ഡ്രാക്കുള

dracula__s_castle_by_ais_h-d3jcncc

നീ നരകത്തിലെ ക്ഷുദ്രപ്രവാചകന്‍
നീചകാമത്തിന്‍ നിതാന്ത നക്തഞ്ചരന്‍
രക്തമോഹത്തിന്റെ നിത്യപ്രഭു, ഭ്രൂണ
ഭക്ഷകനായ ഭയത്തിന്‍ പുരോഹിതന്‍
________ ബാലചന്ദ്രന്‍ ചുള്ളക്കാട് (ഡ്രാക്കുള)

Bran Castle
Bran Castle

തെക്കന്‍ കാര്‍പത്യാനില്‍ ഇന്നത്തെ റൊമാനിയയുടെ അതിര്‍ത്തിയിലെ ട്രാന്‍സില്‍വാനിയയുടെയും വല്ലാക്കിയയുടെയും ഇടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അതിപ്രാചീന പ്രാകാരമാണ് ബ്രാന്‍ കാസില്‍ (Bran Castle). അതിനിഗൂഢമായ പരിസരത്തില്‍ അതിനെക്കാള്‍ നിഗൂഢവും ദുര്‍ഗമവുമായ ഘടനയോടു കൂടി നിലകൊള്ളുന്ന ഈ ദുര്‍ഗത്തിന്റെ അറിയപ്പെടുന്ന പേര് മറ്റൊന്നാണ്.

അതാണ് ഡ്രാക്കുളക്കോട്ട.

അതെ, ബ്രാം സ്‌റ്റോക്കറുടെ അതിപ്രശസ്തമായ ഗോഥിക് ഹൊറര്‍ നോവലായ ഡ്രാക്കുളയിലെ രക്ഷസ്സ് കൗണ്ട് ഡ്രാക്കുളയുടെ കോട്ട തന്നെ. The Knights of the Cross എന്നറിയപ്പെടുന്ന, ട്യൂട്ടോണിക് ഓര്‍ഡറില്‍പ്പെട്ട (The Order of Brothers of the German House of Saint Mary in Jerusalem /The Teutonic Order) കുരിശുയോദ്ധാക്കള്‍ 1212ല്‍ പണിത കോട്ടയാണത്. 1242ല്‍ മംഗോളുകള്‍ തകര്‍ത്തു കളഞ്ഞ കോട്ട പിന്നീട് ഹംഗേറിയന്‍ സാമ്രാജ്യകാലത്ത് പുനര്‍ നിര്‍മിക്കപ്പെട്ടു.

ബ്രാം സ്റ്റോക്കർ
ബ്രാം സ്റ്റോക്കർ

പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വല്ലാക്കിയ (Wallachia) രാജ്യത്തിന്റെ ഭരണാധികാരി (വൊയ്‌വൊദ് /voivode) ആയിരുന്ന, വ്‌ലാദ് ഡ്രാക്കുള (ദ്രാക്കുള) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്‌ലാദ് തെപിസ് (വ്‌ലാദ് മൂന്നാമന്‍) ആണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയായി പുനര്‍ജനിച്ചത്. ലോകമെങ്ങും രക്തദാഹിയായ രക്ഷസ്സും ഭീതിയുടെ മഹാപ്രഭുവുമായി അറിയപ്പെടുമ്പോഴും ഡ്രാക്കുള റൊമാനിയന്‍ ദേശീയതയുടെ വീരപുരുഷനായിരുന്നു. ഈ അടുത്ത കാലം വരെ ഡ്രാക്കുള നോവലും അതിനെ അവലംബിച്ചു കൊണ്ടുള്ള സിനിമകളുമൊക്കെ റൊമാനിയയില്‍ നിരോധിക്കപ്പെട്ടിരുന്നു.

അതീവധീരനും എന്നാല്‍ അതിനെക്കാള്‍ ക്രൂരനുമായ വ്‌ലാദ് തെപിസ് അറിയപ്പെട്ടത് Vlad the Impaler എന്ന പേരിലായിരുന്നു. ആളുകളെ ശൂലത്തില്‍ തറച്ചു കയറ്റുന്നതിനാണ് impale എന്ന് പറയുക. യുദ്ധത്തില്‍ പിടി കൂടിയ എതിര്‍ സേനയിലെ ഭടന്മാരെ ശൂലത്തില്‍ കോര്‍ത്ത് നാട്ടി നിര്‍ത്തുന്നത് വ്‌ലാദിന്റെ ഒരു വിനോദമായിരുന്നത്രേ.

ഉഥ്മാനിയ (ഓട്ടോമന്‍), ഹംഗേറിയന്‍ സാമ്രാജ്യങ്ങളുടെ പോരാട്ടങ്ങളുടെ ദുരിതങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്ന പ്രദേശമായിരുന്നു വല്ലാക്കിയ. സിജിസ്മുണ്ട് ലെക്‌സംബര്‍ഗ് എന്ന ഹംഗേറിയന്‍ ഏകാധിപതിയുടെ സഹായത്തോടെ വല്ലാക്കിയയിലെ വൊയ്‌വൊദ് ആയ, വ്‌ലാദ് തെപിസിന്റെ പിതാവ് വ്‌ലാദ് രണ്ടാമന്‍ അന്നത്തെ വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി കൂടിയായ സിജിസ്മുണ്ടിന്റെ കല്‍പന പ്രകാരം വ്യാളിയോഗം (The Order of the Dragon) എന്ന കുരിശു യുദ്ധ സഖ്യത്തില്‍ അംഗമായി. ഈ സംഘടനയുടെ ചിഹ്നമായിരുന്നു ഡ്രാഗണ്‍. ഇതോടെ വ്‌ലാദ് രണ്ടാമന്‍, ഡ്രാക്കുള്‍ (ദ്രാക്കുള്‍) എന്നറിയപ്പെട്ടു. ഡ്രാഗണ്‍, പാമ്പ്, പിശാച് എന്നീ അര്‍ത്ഥങ്ങളുള്ള പദമാണ് ഡ്രാക്ക്. തുര്‍ക്കികളുമായുള്ള യുദ്ധത്തെ ഭയപ്പെട്ടിരുന്ന വ്‌ലാദ് രണ്ടാമന്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും അതിന്റെ പേരില്‍ പ്രകോപിതനായ ഹംഗേറിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. തുര്‍ക്കികളുടെ സഹായത്തോടെ അധികാരം തിരിച്ചു പിടിച്ചെങ്കിലും അപ്പോഴത്തെ ഹംഗേറിയന്‍ ചക്രവര്‍ത്തി ജോണ്‍ ഹുന്യാദിയുടെ കല്‍പന പ്രകാരം വധിക്കപ്പെട്ടു.

വ്ലാദ് തെപിസ്
വ്ലാദ് തെപിസ്

തെപിസിനെയും അനിയന്‍ റാദുവിനെയും ബന്ദികളാക്കിക്കൊണ്ടായിരുന്നു തുര്‍ക്കികള്‍ വ്‌ലാദിനെ സഹായിച്ചത്. അദ്ദേഹം വധിക്കപ്പെട്ടതോടെ കുട്ടികള്‍ രണ്ടു പേരും അവരുടെ തടവറയിലാണ് പിന്നെ വളര്‍ന്നത്. റാദു പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് ജയില്‍ മോചിതനായി. കൊല്ലങ്ങള്‍ക്ക് ശേഷം തടവില്‍ നിന്ന് രക്ഷപ്പെട്ട് ജോണ്‍ ഹുന്യാദിയെത്തന്നെ അഭയം പ്രാപിച്ച തെപിസ് അധികം വൈകാതെ വല്ലാക്കിയയുടെ അധികാരം പിടിച്ചെടുത്തു. ക്രൂരതയുടെ അധ്യായമായിരുന്നു പിന്നെ. കുരിശ് പോരാട്ടത്തിന്റെ നേതൃത്വമേറ്റെടുത്ത വ്‌ലാദ് ഡ്രാക്കുള ഓട്ടോമന്‍ സൈനികര്‍ക്കിടയില്‍ കൊടും ഭീതി വിതച്ചു.

മരിച്ചു കഴിഞ്ഞതോടെ വ്‌ലാദിന്റെ കൊടൂരങ്ങളെക്കുറിച്ച കഥകള്‍ രക്ഷസ്സിന്റെ മിത്തുകളായി മാറി. ഈ മിത്തുകളില്‍ നിന്നാണ് ബ്രാം സ്‌റ്റോക്കര്‍ തന്റെ ഡ്രാക്കുള പ്രഭുവിനെ സൃഷ്ടിച്ചത്.

ഹൊററിനോടൊപ്പം റൊമാന്‍സിന്റെ തീവ്രത കൂടി അനുഭവിപ്പിക്കുന്ന ഡ്രാക്കുളയെ ഒരു epistolary epic ആയും വിശേഷിപ്പിക്കാം. കഥാപാത്രങ്ങളുടെ ഡയറിക്കുറിപ്പുകള്‍, കത്തുകള്‍, പത്രവാര്‍ത്തകള്‍ തുടങ്ങിയ ഡോക്കുമെന്റുകളിലൂടെ മാത്രമാണ് കഥ പറയുന്നത്. നേരിട്ടുള്ള ആഖ്യാനം ഇല്ല. ലണ്ടനില്‍ ഒരു വീട് (കാര്‍ഫാക്‌സ് ആബി) വാങ്ങാന്‍ തീരുമാനിച്ച ട്രാന്‍സില്‍വാനിയന്‍ കൗണ്ട് ഡ്രാക്കുളയെത്തേടി കമ്പനിയുടെ പ്രതിനിധി ജൊനാതന്‍ ഹാര്‍ക്കര്‍ എന്ന, നിയമജ്ഞനായ ചെറുപ്പക്കാരന്‍ വരുന്നു. ഡ്രാക്കുളയുടെ കോട്ടയില്‍ ഉണ്ടായ വിചിത്രാനുഭവങ്ങളില്‍ ഭയചകിതനായി അയാള്‍ രക്ഷപ്പെട്ടുവെങ്കിലും ജിപ്‌സികളുടെ സഹായത്തോടെ കടല്‍ മാര്‍ഗം പ്രഭു ലണ്ടനില്‍ എത്തിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് ജൊനാതന്റെ പ്രതിശ്രുത വധുവായ മിനാ മുറേയുടെ സുഹൃത്ത് ലൂസി വെസ്റ്റെന്റയെ സ്വാധീനിച്ച വാംപയര്‍ ഡ്രാക്കുള അവരുടെ രക്തം കുടിക്കുകയും അവര്‍ മരിക്കുകയും ചെയ്തു. ലൂസിയുടെ കമിതാക്കളായി മൂന്ന് പേരുണ്ട്. ആര്‍തര്‍ ഹോംവുഡ് എന്ന പ്രഭു, ജോണ്‍ സെവാഡ് എന്ന ഭിഷഗ്വരന്‍, ക്വിന്‍സി മോറിസ് എന്ന പര്യവേഷകനും. ഇവരില്‍ നിന്നും അവള്‍ തെരഞ്ഞെടുത്തത് ആര്‍തറിനെയായിരുന്നു. സംഭ്രമജനകമായ സംഭവങ്ങളെത്തുടര്‍ന്ന് ജൊനാതന്‍, ആര്‍തര്‍, ജോണ്‍ സെവാഡ്, ക്വിന്‍സി മോറിസ് എന്നിവര്‍ ഒരു ഡച്ച് ഡോക്ടറും സെവാഡിന്റെ ഗുരുവുമായ അബ്രഹാം വാന്‍ ഹെല്‍സിങ്ങിന്റെ സഹായത്തോടെ ഡ്രാക്കുളയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ബ്രാം സ്‌റ്റോക്കര്‍ പറയുന്നത്.

ഒരു ജനപ്രിയ നോവലായി ഗണിക്കപ്പെടുന്നുവെങ്കിലും രാഷ്ട്രീയവും സാമൂഹികവും മതപരവുമായ പലതരം വായനകള്‍ അര്‍ഹിക്കുന്ന ഒന്നാണ് ഡ്രാക്കുള. ഏറ്റവും കൂടുതല്‍ തവണ ചലച്ചിത്ര ഭാഷ്യം നല്‍കപ്പെട്ട കൃതികളിലൊന്നാണിത്. കഥയില്‍ അടുമുടി മാറ്റം വരുത്തിക്കൊണ്ടാണെങ്കിലും, ഇതിനെ ഉപജീവിച്ച് ആദ്യകാല ചലച്ചിത്രകാരന്മാരിലൊരാളായ എഫ്.ഡബ്ല്യൂ മൂർനോ 1922ല്‍ Nosferatu, A Symphony of Horror എന്ന സിനിമ ചെയ്തു.

മൂര്‍നോവിന്റെ സിനിമയെക്കൂടി അവലംബിച്ചു കൊണ്ട് വെര്‍നര്‍ ഹെര്‍സോഗ് സാക്ഷാത്കരിച്ച സിനിമയായ Nosferatu the Vampire ല്‍ ഡ്രാക്കുളക്കഥ നന്മതിന്മകളുടെ സംഘര്‍ഷത്തിന്റെ ഒരാഖ്യാനമായി മാറുന്നുണ്ട്. ഡ്രാക്കുളയുടെ നാശത്തെക്കുറിച്ചുള്ള ആഖ്യാനത്തില്‍ തന്നെ രക്ഷസ്സിന്റെ അനശ്വരത്വത്തെയും ഒളിച്ചുവെച്ചിട്ടുണ്ടെന്ന് കാണാം. ഹെര്‍സോഗിന്റെ സിനിമയില്‍ നാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ലൂസി സ്വയം ബലിയായതിനെത്തുടര്‍ന്ന് (നൊസ്‌ഫെറാതുവില്‍ മിന എന്ന കഥാപാത്രം ഇല്ല. ലൂസിയാണ് ഹാര്‍ക്കറുടെ ഭാര്യ) സൂര്യനുദിച്ചതോടെ വാംപയര്‍ നശിക്കു

വെർനർ ഹെർസോഗ്
വെർനർ ഹെർസോഗ്

ന്നുണ്ടെങ്കിലും കൂര്‍ത്തുവളര്‍ന്ന പല്ലുകളും പൈശാചിക ഭാവവും പകര്‍ന്ന് ജൊനാതന്‍ ഹാര്‍ക്കര്‍ കുതിരപ്പുറത്തേറി ഡ്രാക്കുളക്കോട്ടയിലേക്ക് പോകുന്നിടത്താണ് അതവസാനിക്കുന്നത്.

ഏറ്റവും പ്രശസ്തമായ ഡ്രാക്കുളച്ചിത്രം ഫ്രാന്‍സിസ് ഫോഡ് കൊപ്പൊളയുടെ Bram Stoker’s Dracula ആണ്. ഇതില്‍ തുര്‍ക്കികളോടുള്ള പോരില്‍ വിജയിയായി തിരിച്ചുവന്ന വ്‌ലാദ് തെപിസ് തന്റെ മരണത്തെക്കുറിച്ച വ്യാജവാര്‍ത്ത കേട്ടു വിശ്വസിച്ച് ആത്മഹത്യ ചെയ്ത ഭാര്യ എലിസബത്തിന്റെ മൃതദേഹം കണ്ട് കോപാക്രാന്തനായി ദൈവത്തിനു നേരെ യുദ്ധം പ്രഖ്യാപിക്കുന്നതായും കത്തി കൊണ്ട് കുരിശുരൂപത്തെ കുത്തുന്നതായും കാണിക്കുന്നുണ്ട്. ആ മുറിവായില്‍ നിന്ന് രക്തമൊലിക്കുന്നു. വ്‌ലാദ് തെപിസ് പിന്നീട് രക്ഷസ്സായി പുനര്‍ജനിച്ചു. ജൊനാതന്‍ ഹാര്‍ക്കറുടെ പ്രതിശ്രുതവധു മിനാ മുറേയെ എലിസബത്തിന്റെ പുനര്‍ജന്മമായും സങ്കല്പിക്കുന്ന കൊപ്പോള ഡ്രാക്കുളയെ അനശ്വരപ്രണയത്തിന്റെ ആവിഷ്‌കാരമായാണ് സമീപിക്കുന്നത്.

ഫ്രാൻസിസ് ഫോഡ് കൊപ്പോള
ഫ്രാൻസിസ് ഫോഡ് കൊപ്പോള

ടെറന്‍സ് ഫിഷറിന്റെ ഡ്രാക്കുള സിനിമയില്‍ ഡ്രാക്കുള പ്രഭുവായി വരുന്ന ക്രിസ്റ്റഫര്‍ ലീ ആണ് അനുവാചകരെ ഏറ്റവുമധികം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

അധിനിവേശത്തിന്റെ രാഷ്ട്രീയവും മനശ്ശാസ്ത്രവുമാണ് ചില നേരങ്ങളില്‍ ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള അനാവരണം ചെയ്യുന്നത്.

റിവേഴ്‌സ് കൊളോണിയലിസം എന്ന നിലയില്‍ ഇതെപ്പറ്റി പഠനങ്ങളുണ്ട്. ഒരു മുന്നറിയിപ്പിന്റെ സ്വഭാവമാണ് ആ തലത്തില്‍ ഇതിനുള്ളത്. ആധുനിക കൊളോണിയലിസത്തിന്റെ തുടക്കത്തില്‍ ഏറ്റവും വലിയ അധിനിവേശശക്തിയായിരുന്നത് ഇംഗ്ലണ്ടായിരുന്നല്ലോ. എന്നാല്‍ ഡ്രാക്കുള എന്ന ഭീകരശക്തി ട്രാന്‍സില്‍വാനിയയിലെ കാര്‍പത്യാന്‍ മലനിരകളില്‍ നിന്ന് ലണ്ടനിലേക്കാണ് വരുന്നത്. ലണ്ടന്‍ ലോകത്തോടു ചെയ്യുന്നതിനുള്ള ഒരു തിരിച്ചടിയെക്കുറിച്ച മുന്നറിയിപ്പായി ഇതിനെ മനസ്സിലാക്കുന്നിടത്താണ് റിവേഴ്‌സ് കൊളോണിയലിസം എന്ന ആശയം പ്രവര്‍ത്തിക്കുന്നത്. അതെന്തായാലും ഡ്രാക്കുള എന്ന കഥാപാത്രം കൊളോണിയല്‍ അധിനിവേശത്തിന്റെ മുഴുവന്‍ സവിശേഷതകളുമുള്‍ക്കൊള്ളുന്നുണ്ട്.

nosferatuരക്ഷസ്സിന്റെ ദംശനമേല്‍ക്കുന്ന ഒരാള്‍ രക്ഷസ്സായി മാറുകയാണ്. അതായത്, ഇരയുടെ സ്വത്വം നഷ്ടപ്പെടുന്നു. അധിനിവിഷ്ടജനതയില്‍ സ്വത്വക്ഷതം ഉണ്ടാക്കാത്ത ഒരധിനിവേശവുമുണ്ടാവില്ല. തങ്ങളായിത്തന്നെ തുടരുന്നതില്‍ അപകര്‍ഷതയനുഭവിക്കുന്ന വ്യക്തികളും സമൂഹങ്ങളും രൂപപ്പെടുന്നു. ക്ഷതമേല്‍ക്കുന്ന സ്വത്വം ഉപേക്ഷിക്കപ്പെടുന്നു. അതോടെ അധിനിവേശശക്തികള്‍ തങ്ങളുടേതായ സംസ്‌കാരവും സങ്കല്പങ്ങളും അവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നു. വ്യക്തിത്വം നഷ്ടപ്പെട്ട് ഡ്രാക്കുളയുടെ ഇര രക്ഷസ്സായിത്തീരുന്നതു പോലെത്തന്നെ. എന്നാലോ, ഇപ്രകാരം അധിനിവേശകന്റെ സംസ്‌കാരത്തിലേക്കും ശീലങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഇര പിന്നീടൊരിക്കലും സ്വതന്ത്രവ്യക്തിത്വമായിത്തീരുന്നില്ല. എപ്പോഴുമയാള്‍ യജമാനന്റെ അധീശത്വത്തിന്‍ കീഴിലായിരിക്കും. സകല രക്ഷസ്സുകളെയും എക്കാലത്തും നിയന്ത്രിക്കുന്നത് ഡ്രാക്കുള തന്നെ. ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ തങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുന്ന ജനതകളില്‍പ്പോലും ഈ മാനസികാടിമത്തത്തിന്റെ ശേഷിപ്പുകള്‍ കാണാം.

ഡ്രാക്കുളയുടെ മറ്റൊരു സവിശേഷതയും ശ്രദ്ധേയമാണ്. ജൊനാതന്‍ ഹാര്‍ക്കര്‍ ജോലി ചെയ്യുന്ന കമ്പനിയുമായുള്ള ഒരു കച്ചവടക്കരാറിലൂടെയാണ് ഡ്രാക്കുള ലണ്ടനിലേക്കു കടക്കാന്‍ ശ്രമിക്കുന്നത്. ഒരു വീട്ടിലേക്ക് അയാള്‍ക്ക് പ്രവേശിക്കണമെങ്കില്‍ ആ വീട്ടിലുള്ള ആരെങ്കിലും ക്ഷണിക്കണം. ഈസ്റ്റിന്ത്യാക്കമ്പനി മുതല്‍ ആഗോളവല്‍ക്കരണം വരെ എല്ലാം, സ്വത്വബോധവും അന്തസ്സും ധീരതയും കൈമോശം വന്ന ഭരണാധികാരികളുടെ ക്ഷണപ്രകാരമാണ് നമ്മുടെ രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് ചരിത്രം.

രക്ഷസ്സിന്റെ അധിനിവേശത്തെ ചെറുക്കാന്‍ വാന്‍ ഹെല്‍സിങ്ങും കൂട്ടരും ആശ്രയിക്കുന്നത് മതവുമായി ബന്ധപ്പെട്ട ആധാരങ്ങളെയാണ്. എല്ലാ രക്തദാഹങ്ങളും ഉടലെടുക്കുന്നത് മനുഷ്യന്റെ ഭൗതികമായ ആര്‍ത്തിയില്‍ നിന്നാണ്. ഈ ആര്‍ത്തിയെ ചെറുക്കാന്‍ സഹായിക്കുന്നത് മനുഷ്യനിലെ ശക്തമായ ആത്മീയാവബോധവും മതത്തെക്കുറിച്ച യഥാര്‍ത്ഥ തിരിച്ചറിവുമാണ്. രക്ഷസ്സായിക്കഴിഞ്ഞ ലൂസിയുടെയും മറ്റുള്ളവരുടെും വിമോചകനായിത്തീരുന്നു വാന്‍ ഹെല്‍സിങ്. കുരിശും വിശുദ്ധ അപ്പവും സൂര്യപ്രകാശവും ചേര്‍ന്നാണ് ഡ്രാക്കുളയെ നശിപ്പിക്കുന്നത്. പ്രകാശം അറിവിനേയും ശാസ്ത്രപുരോഗതിയേയുമാണല്ലോ ദ്യോതിപ്പിക്കുക. ഇങ്ങനെ ചിന്തിക്കുമ്പോള്‍ പാപം, അധിനിവേശം, മതം. ശാസ്ത്രം എന്നിവയെത്തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട് ഡ്രാക്കുള നോവല്‍.

