികല്‍പനകളും അനുഷ്ഠാനബദ്ധതയുമൊക്കെ മതത്തിന്റെ സാമൂഹിക ഉള്ളടക്കത്തെ ചോര്‍ത്തിക്കളയുകയും ചരിത്ര നിര്‍മിതിയില്‍ അതിനുള്ള സ്ഥാനത്തെ നിരാകരിക്കുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കാനും സ്വയം നിര്‍ണയിക്കാനുമുള്ള, മനുഷ്യന്റെ അവകാശത്തെയും ശേഷിയെയും ദൈവത്തിന്റെ വിധിയായി കാണുന്ന ഒന്നാണ് ഇക്കാര്യത്തിലുള്ള സന്തുലിതതത്വം എന്ന് പറയാം.

സന്തുലനം -ഇസ്ലാമിക ദർശനം പാഠം മൂന്ന്

Estuary-300x300-newweb

കഴിഞ്ഞ പാഠങ്ങൾ

ഒന്ന്, ഉത്തമസമുദായം

രണ്ട്, മധ്യമസമുദായം 

മധ്യമദര്‍ശനത്തെയും മധ്യമിക ജീവിതത്തെയും സംബന്ധിച്ചാണ് കഴിഞ്ഞ പാഠത്തില്‍ പറഞ്ഞത്. വിപരീതങ്ങളുടെ ഐക്യത്തെക്കുറിച്ച തത്വചിന്തകളെപ്പറ്റി അവിടെ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഐക്യത്തെ, വൈരുദ്ധ്യങ്ങളുടെ സമന്വയത്തെ അനിവാര്യമാക്കുന്ന തത്വമാണ് ഖുര്‍ആനിലെ വസ്ത്വിയഃ എന്നും നാമതില്‍ കണ്ടു. മധ്യമമാര്‍ഗം, മധ്യമദര്‍ശനം എന്നിങ്ങനെ അര്‍ത്ഥം കല്‍പിക്കാവുന്ന, വസ്ത്വിയഃ എന്ന ആശയത്തിലൂടെ വൈരുദ്ധ്യങ്ങളുടെ വിശകലനത്തില്‍ പുതിയ രീതിശാസ്ത്രം നിര്‍മിക്കാനുള്ള പ്രേരണയാണ് ഖുര്‍ആന്‍ പകരുന്നത്.

പ്രകൃതി, മനുഷ്യന്‍, അസ്തിത്വം, ജീവന്‍ തുടങ്ങിയ ആശയങ്ങള്‍ തുടക്കം മുതല്‍ക്ക് തന്നെ മനുഷ്യന്റെ ചിന്തകള്‍ക്കും അന്വേഷണങ്ങള്‍ക്കും നിമിത്തങ്ങളായിത്തീര്‍ന്നിട്ടുണ്ട്. പ്രധാനമായും ഇതിന്റെയെല്ലാം ഉറവിടത്തെയും സ്ഥിതിയെയും പരിണതിയെയും സംബന്ധിച്ച ചോദ്യങ്ങള്‍. ഇവ്വിഷയകമായി ഉണ്ടായിട്ടുള്ള തത്വവിചാരങ്ങളെ ഒരു ലളിത സംക്ഷേപണത്തിന് വിധേയമാക്കിയാല്‍, രണ്ട് തരം തത്വങ്ങളാണ് ഉള്ളത് എന്ന് കാണാം. പൊതുവേ ഭൗതികാതീതമായതിനെ നിഷേധിക്കുന്നവരാണ് കേവലഭൗതികവാദികള്‍. നേരെ തിരിച്ച് ഭൗതികലോകത്തിന്റെ അസ്തിത്വത്തെത്തന്നെ നിരാകരിക്കുന്ന സിദ്ധാന്തങ്ങളുമുണ്ട്. ഉണ്മ എന്നാല്‍ കേവലം ഭ്രമമോ ആശയമോ മാത്രമാണെന്ന് അവര്‍ കരുതുന്നു. അതിനാല്‍ ഭൗതികലോകം മിഥ്യയോ ശൂന്യതയോ ആണെന്നും. ഈ നിരാസത്തെയാണ് മതം പ്രോല്‍സാഹിപ്പിക്കുന്നതെന്ന ധാരണ മതത്തിനകത്തും പുറത്തും നിലനില്‍ക്കുന്നുണ്ട്.
fa33e6a3c64f4ce9d077ab990e6f69b5
ഇസ്ലാം ഭൗതികലോകത്തെയോ ഭൗതികജീവിതത്തെയോ നിരാകരിക്കുന്നില്ല. എന്നാല്‍ ഇത് രണ്ടിന്റെയും ഭൗതികമാത്രാഖ്യാനങ്ങളെ അംഗീകരിക്കുന്നുമില്ല.

ഒന്നാമതായും ഭൗതികലോകം എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഖലഖല്ലാഹുസ്സമാവാതി വല്‍ അര്‍ദ ബില്‍ ഹഖ് എന്നാണ് ഒരിടത്ത് പ്രഖ്യാപിക്കുന്നത്. ആകാശഭൂമികളെ അല്ലാഹു പടച്ചത് യാഥാര്‍ത്ഥ്യമായിത്തന്നെയാകുന്നു. അല്‍ഹഖ് എന്നാല്‍ സംശയത്തിനിടയില്ലാത്ത വിധം യാഥാര്‍ത്ഥ്യമാണത് എന്ന് ധ്വനിപ്പിക്കുന്ന ശബ്ദമാണ്. കയറ് കാണുമ്പോള്‍ സര്‍പ്പമാണെന്ന മിഥ്യ (രജ്ജുസ്സര്‍പ്പമിഥ്യ) ജനിക്കുന്ന ഒരേര്‍പ്പാടല്ല ലോകം. പലപ്പോഴും ആത്മീയവാദികള്‍ക്ക് ലോകം ഒരാശയം മാത്രമാണ്. മായ എന്ന തത്വത്തിന്റെ തെറ്റായ വായനയാണത് എന്ന് ആനന്ദകൂമാരസ്വാമി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈശ്വരവൈഭവം ഇഹലോകമായി പ്രത്യക്ഷമാകുന്നതാണ് മായ. അത് കേവലമിഥ്യയല്ല. പരിമാണാത്മകമായ പ്രപഞ്ചപ്രത്യക്ഷങ്ങളുടെ ആവിര്‍ഭാവത്തിന്റെയും വെളിപ്പെടലിന്റെയും തോത് കണക്കാക്കാന്‍ സഹായിക്കുന്ന ഉപാധിയും മാനദണ്ഡവുമാണ് മായ. ഈ മാനദണ്ഡം അനുസരിച്ച് ഒരാള്‍ മിഥ്യയില്‍ അകപ്പെട്ടു എന്നോ ബോധോദയം പ്രാപിച്ചു എന്നോ പറയാം. (Ananda Kentish Coomara Swamyയുടെ Hinduism and Buddhism എന്ന പുസ്തകത്തില്‍ നിന്ന് ജ്യേതിര്‍മയ ശര്‍മ ഉദ്ധരിക്കുന്നത്).

ഈ കാഴ്ചപ്പാട് വളരെ കൃത്യമാണ്. അതായത് ഈശ്വരന്റെ സര്‍ഗാത്മകതയുടെ ഒരു manifestation ആണ് മായ. അത് ലോകമായി പ്രത്യക്ഷമാകുന്നു. അതാകട്ടെ, യാഥാര്‍ത്ഥ്യവുമാണ്. യാഥാര്‍ത്ഥ്യം എന്ന നിലക്ക് തന്നെ ലോകത്തെ സമീപിച്ചേ പറ്റൂ എന്നത് ഖുര്‍ആന്റെ ഖണ്ഡിതമായ നിലപാടാണ്. അതേസമയം യഥാര്‍ത്ഥജ്ഞാനവും ലോകവും എന്നത് നമ്മുടെ ഭൗതികസംവേദനങ്ങളില്‍ ചുരുക്കാവുന്ന ഒന്നല്ല താനും.

ലോകത്തിന്റെ, പ്രകൃതിയുടെ ഉല്‍പത്തിയെയും സ്ഥിതിയെയും സംബന്ധിച്ച ചിന്തകളില്‍, പദാര്‍ത്ഥവാദികളുടെ അന്വേഷണം കേവലപ്രകൃതിയിലോ കേവലഭൗതികത്തിലോ പദാര്‍ത്ഥത്തിലോ ചെന്നെത്തുന്നു. അതേസമയം പദാര്‍ത്ഥാതീതമായ പരമസത്തയെ അംഗീകരിക്കുന്നുവെങ്കിലും ആശയവാദപരമായ നിലപാട് പുലര്‍ത്തുന്ന ആത്മീയവാദികള്‍ പദാര്‍ത്ഥത്തെ ഒരു വിഭ്രമം മാത്രമാക്കുകയും ചെയ്യുന്നു.

ആദികാരണത്തെസ്സംബന്ധിച്ച തത്വവിചാരങ്ങള്‍ ശ്രദ്ധിക്കാം. കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു നിമിത്തകാരണവും ഉപാദനകാരണവും ഉണ്ടാകാം. പ്രതിഭാസങ്ങളുടെ നാല് കാരണങ്ങളെ വിവരിക്കുന്നുണ്ട് അരിസ്റ്റോട്ടില്‍. Matter, Form, Agent, End or Purpose എന്നിവയാണവ. നമ്മുടേതായ രീതിയില്‍ കാരണങ്ങളെ വിശകലനം ചെയ്താല്‍ ഒന്നിന്റെ പ്രത്യക്ഷകാരണമാണ് Material cause. ഇതിനെ Immediate cause എന്നും പറയാം. ഒന്നിന്റെ കാരണപരമ്പരയിലെ അവസാനത്തെ കാരണമാണ് ഇത്. പിന്നെയുള്ളത് ഒന്നിനെ സാധ്യമാക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളും മറ്റുമൊക്കെയാണ്. ഇതിനെ Formal cause എന്ന് വിളിക്കാം. ഒന്നിന്റെ ഉല്‍ഭവത്തിന് അടിസ്ഥാനപരമായ നിമിത്തമായിത്തീരുന്ന കാരണമാണ് അതിന്റെ Agent. ഇതാണ് കാര്യത്തിന്റെ യഥാര്‍ത്ഥനിമിത്തം അതിനാല്‍ ഇതിനെ Efficient cause എന്നും പറയുന്നു. അവസാനമുള്ളത് കാര്യത്തിന്റെ ഉദ്ദേശ്യമാണ് (End or Purpose). Final cause എന്ന് വിളിക്കാറുണ്ട് ഇതിനെ. കാരണത്തെക്കുറിച്ച ഈ സിദ്ധാന്തങ്ങള്‍ മനുഷ്യനെസ്സംബന്ധിച്ചിടത്തോളം അവന്റെ ഉല്‍പത്തി, പരിസരം, ദൗത്യം, മടക്കം (സംപ്രതിഷ്ഠാ) എന്നിവയുടെ കൂടി അന്വേഷണമായിത്തീരുന്നു. അതേസമയം ഇവയില്‍ രണ്ടാമത്തെത് അനുകൂലനങ്ങളെയും നാലാമത്തെത് ഉദ്ദേശ്യത്തെയുമാണ് സൂചിപ്പിക്കുന്നത് എന്നതിനാല്‍ ഒന്നാമത്തെയും മൂന്നാമത്തെയും തത്വങ്ങളെയാണ് പൂര്‍ണമായ അര്‍ത്ഥത്തില്‍ കാരണങ്ങളായി വിശേഷിപ്പിക്കാന്‍ പറ്റുക. അതായത് മെറ്റീരിയല്‍ അഥവാ ഇമ്മിഡിയറ്റ് കോസും (ഉപാദാനം) എഫിഷെന്റ് കോസും (നിമിത്തം).
file-cole-thomas-the-subsiding-of-the-waters-of-the-deluge-1829
ഇപ്രകാരം, പ്രപഞ്ചത്തിന്റെ സാക്ഷാല്‍ക്കാരവുമായി ബന്ധപ്പെട്ട വിവരണത്തില്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഇച്ഛയെ (God’s will) അതിന്റെ നിമിത്ത കാരണമായും അല്ലാഹുവിന്റെ പ്രവൃത്തിയെ (God’s deed) ഉപാദാന കാരണമായും അവതരിപ്പിക്കുന്നു. അതായത് പ്രകൃതി അല്ലെങ്കില്‍ പദാര്‍ത്ഥ പ്രപഞ്ചം അതിന്റെ ആദിമസൂക്ഷ്മാവസ്ഥയില്‍ അല്ലാഹുവിന്റെ ഇച്ഛയിലാണ് നിലകൊണ്ടിരുന്നത്. ഉണ്ടാകണം എന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. എന്നാല്‍ പ്രപഞ്ചത്തിന് ഒരു കാര്യകാരണവ്യവസ്ഥയും നിയമവും നല്‍കുന്നതിന്റെ ഭാഗമായി അതിന്റെ രൂപപ്പെടലും വികാസവുമൊക്കെ ഘട്ടം ഘട്ടമായാണ് നടക്കുന്നത് എന്നാണ് വേദഗ്രന്ഥത്തിന്റെ വിവരണം. മനുഷ്യന്റെ ആവിര്‍ഭാവത്തെക്കുറിച്ച വിവരണങ്ങളും ഇപ്രകാരം തന്നെ വായിക്കാം.

ഇനി ഇത് മറ്റൊരു നിലക്ക് പരിശോധിക്കാം. ആശയവാദപരവും ഭൗതികവാദപരവുമായ തത്വചിന്തകളെ ഒരുപോലെ നിരാകരിക്കുകയും എന്നാല്‍ പരസ്പരനിഷേധപരമായ ഈ രണ്ട് ധാരകളിലെയും സത്യങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു ദര്‍ശനം ഈ വിവരണത്തില്‍ നമുക്ക് വായിച്ചെടുക്കാന്‍ പറ്റും. അതായത് പ്രകൃതിക്ക് ഉല്‍പത്തിയും (Genesis) സൃഷ്ടിപ്പും (Creation) ഉണ്ടായിട്ടുണ്ട്. Genesisന്റെ കാരണം God’s will ആണെങ്കില്‍ Creation ന്റെ കാരണം God’s deed ആണ്. Creation നെ നാം Material cause ആയിട്ടാണല്ലോ കണ്ടത്. അതായത് അത് മെറ്റീരിയല്‍ ആണ്. അതേസമയം Genesis, അതിന് കാരണമായിട്ടുള്ള God’s will എന്നിവ കേവലാശയങ്ങളും ആണ്. അതായത് പ്രകൃതിയുടെയും മനുഷ്യന്റെയും ഉല്‍ഭവത്തിനും നിലനില്‍പിനും ആശയപരമായ കാരണങ്ങളുണ്ട്, പദാര്‍ത്ഥപരമായ കാരണങ്ങളുണ്ട്. രണ്ടും യാഥാര്‍ത്ഥ്യമാണ്. ഒന്ന് മറ്റതിന്റെ അനുബന്ധവും രണ്ടും പരസ്പരപൂരകവുമാണ്. അതിനപ്പുറം ഒന്നിന് വേണ്ടി മറ്റതിനെ റദ്ദ് ചെയ്യേണ്ടതില്ല.

ഇത് നിലപാടുകളിലേക്ക് വരുമ്പോഴാകട്ടെ, ശരീരമാത്രമായ ഭൗതികജീവിതത്തെയല്ല ഇസ്ലാം പ്രതിനിധാനം ചെയ്യുന്നത്. അതേസമയം ശരീരത്തെ അവഗണിക്കുക, അതിന്റെ താല്‍പര്യങ്ങളെ നിന്ദ്യമായി കണക്കാക്കുക തുടങ്ങിയ പ്രവണതകളെ അത് ശക്തിയായി നിരാകരിക്കുകയും ചെയ്യുന്നു. ശരീരം ആത്മാവിന്റെ തടവറയോ പരിമിതിയോ അല്ല. ശരീരവും ആത്മാവും പരസ്പരം വസ്ത്രവും വസനവും ആകുന്നു. ഇത് കര്‍മത്തെയും ധര്‍മത്തെയും സംബന്ധിച്ച ഇസ്ലാമിന്റെ നിലപാടായി മാറുന്നു.

ധര്‍മം മധ്യമമാര്‍ഗമാണെന്ന് ബുദ്ധന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇന്ദ്രിയവാഞ്ഛകളിലും ലൗകികസുഖഭോഗങ്ങളിലും സത്യത്തെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അതുപോലെ അര്‍ത്ഥശൂന്യമാണ് കേവലമായ തപസ്സ്, ശരീരപീഡ മുതലായവയും. ഇന്ദ്രിയലോലുപതയുടെ ഭോഗമാര്‍ഗത്തെയും ഇന്ദ്രിയ നിഗ്രഹത്തിന്റെ വൈരാഗ്യമാര്‍ഗത്തെയും വെടിഞ്ഞ് മധ്യമമാര്‍ഗം സ്വീകരിക്കാനാണ് ഗൗതമ ബുദ്ധന്‍ ആഹ്വാനം ചെയ്തത്.

ഇതാണ് ജീവിതത്തിലെ സന്തുലനം. ഇന്ദ്രിയലോലുപതയുടെ ഭോഗമാര്‍ഗത്തെയും ഇന്ദ്രിയനിഗ്രഹത്തിന്റെ വൈരാഗ്യമാര്‍ഗത്തെയും വെടിഞ്ഞ് മധ്യമമാര്‍ഗം സ്വീകരിക്കല്‍. ഇതിന്റെ ആധാരമായ തത്വദര്‍ശനത്തെയാണ് ഇവിടെ വിവരിച്ചതെങ്കില്‍ മറ്റ് ജീവിതപാഠങ്ങളെ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വായിക്കാം.

സന്തുലനം -ഇസ്ലാമിക ദർശനം പാഠം രണ്ട്

dialektik2

‘ഇവ്വിധം നിങ്ങളെ നാം ഒരു മധ്യമസമുദായമാക്കിയിരിക്കുകയാകുന്നു. അങ്ങനെ നിങ്ങള്‍ ലോകജനതയ്ക്ക് സാക്ഷികളാകാന്‍, ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും’ (ഖുര്‍ആന്‍- അല്‍ ബഖറഃ:143).

മനുഷ്യർക്ക് വേണ്ടി നിലകൊള്ളേണ്ടതായ ഉത്തമസമുദായം എന്ന് ഖുർആൻ അതിന്റെ അനുഗാതാക്കളെ വിശേഷിപ്പിക്കുന്നതായാണ്  കഴിഞ്ഞ പാഠത്തിൽ നാം കണ്ടത്. അതോടൊപ്പം മറ്റൊരു വിശേഷണമാണ് ഇവിടെ ഉദ്ധരിച്ച സൂക്തത്തിൽ പറയുന്നത്. അത് ഉമ്മതുൻ വസത്വ് അഥവാ മധ്യമസമുദായം എന്നതത്രേ.

എന്താണ് മധ്യമസമുദായം എന്നതു കൊണ്ടുദ്ദേശിക്കുന്നത്? ഈ പദവും ഇതുകൊണ്ടുദ്ദേശിക്കുന്ന തത്വവുമൊക്കെ ഖുര്‍ആന്റെ അവതരണത്തിന് മുമ്പേ തന്നെയുള്ളതാണ്. മധ്യമദര്‍ശനത്തിന്റെ വക്താക്കളുടെ സമൂഹമാണ് മധ്യമസമുദായം. പ്രവാചകന്മാരുടെ ദര്‍ശനത്തിന്റെ സവിശേഷതയാണത്. തത്വചിന്തകരായി അറിയപ്പെടുന്ന സോക്രട്ടീസും കങ് ഫ്യു ചിസും (Confucius) ശ്രീബുദ്ധനും ഉള്‍പ്പെടെയുള്ള ലോകഗുരുക്കന്മാര്‍ ലോകത്തിനുപദേശിച്ചുകൊടുത്തത് മധ്യമദര്‍ശനമാണ്. കങ് ഫ്യു ചിയന്‍ ദര്‍ശനത്തിന്റെ പ്രധാനസ്വഭാവം തന്നെയാണിത്. ഏറ്റവും ഉയര്‍ന്ന വിതാനത്തിലുള്ള ധര്‍മവും നന്മയും മധ്യമനിലപാടിലാണ് കുടിക്കൊള്ളുന്നതെന്ന് കങ് ഫ്യു ചിസിന്റെ ഗ്രന്ഥമായ ലുന്‍ യുവില്‍ (Analects) പറയുന്നു (The virtue embodied in the Doctrine of the Mean is of the highest order. But it has long been rare among the people – Analects 6:26).

ധര്‍മം മധ്യമമാര്‍ഗമാണെന്ന് ബുദ്ധന്‍ പഠിപ്പിച്ചു. ഇന്ദ്രിയവാഞ്ഛകളിലും ലൗകികസുഖഭോഗങ്ങളിലും സത്യത്തെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അതുപോലെ അര്‍ത്ഥശൂന്യമാണ് കേവലമായ തപസ്സ്, ശരീരപീഡ മുതലായവയും. ഇന്ദ്രിയലോലുപതയുടെ ഭോഗമാര്‍ഗത്തെയും ഇന്ദ്രിയ നിഗ്രഹത്തിന്റെ വൈരാഗ്യമാര്‍ഗത്തെയും വെടിഞ്ഞ് മധ്യമമാര്‍ഗം സ്വീകരിക്കാനാണ് ഗൗതമ ബുദ്ധന്‍ ആഹ്വാനം ചെയ്തത്.പ്രതിബദ്ധതയുടെ മാര്‍ഗമാണ് മധ്യമമാര്‍ഗം. ‘നിങ്ങള്‍ ലോകജനതയ്ക്ക് സാക്ഷികളാകാന്‍’ എന്ന ഖുര്‍ആനിക പ്രയോഗം സൂചിപ്പിക്കുന്നതതാണ്. മധ്യമസമുദായമെന്നാല്‍ (ഉമ്മതുന്‍ വസത്വ്) മധ്യമമാര്‍ഗത്തെ ആദര്‍ശമായി സ്വീകരിച്ചവര്‍ എന്നര്‍ത്ഥം. രണ്ടറ്റങ്ങള്‍ക്കിടയില്‍ മധ്യഭാഗത്ത് നിലകൊള്ളുന്നതിനെയാണ് ഭാഷാപരമായി വസത്വ്, വുസ്ത്വാ എന്നൊക്കെ പറയുക. ഈ നിലയിലാണ് ഇസ്ലാം ഓരോ വിഷയത്തെയും സമീപിക്കുന്നത്.

പ്രത്യക്ഷത്തില്‍ വൈരുദ്ധ്യം തോന്നിപ്പിക്കുന്ന ഘടകങ്ങളെ (വിരുദ്ധങ്ങളെ), രണ്ടറ്റങ്ങളെ സമന്വയിപ്പിക്കുന്ന ഒന്നാണ് മധ്യമമാര്‍ഗം എന്നതാണ് മധ്യമദര്‍ശനത്തിന്റെ പ്രധാനതലം. ചിന്തയിലും കര്‍മത്തിലും മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകളുമായിക്കൂടി ഈ ചര്‍ച്ച ബന്ധപ്പെടുന്നുണ്ട്.

വിരുദ്ധങ്ങളുടെ സമന്വയം എന്നത് ജീവിതവികാസത്തിന്റെ അനിവാര്യതയാകുന്നു. വിപരീതങ്ങളുടെ ഐക്യം (The Unity of Opposites), നിഷേധത്തിന്റെ നിഷേധം (The Negation of the Negation) എന്നീ തത്വങ്ങളിലൂടെയുള്ള വിശകലനം തത്വശാസ്ത്രത്തിന്റെയും ഒരു രീതിയാണ്. നിലനില്‍പിന്റെ തന്നെ അടിസ്ഥാനമായ വൈരുദ്ധ്യങ്ങളെക്കുറിച്ച ചിന്തയില്‍ നിന്നാണ് പ്രാചീനകാലത്തെ ഇന്ത്യയില്‍ പ്രകൃതി-പുരുഷന്‍, ചൈനയില്‍ യിന്‍-യങ് തുടങ്ങിയവയുടെ സംഗമത്തെക്കുറിച്ച തത്വങ്ങളും പുരാണങ്ങളും ഉണ്ടാകുന്നത്. Maieutics എന്ന് പേരുള്ള, സോക്രട്ടീസിന്റെ ക്രോസ് പരിശോധനാ രീതി പ്രസിദ്ധമാണ്. ഒരു തീസീസിന്റെ തിരിച്ചും മറിച്ചുമുള്ള പരിശോധനാ രീതിയിലൂടെ വൈരുദ്ധ്യങ്ങളെ സമന്വയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. സോക്രാട്ടിക് വൈരുദ്ധ്യം, കാര്‍ട്ടീസിയന്‍ വൈരുദ്ധ്യം, ഹെഗലിയന്‍ വൈരുദ്ധ്യം തുടങ്ങിയവ ജീവിതത്തെ വൈരുദ്ധ്യങ്ങളുടെ പരിശോധനയിലൂടെ അനലൈസ് ചെയ്യുന്നതിനുള്ള വ്യത്യസ്ത വഴികളാണ്.

തത്വങ്ങളിലും നിലപാടുകളിലും ചിന്തയിലും ജീവിതത്തിലുമെല്ലാം ഇത്തരത്തില്‍ വൈരുദ്ധ്യങ്ങളുടെ സമന്വയത്തെ അനിവാര്യമാക്കുന്ന തത്വമാണ് ഖുര്‍ആനിലെ വസ്ത്വിയ. മധ്യമമാര്‍ഗം, മധ്യമദര്‍ശനം തുടങ്ങിയ അര്‍ത്ഥകല്‍പനകളിലൂടെ വൈരുദ്ധ്യങ്ങളുടെ വിശകലനത്തില്‍ പുതിയ ഒരു രീതിശാസ്ത്രം നിര്‍മിക്കാനുള്ള പ്രേരണയാണ് വസ്ത്വിയ എന്ന പ്രയോഗത്തിലൂടെ ഖുര്‍ആന്‍ പകരുന്നത്.
tumblr_n30yzkzeih1r12ruio1_500
നീതിക്കും അനീതിക്കുമിടയിലുള്ള നിലപാട്, നന്മതിന്മകള്‍ തമ്മിലുള്ള പോരാട്ടത്തിലുള്ള ബാലന്‍സിങ്, മദ്യപാനിക്കും മദ്യം ഉപയോഗിക്കാത്തവനും ഇടയില്‍ അല്‍പം മാത്രം കുടിക്കുന്നവന്‍ എന്നൊക്കെയുള്ള ലഘൂകരണത്തിലൂടെ ഒരു വലിയ ആശയത്തെ പരിഹസിക്കാന്‍ പ്രത്യേകിച്ച് ചിന്തയും വിവരവുമൊന്നും വേണമെന്നില്ല. വൈരുദ്ധ്യങ്ങള്‍ എന്നത് നന്മ-തിന്മ പോരാട്ടമല്ല. നിലനില്‍പിന്റെ തന്നെ അടിസ്ഥാന തത്വമാണ്. പ്രകൃതിയുടെ മതം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍, അത് സ്വീകരിച്ചവരെയാണ് ഉമ്മതുന്‍ വസത്വ് എന്ന് വിളിക്കുന്നതെങ്കില്‍, വസ്ത്വിയഃ എന്നത് പ്രകൃതിയുടെ മാര്‍ഗമാണ് എന്ന് വരുന്നു. ഈ മധ്യമികതയെത്തന്നെയാണ് നാം സന്തുലിതത്വമായി അടയാളപ്പെടുത്തുന്നത്.

ദര്‍ശനത്തിലും തത്വങ്ങളിലും ഇസ്ലാം സ്വീകരിച്ചിട്ടുള്ള മധ്യമപാഠങ്ങളെ ഇനിയുള്ള അധ്യായങ്ങളില്‍ പരിശോധിക്കാം.

സന്തുലനം -ഇസ്ലാമിക ദർശനം പാഠം ഒന്ന്

5751301741_aa8463e472_b

ഖുര്‍ആന്‍, അത് വിഭാവനം ചെയ്യുന്ന സമൂഹത്തിന് ചില ലക്ഷണങ്ങള്‍ വരയ്ക്കുന്നുണ്ട്.

എല്ലാ മനുഷ്യര്‍ക്കും വേണ്ടി നിലകൊള്ളുന്ന ഉത്തമസമുദായം (കുന്‍തും ഖൈറ ഉമ്മതിന്‍ ഉഖ്‌ രിജത് ലിന്നാസ്) എന്നതാണ് അതിലൊന്ന്. ഇത് പരിഗണനകളിലുള്ള ഏത് തരം വിഭാഗീയതകളെയും പൂര്‍ണമായും നിരാകരിക്കുന്ന ഒന്നാകുന്നു. വളരെ കൃത്യമാണ് പ്രഖ്യാപനം. ലിന്നാസ് എന്നാണ്. അന്നാസിന് വേണ്ടി എന്നര്‍ത്ഥം. അന്നാസ് എന്ന സംവര്‍ഗം മനുഷ്യന്‍ എന്നതല്ലാത്ത സകല അടയാളങ്ങളെയും തീര്‍ത്തും നിരാകരിക്കുന്നതാണ്. ഈ നിരാകരണത്തിനും ഉപാധികളൊന്നുമില്ല.

അതേസമയം, മനുഷ്യജീവിതത്തിലെയും സംസ്‌കാരത്തിലെയും വൈവിധ്യങ്ങളെയും തനിമകളെയും ഈ അന്നാസ് കൊണ്ട് റദ്ദ് ചെയ്യുന്ന നിലപാട് അത് സ്വീകരിക്കുന്നില്ല എന്നത് മറ്റൊരു വിഷയമാണ്. സന്തുലനത്തെക്കുറിച്ച പാഠാവലിയില്‍ ഒന്നായി അത് പിന്നീട് വരും.

