കൊലക്കളങ്ങളും ശവക്കൂമ്പാരങ്ങളും

painting by Vann Nath depicting torture done by the Khmer Rouge in Cambodia

വംശീയദേശീയതയും സ്വേഛാധിപത്യവും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.

ഒന്നാം ഭാഗം ഇവിടെ വായിക്കാം

നീത്ഷ്‌ചേ, നാസി
സെറ്റ്‌ലർ കൊളോണിയലിസത്തിന്റെ (settler colonialism കുടിയേറ്റ കൊളോണിയലിസം -തദ്ദേശവാസികള്‍ക്കു മേല്‍ കടന്നാക്രമണം നടത്തി കുടിയേറ്റക്കാരുടെ രാഷ്ട്രീയാധീശത്വം നടപ്പിലാക്കുന്ന കൊളോണിയല്‍ നയമാണിത്) പ്രതലത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇംപീരിയല്‍ ജര്‍മനിയില്‍ ആവിഷ്‌കരിക്കപ്പെട്ട ഒരു സിദ്ധാന്തമായിരുന്നു ലെയ്ബന്‍സ്‌റോം (Lebensraum). 1914 സെപ്തംബറില്‍ ചാന്‍സലര്‍ തിയോബാള്‍ഡ് ഫോന്‍ ബേത്മാന്‍ ഹോള്‍വെഗിന് വേണ്ടി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ജര്‍മന്‍ ഡിപ്ലോമാറ്റുമായ കര്‍ട് റീസ്‌ലര്‍ തയ്യാറാക്കിയ Septemberprogramm അനുസരിച്ച് തങ്ങളുടെ അധീനപ്രദേശത്തെ വിപുലമാക്കുന്നതിനുള്ള ഒരു ജിയോപൊലിറ്റിക്കല്‍ അജണ്ട, ഇംപീരിയല്‍ ജര്‍മനിക്ക് ഒന്നാം ലോകയുദ്ധത്തില്‍ ഉണ്ടായിരുന്നു.

ഒന്നാം ലോകയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് ജര്‍മനിയിലുണ്ടായ ദേശീയമായ അസംതൃപ്തികളെ ഇന്ധനമാക്കിക്കൊണ്ടാണ് അഡോള്‍ഫ് ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ശക്തി പ്രാപിക്കുന്നത്. ലെയ്ബന്‍സ്‌റോം എന്ന സിദ്ധാന്തം അതോടെ നാസി പാര്‍ട്ടിയുടെയും പ്രധാന തത്വശാസ്ത്രമായി മാറി.

അഡോൾഫ് ഹിറ്റലർ
അഡോൾഫ് ഹിറ്റലർ

പത്തൊമ്പതാം നൂറ്റാണ്ടില്‍, ചാള്‍സ് ഡാര്‍വിന്റെ ദ് ഒറിജിന്‍ ഒഫ് സ്പീഷീസിന് ജര്‍മന്‍ ബയോളജിസ്റ്റായ ഓസ്‌കര്‍ പെസ്‌കല്‍ എഴുതിയ നിരൂപണത്തില്‍ ജീവിവര്‍ഗങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ട സിദ്ധാന്തം വിവരിക്കുന്നതിന് വേണ്ടി lebensraum എന്ന പദം ഉപയോഗിച്ചു. ദേശീയ സാംസ്‌കാരിക തലത്തിലേക്ക് ഇതിന്റെ പ്രയോഗം വികസിപ്പിച്ചതാകട്ടെ, ജര്‍മന്‍ ഭൂശാസ്ത്രജ്ഞനും (geographer) വംശീയ സംസ്‌കാര ശാസ്ത്രജ്ഞനുമായ (ethnographer) ഫ്രീദ്രിച് റാറ്റ്‌സെലാണ്. രാഷ്ട്രീയ ഭൂമിശാസ്ത്രത്തെസ്സംബന്ധിച്ച തന്റെ പഠനത്തില്‍, ഭൂപരമായ സവിശേഷതകള്‍ സമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള മനുഷ്യപരിശ്രമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിന്ന തീസീസിന്റെ ശീര്‍ഷകമായാണ് റാറ്റ്‌സെല്‍, ലെയ്‌ബെന്‍സ്‌റോം ഉപയോഗിച്ചത്.

raum എന്ന ജര്‍മന്‍ പദത്തിന് room, space എന്നൊക്കെയാണ് അര്‍ത്ഥം. lebensraum എന്നാല്‍ living space എന്നും. അതിജീവനത്തിനുള്ള അര്‍ഹതയെക്കുറിച്ച ഡാര്‍വിന്‍ സിദ്ധാന്തവും കരുത്തിന്റെ മൂല്യവിചാരവുമായി ബന്ധപ്പെട്ട നീത്ഷ്‌ചേവിയന്‍ തത്വചിന്തയുമൊക്കെയായിരുന്നു ഹിറ്റ്‌ലറുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.

നാസി കോൺസൻട്രേഷൻ കാംപ്
നാസി കോൺസൻട്രേഷൻ കാംപ്

സദാചാരത്തെക്കുറിച്ച സ്വന്തം കാഴ്ചപ്പാടുകളാണ് ഫ്രീദ്‌റിച് നീത്ഷ്‌ചേയില്‍ മതത്തോടുള്ള, പ്രത്യേകിച്ച് ക്രിസ്തുമതത്തോടുള്ള കഠിനശത്രുതയായി വികസിക്കുന്നത്. വിട്ടുവീഴ്ചയിലും ദയയിലും അധിഷ്ഠിതമായ സദാചാരസംഹിതകളെ വിധേയത്വത്തിന്റെ സിദ്ധാന്തങ്ങളായാണ് അദ്ദേഹം പരിഗണിക്കുന്നത്. രണ്ടുതരം സദാചാരങ്ങളാണ് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഉള്ളത്. മതത്തിന്റെത് അടിമസദാചാരമാണ് (slave morality). എന്നാല്‍ മനുഷ്യചരിത്രത്തിന്റെ ആരംഭത്തിലുള്ളതും പ്രാഥമികവുമായ സദാചാരം ഉടമസദാചാരമാണ് (master morality). നീത്ഷ്‌ചേയുടെ അഭിപ്രായത്തില്‍ ഉടമസദാചാരമാണ് ക്രിയാത്മകവും സര്‍ഗാത്മകവും. ഉടമസദാചാരത്തില്‍ മൂല്യങ്ങള്‍ ഉല്‍ഭവിക്കുന്നത് നല്ലതും ചീത്തയും (good and bad) തമ്മിലുള്ള വൈരുധ്യത്തില്‍ നിന്നാണ്. ഈ ദ്വന്ദ്വങ്ങളെ യൂദ, ക്രൈസ്തവ മതങ്ങള്‍ നന്മ-തിന്മ ദ്വന്ദ്വങ്ങളായി (good and evil) അട്ടിമറിച്ചു. ഉടമസദാചാരത്തില്‍ അധികാരം, സമ്പത്ത്, ആരോഗ്യം, കരുത്ത് എന്നിവയാണ് ഗുഡ് എന്ന് വിശേഷിപ്പിക്കപ്പെടുക. ബെര്‍ബേറിയന്‍ കാലം മുതല്‍ ഹോമറിന്റെ ഇതിഹാസങ്ങളില്‍ ചിത്രണം ചെയ്യപ്പെടുന്ന ഗ്രീസിലെ വ്യവസ്ഥ വരെയുള്ള വീരനായകന്മാരുടെ ഗുണങ്ങളായിരുന്നു ഇവ. അടിമത്തപരമായ പതിത്വം, ദാരിദ്ര്യം, രോഗം, ദൗര്‍ബല്യം തുടങ്ങിയവ ബാഡ് ആണ്.

എന്നാല്‍ മതപരമായ വ്യാമോഹങ്ങള്‍ സൃഷ്ടിച്ച അടിമസദാചാരത്തിലെ നന്മ-തിന്മ വൈരുധ്യത്തിലെ മൂല്യവിചാരത്തില്‍ കരുണ, ഭക്തി, ഇന്ദ്രിയനിഗ്രഹം, വിനയം, വിധേയത്വം തുടങ്ങിയവയാണ് ഗുഡ്. നിഷേധാത്മകമാണ് ഈ സദാചാരസംഹിത എന്നതിനാല്‍ നീത്ഷ്‌ചേ ഇതിനെ nay-saying morality എന്നുവിളിച്ചു. ഉടമസദാചാരമാകട്ടെ, ക്രിയാത്മകമാകയാല്‍ അത് yea-saying morality ആണ്. മാസ്റ്റര്‍ മൊറാലിറ്റിയില്‍ കരുത്തന്മാര്‍ കരുത്തുറ്റ മൂല്യങ്ങളെ നിര്‍മിക്കുന്നു. സ്ലേവ് മൊറാലിറ്റിയാകട്ടെ, ആരംഭിക്കുന്നത് തന്നെ വിധേയത്വബോധത്തിലാണ്. ഈ സദാചാരകുതന്ത്രം തിരിച്ചറിഞ്ഞ് കരുത്തന്മാര്‍ ദയയെ അതിജയിച്ച് ഉയര്‍ന്നു നില്‍ക്കണം എന്നാണ് നീത്ഷ്‌ചേയുടെ ആഹ്വാനം.

ഇപ്രകാരം ഉയര്‍ന്നു നില്‍ക്കുന്ന, കരുത്ത് കൊണ്ട് ലോകം കീഴടക്കുന്ന മനുഷ്യനെ നീത്ഷ്‌ചെ യൂബര്‍മെന്‍ഷ് (Ubermensch) എന്ന് വിളിച്ചു. അതീതമനുഷ്യന്‍ എന്നോ അതിമാനുഷന്‍ എന്നോ (overman or superman) ഇതിനെ വിവര്‍ത്തനം ചെയ്യാം.

നീത്ഷ്ചേ, യൂബർമെൻഷ് ചിത്രകാരന്റെ ഭാവനയിൽ
നീത്ഷ്ചേ, യൂബർമെൻഷ് ചിത്രകാരന്റെ ഭാവനയിൽ

ആധുനികതയിലെ കൊളോണിയല്‍, വംശീയ സങ്കല്‍പങ്ങളുടെ ആധാരം നീത്ഷ്‌ചേവിയന്‍ ചിന്തകളാണെങ്കില്‍ മറുപുറത്ത് ആധുനികതയെയും അതിന്റെ അധികാരപ്രയോഗങ്ങളെയും നിരാകരിക്കുന്ന, എന്നാല്‍ അധീശത്വപരവും (supremacist) പാരമ്പര്യാധിഷ്ഠിതവും സ്വത്വാധികാരപരവുമായ തത്വചിന്തകള്‍ മുന്നോട്ടു വെക്കുന്ന ഉത്തരാധുനിക വിചാരലോകത്തിനും ആവേശം പകര്‍ന്നത് നീത്ഷ്‌ചേ തന്നെയാണ്. നീത്ഷ്‌ചേയെ വായിച്ചതുകൊണ്ടാണ് താന്‍ ഉണര്‍ന്നതെന്ന് മിഷേല്‍ ഫൂക്കോ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അഡോള്‍ഫ് ഹിറ്റ്‌ലറുടെയും ബെനിറ്റോ മുസ്സോളിനിയുടെയും തത്വശാസ്ത്രത്തില്‍ നീത്ഷ്‌ചേക്കും യൂബര്‍മെന്‍ഷിനും വലിയ സ്വാധീനമുണ്ട്. ദയയെയും സമാധാനത്തെയും കുറിച്ച എല്ലാ സിദ്ധാന്തങ്ങളും ഫാഷിസത്തിന് ശത്രുതാപരമാണെന്ന് മുസ്സോളിനി The Doctrine of Fascism എന്ന പ്രബന്ധത്തില്‍ രേഖപ്പെടുത്തുന്നു. പുരുഷന്മാര്‍ക്ക് മുസ്സോളിനി കല്‍പിച്ചു നല്‍കുന്ന ദൗത്യം യുദ്ധമാണ്. സ്ത്രീകള്‍ക്കാകട്ടെ, യുദ്ധം ചെയ്യാന്‍ വേണ്ടി വീരന്മാരെ പ്രസവിക്കുക എന്നതും. ഫാഷിസ്റ്റ് സ്വഭാവമുള്ള ഏതൊരു വംശീയ സിദ്ധാന്തത്തിലും സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വത്വവും വ്യക്തിത്വവും വീരമാതാവ് എന്നത് മാത്രമാകുന്നു.

കൊലമുറികളും ചോരപ്പാടങ്ങളും
എന്തായാലും സോഷ്യല്‍ ഡാര്‍വിനിസത്തിലെയും നീത്ഷ്‌ചേവിയന്‍ തത്വചിന്തയിലെയും അതിജയസിദ്ധാന്തം (survival of the fittest) ഹിറ്റലറുടെ lebensraum നെ (living space) ഒരു todesraum (space for death) ആക്കി മാറ്റി. മരണത്തിനാണ് ടോഡെസ് എന്ന് പറയുക. ടോഡെസ്‌റോമിന് കൊലയറ എന്ന് ലളിതമായി വിവര്‍ത്തനം നല്‍കാം.

എന്തെന്നാല്‍, സജീവത (living) എന്നത് അതിജയത്തിനര്‍ഹതയുള്ളവര്‍ക്ക് മാത്രം വിധിക്കപ്പെട്ടതാകുന്നു. മറ്റുള്ളവരെല്ലാം നശിക്കുക എന്നതാണ് വംശീയതയില്‍ നീതി. ഉയര്‍ത്തപ്പെടുന്ന എല്ലാ നല്ല മുദ്രാവാക്യങ്ങളും നൈതികാശയങ്ങളും അതിജീവനത്തിന് ശേഷിയുള്ളവരുടേത് മാത്രമത്രേ.

വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട തത്വദര്‍ശനങ്ങളെപ്പോലും വംശീയദേശീയത ചോരച്ചൊരിച്ചിലിനുള്ള ന്യായങ്ങളാക്കി മാറ്റിയിട്ടുണ്ട്. കംബോഡിയയുടെ ചരിത്രം അതിലെ ഏറ്റവും കുപ്രസിദ്ധമായ അധ്യായമാണ്. കംബോഡിയയിലെ ഖമര്‍ റൂഷ് (Khmer Rouge) ഒരു കമ്യൂനിസ്റ്റ് പ്രസ്ഥാനമായാണ് സ്വയം അടയാളപ്പെടുത്തിയത്. മൂന്ന് ചിന്തകളായിരുന്നു ഖമര്‍ റൂഷിന്റെ അടിസ്ഥാനം. അഗ്രേറിയന്‍ സോഷ്യലിസം, കമ്യൂനിസം, ഖമര്‍ ദേശീയത എന്നിവയാണവ. ഭൂമിക്ക് മേലുള്ള തുല്യാവകാശസിദ്ധാന്തത്തെയാണ് അഗ്രേറിയനിസം (Agrarianism) എന്ന് പറയുക. പക്ഷേ, ആദ്യം പറഞ്ഞ രണ്ട് സമത്വ സിദ്ധാന്തങ്ങളും മൂന്നാമത്തെ ഖമര്‍ ദേശീയതക്ക് കീഴിലായിരുന്നു. അതായത്, തുല്യാവകാശവും കമ്യൂനിസവുമൊക്കെ നടപ്പിലാക്കേണ്ടത് ഖമറുകള്‍ക്കിടയില്‍ മാത്രമായിരുന്നു. ഖമറുകള്‍ക്കിടയില്‍ സ്ഥിതിസമത്വം നടപ്പിലാകണമെങ്കില്‍ മറ്റ് എത്‌നിക്കുകള്‍ തുടച്ചു നീക്കപ്പെടണം.

ഖമർ റൂഷ് കൊലക്കളം, ഇരകളുടെ തലയോടുകൾ നിറച്ച കൊയൂങ് എക്കിലെ സ്മാരകസ്തൂപം
ഖമർ റൂഷ് കൊലക്കളം, ഇരകളുടെ തലയോടുകൾ നിറച്ച കൊയൂങ് എക്കിലെ സ്മാരകസ്തൂപം

ചരിത്രത്തില്‍ തുല്യതയില്ലാത്ത മനുഷ്യവേട്ടകള്‍ അങ്ങനെ അരങ്ങേറിത്തുടങ്ങി. ഖമര്‍ റൂഷിന്റെ കൊലനിലങ്ങളില്‍ (Khmer Rouge Killing Fields) ശോണിതസമുദ്രങ്ങള്‍ തന്നെയൊഴുകി. കോണ്‍സന്‍ട്രേഷന്‍ കാമ്പുകള്‍ എന്ന പേരില്‍ ഹിറ്റ്‌ലര്‍ ഒരുക്കിയത് കൊലയറകളായിരുന്നെങ്കില്‍ ഖമര്‍ റൂഷിന്റെത് കൊലക്കളങ്ങള്‍ തന്നെയായിരുന്നുവെന്നര്‍ത്ഥം. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങള്‍ വെറും അസ്ഥിക്കൂമ്പാരങ്ങളായിത്തീര്‍ന്നു.

പോള്‍ പോട്ട് ആയിരുന്നു അന്ന് കംബോഡിയന്‍ (കമ്യൂനിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കംപൂച്ചിയ) പ്രധാനമന്ത്രി. ഒപ്പം കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് കംപൂച്ചിയയുടെ ജനറല്‍ സെക്രട്ടറിയും ഖമര്‍ റൂഷ് രക്തരക്ഷസ്സുകളുടെ നേതാവും അയാള്‍ തന്നെയായിരുന്നു. ഒന്നര മുതല്‍ രണ്ട് വരെ മില്യന്‍ കംബോഡിയന്മാര്‍ പോള്‍ പോട്ടിന്റെ കാലത്ത് ഖമര്‍ റൂഷിന്റെ ആക്രമണത്തിനിരയായും പട്ടിണി കിടന്നും അടിമപ്പണി കാരണവും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

Pol Pot. The Khmer Rouge Leader -Hen Sophal's painting
Pol Pot. The Khmer Rouge Leader -Hen Sophal’s painting

യഥാര്‍ത്ഥത്തില്‍ ലെയ്ബന്‍സ്‌റോമിന് രണ്ട് മുഖങ്ങളുണ്ട്. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നുന്ന രണ്ട് മുഖങ്ങള്‍. ബാഹ്യജനതയുടെ അധികാരത്തെയാണ് (exogenous domination) സെറ്റ്‌ലേര്‍സ് കൊളോണിയലിസം ലക്ഷ്യമാക്കുന്നതെങ്കില്‍, മണ്ണിന്റെ മക്കള്‍ വാദം (sons of soil/ SOS) എന്നറിയപ്പെടുന്ന, ഇതിന്റെ മറുമുഖം ഉന്നയിക്കുന്നത് ആന്തരികജനതയുടെ (indigenous) ആധിപത്യത്തെയാണ്. അതായത്, വംശീയബോധമുള്ള ജനത ആഭ്യന്തരമായി മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്നുണ്ടെങ്കില്‍ അന്തര്‍ദ്ദേശപരമായി ഇതിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്‍ഡിജെനസ്, മണ്ണിന്റെ മക്കള്‍ തുടങ്ങിയ സങ്കല്‍പങ്ങള്‍ തന്നെ ചരിത്രപരമായി തനി അസംബന്ധങ്ങളാണ് എന്നത് വേറെ കാര്യം.

ലോകത്തുള്ള ഒരു ജനതയും എപ്പോഴെങ്കിലും എവിടെയെങ്കിലും മുളച്ചുപൊങ്ങിയതാണ് എന്ന് സ്ഥാപിക്കാന്‍ ഒരു നിലക്കും പറ്റില്ല. വംശീയശുദ്ധിവാദമുന്നയിച്ചാലും ഇല്ലെങ്കിലും ഏതെങ്കിലും വര്‍ഗമോ ഗോത്രമോ അതിന്റെ രക്തവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ട് എന്ന് കരുതുന്നതും അസംബന്ധമാണ്. മെഹര്‍ഗഢിലെ ആസ്ത്രലോയ്ഡ്, നീഗ്രോയ്ഡ് വര്‍ഗങ്ങളുടെ ഗ്രാമസംസ്‌കാരത്തില്‍ നിന്ന് തുടങ്ങുന്നതാണ് അറിയപ്പെടുന്ന ഇന്ത്യന്‍ ചരിത്രം. അതുതൊട്ട്, സൈന്ധവതീരങ്ങളില്‍ വേരുറപ്പിച്ച ദ്രാവിഡജനതയും അതിനും ശേഷം ഗംഗാതടം കേന്ദ്രീകരിച്ച് വികസിച്ച ഇന്‍ഡോ ആര്യന്‍ ജനതയുമെല്ലാം കടന്നുവന്നവരാണ്. അതിന് ശേഷവും ഒട്ടേറെ ജനവിഭാഗങ്ങള്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അവരെല്ലാം ഇവിടുത്തെ ജനതയായി മാറുകയും ചെയ്തു.

ഈ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തെക്കാള്‍ പ്രാധാന്യമുള്ളത്, ഇവരെല്ലാം ചേര്‍ന്നും സമന്വയിച്ചുമാണ് പിന്നീടുള്ള ഇന്ത്യന്‍ ചരിത്രം മുന്നോട്ട് പോയത് എന്നതിനാണ്. ഈ സമന്വയമാകട്ടെ, സാംസ്‌കാരികം മാത്രമല്ല, ജൈവികം കൂടിയായിരുന്നു എന്നതത്രേ യാഥാര്‍ത്ഥ്യം.

Khmer Rouge -painting by Vann Nath
Khmer Rouge -painting by Vann Nath

ഈ യാഥാര്‍ത്ഥ്യത്തെ നിരാകരിച്ച് ഭൂപരമോ രക്തപരമോ ആയ അവകാശവാദങ്ങളുന്നയിക്കുന്നവരാണ് ലോകത്തെ ആക്രാമക വംശീയവാദങ്ങള്‍ മുഴുവനും. യൂദ സയനിസം മുതല്‍ ഇന്ത്യന്‍ ആര്യവാദവും ഹിന്ദുത്വയും വരെയുള്ള ആശയങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത് ഇത്തരം അവകാശവാദങ്ങള്‍ക്ക് മേലാണ്. കൃത്രിമമായി ഉയര്‍ത്തിവിട്ട ഈ വികാരങ്ങള്‍ക്ക് മേലാണ് നിങ്ങളുടെ മണ്ണ്, നിങ്ങളുടെ സംസ്‌കാരം (അര്‍ദുകും, ത്വരീഖതുകും) തുടങ്ങിയ ആശയങ്ങള്‍ പ്രാചീനരും അര്‍വാചീനരുമായ എല്ലാ ഫറോവമാരും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് സ്ഥാപിക്കാന്‍ വേണ്ടി ചരിത്രത്തെയും ശാസ്ത്രത്തെയുമൊക്കെ വികലമാക്കുന്ന പ്രവണതയും കാണാം. ചരിത്രത്തെ പല കോണിലും വായിക്കാമെങ്കിലും വ്യാജങ്ങളും മിത്തുകളും ചരിത്രസംഭവങ്ങളായി മാറുന്ന പ്രവണത മോസ്റ്റ് മോഡേണ്‍ ഇന്ത്യയില്‍ വ്യാപകമാണ്. വേദഗണിതം, വേദശാസ്ത്രം തുടങ്ങിയ അക്കാദമികാഭ്യാസങ്ങളും ജ്യോതിഷം പോലുള്ള ശാസ്ത്രവിരുദ്ധതകളുടെ ശാസ്ത്രപരിണാമവുമൊക്കെ ഇന്ത്യന്‍ അക്കാദമിക രംഗത്തെ കാഴ്ചകളാണ്.

ഫാഷിസ്റ്റ് പ്രകൃതം പ്രകടിപ്പിക്കുന്ന വംശീയ ദേശീയതയുടെയും വലതുപക്ഷ റാഡിക്കലിസത്തിന്റെയുമൊക്കെ സ്വാധീനം അതിന്റെ എല്ലാ ഭീകരതയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ദശയിലൂടെയാണ് ഇന്ത്യയുടെ പല അയല്‍ദേശങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയിലും സംഹള ദേശീയതയും ബുദ്ധ റാഡിക്കലിസവും മ്യാന്‍മറിലെ ബര്‍മീസ് ദേശീയതയും ബുദ്ധ റാഡിക്കലിസവും ഉദാഹരണം.

ഇതേ വലതുപക്ഷബോധം പങ്കുവെക്കുന്നതാണ് ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും. വൈവിധ്യങ്ങളുടെ ചരിത്രത്തിന്റെ ഒരു നിരാകരണമാണത്. ഒരു വംശീയ ശുദ്ധീകരണത്തിന് വേണ്ടിയുള്ള ആസൂത്രിതമായ പ്രവര്‍ത്തനമായിരുന്നു 2002 ലെ ഗുജറാത്ത് വംശഹത്യ. ഇപ്പോഴും തുടരുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഇതിന്റെ തുടര്‍ച്ചയത്രേ. സംഘ് രാഷ്ട്രീയം മേല്‍ക്കൈ നേടിയതും ഇത്തരം വികാരങ്ങളിളക്കിവിട്ടു കൊണ്ടാണ്.

അതേസമയം മാനുഷിക മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ജനാധിപത്യബോധത്തെയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതിരോധം ഇന്ത്യയില്‍ ഇനിയും സാധ്യവുമാണ്.

വംശീയദേശീയതയും സ്വേഛാധിപത്യവും

lead_720_405

രണ്ടായിരത്തിപ്പതിനൊന്ന് ജനുവരി 25 ന് ആരംഭിച്ച് ഫെബ്രുവരി 11 വരെ നീണ്ടു നിന്ന പോരാട്ടമായിരുന്നു ഈജിപ്തിലെ തഹ്‌രീര്‍ വിപ്ലവമായി അറിയപ്പെട്ടത്. തൊട്ട് മുന്നേ തുനീഷ്യയില്‍ നടന്ന, മുല്ലപ്പൂ വിപ്ലവം എന്നറിയപ്പെട്ട പ്രക്ഷോഭവുമായി അതിനെ ചേര്‍ത്ത് അറബ് വസന്തം എന്നും വ്യവഹരിക്കപ്പെട്ടു.

Hitler -painting by Arthur Szyk
Hitler -painting by Arthur Szyk

അതേ വര്‍ഷം സെപ്തംബറില്‍ തഹ്‌രീര്‍ സമരം വിഷയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് Tahrir 2011: The Good, the Bad and the Politician. മൂന്ന് ഡോകുമെന്ററി സിനിമകളുടെ ഒരു ആന്തോളജിയാണ് ഇത്. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് തഹ്‌രീര്‍. ദ് ഗുഡ് എന്ന ഭാഗം തഅ്മീര്‍ ഇസ്സത്തും ദ് ബാഡ് എന്ന ഭാഗം അയ്‌തെന്‍ അമീനും സംവിധാനം ചെയ്തിരിക്കുന്നു.

ആഭ്യന്തരശത്രുവിനെക്കുറിച്ച തത്വശാസ്ത്രം
മൂന്നാമത്തെ ഭാഗം ദ് പൊലിറ്റീഷന്‍ സംവിധാനിച്ചത് അസ്മ, ശൈഖ് ജാക്‌സന്‍ തുടങ്ങിയ ലോകപ്രശസ്ത ചലച്ചിത്രങ്ങളുടെ സാക്ഷാത്കാരകനായ, ഈജിപ്ഷ്യന്‍ ഫിലിം മേക്കര്‍ അംറ് സലാമയാണ്. രസകരമായ ഒരു സറ്റയറിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന പൊലിറ്റീഷനില്‍ ഒരു സ്വേഛാധിപതിയെ നിര്‍മിക്കുന്ന പത്ത് ഘടകങ്ങള്‍ വിവരിക്കുന്നുണ്ട്. ഹെയര്‍ ഡൈയിലാണ് അത് തുടങ്ങുന്നത്. മുപ്പത് കൊല്ലത്തോളം ഈജിപ്തിനെ അടക്കിഭരിച്ച ഹുസ്‌നി മുബാറക് അവസാനകാലം വരെ ചെറുപ്പമായിരുന്നു. അധികാരത്തില്‍ ഹെയര്‍ ഡൈക്കുള്ള പങ്കിനെ സരസമായി അവതരിപ്പിക്കുമ്പോള്‍ സ്വന്തം ന്യൂനതകള്‍ മറച്ചുവെക്കാനും തനിക്കില്ലാത്ത ഗുണങ്ങള്‍ അവകാശപ്പെട്ട് മേല്‍ക്കോയ്മ നേടാനുമുള്ള ഒരു സ്വേഛാധികാരിയുടെ ത്വരയാണ് ആന്തരികമായി അതില്‍ അടയാളപ്പെടുന്നത്. തുടര്‍ന്ന് ഛായാചിത്രങ്ങളും അപദാനഗീതങ്ങളും തെരുവുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തന്റെയും പിതാമഹന്മാരുടെയും പേരുകള്‍ നല്‍കലും ഒക്കെയായി ten rules to being a good dictator മുന്നോട്ട് പോകുന്നു.

അവസാനം പറയുന്ന മൂന്ന് കാര്യങ്ങള്‍ സാര്‍വകാലിക പ്രസക്തിയുള്ളതാണ്. മാധ്യമങ്ങളെ അധീനപ്പെടുത്തല്‍ (cowing media), ഒരു സങ്കല്‍പ ഭീകര ശത്രുവിന്റെ ഭൂതരൂപത്തെ നിര്‍മിക്കലും വളര്‍ത്തലും (raising the spectre of a phantom enemy), ഒരു പാരമ്പര്യവാഴ്ചാക്രമത്തെ ശാശ്വതീകരിക്കല്‍ (perpetuating a dynasty) എന്നിവയാണവ. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തെയും അധികാരവ്യവസ്ഥയെയും കുറിച്ച ചര്‍ച്ചയിലും പ്രസക്തമായ കാര്യങ്ങള്‍.

മുബാറക്കിന് വംശീയദേശീയതയുടെ പശ്ചാത്തലം വല്ലാതെയൊന്നുമില്ലായിരുന്നു. അതിനാല്‍ത്തന്നെ അവസാനം പറഞ്ഞ മൂന്നില്‍, രണ്ടാമത്തെ നിയമം അവിടെ ഒരു വംശീയതയുടെ മാനമാര്‍ജിച്ചതുമില്ല. എന്നാല്‍ ഒരു ജനാധിപത്യക്രമത്തിലൂടെ അധികാരത്തിലേറി കടുത്ത സ്വേഛാധിപത്യ പ്രവണതകള്‍ കാണിച്ച, സ്വേഛാധിപത്യത്തിന്റെ മാതൃകകളായി അംഗീകരിക്കപ്പെട്ട പലരും വംശീയവാദത്തിന് മേലാണ് തങ്ങളുടെ സിംഹാസനങ്ങള്‍ സ്ഥാപിച്ചു നിര്‍ത്തിയത് എന്നു കാണാം.

അയ്തൻ അമീൻ, തഅ്മീർ ഇസ്സത്, അംറ് സലാമ
അയ്തൻ അമീൻ, തഅ്മീർ ഇസ്സത്, അംറ് സലാമ

ആന്തരികശത്രുക്കള്‍ എന്ന സങ്കല്‍പം സംഘ് പരിവാര്‍ ഫാഷിസത്തിന്റെ വേദപുസ്തകമായ വിചാരധാരയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിത്തീര്‍ന്നതിന്റെ പശ്ചാത്തലവും ഇതാണ്. സാധാരണ ഏകാധിപതികള്‍ തങ്ങള്‍ക്ക് അനഭിമതരായ വ്യക്തികളെയും സംഘടനകളെയുമാണ് ഭീകരവല്‍ക്കരിക്കുന്നതെങ്കില്‍ വംശീയവാദികളായ ഏകാധിപതികള്‍ ഒരു സമൂഹത്തെത്തന്നെയാണ് ഭീകരമുദ്ര ചുമത്തി അപരവല്‍ക്കരിക്കുക എന്നതാണ് വ്യത്യാസം.

ദേശീയതയെ പ്രധാനപ്പെട്ട ഒരു പോയിന്റായി അംറ് സലാമ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും വംശീയ ഫാഷിസത്തിന്റെ ആധാരത്തില്‍ സ്വേഛാധിപത്യത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ rasing the spectre of a phantom enemy എന്ന നിയമത്തില്‍ അതുകൂടി ഉള്‍ച്ചേരുന്നുണ്ട്. national socialism എന്ന തത്വമാണ് ഹിറ്റലറും നാസി പാര്‍ട്ടിയും മുന്നോട്ട് വെച്ചിരുന്നത്. ഇതിലാകട്ടെ, ഏകമുഖമായ ദേശീയതയുടെ ഒരു സംസ്‌കാരം രൂപപ്പെടുകയും ആ സംസ്‌കാരത്തിന്റെ ശത്രുക്കളായി യൂദ ജനത അടയാളപ്പെടുകയും ചെയ്തു. മനുഷ്യന്‍ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും മാരകവും മനുഷ്യവിരുദ്ധവും എന്ന് രബീന്ദ്ര നാഥ ടാഗോര്‍ വിശേഷിപ്പിച്ച ദേശീയതയോടുള്ള ഭ്രാന്തന്‍ ആഭിമുഖ്യം വളര്‍ത്തിക്കൊണ്ടാണ് നാസി ജര്‍മനിയില്‍ യൂദന്മാര്‍ക്കെതിരായ നിഷ്ഠുരവംശഹത്യ അരങ്ങേറ്റിയത് എന്നത് ചരിത്രം.

Exposing the Autocrat, painting by Dave Martsolf
Exposing the Autocrat, painting by Dave Martsolf

പവിത്രമായ സംസ്‌കാരം എന്ന ആശയത്തിന് കുറേക്കൂടി തെളിച്ചം നല്‍കുന്ന സ്വഭാവത്തിലാണ് സംഘപരിവാരം അവരുടെ വംശീയരാഷ്ട്രീയത്തെ cultural nationalism (സാംസ്‌കാരിക ദേശീയതാവാദം) എന്ന് വിളിച്ചത്. ഇതിലും കുറേക്കൂടി വ്യക്തവും മൂര്‍ത്തവുമായ ുവമിീോ ലിലാ്യ പ്രത്യക്ഷപ്പെട്ടു. ഒരുപക്ഷേ ഒന്നിലധികം ഭൂതങ്ങള്‍. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂനിസ്റ്റുകാര്‍ക്കുമായി മൂന്ന് അധ്യായങ്ങളാണ് ഗോള്‍വല്‍ക്കര്‍ മാറ്റിവെച്ചിരുന്നതെങ്കിലും കുറേക്കൂടി പ്രാധാന്യവും മൂര്‍ഛയുമുള്ളത് മുസ്‌ലിം എന്ന ആന്തരികദൗര്‍ബല്യത്തിനെതിരായ വാദങ്ങള്‍ക്കായിരുന്നു. തീര്‍ത്തും വൈകാരികമായ സ്വഭാവത്തില്‍ പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു അത്.

ഇന്ത്യാമഹാരാജ്യത്തിലെ ജനങ്ങളെ പൂര്‍ണമായും ധ്രുവീകരിക്കുന്ന പ്രവണതകള്‍ ആരംഭിച്ചതവിടെയാണ്. ചരിത്രപരമായി പറഞ്ഞാല്‍ വിചാരധാരയ്ക്കും മുന്നേ ബങ്കിം ചന്ദ്രനിലും സവര്‍ക്കറിലും തുടങ്ങിയ വിഭജനമാണത്. ഇന്ത്യാ വിഭജനം എന്ന് നാം വിളിക്കുന്ന സംഭവം തൊട്ട് ഏറ്റവുമിന്നത്തെ (most modern) ഇന്ത്യയിലെ ജനതയില്‍ സംഭവിച്ചിരിക്കുന്ന ആപല്‍ക്കരമായ മാനസിക വിഭജനം വരെയെത്തിനില്‍ക്കുന്ന ചരിത്രത്തിന്റെ ആരംഭം.

വംശീയസ്വേഛാധിപത്യത്തിന്റെ ലക്ഷണങ്ങള്‍
കുറേക്കൂടി വ്യക്തമായി ഒരു വംശീയ സ്വേഛാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ ഖുര്‍ആനില്‍ വരച്ചുകാട്ടുന്നതും നമുക്കിവിടെ മാതൃകയായെടുക്കാം. തഹ്‌രീറില്‍ പരാമര്‍ശിച്ചതു പോലെ ഇവിടെയും ദേശപശ്ചാത്തലം ഈജിപ്താണ് എന്നത് രസകരമാണ്.

ഈ ലക്ഷണങ്ങള്‍ തികഞ്ഞ സര്‍വാധിപതിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന വ്യക്തി ഫറോവയാണ്. പൗരാണിക ഈജിപ്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേരാണല്ലോ ഫറോവ എന്നത്. പരാമൃഷ്ട വ്യക്തി ഏത് ഫറോവയാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നില്ല. ഫിര്‍ഔന്‍ എന്നേ പറയുന്നുള്ളൂ. മൂസാ നബിയുടെ ചരിത്രവുമായി ബന്ധപ്പെടുന്ന ഫറോവ എന്നു മാത്രം മനസ്സിലാക്കാം.

51c-HPQsNgL._SX332_BO1,204,203,200_    അവിടെയും ഒരു പ്രശ്‌നമുള്ളത്, ചരിത്രപരമായി പരിശോധിക്കുന്വോള്‍ ഫിര്‍ഔന്‍ എന്ന പേരില്‍ വേദഗ്രന്ഥത്തില്‍ വരുന്ന അധികാരരൂപം രണ്ടു പേരാവാനാണ് സാധ്യത. മൂസാ നബി മദ്‌യനിലേക്ക് പോകുന്നത് വരെയുള്ള കാലം പരാമര്‍ശിക്കപ്പെടുന്നേടത്ത് ഒരാള്‍. മദ്‌യനില്‍ നിന്നും പ്രവാചകനായി ഈജിപ്തില്‍ തിരിച്ചെത്തിയപ്പോഴുള്ള ഫറോവ (ആദ്യത്തെയാളിന്റെ മകന്‍) രണ്ടാമനും. ഇതില്‍ ഒന്നാമത്തെയാള്‍ റാമോശ് (റംസേസ്) രണ്ടാമനും രണ്ടാമത്തെയാള്‍ മിറിന്‍ പതഹും (മെര്‍നെപ്റ്റാ) ആണെന്നാണ് പ്രബലമായ വീക്ഷണം. ഒന്നാമത്തെയാള്‍ സേതി ഒന്നാമനും രണ്ടാമത്തെയാള്‍ റാമോശ് രണ്ടാമനും ആണെന്നും പക്ഷമുണ്ട്.

എന്നാല്‍ ചരിത്രത്തിന്റെ ഈ സൂക്ഷ്മതലങ്ങളിലേക്കൊന്നും ഖുര്‍ആന്‍ പോകുന്നില്ല. ഒന്നായാലും രണ്ടായാലും ഫിര്‍ഔന്‍ എന്ന ഒറ്റപ്പേരില്‍ത്തന്നെ അത് ഈ ചരിത്രം വിശദീകരിക്കുന്നു.

സത്യത്തില്‍ ലോകത്തുള്ള ഏതൊരു സ്വേഛാധിപതിയെയും ഒറ്റപ്പേരില്‍ത്തന്നെ വിളിക്കാം എന്നതാണ് അതിലുള്ള തത്വം. ദുരധികാരത്തിന്റെ മാതൃകയായി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു വ്യക്തിയുടെ, ഇബ്‌റാഹീം നബിയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട അധികാരബിംബത്തിന്റെ പേരോ സൂചനയോ ഒന്നും പറയുന്നേയില്ല എന്നതും ശ്രദ്ധേയമാണ്.

ഇനി ഖുര്‍ആനികാഖ്യാനത്തില്‍ നിന്നും നമുക്ക് ക്രോഡീകരിക്കാവുന്ന, ഫാഷിസ്റ്റ് ഏകാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ ഇപ്രകാരം വിവരിക്കാം.

ഒന്ന്) അമാനുഷികമായ, ചിലപ്പോള്‍ അതിഭൗതികം തന്നെയായ അവകാശവാദങ്ങള്‍. ചിലരുടെ കാര്യത്തില്‍ ഇത്തരം അവകാശവാദങ്ങള്‍ നേര്‍ക്ക് നേരെ ഉന്നയിക്കപ്പെടുന്നതാണെങ്കില്‍ മറ്റു ചിലരില്‍ അമാനുഷികത സ്ഥാപിക്കപ്പെടുന്ന വിധത്തില്‍ പരോക്ഷമായ സ്വാധീനങ്ങളുണ്ടാക്കുകയാണ് ചെയ്യുക.