എലിസബത് കോസ്റ്റോവ
എലിസബത് കോസ്റ്റോവ

ഭീതിയുടെ, പേടിയുടെ ക്ലാസിക് എന്നാണ് അറിയപ്പെടുന്നതെങ്കിലും ഭയത്തെ അറിയുക എന്നതാണ് ഡ്രാക്കുളയുടെ ലക്ഷ്യം. ആ അറിവിലൂടെ പേടിയെ മറികടക്കാനാണ് അത് ശ്രമിക്കുന്നത്. എപിസ്റ്റലറി നോവലിന്റെ (epistolary novel) ഘടന സ്വീകരിച്ചതും അതിനാണെന്ന് പറയാം. ഒരേ ആഖ്യാതാവിന്റെ ആഖ്യാനത്തിലൂടെ കഥ പറയുന്നതിന് പകരം കത്തുകളും വാര്‍ത്തകളും മറ്റും അവതരിപ്പിക്കുന്ന രീതിയെയാണ് എപിസ്റ്റലറി എന്ന് പറയുക. ഭീതിജനകമായ അന്തരീക്ഷങ്ങളെ ഓരോരുത്തരും മറികടക്കുന്നതിന്റെ അനുഭവമാണ് ഈ ശൈലി സ്വീകരിച്ചതിലൂടെ ഡ്രാക്കുള മുന്നോട്ട് വെക്കുന്നത്. മൂര്‍നോയുടെയും ഹെര്‍സോഗിന്റെയും കൊപ്പൊളയുടെയും ക്ലാസിക് സിനിമകളും ഭീതിയെ അതിജയിക്കുന്നതിന്റെ കഥകളാണ്. ഹൊറര്‍ എന്നതിനെക്കാള്‍ ഒരുപക്ഷേ സൈക്കോ, റൊമാന്റിക് എന്നീ ജോനറുകളിലാവും (genre) അവ പെടുക.

2005ല്‍ എലിസബത്ത് കോസ്‌റ്റൊവ The Historian എന്ന പേരില്‍ ഒരു നോവലെഴുതി. എപിസ്റ്റലറി ഘടനയിലുള്ള ഗോഥിക് നോവല്‍ തന്നെ അതും. കൗണ്ട് ഡ്രാക്കുള എന്നറിയപ്പെടുന്ന വ്‌ലാദ് തെപിസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ അയാളെ കണ്ടെത്താന്‍ വേണ്ടിയുള്ള യാത്രയാണ് അത്. അതിലൂടെ കുരിശു യുദ്ധം അടക്കമുള്ള സംഘര്‍ഷങ്ങളുടെ ചരിത്രങ്ങളെ ആ നോവല്‍ അന്വേഷണവിധേയമാക്കുന്നു.

ഹംഗേറിയന്‍ സാമ്രാജ്യത്തിന് കീഴില്‍ തുര്‍ക്കികള്‍ക്കെതിരെ കുരിശു യുദ്ധം നടത്തിയ വ്‌ലാദ് യൂറോപ്പിലെങ്ങും ഒരു രക്ഷസ്സായി സങ്കല്‍പിക്കപ്പെട്ടതിന്റെ മനശ്ശാസ്ത്രമെന്ത് എന്നത് പിടി കിട്ടാത്ത ഒന്നായി നില്‍ക്കുന്നു.

ഡ്രാക്കുളയായി ക്രിസ്റ്റഫർ ലീ, മാർക് വില്യംസിന്റെ പെയിന്റിങ്
ഡ്രാക്കുളയായി ക്രിസ്റ്റഫർ ലീ, മാർക് വില്യംസിന്റെ പെയിന്റിങ്
Read More

കാൽപ്പന്ത് -വേരറ്റുപോയവന്റെ കരു

index

“ആഫ്രിക്ക എന്നാല്‍ ഒരു വര്‍ണമല്ല, അതൊരു ദേശമാണ്.”

“ഫലിതങ്ങളെല്ലാം ഗൗരവതരമാണെന്ന് ഞാന്‍ കരുതുന്നു. ഗൗരവതരമായതെല്ലാം ഫലിതങ്ങളാണെന്നും. അവയ്ക്കിടയില്‍ ഒരു വേര്‍തിരിവ് നിങ്ങള്‍ക്കാവശ്യമില്ല.”
_______________ ട്രെവര്‍ നോവ

ദക്ഷിണാഫ്രിക്കയിലെ അറിയപ്പെടുന്ന കൊമേഡിയനും പൊലിറ്റിക്കല്‍ കമന്റേറ്ററും ടി.വി അവതാരകനുമാണ് ട്രെവര്‍ നോവ (Trevor Noah). 1984ല്‍ ജൊഹാനസ്ബര്‍ഗിലാണ് അദ്ദേഹം ജനിച്ചത്. ദക്ഷിണാഫ്രിക്കയില്‍ അപാര്‍തീഡ് നിയമങ്ങള്‍ കര്‍ക്കശമായി നിലനില്‍ക്കുന്ന കാലമായിരുന്നു അത്. കറുത്തവരും വെളുത്തവരും തമ്മിലുള്ള മിശ്രണം നിയമപ്രകാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്വിസ്സ്-ജര്‍മന്‍ വംശത്തില്‍പ്പെട്ട, സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ റോബര്‍ട്ട് നോവയാണ് ട്രെവര്‍ നോവയുടെ പിതാവ്. മാതാവാകട്ടെ, സോസ (Xhosa) ഗോത്രത്തില്‍പ്പട്ട പട്രീഷ നൊംബയിസെലോയും (Patricia Nombuyiselo Noah). നിയമവിരുദ്ധമായ ബൈറേഷ്യല്‍ കുടുംബത്തില്‍ പിറന്നതിന്റെ ദുരനുഭവങ്ങള്‍ ധാരാളമായി അനുഭവിക്കേണ്ടി വന്നിട്ടുണ്ട് നോവയ്ക്ക്. You Laugh But It’s True എന്ന പേരില്‍ ഡേവിഡ് പോള്‍ മെയര്‍ ചിത്രീകരിച്ച, നോവ തന്നെ അഭിനയിച്ച ജീവചരിത്ര ഡോകുമെന്ററിയില്‍ ഇത്തരം ബാല്യാനുഭവങ്ങള്‍ കാണാം. കുടുംബത്തിന് ഒരുമിച്ച് പുറത്തിറങ്ങാന്‍ പറ്റില്ല. അച്ഛന്‍ വേറെയും കുട്ടിയുമായി അമ്മ വേറെയും നടക്കണം. ഇതിനൊക്കെ പുറമെ കലാപബോധമുള്ള ആഫ്രിക്കക്കാരിയായ നൊംബയിസെലോ പല വീക്കെന്‍ഡുകളിലും ജയിലിലായിരിക്കും. ഒരുമിച്ച് നടന്നതിന്റെ പേരില്‍ മാതാപിതാക്കള്‍ രണ്ടുപേരും ജയിലില്‍ കിടക്കേണ്ടിയും വന്നിട്ടുണ്ട്.

ട്രെവർ നോവ
ട്രെവർ നോവ

ട്രെവര്‍ നോവയെ ഇവിടെ പരിചയപ്പെടുത്തിയത് വെളുത്തവന്റെ വംശീയ, വര്‍ണ ബോധങ്ങള്‍ കുറേക്കൂടി ആധുനികമായ കാലത്ത് പോലും ചെലുത്തിയിരുന്ന സ്വാധീനത്തെ ദൃശ്യപ്പെടുത്താനാണ്. നോവയുടെ അനുഭവങ്ങളാണ് അദ്ദേഹത്തിലെ കൊമേഡിയനെ രൂപപ്പെടുത്തിയത്. കോമഡിയുടെ പ്രഥമോദ്ദേശ്യം ആളുകളെ ചിരിപ്പിക്കലാണെന്ന് സമ്മതിക്കുന്ന നോവ, പക്ഷേ ആ ചിരിയിലൂടെ നിര്‍മിക്കാന്‍ പറ്റുന്ന സാമൂഹികാവബോധത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫലിതങ്ങള്‍ തന്നെയും രൂപപ്പെട്ടു വന്നത് വര്‍ണവിവേചനവുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളിലൂടെയാണെന്ന് പറയാം.

എന്നാല്‍ അദ്ദേഹം അവയെ വെല്ലുവിളികളായി ഏറ്റെടുക്കുകയാണ്. സ്വയം പ്രകാശനത്തിനുള്ള തന്റെ വേദി സ്വയം കണ്ടെത്തുകയും ചെയ്തു. വര്‍ണവ്യത്യാസത്തിന്റെ പേരില്‍ തന്നെ അകറ്റി നിര്‍ത്തിയിരുന്ന വിഭാഗങ്ങളടക്കം അദ്ദേഹത്തിന് അംഗീകാരം നല്‍കാന്‍ നിര്‍ബ്ബന്ധിതരായി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇങ്ങനെയൊരു സാമൂഹികപരിവര്‍ത്തനം, അതിലൂടെയുണ്ടാകുന്ന ഉദ്ഗ്രഥനം ആണ് സര്‍ഗാവിഷ്‌കാരങ്ങളുടെ പ്രധാന ഫലം (പ്രധാന ലക്ഷ്യം എന്ന് ഞാന്‍ പറയുന്നില്ല, കല എന്നാല്‍ മുദ്രാവാക്യങ്ങളാണ് എന്നും അഭിപ്രായമില്ല). ആവിഷ്‌കാരത്തിലൂടെയും ആസ്വാദനത്തിലൂടെയും കലയുടെ ഭാഷ അറിയാവുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയാണ്. അതിലൂടെ സംഭവിക്കുന്നതാകട്ടെ, സഹവര്‍ത്തിത്വത്തിന്റേതായ ഒരു പുതിയ ലോകത്തേക്കുള്ള കവാടങ്ങള്‍ തുറക്കപ്പെടുക എന്നതും.

ഈ ഉദ്ഗ്രഥനവും ആദാനപ്രദാനങ്ങളും കായികരംഗത്തും കാണാം. അതില്‍ തന്നെയും ഏറ്റവും സൗന്ദര്യമുള്ള കളിയായി ഇതെഴുതുന്നയാള്‍ക്ക് തോന്നുന്ന കാല്‍പ്പന്തുകളി സഹജീവനത്തിന്റെ ഒരു സംസ്‌കാരത്തെത്തന്നെ തുറന്നുവെക്കുന്നുണ്ട്. സൂക്ഷ്മനിരീക്ഷണത്തില്‍ ഈ സഹജീവനം നമ്മുടെ അവബോധങ്ങളെ വികസിപ്പിക്കുന്നതായി അനുഭവപ്പെടും.

Children of Aparthied by Michaela Rinaldi
Children of Aparthied by Michaela Rinaldi

ഇതിന് അടിവരയിടുന്ന ചില സ്ഥിതിവിവരങ്ങളുണ്ട്. യൂറോപ്പിനെ ഫുട്‌ബോള്‍ ടീമുകളില്‍ പലതിലും വലിയൊരു ശതമാനം കളിക്കാര്‍ പ്രവാസികളും അഭയാര്‍ത്ഥികളും ആണ് എന്നതാണത്. അവരില്‍ത്തന്നെ നല്ലൊരു വിഭാഗം കറുത്ത വര്‍ഗക്കാരുമാണ്. ഫ്രഞ്ച് നാഷനല്‍ ഫുട്‌ബോള്‍ ടീമില്‍ എഴുപത്തെട്ട് ദശാംശം മൂന്ന് ശതമാനം വിദേശജനവിഭാഗങ്ങളാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ജര്‍മനി, പോര്‍ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, ഡെന്‍മാര്‍ക്, ഐസ്‌ലന്‍ഡ് എന്നിവിടങ്ങളിലെ ദേശീയ ഫുട്‌ബോള്‍ ടീമുകളില്‍ യഥാക്രമം 65.2, 47.8, 47.8, 39.1, 30.4, 17.4, 17.4, 13, 4.3 ശതമാനത്തോളം പ്രവാസികളും അഭയാര്‍ത്ഥികളും കളിക്കുന്നു. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 6.8 ശതമാനം മാത്രമാണ് ഫ്രാന്‍സില്‍ migrants and refugees ന്റെ തോത്. സ്വിറ്റസര്‍ലന്‍ഡില്‍ ഇത് 24 ശതമാനത്തോളം വരും. ബെല്‍ജിയത്തില്‍ 12.1 ശതമാനവും ഇംഗ്ലണ്ടില്‍ 9.2 ശതമാനവും ജര്‍മനിയില്‍ 11.3 ശതമാനവും പോര്‍ചുഗലില്‍ 3.8 ശതമാനവും വിദേശപൗരന്മാരാണ്. സ്‌പെയിന്‍, സ്വീഡന്‍, ഡെന്‍മാര്‍ക്, ഐസ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ഇത് യഥാക്രമം 10, 8, 8.2, 8 ശതമാനം വരും. ഇതില്‍ ഐസ്‌ലന്‍ഡ് ഒഴിച്ച് ബാക്കിയെല്ലായിടത്തും ജനസംഖ്യയിലെ വിദേശപൗരന്മാരുടെ തോതിനോട് ആപേക്ഷികമായി ദേശീയ ടീമിലെ അനുപാതം വളരെ ഉയര്‍ന്നതാണ്. പ്രത്യേകിച്ച് ഫ്രാന്‍സില്‍, ജനസംഖ്യയില്‍ ഏഴ് ശതമാനത്തില്‍ താഴെ മാത്രം വരുന്ന വിദേശപൗരന്മാരുടെ ടീമിലെ പ്രാതിനിധ്യം എഴുപത്തെട്ട് ശതമാനത്തില്‍ കൂടുതല്‍.

ഇത് യൂറോപ്യന്‍ ടീമുകളില്‍ മാത്രം പരിമിതമല്ല. മൊറോക്കോയുടെ കാര്യം ഉദാഹരണം. സെനഗല്‍, തുനീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളാണ് പകുതിയിലേറെയും. ഏഷ്യയിലാണെങ്കില്‍ സുഊദി അറേബ്യ, ജപ്പാന്‍, ഇറാന്‍ എന്നീ ടീമുകളില്‍ നാമമാത്രമായെങ്കിലും വിദേശകളിക്കാരുടെ സാന്നിധ്യം കാണാം. മൊറോക്കന്‍ ടീമിന്റെ കാപ്റ്റന്‍ തന്നെ അള്‍ജീരിയന്‍ മാതാവിന്റെ മകനായ മെഹ്ദി ബനാതിയ (Medhi Benatia/ മേദി ബനാച്യ എന്ന് ഫ്രഞ്ച് ഉച്ചാരണം) ആണ്. അദ്ദേഹം ജനിച്ചതാകട്ടെ, ഫ്രാന്‍സിലും.

യാതൊരു വിവേചനവും അനുഭവിക്കാത്തവരല്ല ഇവര്‍. ബെല്‍ജിയം ടീമിലെ റൊമേലു ലുകാകു (Romelu Lukaku) പ്ലേയേര്‍സ് ട്രിബ്യൂണലിലെ കോളത്തില്‍ എഴുതുന്നത് കാണുക: ‘കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍, വൃത്താന്തപത്രങ്ങളും ലേഖനങ്ങളും വായിക്കുമ്പോള്‍ അവരെന്നെ റൊമേലു ലുകാകു എന്ന ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ എന്ന് വിളിക്കുന്നത് കാണാം. എന്നാല്‍ സംഗതികള്‍ അത്രത്തോളം ശുഭകരമല്ലെങ്കില്‍ എനിക്ക് കിട്ടുന്ന വിശേഷണം ഇങ്ങനെയാണ്. റൊമേലു ലുകാകു, കോംഗോളീസ് വംശജനായ ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍.’

ചെറുപ്പത്തില്‍ താന്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും കൂടി ഓര്‍ക്കുന്നുണ്ട് ലുകാകു. സത്യത്തില്‍ ഇത്തരം തീഷ്ണാനുഭവങ്ങളിലൂടെ കടന്നുവന്നവര്‍ തന്നെയാണ് കാല്‍പ്പന്തുകളിയിലെ പല താരങ്ങളും.

1531718235168ബെല്‍ജിയന്‍ ടീമിലെ പ്രമുഖ കളിക്കാരായ മര്‍വാന്‍ ഫലായിനി (Marouane Fellaini), നാസര്‍ ശാദ്‌ലി (Nacer Chadli) എന്നിവര്‍ മൊറോക്കന്‍ വംശജരാണ്. കാമറൂണില്‍ നിന്നും പാരീസിലേക്ക് കുടിയേറിയ വില്‍ഫ്രൈഡിന് അള്‍ജീരിയന്‍ ഭാര്യയായ ഫായിസ ലമാരിയില്‍ ജനിച്ച മകനാണ് 2018 ലോകകപ്പില്‍ ഫ്രഞ്ച് ദേശീയ ഫുട്‌ബോള്‍ ടീമിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരം കിലിയാന്‍ മ്ബാപ്പെ (Kylian Mbappé). പ്രശസ്തനായ മറ്റൊരു താരമാണ് പോള്‍ പോഗ്ബ (Paul Pogba). ആഫ്രിക്കയിലെ ഗിനിയയില്‍ നിന്ന് (Guinea) ഫ്രാന്‍സിലെ ലെനി സുര്‍ മാര്‍നോയിലേക്ക് (Lagny-sur-Marne) കുടിയേറിയ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച പോഗ്ബയുടെ സഹോദരന്‍ മത്തിയാസ് ഫസോ പോഗ്ബ ഗിനിയന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമാണ്. സാമുവൽ ഉംറ്റിറ്റിയുടെ (Samuel Umtiti) വേര് കമറൂണിലാണ്. യാവുന്ദേയിൽ (Yaounde) നിന്നും രണ്ടാം വയസ്സിൽ ലിയോണിലേക്ക് കുടിയേറിയതാണ് ഉംറ്റിറ്റി.

ഫ്രഞ്ച് ടീമിലെ തന്നെ ബ്ലേസ് മത്യൂദി (Blaise Matuidi), ൻഗോളോ കാൻട് (n’golo kanté), ഉസ്മാൻ ദെംപിലി (Ousmane Dembélé), നബീൽ ഫകീർ (Nebil Fekir) എന്നിവർ യഥാക്രമം അംഗോള, മാലി, സെനഗൽ-മൌറിത്താനിയ, അൾജീരിയ എന്നിവിടങ്ങളിൽ വേരുള്ളവരാണ്.

ഇതിനിടയിലും തങ്ങളെ തങ്ങളുടെ വേരുകളില്‍ നിന്ന് പറിച്ചെറിഞ്ഞ വംശീയ വ്യവസ്ഥകളോടുള്ള ദ്വേഷം അവരില്‍ കത്തി നില്‍ക്കുന്നു.

സെര്‍ബിയയുമായുള്ള മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ രണ്ട് കളിക്കാര്‍ തൊടുത്തുവിട്ട ഒരു അംഗവിക്ഷേപം (gesture) ഇതിന്റെ ഒരു പ്രതീകമാണ്. കളിയില്‍ സ്വിറ്റസര്‍ലന്‍ഡിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത് ഗ്രാനിത് ഹാകയും (Granit Xhaka) ജെര്‍ദാന്‍ ശാക്ചീരിയും (Xherdan Shaquiri) ആയിരുന്നു. കറുത്തവരല്ലെങ്കിലും അഭയാര്‍ത്ഥികളായ കൊസോവന്‍ അല്‍ബേനിയന്‍ വംശജരാണ് രണ്ടുപേരും. ഹാക ജനിച്ചത് തന്നെ ബേസിലിലാണ്. കൊസോവയില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകനായി. ശാക്ചീരിയാകട്ടെ, പഴയ യൂഗോസ്ലാവിയയിലെ ജിലാനില്‍ (ഇന്ന് കൊസോവയില്‍) 1991ല്‍ ജനിച്ച് ഒരു വയസ്സ് പൂര്‍ത്തിയാവുന്നതിന് മുന്നേ തന്നെ സെര്‍ബ് വംശീയവാദികളാല്‍ ആട്ടിയോടിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കുടിയേറിയ ആളും.

ബാള്‍ക്കന്‍ മേഖലയില്‍ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന സ്ലാവ് വിഭാഗങ്ങളില്‍പ്പെടുന്നു സെര്‍ബുകളും അല്‍ബേനിയന്മാരും. ഇക്കൂട്ടത്തില്‍ ഏറ്റവും കടുത്ത വംശീയബോധം പ്രകടിപ്പിച്ചിരുന്ന സെര്‍ബുകള്‍ക്കായിരുന്നു സ്വയം ഒരു സെര്‍ബ് ആയിരുന്ന മാര്‍ഷല്‍ ടിറ്റോയുടെ സോഷ്യലിസ്റ്റ് ഫെഡറല്‍ റിപബ്ലിക് ഒഫ് യൂഗോസ്ലാവിയയില്‍ ആധിപത്യമുണ്ടായിരുന്നത്. എസ്.എഫ്.ആര്‍ യൂഗോസ്ലാവിയയുടെ തകര്‍ച്ചയ്ക്ക് ശേഷം സെര്‍ബുകള്‍ ക്രൊയാട്ടുകള്‍ക്കും ബോസ്‌നിയാക്കുകള്‍ക്കുമെതിരെ കടുത്ത വംശീയാക്രമണങ്ങള്‍ അഴിച്ചുവിട്ടു. മനുഷ്യത്വം സ്തംഭിച്ചു പോകുന്ന കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളുമാണ് ബോസ്‌നിയാക്കുകള്‍ക്ക് നേരെ നടന്നത്. ഇതിന് ശേഷം അവര്‍ സെര്‍ബിയയില്‍ത്തന്നെയുള്ള ന്യൂനപക്ഷവിഭാഗമായ അല്‍ബേനിയന്മാര്‍ക്ക് നേരെ വിദ്വേഷം തുറന്നു. ഇതിനെതിരെ അല്‍ബേനിയന്മാര്‍ തീര്‍ത്ത പ്രതിരോധത്തിനൊടുവില്‍ സെര്‍ബിയ രണ്ട് റിപബ്ലിക്കുകളടങ്ങുന്ന ഒരു രാഷ്ട്രമായി മാറി. റിപബ്ലിക് ഒഫ് കൊസോവ എന്ന് സെര്‍ബിയക്കകത്ത് തന്നെയെങ്കിലും അല്‍ബേനിയരുടെ സ്വയംഭരണ മേഖലയായി ഇന്ന് നിലകൊള്ളുന്നു.

ഈ ആഭ്യന്തരസംഘര്‍ഷങ്ങളിലാണ് ഹാകയുടെതും ശാക്ചീരിയുടെതുമുള്‍പ്പെടെയുള്ള ഒരുപാട് കൊസോവന്‍ അല്‍ബേനിയന്‍ കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി മാറിയത്. മാച്ചില്‍ ഹാകയും ശാക്ചീരിയും ഗോളുകള്‍ നേടിയത് സെര്‍ബിയക്കെതിരെയാണ്. അപ്പോഴാണ് ഇരുവരും മുകളില്‍പ്പറഞ്ഞ ജെസ്റ്റര്‍ കാണിച്ചത്. കൈകള്‍ ചേര്‍ത്തുപിടിച്ച് തള്ളവിരലുകള്‍ ഉയര്‍ത്തിയും മറ്റ് വിരലുകള്‍ വിടര്‍ത്തിയുമുള്ള മുദ്ര, ഇരട്ടത്തലയന്‍ പരുന്തിന്റേതാണ് (double-headed eagle). ബൈസന്റൈന്‍ സാമ്രാജ്യം മുതല്‍ മൈസൂരിലെ വൊഡയാര്‍ വരെ പല സമൂഹങ്ങളിലും അധികാരചിഹ്നമായി ഉപയോഗിക്കപ്പെട്ടിരുന്ന ഡബിള്‍ ഹെഡഡ് ഈഗിള്‍ അല്‍ബേനിയരുടെ അടയാളവുമാണ്. അല്‍ബേനിയ എന്ന രാജ്യത്തിന്റെ കൊടിയടയാളവും അത് തന്നെ. ഇതാണ് സെര്‍ബിയന്‍ ടീമിന് നേരെ ഹാകയും ശാക്ചീയും ഉയര്‍ത്തിക്കാണിച്ചിരുന്നത്.