“അല്ലാഹുവില്‍ ബോധവും ബോധ്യവും അര്‍പ്പിച്ചു കൊണ്ട്, നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന, മനുഷ്യർക്ക് വേണ്ടി നിലകൊള്ളുന്ന ഉത്തമസമുദായം” എന്നാണ് പ്രയോഗം. അടിച്ചമര്‍ത്തപ്പെടുന്ന പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി, നൈതികവും സ്വാതന്ത്ര്യേച്ഛുവുമായ പോരാട്ടങ്ങളിലേര്‍പ്പെടുമ്പോള്‍പ്പോലും, ആ നിലകൊള്ളല്‍ സന്ദര്‍ഭവുമായി മാത്രം ബന്ധപ്പെടുന്ന ഒന്നാകുന്നു. നിലപാടുകളെ ന്യായീകരിക്കുന്നത് കാലം മാത്രവുമാണ്. ആത്യന്തികമായ ലക്ഷ്യം മനുഷ്യനന്മ തന്നെയാകുന്നു.
index
ഇവിടെ സാമൂഹികവും മാനുഷികവുമായ നീതി എന്നത് പ്രധാനമായി വരുന്നു. നീതി വിശുദ്ധിയോടും ദൈവചിന്തയോടും ഏറ്റവും അടുത്ത് നില്‍ക്കുന്ന വികാരമാണ് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അതായത് നീതിബോധമാണ് വിശ്വാസത്തിന്റെയും വിശുദ്ധിയുടെയും താങ്ങ്. നീതിബോധത്തിന്റെ അഭാവത്തില്‍ ഈമാനിന് നിലനില്‍പില്ല.

(ഈമാന്‍ എന്നാല്‍ കേവല വിശ്വാസമല്ല. ആ വാക്കിന്റെ പൊരുള്‍ ഇങ്ങനെയാണ്. അംന് എന്നാല്‍ നിര്‍ഭയത്വം എന്നും സമാധാനം എന്നുമാണ് അര്‍ത്ഥം. ഇതില്‍ നിന്നുണ്ടായ വാക്കാണ് ഈമാന്‍. വിശ്വാസവുമായി ബന്ധപ്പെടുത്തി ആ വാക്കിന് കൊടുക്കാവുന്ന അര്‍ത്ഥം faith അല്ലെങ്കില്‍ belief എന്നതിനേക്കാള്‍ trust എന്നോ confidence എന്നോ ആയിരിക്കും. ശരിക്കും പറഞ്ഞാല്‍ feeling that something is real and true ആണ് ഈമാന്‍. ഈ അനുഭൂതി ദൈവത്തെക്കുറിച്ചാകുമ്പോള്‍ തികഞ്ഞ ഒരു പ്രതീക്ഷ (trust) ആയി അത് മാറുന്നു. അതില്‍ നിന്ന് ജനിക്കുന്ന വിശ്വാസം, മുകളില്‍പ്പറഞ്ഞത് പോലെ കേവലം faith അല്ല, മറിച്ച് confidence ആണ്. ഈ കോണ്‍ഫിഡെന്‍സ് പകരുന്ന peace and fearlessness ആണ് ഈമാന്റെ ആത്യന്തികഫലം).

ഖുര്‍ആന്‍ ഉപയോഗിക്കുന്ന രൂപകങ്ങളില്‍, ബിംബങ്ങളില്‍ (metaphor) ഏറ്റവും പ്രധാനം തുലാസ് ആണ്. എന്തെന്നാല്‍ അത് ഖുര്‍ആന്റെ തന്നെ രൂപകമാണ്. അതോടൊപ്പം അത് നീതിയുടെയും സന്തുലനത്തിന്റെയും രൂപകം കൂടിയാണ്. ഒരു ജനതയ്ക്ക് നിങ്ങളോടുള്ള ശത്രുതയും വിരോധവും അവരോട് നീതികേട് കാണിക്കുന്നതിന് കാരണമേയല്ല എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. നിങ്ങളുടെ സ്വന്തക്കാര്‍ക്കെതിരാവുന്ന കാര്യമാണെങ്കില്‍പ്പോലും നീതി പറയുക, പ്രവര്‍ത്തിക്കുക എന്ന് അതിനെക്കാള്‍ കര്‍ശനമായും കല്‍പിക്കുന്നു. ഒരു സമൂഹത്തെ  വാര്‍ത്തെടുക്കുമ്പോള്‍ ആധാരമാക്കേണ്ട മൂന്ന് മൂല്യങ്ങളെ അല്ലാഹുവിന്റെ അലംഘനീയമായ കല്‍പനകളായി പറയുമ്പോള്‍ സൂറഃ അന്നഹ് ലില്‍ ബില്‍ അദ് ലി വല്‍ ഇഹ്‌സാനി വ ഈതാഇ ദില്‍ഖുര്‍ബാ എന്നാണ് ഉള്ളത്. സാമൂഹിക നീതി, നന്മ (ഇഹ്‌സാന്‍ എന്നാല്‍ പരമമായ നന്മയാണ്, ഏറ്റവും ശരിയായത്, ഏറ്റവും ശരിയായ രൂപത്തില്‍, ഏറ്റവും ശരിയായ സന്ദര്‍ഭത്തില്‍, ഏറ്റവും ശരിയായ മനോഘടനയോടു കൂടി ചെയ്യുക എന്നര്‍ത്ഥം), മനുഷ്യബന്ധങ്ങള്‍ എന്നിവയാണ് ഈ മൂല്യങ്ങള്‍.

ഈ മൂല്യങ്ങളുടെ എതിർ വിഭാവനങ്ങളാണ് ശത്രു എന്നാണ് ഇതിൽത്തന്നെ തുടർന്ന് പറയുന്നത്. അത് ഫഹ്ശാഅ്, മുൻകർ, ബഗ് യ് എന്നിവയാകുന്നു. ഒരു വ്യക്തിയെ  അവനിലേക്ക് തന്നെ ചുരുക്കുന്ന ധാർമിക തിന്മകളാണ് ഫഹ്ശാഅ്. എന്നാൽ ഒരു സമൂഹത്തിൽത്തന്നെ ആഘാതങ്ങളുണ്ടാക്കുന്ന നിലപാടുകളും പ്രവർത്തികളും മുൻകർ ആണ്. ഒരു സമൂഹത്തിന്റെയോ വ്യക്തിയുടെയോ വ്യക്തികളുടെ കൂട്ടത്തിന്റെയോ മേൽ നടക്കുന്ന രാഷ്ട്രീയമോ സാംസ്കാരികമോ ശാരീരികമോ മാനസികമോ ആയ അധിനിവേശങ്ങളെ ബഗ് യ് എന്നും പറയും. ഇത് മൂന്നിനുമെതിരായ കർക്കശപോരാട്ടങ്ങൾ നടക്കുമ്പോഴും ഈ സാത്താനിക മൂല്യങ്ങളല്ലാതെ, വ്യക്തിയോ സമൂഹമോ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടേണ്ടതില്ല എന്ന് പ്രത്യേകം ഉപദേശിക്കപ്പെടുന്നു. ഇപ്പറഞ്ഞ ബഗ് യിന്റെ പ്രതീകങ്ങളായി ജീവിച്ച്  മരിച്ചു പോയ ചില വ്യക്തികളെയോ സമൂഹങ്ങളെയോ തീർത്തും എതിർസ്ഥാനത്ത് പ്രതിഷ്ഠിച്ചു  കൊണ്ട് ചില കഥകൾ ഖുർആൻ പറയുന്നുണ്ട്. അത്  പക്ഷേ, ഖുർആന്റെ തന്നെ ഭാഷയിൽ ഉമ്മതുൻ ഖദ് സലഫ് ആണ്. അതായത്, അവരുടെ ജീവിതം എന്തായിരുന്നുവെന്ന് വളരെ വ്യക്തമായി അടയാളപ്പെട്ടു  കഴിഞ്ഞു. വർത്തമാനത്തിൽ മുൻവിധി സ്വീകരിക്കാൻ ചരിത്രം നിങ്ങൾക്ക് പ്രേരകമാകാവതല്ല. നിങ്ങൾ നിങ്ങളുടെ സഹോദരനെ സഹായിക്കണം, അവൻ മർദ്ദകനാണെങ്കിലും മർദ്ദിതനാണെങ്കിലും എന്നത് നബിവചനമാണ്. സ്വീകാര്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നബിവചനമാണിത് എന്നാണ് ഇതെഴുതുന്നയാളുടെ ധാരണ. മർദ്ദിതനെ സഹായിക്കണം, അവനോട് ഐക്യദാർഢ്യപ്പെടണം എന്നത് മനസ്സിലായി, എന്നാൽ മർദ്ദകനെ എങ്ങനെ സഹായിക്കണം എന്ന ചോദ്യം സ്വാഭാവികമായും അനുചരിന്മാരിൽ നിന്നുണ്ടായപ്പോൾ നബി തിരുമേനി പറഞ്ഞത്, മർദ്ദനം അവസാനിച്ചാൽ ഒരു ജനശത്രു എന്ന മുദ്രയിൽ നിന്ന്, തജ്ജന്യമായ തിന്മകളിൽ അവൻ രക്ഷപ്പെടുമല്ലോ എന്നാണ്. അപ്പോൾ മർദ്ദനം എന്ന വ്യവസ്ഥയോടാണ് പോരാടേണ്ടത് എന്ന് വ്യക്തം. അനീതിയുടെ ഇന്നത്തെ ഇരകളെ നാളത്തെ അതിന്റെ വൈതാളികന്മാരാക്കുക എന്നത് സമരലക്ഷ്യമായിത്തീരരുത് എന്നാണ് മുന്നറിയിപ്പ്.

സന്തുലനം എന്നതിന്റെ മറുവാക്കാണ് നീതി എന്ന് പറയാം. ഇതാണ് ഇതുമായി ബന്ധപ്പെട്ട ഒന്നാമത്തെ പാഠം. തന്റെ മറുപേരായിത്തന്നെ അല്ലാഹു നീതിയെ സ്വീകരിച്ചതായാണ് ഖുർആൻ ബോധ്യപ്പെടുത്തുക. പ്രപഞ്ചം സന്തുലിതമാണ്. ഇത് പഠിപ്പിക്കുന്നതിന് ഖുർആൻ സ്വീകരിക്കുന്ന രൂപകം തുലാസ് തന്നെയാണ്. ലോകങ്ങളെ സംവിധാനിക്കുകയും തുലാസ് സ്ഥാപിക്കുകയും ചെയ്തു എന്നാണ് സൂറഃ അർറഹ്മാനിൽ പറയുന്നത്. തുലാസിന്റെ കാര്യത്തിൽ നിങ്ങൾ യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്  എന്ന് തുടർന്ന് കൽപിക്കുകയും ചെയ്യുന്നു. അപ്പോൾ പ്രപഞ്ചത്തിൽ തുലാസ് ഉണ്ട്, ഒരു equilibrium ഉണ്ട്. അല്ലാഹു സ്ഥാപിച്ച തുലാസ്. തുലാസ് എന്നാൽ സംതുലിതാവസ്ഥ ആണ്. തുലാസ് എന്നാൽ നീതിയുമാണ്. നിങ്ങൾ തുലാസ് മുറുകെപ്പിടിക്കണം.
അതേസമയം സന്തുലനത്തിന് ദാര്‍ശനികവും മതപരവും രാഷ്ട്രീയവും സാമൂഹികവുമൊക്കെയായ തലങ്ങളൊരുപാട് വേറെയുമുണ്ട്. ഈ പാഠത്തിൽ സൂചിപ്പിച്ച, ഖൈറ ഉമ്മത്ത് (ഉത്തമ സമുദായം) എന്നതോട് ചേർത്ത് തന്നെ പറയാവുന്ന ലക്ഷണമാണ് ഉമ്മതുൻ വസത്വ് (മധ്യമ സമുദായം) എന്നതും. അതും സന്തുലിതത്വത്തിന്റെ ദർശന, ജീവിത പാഠങ്ങളും ഓരോന്നായി, വരും പാഠങ്ങളില്‍ പരിശോധിക്കാം.

നോമ്പും ഖുർആനും- തന്നിൽ തന്നെത്തന്നെ നിർമിക്കുന്ന മനുഷ്യൻ

self-esteem

ജനനം

മനുഷ്യനെ അത്യധികം ആദരവോടെ കാണുന്നു എന്നതാണ് ഖുര്‍ആനിന്റെ സവിശേഷത. അത് മനുഷ്യദൗത്യത്തിന്റെ നിര്‍വഹണത്തിന് പ്രാപ്തനായ മനുഷ്യനെ നമ്മില്‍ സൃഷ്ടിക്കുന്നതിന് നമ്മളെ സഹായിക്കുന്നു.

അങ്ങനെയൊരു സൃഷ്ടിപ്രക്രിയ ഉണ്ട്. അതും മനുഷ്യന് ദൈവം നല്‍കുന്ന ആദരവാണ്. ദൈവസൃഷ്ടിയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ കണ്ടെടുത്ത് അവയ്ക്ക് പുതിയ അസ്തിത്വം നല്‍കാനുള്ള ശേഷിയും ആ ശേഷിയെ ഉപയോഗപ്പെടുത്താനുള്ള സര്‍ഗാത്മക അഭിവാഞ്ഛയും മനുഷ്യപ്രകൃതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മനുഷ്യന്റെ കലയും സൗന്ദര്യബോധവും വികസിക്കുന്നതും അങ്ങനെയാണ്. ഒരു ശില്‍പി രൂപങ്ങളെ ഉപാധിയാക്കുന്നു. ചിത്രകാരന്‍ വര്‍ണങ്ങളെ. അഭിനേതാവ് ഭാവങ്ങളെയും ഗായകന്‍ ശബ്ദത്തെയും തങ്ങളുടെ ഉപകരണങ്ങളാക്കി മാറ്റുകയാണ്. അതുപോലെ സാഹിത്യകാരന്‍ അക്ഷരങ്ങളെ. ഇപ്പറഞ്ഞവയില്‍ മനുഷ്യന്‍ സ്വയം വികസിപ്പിച്ചത് അക്ഷരങ്ങളെ മാത്രമാകുന്നു. പക്ഷേ അപ്പോഴും ഭാഷയുടെ ഉറവിടം ഏത് എന്ന പ്രശ്‌നം വരും. തൃപ്തികരമായ വിശദീകരണം ഇതിന് നല്‍കപ്പെട്ടിട്ടില്ല. മനുഷ്യനെ മറ്റ് സ്പീഷീസുകളില്‍ നിന്നും മനുഷ്യരെ തമ്മിലും വേര്‍തിരിക്കുന്ന ഒന്നാമത്തെ ആന്തരിക സവിശേഷതയാണ് ഭാഷ. സംസാരിക്കുന്ന ജീവി എന്ന നിലയില്‍ മനുഷ്യന്‍ അവന് തന്നെ ഒരല്‍ഭുത പ്രതിഭാസമാണ്. തന്നെക്കുറിച്ചു തന്നെ അല്‍ഭുതപ്പെടാനുള്ള മനുഷ്യന്റെ സവിശേഷമായ കഴിവില്‍ നിന്നാണ് ഭാഷകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്.
227dd6758f1079404d01e62f8586c66b
അതേസമയം ഈ അല്‍ഭുതത്തിന് നിദാനം സംസാരിക്കുന്ന ജീവി എന്ന തന്റെ തന്നെ പ്രകൃതമാണല്ലോ. ഇതാണ് ഭാഷയുടെ അടിസ്ഥാനം. എന്നാല്‍ ഇത് മനുഷ്യനോടൊപ്പം മനുഷ്യന്റെ ഉല്‍ഭവം മുതല്‍ക്കേ ഉള്ളതാണെന്ന നിലപാട് വേദഗ്രന്ഥം സ്വീകരിക്കുന്നു. ആദമിന് നാമങ്ങള്‍ പഠിപ്പിച്ചു എന്ന് സൂറഃ അല്‍ ബഖറയിലും മനുഷ്യന് സംസാരിക്കാനുള്ള സിദ്ധി നല്‍കി, അഥവാ സംസാരിക്കാന്‍ അവനെ പഠിപ്പിച്ചു എന്ന് സൂറഃ അര്‍റഹ്മാനിലും ഖുര്‍ആന്‍ പറയുന്നുണ്ട്. തൂലികയെ ഉപാധിയാക്കി മനുഷ്യനെ അല്ലാഹു പഠിപ്പിച്ചു എന്ന് നബിക്ക് ലഭിച്ച ആദ്യത്തെ വെളിപാടായി സൂറഃ അല്‍ അലഖിലും പറയുന്നു. ഭാഷയുടെ പുതിയ വിശദാംശങ്ങളും അതിലെ വൈവിധ്യങ്ങളുമെല്ലാം ചരിത്രഗതിയില്‍ മനുഷ്യന്‍ വികസിപ്പിച്ചെടുത്തതാണെങ്കിലും അതിന്റെ ആധാരം മനുഷ്യനില്‍ത്തന്നെയുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ സര്‍ഗാത്മകമായ, മനുഷ്യന്റെ സകല പ്രകടനങ്ങളും പ്രകൃതിയില്‍ നിന്നോ സ്വപ്രകൃതത്തില്‍ നിന്നോ അസംസ്‌കൃത വസ്തുക്കള്‍ വലിച്ചെടുത്തു കൊണ്ടുള്ള നിര്‍വഹണങ്ങളാണ്. ഇതിലാകട്ടെ, അവന്‍ ഉപയോഗിക്കുന്ന വസ്തുവിന് ഒരു പുതിയ സ്വത്വവും അസ്തിത്വവും നല്‍കുക എന്ന പ്രക്രിയ നടക്കുന്നുണ്ട്.

സൃഷ്ടി

ഇതിലൂടെ മനുഷ്യന്‍ ഒരു സ്രഷ്ടാവിന്റെ റോളിലേക്ക് ഉയരുകയാണ് ചെയ്യുന്നത്. മണ്ണില്‍ നിന്ന് നിന്നെ പടച്ച അല്ലാഹു മണ്ണില്‍ നിനക്ക് നിര്‍മാണച്ചുമതലയും നല്‍കി എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (സൂറഃ ഹൂദ്). സ്രഷ്ടാവായ ദൈവം മനുഷ്യന് സൃഷ്ടിപ്രക്രിയയുടെ ഉത്തരവാദിത്തം നല്‍കിയിരിക്കുന്നു എന്നര്‍ത്ഥം.

ഈ സൃഷ്ടികര്‍മത്തിന്റെ നിര്‍വഹണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യന്‍ തന്നില്‍ തന്നെത്തന്നെ നിര്‍മിക്കുക എന്നതാകുന്നു. ഖുര്‍ആന്‍ മനുഷ്യന്‍ എന്ന അര്‍ത്ഥത്തല്‍ രണ്ട് പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ബശര്‍ എന്നതും രണ്ടാമത്തേത് ഇന്‍സാന്‍ എന്നതും ആകുന്നു. ഈ രണ്ട് പദങ്ങളെ വിശകലനം ചെയ്തു കൊണ്ട് അലി ശരീഅത്തി സൂചിപ്പിച്ച ഒരു കാര്യമുണ്ട്. ബശര്‍ എന്നാല്‍ ഒരു കേവല ജൈവമനുഷ്യന്‍ ആകുന്നു. ബശര്‍ എന്ന പദം ചര്‍മം എന്ന അര്‍ത്ഥത്തിലേക്ക് കൂടി പോകുന്നതാണ്. അത് മനുഷ്യന്റെ ജീവശാസ്ത്ര ഘടനയെ സൂചിപ്പിക്കുന്ന ഒന്നാണ്. അതേസമയം ഇന്‍സാന്‍ എന്നത് ദൈവികഗുണങ്ങളെ സ്വാംശീകരിച്ച മനുഷ്യനെ സൂചിപ്പിക്കുന്നു. അനസ എന്നതാണ് ഇന്‍സാന്‍ എന്നതിന്റെ ക്രിയാധാതു. ഇണങ്ങി, പരസ്പരം രമിപ്പിച്ചു എന്നൊക്കെയാണ് അനസയുടെ അര്‍ത്ഥം. അപ്പോള്‍ ഇണക്കമുള്ളവനാണ് ഇന്‍സാന്‍. അതാണ് യഥാര്‍ത്ഥ മനുഷ്യന്‍. ഈ ഇണക്കത്തിന് നാല് മാനങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് മനുഷ്യനും ദൈവവും തമ്മിലുള്ള ഇണക്കമാണെങ്കില്‍ രണ്ടാമത്തേത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണക്കമാണ്. മൂന്നാമത്തേത് ഒരു മനുഷ്യവ്യക്തിയും മറ്റൊരു മനുഷ്യവ്യക്തിയും തമ്മിലുള്ള ഇണക്കം. നാലാമത്തേത് ഒരു സമൂഹവും മറ്റൊരു സമൂഹവും തമ്മിലുള്ള ഇണക്കം. ഇപ്രകാരം വ്യക്തികള്‍ പരസ്പരവും സമൂഹങ്ങള്‍ തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ദൈവവും തമ്മിലും ശരിയായി ഇണങ്ങുമ്പോഴാണ്, അപ്പോള്‍ മാത്രമാണ് ശരിയായ ജീവിതം സംഭവിക്കുന്നത്.

ഈ ശരിയായ ജീവിതം ശരിയായ രീതിയില്‍ പടുക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ധാര്‍മിക ബാധ്യതയായി ഖുര്‍ആന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ജൈവമനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനായി ഉയരണം. മറ്റൊരു നിലക്ക് പറഞ്ഞാല്‍ ബശര്‍ എന്ന, ദൈവം പ്രദാനം ചെയ്ത പ്രതലത്തില്‍ ഇന്‍സാന്‍ എന്ന പുതുസൃഷ്ടി, തന്നില്‍ത്തന്നെയുള്ള ഒരഴിച്ചു പണിയല്‍ നടത്തണം. ആയിത്തീരുന്നവനാണ് മനുഷ്യന്‍ എന്ന് ബൈബിള്‍ പറയുന്നുണ്ട്.

സത്ത

മനുഷ്യനില്‍ സാത്താന്‍ കണ്ട പോരായ്ക, അഥവാ അതുതന്നെയാണ് സാത്താന്റെ ദര്‍ശനവും, അവന്‍ കേവലം മണ്ണു കൊണ്ട് ഉണ്ടാക്കപ്പെട്ടവന്‍ എന്നതായിരുന്നു. ഇത് മനുഷ്യനെസ്സംബന്ധിച്ച ബാഹ്യനിരീക്ഷണമാണ്. ഈ നിരീക്ഷണത്തില്‍ പരിമിതപ്പെട്ടതാണ് സാത്താനിക ദര്‍ശനത്തിന്റെ ഉല്‍പത്തി. അത് ഛാന്ദോഗ്യുപനിഷത്തില്‍ വിരോചനന്‍ കണ്ട കാഴ്ച പോലെയാണ്. തന്നെത്തന്നെ അറിയാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ വിരോചനനും ഇന്ദ്രനും തെളിഞ്ഞ വെള്ളത്തില്‍ നോക്കിയപ്പോള്‍ കണ്ട പ്രതിബിംബം തന്നെയാണ് തന്റെ പരമമായ അസ്തിത്വം എന്ന് വിരോചനന്‍ തീരുമാനിച്ചു. വെള്ളത്തിന് ശരീരത്തെ മാത്രമേ പ്രതിബിംബിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ അതിനപ്പുറത്തുള്ള സത്തയെയാണ് ഇന്ദ്രന്‍ തേടിയത്. അങ്ങനെയാണ് അവന്‍ വെറും കാഴ്ചയ്ക്കപ്പുറത്തുള്ള ബോധത്തെ (Consciousness) തിരിച്ചറിഞ്ഞത്. വിരോചനന്റെ ശരീരമാത്ര ദര്‍ശനമാണ് സ്വാര്‍ത്ഥത്തെയും തദനുബന്ധമായ കുഴപ്പങ്ങളെയും സൃഷ്ടിച്ചതെന്ന് പറയാം. ഇതാണ് സാത്താന്റെയും കാഴ്ചപ്പാട്. സാത്താനാണ് നിങ്ങളുടെ തെളിഞ്ഞ ശത്രു എന്ന് മനുഷ്യനോട് പറയുമ്പോള്‍ അല്ലാഹു പഠിപ്പിക്കുന്ന പാഠവും ഇതാണ്. വെറും മണ്ണ് മാത്രമാണെന്നിരിക്കേ, ആദം എങ്ങനെ എന്നെക്കാള്‍ ശ്രേഷ്ഠനാകും എന്നതായിരുന്നല്ലോ ഇബ്‌ലീസിന്റെ ചോദ്യം. ഇപ്രകാരം തന്റെ സത്തയെയും ശ്രേഷ്ഠതയെയും ചോദ്യം ചെയ്ത സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് കീഴൊതുങ്ങുകയാണ് ഭൗതികാസക്തനായ മനുഷ്യന്‍ ചെയ്യുന്നത്. ഈ ഭൗതികതയ്ക്ക് സൈദ്ധാന്തികമുഖം നല്‍കുകയാണ് മനുഷ്യനെസ്സംബന്ധിച്ച ഭൗതികവാദദര്‍ശനങ്ങള്‍.

243963_116440181774023_100002241247523_154711_179615_o2

അതേസമയം മണ്ണ് എന്നത് യാഥാര്‍ത്ഥ്യവുമാണ്. അതാണ് പ്രാഥമികം. അതാണ് തൊലി (ചര്‍മം). അഥവാ ബശര്‍ എന്ന കേവലജൈവമനുഷ്യന്റെ Base. ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിച്ചു കൊണ്ടുള്ള ഒരു നിലപാടും മനുഷ്യനെസ്സംബന്ധിച്ച് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നേയില്ല. സംന്യാസജീവിതം (Asceticism), ഭൗതികലോകത്തെയും  ജീവിതത്തെയും സംബന്ധിച്ച ഭയം (Aversion) തുടങ്ങിയ ആശയങ്ങളെ ഇസ്ലാം തീര്‍ത്തും നിരാകരിക്കുന്നത് അതുകൊണ്ടാണ്. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് യേശു പറഞ്ഞത് സാത്താനോടാണ്. അതേസമയം അതേ യേശു തന്നെ ദൈവത്തോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അന്നന്നത്തെ അപ്പം അതാത് ദിവസം ഞങ്ങള്‍ക്ക് തരേണമേ എന്നും യാചിച്ചു. അപ്പത്തിന്, അപ്പം കൊണ്ട് പുഷ്ടിപ്പെടുന്ന ശരീരത്തിന് സാത്താനും യേശുവും കല്‍പിച്ച അര്‍ത്ഥവും സ്ഥാനവും രണ്ടാണ് എന്നതാണ് ഇതിന്റെ സാരം.

അപ്പോള്‍ മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ഒരാന്തരികസത്തയെ അവന്റെ പ്രകൃതത്തിന്റെ തന്നെ ഭാഗമാക്കി ചേര്‍ത്തിരുന്നു സ്രഷ്ടാവായ ദൈവം. ഖുര്‍ആന്‍ അതിനെ റൂഹ് എന്ന് വിളിക്കുന്നു. റൂഹ് എന്നാല്‍ അല്ലാഹുവിന്റെ വചനമാണ്. റൂഹിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് എന്റെ റബ്ബില്‍ നിന്നുള്ള കല്‍പനയാണ് എന്ന് പറയാന്‍ ഖുര്‍ആന്‍ നബിയോട് ആവശ്യപ്പെടുന്നുണ്ട്. മനുഷ്യനില്‍ അല്ലാഹു അവന്റെ റൂഹില്‍ നിന്നുള്ളത് ഊതി എന്നാണ് സൂറഃ അല്‍ ബഖറയില്‍ പറയുന്നത്. സൂറഃ അന്നഹ്‌ലിലെ രണ്ടാം മന്ത്രത്തില്‍ റൂഹിനെ അല്ലാഹുവിന്റെ വേദം എന്ന അര്‍ത്ഥത്തില്‍ തന്നെ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വചനത്തെ, വേദത്തെ പ്രവാചകനിലേക്കെത്തിക്കുന്ന മലക്കിനെയും ഖുര്‍ആന്‍ റൂഹ് എന്ന് വിളിക്കുന്നു. നിരര്‍ത്ഥകമായ ജീവാത്മ-പരമാത്മ ചര്‍ച്ചയില്‍ മനുഷ്യന്റെ ബൗദ്ധികമായ ശേഷികളെ വ്യയം ചെയ്യുന്ന, ആത്മാവല്ല റൂഹ്. റൂഹിനെക്കുറിച്ച പാഠം ആത്മീയതയുമല്ല. റൂഹ് അല്ലാഹുവിന്റെ വചനമാണ്. അത് Logos ആണ്. അതിനെക്കുറിച്ചുള്ള ഇസ്ലാമിന്റെ അധ്യാപനങ്ങളാകട്ടെ, ആത്മീയതയുമല്ല, മറിച്ച് അത് അതിന്റെ സത്തയാണ്. ഈ സത്തയാണ് (Essence) മതത്തില്‍ തേടേണ്ടത്. തന്നില്‍ത്തന്നെ മനുഷ്യന്‍ തിരിച്ചറിയേണ്ടതാകട്ടെ, ആത്മാവിനു പകരം ബോധത്തെ (Consciousness) ആകണം. ബോധം ദൈവവചനമാണെന്ന തിരിച്ചറിവിലാണ് മനുഷ്യപ്രവര്‍ത്തനങ്ങള്‍ നിര്‍മാണാത്മകമായിത്തീരുക. അപ്പോഴാണ് തന്റെ ജൈവപ്രതലത്തില്‍ യഥാര്‍ത്ഥ മനുഷ്യന്‍ എന്ന പുതുസൃഷ്ടി നടത്താന്‍ അവന്‍ പ്രാപ്തനാകുക. വിരോചനന്‍ കണ്ടത് ശരീരത്തെ മാത്രമാണെങ്കില്‍, ശരീരം എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്നു എന്നതാണ് ആത്മീയ ദര്‍ശനങ്ങളും മതങ്ങളും ചെയ്യുന്ന അബദ്ധം. അത് പദാര്‍ത്ഥലോകത്ത് ജീവിക്കാന്‍ മനുഷ്യനുള്ള അര്‍ഹതയെത്തന്നെ നിരാകരിക്കുന്നു.

ഇപ്രകാരം തന്റെ സത്തയെ തിരിച്ചറിഞ്ഞു കൊണ്ട് വേണം മനുഷ്യന്‍ തന്നില്‍ തന്നെത്തന്നെ സൃഷ്ടിക്കാന്‍. പ്രകൃതിയോടും സമൂഹത്തോടും ഇണക്കമുള്ള മനുഷ്യന്‍ ഉണ്ടാകുന്നത് അപ്പോഴാണ്. ഈ ഇണക്കമാണ്, അത് മാത്രമാണ് ലോകത്ത് സമാധാനവും സന്തുലിതത്വവും കൊണ്ടു വരിക. അപ്പോഴാണ് നീതി സ്ഥാപിക്കപ്പെടുക. അപ്പോഴാണ് സ്വാര്‍ത്ഥത മുതല്‍ വംശീയതയും വര്‍ഗീയതയും വരെ, പേരിലും ന്യായീകരണത്തിലും മതവും ആത്മീയതയുമൊക്കെ കടന്നു വരുന്നുണ്ടെങ്കിലും സത്യത്തില്‍ ഭൗതികമാത്രമായ മനുഷ്യവിരുദ്ധവികാരങ്ങള്‍ ഇല്ലാതാവുക.