സൂറഃ അന്നാസിആത് ഇരുപത്തിനാലാം വചനത്തില്‍ ഇങ്ങനെ പറയുന്നു: ‘അങ്ങനെയവന്‍ (ഫറോവ) ജനങ്ങളെ ഒരുമിച്ചു കൂട്ടി. എന്നിട്ടിപ്രകാരം വിളംബരം ചെയ്തു. ഞാനാണ് നിങ്ങളുടെ അദ്വിതീയനായ പരമാധികാരി’. വേറൊരു വചനത്തില്‍ ഫറോവയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിച്ചത് കാണാം. ‘അല്ലയോ പൗരമുഖ്യരേ, ഞാനല്ലാതെ മറ്റൊരീശ്വരന്‍ നിങ്ങള്‍ക്കുള്ളതായി ഞാനറിയില്ല’ (അല്‍ ഖസ്വസ് 38). ഇതിനനുബന്ധമായി വിഭവങ്ങളുടെ മേല്‍ അധികാരം വാദിക്കുകയും ചെയ്തു ഫറോവ. ‘എന്റെ ജനമേ, ഈ മിസ്‌റിന്റെ (മിസ്രയീം, ഈജിപ്ത്) ആധിപത്യം എനിക്കല്ലേ? എന്റെ കാല്‍ക്കീഴിലല്ലേ ഈയാറുകളൊക്കെയുമൊഴുകുന്നത്?’ (അസ്സുഖ്‌റുഫ് 51).

ഒരു ജനായത്ത ക്രമത്തില്‍ വിഭവങ്ങള്‍ക്കു മേല്‍ ജനങ്ങള്‍ക്കാണ് അധികാരം. ഈ അധികാരത്തെ ഒരു അമാനത്തായി അംഗീകരിച്ചുകൊണ്ട് ഇസ്‌ലാം, അതിനും മേല്‍ അല്ലാഹുവിന്റെ പരമാധികാരത്തെ സ്ഥാപിക്കുന്നു എന്നേയുള്ളൂ. അത് പക്ഷേ, ഭൂമിയില്‍ ഏതെങ്കിലും ഒരാള്‍ക്കോ വിഭാഗത്തിനോ ഉള്ള പ്രത്യേകാവകാശത്തെ കുറിക്കുന്നതല്ല.

ജനതയുടെ തുല്യ പങ്കാളിത്തം എന്ന മൂല്യത്തെ നിരാകരിച്ചു കൊണ്ടോ അവഗണിച്ചു കൊണ്ടോ ഭരണാധികാരിയോ ഭരണനേതൃത്വമോ വിഭവങ്ങളുടെ വിനിയോഗത്തില്‍ സ്വേച്ഛ പ്രയോഗിച്ചു തുടങ്ങുകയാണെങ്കില്‍, പുറമേക്ക് എന്തുപേരില്‍ വിളിച്ചാലും സമ്പ്രദായം സ്വേഛാധിപത്യപരമായിത്തീരും.

painting by Raffi Yedalin
painting by Raffi Yedalin

രണ്ട്) സ്വജനതയെ ഭിന്നിപ്പിക്കലും തട്ടുകളാക്കിത്തിരിക്കലും. ഖുര്‍ആന്‍ അതിപ്രകാരം വിവരിക്കുന്നു. ‘ഫറോവ, നിശ്ചയമായും നാട്ടിലവന്‍ ഞെളിഞ്ഞു നടന്നിരുന്നു. സ്വദേശവാസികളെ തട്ടുകളാക്കിത്തിരിച്ചു. എന്നിട്ടവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കുകയും ചെയ്തു’ (അല്‍ ഖസ്വസ് 4).

യസ്തദ്ഇഫു ത്വാഇഫതന്‍ മിന്‍ഹും (അവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കി) എന്നാണ് ഖുര്‍ആന്റെ പ്രയോഗം. സ്വതവേ ബലവാന്മാരായ ആളുകളെ അധികാരശക്തിയുപയോഗിച്ചോ സമ്മര്‍ദ്ദം ചെലുത്തിയോ അടിച്ചമര്‍ത്തി ദുര്‍ബ്ബലരാക്കുന്നതിനാണ് ഇങ്ങനെ പ്രയോഗിക്കുക.

മൂന്ന്) പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും വിശുദ്ധിയെയും മേന്മയെയും കുറിച്ച അവകാശവാദങ്ങള്‍, ഇവയുടെ രക്ഷകന്‍ എന്ന നാട്യം, പിന്നെ വംശീയ ദേശീയവാദവും.

മൂസാ നബിയെ തോല്‍പിക്കാന്‍ നിയുക്തരായ ചില ജാലവിദ്യക്കാര്‍ അദ്ദേഹത്തിന്റെ സംസാരം കേട്ട് ആദ്യം അന്ധാളിച്ചിരുന്നു. മാനസികമായി സത്യത്തോട് പ്രതിബദ്ധതയുണ്ടായിരുന്ന അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായി. അവര്‍ തമ്മില്‍ കൂടിയാലോചിക്കാന്‍ തുടങ്ങി.

അന്നേരം ഇടപെട്ട, ഫറോവയുടെ ഔദ്യോഗികമാധ്യമങ്ങള്‍, ജാലവിദ്യക്കാരെ ഉണര്‍ത്താന്‍ ശ്രമിച്ചത് ഈ ‘വിശുദ്ധ’പാരമ്പര്യത്തിന്റെ പേര് പറഞ്ഞാണ്. ‘അവര്‍ പറഞ്ഞു, ആഭിചാരകന്മാരാണിവരിരുവരും (മൂസായും സഹോദരനും). ആഭിചാരപ്രയോഗങ്ങളിലൂടെ നിങ്ങളുടെ സ്വന്തം മണ്ണില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ ആചാരങ്ങളെയും ക്രമബദ്ധവും മഹത്തരവുമായ സംസ്‌കാരത്തെയും നശിപ്പിക്കാനുമത്രേ ഇവര്‍ ഉദ്ദേശിക്കുന്നത്’ (ത്വാഹാ 63).

നിങ്ങളുടെ മണ്ണ്, നിങ്ങളുടെ പാരമ്പര്യം എന്നീ പ്രയോഗങ്ങള്‍ (അര്‍ദുകും, ത്വരീഖതുകും) ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ലോകത്തിന്നു വരെ ഉണ്ടായിട്ടുള്ള എല്ലാ ആക്രാമകവംശീയസിദ്ധാന്തങ്ങളുടെയും അടിസ്ഥാനമാണ് ഇതുമായി ബന്ധപ്പെട്ട ആശയങ്ങള്‍. മണ്ണിന്റെ മക്കള്‍ സിദ്ധാന്തമൊക്കെ ഇതിന്റെ ഭാഗമാണ്. ഒഴിപ്പിക്കപ്പെടേണ്ടതോ അടിച്ചമര്‍ത്തപ്പെടേണ്ടതോ ആയ ആളുകളായി ഇവര്‍ തങ്ങളല്ലാത്ത മനുഷ്യവിഭാഗങ്ങളെ കാണുന്നു. മണ്ണിന്റെ അവകാശികള്‍ തങ്ങളാണ്, തങ്ങള്‍ മാത്രമാണ് എന്ന വിചാരമാണത്. രാജ്യത്തിന്റെ ആഭ്യന്തരശത്രുക്കളോ നാശകാരികളോ ആയി മറ്റുള്ളവരെ മുദ്രകുത്തുകയും ചെയ്യുന്നു. മറ്റൊരു വചനത്തില്‍ ഖുര്‍ആന്‍ ഫറോവയെ ഇപ്രകാരം ഉദ്ധരിക്കുന്നത് കാണാം: ‘മൂസായെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്. എന്നെയതിന് വിട്ടേക്കുക. അവന്‍ അവന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ. നിങ്ങളുടെ ആചാരങ്ങളെയും സംസ്‌കാരത്തെയും അവന്‍ അട്ടിമറിക്കുകയും നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയും ചെയ്‌തേക്കുമവനെന്ന് ഞാന്‍ കരുതുന്നു’ (ഗാഫിര്‍ 26).

നാല്) അപരത്വം സൃഷ്ടിക്കുക, അപരന്മാരായി മുദ്രകുത്തപ്പെടുന്നവരെ പീഡിപ്പിക്കുക, വംശഹത്യ നടത്തുക മുതലായവ.

ജനതയെ തട്ടുകളാക്കിത്തിരിച്ചതിനെപ്പറ്റി മുകളില്‍ ഉദ്ധരിച്ച വചനത്തില്‍, അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബ്ബലരാക്കിയതായി പറയുന്നുണ്ടല്ലോ. ധിക്കാരികളായ അധികാരികളുടെ പ്രവൃത്തികളായി വംശഹത്യയെയും സംസ്‌കാരഹത്യയെയും (genocide and ethnocide) പൊതുവില്‍ത്തന്നെ ഖുര്‍ആന്‍ എണ്ണുന്നുമുണ്ട്. സൂറഃ അല്‍ബഖറഃ 204-206 വചനങ്ങള്‍ നമുക്ക് ഇങ്ങനെ വായിക്കാം: ‘മനുഷ്യരില്‍ച്ചിലരിങ്ങനെയുമുണ്ട്. ഈ ലോകജീവിതത്തെക്കുറിച്ച അവരുടെ വാദങ്ങള്‍ നിങ്ങള്‍ക്ക് കൗതുകകരമായിത്തോന്നിയേക്കും. തങ്ങളുടെ മനസ്സിലുള്ളതിനെ സത്യപ്പെടുത്താനവര്‍ ദൈവത്തെപ്പിടിച്ചാണയിടും. എന്നാലോ, ഏറെ വക്രതയുള്ള (മനുഷ്യ)ശത്രുക്കളാണവര്‍. ഭൂമിയില്‍ മേല്‍ക്കോയ്മ കിട്ടിയാലോ, അവരതില്‍ നാശമുണ്ടാക്കാന്‍ ശ്രമിക്കുന്നു. വിളവുകളും മനുഷ്യകുലത്തെയും നശിപ്പിക്കുകയും ചെയ്യുന്നു. നശീകരണം ഇഷ്ടപ്പെടുന്നവനല്ല അല്ലാഹു. ദൈവബോധമുള്‍ക്കൊള്ളുക എന്നാരെങ്കിലും അത്തരമൊരാളോട് പറഞ്ഞാലോ, സ്വഗര്‍വ് അവനെ അതിനനുവദിക്കുകയുമില്ല. നരകം തന്നെയാണവര്‍ക്ക് മതിയായത്. എത്ര ചീത്തയായ വാസസ്ഥാനമായിരിക്കുമത്’.

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിലെ ആണ്‍തരികളെ കൊന്നൊടുക്കാനും പെണ്ണുങ്ങളെ ദാസിമാരാക്കാനും അയാള്‍ മുതിര്‍ന്നതായി ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നു. മേല്‍ ഉദ്ധരിച്ച വചനത്തില്‍ത്തന്നെ അക്കാര്യം വരുന്നുണ്ട്. ‘നിശ്ചയമായും അവന്‍ നാട്ടില്‍ ഞെളിഞ്ഞു നടന്നിരുന്നു. സ്വദേശവാസികളെയവന്‍ തട്ടുകളാക്കിത്തിരിച്ചു. എന്നിട്ടവരിലൊരു വിഭാഗത്തെ പറ്റേ ദുര്‍ബലരാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു, പെണ്‍കുട്ടികളെ (അപമാനം പേറി) ജീവിക്കാന്‍ വിടുകയും. നിശ്ചയം, അവന്‍ അക്രമകാരികളില്‍പ്പെട്ടവന്‍ തന്നെയാകുന്നു’ (അല്‍ ഖസ്വസ് 4).

അഞ്ച്) സ്വജനതയെ നിന്ദ്യരും വിഡ്ഢികളും അതുവഴി ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അടിമകളുമാക്കി മാറ്റുക. ‘തന്റെ ജനതയെ അവന്‍ നിസ്സാരരായി ഗണിച്ചു. അങ്ങനെയവര്‍ അവനെ പൂര്‍ണമായനുസരിക്കുകയും ചെയ്തു. സത്യത്തില്‍ അധര്‍മചാരികളായ ജനതയായിരുന്നവര്‍’ (അസ്സുഖ്‌റുഫ് 54).

ഇസ്തഖഫ്ഫ എന്ന പദത്തിനാണ് നിസ്സാരരായി ഗണിച്ചു എന്ന് അര്‍ത്ഥം നല്‍കിയത്. നിന്ദ്യരാക്കി, വിഡ്ഢികളാക്കി എന്നൊക്കെ അര്‍ത്ഥമുള്ള പദമാണത്. എപ്രകാരമാണ് വംശീയദേശീയതയെയും പാരമ്പര്യത്തെയും ഇളക്കിവിട്ട് അധികാരമുറപ്പിക്കുന്ന സ്വേച്ഛാധികാരികള്‍ തങ്ങളുടെ നാട്ടുകാരെ പൂര്‍ണമായും അനുസരണമുള്ളവരാക്കി മാറ്റുന്നത് എന്ന് വ്യക്തമാക്കുതാണ് ഈ സൂക്തം.

എന്തായാലും ദേശീയമായ വ്യാജബോധങ്ങളും വംശീയതയും സ്വേഛാധിപതികളുടെ എക്കാലത്തെയും ഉപകരണങ്ങളായിരുന്നു എന്നത് വ്യക്തമാണ്. അതിഭീകരമായ കൂട്ടക്കൊലകളുടെയും വംശഹത്യകളുടെയും സിദ്ധാന്തങ്ങളാണ് വംശീയദേശീയവാദങ്ങള്‍.

(തുടരും)

ലൈംഗികത: ലക്ഷണ വിലക്ഷണതകള്‍

52-521020_open-gay-symbols-clipart.png
painting. Louis Fratino, Beach at Night
painting. Louis Fratino, Beach at Night

അല്‍പം മുമ്പൊരിക്കല്‍ ഒരു ചെറുപ്പക്കാരനുമായി അസ്വാഭാവിക ലൈംഗികാഭിനിവേശങ്ങളെപ്പറ്റി സംസാരിക്കാനിട വന്നു.

സ്വവര്‍ഗരതി ആയിരുന്നു അവന്റെ വിഷയം. എഴുപതുകള്‍ക്ക് മുമ്പ് ഒരു ക്രമഭംഗം (disorder) ആയി പരിഗണിക്കപ്പെട്ടിരുന്ന സ്വവര്‍ഗരതി അനുക്രമമായ ഒരു ഗവേഷണമൊന്നും കൂടാതെ (എന്റെ അറിവു വെച്ചാണ് ഞാന്‍ പറയുന്നത്) വളരെപ്പെട്ടെന്ന് സ്വാഭാവികമായി മാറിയതെങ്ങനെ എന്ന സംശയമാണ് ഞാനുന്നയിച്ചത്. ജനിതകവും മനശ്ശാസ്ത്രപരവുമായ കാരണങ്ങള്‍ക്കപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങള്‍ ഇതിനുണ്ടോ?

അതൊരു സംശയപ്രകടനം മാത്രമായിരുന്നു. എന്നാല്‍ ഇതിന് അയാള്‍ പറഞ്ഞ മറുപടികളൊന്നും എനിക്കത്ര തൃപ്തികരമായി തോന്നിയില്ല. ഒരുപക്ഷേ, അയാള്‍ക്ക് കൂടുതല്‍ അറിയാത്തതു കൊണ്ടാവാം. അല്ലെങ്കില്‍ എനിക്കറിയാത്തതുകൊണ്ടുമാവാം. ഭിന്ന ലൈംഗിക പ്രകൃതങ്ങളെപ്പറ്റി തീരെ അജ്ഞനാണ് ഞാന്‍ എന്ന് സ്വയം കരുതുന്നില്ല. എന്നാലും ചില സംശയങ്ങള്‍ ഉണ്ടാവാമല്ലോ.

അസ്വാഭാവികം
ഒന്നാമത്, ലൈംഗിക അഭിവിന്യാസങ്ങള്‍ (sexual orientations) പലതരത്തിലുണ്ട്. ചിലര്‍ക്ക് സാധാരണയിലും കവിഞ്ഞ ലൈംഗികാസക്തി ഉണ്ടായി എന്നു വരാം. ഇതിനെ ഒരു paraphilia (വ്യക്തികളോടോ വസ്തുക്കളോടോ സാഹചര്യങ്ങളോടോ അസ്വാഭാവികമായി തോന്നുന്ന ലൈംഗികമോഹത്തെയാണ് പാരഫീലിയ എന്ന് പറയുക) ആയി പരിഗണിക്കാന്‍ പറ്റില്ല. അതേസമയം ഈ അതിലൈംഗികാസക്തിയും (hypersexuality or sexual addiction) ഒരു ക്രമഭംഗമായാണ് (disorder) മനസ്സിലാക്കപ്പെടാറുള്ളത്. പാരഫീലിയ തന്നെ പലവിധമുണ്ട്. ഇവയില്‍ പലതിനെയും കേവലം ക്രമഭംഗം (disorder) ആയല്ല, മറിച്ച് വ്യതിയാനം (deviation) ആയിത്തന്നെയാണ് പരിഗണിച്ചു പോരുന്നത്. ചിലര്‍ക്ക് ബലാല്‍സംഗത്തോട് ആഭിമുഖ്യം കാണും. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മനോവ്യതിയാനം തന്നെയാണതും. ബയാസ്റ്റോഫീലിയ അഥവാ റാപ്‌റ്റോഫീലിയ (biastophilia or raptophilia) എന്ന് ഇതിന് പേരും ഉണ്ട്. ഇതിനെക്കാള്‍ അപ്പുറത്തും ഉണ്ട് സൈക്കിയാട്രിക് ഡിസോഡറുകള്‍. ആന്ത്രൊപ്പോഫിഗലേഗ്നിയ (anthropophagalagnia) എന്ന ഡിസോഡര്‍ ബാധിച്ചവരില്‍ റാപ്‌റ്റോഫീലിയക്കൊപ്പം കാനിബാളിസം കൂടി ഉണ്ടാകുമത്രേ. എന്നുവെച്ചാല്‍ അവര്‍ ബലാല്‍സംഗം ചെയ്ത ശേഷം ഇരയെ കൊന്നു തിന്നും.

main-qimg-5bc4ddd2b18bb1872c70f85511125d8a   മനുഷ്യരല്ലാത്ത ജീവികളോട് കാമാസക്തി തോന്നുന്ന bestiality അഥവാ zoophilia, ശവശരീരങ്ങളെ കാമിക്കുന്ന necrophilia, കുട്ടികളോട് കാമാസക്തി പ്രകടിപ്പിക്കുന്ന paedophilia എന്നു തുടങ്ങി രതിചിത്രങ്ങളും പോണ്‍ ഫിലിമുകളും കണ്ട് രതിമൂര്‍ഛയനുഭവിക്കുന്ന pictophilia, പരസ്യമായോ എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ ശരീരത്തിലേക്കോ മൂത്രവിസര്‍ജനം നടത്തി ഉന്മത്തരാകുന്ന urolagnia, വിസര്‍ജ്യം മണത്തും ശരീരത്തില്‍ പുരട്ടിയും നിര്‍വൃതി നേടുന്ന coprophilia, അടിവസ്ത്രം ഉള്‍പ്പെടെയുള്ള നിര്‍ജീവ വസ്തുക്കളില്‍ കാമാസ്വാദനം കേന്ദ്രീകരിക്കപ്പെടുന്ന fetishism എന്നിങ്ങനെ ആ പട്ടിക നീണ്ടു നീണ്ട് പോകും.

ഇതൊക്കെയും വ്യത്യസ്തങ്ങളായ ഓറിയന്റേഷനുകള്‍ തന്നെയാണ്. പൂരപ്പറമ്പിലും ബസ്സിലുമൊക്കെ പെണ്ണുങ്ങളുടെ ശരീരത്തില്‍ ലിംഗമുരസി നിര്‍വൃതി കൊള്ളുന്നവര്‍ക്കും കിടപ്പറകളില്‍ ഒളിഞ്ഞു നോക്കുന്നവര്‍ക്കുമൊക്കെ സുന്ദരമായ പേരുകളുണ്ട്. ഒന്നാമത്തെ കൂട്ടര്‍ ഫ്രോട്ടേറുകളാണെങ്കില്‍ (frotteur) രണ്ടാമത്തെ വിഭാഗം വോയുറുകളാണ് (voyeur).

ഇവരിലൊക്കെയും വലിയൊരു വിഭാഗം ആളുകള്‍ സ്വാഭാവിക രതിബന്ധത്തില്‍ തല്‍പരരല്ലാത്തവരാണ്. ചിലര്‍ അതിന് പറ്റാത്തവര്‍ പോലുമാണ്. ഇവരുടെ അഭിനിവേശങ്ങളെയും വികാരങ്ങളെയും നാം ഏത് രീതിയിലാണ് പരിചരിക്കുക?

എന്റെ ചോദ്യം അയാള്‍ക്കത്ര പിടിച്ചില്ലെന്ന് തോന്നുന്നു. സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നുമില്ല. അയാള്‍ പറഞ്ഞു. ഹോമോസെക്ഷ്വാലിറ്റി ഒരു സ്വാഭാവികാഭിനിവേശം മാത്രമാണ്.

അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ എനിക്ക് പ്രയാസമുണ്ട്. കാരണം, ആധുനികമോ ഉത്തരാധുനികമോ ആയ തത്വചിന്തകളുടെയൊന്നും അകമ്പടിയില്ലാതെയാണെങ്കിലും ഖുര്‍ആനില്‍ ഖൗമു ലൂത്വ് എന്ന് വിളിക്കപ്പെടുന്ന, സദൂമിലെ സമുദായം പറഞ്ഞ ന്യായവും മറ്റൊന്നല്ലല്ലോ.

ആ വായന ശരിയല്ല. അവര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരായിരുന്നു, പിന്നെ ആക്രമണകാരികളും.

അതെങ്ങനെ ശരിയാകും? ഖുര്‍ആനില്‍ പ്രവാചകന്‍ അവര്‍ക്കെതിരെ ഉന്നയിച്ച കുറ്റാരോപണം വളരെ വ്യക്തമാണ്. ‘ലൂത്വിനെ നാം നിയോഗിച്ചു. അദ്ദേഹം സ്വജനതയോട് പറഞ്ഞതെന്തെന്നാല്‍, നിങ്ങള്‍ക്കു മുമ്പ് ലോകത്താരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയില്‍ നിങ്ങളേര്‍പ്പെടുന്നതെന്ത്? നിങ്ങള്‍ കാമപൂര്‍ത്തിക്കായി സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ സമീപിക്കുകയാണല്ലോ. കൊടിയ അക്രമികള്‍ തന്നെയാണ് നിങ്ങള്‍’ (സൂറഃ അല്‍ അഅ്‌റാഫ്: 80-81). ഓ.., ഇവര്‍ വലിയ വിശുദ്ധന്മാര്‍ എന്ന് അന്നാട്ടിലെ ‘ചിന്തകന്മാര്‍’ ലൂത്വിനെ പരിഹസിച്ചിരുന്നതായും തുടര്‍ന്ന് പറയുന്നുണ്ട്.

അപ്പോള്‍ ഇപ്പറഞ്ഞതില്‍ കുട്ടികളെവിടെ, ആക്രമണമെവിടെ? പിന്നെയുള്ളത് ഒരു സംഭവമാണ്. ലൂത്വിന്റെ വീട്ടിലേക്ക് കൗമാരക്കാരായ മനുഷ്യരുടെ വേഷത്തില്‍ ദൈവദൂതന്മാര്‍ വന്ന സന്ദര്‍ഭം. അന്നേരം ആക്രമണോല്‍സുകരായി ആ ജനത പാഞ്ഞടുത്തു എന്നാണ്. സൂറഃ ഹൂദ് 77-83 ആയത്തുകളില്‍ ഇക്കാര്യം പറയുന്നുണ്ട്. ഇതുകൊണ്ടു മാത്രം ആ ജനത ആക്രാമക ലൈംഗികതയുടെ ആളുകളാണെന്ന് വരുന്നില്ല. അവര്‍ക്കിടയില്‍ നിന്നു കൊണ്ട് നിരന്തരം അവരെ ഉപദേശിക്കുന്ന പ്രവാചകനോടുള്ള രോഷം കൂടിയാവാം അവരെ അങ്ങോട്ടേക്ക് കുതിച്ചെത്താന്‍ പ്രേരിപ്പിച്ചത്. എന്നു തന്നെയല്ല, തങ്ങളുടെ ലൈംഗിക അഭിവിന്യാസം ഇന്നതാണ് എന്നും മറിച്ചുള്ള ഒന്നില്‍ തങ്ങള്‍ തല്‍പരരല്ല എന്നും ഈ ജനത ന്യായം പറയുന്നതും ഇതിനിടയില്‍ത്തന്നെയാണ് ഉള്ളത്. ‘യാ ഖൗമി ഹാഉലാഇ ബനാതീ, ഹുന്ന അത്വ്ഹറു ലകും’ (എന്റെ ജനമേ, ഇതാ എന്റെ പെണ്‍കുട്ടികള്‍, ഇവരല്ലേ നിങ്ങള്‍ക്ക് വിശുദ്ധരായ ഇണകള്‍) എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍, അവരുടെ പ്രതികരണം ‘ലഖദ് അലിംത മാലനാ ഫീ ബനാതിക മിന്‍ ഹഖ്, വ ഇന്നക ലതഅ്‌ലമു മാ നുരീദ്’ (നിന്റെ പെണ്‍കുട്ടികളില്‍ ഞങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്നും ഞങ്ങളുടെ അഭിനിവേശം എന്താണെന്നും നിനക്ക് നന്നായറിയാമല്ലോ) എന്നായിരുന്നല്ലോ (ഹൂദ് 78-79).

സത്യത്തില്‍ ഇതുതന്നെയാണ് ഇപ്പോഴും ഉന്നയിക്കപ്പെടുന്ന ന്യായം. അഭിനിവേശം വ്യത്യസ്തമാകുമ്പോള്‍ അത് സ്വാഭാവികമാകാന്‍ എത്ര സാധ്യതയുണ്ടോ അത്ര തന്നെയെങ്കിലും സാധ്യത അതൊരു ക്രമഭംഗമാകാനും ഉണ്ടല്ലോ.

ഞാന്‍ ചിന്തിക്കുന്നത്, ഒരുപക്ഷേ മുകളില്‍ പറഞ്ഞ ഡിസോഡറുകളും ക്രമത്തില്‍ ഡിസോഡറുകളല്ലാതായിത്തീരും എന്നാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പീഡോഫീലിയ തികച്ചും സ്വാഭാവികമാണെന്നും പീഡോഫൈലുകള്‍ ലൈംഗിക ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നവരാണെന്നും വാദങ്ങള്‍ ഉയര്‍ത്തപ്പെട്ടേക്കാം.

എന്റെ ഈ വര്‍ത്തമാനം അയാളെ തികച്ചും പ്രകോപിതനാക്കി. ആ സംസാരം അവിടെ അവസാനിക്കുകയും ചെയ്തു.

organico-xxx-angel-ortiz
Organico Xxx. painting by Angel Ortiz

വിവിധം
പക്ഷേ, രണ്ടോ മൂന്നോ വര്‍ഷം വേണ്ടിവന്നില്ല. ഏതാണ്ട് ആറ് മാസത്തിനുള്ളില്‍ത്തന്നെ പീഡോഫൈല്‍ അഡ്വക്കറ്റുകളുടെ വാദങ്ങള്‍ കേരളത്തിലെ സാമൂഹ്യമാധ്യമത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്കിടയില്‍ മഞ്ച് വാദം എന്ന പേരിലാണ് പീഡോഫൈല്‍ അഡ്വോക്കസി അറിയപ്പെടുന്നത്. അയല്‍പക്കത്തെ കൊച്ചുകുട്ടിക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നതിന്റെ പിന്നിലെ സ്വന്തം വികൃതാസക്തിയെ പവിത്രീകരിച്ചു കൊണ്ട് ഒരാള്‍ ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റില്‍ നിന്നാണ് ആ പേര് വന്നത്. ആഗോളതലത്തില്‍ ഇത്തരം വാദങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെട്ടു തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി എന്ന് തന്നെ പറയാം. പീഡോഫൈല്‍ ആന്റ് പെഡറാസ്റ്റ് അഡ്വോക്കസി ഗ്രൂപ്പുകള്‍ ഇന്ന് പലേടത്തും നിലനില്‍ക്കുന്നുണ്ട്. (കുട്ടികളോടുള്ള ലൈംഗികാഭിനിവേശത്തിന് പൊതുവെ പീഡോഫീലിയ എന്നാണ് പേരെങ്കിലും മുതിര്‍ന്ന പുരുഷന്മാര്‍ക്ക് ചെറിയ ആണ്‍കുട്ടികളോട് തോന്നുന്ന ആകര്‍ഷണത്തെ പ്രത്യേകമായി pederasty എന്നാണ് പറയുക). IPCE എന്ന ഒരു അന്തര്‍ദ്ദേശീയ സംഘടനയുണ്ട്. International Pedophile and Child Emancipation എന്ന് പൂര്‍ണരൂപം. ഈ പേര് തന്നെ തമാശയാണ്. പീഡോഫീലിയയും ചൈല്‍ഡ് ഇമാന്‍സിപേഷനും ഒരുമിച്ച് ചേര്‍ത്തിരിക്കുന്നു. ഇമാന്‍സിപേഷന്‍ എന്നു വെച്ചാല്‍ വിമോചനം എന്നര്‍ത്ഥം. കുട്ടികളോട് മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന മോഹവൈകൃതത്തിലൂടെ കുട്ടികളുടെ വിമോചനമോ? ഒരുപക്ഷേ അങ്ങനെയുമാവാം. വിമോചനത്തെക്കുറിച്ച കാഴ്ചപ്പാടുകള്‍ പോലും പുത്തന്‍ ലിബറല്‍ കാലഘട്ടത്തില്‍ മറ്റൊന്നാണല്ലോ.

സത്യത്തില്‍ ഈ ഭ്രാന്ത് ഇവിടെയും നില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. പീഡോഫൈല്‍ അഡ്വോക്കസിക്കുമപ്പുറം ഇപ്പോള്‍ incest advocacy വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏതൊരു ധര്‍മശാസ്ത്രമനുസരിച്ചും പരസ്പരം ലൈംഗികസമ്പര്‍ക്കത്തിലേര്‍പ്പെട്ടു കൂടാത്ത ബന്ധുക്കള്‍ തമ്മിലുള്ള ബന്ധത്തെയാണ് incest (അഗമ്യഗമനം) എന്ന് പറയുക. ഇറാനിയന്‍-കനേഡിയന്‍ എക്‌സ് മുസ്‌ലിം എതീസ്റ്റും സെകുലര്‍ ആക്ടിവിസ്റ്റും ആയി അറിയപ്പെടുന്ന പോഡ്കാസ്റ്ററും വ്‌ലോഗറുമായ അര്‍മിന്‍ നവാബി ഇക്കഴിഞ്ഞ ജൂലൈയില്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടത്, ഗര്‍ഭധാരണത്തിന് കാരണമായിത്തീരുന്നില്ലെങ്കില്‍ അഗമ്യഗമനത്തില്‍ യാതൊരു തെറ്റുമില്ല എന്നാണ്. അതിനാല്‍ പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയെത്തിയവര്‍ക്കിടയില്‍ നടക്കുന്ന ഹോമോസെക്ഷ്വല്‍ ഇന്‍സെസ്റ്റ് തികച്ചും ശരിയാണെന്നും അപ്രകാരം ബന്ധപ്പെടുന്ന രണ്ട് സഹോദരന്മാരെയോ സഹോദരികളെയോ തമ്മില്‍ അകറ്റുന്നത് ‘അധാര്‍മികം’ ആണെന്നും നവാബി തുടരുന്നു.

ഒറ്റപ്പെട്ട വര്‍ത്തമാനങ്ങളായി തള്ളിക്കളയാവുന്നതല്ല ഒന്നും. അര്‍മിന്‍ നവാബിയുടെ ട്വീറ്റ് വരുന്നത് 2018 ജൂലൈയിലാണെങ്കില്‍ 2016 ഫെബ്രുവരി 24 ലെ ഇന്‍ഡിപെന്‍ഡെന്റില്‍ സ്വീഡിഷ് ലിബറല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ ലിബറല്‍ യൂത് ഒഫ് സ്വീഡന്റെ സ്റ്റോക്‌ഹോം ബ്രാഞ്ചിന്റെ ഒരു പ്രമേയം വായിക്കാം. അഗമ്യഗമനവും നെക്രോഫീലിയയും (ശവരതി) നിയമവിധേയമാക്കണം എന്നതായിരുന്നു ആ പ്രമേയം.

സ്വവര്‍ഗലൈംഗികതയെക്കുറിച്ച ചര്‍ച്ചയില്‍ തുടക്കത്തില്‍ത്തന്നെ ഇത്രയും പറയുന്നത് ഈ ലേഖകനില്‍ മുന്‍വിധി ആരോപിക്കാന്‍ നിമിത്തമായിത്തീരും എന്നറിയാതെയല്ല ഇതെഴുതിയത്. മുന്‍വിധി ഇല്ല എന്ന് എനിക്ക് വാദവുമില്ല. പ്രശ്‌നത്തെ ഏത് വീക്ഷണകോണില്‍ സമീപിക്കുന്വോഴും ഇത്തരം വിഷയങ്ങള്‍ക്ക് പിന്നില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഉദാരലൈംഗികതയുടെ അപകടങ്ങളെപ്പറ്റി സൂചിപ്പിക്കുന്നത്, ഇസ്‌ലാമിക ധര്‍മനീതിയുടെ പരിസരത്ത് നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും അനിവാര്യമാണ് എന്ന് തോന്നിയതിനാലാണ്. കേവല സദാചാരം (morality) അല്ല ഇസ്‌ലാം പരിശീലിപ്പിക്കുന്നത്. അതിന് അതിന്റെ ദര്‍ശനത്തിന്റെ തന്നെ അവിഭാജ്യഭാഗമായ ഒരു ധര്‍മശാസ്ത്രം (ethics) ഉണ്ട്. അതിന്റെ ആധാരത്തിലാണ് അതിലെ സദാചാരസിദ്ധാന്തങ്ങള്‍ വികസിപ്പിക്കപ്പെടുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യവും സമൂഹത്തിന്റെ ഭദ്രതയുമായി ബന്ധപ്പെട്ട നിലപാടുകളും സിദ്ധാന്തങ്ങളും പോലും അത് വികസിപ്പിക്കുന്നത് ആ ധര്‍മശാസ്ത്രത്തിന്റെ അകത്താണ്.

മധ്യമം
ഇസ്‌ലാമിലെ ധര്‍മശാസ്ത്ര സങ്കല്‍പത്തിന്റെ പ്രധാന സവിശേഷത അത് ഒരുവശത്ത് മനുഷ്യന്റെ വൈകാരികാഭിനിവേശങ്ങളെയും വൈയക്തികാഭിലാഷങ്ങളെയും സര്‍ഗാത്മകവും ക്രിയാത്മകവുമായി സമീപിക്കുമ്പോള്‍ത്തന്നെ മറുവശത്ത് അതിന് കൃത്യമായ അതിരുകളും നിശ്ചയിക്കുന്നു എന്നതാണ്. ഇണയോടൊപ്പം ജീവിതോദ്യാനത്തിലേക്ക് കടക്കാനും അതില്‍ വിഹരിക്കാനും ഇരുവര്‍ക്കുമിഷ്ടമുള്ളത് ഭുജിക്കാനും മനുഷ്യനോട് പറഞ്ഞത് കേവലം അനുവാദമെന്ന നിലയിലല്ല, മറിച്ച് കല്‍പനയെന്ന നിലയിലാണ്. അതാകട്ടെ, മനുഷ്യനോടുള്ള ദൈവത്തിന്റെ പ്രഥമ ധാര്‍മിക കല്‍പനയുമാണ്. നിത്യബ്രഹ്മചര്യത്തില്‍ (celibacy) നിഷ്ഠനാവാന്‍ ഇസ്‌ലാം അനുവദിക്കുന്നു പോലുമില്ല എന്നതാണ് പ്രത്യേകം മനസ്സിലാക്കേണ്ടത്. ഇഷ്ടമുള്ളത് ഭുജിക്കുക എന്നതില്‍ വ്യക്തിയുടെ സ്വച്ഛന്ദതയും പരിരക്ഷിക്കപ്പെടുന്നു. അതേസമയം അതോട് ചേര്‍ത്തു തന്നെയാണ് പരിധിയെപ്പറ്റിയും ഉല്‍ബോധിപ്പിക്കുന്നത്. വിലക്കപ്പെട്ട മരം പ്രതീകവല്‍ക്കരിക്കുന്നത് പരിധികളെയാണ്. മതപരമായ ഭാഷയില്‍ വിലക്കുകള്‍ എന്ന് പറയാം. സ്വച്ഛന്ദതയും വിലക്കുകളും തമ്മില്‍ വൈരുധ്യമുണ്ട്. വൈരുധ്യങ്ങള്‍ മനുഷ്യജീവിതത്തിന്റെ അനിവാര്യതയാണ് താനും. വിരുദ്ധധ്രുവങ്ങള്‍ തമ്മിലുള്ള കൃത്യമായ വൈരുധ്യാത്മകബന്ധത്തെയാണ് ഒരു നിലപാടായി ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നത്.

ഇതുപോലെ കൃത്യപ്പെടുത്തേണ്ട മറ്റൊരു വൈരുധ്യാത്മകബന്ധമാണ് വ്യക്തിയുടെ അഭിനിവേശങ്ങളും സമൂഹത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ളത്. ഒരു വ്യക്തിയുടെ സ്വതന്ത്രവും തനതുമായ രീതികളെ ശീലങ്ങള്‍ എന്ന് പറയാം. അതേസമയം സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് സാമൂഹികാചാരങ്ങളിലാണ്. അതായത്, വൈയക്തികാഭിനിവേശങ്ങളും സാമൂഹികതാല്‍പര്യങ്ങളും തമ്മിലുള്ള വൈരുധ്യാത്മകതയെക്കാള്‍ ശീലങ്ങളും ആചാരങ്ങളും തമ്മിലുള്ള വൈരുധ്യാത്മകബന്ധം എന്ന് പറയുന്നതാവും കൂടുതല്‍ പ്രയോജനപ്രദം. ആചാരങ്ങള്‍ ശീലങ്ങളെ നിരാകരിക്കുന്നതാവരുത്. അഥവാ വ്യക്തിയുടെ സ്വഛന്ദതയെയും അഭിലാഷങ്ങളെയും അടിച്ചമര്‍ത്താന്‍ സമൂഹത്തിന് അധികാരമില്ല. നിയമങ്ങള്‍ അങ്ങനെയൊരു പ്രവണത കാണിക്കുമ്പോള്‍ അത് ദുരാചാരങ്ങളായിത്തീരും, അവിടെ കേന്ദ്രീകൃതസമഗ്രാധിപത്യം (authoritarianism) വളര്‍ന്നുവരും.

പൂര്‍ണമനുഷ്യന്‍ എന്ന ഒരു അരിസ്റ്റോട്ടിലിയന്‍ കാഴ്ചപ്പാടുണ്ട് (അരിസ്റ്റോട്ടിലിന്റെ സ്ത്രീവിരുദ്ധതയെ മറന്നു കൊണ്ടല്ല ഈ ചര്‍ച്ചയില്‍ അദ്ദേഹത്തെ ഉദ്ധരിക്കുന്നത്). സമഗ്രതയാണ് മനുഷ്യജീവിതത്തിന്റെ സവിശേഷത. അതായത്, അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തില്‍ പ്രകൃതിയുടെ മുഴുവന്‍ ജീവിതവും ജീവിക്കുന്നവനാണ് മനുഷ്യന്‍. എന്നാല്‍ എല്ലാ ഗുണങ്ങള്‍ക്കും പുറമെ അവന് യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവുമുണ്ട്. അതിനാല്‍ അവനില്‍ ദൈവികമായ യുക്തിയുടെ ജ്വലനമുണ്ട്. മനുഷ്യന് സന്തോഷിക്കാന്‍ കഴിയുന്നത് അവന്റെ എല്ലാ കഴിവുകളും സാധ്യതകളും ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.