1531720820554സെര്‍ബിയയുടെ പരാതിയെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ഫിഫ പിഴ ചുമത്തിയെങ്കിലും സ്വിറ്റലര്‍ലന്‍ഡ് അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, അവരുടെ പിഴത്തുക സ്വിസ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. വംശീയമായി അല്‍ബേനിയരുമായി യാതൊരു ബന്ധവുമില്ലാത്ത സ്വിസ്സ് കളിക്കാരും ഇവരോട് ഐക്യദാര്‍ഢ്യപ്പെട്ടു കൊണ്ട് ഇതേ ജെസ്റ്റര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.

ബാള്‍ക്കന്‍ മേഖലയില്‍ വേരുകളുള്ള മറ്റൊരു യൂറോപ്യന്‍ ഫുട്ബാളറാണ് സ്ലാറ്റന്‍ ഇബ്‌റാവീമോവിച് (Zlatan Ibrahimovic). മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ബാര്‍സലോണയുടെയും മികച്ച ഫോര്‍വേഡ് ആയിരുന്ന ഇബ്‌റാഹീമോവിച് 2018 ലോകകപ്പില്‍ കളിച്ചില്ലെങ്കിലും സ്വീഡിഷ് ദേശീയ ടീമിന് വേണ്ടി 116 കളികളില്‍ 62 ഗോളുകള്‍ നേടിയിട്ടുണ്ട്. ശെഫീക് ഇബ്‌റാഹീമോവിച് (Sefik Ibrahimovic) എന്ന ബോസ്‌നിയാക് മുസ്‌ലിം പിതാവിന്റെയും യുര്‍ക ഗ്രാവിച് (Jurka Gravic) എന്ന ക്രോയേഷ്യന്‍ കത്തോലിക്കാ മാതാവിന്റെയും മകനായി സ്വീഡനിലെ മാല്‍മോവില്‍ 1987ലാണ് സ്ലാറ്റന്‍ ഇബ്‌റാഹീമോവിച് ജനിക്കുന്നത്. മാതാപിതാക്കള്‍ എഴുപതുകളില്‍ ബാള്‍ക്കനില്‍ നിന്ന് സ്വീഡനിലേക്ക് കുടിയേറിയവരാണ്. പിതാവ് വരുന്നത് ഇന്നത്തെ ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയിലെ ബിയെല്‍ജിനയില്‍ (Bijeljina) നിന്ന്. മാതാവാകട്ടെ, ഇന്നത്തെ ക്രൊയേഷ്യയിലെ സ്‌കാബര്‍ഞയില്‍ (Skabrnja) നിന്നും. കുടിയേറ്റകാലത്ത് ഈ രണ്ട് സ്ഥലങ്ങളും എസ്.എഫ്.ആര്‍ യൂഗോസ്ലാവിയയുടെ ഭാഗമായിരുന്നു.

സ്ലാറ്റന്‍ എന്ന് ഫസ്റ്റ് നെയിമിലാണ് ഇബ്‌റാഹീമോവിച് ആദ്യം അറിയപ്പെട്ടിരുന്നത്. ജഴ്‌സിയില്‍ രേഖപ്പെടുത്തിയിരുന്നതും ആ പേരായിരുന്നത്രേ. എന്നാല്‍ ഇബ്‌റാഹീമോവിച് എന്ന് തന്നെ താന്‍ അറിയപ്പെടണം എന്ന് അദ്ദേഹം വാശി പിടിച്ചു. ovic എന്ന പദം അദ്ദേഹത്തിന്റെ ബോസ്‌നിയാക് വേരിനെ അടയാളപ്പെടുത്തുന്നുണ്ട്. son of എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇബ്‌നു എന്നതിനോട് പിതാവിന്റെ പേര് ചേര്‍ത്ത് സര്‍നെയിം പറയുന്ന രീതി അറബികളുടേതാണ്. ഓട്ടൊമന്‍ കാലത്ത് തുര്‍ക്കികളും ഈ രീതി സ്വാംശീകരിച്ചു. ഓട്ടൊമന്‍ പ്രജകളായിരുന്ന ബോസ്‌നിയാക് മുസ്‌ലിംകളിലും അതാണ് സ്വാധീനം ചെലുത്തിയത്. കുടുംബത്തിലെ അറിയപ്പെടുന്ന പിതാമഹന്റെ പേരിനോട് ovic എന്ന് ചേര്‍ത്തുകൊണ്ടുള്ള സര്‍നെയിം നല്‍കപ്പെടുന്നത് അങ്ങനെയാണ്. സമാനമായ രീതി സെര്‍ബിയന്‍, ക്രൊയേഷ്യന്‍ വിഭാഗങ്ങളിലുമുണ്ട്. അത് പക്ഷേ evic, ivic, idzic തുടങ്ങിയ ഉച്ചാരണങ്ങളിലാണ്.

ബോസ്‌നിയാക്കുകളുടെ ഈ രീതിയില്‍ തന്റെ പേര് വായിക്കപ്പെടണം എന്നായിരുന്നു ഇബ്‌റാഹീമോവിച്ചിന്റെ നിര്‍ബ്ബന്ധം. അബ്‌റഹാമോവിച് എന്ന പാശ്ചാത്യ ഉച്ചാരണത്തോട് പോലും അദ്ദേഹം കലഹിച്ചു.

ഈ വസ്തുതകള്‍ മുന്നില്‍ വെച്ചു കൊണ്ട് പരിശോധിക്കുമ്പോള്‍ കാല്‍പ്പന്തുകളിയെ പുതിയ മാനങ്ങളില്‍ പരിശോധിക്കാന്‍ നമുക്ക് സാധിക്കുന്നു. ഏറ്റവും പ്രധാനം പുതിയ കാലത്തിന്റെ വിശാലഭൂരാഷ്ട്രബലതന്ത്രമാണ് (broader geopolitical dynamics) ഫുട്‌ബോളിന് ആകൃതി നല്‍കുന്നത് എന്നതാണ്. എന്നുവെച്ചാല്‍  ഇത് ഒരുപക്ഷേ ഗ്ലോബലൈസേഷന്‍ എന്ന ആശയത്തിന്റെ മാനുഷികമായ ഒരു പ്രയോഗമാണ്. അതായത്, അത് അതിരുകള്‍ ഭേദിക്കുന്നു. അതേസമയം ഓരോ മനുഷ്യനും അവന്റെ വേരില്‍ത്തന്നെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു.

indexവലയിലേക്ക് ഒരു ഗോള്‍ ചെന്ന് വീഴുമ്പോഴുള്ള ആഹ്ലാദത്തിമിര്‍പ്പില്‍ കറുപ്പും വെളുപ്പും മഞ്ഞയും ചുവപ്പും ഒത്തുചേരുന്നു എന്നത് ആനന്ദമുണ്ടാക്കുന്ന ഒരു കാഴ്ച തന്നെയാണല്ലോ. യൂറോപ്യന്‍ ടീമുകള്‍ക്ക് കറുത്ത കളിക്കാര്‍ നല്‍കുന്നത് പുതിയ വര്‍ണങ്ങളാണ്. അതിലൂടെ പുതിയ കാഴ്ചപ്പാടുകളും.

പല വഴികളിലൂടെയാണ് ഈ immigrant families ഇപ്പറഞ്ഞ രാജ്യങ്ങളിലെല്ലാം എത്തുന്നത്. കൊസോവ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മുതല്‍ കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വരെ നീണ്ടു നിന്ന വംശീയ ആഭ്യന്തര യുദ്ധങ്ങള്‍ കാരണം ഒട്ടേറെ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചിട്ടുണ്ട്. ഈ അഭയാര്‍ത്ഥികള്‍ പലരും തൊട്ടടുത്ത രാജ്യങ്ങളിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ ആണ് ചേക്കേറാറുള്ളത്. ഇനിയും ചിലര്‍ മതിയായ ജീവിതസാഹചര്യങ്ങള്‍ തേടി പ്രവാസജീവിതത്തിലേക്ക് തിരിയുന്നവരാവാം.

എങ്ങനെയായാലും ഈ ആളുകള്‍ക്ക് തങ്ങളുടെ അസ്ത്വിത്വം സ്ഥാപിച്ചെടുക്കാനുള്ള ഒരു വലിയ മാര്‍ഗമായി കാല്‍പ്പന്തുകളി മാറുന്നു എന്നത് അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തിന്റെ സൂചനയാണ്. ചിലര്‍ക്കെങ്കിലും അത് തങ്ങളെ ബഹിഷ്‌കരിച്ച, തങ്ങളുടെ വേരുകള്‍ പിഴുതുകളഞ്ഞ സമൂഹങ്ങളോടുള്ള മധുരമായ പ്രതികാരവുമായിത്തീരുന്നു.

അതേസമയം ഇതിന് ചില മറുവശങ്ങളുമുണ്ട്. കൊളോണിയല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ കോളനിവല്‍ക്കരണം സ്ഥാപിച്ചെടുത്തത് വംശീയതകളെ ഉദ്ദീപിപ്പിച്ചു കൊണ്ട് തന്നെയാണ്. ബ്രിട്ടീഷ് കാലത്ത് നമ്മുടെ നാട്ടില്‍ അരങ്ങേറിയ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തെപ്പറ്റി നാം പഠിക്കാറുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന സങ്കുചിത വംശീയ ഫാഷിസം മുതല്‍ വ്യത്യസ്ത വിഭാഗീയതകള്‍ വരെയുള്ളവയുടെ കെടുതികളെ അന്നത്തെ അധീശതന്ത്രങ്ങളുടെ ബാക്കിയായും കൂടി വിലയിരുത്താം. ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശഹത്യ നടന്ന സ്ഥലമാണ് ആഫ്രിക്കയിലെ റ്വാണ്‍ഡ. ഹുതു, തുത്‌സി ഗോത്രദേശീയതകള്‍ തമ്മിലുള്ള മാരകമായ വൈരത്തിന്റെ വിത്തുകള്‍ റ്വാണ്‍ഡയില്‍ പാകിയത് ബെല്‍ജിയന്‍ കോളനിവാഴ്ചയാണ്.

വന്‍ ആക്രമണങ്ങളിലൂടെയും മറ്റും കൈവശപ്പെടുത്തിയ കോളനികളെ നിലനിര്‍ത്തുന്നതിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല, മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോളനി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നിര്‍ബ്ബന്ധിതമായപ്പോഴും ഭാവിയില്‍ പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള വിഭാഗീയ കുഴിബോംബുകള്‍ ജീവിതത്തിലെമ്പാടും നിക്ഷേപിച്ചുകൊണ്ടാണ് അവര്‍ പിന്‍വാങ്ങിയത്.

Migration -paintings of Jacob Lawrence
Migration -paintings of Jacob Lawrence

ഇന്നത്തെ ആഭ്യന്തരക്കുഴപ്പങ്ങളിലും അതിര്‍ത്തിത്തര്‍ക്കങ്ങളിലുമുള്ള വാണിജ്യതാല്‍പര്യങ്ങളും പ്രധാനമാണ്. പ്രത്യേകിച്ചും ആയുധക്കമ്പനികളുടെ താല്‍പര്യങ്ങള്‍. ഭരണകൂടങ്ങള്‍ക്കും വിമതര്‍ക്കും സൈനികര്‍ക്കും തീവ്രവാദികള്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് ഒരേ കമ്പനികള്‍ തന്നെയാണല്ലോ. കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുമ്പോള്‍ ചാര്‍ലി ചാപ്ലിന്റെ മൊസ്യൂ വെര്‍ദൂ എന്ന കഥാപാത്രം ചോദിക്കുന്നത് കൂട്ടക്കൊലകള്‍ ആഗ്രഹിക്കുന്ന ആയുധക്കമ്പനികള്‍ നിലനില്‍ക്കുകയും അവയാല്‍ നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിന് എന്നെ വിചാരണ ചെയ്യാന്‍ എന്താണ് അവകാശം എന്നാണ്. തനിക്ക് മനസ്സിലാകുന്നത് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു അമച്വര്‍ ആയിപ്പോയി എന്നതാണ് തന്റെ കുറ്റം എന്നാണ് എന്ന് വെര്‍ദൂ തുടരുന്നു. എല്ലാവരുടെയും ജീവന്‍ ഒരേ വിലയുള്ളതല്ല എന്ന് ചിന്തിക്കുന്ന വര്‍ണഡംഭുകാരും മൂലധനശക്തികളുമാണ് ഇന്നും പാശ്ചാത്യ രാജ്യങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട തങ്ങളുടെ ഭൂരാഷ്ട്രീയനയങ്ങളും ആയുധങ്ങളടക്കം തങ്ങള്‍ കയറ്റി അയക്കുന്ന സാമഗ്രികളുമാണ് അഭയാര്‍ത്ഥിപ്രശ്‌നം അടക്കം ഇന്നനുഭവിക്കുന്ന പ്രതിസന്ധികളുടെയൊക്കെ വേര് എന്ന് അംഗീകരിക്കാന്‍ അവര്‍ വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു. എന്നിട്ടാകട്ടെ, കുറ്റം മുഴുവന്‍ അവരുടെ ഉപകരണങ്ങളായി വര്‍ത്തിക്കുന്ന മൂന്നാം ലോക ഏകാധിപതികളുടെയും തീവ്രവാദികളുടെയും മറ്റും തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നു.

അതേസമയം, നിലയ്ക്കാത്ത അഭയാര്‍ത്ഥിപ്രവാഹം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പാശ്ചാത്യരുടെ മനോഘടനയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുണ്ട്. വര്‍ണചിന്തകള്‍, ദേശീയത തുടങ്ങിയവയില്‍ നിന്ന് അവര്‍ പൂര്‍ണമായും മുക്തരായിട്ടില്ലെന്നതിന് റൊമേലു ലുകാകുവും ഇബ്‌റാഹീമോവിച്ചും മുതല്‍ ജിമി ദ്രമാസ് (Jimmy Durmas) വരെയുള്ളവരുടെ അനുഭവങ്ങള്‍ തെളിവു നല്‍കുന്നു. ബില്യണ്‍ ഡോളറുകളുടെ കച്ചവടമാണ് യൂറോപ്യന്‍ ഫുട്‌ബോള്‍. അതിന് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും മാറ്റി നിര്‍ത്തി മുന്നോട്ട് പോവാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആഫ്രിക്കന്‍ വംശജന്‍ ഗോള്‍ നേടുമ്പോള്‍ ആര്‍ത്തുവിളിക്കുന്ന വെള്ളക്കാരന്‍ ജീവിതത്തിന്റെ മറ്റ് മേഖലകളില്‍ അങ്ങനെയൊരു സ്‌നേഹം പ്രകടിപ്പിക്കും എന്ന് കരുതുന്നത് മണ്ടത്തരവുമായിരിക്കും.

അങ്ങനെയായിരിക്കുമ്പോള്‍പ്പോലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഇതിനെയൊക്കെ മറികടക്കുന്ന പ്രസക്തിയുണ്ട്. വിവിധവര്‍ണങ്ങളെ ഉള്‍ക്കൊള്ളുന്ന കളിമൈതാനത്തിലെ മണ്ണ് വ്യക്തമായ രാഷ്ട്രീയ സന്ദേശം മുന്നോട്ടു വെക്കുന്നു. അവിടെ കറുത്തവനും വെളുത്തവനും തമ്മില്‍ കെട്ടിപ്പുണര്‍ന്നേ പറ്റൂ.

ഒപ്പം ഈ പന്ത് അഭയം തേടിയെത്തുന്നവനെ സ്വന്തം അസ്തിത്വം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

Read More

പ്രണയകാമനകളുടെ ഖുർആനിക ഭാഷ്യം

1519257478375

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി ബോധവാന്മാരായിരിക്കണം. ഒരേ സ്വത്വത്തില്‍ നിന്ന് നിങ്ങള്‍ക്കുയിരു തന്നതവനാകുന്നു. അതില്‍ നിന്ന് തന്നെയാണ് നിങ്ങളുടെ ഇണയ്ക്കും അസ്തിത്വം ലഭിച്ചത്. എന്നിട്ടാ യുഗ്മത്തില്‍ നിന്നത്രേ ലോകത്തെമ്പാടും സ്ത്രീ പുരുഷന്മാരെ വ്യാപിപ്പിച്ചത് (ഖുര്‍ആന്‍- അന്നിസാഅ്: 1).

എല്ലാ ഗോത്ര, വംശ വൈവിധ്യങ്ങളെയും മനുഷ്യന്‍ എന്ന ഏകസ്വത്വത്തിലേക്ക് ചുരുക്കുന്ന പ്രസ്താവമാണ് ഇത്. അതിനെക്കാള്‍ പ്രധാനം ഇണ, പ്രണയം, രതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളിലേക്ക് വികസിക്കുന്ന ദര്‍ശനമാണ് ഇത് എന്നതാണ്.

മനുഷ്യനിലേക്കുണര്‍ന്ന ഹോമോ സേപ്പിയന്‍സിനെ ഖുര്‍ആന്‍ ആദം എന്ന് വിളിക്കുന്നു. എബ്രായ ഭാഷയിലെ (ഹീബ്രു) ആദാം എന്ന പദത്തിന് to be red എന്നാണ് അര്‍ത്ഥം. മനുഷ്യ ചര്‍മത്തിന്റെ ruddy colour നെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പറയാം. ചര്‍മത്തിന്റെ നിറം എന്നതിലുപരി ചുവക്കുക എന്നത് മനുഷ്യന്റെ വൈകാരിക പ്രകൃതത്തെ സൂചിപ്പിക്കുന്നു. ആദ്യത്തെ സെമിറ്റിക് ഭാഷാ ജനത മെസൊപൊട്ടേമിയയിലെ അക്കേദിയന്മാരാണല്ലോ. അക്കേദിയന്‍ ഭാഷയില്‍ നിന്നാണ് എബ്രായയില്‍ ആ പദം വന്നത്. അക്കേദിയനിലാകട്ടെ, അദമു (adamu) എന്ന ഒരു പ്രയോഗമുണ്ട്. to make എന്നാണ് അതിനര്‍ത്ഥം. ആയിത്തീരുക എന്ന് മലയാളം, സൃഷ്ടിക്കുക എന്നും. ആയിത്തീരുന്നവനാണ് മനുഷ്യന്‍ എന്നാണ് തനാക്കിന്റെ (യൂദ വേദം, പഴയ നിയമം എന്നറിയപ്പെടുന്നു) തത്വം. അദമാ എന്ന മറ്റൊരു എബ്രായ പദത്തെയും ആദാമിന്റെ നിഷ്പത്തിയായി ചൂണ്ടിക്കാണിക്കാറുണ്ട്. മണ്ണ് അഥവാ ഭൂമി എന്നര്‍ത്ഥം.

ഇതില്‍ നിന്നൊക്കെ രൂപം കൊണ്ട ആദാം എന്ന വാക്കിന് ശരിക്കും പറയാവുന്ന അര്‍ത്ഥം മനുഷ്യന്‍ എന്ന് തന്നെയാകുന്നു. ആയിത്തീരുക എന്ന അര്‍ത്ഥത്തില്‍ ഹോമോ സേപ്പിയന്‍സ് എന്ന ജീവജാതി മനുഷ്യന്‍ ആയിത്തീരുകയാണ് ചെയ്യുന്നത് എന്ന് പറയാം.

ആദമിനെയും അവന്റെ ഇണയെയും ചേര്‍ത്ത ഒരാഖ്യാനമാണ് ഖുര്‍ആന്‍ നടത്തുന്നത്. ഇണയോടൊപ്പം ഈ തോട്ടത്തിലെ, ഉലകത്തിലെ, ജീവിതത്തിലെ മധുരഫലങ്ങള്‍ ആസ്വദിക്കുവിന്‍ എന്നാണ് ദൈവത്തിന്റെ പ്രഥമ കല്‍പന. പ്രണയത്തെയും ജീവിതത്തെയും സംബന്ധിച്ച ഏറ്റവും പ്രകാശമാനവും ഉജ്വലവുമായ കാഴ്ചപ്പാടാണ് ഇവിടെ വേദഗ്രന്ഥം മുന്നോട്ടു വെക്കുന്നത് എന്ന് കാണാം. പെണ്ണ് പാപമാണെന്നും വിലക്കപ്പെട്ട കനി രതിയാണെന്നും ഒക്കെയുള്ള വൈരാഗ്യ കാഴ്ചപ്പാടിനെ നിരാകരിക്കുകയാണ് അത് ചെയ്യുന്നത്.

മനുഷ്യനും ഇണയും എന്ന ദ്വൈതത്തിലെ മനുഷ്യന്റെ ലിംഗവിഭാഗമേത് എന്ന അന്വേഷണം പ്രസക്തമല്ല. അതിന് ശാസ്ത്രീയമോ തത്വശാസ്ത്രപരമോ ആയ ഉത്തരം സാധ്യവുമല്ല. അതുകൊണ്ടായിരിക്കാം, ആദമിന്റെ ഇണയുടെ പേര് ഖുര്‍ആന്‍ പറയുന്നില്ല. ആധികാരികമായ നബിവചനങ്ങളിലും അതില്ലെന്നാണ് ഇതെഴുതുന്നയാളിന്റെ അറിവ്.

അതേസമയം ഹീബ്രു പാരമ്പര്യത്തില്‍ ഹവ്വ എന്ന ഒരു പേര് പറയുന്നുണ്ട്. ഇത് മുസ്‌ലിം പാരമ്പര്യത്തിലും സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇണ എന്ന നിലക്ക് ഈ പദത്തിനുമുണ്ട് തത്വചിന്താപരമായ ഒരു സൗന്ദര്യം.love-min

ചവ്വാഹ് എന്നതാണത്രേ ഇതിന്റെ ഹീബ്രു ഒറിജിന്‍. to breath എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിനോട് ബന്ധമുള്ള ഹയാ എന്നതില്‍ നിന്നാണ് ഹവ്വ (Eve) വന്നത് എന്നും പറയപ്പെടാറുണ്ട്. to live എന്നാണ് ഇതിന്റെ അര്‍ത്ഥം. അറബിയില്‍ ഈ പദം ഹയാ, ഹയ്യ് എന്നീ പ്രയോഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ജീവിതം (life) ആണ് ഹയാ (ഹയാത്) എങ്കില്‍ ഹയ്യ് എന്നാല്‍ ജീവത്തായത് (living) എന്നര്‍ത്ഥം.

ഈ വിശകലനങ്ങള്‍ പ്രകാരം ഹവ്വാ എന്നതിന് living one എന്നോ source of life (or giver of life) എന്നോ അര്‍ത്ഥം പറയാം.