നോമ്പ്

ഇതിനും ചില ക്രമങ്ങളുണ്ട്.

ലോകം കേവല ഭോഗത്തില്‍ നിന്നും ധാര്‍മികമായ കര്‍മവ്യവസ്ഥയിലേക്ക് പരിണമിച്ചതിന്റെ നാന്ദിയാണ് ആദമിന്റെ ഉല്‍പത്തി. ആദമിനെ അല്ലാഹു തന്റെ ഖലീഫ എന്ന് വിശേഷിപ്പിക്കാന്‍ കാരണവും അതാണ്. അതായത് ഭൂമിയില്‍ അല്ലാഹുവിന് പകരം നില്‍ക്കുന്നയാള്‍ എന്ന് ആലങ്കാരികാര്‍ത്ഥം. ഈ ദൗത്യം നിറവേറ്റുന്നതിന് അല്ലാഹു ആദമിന് അറിവ് നല്‍കി. അറിവാണ് ഒന്നാമത്തെ ഉപാധിയും ഉപായവും. അറിവും ബോധവും കൊണ്ടേ ജീവിതവിജയം കൈവരിക്കാനും സാത്താന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്താനും പറ്റൂ. തുടര്‍ന്ന് മനുഷ്യന്റെ ഔന്നത്യത്തെ ഒരു പ്രണാമത്തിലൂടെ മലക്കുകളെക്കൊണ്ട് -മലാഇകത് എന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെ അധികാരവ്യവസ്ഥ എന്നു തന്നെ അര്‍ത്ഥമുണ്ട്- അംഗീകരിപ്പിച്ചു. മണ്ണിന്റെ നിന്ദ്യത പറഞ്ഞ് തര്‍ക്കിച്ച ഇബ്‌ലീസിനെ സാത്താന്റെ തനിസ്വരൂപമായി മനുഷ്യന് പരിചയപ്പെടുത്തി. പിന്നെ, ആദമിനോട് പറയുന്നത് വിശാലമായ ജന്നത്തിലേക്ക്, ജീവിതപ്പൂന്തോപ്പിലേക്ക് ഇറങ്ങിത്തിരിക്കാനാണ്. അവിടെ കാണുന്ന കനികള്‍ ഇഷ്ടം പോലെ ആസ്വദിക്കാനും. ഇത് കല്‍പനയാണ്. മനുഷ്യന് ലഭിച്ച ഒന്നാമത്തെ കല്‍പന. അതും ഇണയോടൊത്ത് പ്രവേശിക്കാനാണ് അല്ലാഹു കല്‍പിച്ചത്. ജീവിതത്തിന്റെ സൗന്ദര്യം നുകരുക എന്നതാണ് ഇതിന്റെ പ്രഥമമായ അര്‍ത്ഥം. മനുഷ്യന്‍ വികസിപ്പിച്ച എല്ലാ സൗന്ദര്യശാസ്ത്രങ്ങളും ജീവിതത്തിന്റെ തന്നെ ഈ സൗന്ദര്യാനുഭവങ്ങളില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ഇതിന്റെ മറ്റൊരര്‍ത്ഥം മനുഷ്യന്‍ തന്നെത്തന്നെ നിര്‍മിക്കുന്നതിന്, ബശര്‍ എന്ന പ്രതലത്തില്‍ ഇന്‍സാന്‍ എന്ന പുതുസൃഷ്ടി നടത്തുന്നതിന് ആവശ്യമായ ടൂളുകള്‍ ഈ തോട്ടത്തില്‍ നിന്ന് കണ്ടെത്തണം എന്നതാണ്. അങ്ങനെയായിത്തീരണമെങ്കില്‍ ആസ്വാദനം എന്ന തലത്തിന് നിയന്ത്രണം ആവശ്യമായി വരുന്നു. അതാണ് ഖുര്‍ആനിലെ വിലക്കപ്പെട്ട മരം പ്രതിനിധീകരിക്കുന്നത്. ആ മരത്തെ സമീപിക്കുന്ന പക്ഷം നിങ്ങള്‍ അക്രമികളില്‍പ്പെട്ടു പോകും എന്നാണ് ദൈവം അവരോട് പറഞ്ഞത് (സൂറഃ അല്‍ബഖറഃ).

ഈ വിലക്കുകളുടെ പ്രതിനിധാനമാണ് നോമ്പ്.

ഇവിടെയാണ് മുകളില്‍ സൂചിപ്പിച്ച ക്രമങ്ങളും വരുന്നത്. അഞ്ച് തത്വങ്ങളാണ് ഇവിടെ ക്രമങ്ങളായി പറയുന്നത്. അത് നമുക്കകത്ത് നാം നടത്തേണ്ട മനുഷ്യസൃഷ്ടിപ്പ് മുതല്‍ നോമ്പ് വരെ എത്തുന്നതാണ്.

1) ഈ സൃഷ്ടിപ്പിന്റെ നിര്‍വഹണത്തിന് നാം മണ്ണിന്റെ പരിമിതികളെ മറികടക്കേണ്ടതുണ്ട്.

ഇവന്‍ വെറും മണ്ണാണ് എന്ന ഓര്‍മപ്പെടുത്തലാണല്ലോ സാത്താന്‍ നടത്തിയത്. മനുഷ്യന്റെ അസ്തിത്വത്തെ കേവലശരീരത്തിലേക്ക് ചുരുക്കലാണത്. അതായത് കേവല ഭൗതികവാദപരമായി മാത്രം മനുഷ്യനെ കാണുക. അതിനപ്പുറം മനുഷ്യനില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന മാനുഷികമായ ഗുണങ്ങളെയും ദൈവികമായ മൂല്യങ്ങളെയും നിരാകരിക്കുക.

കേവലശരീരം എന്നതിനെ മറികടക്കുക എന്നത് ഒന്നാമത്തെ തത്വമായി വരുന്നത് അതു കൊണ്ടാണ്. ആദമിന്റെ ശേഷിയെയും സാധ്യതകളെയും മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് ദൈവം സാത്താന്റെ വാദങ്ങളെ പ്രതിരോധിച്ചത്. അതേസമയം ഈ സാധ്യതകളെ കണ്ടു കൊണ്ടു തന്നെയാണ് സാത്താന്‍ ഇപ്രകാരം വാദിച്ചത്. കണ്ടെത്തിയ, അനുഭവിച്ച ഒരു യാഥാര്‍ത്ഥ്യത്തെ നിഷേധിക്കലായിരുന്നു അത്. മനുഷ്യനെസ്സംബന്ധിച്ചുള്ള കേവലഭൗതികവീക്ഷണവും അപ്രകാരം തന്നെയാണ്.

Ramadan Lantern

ആദമിന്റെ അറിവിലാണ് ഈ സാധ്യതകളെ മുഖ്യമായും അല്ലാഹു ഉള്‍ക്കൊള്ളിച്ചത്. ഈ അറിവിനെസ്സംബന്ധിച്ച് അല്ലാഹു പറയുന്നതാകട്ടെ, ആദമിന് നാം നാമങ്ങള്‍ പഠിപ്പിച്ചു എന്നാകുന്നു. ഇത് യുക്തിപൂര്‍വകമായ വിശകലനത്തിനുള്ള (Logical Reasoning) മനുഷ്യന്റെ ശേഷിയെ കുറിക്കുന്നു. നാമങ്ങള്‍ ഭാഷയുടെ ആധാരമാണ്. ഒപ്പം നാമങ്ങള്‍ എന്നത് ഓരോന്നിനെയും വേര്‍തിരിക്കാന്‍, അപഗ്രഥിച്ച് പഠിക്കാന്‍ അനിവാര്യമായ ഉപകരണമാണ്. തന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന, തന്റെ തന്നെ ഈ സാധ്യതയെ തിരിച്ചറിയുന്നില്ലെങ്കില്‍ ഭൂമിയില്‍ ഈശ്വരന്റെ പ്രതിനിധാനമായി വര്‍ത്തിക്കുന്നതില്‍ മനുഷ്യന്‍ പരാജയപ്പെട്ട് പോകുന്നു. ഒപ്പം തന്നില്‍ നിവേശിതമായിരിക്കുന്ന റൂഹിനെ തിരിച്ചറിയുക എന്നതും അനിവാര്യമാകുന്നു. ഈ തിരിച്ചറിവുകളെയാണ് സാത്താന്‍ തടസ്സപ്പെടുത്തുന്നത്.

2) ഈ പരിമിതികളെ മറികടക്കുന്നതിന് മനുഷ്യന്‍ ചില പരിധികളെയും വിലക്കുകളെയും പാലിക്കേണ്ടതുണ്ട്.

ലോകജീവിതത്തെത്തന്നെ കേവലഭോഗവ്യവസ്ഥയില്‍ നിന്ന് ധാര്‍മികകര്‍മവ്യവസ്ഥയിലേക്കുണര്‍ത്തിയത് പരിധി പാലനത്തെക്കുറിച്ച ആശയമാണെന്ന് മുകളില്‍ സൂചിപ്പിച്ചു. മറ്റൊരു നിലക്ക് പറഞ്ഞാല്‍ വിലക്കുകളാണ് മനുഷ്യനെ സൃഷ്ടിക്കുന്നത്.

വ്രതസമയത്ത് തടയപ്പെടുന്ന ആഹാരനീഹാരാദികള്‍ ഈ വിലക്കുകളുടെ പ്രതീകമാകുന്നു. ഒരാള്‍ തെറ്റായ കര്‍മങ്ങളോ വാക്കുകളോ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അയാള്‍ അന്നപേയങ്ങളുപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു നിര്‍ബ്ബന്ധവുമില്ല എന്ന് നബി തിരുമേനി അരുളിയിട്ടുണ്ട്. പരിധിക്കപ്പുറത്തുള്ളതിന് ഇസ്ലാമിന്റെ ്‌സാങ്കേതികഭാഷയില്‍ ഹറാം എന്നാണ് പറയുക. സത്യത്തല്‍ ഹറാം എന്നാല്‍ വിശുദ്ധം എന്നാണ് അര്‍ത്ഥം. കേവലമായിട്ടെടുക്കുമ്പോള്‍ ഇതില്‍ ആശയക്കുഴപ്പമുണ്ടാകും. മദ്യം, ചൂതാട്ടം, പലിശ, വ്യഭിചാരം തുടങ്ങിയവ ഹറാമാണ് എന്ന് പറയുമ്പോള്‍ അവയെല്ലാം വിശുദ്ധങ്ങളാണ് എന്ന ഒരു ധാരണയാണോ ഈ പദപ്രയോഗം സൃഷ്ടിക്കുന്നത്? എന്നാല്‍ ഇവിടെ ഹറാം എന്നതു കൊണ്ട് സൂചിതമാകുന്നത് അല്ലാഹുവിന്റെ പരിധി എന്ന ആശയത്തെയാണ്. തോട്ടത്തിന്റ ഒരറ്റം വരെ പോകാന്‍ ആദമിനെ അല്ലാഹു അനുവദിച്ചിരിക്കുന്നു. അതിനപ്പുറത്താണ് വിലക്കപ്പെട്ട ആ മരം. അതിനിപ്പുറത്ത് അല്ലാഹു വരച്ച അദൃശ്യമായ ഒരു വരയുണ്ട്. ആ വരയുടെ വിശുദ്ധിയെയാണ് ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രാകൃതമനുഷ്യരില്‍ വ്യത്യസ്തങ്ങളായ വിലക്കുകള്‍ നിലനിന്നിരുന്നതായി അറ്റ്കിന്‍സണ്‍ (First Principle) രേഖപ്പെടുത്തുന്നു. വിലക്കുകളെസ്സംബന്ധിച്ച പ്രാകൃതസങ്കല്‍പങ്ങളെ മതചരിത്രകാരന്മാര്‍ ടാബു (Taboo) എന്നാണ് വിളിക്കുന്നത്. ഇത് ടോംഗ ദ്വീപിലെ ആദിമനിവാസികളില്‍ നിന്ന് വന്ന പദമാണ്. അവര്‍ വിലക്കപ്പെട്ട കാര്യങ്ങളെ ടപു എന്നാണ് പറഞ്ഞിരുന്നത്. ടപു എന്നാല്‍ ഉന്നതം, വിശുദ്ധം എന്നെല്ലാം തന്നെയാണ് അര്‍ത്ഥം.

അതായത് വിലക്കുകളുടെ പാലനം മണ്ണിന്റെ, ഭൗതികതയുടെ പരിധികളെ ലംഘിക്കാന്‍ മനുഷ്യന് സഹായകമാകുന്നു. അതാകട്ടെ, മണ്ണിന്റെ ആസ്വാദനത്തയോ അതിന്റെ സത്തയെയോ നിഷേധിക്കുന്നുമില്ല. ലോകത്തെ ഉപേക്ഷിച്ചു കൊണ്ടുള്ള ആത്മീയാഭ്യാസങ്ങളെ ഇസ്ലാം അംഗീകരിച്ചിട്ടേയില്ല. ജീവിതത്തെ ദൈവികമായ വിലക്കുകളുടെ പരിധിക്കകത്ത് ധാര്‍മികമായി ചിട്ടപ്പെടുത്തുകയാണ് വേണ്ടത്. അതാണ് പ്രലോഭനങ്ങളെ അതിജയിക്കാനും സ്വാര്‍ത്ഥത്തില്‍ നിന്നുള്ള മുക്തി കരസ്ഥമാക്കാനും മനുഷ്യനെ സഹായിക്കുക.

അതേസമയം വിലക്കപ്പെട്ടവയോട് പ്രലോഭനം ജനിപ്പിക്കുകയാണ് സാത്താന്‍ ചെയ്തത്. എല്ലാ വിലക്കുകളെയും ലംഘിക്കാന്‍ ആധുനിക മൂലധനവ്യവസ്ഥ മനുഷ്യനെ പ്രേരിപ്പിക്കുന്നു. മൂലധനവ്യവസ്ഥ സൃഷ്ടിക്കുന്ന ഭോഗസംസ്‌കാരത്തിനെതിരായ പ്രതിരോധവും കൂടിയാണ് നോമ്പ്. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്, പിതാവില്‍ നിന്നുള്ള സകല വചനങ്ങളാലും അേ്രത എന്ന യേശുക്രിസ്തുവിന്റെ വര്‍ത്തമാനം ഇവിടെ പ്രസക്തമാകുന്നു.

3) പരിധികള്‍ പാലിക്കുന്നതിന് ആത്മനിയന്ത്രണം അനിവാര്യമാണ്.

ഇതാണ് മൂന്നാമത്തെ തത്വം. തോട്ടത്തില്‍ സാത്താന്‍ ആദമിനെ ദുര്‍ബോധനം ചെയ്തു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഈ ദുര്‍ബോധനത്തെയും പ്രലോഭനത്തെയും അതിജയിക്കണമെങ്കില്‍ തന്റെ തൃഷ്ണകളെ നിയന്ത്രിക്കാന്‍ മനുഷ്യന്‍ പഠിക്കണം.

ഓരോ മനുഷ്യനിലും മൃഗതൃഷ്ണകളുണ്ട്. അതേസമയം ഈ മൃഗതൃഷ്ണകള്‍ മനുഷ്യന്റെ ശക്തിയും കൂടിയാണ്. എന്നാല്‍ അവയെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്ന മനുഷ്യധിഷണ കൂടുതല്‍ കരുത്തു നേടുന്നു. നിയന്ത്രിക്കുക എന്നാല്‍ വിരക്തനാവുക എന്നല്ല അര്‍ത്ഥം. തൃഷ്ണയാണ് ദുഃഖകാരണം എന്ന് പറഞ്ഞ ശ്രീ ബുദ്ധന്‍ സ്വാര്‍ത്ഥമാകയാല്‍ അനാശാസ്യമായിത്തീരുന്ന തൃഷ്ണ എന്ന് അതിന് വ്യക്തത നല്‍കുന്നുണ്ട്. നോമ്പ് നോല്‍ക്കുന്ന ദിവസങ്ങളില്‍ പോലും പകലിന്റെ അതിര് വിട്ടുകഴിഞ്ഞാല്‍ വൈരാഗിയാവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. വ്രതകാലരാവുകളില്‍ നിങ്ങള്‍ നിങ്ങളുടെ ഇണകളെ പ്രാപിച്ചു കൊള്ളൂ, നിങ്ങള്‍ അവര്‍ക്കും അവര്‍ നിങ്ങള്‍ക്കും വസ്ത്രമാണ് എന്ന് ഖുര്‍ആന്‍ പ്രത്യേകം പറയുന്നു.

4) ആത്മനിയന്ത്രണത്തിന് ആത്മസംസ്‌കരണം ആവശ്യമാണ്.

ആത്മനിയന്ത്രണം എന്നേടത്തും ആത്മസംസ്‌കരണം എന്നേടത്തും ആത്മം എന്ന പദത്തിന് Self എന്നാണ് അര്‍ത്ഥം. മൗലികമായി എന്നെ സംസ്‌കരിക്കേണ്ടത് ഞാന്‍ തന്നെയാണ്. മനുഷ്യന്റെ നൈസര്‍ഗിക പ്രകൃതം നന്മയാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഏറ്റവും ഉല്‍കൃഷ്ടമായ ഘടനയില്‍ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍ (സൂറഃ അത്തീന്‍). മനുഷ്യനില്‍ നന്മ ഉണ്ടാക്കുകയല്ല, അവനിലെ നൈസര്‍ഗികമായ നന്മയെ ഉദ്ദീപിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രവാചകന്മാര്‍ ചെയ്തത്.

5) ആത്മസംസ്‌കരണത്തിന്റെ ഏറ്റവും ശക്തമായ ഉപാധിയാണ് നോമ്പ്.

ഇങ്ങനെയാണ് നോമ്പ് യഥാര്‍ത്ഥ മനുഷ്യനെ നിര്‍മിക്കുന്നത്. ഏറ്റവും അനിവാര്യമായിരിക്കുന്ന ആവശ്യങ്ങളെപ്പോലും താല്‍ക്കാലികമായെങ്കിലും അടക്കാന്‍ നോമ്പ് മനുഷ്യനോട് ആവശ്യപ്പെടുന്നു. ഇതിലൂടെ സ്വാര്‍ത്ഥത്തെ കീഴൊതുക്കാനും തൃഷ്ണകളെ നിയന്ത്രണത്തില്‍ കൊണ്ടു വരാനും മനുഷ്യന് സാധിക്കുന്നു.

പരിധിപാലനത്തിന്റെ ദര്‍ശനത്തെയും വ്യവസ്ഥയെയുമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍ എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തെക്കുറിച്ച ശരിയായ തിരിച്ചറിവാണ് ഖുര്‍ആന്‍ പകരുന്നത്. ഈ തിരിച്ചറിവിനെ പ്രയോഗിക്കുന്നതിനുള്ള പരിശീലനവും ഒപ്പം തിരിച്ചറിവ് പകര്‍ന്നു തന്ന റബ്ബിനോടുള്ള കൃതജ്ഞതയുമായി റമദാനിലെ വ്രതാനുഷ്ഠാനത്തെ ഖുര്‍ആന്‍ തന്നെ വിശേഷിപ്പിക്കുന്നു.

ആകയാല്‍, ‘സത്യാനുഗാതാക്കളേ, നിങ്ങള്‍ക്ക് നാം നോമ്പിനെ നിയമമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ള സമൂഹങ്ങള്‍ക്ക് നിയമമാക്കിയതു പോലെ തന്നെ. അതിലൂടെ നിങ്ങള്‍ വിശുദ്ധരായിത്തീരാന്‍’ -ഖുര്‍ആന്‍, അല്‍ ബഖറഃ.

വിജയവും വിമോചനവും

Priests_traveling_across_kealakekua_bay_for_first_contact_rituals

പെറുവിലെ ഇന്‍കാ വര്‍ഗക്കാരുടെ തലവനായ കോണ്‍ടിക്കിയുടെ നേതൃത്വത്തില്‍ പൗരാണികകാലത്ത് ഒരു സംഘം സാഹസികര്‍ ബാള്‍സാ മരത്തടികള്‍ വള്ളികള്‍ കൊണ്ട് ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ ദുര്‍ബലമായ ചങ്ങാടത്തില്‍ ശാന്തസമുദ്രത്തിലൂടെ ദിവസങ്ങളോളം സാഹസയാത്ര ചെയ്ത് പസഫിക് ദ്വീപസമൂഹത്തില്‍ എത്തിച്ചേര്‍ന്നു. അവര്‍ പോളിനേഷ്യന്‍ വംശമായി അവിടെ വികസിക്കുകയും ചെയ്തു. അങ്ങനെയാണ് പസഫിക് ദ്വീപസമൂഹത്തില്‍ മനുഷ്യ ചരിത്രം ആരംഭിച്ചത്. മനുഷ്യന്റേയും മനുഷ്യചരിത്രത്തിന്റേയും വികാസത്തിന്റെ ശരിയായ അടയാളങ്ങളില്‍ ഒന്നാണിത്. ചരിത്രത്തെ നിര്‍മിക്കുന്നതിനും മനുഷ്യജീവിതത്തെ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള യാത്ര.

വ്യാപാരയാത്രകളെപ്പോലും ഖുര്‍ആന്‍ ഇങ്ങനെത്തന്നെ കാണുന്നു. വേനല്‍ക്കാലത്തും ശൈത്യകാലത്തും ഖുറൈശികള്‍ നടത്തുന്ന വ്യാപാരയാത്രകളെ ദൈവാനുഗ്രഹമായാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. (ഖുറൈശ്: 1-2)
Priests_traveling_across_kealakekua_bay_for_first_contact_rituals
പില്‍ക്കാലത്ത് കോണ്‍ടിക്കിയുടെ നാടായിരുന്ന, പെറു ഉള്‍പ്പെടുന്ന ഭൂഖണ്ഡത്തില്‍, ആവിക്കപ്പലില്‍ ക്രിസ്റ്റഫര്‍ കൊളംബസും സംഘവും വന്നു. അവരുടെ രംഗപ്രവേശം മഹത്തായ പര്യവേക്ഷണമായും ഭൂപ്രദേശങ്ങളുടെ പുതിയ കണ്ടുപിടിത്തമായും എഴുതപ്പെട്ടു. തുടര്‍ന്ന് വന്ന, കൊളംബസിന്റെ പിന്‍മുറക്കാരായ കുടിയേറ്റക്കാര്‍ ആ ദേശത്തിന്റെ സംസ്‌കാരങ്ങളെയും സന്തുലിതത്വത്തെയും പ്രകൃതി വ്യവസ്ഥയെയും അട്ടിമറിച്ചു. മനുഷ്യര്‍ പരസ്പരവും ഓരോ മനുഷ്യനും പ്രകൃതിയോടും ഉണ്ടായിരുന്ന ധാര്‍മികമായ ബന്ധങ്ങളെ അവര്‍ തകര്‍ത്തെറിഞ്ഞു.

ഇവിടെപ്പറഞ്ഞ രണ്ട് യാത്രകളും മനുഷ്യചരിത്രത്തിലെ രണ്ടുതരം വികാസങ്ങളെ പ്രതിനിധീകരിക്കുന്നു. ഒന്ന് പുതിയ ഒരു നരവര്‍ഗമായി വികാസം പ്രാപിക്കുകയും ഒരു സംസ്‌കാരം കെട്ടിപ്പടുക്കുകയും ചെയ്ത, തികച്ചും നിര്‍മാണാത്മകമായ സഞ്ചാരമാണെങ്കില്‍ മറ്റത് മനുഷ്യ വംശത്തെത്തന്നെ നശിപ്പിക്കുന്നതും പ്രകൃതിയെ തകര്‍ക്കുന്നതുമായ ഒന്നാണ്. കോണ്‍ടിക്കിയുടെ വര്‍ഗമായ ഇന്‍കാ ഉള്‍പ്പെടെയുള്ള പ്രാചീന റെഡ് ഇന്ത്യന്‍ ഗോത്രങ്ങള്‍ പലതും അധിനിവേശങ്ങളില്‍ തീര്‍ത്തും നാമാവശേഷമായി. അധികാരപ്രമത്തരായ രാജാക്കന്മാരുടെ അധിനിവേശത്തെപ്പറ്റി ശേബാരാജ്ഞി പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ ആ നാടിനെ അവര്‍ നശിപ്പിച്ചതു തന്നെ. അതിലെ ആദരണീയ പൗരന്മാരെ നിന്ദിക്കുകയും ചെയ്യും” (അന്നംല്: 34).

ഇതിനു വിരുദ്ധമായ ഒരു സഞ്ചാരമാതൃക, ദുല്‍ഖര്‍നൈന്‍ എന്ന രാജാവിലൂടെ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നു (സൂറഃ അല്‍കഹ്ഫ് 83- 98). ഭൂപ്രദേശങ്ങളും ജനതകളും കീഴില്‍ വന്നപ്പോള്‍ തന്റെ നിലപാട് അദ്ദേഹം പ്രഖ്യാപിച്ചു. അക്രമികള്‍ക്ക് മാത്രം ശിക്ഷ, ആദര്‍ശനിഷ്ഠരും വിശ്വാസികളുമായവരോട് ആദരവ്. അധിനിവേശത്തില്‍ നിന്നാണ് അദ്ദേഹം ഭൂപ്രദേശങ്ങളെ വിമോചിപ്പിക്കുന്നത്. അധിനിവേശകരോട് പ്രതികാരം ചെയ്യാനല്ല, അവര്‍ക്ക് മാപ്പ് നല്‍കാനും അക്രമങ്ങള്‍ തുടരുന്നവരെ മാത്രം ശിക്ഷിക്കാനുമാണ് അദ്ദേഹം മുതിരുന്നത്. മക്ക മുഹമ്മദ് നബിയുടെ നേതൃത്വം അംഗീകരിച്ച ശേഷം തടവിലാക്കപ്പെട്ട ശത്രുക്കളോട് നബി പറഞ്ഞു: ‘പൊയ്‌ക്കൊള്‍ക, ഇന്ന് നിങ്ങളെല്ലാവരും സ്വതന്ത്രരാകുന്നു.”

മറ്റൊരു സമൂഹത്തിലെത്തിയ ദുല്‍ഖര്‍നൈന്‍, ആ സമൂഹത്തിന് അക്രമികളില്‍ നിന്നുള്ള പ്രതിരോധമാര്‍ഗം ഉണ്ടാക്കി. കപ്പം നല്‍കാന്‍ തയ്യാറായ ജനതയോട് അദ്ദേഹം പറഞ്ഞത്,’നികുതിയല്ല, നിങ്ങളുടെ അധ്വാനമാണെനിക്കു വേണ്ടത് എന്നായിരുന്നു. സമൂഹത്തിന്റെ പുനര്‍ നിര്‍മാണത്തിനുവേണ്ടി കൂട്ടായ യത്‌നം, ജനകീയമായ വികസന സംരംഭം എന്നിങ്ങനെ ജനായത്ത സാമൂഹ്യക്രമത്തിന്റെ ആദിമമായ പാഠങ്ങളും കൂടി നാമിതില്‍ കാണുന്നു. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായമനുസരിച്ച് ദുല്‍ഖര്‍നൈന്‍ പേര്‍ഷ്യയിലെ കോരെശ് (സൈറസ്) രാജാവാണ്. അദ്ദേഹമാകട്ടെ, സൗരാഷ്ട്ര സമൂഹത്തിന്റെ ഒരു വീരകഥാപാത്രമാണ്. സരതുഷ്ട്ര മതപ്രബോധകനും ആ ധാരയിലെ ഒരു നവോത്ഥാന നായകനുമാണ് അദ്ദേഹം.

ഏതു കാര്യത്തിലുമുള്ള രണ്ട് രീതിയിലുള്ള വികാസങ്ങള്‍ എന്ന, സാധ്യതകളെ ഇപ്രകാരം സഞ്ചാരങ്ങളുടെ കാര്യത്തിലും ഖുര്‍ആന്‍ വരച്ച് കാണിക്കുകയാണ്. ഇതില്‍ ഖുര്‍ആന്‍ അതിന്റെ കല്‍പനകള്‍ പഠിപ്പിക്കുന്നുമുണ്ട്. അതിലൊന്ന്, ഒരു സമൂഹത്തോടുള്ള അല്ലാഹുവിന്റെ നിര്‍ദേശമാണ്. ഒരു സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍, വിനയാന്വിതരായും നിലവില്‍ അവിടെ വസിക്കുന്ന സമൂഹവുമായി സഹവര്‍ത്തിത്വവും അവര്‍ക്ക് സുരക്ഷയും വിടുതലും പ്രഖ്യാപിച്ചു കൊണ്ടും പ്രവേശിക്കാനും അവിടുത്തെ പ്രകൃതിയില്‍നിന്ന് വിഭവങ്ങള്‍ സ്വീകരിച്ച് പുഷ്ടിപ്പെടാനും ഉള്ള നിര്‍ദേശം (അല്‍ബഖറ: 58). മറ്റൊരിടത്ത് അധിനിവേശത്തിന്റെ രീതി പ്രസ്താവിക്കപ്പെടുന്നുണ്ട്. അങ്ങനെയാവരുതെന്നാണ് അതില്‍ മനുഷ്യരോടുള്ള ഖുര്‍ആന്റെ താക്കീത്. ഈ അധിനിവേശകരുടെ വര്‍ത്തമാനങ്ങള്‍ കൗതുകകരമായിരിക്കും. വികസനത്തെക്കുറിച്ചും ജീവിതപുരോഗതിയെപ്പറ്റിയും അവര്‍ സംസാരിക്കും. അവരുടെ സാങ്കേതികവിദ്യകളാല്‍ ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കുന്നതിനെപ്പറ്റിയും അവര്‍ പറയും. അധികാരം ലഭിച്ചാലോ, അവര്‍ ഭൂമിയില്‍ നാശം വിതയ്ക്കും. വിളവ് നശിപ്പിക്കും. മനുഷ്യവംശങ്ങളെ ഉന്മൂലനം ചെയ്യും (അല്‍ബഖറ: 204-205). അതായത്, സമ്പത്തിനും ജീവനും ഭീഷണി ഉയര്‍ത്തും. പ്രകൃതിയെ തകര്‍ക്കും. ഭൗതികതയുടെ സഞ്ചാരങ്ങള്‍ നരഹത്യകള്‍ക്കും തനിമകളുടെ ഉന്മൂലനത്തിനും നിമിത്തമാവുന്നു.