ഈ സന്തോഷാവസ്ഥയ്ക്ക് മൂന്ന് രൂപങ്ങളുണ്ട്. ആഹ്ലാദത്തിന്റെയും സുഖാനുഭവത്തിന്റെയും ജീവിതമാണ് അതില്‍ ഒന്നാമത്തെത്. സ്വതന്ത്രനും എന്നാല്‍ ഉത്തരവാദിത്തമുള്ളവനുമായ പൗരന്‍ എന്ന നിലക്കുള്ളത് രണ്ടാമത്തെത്. അവസാനത്തെതാകട്ടെ, ചിന്തകനും ദാര്‍ശനികനും എന്ന നിലക്കുള്ള ജീവിതവും. ഈ മൂന്ന് ആനന്ദങ്ങളെയും ആസ്വദിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം സമഗ്രമായിത്തീരുക.

സന്തുലിതത്വവും പക്വതയുമുള്ളപ്പോള്‍ മാത്രമേ ജീവിതത്തിന്റെ ലയാത്മകത കണ്ടെത്താന്‍ സാധിക്കൂ. അതിനാല്‍ മധ്യമസ്വഭാവത്തിലാവണം മനുഷ്യജീവിതം. ഇതിനെ അരിസ്റ്റോട്ടില്‍ സുവര്‍ണമാധ്യമികത (golden mean or golden middle way) എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എല്ലാ ക്ലാസ്സിക്കല്‍ തത്വചിന്തകന്മാരും പ്രവാചകന്മാരും അംഗീകരിച്ചതാണ് ഈ സന്തുലിതത്വം. ജീവിതം പക്വമായിത്തീരാന്‍ ആത്യന്തികമായ രണ്ടറ്റങ്ങള്‍ ഒഴിവാക്കപ്പെടണം എന്നേ ഇതിനര്‍ത്ഥമുള്ളൂ. ആത്യന്തികതകള്‍ ഒഴിവാക്കപ്പെടുമ്പോഴാണല്ലോ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ഉമ്മതുന്‍ വസത്വ് സാക്ഷാല്‍കൃതമാവുക. ജീവിതം ഈ സുവര്‍ണമാധ്യമികതയിലാവണം. ഭക്ഷണവും ലൈംഗികതയും മുതല്‍ ചെലവഴിക്കലും സാഹസികതയും വരെ എന്തിലും സ്വീകരിക്കപ്പെടേണ്ടത് ഈ മിതസമീപനമാണ് എന്നാണ് അരിസ്റ്റോട്ടില്‍ വിശദീകരിക്കുന്നത്.

ശീലങ്ങളും ആചാരങ്ങളും തമ്മിലുള്ള വൈരുധ്യത്തിലും ഇതേ മധ്യമസമീപനമാണ് കൈക്കൊള്ളേണ്ടത്. ചുറ്റിലും ഒരു സമൂഹമില്ലെങ്കില്‍ നാമാരും ശരിക്കുള്ള മനുഷ്യരാവില്ല. കുടുംബവും സമൂഹവും നമ്മുടെ പ്രാഥമികാവശ്യങ്ങളായ ആഹാരം, ലൈംഗികത തുടങ്ങിയവയെ ആരോഗ്യകരമായി നിര്‍വഹിച്ചു തരുന്നു. നമുക്ക് അനിവാര്യമായ സ്‌നേഹം പകര്‍ന്നു തരികയും ചെയ്യുന്നു. അതിനാല്‍ മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. ഏറ്റവും ഉന്നതമായ അവസ്ഥയില്‍ ഒരു രാഷ്ട്രീയ ജീവിയും.

ഉദാരം
എന്നാല്‍ വ്യക്തിയെ സമൂഹത്തില്‍ നിന്ന് വ്യവഛേദിക്കുകയാണ് ഉദാര വ്യക്തിവാദികള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും അസഹിഷ്ണുതാപൂര്‍വമായ നിലപാടുകളാണ് പുരോഗമനം എന്ന മറ പിടിച്ചു കൊണ്ട് ഇവര്‍ കാണിക്കുന്നത് എന്നതാണ് അനുഭവം. അതുതന്നെയും ഉദാരലൈംഗികതയുടെ കാര്യത്തിലാകുമ്പോള്‍ കൂടുതല്‍ ആക്രാമകമാകുന്നു. 1973 ലാണ് അമേരിക്കന്‍ സൈക്കിയാട്രിസ്റ്റ് അസോസിയേഷന്‍ ഡിസോഡറുകളുടെ പട്ടികയില്‍ നിന്ന് സ്വവര്‍ഗരതിക്ക് സ്വാഭാവികതയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതെങ്കില്‍ ഹോമോഫോബ് എന്ന പദം അമ്പതുകളില്‍ത്തന്നെ സാമൂഹിക വ്യവഹാരങ്ങളുടെ ഭാഗമായിത്തീര്‍ന്നിരുന്നു. സത്യത്തില്‍ ഇതൊരു ലേണിങ് പ്രോസസാണ്. പൊതുബോധത്തെ മാറ്റിയെടുക്കാനുള്ള വിദ്യകള്‍. സദാചാരവാദികളുടെയും കുടുംബവാദികളുടെയും വിയോജിപ്പുകളെ ഹോമോഫോബിയ ആയി മുദ്ര കുത്തുന്നതോടെ അവര്‍ നിശ്ശബ്ദരായിത്തീരുന്നു. അംഗീകരിച്ചില്ലെങ്കില്‍ പിന്തിരിപ്പന്മാരായിത്തീരും എന്ന അവസ്ഥയാണ് അടുത്ത ഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ ഘട്ടമാണ് അതിനടുത്തത്.

ഡീന്‍ ഹാമറുടെ A Linkage Between DNA Makers on the X Chromosome and Male Sexual Orientation എന്ന പഠനം സയന്‍സ് മാഗസിനില്‍ പ്രസിദ്ധം ചെയ്യപ്പെടുന്നത് 1993 ലാണ്. സ്വവര്‍ഗാനുരാഗികളുടെ ത ക്രോമസോമില്‍ X9 28 എന്ന ഒരു ജെനെറ്റിക് മാര്‍കര്‍ ഉണ്ടെന്ന് അതില്‍ അവകാശപ്പെട്ടു. ഇതാണ് ഗേ ജീന്‍ ആയി കൊട്ടിഘോഷിക്കപ്പെട്ടത്.

എന്നാല്‍ ഇതിനെതിരായുള്ള പഠനങ്ങളും സയന്‍സ് മാഗസിനില്‍ തന്നെ വന്നിട്ടുണ്ട്. ജനിതക ഘടകങ്ങള്‍ എന്നത് എന്തായാലും ഇത്രത്തോളം ലളിതമല്ലല്ലോ. ഹാമര്‍ തന്നെ പിന്നീട് ജീന്‍ എന്നത് ഭാഗികമായ ഉത്തരം മാത്രമാണെന്ന് തുറന്നു സമ്മതിച്ചു. ജനിതകത്തെക്കാള്‍ പരിസരത്തിനാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ സ്വാധീനമുള്ളത്. പകുതിയിലധികം പേരുടെയെങ്കിലും സ്വവര്‍ഗാനുരാഗ സ്വഭാവത്തിന് പിന്നില്‍ ജനിതകഘടകങ്ങളില്ല എന്ന് ഹാമര്‍ തന്നെ സമ്മതിച്ചതായി 1995 നവംബറില്‍ സയന്റിഫിക് അമേരിക്കനില്‍ പ്രസിദ്ധീകരിച്ച Gay Genes, Revisited എന്ന പഠനത്തില്‍ ജോണ്‍ ഹോര്‍ഗന്‍ പറയുന്നു. ഹോര്‍ഗന്റെ പഠനം പക്ഷേ, സ്വവര്‍ഗരതിതല്‍പരതക്ക് എതിരല്ല. മാത്രവുമല്ല, ക്രിസ്ത്യന്‍ ഹോമോഫോബുകള്‍ ഗേ ജീനിനെപ്പറ്റിയുള്ള തന്റെ റിപ്പോര്‍ട്ട് ദുരുപയോഗം ചെയ്യുന്നതായി 2010 ല്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നുമുണ്ട്. ഇവിടെ ഗേ ജനിതകത്തിന്റെ ആധികാരികത സംശയിക്കുക മാത്രമേ നാം ചെയ്യുന്നുള്ളൂ.

m62tlx7kje_homosexual    നിയമസാധുത്വം (legitimacy) നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ അതിനടുത്ത ഘട്ടമാണ്. ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ഹോമോ സെക്ഷ്വാലിറ്റിയെയും ഗേ, ലെസ്ബിയന്‍ വിവാഹങ്ങളെയും ഡീക്രിമിനലൈസ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതൊരു സംവാദവിഷയമാകുന്നത് ജനാധിപത്യപരമായി അപകടകരമൊന്നുമല്ല താനും. എല്ലാ വ്യക്തികളുടെയും എല്ലാത്തരം വ്യതിയാനങ്ങളും ക്രിമിനലൈസ് ചെയ്യപ്പെടണം എന്ന് ഈ ലേഖകന് വാദമൊന്നുമില്ല. അതേസമയം നിയമം സ്വവര്‍ഗരതിയെ മഹത്വവല്‍ക്കരിച്ചത് പോലെയാണ് പിന്നീടുണ്ടായ പ്രചാരണങ്ങള്‍. അങ്ങനെയൊരു മാനസികാവസ്ഥ തന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

സദാചാരത്തെക്കുറിച്ച പരമ്പരാഗതമോ മതപരമോ ആയ സങ്കല്‍പങ്ങള്‍ എന്തു തന്നെയായിരുന്നാലും ആ സങ്കല്‍പങ്ങള്‍ക്ക് അനുഗുണമോ വിരുദ്ധമോ ആയ ലൈംഗിക പ്രവൃത്തികള്‍ സ്വകാര്യമായിരിക്കുന്നേടത്തോളം സമൂഹത്തെ അത് ബാധിക്കുന്നൊന്നുമില്ല. പിന്തുടര്‍ന്ന് ചെന്ന് പിടികൂടുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്ന സദാചാരപ്പോലീസിങ്ങിനെ പൊതുസമൂഹമോ അതിലെ സദാചാരവാദികള്‍ പോലുമോ അംഗീകരിച്ചിട്ടുമില്ല. അത് സ്വകാര്യതയുമായി മാത്രം ബന്ധപ്പെട്ടതാണ്. സ്വകാര്യത പരിരക്ഷിക്കപ്പെടുക എന്ന നിലക്ക് കോടതിയുടെ ഇടപെടലിനെ അംഗീകരിക്കാം. അതിനപ്പുറമുള്ള പവിത്രീകരണത്തിനു വേണ്ടിയാണ് ശ്രമങ്ങള്‍ നടന്നത്.

വിയോജനം
ഒരു ഡിസോഡര്‍ അല്ലെങ്കില്‍ ഡീവിയേഷന്‍ എന്ന നിലയില്‍ പരിഗണിച്ചു കൊണ്ട് ഇതിനെ ചികില്‍സിക്കാനോ മാറ്റാനോ ശ്രമിക്കുന്നത് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ നിഷേധിക്കലാണെന്ന വാദവും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇതു സംബന്ധമായി ഉയര്‍ത്തപ്പെട്ട വാദം പ്രവണത egodystonic ആണെങ്കില്‍ മനശ്ശാസ്ത്രചികില്‍സയാകാം, എന്നാല്‍ egosyntonic ആണെങ്കില്‍ ചികില്‍സ പാടില്ല എന്നായിരുന്നു. വിചിത്രമെന്ന് തോന്നുന്നതോ അല്ലാത്തതോ ആയ സ്വന്തം സ്വഭാവസവിശേഷതകളില്‍ ഒരാള്‍ സ്വയം അസ്വസ്ഥനാവാതിരിക്കുകയോ അത് അയാളുടെ ഈഗോയുടെ ലക്ഷ്യമായി പരിഗണിക്കപ്പെടുകയോ തന്റെ ideal self-image ആയി സ്വയം അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതാണ് ഈഗോസിന്റോണിക്. എന്നാല്‍ ഒരാളുടെ ചിന്തകളും പെരുമാറ്റങ്ങളും അയാളുടെ തന്നെ ഐഡിയല്‍ സെല്‍ഫ് ഇമേജിന് വിരുദ്ധമായിത്തീരുന്ന അവസ്ഥയാണ് ഈഗോഡിസ്റ്റോണിക്. ഈ നിലപാടില്‍ അല്‍പമൊക്കെ ന്യായമുണ്ടെന്ന് സമ്മതിച്ചു കൊടുക്കാം. എന്നാല്‍, ഈ വിഭജനത്തെപ്പോലും നിരാകരിച്ചു കൊണ്ട് ഒരാളിലും ഒരു നിലക്കും ഇതിനെ ഡിസോഡറായി പരിഗണിക്കാവതല്ല എന്ന ശാഠ്യമാണ് ഉയര്‍ത്തപ്പെടുന്നത്.

വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയും ഉദാരവാദികളില്‍, പ്രത്യേകിച്ചും ഉത്തരാധുനിക ലൈംഗിക ഉദാരവാദികളില്‍ തികച്ചും പ്രകടമാണ്. വിയോജിക്കുന്നവരെ (എതിര്‍ക്കുന്നവരെയല്ല) ഹോമോഫോബുകളായി മുദ്ര കുത്തുക, പുരോഗമനവിരുദ്ധരെന്നും മതമൗലികവാദിയെന്നും കപടസദാചാരവാദിയെന്നും ചാപ്പ കുത്തുക തുടങ്ങിയ രീതികള്‍ സംവാദങ്ങളില്‍ കാണാം. വാഷിങ്ടണ്‍ സ്റ്റേറ്റില്‍ സ്വവര്‍ഗവിവാഹത്തെ എതിര്‍ത്തു കൊണ്ടുള്ള ഒരു ഭീമഹരജിയില്‍ ഒപ്പിട്ട ഒന്നര ലക്ഷത്തോളം ആളുകളുടെ പേരും മേല്‍വിലാസവും അന്വേഷിച്ചു കൊണ്ട് സ്വവര്‍ഗാഭിരമികളുടെ സംഘടനകള്‍ വിവരാവകാശ ഹരജി നല്‍കിയ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട് വി.സി ശ്രീജന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2018 സെപ്റ്റംബര്‍ 23). ഇത് എതിരാളികളെ തെരഞ്ഞു പിടിച്ച് കൈകാര്യം ചെയ്യാനാണ് എന്നതിനാല്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കരുതെന്നാവശ്യപ്പെട്ടു കൊണ്ട് കോടതിയെ സമീപിച്ചിരിക്കയാണത്രേ ഹരജിയില്‍ ഒപ്പിട്ടവര്‍.

സത്യത്തില്‍ സ്വവര്‍ഗവിവാഹം എന്ന ആശയം തന്നെ വിചിത്രമാണ്. ഹെറ്ററോസെക്ഷ്വല്‍ ബന്ധത്തില്‍പ്പോലും വിവാഹം എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ നിരാകരിച്ച്, കൂടെത്താമസിക്കുക എന്ന രീതി പ്രയോഗവല്‍ക്കരിക്കുക എന്ന മതേതര സമ്പ്രദായം അല്‍പസ്വല്‍പം വ്യാപകത്വം നേടിക്കൊണ്ടിരിക്കുന്ന കാലത്ത്, തങ്ങളെ വിവാഹം എന്ന കുരുക്കില്‍ ബന്ധിക്കാന്‍ ഉദാരലൈംഗികതയെ പ്രമോട്ട് ചെയ്യുന്നവര്‍ ശ്രമിക്കുന്നതെന്തിന് എന്ന് മനസ്സിലാവുന്നില്ല. കുടുംബം എന്ന സ്ഥാപനം വിവാഹം എന്ന ആചാരത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. അത് അതിന്റെ തുടക്കം മാത്രമാണ്. അതിന് ഒട്ടേറെ തുടര്‍ച്ചകളുണ്ട്. അനന്തരാവകാശം തൊട്ട് വിവാഹമോചനം വരെ നീളുന്ന ഒട്ടേറെ നിയമങ്ങളും ആചാരങ്ങളും ഇതില്‍ കടന്നുവരുന്നുണ്ട്. ഇതിനെയൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്വവര്‍ഗാനുരാഗികളുടെ വിവാഹം എന്ന ആശയം അംഗീകരിക്കപ്പെടുമ്പോള്‍ മറ്റ് തുടര്‍ച്ചകളും ബാധ്യതകളുമൊന്നും ബാധകമാകാത്ത കേവലവിവാഹത്തിന്റെ പ്രസക്തി എന്താണ്? ഒരുപക്ഷേ ഇതിനെ ഒരു സംസ്‌കാരമായി എസ്റ്റാബ്ലിഷ് ചെയ്‌തെടുക്കുക എന്നതുമാവാം വിവാഹം എന്ന ആശയം ഇതില്‍ ചേര്‍ക്കുന്നതിന്റെ യുക്തി.

ഇതുപോലെ വിചിത്രമാണ് തന്റെ പ്രത്യക്ഷാവസ്ഥയ്ക്ക് വിരുദ്ധമായി താന്‍ സ്വയമോ മറ്റെന്തെങ്കിലും സമ്മര്‍ദ്ദം കാരണമോ തന്റെ ലൈംഗികസ്വത്വമായി സ്വീകരിച്ചിരിക്കുന്ന ലിംഗവിഭാഗത്തിന്റെ വസ്ത്രങ്ങള്‍ ധരിക്കുന്ന പ്രവണത. സ്ത്രീകളുടേത് എന്നംഗീകരിക്കപ്പെട്ട വേഷങ്ങള്‍ ഉപേക്ഷിച്ച് പുരുഷനെപ്പോലെ പാന്റും ഷര്‍ട്ടുമിട്ട് നടക്കുന്ന പെണ്ണുങ്ങളുടെ കാലത്താണ് ഇങ്ങനെയൊരു നടപടി. പലപ്പോഴും LGBT മൂവ്‌മെന്റുകളുടെ പ്രവര്‍ത്തകര്‍ അവരുടെ കാമചാപല്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് കേവലം നിലനില്‍ക്കുന്ന സദാചാര സമ്പ്രദായത്തോടുള്ള പ്രതിഷേധം മാത്രമായിരിക്കാന്‍ തരമില്ല. സ്വാഭാവികമായും ഇതിനെ ഒരു bihavioral disorder ആയി കാണുന്നത് തെറ്റാണെന്ന് കരുതാന്‍ പറ്റുമോ?
ഇത്തരം ആസക്തികള്‍ ജനിതകമാണെന്നതിന് പ്രകടമായ തെളിവുകളൊന്നും സമര്‍പ്പിക്കപ്പെട്ടതായി അറിവില്ലെന്ന് നേരത്തേ പറഞ്ഞു. ഇത് മനശ്ശാസ്ത്ര വ്യതിയാനമാവാം. അതിലുപരി ഇതിനെ പ്രതിലോമകരമായ സാംസ്‌കാരിക പരിണാമമായി കാണാം എന്നാണ് ഈ ലേഖകന്റെ പക്ഷം. തീര്‍ച്ചയായും ഇതിന്റെയൊക്കെ അംഗീകാരത്തിലേക്ക് സമൂഹം പരിണമിക്കുന്നതോടെ, ഒരുപക്ഷേ ആ സമൂഹത്തിന്റെ സംസ്‌കാരമായിത്തന്നെ ഇത് വളരുന്നതോടെ കൂടുതലാളുകള്‍ ഈയവസ്ഥയിലേക്ക് കണ്ടീഷന്‍ ചെയ്യപ്പെടുന്നു. അതായത്, സംസ്‌കാരവും മാനസികാവസ്ഥകളും പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നു.

എന്നാല്‍പ്പോലും ഇതില്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. മൗലികസ്വഭാവമാണെങ്കില്‍ അങ്ങനെയൊരു മാറ്റം സാധ്യമല്ലല്ലോ. സ്വവര്‍ഗാസക്തിയുടെ പേരില്‍ സാമാന്യം നല്ല ‘പേരുദോഷം’ നേടിയ ഒരു പ്രദേശം ഇതെഴുതുന്നയാള്‍ക്ക് നേരിട്ടറിയാം. ഒരുപക്ഷേ ആ പ്രദേശവാസികളെക്കാള്‍ സ്വവര്‍ഗാസക്തര്‍ മറ്റിടങ്ങളിലും ഉണ്ടായിരുന്നിരിക്കാം. പൊതുബോധവും മുന്‍വിധികളും നിയന്ത്രിക്കാത്ത സര്‍വേകളും കണക്കുകളും ഉണ്ടാവാന്‍ സാധ്യതയില്ലല്ലോ. അതേസമയം സ്വവര്‍ഗാഭിരമിത്വം ഉള്ളവര്‍ അവിടെ ധാരാളമുണ്ടായിരുന്നു എന്നത് വസ്തുതയാണ് താനും. അക്കാലത്ത് ഇത്തരം അഭിനിവേശങ്ങളുടെ ഇരകളായിത്തീര്‍ന്നത് പലപ്പോഴും കുട്ടികള്‍ ആയിരുന്നു. ധാര്‍മികബോധമുള്ള കുറേ ചെറുപ്പക്കാരുടെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി മൊത്തം ഈ സമൂഹത്തിന്റെ മാനസികാവസ്ഥയില്‍ വലിയ മാറ്റമുണ്ടായി.

ഇന്ന് ഇവിടെ ഇത്തരം ഓറിയന്റേഷന്‍ ഉള്ളവര്‍ വളരെക്കുറവാണ്. ഈ ആസക്തിക്ക് തീര്‍ത്തും മൗലികമായ ജനിതകന്യായങ്ങള്‍, എന്തിന് സ്ഥിരത്വമുള്ള മാനസികകാരണങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു മാറ്റം സംഭവിക്കുമായിരുന്നില്ല. ഒരു സമൂഹം എന്ന നിലക്ക് പ്രദേശത്തെ എടുത്താല്‍ നേരത്തേ ഇവരില്‍ ഒരുതരം സാമൂഹിക ദൃഢീകരണം (social reinforcement) പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതം എന്നതിലുപരി അഭ്യസിപ്പിക്കപ്പെട്ട (learned) ഒരു സ്വഭാവമാണ് ഇത്. ലേണിങ്ങിലൂടെയാണ് ഇത് കണ്ടീഷന്‍ ചെയ്യപ്പെടുന്നത്. സ്വാഭാവികമായും ഇത് unlearn ചെയ്യാനും പറ്റും.

പൊതുവെ ബിഹേവിയറിസ്റ്റുകള്‍ കരുതുന്നതും dispositional (പ്രകൃതപരം) എന്നതിനെക്കാള്‍ learned ആണ് സ്വവര്‍ഗാഭിമുഖ്യം എന്നു തന്നെയാണ്. സ്വഭാവരൂപീകരണശാസ്ത്രവുമായി (ethology) ബന്ധപ്പെട്ട മറ്റ് ചില നിഗമനങ്ങള്‍ കൂടിയുണ്ട്. സ്വാത്മതാദാത്മ്യവുമായി (self-identification) ബന്ധപ്പെട്ടതാണ് അതിലൊന്ന്. ഒരാള്‍ സ്വയം നടത്തുന്ന സ്വത്വനിര്‍ണയം. ഇത് പല കാരണങ്ങളാല്‍ ഒരാളെ ഒരു mistaken identity യിലേക്കെത്തിച്ചേക്കാം. അതില്‍ condition ചെയ്യപ്പെടാം. മൃഗങ്ങളില്‍പ്പോലും ഇത്തരം പ്രവണതകള്‍ കണ്ടുവരാറുണ്ട്. ഇവാന്‍ പാവ്‌ലോവിന്റെ classical conditioning സിദ്ധാന്തം ആവിഷ്‌കരിക്കപ്പെട്ടത് തന്നെ അദ്ദേഹത്തിന്റെ വളര്‍ത്തു നായയില്‍ കണ്ടെത്തിയ പ്രവണതകളില്‍ നിന്നാണല്ലോ.

Stage by stage ആയ ഒരു പ്രക്രിയയാണ് മനുഷ്യന്റെ സൈക്കോസെക്ഷ്വല്‍ വികാസം. ഇതില്‍ ഏതെങ്കിലും ഘട്ടത്തില്‍ എന്തെങ്കിലും കാരണവശാല്‍ ഏതെങ്കിലും തരത്തിലുള്ള ഫിക്‌സേഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ആലോചിക്കാമെന്ന് തോന്നുന്നു. പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. ചെറുപ്രായത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നവരാണ് സ്വവര്‍ഗാഭിരമികളില്‍ വലിയൊരു വിഭാഗം. Pioneer of the modern gay rights movement ആയി അറിയപ്പെടുന്ന ഹെന്റി കാള്‍ ഉല്‍റിച്‌സ് അദ്ദേഹത്തിന്റെ ജീവിതകഥയില്‍ ബാല്യത്തില്‍ പെണ്‍വേഷങ്ങള്‍ ധരിപ്പിച്ച് താലോലിക്കാറുണ്ടായിരുന്ന സ്വന്തം അമ്മയെ അനുസ്മരിക്കുന്നുണ്ട്. പതിനാലാം വയസ്സില്‍ അദ്ദേഹത്തെ ഒരു കുതിരസ്സവാരി പരിശീലകന്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയനാക്കിയത്രേ. എമ്മോ ഗോള്‍ഡ്മാന്‍ എന്ന ഗേ, തരം കിട്ടുന്വോഴെല്ലാം ലൈംഗികമായും അല്ലാതെയും തന്നെ പീഡിപ്പിച്ചിരുന്ന ചില അധ്യാപകരെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. പ്രഖ്യാപിത സ്വവര്‍ഗാഭിരമികളില്‍ പലരും ഇത്തരം ബാല്യകാലപീഡകള്‍ക്ക് വിധേയരായിട്ടുണ്ട്. ഇത്തരം പീഡകള്‍ ഉണ്ടാക്കിയേക്കാവുന്ന മാനസികാഘാതങ്ങളെപ്പറ്റി ശരിയായ പഠനങ്ങള്‍ അനിവാര്യമാണ്. സ്ത്രീകളുമായി ഫലപ്രദമായും സ്വാഭാവികമായും ഇടപെടാനുള്ള സാമര്‍ത്ഥ്യമോ ശേഷിയോ ഇല്ലായ്മയും പുരുഷന്മാരായ പലരെയും മറ്റ് പുരുഷന്മാരിലോ കുട്ടികളിലോ അഭിനിവേശങ്ങള്‍ ജനിപ്പിച്ചേക്കാം.

സ്വത്വം
കമ്പോളാധിഷ്ഠിത ആധുനികത ഉദാരലൈംഗികതയില്‍ കച്ചവടസാധ്യതകളാണ് കാണുന്നതെങ്കില്‍ ഉത്തരാധുനികത ഇതിനെ സ്വത്വരാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെയാണ് സമീപിക്കുന്നത്. പ്രകൃതിയുടെ സ്ഥാപിത നിയമങ്ങളെപ്പോലും എതിര്‍ക്കപ്പെടേണ്ട ബൃഹദാഖ്യാനങ്ങളായി കാണുന്നതില്‍ വിശേഷിച്ച് ഗുണമൊന്നുമില്ലെങ്കിലും.

പൊതുവായ സവിശേഷതകളെക്കാള്‍ വ്യത്യസ്തതകള്‍ക്കാണ് സ്വത്വരാഷ്ട്രീയം പ്രാധാന്യം നല്‍കുക. പൊതുവായി മനുഷ്യരെ വിലയിരുത്താന്‍ അതിന് താല്‍പര്യമില്ല. മനുഷ്യന്റെ പൊതുസവിശേഷതകള്‍ മാത്രമല്ല, മനുഷ്യന്‍ എന്ന വ്യവഹാരത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. വ്യത്യസ്തതകളെയാണ് കൂടുതല്‍ മാനിക്കേണ്ടത് എന്നു വരുമ്പോള്‍ സ്വാഭാവികം എന്ന പരികല്‍പനം തന്നെ അര്‍ത്ഥശൂന്യമായിത്തീരും. സാധാരണ സ്ത്രീ-പുരുഷ ബന്ധം എന്നത് അസംബന്ധമായും മാറും. പിന്നെ, ലൈംഗികത എന്നത് വിലക്ഷണം എന്ന് നേര്‍ബുദ്ധി വിശേഷിപ്പിക്കുന്ന പ്രവണതകളെ ആഘോഷിക്കലാണ്.

വിശകലനം
ഒരു സമൂഹത്തിന്റെ മാനസികവും ധൈഷണികവുമായ ഊര്‍ജം മുഴുവനും രതിയിലേക്ക് പരിമിതപ്പെടുത്തുന്നത് സമൂഹത്തിന്റെ വികാസത്തെയല്ല സൂചിപ്പിക്കുന്നത്. ജീവിതാവബോധവും ജീവിതാനന്ദവും സമഗ്രമാണ് എന്ന തിരിച്ചറിവ് അനിവാര്യമാണ്. ഇതിന് ഒരു രാഷ്ട്രീയ വശം കൂടിയുണ്ട്. ഏകമോ അതിപ്രധാനമോ ആയ പ്രശ്‌നമായി ലൈംഗികത കത്തിനില്‍ക്കുമ്പോള്‍ മറ്റു പലതും സ്വാഭാവികമായി തമസ്‌കരിക്കപ്പെടും എന്നതാണത്. മനുഷ്യജീവിതത്തിനും സംസ്‌കാരത്തിനും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധങ്ങളില്‍പ്പോലും അനാരോഗ്യകരമായ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഈ പ്രവണത നിമിത്തമായേക്കാം.

രതിയുമായി ബന്ധപ്പെട്ട അതിഭാവുകത്വവും കാല്‍പനികതയും കലര്‍ന്ന വര്‍ണനകളും പുതിയ കാലത്ത് സൃഷ്ടിക്കപ്പെട്ട പരസ്യകാമചേഷ്ടകളും സൃഷ്ടിക്കുന്ന ഒരു ലൈംഗികദാരിദ്ര്യമുണ്ട്. ഇത്തരം ചേഷ്ടകളെ സ്വയം തന്നെ ഒരു അധര്‍മമായി സദൂമ്യരെ പ്രവാചകന്‍ ലൂത്വ് ഓര്‍മപ്പെടുത്തുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഇതിനപ്പുറം ആ സമൂഹത്തിന്റെ മുഖ്യസ്വഭാവമായി സ്വവര്‍ഗാസക്തി മാറുന്നതിന് ഒരു പ്രധാന കാരണം എന്ന നിലക്കും ഇത്തരം പരസ്യചേഷ്ടകളെ വിലയിരുത്താം. ഈ അതിഭാവുകത്വങ്ങള്‍ തന്നെയും പ്രയോഗതലത്തില്‍ ഒരുതരം അസംതൃപ്തി സൃഷ്ടിച്ചേക്കാം. പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതങ്ങളും തിളച്ചുമറിഞ്ഞ് പരന്നൊഴുകുന്ന ലാവയും പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിക്കുന്ന സീല്‍ക്കാരങ്ങളും ഉരുണ്ടുകൂടുന്ന വിയര്‍പ്പുമണികളില്‍ പ്രതിഫലിക്കുന്ന മഴവില്‍വര്‍ണങ്ങളും ആകാശത്തിന്റെ മുകള്‍ത്തട്ടിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന ലഘുത്വവുമൊക്കെ കഥകളിലും കവിതകളിലും വായിക്കാനുള്ളതാണ്. കാലുകള്‍ക്ക് ബലമില്ലെങ്കില്‍ കട്ടിലിന് ആട്ടമുണ്ടാവുമെന്നല്ലാതെ പ്രപഞ്ചത്തില്‍ ഒരു പ്രകമ്പനവും യഥാര്‍ത്ഥത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. മറ്റ് പല കാര്യങ്ങളിലും കാല്‍പനികതയും പ്രായോഗികതയും തമ്മിലുള്ള അന്തരം തിരിച്ചറിയുന്ന മനുഷ്യന്‍ രതിയില്‍ മാത്രം ഈ അതിഭാവുകത്വത്തിന്റെ സാക്ഷാല്‍ക്കാരം പ്രതീക്ഷിക്കുന്നു.

ഒപ്പം ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമൊക്കെ അവന്‍ ദര്‍ശിക്കുന്ന വൈചിത്ര്യങ്ങളും വൈകൃതങ്ങളും രതിയുടെ സ്വാഭാവികരീതികളില്‍ അപൂര്‍ണത തോന്നിക്കുന്നു. ഇത് പക്ഷേ, ഒരര്‍ത്ഥത്തില്‍ പണ്ടേ തുടങ്ങിയതാണ്. അറുപത്തെട്ട് രതിനിലകള്‍ വിവരിക്കുന്നുണ്ട് കാമസൂത്രയില്‍ വാല്‍സ്യായനന്‍. ഇതില്‍പ്പലതും പൗരാണികക്ഷേത്രച്ചുവരുകളില്‍ ശില്‍പങ്ങളായി ചിത്രീകരിച്ചതായും കാണാം. എന്നാല്‍ ഇതിലെ മൂന്നോ നാലോ നിലകളൊഴിച്ച് ബാക്കിയുള്ളവയിലേതെങ്കിലും പ്രാക്ടീസ് ചെയ്യാന്‍ ഒരാള്‍ തുനിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ നടുവൊടിഞ്ഞ് കിടക്കാന്‍ അതു തന്നെ മതി. ഈ അറുപത്തെട്ട് നിലകളുടെയും പ്രയോഗത്തിലും അനുഭൂതിയിലും വിചാരപ്പെട്ടു നടക്കുന്ന ഒരാള്‍ ഒന്നുകില്‍ ഇണയില്‍ നിരാശനാവും, അല്ലെങ്കില്‍ തന്നെ ഒന്നിനും കൊള്ളാത്തവനായി മനസ്സിലാക്കും. ഇത്തരം പ്രവണതകളൊക്കെയും വിചിത്രവും അസ്വാഭാവികവുമായ രീതികള്‍ അന്വേഷിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചേക്കാം.

ഇത്തരം നൈരാശ്യങ്ങളെ ശമിപ്പിക്കുന്നതിന് വേണ്ടിയാണ് ലൈംഗികതയില്‍ ആപല്‍ക്കരവും അധാര്‍മികവുമായ പരീക്ഷണങ്ങള്‍ക്ക് അവന്‍ മുതിരുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ പലേടത്തും ഓര്‍ഗികള്‍ സംഘടിപ്പിക്കപ്പെടാറുണ്ട്. ഒരുപാട് ഇണകള്‍ ഒരുമിച്ചൊരു മുറിയില്‍, ചിലപ്പോള്‍ പരസ്പരം ചേര്‍ന്നു കൊണ്ടൊക്കെ നടക്കുന്ന മദിരോല്‍സവങ്ങളെയും രതിക്കൂത്തുകളെയുമാണ് orgy എന്ന് പറയുക.

ഒപ്പം ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവവും നിലനില്‍ക്കുന്നു. ജനനേന്ദ്രിയങ്ങളുടെ പരസ്പരഘര്‍ഷണമല്ല ലൈംഗികത. ശരീരത്തിലെ എല്ലാ അവയവങ്ങളും ഒപ്പം മനസ്സും ബോധവും പൂര്‍ണമായും പങ്കു കൊള്ളേണ്ട ഒരു പ്രക്രിയയാണത്. നോട്ടം, ചുംബനം, സ്പര്‍ശനം, വര്‍ത്തമാനം എല്ലാം ഇതില്‍ പ്രധാനമാണ്. ഇണയുടെ അഭീഷ്ടങ്ങള്‍ അറിയാനും സാക്ഷാല്‍ക്കരിക്കാനുമുള്ള വ്യഗ്രത രണ്ടു പേരിലുമുണ്ടാവണം. രതിയിലേര്‍പ്പെടുന്ന ഇണകളുടെ ലോകം അവരുടെ മാത്രം ലോകമാണ്. അതങ്ങനെത്തന്നെയായിരിക്കുകയും വേണം. ഇത്തരം ബോധങ്ങളുടെ അഭാവവും സ്വാഭാവികമായ രതിയില്‍ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ശരിയായ ലൈംഗികാവബോധം പ്രസക്തമായിത്തീരുന്നു.

ഈ ലേഖനത്തിലേക്ക് ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വിഭാഗത്തെ കൊണ്ടു വന്നിട്ടില്ല. ട്രാന്‍സ് ജെന്‍ഡര്‍, സ്വവര്‍ഗാഭിരമിത്വം, ഉഭയലൈംഗികാസക്തി തുടങ്ങിയ വിഷയങ്ങള്‍ കൂട്ടിക്കുഴച്ച് ചര്‍ച്ച ചെയ്യേണ്ടതല്ല. വേറെത്തന്നെ ഒരു ചര്‍ച്ചാ വിഷയമാണ് ട്രാന്‍സ് ജെന്‍ഡറുകളുമായി ബന്ധപ്പെട്ടത്. അതേസമയം ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി ഭീഷ്മര്‍ യുദ്ധം ചെയ്തതു പോലെ ലൈംഗിക ഉദാരവല്‍ക്കരണവാദികളുടെ മുഴുവന്‍ പരിശ്രമങ്ങളും ഈ ട്രാന്‍സ് ജെന്‍ഡറുകളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ്. ഇതാകട്ടെ, യഥാര്‍ത്ഥ വിഭിന്ന ലൈംഗികവിഭാഗങ്ങള്‍ എന്ന് പറയാവുന്ന, ട്രാന്‍സ് ജെന്‍ഡറുകളുടെയും (അപര ലിംഗികള്‍) ഹെര്‍മഫ്രൊഡൈറ്റുകളുടെയും (ഉഭയലിംഗികള്‍, ഇന്റര്‍ സെക്‌സ് പെര്‍സന്‍സ്) അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് തടസ്സമാണ് സൃഷ്ടിക്കുക.

കൂടുതല്‍ പങ്കാളികളെ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമം ലെജിറ്റിമസി നേടലിന് പിന്നിലുണ്ട് എന്ന് കരുതുന്നതില്‍ തെറ്റില്ല. വിവാഹം കഴിക്കാനുള്ള അവകാശത്തോടൊപ്പം സ്വവര്‍ഗദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം കൂടി ഇവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. ദത്തെടുക്കാന്‍ കുഞ്ഞുങ്ങളെ ഇഷ്ടം പോലെ കിട്ടും. എന്നാല്‍ ഈ ദമ്പതികള്‍ക്കൊപ്പം വളര്‍ന്നു വരുന്ന കുഞ്ഞിന്റെയും ഐഡന്റിറ്റി ഇതേ രീതിയില്‍ സെറ്റ് ചെയ്യപ്പെടാനാണ് വളരെക്കൂടുതല്‍ സാധ്യതകളുള്ളത്. ഒപ്പം മനസ്സിലാക്കേണ്ട കാര്യം, ലൈംഗികക്കമ്പോളത്തിന് ഇത് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു എന്നതാണ്. ഇന്റര്‍നെറ്റിലെ ഡാര്‍ക്, ഡീപ് വെബ്ബുകള്‍ രതിക്കമ്പോളത്തിന്റെ ആഗോളീകരണത്തെ വ്യാപകമാക്കിയിട്ടുണ്ട്. ഈ കമ്പോളത്തിലേക്ക് കൂടുതല്‍ വിഭവങ്ങള്‍, അങ്ങനെ ഈ കച്ചവടത്തിന്റെ വിപുലനത്തിനുള്ള കൂടുതല്‍ സാധ്യതകള്‍ ഉറപ്പു വരുത്തുകയാണ് മൂലധനശക്തികള്‍ ചെയ്യുന്നത്. ഉദാരലൈംഗികത എന്നത് കമ്പോളത്തിന്റെ താല്‍പര്യമാണ്.