ചുരുക്കിപ്പറഞ്ഞാല്‍ ആദം എന്നാല്‍ മനുഷ്യന്‍. മനുഷ്യന് ഉയിര് നല്‍കുന്നതെന്തോ അത് ഹവ്വ, അഥവാ അതാണ് പ്രണയം. എത്ര മനോഹരമായാണ് മനുഷ്യന്റെ സ്വത്വത്തെയും സത്തയെയും വേദപുസ്തകം പ്രണയത്തിലേക്കും രതിയിലേക്കും ചേര്‍ത്തു വെക്കുന്നതെന്ന് നോക്കൂ. ഇത്തരം ഉല്‍പ്രേക്ഷകളുടെ മിത്തുവല്‍ക്കരണത്തില്‍ നിന്നാണ് സ്വയം പാപവും പാപപ്രേരണയുമായ പെണ്ണ് ജനിക്കുന്നത്. തല്‍മൂദിന്റെ ബാബിലോണിയന്‍ വെര്‍ഷനില്‍ (തല്‍മൂദ് ബാബിലി എന്നും തല്‍മൂദ് യരുശാല്‍മി എന്നും രണ്ട് വെര്‍ഷനുണ്ട് തനാക്ക് കഴിഞ്ഞാല്‍ യൂദരുടെ ഏറ്റവും പ്രധാന മതഗ്രന്ഥമായ തല്‍മൂദിന്) സമത്വം വാദിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ലിലിത്ത് ആണ് ആദ്യത്തെ സ്ത്രീ എന്നും പിന്നീട് അത്തരം വാദങ്ങള്‍ ഉന്നയിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ആദാമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെ സൃഷ്ടിച്ചതെന്നും ഒരു കഥ കയറിക്കൂടിയിട്ടുണ്ട്.

പ്രണയച്ചരടില്‍ ഇണകളെ കോര്‍ത്തുവെക്കുമ്പോഴും ഓരോരുത്തരുടെയും വ്യക്തിത്വം പ്രധാനമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഈ ജീവിതത്തോപ്പില്‍ നിന്ന് നിങ്ങള്‍ സ്വച്ഛന്ദം ആഹരിക്കുക എന്ന് പറയുന്നേടത്ത് ഹയ്ഥു ശിഅ്തുമാ എന്നാണ് പ്രയോഗം. ഇരുവര്‍ക്കും ഇഷ്ടമുള്ളത് എന്നര്‍ത്ഥം. എന്നുവെച്ചാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടം പ്രധാനമാണ്.

ഈ ഇരുവരുടെ ഇഷ്ടം എന്നതിനെ തന്റെ ഇഷ്ടം എന്നതാക്കി പരിവര്‍ത്തിപ്പിക്കുന്നേടത്താണ് പുരുഷാധിപത്യപരമായ ചട്ടക്കൂട് മാത്രമായി കുടുംബം തരം താഴുന്നത്. സ്വച്ഛന്ദതയാണ് പ്രണയത്തിന്റെ കാതല്‍, അതില്‍ അധികാരപ്രയോഗങ്ങളില്ല. ഇഷ്ടം, ശീലം, സൗഹൃദങ്ങള്‍ എന്നിവ ഓരോ വ്യക്തിക്കും പ്രധാനമാണ്. അതിന് കിട്ടുന്ന പിന്തുണയാണ് പങ്കാളിയോടുള്ള അഭിനിവേശത്തെ ത്വരിപ്പിക്കുക.

മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത്, നിങ്ങളില്‍ നിന്ന് തന്നെ നിങ്ങളുടെ ഇണയെയും സൃഷ്ടിച്ചത് അല്ലാഹുവിന്റെ അടയാളങ്ങളില്‍പ്പെട്ടതാകുന്നു എന്നാണ്. ഇണയുടെ സാന്നിധ്യത്തില്‍ നിങ്ങളില്‍ ശാന്തി നിറയാന്‍ എന്ന് തുടരുന്നു. ഒപ്പം നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രണയവും കാരുണ്യവും നിക്ഷേപിച്ചു എന്നും (അര്‍റൂം: 21). ഓരോ വ്യക്തിയുടെയും സ്വത്വത്തിന്റെ പൂര്‍ണതയുമായി ബന്ധപ്പെട്ടതാണ് ഇണയുടെ സാന്നിധ്യം. വ്യക്തിത്വത്തിന്റെ പൂര്‍ണതയാണല്ലോ വ്യക്തിയുടെ ശാന്തിയുടെ ആധാരം. ഈ ശാന്തി കരസ്ഥമാക്കുന്നതിനുള്ള കരുക്കള്‍ പ്രണയ കാരുണ്യങ്ങള്‍ തന്നെ.

ചാര്‍ലി ചാപ്ലിന്റെ മൊസ്യൂ വെര്‍ദൂ (Monsieur Verdoux) എന്ന സിനിമയില്‍ ഒരു പെണ്‍കുട്ടിയോട് വെര്‍ദു വാട്ട് ഇസ് ലൗ എന്ന് ചോദിക്കുന്നുണ്ട്. അതിന് ആ പെണ്‍കുട്ടി പറയുന്ന മറുപടി ഇതാണ്: Giving, Sacrificing. The same way a mother feels for her child. പ്രണയത്തെ ആത്മീയതയിലേക്കുയര്‍ത്തുന്ന നിര്‍വചനമാണിത്. പ്രണയം സ്വാര്‍ത്ഥമാണ്, എന്നാല്‍ ആ സ്വാര്‍ത്ഥത പരാര്‍ത്ഥൈകമാണ്. സ്വാഭിനിവേശങ്ങള്‍ പ്രധാനമായിരിക്കെത്തന്നെ ഒരുതരം self devotion തന്നെയാണത്.

വിഖ്യാതമായ റൂമിക്കഥയുടെ ആഴവും ഇതു തന്നെ. പുറത്താരാണ് എന്ന കാമിനിയുടെ ചോദ്യത്തിന് പുറത്ത് ഞാനാണെന്ന് കാമുകന്റെ മറുപടി. രണ്ടു പേര്‍ക്കിരിക്കാനുള്ള ഇടമില്ലിവിടെ, പോവുക എന്ന് അകത്തു നിന്ന് ശബ്ദം. പിറ്റേന്നും ഇതു തന്നെ ആവര്‍ത്തിച്ചു. മൂന്നാം നാള്‍ പുറത്താരാണ് എന്ന ചോദ്യത്തിന് കാമുകന്‍ പുറത്ത് നീയാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു എന്നാണ്.

ഇപ്രകാരം ഞാന്‍ നീയായിത്തീരുമ്പോഴും ഇരുവര്‍ക്കുമിടയില്‍ ഹയ്ഥു ശിഅ്തുമാ എന്ന, മേല്‍പ്പറഞ്ഞ തത്വം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഖുര്‍ആന്‍ പ്രഘോഷിക്കുന്ന മധ്യമദര്‍ശനത്തിന്റെ സ്വഭാവവുമാണ്.

മൊസ്യു വെര്‍ദു എന്ന സിനിമയില്‍ത്തന്നെ കരുണയെയും നിര്‍വചിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ പ്രതീകമാണ് ഇതിലെ വെര്‍ദു എന്ന കഥാപാത്രം. തന്നിലെ മനുഷ്യത്വം പ്രവര്‍ത്തനക്ഷമമാകാതിരിക്കാന്‍ അയാള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ദയാരഹിതമായ ഒരു വ്യവഹാരമാണ് വ്യാപാരം (Business is a ruthless business) എന്നതാണ് അയാളുടെ സിദ്ധാന്തം. അങ്ങനെയുള്ള എല്ലാവരെയും പോലെ അയാള്‍ എപ്പോഴും ലോകത്തെ കുറ്റപ്പെടുത്തുന്നു. ലോകം തന്നെ ദയാരഹിതവും ക്രൂരവുമാണ് എന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ വളരെ താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്ന അതേ പെണ്‍കുട്ടി തന്നെ അതിന് ഇങ്ങനെ മറുപടി പറയുന്നു: It’s a blundering world and a very sad one, yet a little kindness can make it beautiful. വെര്‍ദുവിലെ മനുഷ്യന്‍ ഉണര്‍ന്നെങ്കിലും അയാളിലെ മൂലധനോപാസകന്‍ ഉടന്‍ ജാഗ്രത്തായി. നിന്റെ തത്വശാസ്ത്രം എന്നെ ചീത്തയാക്കുന്നതിന് മുന്നേ നീ ഇവിടെ നിന്ന് പോകുന്നതാണ് നല്ലത്, അയാള്‍ പറഞ്ഞു.

ചാപ്ലിന്‍ സിനിമയിലെ ഈ രണ്ട് വാക്യങ്ങളിലുണ്ട് പ്രണയത്തെയും കാരുണ്യത്തെയും കുറിച്ച ശരിയായ വര്‍ത്തമാനങ്ങള്‍.

ശേഷം ഇണകളുടെ പാരസ്പര്യത്തെ ഖുര്‍ആന്‍ ഇങ്ങനെ ഉപമിക്കുന്നു, നിങ്ങളുടെ ഇണകള്‍ നിങ്ങളുടെ വസ്ത്രമാണ്. നിങ്ങള്‍ അവരുടെയും.

ഈ വസ്ത്രം, ഈ ആവരണമാണ് ശരിയായ സാന്ത്വനം. ഖദീജയോട് നബി “സമ്മിലൂനീ” എന്ന് പറഞ്ഞേടത്ത് ഇതുണ്ട്. വിറ പൂണ്ടു നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പ്രേയസിയുടെ ശരീരത്തിന്റെയും പ്രണയത്തിന്റെയും ഊഷ്മളതയാണ് പ്രവാചകന്‍ കൊതിച്ചത് എന്ന് പറയാം. പുതപ്പ് എന്ന ഉപകരണം അവിടെ അപ്രധാനമാണ്. ഖദീജ പ്രണയത്തിന്റെ ആകാരമാണ്, സാന്ത്വനത്തിന്റെ മാലാഖയാണ്, ഇണയുടെ അന്തസ്സും കരുത്തുമാണ്. നിങ്ങളും ഇണകളും പരസ്പരം വസ്ത്രമാണ് എന്ന വചനത്തില്‍ ഇതെല്ലാം അടങ്ങുന്നുണ്ട്. അതേസമയം സ്വന്തം അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളിയുടെ അന്തസ്സായി വര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തത്വത്തിനും മാതൃകയാണ് അവരുടെ ജീവിതം.

ഉയിരില്‍ തുടങ്ങി സാന്ത്വനത്തിലൂടെയും പ്രണയ കാരുണ്യങ്ങളിലൂടെയും വികസിച്ച് അന്തസ്സുള്ള, അനിവാര്യമായ ആവരണം എന്ന സങ്കൽപത്തില്‍ നില്‍ക്കുന്നതാണ് കാമനകളെക്കുറിച്ച ഖുര്‍ആനിക വിചാരം എന്നര്‍ത്ഥം.

Read More

ഇഖ്ബാലും ഇസത്ബെഗോവിച്ചും പിന്നെ ബോസ്നിയൻ വംശഹത്യയും

The Genocide - painting by Paul Batou

ഒരു വായനാത്മ(ക)കഥ ഏഴ്

മുൻഭാഗങ്ങൾ: ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്

കിഴക്കിനും പടിഞ്ഞാറിനും മധ്യേ

ധ്യാനനിമഗ്നനായി അധികകാലം മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. മൗവിനെയും ചെയെയും മജൂംദാറിനെയുമൊക്കെ ആത്മാവില്‍ പ്രതിഷ്ഠിച്ചിരുന്ന എന്നിലെ സാമൂഹികോദ്വേഗി അസ്വസ്ഥനായിത്തുടങ്ങി. ധ്യാനത്തെക്കാള്‍ ആനന്ദം അയോധ്യയിലെ കമ്പനിയും പാട്ട് മേളയും ബഹളങ്ങളുമൊക്കെ തരുന്നുണ്ടോ എന്നായി സംശയം.

ഈ അസ്വാസ്ഥ്യത്തിന്റെ മൂര്‍ച്ഛയിലാണ്, ഒരു ദിവസം യാദൃഛികമായി ഒരു പുസ്തകത്തിന്റെ പരസ്യം ശ്രദ്ധയില്‍പ്പെട്ടത്. മാതൃഭൂമി ദിനപത്രത്തിലാണ് അത് കണ്ടതെന്നാണ് ഓര്‍മ. പുസ്തകം കോഴിക്കോട്ടെ ഐ.പി.എച് പ്രസിദ്ധീകരിച്ചതാണ്. എന്റെ കൈയിലുണ്ടായിരുന്ന ഖുര്‍ആന്‍ ഭാഷ്യവും അവരുടേതായിരുന്നല്ലോ. അതാകട്ടെ, ഖുര്‍ആന്‍ സൂക്തങ്ങളുടെ വിവര്‍ത്തനവും തീരെച്ചെറിയ ചില കുറിപ്പുകളും മാത്രമാണ്. ഇസ്ലാമിക ദര്‍ശനത്തെ ആഴത്തില്‍ അറിയാന്‍ പര്യാപ്തമായിരുന്നില്ല അത്.

Intellect - painting by Jim Warren
Intellect – painting by Jim Warren

ഇസ്ലാം രാജമാര്‍ഗം എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. സത്യത്തില്‍ അതിന്റെ വിവര്‍ത്തകന്റെ പേരാണ് എന്നെ ആ പരസ്യത്തിലേക്ക് ആകര്‍ഷിച്ചത്. പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്‍.പി മുഹമ്മദ്. പില്‍ക്കാലത്ത് ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയുടെ പ്രസിഡന്റായിത്തീര്‍ന്ന അലിജാ ഇസത്‌ബെഗോവിച് (Alija Izetbegovic) എഴുതിയ Islam between East and West എന്ന പുസ്തകത്തിന്റെ പരിഭാഷയായിരുന്നു അത്.

ആത്മീയതയുമായി ബന്ധപ്പെട്ട പുതിയ അഭിനിവേശങ്ങള്‍ അസംബന്ധങ്ങളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ അഭിനിവേശങ്ങളും ചിന്തയും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. ആശ്രമത്തില്‍ ഭജനയിരുന്നിട്ടും സ്വാസ്ഥ്യമല്ല ലഭിച്ചത്. മനുഷ്യനെയും ലോകത്തെയും ചരിത്രത്തെയും വിശദീകരിക്കുന്നതിന് പര്യാപ്തമായ ഏകദര്‍ശനം അന്ന് എന്നെസ്സംബന്ധിച്ചിടത്തോളം ഡയലക്ടിക്കല്‍ മെറ്റീരിയലിസം തന്നെ. ഈ സംഘര്‍ഷത്തിലേക്കാണ് ഇസത്‌ബെഗോവിച് ഇറങ്ങി വരുന്നത്. അദ്ദേഹം മുന്നോട്ടു വെച്ച ഏറ്റവും ശക്തമായ ആശയം Islam: Bipolarity എന്നതായിരുന്നു. ഇതിന് എന്‍.പി നല്‍കിയ തര്‍ജമ ഇസ്ലാം: ദ്വിധ്രുവത എന്നും. സത്യത്തില്‍ രണ്ട് extreme കളെ സമന്വയിപ്പിക്കാനുള്ള മതത്തിന്റെ ശേഷിയെപ്പറ്റി ഞാനാദ്യമായി അറിയുന്നതും ചിന്തിക്കുന്നതും അപ്പോഴാണ്. ഗ്രന്ഥത്തിന്റെ തുടക്കം തന്നെ, സൃഷ്ടിയും പരിണാമവും എന്ന അധ്യായത്തിലെ ഡാര്‍വിനും മൈക്കലാഞ്ചലോവും എന്ന ഉപശീര്‍ഷകം, എന്നെ ആകര്‍ഷിച്ചു. മനുഷ്യജീവിതത്തിന്റെ തുടക്കത്തെക്കുറിച്ച ഖുര്‍ആനികാഖ്യാനത്തെ (സൂറഃ അല്‍ അഅ്‌റാഫ് 172 കാണുക) ഇസത്‌ബെഗോവിച് ഖാലൂബലാ സംഭവം എന്ന് വിളിക്കുന്നു. ഈ സംഭവം മുതല്‍ക്ക് ഏകധ്രുവത്തില്‍ നിന്നു കൊണ്ടുള്ള ജീവിതം അപ്രായോഗികവും അര്‍ത്ഥരഹിതവുമായിത്തീര്‍ന്നു എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മെറ്റീരിയലിസത്തെ നിരാകരിച്ചു കൊണ്ടും അതേസമയം തന്നെ മാറ്ററിനെ ഉള്‍ക്കൊണ്ടു കൊണ്ടുമുള്ള ഒരു ഡയലക്ടിസിസം, ആശയലോകവും ഭൗതികലോകവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തെക്കുറിച്ച പാഠം, മതദര്‍ശനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് കൂടുതല്‍ ആ വഴിക്ക് ചിന്തിക്കാന്‍ എനിക്ക് പ്രേരണയായി. പിന്നീടുണ്ടായ എന്റെ ഇസ്ലാം പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെ അതിന്റെ ഡയലക്ടിസിസത്തിലും മധ്യമസ്വഭാവത്തിലും ഊന്നി നില്‍ക്കുന്നതായിരുന്നു. രണ്ട് അറ്റങ്ങളുടെ ശക്തമായ സമന്വയം. ചരിത്രത്തിലെ ദ്വന്ദാത്മകയെക്കുറിച്ച പാഠവും നിരാകരണത്തിന്റെ നിരാകരണത്തെക്കുറിച്ച സിദ്ധാന്തവുമെല്ലാം (Law of Negation of the Negation) ഇതില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന ചിന്ത ആ പുസ്തകം സമ്മാനിച്ചു.

Alija_Izetbegovic
അലിജാ ഇസത്ബെഗോവിച്

വൈരുദ്ധ്യം എന്നത് യാഥാര്‍ത്ഥ്യമായിരിക്കേ, വൈരുദ്ധ്യാത്മകബന്ധങ്ങളെക്കുറിച്ച അവബോധം ഒരു തത്വചിന്തയുടെ സമഗ്രതയെ സൂചിപ്പിക്കുന്നതാണ്. സോക്രട്ടീസ് മുതല്‍ക്കുള്ള ചിന്തകന്മാര്‍ ഈ ദ്വന്ദ്വാത്മകതയെ വ്യത്യസ്തരൂപങ്ങളില്‍ സമീപിച്ചവരായിരുന്നു. സോക്രാട്ടിക് ഡയലക്ടിക്‌സ്, കാര്‍ട്ടീസിയന്‍ ഡയലക്ടിക്‌സ്, ഹെഗലിയന്‍ ഡയലക്ടിക്‌സ് എന്നിങ്ങനെ വൈരുദ്ധ്യങ്ങളോടുള്ള വ്യത്യസ്ത സമീപനങ്ങള്‍ തത്വചിന്തയില്‍ കാണാം. അതിന്റെ ഏറ്റവും പരിഷ്‌കൃതമായ പതിപ്പാണ് മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം. വൈരുദ്ധ്യങ്ങളെക്കുറിച്ച (സത്യത്തില്‍ ദ്വന്ദ്വങ്ങള്‍ എന്നതാണ് കൂടുതല്‍ ശരി) ചിന്തകള്‍ ബുദ്ധദര്‍ശനത്തിലും കണ്‍ഫ്യൂഷനിസ്റ്റ് ചിന്തയിലുമെല്ലാം കണ്ടെത്താന്‍ പറ്റും.

സിന്ദ റൂദ്

ഇസത്‌ബെഗോവിച്ചിന്റെ പുസ്തകത്തിന് തിലകക്കുറിയായി അദ്ദേഹം തന്നെ ചേര്‍ത്തിട്ടുള്ള ഒരു കവിതാശകലമുണ്ട്. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ജാവീദ് നാമ എന്ന പേര്‍ഷ്യന്‍ കാവ്യത്തില്‍ നിന്നെടുത്തതായിരുന്നു അത്. ആ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. എന്നാല്‍ അതില്‍ നിന്നുള്ള ചില ശകലങ്ങളും പിന്നെ ആ പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പുകളും വായിച്ചിട്ടുണ്ട്.

ദാന്തെ അലിഗിയേറിയുടെ (Dante Alighieri) ഡിവൈന്‍ കോമഡിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇഖ്ബാല്‍ ജാവീദ് നാമ (Book of Eternity) എഴുതിയതെന്നാണ് പറയപ്പെടുന്നത്. സ്വര്‍ഗനരകങ്ങളിലൂടെയുള്ള ദാന്തെയുടെ സഞ്ചാരത്തിന് വഴികാട്ടിയാവുന്നത് പ്രാചീന റോമന്‍ കവിയായ വെര്‍ജില്‍ ആണെങ്കില്‍ ജാവീദ് നാമയില്‍ ആ സ്ഥാനത്ത് മൗലാനാ ജലാലുദ്ദീന്‍ റൂമിയാണ്. തന്റെ ആത്മീയ യാത്രയില്‍ ഇഖ്ബാല്‍ സ്വീകരിക്കുന്ന ഒരു pseudonym ഉണ്ട്. സിന്ദ റൂദ് എന്നാണ് അത്. പില്‍ക്കാലത്ത് അദ്ദേഹത്തെപ്പറ്റി മകന്‍ ജസ്റ്റിസ് ജാവേദ് ഇഖ്ബാല്‍ എഴുതിയ നാല് വാല്യങ്ങളുള്ള പുസ്തകത്തിന്റെ പേരും സിന്ദ റൂദ് എന്നായിരുന്നു.

ദൈവാനുഭവത്തിന്റെയും മിസ്റ്റിസിസത്തിന്റെയും പ്രതലത്തില്‍ നിന്നു കൊണ്ടുള്ള സര്‍ഗാവിഷ്‌കാരങ്ങളൊന്നും ഞാന്‍ അതിന് മുമ്പ് വായിച്ചിട്ടില്ല. ദാന്തെയെപ്പോലും വായിക്കുന്നത് പിന്നീടാണ്. ഒരിക്കല്‍ ശ്രീകാന്ത് സര്‍ എനിക്ക് Illustrated weekly of India എന്ന വാരികയുടെ അപ്പോഴത്തെ ലക്കം എടുത്തു തന്നു. അതില്‍ ഇറാനിലെ നേതാവായ ആയതൊല്ലാ ഖൊമൈനിയുടെ For Fathima എന്ന കവിതയുണ്ടായിരുന്നു. ആയിടെയായിരുന്നു അദ്ദേഹം അന്തരിച്ചത്. അതുവരെ മുരടനായ ഒരു മതമൗലികവാദി മാത്രമായിരുന്നു എനിക്ക് ഖൊമൈനി. അതിനാല്‍ത്തന്നെ ആ കവിത എന്നില്‍ അല്‍ഭുതമുളവാക്കി. ഹൊകൂമതെ ഇസ്ലാമി: വലായതെ ഫഖീഹ് (Islamic Government: Governance of Jurist) എന്ന മതരാഷ്ട്രീയ ഗ്രന്ഥവും ആദാബെ സലാത് (The Disciplines of Prayers) എന്ന മതാനുഷ്ഠാന ഗ്രന്ഥവും ഒക്കെ രചിച്ച ഖൊമൈനിയാണ് tavern പോലുള്ള മെറ്റഫറുകള്‍ പോലുമുപയോഗിച്ച് കവിതയെഴുതിയിരിക്കുന്നത്. അതേസമയം The Wine of Love എന്ന പേരില്‍ അദ്ദേഹത്തിന്റെ കവിതകളുടെ ഒരു ബൃഹദ്‌സമാഹാരം തന്നെയുണ്ടായിരുന്നെന്ന് ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്.