ഖുര്‍ആന്‍ അടിയാളന്റെ വിജയവും വിമോചനവും പ്രഖ്യാപിക്കുന്നു. ”അടിച്ചമര്‍ത്തപ്പെട്ടിരുന്ന ജനതയെ നാം നമ്മുടെ അനുഗ്രഹങ്ങളാല്‍ ആ ദേശത്തിന്റെ പൂര്‍വ പശ്ചിമ ദിക്കുകളുടെ അവകാശികളാക്കുകയും ചെയ്തു” (അല്‍ അഅ്‌റാഫ്: 137). ഇത് പ്രകൃതി നിയമവും ഖണ്ഡിത വിധിയുമായാണ് പരാമര്‍ശിക്കപ്പെടുന്നത്.”’നാം ഉദ്ദേശിക്കുന്നതോ, ഭൂവില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറോവയും ഹാമാനും അവരുടെ സൈന്യങ്ങളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍ നിന്ന് ഭയപ്പെട്ട തിരിച്ചടി യാഥാര്‍ത്ഥ്യമാക്കിക്കാണിക്കാനുമത്രേ” (അല്‍ ഖസ്വസ്വ്: 5-6). പീഡിതജനതയുടെ എന്നതോടൊപ്പം നന്മയും ആദര്‍ശ ബോധവുമുള്ള സമൂഹത്തിന്റേയും വിജയമാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്.

”അവന്‍ ഉയരത്തില്‍ പാര്‍ക്കുന്നവരെ, ഉന്നത നഗരത്തെ താഴ്ത്തി, നിലം പരിശാക്കി പൊടിയില്‍ തള്ളി. അങ്ങനെ ദരിദ്രരുടെ കാല്‍ക്കീഴില്‍, അവരുടെ ചവിട്ടടിയില്‍ അത് മെതിക്കപ്പെട്ടു” (ബൈബിള്‍, യെശയ്യ, 26: 5-6). ആര്‍ത്തരുടെ കൊള്ളയേയും ധൂര്‍ത്തിനേയും പ്രവാചകന്മാര്‍ ശക്തിയായി വിമര്‍ശിക്കുകയും നാശങ്ങളെക്കുറിച്ച മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ”തങ്ങള്‍ മാത്രം ദേശത്തില്‍ പാര്‍ക്കുന്നത് പോലെയും മറ്റാര്‍ക്കും പാര്‍ക്കാന്‍ സ്ഥലം ഇല്ലാതാകുവോളവും വീടിനോട് വീടു ചേര്‍ക്കുകയും വയലിനോട് വയല്‍ കൂട്ടുകയും ചെയ്യുന്നവര്‍ക്ക് മഹാനാശം. സൈന്യങ്ങളുടെ കര്‍ത്താവ് ഇങ്ങനെ ശപഥം ചെയ്തിട്ടുണ്ട്. നിശ്ചയം, വലുതും നല്ലതുമായ പല വീടുകളും ആള്‍പ്പാര്‍പ്പില്ലാതെ ശൂന്യമായിപ്പോകും” (യെശയ്യാ 5: 8-12).
liberation-h-kopp-delaney
ആദ് സമൂഹപ്രമാണിമാരോട് ഹൂദ് നബി പറഞ്ഞു: ”ഉയര്‍ന്ന സ്ഥലങ്ങളില്‍ അനാവശ്യമായി സ്മാരക സൗധങ്ങള്‍ പണിയുകയും അനന്തകാലം പാര്‍ക്കാനെന്ന പോലെ ഗംഭീരമായ കൊട്ടാരങ്ങള്‍ നിര്‍മിക്കുകയുമാണോ നിങ്ങള്‍? ആളുകളെ കഠിനമായി ഉപദ്രവിക്കുകയും ചെയ്യുന്നു” (അശ്ശുഅറാഅ്: 128-130). ഥമൂദ് ഗോത്ര പ്രമുഖരോടുള്ള പ്രവാചകന്‍ സ്വാലിഹിന്റെ താക്കീതും ഇതു തന്നെ: ”ഇവിടെയുള്ള സൗകര്യങ്ങളില്‍ നിര്‍ഭയരായി എന്നും കഴിഞ്ഞു കൂടാം എന്നാണോ നിങ്ങള്‍ കരുതുന്നത്? ഈ ഉദ്യാനങ്ങളില്‍, അരുവികളില്‍, വയലുകളില്‍, പാകമായ കുലകള്‍ നിറഞ്ഞ ഈത്തപ്പഴത്തോട്ടങ്ങളില്‍? നിങ്ങള്‍ ആര്‍ഭാട പ്രമത്തരായി മലകള്‍ തുരന്ന് വീടുണ്ടാക്കുകയോ?” (അശ്ശുഅറാഅ്: 146-149). വലിയതും നല്ലതുമായ വീടുകള്‍ ആളില്ലാതെ ശൂന്യമാകത്തക്ക വിധംതന്നെ ചരിത്രം മുന്നോട്ട് പോകുന്നതായി ഖുര്‍ആന്‍ സ്ഥാപിക്കുന്നു.

നീതിരഹിതമായ മത്സരം, ജനതകള്‍ക്കു മേലുള്ള അധിനിവേശം, ഭൂമിയുടേയും ജീവിതത്തിന്റേയും ധാര്‍മികമായ ക്രമത്തെ അട്ടിമറിക്കല്‍ എന്നിവയൊക്കെയാണ് നാശത്തിന്റെ ഹേതുകങ്ങള്‍. ആദ് ഗോത്രത്തെ പരാമര്‍ശിക്കുമ്പോള്‍ അവര്‍ ആളുകളെ കഠിനമായി പീഡിപ്പിക്കുന്നു എന്നും ഫറോവയെപ്പറ്റി നിശ്ചയമായും ഫറോവ ഭൂമിയില്‍ ഞെളിഞ്ഞു നടക്കുകയും ജനതയെ തട്ടുകളാക്കുകയും അവരില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുകയും ചെയ്തു എന്നും പറയുന്നത് ശ്രദ്ധിക്കുക. അധഃസ്ഥിതരുടേയും ആദര്‍ശവാന്മാരുടേയും വിജയത്തെക്കുറിച്ച സുവാര്‍ത്തയും ഖുര്‍ആന്‍ അറിയിക്കുന്നു.
സമൂഹത്തില്‍ ഒരു വിഭാഗം അധീശത്വം കൈയടക്കുകയും സമൂഹം അവരുടെ അധര്‍മങ്ങള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നതോടെ ആ സമൂഹത്തിന്റെ തന്നെ നാശത്തിനുള്ള വഴി തുറക്കപ്പെടുന്നു.”’ഒരു നാടിനെ നാം നശിപ്പിക്കാനുദ്ദേശിച്ചാല്‍, അതിലെ സുഖലോലുപന്മാരെ അധികാരികളാക്കുന്നു. അവര്‍ ധിക്കാരം പ്രവര്‍ത്തിക്കുകയും അങ്ങനെ നമ്മുടെ കല്‍പന അവരില്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നതോടെ അതിനെ നാം തകര്‍ത്തു കളയുന്നു” (ബനീ ഇസ്‌റാഈല്‍: 16).

അന്യായമായ അധികാര വ്യവസ്ഥയേയും അധര്‍മങ്ങളേയും ചോദ്യം ചെയ്തവരാണ് പ്രവാചകന്മാര്‍. ഒട്ടകരോമം കൊണ്ടുള്ള കുപ്പായം ധരിച്ച് കാട്ടുതേനും വെട്ടുകിളികളേയും ഭക്ഷിച്ച് ദൈവത്തേയും പരലോകത്തേയും കുറിച്ച ബോധനം നടത്തി യോര്‍ദാന്‍ നദിയില്‍ ജനങ്ങളെ ജ്ഞാനസ്‌നാനം ചെയ്യിച്ച സ്‌നാപക യോഹന്നാന്‍ അധികാരികളേയും പുരോഹിതന്മാരേയും സര്‍പ്പസന്തതികളെന്നു വിളിച്ചു. അക്രമത്തിനും അഴിമതിക്കും എതിരെ ശബ്ദമുയര്‍ത്തിയ വിപ്ലവകാരിയായ ആ പ്രവാചകനെ അധികൃതര്‍ ഭയന്നു. രാജാവായ ഹെരോദാ അന്തിപ്പാസ് അദ്ദേഹത്തെ ജയിലിലടച്ചു. ഒരു ആട്ടക്കാരിയുടെ അഭീഷ്ടപ്രകാരം അദ്ദേഹത്തിന്റെ തല കൊയ്ത് താലത്തിലാക്കി അവള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. യോഹന്നാനില്‍ നിന്ന് സ്‌നാനമേറ്റ യേശു മിശിഹാ അദ്ദേഹം നിര്‍ത്തിയേടത്ത് നിന്ന് തുടര്‍ന്നു. നീതിയുടേയും വിമോചനത്തിന്റേയും സുവിശേഷമറിയിച്ച യേശുവിന്റെ ദൈവരാജ്യത്തെ മുഹമ്മദ് നബി സാക്ഷാത്കരിക്കുകയും ചെയ്തു.

(ഈ കുറിപ്പുകാരൻ രചിച്ച “ബുദ്ധൻ, യേശു, മുഹമ്മദ് -ലോകമതങ്ങളെപ്പറ്റി ഒരു പുസ്തകം” എന്ന കൃതിയിൽ നിന്ന്)

ഖുർആൻ വ്യാഖ്യാനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ അഥവാ ജീവിതത്തിന്റെ ആധാരമൂല്യങ്ങൾ ഖുർആനിൽ

knowledge2

വിശുദ്ധ ഖുർആനാണല്ലോ ഇസ്ലാമിന്റെ അടിത്തറ. അതാണ് ഇസ്ലാമിന്റെ പ്രമാണം. ബാക്കിയുള്ളതെല്ലാം അതിന് വിധേയമായോ അതിന്റെ കീഴിലോ മാത്രം പരിഗണിക്കപ്പെടേണ്ടതാണ്.

ഏതൊരു ഗ്രന്ഥത്തിലെയും പാഠങ്ങളെ മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അത് മുന്നോട്ടു വെക്കുന്ന മൌലികാശയങ്ങളിൽ നിന്നു കൊണ്ടാണ്. അടിസ്ഥാനപരമായി അത് മുന്നോട്ടു വെക്കുന്ന മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി അതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. അഥവാ ഒരു ഗ്രന്ഥം സ്വയം തന്നെ മുന്നോട്ടു വെക്കുന്ന അടിസ്ഥാന തത്വങ്ങൾക്ക് നിരക്കാത്ത നിലപാടുകൾ അതു തന്നെ സ്വീകരിക്കുന്നുണ്ടെങ്കിൽ അത് അതിന്റെ ന്യൂനതയായാണ് വിലയിരുത്തപ്പെടേണ്ടത്.

ഖുർആൻ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിന് കൃത്യമായ ചില മാനദണ്ഡങ്ങൾ (Criteria) ഖുർആൻ തന്നെ മുന്നോട്ടു വെക്കുന്നുണ്ട്. ചിലത് ചില തത്വങ്ങളാണെങ്കിൽ മറ്റു ചിലത് സനാതനമായ ചില മൂല്യങ്ങളാണ്. ആയിത്തീരേണ്ടവനാണ് മനുഷ്യൻ എന്നതാണ് വേദകാഴ്ചപ്പാട്. ജനിതകമായുള്ളത് മനുഷ്യ രൂപം മാത്രമാകുന്നു. ആ രൂപത്തിൽ മനുഷ്യൻ എന്ന തത്വത്തെ നിർമിക്കാൻ അവന്റെ തന്നെ പരിശ്രമം അനിവാര്യമാകുന്നു. ഇപ്രകാരം മനുഷ്യനായിത്തീരുന്നതിനും അതേവിധം നിലനിൽക്കുന്നതിനും അനിവാര്യമായും മുറുകെപ്പിടിക്കേണ്ടതായ മൂല്യങ്ങളെയാണ് ഇവിടെ സനാതനം എന്ന് വിശേഷിപ്പിച്ചത്. ഈ  തത്വങ്ങളിലും മൂല്യങ്ങളിലും തന്നെയാണ് ഭൂമിയിൽ ജീവിതം പടുക്കാനും ഖുർആൻ നിർദ്ദേശിച്ചത് എന്നതിനാൽ ഇവയെ ഇസ്ലാമിന്റെ ജീവിതദർശനത്തിന്റെ അടിസ്ഥാനങ്ങളായി പരിഗണിക്കാവുന്നതാണ്.

ഈ അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും ലഘുവായി ഒന്ന് അവലോകനം ചെയ്യാം.

1) യുക്തിബോധം
മനുഷ്യൻ എന്ന നിലയിലുള്ള ജീവിതത്തിനും പ്രവർത്തനങ്ങൾക്കും വേണ്ടി ദൈവം നൽകിയ ആദ്യത്തെ ടൂൾ ജ്ഞാനമാണ്. ഹോമോ സേപിയൻ എന്ന ജീവജാതിയെ മനുഷ്യൻ എന്ന നിറവിലേക്ക് അല്ലാഹു ഉയർത്തിയത് അസ്മാഅ് പഠിപ്പിച്ചു കൊണ്ടാണ് (സൂറ അൽബഖറഃ 31). അസ്മാഅ് (പേരുകൾ, Names) എന്ന പ്രയോഗം തന്നെ ചിന്തയുടെ കൊടുമുടിയിലേക്ക് നമ്മെ നയിക്കുന്നുണ്ട്. അത് ജ്ഞാനത്തിന്റെ വിനിമയത്തെ (Conveyance of Knowledge) സൂചിപ്പിക്കുന്ന ഒന്നാണ്. പേരുകൾ ഭാഷയുമായാണ് ബന്ധപ്പെടുന്നത്. പേരുകളിൽ നിന്നാണ് ഭാഷയുടെ ഉൽഭവം എന്നു പറയാം. അറിവിന്റെയും ആശയങ്ങളുടെയും ശേഖരണവും കൈമാറ്റവുമാണല്ലോ ഭാഷയുടെ ഉദ്ദേശ്യം.

logical-reasoning-

അതിനുമപ്പുറം അസ്മാഅ് എന്നത് മനുഷ്യന്റെ താർക്കികമായ, യുക്ത്യധിഷ്ഠിതമായ അപഗ്രഥന ശേഷിയെ (Man’s Faculty of Logical Definition) സൂചിപ്പിക്കുന്നു. തത്വചിന്തയിൽ ഇതിനെയാണ് ലോഗോസ് എന്നു പറയുക. പേരുകൾ എന്നത് ഓരോന്നിന്റെയും വിശേഷങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതായത് ഓരോന്നിന്റെയും സൂക്ഷ്മവും ലോജിക്കലുമായ അപഗ്രഥനത്തെ (Reasoning). ഓരോന്നിനെയും സവിശേഷങ്ങളായി കണ്ട് തിരിച്ചറിയാനുള്ള ശേഷിയുമാണത്.

ഇവിടെ ഓരോന്നിനെയും അപഗ്രഥിക്കാനുള്ള മനുഷ്യന്റെ വൈഭവത്തെ അംഗീകരിക്കുകയും ആദരിക്കുകയുമാണ് ഖുർആൻ ചെയ്യുന്നതെന്ന് വ്യക്തം. ഇത് എല്ലാത്തിനെയും അപ്രകാരം അപഗ്രഥിക്കുന്നതിനുള്ള ആഹ്വാനവും കൂടിയാണ്. ജീവിതത്തെ വായിക്കുന്നതിൽ മനുഷ്യന് നൽകപ്പെട്ട ഒന്നാമത്തെ ടൂൾ ഇതായതിനാൽ വിശുദ്ധ ഖുർആനിനെ വായിക്കുന്നേടത്തും ഒന്നാമതായി വരേണ്ട മാനദണ്ഡം ഇതു തന്നെ. അല്ലാഹുവിന്റെ ആയത്തുകൾക്കു മേൽ മൂകരും അന്ധരുമായി അടയിരിക്കുകയല്ല വേണ്ടതെന്ന് ഇബാദു റഹ്മാന്റെ (കരുണയുടെ ഉടയവനായ അല്ലാഹുവിന്റെ അടിയാറുകൾ) ലക്ഷണങ്ങൾ പറയുമ്പോൾ സൂറ അൽഫുർഖാനിൽ പ്രഖ്യാപിക്കുന്നുണ്ട്.

2) ദ്വന്ദ്വാത്മകത
ഖുർആൻ അതിന്റെ അനുയായികളെ ഉമ്മതുൻ വസത്വ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആത്യന്തികമായ രണ്ടറ്റങ്ങൾക്കും മധ്യേയുള്ളത് എന്നതാണ് വസത്വ് കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഖുർആന്റെ വിശകലന രീതി ഇതു തന്നെയാണ്. വസത്വിയ്യ എന്നത് ഖുർആന്റെ ദാർശനിക നിലപാടാണെന്ന് മനസ്സിലാക്കാം. ഈ ദ്വന്ദ്വാത്മകതയ്ക്ക് (Dialecticism) പ്രകൃതിയെയും ചരിത്രത്തെയും ജീവിതത്തെയും വ്യാഖ്യാനിക്കാനും ശരിയായ മാർഗദർശനത്തിലൂടെ നിലപാടുകളെ രൂപപ്പെടുത്താനുമുള്ള ശേഷിയുണ്ട്. എല്ലാ അതിവാദങ്ങളെയും വസത്വിയ്യ എന്ന ദർശനം നിരാകരിക്കുന്നു. എല്ലാത്തിന്റെയും നന്മകളെ അത് സ്വാംശീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ താൽപര്യങ്ങളെയും വ്യക്തിയുടെ അഭിനിവേശങ്ങളെയും അത് ഒരുപോലെ ഉൾക്കൊള്ളുന്നു.

dialecticism

ഡയലക്ടിക്കലായ സമീപനം ഒരു പ്രത്യയശാസ്ത്രം എന്ന നിലക്കു കൂടി ഇസ്ലാമിനെ ഉയർത്തിപ്പിടിക്കുന്നു. കാരണം അത് സമഗ്രാവബോധത്തിലേക്കാണ് മനുഷ്യധിഷണയെ നയിക്കുക. ഇതിലൂടെ ജീവിതത്തെ ശരിയായും മുഴുവനായും സമീപിക്കുന്ന സമഗ്രതയുള്ള ദർശനമായി ഇസ്ലാം മാറുന്നു.

3) ക്രമപ്രവൃദ്ധമായ ജ്ഞാനവും നിലപാടുകളും 
ലതർകബുന്ന ത്വബഖൻ അൻ ത്വബഖ് എന്നാണ് മനുഷ്യജീവിതത്തെപ്പറ്റി ഖുർആൻ (സൂറ അൽ ഇൻശിഖാഖ്) പറയുന്നത്. ജീവിതം പടിപടിയായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് എന്നർത്ഥം. ഈ ഓരോ പടി കയറുമ്പോഴും പുതിയ അനുഭവങ്ങളുണ്ടാവുകയും ആ അനുഭവങ്ങൾ പുതിയ അനുഭൂതികളും പുതിയ അറിവുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. 
 ജീവൻ മനുഷ്യനിലേക്കെത്തിയതും മനുഷ്യൻ ഇന്നത്തെ ജീവിതത്തിലേക്കെത്തിയതുമൊക്കെ ഇപ്രകാരം ക്രമപ്രവൃദ്ധമായിത്തന്നെയാണ്. അതിനാൽത്തന്നെ ആശയങ്ങൾ കാലാനുസൃതമായി വികസിക്കുക എന്നത് അനിവാര്യമാകുന്നു. മുകളിലെ പടി ചവുട്ടുന്നത് തികച്ചും  പുതിയ അനുഭവമാണ്. ഇതിലേക്കെത്തിയാലേ ഇതും ഇതിലുള്ളതും എന്താണെന്ന തിരിച്ചറിവുണ്ടാകൂ. താഴത്തെ പടിയിൽ നിന്നു കൊണ്ട് പറഞ്ഞ വർത്തമാനങ്ങളിൽ പലതും അവിടെ പ്രസക്തമാവാതെ പോവും.
നബിയുടെയും സ്വഹാബിമാരുടെയും ജീവിതത്തോടും സന്ദർഭങ്ങളോടും ഇടപെട്ടു കൊണ്ടാണ് ഖുർആൻ അതിന്റെ അവതരണം പൂർത്തീകരിച്ചത്. സ്വാഭാവികമായും ഏതു കാലത്തെയും അനുഭവങ്ങളോടും സന്ദർഭങ്ങളോടും സംവദിക്കാൻ അതിന് കഴിയണം. ഖുർആനിനെക്കുറിച്ച ജ്ഞാനത്തിലും അതിനോടുള്ള സമീപനത്തിലും ഈയൊരു ബോധം പ്രധാനമാണ്.

4) സാമൂഹിക നീതി
നീതിക്കു വേണ്ടി നിലകൊള്ളണമെന്നാണ് ഖുർആന്റെ കൽപന. ഒരു കാര്യത്തിൽ ഉറച്ച്, അതിൽത്തന്നെയും അതിനു വേണ്ടിത്തന്നെയും നിലകൊള്ളുന്നതിനാണ് അഖീമു എന്ന കൽപന ക്രിയ ഉപയോഗിക്കാറുള്ളത്. നാല് കാര്യങ്ങളിൽ ഖുർആൻ ഈ പ്രയോഗം നടത്തിയതു കാണാം. അഖീമുദ്ദീൻ എന്നതാണ് അതിലൊന്ന്. അദ്ദീൻ എന്നാൽ മാർഗങ്ങളിൽ ഏറ്റവും ശരിയായ മാർഗം. സത്യധർമം എന്ന് വിവർത്തനം ചെയ്യാം. ഈ മാർഗത്തോടുള്ള പ്രതിജ്ഞാബദ്ധതയെ അല്ലാഹു അഖീമുശ്ശഹാദ എന്നും കൽപിച്ചിരിക്കുന്നു. ഉറച്ച ബോധ്യം തന്നെയാണ് സത്യധർമപ്രാപ്തിയുടെ ശരിയായ ആധാരം. അതിനാൽ ബോധ്യത്തിൽ, ബോധ്യത്തിന്റെ സാക്ഷ്യപ്പെടുത്തലിൽ നില കൊള്ളണമെന്നാണ് ഖുർആൻ കൽപിച്ചത്. മൂന്നാമതായി അല്ലാഹു അഖീമുസ്സ്വലാ എന്നു കൽപിച്ചിരിക്കുന്നു. സത്യധർമം അംഗീകരിക്കുന്നതിലൂടെ തന്റെ മേൽ വരുന്ന സകല ഉത്തരവാദിത്തങ്ങളിലും ശരിയായി നില കൊള്ളുക എന്ന ആശയം അതിലുണ്ട്. പിന്നെയുള്ളത് അഖീമുൽ വസ്ൻ എന്നതാണ്. അഖീമുൽ വസ്ന ബിൽ ഖിസ്ത് എന്നാണ് പ്രയോഗം. അളവുകളെ നീതിപൂർവം നിലനിർത്തണം എന്നർത്ഥം. അതായത്, മാനദണ്ഡങ്ങൾ നീതിപൂർവകമാകണം.

justice

അല്ലാഹു നിങ്ങളോട് കൽപിക്കുന്നത് നീതിയും നന്മയും ബന്ധുബാധ്യതകളുമാണെന്ന് സൂറഃ അന്നഹ്ൽ തൊണ്ണൂറാം മന്ത്രത്തിൽ പറയുന്നു.

സ്വാഭാവികമായും ഏതൊരു കാര്യത്തിലും വിശുദ്ധ ഖുർആന്റെ ഏറ്റവും ശരിയായ വ്യാഖ്യാനം (ഉപവ്യാഖ്യാനം എന്നു പറയും സംസ്കൃതത്തിൽ, ഉപ എന്നു പറഞ്ഞാൽ ഏറ്റവും അടുത്തു നിൽക്കുന്നത് എന്നർത്ഥം) നീതിയോടും മനുഷ്യാവകാശങ്ങളോടും ഏറ്റവും അടുത്തു നിൽക്കുന്ന പാഠമായിരിക്കും. അത് ഖുർആൻ തന്നെ നേർക്കു നേരെ പ്രഖ്യാപിച്ചതുമാണ്. ഇഅ്ദിലൂ ഹുവ അഖ്റബു ലിത്തഖ് വാ (നീതിയിൽ നിലകൊള്ളുക, അതാണ് സൂക്ഷ്മതയോട് വളരെയടുത്തു നിൽക്കുന്നത്). വ്യത്യസ്ത തരക്കാരും സാമൂഹികമായി വ്യത്യസ്ത തട്ടുകളിൽ നിൽക്കുന്നവരുമായിരിക്കും എല്ലാക്കാലത്തും മനുഷ്യൻ. ഈ വൈജാത്യങ്ങളെ, ലിംഗപരമായ വൈജാത്യങ്ങളുൾപ്പെടെ പരിഗണിച്ചു കൊണ്ടുള്ളതല്ലാത്ത അക്ഷരവ്യാഖ്യാനങ്ങൾ കൊണ്ട് കാര്യമില്ല. അക്ഷരവ്യാഖ്യാനം സ്വീകരിച്ചാൽ ഖുർആന്റെ ആധാരത്തിൽത്തന്നെ തനിവംശീയതയും വിവേചനവും അതിൽത്തന്നെ കണ്ടെത്താൻ നാം നിർബ്ബന്ധിതരായിത്തീരും. അഅ്റാബ് എന്നതിന് നാം പൊതുവേ നൽകാറുള്ള അർത്ഥം ഉദാഹരണം. കാട്ടറബികൾ എന്നതാണല്ലോ നമ്മുടെ പരിഭാഷയും വ്യാഖ്യാനവും. ഇതിനെ ഈ അർത്ഥത്തിലാണ് വിപുലപ്പെടുത്തുന്നതെങ്കിൽ അത് തികഞ്ഞ വംശീയാധിക്ഷേപമായിരിക്കും. ലാ യസ്ഖർ ഖൌമുൻ മിൻ ഖൌമിൻ (ഒരു ഖൌമും, സമുദായവും മറ്റൊരു ഖൌമിനെ അധിക്ഷേപിക്കരുത്) എന്ന് കർക്കശമായാജ്ഞാപിച്ച വിശുദ്ധ ഖുർആൻ അഅ്റാബ് എന്ന് അന്നത്തെ നാഗരിക അറബികൾ ആക്ഷേപിച്ചിരുന്ന കാട്ടറബികളെക്കുറിച്ച വംശീയ പരാമർശമല്ല ഇവിടെ നടത്തുന്നത്. ഇവിടെ അഅ്റാബ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് വിവേകശൂന്യരായ ആളെകളെയാണ്. എന്നിട്ട് പടച്ചവൻ പറയുന്നത് കാര്യങ്ങളുടെ മർമം തിരിയാത്തതു കൊണ്ട്, ഫിലോസഫി തിരിയാത്തതു കൊണ്ട് അവരെ മുഅ്മിനുകൾ എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല, എന്നാൽ അവർ മുസ്ലിംകളാണ്. അന്നിലക്കുള്ള അവരുടെ സൽക്കർമങ്ങൾ ആദരവർഹിക്കുന്നതുമാണ് എന്നതാണ്. ഇതുപോലെ യൂദന്മാരെക്കുറിച്ച ഖുർആന്റെ നിരൂപണങ്ങളെ വംശീയമനസ്സോടു കൂടി വ്യാഖ്യാനിക്കാം. എന്നാലോ, നിങ്ങളോട് ശത്രുതയുള്ളവരോടു പോലും നീതി കാണിക്കണം എന്ന, ഖുർആന്റെ കൽപനയിൽ നിന്ന് അത് വളരെ ദൂരെ മാറിനിൽക്കും.

വിവാഹപ്രായം, തങ്ങൾക്ക് അധികാരമേൽപിക്കപ്പെട്ട ആളുകൾ (മാ മലകത് ഐമാൻ) തുടങ്ങി ഇന്ന് ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിവാദവിഷയങ്ങളിലും ഇതേ മാനദണ്ഡങ്ങളാണ് ബാധകമാവുക. ഇന്ന പ്രായത്തിലാണ് വിവാഹം കഴിക്കേണ്ടത് എന്ന നിയമം ഖുർആനിലില്ല. എന്നാൽ വിവാഹ പ്രായം എന്ന ആശയം അത്  മുന്നോട്ടു വെക്കുന്നുണ്ട്. സൂറഃ അന്നിസാഅ് ആറാം മന്ത്രത്തിൽ വിവാഹപ്രായം വരെ പരിരക്ഷിച്ചതിനു ശേഷം ആ സമയത്ത് അവർക്ക് റുശ്ദ് (പക്വത) കൈവന്നാൽ അവരുടെ സമ്പത്ത് അവർക്ക് നൽകുക എന്ന് കൽപിക്കുന്നുണ്ട്. ഈ നിയമത്തിൽ ചില കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. 1) വിവാഹ പ്രായം (ബുലൂഗുന്നികാഹ്) എന്ന ഒന്നുണ്ട്. 2) അവർ പക്വത (റുശ്ദ്) കൈവരിക്കുന്ന സമയമാണത്. 3) അവർ കൈവരിക്കുന്ന റുശ്ദിന്റെ പ്രധാന അടയാളം അവരുടെ സമ്പത്ത് കൈകാര്യം ചെയ്യാനുള്ള കാര്യപ്രാപ്തി നേടുക എന്നതാകുന്നു.