സംസ്‌കാരം
സാസ്‌കാരിക പരിണാമം എന്ന് മുകളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഖുര്‍ആനിലെ ലൂത്വിന്റെ പരിശ്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ തന്നെ എതിര്‍പ്പ് ഇതിനെയാണ് അടയാളപ്പെടുത്തുന്നത്. സദൂമില്‍ നിലനിന്നിരുന്നത് മെയില്‍ ഹോമോസെക്ഷ്വാലിറ്റിയാണ്. ഒരു നിലക്കും അതിന്റെ ഗുണഭോക്താവല്ല ആ സ്ത്രീ.

painting by Francine Paul
painting by Francine Paul

സ്ത്രീ സ്വവര്‍ഗാസക്തി അഥവാ ലെസ്ബിയനിസം എന്ന വിഷയം തന്നെ യഥാര്‍ത്ഥത്തില്‍ രതിയെക്കാള്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ഒന്നിലും പുരുഷനെ ആശ്രയിക്കാതിരിക്കുക എന്ന തീവ്രാശയം വെച്ചു പുലര്‍ത്തിയിരുന്ന, പുരുഷവിദ്വേഷവും പുരുഷനിരാകരണവും മുഖമുദ്രയാക്കിയിരുന്ന റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ കുടുംബജീവിതത്തിന്റെ ചിട്ടകള്‍ക്ക് വഴങ്ങുന്നതിനോ പുരുഷന്റെ ശാരീരികതൃഷ്ണകള്‍ തൃപ്തിപ്പെടുത്തുന്നതിനോ അയാളുടെ പിന്തുടര്‍ച്ചയ്ക്കായി മക്കളെ പ്രസവിക്കുന്നതിനോ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിച്ചു. തനിക്ക് സംരക്ഷണം നല്‍കുന്നതിന് പ്രത്യുപകാരമായി മാത്രമാണ് സ്ത്രീ ഇത്രയും കാര്യങ്ങള്‍ക്ക് സന്നദ്ധയാവുന്നത്. ഈ സംരക്ഷണം സ്വയം നേടിയെടുത്താല്‍ പിന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അവള്‍ മുക്തയായിത്തീരും. വിവാഹവും കുടുംബഘടനയും സാമൂഹിക തിന്മകളുടെ പ്രത്യക്ഷകാരണമാണെന്നാണ് ഷൂലാമിത്ത് ഫയര്‍‌സ്റ്റോണ്‍ വിലയിരുത്തിയിട്ടുള്ളത്.

ഇതിന്റെ അടുത്ത ഘട്ടത്തിലുള്ള വികാസമാണ് സ്ത്രീ-പുരുഷ ബന്ധങ്ങള്‍ നിരാകരിക്കപ്പെട്ടതും സ്വവര്‍ഗപ്രണയം സ്വാഭാവികവും സ്വീകാര്യവുമായിത്തീര്‍ന്നതും. ഇതേത്തുടര്‍ന്ന് മൈ ബോഡി, മൈ ചോയ്‌സ് എന്ന മുദ്രാവാക്യത്തോടെ മുന്നോട്ട് വെക്കപ്പെട്ട രാഷ്ട്രീയാശയമാണ് ലെസ്ബിയന്‍ ഫെമിനിസം. ഈ ലെസ്ബിയന്‍ ഫെമിനിസമാണ് പുതിയ കാലത്തെ ലെസ്ബിയന്‍ ലൈംഗികാസക്തിയായി വികസിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. വൈയക്തികമായി ദാമ്പത്യബന്ധത്തില്‍ ഉണ്ടാകുന്ന അസംതൃപ്തികളും ഇതിന് നിമിത്തമായേക്കാം. അത്തരമൊരു പരിചരണമാണ് ദീപാ മേത്തയുടെ ഫയര്‍ എന്ന സിനിമയിലുള്ളത്.

തന്റെ സമൂഹം പരമ്പരാഗതമായി കൊണ്ടു നടക്കുന്ന സംസ്‌കാരത്തെ ഭര്‍ത്താവ് ചോദ്യം ചെയ്തു എന്നതാണ് ലൂത്വിന്റെ ഭാര്യയെ പ്രകോപിതയാക്കിയത്. സാത്വികനും പ്രവാചകനുമായ ഭര്‍ത്താവില്‍ നിന്ന് ദൂരം പാലിക്കാന്‍ അവര്‍ക്ക് പ്രേരണ നല്‍കിയതും ഈ പ്രകോപനമാണ് എന്നു വേണം ചിന്തിക്കാന്‍.

എതിക്‌സിനെ മൈനസ് ചെയ്തു കൊണ്ടുള്ള ഇസ്‌ലാം എന്നത് പൂജ്യമായിരിക്കും. ഒപ്പം സമൂഹത്തിലെ ധര്‍മവിരുദ്ധമായ പ്രവണതകള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധം തീര്‍ക്കല്‍ ധര്‍മബോധമുള്ളവരുടെ ബാധ്യതയുമത്രേ. ഫലപ്രദമായ പ്രതിരോധം എന്ന പ്രയോഗത്തെ ശരിക്ക് മനസ്സിരുത്തി വിലയിരുത്തേണ്ടതാണ്.

പ്രണയകാമനകളുടെ ഖുർആനിക ഭാഷ്യം

1519257478375

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി ബോധവാന്മാരായിരിക്കണം. ഒരേ സ്വത്വത്തില്‍ നിന്ന് നിങ്ങള്‍ക്കുയിരു തന്നതവനാകുന്നു. അതില്‍ നിന്ന് തന്നെയാണ് നിങ്ങളുടെ ഇണയ്ക്കും അസ്തിത്വം ലഭിച്ചത്. എന്നിട്ടാ യുഗ്മത്തില്‍ നിന്നത്രേ ലോകത്തെമ്പാടും സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിച്ചത് (ഖുര്‍ആന്‍- അന്നിസാഅ്: 1).

എല്ലാ ഗോത്ര, വംശ വൈവിധ്യങ്ങളെയും മനുഷ്യന്‍ എന്ന ഏകസ്വത്വത്തിലേക്ക് ചുരുക്കുന്ന പ്രസ്താവമാണ് ഇത്. അതിനെക്കാള്‍ പ്രധാനം ഇണ, പ്രണയം, രതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളിലേക്ക് വികസിക്കുന്ന ദര്‍ശനമാണ് ഇത് എന്നതാണ്.

മനുഷ്യനിലേക്കുണര്‍ന്ന ഹോമോ സേപ്പിയന്‍സിനെ ഖുര്‍ആന്‍ ആദം എന്ന് വിളിക്കുന്നു. എബ്രായ ഭാഷയിലെ (ഹീബ്രു) ആദാം എന്ന പദത്തിന് to be red എന്നാണ് അര്‍ത്ഥം. മനുഷ്യ ചര്‍മത്തിന്റെ ruddy colour നെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പറയാം. ചര്‍മത്തിന്റെ നിറം എന്നതിലുപരി ചുവക്കുക എന്നത് മനുഷ്യന്റെ വൈകാരിക പ്രകൃതത്തെ സൂചിപ്പിക്കുന്നു. ആദ്യത്തെ സെമിറ്റിക് ഭാഷാ ജനത മെസൊപൊട്ടേമിയയിലെ അക്കേദിയന്മാരാണല്ലോ. അക്കേദിയന്‍ ഭാഷയില്‍ നിന്നാണ് എബ്രായയില്‍ ആ പദം വന്നത്. അക്കേദിയനിലാകട്ടെ, അദമു (adamu) എന്ന ഒരു പ്രയോഗമുണ്ട്. to make എന്നാണ് അതിനര്‍ത്ഥം. ആയിത്തീരുക എന്ന് മലയാളം, സൃഷ്ടിക്കുക എന്നും. ആയിത്തീരുന്നവനാണ് മനുഷ്യന്‍ എന്നാണ് തനാക്കിന്റെ (യൂദ വേദം, പഴയ നിയമം എന്നറിയപ്പെടുന്നു) തത്വം. അദമാ എന്ന മറ്റൊരു എബ്രായ പദത്തെയും ആദാമിന്റെ നിഷ്പത്തിയായി ചൂണ്ടിക്കാണിക്കാറുണ്ട്. മണ്ണ് അഥവാ ഭൂമി എന്നര്‍ത്ഥം.

ഇതില്‍ നിന്നൊക്കെ രൂപം കൊണ്ട ആദാം എന്ന വാക്കിന് ശരിക്കും പറയാവുന്ന അര്‍ത്ഥം മനുഷ്യന്‍ എന്ന് തന്നെയാകുന്നു. ആയിത്തീരുക എന്ന അര്‍ത്ഥത്തില്‍ ഹോമോ സേപ്പിയന്‍സ് എന്ന ജീവജാതി മനുഷ്യന്‍ ആയിത്തീരുകയാണ് ചെയ്യുന്നത് എന്ന് പറയാം.

ആദമിനെയും അവന്റെ ഇണയെയും ചേര്‍ത്ത ഒരാഖ്യാനമാണ് ഖുര്‍ആന്‍ നടത്തുന്നത്. ഇണയോടൊപ്പം ഈ തോട്ടത്തിലെ, ഉലകത്തിലെ, ജീവിതത്തിലെ മധുരഫലങ്ങള്‍ ആസ്വദിക്കുവിന്‍ എന്നാണ് ദൈവത്തിന്റെ പ്രഥമ കല്‍പന. പ്രണയത്തെയും ജീവിതത്തെയും സംബന്ധിച്ച ഏറ്റവും പ്രകാശമാനവും ഉജ്വലവുമായ കാഴ്ചപ്പാടാണ് ഇവിടെ വേദഗ്രന്ഥം മുന്നോട്ടു വെക്കുന്നത് എന്ന് കാണാം. പെണ്ണ് പാപമാണെന്നും വിലക്കപ്പെട്ട കനി രതിയാണെന്നും ഒക്കെയുള്ള വൈരാഗ്യ കാഴ്ചപ്പാടിനെ നിരാകരിക്കുകയാണ് അത് ചെയ്യുന്നത്.

മനുഷ്യനും ഇണയും എന്ന ദ്വൈതത്തിലെ മനുഷ്യന്റെ ലിംഗവിഭാഗമേത് എന്ന അന്വേഷണം പ്രസക്തമല്ല. അതിന് ശാസ്ത്രീയമോ തത്വശാസ്ത്രപരമോ ആയ ഉത്തരം സാധ്യവുമല്ല. അതുകൊണ്ടായിരിക്കാം, ആദമിന്റെ ഇണയുടെ പേര് ഖുര്‍ആന്‍ പറയുന്നില്ല. ആധികാരികമായ നബിവചനങ്ങളിലും അതില്ലെന്നാണ് ഇതെഴുതുന്നയാളിന്റെ അറിവ്.

അതേസമയം ഹീബ്രു പാരമ്പര്യത്തില്‍ ഹവ്വ എന്ന ഒരു പേര് പറയുന്നുണ്ട്. ഇത് മുസ്‌ലിം പാരമ്പര്യത്തിലും സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇണ എന്ന നിലക്ക് ഈ പദത്തിനുമുണ്ട് തത്വചിന്താപരമായ ഒരു സൗന്ദര്യം.love-min

ചവ്വാഹ് എന്നതാണത്രേ ഇതിന്റെ ഹീബ്രു ഒറിജിന്‍. to breath എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിനോട് ബന്ധമുള്ള ഹയാ എന്നതില്‍ നിന്നാണ് ഹവ്വ (Eve) വന്നത് എന്നും പറയപ്പെടാറുണ്ട്. to live എന്നാണ് ഇതിന്റെ അര്‍ത്ഥം. അറബിയില്‍ ഈ പദം ഹയാ, ഹയ്യ് എന്നീ പ്രയോഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ജീവിതം (life) ആണ് ഹയാ (ഹയാത്) എങ്കില്‍ ഹയ്യ് എന്നാല്‍ ജീവത്തായത് (living) എന്നര്‍ത്ഥം.

ഈ വിശകലനങ്ങള്‍ പ്രകാരം ഹവ്വാ എന്നതിന് living one എന്നോ source of life (or giver of life) എന്നോ അര്‍ത്ഥം പറയാം.

ചുരുക്കിപ്പറഞ്ഞാല്‍ ആദം എന്നാല്‍ മനുഷ്യന്‍. മനുഷ്യന് ഉയിര് നല്‍കുന്നതെന്തോ അത് ഹവ്വ, അഥവാ അതാണ് പ്രണയം. എത്ര മനോഹരമായാണ് മനുഷ്യന്റെ സ്വത്വത്തെയും സത്തയെയും വേദപുസ്തകം പ്രണയത്തിലേക്കും രതിയിലേക്കും ചേര്‍ത്തു വെക്കുന്നതെന്ന് നോക്കൂ. ഇത്തരം ഉല്‍പ്രേക്ഷകളുടെ മിത്തുവല്‍ക്കരണത്തില്‍ നിന്നാണ് സ്വയം പാപവും പാപപ്രേരണയുമായ പെണ്ണ് ജനിക്കുന്നത്. തല്‍മൂദിന്റെ ബാബിലോണിയന്‍ വെര്‍ഷനില്‍ (തല്‍മൂദ് ബാബിലി എന്നും തല്‍മൂദ് യരുശാല്‍മി എന്നും രണ്ട് വെര്‍ഷനുണ്ട് തനാക്ക് കഴിഞ്ഞാല്‍ യൂദരുടെ ഏറ്റവും പ്രധാന മതഗ്രന്ഥമായ തല്‍മൂദിന്) സമത്വം വാദിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ലിലിത്ത് ആണ് ആദ്യത്തെ സ്ത്രീ എന്നും പിന്നീട് അത്തരം വാദങ്ങള്‍ ഉന്നയിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ആദാമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചതെന്നും ഒരു കഥ കയറിക്കൂടിയിട്ടുണ്ട്.

പ്രണയച്ചരടില്‍ ഇണകളെ കോര്‍ത്തുവെക്കുമ്പോഴും ഓരോരുത്തരുടെയും വ്യക്തിത്വം പ്രധാനമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഈ ജീവിതത്തോപ്പില്‍ നിന്ന് നിങ്ങള്‍ സ്വച്ഛന്ദം ആഹരിക്കുക എന്ന് പറയുന്നേടത്ത് ഹയ്ഥു ശിഅ്തുമാ എന്നാണ് പ്രയോഗം. ഇരുവര്‍ക്കും ഇഷ്ടമുള്ളത് എന്നര്‍ത്ഥം. എന്നുവെച്ചാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം പ്രധാനമാണ്.

ഈ ഇരുവരുടെ ഇഷ്ടം എന്നതിനെ തന്റെ ഇഷ്ടം എന്നതാക്കി പരിവര്‍ത്തിപ്പിക്കുന്നേടത്താണ് പുരുഷാധിപത്യപരമായ ചട്ടക്കൂട് മാത്രമായി കുടുംബം തരം താഴുന്നത്. സ്വച്ഛന്ദതയാണ് പ്രണയത്തിന്റെ കാതല്‍, അതില്‍ അധികാരപ്രയോഗങ്ങളില്ല. ഇഷ്ടം, ശീലം, സൗഹൃദങ്ങള്‍ എന്നിവ ഓരോ വ്യക്തിക്കും പ്രധാനമാണ്. അതിന് കിട്ടുന്ന പിന്തുണയാണ് പങ്കാളിയോടുള്ള അഭിനിവേശത്തെ ത്വരിപ്പിക്കുക.

മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത്, നിങ്ങളില്‍ നിന്ന് തന്നെ നിങ്ങളുടെ ഇണയെയും സൃഷ്ടിച്ചത് അല്ലാഹുവിന്റെ അടയാളങ്ങളില്‍പ്പെട്ടതാകുന്നു എന്നാണ്. ഇണയുടെ സാന്നിധ്യത്തില്‍ നിങ്ങളില്‍ ശാന്തി നിറയാന്‍ എന്ന് തുടരുന്നു. ഒപ്പം നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രണയവും കാരുണ്യവും നിക്ഷേപിച്ചു എന്നും (അര്‍റൂം: 21). ഓരോ വ്യക്തിയുടെയും സ്വത്വത്തിന്റെ പൂര്‍ണതയുമായി ബന്ധപ്പെട്ടതാണ് ഇണയുടെ സാന്നിധ്യം. വ്യക്തിത്വത്തിന്റെ പൂര്‍ണതയാണല്ലോ വ്യക്തിയുടെ ശാന്തിയുടെ ആധാരം. ഈ ശാന്തി കരസ്ഥമാക്കുന്നതിനുള്ള കരുക്കള്‍ പ്രണയ കാരുണ്യങ്ങള്‍ തന്നെ.

ചാര്‍ലി ചാപ്ലിന്റെ മൊസ്യൂ വെര്‍ദൂ (Monsieur Verdoux) എന്ന സിനിമയില്‍ ഒരു പെണ്‍കുട്ടിയോട് വെര്‍ദു വാട്ട് ഇസ് ലൗ എന്ന് ചോദിക്കുന്നുണ്ട്. അതിന് ആ പെണ്‍കുട്ടി പറയുന്ന മറുപടി ഇതാണ്: Giving, Sacrificing. The same way a mother feels for her child. പ്രണയത്തെ ആത്മീയതയിലേക്കുയര്‍ത്തുന്ന നിര്‍വചനമാണിത്. പ്രണയം സ്വാര്‍ത്ഥമാണ്, എന്നാല്‍ ആ സ്വാര്‍ത്ഥത പരാര്‍ത്ഥൈകമാണ്. സ്വാഭിനിവേശങ്ങള്‍ പ്രധാനമായിരിക്കെത്തന്നെ ഒരുതരം self devotion തന്നെയാണത്.

വിഖ്യാതമായ റൂമിക്കഥയുടെ ആഴവും ഇതു തന്നെ. പുറത്താരാണ് എന്ന കാമിനിയുടെ ചോദ്യത്തിന് പുറത്ത് ഞാനാണെന്ന് കാമുകന്റെ മറുപടി. രണ്ടു പേര്‍ക്കിരിക്കാനുള്ള ഇടമില്ലിവിടെ, പോവുക എന്ന് അകത്തു നിന്ന് ശബ്ദം. പിറ്റേന്നും ഇതു തന്നെ ആവര്‍ത്തിച്ചു. മൂന്നാം നാള്‍ പുറത്താരാണ് എന്ന ചോദ്യത്തിന് കാമുകന്‍ പുറത്ത് നീയാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു എന്നാണ്.

ഇപ്രകാരം ഞാന്‍ നീയായിത്തീരുമ്പോഴും ഇരുവര്‍ക്കുമിടയില്‍ ഹയ്ഥു ശിഅ്തുമാ എന്ന, മേല്‍പ്പറഞ്ഞ തത്വം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഖുര്‍ആന്‍ പ്രഘോഷിക്കുന്ന മധ്യമദര്‍ശനത്തിന്റെ സ്വഭാവവുമാണ്.

മൊസ്യു വെര്‍ദു എന്ന സിനിമയില്‍ത്തന്നെ കരുണയെയും നിര്‍വചിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ പ്രതീകമാണ് ഇതിലെ വെര്‍ദു എന്ന കഥാപാത്രം. തന്നിലെ മനുഷ്യത്വം പ്രവര്‍ത്തനക്ഷമമാകാതിരിക്കാന്‍ അയാള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ദയാരഹിതമായ ഒരു വ്യവഹാരമാണ് വ്യാപാരം (Business is a ruthless business) എന്നതാണ് അയാളുടെ സിദ്ധാന്തം. അങ്ങനെയുള്ള എല്ലാവരെയും പോലെ അയാള്‍ എപ്പോഴും ലോകത്തെ കുറ്റപ്പെടുത്തുന്നു. ലോകം തന്നെ ദയാരഹിതവും ക്രൂരവുമാണ് എന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ വളരെ താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്ന അതേ പെണ്‍കുട്ടി തന്നെ അതിന് ഇങ്ങനെ മറുപടി പറയുന്നു: It’s a blundering world and a very sad one, yet a little kindness can make it beautiful. വെര്‍ദുവിലെ മനുഷ്യന്‍ ഉണര്‍ന്നെങ്കിലും അയാളിലെ മൂലധനോപാസകന്‍ ഉടന്‍ ജാഗ്രത്തായി. നിന്റെ തത്വശാസ്ത്രം എന്നെ ചീത്തയാക്കുന്നതിന് മുന്നേ നീ ഇവിടെ നിന്ന് പോകുന്നതാണ് നല്ലത്, അയാള്‍ പറഞ്ഞു.

ചാപ്ലിന്‍ സിനിമയിലെ ഈ രണ്ട് വാക്യങ്ങളിലുണ്ട് പ്രണയത്തെയും കാരുണ്യത്തെയും കുറിച്ച ശരിയായ വര്‍ത്തമാനങ്ങള്‍.

ശേഷം ഇണകളുടെ പാരസ്പര്യത്തെ ഖുര്‍ആന്‍ ഇങ്ങനെ ഉപമിക്കുന്നു, നിങ്ങളുടെ ഇണകള്‍ നിങ്ങളുടെ വസ്ത്രമാണ്. നിങ്ങള്‍ അവരുടെയും.

ഈ വസ്ത്രം, ഈ ആവരണമാണ് ശരിയായ സാന്ത്വനം. ഖദീജയോട് നബി “സമ്മിലൂനീ” എന്ന് പറഞ്ഞേടത്ത് ഇതുണ്ട്. വിറ പൂണ്ടു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പ്രേയസിയുടെ ശരീരത്തിന്റെയും പ്രണയത്തിന്റെയും ഊഷ്മളതയാണ് പ്രവാചകന്‍ കൊതിച്ചത് എന്ന് പറയാം. പുതപ്പ് എന്ന ഉപകരണം അവിടെ അപ്രധാനമാണ്. ഖദീജ പ്രണയത്തിന്റെ ആകാരമാണ്, സാന്ത്വനത്തിന്റെ മാലാഖയാണ്, ഇണയുടെ അന്തസ്സും കരുത്തുമാണ്. നിങ്ങളും ഇണകളും പരസ്പരം വസ്ത്രമാണ് എന്ന വചനത്തില്‍ ഇതെല്ലാം അടങ്ങുന്നുണ്ട്. അതേസമയം സ്വന്തം അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളിയുടെ അന്തസ്സായി വര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തത്വത്തിനും മാതൃകയാണ് അവരുടെ ജീവിതം.

ഉയിരില്‍ തുടങ്ങി സാന്ത്വനത്തിലൂടെയും പ്രണയ കാരുണ്യങ്ങളിലൂടെയും വികസിച്ച് അന്തസ്സുള്ള, അനിവാര്യമായ ആവരണം എന്ന സങ്കൽപത്തില്‍ നില്‍ക്കുന്നതാണ് കാമനകളെക്കുറിച്ച ഖുര്‍ആനിക വിചാരം എന്നര്‍ത്ഥം.

സംഘിഫാഷിസത്തിന്റെ കെട്ടുകഥകള്‍ അഥവാ ജോസഫ് ഗീബല്‍സിന്റെ പുനര്‍ജന്മങ്ങള്‍ -ഒന്ന്

cycleoflies_chrismars

വംശീയ ഫാഷിസം അതിന്റെ മേല്‍ക്കോയ്മയുടെ സംസ്ഥാപനത്തിന് പ്രധാനമായും ആശ്രയിക്കാറുള്ള ചില വഴികളുണ്ട്. ഇക്കാര്യത്തില്‍ എല്ലാ വംശീയ സിദ്ധാന്തങ്ങളും സാമ്യത പുലര്‍ത്തുന്നുമുണ്ട്. ആ വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവയാണ്.
1) വംശത്തിന്റെ പവിത്രതയെയും വിശുദ്ധിയെയും കുറിച്ച ബോധങ്ങള്‍
2) വംശീയമോ ദേശീയമോ ആയ അപമാനനത്തെക്കുറിച്ച വ്യാജസിദ്ധാന്തങ്ങള്‍
3) ഇതരസമൂഹങ്ങളെക്കുറിച്ച് അപരന്മാരും ശത്രുക്കളും എന്ന ചിന്ത ഉല്‍പാദിപ്പിക്കലും അവരെ പിശാചവല്‍ക്കരിക്കലും

ഇന്ത്യയിലെ സംഘ് പരിവാര്‍ ഫാഷിസവും ഇതേ നിലപാട് തന്നെ സ്വീകരിക്കുന്നു. ഈ മൂന്ന് അടിത്തറകളില്‍ നിന്നു കൊണ്ടുള്ള ചരിത്രവും പൊതുബോധനിര്‍മിതിയും വളരെ വ്യാപകത്വം നേടിക്കൊണ്ടിരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അവര്‍ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ പ്രധാന വാദമുഖങ്ങളെ ലഘുവായി ഒന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇവിടെ ശ്രമിക്കുന്നത്.
hyperrealism-paintings-tigran-tsitoghdzyan
ഒന്ന്)
ആര്യവാദം

ഇതിന് രണ്ട് തലങ്ങളുണ്ട്. ആര്യന്മാര്‍ മറ്റെവിടെ നിന്നും വന്നവരല്ല, അവര്‍ ഇന്ത്യയില്‍ത്തന്നെ ഉല്‍ഭവിച്ചവരാണ് എന്നതാണ് ഒന്ന്. രണ്ടാമത്തേത് ഇന്ത്യയിലെ ഏറ്റവും ആദിമ നിവാസികള്‍ ആര്യന്മാരാണ് എന്നതും.

ഹിന്ദുക്കള്‍ മാത്രമാണ് ഈ നാട്ടിലെ ആദിമജനത എന്ന് ഹിന്ദുത്വ ഫാഷിസത്തിന്റെ ആചാര്യനും ആര്‍.എസ്.എസ്സിന്റെ രണ്ടാമത്തെ സര്‍സംഘചാലകും (supreme leader) ആയ എം.എസ് ഗോള്‍വല്‍ക്കര്‍ We or Our Nationhood Defined എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. എണ്ണായിരമോ പതിനായിരമോ വര്‍ഷങ്ങളോളം ഹിന്ദുക്കള്‍ക്കായിരുന്നേ്രത ഈ ഭൂമിയില്‍ ‘അവിതര്‍ക്കിതമായ അവകാശം’. അങ്ങനെയാണു പോലും ഈ മണ്ണ് ഹിന്ദുസ്ഥാന്‍ അഥവാ ഹിന്ദുക്കളുടെ നാട് ആയത്. ഒരു വിദേശവംശം ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നത് വരെ അത് നിലനിന്നുവെന്നും ഈ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

ആക്രമിച്ച് കീഴ്‌പ്പെടുത്തിയ വിദേശവംശം ഏതാണെന്ന് വ്യക്തമല്ലെങ്കിലും, ഹിന്ദു എന്നതു കൊണ്ട് ആര്യനെയാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഗോള്‍വല്‍ക്കര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം അദ്ദേഹം പറയുന്ന അത്രയും കാലത്തെ പഴക്കമൊന്നും എന്തായാലും ഇന്ത്യയിലെ ആര്യചരിത്രത്തിനില്ല എന്നതാണ് വസ്തുത. ചരിത്രമെന്നാല്‍ യക്ഷിക്കഥയല്ലല്ലോ.

ഇവിടെ മറ്റൊരു കാര്യം വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു (We or Our Nationhood Defined) എന്ന പുസ്തകത്തിലെ ആശയങ്ങളുടെ യ്ഥാര്‍ത്ഥ കര്‍തൃത്വത്തെച്ചൊല്ലി വിവാദങ്ങളുണ്ട്. ഇത് ഗോള്‍വല്‍ക്കറുടെയോ ആറെസ്സെസ്സിന്റെയോ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നതല്ലെന്ന് അവര്‍ക്ക് തന്നെ ഒരു വാദമുണ്ട്. എന്നാല്‍ 1939ല്‍ പ്രസിദ്ധം ചെയ്യപ്പെട്ട ഈ പുസ്തകത്തെ പലരും ആര്‍.എസ്.എസ് ബൈബിള്‍ എന്ന് വരെ വിശേഷിപ്പിച്ചതായി കാണാം.
2902030468_bd196dae7d_b
ഈ നിരാകരണത്തില്‍ വലിയ കാര്യമൊന്നുമില്ല. ആര്‍.എസ്.എസ് ഐഡിയലോഗും ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെ പ്രഫസറുമായ രാകേഷ് സിന്‍ഹ 2006ല്‍ തയ്യാറാക്കിയ ബുക്‌ലെറ്റില്‍ പറയുന്നത് ഈ പുസ്തകം ജി.ഡി സവര്‍ക്കറുടെ രാഷ്ട്രമീമാംസയുടെ സംഗ്രഹം ആണെന്നും ഇതിനെ സംഗ്രഹിച്ചു എന്നതിനപ്പുറം ഗോള്‍വല്‍ക്കറുടെ വീക്ഷണങ്ങളെ ഇത് പ്രതിനിധാനം ചെയ്യുന്നില്ല എന്നുമാണ്. ഗണേഷ് ദാമോദര്‍ സവര്‍ക്കര്‍ എന്ന ജി.ഡി സവര്‍ക്കറാകട്ടെ, വിനായക് ദാമോദര്‍ സവര്‍ക്കറുടെ (വി.ഡി സവര്‍ക്കര്‍) മൂത്ത സഹോദരനും അഭിനവ് ഭാരത് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനുമാണ്. ഇത് സവര്‍ക്കറുടെ ആശയങ്ങളുടെ സംഗ്രഹമാണെങ്കില്‍ത്തന്നെ അക്കാര്യവും ഗോള്‍വല്‍ക്കര്‍ സംശ്ലേഷകനായിട്ടെങ്കിലും ഒരു പങ്ക് ഇതില്‍ വഹിച്ചിട്ടുണ്ട് എന്നതും ഇതിനെ ഹിന്ദുത്വയുടെ പാഠപുസ്തകം തന്നെയാക്കി മാറ്റുന്നുണ്ട്. മാത്രവുമല്ല, വിചാരധാരയടക്കം തന്റെ കൃതികളിലെല്ലാം ഗോള്‍വല്‍ക്കര്‍ മുന്നോട്ട് വെക്കുന്ന അതേ വംശീയ ആശയങ്ങള്‍ തന്നെയാണ് ഈ പുസ്തകത്തിലും ഉള്ളത്. ഗോള്‍വല്‍ക്കറുടെ സമ്പൂര്‍ണകൃതികളുടെ സമാഹാരമായ ശ്രീ ഗുരുജി സമഗ്രയില്‍ വി ഓര്‍ അവര്‍ നാഷന്‍ഹുഡ്ഡിന് ഗോള്‍വല്‍ക്കര്‍ തന്നെ എഴുതിയ ആമുഖലേഖനം ചേര്‍ത്തിട്ടുണ്ടെന്ന് ജ്യോതിര്‍മയ ശര്‍മ വ്യക്തമാക്കുന്നുണ്ട് (Terrifying Vision: M.S Golwalkar, the RSS and India).

തങ്ങളുടെ വംശീയ വിശുദ്ധി നിലനിര്‍ത്താന്‍ വേണ്ടി യൂദന്മാരെ കൊന്നുതീര്‍ക്കുകയും തുടച്ച് മാറ്റാന്‍ ശ്രമിക്കുകയും ചെയ്ത, ജര്‍മനിയുടെ പ്രവൃത്തിയെ ഈ പുസ്തകത്തില്‍ ശ്ലാഘിക്കുന്നുണ്ട്.

എന്തായാലും വിഷയത്തിലേക്ക് വരാം. സത്യത്തില്‍ ഹിന്ദു എന്ന പ്രയോഗം അതിന്റെ ഉല്‍ഭവത്തില്‍ ഏതെങ്കിലും വംശത്തെയോ സമുദായത്തെയോ മതത്തെയോ അല്ല, മറിച്ച് ഭൂമേഖലയെയാണ് സൂചിപ്പിച്ചിരുന്നത്. ഈ നാമം തന്നെയും പേര്‍ഷ്യനില്‍ നിന്നാണ് വരുന്നത്. ഇറാനിലെ വേദഗ്രന്ഥമായ അവെസ്തയുടെ ഭാഷയായ സെന്ദില്‍ സപ്തസിന്ധുവിനെ ഹപ്തഹിന്ദു എന്നാണ് വിളിക്കുന്നത്. ഇത് സംബന്ധമായി പുറകേ നാം വിവരിക്കുന്നുണ്ട്.

ഗോള്‍വല്‍ക്കര്‍ക്ക് ഹിന്ദു എന്നാല്‍ ആര്യനാണ് എന്ന് സൂചിപ്പിച്ചല്ലോ. ഇന്ത്യയില്‍ ആര്യസാന്നിധ്യം അറിയപ്പെടുന്നത് ഏതാണ്ട് ബി.സി.ഇ 1600 മുതല്‍ക്കാണ്. എണ്ണായിരമോ പതിനായിരമോ വര്‍ഷങ്ങളുടെ അവിതര്‍ക്കിതമായ അവകാശം നിലനിന്ന ശേഷം വിദേശശക്തികളാല്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തപ്പെടുക, അതും കഴിഞ്ഞ് നൂറ്റാണ്ടുകളുടെ കൊളോണിയല്‍ വാഴ്ചയും സ്വാതന്ത്ര്യപ്രാപ്തിയും ഒക്കെ ചേര്‍ത്തു വെച്ചാല്‍ പത്ത് പന്ത്രണ്ട് സഹസ്രാബ്ദങ്ങളുടെ ചരിത്രം വരും. എന്നാലോ നാല് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സിന്ധു നദിക്കിപ്പുറത്ത് ആര്യന്മാര്‍ ഉണ്ടായിട്ടില്ല.

ആര്യവംശാഭിമാനത്തിന് തന്നെയും ആദ്യഘട്ടത്തില്‍ ഇങ്ങനെയൊരു വാദമുണ്ടായിരുന്നില്ല. ഉത്തരധ്രുവത്തില്‍ നിന്നാണ് ആര്യന്മാരും വേദങ്ങളും ഉല്‍ഭവിച്ചതെന്ന വാദം, ബാലഗംഗാധര തിലകന്‍ മുന്നോട്ടു വെച്ചിരുന്നതായി Communal Politics- Facts versus Myths എന്ന പുസ്തകത്തില്‍ രാം പുനിയാനി വ്യക്തമാക്കുന്നുണ്ട്. പിന്നീട് രണ്ടായിപ്പിരിഞ്ഞതില്‍ ഒരു ശാഖ യൂറോപ്പിലേക്ക് കടന്ന് അപരിഷ്‌കൃതത്വത്തിലേക്ക് തിരിച്ചു പോവുകയും രണ്ടാമത്തെത് ഇന്ത്യയിലേക്ക് വന്ന് ആര്യസംസ്‌കൃതിയെ നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്തുവത്രേ. ഇംഗ്ലീഷുകാരും ഇന്ത്യയിലെ ഉയര്‍ന്ന ജാതിക്കാരും ആര്യവംശജരുടെ തന്നെ പിന്‍മുറക്കാരായതിനാല്‍ ഇംഗ്ലീഷുകാരുടെ ആഗമനത്തെ അധിനിവേശമായി കാണരുതെന്നും അത് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളുടെ പുനസ്സമാഗമം മാത്രമാണെന്നും കേശബ് ചന്ദ്ര സെന്നില്‍ നിന്നും പുനിയാനി ഉദ്ധരിക്കുന്നുണ്ട്.

തിലകന്റെ ഉത്തരധ്രുവസിദ്ധാന്തത്തെ തള്ളിക്കളയാന്‍ ഗോള്‍വല്‍ക്കര്‍ മുതിരുന്നില്ല. പകരം അതിവിചിത്രമായ ഒരു സിദ്ധാന്തം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ ബിഹാറും ഒഡീഷയുമടങ്ങുന്ന സ്ഥലമായിരുന്നേ്രത പഴയ ഉത്തരധ്രുവം. ഉത്തരധ്രുവലോകം വടക്കു കിഴക്കന്‍ ദിശയിലേക്കും പിന്നീട് അല്‍പം ഉത്തരഭാഗത്തേക്കും നീങ്ങി ഇന്നത്തെ സ്ഥാനത്ത് എത്തിച്ചേര്‍ന്നു. അതായത്, ഹിന്ദുക്കള്‍ (ആര്യന്മാര്‍) ഇന്ത്യയിലേക്ക് കുടിയേറുകയല്ല, മറിച്ച് അവരുടെ ഭൂപ്രദേശം തന്നെ അവരെയും കൊണ്ട് സഞ്ചരിച്ച് ഇങ്ങോട്ടെത്തുകയായിരുന്നു എന്നാണ് ഗോള്‍വല്‍ക്കറുടെ സിദ്ധാന്തം.
chalcolithic1
ആര്യജനതയുടെ വ്യാപനത്തെക്കുറിച്ച ചരിത്ര വിവരണം മറ്റൊന്നാണ്. ഇന്തോ-യൂറോപ്യന്‍ എന്ന ഒരു പൊതുപൂര്‍വിക ഭാഷയില്‍ നിന്നാണ് ഗ്രീക്ക്, ലാറ്റിന്‍, സെന്ദ്, പേര്‍ഷ്യന്‍ തുടങ്ങിയവയെപ്പോലെത്തന്നെ സംസ്‌കൃതവും ഉണ്ടായത്. ഹിന്ദു പുരാണേതിഹാസങ്ങളെക്കാള്‍ പഴക്കമുള്ള വൈദികസാഹിത്യം സംസ്‌കൃതത്തിന്റെ കൂടുതല്‍ പഴയ ഒരു രൂപമാണ് ഉപയോഗിച്ചിരുന്നത്. ഇതിനെ ഇന്തോ-ഇറാനിയന്‍ അഥവാ ഇന്തോ-ആര്യന്‍ ഭാഷ എന്ന് വര്‍ഗീകരിക്കാമെന്ന് റൊമിലാ ഥാപ്പര്‍ ചൂണ്ടിക്കാണിക്കുന്നു (The Penguin History of Early India: From the Origins to AD 1300). ഇതാകട്ടെ, കൂടുതല്‍ ഇന്തോ-യൂറോപ്യന്‍ ഭാഷയോട് ചേര്‍ന്നു നില്‍ക്കുന്നു. ആര്യന്‍ ജനതകളുടെ സമാനത പ്രധാനമായും ഭാഷാപരമാണ് (ആര്‍.എസ് ശര്‍മ, Ancient India). ഇന്തോ-യൂറോപ്യന്‍ ഭാഷകളാണ് വ്യത്യസ്ത ആര്യന്‍ ജനതകള്‍ സംസാരിച്ചത്. യൂറോപ്പില്‍ എല്ലായിടത്തും ഇറാനിലും വടക്കേ ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും നിലനില്‍ക്കുന്നത് ഇതിന്റെ വകഭേദങ്ങളാണെന്നും ആര്‍.എസ് ശര്‍മ പ്രസ്താവിക്കുന്നു.

ഇന്തോ-യൂറോപ്യന്‍ സംസാരിച്ചിരുന്ന ജനതയുടെ മൂലസ്ഥാനം മധ്യേഷ്യയായിരുന്നു (ഭാഷയുടെ പേര് വംശനാമമായി പ്രയോഗിക്കുന്നതിനോട് ഥാപ്പര്‍ വിയോജിക്കുന്നുണ്ട്. എന്നാല്‍ സൗകര്യത്തിന് വേണ്ടി നാം ഇന്തോ-യൂറോപ്യന്‍ ജനത, ഇന്തോ-ആര്യന്‍ ജനത എന്നൊക്കെ പ്രയോഗിക്കുന്നുണ്ട്). ഇടയജീവിതവുമായി അവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി, ശാഖകളും ഉപശാഖകളുമായി പലയിടങ്ങളിലേക്കും സഞ്ചരിച്ചു. ഇതില്‍, രണ്ട് വലിയ വിഭാഗങ്ങളുള്ളതില്‍ ഒന്ന് അനത്തോലിയ(ഏഷ്യാമൈനര്‍)യിലേക്കും രണ്ടാമത്തെത് ഇറാനിലേക്കും കുടിയേറി. ഈ രണ്ടാമത്തെ വിഭാഗത്തില്‍ ചിലരാണ് ഇന്ത്യയിലേക്ക് വന്നത്. അരീരിയ എന്നും ആര്യന്‍ എന്നും അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നതായി ഇന്ത്യയിലെ ഋഗ്വേദത്തിലും ഇറാനിലെ അവെസ്തയിലും കാണാം. കുടിയേറിയ അധിവാസമുറപ്പിച്ച പ്രദേശത്തെ അവെസ്തയില്‍ അയിരിയാന വീഗോ (ആര്യാനാം വേജാഹ്) എന്നും ഋഗ്വേദത്തില്‍ ആര്യാവര്‍ത്തം എന്നും വിളിച്ചു. ഈ ആര്യാനാം വേജയാണ് പിന്നെ ഇറാന്‍ ആയത്. ഇന്തോ-ആര്യന്‍ ജനതയില്‍ നിന്ന് ചില സംഘങ്ങള്‍ ക്രമേണ ഇന്തോ-ഇറാനിയന്‍ അതിര്‍ത്തി ദേശങ്ങളില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വടക്കേ ഇന്ത്യയിലേക്ക് കുടിയേറി. ആര്യ ആക്രമണം എന്ന സിദ്ധാന്തത്തോട് റൊമിലാ ഥാപ്പര്‍ യോജിക്കുന്നില്ല. അതേസമയം കുടിയേറ്റത്തിന് മുന്നേ ആദിമമായ മറ്റ് സംസ്‌കൃതികളും ഭാഷകളും ഇവിടെ നിലനിന്നിരുന്നു എന്ന് അവര്‍ സ്ഥാപിക്കുന്നുണ്ട്. യുഗാധിപന്മാരായ മനുക്കളുടെ കഥ പറയുന്നുണ്ട് ഹൈന്ദവപുരാണത്തില്‍. സ്വയംഭുവ മനുവാണ് ആദിപിതാവും ആദ്യത്തെ മനുവുമെന്ന് പുരാണങ്ങള്‍ സമര്‍ത്ഥിക്കുന്നുണ്ടെങ്കിലും മനുവിനെ അപ്രകാരം കരുതാത്ത, മനുവിന്റെ മക്കളല്ലാത്ത ജനവിഭാഗങ്ങള്‍ അതിനും മുന്നേ ഇന്ത്യയില്‍ ഉണ്ടായിരുന്നു.