Miqbal4ഖുദി എന്ന ആശയത്തില്‍ ഊന്നി നിന്നു കൊണ്ടാണ് ഇഖ്ബാല്‍ തന്റെ ദര്‍ശനത്തെ വികസിപ്പിക്കുന്നത്. സ്വം എന്നാണ് ഖുദിയുടെ അര്‍ത്ഥം. self എന്നു പറയാം. പാര്‍സി ഭാഷയില്‍ എഴുതപ്പെട്ട അസ്‌റാറെ ഖുദി (The Secrets of the Self) ആണ് ഇഖ്ബാലിന്റെ, പ്രസിദ്ധീകൃതമായ ആദ്യത്തെ philosophical poetry book. കലാമെ ഇഖ്ബാല്‍ എന്ന പേരില്‍ നുസ്‌റത് ഫതേ അലി ഖാന്‍ കംപോസ് ചെയ്ത് പാടി ഇറക്കിയ ഒരു ഖവ്വാലി ആല്‍ബമുണ്ട്. അതില്‍ ഖുദീ കാ സിര്‍റെ നിഹാന്‍, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പാട്ട് കേള്‍ക്കാം.

ദൈവത്തോടുള്ള കലഹമാണ് ഇഖ്ബാലിന്റെ ശിക്‌വ (പരിദേവനം) എന്ന കാവ്യം. അതില്‍ തൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന ആത്മാന്വേഷകന്റെ ഉള്ളിലെ നിറവാണ് ജവാബെ-ശിക്‌വ (പ്രതിവചനം).

സ്വം എന്ന ആശയത്തിലൂടെ ഇഖ്ബാല്‍ സൂഫികളുടെ വഴിയില്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും അവരില്‍ ചിലര്‍ കൈക്കൊണ്ടിരുന്ന ചരിത്രനിഷേധപരതയെയും സ്വന്തത്തിലേക്കുള്ള ഉള്‍വലിയലിനെയും അദ്ദേഹം പാടെ നിരാകരിച്ചു. ആത്മാവിനെ enlighten ചെയ്യാനുള്ള അഭ്യാസങ്ങളാണല്ലോ പല ആത്മീയ ചിന്തകളുടെയും കാതല്‍. അതേസമയം ഇഖ്ബാല്‍ self നെക്കുറിച്ച് പറയുന്നത് ഉള്ളിലേക്ക് വലിയാനല്ല, പുറത്തേക്ക് പ്രസരിക്കാനാണ്. ജീവിതം പോരാട്ടവും നമ്മുടെ ഓരോ നിശ്വാസവും അതിലെ പടവാളുമാണെങ്കില്‍ വാളിന്റെ തലപ്പാണ് ഖുദി. ധീരന്മാര്‍ മൂന്ന് ആയുധങ്ങള്‍ ഏന്തണം എന്ന് അദ്ദേഹം പറയുന്നു. യഖീന്‍ മുഹ്കം ആണ് ഒന്ന്. അതായത് ചാഞ്ചല്യമില്ലാത്ത, ദൃഢമായ ബോധ്യവും വിശ്വാസവും. രണ്ട് അമല്‍ പൈഹം അഥവാ കര്‍മ നൈരന്തര്യം. മഹബ്ബത് ഫാതിഹെ ആലം ആണ് മൂന്നാമത്തെത്. ലോകത്തെ ജയിച്ചടക്കുന്ന സ്‌നേഹം എന്നര്‍ത്ഥം.

റൂമി
റൂമി

ഈ ദര്‍ശനത്തില്‍ നിന്നുകൊണ്ട് എല്ലാ വിഷയങ്ങളിലുമുള്ള കാഴ്ചപ്പാടുകളെ കവിതയിലൂടെയും ഗദ്യരചനകളിലൂടെയും ഇഖ്ബാല്‍ പ്രകാശിപ്പിച്ചു. സാരേ ജഹാന്‍ സെ അഛാ എഴുതിയ, ദേശത്തോടുള്ള അകൈതവപ്രണയം മനസ്സിലും വരികളിലും അരച്ചു ചേര്‍ത്ത കവി ദേശീയതയുടെ കഠിനവിമര്‍ശകനും കൂടിയായിരുന്നു. ഇസ്ലാമിക ദര്‍ശനത്തിന്റെ അടിത്തറയില്‍ ഉറച്ചു നില്‍ക്കുമ്പോഴും മതവൈവിധ്യങ്ങള്‍ക്ക് നേരെ ആദരവ് കൈക്കൊള്ളാനും അദ്ദേഹത്തിന് സാധിക്കുന്നു.

ഡാര്‍വിനും മിഖേലാഞ്ജലോയും

Islam between East and West എന്നതായിരുന്നല്ലോ ഇസത്‌ബെഗോവിച്ചിന്റെ പുസ്തകത്തിന്റെ പേര്. ഇതില്‍ കിഴക്കും പടിഞ്ഞാറും ഭിന്നങ്ങളായ ജീവിതവീക്ഷണങ്ങളുടെ പ്രതീകമായാണ് വരുന്നത്. അദ്ദേഹം എടുത്തു ചേര്‍ത്തിട്ടുള്ള, ജാവീദ് നാമയിലെ ഭാഗം ആരംഭിക്കുന്നതിങ്ങനെയാണ്. ‘കിഴക്കു നിന്നാണുയരുന്നതെങ്കിലും സൂര്യന്‍/ ധീരനായ്, ജ്യോതിര്‍മയരൂപനായ് മറനീക്കി,/ ഉള്ളിലെ ചെന്തീയാളിക്കത്തിയുജ്വലിപ്പത്/ പശ്ചിമ പൂര്‍വങ്ങള്‍ തന്‍ ചങ്ങല പൊട്ടിച്ചവന്‍.’

കിഴക്ക്, പടിഞ്ഞാറ് ദ്വന്ദ്വത്തെ ഇഖ്ബാല്‍ തന്നെയും പലേടത്തും ആവിഷ്‌കരിച്ചിട്ടുണ്ട്. ‘കിഴക്ക് പറങ്കികള്‍ക്ക് സമ്മാനിച്ചത് സ്‌നേഹത്തിന്റെയും വിശുദ്ധിയുടെയും പ്രവാചകനെ, എന്നാല്‍ പറങ്കകള്‍ കിഴക്കിന് നല്‍കിയതോ, മദിരയും പകിടയും ചുവന്ന തെരുവുകളും.’

ഒരു അധ്യാപനം എന്ന നിലക്കല്ല, മറിച്ച് ലോകവീക്ഷണം എന്ന നിലക്കാണ് താന്‍ ഇസ്ലാമിനെ നോക്കിക്കാണുന്നതെന്ന് ഇസത്‌ബെഗോവിച് പ്രസ്താവിക്കുന്നു. അതിനാല്‍ താന്‍ അകത്തു നിന്ന് ഇസ്ലാമിനെ നോക്കുന്നില്ലെന്നും പുറത്തു നിന്നു കൊണ്ടുള്ള നിരീക്ഷണങ്ങളാണ് പുസ്തകം എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പ്രപഞ്ചത്തെയും ജീവിതത്തെയും സംബന്ധിച്ച് മൂന്ന് വീക്ഷണങ്ങളുള്ളതായി ആമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഭൗതികവാദപരം, മതപരം, ഇസ്ലാമികം എന്നിവയാണവ.

പദാര്‍ത്ഥം എന്നും ബോധം എന്നും രണ്ട് മൂലഘടകങ്ങള്‍ ഉണ്ടെന്ന് നാം നേരത്തേ മനസ്സിലാക്കിയിരുന്നു. ഈ ഘടകങ്ങള്‍ രണ്ട് വ്യവസ്ഥകളാണ്, രണ്ട് ലോകങ്ങള്‍. അവയുടെ ഉല്‍പത്തിയും ധര്‍മവും ഭിന്നമാണ്. ഒന്ന് മറ്റൊന്നില്‍ നിന്നുണ്ടാകുന്നതല്ല, ഒന്ന് മറ്റതില്‍ ഒതുങ്ങുകയുമില്ല. ഈ രണ്ട് ലോകങ്ങളിലുമാണ് നമ്മുടെ ജീവിതം. എന്നാല്‍ നാം രണ്ട് ലോകങ്ങളില്‍ ജീവിക്കുന്നുവോ എന്നതല്ല, മറിച്ച് പൂര്‍ണധാരണയോടു കൂടി നാം രണ്ട് ലോകങ്ങളിലും ജീവിക്കുന്നുവോ എന്നതാണ ചോദ്യം. ഇതിലാണ് ഇസ്ലാമിന്റെ ആന്തരികാര്‍ത്ഥം കുടിക്കൊള്ളുന്നതെന്ന് ഇസത്‌ബെഗോവിച് നിരീക്ഷിക്കുന്നു. പദാര്‍ത്ഥവാദാധിഷ്ഠിത ശാസ്ത്രം ഭൗതികലോകത്തിന്റെ ഉല്‍പന്നം മാത്രമായി മനുഷ്യനെ ഒതുക്കുമ്പോള്‍ മതം ഭൗതികലോകത്തില്‍ നിന്ന് അവന്റെ സത്തയെ വിഛേദിച്ചു കളയുകയാണ് ചെയ്യുന്നത്. പ്രകൃതിയുടെ തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ചാള്‍സ് ഡാര്‍വിന്‍ (Charles Darwin) സൃഷ്ടിച്ച മനുഷ്യനെയും (ഇതിനും സമാന ചിന്തകള്‍ക്കും കൂടുതല്‍ വസ്തുനിഷ്ഠമായ വിശ്വാസ്യതയുണ്ടെന്ന് സമ്മതിക്കുന്ന ഇസത്‌ബെഗോവിച്, പക്ഷേ അത് മനുഷ്യന്‍ എന്ന ആശയത്തിന്റെ സമൂലനിഷേധമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്) സിസ്റ്റെയിന്‍ ചാപ്പലിലെ മിഖേലാഞ്ജലോ ബുനേറോതിയുടെ (Michelangelo Bounerroti) ചുവര്‍ ചിത്രങ്ങളില്‍ പ്രകാശിതനാകുന്ന മനുഷ്യനെയും ഈ രണ്ട് വീക്ഷണത്തിന്റെ മാതൃകകളായി അവതരിപ്പിക്കുന്ന ഗ്രന്ഥകാരന്‍ ഇത് രണ്ടിന്റെയും ഇടയിലാണ് ഇസ്ലാമിനെ പ്രതിഷ്ഠിക്കുന്നത്. അതാകട്ടെ, ഡാര്‍വിനെയും മിഖേലാഞ്ചലോയെയും ഉള്‍ക്കൊണ്ടു കൊണ്ടു തന്നെയാണ് താനും.

ഒരു വംശഹത്യയുടെ കഥ

ചരിത്രത്തില്‍ തുല്യതയില്ലാത്ത വംശഹത്യയ്ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ഇസത്‌ബെഗോവിച്ചിന്റെ നാടായ ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയുടേത്. തെക്കന്‍ സ്ലാവ് വിഭാഗത്തില്‍പ്പെട്ട, പരസ്പരം ശത്രുക്കളായ മൂന്ന് ജനവിഭാഗമാണ് ബോസ്‌നിയന്‍ ജനത. 2013ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 50.11 ശതമാനം ബോസ്‌നിയാക്കുകളും 30.78 ശതമാനം സെര്‍ബുകളും 15.43 ശതമാനം ക്രൊയാട്ടുകളുമാണ് ഉള്ളത്. ബോസ്‌നിയാക്കുകള്‍ ബോസ്‌നിയന്‍ മുസ്ലിംകള്‍ എന്നും അറിയപ്പെടുന്നു. ബൈസാന്റൈന്‍ പ്രജകളായിരുന്ന സെര്‍ബുകള്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണെങ്കില്‍ ക്രൊയാട്ടുകളില്‍ ബഹുഭൂരിഭാഗം കത്തോലിക്കരാണ്. മതപരമായ കണക്ക് ഇങ്ങനെ: 51 ശതമാനം ഇസ്ലാം, 31 ശതമാനം സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സി, 15 ശതമാനം കത്തോലിക്ക.

The Genocide - painting by Paul Batou
The Genocide – painting by Paul Batou

രാജ്യത്തിന്റെ ഘടനയും അതിസങ്കീര്‍ണം. ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീന  എന്ന് പേരുള്ള രാഷ്ട്രം, അതിനകത്ത് തന്നെ രണ്ട് പൂര്‍ണ സ്വതന്ത്ര രാഷ്ട്രീയ ഭരണഘടകങ്ങള്‍. ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീന എന്ന് തന്നെ പേരുള്ള ഫെഡറേഷനും സെര്‍പ്‌സ്‌ക (Srpska) എന്ന് പേരുള്ള പൂര്‍ണാധികാര റിപ്പബ്ലിക്കും. ബോസ്‌നിയാക്കുകളുടെ മേഖലയാണ് ബോസ്‌നിയയെങ്കില്‍ ഹെര്‍സെഗൊവീനയില്‍ ക്രൊയാട്ടുകള്‍ക്കാണ് ഭൂരിപക്ഷം. സെര്‍ബുകളുടെ ഭരണപ്രദേശമാണ് സെര്‍പ്‌സ്‌ക. അതാകട്ടെ, എല്ലാ അര്‍ത്ഥത്തിലും സെര്‍ബിയ എന്ന രാജ്യത്തോട് അനുഭാവം പുലര്‍ത്തുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ എത്‌നോ ലിംഗ്വിസ്റ്റിക് ഗ്രൂപ്പാണ് സ്ലാവുകള്‍ എന്ന ഇന്തോ ആര്യന്‍ വിഭാഗം. ചെക്, പോള്‍, സ്ലൊവാക് എന്നിവ പടിഞ്ഞാറന്‍ സ്ലാവുകളായും റഷ്യന്‍, ബെലറൂസിയന്‍ അഥവാ ബിയലോറഷ്യന്‍, ഉക്രെയ്‌നിയന്‍ എന്നിവ കിഴക്കന്‍ സ്ലാവുകളായും ബോസ്‌നിയാക്, മാസിഡോണിയന്‍, ക്രൊയാട്ട്, സെര്‍ബ്, മോണ്ടിനെഗ്രിന്‍, ബള്‍ഗേറിയന്‍, സ്ലൊവീന്‍ എന്നിവ തെക്കന്‍ സ്ലാവുകളായും അറിയപ്പെടുന്നു.

ഉഥ്മാനിയ (ഓട്ടോമന്‍) അധീനത്തിലായിരുന്ന ബോസ്‌നിയയും ഹെര്‍സെഗൊവീനയും പത്തൊമ്പതാം നൂറ്റാണ്ടോടെ ഓസ്‌ട്രോ ഹംഗേറിയന്‍ (ഹാബ്‌സ്ബര്‍ഗ്) സാമ്രാജ്യത്തിന് കീഴിലായി. പില്‍ക്കാലത്ത് ഹാബ്‌സ്ബര്‍ഗ് സാമ്രാജ്യത്വത്തിനെതിരെ ബാള്‍ക്കന്‍ മേഖലയില്‍ സ്ലാവിക് ഐക്യശ്രമങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് 1914 ജൂണ്‍് 28ന് ഓസ്‌ട്രോ ഹംഗേറിയന്‍ കിരീടാവകാശിയായ ആര്‍ച് ഡ്യൂക് ഫ്രാന്‍സിസ് ഫെര്‍ഡിനന്റും ഭാര്യയും ബോസ്‌നിയന്‍ തലസ്ഥാനമായ സാരയെവോയില്‍ വെച്ച് ഗാവ്‌റിലൊ പ്രിന്‍സിപ് എന്ന ബോസ്‌നിയന്‍ സെര്‍ബ് ദേശീയവാദിയുടെ വെടിയേറ്റു മരിച്ചു. ഇതാണ് ഒന്നാം ലോകയുദ്ധത്തിന് തുടക്കമിട്ടത്.

മാർഷൽ ടിറ്റോ
മാർഷൽ ടിറ്റോ

അച്ചുതണ്ട് ശക്തികളായ ഓസ്ട്രിയ-ഹംഗറി, ജര്‍മനി, ഇറ്റലി സഖ്യത്തിന് വന്‍ തിരിച്ചടിയേറ്റതോടെ 1918ല്‍ കിങ്ഡം ഒഫ് സെര്‍ബ്‌സ്, ക്രൊയട്ട്, സ്ലൊവീന്‍സ് എന്ന ഐക്യരാഷ്ട്രം രൂപപ്പെട്ടു. പിന്നീട് ഈ സഖ്യത്തില്‍ ബോസ്‌നിയ-ഹെര്‍സെഗൊവീനയും ചേര്‍ന്നതോടെ 1929ല്‍ ഇത് കിങ്ഡം ഒഫ് യുഗോസ്ലാവിയ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. സ്ലാവിക് ഭാഷകളില്‍ യുഗ് എന്നാല്‍ തെക്ക് എന്നും സ്ലവേനി എന്നാല്‍ സ്ലാവുകള്‍ എന്നും അര്‍ത്ഥം. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ ആഭ്യന്തരശൈഥില്യമുണ്ടാവുകയും സെര്‍ബ്, ക്രൊയാട്ട് സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തു.

1941ല്‍ യൂഗോസ്ലാവിയ ജര്‍മന്‍ പക്ഷത്തിന് കീഴടങ്ങിയതോടെ അതിനെതിരെ ഒരു Anti-Fascist Council for the National Liberation of Yugoslavia രൂപം കൊള്ളുകയും രാജഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാവുകയും ചെയ്തു. മാര്‍ഷല്‍ ടിറ്റോ എന്നറിയപ്പെട്ട യോസിപ് ബ്രോസ് ടിറ്റോയുടെ (Josip Broz Tito) നേതൃത്വത്തിലുള്ള League of Communists of Yugoslavia അധികാരം പിടിച്ചെടുത്തു. അതോടെ ടിറ്റോവിയന്‍ ഫെഡറല്‍ ഏകകക്ഷി ഭരണവ്യവസ്ഥയ്ക്ക് കീഴില്‍ സോഷ്യലിസ്റ്റ് ഫെഡറല്‍ റിപബ്ലിക് ഒഫ് യൂഗോസ്ലാവിയ സ്ഥാപിതമാവുകയും ചെയ്തു. ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീന, ക്രൊയേഷ്യ, മാസിഡോണിയ, മോണ്ടിനിഗ്രോ, സെര്‍ബിയ, സ്ലൊവീനിയ എന്നിവയായിരുന്നു യൂഗോസ്ലാവിയയിലെ റിപ്പബ്ലിക്കുകള്‍.

സ്റ്റാലിനുമായി തെറ്റിയതിനാല്‍, കമ്യൂനിസ്റ്റ് ഭരണകൂടമെങ്കിലും അന്നത്തെ USA-USSR ശീതസമരത്തില്‍ മാര്‍ഷല്‍ ടിറ്റോ കക്ഷി ചേര്‍ന്നില്ലെന്ന് മാത്രമല്ല, ഈജിപ്തിലെ നാസര്‍, ഇന്ത്യയിലെ നെഹ്‌റു തുടങ്ങിയവരുമായിച്ചേര്‍ന്ന് ചേരിചേരാ സഖ്യത്തിന് രൂപം നല്‍കുകയും ചെയ്തു. സെര്‍ബ് വംശജനായ ടിറ്റോയുടെ ഭരണത്തില്‍ സെര്‍ബുകള്‍ ശക്തമായ മേധാവിത്തം സ്ഥാപിച്ചു. ഇതിനെതിരെ മറ്റ് ദേശീയതകള്‍ ശബ്ദമുയര്‍ത്തിയെങ്കിലും കരുത്തിലും സാമര്‍ത്ഥ്യത്തിലും ടിറ്റോയെ വെല്ലുവിളിക്കാന്‍ ഒരു സഖ്യത്തിനും സാധിക്കുമായിരുന്നില്ല. എന്നാല്‍ 1980ല്‍ ടിറ്റോ അന്തരിച്ചതോടെ സെര്‍ബ്, ക്രൊയാട്ട്, സ്ലൊവീന്‍ ദേശീയതകള്‍ തമ്മില്‍ പൂര്‍വാധികം ശക്തമായ തമ്മിലടി തുടങ്ങുകയും ചെയ്തു.

മിലോസെവിച്
മിലോസെവിച്

കൊടും വംശീയവാദിയും ക്രൂരനുമായ സ്ലൊബോദാന്‍ മെലോസെവിച് (Slobodan Milosevic) സെര്‍ബുകളുടെ നേതാവായതോടെ ക്രൊയേഷ്യയും സ്ലൊവീനിയയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പിന്നീട് മറ്റ് റിപ്പബ്ലിക്കുകള്‍ക്കൊപ്പം ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയും ആ വഴി നീങ്ങി. സെര്‍ബിയയും മോണ്ടിനിഗ്രോയും ഫെഡറല്‍ റിപ്പബ്ലിക് ഒഫ് യൂഗോസ്ലാവിയ (FR Yugoslavia, നേരത്തെ നില നിന്നിരുന്നത് SFR അഥവാ Socialist Federal Republic of Yugoslavia ആയിരുന്നു) എന്ന പേരിലും പിന്നീട് സ്റ്റേറ്റ് യൂനിയന്‍ ഒഫ് സെര്‍ബിയ ആന്റ് മോണ്ടിനിഗ്രോ എന്ന പേരിലും നിലനില്‍ക്കുകയും 2006ല്‍ രണ്ട് രാഷ്ട്രങ്ങളായി വിഭജിതമാകുകയും ചെയ്തു. സെര്‍ബുകളുടെ ഒരു ഉപവംശം മാത്രമായിരുന്നു മോണ്ടിനിഗ്രുകള്‍.

ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ബോസ്‌നിയന്‍ സെര്‍ബുകള്‍ എതിര്‍ത്തു. ഫെഡറല്‍ റിപ്പബ്ലിക് ഒഫ് യൂഗോസ്ലാവിയയില്‍ ലയിക്കുകയാണ് വേണ്ടത് എന്നായിരുന്നു അവര്‍ വാദിച്ചത്. ബോസ്‌നിയാക്കുകളും ക്രൊയാട്ടുകളും സ്വതന്ത്രരാജ്യത്തിന് വേണ്ടിയും വാദിച്ചു. ഇതോടെ ബോസ്‌നിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചു. പിന്നീട് നടന്ന ജനഹിത പരിശോധനയെ സെര്‍ബുകള്‍ ബഹിഷ്‌കരിച്ചു. സ്വതന്ത്രരാഷ്ട്രം എന്ന ആവശ്യം മേല്‍ക്കൈ നേടുകയും ചെയ്തു. എന്നാല്‍ ബോസ്‌നിയന്‍ സെര്‍ബുകള്‍ തങ്ങളുടെ സ്വാധീന മേഖലകള്‍ ചേര്‍ത്തു കൊണ്ട് റിപ്പബ്ലിക് ഒഫ് സെര്‍ബ് പീപ്പിള്‍ ഒഫ് ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിന അഥവാ റിപ്പബ്ലിക് ഒഫ് സെര്‍പ്‌സ്‌ക രൂപീകരിച്ചതോടെ ആഭ്യന്തര കലാപം അത്യധികം രൂക്ഷമായി.