ഇവിടെ ഖുർആൻ പ്രായോഗിക പക്വതയെ മാത്രമാണ് വിഷയാനുബന്ധം എന്ന നിലക്ക് പറഞ്ഞിട്ടുള്ളൂവെങ്കിലും റുശ്ദ് എന്നതിന് മറ്റ് മാനങ്ങളുമുണ്ട്. അതിബലവത്തായ കരാർ (മീഥാഖുൻ ഗലീള്) ആണ് വിവാഹം. കരാറിലേർപ്പെടുന്ന കക്ഷികളുടെ പൂർണമായ സമ്മതം ഇതിന്റെ നിബന്ധനയാകുന്നു. സ്വാഭാവികമായും സമ്മതിക്കാനുള്ള അഥവാ തീരുമാനമെടുക്കാനുള്ള ശേഷി, മാനസിക പക്വത റുശ്ദിന്റെ അടയാളമാണ്. അതോടൊപ്പം വിവാഹം എന്നത് ലൈംഗികതയും സന്തത്യുൽപാദനവും ഉദ്ദേശ്യമായിട്ടുള്ള ഏർപ്പാടായതിനാൽ ശാരീരിക പക്വത എന്നതും അതിന്റെ ഭാഗമാകുന്നു. ഖുർആൻ തന്നെ മുന്നോട്ടു വെക്കുന്ന ഈ തത്വം മനസ്സിൽ വെച്ചു  കൊണ്ടു വേണം ഇവ്വിഷയകമായി വന്നിട്ടുള്ള റിപ്പോർട്ടുകൾ തള്ളുന്നതും കൊള്ളുന്നതും. ആയിശയെ നബി വിവാഹം കഴിക്കുന്ന സമയത്ത് അവരുടെ പ്രായം എന്തായിരുന്നു എന്ന ചർച്ചയ്ക്കുപരിയായി വിവാഹത്തെസ്സംബന്ധിച്ച ഖുർആന്റെ നിലപാടും നിയമവും ഇതാണ് എന്ന തിരിച്ചറിവാണ് വേണ്ടത്. അതേസമയം പലരും ആയിശയുടെ പ്രായത്തെക്കുറിച്ച  റിപ്പോർട്ടും മകളെ വിവാഹം  കഴിപ്പിച്ചു  കൊടുക്കുന്നതിൽ രക്ഷിതാവിന്റെ ബാധ്യത, വിവാഹക്കരാറിന്റെ കാര്യത്തിൽ അയാളിലേൽപിക്കപ്പെടുന്ന വിലായത്ത് (രക്ഷാകർതൃത്വം) എന്നിങ്ങനെ വിവാഹത്തിന്റെ രീതിയെക്കുറിച്ച  നിയമങ്ങളും വെച്ചു കൊണ്ട് പെണ്ണിന്റെ തീരുമാനം ഇക്കാര്യത്തിൽ നിബന്ധനയല്ലെന്നും ഏത് ശൈശവ പ്രായത്തിലും അവളെ അവളോടാലോചിക്കാതെ  വിവാഹം ചെയ്തു കൊടുക്കാൻ രക്ഷിതാവിനധികാരമുണ്ടെന്നും വാദിക്കുന്നു. ഇത് ഖുർആൻ ശക്തമായി കൽപിക്കുന്ന നീതി എന്ന ആശയത്തിനും പെണ്ണിന് അത് നൽകുന്ന കർതൃത്വാവകാശത്തിനും വിരുദ്ധമാണെന്ന്, ഖുർആൻ വിരുദ്ധമാണെന്ന് അവർ ചിന്തിക്കുന്നില്ല.

ഇതു പോലെ മാ മലകത് ഐമാൻ (വലംകൈ ഉടമപ്പെടുത്തിയവർ എന്ന് വാക്കർത്ഥം, അധീനത്തിൽ വന്നവരെയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്) എന്ന് ഖുർആൻ പറയുന്നത് അടിമയടമത്തവുമായി ബന്ധപ്പെടുത്തുകയും അടിമത്തം എന്നതിൽ അടിസ്ഥാനപരമായി ഇസ്ലാം തെറ്റൊന്നും കാണുന്നില്ല എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അധീശത്വം അല്ലാഹുവിനു മാത്രമാണെന്നും ഉടമാവകാശം ഭൂമിയിലാർക്കും വക വെച്ചു കൊടുക്കരുതെന്നും ആദർശപാഠമായി പഠിപ്പിക്കുന്ന, ഫഖു റഖബ (മനുഷ്യരുടെ കഴുത്തുകളെ ബന്ധന വിമുക്തമാക്കൽ) അല്ലാഹുവിലേക്കുള്ള പാതയിലെ ഒന്നാമത്തെ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്ന വിശുദ്ധ ഖുർആനോട് കാണിക്കാവുന്ന ഏറ്റവും വലിയ അനാദരവായിരിക്കും അത്. സത്യത്തിൽ ഈ പ്രയോഗം വരുന്നത് യുദ്ധത്തടവുകാരുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാര്യത്തിലാണ്. അവർ അല്ലാഹുവിന്റെ മാത്രം അടിമകളാണെന്നിരിക്കേ, നിങ്ങളവരെ അടിമകളായി പരിഗണിക്കരുത് എന്ന് നബി തിരുമേനി പ്രത്യേകം ഉണർത്തുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം യുദ്ധത്തടവുകാർ എന്നത് അന്തർദ്ദേശീയ നിയമങ്ങളും കരാറുകളുമൊക്കെയായി ബന്ധപ്പെട്ട സംവർഗമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിനനുസൃതമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും അവർ അടിമകളല്ലെന്നു തന്നെയാണ് പറയുന്നത്. അവർ നിങ്ങളുടെ കീഴിൽ വന്നവർ മാത്രമാണ്. അവരോടുള്ള പെരുമാറ്റം പോലും ആദരപൂർവമാകണം എന്നു തന്നെ നബി തിരുമേനി കൽപിക്കുന്നുണ്ട്.

equity

അദ്ൽ എന്നും ഖിസ്ത് എന്നും ഖുർആൻ പ്രയോഗിക്കുന്നുണ്ട്. സാമൂഹിക നീതി എന്നു തന്നെയാണ് അദ്ൽ എന്ന പദം അർത്ഥമാക്കുക. ഖിസ്ത് എന്നാൽ തുല്യത (Equity) കൂടിയാണ്. ലിംഗപദവിയുടെ കാര്യത്തിൽ ജെൻഡർ ഇക്വിറ്റിയല്ല, ജെൻഡർ ജസ്റ്റിസ് ആണ് ഖുർആൻ നിർദ്ദേശിക്കുന്നത് എന്ന് ചിലർ വാദിക്കുന്നതു കാണാറുണ്ട്. ജസ്റ്റിസ്, ഇക്വിറ്റി എന്നീ പദങ്ങളുടെ താൽപര്യങ്ങളറിയാത്തതു കൊണ്ടുള്ള വർത്തമാനങ്ങളാണ്. അല്ലാഹുവിനോടും അവന്റെ അടിയാറുകളോടും (അത് ആണായാലും പെണ്ണായാലും) ഉള്ള സമീപനങ്ങളിൽ ഖിസ്ത് നിലനിർത്താനാണ് അല്ലാഹുവിന്റെ കൽപന. അഖീമുൽ വസ്ന ബിൽ ഖിസ്ത് എന്ന വാക്യം മുകളിൽ ഉദ്ധരിച്ചുവല്ലോ. ഇതിന് സോപാധികത്വമില്ല.

5) നന്മ
ഖുർആൻ അതിന്റെ അനുയായികൾക്കു മേൽ ചുമത്തുന്ന പ്രധാന ബാധ്യത അംറുൻ ബിൽ മഅ്റൂഫി വ നഹ് യുൻ അനിൽ മുൻകർ (നന്മയുടെ സ്ഥാപനവും തിന്മയുടെ വിപാടനവും) ആണ്. സമൂഹത്തെ ധാർമികമായും നാഗരികമായും പുരോഗമനത്തിലേക്ക് നയിക്കുന്ന ആശയങ്ങളെയും തീർപ്പുകളെയും നന്മ എന്ന് പരിഗണിക്കാം. അതേസമയം അധോഗമനത്തിലേക്ക് മനുഷ്യവംശത്തെ വഴി നടത്തുന്ന എന്തും തിന്മയാണ്. ഓരോ സമൂഹത്തിനും ഓരോ ദിശയും ലക്ഷ്യസ്ഥാനവുമുണ്ടെന്നും മുസ്ലിം സമൂഹത്തിന് അത് നന്മയാണ് എന്നും (ലി കുല്ലിൻ വിജ്ഹതുൻ ഹുുവ മുവല്ലീഹാ, ഫസ്തബിഖുൽ ഖൈറാത്) ഖുർആൻ പ്രഖ്യാപിക്കുന്നു. നന്മയാണ് യഥാർത്ഥ ഖിബ് ല എന്നർത്ഥം. അങ്ങോട്ടേക്ക് മുഖം തിരിക്കണം, അങ്ങോട്ടേക്ക് മുന്നേറണം. ഇപ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വേണം ഖുർആനെ വായിക്കാനും വ്യാഖ്യാനിക്കാനും. ഇതിന്റെ ആധാരത്തിൽ വേണം നിലപാടുകൾ രൂപപ്പെടുത്താൻ. ഇതിന്റെ അടിസ്ഥാനത്തിൽ വേണം മറ്റ് വിഭാഗങ്ങളുമായി സഹകരിക്കാനും.

നന്മ ചെയ്യണമെന്നു മാത്രമല്ല, നന്മ ഏറ്റവും ഉത്തമമായി ചെയ്യണം എന്നും ഖുർആൻ കൽപിക്കുന്നു. മുകളിൽ നീതിയുടെ ഭാഗം വിശദീകരിക്കുമ്പോൾ ഉദ്ധരിച്ച, സൂറ അന്നഹ് ലിലെ ആയത്തിൽ നീതിയോടൊപ്പം പറയുന്നത് ഇഹ്സാൻ എന്നാണ്. ഏറ്റവും നല്ലത്, ഏറ്റവും ശരിയായ രീതിയിൽ ചെയ്യുന്നതിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നു പറയാം.

6) അക്ലിഷ്ടത
അതിഗഹനമെങ്കിലും സരളവും ലളിതവുമാണ് ഖുർആൻറെ ജീവിതപാഠങ്ങൾ. അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, പ്രയാസമല്ല എന്ന് ഖുർആൻ വ്യക്തമായിപ്പറയുന്നു. നിങ്ങൾ ഞെരുക്കമുണ്ടാക്കരുത്, മറിച്ച് എളുപ്പമുണ്ടാക്കുവിൻ എന്ന് നബിതിരുമേനി ഉപദേശിച്ചതായി കാണാം. ഭയപ്പെടുത്തരുത്, സന്തോഷവാർത്തയറിയിക്കുവിൻ എന്ന് ഇതോടു കൂടെച്ചേർത്ത് അവിടുന്നു പറഞ്ഞു.

7) കരുണയും ഗുണകാംക്ഷയും
നഗരവാസികളോട് ഹിത്വ എന്നു പറഞ്ഞു കൊണ്ട് (വിട്ടുവീഴ്ചയും ഗുണകാംക്ഷയും പ്രഖ്യാപിച്ചു കൊണ്ട്) വേണം നിങ്ങളുടെ നഗരപ്രവേശം എന്നാണ് വിശുദ്ധ ഖുർആന്റെ കൽപന. ഈ ഗുണകാംക്ഷയും വിട്ടു വീഴ്ചയും ഖുർആനെ വായിക്കുന്നേടത്തും വ്യാഖ്യാനിക്കുന്നേടത്തും അടിസ്ഥാനങ്ങളായി വരണം. അല്ലാഹു കരുണയെ തന്റെ മേൽ സ്വയം ബാധ്യതയാക്കിയിരിക്കുന്നു എന്നാണ് വേദഗ്രന്ഥം പ്രഖ്യാപിക്കുന്നത്. ദൈവത്തിന്റെ ഈ കരുണാഭാവത്തെ ലോകത്തിന് വെളിവാക്കുന്ന സ്വഭാവത്തിലല്ലാതെ ഖുർആൻ വായിക്കപ്പെടരുത്, വ്യാഖ്യാനിക്കപ്പെടരുത്.

8) വിശാലത

ഹൃദയവിശാലത (ശറഹു സ്വദർ) എന്നത് സാമൂഹികമായ ഇടപെടലിന്റെ അനിവാര്യമായ ഉപാധികളിലൊന്നായിത്തന്നെ പ്രവാചകന്മാർ മനസ്സിലാക്കിയിരുന്നു. ഫിർഔനുമായി സംവാദത്തിലേർപ്പെടാൻ കൽപിക്കപ്പെട്ട ഉടനെ മൂസാ നബി  ആദ്യം പ്രാർത്ഥിച്ചത് ശബ്ബിശ്ശ്രഹ്ലീ സ്വദ് രീ (എന്റെ മനം തുറന്നു വിശാലമാക്കിത്തരണേ നാഥാ) എന്നാകുന്നു. മുഹമ്മദ് നബിയുടെ മനോവിശാലതയെപ്പറ്റി അശ്ശർഹ് എന്ന സൂറയിൽ അല്ലാഹുവിന്റെ അനുഗ്രഹം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ചുറ്റുപാടുകളോടും സഹജീവികളോടും സഹചരന്മാരോടുമൊക്കെയുള്ള ഹൃദയ വിശാലത എന്ന തത്വത്തിന് നിരക്കാത്ത വ്യാഖ്യാനങ്ങളെ ഖുർആൻ സ്വയം സ്വീകരിക്കുകയില്ല എന്നാണ് ചിന്തിക്കേണ്ടത്. .

ഇപ്പറഞ്ഞ തൂണുകൾക്കു മേലാണ് വിശുദ്ധ ഖുർആന്റെ പാഠങ്ങളെക്കുറിച്ച വ്യാഖ്യാനങ്ങളെ നാം ഉണ്ടാക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അതിന് ചിന്തയുടെ തന്നെ ആധാരങ്ങളായി ഇവ മാറേണ്ടതുണ്ട്.

ഈ തൂണുകൾക്കു മേൽ നിലകൊള്ളുമ്പോൾ ഖുർആന്റെ പ്രായോഗിക മാതൃകകളായി നാം പരിഗണിക്കുന്ന, പ്രവാചക ജീവിതത്തെയും പ്രവാചകന്റെയും അനുചരന്മാരുടെയും നിലപാടുകളെയും സംബന്ധിച്ച രേഖകളെക്കുറിച്ച ശരിതെറ്റുകളെപ്പറ്റി ശരിയായ അവബോധം രൂപപ്പെടും. ഈ അവബോധത്തെയും ഖുർആന്റെ ഭാഷയിൽ തഖ് വ എന്നു പറയാം. ഇതിന്മേൽ കെട്ടിപ്പടുക്കണം വിശുദ്ധ വേദത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയും പ്രബോധനങ്ങളെയും. അതായിരിക്കും അതിനോട് ഏറ്റവും അടുത്തു നിൽക്കുന്ന വ്യാഖ്യാനം (തസ്യോപവ്യാഖ്യാനം).

മാംസവും ചെകുത്താനും അഥവാ മതത്തിലെ സ്ത്രീവിരുദ്ധ പാരമ്പര്യങ്ങൾ

3542201058_6653d994e2_z
വേദഗ്രന്ഥങ്ങളിലെ, വിലക്കപ്പെട്ട കനിയെക്കുറിച്ച വര്‍ത്തമാനത്തെ ലൈംഗികതയുമായിച്ചേര്‍ത്ത്‌ വ്യാഖ്യാനിച്ചത്‌ മതത്തിന്റെ പാഠങ്ങളിൽ സൃഷ്ടിച്ച വലിയ അട്ടിമറികളിലൊന്നായിരുന്നു. മനുഷ്യ ജീവിതത്തിലെ നന്മതിന്മകളെക്കുറിച്ച പ്രതീകാത്മക ബോധനമാണ്‌ യഥാർത്ഥത്തിൽ വിലക്കപ്പെട്ട മരത്തിന്റെ കഥയിലുള്ളത്‌. ലൈംഗികത ഉൾപ്പെടെയുള്ള ജീവിതാസ്വാദനങ്ങളെ മതം വിലക്കിയിട്ടില്ല. ധാർമിക പരിധികൾ പാലിക്കണമെന്നു മാത്രം. പരിധിപാലനത്തിനുള്ള പാഠവും പരിശീലനവുമാണ്‌ കനിയുടെ കഥ. സാത്താന്റെ പ്രലോഭനത്തില്‍ ഒരു നിമിഷം വീണു പോയ ആദം പരിധി ലംഘിച്ചു. പരിധി ലംഘിച്ചതിന്‌ ഖുർആൻ പ്രതിക്കൂട്ടിൽ നിർത്തിയത്‌ ആദമിനെത്തന്നെയാണ്‌. പെണ്ണിന്റെ പ്രലോഭനം, പറുദീസാ നഷ്ടവും പതനവും തുടങ്ങിയവ വേദത്തെയല്ല, സ്ത്രീവിരുദ്ധ മതപാരമ്പര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പതനം എന്ന ആശയം തന്നെ ശരിയല്ല. ഭൂമിയിലേക്കുള്ള മനുഷ്യന്റെ ആഗമനം പതനമല്ല. മനുഷ്യ ജന്മവും ജീവിതവും ഭൌതിക ലോകവും ജീവിതാസക്തികളും വിശുദ്ധങ്ങളാണ്.
 
“വിലക്കപ്പെട്ട മരം, പ്രലോഭിപ്പിച്ചു കൊണ്ടുള്ള സാത്താന്റെ ദുർബോധനം, ദൈവ കൽപന വിസ്‌മരിക്കൽ, ഖേദവും പശ്ചാത്താപവും എന്നിവയെല്ലാം മനുഷ്യജീവിതത്തിൽ നിരന്തരം ആവർത്തിച്ചു കൊണ്ടിരിക്കുന്ന അനുഭവങ്ങളാണ്‌. ഈയനുഭവങ്ങളിലൂടെ കടന്നു പോയി കരുത്തു നേടുമ്പോഴാണ്‌ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധി എന്ന സ്ഥാനത്തിന്‌ യോഗ്യത നേടുക. ഇതാണ്‌ ദൈവികമായ നടപടിക്രമം. നിരന്തര പോരാട്ടങ്ങൾക്ക്‌ മനുഷ്യനെ ഒരുക്കലും അതേക്കുറിച്ചുള്ള ഉല്‍ബോധനവുമാണ്‌ ആദമിന്റെ ആഖ്യാനം” (സയ്യിദ്‌ ഖുത്വുബ്‌/ ഫീ ളിലാലിൽ ഖുർആൻ).
 

വിലക്കപ്പെട്ട കനിയും വിലക്കപ്പെട്ട പെണ്ണും

ആദമിനെ (ആണിനെ) വഴിതെറ്റിക്കാൻ സകലശ്രമങ്ങളും നടത്തി പരാജയപ്പെട്ട്‌ അവസാനം സാത്താന്‍ സകല പൈശാചികഭാവങ്ങളെയും ഉരുക്കി വാര്‍ത്തെടുത്ത്‌ ലൈംഗികതയെ നിർമ്മിച്ചുവെന്നും അത്‌ സ്‌ത്രീയിൽ നിക്ഷേപിച്ചതോടെ ആദം പ്രലോഭിതനായി പാപം പ്രവർത്തിച്ചുവെന്നുമാണ്‌ ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നത്‌. ഈ വ്യാഖ്യാനത്തിൽ പുരുഷൻ മാത്രമാണ്‌ കർതൃസ്ഥാനത്തു വരുന്നത്‌. വിശുദ്ധിയുടെ നിയമങ്ങൾ പെണ്ണിനു ബാധകമല്ലെന്നും പെണ്ണും ലൈംഗികതയും ചെകുത്താന്റെ സൃഷ്ടിയും പ്രലോഭനവുമാണെന്നുമുള്ള സന്ദേശങ്ങളാണ്‌ ഇത്‌ പകരുന്നത്‌. ആദിമാതാവ്‌ പാപിനിയാണെന്നും അതോടൊപ്പം ഓരോ സ്‌ത്രീയിലും പാപിനിയായ ഓരോ ഹവ്വ കുടിയിരിക്കുന്നുണ്ടെന്നും വാദിച്ച്‌ പെണ്ണിനെ ചെകുത്താന്റെ ഉപകരണമായി ചിത്രീകരിക്കുന്ന ഡോഗ്മകൾ മതപാരമ്പര്യങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. 

Garden of Eden _ Adam and Eve_01
പെണ്ണ് ആണിനെപ്പോലെയല്ലല്ലോ എന്ന ഒരു പരാമർശമുണ്ട് ഖുർആനിൽ. യഥാർത്ഥത്തിൽ ഇത് ഖുർആന്റെ തത്വമായല്ല, അതിലെ ഒരു കഥാപാത്രത്തിന്റെ ആത്മഗതമായാണ് പരാമർശിച്ചിരിക്കുന്നത്. യേശുവിന്റെ മാതാവായ മർയമിന്റെ മാതാവ് തന്റെ കുഞ്ഞിനെ ദൈവികസേവനത്തിനായി അർപ്പിക്കുമെന്ന് നേർച്ച നേർന്നു. പ്രസവിച്ചപ്പോൾ കുഞ്ഞ് പെണ്ണാണെന്നു കണ്ട് പറയുന്ന വർത്തമാനമാണത്. അതേസമയം ഈ ആത്മഗതം അർത്ഥരഹിതമാണെന്നാണ് പിന്നീട് മർയമിന്റെ കഥ അവതരിപ്പിച്ചു കൊണ്ട് ഖുർആൻ സ്ഥാപിക്കുന്നത്. എന്നാലോ, ഇതിനെ ഒരു തത്വമായി വികസിപ്പിച്ചു കളഞ്ഞു പിൽക്കാല പാരമ്പര്യങ്ങൾ. നരകത്തിൽ സ്ത്രീകളാണ് കൂടുതൽ, പെണ്ണിന്റെ കൂടെ സാത്താൻ സഞ്ചരിക്കും, പെണ്ണ് ദുശ്ശകുനമാണ്, അവൾ പ്രാർത്ഥിക്കുന്നവനും ഖിബ് ലയ്ക്കുമിടയിൽ തടസ്സമായിത്തീരും തുടങ്ങിയ ധാരാളം വചനങ്ങൾ വലിയ തത്വങ്ങളായി മുസ്ലിം പാരമ്പര്യത്തിലും കെട്ടിയെഴുന്നള്ളിക്കപ്പെടുന്നതു കാണാം.
 
ഇവിടുന്നങ്ങോട്ടു തുടങ്ങി ബാലവിവാഹം, സ്‌ത്രീധനം, വൈധവ്യം, തീണ്ടാരി, ശകുനം, ജാതകദോഷം തുടങ്ങി സ്‌ത്രീവിരുദ്ധമായ ഒട്ടേറെ ആചാരങ്ങൾ മതത്തിന്റെ പേരില്‍ നില നിൽക്കുകയും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. ജാതകങ്ങളിലും ഫലഭാഗസിദ്ധാന്തങ്ങളിലുമൊക്കെ ദോഷങ്ങൾ മിക്കപ്പോഴും സത്രീയിരാണ് ആരോപിക്കപ്പെടാറുള്ളത്. 
 
ക്ലമന്റ്‌ ഒഫ്‌ അലക്‌സാണ്ഡ്രിയ എന്നറിയപ്പെടുന്ന ടൈറ്റസ്‌ ഫ്‌ലേവിയസ്‌ ക്ലമന്‍സ്‌ ആണത്രേ ബൈബിളിലെ ആദം ആഖ്യാനത്തിലെ വിലക്കപ്പെട്ട കനിയെ ലൈംഗികതയായി ആദ്യം വ്യാഖ്യാനിച്ച ക്രിസ്‌ത്യൻ തിയോളജിയൻ. പിന്നീട് ചില ഖുർആൻ വ്യാഖ്യാതക്കളും ഈയാശയം കടമെടുത്തിട്ടുണ്ടെന്നു തോന്നുന്നു. റോമൻ ക്രിസ്‌തുമതത്തിന്‌ രൂപം നല്‍കിയ തർസൂസിലെ വിശുദ്ധ പൗലോസ്‌ (സെന്റ്‌ പോൾ) രതിയെ പാപമായി കണ്ടിരുന്നില്ലെങ്കിലും വൈരാഗ്യജീവിതത്തെ വല്ലാതെ പുകഴ്‌ത്തിയിരുന്നു. ജീവിതത്തെക്കുറിച്ച, പോളിന്റെ വിചാരങ്ങൾ മാംസവും ആത്മാവും (Flesh and Spirit) എന്ന ദ്വൈതബോധത്തിലധിഷ്‌ഠിതമായാണ്‌ വികസിച്ചത്‌. അതുകൊണ്ടാണ്‌ ലൈംഗികവിരക്തിക്ക്‌ അദ്ദേഹം പ്രാധാന്യം നല്‍കിയത്‌. അതേസമയം ലൈംഗിക ജീവിതം വംശവർദ്ധനവിന്‌ അനിവാര്യമാണെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വൈരുദ്ധ്യം അദ്ദേഹത്തിന്റെ ഉല്‍ബോധനങ്ങളിലുടനീളം കാണാം. പതനത്തിന്‌ നിമിത്തമായിത്തീർന്ന ആദ്യപാപമായി ലൈംഗികത വിശദീകരിക്കപ്പെടുക കൂടി ചെയ്‌തതോടെ ജീവിതം തന്നെ വൈരാഗ്യവും കാമവും തമ്മിലുള്ള ഏറ്റുമുട്ടലായിത്തീർന്നു. പാപബോധമുണർത്തുന്ന ഒന്നായി വിശ്വാസിയുടെ അവബോധത്തിൽ കാമം നിലനില്‍ക്കുകയും ചെയ്‌തു.
 

ലിലിത്തിന്റെ കഥ

രതിയെ പാപവും പെണ്ണിനെ പാപത്തിലേക്കുള്ള വഴിയും പ്രലോഭനവുമായി വിലയിരുത്തുന്ന ചില സങ്കല്‍പനങ്ങൾ ഉൽപത്തി പുസ്‌തകത്തിലെ ആദം കഥയ്‌ക്ക്‌ അനുബന്ധമായി യൂദപുരാണങ്ങൾ ചേർത്തിട്ടുണ്ട്‌. ഇതിലും, പരോക്ഷമായി രതിയാണ്‌ വിലക്കപ്പെട്ട കനി എന്ന സങ്കല്‍പം ഉണ്ടാവുന്നുമുണ്ട്‌. ലിലിത്ത്‌ എന്ന പെണ്ണിന്റെ കഥയാണ്‌ ഇതിൽ പ്രധാനം. ഈ കഥയുടെ സ്രോതസ്സ്‌ ബാബിലോണിയൻ തൽമൂദിൽ കണ്ടെത്താം. ലിലിത്ത്‌ ആണ്‌ ആദ്യത്തെ മനുഷ്യസ്‌ത്രീ. ആദാമിന്റെ ആദ്യഭാര്യ. ആദാമിനെ സൃഷ്ടിച്ച അതേസമയത്ത്‌ (റോഷ്‌ ഹഷ്‌നാഹ്‌ എന്നാണ്‌ ഈ ദിനത്തെ യൂദന്മാർ വിളിക്കുന്നത്‌, അതാണ്‌ തങ്ങളുടെ കലണ്ടറിലെ പുതുവൽസരദിനം എന്നും അവർ വിശ്വസിക്കുന്നു) അതേ മണ്ണിൽ നിന്നാണ്‌ യാഹ്‌വെ അവളെയും സൃഷ്ടിച്ചത്‌. അതിനാൽ തനിക്ക്‌ ആദാമിന്റെ തുല്യപദവിയുണ്ടെന്നും അയാൾക്ക്‌ വിധേയപ്പെട്ടു ജീവിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അവൾ വാദിച്ചു. പുരുഷന് കീഴ്‌പ്പെട്ടു ജീവിക്കാനുള്ള “ദൈവത്തിന്റെ നിർദ്ദേശത്തി”നെതിരെ ലിലിത്ത്‌ കലാപമുണ്ടാക്കി. ആദാമുമായുള്ള കൂട്ടുജീവിതത്തിന്‌ അവൾ വിസമ്മതം പ്രകടിപ്പിച്ചു (ചരിത്രത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ്‌). ഇക്കാരണത്താൽ ലിലിത്തിനെ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കിയ ദൈവം അവളെ ദുർദ്ദേവതയാക്കി (Demonise) മാറ്റിക്കളഞ്ഞു. ലൈൽ എന്ന സെമിറ്റിക്‌ പദത്തിന്‌ രാത്രി എന്നർത്ഥം. രാത്രിഞ്ചരയായ രാക്ഷസി, ദുർമന്ത്രവാദിനി, ഇരുട്ടിന്റെ സൃഷ്ടി എന്നെല്ലാം ലിലിത്ത്‌ എന്ന വാക്കിന്‌ അർത്ഥം വരും. ഈ പദം യെശയ്യ 34: 14ൽ വന്നിട്ടുണ്ട്‌. “അത്‌ കുറുക്കന്മാരുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവും ആകും. കാട്ടുപൂച്ചയും കഴുതപ്പുലിയും ഏറ്റുമുട്ടും. കാട്ടാടുകൾ പരസ്‌പരം പോരു വിളിക്കും. രാത്രിയിൽ ലിലിത്ത്‌ അവിടെ ഇറങ്ങി വിശ്രമസങ്കേതം കണ്ടെത്തും. അവിടെ മൂങ്ങ കൂടു കെട്ടി മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിച്ച്‌ ചിറകിൻ കീഴിൽ അവയെ പോറ്റും. പരുന്തുകൾ ഇണയോടൊത്തു വിഹരിക്കും” (യെശയ്യാ 34: 13-15). Septuagint ൽ (തോറയുടെ ഗ്രീക്‌ പരിഭാഷ) ഇതിലെ ലിലിത്തിന്‌ Onokentaurus എന്ന്‌ അർത്ഥം പറഞ്ഞിരിക്കുന്നു. ഇതിനെ ലത്തീനിൽ Onocentaur എന്നു പരിഭാഷപ്പെടുത്താം. പാതി മനുഷ്യനായ ഒരു സങ്കൽപജന്തുവാണ്‌ ഇത്‌. തൽമൂദ്‌ ഇതിനെ രാപ്പിശാച്‌ (Night Demon) എന്നാണ്‌ വിളിക്കുന്നത്‌. ഇത്തരം യക്ഷിക്കഥകളൊന്നും യശയ്യാവിനെപ്പോലെ കലാപകാരിയും തത്വചിന്തകനുമായ ഒരു പ്രവാചകന്റെ നാവിലൂടെ പുറത്തു വരാൻ ഒരു സാധ്യതയുമില്ല. ഒരുപക്ഷേ King James ബൈബിളിൽ കാണുന്ന Screech Owl, നമ്മുടെ പരിഭാഷകളിലുള്ള ദുർമന്ത്രവാദിനി തുടങ്ങിയ ഏതെങ്കിലും അർത്ഥമായിരിക്കും ഇതിന്‌ ചേരുക. എന്നാൽ ഇതു വെച്ച്‌ യൂദനാടോടിക്കഥയിലെ ലിലിത്ത്‌ എന്ന സങ്കൽപത്തിന്‌ വൈദികമായ ആധികാരികത വരുത്താനും ചിലർ ശ്രമിക്കാറുണ്ട്‌. 
lilith
ലിലിത്ത്
 
ലിലിത്ത്‌ പുറത്താക്കപ്പെട്ടതിനു ശേഷമാണത്രേ ആദാമിന്‌ ഇണയായി ദൈവം ഹവ്വയെ സൃഷ്ടിച്ചത്‌. സമത്വം വാദിക്കാതിരിക്കേണ്ടതിന്‌ അവളെ ആദാമിന്റെ വാരിയെല്ലില്‍ നിന്നാണു പോലും പടച്ചുണ്ടാക്കിയത്‌. ആണിനു കീഴിലായിരിക്കും, ആയിരിക്കണം എന്നും പെണ്ണ്‌ എന്ന സങ്കൽപത്തിലേക്കാണ്‌ ഇതിനെ വികസിപ്പിച്ചത്‌. എന്തെന്നാൽ അവളുടെ ഉൽപത്തി പോലും പുരുഷനോട്‌ അവൾക്കുള്ള ആശ്രിതത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ വാരിയെല്ലു കഥയുടെ ഉൽഭവവും അർത്ഥവും എന്തെന്ന്‌ നമുക്കറിഞ്ഞു കൂടാ. എന്നാൽ മനുഷ്യൻ ആണും പെണ്ണുമായി ഒരേസമയത്താണ്‌ സൃഷ്ടിക്കപ്പെട്ടതെന്ന്‌ ഉൽപത്തി ഒന്നാമധ്യായം 26, 27 വാക്യങ്ങളിലും അഞ്ചാമധ്യായം 1, 2 വാക്യങ്ങളിലും പറയുന്നുണ്ട്‌. അതേസമയം ഇതിനെയും ലിലിത്തിലേക്ക്‌ ചേർത്തു കെട്ടാൻ ചിലർ ശ്രമിച്ചു കാണുന്നു. ഒന്നാമധ്യായത്തിൽ പറയുന്ന പെണ്ണ്‌ ഹവ്വയല്ലെന്നും ലിലിത്ത്‌ ആണെന്നുമാണ്‌ അവിടെ വ്യാഖ്യാനം.
 