ഹരപ്പന്‍ നാഗരികതയുടെ പ്രഭാവം ആരംഭിക്കുന്നതിന് മുമ്പാണ് ബൊളാന്‍ പ്രദേശങ്ങളില്‍, വിശിഷ്യാ മെഹര്‍ഗഢ്, പിറാക്, നൗഷേറ തുടങ്ങിയിടങ്ങളില്‍ ശക്തമായ അധിവാസങ്ങളുണ്ടാകുന്നത്. മെഹര്‍ഗഢ് സംസ്‌കാരം എന്നറിയപ്പെട്ടിരുന്ന ഇത് BCE 7000 മുതല്‍ BCE 2500 വരെ നിലനിന്നിരുന്ന നവീന ശിലായുഗ സംസ്‌കാരമായിരുന്നു. BCE 3000 ന് മുമ്പ് ആദിദ്രാവിഡ ജനത സിന്ധുനദിക്കരയില്‍ നാഗരികജീവിതം പടുത്തുയര്‍ത്തി. കാല്‍ക്കോലിഥിക കാലഘട്ടത്തിന്റെ, ആര്യ കുടിയേറ്റത്തിന് മുമ്പുള്ള അവശിഷ്ടങ്ങള്‍ നൗഷേറയില്‍ നിന്നും മറ്റുമൊക്കെ കണ്ടെടുത്തിട്ടുണ്ട്. കാല്‍ക്കോലിഥിക കാലഘട്ടത്തിലെത്തന്നെ ചില ചെറുസംസ്‌കൃതികള്‍, പ്രധാനമായും ചംബലും നര്‍മദയും കേന്ദ്രീകരിച്ചു കൊണ്ടുള്ള അഹാര, കായത, മാള്‍വ, സ്വല്‍ദ, പ്രഭാസ്-രംഗ്പൂര്‍ തുടങ്ങിയ ഗ്രാമീണ സംസ്‌കാരങ്ങള്‍ പടുത്തുയര്‍ത്തിയത് മനുവിനെ ആദിമപിതാവായി അംഗീകരിക്കുന്ന ജനതകളല്ല. ആസ്ത്രലോയ്ഡ് വിഭാഗത്തില്‍പ്പെട്ട മധ്യേന്ത്യയിലെ ഗിരിവംശജരും ശ്രീലങ്കയിലെ വെദ്ധകളും നീഗ്രോയ്ഡ് വിഭാഗത്തില്‍പ്പെട്ട ആന്തമാനിലെ ആദിമനിവാസികളുമൊക്കെ പില്‍ക്കാലത്ത് ശിഥിലീകരിക്കപ്പെട്ട മെഹര്‍ഗഢ് ജനതയായിരുന്നത്രേ.

കുറേക്കൂടി സംഘടിതവും ശക്തവുമായ നഗരസംസ്‌കാരമാണ് ദ്രാവിഡന്മാര്‍ പടുത്തുയര്‍ത്തിയത്. സിന്ധു നദിക്കരയില്‍ ആവാസമുറപ്പിച്ച ഇവരുടെ പ്രധാന നഗരങ്ങള്‍ മോഹന്‍ ജൊ ദാരൊ, ഹരപ്പ, ലോത്തല്‍ തുടങ്ങിയവയാകുന്നു. പിന്നീട് ക്ഷയിച്ചു പോയ സൈന്ധവജനത മുഖ്യമായും ദക്ഷിണേന്ത്യയിലേക്കാണ് പലായനം ചെയ്തത്. ദക്ഷിണേന്ത്യയിലെ തമിഴര്‍, തെലുങ്കര്‍, തുളുവര്‍, കന്നഡികര്‍, മലയാളികള്‍ എന്നിവര്‍ക്ക് പുറമേ പാകിസ്ഥാനിലെ പ്രഹൂയികളും ബിഹാറിലും ഒഡിഷയിലും ബംഗ്ലാദേശിലും നേപ്പാളിലും മറ്റുമുള്ള ഖുരുക്ക് തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരുമൊക്കെ ദ്രാവിഡരുടെ പിന്‍മുറക്കാരാണ്.

ഇന്ത്യയിലെ ആദിമജനത ആര്യന്മാരായിരുന്നു എന്ന സിദ്ധാന്തം എന്തായാലും പൂര്‍വകാല ചരിത്രവിശകലനങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് അംഗീകരിക്കാന്‍ പറ്റില്ല. എന്നാല്‍ ആര്യന്മാര്‍ ഇന്ത്യയില്‍ ഉല്‍ഭവിച്ചവരാണോ എന്ന ചോദ്യത്തിന് കുറെയൊക്കെ ഉത്തരം മുകളില്‍ത്തന്നെയുണ്ട്. അത് കൂടുതല്‍ വിശദീകരിക്കാം.

ഇന്തോ-ആര്യന്‍ ഭാഷയുടെ ഏറ്റവും ആദിമമായ തെളിവ് കിട്ടുന്നത് ഇന്ത്യയില്‍ നിന്നേയല്ല. വടക്കന്‍ സിറിയയിലാണ് അത് ലഭിച്ചതെന്ന് പറയപ്പെടുന്നു (ഥാപ്പര്‍). ഋഗ്വേദ സംസ്‌കൃതത്തെക്കാളും പൗരാണിക സെന്ദിനെക്കാളും പഴക്കമുള്ളതാണ് ഇത്. BCE പതിനാലാം നൂറ്റാണ്ടില്‍ ഹിറ്റൈറ്റുകളും മിറ്റാനികളും തമ്മിലുണ്ടായ ഉടമ്പടിയാണിത്. ഇതിന് സാക്ഷികളായി ചില ദേവന്മാരെയും പരാമര്‍ശിക്കുന്നുണ്ട്. ഇന്തോ-ഇറാനിയന്‍ ജനതയുടെ ദേവന്മാരായിരുന്നു അവര്‍. ഇന്ദ്രന്‍/ ഇറാനിയന്‍ ആര്യന്മാരുടെ ഇന്ദര, മിത്രന്‍/ മിത്രാസ്, വരുണന്‍/ ഉരുവനസ് തുടങ്ങിയവര്‍. ആര്യന്മാര്‍ ഇന്ത്യയില്‍ നിന്നും ഹിറ്റൈറ്റ് പ്രദേശത്തെത്തുകയായിരുന്നില്ലെന്നും അവര്‍ ഇന്ത്യയിലേക്കടക്കമുള്ള യാത്രയിലായിരുന്നുവെന്നും അങ്കാറ യൂനിവേഴ്‌സിറ്റിയിലെ പുരാവസ്തു ശാസ്ത്ര പ്രഫസര്‍ കെമാല്‍ ബല്‍ക്കന്‍ (Kemal Balkan, ‘The Appearance of the Indo-Europeans and Indo-Aryans in Anatolia’ എന്ന പ്രബന്ധം) വ്യക്തമാക്കുന്നതായി എന്‍.എം ഹുസൈന്‍ ഉദ്ധരിച്ചിട്ടുണ്ട് (നവ ആര്യവാദത്തിന്റെ രാഷ്ട്രീയം).

അതായത്, രണ്ടാം സഹസ്രാബ്ദത്തില്‍ത്തന്നെ ഇന്തോ-ആര്യന്‍ ഭാഷയുടെ പ്രാചീനമായ ഒരു രൂപം സംസാരിച്ചിരുന്ന ജനത വടക്കന്‍ സിറിയയിലുണ്ടായിരുന്നു. ഒരു പക്ഷേ, ഇന്തോ-ആര്യന്‍ ജനത ആ ഭാഷയുടെ ‘ആവിര്‍ഭാവ’ പ്രദേശത്ത് നിന്ന് പടിഞ്ഞാട്ടോ തെക്കു കിഴക്കോട്ടോ സഞ്ചരിച്ചിരിക്കാം. അങ്ങനെയെങ്കില്‍ ഈ ഭാഷയുടെ ഉല്‍ഭവസ്ഥാനം വടക്കു കിഴക്കന്‍ ഇറാഖാണെന്ന് വരും. കുതിരകളും കുതിരകളെ പൂട്ടിയ രഥങ്ങളും ഉപയോഗിച്ചിരുന്നവരായിരുന്നതിനാല്‍ സഞ്ചാരവും പോരാട്ടങ്ങളും താരതമ്യേന അനായാസമായിരുന്നു ഈ ജനതക്ക്. (കുതിരയും ആര്യസംസ്‌കാരവും തമ്മില്‍ ദൃഢമായ ബന്ധമുണ്ട്. വൈദികമായ ധര്‍മകര്‍മാദികളിലും യാഗങ്ങളിലും മറ്റ് അനുഷ്ഠാനങ്ങളിലുമൊക്കെ കുതിര ഒരു അനിവാര്യഘടകമാണ്. സൈനികസന്നാഹങ്ങളിലും കുതിരകള്‍ക്കും കുതിരകളെ പൂട്ടിയ തേരുകള്‍ക്കുമാണ് പ്രാധാന്യം. ആര്യന്മാരുടെ സൈനികവിജയങ്ങളിലും കുതിരകള്‍ക്ക് ഒട്ടും ചെറുതല്ലാത്ത പങ്കുണ്ട്). സൈനികമായി ഇവര്‍ വന്‍വിജയമായിരുന്നുവെന്ന് ഹിറ്റൈറ്റ്-മിറ്റാനി ഉടമ്പടി സ്ഥിരീകരിക്കുന്നുമുണ്ട്. പടിഞ്ഞാറുള്ള പ്രദേശങ്ങളില്‍ ഇവര്‍ എത്തിച്ചേര്‍ന്നതിന് ഇതാവും വിശദീകരണം എന്നാണ് ഥാപ്പര്‍ പറയുന്നത്.
Chalcolithic Age in India-upsc-civils-notes
സെന്ദും സംസ്‌കൃതവും തമ്മിലുള്ള താരതമ്യത്തില്‍ ചില തിരിച്ചിടലുകളാണ് പ്രധാനമായും ശ്രദ്ധയില്‍ വരിക. അതിലേറ്റവും പ്രധാനം ഹ, സ എന്നീ അക്ഷരങ്ങളുടേതാണ്. സംസ്‌കൃതത്തിലെ ‘സ’ സെന്ദില്‍ ‘ഹ’ ആണ്. അപൂര്‍വമായെങ്കിലും ഇത് തിരിച്ചും സംഭവിക്കാറുണ്ട്. ഹോമ, ദാഹ, ഹെപ്ത ഹിന്ദു, അഹുര എന്ന് സെന്ദില്‍ പറയുമ്പോള്‍ സംസ്‌കൃതത്തില്‍ അവ യഥാക്രമം സോമ, ദാസ, സപ്തസിന്ധു, അസുര എന്നിങ്ങനെയാണ്. എന്നാല്‍ അതിനപ്പുറം, ചരിത്രപരവും രാഷ്ട്രീയപ്രധാനവുമായ ചില തിരിച്ചിടലുകളുണ്ട്. ദേവ, അസുര (അഹുര) സങ്കല്‍പങ്ങളുമായി ബന്ധപ്പെട്ടതാണ് അതില്‍ മുഖ്യം.. ഇന്ദരയും ദേവന്മാരും ക്രൂരന്മാരും ദുര്‍മോഹികളുമായ രാക്ഷസന്മാരാണ് സെന്ദ് പുരാണങ്ങളില്‍. സെന്ദ് പുരാണങ്ങളിലെ ദേവന്മാരുടെ സ്ഥാനത്ത് സംസ്‌കൃത പുരാണങ്ങളിലെ ദേവന്മാര്‍ നില്‍ക്കുന്നു. ഇത് ്അവര്‍ക്കിടയില്‍ത്തന്നെയുണ്ടായ ഒരു പോരാട്ടത്തിലേക്ക് സൂചന തരുന്നുണ്ട്. ഇന്തോ-ഇറാനിയന്‍ അതിര്‍ത്തിയിലും അഫ്ഗാനിലെ ഹരക്വതി (സരസ്വതി) തീരത്തും പാര്‍ത്തിരുന്നവര്‍ സിന്ധുതടത്തിലേക്ക് കുടിയേറിയതിന്റെ ഒരു കാരണം ഈ പോരാട്ടങ്ങളുമാവാം.

എന്നുവെച്ചാല്‍ പലരും കരുതുന്നത് പോലെ അസുരന്‍ ഇന്ത്യയിലെ ആദിദ്രാവിഡനോ മറ്റേതെങ്കിലും ആദിമനിവാസികളോ അല്ല. മറിച്ച് സ്വയം അസുര (അഹുര) എന്ന് തന്നെ വിശേഷിപ്പിച്ചിരുന്ന ഇറാനിയന്‍ ആര്യന്മാരാണ്. പുരാണമനുസരിച്ച് തന്നെ സഹോദരിമാരായ ദിതിയുടെയും അദിതിയുടെയും മക്കളാണല്ലോ ദേവന്മാരും അസുരന്മാരും. അതായത്, അവര്‍ തമ്മില്‍ വംശബന്ധമുണ്ട്. ദസ്യുക്കള്‍ എന്ന് ആര്യപുരാണങ്ങളില്‍ വിളിക്കപ്പെട്ടവര്‍ ഇവിടുത്തെ ആദിമനിവാസികളും ആവാം. ദസ്യുക്കളെ ഓടിച്ചതിന്റെ പേരില്‍ ദേവരാജാവായ, ആര്യ നേതാവായ ഇന്ദ്രന്‍ ഋഗ്വേദകാലത്ത് തന്നെയുള്ള ചില മിത്തുകളില്‍ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും പുരാണങ്ങളില്‍ ദേവ-ദസ്യു സംഘര്‍ഷം അത്ര വ്യാപകമല്ല. അതേസമയം അസുരനുമായി കൊമ്പ് കോര്‍ക്കാത്ത പുരാണങ്ങളില്ല.

Ancient India എന്ന പുസ്തകത്തില്‍ ആര്‍.എസ് ശര്‍മ ആര്യന്മാരുടെ കുടിയേറ്റത്തിനുള്ള ജനിതകശാസ്ത്രപരമായ ചില തെളിവുകളും അവതരിപ്പിക്കുന്നുണ്ട്. 1500 ബി.സിക്ക് അല്‍പം മുമ്പാണ് ആര്യന്മാര്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് പറയാം. നദിതര്‍ണ (ഉത്തമനദി) എന്ന് ഋഗ്വേദം വിശേഷിപ്പിക്കുന്ന സരസ്വതി നദി ഹരിയാനയിലെയും രാജസ്ഥാനിലെയും ഘഗ്ഗര്‍-ഹക്ര നദിയാണെന്നാണ് അനുമാനം. എന്നാല്‍ ഋഗ്വേദത്തിലെ തന്നെ വിവരണം മുന്‍നിര്‍ത്തി ഇപ്പോള്‍ വിവരിക്കപ്പെടുന്നത് ദക്ഷിണ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് ആണ് ഇതെന്നാണ്. അവെസ്തയില്‍ ഇതിന് ഹരക്വതി എന്ന് പേരുണ്ട്. ഈ ഹരക്വതിയാണ് ഋഗ്വേദത്തില്‍ സരസ്വതിയായി മാറിയത്. ഒരു പക്ഷേ, സരസ്വതി എന്ന പേര് അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റപ്പെട്ടതുമാവാം.

സത്യത്തില്‍ ഇത്തരത്തിലുള്ള കുടിയേറ്റങ്ങളെത്തുടര്‍ന്ന് വംശീയമായി ഇടകലര്‍ന്നു തന്നെയാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജവിതം പുരോഗമിച്ചത്. ഭാഷ വംശത്തിന്റെ പേരായി പരിഗണിക്കരുത് എന്ന, റൊമിലാ ഥാപ്പറുടെ അഭിപ്രായം ഇന്ത്യന്‍ ജനതയെസ്സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. സംസ്‌കൃതം, ഇറാനിയന്‍, ഗ്രീക്ക്, ലത്തീന്‍ തുടങ്ങിയ ആര്യഭാഷകള്‍ സംസാരിക്കുന്നവരെ ഒരേ ജനുസ്സില്‍പ്പെട്ടവരായി പരിഗണിച്ചിരുന്നെങ്കിലും ജൈവശാസ്ത്രപരമായ വംശത്തെക്കുറിച്ച് വര്‍ഷങ്ങളോളം നടന്ന പഠനങ്ങള്‍ ജനിതകഘടനയുടെയും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെയും കാര്യത്തില്‍ വടക്കേ ഇന്ത്യ വിവിധതരക്കാരും വംശക്കാരുമായ വലിയൊരു ജനസഞ്ചയത്തെയാണ് ഉള്‍ക്കൊള്ളുന്നതെന്നും ഏതെങ്കിലും ഒരു വംശക്കാരാണവര്‍ എന്ന് പറയാനാവില്ലെന്നുമാണ് വ്യക്തമാക്കുന്നത് (രാം പുനിയാനി).
cycleoflies_chrismars
അതിനാല്‍ത്തന്നെ, ഒന്നാമതായും സംശുദ്ധമായ ആര്യവംശം ഇന്ത്യയില്‍ നിലനിന്നിരുന്നു എന്ന വാദം തന്നെ ശുദ്ധ അസംബന്ധമാണ്. ഇന്തോ-ആര്യന്‍ ഭാഷ സംസാരിച്ചിരുന്നവരെല്ലാം ആര്യവംശത്തില്‍പ്പെട്ടവരായിരുന്നു എന്ന വാദം അതിനെക്കാള്‍ അസംബന്ധമാണ്. ഇന്ത്യന്‍ സമൂഹത്തെസ്സംബന്ധിച്ചിടത്തോളം ആര്യന്‍, ദ്രാവിഡന്‍ എന്നീ പ്രയോഗങ്ങള്‍ പ്രഥമമായും ജൈവശാസ്ത്രപരമായ സമൂഹങ്ങളെയല്ല, ഭാഷകളെയാണ് സൂചിപ്പിക്കുന്നത് (ഥാപ്പര്‍).

ഇന്ത്യയിലെ ആദിമജനത ആര്യന്മാരായിരുന്നു എന്ന വാദം ചരിത്രപരമായി തീര്‍ത്തും അസാധുവാണ്. ആര്യന്മാര്‍ ഇന്ത്യയില്‍ ഉല്‍ഭവിച്ചവരാണെന്ന സങ്കല്‍പനമാകട്ടെ, വലിയൊരു ഫലിതവുമാണ്. കൊല്ലങ്ങളായി, വെറും ഫലിതമാണെന്നറിഞ്ഞു കൊണ്ടു തന്നെ നിരന്തരം ആവര്‍ത്തിച്ച് സത്യപ്പെടുത്താന്‍ നോക്കുന്ന തത്വം.

നുണകളാണ്, നുണകള്‍ മാത്രമാണ് സംഘി ഫാഷിസത്തിന്റെ അടിത്തറകള്‍.

റവലൂഷനും എവലൂഷനും അഥവാ കലാപങ്ങൾക്കൊരു ഗൃഹപാഠം

Estuary-300x300-newweb

സാമൂഹികപരിവർത്തനവുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്കു വെക്കാം.

പരിവര്‍ത്തനം ഒരു വിപ്ലവം ആയിത്തീരുന്നതിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളാണ് നാം പൊതുവേ വെച്ചു പുലര്‍ത്താറുള്ളത്. revolution എന്ന് പറയും. വിപ്ലവം എന്ന് നിസ്സംശയം പറയാവുന്ന പല സംഭവങ്ങള്‍ക്കും ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം തന്നെ അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഏതൊരു വിപ്ലവത്തെയും അനിവാര്യമാക്കിത്തീര്‍ക്കുന്ന ചില സാമൂഹികാവസ്ഥകളുണ്ട്. ഇത്തരം അവസ്ഥകളോടുള്ള പ്രതികരണമായിരിക്കും എല്ലാ വിപ്ലവങ്ങളും.

അതേസമയം revolution എന്ന പദം സ്വയം ചില ആശയങ്ങളുള്‍ക്കൊള്ളുന്നുണ്ട്. revolutio എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് അതിന്റെ ഉല്‍പത്തി. A turn around എന്നാണ് അതിന്റെ അര്‍ത്ഥം. രാഷ്ട്രീയമായി ഇതിനെ നിര്‍വചിക്കുമ്പോള്‍ രാഷ്ട്രീയാധികാരത്തിലോ സമൂഹഘടനയിലോ സംഭവിക്കുന്ന മൗലികമാറ്റം (A fundamental change in political power or social structure) എന്ന് പറയാം. ഇത് രണ്ട് തരത്തിലാവാമെന്ന് അരിസ്‌റ്റോട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു constitution തീര്‍ത്തും മറ്റൊന്നായി മാറലാണ് ഒന്ന്. അതേസമയം നിലനില്‍ക്കുന്ന constitutionല്‍ വരുത്തുന്ന പരിഷ്‌കരണം ആണ് രണ്ടാമത്തെത്. എന്തായാലും നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയ്‌ക്കെതിരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സംഭവിക്കുന്ന ജനകീയമായ പ്രക്ഷോഭം എന്ന് സാമാന്യമായി revolutionനെ നിര്‍വചിക്കാം.

1401x788-R1231_FEA_ISIS_Aഓക്‌സ്‌ഫെഡ് നിഘണ്ടുവില്‍ ഈ പദത്തിന് നല്‍കിയിരിക്കുന്ന ഒരര്‍ത്ഥം An instance of revolving എന്നാണ്. A forcible overthrow of a government or social order, in favour of a new system എന്നുമുണ്ട്. ഏതാണ്ടിതേ അര്‍ത്ഥത്തോടൊപ്പം കേംബ്രിജ് നിഘണ്ടുവില്‍ often using violence or war എന്നും കാണാം. ഒരു sudden and drastic change ആണ് revolution എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് സാമാന്യമായിപ്പറയാം. അതായത് അതി കര്‍ക്കശവും ഝടുതിയില്‍ സംഭവിക്കുന്നതുമായ പരിവര്‍ത്തനം.

സത്യത്തില്‍, ഇത്തരം പരിവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ അനിവാര്യമായിത്തീരും എന്ന് സമ്മതിച്ചു കൊണ്ടുതന്നെ പറയട്ടെ, ഇതൊരു ആഘാതം പോലെയാണ്. മുകളില്‍ നിന്നും വന്നു വീഴുന്നത്. പെട്ടെന്ന് ഫലിക്കുകയും അതിനെക്കാള്‍ പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്ന വിളവു പോലെയാണിത്. വചനത്തെ പലപ്പോഴും സമരമായും നീതിക്കു വേണ്ടി വിശക്കുന്നവരോടുള്ള ഐക്യപ്പെടലായും അവതരിപ്പിക്കുന്ന യേശു ക്രിസ്തു വചനത്തെത്തന്നെ വിതക്കാരന്റെ വിത്തിനോട് ഉപമിക്കുന്നേടത്ത് ചിലപ്പോള്‍ വിത്ത് വഴിയരികില്‍ വീഴുമെന്നും അത് ദുഷ്ടന്‍ വന്ന് ചവിട്ടിക്കളയുമെന്നും പറയുന്നു. അധികാരശക്തിയാണ് ദുഷ്ടന്‍. അതേസമയം പെട്ടെന്ന് വിളയുന്ന നിലങ്ങളുണ്ട്. പാറനിലത്ത് വീണത് വളരെപ്പെട്ടെന്ന് മുളച്ചു. എന്നാല്‍ വെയില്‍ മൂത്തപ്പോഴേക്കും വേരിന് ആഴമില്ലായ്കയാല്‍ ഉണങ്ങിപ്പോയി. ഇതാണ് സത്യത്തില്‍ revolution എന്ന ആഘാതം. പലപ്പോഴും വൈകാരികമായ പ്രതികരണം മാത്രമായിരിക്കുമത്. മാറ്റത്തിന് ആധാരമായിരിക്കുന്ന രാഷ്ട്രീയമോ തത്വശാസ്ത്രമോ ജനങ്ങളെ ഒട്ടും സ്വാധീനിച്ചിട്ടുണ്ടാവില്ല (ചിലപ്പോള്‍ തത്വശാസ്ത്രം തന്നെയുണ്ടാവില്ല). മനുഷ്യപ്പറ്റില്ലാത്ത അധികാരപ്രയോഗത്തിനെതിരായ ഉടന്‍ കലാപമായിരിക്കുമത്. അങ്ങനെ രൂപപ്പെടുന്ന വിപ്ലവമാകട്ടെ, പലപ്പോഴും സ്വന്തം സന്തതികളെ കൊന്നുതിന്നുന്ന അവസ്ഥയുമുണ്ടാകും. ചിലപ്പോള്‍ ഒരു സ്വേച്ഛാധികാരത്തിന്റെ സ്ഥാനത്ത് മറ്റൊരു മേല്‍ക്കോയ്മ രൂപപ്പെടും. സയ്യിദ് മൗദൂദിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ലാത്ത പോയി മനാത്ത വരും. ആ മേല്‍ക്കോയ്മ വംശീയമാവാം, ചിലപ്പോള്‍ പാര്‍ട്ടി അധികാരവുമാവാം. ഇതാകട്ടെ, വളരെപ്പെട്ടെന്നു തന്നെ മനസ്സിനെയും സമൂഹത്തെയും ശിഥിലീകരിക്കുന്നു.

self-esteemഇവിടെ ശരിയും സ്ഥായിയുമായ പരിവര്‍ത്തനത്തെക്കുറിച്ച ആലോചനകള്‍ പ്രസക്തമാവുന്നു. പുരോയാനത്തിലേക്ക് മാത്രം കുതിക്കുന്ന ഒന്നാവണം അത്. ഒരിക്കലും തുടങ്ങിയേടത്തേക്ക് തിരിച്ചു വരുന്നതാവരുത്. നേരത്തേ പറഞ്ഞ sudden, drastic change ഒരര്‍ത്ഥത്തില്‍ reversible കൂടിയാണ്. എന്നാല്‍ സ്ഥായിയായ പരിവര്‍ത്തനം, അത് മുകളില്‍ നിന്ന് താഴേക്ക് ആപതിക്കുന്ന ഒന്നല്ല. മറിച്ച് തറയില്‍ വേര് പിടിച്ച് ക്രമപ്രവൃദ്ധമായി വളരുന്ന ഒന്നാണ്. തിരിച്ചു പോകുന്ന ഒന്നല്ല മറിച്ച് മുന്നോട്ട് പോകുന്ന ഒന്ന്, irreversible, ആണത്.

ഈ പ്രക്രിയയെ evolution എന്ന് വിളിക്കാം. ഈ വാക്കും ലത്തീനില്‍ നിന്ന് വന്നതാണ്. evolutio എന്നതാണ് ഇതിന്റെ മൂലരൂപം. act of unrolling എന്ന് ഇതിന്റെ അര്‍ത്ഥം. evolve എന്ന ക്രിയാരൂപത്തിന് ആവിഷ്‌കരിക്കുക, ഘട്ടം ഘട്ടമായി വളര്‍ത്തിയെടുക്കുക എന്നെല്ലാം അര്‍ത്ഥമുണ്ട്. എവലൂഷന്‍ എന്ന പ്രയോഗം മൂവ്‌മെന്റിനെ സൂചിപ്പിക്കുന്നു. തന്റെ വിധിവാദത്തെ സ്ഥാപിക്കാന്‍ വേണ്ടി സെന്റ് അഗസ്റ്റിന്‍ ഈ പദം ഉപയോഗിക്കുന്നുണ്ട്. ചുരുട്ടിവെച്ച പരവതാനിയിലെന്ന പോലെ സകല കാര്യങ്ങളും എഴുതപ്പെട്ടിരിക്കുകയാണെന്നും അത് ചുരുള്‍ നിവരുന്നതിനനുസരിച്ചാണ് പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. ജീവപരിണാമത്തെ സൂചിപ്പിക്കാന്‍ ശാസ്ത്രജ്ഞരും ഇതേ വാക്ക് തന്നെ ഉപയോഗിക്കുന്നു.

The gradual development of something എന്നതാണ് evolution എന്നതിന് ഒക്‌സ്‌ഫെഡ് നിഘണ്ടു നല്‍കിയിരിക്കുന്ന ഒരര്‍ത്ഥം. ഇതാണ് ശരിയും സ്ഥായിയുമായ പ്രോസസിനെ സൂചിപ്പിക്കുന്ന ശബ്ദം. റെവലൂഷന്‍ എന്നാല്‍ sudden, drastic change ആണെങ്കില്‍ എവലൂഷന്‍ ക്രമപ്രവൃദ്ധമായ വികാസമാണ്. മനുഷ്യസമൂഹത്തിന്റെ ജൈവികവും സാമൂഹികവുമായ പരിണാമങ്ങളെപ്പറ്റി ഖുര്‍ആന്‍ ത്വബഖന്‍ അന്‍ ത്വബഖ് എന്ന് പ്രയോഗിക്കുന്നുണ്ട്. പടിപടിയായി എന്നാണ് ത്വബഖന്‍ അന്‍ ത്വബഖിന്റെ അര്‍ത്ഥം.

വചനത്തെ സമരമായും ആദര്‍ശമായും വിവരിച്ചുവല്ലോ. ഉത്തമമായ, സ്ഥായിയായ വചനം വേരാഴ്ന്നു നില്‍ക്കുന്ന ഒരു ഉത്തമവൃക്ഷം പോലെയാണെന്ന ഉപമ ഖുര്‍ആനില്‍ വായിക്കാം. ആകാശത്ത് പടര്‍ന്നു നില്‍ക്കുന്ന ശാഖകളാല്‍ തണുപ്പും തണലും പകരുന്ന, മധുരോദാരഫലങ്ങളാല്‍ സകലത്തിനും അനുഗ്രഹമായിത്തീരുന്ന വൃക്ഷം. വിതക്കാരന്റെ വിത്തില്‍ നിന്നും ഒരു കൂട്ടം മുള്‍പ്പടര്‍പ്പില്‍ വീണതായി മുകളില്‍ സൂചിപ്പിച്ച യേശുവിന്റെ ഉപമയില്‍ പറയുന്നുണ്ട്. അത് മുളപൊട്ടാതെ മുള്ളൂകള്‍ ഞെരുക്കിക്കളഞ്ഞു. അത് സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ കൂമ്പടഞ്ഞു പോകുന്ന കലാപങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍ ശരിയായ നിലത്ത് വീണ വിത്തുകള്‍ മുപ്പതും അറുപതും നൂറും മേനിയായി വിളഞ്ഞു എന്നാണ് വിവരിക്കപ്പെടുന്നത്.

തറയില്‍ വേരു പിടിച്ച് ക്രമപ്രവൃദ്ധമായുള്ള വളര്‍ച്ച. അതാണ് പരിവര്‍ത്തനത്തിന്റെ ശരിയായ വഴി. നിലത്ത് നട്ട കടുകുമണി പോലെ എന്ന് യേശുവിനെ ഒരിക്കല്‍ക്കൂടി ഉദ്ധരിക്കാം. അധികാരസ്ഥാനവും ഘടനയും മാത്രമല്ല, അവബോധത്തെക്കൂടി മാറ്റിമറിക്കലാണ് അത്. നിലനില്‍ക്കുന്നതും പ്രയോജനപ്രദവുമായ ഒന്ന്.

പൌരോഹിത്യത്തിന്റെ ദൃശ്യവും അദൃശ്യവുമായ അധികാരവഴികൾ

272607_4106107

ഫറോക്കില്‍ നടന്ന എസ്.ഐ.ഒ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ ഒരു തമാശയുണ്ട്. മഹാവിചാരണാ നാളില്‍ മതപണ്ഡിതന്മാരോട് അല്ലാഹു ചോദിക്കും, നിങ്ങള്‍ക്ക് ഞാന്‍ ബുദ്ധിയും അറിവും തന്നിട്ട് നിങ്ങളത് എങ്ങനെ ഉപയോഗിച്ചു എന്ന്. സമ്പത്ത്, ആരോഗ്യം, ബുദ്ധി എന്നിവയുടെ വിനിയോഗം എത്രമാത്രം ക്രിയാത്മകവും സാമൂഹികമായി എത്രത്തോളം പ്രയോജനപ്രദവുമായിരുന്നു എന്ന ചോദ്യത്തെ അഭിമുഖീകരിക്കാതിരിക്കാന്‍ ഒരു മനുഷ്യനും പറ്റില്ല എന്നാണല്ലോ ഒട്ടേറെ വചനങ്ങളിലൂടെ പ്രവാചകന്‍ പഠിപ്പിച്ചു തന്നിട്ടുള്ളത്. പണ്ഡിതന്മാരെക്കുറിച്ച പരാമര്‍ശമായതിനാലാവാം ബേപ്പൂര്‍ സുല്‍ത്താന്‍ ബുദ്ധിയുടെ കാര്യം തന്നെ പരാമര്‍ശിച്ചത്.

എന്തായാലും അന്നേരം മൗലവിമാര്‍ പറയാനിടയുള്ള മറുപടി അദ്ദേഹം ഇപ്രകാരം പറഞ്ഞു: പടച്ചോനേ, ബുദ്ധി നീ തന്ന അമാനത്താണല്ലോ. അമാനത്തുകള്‍ ഉപയോഗിച്ച് കേടു വരുത്താന്‍ പാടുള്ളതല്ല. അതിനാല്‍ ഞങ്ങള്‍ പതിനാറ് മുഴം നീളമുള്ള തുണിയെടുത്ത് വെയിലും മഴയും ഒന്നും കൊള്ളിക്കാതെ അത് വരിഞ്ഞു കെട്ടി ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ ആധാരമാകേണ്ടത് കിതാബും ഹിക്മത്തുമാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. കിതാബ് എന്നാല്‍ എഴുതപ്പെട്ടത്. നിയമമെന്നോ പുസ്തകമെന്നോ നിയമപുസ്തകമെന്നോ വെളിപാട് ഗ്രന്ഥമെന്നോ വേദമെന്നോ ഒക്കെ അര്‍ത്ഥം പറയാം ആ പദത്തിന്. ജ്ഞാനത്തിന് അറബിയില്‍ ഇല്‍മ് എന്നാണ് പറയുക. അതാകട്ടെ, കേവലജ്ഞാനമാണ്. വിവരങ്ങള്‍ക്കും തത്വങ്ങള്‍ക്കും മേല്‍ യുക്തിയും അവബോധവും പ്രായോഗികതയും കൂടി ചേരുന്നതിനാണ് ഹിക്മത്ത് എന്ന് പറയുക. ഒരു കാര്യം അറിഞ്ഞതു കൊണ്ട് കാര്യമില്ല, അതിന്റെ പ്രയോഗം പ്രധാനമാണ്. പ്രയോഗത്തിലാകട്ടെ, കാലം ദേശം തുടങ്ങിയവയും പ്രധാനമാണ്. അതായത് യുക്തിയും കാലദേശങ്ങളെക്കുറിച്ച അവബോധത്തിന്റെ ആധാരത്തിലുള്ള ജ്ഞാനത്തിന്റെ പ്രയോഗവും ചേര്‍ന്നതാണ് ഹിക്മത്ത്.
4fbadb736dd0d058e6a0f69f70116f97
മറ്റൊരു നിലക്ക് പരിസരവുമായുള്ള സംവാദത്തിലൂടെ വികാസം പ്രാപിക്കുന്ന ഒന്നാണ് ഹിക്മത്ത്. അതേസമയം അത് ആന്തരികമായ ശബ്ദവുമാണ്. പ്രവാചകന്‍ എന്ന നിലക്ക് ഒരാളില്‍ ഉണരുന്ന ആന്തരികമായ ശബ്ദമാണ് കിതാബ് ആയി പ്രകാശിപ്പിക്കപ്പെടുന്നത്. അതിന്റെ ആധികാരികമായ പ്രയോഗവല്‍ക്കരണം എന്ന നിലയില്‍ നബിചര്യ എന്ന് ഹിക്മത്തിന് ഇമാം ശാഫിഈയെപ്പോലുള്ളവര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്. അതായത്, ദൈവം ഒരു പ്രവാചകന്‍ വഴി തന്നെ വേദം അവതരിപ്പിക്കുന്നതിന്റെ ന്യായം, അറിവ് അറിവായി മാത്രം നിലനിന്നാല്‍ അതുകൊണ്ട് പ്രയോജനമുണ്ടാവില്ല എന്നതാണ്. അതിനെ ശരിക്കും തിരിച്ചറിഞ്ഞ് ലോകത്തും ജീവിതത്തിലും പ്രയോഗിക്കാന്‍ ഒരു മാതൃകയുണ്ടാവണം. ആ മാതൃകയുടെ സ്ഥാനത്താണ് പ്രവാചകന്‍ നില്‍ക്കുന്നത്. പ്രവാചകന്‍ തന്റെ കാലത്തെയും സമൂഹത്തെയും കൂടി അറിഞ്ഞു കൊണ്ടാണ് അത് നിര്‍വഹിച്ചതെങ്കില്‍ ആ നിര്‍വഹണം തുടരേണ്ടത് കാലദേശാനുസാരിയായിക്കൊണ്ട് തന്നെയാവണം. അതിനായി തത്വങ്ങളെ യുക്തിപരമായ വിചിന്തനത്തിന് വിധേയമാക്കുകയും വേണം. അടിസ്ഥാനപരമായി ഒരേ തത്വത്തിന്റെ ആധാരത്തില്‍ വ്യത്യസ്ത കാലദേശങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാര്‍ ആഗതരായതിന്റെ ന്യായവും ഇതാണ്.

മതപരമായ വിചിന്തനങ്ങളുടെ ചരിത്രത്തില്‍ വികാസത്തിന്റെ വഴിയോട് ചേര്‍ന്നുകൊണ്ടു തന്നെ സങ്കുചിതത്വത്തിന്റെ അടയാളങ്ങളും പ്രകാശിതമായിട്ടുണ്ട്. പലപ്പോഴും പുറമേ വായിക്കപ്പെട്ടത് ചുരുങ്ങലിന്റെ ചരിത്രമാണ് താനും.

മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ ഒന്നാമത്തെ ദശയില്‍ ഖുര്‍ആനും ഹിക്മത്തും തന്നെയായിരുന്നു ജീവിതത്തിന്റെ ആധാരം. ഈ ഘട്ടത്തിന്റെ അവസാന കാലത്ത് തന്നെയാണ് ഹദീസുകളും സുന്നത്തുകളും (നബിവചനങ്ങളും ചര്യകളും) സമാഹരിക്കപ്പെടുന്നത്. കിതാബ് എന്ന നിലക്കുള്ള, ഖുര്‍ആന്റെ പ്രയോഗത്തിന്റെ ആധികാരികമായ രേഖകളായിരുന്നു നബിയുടെ വചനങ്ങളും പ്രവൃത്തികളും. ഈയര്‍ത്ഥത്തിലാണ് അവ ക്രോഡീകരിക്കപ്പെട്ടതും. അന്നിലക്ക് അതിന് പ്രാധാന്യം ഉണ്ട് താനും.

എന്നാല്‍ ഇതോടെ, രണ്ടാമത്തെ ദശയില്‍ ഖുര്‍ആന്‍ മതപ്രഭാഷണങ്ങളിലെ സാരോപദേശങ്ങളുടെ സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെടുകയും ആധികാരികത ഹദീസുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഹദീസുകളുടെ ക്രോഡീകരണം തത്വത്തില്‍ വികാസത്തെയാണ് സൂചിപ്പിക്കുന്നതെങ്കിലും പ്രയോഗത്തില്‍ ഇപ്പറഞ്ഞത് വലിയൊരു വ്യതിചലനമായിരുന്നു. മാത്രവുമല്ല, ഹദീസുകള്‍ എന്ന പേരില്‍ ഒട്ടേറെ കള്ളങ്ങള്‍, ഇസ്‌ലാമിന്റെ തത്വത്തിന് നിരക്കാത്ത അസംബന്ധങ്ങള്‍ പോലും ധാരാളമായി പ്രചരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ പ്രയോഗികമായ ഒരു ജീവിതവ്യവസ്ഥ എന്ന നിലക്ക് ഇസ്‌ലാമിന് കുറേക്കൂടി തെളിച്ചം നല്‍കാനുള്ള പരിശ്രമത്തില്‍ നിന്നാണ് ഫിഖ്ഹ് (കര്‍മശാസ്ത്രം) ഉല്‍ഭവിക്കുന്നത്.