മെലോസെവിച്ചിന്റെ സെര്‍ബിയന്‍ പട്ടാളം ഇതോടെ രംഗത്തിറങ്ങി. ബോസ്‌നിയന്‍ മുസ്ലിംകളുടെ പൂര്‍ണമായ ഉന്മൂലനം ലക്ഷ്യം വെച്ചു കൊണ്ട് തന്നെ തുല്യതയില്ലാത്ത നരനായാട്ട് ആരംഭിച്ചു. പെണ്ണുങ്ങളെ തടവിലിടുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്യുക എന്നത് യുദ്ധനയമായിത്തന്നെ സ്വീകരിച്ച, മെലോസെവിച്ച് പട്ടാളം ബോസ്‌നിയയെ അക്ഷരാര്‍ത്ഥത്തില്‍ നരകമാക്കി മാറ്റി. 142344-004-6ED745D6

ചിന്തകനും പോരാളിയും

1992ല്‍ തുടങ്ങിയ നരഹത്യയും ബലാല്‍സംഗവും മൂന്ന് വര്‍ഷത്തോളം നിസ്സംഗമായി നോക്കി നിന്ന ശേഷം ഐക്യരാഷ്ട്രസഭയും നാറ്റോയും രംഗത്തിറങ്ങി സമാധാന കരാറുണ്ടാക്കി. അങ്ങനെ 1995ല്‍ ഇന്ന് നിലനില്‍ക്കുന്ന, രണ്ട് സ്വതന്ത്രരാഷ്ട്രങ്ങളടങ്ങിയ ഒരു രാഷ്ട്രമായ ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീന സ്ഥാപിതമായി. മൂന്ന് പ്രസിഡന്റുമാരാണ് രാജ്യത്തിനുണ്ടാവുക. മൂന്ന് ജനവിഭാഗങ്ങളും തെരഞ്ഞെടുക്കുന്ന ഓരോ പ്രസിഡന്റ്. ഇവര്‍ ചേര്‍ന്ന പ്രസിഡന്‍സി കൗണ്‍സിലിന്റെ കാലാവധി നാല് വര്‍ഷം. ചെയര്‍മാന്‍ ഒഫ് പ്രസിഡന്‍സിയാണ് രാഷ്ട്രത്തലവന്‍. എട്ടു മാസം വീതം മൂന്ന് പ്രസിഡന്റുമാരും മാറി മാറി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നു.

ചെയര്‍മാന്‍ ഒഫ് പ്രസിഡന്‍സി സ്ഥാനത്തിരുന്ന ആദ്യത്തെയാള്‍ അലിജാ ഇസത്‌ബെഗോവിച്ചാണ്. രൂക്ഷമായ ഈ പ്രതിസന്ധിക്കാലത്ത് ബോസ്‌നിയാക്കുകള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയുമാണ് അദ്ദേഹം.

ജീവിതത്തിന്റെ പതിനാറ് വര്‍ഷങ്ങള്‍ തടവറയ്ക്കകത്താണ് ഇസത്‌ബെഗോവിച് കഴിച്ചു കൂട്ടിയത്. മാര്‍ഷല്‍ ടിറ്റോ അടക്കമുള്ള ഭരണാധികാരികള്‍ അദ്ദേഹത്തെ ജയിലിലടച്ചിരുന്നു.

ചിന്താരംഗത്ത് ഉജ്വലമായ ശോഭയോടെ നിലകൊള്ളുമ്പോഴും കര്‍മഭൂമിയില്‍ സമരനായകനായും ചിന്തിക്കാന്‍ പോലുമാവാത്ത പ്രതിസന്ധികളിലൂടെ സ്വന്തം ജനത കടന്നു പോകുമ്പോള്‍ അവര്‍ക്ക് ആശ്വാസവും വീര്യവും പകരുന്ന നേതാവായും നിലകൊണ്ടയാളായിരുന്നു ഇസത്‌ബെഗോവിച്.

പില്‍ക്കാലത്ത് സെര്‍ബ് വംശീയ ഭ്രാന്തിനെതിരെ സെര്‍ബിയയിലെത്തന്നെ ന്യൂനപക്ഷവിഭാഗമായ അല്‍ബേനിയന്‍ വംശജര്‍ കലാപമുയര്‍ത്തി. ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ വൊയ്‌വൊദീന (Autonomous Province of Vojvodina), കൊസോവോ (Republic of Kosovo) എന്നീ രണ്ട് സ്വയംഭരണമേഖലകളായി സെര്‍ബിയ വിഭജിക്കപ്പെടുകയും ചെയ്തു. അല്‍ബേനിയന്മാരുടെ റിപ്പബ്ലിക്കായ കൊസോവോ ഒരു അര്‍ദ്ധരാഷ്ട്രമായിത്തന്നെ നിലകൊള്ളുന്നു.

സെര്‍ബ് വംശീയതയുടെ നിഷ്ഠുരതകള്‍ ഒട്ടേറെ സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. രണ്ട് ഭടന്മാര്‍, ഒരു ബോസ്‌നിയാക്കും ബോസ്‌നിയന്‍ സെര്‍ബും നോ മാന്‍സ് ലാന്റിലെ ഒരു ട്രെഞ്ചിനകത്ത് കുടുങ്ങിപ്പോകുന്നതിന്റെ ചിത്രീകരണമാണ് ഡെനിസ് തനോവിച്ചിന്റെ (Danis Tanovic) No Man’s Land. അഹ്മദ് ഇമാമോവിച്ചിന്റെ (Ahmed Imamovic) രണ്ട് സിനിമകള്‍ വിഖ്യാതമാണ്. Go West, Belvedere എന്നിവയാണവ. സെബ്രെനിറ്റ്‌സയില്‍ (Srebrenica) നടന്ന അതിഭീകര കൂട്ടക്കൊലയെ അതിജയിച്ച സ്ത്രീകള്‍ പതിനഞ്ച് വര്‍ഷത്തിനിപ്പുറം അന്ന് കൊല്ലപ്പെട്ട പ്രിയപ്പെട്ടവരുടെ അസ്ഥികളും അവശിഷ്ടങ്ങളും വരുന്നതും കാത്തിരിക്കുന്നതാണ് ബെല്‍വുദീറിന്റെ മുഖ്യപ്രമേയം.

ഹലീമ എന്ന സ്ത്രീക്ക് വംശഹത്യയില്‍ നഷ്ടപ്പെട്ടത് തന്റെ ഭര്‍ത്താവിനെയും വളര്‍ത്തുപുത്രനെയുമാണ്. അവരുടെ മരുമകളായ സഫിയക്ക് ഒരു സെര്‍ബില്‍ ജനിച്ച കുട്ടിയാണ് അവരുടെ മകന്‍. മൃതദേഹങ്ങള്‍ DNA സാംപിള്‍ നോക്കി ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിന് വിട്ടു കൊടുക്കുന്നേടത്ത് രണ്ടു പേരുടെയും ശരീരങ്ങള്‍ അവര്‍ കണ്ടെത്തിയെങ്കിലും സാംപിള്‍ നോക്കിയല്ലാതെ വിട്ടു തരില്ല എന്നായിരുന്നു അധികൃതരുടെ നിലപാട്. ഹലീമ സഫിയയെ അന്വേഷിച്ചു കണ്ടെത്തി. അവിഹിതമായി ഗര്‍ഭം ധരിച്ച് പ്രസവിച്ച ശേഷം മക്കളില്ലാത്ത ഹലീമയെ കുഞ്ഞിനെ ഏല്‍പിച്ച സഫിയ അവളുടെ കാമുകനോട് പറഞ്ഞത് കുഞ്ഞ് stillborn ആണെന്നായിരുന്നു. ഇപ്പോള്‍ അവള്‍ കഴിയുന്നത് അയാളുടെ കൂടെത്തന്നെയാണ്. കള്ളം കണ്ടുപിടിക്കപ്പെടും എന്ന കാര്യം പറഞ്ഞ് അവള്‍ ബ്ലഡ് സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍ അവള്‍ മറച്ചു വെക്കാന്‍ ആഗ്രഹിച്ചത് അതിനെക്കാള്‍ വലിയ കാര്യമായിരുന്നു. ഹലീമയുടെ ഭര്‍ത്താവിനെയും മകനെയും യമപുരിയിലേക്കയച്ചത് അവളുടെ സെര്‍ബ് ഭര്‍ത്താവ് തന്നെയായിരുന്നു എന്ന കാര്യം. ആര്‍സീന്‍ ആന്റന്‍ ഒസ്‌തൊയീച്ചിന്റെ (Arsen Anton Ostojic) Halima’s Path എന്ന സിനിമയുടേതാണ് ഈ കഥ.

Halima's_Pathയ്വാനിറ്റാ വില്‍സന്റെ (Juanita Wilson) As If I Am Not There, പോള്‍ ഹിയെറ്റിന്റെ (Paul Hyett) The Seasoning House എന്നീ ചിത്രങ്ങള്‍ ബലാല്‍സംഗയുദ്ധത്തിന്റെ എല്ല് മരവിപ്പിക്കുന്ന ഭീകരതയാണ് പ്രമേയമാക്കുന്നത്. ക്രിസ്ത്യന്‍ വാഗ്നറുടെ (Christian Wagner) Warchild, ഐദ ബെഗിച്ചിന്റെ (Aida Begic) Snow എമിര്‍ കൂസ്തുറിറ്റ്‌സയുടെ (Emir Kusturica) Life is a Miracle, ജസ്മില സ്ബാനിക്കിന്റെ (Jasmila Zbanic) Grbavica: The Land of my Dreams തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ ബോസ്‌നിയന്‍ വംശഹത്യയുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. പ്രശസ്ത നടി ആഞ്ജലിനാ ജോലീ (Anjelina Jolie) സംവിധാനം ചെയ്ത In the Land of Blood and Honey യും മികച്ച ഒരു സിനിമയാണ്.

വംശീയത നരകമാക്കിത്തീര്‍ത്ത ഒട്ടേറെയിടങ്ങള്‍ ഭൂമിയിലുണ്ടല്ലോ. റ്വാണ്‍ഡ മുതല്‍ ഗുജറാത്ത് വരെ. രക്തത്തിനും ഗര്‍ഭപാത്രത്തിനും നാം നല്‍കേണ്ട പവിത്രത ബന്ധങ്ങളുടെയും മാതൃത്വത്തിന്റെും മൂല്യങ്ങളില്‍ നിന്നു കൊണ്ടുള്ളതാവണം. അതിനപ്പുറം ശുദ്ധിയുടെയും ഈഗോയുടെയും അടയാളമായി രക്തം മാറുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും ക്രൂരനായി മാറുക എന്നാണ് ഈയനുഭവങ്ങളൊക്കെയും നമ്മളെ പഠിപ്പിക്കുന്നത്.

ഇസത്‌ബെഗോവിച്ചിന്റെ ചിന്തകളെപ്പറ്റി അല്‍പം കൂടി പറയേണ്ടതുണ്ട്. അടുത്ത ലേഖനത്തിലാവാം.

Read More

അലങ്കാരപ്പുലയനും ശങ്കരാചാര്യരും

painting by Sophia Kramskaya

ഒരു വായനാത്മ(ക)കഥ ആറ്

ഭാഗം ഒന്ന്രണ്ട്മൂന്ന്നാല്അഞ്ച് എന്നിവ ഇവിടെ വായിക്കാം

തോറ്റംപാട്ടുകള്‍

അതാണ് തുടക്കം. ഒരു സവിശേഷബന്ധമായി ആ പരിചയപ്പെടല്‍ വളര്‍ന്നു. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം. ശ്രീകാന്ത് എന്നത് തൂലികാ നാമമാണ്. ശരിയായ പേര് ബാലചന്ദ്രന്‍ നായര്‍. കോളജ് വിദ്യാഭ്യാസം കൊല്‍ക്കത്തയിലായിരുന്നു. കുറേക്കാലം അവിടെത്തന്നെ താമസിച്ചു. പിന്നെ പലയിടത്തും സഞ്ചരിച്ചു. ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതി. പിന്നീടാണ് പയ്യന്നൂരില്‍ വരുന്നത്.

painting by Sophia Kramskaya
painting by Sophia Kramskaya

എന്റെ ജീവിതത്തില്‍ ശ്രീകാന്ത് സാറിന് വലിയ സ്ഥാനമുണ്ട്. ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ മാവുങ്കാല്‍ എന്ന സ്ഥലത്താണ് താമസം. അവിടെയുള്ള ആനന്ദാശ്രമത്തിന്റെ പ്രസിദ്ധീകരണമായ ജ്ഞാനഗീതയുടെ പത്രാധിപരാണ്. ഇന്റെഗ്രല്‍ ബുക്‌സിന്റെ ഇപ്പോഴത്തെ ഓഫീസും അവിടെത്തന്നെ.

മുറിയില്‍ നിറയെ പുസ്തകങ്ങളാണ്. മേശപ്പുറത്തും പുസ്തകങ്ങളും ഫയലുകളും പത്രക്കട്ടിങ്ങുകളും. പിന്നെയൊരു ടൈപ്പ് റൈറ്റര്‍. രാത്രി വൈകുന്നത് വരെ ടൈപ്പ് റൈറ്ററില്‍ താളാത്മകമായി കൊട്ടുന്ന ശബ്ദം എന്റെ മുറിയില്‍ കേള്‍ക്കാമായിരുന്നു. താളത്തിലുള്ള ശബ്ദം ഉറക്കം വരാന്‍ നല്ലതാണ്. ടിക് ടിക് ശബ്ദമുണ്ടാക്കുന്ന ഒരു ക്ലോക്കുണ്ടായിരുന്നു വീട്ടില്‍. കോട്ടണ്‍സ് ഫാക്ടറിയുടെ തൊട്ടടുത്തായതു കൊണ്ട് പൊതുവെ പരിസരമൊക്കെ ശബ്ദമുഖരിതമാണെങ്കിലും ഒന്നും വായിക്കാന്‍ തോന്നാത്ത ദിവസങ്ങളില്‍ ഞാന്‍ ആ ക്ലോക്കിന്റെ ശബ്ദത്തിലേക്ക് എന്റെ അസ്തിത്വത്തെയൂം ബോധത്തെയും ചുരുക്കാന്‍ ശ്രമിക്കും. അങ്ങനെയൊരേഗ്രാകതയിലുള്ള ഉറക്കവും ആനന്ദം പകരും. ഏതാണ്ടതിന് സമാനമാണ് ശ്രീകാന്ത് സാറിന്റെ ടൈപ്പ് റെറ്റര്‍ കൊട്ട്.

അദ്ദേഹം തന്നെ രചിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ നിലത്ത് കെട്ടുകളായി കിടക്കുന്നുണ്ട്. ആയിടെ എഴുതിയ Power in Temples -A Modern Perspective ആണ് പ്രധാനമായും ഉള്ളത്. Alphabet of Reality എന്ന പേരില്‍ ഒരു പരമ്പരയുമുണ്ട്. Sri Ganesha, Surya the Sun God എന്നിവയാണ് അതില്‍ ആ സമയത്ത് പ്രസിദ്ധീകരിച്ചിരുന്നത്. അകപ്പൊരുള്‍ എന്ന പേരില്‍ പൊട്ടന്‍ തെയ്യത്തെപ്പറ്റി ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുന്നു. ആ വിഷയത്തില്‍ ഞാനുമായി അദ്ദേഹം കുറേ സംസാരിച്ചിട്ടുണ്ട്. ഞാനവിടെ താമസിക്കുന്ന കാലത്ത് തന്നെ അതും പ്രസിദ്ധീകൃതമായി. ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നതിന്റെ ചില അധ്യായങ്ങള്‍ എന്നെ കേള്‍പ്പിച്ചിട്ടുണ്ട്. അത് പിന്നീടെന്തായി എന്നറിയില്ല.

ശരിക്കും പൊട്ടന്‍ തെയ്യത്തെയല്ല, തെയ്യത്തിലെ പാട്ടിനെയാണ് അകപ്പൊരുള്‍ എന്ന പുസ്തകം പഠനവിധേയമാക്കുന്നത്. തോറ്റംപാട്ട് എന്നാണ് പൊട്ടന്‍ തെയ്യത്തിന്റെ പാട്ടിന് പറയുക.

 പുലയനും ബ്രാഹ്മണനും

പണ്ട് വീട്ടിന്റെ പരിസരത്തുള്ള ഒരു പുലയ കുടുംബത്തില്‍ പൊട്ടന്‍, ഗുളികന്‍, ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടപ്പെടാറുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ബാലചന്ദ്രന്‍ എന്റെ സുഹൃത്താണ്. തോറ്റം പാട്ടിന്റെ ഉള്ളടക്കവും അര്‍ത്ഥവും ഗംഭീരമാണ്. ശങ്കരാചാര്യരോട് തര്‍ക്കിച്ച ചണ്ഡാലന്റെ തെയ്യമാണ് പൊട്ടന്‍ തെയ്യം. മാറിപ്പോ ചണ്ഡാലാ എന്ന് ശങ്കരാചാര്യര്‍ കല്‍പിച്ചപ്പോള്‍ ചണ്ഡാലന്‍ ചോദിച്ചത്രേ, മാറേണ്ടത് ദേഹമോ ദേഹിയോ എന്ന്. ഇതോടെ ആചാര്യര്‍ക്ക് ഉത്തരം മുട്ടി. ആചാര്യരുടെ ബ്രഹ്മസത്യം ജഗന്മിഥ്യ, ജീവോ ബ്രഹ്മൈവ നാ പരഃ എന്ന തത്വമനുസരിച്ച് ദേഹം മിഥ്യയാണ്. അതായത് ചണ്ഡാലന്റെ ശരീരം എന്നത് ആചാര്യരുടെ തോന്നല്‍ മാത്രമാണ്. എങ്കില്‍പ്പിന്നതെങ്ങോട്ട് മാറാന്‍? ദേഹിയാകട്ടെ, ബ്രഹ്മം തന്നെയാണ്. എന്നുവെച്ചാല്‍ ആചാര്യരിലും ചണ്ഡാലനിലുമുള്ളത് ഒരേ ദേഹി തന്നെ.

പൊട്ടൻ തെയ്യം
പൊട്ടൻ തെയ്യം

ശ്രീ പരമേശ്വരന്‍ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ചു എന്നാണ് ഐതിഹ്യത്തിലുള്ളത്. അതേസമയം ഈ പുരാവൃത്തത്തിന് നിമിത്തമായി മറ്റൊരു കഥ പറയപ്പെടാറുണ്ട്. തലക്കാവേരിയിലേക്ക് യാത്ര പുറപ്പെട്ട ശങ്കരന്‍ കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന സ്ഥലത്തെ അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തില്‍ എത്തുകയും അവിടെ വെച്ച് അദ്വൈത തത്വം പ്രസംഗിക്കുകയും ചെയ്തത് അകലെയൊരു കുന്നിന്‍ ചരുവിലിരുന്നിരുന്ന അലങ്കാരന്‍ എന്ന പുലയ യുവാവ് കേട്ടുവത്രേ. പിറ്റേന്ന് പുലര്‍ച്ചെ യാത്ര തുടര്‍ന്ന ആചാര്യരുമായി വഴിയില്‍ വെച്ച് അലങ്കാരന്‍ നടത്തിയ സംവാദമാണ് മേല്‍ക്കഥയായി പരിണമിച്ചത്. ഒരേ വരമ്പില്‍ വെച്ച് ബ്രാഹ്മണനും പുലയനും തമ്മില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന ശങ്കരന്റെ ജാതിശാഠ്യത്തെ തല്‍ക്കാലം പരിഗണിച്ച അലങ്കാരന്‍ തന്റെ കൈയിലെ മാടിക്കോല്‍ കുറുകെ വച്ച് വരമ്പിനെ രണ്ടാക്കിയെന്നും അങ്ങനെയാണ് ആ സ്ഥലത്തിന് ഇടവരമ്പ് എന്ന് പേര് വന്നതെന്നും കഥയുണ്ട്. എന്തായാലും പുലയന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിപ്പോയ ആചാര്യന്‍ അലങ്കാരന്റെ സമദര്‍ശനം അംഗീകരിച്ചു എന്നാണ് കഥ തുടരുന്നത്.

Shankaracharya-and-Chandalaഒരു പുലയ യുവാവിന് മുന്നില്‍ ഉത്തരം മുട്ടിപ്പോയതിന്റെ ക്ഷീണത്തില്‍ നിന്ന് ആചാര്യരെ രക്ഷിക്കാന്‍ വേണ്ടിയാവാം പില്‍ക്കാലത്ത് ചണ്ഡാല വേഷമണിഞ്ഞ് പരീക്ഷിക്കാന്‍ വന്ന ശ്രീ പരമേശ്വരന്‍ എന്ന കഥയുണ്ടാക്കിയത്.

പൊട്ടന്റെ പേരിലുമുണ്ട് ആക്ഷേപഹാസ്യം. കളിയോട് കൂട്ടിക്കുഴച്ച് കാര്യം പറഞ്ഞു ഫലിപ്പിക്കുന്നതിനും പൊട്ടന്‍ കളി എന്ന് പറയാം. കോമാളിക്കോലങ്ങള്‍ കെട്ടി സുവിശേഷം പറയുന്ന, പഴയ നാടകങ്ങളിലെ സൂത്രധാരന്മാര്‍ തൊട്ട് ചാര്‍ലി ചാപ്ലിന്‍ വരെ പ്രതിഭാധനരായ കലാകാരന്മാരുടെ രീതിയാണല്ലോ അത്. അതേസമയം ചോദ്യങ്ങള്‍ ചോദിച്ച് കുഴക്കുന്ന ആളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള തന്ത്രമാണ് പൊട്ടന്‍ എന്ന മുദ്ര കുത്തല്‍. അലങ്കാരനായാലും ചണ്ഡാലനായാലും ശ്രീ പരമേശ്വരനായാലും പൊട്ടനായി അവതരിക്കുകയാണ് ചെയ്യുന്നത്. കലാപകാരിയായ പൊട്ടന്‍. പൊലാരന്‍ അഥവാ പുലമാരുതന്‍, പുലച്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളും പൊട്ടന്റെ കൂടെ കെട്ടിയാടാറുണ്ട്.

പുലച്ചാമുണ്ഡി
പുലച്ചാമുണ്ഡി

തോറ്റത്തിലെ ഏറ്റവും പ്രശസ്തമായ വരികള്‍ ഇങ്ങനെ:
‘നിങ്കള കൊത്ത്യാലും ചോരേല്ലേ ചൊവ്വറെ,
നാങ്കള കൊത്ത്യാലും ചോരേല്ലേ ചൊവ്വറെ,
പിന്നെന്ത് ചൊവ്വറ് കുലം പിശക് ന്ന്,
തീണ്ടിക്കൊണ്ടല്ലേ കുലം പിശക് ന്ന്’

സര്‍വത്തിലും കുടിക്കൊള്ളുന്ന ഏകതത്വത്തെ ഉപാസിക്കുമ്പോഴും ശങ്കരന്‍ അപശൂദ്രാധികരണത്തിന്റെ സൈദ്ധാന്തികനും കൂടിയായിരുന്നു. ജ്ഞാനസമ്പാദനത്തിനോ മോക്ഷത്തിനോ ഉള്ള അധികാരം അദ്ദേഹം ശൂദ്രനോ അവര്‍ണനോ നല്‍കിയില്ല. ഇതിനോടുള്ള, പരിഹാസം കലര്‍ന്ന പ്രതിഷേധമാവാം അലങ്കാരന്റെ സംവാദവും പൊട്ടന്‍ തെയ്യം തോറ്റം പാട്ടും.