യൂദപുരാണകഥാപാരമ്പര്യമനുസരിച്ച്‌ ലിലിത്ത്‌ പിന്നീട്‌ സർപ്പമായി ഏദെനിൽ പ്രവേശിച്ച്‌ ഹവ്വയെ വഞ്ചിച്ചു. അങ്ങനെ ഹവ്വ പ്രലോഭനമായി വർത്തിച്ചതോടെ ആദാം പാപം പ്രവർത്തിച്ചു. അതായത്‌ ഈ രണ്ട്‌ പെണ്ണുങ്ങൾ ചേർന്നാണ്‌ ആദാമിനെ പ്രലോഭിപ്പിച്ചതും വഴി തെറ്റിച്ചതും. കനി ഭക്ഷിച്ചതിന്റെ പേരിൽ ദൈവം ഹവ്വയെയും സർപ്പത്തെയും ശപിക്കുന്നതായാണ്‌ പിന്നീട്‌ പറയുന്നത്‌. എന്നുവെച്ചാൽ ശാപമേറ്റു വാങ്ങുന്നത്‌ രണ്ട്‌ സ്‌ത്രീകളാണ്‌. ഹവ്വയും ലിലിത്തും. സാക്ഷാൽ സാത്താനും സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട മാലാഖമാരും ലിലിത്തിനോടൊത്തു ചേർന്നു. പുറത്താക്കപ്പെട്ട മാലാഖമാരിൽ നിന്നും ലിലിത്തിന്‌ കുട്ടികൾ ജനിച്ചുവെന്നും കയേന്റെ ഭാര്യ ലിലിത്തിന്റെ മക്കളിൽ ഒരുവളായ ലിലിം ആയിരുന്നെന്നും യൂദപാരമ്പര്യത്തിൽ വിശ്വാസമുണ്ട്‌. കഴിവുകൾ നിറഞ്ഞ കയേന്റെ സന്തതികൾക്ക്‌ വിദ്യകൾ അഭ്യസിപ്പിച്ചത്‌ ലിലിത്തിന്റെ മകനായ അസാസേൽ ആണെന്നും അവർ കരുതുന്നു. രതിയുടെ പ്രതീകമായി പിന്നീട്‌ ലിലിത്ത്‌ മാറി. ഗ്രീസിലെ അഫ്രൊഡൈറ്റ്‌, റോമിലെ വീനസ്‌, ഈജിപ്‌തിലെ ഇസിസ്‌, ഇന്ത്യയിലെ ശക്തി തുടങ്ങിയ ദേവതകൾ രതിയുടെ പ്രതീകങ്ങളാണെങ്കിലും അവ ആരാധ്യമൂർത്തികളായാണ്‌ പരിഗണിക്കപ്പെട്ടിരുന്നത്‌. എന്നാൽ യൂദപാരമ്പര്യത്തിൽ രതി അവിശുദ്ധമായ ഒന്നായിത്തീർന്നു. അത്‌ സ്‌ത്രീവിരുദ്ധതയുടെ മുഖവും കൂടി കൈക്കൊണ്ടു. ലൈംഗികതയെയും സ്‌ത്രീയെയും സംബന്ധിച്ച ഇത്തരം ധാരണകള്‍ പില്‍ക്കാലത്ത്‌ മറ്റ്‌ സെമിറ്റിക്‌ മതവിഭാഗങ്ങളെക്കൂടി സ്വാധീനിച്ചതായി കാണാം.
 
എന്തായാലും ലിലിത്തിന്റെ കഥ മുന്നോട്ടു വെക്കുന്ന പാഠങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്‌, പുരുഷന്‌ തുല്യമായ സ്ഥാനം വേണമെന്ന സ്‌ത്രീയുടെ ആവശ്യത്തെ ദൈവം അംഗീകരിച്ചില്ല. അത്‌ ആവശ്യപ്പെട്ടതിന്റെ പേരിൽ ലിലിത്തിനെ പുറത്താക്കി പകരം സൃഷ്ടിപ്പിൽത്തന്നെ ആണിന്‌ കീഴ്‌പ്പെട്ടു നില്‍ക്കുന്ന ഹവ്വയെയാണ്‌ ആദാമിന്‌ ഇണയായി നൽകിയത്‌.
രണ്ട്‌, സാത്താന്റെ കൂടെപ്പോയ ലിലിത്ത്‌ ലൈംഗികതയുടെ പ്രതീകമായി കരുതപ്പെട്ടു. അതായത്‌ ലൈംഗികത പാപവും പൈശാചികവുമായി മാറി. മൂന്ന്‌, ദൈവത്തിന്റെ പ്രതിരൂപമായ മനുഷ്യനെ അഥവാ പുരുഷനെ വഴിതെറ്റിച്ചത്‌ ലിലിത്ത്‌, അതിനായി ഉപയോഗപ്പെടുത്തിയത്‌ ഹവ്വയെ. രണ്ട്‌ സ്‌ത്രീകളാണ്‌ പതനത്തിന്‌ നിമിത്തമായതെന്നർത്ഥം. നാല്‌, ലിലിത്തിന്റെ സന്തതികളായ ചെകുത്താന്മാരാണ്‌ ഇപ്പോഴും മനുഷ്യനെ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നത്‌. എന്നുവെച്ചാൽ സ്‌ത്രീയുടെ പ്രതികാരം മനുഷ്യനെ നരകത്തിലേക്ക്‌ നയിച്ചു കൊണ്ടേയിരിക്കുന്നു. 
lilith_by_littl3fairy-d627ydf
 
അന്യസ്‌ത്രീകളെ മനസ്സിൽ സങ്കൽപിച്ച്‌ സ്വയംഭോഗത്തിലേർപ്പെടുന്നവര്‍ ലിലിത്തുമായി വേഴ്‌ച നടത്തുകയാണെന്നു വരെ പഠിപ്പിക്കപ്പെടാറുണ്ട്‌.
 
ജീവിതവിരക്തിയെക്കുറിച്ച സിദ്ധാന്തങ്ങളും പെണ്ണിന്‌ ചെകുത്താന്റെ സ്ഥാനം നല്‍കി. ജ്ഞാനവാദം (gnosticism) പോലുള്ള തത്വചിന്തകൾ മതങ്ങളെ സ്വാധീനിച്ചത്‌ ഇതിന്‌ നിമിത്തമായിത്തീര്‍ന്നിട്ടുണ്ട്‌. നോസ്‌റ്റിക്‌ വിശ്വാസമനുസരിച്ച്‌, ഈ ലോകം തിന്മയാണ്‌. ദൈവമല്ല ലോകത്തെ സൃഷ്ടിച്ചത്‌. അറിയപ്പെടാത്തവനും, ശുദ്ധനും, സൃഷ്ടികൾക്കപ്പുറത്ത്‌ നിലകൊള്ളുന്നവനും, സൃഷ്ടികർമ്മത്തില്‍ ഏർപ്പെടാത്തവനുമാണ്‌ ജ്‌ഞാനവാദികളുടെ ദൈവം. ആ ദൈവത്തെ അവർ പ്ലെരോമ (Pleroma) എന്നു വിളിച്ചു. പൂർണത, നിറവ്‌ എന്നൊക്കെയാണ്‌ ഈ ഗ്രീക്ക്‌ വാക്കിനര്‍ഥം. എന്നാൽ ലോകത്തെ സൃഷ്ടിച്ചത്‌ നേരിട്ടല്ലാതെയാണെങ്കിലും പ്ലെരോമയിൽ നിന്നുതന്നെ ഉത്‌ഭവിച്ച ഡെമിയർജ്‌ (Demiurge) എന്നു പേരായ ദുഷ്ടദൈവമാണ്‌. പ്ലെരോമയുടെ സ്‌ഫുലിംഗങ്ങളായ മനുഷ്യാത്മാക്കളെ ബന്ധനസ്ഥരാക്കുന്നതിനു വേണ്ടിയാണ്‌ ദുഷ്ടദൈവമായ ഡെമിയർജ്‌ പദാർഥലോകത്തെ നിർമ്മിച്ചത്‌. രഹസ്യജ്ഞാനം വഴി പദാർത്ഥബന്ധനത്തിൽ നിന്നു മുക്തരാകണമെന്നാഹ്വാനം ചെയ്യുന്ന ജ്ഞാനവാദികൾ സ്വാഭാവികമായും സ്‌ത്രീയെ പ്രലോഭനമായാണ്‌ വിലയിരുത്തുന്നത്‌.
 
ശങ്കരാചാര്യരുടെ പ്രശസ്‌തമായ ഭജഗോവിന്ദം (മോഹമുദ്‌ഗരം) എന്ന കവിത തൃഷ്‌ണാനിയന്ത്രണം, ജീവിതത്തിന്റെ പൊരുൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ നല്ല ആശയങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ അതിലും കർമബന്ധനത്തിന്റെയും കാമാതുരതയുടെയും പ്രതീകമായി സ്‌ത്രീശരീരത്തെ വർണിച്ചിരിക്കുന്നതായി കാണാം. അതിലെ വിഖ്യാതമായ ഒരു ശ്ലോകമാണ്‌ “നാരീസ്‌തനഭരനാഭീദേശം, ദൃഷ്‌ട്വാ മാഗാ മോഹാവേശം, ഏതെന്മാംസവസാദിവികാരം, മനസ്സി വിചിന്തയ വാരം വാരം” എന്നത്‌. അര്‍ത്ഥം: പെണ്ണിന്റെ സ്‌തനഭാരവും നാഭിപ്രദേശവും കണ്ട്‌ മനസ്സിൽ മോഹാവേശം കൊള്ളാതിരിക്കൂ. ഇത്‌ മജ്ജയുടെയും മാംസത്തിന്റെയും കൊഴുപ്പിന്റെയും സമ്മേളനം മാത്രമാണെന്ന്‌ വീണ്ടും വീണ്ടും മനസ്സിൽ ചിന്തിച്ചുറപ്പിക്കൂ.
 
മോക്ഷത്തെക്കുറിച്ചു പറയുമ്പോൾ ഇത്തരം തത്വവിചാരങ്ങളെല്ലാം തന്നെ പുരുഷനെ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നു തോന്നുന്നു. തീർച്ചയായും പെൺമേനി ആണിനെ മോഹിപ്പിക്കുന്ന ഒന്നു തന്നെയാണ്‌. എന്നാൽ കാമനകളോടും ജീവിതാസക്തികളോടും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനം മതം, അതിന്റെ യഥാർത്ഥ രൂപത്തിൽ സ്വീകരിച്ചിട്ടേയില്ല. മോഹത്തെ ധർമബദ്ധമായ ജീവിതത്തിലൂടെ ശുദ്ധീകരിക്കാനുള്ള പരിശീലനമാണ്‌ വേദപാഠങ്ങൾ പകർന്നു തരുന്നത്‌. അതിനു പകരം മോഹത്തെത്തന്നെ പാപമായും മോഹം ജനിപ്പിക്കുന്ന പെണ്ണുടലിനെ നീചവും കർമബന്ധനത്തിന്റെ ഹേതുവുമായും കാണുന്ന സിദ്ധാന്തങ്ങൾക്ക്‌ ആദരവർഹിക്കുന്ന സ്വത്വമായി സ്‌ത്രീയെ അംഗീകരിക്കാനാവില്ല.
 
(ഉടൻ പ്രസിദ്ധീകരിക്കുന്ന, “ബക്ക, കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” എന്ന, എന്റെ പുസ്തകത്തിൽ നിന്ന്).

സാമൂഹ്യാവബോധത്തിന്റെ സമ്പദ്‌ ശാസ്‌ത്രം

DSC_0057-2

ഉടമസ്ഥതയെയും അധികാരത്തെയും സംബന്ധിച്ച അവകാശവാദങ്ങളുടെ നിരാകരണമാണ്‌ ഇസ്ലാമിന്റെ അര്‍ത്ഥശാസ്‌ത്രവ്യവസ്ഥയുടെ ആധാരം. ഈശാവാസ്യോപനിഷത്തിലെ മാ ഗൃധഃ കസ്യസ്വിദ്ധനം എന്ന മന്ത്രത്തെ ഓര്‍മിപ്പിക്കുന്നു അത്‌. ഉടമയാണെന്ന്‌ സ്വയം കരുതുന്നവനെ താക്കീത്‌ ചെയ്യുന്ന ഒട്ടേറെ വചനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഒളിഞ്ഞും തെളിഞ്ഞും മറ്റുള്ളവരെ നിന്ദ്യരാക്കുന്നവര്‍ക്കെല്ലാം നാശം. അവരോ, സമ്പത്ത്‌ ഒരുമിച്ചു കൂട്ടുകയും എണ്ണിത്തിട്ടപ്പെടുത്തുകയും ചെയയ്‌തുകൊണ്ടിരിക്കുന്നവരാണ്‌. സമ്പത്ത്‌ തനിക്ക്‌ ശാശതികത്വം നേടിത്തരുമെന്നും അവര്‍ കരുതുന്നു (സൂറഃ അല്‍ ഹുമസ 13). സമ്പത്ത്‌ തന്നെ അനശ്വരനാക്കുമെന്ന വിചാരത്തില്‍ നിന്നാണല്ലോ ലാഭം പൂജിക്കപ്പെട്ടു തുടങ്ങിയത്‌. ഹിരണ്യായ നമഃ എന്ന്‌ ജപിക്കാന്‍ കല്‍പിച്ച ഹിരണ്യ കശിപുവിന്റെ കഥ കാണാം പുരാണത്തില്‍. സ്വര്‍ണം അഥവാ ധനമാണ്‌ ഹിരണ്യം. അയാളുടെ പേരും അതു തന്നെ. ഹിരണ്യായ നമഃ എന്നു ജപിക്കുന്നവന്‌ ദൈവത്തെ പൂജിക്കാന്‍ കഴിയില്ല. ഒരാള്‍ക്കും ഒരേസമയം ദൈവത്തിന്റെയും മാമോന്റെയും ഉപാസകനായിരിക്കുക സാധ്യമല്ലെന്ന്‌ ബൈബിള്‍ പ്രഖ്യാപിക്കുന്നു.

സമ്പത്ത്‌ എന്നാല്‍ ഒരര്‍ത്ഥത്തില്‍ വിഭവങ്ങളാണ്‌. വിഭവങ്ങള്‍ രണ്ടു തരത്തിലുണ്ടെന്നും പറയാം. മനുഷ്യന്റെയും മറ്റ്‌ ജീവജാലങ്ങളുടെയും അതിജീവനത്തിനുള്ള, തീര്‍ത്തും പ്രകൃതി സ്രോതസ്സുകളില്‍ നിന്നുള്ള വിഭവങ്ങളാണ്‌ ഒന്ന്‌. വായു, വെള്ളം എന്നിവയില്‍ തുടങ്ങുന്നു അത്‌. ഇതല്ലാത്തതെല്ലാം രണ്ടാമത്തെ ഇനത്തില്‍ വരുന്നു. പരിമിതീകരിക്കപ്പെട്ട വിഭവങ്ങളാണ്‌ അവ. മാത്രവുമല്ല, അസംസ്‌കൃതവസ്‌തുക്കള്‍ തുടങ്ങിയവയുടെ ഉറവിടം പ്രകൃതിയായിരിക്കെത്തന്നെ ഇവയുടെ സമ്പാദനത്തിന്‌ മനുഷ്യന്റെ അധ്വാനം ആവശ്യവുമാണ്‌. കൈമാറ്റങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും വിധേയമായി ധനത്തിലേക്കും സാമ്പത്തികമായ വിചാരങ്ങളിലേക്കും മനുഷ്യനെ നയിച്ചത്‌ ഇതാണ്‌. സമ്പത്തിനെക്കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകളില്‍ വരുന്നതും ഈ തരമാണ്‌.

വിഭവലഭ്യതയുടെ ആധാരങ്ങൾ

സമ്പത്തിന്റെയും വിഭവങ്ങളുടെയും ലഭ്യതയുമായി ബന്ധപ്പെട്ട മൂന്ന്‌ ഘടകങ്ങള്‍ പറയപ്പെടാറുണ്ട്‌. മനുഷ്യന്റെ കായികവും മാനസികവുമായ ശേഷികളും പ്രവര്‍ത്തനങ്ങളുമാണ്‌ അവയിലൊന്ന്‌. രണ്ടാമത്തേത്‌ സാമൂഹികമായ സഹകരണമാണ്‌. പരിസരത്തിന്റെ അനുകൂലനങ്ങള്‍ മൂന്നാമത്തെ ഘടകവും. ഇവയെ കൃത്യമായും സമാഹരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ്‌ വിഭവങ്ങളുടെ ഉല്‍പാദനവും സമ്പത്തിന്റെ വര്‍ദ്ധനയുമുണ്ടാകുന്നത്‌. Giovanni_Battista_Tiepolo_080

ഇക്കാരണത്താല്‍ വ്യക്തിയുടെ സമ്പത്തില്‍ സമൂഹത്തിനും പ്രകൃതിക്കുമുള്ള പങ്കാളിത്തത്തെക്കുറിച്ച്‌ ഓര്‍മപ്പെടുത്തിക്കൊണ്ട്‌ ഇത്‌ രണ്ടിനോടുമുള്ള സഹവര്‍ത്തിത്വത്തിന്റെയും പ്രതിബദ്ധതയുടെയും ആധാരത്തിലുള്ള ഒരു സമ്പദ്‌ ക്രമം സൃഷ്ടിച്ചെടുക്കാനാണ്‌ ഇസ്ലാം ആഹ്വാനം ചെയ്യുന്നത്‌. സഹീഹ്‌ മുസ്ലിമില്‍ ഉദ്ധരിക്കുന്ന ഒരു കഥയിലുടെ പ്രവാചകന്‍ ഇക്കാര്യം വ്യക്തമാക്കിത്തരുന്നുണ്ട്‌. ദീര്‍ഘമായ അലച്ചിലിനു ശേഷം ഒരു യാത്രക്കാരന്‍ പെട്ടെന്നൊരശരീരി കേള്‍ക്കുന്നു. ഒരു മനുഷ്യന്റെ പേര്‌ ഉച്ചരിച്ചു കൊണ്ടു തന്നെ അയാളുടെ തോട്ടത്തിനു മുകളില്‍ ജലവര്‍ഷം നടത്താന്‍ ഒരു മേഘത്തിനു ലഭിക്കുന്ന കല്‍പനയായിരുന്നു അത്‌. പെട്ടെന്ന്‌ ആകാശത്തേക്കു നോക്കിയപ്പോള്‍ കറുത്തിരുണ്ട മേഘത്തിന്റെ ഒരു കീറ്‌ വേഗത്തില്‍ മുന്നോട്ടു ചലിക്കുന്നതു കണ്ടു. അതിന്റെ സഞ്ചാരദിശയിലേക്കു തന്നെ അയാളും നടന്നു. ഒരു തോട്ടത്തിനു മുകളിലെത്തിയ മേഘക്കീറിന്റെ ചലനം നിന്നു. ആ തോട്ടത്തില്‍ അത്‌ മഴയായ്‌പ്പെയ്‌തിറങ്ങി. ഇതു കണ്ട അയാള്‍ ആ തോട്ടക്കാരനെ അന്വേഷിച്ചു കണ്ടെത്തി. സഞ്ചാരി തനിക്കുണ്ടായ അനുഭവം വിവരിച്ച ശേഷം തോട്ടക്കാരനോട്‌ താങ്കള്‍ അതിമഹത്തായ അനുഗ്രഹത്തിനര്‍ഹനായിരിക്കുന്നതായി തിരിച്ചറിഞ്ഞതിനാല്‍ത്തന്നെ താങ്കളുടെ ജീവിതത്തെപ്പറ്റിയും മഹത്തായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും തന്നോടു പറയണമെന്നഭ്യര്‍ത്ഥിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, ഈ തോട്ടത്തില്‍ നിന്നുള്ള വരുമാനത്തെ ഞാന്‍ മൂന്നായി ഭാഗിക്കും. അതിലൊന്ന്‌ ഈ മണ്ണിലേക്കു തന്നെ തിരിച്ചു കൊണ്ടു പോകും. മൂന്നിലൊന്ന്‌ എന്റെ സമൂഹത്തിനുള്ളതാണ്‌. അത്‌ അതിന്റെ അവകാശികള്‍ക്ക്‌ നല്‍കും. ബാക്കിയുള്ള മൂന്നിലൊന്നാകട്ടെ, എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി കരുതിവെക്കും.

ഒറ്റക്കണ്ണുള്ള സമ്പദ്ദർശനം

ഇത്‌ സമ്പദ്‌ പ്രവര്‍ത്തനരംഗത്തെ മാതൃകയായി പ്രവാചകന്‍ പഠിപ്പിക്കുന്ന കഥയാണ്‌. ജീവിതത്തില്‍ സമ്പത്തിനുള്ള പ്രാധാന്യത്തെ ഇസ്ലാം നിരാകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തിയുടെ താല്‍പര്യങ്ങള്‍ ചോദനകള്‍ എന്നിവയെ തള്ളിപ്പറയുന്നുമില്ല. അതേസമയം വ്യക്തിയെ ഗ്രീക്‌ പുരാണത്തിലെ സ്വാര്‍ത്ഥനായ ഒറ്റക്കണ്ണന്‍ സൈക്ലോപ്‌സിനെപ്പോലെ വളരാന്‍ അതനുവദിക്കുന്നുമില്ല. തന്നെ മാത്രം കാണുകയും തന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം നിലകൊള്ളുകയും ചെയ്യുന്നതിന്റെ അടയാളമാണ്‌ സൈക്ലോപ്‌സിന്റെ ഒറ്റക്കണ്ണ്‌. വ്യക്തി എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതനാവണമെന്നാണല്ലോ മൂലധനവ്യവസ്ഥയുടെ വാദം. പുതിയ ലേസേ ഫെയര്‍ മുതലാളിത്തം നിയന്ത്രണങ്ങള്‍ക്കപ്പുറത്തുള്ള വ്യക്തിയെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. രാജ്യനിയമങ്ങളുടെ മാത്രമല്ല, മതപരമായ ധാര്‍മികതയുടെ പരിധിക്കകത്തു നിന്നും വ്യക്തി പുറത്താകുന്നു. ഒരു സൈക്ലോപ്‌സിയന്‍ സമ്പ്രദായമായി അതു മാറുകയും ചെയ്യുന്നു.

എന്നാല്‍ മറുഭാഗത്ത്‌ ഈ മൂലധനവ്യവസ്ഥയോടും അതിന്റെ ചൂഷണങ്ങളോടും എതിര്‍ത്തു നിന്ന സാമൂഹിക സിദ്ധാന്തങ്ങള്‍ വ്യക്തിയുടെ ഇത്തരം ചോദനകളെ പരിഗണിക്കുന്നതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട്‌ എന്നതും പ്രശ്‌നമാണ്‌. സോഷ്യല്‍ കോണ്ട്രാക്‌റ്റിനെക്കുറിച്ച തോമസ്‌ ഹോബ്‌സിന്റെ സിദ്ധാന്തം കേന്ദ്രീകൃതവും ശക്തവുമായ അധികാരസംസ്ഥാപനത്തിന്റെ സിദ്ധാന്തമാണെങ്കിലും ഏതാണ്ടിതേ സ്വഭാവത്തിലുള്ള ഒരു നിലപാടാണ്‌ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും ചോദനകളുടെയും കാര്യത്തില്‍ അംഗീകരിക്കപ്പെട്ടത്‌. ഹോബ്‌സിന്റെ പുസ്‌തകത്തിന്റെ, സിദ്ധാന്തത്തിന്റെയും പേര്‌ ലിവിയാഥന്‍ എന്നാണ്‌. ബൈബിള്‍ പഴയ നിയമത്തില്‍ സങ്കീര്‍ത്തനങ്ങള്‍ 104 : 26, എശയ്യാ 27 : 1, ഇയ്യോബ്‌ നാല്‍പത്തൊന്നാമധ്യായം എന്നീ ഭാഗങ്ങേളില്‍ പരാമര്‍ശിക്കുന്ന ഭീകരകടല്‍ വ്യാളിയാണ്‌ ലിവിയാഥന്‍. ഹീബ്രുവില്‍ ഈ പദത്തിന്‌ വലിയ തിമിംഗലം എന്നു മാത്രമാണ്‌ അര്‍ത്ഥം. സെന്റ്‌ തോമസ്‌ അക്വിനാസ്‌ ഇതിനെ അസൂയയുടെ ദുര്‍ഭൂതം എന്നു വിശേഷിപ്പിച്ചിട്ടുണ്ട്‌. സുസംഘടിതമായ ദേശീയ ഭരണസംവിധാനത്തിന്റെ സുരക്ഷിതത്വത്തില്‍ ജീവിക്കുന്നതിനു പകരമായി മനുഷ്യന്‍ തന്റെ സ്വാഭാവികസ്വാതന്ത്ര്യം ബലികഴിക്കാന്‍ തയാറാകുന്ന രീതിയില്‍ സമൂഹത്തിനു രൂപം നല്‌കുന്ന രാഷ്ട്രീയതത്വശാസ്‌ത്രമാണ്‌ സോഷ്യല്‍ കോണ്ട്രാക്‌റ്റിനെക്കുറിച്ച, ഹോബ്‌സിന്റെ സിദ്ധാന്തം. ഇത്‌ കേന്ദ്രീകൃത അധികാരത്തിന്റെ തത്വശാസ്‌ത്രമായി മാറി. കടലിനെ അടക്കിഭരിക്കുന്ന, ചാട്ടുളികള്‍ക്ക്‌ ഭേദിക്കാന്‍ കഴിയാത്ത ചര്‍മകാഠിന്യമുള്ള, ബൈബിളിലെ സമുദ്രവ്യാളി അതിശക്തമായ അധീശത്വമുഷ്‌കിന്റെ അടയാളമായിത്തീരുന്നതങ്ങനെയാണ്‌. sky_leviathan_by_theblack_arrow-d5zo5zg

മാധ്യമികം

ജീവിതത്തിലും തത്വചിന്തയിലും മധ്യമനിലപാടാണ്‌ ഇസ്ലാം കൈക്കൊള്ളുന്നത്‌. സൈക്ലോപ്‌സിയന്‍ ജീവിത നിലപാടിനെതിരായ ജാഗ്രത കൈക്കൊള്ളാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നുണ്ട്‌. അത്തകാഥുര്‍ എന്ന അധ്യായം ഇങ്ങനെ വായിക്കാം: നിശ്ചയമായും തകാഥുര്‍ നിങ്ങളെ ബോധശൂന്യരാക്കിയിട്ടുണ്ട്‌. ഇതേ അവസ്ഥയി്‌ല്‍ ശവക്കല്ലറകളിലെത്തിച്ചേരുവോളം. അല്ല, അടുത്തു തന്നെ നിങ്ങള്‍ അറിഞ്ഞേക്കും. ഇനിയും പറയട്ടെ, അല്ല, അടുത്തു തന്നെ നിങ്ങള്‍ അറിഞ്ഞേക്കും. നിങ്ങള്‍ക്ക്‌ ശരിയായ തിരിച്ചറിവുണ്ടായിരുന്നെങ്കില്‍. ഇനി നിങ്ങള്‍ നരകത്തെ കാണുക തന്നെ ചെയ്യും. അതെ, തികഞ്ഞ ബോധ്യത്തോടെ അതിനെ അഭിമുഖീകരിക്കുക തന്നെ ചെയ്യും. തീര്‍ച്ച, ഇന്നത്തെ സകല സൗഭാഗ്യങ്ങളെയും പറ്റി അന്നാളില്‍ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.

തകാഥുര്‍ എന്ന പദത്തിന്‌ മൂന്ന്‌ അര്‍ത്ഥങ്ങള്‍ പറയാം. ഒന്ന്‌, വിഭവങ്ങള്‍ ആവശ്യത്തില്‍ക്കൂടുതല്‍ ആര്‍ജിക്കാനും സമ്പത്ത്‌ തന്റെ കൈയില്‍ കുന്നു കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുക. രണ്ട്‌, ഇപ്രകാരം വിഭവങ്ങള്‍ സ്വായത്തമാക്കുന്നതില്‍ മറ്റുള്ളവരുമായി അനാരോഗ്യകരമായ മല്‍സരങ്ങളിലേര്‍പ്പെടുക. മൂന്ന്‌, ഇപ്രകാരം താന്‍ മറ്റുള്ളവരെ തോല്‍പിച്ചും വെട്ടിച്ചും നേടിയെടുത്ത ഭൗതികസമൃദ്ധികളുടെ പ്രദര്‍ശനം. ചുരുക്കിപ്പറഞ്ഞാല്‍ ദുര, മല്‍സരം, പൊങ്ങച്ചം എന്നീ മൂന്ന്‌ അര്‍ത്ഥങ്ങളും അടങ്ങുന്നതാണ്‌ ഈ പദം. ഇവ മനുഷ്യനെ പിടികൂടിക്കഴിഞ്ഞാല്‍പ്പിന്നെ പ്രതിബദ്ധത, ധാര്‍മികത തുടങ്ങിയവയെക്കുറിച്ച യാതൊരു വിചാരവുമില്ലാതെ ബോധമില്ലാത്തവനായി ജീവിതം കഴിച്ചു കൂട്ടേണ്ടി വരുമെന്നാണ്‌ ഇവിടെ വേദഗ്രന്ഥം പഠിപ്പിക്കുന്നത്‌. ഇതിനെല്ലാം പകരമായി താന്‍ വില മതിച്ചിരുന്ന ഭൗതികവിഭവങ്ങളുടെ പേരില്‍ കണക്ക്‌ ബോധിപ്പിക്കേണ്ടി വരുമെന്നും.