എന്നാല്‍ ഏറെത്താമസിയാതെ, ആധാരങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളിലെ അക്ഷരങ്ങള്‍ മാത്രമായതോടെ ഖുര്‍ആനിനൊപ്പം നബിവചനങ്ങളും പ്രവാചകമാതൃകകളും കൂടി മതപ്രഭാഷണവേദികളിലേക്ക് തള്ളപ്പെടുകയും ഫിഖ്ഹിനെ ആധാരമാക്കിയുള്ള മൂന്നാമത്തെ ദശ ആരംഭിക്കുകയും ചെയ്തു. ഫിഖ്ഹില്‍ പണ്ഡിതന്മാര്‍ സ്വീകരി്ച്ചിരുന്ന വിവിധങ്ങളായ സമീപനരീതികള്‍ നിമിത്തം അതില്‍ പലതരം സരണികള്‍ രൂപപ്പെട്ടിരുന്നു. അവയെ മദ്ഹബുകള്‍ എന്നാണ് പറയുക. നാലാം ദശയില്‍ ഫിഖ്ഹും പുറകോട്ട് തള്ളപ്പെടുകയും മദ്ഹബുകള്‍ പരമാവലംബങ്ങളായിത്തീരുകയും ചെയ്തു. വ്യത്യസ്ത മദ്ഹബുകള്‍ വ്യത്യസ്ത സമൂഹങ്ങളായിത്തീരുകയും അവ തമ്മില്‍ തര്‍ക്കങ്ങളിലും പോരാട്ടങ്ങളിലും ഏര്‍പ്പെടുകയും പോലും ചെയ്തു.

എന്തായാലും ഇതോടെ തുടക്കത്തില്‍ പറഞ്ഞ വേദവും യുക്തിയും (കിതാബും ഹിക്മതും) രംഗത്ത് നിന്ന് പൂര്‍ണമായും നിഷ്‌കാസിതമായി. യുക്തിക്ക് സ്ഥാനമില്ലാതായതോടെ ഫിഖ്ഹിന്റെയും മദ്ഹബിന്റെയും അക്ഷരങ്ങള്‍ക്ക് അപ്രമാദിത്വം ലഭിച്ചു. ഇതാകട്ടെ, വലിയ അട്ടിമറിയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചത്.

പുരോഹിതാധിപത്യം തന്നെയാണ് ഇതില്‍ പ്രധാനം. മതത്തെ വെള്ളവും വെളിച്ചവും കടക്കാത്ത അറകളാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പൗരോഹിത്യമാണ്. തൊട്ടടുത്തതോ തുല്യമോ ആയ സ്ഥാനം സാമൂഹികശ്രേണീബദ്ധതയെ നിലനിര്‍ത്തുന്ന ആചാരങ്ങള്‍ക്കുമുണ്ട്.

വളരെ കൃത്യമായ priest hierarchy നിലനില്‍ക്കുന്ന മതങ്ങളാണ് ക്രിസ്തുമതവും ചില ബുദ്ധമതവിഭാഗങ്ങളും (പ്രത്യേകിച്ച് ലാമായിസം). ഇത് visible ആണ്. പൗരോഹിത്യത്തിന്റെ സകലസാധ്യതകളെയും ഖുര്‍ആനും നബിവചനങ്ങളും ശക്തിയായി നിരാകരിച്ചതിനാല്‍ ഇത്തരമൊരു ഹയറാര്‍ക്കി ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെട്ടില്ല. അതേസമയം visible ആയ പൗരോഹിത്യത്തിന്റെ സ്ഥാനത്ത് മദ്ഹബുകളുടെ അക്ഷരങ്ങള്‍ ecclesiastic ആയി പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ അദൃശ്യമായ പൗരോഹിത്യം, ഒരുപക്ഷേ ദൃശ്യമായ പ്രീസ്റ്റ് ഹയറാര്‍ക്കിയെക്കാളും ശക്തമായിത്തന്നെ മുസ്‌ലിം സമൂഹത്തില്‍ രൂഢമൂലമായി. മതപരമായി ഏറ്റവും അസഹിഷ്ണുക്കളായി ആ സമൂഹം മാറുന്നത് അങ്ങനെയാണ്. (ശ്രദ്ധിക്കുക, മതപരമായി എന്നാണ് പറഞ്ഞത്. വംശീയവും വര്‍ഗീയവുമായ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരകളും കൂടിയാണ് ഇന്ത്യയിലെങ്കിലും മുസ്‌ലിംകള്‍).
Ekaterina-Panikanova-yatzer-10
ഹിക്മത്ത് എന്നത് മതനിയമങ്ങളുടെ പ്രയോഗങ്ങളിലെ വിപുലനത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ അക്ഷരങ്ങളില്‍ അഭിരമിക്കുന്നവര്‍ അതിനോടും അസഹിഷ്ണുതാപൂര്‍വമായ സമീപനമാണ് കൈക്കൊള്ളുന്നത്. നേരത്തേ പറഞ്ഞ മദ്ഹബുകളെപ്പോലും വായിക്കുന്നത് ശരിയായ രൂപത്തിലല്ല. ശാഫീഈ സരണിയുടെ ആചാര്യനായ ഇമാം ശാഫിഈയില്‍ നിന്ന് ചില വിഷയങ്ങളില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ ഉദ്ധരിക്കപ്പെടാറുണ്ട്. ഇതിന് ജദീദായ ഖൗലും (പുതിയ അഭിപ്രായം), ഖദീമായ ഖൗലും (പഴയ അഭിപ്രായം) എന്നാണ് പറയുക. ഇറാഖില്‍ ജനിച്ച് ജീവിച്ച ഇമാം ശാഫിഈ പിന്നീട് ഈജിപ്തിലേക്ക് വരികയും അവിടെ താമസമാക്കുകയും ചെയ്തു. ഈജിപ്തിലേക്ക് വരുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ നിയമനിര്‍ദ്ധാരണങ്ങളെയാണ് ഖദീമായ ഖൗല്‍ എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ പഴയതും പുതിയതും എന്ന് പറയുന്നതിനെക്കാള്‍ ഇറാഖിലെയും ഈജിപ്തിലെയും നിര്‍ദ്ധാരണങ്ങള്‍ എന്ന് പറയുന്നതാവും ശരി. ഇതിനെ സാധാരണയായി വിശദീകരിക്കാറുള്ളത് പില്‍ക്കാലത്ത് ഈജിപ്തില്‍ വന്നതോടെ പുതിയ അവലംബങ്ങളും രേഖകളും അദ്ദേഹത്തിന് ലഭിച്ചു എന്നും അതിന്റെ ആധാരത്തിലാണ് പുതിയ അഭിപ്രായങ്ങള്‍ ഉണ്ടായത് എന്നുമാണ്. ഇത് ശരിയായിരിക്കാം. എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ട്. അതായത് ഇറാഖിലെ നിയമനിര്‍ദ്ധാരണ രീതിയല്ല ഈജിപ്തിലേത്. അഥവാ ഇറാഖില്‍ നിന്ന് ഈജിപ്തിലേക്കെത്തിയതോടെ ഇമാം ശാഫിഈ തന്നെ മാറി. നിര്‍ദ്ധാരണങ്ങള്‍ എത്രത്തോളം കാലദേശബന്ധിതമായിരിക്കണം എന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കാം എന്ന് തോന്നുന്നു.

ഇന്ത്യയിലെ മുസ്‌ലിംകളില്‍ കൂടുതലും ഹനഫീ സരണി പിന്‍തുടരുന്നവരാണ്. ഇന്ത്യയിലെ മുസ്‌ലിം പെര്‍സനല്‍ ലോയിലെ പല വകുപ്പുകളുടെയും അവലംബവും ഹനഫീ കര്‍മശാസ്ത്രകൃതികളാണ്. ഇമാം അബൂഹനീഫയാണ് ഈ സരണിയുടെ ആചാര്യന്‍. ഖുര്‍ആന്‍, യുക്തി, ഹദീസ് എന്നിങ്ങനെയാണ് അദ്ദേഹം സ്വീകരിക്കുന്ന പ്രമാണങ്ങളുടെ മുന്‍ഗണന. അഹ്‌ലു റഅ്‌യ് (യുക്തിയുടെ ആളുകള്‍) എന്ന് അദ്ദേഹത്തിന്റെ ധാര അറിയപ്പെടുക കൂടി ചെയ്തിരുന്നു. അതേസമയം ഇപ്പോള്‍ കാലദേശപരിഗണനകളൊന്നും കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ ഗ്രന്ഥങ്ങളിലെ അക്ഷരങ്ങളെ പ്രമാണമാക്കിയാണ് ഹനഫീ മദ്ഹബ് നിലകൊള്ളുന്നത്.

ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന മുത്ത്വലാഖിനെപ്പറ്റിയും അബൂഹനീഫയും സഹചരന്മാരുമാണ് ഇഴ കീറി പരിശോധനകള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ അവരുടെ യഥാര്‍ത്ഥ നിലപാടെന്താണ്? വിവാഹമോചനതീരുമാനം പുനഃപരിശോധിക്കാനും വീണ്ടും ഒന്നാവാനും അല്ലാഹു തരുന്ന മൂന്ന് അവസരങ്ങളായാണ് യഥാര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ മുത്ത്വലാഖ് പരാമര്‍ശിക്കപ്പെടുന്നത്. മൂന്നും ഒരുമിച്ച് മൊഴിയുന്നതോടെ അല്ലാഹുവിന്റെ ഈ അനുഗ്രഹത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇത് പ്രകടമായ ദൈവനിന്ദയാണ്. അതിനാല്‍ത്തന്നെ അബൂഹനീഫയും തുടര്‍ന്ന് വന്ന മറ്റ് ഇമാമുകളും ഇതിനെ ത്വലാഖ് ബിദ്ഈ (ത്വലാഖിലെ പുത്തന്‍ രീതി, ബിദ്അ എന്ന് പറഞ്ഞാല്‍ പുതിയത് എന്നാണെങ്കിലും അനാശാസ്യമായ പുത്തന്‍ രീതി എന്നാണ് സാങ്കേതികമായി അതിനെ മനസ്സിലാക്കേണ്ടത്) എന്നാണ് വിളിച്ചത്. എല്ലാ ബിദ്അത്തും വഴികേടാണെന്നും എല്ലാ വഴികേടുകളും നരകത്തിലേക്കാണെന്നും എല്ലാ വെള്ളിയാഴ്ചയും പള്ളിപ്രസംഗം നടത്താറുള്ള മതപണ്ഡിതന്മാര്‍ മുത്ത്വലാഖ് ബിദ്അ നിലനിര്‍ത്തണമെന്ന് വാദിക്കുന്നതില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്.

എന്നാല്‍ ആരെങ്കിലും ഇങ്ങനെ ചെയ്താലോ? അതായത് മൂന്ന് ത്വലാഖും ഒരുമിച്ച് ചെയ്തു. അങ്ങനെ വരുമ്പോള്‍ നിയമപരമായി അത് പരിഗണിക്കുന്നതില്‍ മൂന്ന് രീതികള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്ന് അത് തീര്‍ത്തും തള്ളിക്കളയുക എന്നതാണ്. രണ്ടാമത്തെത് അത് ഒരൊറ്റ ത്വലാഖായി മാത്രം പരിഗണിക്കപ്പെടുക എന്നതും. മൂന്നാമത്തെ സാധ്യതയാകട്ടെ അത് മൂന്നായി പരിഗണിച്ച് ബന്ധം എന്നെന്നേക്കുമായി വിടുര്‍ത്തപ്പെടുക എന്നതേ്രത. ചില റിപ്പോര്‍ട്ടുകള്‍ എതിരായി ഉന്നയിക്കപ്പെടാമെങ്കിലും നബി ഇതില്‍ മൂന്നാമത്തേതിനെ അംഗീകരിച്ചിരുന്നില്ല എന്നു കാണാം. അതേസമയം ഉമര്‍ മൂന്നാമത്തെ നിലപാടിന് അംഗീകാരം നല്‍കി. ഇതുവെച്ചാണ് മുത്ത്വലാഖിന് നിയമാംഗീകാരം നല്‍കണം എന്ന് വാദിക്കപ്പെടുന്നത്. എന്നാല്‍ ഉമര്‍ ഈ നിലപാട് സ്വീകരിച്ചത് സ്ത്രീകളുടെ തന്നെ ആവശ്യം പരിഗണിച്ചായിരുന്നു. ഇന്ന് സ്ത്രീകള്‍ അങ്ങനെയൊരാവശ്യം മുന്നോട്ടു വെക്കും എന്ന് തോന്നുന്നില്ല. മുത്ത്വലാഖ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഉമറിന്റെ നിലപാടിനെ മുന്‍നിര്‍ത്തിക്കൊണ്ട് അതാണ് പ്രയോജനപ്രദം എന്ന് വരുന്ന സാഹചര്യത്തില്‍ അങ്ങനെയുമാകാം എന്ന ഒരു സാധ്യത നിലനിര്‍ത്തുക മാത്രമാണ് അബൂഹനീഫയും മറ്റ് ഇമാമുകളും ചെയ്തത് എന്ന് കാണാം. അതായത് അങ്ങനെ ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ അങ്ങനെയും ചെയ്യാം. ഉമര്‍ അതിനെ നിയമമാക്കുകയാണ് ചെയ്തത് എന്നതില്‍ നിന്ന് തിരിച്ചും നിയമമുണ്ടാകാം എന്ന് വരുന്നുണ്ടല്ലോ? അപ്പോള്‍ നിയമത്തിന് ആധാരം സാഹചര്യങ്ങളും കൂടിയാണ്. ഇത് അംഗീകരിച്ചു കൊണ്ടാണ് ഇമാമുകള്‍ ഈ സാധ്യത നിലനിര്‍ത്തിയത്. അതേസമയം ഇങ്ങനെയൊരു സാധ്യത നിലനിര്‍ത്തിയതിനെ പവിത്രമായ നിയമമാക്കി മാറ്റുകയാണ് നമ്മള്‍ ചെയ്യുന്നത് എന്ന് വ്യക്തമാണ്.

കാലദേശാനുസൃതമായി നിയമങ്ങളെ വായിക്കാന്‍ മടിക്കുകയും പഴയ പുസ്തകക്കെട്ടുകളുടെ മേല്‍ അടയിരിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തെ പുറകോട്ട് വലിക്കുന്ന ഒരു ശക്തിയായാണ് ഈ അദൃശ്യപൗരോഹിത്യം മുസ്‌ലിം ജീവിതത്തില്‍ ഇടപെടുന്നത് എന്ന് എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ അത്രയും നല്ലത്.

അസ്തിത്വത്തിന്റെ ഉറവുകൾ

il_fullxfull.727428539_fmmo

‘നടന്നു നടന്നങ്ങനെ നീങ്ങുമ്പോള്‍
പാദങ്ങള്‍ക്കടിയില്‍ തിരിയുന്നു ഭൂമി
സ്ഥിരമായിരിക്കുന്നില്ലൊരിക്കലുമീ
നദികളും മലകളും’
എന്ന വരികള്‍ എഴുതിയത് പ്രശസ്ത അമേരിക്കന്‍ കവി ഗാരി സ്‌നീഡര്‍ (Gary Snyder) ആണ്. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിന് നല്‍കിയിരിക്കുന്ന പേര് Turtle Island എന്നാണ്. ഐക്യനാടുകളും കാനഡയും അടങ്ങുന്ന വടക്കേ അമേരിക്കയിലെ ആദിമനിവാസികള്‍ അവരുടെ മിത്തുകളില്‍ സ്വന്തം നാടിനെ വിളിച്ചിരുന്ന പേരാണ് Turtle Island (ആമകളുടെ ദ്വീപ്). ഒജിബ്‌വാ, ഒഡാവാ തുടങ്ങിയ ഗോത്രങ്ങളടങ്ങുന്ന ഈ ജനതയും അവരുടെ ഭാഷകളും പൊതുവായി അനിഷിനാബേ എന്ന് വിളിക്കപ്പെട്ടിരുന്നു. ആമകളുടെ ദ്വീപ് എന്ന പേര് അവരെ വന്യതയുമായി ബന്ധിപ്പിക്കുന്നുണ്ട്. ജീവന്റെ നിലനില്‍പ് തന്നെ വന്യതയിലാണ് എന്ന, ആദിമ നിവാസികളുടെ തിരിച്ചറിവാണല്ലോ പില്‍ക്കാലത്ത് പ്രസിദ്ധമായ സിയാറ്റിലിലെ റെഡ് ഇന്ത്യന്‍ മൂപ്പന്റെ പ്രഭാഷണത്തില്‍ പ്രകടമാകുന്നത് (ഈ പ്രഭാഷണത്തിന്റെ ചരിത്രപരമായ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.1854ല്‍ നടന്ന് മുപ്പത്തിമൂന്ന് വര്‍ഷത്തിന് ശേഷം വില്യം സ്മിത്ത് പ്രസിദ്ധീകരിച്ച്, അതിനും വളരെക്കാലത്തിന് ശേഷം ടെഡ് പെറി എന്ന തിരക്കഥാകൃത്തിന്റെ ഡോകുമെന്ററി സിനിമയില്‍ വന്ന രൂപമാണ് നമ്മള്‍ പൊതുവേ വായിക്കാറുള്ളത്. അതേസമയം, പിന്നീട് അമേരിക്കയായി മാറിയ ‘ആമകളുടെ നാട്ടില്‍’ ജീവിച്ചിരുന്ന റെഡ് ഇന്ത്യന്മാരുടെ സംസ്‌കാരവും അമേരിക്ക എന്ന വ്യവസ്ഥിതിയുടെയും സമൂഹത്തിന്റെയും അര്‍ത്ഥശാസ്ത്രവും തമ്മിലുള്ള ദൂരത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്ന പ്രമേയങ്ങള്‍ ഈ പ്രഭാഷണത്തിലടങ്ങിയിട്ടുണ്ട്. പരിസ്ഥിതിപ്രവര്‍ത്തകരുടെ എക്കാലത്തെയും മാഗ്നാകാര്‍ട്ടയായും ഇത് മാറി). സിയാറ്റില്‍ മൂപ്പന്‍ മരങ്ങളെ വിളിക്കുന്നത് പൂര്‍വികരുടെ അസ്ഥികള്‍ എന്നാണ്. പുഴകളില്‍ ഒഴുകുന്ന ജലം തങ്ങള്‍ക്ക് പിതൃക്കളുടെ രക്തമാണ് എന്നും അദ്ദേഹം പറയുന്നു. എണ്ണമറ്റ നൂറ്റാണ്ടുകളില്‍ തങ്ങളുടെ പൂര്‍വികരുടെ മേല്‍ കനിവിന്റെ കണ്ണീര്‍ത്തുള്ളികള്‍ വര്‍ഷിച്ച, തങ്ങള്‍ക്ക് അനശ്വരമെന്ന് തോന്നിക്കുന്ന ആകാശത്തെയും മൂപ്പന്‍ അനുസ്മരിക്കുന്നു.

അനന്തമായി നീളുന്ന സ്‌നേഹമായാണ് മേല്‍ ഉദ്ധരിച്ച വരികളില്‍ ഗാരി സ്‌നീഡര്‍ മലകളെയും പുഴകളെയും സ്ഥാപിക്കുന്നുത്. ഇത്തരം ഉറവുകളാണ് ഭൂമിക്ക് മേല്‍ ജീവന്റെ സ്ഥിതി സാധ്യമാക്കുന്നത്. ജീവന് പ്രാഥമികമായി സത്ത നല്‍കിയ ചതുര്‍ഭൂതങ്ങളുടെ തന്നെ ഉറവുകളാണവ.

മണ്ണും വെള്ളവും

186a0884796828818dffecc2fd307433മണ്ണുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ മനുഷ്യന്റെ സത്തയെത്തന്നെ പരിചയപ്പെടുത്തുന്നു. മണ്ണില്‍ നിന്നുള്ള പിറവി (ഖലഖകും മിന്‍ തുറാബ്), മണ്ണില്‍ പടുത്ത രൂപം (അന്‍ശഅകും മിനല്‍ അര്‍ദ്), മണ്ണില്‍ വേരാഴ്ത്തിക്കൊണ്ടുള്ള വളര്‍ച്ച (അന്‍ബതകും മിനല്‍ അര്‍ദ്), മണ്ണിന്മേലുള്ള ആവാസം (ബവ്വഅകും ഫില്‍ അര്‍ദ്) എന്നിങ്ങനെ അത് വിവരിക്കപ്പെടുന്നു. പിറവി തന്നെ മണ്ണില്‍ നിന്നാകയാല്‍ മണ്ണിലുള്ള ആവാസം അതിലേക്കുള്ള മടക്കമാണ് എന്ന് ധ്വനിപ്പിക്കുന്ന വിധമാണ് ബവ്വഅകും ഫില്‍ അര്‍ദ് എന്ന് പ്രയോഗിച്ചിരിക്കുന്നത്. ബാഅ എന്നതാണ് ബവ്വഅകും എന്നതിന്റെ മൂലപദം. മടങ്ങി എന്നര്‍ത്ഥം. ഇതേ മൂലപദത്തില്‍ നിന്നുണ്ടായ, മടക്കം എന്നര്‍ത്ഥമുള്ള ബീഅഃ എന്ന പദമാണ് പരിസ്ഥിതി വിജ്ഞാനത്തെ സൂചിപ്പിക്കാന്‍ അറബിയില്‍ ഉപയോഗിക്കുന്നത് (ഇല്‍മുല്‍ ബീഅഃ) എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ മണ്ണിലേക്കുള്ള മടക്കം, മനുഷ്യന്റെ ആവാസം എന്നു പറഞ്ഞാല്‍ അവന് ഏറ്റവും ഉചിതമായ ആവാസവ്യവസ്ഥയിലേക്ക് അവനെ ചേര്‍ത്തു വെച്ചു എന്നാണ് അര്‍ത്ഥം.

(പിറന്നപ്പോള്‍) ഭൂമിയെ നിങ്ങള്‍ക്ക് തൊട്ടിലാക്കിത്തന്നു, (വളര്‍ന്നപ്പോള്‍) അതില്‍ വഴികളൊരുപാടൊരുക്കിത്തന്നു, (പിറവിയിലും വളര്‍ച്ചയിലും, നിലനില്‍പിനായി) മുകളില്‍ നിന്നും ജലം വീഴ്ത്തിത്തന്നു, ആ ജലം വഴി അനവധി വിളകളെ ഇണകളായി മുളപ്പിച്ചു. ഇനി നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യൂ. പിന്നെ, നിങ്ങളുടെ കാലികളെ മേയ്ക്കുകയും ചെയ്യൂ. എല്ലാം വിചാരശീലര്‍ക്കുള്ള കുറിമാനങ്ങള്‍ തന്നെ (ത്വാഹാ :53-54) എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഖുര്‍ആന്‍ മനുഷ്യജീവിതത്തെ സമഗ്രമായി മണ്ണിലേക്കും ജലത്തിലേക്കും ചേര്‍ക്കുന്നു. തുടര്‍ന്ന് മണ്ണ് ജീവന്റെ അധിഷ്ഠാനമായിരിക്കുന്നതിനെ വീണ്ടും സ്ഥാപിച്ചുറപ്പിക്കുന്നത് ഇതേ മണ്ണില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉയിര് തന്നു, ഇതിലേക്ക് തന്നെ നിങ്ങളുടെ മടക്കം, പിന്നെയും ഇതില്‍ നിന്ന് തന്നെ പുനരുജ്ജീവനം (മിന്‍ഹാ ഖലഖ്‌നാകും വ ഫീഹാ നുഈദുകും വമിന്‍ഹാ നുഖ്‌രിജുകും താറതന്‍ ഉഖ്‌റാ) എന്ന് പറഞ്ഞു കൊണ്ടാണ് (ത്വാഹാ :55).

ജലമാകട്ടെ, ജീവന്റെ ആധാരം തന്നെയാകുന്നു. ജലത്തിന് ഒരുപാട് സ്രോതസ്സുകളുണ്ടാവാം. എന്നാല്‍ ജീവനെസ്സംബന്ധിച്ചിടത്തോളം ജലം തന്നെയാണ് സ്രോതസ്സ്.

മൂന്ന് കാര്യങ്ങള്‍ മനുഷ്യനെക്കുറിച്ച അന്വേഷണങ്ങളില്‍ മുഖ്യവിഷയങ്ങളാണ്. ജീവന്‍, ചിന്തയും സര്‍ഗാത്മകതയും, ചരിത്രം എന്നിവയാണവ. സ്വജീവനെക്കുറിച്ച് തന്നെയുള്ള അന്വേഷണങ്ങള്‍ മനുഷ്യന്റെ ശാസ്ത്രജ്ഞാനത്തിന്റെ പരമാധാരമാണ്. അവന്‍, അവന്റെ ചുറ്റുപാട് എന്നതില്‍ നിന്നാണല്ലോ പ്രകൃതിശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും ഉറവെടുക്കുന്നത്. ചിന്തയില്‍ നിന്നാണ് സംസ്‌കാരം രൂപപ്പെടുന്നത് എന്ന് പറയാം. തത്വചിന്തകളായും സര്‍ഗാത്മകാവിഷ്‌കാരങ്ങളായുമെല്ലാം മനുഷ്യചിന്ത അസ്തിത്വം നേടുന്നു. പിന്നെയുള്ളത് ചരിത്രമാണ്. വേട്ടയാടി അലഞ്ഞ് നടന്നിരുന്ന മനുഷ്യന്‍ സ്ഥിരതാമസമാരംഭിച്ചതും സമൂഹങ്ങള്‍ രൂപപ്പെട്ടതും ഒക്കെ ചരിത്രപരമാണ്. അവിടം മുതല്‍ക്ക് സാമൂഹികബന്ധങ്ങളിലൂടെ ജീവിതം മുന്നേറുന്നു.

ജലം -ജീവന്റെ ഉറവിടം

വെള്ളം കുടിച്ചും വായു ശ്വസിച്ചുമാണ് ജീവികളെല്ലാം പ്രധാനമായും നിലനില്‍ക്കുന്നത്. ആഹാരം ഇത് രണ്ടിന്റെയും താഴെയേ വരൂ. വായു ശ്വസിക്കേണ്ടതില്ലാത്ത സൂക്ഷ്മജീവികളെങ്കിലും ലോകത്തുണ്ട്. അവായവ സൂക്ഷ്മജീവികള്‍ (Anaerobic microbes) എന്ന് പറയും അവയെ. എന്നാല്‍ വെള്ളം കുടിക്കാതെ നിലനില്‍പ് സാധ്യമാകുന്ന ഒരു ജീവിയും ഇല്ല. ഭൂമിയിലാദ്യമായി ജീവദ്രവ്യം ഉണ്ടായത് ജലത്തിലാണ്. അത് ജീവനായി മുളച്ചതും വെള്ളത്തില്‍ത്തന്നെ. ജവനുള്ള എല്ലാത്തിനെയും നാം ജലത്തില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നു (അല്‍ അംബിയാഅ് :30). അല്ലാഹു സകല ജന്തുക്കളെയും, ഉരസ്സിലിഴയുന്നവയും ഇരുകാലില്‍ നടക്കുന്നവയും നാല്‍ക്കാലില്‍ ചരിക്കുന്നവയും ആയ എല്ലാത്തിനെയും ജലത്തില്‍ നിന്ന് സൃഷ്ടിച്ചു എന്നും പറയുന്നുണ്ട് (അന്നൂര്‍ :45). കോശത്തിലെ ജീവദ്രവ്യത്തില്‍ മുക്കാല്‍ പങ്കും ജലമാണ്. ജലത്തില്‍ത്തന്നെയാണ്, ജലത്തെ ആശ്രയിച്ച് തന്നെയാണ് നാം ജീവിക്കുന്നത്.
Water Faucet1
ഭൂമിയുടെ രക്തമാണ് ജലം. ജീവന്‍ ഉണ്ടായത് അതില്‍ നിന്നാണ്, ജീവന്‍ നിലനില്‍ക്കുന്നതും അതിലും അതിനാലുമാണ്. ഗര്‍ഭാശയജലത്തിലാണ് നാം മുള പൊട്ടുന്നത്. തുടര്‍ന്നുള്ള നിലനില്‍പിന് അനിവാര്യമായ ഭക്ഷ്യപേയങ്ങളെപ്പറ്റി ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ‘മനുഷ്യന്‍ അവന്റെ ആഹാരത്തിലേക്കൊന്ന് നോക്കട്ടെ. നാം ശരിയായി വെള്ളം വര്‍ഷിച്ചു. പിന്നെ, മണ്ണിനെയൊന്ന് പിളര്‍ത്തി. എന്നിട്ടതില്‍ മുളപ്പിച്ചു, ധാന്യങ്ങളും മുന്തിരിയും പച്ചക്കറികളും ഒലിവും ഈത്തപ്പനയും ഇടതൂര്‍ന്ന് നില്‍ക്കുന്ന തോട്ടങ്ങളും പഴങ്ങളും പുല്‍പ്പടര്‍പ്പുകളും. നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ആഹാരം’ (അബസ :25-32),

ദ്രവരൂപത്തിലുള്ള രക്തത്തിന്റെ പ്രധാനഘടകം വെള്ളമാണ്. രക്തത്തിന്റെ ശുദ്ധീകരണമാണ് ശരീരത്തിന്റെ ശുദ്ധീകരണം. അതായത് ശരീരത്തിന്റെ പുറത്തെയും അകത്തെയും ശുദ്ധീകരിക്കുന്നത് വെള്ളമാണ്. വെള്ളം മലിനമായാല്‍ പുറം കെടും, അകം ചീയും. ശരീരത്തിന്റെ ചയാപചയങ്ങളെ സാധ്യമാക്കുന്ന രാസവസ്തുക്കളുടെ സഞ്ചാരവും രക്തത്തെ ആശ്രയിച്ചാണ്. അതായത്, രക്തമാണ് ശരീരത്തിലെ ജലസേചന, ഗതാഗത സംവിധാനങ്ങള്‍. രക്തം പുഷ്ടിപ്പെടുന്നതിനാകട്ടെ, ശുദ്ധജലം അനിവാര്യമാകുന്നു.

ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം ജീവന്റെ നിലനില്‍പിനെ അസാധ്യമാക്കുന്നു.

 

ജലം -ചരിത്രത്തിന്റെ ആരംഭം

അലഞ്ഞു തിരിഞ്ഞും വേട്ടയാടിയും ജീവിച്ചിരുന്ന മനുഷ്യന്‍ ഒരിടത്ത് അധിവാസമുറപ്പിച്ച ഘട്ടത്തിലാണ് നാഗരികത ആരംഭിക്കുന്നത്. സാമൂഹികമായ ബന്ധങ്ങള്‍ ആരംഭിച്ചതും അതുമുതല്‍ക്ക് തന്നെ. പരാപരസ്വത്വങ്ങള്‍ തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ അംഗീകാരവും ബാധ്യതകളുടെ നിര്‍വഹണവും മറ്റുള്ളവരോടുള്ള പ്രതിബദ്ധതയുമൊക്കെ ഇതിനോടനുബന്ധിച്ച് ആരംഭിക്കുന്നു. സംസ്‌കാരത്തിന്റെ പിറവിയും ഇതോടനുബന്ധിച്ചു തന്നെ ഉണ്ടായി. നവീന ശിലായുഗത്തിന്റെ അവസാനത്തില്‍ ആരംഭിച്ച് വെങ്കലയുഗത്തില്‍ ശക്തി പ്രാപിച്ച ആദിമ നാഗരികതകള്‍ക്ക് വേരും വളവും നല്‍കിയത് നദികളായിരുന്നു എന്നാണ് ചരിത്രം.

അതായത്, നദീതടങ്ങള്‍ വിശ്വനാഗരികതയുടെ തൊട്ടില്‍ (Cradle of world civilizations) ആണ്.

ഏതാണ്ടൊരേ കാലത്ത് ഉയര്‍ന്നു വന്ന രണ്ട് പുത്തന്‍ പ്രദേശങ്ങളായിരുന്നു ആദിമനാഗരികതയുടെ കേന്ദ്രങ്ങള്‍. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ചെന്ന് ചേരുന്ന യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികള്‍ ധാരാളം എക്കലും കൊണ്ടാണ് ഒഴുകിയിരുന്നത്. ഇവയുടെ തീരത്തെ അതിവിസ്തൃതമായ ചതുപ്പു നിലം ക്രമേണ വറ്റി ഉറച്ചു തുടങ്ങിയതോടെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശം ആ നദിക്കിടയില്‍ രൂപം കൊണ്ടു. ഇന്നത്തെ ഇറാഖ് പൂര്‍ണമായും ഇറാന്‍, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ഭാഗവും ഉള്‍ക്കൊള്ളുന്ന ആ പ്രദേശത്തെ നാം മെസൊപൊട്ടേമിയ എന്ന് വിളിച്ചു. Between two rivers എന്ന് തന്നെയായിരുന്നു ആ പേരിന്റെ അര്‍ത്ഥം.

ഈജിപ്തിലെ ഡെല്‍റ്റാ പ്രദേശമായിരുന്നു രണ്ടാമത്തെത്. നൈല്‍ നദിയാണ് അതിന്റെ ജീവനാഡി. നൈലില്‍ നിന്നും വെള്ളം വര്‍ഷം തോറും കവിഞ്ഞൊഴുകും. അങ്ങനെയത് ഫലഭൂയിഷ്ഠമായ തീരഭൂമിയായി മാറി.

ഈ നദികളാണ് മനുഷ്യചരിത്രത്തിന്റെ സ്രോതസ്സ്. അതിലൊഴുകിയ ജലമാണ് നാഗരികതകളെ സ്ഥാപിച്ചത്. ഭൂമിയുടെ മറ്റ് മേഖലകളിലും നദീതടങ്ങളില്‍ത്തന്നെയാണ് നാഗരികതകള്‍ വികാസം പ്രാപിച്ചത്. ഇന്ത്യയിലെ സിന്ധുവും ചീനയിലെ ഹൊയാങ് ഹോ, യാങ്ടിസി, സിക്യാങ് നദികളും അമേരിക്കയിലെ മിസിസ്സിപ്പി, മിസൗറി നദികളും ആമസോണുമെല്ലാം ഇതില്‍ പെടുന്നു.

The-Day-Begins-Landscape-Painting-by-John-Fernandes-Water-colour-on-paper-19x24-inches

ജലം -സൗന്ദര്യാനുഭവങ്ങളുടെ ആഴം

ഗ്രീക്ക് പുരാണത്തിലെ നാര്‍സിസസ്, ഒരുപക്ഷേ മനുഷ്യഭാവനയുടെ ആരംഭത്തെ അടയാളപ്പെടുത്തുന്നു.

ശുദ്ധജലത്തില്‍ പ്രതിബിംബിച്ചു കണ്ട, തന്നോട് തന്നെയുള്ള അനുരാഗമായിരുന്നു അത്. സത്യത്തില്‍ അതൊരു ഭ്രമാത്മകതയുടെ അടയാളമാണ്. വെള്ളത്തിലേക്ക് ചാഞ്ഞ് തങ്ങളെത്തന്നെ നോക്കിനില്‍ക്കുന്ന ഡാഫോഡില്‍ തുടങ്ങിയ പൂക്കളെ നാര്‍സിസസ് എന്ന് വിളിക്കുന്നു. ജലം ശുദ്ധമായിരിക്കുമ്പോള്‍ ഞാനും സുന്ദരനാകുന്നു. ഞാന്‍ സുന്ദരനായിരിക്കുന്നതിനാല്‍ പ്രകൃതിയും സുന്ദരമാകുന്നു. പ്രകൃതിയുടെയും മനുഷ്യന്റെയും പ്രതിബിംബമാണ് ജലം.

ഇത് ഭ്രമാത്മകതയാണെങ്കില്‍, ചിന്തയുടെ തുടക്കത്തെപ്പറ്റി ഉപനിഷത്തില്‍ പറയുന്ന കഥയിലും ജലം കടന്നു വരുന്നു. ഞാന്‍ എന്നാല്‍ എന്താണ് എന്നന്വേഷിച്ച ഇന്ദ്ര, വിരോചനന്മാരോട് പ്രജാപതി പറഞ്ഞത് ജലത്തില്‍ ചെന്ന് നോക്കാനായിരുന്നു. ആ പ്രതിബിംബമാണ് ചിന്തയുടെ ഉറവിടമായിത്തീര്‍ന്നത്. അബോധമനസ്സിന്റെ സിംബലാണ് വെള്ളം എന്ന് കാള്‍ ഗുസ്താവ് യുങ് പറഞ്ഞിട്ടുണ്ട്. റൊമാന്റിക് കവിതകള്‍ മുതല്‍ മനശ്ശാസ്ത്ര, സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങള്‍ വരെ ജലത്തോട് മുട്ടി നില്‍ക്കുന്നു. നമ്മുടെ ഭാവനയും പ്രതിബിംബവും വെള്ളമാണ്. നമ്മുടെ കണ്ണുകള്‍ തടാകങ്ങളും. തടാകത്തിന് തെളിമ എത്രത്തോളമുണ്ടോ, ആഴം എത്രത്തോളമുണ്ടോ അതിനനുസരിച്ച് ചിന്തകള്‍ക്ക് ലാളിത്യവും ഗഹനതയും കൂടുന്നു. സ്വപ്‌നങ്ങളിലും ഭാവനകളിലും തെളിയുന്ന ഇമേജുകള്‍ പ്രകൃതിയാഥാര്‍ത്ഥ്യങ്ങളുടെ പ്രതിബിംബങ്ങളാണ്. അതിനാല്‍ത്തന്നെ സര്‍ഗഭാവനകളെ അറിയാനും അനുഭവിക്കാനും പ്രകൃതിയെ നന്നായി അറിയേണ്ടതുണ്ട്. കാവ്യബിംബങ്ങളെ ചെടിയോടുപമിക്കുന്നുണ്ട്, ഭാവനയുടെ പ്രതിഭാസപഠനത്തിലൂടെ (Phenomenological studies of Imagination) ശ്രദ്ധേയനായ ഫ്രഞ്ച് ചിന്തകനായ ഗസ്‌തോ ബാഷലാര്‍ (Gaston Bachelard) (അവലംബം: ഭാവനയുടെ ജലസ്ഥലികള്‍ – ജി മധുസൂദനന്‍). ചെടിക്ക് വളരാന്‍ അതിന് തന്നെ കാമ്പും രൂപവും വേണമെന്നതു പോലെ വെള്ളവും മണ്ണും വായുവും ആകാശവും കൂടിയേ തീരൂ.

നനവുള്ള ചിന്തകളെയും വികാരങ്ങളെയും പറ്റി നാം പറയാറുണ്ട്. ആകാശത്ത് കാണുന്ന ഏറ്റവും സുന്ദരമായ നക്ഷത്രത്തെ തിരുവാതിര എന്നാണ് വിളിക്കുന്നത്. ആര്‍ദ്രയാണ് ആതിര. അമ്മയുടെ സ്‌നേഹവും ഇണയുടെ പ്രണയവും ആര്‍ദ്രമാണ്. ചെറുകാറ്റിന്റെയും അതിലൊഴുകുന്ന അരുവിയുടെ അലശബ്ദത്തെയും താരാട്ടായി ചിത്രീകരിക്കാറുണ്ട്. അങ്ങനെ താരാട്ട് പാടുന്ന അരുവി മറ്റ് ചിലപ്പോള്‍ ഉണര്‍ത്തുപാട്ടായും മാറുന്നു. ഓളങ്ങളില്‍ ഇളകുന്ന ചെറുനൗകയുടെ സ്‌നിഗ്ധചലനം ആത്മാവില്‍ ഒഴുകിനടക്കുന്ന ചിന്തകളെ അവ്യക്തമായി അനുകരിക്കുന്നതായി ബാഷലാര്‍ ഭാവന ചെയ്യുന്നു. കാവ്യബിംബങ്ങളെ ബാഷലാര്‍ വായിക്കുമ്പോള്‍ ജലം സൗന്ദര്യാനുഭവത്തിന്റെ ഈറ്റില്ലമായിത്തീരുന്നു. അത് സൂഫിയുടെ പ്രചോദനവും ഭാഷയുടെ ഒഴുക്കും മനസ്സിന്റെ കണ്ണാടിയുമായി മാറുന്നു.