എച്ച്.എച്ച് അബ്ദുല്ല

ശ്രീകാന്ത് സാറിന്റെ മുറിയില്‍ ഞാന്‍ നിത്യസന്ദര്‍ശകനായി മാറി. അവിടെ വേറെയും പലരും വരാറുണ്ട്. വേദാന്ത ചര്‍ച്ചകളുടെ അന്തരീക്ഷം രൂപപ്പെടും പിന്നെ. എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്താന്‍ അദ്ദേഹം ഉല്‍സാഹിച്ചു. പല തരത്തിലുള്ള ധാരാളം ആളുകളുമായി ഞാനങ്ങനെ പരിചയത്തിലായി. അയോധ്യയില്‍ത്തന്നെ താമസിച്ചിരുന്ന ഇംഗ്ലീഷ് പ്രഫസര്‍ അക്കൂട്ടത്തിലൊരാളാണ്. ഓലയമ്പാടിയിലെ മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സ്ഥിരം അന്തേവാസിയായി കഴിയുന്ന കുഞ്ഞിരാമപ്പൊതുവാള്‍ എന്ന സ്വാതന്ത്ര്യ സമര ഭടന്‍ ഇടയ്‌ക്കൊക്കെ വരും. ആവേശപ്പൊതുവാള്‍ എന്നാണത്രേ യുവപ്രായത്തില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

അയോധ്യയിൽ കമ്പനി കൂടുന്ന ദിവസങ്ങളില്‍ മടിച്ചു മടിച്ചാണ് ഞാന്‍ പങ്കു ചേരുക. ഗുരുസ്ഥാനീയനായ ശ്രീകാന്ത് സാര്‍ അതേ ലോഡ്ജിലാണല്ലോ താമസിക്കുന്നത്. അല്‍പമൊന്ന് ചൂടായാല്‍പ്പിന്നെ ഗുരുസ്മരണ പമ്പ കടക്കും. എന്നാൽ പിറ്റേന്ന് ഞാന്‍ അദ്ദേഹത്തിന്റെ മുന്നിലേക്കേ പോകില്ല. ഷോപ്പിലേക്ക് പോകാന്‍ സമയമാകുന്നത് വരെ ഉറങ്ങും. ഷോപ്പടച്ചാല്‍ പരമാവധി സമയം ടൗണിലൊക്കെ കറങ്ങി നടന്ന് പറ്റിയാല്‍ ഒരു സെക്കന്റ് ഷോയും കണ്ട് താമസിച്ച് മാത്രം മുറിയിലെത്തും. അതേസമയം ഒരിക്കല്‍പ്പോലും ശ്രീകാന്ത് സര്‍ എന്നെ ഉപദേശിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അനിഷ്ടം എനിക്ക് കൃത്യമായി വായിച്ചെടുക്കാന്‍ പറ്റുമായിരുന്നു താനും.

പാട്ടു പാടുന്നതു കൊണ്ടാവാം, അയോധ്യയില്‍ എനിക്കൊരു ഇരട്ടപ്പേര് കിട്ടി. ഹിസ് ഹൈനസ് അബ്ദുല്ല. ആ സമയത്താണ് അപ്പേരിലുള്ള, സിബി മലയിലിന്റെ സിനിമ റിലീസായത്. അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം, അബ്ദുല്ല സംഗീതജ്ഞനാണ്. അയോധ്യയിലെ മിക്ക അന്തേവാസികള്‍ക്കും ഇങ്ങനെയോരോ പേരുണ്ട്. പ്രഫസറെ വിളിക്കുന്നത് ഡേവിഡ് കോപ്പര്‍ഫീല്‍ഡ് എന്നാണ്. ഒരു മുറിയില്‍ താമസിക്കുന്ന പാലാക്കാരായ മൂന്ന് അച്ചായന്മാരുണ്ടായിരുന്നു. മൂന്ന് പേരുടെയും പ്രകൃതം വെച്ചു കൊണ്ട് സോഫ്റ്റ്, മീഡിയം, ഹാര്‍ഡ് എന്ന് വിളിച്ചു അവരെ.

ഹിസ് ഹൈനസ് അബ്ദുല്ല പിന്നീട് ലോപിച്ചു. എച്ച്.എച്ച് എന്നായി വിളി. നല്ല സംബോധന. എനിക്കതങ്ങിഷ്ടായി. പക്ഷേ, തമാശയെന്തെന്നു വെച്ചാല്‍ പലരും ധരിച്ചത് എന്റെ യഥാര്‍ത്ഥ പേര് അബ്ദുല്ല എന്നാണെന്നാണ്. അപൂര്‍വം ചിലര്‍ക്കൊഴിച്ച് എന്റെ പേര് തന്നെ അറിയില്ല. എല്ലാവര്‍ക്കും ഞാന്‍ അബ്ദുല്ലയായി.

Music and Literature - painting by William Harnett
Music and Literature – painting by William Harnett

ധ്യാനം

ശ്രീകാന്ത് സാറിന്റെ മുറിയില്‍ പലപ്പോഴും ആധ്യാത്മിക ചര്‍ച്ചകള്‍ നടക്കും. അപൂര്‍വം ചിലപ്പോള്‍ സാമൂഹിക വിഷയങ്ങളും. ഞാന്‍ തന്നെ മുടക്കിയ പഠനം തുടരാനും ബിരുദം സമ്പാദിക്കാനും അദ്ദേഹം എന്നെ നിര്‍ബ്ബന്ധപൂര്‍വം പ്രേരിപ്പിച്ചു. ഉപനിഷത്തുകളുടെയും മറ്റും വ്യാഖ്യാനങ്ങളും അനുബന്ധരചനകളുമൊക്കെ ധാരാളമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ശേഖരത്തില്‍. അതില്‍ ചിലതൊക്കെ ഞാനും വായിച്ചു. അലക്‌സിസ് കരേലിന്റെ (Alexis Carrel) Man, The Unknown എന്ന പുസ്തകം എന്നെക്കൊണ്ട് അദ്ദേഹം വായിപ്പിച്ചു. അതിലെ ഉള്ളടക്കമൊന്നും എനിക്കിപ്പോള്‍ ഓര്‍മയില്ല. ഫ്രിത്യോഫ് കാപ്രയുടെ (Fritjof Capra) ചിന്തകളെപ്പറ്റി അദ്ദേഹം ധാരാളം പറഞ്ഞിരുന്നെങ്കിലും എന്തുകൊണ്ടോ കാപ്രയുടെ പുസ്തകങ്ങളൊന്നും ഞാന്‍ വായിച്ചില്ല. താവോ ഒഫ് ഫിസിക്‌സും ടേണിങ് പോയിന്റുമൊക്കെ അദ്ദേഹത്തിന്റെ ശേഖരത്തില്‍ത്തന്നെ ഉണ്ടായിരുന്നിട്ടും. അതേസമയം കാപ്രയെക്കുറിച്ച വിമര്‍ശങ്ങള്‍ പില്‍ക്കാലത്ത് പലേടത്തുമായി വായിച്ചിട്ടുണ്ട്. ശ്രീകാന്ത് സാറിന്റെ സദസ്സുകളിലെ ചര്‍ച്ചകളും പുതിയ വായനകളും ആത്മീയതയെയും മതത്തെയുമൊക്കെ അതിന്റെ തന്നെ പക്ഷത്ത് നിന്നു കൊണ്ട് പഠിക്കണം എന്ന ചിന്ത എന്നിലുളവാക്കി. ആദ്യം എതീസ്റ്റുകളിലൂടെയും പിന്നെ മാര്‍ക്‌സിയന്‍ ചിന്തകളിലൂടെയുമൊക്കെയാണല്ലോ ഞാനതു വരെ മതത്തെ കണ്ടിരുന്നത്.

കോഴിക്കോട്ടെ മള്‍ബെറി ബുക്‌സ് വളര്‍ന്നു വരുന്ന സമയമാണ്. പുതിയ പല ചിന്തകളും മലയാളത്തിലേക്ക് കൊണ്ടുവരാന്‍ ഉല്‍സാഹിച്ചിരുന്നു അവര്‍. അതിന്റെ ഒരു ഏജന്റ് ഇടയ്‌ക്കൊക്കെ ഞങ്ങളുടെ കടയില്‍ വരും. മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും അവരുടെ പക്കലുണ്ടാവും. എറിക് ഫ്രോമിന്റെ പ്രണയം എന്ന കലയ്ക്കും വില്‍ഹെം റീഹിന്റെ ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രത്തിനുമൊക്കെ ഒപ്പം പുതിയ ആത്മീയ ചിന്തകളെക്കുറിച്ചുള്ളവയും ഞാന്‍ വാങ്ങിത്തുടങ്ങി. സെന്‍ ബുദ്ധിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എനിക്കിഷ്ടമായിരുന്നു. സെന്‍ പഠിക്കാന്‍ അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ റെപ്‌സിന്റെ പുസ്തകങ്ങള്‍ വളരെ പ്രയോജനപ്രദമാണ്.

Quran-Bhashyamശ്രീകാന്ത് ഇടയ്ക്കിടെ ആനന്ദാശ്രമത്തില്‍ ധ്യാനത്തിന് പോകും. മെഡിറ്റേഷനെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ വെളുപ്പിനെഴുന്നേറ്റ് ഞാനും ധ്യാനത്തിലേര്‍പ്പെടും. എന്നാല്‍പ്പിന്നെ പരമ്പരാഗതമായ മുസ്ലിം നമസ്‌കാരം ആയാലെന്താ എന്നായി പിന്നെ ചിന്ത. പയ്യന്നൂരിലെ വികാസ് ബുക് സെന്ററില്‍ നിന്നും ഞാന്‍ ഖുര്‍ആന്‍ ഭാഷ്യം എന്ന പുസ്തകം വാങ്ങിച്ചു. അബുല്‍ അഅ്‌ലാ മൗദൂദി ഉര്‍ദുവിലെഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മലയാള പരിഭാഷയാണ്. എന്റെ വകയിലൊരു മൂത്താപ്പയായി സി.വി അബൂബക്കര്‍ എന്നൊരാള്‍ വളപട്ടണത്തുണ്ടായിരുന്നു. ‘പ്രബോധനം സി.വി’ എന്ന് തന്നെ അറിയപ്പെടുന്ന അദ്ദേഹം പ്രബോധനം വാരികയുടെയും ഐ.പി.എച്ച് പുസ്തകങ്ങളുടെയും പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചതാണ്. അദ്ദേഹത്തില്‍ നിന്ന് ചിലതൊക്കെ ചിലപ്പോള്‍ കേട്ടിട്ടുണ്ടെന്നല്ലാതെ അബുല്‍ അഅ്‌ലാ മൗദൂദിയെ അതുവരെ ഞാനറിഞ്ഞിട്ടില്ല. ഖുര്‍ആന്‍ ഭാഷ്യവും അദ്ദേഹത്തെ അറിയാന്‍ പര്യാപ്തമായ പുസ്തകമല്ല. നിസ്‌കാരത്തിന് വേണ്ടി ചില സൂറകള്‍ പഠിക്കാന്‍ ഞാന്‍ ശ്രമിച്ചു. നാലാം ക്ലാസ് വരെ മാപ്പിള എല്‍.പി സ്‌കൂളില്‍ സ്‌പെഷ്യല്‍ ലാംഗ്വേജായി പഠിച്ച അറബിയേ കൈയിലുള്ളൂ. അതിന് ശേഷം അതുമായി യാതൊരു ബന്ധവുമില്ലായിരുന്നു താനും. ചെറിയൊരായത്ത് കഷ്ടി ഓതി അതിന്റെ അര്‍ത്ഥവും വായിക്കണമെങ്കില്‍ ശരാശരി അര മണിക്കൂറെടുക്കും.

ആനന്ദാശ്രമത്തില്‍ ശ്രീകാന്തിന്റെ കൂടെ ഞാനും പോയി. അവിടുത്തെ ഭജനയിലും മറ്റുമൊക്കെ പങ്കെടുത്തു. അവരുടെ സംഗീതസദസ്സില്‍ കീര്‍ത്തനം ആലപിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് അഞ്ച് കിലോമീറ്റര്‍ കിഴക്കായി മാവുങ്കാല്‍ എന്ന സ്ഥലത്താണ് ആനന്ദാശ്രമം. 1939ല്‍ വൈഷ്ണവ സന്യാസിയായ സ്വാമി രാംദാസ് സ്ഥാപിച്ചതാണത്. പ്രശാന്തമായ അന്തരീക്ഷവും നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അതീവലളിതമായ ആശ്രമക്കെട്ടിടങ്ങളും. ആശ്രമത്തിന് കിഴക്കുള്ള മഞ്ഞംപൊതിക്കുന്ന് പ്രകൃതിസൗന്ദര്യത്തെ ആത്മാവിലേക്കാവാഹിക്കാന്‍ പറ്റിയ സ്ഥലമാണ്. ഈ കുന്നിന്റെ ഉച്ചിയില്‍ കയറിയിരുന്ന് ചിലരൊക്കെ ധ്യാനത്തിലേര്‍പ്പെടാറുണ്ട്. ഒരിക്കല്‍ ആനന്ദാശ്രമത്തിലേക്ക് പോകുന്ന വഴി കാഞ്ഞങ്ങാട്ട് ഹോസ്ദുര്‍ഗ് കോട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന നിത്യാനന്ദാശ്രമവും സന്ദര്‍ശിച്ചു. ഒരു കാലത്ത് കൊടും വനമായിരുന്ന സ്ഥലത്ത് സ്വാമി നിത്യാനന്ദന്‍ നിര്‍മിച്ചതെന്ന് പറയപ്പെടുന്ന 45 ഗുഹകള്‍ ആണ് ഈ ആശ്രത്തിന്റെ സവിശേഷത. ഈ ഗുഹകളില്‍ ആളുകള്‍ ഏകാന്തധ്യാനം നടത്തുന്നു.

സ്പന്ദമാപിനികള്‍

സി രാധാകൃഷ്ണന്റെ മുമ്പേ പറക്കുന്ന പക്ഷികള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത് ആയിടെയാണെന്ന് തോന്നുന്നു. നക്‌സലൈറ്റായ അര്‍ജുന്റെ കഥ പറയുന്ന നോവല്‍. ഒട്ടേറെ രാഷ്ട്രീയ സാമൂഹിക ചര്‍ച്ചകള്‍ ആ നോവലില്‍ കടന്നു വരുന്നുണ്ട്. പൊതുവെ സി.ആറിന്റെ നോവലുകളെല്ലാം അങ്ങനെയാണ്. ബൃഹദ് രചനകളാണ് എല്ലാം. അസ്തിത്വാന്വേഷണത്തിന്റെ കാലത്താണ് എഴുത്ത് തുടങ്ങിയതെങ്കിലും ദാര്‍ശനിക ദുരൂഹതകളെ തന്റെ എഴുത്തില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്തിയിരുന്നു അദ്ദേഹം. നോവല്‍ നവകം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പരമ്പരയുടെ ഭാഗമാണ് മുമ്പേ പറക്കുന്ന പക്ഷികള്‍. അതിന് മുന്നേ ആ സീരീസില്‍ എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മുമ്പേ പറക്കുന്ന പക്ഷികള്‍ക്ക് ശേഷം കരള്‍ പിളരും കാലം, വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍, ഇനിയൊരു നിറകണ്‍ചിരി എന്നിവയും വന്നു. ഈ ഒമ്പത് നോവലുകളെ ചേര്‍ത്ത് അപ്പുവിന്റെ അന്വേഷണം എന്ന പേരില്‍ ഡോ എം ലീലാവതിയുടെ ഒരു പഠനമുണ്ട്. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥകളുടെ നേരടയാളങ്ങളാണ് ആ നോവലുകള്‍. അതേസമയം ആധ്യാത്മികമായ ഒരവബോധത്തിലാണ് അവ അവസാനിക്കുന്നത്.

സി രാധാകൃഷ്ണൻ
സി രാധാകൃഷ്ണൻ

മനുഷ്യബന്ധങ്ങളുടെ ആഴം രചനകളുടെ കരുത്താക്കി മാറ്റിയ സാഹിത്യകാരനാണ് സി രാധാകൃഷ്ണന്‍. എല്ലാം മായ്ക്കുന്ന കടലിലാണല്ലോ നവകം ആരംഭിക്കുന്നത്. അര്‍ജുന്റെയും സഹോദരി അനുരാധയുടെയും കഥ വരുന്ന മുമ്പേ പറക്കുന്ന പക്ഷികളിലും കരള്‍ പിളരും കാലത്തിലും ഇനിയൊരു നിറകണ്‍ിചിരിയിലും അപ്പു ഒരു കര്‍മസാക്ഷിയുടെ റോളിലാണ്. ബാക്കിയുള്ളവയാകട്ടെ, അപ്പുവിന്റെ തന്നെ കഥയാണ്. ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെയില്‍ അപ്രധാനമായ ഒരു പ്രതലത്തിലേക്ക് മാറുന്നുമുണ്ട് അപ്പു. മരുമക്കത്തായത്തിന്റെ നന്മകളിലാണ് ആരംഭം. ബന്ധങ്ങളുടെ ദൃഢതയാണ് മരുമക്കത്തായത്തിന്റെ സവിശേഷത. കണ്ണൂരിലെ മാപ്പിളമാര്‍ക്കിടയില്‍ നിലവിലുള്ള, മരുമക്കത്തായത്തിന് സദൃശമായ മാതൃദായ ക്രമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് നേരിട്ട് ബോധ്യമുള്ള ഒരു കാര്യമാണത്. രക്തബന്ധങ്ങളുടെ ഉള്‍ക്കൂറ്റുറപ്പ് എന്ന് ഇതിനെപ്പറ്റി പ്രയോഗിക്കുന്നുണ്ട് എം ലീലാവതി.

അതേസമയം ഇതേ മരുമക്കത്തായം കുടുംബബന്ധങ്ങളില്‍ത്തന്നെ സൃഷ്ടിച്ച വിള്ളലുകളിലൂടെയാണ് പീന്നീട് ആഖ്യാനം പുരോഗമിക്കുന്നത് (പുഴ മുതല്‍ പുഴ വരെ). ഒരു അഭയാര്‍ത്ഥിയെപ്പോലെ പലായനം ചെയ്യുന്ന അപ്പു, പിന്നീട് ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു (പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി).

അറുപതുകളില്‍ കൊടൈക്കനാലിലെ അസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ സയന്റിഫിക് അസിസ്റ്റന്റായും പൂനെയിലെ വേള്‍ഡ് വൈഡ് സീസ്‌മോളജി സെന്ററില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജായും പ്രവര്‍ത്തിച്ചിരുന്നു രാധാകൃഷ്ണന്‍. ഉദ്യോഗത്തില്‍ നിന്നും രാജിവെച്ച അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. നമ്മുടെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെപ്പോലും ബാധിച്ച ജീര്‍ണതയെയാണ് പുള്ളിപ്പുലികള്‍ വരച്ചിടുന്നതെങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെയാണ് തീവ്ര പ്രതികരണങ്ങള്‍ക്കും വിധ്വംസക വിപ്ലവ ചിന്തകള്‍ക്കും നിമിത്തമാകുന്നത് എന്ന അന്വേഷണമാണ് സ്പന്ദമാപിനികള്‍. സത്യത്തില്‍ അപ്പുവിലൂടെ സി.ആറിനെത്തന്നെയാണ് നാം കാണുന്നത്. മുംബൈയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അപ്പുവിലൂടെ ഇന്ത്യയിലെ അധോലോകത്തിന്റെ കഥ അനാവരണം ചെയ്യുന്നു (ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ).

പിന്നെ വരുന്നത് അസംതൃപ്തികളുടെയും കലാപങ്ങളുടെയും കഥ. നക്‌സലൈറ്റ് പ്രസ്ഥാനത്തിലെ അംഗമായിരുന്ന അര്‍ജുനെത്തേടിയാണ് അപ്പുവിന്റെ യാത്ര (മുമ്പേ പറക്കുന്ന പക്ഷികള്‍). അടിയന്തിരാവസ്ഥയുടെ ദുരിതങ്ങളുടെ കരള്‍ പിളരുന്ന ആഖ്യാനമാണ് അടുത്തത് (കരള്‍ പിളരും കാലം).

പ്രവാസം ഉപേക്ഷിച്ച് അപ്പു ജന്മനാട്ടില്‍ തിരിച്ചെത്തുന്നു. നാട്ടില്‍ മരുമക്കത്തായം തകര്‍ന്നു. ബന്ധങ്ങളെക്കുറിച്ച സങ്കല്‍പനങ്ങളിലും കാതലായ മാറ്റങ്ങളുണ്ടായി (വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍). വിവാഹം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്ന അപ്പുവിനെത്തേടി അവസാനം അയാള്‍ വരുന്നു, അര്‍ജുന്‍. അക്കഥയാണ് അവസാനത്തെ നോവൽ (ഇനിയൊരു നിറകണ്‍ചിരി). അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള ദല്‍ഹി രാഷ്ട്രീയം, ഇന്ദിരാഗാന്ധി, ധീരേന്ദ്ര ബ്രഹ്മചാരിയെയും ചന്ദ്രസ്വാമിയെയും പോലുള്ള വന്‍ രാഷ്ട്രീയ സ്വാധീനം നേടിയെടുത്ത കപടന്മാര്‍, ഉപജാപങ്ങള്‍ തുടങ്ങിയവയുടെ അടയാളങ്ങള്‍ ആ നോവലില്‍ കാണാം. ആരായിരുന്നു അര്‍ജുന്‍ എന്ന സസ്‌പെന്‍സ് തകരുന്നത് അതിലാണ്. മുമ്പേ പറക്കുന്ന പക്ഷികളുടെ അവസാനത്തില്‍ ഒരു അര്‍ജുന്‍ വരുന്നുണ്ട്. കരള്‍ പിളരും കാലത്തിന്റെ അവസാനത്തിലാകട്ടെ, അത് മറ്റൊരാളായി മാറി. യഥാര്‍ത്ഥ അര്‍ജുന്‍, ദല്‍ഹിയില്‍ തന്നോടൊപ്പം പത്രത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍, മുന്നിലേക്ക് വരുമ്പോള്‍ അപ്പു തന്നെയും ഞെട്ടുകയാണ്.

Bookworm -painting by Nino Chakvetadze
Bookworm -painting by Nino Chakvetadze

നന്നായി ചെവിയോര്‍ത്താല്‍ ഒരു കുമ്പിള്‍ വെള്ളത്തില്‍ ഒരു കടലിരമ്പം കേള്‍ക്കാം എന്ന് സി.ആര്‍ പ്രസ്താവിക്കുന്നത് എല്ലാം മായ്ക്കുന്ന കടലിലാണ്. ജീവിക്കാന്‍ മാത്രമല്ല, മരിക്കാനും മനുഷ്യന് മാനുഷികതയുടെ സ്പര്‍ശം വേണം എന്നാണ് കൊച്ചുമകന്‍ അപ്പുവിന്റെ സ്പര്‍ശത്തിന് വേണ്ടി മരിക്കാതെ കാത്തുകിടക്കുന്ന മുത്തച്ഛന്‍ ബോധ്യപ്പെടുത്തുന്നത്. തലമുറകളെ കൂട്ടിയിണക്കുന്ന ഓരോ കണികയിലും സ്‌നേഹത്തിന്റെ ഈ മരണമില്ലായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. നവകത്തിലെ അവസാനത്തെ നോവലിനെപ്പറ്റി അദ്ദേഹം പറയുന്നതാകട്ടെ; ചിരിക്കിടയില്‍ കരയാന്‍, അതായത് ചിരിച്ചു കൊണ്ട് കരയാന്‍ നമുക്ക് പറ്റില്ല. എന്നാല്‍ കരഞ്ഞു കൊണ്ട് ചിരിക്കാം. ഒരു നിറകണ്‍ചിരി. പിറന്നു വീണ കുഞ്ഞ് ഉറക്കത്തിലും വെറുതെ ചിരിക്കുന്നു. പിന്നെ, അമ്മ തുടയില്‍ അമര്‍ത്തിയൊരു തിരുമ്മു കൊടുത്തതിനാല്‍ കണ്ണ് നിറച്ചു നില്‍ക്കുന്നതിനിടയില്‍ ഒരണ്ണാറക്കണ്ണനെക്കണ്ടാല്‍ ആ കണ്ണീരിലൂടെ ചിരിക്കുന്നു. അത്രയുമേ എന്റെ ഈ ചിരിയിലുള്ളൂ. അത്രയുമുണ്ട്.