വ്യക്തിയുടെ ദുര്‍വാസനകളെ ഇപ്രകാരം നിയന്ത്രണരഹിതമായി വിട്ടേക്കുകയാണെങ്കില്‍ മനുഷ്യ ജീവിതം തന്നെ തകരും എന്ന കാഴ്‌ചപ്പാടാണ്‌ വേദപുസ്‌തകത്തിനുള്ളത്‌. അതേസമയം വ്യക്തിയുടെ അഭിലാഷങ്ങള്‍, വികാരങ്ങള്‍ തുടങ്ങിയവയെ പരിഗണിക്കാതെ, വൈയക്തികമായ സകല സന്ത്രാസങ്ങളെയും സമൂഹത്തിന്റെയോ അധികാരവ്യവസ്ഥയുടെയോ നിര്‍ണയത്തിന്‌ വിട്ടു കൊടുക്കുന്ന സമ്പ്രദായത്തെയും അതംഗീകരിക്കുന്നില്ല. അതായത്‌ വൈയക്തികമായ ചോദനകളും ശേഷികളും ആദരിക്കപ്പെടുന്നു, എന്നാല്‍ ആര്‍ത്തി നിരാകരിക്കപ്പെടുന്നു.

പരസ്‌പരമുള്ള കടപ്പാടാണ്‌ ഇവിടെ പ്രാധാന്യപൂര്‍വം ഉല്‍ബോധിപ്പിക്കപ്പെടുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ത്തന്നെ ഒരു സമ്പദ്‌ വ്യവസ്ഥ പടുത്തിയര്‍ത്തപ്പെടുകയും ചെയ്യുന്നു.

സകാത്തും രിബായും

സാമ്പത്തിക വ്യവസ്ഥയെ ചിത്രീകരിക്കുന്നേടത്ത്‌ ഖുര്‍ആന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രണ്ട്‌ പദങ്ങളാണ്‌ സകാത്ത്‌, രിബാ എന്നിവ. സാധാരണയായി സകാത്ത്‌ തന്റെ സമ്പത്തില്‍ നിന്ന്‌ ഒരാള്‍ നല്‍കേണ്ടുന്ന നിര്‍ബ്ബന്ധവിഹിതത്തെ കുറിക്കാനും രിബാ പലിശ എന്ന അര്‍ത്ഥത്തിലുമാണ്‌ ഉപയോഗിച്ചു വരാറുള്ളത്‌. ഇതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരം പരികല്‍പനകള്‍ക്കപ്പുറത്തേക്ക്‌ ഈ വാക്കുകള്‍ പോകുന്നുണ്ട്‌. സകാത്ത്‌ എന്നു പറഞ്ഞാലും രിബാ എന്നു പറഞ്ഞാലും അര്‍ത്ഥം വളര്‍ച്ച എന്നു തന്നെയാണ്‌. ധനശാസ്‌ത്രപാഠത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണല്ലോ വളര്‍ച്ചയെക്കുറിച്ച സിദ്ധാന്തങ്ങള്‍. അതേസമയം ഈ രണ്ട്‌ പദങ്ങളും രണ്ട്‌ സംസ്‌കാരത്തെയും രണ്ട്‌ മാനസികാവസ്ഥകളെയും പ്രതിനിധീകരിക്കുന്നു. തികച്ചും സ്വാര്‍ത്ഥവും അനൈതികവും ചൂഷണാധിഷ്‌ഠിതവും പ്രതിബദ്ധതാരഹിതവുമായ സമ്പദ്‌ വികാസത്തെ അടയാളപ്പെടുത്താനാണ്‌ രിബാ എന്ന പദം ഉപയോഗിക്കപ്പെടുന്നത്‌. പലിശ അതിന്റെ പ്രകടവും പ്രഥമവുമായ മാതൃക മാത്രമാണ്‌. ഇവിടെ സൂചിപ്പിച്ച വിശേഷണങ്ങളോടു കൂടിയ സമ്പദ്‌ വളര്‍ച്ചയെ നിരാകരിക്കുകയാണ്‌ ഇസ്ലാം. മാത്രവുമല്ല, അതിനെതിരെ ശക്തമായ താക്കീത്‌ മുന്നോട്ടു വെക്കുക കൂടിയാണ്‌. രിബാ സ്വന്തമാക്കുകയും ഭുജിക്കുകയും ചെയ്യുന്നവന്‍ അല്ലാഹുവിനോടും റസൂലിനോടും യുദ്ധം ചെയ്യുകയാണ്‌ എന്നാണ്‌ ഒരു പ്രയോഗം. എന്നു വെച്ചാല്‍ അവനെ നേരിടാന്‍ ഭരണകൂടത്തിന്‌ ബാധ്യതയുണ്ടെന്നര്‍ത്ഥം. മറ്റൊരിടത്ത്‌ മാനുഷികവിരുദ്ധവൃത്തികളിലൂടെ സമ്പത്ത്‌ ശേഖരിക്കുന്നവന്റെ മാനസികവും ആത്മീയവുമായ അവസ്ഥയെയും ഖുര്‍ആന്‍ വരച്ചു കാട്ടുന്നുണ്ട്‌. അവന്‍ ചെകുത്താന്‍ കൂടിയവനെപ്പോലെയായിരിക്കും എഴുന്നേല്‍ക്കുക. അതൃപ്‌തനും ആര്‍ത്തിയാല്‍ മദം പൂണ്ടവനുമായിക്കൊണ്ട്‌. അവനാകട്ടെ, ന്യായമായ കച്ചവടവും പലിശ പോലുള്ള ചൂഷണങ്ങളും തമ്മില്‍ യാതൊരന്തരവുമില്ലെന്ന്‌ സിദ്ധാന്തം പറഞ്ഞിരുന്നുവല്ലോ.

അതായത്‌ മുകളില്‍ സൂചിപ്പിച്ച സൈക്ലോപ്‌സിയന്‍ വ്യവഹാരവ്യവസ്ഥയെയാണ്‌ രിബാ സൂചിപ്പിക്കുന്നത്‌. ഒരാളുടെ ഔന്നത്യത്തെക്കുറിച്ച്‌ നബിതിരുമേനി പറഞ്ഞിരുന്ന കഥ ഉദ്ധരിച്ചിരുന്നത്‌ ഓര്‍ക്കുക. അതിലുള്ളത്‌ ചുറ്റുപാടുകളെസ്സംബന്ധിച്ച ബോധമാണ്‌. ഈ ബോധമാണ്‌ സമ്പദ്‌ പ്രവര്‍ത്തങ്ങളെ ഉദാത്തമാക്കുന്നത്‌. സൈക്ലോപ്‌സിയന്‍ ദര്‍ശനത്തില്‍ സമ്പത്ത്‌ ഒരു കുറ്റകൃത്യമായിത്തീരുന്നു. എല്ലാ വലിയ സൗഭാഗ്യങ്ങളുടെയും പിന്നിലുള്ളത്‌ കുറ്റകൃത്യങ്ങളാണ്‌ എന്ന്‌ ബല്‍സാക്‌ ചൂണ്ടിക്കാണിക്കുന്നതിന്റെ ആധാരമതാണ്‌. ചാര്‍ലി ചാപ്ലിന്റെ ഒരു കഥാപാത്രമുണ്ട്‌. മൊസ്യൂ വെര്‍ദൂ എന്നാണ്‌ പേര്‌ (അതേ പേരുള്ള ചാപ്ലിന്‍ സിനിമ). കുറ്റകൃത്യങ്ങളും സാമ്പത്തിക വ്യവഹാരങ്ങളും തമ്മിലുള്ള ബന്ധത്തെ ആ കഥാപാത്രം കൃത്യമായി പ്രതിനിധീകരിക്കുന്നുണ്ട്‌. വ്യക്തിപരമായി വളരെ ഉത്തമനായ ഒരു മനുഷ്യന്‍. അരയ്‌ക്ക്‌ കീഴെ തളര്‍ന്ന്‌ വീല്‍ചെയറിലായിപ്പോയ ഭാര്യയെ അയാള്‍ അതിരറ്റു സ്‌നേഹിക്കുന്നുണ്ട്‌. മകനോട്‌ അയാള്‍ക്കുള്ള വാല്‍സല്യവും മാതൃകാപരമാണ്‌ (ഗ്രീക്‌ മിത്തിലെ സൈക്ലോപ്‌സിന്‌ ഒരു മകനുണ്ട്‌. അവനോട്‌ അയാള്‍ക്ക്‌ വലിയ ഇഷ്ടവുമുണ്ട്‌). ഒരു പൂച്ചയുടെ വാലില്‍ പിടിച്ചു കളിക്കുന്ന മകനെ മിണ്ടാപ്രാണികളെ ഉപദ്രവിക്കരുതെന്ന്‌ അയാള്‍ ശാസിക്കുന്നുണ്ട്‌.

എന്നാല്‍ അയാള്‍ക്കും കച്ചവടം കുറ്റകൃത്യങ്ങളുടേതാണ്‌. ദയാരഹിതവ്യവഹാരമാണ്‌ ബിസിനസ്‌ എന്ന്‌ അയാള്‍ സിദ്ധാന്തിക്കുന്നുമുണ്ട്‌. സമ്പന്നരായ വിധവകളെ വിവാഹം കഴിച്ച്‌ സൂത്രത്തില്‍ അവരെ കൊന്നു കളഞ്ഞ്‌ അവരില്‍ നിന്ന്‌ അനന്തരം കിട്ടുന്ന സമ്പത്ത്‌ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണ്‌ അയാള്‍. അവസാനം പിടിക്കപ്പെട്ടപ്പോള്‍ അയാളെ വിചാരണ ചെയ്യുന്ന കോടതിമുറിയില്‍ അയാള്‍ അന്നത്തെ മുതലാളിത്ത സമൂഹത്തെ വിചാരണ ചെയ്യുകയാണ്‌. പ്രതിയുടെ മുഖം തന്നെ ഒരു കുറ്റവാളിയുടേതാണ്‌ എന്ന ജഡ്‌ജിന്റെ കമന്റു കേള്‍ക്കുമ്പോള്‍ ആരെക്കുറിച്ചാണ്‌ ഇത്‌ പറയുന്നത്‌ എന്ന മട്ടില്‍ ഓരോരുത്തരുടെയും മുഖത്തേക്കു നോക്കുകയാണ്‌ വെര്‍ദു. സത്യത്തില്‍ ആരുടെയും മുഖഭാവങ്ങള്‍ അയാളുടെ അത്രയും സൗമ്യമായിരുന്നില്ല. ഈ വ്യവസ്ഥ തന്നെ കൊലപാതകികളുടേതാണ്‌ എന്നാണ്‌ അയാളുടെ പക്ഷം. താന്‍ അക്കൂട്ടത്തില്‍ അമെച്വര്‍ ആയിപ്പോയി എന്നതാണ്‌ വ്യത്യാസം. മൂലധന വ്യവസ്ഥയും കൊളോണിയല്‍ പരികല്‍പനകളും തമ്മിലുള്ള ബന്ധത്തെയും വെര്‍ദുവിന്റെ വിചാരണ പ്രശ്‌നവല്‍ക്കരിക്കുന്നു. കൊളോണിയല്‍ ദേശീയ താല്‍പര്യങ്ങളുടെ അനിവാര്യമായ വികാസമായിരുന്നു അധിനിവേശവും യുദ്ധങ്ങളും. രാജ്യതന്ത്രത്തിന്റെ ഈ വികാസത്തെ അനിവാര്യം എന്ന്‌ വിശേഷിപ്പിക്കാമെങ്കില്‍ തീര്‍ച്ചയായും കൊല കച്ചവടത്തിന്റെയും അനിവാര്യ വികാസമാകുന്നു. ഒരു കാലത്ത്‌ ഒരു ഗുമസ്‌തനായി സമൂഹത്തിന്‌ ഉപകാരപ്പെടുന്ന വിധം തന്റെ ബൗദ്ധിക ശേഷി ഉപയോഗിച്ചിരുന്ന താന്‍ ഈ കമ്പോള വ്യവസ്ഥയില്‍ കച്ചവടത്തിനിറങ്ങുകയാണ്‌ ചെയ്‌തത്‌ എന്ന്‌ അയാള്‍ സൂചിപ്പിക്കുന്നു.

ഇത്തരം അടയാളങ്ങളെയും മാതൃകകളെയും എടുത്തു കാണിച്ചു കൊണ്ട്‌ ഈ വ്യവസ്ഥയോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്‌. അവിടെ പകരം സ്ഥാപിക്കുന്നത്‌ പ്രതിബദ്ധതയുടെ വ്യവസ്ഥയാണ്‌. സകാത്ത്‌ എന്ന പദത്തിന്‌ വളര്‍ച്ച എന്നതോടൊപ്പം നന്മ, സംസ്‌കരണം, പരിപാലനം എന്നെല്ലാം അര്‍ത്ഥമുണ്ട്‌. ഖുര്‍ആന്‍ ഉപയോഗിക്കുന്ന വാക്കുകള്‍, ഓരോ വിഷയത്തിലുമുള്ള അതിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ്‌. തന്റെ സമ്പത്തില്‍ നിന്ന്‌ വര്‍ഷം തോറും നിര്‍ബ്ബന്ധമായ സ്വഭാവത്തിലും അല്ലാത്തപ്പോള്‍ സമൂഹത്തിന്റെ ആവശ്യവും തന്റെ സാധ്യതയും പരിഗണിച്ചും നിര്‍വഹിക്കുന്ന സമ്പദ്‌ പ്രദാന പ്രവൃത്തിയെ സ്വദഖഃ എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്‌. എന്നാല്‍ നടപ്പു സങ്കല്‍പമനുസരിച്ച്‌ നിര്‍ബ്ബന്ധദാനത്തെ കുറിക്കുന്ന പദമാണ്‌ സകാത്ത്‌. അതിനാകട്ടെ ദാനം, ഭിക്ഷ എന്നൊക്കെയുള്ള അര്‍ത്ഥമാണ്‌ നമ്മുടെ വ്യവഹാരങ്ങളിലുള്ളത്‌. സത്യത്തില്‍ സകാത്തിനോ സ്വദഖയ്‌ക്കോ ദാനം എന്ന്‌ അര്‍ത്ഥമില്ല. സത്യസന്ധത, കടപ്പാട്‌ എന്നൊക്കെ അര്‍ത്ഥമുള്ള വാക്കാണ്‌ സ്വദഖഃ.

സകാത്തിനെയും സ്വദഖയെയും പശ്ചാത്താപവും പ്രായശ്ചിത്തവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്‌ ഇസ്ലാമിക ചിന്തകനും ബോസ്‌നിയ ഹെര്‍സഗോവിനയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന അലിജാ ഇസത്ത്‌ ബെഗോവിച്‌. ഒന്നാമതായും ഇസ്ലാമിലെ സാങ്കേതിക പദാവലികളെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: യൂറോപ്പിലെ പദാവലി വിജ്ഞാനീയത്തിന്റെ മാതൃക വച്ച്‌ ഇസ്ലാമിനെ വിശദീകരിക്കാനാവില്ല. സ്വലാത്ത്‌, സകാത്ത്‌, ഖലീഫ, ജമാഅത്ത്‌, വുദു എന്നിത്യാദികള്‍ യഥാക്രമം പ്രാര്‍ത്ഥന, നികുതി, ഭരണാധികാരി, സമുദായം, അംഗസ്‌നാനം എന്നിവയേയല്ല (Islam between East and West).

സ്വലാത്തിനെ (നമസ്‌കാരത്തെ) വിവരിച്ചു കൊണ്ട്‌ അതേ പുസ്‌തകത്തില്‍ അദ്ദേഹം എഴുതുന്നു: ആളുകളുടെ കൂട്ടം ചേരല്‍ മാത്രമല്ല സ്വലാത്ത്‌. അത്‌ നിരന്തരമായ വ്യക്തിസമ്പര്‍ക്കവും കൂടിയാണ്‌. അന്നിലക്ക്‌ അത്‌ നിഷേധാത്മകമായ വ്യക്തിവാദത്തിന്റെയും വിഭജനത്തിന്റെയും എതിര്‍ദിശയില്‍ നില കൊള്ളുന്നു.

തുടര്‍ന്ന്‌ സകാത്തിനെപ്പറ്റി ബെഗോവിച്‌ പറയുന്നത്‌ ഇപ്രകാരം വായിക്കാം: പ്രാര്‍ത്ഥനയെ സ്വലാത്താക്കിയ അതേ യുക്തി തന്നെ ദാനധര്‍മത്തെ സകാത്താക്കുന്നു. അങ്ങനെ മതം ഇസ്ലാമായിത്തീരുന്നു. ഒരു പ്രതിഭാസത്തിന്റെ പ്രതിസ്‌പന്ദനമാണ്‌ സകാത്ത്‌. അത്‌ ഏകപക്ഷീയമല്ല. ദുരിതം ഒരു സാമൂഹികപ്രശ്‌നമല്ല. ദാരിദ്ര്യം മാത്രമല്ല അതിന്റെ ഹേതു. മനുഷ്യന്റെ ആത്മാവിലുള്ള തിന്മ കൂടിയാണത്‌. ദാരിദ്ര്യം അതിന്റെ ബാഹ്യവശമാണ്‌. സമ്പന്ന സമൂഹങ്ങളില്‍ പോലും ദുരിതം നിലനില്‍ക്കുന്നതിനെ മറ്റു വിധത്തില്‍ വിശദീകരിക്കാന്‍ കഴിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മനുഷ്യരാശിയുടെ മൂന്നിലൊന്നിന്‌ സ്ഥിരമായി ന്യൂനാഹാരമേ കിട്ടുന്നുള്ളൂ. ഇതിനു കാരണം വിഭവങ്ങളുടെ കുറവോ അതോ സഹാനുഭൂതിയുടെ കുറവോ? ദുരിതത്തെ ഇല്ലാതാക്കാനുള്ള ഏതു ശ്രമവും കുമ്പസാരവും പശ്ചാത്താപവും കൂടി ഉള്‍ക്കൊണ്ടതാവണം. അതൊരു പ്രായശ്ചിത്തമാവണം. അത്‌ സാമ്പത്തിക ബന്ധങ്ങള്‍ മാത്രം മാറ്റിയാല്‍പ്പോരാ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കൂടി പരിഷ്‌കരിക്കണം. അത്‌ സാമഗ്രികളുടെ ന്യായമായ വിതരണം നടത്തിയാല്‍ മാത്രം പോരാ. അതില്‍ ശരിയായ പരിപാലനവും സ്‌നേഹവും അനുകമ്പയും കൂടി ഉണ്ടാകണം.

ബെഗോവിച്ചിന്റെ അഭിപ്രായത്തില്‍ പണത്തിന്റെ നെഞ്ചും കരളും തുറക്കാന്‍ ആവശ്യപ്പെടുന്ന ഒരു ക്രിയയാണ്‌ സകാത്ത്‌. അത്‌ ഹൃദയത്തില്‍ നിന്ന്‌ ഹൃദയത്തിലേക്കൊഴുകുന്ന, ഉല്‍പന്നങ്ങളുടെ മഹാനദിയാണ്‌.

ധനികന്റെ സമ്പത്തിന്മേല്‍ ദരിദ്രനുള്ള അവകാശം എന്ന്‌ സകാത്തിനെ വിശേഷിപ്പിക്കാറുണ്ട്‌. എന്നാല്‍ ഇത്ര ചുരുക്കാവുന്ന ഒന്നല്ല അത്‌. എന്തെന്നാല്‍ സമ്പന്നനും ദരിദ്രനും ഇല്ലാതായാലും സകാത്ത്‌ ഉണ്ടാവും. അതിന്റെ ആധാരം ദരിദ്ര സമ്പന്ന അസമത്വമല്ല.

ചെലവഴിക്കലിന്റെ ധര്‍മശാസ്‌ത്രം

അതിലുള്ള പ്രക്രിയ ദാനവുമല്ല. സമ്പദ്‌ വ്യവസ്ഥയെ നീതിയിലും പ്രതിബദ്ധതയിലും കെട്ടിപ്പടുക്കുക എന്നതാണ്‌ അതിന്റെ സ്വഭാവം. അതിനുള്ള പരിശ്രമങ്ങള്‍ മനുഷ്യനും അവന്റെ സമ്പത്തും ഉള്ളിടത്തോളം തുടരേണ്ടതുമാണ്‌.

നന്മയില്‍ നിന്നുള്ള വ്യതിചലനമാണ്‌ മനുഷ്യര്‍ക്കിടയില്‍ ശ്രേണീബദ്ധമായ രാഷ്ട്രീയ സമ്പ്രദായങ്ങള്‍ സൃഷ്ടിച്ചത്‌. അങ്ങനെ അധികാരവും സമ്പത്തും കേന്ദ്രീകരിക്കപ്പെട്ടു. ഈ കേന്ദ്രീകരണത്തെ ഇസ്ലാം നിരാകരിക്കുന്നു. നബിയെപ്പറ്റിത്തന്നെ ഖുര്‍ആന്‍ പറയുന്നത്‌ നിങ്ങളെപ്പോലൊരാള്‍ എന്നാണ്‌. നബിയുടെ നാല്‌ ഖലീഫമാരും ജനങ്ങളോട്‌ നടത്തിയ ആദ്യ പ്രഖ്യാപനവും അതാണ്‌. നിങ്ങളില്‍ നിന്നുള്ള ഒരാള്‍. നബിയുടെ സാമ്പത്തിക നടപടികളെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നിങ്ങളുടെ സമ്പത്ത്‌ നിങ്ങളിലെ സമ്പന്നന്മാര്‍ക്കിടയില്‍ കേന്ദ്രീകരിക്കപ്പെടാതിരിക്കാന്‍ എന്നാണ്‌. എന്നാല്‍ അധികാര, സാമ്പത്തിക രംഗങ്ങളിലെ അധീശവ്യവസ്ഥയ്‌ക്ക്‌ കുട പിടിച്ച പുരോഹിതാധിപത്യമാണ്‌ വിധിവാദവുമായി രംഗപ്രവേശം ചെയ്യുകയും ദാരിദ്ര്യത്തെയും അസമത്വത്തെയും ന്യായീകരിക്കുകയും ചെയ്‌തത്‌.

ഇത്തരത്തിലുള്ള ന്യായീകരണത്തിന്റെ ഒരു തത്വത്തെയും സകാത്ത്‌ ഉള്‍ക്കൊള്ളുന്നില്ല. മനുഷ്യന്റെ ശേഷി ശേമുഷികളുടെ വിനിയോഗത്തില്‍ ഒരുപാട്‌ വൈവിധ്യങ്ങളുണ്ട്‌. ഈ വൈവിധ്യങ്ങളെല്ലാം ഉല്‍പാദനത്തില്‍ പങ്കു വഹിക്കുന്നുണ്ട്‌. അതിനാല്‍ത്തന്നെ എല്ലാ ശേഷികളും ആദരിക്കപ്പെടുന്നുമുണ്ട്‌. ഇവിടെ ആരും ആരെക്കാളും മുകളിലല്ല. താഴെയുമല്ല.

ഇന്‍ഫാഖ്‌ എന്നതാണ്‌ സമ്പദ്‌ ബാധ്യതകളുമായി ബന്ധപ്പെട്ട്‌ ഖുര്‍ആന്‍ ഉപയോഗിക്കുന്ന പ്രധാന പദം. ചെലവഴിക്കല്‍ എന്നര്‍ത്ഥം. ഇത്‌ നന്മയും നീതിയും നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ള സാമൂഹികാവശ്യങ്ങളില്‍ ഓരോരുത്തര്‍ക്കുമുള്ള പങ്കിനെ സൂചിപ്പിക്കുന്നു. അതാകട്ടെ, അതിരില്ലാത്ത ബാധ്യതയുമാണ്‌. ഖുര്‍ആന്‍ പറയുന്നതു പോലെ, എന്താണ്‌ ചെലവഴിക്കേണ്ടത്‌ എന്നവര്‍ ചോദിക്കുന്നു. പറയുക, നിങ്ങള്‍ക്ക്‌ മിച്ചമുള്ളതെന്തോ അത്‌.

നിങ്ങളിലും നിങ്ങളുടെ വിഭവങ്ങളിലും സമൂഹം അവകാശിയാണ്‌. ഇതാണ്‌ വേദപുസ്‌തകം പ്രഖ്യാപിക്കുന്നത്‌.

 

മതം മനുഷ്യന്റെ മയക്കുമരുന്നല്ല

liberation-h-kopp-delaney

മനുഷ്യന്‍ മതത്തെ സൃഷ്‌ടിക്കുകയാണ്‌, മതം മനുഷ്യനെ സൃഷ്‌ടിക്കുകയല്ല ചെയ്യുന്നതെന്ന്‌ A contribution to the Critique of Hegel’s Philosophy of Law എന്ന പ്രബന്ധത്തില്‍ കാള്‍ മാര്‍ക്‌സ്‌ പറയുന്നുണ്ട്‌. മതത്തെ മാര്‍ക്‌സ്‌ മയക്കുമരുന്നെന്ന്‌ വിശേഷിപ്പിച്ചതും ഇതേ പ്രബന്ധത്തിലാണ്‌. മതത്തിന്‌ പ്രതിഷേധത്തിന്റേതായ സ്വഭാവമുള്ളതോടൊപ്പം തന്നെ അതൊരൊളിച്ചോട്ടവും കൂടിയാണെന്ന്‌ ഇതില്‍ സ്ഥാപിക്കുന്നു.“മതപരമായ സന്താപമെന്നത്‌ അതേസമയം തന്നെ യഥാര്‍ഥ സന്താപത്തിന്റെ ഒരു ബഹിര്‍സ്‌ഫുരണവും യഥാര്‍ഥ സന്താപത്തിനെതിരായ ഒരു പ്രതിഷേധവും കൂടിയാണ്‌. മതം മര്‍ദ്ദിതജീവിയുടെ നിശ്വാസമാണ്‌. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്‌. ഉന്മേഷരഹിത സാഹചര്യങ്ങളിലെ ലഹരിയും. മനുഷ്യന്റെ മയക്കുമരുന്നാണ്‌ മതം.” (അതേ കൃതി). അധികാരി വര്‍ഗത്തിന്റെ ഉപകരണമാണ്‌ ഈ മയക്കുമരുന്ന്‌.
4146ddbfc7c0e90561fcddd973af9f97
എന്നാല്‍, മനുഷ്യനെ മനുഷ്യനാക്കുന്നതിനുള്ള പ്രബോധനമാണ്‌ മതം. അഥവാ യഥാര്‍ഥ മനുഷ്യനെ സൃഷ്‌ടിക്കാനുള്ള പരിശ്രമമാണത്‌. ബോധവും ശരീരവും തമ്മില്‍ താളൈക്യമുള്ള മനുഷ്യനെ സൃഷ്‌ടിക്കാനുള്ള ആഹ്വാനമാണ്‌ ഇസ്‌ലാമെന്ന്‌ അലിജാ അലി ഇസത്ത്‌ ബെഗോവിച്‌ (Islam between East and West) എഴുതുന്നുണ്ട്‌. “നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കു”മെന്നാണ്‌ യേശു തന്റെ അപ്പൊസ്‌തോലന്മാരോട്‌ പറയുന്നത്‌. ഖുര്‍ആനിലെ `നഫ്‌സ്‌ മുത്‌മഇന്ന’, കങ്‌ഫ്യൂചിയന്‍ ദര്‍ശനത്തിലെ `ചുന്‍ട്‌സു’ തുടങ്ങിയ പദങ്ങള്‍ മനുഷ്യത്വത്തിന്റെ സമ്പൂര്‍ണതയുടെ അടയാളങ്ങളാണ്‌. മനുഷ്യന്‍ തന്നില്‍ത്തന്നെ യഥാര്‍ഥ മനുഷ്യനെ സൃഷ്‌ടിക്കാന്‍ ശ്രമിക്കയാണ്‌ വേണ്ടതെന്നാണ്‌ മതം പഠിപ്പിക്കുന്നത്‌. ഇവിടെ കേവല ജൈവമനുഷ്യന്‍ എന്ന ആശയത്തില്‍ നിന്ന്‌ സാക്ഷാല്‍ മനുഷ്യന്‍ എന്നത്‌ വേര്‍പിരിയുന്നു. എന്നാല്‍, ജൈവ മനുഷ്യനില്‍ത്തന്നെയാണ്‌ സാക്ഷാല്‍ മനുഷ്യനെയും സൃഷ്‌ടിക്കുക. ജൈവ മനുഷ്യന്‍ എന്ന പ്രതലത്തില്‍ മതം മനുഷ്യനെന്ന പുതുസൃഷ്‌ടി നടത്തുന്നുവെന്നര്‍ഥം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, തന്നില്‍്‌ത്തന്നെ മനുഷ്യന്‍ നടത്തുന്നത്‌ പുതിയൊരു തന്നെ സൃഷ്ടിക്കാനുള്ള പരിശ്രമമാണ്‌. ഇതാകട്ടെ, നിരന്തരമായ പുതുക്കല്‍ ആവശ്യമായി വരുന്ന ഒന്നാണ്‌. ഇതിന്‌ അവനെ പ്രാപ്‌തനാക്കുക എന്നതാണ്‌ മതത്തിന്റെ പ്രധാനദൗത്യം. ഇതിലൂടെ മനുഷ്യനെ അത്‌ സ്രഷ്ടാവിന്റെ പദവിയിലേക്കുയര്‍ത്തുകയും ചെയ്യുന്നു. വേദാധ്യയനം കഴിഞ്ഞ ബ്രാഹ്മണനെ ദ്വിജന്‍ (രണ്ടാമത്‌ ജനിച്ചവന്‍) എന്ന്‌ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനവും, അതിലെ ജാതിബ്രാഹ്മണ്യം എന്നത്‌ മാറ്റിവെച്ചാല്‍, ഒരു പക്ഷേ ഈ സങ്കല്‍പമാവാം. മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ ഇനിയും സ്വയം കണ്ടെത്താത്തവനോ, കണ്ടെത്തിയിട്ട്‌ വീണ്ടും സ്വയം നഷ്‌ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ്‌ മതം (A contribution to the Critique of Hegel’s Philosophy of Law). എന്നാലോ, മതം യഥാര്‍ഥത്തില്‍ സ്വയം കണ്ടെത്താനുള്ള മാര്‍ഗദര്‍ശനത്തിന്റെ വിളംബരമാകുന്നു. വേദങ്ങള്‍ ആത്മാന്വേഷണത്തിന്‌ പ്രേരിപ്പിക്കുന്നു. ആത്മവിത്തായിരിക്കാനാണ്‌ വേദോപനിഷത്തുകള്‍ മനുഷ്യനോടാവശ്യപ്പെടുന്നത്‌. ആത്മവിത്തായവനേ (സ്വയം അറിഞ്ഞവന്‍) ബ്രഹ്മവിത്താവാന്‍ (ഈശ്വരനെ അറിഞ്ഞവന്‍) പറ്റുകയുള്ളൂ. ആത്മവിത്തായവന്‍ സമ്രാട്ടാണെന്നും ഉപനിഷദ്‌ പാഠമുണ്ട്‌. `മന്‍ അറഫ നഫ്‌സഹു ഫഖദ്‌ അറഫ റബ്ബഹു’ (ആര്‌ തന്നെത്തന്നെ അറിയുന്നുവോ, അവന്‍ ഈശ്വരനെ അറിയും) എന്ന്‌ ഇസ്‌ലാമില്‍ ഒരു പ്രമാണമുണ്ട്‌.