നമ്മുടെ കഥകളിലും കവിതകളിലും നിറഞ്ഞു നില്‍ക്കുന്ന സൗന്ദര്യബിംബങ്ങളാണ് അറബിക്കടലും കല്ലായിപ്പുഴയും നിളാനദിയുമൊക്കെ. എം.ടിയുടെ ജീവിതത്തെപ്പറ്റി എം.എ റഹ്മാന്‍ നിര്‍മിച്ച ഡോകുമെന്ററിക്ക് നല്‍കിയ പേര് കുമരനല്ലൂരിലെ കുളങ്ങള്‍ എന്നാണ്. പുന്നയൂര്‍ക്കുളം എലിയങ്ങാട് ചിറ എം.ടിക്കഥകളില്‍ നിത്യസാന്നിധ്യമായി വരുന്നു. എന്‍.പിയുടെ എണ്ണപ്പാടത്തിലും ദൈവത്തിന്റെ കണ്ണിലുമൊക്കെ പാടങ്ങളെയും കുളങ്ങളെയും നാം അനുഭവിക്കുന്നു. വെള്ളം എന്ന പേരില്‍ത്തന്നെ എന്‍.പിയുടെ ഒരു കഥയുണ്ട്. വീട്ടുമുറ്റത്തെ കിണറും മറിയക്കുട്ടി ഹജ്ജുമ്മയും തമ്മിലുള്ള ആത്മബന്ധത്തെയാണ് അത് ആവിഷ്‌കരിക്കുന്നത്. കിണറ്റിലെ വെള്ളം എന്നും ശുദ്ധമായിരിക്കണം ഹജ്ജുമ്മയ്ക്ക്. എങ്കിലേ വുദു ശരിയാവുകയുള്ളൂ. വുദു ശരിയായാലേ നിസ്‌കാരം ശരിയാവുകയുള്ളൂ. നിസ്‌കാരം ശരിയായാലേ എന്തും ശരിയാവുകയുള്ളൂ.

നിങ്ങള്‍ വെള്ളത്തിന് വേണ്ടി ദാഹിക്കുമ്പോഴെല്ലാം വെള്ളം നിങ്ങള്‍ക്ക് വേണ്ടിയും ദാഹിക്കുന്നു എന്ന് റൂമി പറഞ്ഞിട്ടുണ്ട്. ഏറ്റവുമവസാനം മറിയക്കുട്ടി ഹജ്ജുമ്മ മരിച്ചപ്പോള്‍ ജനാസ കുളിപ്പിക്കാന്‍ വെള്ളമെടുക്കാന്‍ ചെന്നവര്‍ കിണറ് കണ്ട് ഞെട്ടി. ഹജ്ജുമ്മയുടെ മരണത്തോടെ ആ കിണറും വറ്റിപ്പോയിരിക്കുന്നു.

ജലവുമായി ബന്ധപ്പെട്ട് സമൂഹത്തോടുള്ള കടപ്പാടിന്റെ ആര്‍ദ്രതയെ അനുഭവിപ്പിക്കുന്ന കഥയാണ് കാരൂരിന്റെ ഉതുപ്പാന്റെ കിണര്‍. എന്നും രാത്രയില്‍ അരപ്പട്ടിണിക്കാരനും കൂലിപ്പണിക്കാരനുമായ ഉതുപ്പാന്റെ വയറും മനസ്സും എരിയും. വയറെരിയുന്നത് വിശന്നിട്ട്, മനസ്സെരിയുന്നത് ചുറ്റിലുമുള്ള നിലവിളികള്‍ കേട്ടിട്ട്. അവസാനം വയറിനെ വീണ്ടും പീഡിപ്പിച്ചു കൊണ്ട് പിന്നെയും അരിഷ്ടിച്ച ഉതുപ്പാന്‍ അങ്ങനെ സന്വാദിച്ച തുക കൊണ്ട് ഒരു സ്ഥലം മേടിച്ച് സ്വപ്രയത്‌നത്താല്‍ അതിലൊരു കിണര്‍ കുഴിച്ചു. അതിനൊരു കപ്പിയും കയറും സ്ഥാപിച്ചു. പള്ളിയില്‍ പോകാത്ത ഉതുപ്പാനെ യേശുവിന്റെ പ്രതിരൂപമായി അനുഭവിപ്പിക്കുന്ന കഥ പള്ളിമതത്തിന്റെ സാമൂഹികവിരുദ്ധതയെയും അടയാളപ്പെടുത്തുന്നുണ്ട്. ഏറ്റവും ശ്രേഷ്ഠമായ ദാനം കുടിനീര്‍ ദാനമാണെന്ന നബിവചനത്തിന്റെ സാക്ഷാത്ക്കാരമായും ഉതുപ്പാന്റെ കഥ അനുഭവപ്പെടുന്നു. ഉസ്മാന്റെ പിന്‍മുറക്കാരനായിത്തീരുന്നു ഉതുപ്പാന്‍.

നബിയുടെ ചരിത്രത്തില്‍ ഉസ്മാന്റെ കിണര്‍ എന്ന അധ്യായം വിഖ്യാതമാണല്ലോ. ചുറ്റിലുമുള്ള വരള്‍ച്ചയെ സാമ്പത്തിക നേട്ടത്തിനുള്ള അവസരമാക്കി മാറ്റിയ, വറ്റാത്ത കിണറിനുടമയായ മനുഷ്യനില്‍ നിന്ന് നബിയുടെ കല്‍പന പ്രകാരം നബിശിഷ്യന്‍ ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ ആ സ്ഥലം വിലകൊടുത്തു വാങ്ങുകയും അത് പൊതുസ്വത്തായി വിട്ടുകൊടുക്കുകയും ചെയ്ത ചരിത്രമാണത്. നബിവചന പ്രകാരം വെള്ളത്തിന് മേല്‍ ഉടമസ്ഥാവകാശമില്ല. അത് സ്വകാര്യഉടമയിലല്ല, പൊതു ഉടമയിലുമല്ല. ആര്‍ക്കും ഉടമസ്ഥാവകാശമില്ലാത്ത, എല്ലാവര്‍ക്കും എല്ലാത്തിനും അവകാശമുള്ള സ്രോതസ്സാണത്.

പ്രകൃതിയില്‍ നിന്നുള്ള വിഛേദനമാണ് ഇന്നത്തെ മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം. അവന്‍ നേരിടുന്ന ഏറ്റവും വലിയ ആഘാതവും അതു കൊണ്ടുണ്ടാകുന്നത് തന്നെ. കെ.ജി.എസ്സിന്റെ കവിതയിലെ ഏഴാം നിലയിലെ ഫ്‌ലാറ്റില്‍ തത്വചിന്തയുമായി ഉലാത്തുന്ന മനുഷ്യനും മട്ടുപ്പാവില്‍ വാമനനായി വണങ്ങുന്ന ആല്‍മരവും തമ്മിലുള്ള ബന്ധവിച്ഛേദനമാണത്. തീരെക്കുറിയവനാണ് വാമനന്‍. ഭീമാകാരനായ ആല്‍ ഫ്‌ലാറ്റിന്റെ മട്ടുപ്പാവില്‍ ഒരു ബോണ്‍സായിച്ചെടിയായി മാറിയിരിക്കുന്നു. അത് മനുഷ്യന്റെ ദയക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു. പ്രകൃതി വെറുതെ കടന്നു വരുന്നു എന്നാണ് കെ.ജി.എസ് എഴുതുന്നത്. അനാവശ്യവും അരോചകവുമായ സാന്നിധ്യമായി അതിനെ നമ്മള്‍ മാറ്റിയിരിക്കുന്നു എന്നര്‍ത്ഥം. ബോധോദയത്തിനെനിക്കിന് ബോധിപ്രകൃതി വേണ്ടതില്ലെന്നതിനറിയില്ലെന്ന് തോന്നുന്നു എന്നാണ് കവി നിരീക്ഷിക്കുന്നത്. ബോധിക്ക് കീഴിലാണ് ബുദ്ധന്‍ ബോധിയായിത്തീര്‍ന്നത്. നബിക്ക് ലഭിച്ച ബോധോദയം ഗുഹയില്‍ വെച്ചും. സരതുഷ്ട്രര്‍ക്ക് ദൈതീ നദിക്കരയില്‍ വെച്ചാണ് ഈ അനുഭവമുണ്ടായത് എന്ന് പാര്‍സി പുരാണങ്ങള്‍ പറയുമ്പോള്‍ ഖുര്‍ആനില്‍ മൂസാ നബിയുടെ വഹ്‌യ് അനുഭവം ചിത്രീകരിക്കുന്നത് ത്വുവാ താഴ്‌വരയിലാണ്. ബോധവും ബോധിയും തമ്മിലുള്ള ബന്ധത്തെ ഇതിലെല്ലാം നാം അറിയുന്നുണ്ടെങ്കിലും നമുക്കിതെല്ലാം കഥകള്‍ മാത്രമാണ്. ഇതും വിഛേദത്തിന്റെ കാരണമായിത്തീരുന്നു.

നാം സ്‌നേഹിക്കുകയും നമ്മെ സ്‌നേഹിക്കുകയും ചെയ്യുന്നത് എന്ന് ഉഹ്ദ് മലയെപ്പറ്റി പറഞ്ഞ നബി തിരുമേനി, ഉപഭോഗത്തിലുള്ള സൂക്ഷ്മതയില്‍ ജാഗ്രത്താവാന്‍ ഉപദേശിച്ചു. എന്തൊരു ധൂര്‍ത്ത് എന്ന് സ്വശിഷ്യനായ സഅദിനെ അദ്ദേഹം ശകാരിച്ചത് വുദു ചെയ്യുമ്പോഴാണ്. ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിലാണ് നീയെങ്കില്‍പ്പോലും ജാഗ്രത കൈക്കൊള്ളണം എന്ന് അവിടുന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ദേശചരിത്രവും മനുഷ്യചരിത്രവും

Scissors-and-String

ദേശാതിര്‍ത്തിക്കുള്ളില്‍ മനുഷ്യന്‍ (അത് വായിക്കാന്‍ പേരിന്മേല്‍ ക്ലിക് ചെയ്യുക) എന്ന കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

രത്‌നങ്ങളുടെ വിലക്ക് ചില്ലുകഷണങ്ങള്‍

ദേശീയതാവാദത്തിന്റെ ആപല്‍ക്കാരിതയെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബര്‍ട്രന്റ് റസ്സലും ജോര്‍ജ് ബര്‍നാഡ് ഷായും മുതല്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ വരെ. പത്തൊമ്പതാം നൂറ്റാണ്ടില്‍ ദേശരാഷ്ട്രങ്ങള്‍ നിലവില്‍ വന്നപ്പോള്‍ത്തന്നെ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിഭജനയുക്തി ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. ദേശാതിര്‍ത്തികളോടുള്ള മനോവിഭ്രമമായി മാറുന്ന ദേശസ്‌നേഹത്തെപ്പോലും മേല്‍പ്പറഞ്ഞ ചിന്തകന്മാര്‍ നിരാകരിച്ചിട്ടുണ്ട്.

ഇതേ നിലപാട് സ്വീകരിച്ചവരായിരുന്നു ഇന്ത്യയില്‍ രബീന്ദ്രനാഥ ടാഗോര്‍ മുതല്‍ മുഹമ്മദ് ഇഖ്ബാല്‍ വരെ. ഇവരെ പ്രത്യേകം എടുത്തു പറയുന്നതിന് പുതിയ കാലത്ത് പ്രസക്തിയുണ്ട്. പ്രത്യേകിച്ച് ടാഗോറിനെ. ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ട ജനഗണമനയുടെ രചയിതാവാണല്ലോ ടാഗോര്‍. ദേശീയഗാനവുമായി ബന്ധപ്പെട്ട കോടതി വിധിയും അതിന്റെ മറവില്‍ നടക്കുന്ന അധികാരപ്രയോഗങ്ങളും സമകാലിക ഇന്ത്യയില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. ദേശീയതയെക്കുറിച്ച ചര്‍ച്ചയില്‍ രാഷ്ട്രത്തിന്റെ അധികാരപ്രയോഗങ്ങളെ ടാഗോര്‍ ഇപ്രകാരം വിലയിരുത്തുന്നുണ്ട്:

“രാഷ്ട്രത്തിന്റെ ഈ വാഴ്ചയില്‍ ഭരണീയര്‍ സംശയങ്ങളാല്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കും. ഇവയാകട്ടെ, സുസംഘടിതമായ മസ്തിഷ്‌കത്തിന്റെയും പേശിയുടെയും ഭയജന്യമായ ഒരു സമുച്ചയത്തിന്റെ സൃഷ്ടിയായ സംശയങ്ങളാണ്. ഒരു ജനതയുടെ സുഘടിതമായ സ്വാര്‍ത്ഥതതാല്‍പര്യങ്ങളുടേതായ രാഷ്ട്രം, അതിന് മനുഷ്യഗുണവും ആത്മീയതയും ഏറ്റവും കുറവായിരിക്കും.” (1917ല്‍ പ്രസിദ്ധീകരിച്ച, Nationalism എന്ന പ്രസംഗസമാഹാരത്തിലെ Nationalism in west എന്ന പ്രസംഗത്തില്‍ നിന്ന്).

Rabindranath-Tagore
രബീന്ദ്രനാഥ് ടാഗോർ

ഇതുപോലെ ഇന്ത്യയുടെ ദേശീയഗീതമായി ആദരിക്കപ്പെടുന്ന തരാന-എ-ഹിന്ദിന്റെ (സാരെ ജഹാ സെ അച്ഛാ) കര്‍ത്താവാണ് ഇഖ്ബാല്‍. അതേസമയം ഇതുപോലെ ദേശീയഗീതമായി വാഴ്ത്തപ്പെടുന്ന ബന്ദേമാതരത്തിന്റെ കര്‍ത്താവ് ബങ്കിം ചന്ദ്രന്‍ ഇന്ത്യന്‍ വരേണ്യദേശീയതയുടെ വക്താവായി നില കൊണ്ടിരുന്നതായും കാണാം.

മുകളില്‍ സൂചിപ്പിച്ച പ്രസംഗത്തില്‍ ടാഗോര്‍ അതിശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്: “മനുഷ്യരാശിയെ പരിഗണിച്ച് നാം ഉണര്‍ന്ന് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയേ മതിയാകൂ. തിന്മയുടെ നിഷ്ഠുരമായ മഹാമാരിയാണ് ദേശീയത. വര്‍ത്തമാനയുഗത്തിലെ മനുഷ്യരാശിയെ, അതിന്റെ ധാര്‍മിക തേജസ്സിനെ വിഴുങ്ങുന്ന ഒരു മഹാമാരി.”

ഇന്ത്യ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെ അടിത്തറ തന്നെ ദേശീയതയായിരിക്കുമെന്ന് മഹാകവി ദീര്‍ഘദര്‍ശനം ചെയ്തു. രത്‌നങ്ങളുടെ വില നല്‍കി ചില്ലുകഷണങ്ങള്‍ വാങ്ങുന്നതിന് സമാനമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ദേശീയതയില്‍ അഭയമന്വേഷിക്കല്‍. ഒരിക്കലും തന്റെ അഭയസ്ഥാനം ദേശീയതയല്ലെന്നും അത് മനുഷ്യരാശിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്രം വെച്ചുകൊണ്ട് ടാഗോര്‍ ദേശീയതാവാദത്തിനെതിരായ തന്റെ വാദമുഖങ്ങളെ സ്ഥാപിക്കുന്നു. ദേശീയതയും ദേശരാഷ്ട്രവും ആധുനികതയുടെ ഉല്‍പന്നങ്ങളാണെങ്കിലും അവയുടെ പിന്നിലുള്ള പ്രവണതകള്‍ പഴയത് തന്നെ. ഏഷ്യയിലെ ആദ്യകാല ചരിത്രത്തിലെ സിഥിയര്‍ (പ്രാചീന കിഴക്കന്‍ ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന ഇറാനിയന്‍ ശകന്മാരെയാണ് ഗ്രീക്കുകാര്‍ സിഥിയര്‍ എന്ന് വിളിച്ചത്) പ്രകൃതിദത്ത വിഭവങ്ങളുടെ ക്ഷാമം നേരിടേണ്ടി വന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള തങ്ങളുടെ സമൂഹത്തെ കൊള്ളസംഘത്തിന്റെ രൂപത്തില്‍ ചിട്ടപ്പെടുത്തുകയും അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തതിന്റെ ചരിത്രം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഇത് ഏറ്റവും സത്യസന്ധമായ മാര്‍ഗമല്ല, മറിച്ച് ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്. ഈ കൊള്ളയെ, അക്രമത്തെ ന്യായീകരിക്കാന്‍ സിഥിയന്‍ വംശീയതയുടെ, ദേശീയതയുടെ മാനദണ്ഡങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍, ഇപ്രകാരം ഇത്തരം മാര്‍ഗങ്ങള്‍ ന്യായീകരിക്കപ്പെട്ടിരുന്നെങ്കില്‍ ലോകം മുഴുവന്‍ ഇത്തരം പിടിച്ചുപറി സംഘങ്ങള്‍ വ്യാപിച്ചേനെ. ചെന്നായ്ക്കളുടേത് മാതിരി ലളിതമല്ല മനുഷ്യപ്രകൃതം. മനുഷ്യന്‍ എന്ന പ്രകൃതഗുണങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കപ്പെടുന്നുണ്ട് എന്ന് മനുഷ്യന്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ പ്രകൃതഗുണത്തെ അവഗണിക്കുന്നത് പെട്ടെന്നുള്ളതും ചെറുതുമായ ചില വിജയങ്ങള്‍ സമ്മാനിച്ചേക്കാം. എന്നാല്‍ വൈകാതെ അതവന് ഒരു മരണക്കെണിയായിത്തീരും.   scythians സാര്‍വലൗകികതയുടെ വര്‍ണരഹിതമായ അവ്യക്തതയോ ദേശസ്‌നേഹത്തിന്റെ തീവ്രമായ ആത്മാരാധനയോ അല്ല മാനവചരിത്രത്തിന്റെ ലക്ഷ്യം എന്ന് പ്രസ്താവിക്കുന്ന ടാഗോര്‍ ഇന്ത്യയുടെ ചരിത്രത്തെയും വിശകലനം ചെയ്യുന്നുണ്ട്. ഒരു വശത്ത് വൈജാത്യങ്ങളുടെ സാമൂഹികമായ ക്രമീകരണത്തിലൂടെയും മറുഭാഗത്ത് ഏകതയുടെ ആത്മീയമായ അംഗീകരണത്തിലൂടെയും തന്റെ യത്‌നപൂര്‍ത്തീകരണത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ. അതേസമയം തന്നെ, വംശങ്ങള്‍ക്കിടയിലെ അതിര്‍വരമ്പുകളെ ദൃഢതയോടെ നിര്‍മിക്കുന്നതില്‍, തന്റെ വര്‍ഗീകരണങ്ങളില്‍ അധമത്വത്തിന്റെ ഫലങ്ങളെ ശ്വാശ്വതീകരിക്കുതില്‍ ഇന്ത്യ മഹാപരാധങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തന്നെ അദ്ദേഹം വിലയിരുത്തുന്നു. തന്റെ സന്തതികളുടെ മനസ്സുകള്‍ വികലമാക്കുകയും അവരുടെ ജീവിതങ്ങള്‍ തന്റെ സാമൂഹികരൂപങ്ങള്‍ക്കനുയോജ്യമാക്കുതിന് സങ്കുചിതമാക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യ.

ഒപ്പം തന്നെ ശതാബ്ദങ്ങളായി നവപരീക്ഷണങ്ങള്‍ അരങ്ങേറുകയും ഈ സങ്കുചിതത്വത്തില്‍ നീക്കുപോക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട് എന്ന് സ്ഥാപിക്കുന്ന കവി, നിരന്തരമായ ഈ നീക്കുപോക്കുകളുടെ ചരിത്രമായി ഇന്ത്യയുടെ ചരിത്രത്തെ വായിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

തിരസ്‌കരണത്തിന്റെ ദേശീയപാഠങ്ങള്‍

Bankim0003
ബങ്കിം ചന്ദ്ര ചതോപാധ്യായ

കൊളോണിയലിസം സൃഷ്ടിച്ച ദേശീയബോധത്തെ മുകളില്‍ സൂചിപ്പിച്ച അതേ വരേണ്യബോധത്തിലും തിരസ്‌കരണബോധത്തിലും (exclusion) സമീപിക്കുകയാണ്, പക്ഷേ വന്ദേമാതരത്തിന്റെ കര്‍ത്താവായ ബങ്കിം ചന്ദ്ര ചതോപാധ്യായ ചെയ്തത്. ഇന്ത്യയുടെ സുവര്‍ണ ഭൂതകാലത്തില്‍ വിള്ളലുണ്ടാക്കിയ സമൂഹമായിട്ടാണ് മുസ്‌ലിംകളെ അദ്ദേഹം കണ്ടത്. ആനന്ദമഠം എന്ന, ബങ്കിം ചന്ദ്രന്റെ നോവലിന്റെ ഭാഗമാണ് വന്ദേമാതരം എന്ന ഗീതം. സന്താനര്‍ എന്ന സന്യാസി സമൂഹം നടത്തുന്ന യുദ്ധത്തെപ്പറ്റി അതിലുള്ള വിവരണം ഇത് ആംഗലര്‍ക്കെതിരായ യുദ്ധമല്ല, മുസ്‌ലിം ഭരണത്തെ തറപറ്റിക്കാനാണ് എന്നാണ്. അല്‍പം കൂടി കടന്നു കൊണ്ട് ആംഗലേയര്‍ രാജ്യഭാരമേല്‍ക്കാന്‍ കളമൊരുക്കുന്നതിന് വേണ്ടിയാണ് ഈ കലാപം എന്ന് തന്നെ പറയുന്നുണ്ട്. ആഗതന്‍ അതവസാനിപ്പിക്കുന്നതിങ്ങനെ, “ഇനി ശത്രുക്കളില്ല. ആംഗലേയര്‍ യഥാര്‍ഥത്തില്‍ മിത്രങ്ങളാണ്. വരൂ, എന്റെ കൂടെ വരൂ. ഇംഗ്ലീഷുകാരെ യുദ്ധത്തില്‍ തോല്‍പ്പിക്കാനുള്ള ശക്തി ഇപ്പോള്‍ ഭൂമിയില്‍ ആര്‍ക്കുമില്ല.”

ഭവാനന്ദന്‍ എന്ന കഥാപാത്രത്തിലൂടെ ഇതേ നോവലില്‍ ബങ്കിം ചന്ദ്രന്‍ പറയുന്ന മറ്റൊരു കാര്യമുണ്ട്. “ഞങ്ങള്‍ക്ക് രാജ്യം കിട്ടണമെന്ന ആകാംക്ഷയല്ല. ഈ മുസല്‍മാന്മാര്‍ ദൈവവിരോധികളായിരിക്കുന്നതിനാല്‍ അവരെ വംശനാശം ചെയ്യണമെന്ന് മാത്രമാണ് ഞങ്ങളുടെ സങ്കല്‍പ്പം.” ബങ്കിം ചന്ദ്രന്‍ ചരിത്രത്തില്‍ ആരോപിക്കുന്ന വംശീയോന്മൂലനത്തിന് തത്വശാസ്ത്രം ചമക്കുകയാണ് പില്‍ക്കാലത്ത് ഗോള്‍വല്‍ക്കര്‍ ചെയ്തത്. അതിന്റെ രാഷ്ട്രീയമായ നിര്‍വഹണത്തിന്റെ ചരിത്രമാണ് ആര്‍.എസ്.എസ്സിന്റെയും സംഘ് പരിവാറിന്റെയും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍.

ബംഗാളിന്റെയും ഇന്ത്യയുടെ തന്നെയും സുവര്‍ണചരിത്രത്തെ വീണ്ടെടുക്കാനുള്ള ശ്രമമായി തന്റെ യത്‌നത്തെ സ്വയം വിശേഷിപ്പിക്കുന്ന ബങ്കിം ചന്ദ്രന്‍ കൊളോണിയല്‍ ചരിത്രരചയിതാക്കള്‍ നിര്‍മിച്ച ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തില്‍ നിന്നു കൊണ്ടാണ് അത് വായിക്കുന്നത്. അതേസമയം അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ നിര്‍മിച്ചെടുക്കുന്ന സവര്‍ണതയുടെ സുവര്‍ണദേശീയ ചരിത്രം മുസ്‌ലിം എന്നതിനെ മാത്രമല്ല, ദലിതര്‍, സ്ത്രീകള്‍ തുടങ്ങിയ സ്വത്വങ്ങളെയും അപരവല്‍ക്കരിച്ചു കൊണ്ടോ നിരാകരിച്ചു കൊണ്ടോ ആണ് ഇന്ത്യയുടെ ദേശീയ ഭൂപടം വരക്കുന്നത്. ഇത് ഒരര്‍ത്ഥത്തില്‍ ദേശസ്വത്വത്തോടുള്ള നിഷേധാത്മകസമീപനമാണ്. എക്കാലത്തും വരേണ്യതയും ഫാഷിസവും ദേശത്തെ സമീപിക്കുന്നത് ഇപ്രകാരമാകുന്നു. വൈവിധ്യങ്ങള്‍ക്ക് സ്ഥാനമില്ലാത്ത വിധം ദേശസംസ്‌കാരം ഏകപക്ഷീയമാണെന്ന ചിന്തയാണ് അത്. വംശീയതയാണ് ഇതിന്റെ ആധാരം. ഇറ്റാലിയന്‍ വംശജര്‍ അവരുടെ വംശവിശുദ്ധി നിലനിര്‍ത്തിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ ഉതരാണെും മുസ്സോലിനി പ്രഖ്യാപിച്ചു. ജര്‍മന്‍ ആര്യന്മാരെക്കുറിച്ച, ഹിറ്റ്‌ലറുടെ അവകാശവാദവും സമാനമായിരുന്നു. ഇന്ത്യയിലെ സാംസ്‌കാരിക ദേശീയതാവാദികള്‍ ഉന്നയിക്കുന്ന ദേശീയതയാകട്ടെ, “ഇന്ത്യക്കാര്‍ തന്നെയായ ബഹുഭൂരിപക്ഷത്തിനും (സ്ത്രീകള്‍, കീഴാളപക്ഷക്കാര്‍, അയിത്തജാതിക്കാര്‍, ഗോത്രസമൂഹങ്ങള്‍…) പൂര്‍ണ്ണ മനുഷ്യരായിരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നുണ്ട്” (മീരാനന്ദ- Prophets Facing Backwards).

ഇന്ത്യ നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളുടെയെല്ലാം അടിത്തറ ദേശീയതയായിരിക്കും എന്ന, ടാഗോറിന്റെ ദീര്‍ഘദര്‍ശനം ഇവിടെയാണ് പസക്തമായിത്തീരുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, “ഇന്ത്യയുടെ ചരിത്രമെന്നത് ഏതെങ്കിലുമൊരു വംശത്തിന്റേത് മാത്രമല്ല. മറിച്ച് ലോകത്തിലെ വിവിധ വംശങ്ങള്‍ സംഭാവന ചെയ്ത് സംസൃഷ്ടമായ ഒരു ദീര്‍ഘപ്രക്രിയയുടേതാണ്. ദ്രാവിഡരും ആര്യന്മാരും പുരാതന ഗ്രീക്കുകാരും പേര്‍ഷ്യക്കാരും പടിഞ്ഞാറന്‍ നാടുകളിലെയും മധ്യേഷ്യയിലെയും മുഹമ്മദീയരും ചേര്‍ന്ന് സൃഷ്ടിച്ചതാണത്. …അതിനാല്‍ ഇന്ത്യക്ക് ഇന്ത്യയുടെ ചരിത്രം എന്നതിനെക്കാള്‍ മനുഷ്യന്റെ ചരിത്രം എന്ന നിലക്കാണ് ഏറെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ളത്.”

അപകോളനീകരണത്തിന്റെ രാഷ്ട്രീയം, മുസ്‌ലിം സ്വത്വം

അധീശത്വത്തിന്റെ സകല രാഷ്ട്രീയ വിഭാവനകളുടെയും എതിര്‍പക്ഷത്തുള്ള പോരാളിയായി സ്വയം പ്രതിഷ്ഠിച്ച ചിന്തകനായ ഇഖ്ബാല്‍ രാജ്യത്തോടുള്ള സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ഛയുടെയും കാര്യത്തില്‍ ഒട്ടും പുറകിലായിരുന്നില്ല.

Miqbal4
മുഹമ്മദ് ഇഖ്ബാൽ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ രൂപപ്പെട്ടതും ഇപ്പോഴും തുടരുന്നതുമായ ഒരു ഭാഷാ തര്‍ക്കമാണ് Hindi-Urdu controversy. ഉല്‍ഭവവും സ്ഥിതിയും കൊണ്ട് രണ്ടും ഒരേ ഭാഷയാണോ അതോ ഒരേ ഭാഷയുടെ ദേശ്യഭേദങ്ങള്‍ (dialects) ആണോ തുടങ്ങിയ കാര്യങ്ങളിലാണ് തര്‍ക്കം തുടങ്ങുന്നത്. അതാകട്ടെ, ദേശീയ ഭാഷ എന്ന നിലക്കുള്ള ഓരോന്നിന്റെയും വ്യത്യസ്തമായ സ്വത്വങ്ങളെക്കുറിച്ച ചര്‍ച്ചയിലേക്ക് തന്നെ വികസിച്ചു. (ഘഡീബോലി എന്ന പ്രാചീന ഇന്ത്യന്‍ ഭാഷയുടെ ഡയലെക്ടുകളാണ് ഉര്‍ദു, ഹിന്ദി, ഹിന്ദുസ്ഥാനി എന്നിവ എന്നാണ് പൊതുവായ നിഗമനം. ഘഡീബോലിയില്‍ പാര്‍സി, അറബി, സംസ്‌കൃതം എന്നീ ഭാഷകള്‍ ചെലുത്തിയ സ്വാധീനത്തില്‍ നിന്നാണ് ഈ ഭാഷകളുടെ ഉല്‍ഭവം. പാര്‍സി, അറബി, സംസ്‌കൃത ഭാഷകളുടെ സ്വാധീനങ്ങളുടെ ഏറ്റക്കുറച്ചിലാണ് ഉര്‍ദൂവിനെയും ഹിന്ദിയെയും ഹിന്ദുസ്ഥാനിയെയും മൂന്നായി നിലനിര്‍ത്തുന്ന ഏറ്റവും പ്രധാന ഘടകം. ഉര്‍ദു പാര്‍സി ലിപിയും ഹിന്ദി ദേവനാഗരി ലിപിയും സ്വീകരിച്ചു. ഇന്ത്യയിലെ സാമാന്യ ജനത്തിന്റെ ഭാഷയായ ഹിന്ദുസ്ഥാനിയില്‍ ഉര്‍ദു സ്വാധീനമാണ് കൂടുതലെങ്കിലും അത് എഴുതുന്നത് ദേവനാഗരി ലിപിയിലാണ്). ഈ തര്‍ക്കത്തില്‍ ഇടപെട്ടു കൊണ്ട് ഗാന്ധിജി പറഞ്ഞ ഒരു കാര്യമുണ്ട്. “ഇഖ്ബാലിന്റെ ഹിന്ദുസ്ഥാന്‍ ഹമാരാ കേള്‍ക്കുമ്പോള്‍ ഏത് ഹൃദയമാണ് സ്പന്ദിക്കാത്തത്? ഇഖ്ബാലിന്റെ ഭാഷ ഹിന്ദിയോ ഉര്‍ദുവോ ഹിന്ദുസ്ഥാനിയോ, ഏതുമാകട്ടെ, അത് ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന്, അതിന് മധുരമില്ലെന്ന്, അത് ഉത്തമമായ ചിന്ത പ്രകടിപ്പിക്കുന്നില്ലെന്ന് ആരാണ് പറയുക?”

ദേശം എന്നത് ദേശീയതയില്‍ നിന്നും ദേശരാഷ്ട്രത്തില്‍ നിന്നും ഭിന്നമാണെന്ന് പ്രഖ്യാപിച്ച ഇഖ്ബാല്‍, കൊളോണിയല്‍ ദേശരാഷ്ട്ര സങ്കല്‍പത്തിന് ബദലായി കൊളോണിയല്‍ വിരുദ്ധ ദേശരാഷ്ട്രത്തെ മുന്നോട്ടു വെച്ച ഇന്ത്യന്‍ ദേശീയവാദികളോട് വിയോജിച്ചു. കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമാണ് ദേശരാഷ്ട്രമെന്ന് അദ്ദേഹം വിലയിരുത്തി.

ദേശീയതയെ അദ്ദേഹം ഒരു വിഗ്രഹമായാണ് കണ്ടത്. എന്തെങ്കിലും ഉപകാരങ്ങള്‍ ചെയ്യുന്നതില്‍ നിസ്സഹായമായത് എന്നും ജീവിതത്തെ ആകാശത്ത് നിന്ന് പിടിവിട്ട് കാറ്റിനാല്‍ റാഞ്ചപ്പെട്ട് അഗാധഗര്‍ത്തത്തില്‍ തള്ളിയിടപ്പെടുന്ന ഒന്നാക്കി മാറ്റുന്നത് എന്നും ഖുര്‍ആന്‍ പറയുന്ന അസ്‌നാം എന്ന അതേ സംവര്‍ഗത്തില്‍ തന്നെയാണ് അദ്ദേഹം ദേശീയതയെയും പെടുത്തിയത്. കത്തോലിക്കാ മതാധിപത്യത്തിന്റെയും റോമാ സാമ്രാജ്യത്തിന്റെയും തകര്‍ച്ച ദേശീയതയുടെ ഉദയത്തിന് കാരണമായി. എന്നാല്‍ ദേശീയതയുടെ പേരില്‍ ഉല്‍ഭവിച്ച സംഘട്ടനങ്ങളും മല്‍സരങ്ങളും പാശ്ചാത്യന്‍ സംസ്‌കാരത്തെത്തന്നെ ദുഷിപ്പിച്ചു എന്നാണ് ഇഖ്ബാലിന്റെ വിലയിരുത്തല്‍.

ദേശസ്‌നേഹം ഉന്നതമായ ലക്ഷ്യത്തിലേക്കെത്തുന്നില്ലെങ്കില്‍ അത് ദുര്‍ബ്ബലരാജ്യങ്ങളെ കീഴടക്കാനുള്ള ഉപകരണമായി അധഃപതിച്ചേക്കാം എന്ന് ദേശസ്‌നേഹത്തെക്കുറിച്ച കാഴ്ചപ്പാടുകളെത്തന്നെ അദ്ദേഹം സംഗ്രഹിക്കുന്നു. ഇന്ത്യയെപ്പോലെ ചൈനയും അറേബ്യയും സ്‌നേഹിക്കപ്പെടേണ്ടത് തന്നെയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

പാകിസ്ഥാന്റെ പിതാവായി അദ്ദേഹത്തെ മുദ്ര കുത്തുന്നത് അദ്ദേഹത്തിന്റെ തത്വങ്ങളോട് ചെയ്യുന്ന അനീതിയാണ്. അപകോളനീകരണത്തിന്റെ രാഷ്ട്രീയം എന്ന ഭാവിയിലേക്ക് നയിച്ചേക്കാവുന്ന പ്രബലമായ ഒരു മുസ്‌ലിം ദേശത്തിന്റെ സാധ്യതകളെ മാത്രമേ അദ്ദേഹം കണ്ടുള്ളൂ. മുസ്‌ലിം എന്ന സ്വത്വത്തെയും ഇസ്‌ലാം എന്ന ദര്‍ശനത്തെയും അദ്ദേഹം വിലയിരുത്തിയത് അപ്രകാരമാണ്. മുസ്‌ലിംകള്‍ക്ക് ഒരു ദേശരാഷ്ട്രം എന്ന മുദ്രാവാക്യത്തെ അദ്ദേഹം പിന്തുണച്ചതേയില്ല. ഒരു ദേശം എന്ന നിലയില്‍, ദേശരാഷ്ട്രം എന്ന നിലയിലോ ദേശീയത എന്ന നിലയിലോ അല്ല, ഇസ്ലാമിന് പുതിയൊരു തുടക്കം കുറിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചേക്കും എന്ന വിശ്വാസം.

ദേശീയതയും മാനവികതയും

അതിര്‍വരമ്പുകളെ അതിജയിക്കുന്ന വേദസംജ്ഞകളെക്കുറിച്ച പരാമര്‍ശത്തിലാണല്ലോ ഈ പ്രബന്ധം തുടങ്ങിയത്? ഒരു തരം ഗോത്രദേശീയത പ്രവാചകന്റെ കാലത്ത് നിലനിന്നിരുന്നുവെന്നു കരുതാം. അദ്ദേഹമാകട്ടെ, ഗോത്രസ്വത്വങ്ങളെയോ അതുമായി ബന്ധപ്പെട്ട സാംസ്‌കാരിക വൈവിധ്യങ്ങളെയോ നിരാകരിച്ചില്ല. എന്നാല്‍ വംശീയമായ ഉത്കൃഷ്ടതാ വാദങ്ങളെയും മുന്‍വിധികളെയും തീര്‍ത്തും നിരാകരിക്കുകയും ചെയ്തു. ഗോത്രദേശീയതയെ അടയാളപ്പെടുത്താനുതകുന്ന ഒരു പദം അദ്ദേഹം പ്രയോഗിച്ചത് അസബിയ്യഃ എന്നാകുന്നു. അസബിയ്യയിലേക്കു വിളിക്കുന്നവനും അതിനു വേണ്ടി പൊരുതുന്നവനും അതില്‍ മരിക്കുന്നവനുമൊന്നും തന്റെ കൂട്ടത്തില്‍പ്പെട്ടവരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Scissors-and-String  യഥ്‌രിബ് എന്ന മദീനയില്‍ നിലനിന്നിരുന്ന ഗോത്രദേശീയസംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സ്ഥാപിതമായ, യഥ്‌രിബിന്റെ പൊതു ദേശീയതയുടെ ആധാരത്തില്‍ ഒരു സമവായം രൂപപ്പെട്ട സമയത്താണ് നബി തിരുമേനി അവിടേക്ക് വരുന്നത്. മദീനയിലെ അന്നത്തെ ദേശീയനേതാവ് അബ്ദുല്ലാഹ് ബ്‌നു ഉബയ്യ് പ്രവാചകനെതിരില്‍ നിരന്തരമായ പ്രചാരവേലകളിൽ ഏർപ്പെട്ടിരുന്നതായി ചരിത്രത്തില്‍ കാണാം. അതായത്, നബിയുടെ മാനവികതാവാദവും ഇബ്‌നു ഉബയ്യിന്റെ യഥ്‌രിബ് ദേശീയതാ വാദവും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. അന്നത്തെ ഇസ്‌ലാമികസമൂഹത്തിനകത്തു തന്നെയായിരുന്ന ഇബ്‌നു ഉബയ്യും കൂട്ടാളികളും. എന്നാല്‍ യഥ്‌രിബ് (മദീന) വികാരത്തെ മറ്റുള്ളവരില്‍ ഉദ്ദീപിപ്പിക്കുവാന്‍ അയാള്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ദേശവാസികള്‍ ഉന്നതന്മാരും വിദേശികള്‍ തരം താഴ്ന്നവരുമാണെന്ന അയാളുടെ വാദം ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുനാഫിഖൂന്‍). ദേശീയതാവാദാധിഷ്ഠിതമായ അയാളുടെ തന്ത്രങ്ങളും മദീനാ സൊസൈറ്റിയില്‍ അവയുണ്ടാക്കിയ ആഘാതങ്ങളും മറി കടക്കുന്നതിന് നബി ഒരു പാട് ക്ലേശിച്ചിരുന്നു.

എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം, മനുഷ്യന്‍ എന്ന സ്വത്വരൂപത്തിന് നല്‍കുന്ന ആദരവ് ഖുര്‍ആന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരാശയമാണ്. അതിനു താഴെയുള്ള സ്വത്വ സംസ്‌കാര വൈവിധ്യങ്ങളെ അത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാം പ്രതിനിധീകരിക്കുന്ന പൊതു മാനവികതയെ മറികടക്കാന്‍ അതനുവദിക്കുന്നില്ല. എല്ലാ കുടിപ്പകകളെയും എന്റെ കാല്‍ക്കീഴില്‍ ചവിട്ടിയമര്‍ത്തിയിരിക്കുന്നുവെന്നാണല്ലോ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ നബി പ്രഖ്യാപിച്ചത്. മൂല്യങ്ങളുടെയും ദര്‍ശനത്തിന്റെയും പുനരുത്ഥാനത്തെയാണ് ഇസ്‌ലാമിക ചരിത്രം നവോത്ഥാനമായി അംഗീകരിക്കുന്നത്. ജനവിരുദ്ധ ആധുനിക ദേശീയതാവാദം സാംസ്‌കാരിക പുനരുത്ഥാനത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. അതേ സമയം ഇതിന്റെ പ്രതികരണമായി രൂപപ്പെട്ടിട്ടുള്ള ഉത്തരാധുനിക നവദേശീയതാവാദം ചത്തു മണ്ണടിഞ്ഞ ആചാരങ്ങളെയും അപ്രസക്തമായ മിത്തുകളെയും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. പുതിയ ദൈവങ്ങളെ നിര്‍മിക്കുന്നു. ഇതാകട്ടെ, ചക്രത്തെ പുറകോട്ടാണ് തിരിക്കുക.

അദേല പീവ എന്ന ബള്‍ഗേറിയന്‍ ചലച്ചിത്രകാരി Whose is this Song എന്ന ഒരു ഡോകുമെന്ററി സിനിമയെടുത്തിട്ടുണ്ട്. അവരുടെ തന്നെ ഒരന്വേഷണയാത്രയാണ് ഇതിന്റെ പ്രമേയം. തീരെച്ചെറുപ്പം മുതല്‍ക്കു തന്നെ താന്‍ ധാരാളമായി കേട്ടു വളര്‍ന്നിട്ടുള്ള ഒരു ഗാനം, ഒരീണം മറ്റു പല രാജ്യങ്ങളിലെയും ജനങ്ങള്‍ അവരുടേതായി നെഞ്ചേറ്റുന്നുണ്ടെന്ന് മനസ്സിലാക്കുന്നതിനെത്തുടര്‍ന്നാണ് അവരുടെ യാത്ര ആരംഭിക്കുന്നത്. എല്ലാ ബാള്‍ക്കന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ അവരുടെ ഹൃദയത്തില്‍ നിന്നും പുറപ്പെടുവിക്കുന്നൊരീണമായിരുന്നത്. അങ്ങനെയവര്‍ ബാള്‍ക്കന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ബള്‍ഗേറിയ, ഗ്രീസ്, അല്‍ബേനിയ, മാസിഡോണിയ, തുര്‍ക്കി, ബോസ്‌നിയ ഹെര്‍സെഗോവിന എന്നീ രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ ഒരേ ഗാനത്തെ തങ്ങളുടെ മാത്രം സ്വന്തമായിക്കരുതുന്നു. മാസിഡോണിയയിലെ ദര്‍വീശുകളും ഗ്രീസിലെ ചര്‍ച്ചു ഗായകരും ആലപിക്കുന്നത് ഒരേ ഈണം. അതേ ഗാനം തന്നെ പ്രണയിനികളുടെ സ്‌നേഹതാളമായും സമരഭടന്മാരുടെ ആവേശമായും മാറുന്നു. യുദ്ധമുഖത്ത് സൈനികര്‍ക്ക് വീര്യം പകരുന്നതിനും അതേ ഗാനമുപയോഗിക്കുന്നു. ഭൂപടത്തിലെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യന് എല്ലായിടങ്ങളിലും പൊതുവായി ചിലതുണ്ടെന്ന ഓര്‍മപ്പെടുത്തലായി അങ്ങനെ അദേലയുടെ യാത്ര മാറുന്നു.

എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമായിരുന്നില്ല. ദേശസ്‌നേഹപരമായ മുന്‍വിധികള്‍ സംഗീതത്തിന്റെ അതിരുരഹിതത്വത്തെ മറികടക്കുന്നതായിരുന്നു. ഒരേഗാനം പങ്കുവയ്ക്കുന്ന ജനങ്ങള്‍ക്കിടയില്‍ അദൃശ്യമായ സ്‌നേഹത്തിന്റെ ഇഴകളുണ്ടാകുമെന്ന് കരുതി ദേശാന്തരം നടത്തുന്ന ചലച്ചിത്രകാരി ഒടുവില്‍ കണ്ടെത്തുന്നതാകട്ടെ, മനുഷ്യര്‍ പരസ്പരം വെറുക്കാന്‍ കണ്ടെത്തുന്ന ദേശീയവും വംശീയവും ചരിത്രപരവുമായ കാരണങ്ങളെ. ഗാനത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം പൂര്‍ത്തിയാകാതെ അവസാനിപ്പിക്കുകയാണവര്‍. കേവലം ഒരു ഗാനത്തെസ്സംബന്ധിക്കുന്ന വിവരങ്ങളല്ല, അകന്മഷമായ പാരസ്പര്യത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താനായിരുന്നു അവര്‍ യാത്ര തിരിച്ചിരുന്നത്. എന്നാല്‍ കണ്ടെത്തിയത് അതിരുകള്‍ മനുഷ്യത്വത്തെ വിഴുങ്ങുന്ന കാഴ്ചയും.

ദേശം, ദേശീയത്വം എന്നീ യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുകയും സ്വഗൃഹപ്രേമം, സംഘബോധം എന്നിവയുടെ ആധാരത്തിലുള്ള ദേശസ്‌നേഹത്തെ ഉള്‍ക്കൊള്ളുകയും ചെയ്തു കൊണ്ടു തന്നെ, ദേശീയതാവാദം എന്ന ആത്യന്തികതയെ, എല്ലാറ്റിനെക്കാളുമുപരി മാനുഷികതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ദര്‍ശനത്തിന്റെ ആധാരത്തില്‍ നാം വിശകലനവിധേയമാക്കേണ്ടതുണ്ട്. മഹാകവി പ്രഖ്യാപിച്ചതു പോലെ മനുഷ്യത്വം തന്നെയാണ് മനുഷ്യന്റെ ശരിയായ അഭയകേന്ദ്രം.

ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

additional_cab2d50a6f71c8a042336936d92aa543f9dce774-8

ദേശീയതയെപ്പറ്റി – ഒന്നാം ഭാഗം

I am against any nationalism; even in the guise of mere patriotism – Albert Einstein

Patriotism can not be our spiritual shelter. My refuge is humanity – Rabindranath Tagore

അതിര്‍ വരമ്പുകളെ അതിലംഘിക്കുന്ന ചില പദങ്ങളുണ്ട്. ഖുര്‍ആനില്‍ മുസ്‌ലിം എന്ന വാക്ക് അങ്ങനെയാണ് ഉപയോഗിക്കുന്നത്. ഇപ്പോഴും ഇതിന് മുമ്പും ഈ നിലപാട് കൈക്കൊണ്ടവര്‍ മുസ്‌ലിംകള്‍ തന്നെ എന്നാണ് ഖുര്‍ആന്‍ സൂറഃ അല്‍ ഹജ്ജിലെ അവസാനത്തെ ആയത്തില്‍ പറയുന്നത്. ഇതിലൂടെ ദേശത്തെ മാത്രമല്ല, കാലത്തെക്കൂടി അതിവര്‍ത്തിക്കുന്ന ഒരു സംജ്ഞയാണ് ഖുര്‍ആന്‍ അതിന്റെ അനുഗാതാക്കള്‍ക്ക് നല്‍കുന്നത് എന്ന് വരുന്നു. ബനൂ ഇസ്‌റാഈല്‍ എന്ന് ഖുര്‍ആന്‍ വിളിക്കുന്ന യൂദ സമൂഹത്തിന്റെ ആദ്യകാല നാമം എബ്രായ എന്നായിരുന്നു. ഈ പേരിന്റെ ഉല്‍ഭവത്തെപ്പറ്റി ഇവിടെ പ്രസക്തമായ ചില നിരീക്ഷണങ്ങളുണ്ട്. അതിലൊന്ന് അബ്രഹാമില്‍ നിന്ന് ഉണ്ടായതാണ് ആ പദം എന്നാണ്. അബ്രഹാമിനെ, ഇബ്‌റാഹീമിനെ വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത് ഇമാമുന്‍ ലിന്നാസ് എന്നാണല്ലോ. ജനതകളുടെ നേതാവ്. ഇതിലെ അന്നാസ് എന്ന സംവര്‍ഗം എല്ലാ അതിരുകളെയും ഭേദിക്കുന്ന ഒന്നാണ്. ദേശമോ വംശമോ ഗോത്രമോ ഇല്ലാത്തത്. ഇല്ലാത്തത് എന്ന് പറഞ്ഞാല്‍ പൂര്‍ണമായും ഇല്ലാത്തത് എന്നു തന്നെ. ഇബ്‌റാഹീമിന്റെ മില്ലത്ത് (മാര്‍ഗം) എന്ന് പറഞ്ഞാല്‍ എല്ലാത്തരം വിഭാഗീയ കാഴ്ചപ്പാടുകളെയും പൂര്‍ണമായും നിശിതമായും തള്ളിക്കളയുന്നു.

fa33e6a3c64f4ce9d077ab990e6f69b5  എബ്രായ എന്ന പദത്തിന്റെ മറ്റൊരു വിശദീകരണം അത് യൂദസമൂഹത്തിന്റെ ഭാഷയുടെ പേരാണ് എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ സമൂഹം എബ്രായ എന്ന് വിളിക്കപ്പെട്ടത് കൊണ്ടാണ് അവരുടെ ഭാഷയ്ക്കും ആ പേര് വന്നത്. ആദിമ കനാന്യഭാഷയുടെ ഡയലക്ട് ആണ് എബ്രായ. കനാന്യനില്‍ ആ പദത്തിന്റെ അര്‍ത്ഥം അതിരുകള്‍ ഭേദിക്കുന്നത് എന്നാകുന്നു. സാമുദായികമോ ദേശീയമോ ആയ എല്ലാ അതിരുകളെയും ഭേദിക്കുന്നു എന്നാണ് അത്  സൂചിപ്പിക്കുന്നത്. പ്രവാചകന്മാരുടെ സമൂഹം എന്ന നിലയില്‍ ദൈവം അവര്‍ക്ക് നല്‍കിയ പേരാണത് എന്ന് ചിന്തിക്കാം.

ഓരോ സമൂഹവും താന്താങ്ങളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും സംസ്‌കാരത്തിലും നില കൊള്ളുമ്പോള്‍ത്തന്നെയും ഇപ്പറഞ്ഞതൊന്നും വൈകാരികമായ മേല്‍ക്കൈ നേടരുതെന്നും അത്തരം സങ്കുചിതത്വങ്ങളെ അതിവര്‍ത്തിക്കുക എന്നതാണ് യഥാര്‍ത്ഥലക്ഷ്യത്തിലേക്കുള്ള ഉപായം എന്നുമാണ് ഇതിലൂടെ പഠിപ്പിക്കപ്പെടുന്നത്.

ദേശം, ദേശീയത്വം, ദേശീയതാവാദം

Natio എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥം place of birth എന്നാണ്. ഇതില്‍ നിന്നാണ് Nation (ദേശം) എന്ന വാക്കുണ്ടാവുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെ മിക്ക ജന്തുക്കളിലും കാണപ്പെടുന്ന രണ്ട് വികാരങ്ങള്‍ ദേശം എന്ന യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്‌കാരത്തിന് നിമിത്തമാകുന്നുണ്ട്. സ്വഗൃഹപ്രേമവും സംഘബോധവുമാണത്. ജന്മസ്ഥലം ഉള്‍പ്പെടെ സ്വന്തം ചുറ്റുപാടുകളോടുള്ള സഹജവും സ്വാഭാവികവുമായ പ്രതിബദ്ധതയെ സ്വഗൃഹപ്രേമം എന്ന് വിളിക്കാം. അതാകട്ടെ, സ്വന്തം കുടുംബം, ഗോത്രം, സമുദായം എന്നിങ്ങനെ വികസിച്ച് ദേശത്തിലേക്കെത്തുകയാണ് ചെയ്യുക. അതായത് സ്വഗൃഹപ്രേമം ഒരാളില്‍ ദേശസ്‌നേഹമായും പ്രകാശിതമാകുന്നു. മനുഷ്യന്‍ എന്ന കാഴ്ചപ്പാട് ദേശത്തെ റദ്ദ് ചെയ്യുന്ന ഒന്നല്ല. അതിനാല്‍ത്തന്നെ സമുദായങ്ങളെയും സാമുദായികവും പ്രാദേശികവുമായ സംസ്‌കാരങ്ങളെയും റദ്ദ് ചെയ്യാന്‍ ദേശത്തിനും അധികാരമില്ല. ജന്മസ്ഥലം എന്ന യാഥാര്‍ത്ഥ്യത്തെ ദേശം എന്നതിലേക്ക് വികസിപ്പിച്ചത് മനുഷ്യനാണ്. ആ വിഭജനം പ്രകൃതിപരമൊന്നുമല്ല. കുടുംബം, സമുദായം തുടങ്ങിയവയാകട്ടെ, ദേശം എന്നതിനെക്കാള്‍ ശുദ്ധവും മൗലികവുമായ (genuine) യാഥാര്‍ത്ഥ്യങ്ങളാകുന്നു. ഭൂമിശാസ്ത്രപരമായ അതിരുകളാണ് ദേശത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ദേശം ഒരു ആദര്‍ശമല്ല. അതേസമയം കുടുംബം എന്നതില്‍ രക്തബന്ധം എന്ന ജൈവികത കുടികൊള്ളുന്നു. സമുദായമാകട്ടെ, ആദര്‍ശത്താലോ വിശ്വാസത്താലോ ബന്ധിതവുമായിരിക്കും.

ഒരാളുടെ ദേശീയമായ സ്വത്വത്തെ അയാളുടെ ദേശീയത്വം (nationality) ആയി മനസ്സിലാക്കാം. അതായത്, രാജ്യത്തിന്റെ അതിരുകള്‍ അതിനകത്തുള്ളവര്‍ക്ക് നല്‍കുന്ന ഐഡന്റിറ്റിയാണ് നാഷനാലിറ്റി. അതേസമയം ദേശം ആദര്‍ശമായി മാറുന്നേടത്താണ് ദേശീയതയും ദേശീയതാവാദവും (nationalism) ഉല്‍ഭവിക്കുന്നത്.

സ്വഗൃഹം എന്നതില്‍ വ്യവഹരിക്കാവുന്ന ഏതൊരു തലവും എന്ന പോലെത്തന്നെ ദേശത്തിന്റെയും ആദര്‍ശവല്‍ക്കരണം ദേശീയബോധത്തിന്റെ അതിരുകവിച്ചില്‍ (Chauvinism) സൃഷ്ടിക്കുന്നു. ഇതാകട്ടെ, ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ളവരെ അപരന്മാര്‍ ആക്കുകയും അവരോടുള്ള വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നു. സെനഫോബിയ (Xenophobia) എന്ന് ഈ മാനസികാവസ്ഥയ്ക്ക് പേരുണ്ട്. Xenon എന്നാല്‍ അപരന്‍, വിദേശി എന്നെല്ലാമാണ് അര്‍ത്ഥം.

Painting by Frédéric Bruneau
Painting by Frédéric Bruneau

അതോടൊപ്പം, ദേശീയതാവാദത്തിന്റെ തലത്തില്‍ നിന്നു കൊണ്ട് പരിശോധിക്കുമ്പോള്‍, ഒരു രാഷ്ട്രത്തിന്റെ പൊതുവായ സാംസ്‌കാരിക പൈതൃകത്തെയും മറ്റും എങ്ങനെയാണ് നിര്‍വചിക്കുക? പൊതുവേ ബഹുസ്വരമാണ് മിക്കവാറും ആധുനിക രാഷ്ട്രങ്ങളിലെ ജനതയെല്ലാം തന്നെ. സ്വിറ്റ്‌സര്‍ലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാകട്ടെ, ഈ ബഹുത്വം അതിന്റെ ഏറ്റവുമുന്നതിയില്‍ നില്‍ക്കുന്നു. ഒട്ടേറെ ഭാഷകള്‍ സംസാരിക്കുന്ന ജനതയാണ് സ്വിറ്റ്‌സര്‍ലന്റിലേത്. ഇന്ത്യയിലെ മത, ഭാഷാ വൈവിധ്യങ്ങളാകട്ടെ അസംഖ്യം. ഈ ബഹുസ്വരതയെ അതേ നിലക്ക് അഭിമുഖീകരിക്കാനോ അംഗീകരിക്കാന്‍ പോലുമോ പലപ്പോഴും ദേശീയതക്ക് സാധിക്കാറില്ല. ചരിത്രപരമോ സാമൂഹികമോ ആയ സാഹചര്യങ്ങളാല്‍ അധീശപദവി കൈയടക്കുന്ന വിഭാഗങ്ങള്‍ ദേശീയ ജനതയുടെ സ്ഥാനത്ത് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും മാത്രമാണ് ദേശസംസ്‌കാരമെന്ന ബോധം അടിച്ചേല്പിക്കുകയും ചെയ്യാറുണ്ട്. ഇതു വഴി ഒരുമിച്ചു ചേര്‍ത്താല്‍ രാജ്യ പൗരന്മാരില്‍ വലിയൊരു ഭൂരിപക്ഷം തന്നെ വന്നേക്കാവുന്ന സമൂഹങ്ങള്‍ അപരവല്‍ക്കരിക്കപ്പെടുന്നു. അങ്ങനെ ദേശീയത ജനവിരുദ്ധവും അക്കാരണത്താല്‍ത്തന്നെ ദേശവിരുദ്ധവുമായിത്തീരുകയും ചെയ്യുന്നു.

ഒരര്‍ത്ഥത്തില്‍ ഇന്ത്യയെപ്പോലുള്ള സ്ഥലങ്ങളിലെങ്കിലും രാജഭരണകാലത്തെ രാജഭക്തിയാണ് ആധുനികതയില്‍ ദേശീയതാവാദമായി പരിണമിച്ചതെന്നു പറയാം. അതിര്‍ത്തികളോടുള്ള വ്യഗ്രത രണ്ടിലുമുണ്ട്. അതിര്‍ത്തി വിപുലീകരണ വ്യഗ്രതയും (രാഷ്ട്ര വികസനവാദം) ഇതിലടങ്ങിയിട്ടുണ്ട്. ഈ വികാരത്തിലൂടെ രാജാവിന്റെ അധികാരാതിര്‍ത്തിയാണ് സംരക്ഷിക്കപ്പെടുകയോ വിപുലീകരിക്കപ്പെടുകയോ ചെയ്യുന്നത്. കൊളോണിയല്‍ കാലത്ത് രാജാവിന്റെ അധികാരാതിര്‍ത്തി എന്നതിനു പകരം വിപണിയുടെ അതിരടയാളങ്ങള്‍ എന്ന മനോനില വന്നു. രാജാവിന്റെ സ്വേച്ഛാധികാരമായാലും വിപണിയുടെ അതിരടയാളങ്ങളായാലും സംരക്ഷിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുക എന്നത് ദേശസ്‌നേഹം എന്ന, പവിത്രീകരിക്കപ്പെട്ട വികാരത്തിന്റെ പേരിലാവുന്നതോടെ അതുമായി 5d696471e2d87a0f6f1b2528ebcc6ff8ബന്ധപ്പെട്ട സംരംഭങ്ങളില്‍ പങ്കു ചേരാന്‍ ദേശത്തിലെ മുഴുവനാളുകളും നിര്‍ബ്ബന്ധിതരാകുന്നു. മാത്രവുമല്ല, ദേശീയതയെക്കാള്‍ പവിത്രമായ മറ്റൊന്നില്ലെന്നു വരുന്നതോടെ രാഷ്ട്രവികസനശ്രമത്തിനിടയിലെ അമാനവികമായ നിഷ്ഠുരതകള്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. പുതിയ കാലത്തെ ദേശീയ പ്രതിബദ്ധതയുമായി ബന്ധപ്പെട്ട ക്രൂരതകളെ സോഷ്യല്‍ ഡാര്‍വിനിസം കൊണ്ട് ന്യായീകരിക്കാറുമുണ്ട്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ പ്രകൃതിനിയമമാണത് എന്ന് വാദിക്കപ്പെടാറുണ്ട്. രാജ്യതന്ത്രത്തിന്റെ അനിവാര്യവികാസമായി യുദ്ധവും ആക്രമണവും മാറുന്നതങ്ങനെയാണ്.

ദേശീയതാവാദത്തിന്റെ വികാസം

ദേശീയതയെ ഒരു ആദര്‍ശമായി വളര്‍ത്തിയതും പ്രചരിപ്പിച്ചതും യൂറോപ്യരാണ്. ഫ്രഞ്ച് വിപ്ലവം, ജ്ഞാനോദയം, മതനവീകരണം, വ്യവസായ വിപ്ലവം, മുതലാളിത്തവും കോളനീകരണവും തുടങ്ങിയ പശ്ചാത്തലങ്ങള്‍ ആധുനികകാലത്തെ യൂറോപ്യന്‍ ദേശീയതാവികാരത്തിന്റെ വളര്‍ച്ചയ്ക്കു പിറകിലുണ്ട്.

മധ്യകാലഘട്ടത്തില്‍ യൂറോപ്പ് റോമാ സാമ്രാജ്യത്തിന്റെയും മാര്‍പ്പാപ്പയുടെയും കീഴിലായിരുന്നപ്പോള്‍ ദേശവുമായി ബന്ധപ്പെട്ട വികാരങ്ങള്‍ അത്ര ശക്തമായിരുന്നില്ല. അക്കാലത്ത് ലാറ്റിന്‍ യൂറോപ്പിന്റെ പൊതുഭാഷയുമായിരുന്നു. പിന്നീട് ശക്തരായ രാജാക്കന്മാര്‍ക്കു കീഴില്‍, റോമിന്റെയും പോപ്പിന്റെയും അധികാരത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മുക്തമായിത്തുടങ്ങിയതോടെയാണ് ദേശീയത ശക്തി പ്രാപിച്ചു തുടങ്ങിയത്. ലാറ്റിന്റെ പദവി നഷ്ടപ്പെടുകയും ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് തുടങ്ങിയ പ്രാദേശികഭാഷകള്‍ ശ്രദ്ധിക്കപ്പടുകയും ചെയ്തു. മതനവീകരണത്തെത്തുടര്‍ന്ന് പ്രൊട്ടസ്റ്റന്റ് സഭകള്‍ ശക്തിപ്പെട്ടതോടെ പോപ്പിന്റെ അധികാരത്തിനു പുറത്ത്, ദേശീയതലത്തിലുള്ള സഭകള്‍ വളര്‍ന്നു വന്നു. പള്ളിയുടെ ഉഗ്രശാസനകളില്‍ക്കഴിഞ്ഞിരുന്ന യൂറോപ്പിനെസ്സംബന്ധിച്ചിടത്തോളം കൂടുതല്‍ മതമുക്തരായിത്തീരാന്‍ കൂടുതല്‍ ദേശഭക്തരാവേണ്ടതുണ്ടായിരുന്നു.

ഫ്രഞ്ചു വിപ്ലവവും ദേശീയതാവാദത്തിന് ഊര്‍ജം പകര്‍ന്നു. ഫ്രഞ്ച് ദാര്‍ശനികനായ റൂസ്സോ പിതൃരാജ്യത്തോടുള്ള കൂറിനെ ഒരു പൗരന്റെ മറ്റെന്തിനെക്കാളും വലിയ ഗുണമായി അവതരിപ്പിച്ചു. ദേശീയ ചിഹ്നങ്ങള്‍, അവയുടെ പവിത്രത തുടങ്ങിയവയെ ലോകത്തിനു പരിചയപ്പെടുത്തിയതും ഫ്രഞ്ചു വിപ്ലവമാണ്. ഒരര്‍ത്ഥത്തില്‍ പഴയ ഗോത്രജീവിതവ്യവസ്ഥയിലെ റ്റോട്ടം സമ്പ്രദായത്തിനു തുല്യമാണ് ദേശീയ ചിഹ്നങ്ങള്‍ എന്നു പറയാം.

വ്യവസായവിപ്ലവാനന്തരം മുതലാളിത്തത്തിന്റെ വികാസം, പുതിയ ഭൂപ്രദേശങ്ങളുടെ കണ്ടുപിടുത്തം എന്നിവ യൂറോപ്പില്‍ ദേശീയബോധത്തെ ശക്തിപ്പെടുത്തി. കൂട്ടത്തില്‍ വെള്ളക്കാരന്റെ വംശീയ അഹന്ത കൂടി ഒത്തുചേര്‍ന്നതോടെ ഇതര ഭൂപ്രദേശങ്ങള്‍ക്കും ജനതകള്‍ക്കും മേലുള്ള കൈയേറ്റങ്ങള്‍ ന്യായീകരിക്കപ്പെട്ടു. അമേരിക്കന്‍ ഭൂപ്രദേശത്ത് കടന്നു കയറിയ യൂറോപ്യന്മാര്‍ അവിടുത്തെ ആദിമ ഗോത്രങ്ങളില്‍ ഏതാണ്ട് മിക്കതിനെയും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കി. അതോടെ അവിടെ ആധിപത്യം കൈയടക്കിയ വെള്ളക്കാരാവട്ടെ, അധികം താമസിയാതെ പുതിയ അമേരിക്കന്‍ ദേശീയ ബോധം വളര്‍ത്തിയെടുക്കുകയും മാതൃരാജ്യങ്ങളുമായി പോരാട്ടങ്ങളിലേര്‍പ്പെട്ട് സ്വതന്ത്രരാജ്യങ്ങളായിത്തീരുകയും ചെയ്തു. ദേശീയ ബോധവും ദേശീയതയും പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാവുന്നതിന്റെ ഉദാഹരണവും കൂടിയായിത്തീര്‍ന്നു അത്. തൊട്ടു മുമ്പു വരെ ഇംഗ്ലീഷ് ദേശീയതയുടെയും മറ്റും പരിധിയില്‍ വന്നിരുന്നവരാണ് പുതുതായൊരു അമേരിക്കന്‍ ദേശീയത സ്ഥാപിച്ചെടുത്തത്.

വെള്ളവംശീയത, ദേശീയതാവാദത്തിന് അതിക്രൂരമായ മുഖമാണ് നല്‍കിയത്. അധിനിവിഷ്ടദേശങ്ങളില്‍ വെള്ളക്കാര്‍ ചെയ്തു കൂട്ടിയ ക്രൂരതകള്‍ക്ക് കണക്കില്ല. വൈറ്റ് മാന്‍സ് ബേഡന്‍, വെസ്റ്റ് ആന്റ് റെസ്റ്റ്, റെസ്റ്റ് ഒഫ് ദ വേള്‍ഡ് തുടങ്ങിയ പ്രയോഗങ്ങള്‍ തന്നെ കൊളോണിയല്‍ അധിനിവേശകാലത്തെ യൂറോപ്യന്‍ വംശീയ ബോധത്തിന്റെ മൂര്‍ധന്യത്തെയാണ് സൂചിപ്പിക്കുന്നത്.

Laststand  വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് രൂപപ്പെട്ട ഉദാരതാ സിദ്ധാന്തങ്ങടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനം ഈ ദേശീയ ബോധം തന്നെയായിരുന്നെന്നു കാണാം. ഉദാരദേശീയതാവാദം (Liberal Nationalism) പൗരന്മാരില്‍ അങ്ങേയറ്റത്തെ രാഷ്ട്രവിധേയത്വം സൃഷ്ടി്ച്ചു. അതോടൊപ്പം ഗവണ്‍മെന്റിന്റെ ലക്ഷ്യം സ്വന്തം രാജ്യപരിധിക്കകത്തുള്ള ജനങ്ങള്‍ക്ക് പരമാവധി സുഖവും സന്തോഷവും നല്‍കുക എന്നതുമായിത്തീര്‍ന്നു. എന്നാല്‍ ഇത് രാജ്യങ്ങള്‍ തമ്മിലുള്ള അന്യായമായ ഏറ്റുമുട്ടലുകള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കുമിടയാക്കി. ദേശതാല്‍പര്യങ്ങള്‍ ഏതക്രമത്തിനും ന്യായീകരണമായിത്തീരുകയാണല്ലോ. യുദ്ധത്തില്‍ തങ്ങളുടെ ഭൂപരമായ അതിര്‍ത്തിക്കകത്തുള്ള സൈനികര്‍ വീരന്മാരും അതിനു പുറത്തുള്ളവര്‍ അക്രമികളുമായി മാറുന്നതിന്റെ മനശ്ശാസ്ത്രവും ഇതു തന്നെ. അതിരാണ് നന്മ തിന്മകളുടെ പരമമായ മാനദണ്ഡം.

ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണം

ചരിത്രപരമായി ഇന്ത്യ എന്നത് ഒരു ഏകസംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയല്ല. കൊളോണിയല്‍ കാലഘട്ടത്തിന് മുമ്പ് ഒരു ദേശമായിട്ടല്ലാതെ ഒരു ദേശരാഷ്ട്രമായി ഇന്ത്യ നിലനിന്നിട്ടേയില്ല. ബി.സി.ഇ അയ്യായിരത്തോടടുത്ത് ഇവിടെ ആഫ്രിക്കയില്‍ നിന്നുള്ള നീഗ്രോയ്ഡുകളും ആസ്‌ത്രേലിയയില്‍ നിന്നുള്ള ആസ്ത്രലോയ്ഡുകളുമാണ് പ്രവേശിച്ചത്. അവരാണ് മെഹര്‍ഗഢ് സംസ്‌കാരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദിമസംസ്‌കാരത്തിന്റെ പ്രയോക്താക്കള്‍. ബി.സി.ഇ മൂവായിരത്തോടെ ഏഷ്യാമൈനറില്‍ നിന്നും ദ്രാവിഡരും ആയിരത്തറുന്നൂറോടെ മധ്യേഷ്യയില്‍ നിന്ന് ആര്യന്മാരും പ്രവേശിച്ചു. മേധാവിത്തം പിടിച്ചടക്കാനുള്ള ഏറ്റുമുട്ടലുകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിയെങ്കിലും അതാത് സംസ്‌കാരങ്ങള്‍ ഒട്ടൊക്കെ തനിമകള്‍ നിലനിര്‍ത്തിക്കൊണ്ടും ആദാനപ്രദാനങ്ങളിലൂടെയും ഇവിടെ വികസിച്ചു. തുടര്‍ന്ന് പാര്‍സികളും അറബികളുമൊക്കെയായി ഒട്ടേറെ ജനവിഭാഗങ്ങള്‍ ഈ പ്രദേശത്തേക്ക് പ്രവേശിക്കുകയും ഇവിടെ അതിജീവനം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ എല്ലാ ജനവിഭാഗങ്ങളുടെയും സംഭാവനകള്‍ സ്വീകരിച്ചു കൊണ്ടാണ് ഇന്ത്യയുടെ വളര്‍ച്ച. അതായത് inclusion ആയിരുന്നു അതിന്റെ സ്വഭാവം. എന്നാല്‍ വര്‍ണാശ്രമധര്‍മത്തിന്റെ പ്രയോഗം സൃഷ്ടിച്ച ശ്രേണീബദ്ധത അധികാരത്തിന്റെ സ്വഭാവമാര്‍ജിച്ചതോടെയാണ് exclusion വരേണ്യതയുടെ സ്വഭാവമായി മാറിയത്.

കൊളോണിയല്‍ അധിനിവേശങ്ങളോടുള്ള ചെറുത്തുനില്‍പ്പ് ആണ് ഇന്ത്യയില്‍ ദേശീയമായ ബോധം സൃഷ്ടിച്ചത്. ദേശീയബോധം അധിനിവേശവിരുദ്ധമായ പോരാട്ടങ്ങളില്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. മഹാത്മാഗാന്ധിയും മറ്റ് ഇന്ത്യന്‍ ദേശീയ നേതാക്കളും ഇന്ത്യന്‍ ദേശീയബോധത്തെ ഉദ്ദീപിപ്പിച്ചത് ബ്രിട്ടീഷധീശത്വവിരുദ്ധ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ സാംസ്‌കാരികവും സാമൂഹികവുമായ നവോത്ഥാന മുന്നേറ്റങ്ങള്‍ ഇതിനെ ഒന്നുകൂടി ശക്തിപ്പെടുത്തി. പുരോഗമനാശയങ്ങളുടെ പിന്‍ബലം ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിനു ലഭിക്കുകയും ചെയ്തു.

ഇപ്രകാരം പല രാജ്യങ്ങളിലും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും വിദേശ മേല്‍ക്കോയ്മകളില്‍ നിന്നുള്ള മോചനത്തിനും ദേശീയത ഉപകരണമായിത്തീര്‍ന്നു. യൂറോപ്പിനകത്തും പുറത്തും ഇതിനുദാഹരണങ്ങളുണ്ട്. ഹോളണ്ടിന്റെ അധീശത്വത്തില്‍ നിന്ന് ബെല്‍ജിയവും റഷ്യന്‍ മേധാവിത്വത്തില്‍ നിന്ന് പോളണ്ടും വിമുക്തി നേടിയതങ്ങനെയാണ്. സൈമണ്‍ ബോളിവറിനെപ്പോലുള്ള നേതാക്കന്മാര്‍ ലാറ്റിനമേരിക്കയിലെ വിവിധരാജ്യങ്ങളെ ഇതു പോലെ ഉദ്ദീപിപ്പിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാര്‍ സ്വരാജ്യത്തിലെ സര്‍ക്കാറിന്റെ ആധിപത്യത്തിനെതിരായ് നടത്തിയ സമരങ്ങളുടെ ഫലമായാണ് ഐക്യനാടുകളെന്ന രാജ്യം തന്നെ. എന്നാല്‍ യൂറോപ്പിലെ ഈ ഓരോ രാജ്യവും തങ്ങളുടെ അതിര്‍ത്തികളെ വിപുലീകരിക്കാന്‍ ഇതര ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും മേല്‍ ഭീകരമായ ആക്രമണങ്ങളഴിച്ചു വിട്ടതിനും ചരിത്രം സാക്ഷിയായി.

ഇറാഖി ചിത്രകാരൻ Paul Batou വിന്റെ The Genocide എന്ന പെയിന്റിങ്
ഇറാഖി ചിത്രകാരൻ Paul Batou വിന്റെ The Genocide എന്ന പെയിന്റിങ്

കൊളോണിയല്‍ വിരുദ്ധ ദേശീയബോധത്തിന് ഒരു പരിധിവരെയെങ്കിലും ഈ ഉള്‍ക്കൊള്ളല്‍ സ്വഭാവമുണ്ടായിരുന്നെങ്കിലും വരേണ്യബോധവും അതിനെ ആദര്‍ശമായി സ്വീകരിച്ച് വളര്‍ന്നു വന്ന ആര്‍.എസ്.എസ് പോലുള്ള കക്ഷികളും ഇന്ത്യന്‍ ദേശീയതയെ exclusivist ആയിത്തന്നെ സമീപിച്ചു.

ദേശീയതയും മാനുഷികതയും

ചരിത്രം, സംസ്‌കാരം, രാഷ്ട്രാതിര്‍ത്തി, വംശം, രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങള്‍ തുടങ്ങി ദേശീയവാദം ഉന്നയിക്കുന്ന ന്യായങ്ങളൊന്നും തന്നെ സ്ഥായിയല്ല. ഇപ്പറഞ്ഞതൊന്നും തന്നെ ഏകതാനമോ ഏകമുഖമോ അല്ല. യുക്തിഭദ്രമോ സാര്‍വലൗകികമോ ആയ ആശങ്ങളല്ല ഇതൊന്നും. തികച്ചും വരേണ്യമായ പ്രതിലോമവ്യവഹാരങ്ങള്‍ക്കകത്താണ് ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം പോലും വികസിച്ചത്. ആദ്യകാല നേതാക്കന്മാരില്‍പ്പലരും ഈ സവര്‍ണ ദേശീയതയെയാണ് സ്വപ്‌നം കണ്ടിരുന്നത്. അതേസമയം സവര്‍ണ ചിട്ടകള്‍ക്കു പുറത്തായിരുന്നു ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിഭാഗവും ജീവിച്ചിരുന്നത്. അവരുടെ ജീവിതം, സംസ്‌കാരം, ബന്ധങ്ങള്‍, അതിജീവനം തുടങ്ങിയ കാര്യങ്ങളെല്ലാം വിസ്മരിക്കപ്പെട്ടു. മാനസികമായി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തടവുകാരായി വരേണ്യപാരമ്പര്യം പിന്തുടരാനായിരുന്നു മിക്ക നേതാക്കന്മാരും ശ്രമിച്ചത്.

അല്ലെങ്കില്‍ ആരാണ് വിദേശി? ഇന്ത്യന്‍ വരേണ്യത സൃഷ്ടിക്കുന്ന പൊതുബോധത്തില്‍ പാകിസ്ഥാനികളും ബംഗ്ലാദേശികളും ഏറ്റവും വെറുക്കപ്പെടേണ്ട വിദേശശക്തികളാണ്. എന്നാല്‍ ഭൂപരമായി ഈ രണ്ടു ജനതകളെയും ഇന്ത്യക്കാരില്‍ നിന്നു വേര്‍തിരിക്കുന്ന അതിര്‍ രേഖ രൂപപ്പെട്ടിട്ട് കേവലം ഏഴ് മാത്രമല്ലേ ആയുള്ളൂ? അതിനു മുമ്പ് അവര്‍ ഇന്ത്യന്‍ ദേശീയതയുടെ തന്നെ ഭാഗമായിരുന്നല്ലോ? ഒന്നു കൂടി കൃത്യമായിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ദേശീയത തന്നെയും കൊളോണിയല്‍ വാഴ്ചയുടെ ഉല്പന്നം മാത്രമായിരുന്നല്ലോ. വെള്ളക്കാരന്റെ അധീശത്വത്തിന്‍ കീഴില്‍ വരുന്നതിനു മുമ്പ് ഇന്ത്യ ഒട്ടേറെ നാട്ടുരാജ്യങ്ങളായി നില്‍ക്കുകയായിരുന്നല്ലോ? നാടു വാഴുന്ന പൊന്നുതമ്പുരാന്മാരോടുള്ള ഭയഭക്തിബഹുമാനാദരവുകള്‍ മാത്രമാണ് അന്ന് നില നിന്നിരുന്ന ദേശീയബോധം. ദേശരാഷ്ട്രമെന്ന പാശ്ചാത്യ ആധുനിക സങ്കല്പത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് എവിടെയുമെന്നതു പോലെ ഇന്ത്യയിലെയും ദേശീയത. അതിനോടുള്ള ഷോവനിസ്റ്റിക് ഭ്രമമാണ് നിലവില്‍ ഇന്ത്യക്കാരന്റെ ദേശീയബോധം. സത്യത്തില്‍ ആധുനിക ദേശരാഷ്ട്രമെന്നത് ഒരു imagined political community മാത്രമാകുന്നു (ബെനഡിക്റ്റ് ആന്‌ഡേഴ്‌സന്‍).

വരേണ്യതയുടെ ഈ സ്വാധീനത്തെ ഒട്ടൊക്കെ സ്തംഭിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. ഇന്ത്യന്‍ ദേശീയതയെ ഗാന്ധിജി സമീപിച്ചതും അതിനെ വികസിപ്പിക്കാന്‍ ശ്രമിച്ചതും മറ്റൊരു രീതിയിലായിരുന്നു. ഇന്ത്യന്‍ പാരമ്പര്യത്തെയും ആത്മീയതയെയും അദ്ദേഹം കൊളോണിയല്‍ വിരുദ്ധവികാരമുണര്‍ത്തുന്നതിനു വേണ്ടിയുപയോഗിച്ചു. ദേശീയതക്കും ദേശീയപ്രസ്ഥാനത്തിനും മറ്റൊരു മുഖം നല്‍കാന്‍ പരിശ്രമിച്ചു.

അതേസമയം ഗാന്ധിജിയുടെ ഈ പരിശ്രമങ്ങളുടെ പ്രതിലോമപ്രതികരണമായാണ് ഹിന്ദുമഹാസഭയും ആക്രാമക ഹിന്ദുത്വ ദേശീയതയും വളര്‍ന്നുവന്നതെന്നു പറയാം.

(അടുത്ത പോസ്റ്റ്:

ദേശീയത- ടാഗോറിന്റെയും ഇഖ്ബാലിന്റെയും ബങ്കിം ചന്ദ്രന്റെയും വീക്ഷണങ്ങൾ)