ലോകത്തേയും ജീവിതത്തേയും കുറിച്ച ശരിയായ ദര്‍ശനമാണ്‌ മതം. മതം അതിന്റെ യഥാര്‍ഥ രൂപത്തില്‍ നിരീക്ഷണത്തെ പ്രോത്സാഹിപ്പി ക്കുകയും ശകുനത്തെ നിരാകരിക്കുകയും ചെയ്യുന്നു. ഭൗതികമായ കാര്യ കാരണ ബന്ധങ്ങളെ അംഗീകരിക്കുകയും ലോകത്ത്‌ നീതിനിഷ്‌ഠമായ ജീവിതത്തെ ആവശ്യപ്പെടുകയും ചെയ്യുന്നു. “തലകുത്തിനിറുത്തപ്പെട്ട ലോക ബോധ”മെന്ന്‌ പക്ഷേ, മാര്‍ക്‌സ്‌ മതത്തെ പരിഹസിക്കുന്നുണ്ട്‌ (അതേ കൃതി). ഒരു സമൂഹം ഈ ബോധത്തെ സൃഷ്‌ടിക്കുന്നത്‌ ആ സമൂഹം തന്നെ തലകുത്തിനിറുത്തപ്പെട്ടതായതുകൊണ്ടാണ്‌. സത്യത്തിനപ്പുറത്തുള്ള ലോകമാണത്രേ മതം. അതപ്രത്യക്ഷമായിക്കഴിഞ്ഞാല്‍പ്പിന്നെ ഈ ലോകത്തിന്റെ സത്യം സ്ഥാപിക്കുകയെന്നതാവും ചരിത്രത്തിന്റെ ദൗത്യം. എന്നാല്‍, മതം ലോകത്തെ സത്യമെന്നംഗീകരിക്കുന്നുണ്ട്‌. പ്രാപഞ്ചികമായ സന്തുലിതത്ത്വത്തെ ലോകത്തിന്റെ നിലനില്‍പിന്റെ ആധാരമായി പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ ജീവിതത്തെയും ഇപ്രകാരം നീതിയില്‍ വളര്‍ത്തിയെടുക്കാന്‍ പഠിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. “അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു, സാമൂഹികനീതിയും നന്മയും പിന്നെ, നിന്റെ ബന്ധുക്കള്‍ക്കാവശ്യമുള്ളതേകലും. പാപവും തിന്മയും അക്രമവും നിങ്ങള്‍ക്കവന്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചിന്തിക്കുന്നവരാകാന്‍ വേണ്ടി അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്‌” (ഖുര്‍ആന്‍, സൂറഃ അന്നഹ്‌ല്‍ 90). ബോധവും ശരീരവും തമ്മില്‍ താളൈക്യമുള്ള മനുഷ്യനെയെന്നതോടൊപ്പം നീതിയും സന്തുലിതത്വവുമുള്ള യഥാര്‍ഥ ലോകത്തേയും സൃഷ്‌ടിക്കാനുള്ള ആഹ്വാനമാണ്‌ മതം. കങ്‌ഫ്യൂചിസിന്റെ വീക്ഷണത്തില്‍ ആത്മീയ ദര്‍ശനത്തിന്റെ ലക്ഷ്യം രണ്ടെണ്ണമാണ്‌. ശ്രേഷ്‌ഠനായ മനുഷ്യന്‍, സുവ്യവസ്ഥിതമായ സമൂഹം എന്നിവയാണവ.

യാന്ത്രിക ഭൗതികവാദത്തിന്റെ ആചാര്യനായ ലുദ്‌വിഗ്‌ ഫോയര്‍ബാഹ്‌, മതത്തെക്കുറിച്ച നിരീക്ഷണങ്ങളില്‍ മാര്‍ക്‌സിസത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. ഫോയര്‍ബാഹ്‌ ഇങ്ങനെ എഴുതുന്നു: “മനുഷ്യന്‍ അവനില്‍നിന്നുതന്നെ വേര്‍പെടുത്തിയ സ്വരൂപമാണ്‌ മതം. മനുഷ്യന്‍ അവന്റെ തന്നെ പ്രതിപക്ഷസ്ഥാനിയായി ദൈവത്തെ മുന്നില്‍ നിറുത്തുന്നു. മനുഷ്യന്‍ എന്തല്ലയോ അതാണ്‌ ദൈവം. ദൈവം എന്താണോ അതല്ല മനുഷ്യന്‍. ദൈവം അനശ്വരനാണ്‌, മനുഷ്യന്‍ നശ്വരനും. ദൈവം പരിപൂര്‍ണനാണ്‌, മനുഷ്യന്‍ അപൂര്‍ണനും. ദൈവം സര്‍വശക്തനാണ്‌, മനുഷ്യന്‍ ദുര്‍ബലനും. ദൈവം അനന്തനും മനുഷ്യന്‍ കാലബദ്ധനുമാണ്‌. അതുപോലെ ദൈവം പരിശുദ്ധനാണ്‌, മനുഷ്യന്‍ മഹാപാപിയും.” (The Essence of Christianity)
front.tif
ദൈവത്തിന്റെ പരിശുദ്ധി, അനന്തത, പരിപൂര്‍ണത എന്നിവയെ യാഥാര്‍ഥ്യങ്ങളും അടിസ്ഥാനവുമായംഗീകരിക്കെത്തന്നെ മതം ദൈവത്തെ അവതരിപ്പിക്കുന്നത്‌ മനുഷ്യന്റെ പ്രതിദ്വന്ദമായിട്ടല്ല. പരിമിതികളെയും തുര്‍ബ്ബലതകളെയും പാപങ്ങളെയും അതിജയിക്കാനുള്ള പരിശീലനമാണ്‌ അത്‌ മനുഷ്യന്‌ നല്‍കുന്നത്‌ താനും. ഇപ്പറഞ്ഞ താരതമ്യം അപ്രസക്തവും അനാവശ്യവുമത്രേ. ഒരുപക്ഷേ, തന്റെ തന്നെ അനുബന്ധമായിട്ടാണ്‌ ദൈവം മനുഷ്യനെ സൃഷ്‌ടിച്ചതും പരിഗണിച്ചതും. ഭൂമിയില്‍ അധികാരവും തന്റെ പ്രാതിനിധ്യവുമുള്ള സൃഷ്‌ടി എന്നാണ്‌ ഖുര്‍ആനില്‍ അല്ലാഹു മനുഷ്യനെ പരിചയപ്പെടുത്തുന്നത്‌. ദൈവ സദൃശന്‍ എന്ന വിശേഷണം കാണാം ബൈബിളില്‍. ദൈവിക ഗുണങ്ങളാര്‍ജിക്കാനാണ്‌ മുഹമ്മദ്‌ നബി പഠിപ്പിക്കുന്നത്‌.

ഉല്‍പത്തിയെക്കുറിച്ച സിദ്ധാന്തങ്ങളില്‍ മതത്തെ അജ്ഞതയോടും ഭയത്തോടും ബന്ധപ്പെടുത്തുന്നവരാണേറെയും. ചിലര്‍ മതോല്‍പത്തിയില്‍ വഞ്ചനയും അധീശത്വവുമാരോപിക്കുന്നു. മനുഷ്യനെ ഭയപ്പെടുത്തുകയും കീഴ്‌പ്പെടുത്തുകയും ചെയ്‌തിരുന്ന ശക്തികളില്‍നിന്നാണത്രേ മതചിന്തകളുടെ ഉദ്‌ഭവം. അത്‌ ആരംഭത്തില്‍ പ്രകൃതിശക്തികളാണെങ്കില്‍ പിന്നീട്‌ സാമൂഹികമായ അധീശത്വമുള്ള ശക്തികള്‍. ഈ രണ്ടാമത്തെ ഘട്ടത്തിലെത്തുമ്പോഴാണ്‌ ഭയത്തോടൊപ്പം വഞ്ചനയും ഇതില്‍ ചേരുന്നത്‌. “മതമെന്നുപറയുന്ന ഏതു സംഗതിയും ആളുകളുടെ നിത്യജീവിതത്തെ നിയന്ത്രിക്കുന്ന ബാഹ്യശക്തികള്‍ അവരുടെ മനസ്സില്‍ ഉളവാക്കുന്ന അദ്‌ഭുതകരമായ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. ഈ പ്രതിഫലനത്തില്‍ ഭൗമികശക്തികള്‍ അമാനുഷ രൂപം കൈക്കൊള്ളുന്നു. ചരിത്രാരംഭത്തില്‍ പ്രകൃതിശക്തികളാണ്‌ ആദ്യമായി ഇപ്രകാരം പ്രതിഫലിപ്പിക്കപ്പെട്ടത്‌. തുടര്‍ന്നുള്ള പരിണാമഗതിക്കിടയില്‍ ഈ ശക്തികള്‍ വിവിധജനവിഭാഗങ്ങള്‍ക്കിടയില്‍ വിവിധങ്ങളായ പലേ രൂപങ്ങളും കൈക്കൊണ്ടു…… ഏറെത്താമസിയാതെ പ്രകൃതിശക്തികള്‍ക്ക്‌ സമാന്തരമായി സാമൂഹ്യശക്തികളും സജീവമായി. ഇവയും പ്രകൃതിശക്തികളുടെ അത്രതന്നെ അന്യവും പിടികിട്ടാത്തതുമെന്ന നിലയ്‌ക്കാണ്‌ മനുഷ്യനെ സമീപിക്കുന്നത്‌. അത്രതന്നെ പ്രകടമായ സ്വാഭാവികാവശ്യകതയോടു കൂടിത്തന്നെയാണ്‌ അവയും മനുഷ്യന്റെമേല്‍ ആധിപത്യം ചെലുത്തുന്നതും. തുടക്കത്തില്‍ പ്രകൃതിയുടെ നിഗൂഢശക്തികളെ മാത്രം പ്രതിനിധീകരിച്ചിരുന്ന അദ്‌ഭുതരൂപങ്ങള്‍ക്ക്‌ ചില സാമൂഹിക സവിശേഷതകള്‍ കൈവരികയും അവ ചരിത്ര ശക്തികളുടെ പ്രതിനിധികളായിത്തീരുകയും ചെയ്‌തു” -ഫ്രെഡറിക്‌ ഏംഗല്‍സ്‌, Anti Dhuring.

സാമൂഹികമായ ചില പ്രവര്‍ത്തനങ്ങളെ ദൈവികപദവിയിലേക്കുയര്‍ത്തുന്നതും നമുക്കിതിനോടു ചേര്‍ത്തുതന്നെ കാണാം. വൈദ്യം, യുദ്ധം തുടങ്ങിയവയുടെ ദേവന്മാര്‍ ഉദാഹരണം. ഈ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ക്ക്‌ കിട്ടിയിരുന്ന സാമൂഹികമായ അന്തസ്സിന്റേയും അതുവഴി അധീശത്വത്തില്‍ നേടാന്‍ കഴിയുന്ന പങ്കിന്റേയും പ്രതിഫലനങ്ങളാണിവ. എന്നാല്‍, പലപ്പോഴും പുരോഹിതര്‍ ഈ ദേവന്മാരുടെ മുകളിലായിരിക്കുകയും ചെയ്യുന്നുണ്ട്‌. ചില സമൂഹങ്ങളില്‍ രാജാക്കന്മാര്‍ കരുത്തുറ്റ ദൈവങ്ങളായിത്തീരുകയും അദ്‌ഭുതരൂപങ്ങളായി പ്രതിഷ്‌ഠിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ആദിമപരിശുദ്ധിയില്‍ ഇപ്പറഞ്ഞതൊന്നുമായിരുന്നില്ല മതം. അത്‌ അധീശത്വത്തിന്റെ നിരാകരണവും ഉള്ളടക്കത്തില്‍ വിമോചനപര വുമായിരുന്നു. “നാം നമ്മില്‍ച്ചിലരെ, അല്ലാഹുവിനെ വിട്ട്‌ ഉടമസ്ഥന്മാരാക്കാതിരിക്കുക” എന്നതാണ്‌ ഖുര്‍ആന്‍ പഠിപ്പിച്ച പ്രധാന തത്ത്വം. നുകങ്ങള്‍ തകര്‍ക്കലും സകല ബന്ധനങ്ങളേയും അഴിക്കലുമാണ്‌ ഏറ്റവും ശ്രേഷ്‌ഠമായ ഉപവാസമായി ബൈബിളും പഠിപ്പിക്കുന്നത്‌. പരലോകത്തെ മതം അവതരിപ്പിക്കുന്നത്‌, ഈ ലോകത്ത്‌ അധീശത്വത്തിന്‌ കീഴ്‌പ്പെട്ട്‌, അത്‌ വിധിയെന്നോര്‍ത്ത്‌ വഴങ്ങി ജീവിക്കുന്നവര്‍ക്കുള്ള സാന്ത്വനവും സമ്മാനവുമായിട്ടല്ല, അഥവാ അധികാരവ്യവസ്ഥയെ അട്ടിമറിക്കാതിരിക്കുകയും അതിന്റെ സേവകരായി വര്‍ത്തിക്കുകയും ചെയ്യുന്നതിനുള്ള പ്രതിഫലമായിട്ടല്ല. മറിച്ച്‌ ജീവിതത്തിന്റെ അനിവാര്യമായ തുടര്‍ച്ചയും ഒരു യാഥാര്‍ഥ്യവുമെന്ന നിലയിലാകുന്നു. അന്യായമായ അധികാരങ്ങളെ ഈ ലോകത്തുതന്നെ തകര്‍ക്കാനുള്ള ആഹ്വാനമാണ്‌ മതം. ഈ നിലപാടില്‍ നിന്നുകൊണ്ടുതന്നെ ഖുര്‍ആന്‍ ചരിത്രത്തോടുള്ള അതിന്റെ സമീപനത്തെ രൂപപ്പെടുത്തുകയും അധഃസ്ഥിതന്റെ വിജയത്തേയും വിമോചനത്തേയും പ്രവചിക്കുകയും ചെയ്യുന്നു. “എന്നാല്‍, നാം ഉദ്ദേശിക്കുന്നതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട്‌ ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക്‌ ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ (ഏകാധിപതിയായ) ഫറോവയും ഹാമാനും അവരുടെ സൈന്യങ്ങളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍ നിന്ന്‌ ഭയപ്പെട്ട തിരിച്ചടി യാഥാര്‍ഥ്യമാക്കിക്കാണിക്കാനുമാകുന്നു.” (അല്‍ഖസ്വസ്വ്‌: 5,6). യെശയ്യാ പ്രവാചകന്റെ ഒരു പ്രവചനം ബൈബിളില്‍ ഇങ്ങനെ വായിക്കാം: “അവന്‍ ഉയരത്തില്‍ പാര്‍ക്കുന്നവരെ, ഉന്നത നഗരത്തെത്തന്നെയും താഴ്‌ത്തി നിലംപരിശാക്കി പൊടിയില്‍ തള്ളിക്കളഞ്ഞു. അങ്ങനെ ദരിദ്രരുടെ കാല്‍ക്കീഴില്‍, പാവങ്ങളുടെ ചവിട്ടടിയില്‍ അത്‌ ചവിട്ടി മെതിക്കപ്പെടുന്നു.” (യെശയ്യാ, 26:5,6)

പ്രകൃതിശക്തികളോടുള്ള ഭയം നിമിത്തം മനുഷ്യന്‍ അവയെ ആരാധിച്ചതിന്‌ സാര്‍വത്രികവും ഖണ്ഡിതവുമായ തെളിവുകളൊന്നുമില്ല. പ്രകൃതിയോട്‌ താളൈക്യപ്പെടാനാണ്‌ മതം ആവശ്യപ്പെടുന്നത്‌. ഉപനിഷത്തുകളിലും ലൗദ്‌സുവിന്റെ ചിന്തകളിലും മുതല്‍ ഖുര്‍ആനില്‍ വരെ ഈയാശയം കാണാം.
AntiDuhring.225x225-75
ഭയപ്പെടല്‍, ഭയപ്പെടുത്തല്‍ അഥവാ വഞ്ചന എന്നിവയോടൊപ്പം ഭാവനയെക്കൂടി മതത്തിന്റെ മാനസിക ഉല്‍പത്തി കേന്ദ്രമായി പരിഗണിക്കാറുണ്ട്‌. മനുഷ്യരില്‍ ചിന്താശക്തിയുള്ള വിഭാഗങ്ങള്‍ ഉണ്ടായപ്പോള്‍ത്തന്നെ മതസങ്കല്‍പങ്ങളും രൂപപ്പെട്ടു. ഭയത്തിനും ഭാവനയ്‌ക്കും കാര്യകാരണ ചിന്തകളുമായാണല്ലോ ബന്ധമുള്ളത്‌. എന്നാല്‍ കാര്യകാരണ ബോധമില്ലാത്ത മനുഷ്യരുണ്ടായിട്ടുണ്ടോ? ഒരുപാട്‌ മനുഷ്യ ഇനങ്ങള്‍ ഭൂമിയില്‍ നിലനിന്നിരുന്നുവത്രേ. ഹോമോ ഹബിലിസ്‌, ഹോമോ റുഡോള്‍ഫെന്‍സിസ്‌, ഹോമോ എര്‍ഗാസ്റ്റര്‍, ഹോമോ ജോര്‍ജിക്കസ്‌, ഹോമോ ഇറക്‌ട്‌സ്‌, ഹോമോ റോഡെന്‍സിയന്‍സിസ്‌ തുടങ്ങിയവക്ക്‌ പുറമേ പൂര്‍ണ മനുഷ്യജാതിയായി പറയപ്പെടുന്ന ഹോമോസേപ്പിയന്‍സിന്റെ തന്നെ ആദ്യകാല ഉപവിഭാഗങ്ങളായ ഹോമോസേപ്പിയന്‍സ്‌ നിയാണ്ടര്‍താലെന്‍സിസ്‌, ഹോമോസേപ്പിയന്‍സ്‌ ഇദാല്‍ത്തു മുതലായവയും. ഇവയില്‍ ഹോമോസേപ്പിയന്‍സ്‌ ഉപവിഭാഗങ്ങളൊഴിച്ചൊന്നിനും അതിനെപ്പോലെ കാര്യകാരണ ചിന്താശേഷി ഉണ്ടായിരുന്നില്ലെന്ന്‌ വാദിക്കുന്നു. ഇപ്പറഞ്ഞവയെല്ലാം ഒന്നുകില്‍ പലയിനംആന്ത്രപ്പോയ്‌ഡ്‌ കുരങ്ങുകളോ (ആള്‍ക്കുരങ്ങുകള്‍) അല്ലെങ്കില്‍ വ്യത്യസ്‌ത നരവര്‍ഗങ്ങളില്‍പ്പെട്ട പൂര്‍ണ മനുഷ്യര്‍ തന്നെയോ ആവാനുള്ള സാധ്യത എന്തുകൊണ്ടില്ല? ജീവാശ്‌മങ്ങള്‍ (Fossils) നമുക്കു തരുന്ന പാഠം കേവലവും യാന്ത്രികവുമായ പരിണാമത്തിന്റേതല്ല, നമ്മുടെ ജ്ഞാനപരിധിക്കുമപ്പുറം വൈപുല്യമുള്ളതും വികസ്വരവുമായ ജൈവവൈവിധ്യത്തിന്റേതാണ്‌. മനുഷ്യരിലും ഇത്തരം വൈവിധ്യങ്ങളുണ്ട്‌. ശരീരഘടനയില്‍ വളരെയേറെ വ്യത്യസ്‌തതകളുള്ള മനുഷ്യവര്‍ഗങ്ങള്‍ ഇന്നും ഭൂമിയില്‍ നിലനില്‍ക്കുന്നുമുണ്ട്‌. ശേഷിപ്പുകള്‍ ഒന്നുകില്‍ മനുഷ്യനല്ലാത്ത ജന്തുവിന്റേതാവാം, അല്ലെങ്കില്‍ കാര്യകാരണബോധവും ചിന്തയും കൂടിയുള്ള നരവര്‍ഗത്തിന്റേതുമാവാം. മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ എന്നതല്ല, ചിന്ത തന്നെയാണ്‌ മനുഷ്യനെ നിര്‍മിച്ചത്‌ എന്നതാണ്‌ ശരി. ഇപ്പറഞ്ഞ ജീവജാതികളില്‍ കാര്യകാരണ ചിന്തയുള്ളവ മനുഷ്യവിഭാഗത്തില്‍പ്പെടും. ഹോമോസേപ്പിയന്‍സ്‌ എന്ന ഇന, ജാതി നിര്‍ണയത്തിനപ്പുറം മറ്റൊരു വര്‍ഗീകരണം മനുഷ്യര്‍ക്കിടയില്‍ ആവശ്യവുമില്ല. അഥവാ അത്‌ ശാസ്‌ത്രീയമായാല്‍പ്പോലും മാനുഷികമാവില്ല. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, കാര്യകാരണ ചിന്താശക്തി മനുഷ്യന്റെ സവിശേഷതയാണ്‌. അഥവാ അതുള്ള ജാതിയാണ്‌ മനുഷ്യനെന്നറിയപ്പെടുന്നത്‌. ചിന്താശക്തിയോടൊപ്പം മതവും ഉണ്ട്‌. ഉപാസനാരീതികളും ധാര്‍മികമായ വിലക്കുകളുമാണ്‌ മനുഷ്യാവിര്‍ഭാവത്തിന്റെ അടയാളങ്ങള്‍. അതിനാല്‍, മതോല്‍പത്തിയെ കാലാനുക്രമത്തില്‍ അടയാളപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍, ചിന്തയുമായി മതത്തിനുള്ള ചരിത്രപരമായ ബന്ധം നിമിത്തം ഭയവും ഭാവനയുമാണ്‌ മതം എന്ന തീര്‍പ്പും യുക്തിസഹമല്ല. അങ്ങനെയെങ്കില്‍ കാലമിത്രയുമായിട്ടും മതം എന്ന അടിസ്ഥാനാശയം തന്നെ നിലനില്‍ക്കുമായിരുന്നില്ല. മനുഷ്യന്റെ തികച്ചും സ്വാഭാവികമായ വാസനയും ചോദനയുമാണ്‌ മതം.

ദൈവം നന്മയിലേക്ക്‌ വഴികാണിക്കുന്നുവെന്ന സങ്കല്‍പമാണ്‌ യഥാര്‍ഥത്തില്‍ മതത്തിന്റെ ആധാരം. ധര്‍മം എന്ന്‌ സംസ്‌കൃതത്തിലും ദീന്‍ എന്ന്‌ അറബിയിലും പറയുന്ന ശബ്‌ദങ്ങള്‍ ജീവിതസമ്പ്രദായം എന്ന അര്‍ഥത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. `ധൃ’ എന്നതിന്‌ നിലനിറുത്തുക എന്നര്‍ഥം. ഇതില്‍ നിന്നാണ്‌ ധര്‍മമുണ്ടായത്‌. മനുഷ്യനേയും ജീവിതത്തേയും നിലനിറുത്തുന്നതിന്‌ സഹായകമായ കര്‍മങ്ങള്‍, ബാധ്യതകള്‍, ചുമതലകള്‍ എന്നിവയെയെല്ലാം ഇത്‌ സൂചിപ്പിക്കുന്നു. ശരിയായ വഴി എന്ന അര്‍ഥത്തില്‍ ബുദ്ധന്‍ തന്റെ ധര്‍മത്തെ സദ്‌ധര്‍മം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ഖുര്‍ആന്‍ ഈയര്‍ഥത്തില്‍ പ്രയോഗിക്കുന്ന പദം `അല്‍ഹിദായ’ ആണ്‌. ചിന്തിക്കുക എന്നര്‍ഥമുള്ള മന്‍-മന്യതേ എന്ന ധാതുവില്‍ നിന്നാണ്‌ മത ശബ്‌ദമുണ്ടായത്‌. ഇംഗ്ലീഷില്‍ religion എന്നത്‌ religio എന്ന ലാറ്റിന്‍ പദത്തിന്റെ രൂപമാണ്‌. legere (തെരഞ്ഞെടുക്കുക) എന്നോ ligare (കൂട്ടിക്കെട്ടുക) എന്നോ ഉള്ള വാക്കിന്റെ കൂടെ വീണ്ടും (പുനഃ) എന്നര്‍ഥമുള്ള re ചേര്‍ത്താണ്‌ religio ഉണ്ടാകുന്നത്‌.

re, ligare എന്നീ വാക്കുകളില്‍ നിന്നാണ്‌ Religion ന്റെ ഉല്‍ഭവമെന്ന നിഗമനം മതത്തിന്റെ ഉള്ളടക്കവുമായി പൊരുത്തപ്പെടുന്നു. ബന്ധങ്ങളാണ്‌ ഈ പദം വഴി സൂചിതമാകുന്നത്‌. ബന്ധങ്ങളെയും പാരസ്‌പര്യങ്ങളെയും കുറിച്ച ബോധമാണ്‌ മതത്തിന്റെ മുഖ്യമായ ഉള്ളടക്കം. അത്‌ നാല്‌ മാനങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്നുമുണ്ട്‌. വ്യക്തി-വ്യക്തി എന്നതാണ്‌ ഇതില്‍ ഒന്നാമത്തേത്‌. ഓരോ വ്യക്തിക്കും മറ്റ്‌ ഓരോ വ്യക്തിയോടുമുള്ള ബാധ്യതകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്‌ മതം. രണ്ടാമത്തേത്‌ വ്യക്തി-സമൂഹം എന്നതാണ്‌. വ്യക്തിയുടെ അഭിനിവേശങ്ങള്‍, വികാരങ്ങള്‍, ശീലങ്ങള്‍ എന്നിവയെയും സമൂഹത്തിന്റെ ഭദ്രത, ആചാരങ്ങള്‍, നിയമങ്ങള്‍ എന്നിവയും സംബന്ധിച്ച്‌ വളരെ സന്തുലിതമായ സമീപനമാണ്‌ മതം മുന്നോട്ടു വെക്കുന്നത്‌. മനുഷ്യന്‍-പ്രകൃതി എന്ന ബന്ധമാണ്‌ മുന്നാമത്തേത്‌. പ്രകൃതിയുടെ വഴി പിന്തുടരാനുള്ള ആഹ്വാനമാണ്‌ വേദം. പ്രകൃതിയുടെ സന്തുലിതത്വത്തേയും മനുഷ്യന്റെ നീതിബോധത്തെയും കൂട്ടിക്കെട്ടുന്നുണ്ട്‌ ഖുര്‍ആന്‍. ഈ സന്തുലനത്തെ അപകടപ്പെടുത്താതെ പ്രകൃതിയില്‍ നിന്ന്‌ തനിക്കാവശ്യമുള്ളത്‌ സ്വീകരിക്കുന്നതോടൊപ്പം അതിന്റെ ഒരു ഘടകമെന്ന നിലക്ക്‌ തനിക്കുള്ള ബാധ്യതകള്‍ നിര്‍വഹിക്കുകയും വേണമെന്ന്‌ മതം ഓര്‍മിപ്പിക്കുന്നു. നാലാമതായി ഇതിനെക്കാളെല്ലാം പ്രധാനവും എന്നാല്‍ ഇപ്പറഞ്ഞ ബന്ധങ്ങളോടുള്ള പ്രതിബദ്ധതകളിലൂടെ സ്ഥാപിക്കാന്‍ സാധിക്കുന്നതുമായ ബന്ധം, മനുഷ്യന്‍-ഈശ്വരന്‍ എന്നത്‌. (ഇപ്പറഞ്ഞ ഓരോന്നും കൂടുതല്‍ വിശകലനമര്‍ഹിക്കുന്നു. അത്‌ പിന്നീടാവാം).

ഇപ്രകാരം മതത്തിന്റെ യഥാര്‍ത്ഥ അസ്‌തിത്വത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അത്‌ തലകുത്തി നിര്‍ത്തപ്പെട്ട ലോകബോധമല്ല, മറിച്ച്‌ ലോകത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ആഹ്വാനമാണ്‌. പ്രകൃതി ശക്തികളോടും സാമൂഹികാധീശത്വങ്ങളോടുമുള്ള ഭയമോ വിധേയത്വമോ അല്ല, അധീശത്വങ്ങളുടെ നിരാകരണവും വിമോചനവുമാണ്‌. യഥാര്‍ത്ഥ സന്താപങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല, സാമൂഹിക നീതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയാണ്‌. തന്റെ പരിമിതികളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നുല്‍ഭൂതമാവുന്ന അവയെ അതിജയിക്കുന്ന പ്രതിദ്വന്ദ്വമായ ദൈവത്തെക്കുറിച്ച സങ്കല്‍പങ്ങളല്ല, പരിമിതികള്‍ക്കപ്പുറം തന്റെ സാധ്യതകളെക്കുറിച്ച്‌ മനുഷ്യനോടുള്ള ഓര്‍മപ്പെടുത്തലാണ്‌.