മനുഷ്യന്‍ നേടുന്ന അറിവുകള്‍ അവന്റെ നന്മയ്ക്ക് ഉപയോഗിക്കപ്പെടുന്നതിന് പകരം നശീകരണത്തിനുള്ള ആയുധങ്ങളായി മാറുന്നതിലുള്ള വേവലാതി നോവല്‍ നവകത്തില്‍ കാണാം. ഒപ്പം പലതരം വീക്ഷണങ്ങളും സ്വഭാവങ്ങളുമുള്ള പലതരം മനുഷ്യര്‍. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാലതയാണ് സി.ആറിന്റെ കാന്‍വാസിന്റെ സവിശേഷത. ശാസ്ത്രവും സാഹിത്യവും തമ്മിലും രാഷ്ട്രീയവും ആധ്യാത്മികതയും തമ്മിലുമുള്ള ഉദ്ഗ്രഥനത്തെയാണ് അവസാനത്തില്‍ ഈ നോവലുകള്‍ മുന്നോട്ട് വെക്കുന്നത്.

അവസാനത്തിലേക്കടുക്കുമ്പോള്‍ പരമ്പരയ്ക്ക് വേദാന്തത്തിന്റെ ഒരു സ്പര്‍ശം കൈവരുന്നു. സത്യത്തില്‍ ഇതിലൂടെയാണ് വേദാന്തത്തെ ഞാന്‍ ആദ്യം അറിയുന്നത്. വേദാന്തത്തെ ദ്വൈതമായും അദ്വൈതമായും വിശിഷ്ടാദ്വൈതമായുമൊക്കെ പലരും കണ്ടിട്ടുണ്ട്. ഈ വ്യാഖ്യാനങ്ങള്‍ക്കെല്ലാമപ്പുറം സി രാധാകൃഷ്ണന്റെ വേദാന്തം സ്‌നേഹവേദാന്തമാണ്. വേദത്തിന് ജൈമിനി നല്‍കിയ വ്യാഖ്യാനത്തെ കര്‍മമീമാംസയെന്നും ബാദരായണന്‍ നല്‍കിയ വ്യാഖ്യാനത്തെ ജ്ഞാനമീമാംസയെന്നും പറയാറുണ്ടെങ്കില്‍ രാധാകൃഷ്ണനില്‍ അത് സ്‌നേഹമീമാംസയായിത്തീരുന്നു.

അര്‍ജുന്‍ ആയിരുന്ന കാലത്തെ നക്‌സലൈറ്റ് ആക്ഷനില്‍ നടത്തിയ കൊലപാതകത്തിന് പകരം വീട്ടാനുള്ള പ്രതിജ്ഞയുമായി നടക്കുന്ന, കൊല്ലപ്പെട്ടയാളുടെ മകന്റെ മുന്നിലേക്ക് പോകണം സിദ്ധാര്‍ത്ഥ് ഥാപ്പയ്ക്ക്. അപ്പുവും ഥാപ്പയും അയാളുടെ അടുത്തെത്തുന്നു. അവസാന നിമിഷത്തില്‍, പക്ഷേ അയാള്‍ ദുര്‍ബ്ബലനായിത്തീര്‍ന്നു. ചോരയ്ക്ക് ചോര പ്രതികാരത്തിന്റെ അര്‍ത്ഥരാഹിത്യത്തിലേക്കയാള്‍ ഉണര്‍ന്നു. ഭൗതികതയുടെ കൊലവിളികള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ ആത്മീയത അനുഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെയിലും ഉണ്ട്.

കുറേക്കൂടി താത്വികമായ ആത്മീയ ചര്‍ച്ചകളിലേക്കാണ് ശ്രീകാന്ത് സര്‍ എന്നെ നയിച്ചതെങ്കിലും അദ്ദേഹത്തിലും ഞാന്‍ ആ സ്‌നേഹഭാവം ദര്‍ശിച്ചു. അന്നും ഇന്നും അദ്ദേഹത്തിന്റെ തത്വങ്ങളെ ഞാന്‍ പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. അന്ന് അംഗീകരിച്ചത്ര പോലും ഇന്ന് അംഗീകരിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തെ സ്വന്തമായി ഏറ്റുവാങ്ങിയ മനസ്സ് ഇന്നും ഞാന്‍ കാത്തു സൂക്ഷിക്കുന്നു.

പിന്നീട് മതത്തെ അറിയുകയും ശ്ലാഘിക്കുകയും ചെയ്തപ്പോഴും സ്ഥാപിതമായ മതപ്രയോഗങ്ങളിലെ സങ്കുചിതത്വത്തെ തീര്‍ത്തും മാറ്റി നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതിന് സഹായിച്ചത് തീരെ കുറച്ചെങ്കിലും എനിക്കുണ്ടായിട്ടുള്ള വിലയേറിയ ബന്ധങ്ങളും പിന്നെ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളും തന്നെയാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും ജീവിതത്തെപ്പറ്റി ശരിയായ ഉള്‍ക്കാഴ്ച നല്‍കി. പലതരം ചുറ്റുപാടുകളും സംസ്‌കാരങ്ങളും വ്യത്യസ്തമായ അവബോധങ്ങളും വാസനകളും. ഒരു വ്യക്തിയെ നിര്‍മിക്കുന്നതില്‍ ചുറ്റുപാടുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതവും ചരിത്രവുമൊന്നും കൃത്യവും രേഖീയവുമല്ല താനും. അങ്ങനെ വരുമ്പോള്‍ ആളുകളെ വിധിക്കാനും പഴിക്കാനും ഞാനാര്?

Read More

അരാജകത്വത്തെ വായിക്കുമ്പോൾ

painting by William Harnett
ഒരു വായനാത്മ(ക)കഥ അഞ്ച്
ഭാഗം ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവ വായിക്കുക

അരാജകം

അരാജകവാദം അഥവാ അനാര്‍കിസം എന്നതിന് പല സമീപനങ്ങളുണ്ട്. ഒരുപക്ഷേ, ഉദാര വ്യക്തിവാദത്തെയും (liberal individualism) ബൊഹീമിയനിസത്തെയും എസ്‌കേപ്പിസത്തെയുമൊക്കെയാണ് ഇന്ന് അനാര്‍കിസം എന്ന് വിശേഷിപ്പിക്കാറുള്ളത്. unconventional ആയ ജീവിതരീതികള്‍ (ഫ്രീക്കന്‍) സ്വീകരിക്കുന്നവരെയാണ് പൊതുവെ ബൊഹീമിയന്‍ എന്ന് പറയുക. സിസ്റ്റത്തോടുള്ള പ്രതിഷേധത്തിന്റെ മറവില്‍ വൈയക്തികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും പൗരധര്‍മങ്ങളില്‍ നിന്നും ഒളിച്ചോടുന്ന പ്രവണതയെ എസ്‌കേപ്പിസം എന്ന് പറയാം. യഥാര്‍ത്ഥത്തില്‍ ഇന്‍ഡിവിജ്വല്‍ അനാര്‍കിസം, എതിസ്റ്റ് അനാര്‍കിസം, ഫെമിനിസ്റ്റ് അനാര്‍കിസം, അനാര്‍കോ പസിഫിസം, ക്രിസ്ത്യന്‍ അനാര്‍കിസം, അനാര്‍കോ കമ്യൂനിസം എന്നിങ്ങനെ അനാര്‍കിസത്തിന് പല വകഭേദങ്ങളുമുണ്ട്.

painting by William Harnett
painting by William Harnett
anarchia എന്നതാണ് ഗ്രീക് മൂലരൂപം. അന (an) എന്നാല്‍ without എന്നും ആര്‍ക്കോസ് (archos) എന്നാല്‍ ruler, leader എന്നിങ്ങനെയുമാണ് അര്‍ത്ഥം. അനാര്‍ക്കോസ് എന്ന പദത്തിന് one without ruler എന്നും.
ഹെന്റി ഡേവിഡ് തോറോ
ഹെന്റി ഡേവിഡ് തോറോ
ഒരര്‍ത്ഥത്തില്‍, വ്യവസ്ഥിതിക്കെതിരെ ചിന്തിക്കുന്നവരെയാണ് അനാര്‍കിസ്റ്റുകള്‍ എന്നു വിളിക്കുക. ഈ അര്‍ത്ഥത്തില്‍ എല്ലാ കലാപകാരികളും പ്രവാചകന്മാരും തത്വചിന്തകന്മാരും അനാര്‍കിസ്റ്റുകളാണ്. സമ്പ്രദായങ്ങളെ നിരാകരിച്ചവരാണ് മഹാത്മാ ഗാന്ധിയും മാര്‍ക്‌സുമെല്ലാം. ഗാന്ധിയുടെ രാഷ്ട്രീയ പ്രചോദനങ്ങളില്‍ ഒരാളായിരുന്ന ഹെന്റി ഡേവിഡ് തോറോയുടെ (Henry David Thoreau) സിദ്ധാന്തം പസിഫിസ്റ്റ് അനാര്‍കിസം അഥവാ അനാര്‍കോ പസിഫിസം ആണ്. അഹിംസാധിഷ്ഠിത സാമൂഹ്യ വിപ്ലവം എന്ന ആശയം തന്നെ തോറോയുടേതാണ്. യുദ്ധവും വയലന്‍സും യാതൊരു കാരണവശാലും നീതീകരിക്കാന്‍ സാധിക്കില്ല എന്ന തീവ്ര ചിന്ത വെച്ചു പുലര്‍ത്തുന്നവരെയാണ് പസിഫിസ്റ്റ് എന്ന് പറയുക. Transcendentalsim (അനുഭവാതീത ജ്ഞാനവാദം) എന്ന പേരില്‍ കിഴക്കന്‍ ഐക്യനാടുകളില്‍ ആയിരത്തെണ്ണൂറ്റി ഇരുപതുകള്‍ തൊട്ട് പ്രചാരം നേടിയ ഫിലോസഫിക്കല്‍ മൂവ്‌മെന്റിലെ അംഗവും കൂടിയായിരുന്നു തോറോ. മനുഷ്യരുടെയും പ്രകൃതിയുടെയും ജനിതക വിശുദ്ധിയില്‍ (the inherent goodness of people and nature) വിശ്വസിക്കുന്നവരാണ് ട്രാന്‍സെന്‍ഡെന്റലിസ്റ്റുകള്‍. മതപരമായ തത്വചിന്തകളുടെ സ്വാധീനമുണ്ടായിരുന്ന അനുഭവാതീത ജ്ഞാനവാദം, പക്ഷേ, സ്ഥാപിത മതരൂപങ്ങളെയും രാഷ്ട്രീയപ്പാര്‍ട്ടികളെയും വിമര്‍ശിച്ചു. വ്യക്തിയുടെ പ്യൂരിറ്റിയെ അത്തരം സ്ഥാപനങ്ങള്‍ കളങ്കപ്പെടുത്തുന്നു എന്നാണ് അവര്‍ വാദിച്ചത്. സ്വാശ്രയിയും സ്വതന്ത്രനും (self-reliant and independent) ആയിരിക്കുന്നേടത്തോളം മനുഷ്യര്‍ ഉത്തമന്മാരായിരിക്കും. എല്ലാവരിലും ദൈവത്തിന്റെ അംശം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ദൈവാംശത്തെ വിപുലപ്പെടുത്തുന്ന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ് മത, രാഷ്ട്രീയ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. യഥാര്‍ത്ഥ ഇന്‍ഡിവിജ്വലുകള്‍ക്ക് മാത്രമേ സത്യത്തില്‍ നിലകൊള്ളുന്ന സമുദായത്തെ നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ അനുഭവാതീത ജ്ഞാനവാദം വ്യക്തിവാദത്തിന്റെ (individualism) നിലപാട് കൈക്കൊള്ളുന്നു. എന്നാല്‍ അത് മൂല്യങ്ങളെ നിരാകരിക്കുന്ന ലിബറല്‍ ഇന്‍ഡിവിജ്വലിസമായി മാറുന്നില്ല താനും. ആധുനിക പരിസ്ഥിതി വാദത്തിന് അടിത്തറയിട്ടവരിലൊരാളും കടുത്ത അടിമത്ത വിരുദ്ധനും (abolitionist) ആയി അറിയപ്പെട്ടിരുന്ന തോറോയുടെ കൃതികളില്‍ പ്രധാനപ്പെട്ടതാണ് On the Duty of Civil Disobedience (aka Resistance to Civil Government). ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആധാരം തന്നെ ഇതാണെന്ന് പറയാം. അതേസമയം സമരങ്ങള്‍ പൂര്‍ണമായും അഹിംസാധിഷ്ഠിതമായിരിക്കണമെന്നും തോറോ വാദിച്ചു. ഗാന്ധിയെപ്പോലെ തോറോയില്‍ നിന്ന് പ്രചോദിതരായിരുന്നു ടോള്‍സ്‌റ്റോയിയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങുമെല്ലാം.
പിയർ ഴൂസെഫ് പ്രൂധോ
പിയർ ഴൂസെഫ് പ്രൂധോ
ഫ്രഞ്ച് ചിന്തകനായ പിയര്‍ ഴൂസെഫ് പ്രൂധോ (Pierre-Joseph Proudhon) ആണ് തന്റെ സാമൂഹ്യചിന്തയെ അനാര്‍കിസം എന്ന് ആദ്യമായി വിളിക്കുന്നത്. അദ്ദേഹത്തിന്റെ The Philosophy of Poverty (aka The System of Economic Cotnradictions) എന്ന പുസ്തകത്തെ വിമര്‍ശിച്ചു കൊണ്ട് കാള്‍ മാര്‍ക്‌സ് The Poverty of Philosophy എന്ന പുസ്തകമെഴുതിയിട്ടുണ്ട്. എന്നാല്‍ പ്രൂധോയുടെ ചിന്തയെ മാര്‍ക്‌സ് തന്നെയും വിശേഷിപ്പിച്ചത് അനാര്‍കോ കമ്യൂനിസം എന്നായിരുന്നു. ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം എന്ന് പ്രൂധോ തന്റെ കൃതിക്ക് പേര് നല്‍കിയത് മാര്‍ക്‌സിനെ പരിഹസിക്കുന്നതിന് വേണ്ടിയായിരുന്നെങ്കില്‍ ഒരു തത്വചിന്തകന്റെ നര്‍മബോധത്തെ പ്രകടമാക്കുന്നതായിരുന്നു തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്ന തലക്കെട്ടിലൂടെ മാര്‍ക്‌സ് നല്‍കിയ തിരിച്ചടി. ഭൗതികോല്‍പന്നങ്ങള്‍ക്കൊപ്പം മനുഷ്യന്‍ സാമൂഹ്യബന്ധങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്ന ആശയത്തെ പ്രൂധോ പരിഹസിച്ചു. അതേസമയം മാര്‍ക്‌സിനെസ്സംബന്ധിച്ചിടത്തോളം തുണിയോ ചണമോ പോലെ മനുഷ്യന്‍ സാമൂഹിക ബന്ധങ്ങളും ഉല്‍പാദിപ്പിക്കുന്നുണ്ട്. സാമൂഹിക ബന്ധങ്ങളാകട്ടെ, ഉല്‍പാദന ശക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ്. പുതിയ ഉല്‍പാദന ശക്തികള്‍ രംഗപ്രവേശം ചെയ്യുന്നതോടെ മനുഷ്യന്‍ ഉല്‍പാദന രീതിയില്‍ മാറ്റം വരുത്തുന്നു. അതാകട്ടെ, ഉപജീവന രീതിയില്‍ത്തന്നെയുള്ള മാറ്റമാണ്. അതോടെ എല്ലാ സാമൂഹിക ബന്ധങ്ങളിലും മാറ്റം വരുന്നു. കൈത്തൊളില്‍ ശാലകളുടെ സൃഷ്ടിയായിരുന്നു നാടുവാഴിത്തം. ആവി യന്ത്രശാലകളാകട്ടെ, മുതലാളിമാര്‍ക്ക് ജന്മം നല്‍കി. അതായത്, ഭൗതികോല്‍പാദനം നടത്തുന്ന മനുഷ്യര്‍ ആ ഉല്‍പാദന രീതിക്ക് അനുഗുണമായ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അതോടൊപ്പം ആ സാമൂഹിക ബന്ധങ്ങള്‍ക്ക് നിരക്കുന്ന തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കുമൊക്കെ അവര്‍ ജന്മം നല്‍കുന്നു. എന്നാല്‍ ഈ ആശയങ്ങളും വര്‍ഗങ്ങളും ഈ ബന്ധങ്ങളെപ്പോലെത്തന്നെ ശാശ്വതമല്ല. കേവലം ചരിത്രബന്ധിതവും മാറിക്കൊണ്ടിരിക്കുന്നതുമായ ഉല്‍പന്നങ്ങള്‍ മാത്രം.
ബക്കൂനിൻ
ബക്കൂനിൻ

അരാജകവാദപരമായ തന്റെ നിലപാടില്‍ നിന്നു കൊണ്ട് വര്‍ഗസമരം, തൊഴിലാളി വര്‍ഗവിപ്ലവം, വര്‍ഗ സര്‍വാധിപത്യം തുടങ്ങിയ ആശയങ്ങളോട് പ്രൂധോ നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ഭരണകൂടത്തിന്റെ ആവശ്യകതയെ തീര്‍ത്തും നിരാകരിക്കുകയും ചെയ്തു.

പ്രൂധോയെ മാത്രമല്ല, അരാജക വിപ്ലവസിദ്ധാന്തങ്ങള്‍ ഉന്നയിച്ച റഷ്യന്‍ റവലൂഷനറി അനാര്‍കിസ്റ്റ് മിഖയേല്‍ അലക്‌സിയേവിച് ബക്കൂനിനെയും (Michael Alexandrovich Bakunin) മാര്‍ക്‌സ് തള്ളിക്കളഞ്ഞു. പ്രൂധോ കുറേക്കാലം മാര്‍ക്‌സിന്റെ സുഹൃത്തായിരുന്നെങ്കില്‍ പാരീസില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു ബക്കൂനിന്‍. ബക്കൂനിന്‍ നിലകൊണ്ടത് തോറോയെയും ട്രാന്‍സെന്‍ഡെന്റലിസ്റ്റുകളെയും പോലെ മനുഷ്യന്‍ പ്രകൃത്യാ ഉല്‍കൃഷ്ടനാണ് എന്ന വാദത്തിലായിരുന്നു. എന്നാല്‍ തോറോയുടെ പസിഫിസത്തിന് വിരുദ്ധമായി ഹിംസാത്മകമായ സമരങ്ങളെ അദ്ദേഹം ന്യായീകരിച്ചു. propaganda of the deed (propaganda by the deed) എന്ന അനാര്‍കിസ്റ്റ് സിദ്ധാന്തത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. ഹിംസാത്മകവും സായുധവുമായ കലാപങ്ങള്‍, ഉന്മൂലനം തുടങ്ങിയ പ്രവര്‍ത്തനരീതികളെ സിദ്ധാന്തവല്‍ക്കരിക്കുന്ന തത്വമായിരുന്നു അത്. ഏതാണ്ട് സമാനമായ ഒരു സിദ്ധാന്തം നിചായേവിസമാണ്. ദസ്തയെവ്‌സ്‌കിയുടെ ഡെമന്‍സില്‍ പ്യോതര്‍ സ്‌തെപാനവിച് വെര്‍കൊവന്‍സ്‌കി എന്ന ഒരു കഥാപാത്രമുണ്ട്. സെര്‍ഗി ഗെന്നാഡിയേവിച് നിചായെവ് (Sergey Gennadiyevich Nechayev) എന്ന റഷ്യന്‍ കലാപകാരിയാണ് ഈ കഥാപാത്രനിര്‍മിതിയുടെ പ്രേരകം എന്ന് പറയപ്പെട്ടിട്ടുണ്ട്. ആദര്‍ശരാഹിത്യത്തെയും ഭീകരപ്രവൃത്തികളെയും കാല്‍പനികഛായ നല്‍കി കൊണ്ടു നടക്കുന്ന പ്രവണതയാണ് നിചായെവിന്റെ തത്വങ്ങളുടെ (നിചായേവിസം) അടിത്തറ.
വിപ്ലവത്തിന് കൃത്യമായ പാര്‍ട്ടി, പരിപാടി, രൂപരേഖ എന്നിവയൊന്നും ആവശ്യമില്ലെന്നും അത് രൂപപ്പെട്ടു വരുന്ന ഒന്നാണ് എന്നുമാണ് ബക്കൂനിന്‍ സിദ്ധാന്തിച്ചത്. തൊഴിലാളി വര്‍ഗഭരണകൂടം എന്ന സങ്കല്‍പത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെയൊന്ന് താല്‍ക്കാലികമായിപ്പോലും ഉണ്ടാവരുതെന്നും അഥവാ ഉണ്ടായാല്‍ ഫലത്തില്‍ അത് ചുവപ്പ് ബൂര്‍ഷ്വാസിയായിത്തീരും എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
ഇത്തരം എല്ലാ അരാജകവാദങ്ങളെയും ആശയവാദപരവും പെറ്റിബൂര്‍ഷ്വാ ഭാവുകത്വം പേറുന്നതും എന്ന് മാര്‍ക്‌സ് തള്ളിക്കളഞ്ഞു.

അധികാരവും ഉത്തരവാദിത്വവും

നിലനില്‍ക്കുന്ന സമ്പ്രദായത്തെയും അധികാരവ്യവസ്ഥയെയും തള്ളിക്കളഞ്ഞവരാണ് പ്രവാചകന്മാരും എന്നാണ് പിന്നീട് മതത്തെയും അതിന്റെ തത്വശാസ്ത്രത്തെും വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായത്. സ്ഥാപിത മതരൂപങ്ങള്‍ മനുഷ്യനിലെ സ്വാഭാവിക നന്മയെ corrupt ചെയ്യുന്നു എന്ന, ട്രാന്‍സെന്‍ഡെന്റലിസ്റ്റുകളുടെ നിരീക്ഷണം വളരെ ശരിയാണെങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായ മതമൂല്യങ്ങളെപ്പറ്റി അവര്‍ തന്നെ പറയുന്നുണ്ടല്ലോ. സത്യത്തില്‍ അധികാരം (power) എന്ന ആശയത്തെ നിരാകരിക്കുകയും പകരം ഉത്തരവാദിത്വത്തെ (authority) സ്ഥാപിക്കുകയുമാണ് പ്രവാചകന്മാര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പവറിന്റെ നിരാകരണത്തിന്റെ തലത്തില്‍ അവരെയും അനാര്‍ക്കിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കാം. ഒരര്‍ത്ഥത്തില്‍ ഈ കാഴ്ചപ്പാട് തന്നെയാണ് ക്ലാസ്സിക്കല്‍ അനാര്‍കിസം.

9780241969601

ചെറുതെങ്കിലും ഒരു സംഘം രൂപം കൊള്ളുമ്പോള്‍ അതിനൊരു ക്രമം വേണമെന്ന് അന്നത്തെ സാമൂഹിക ക്രമത്തെ പാടെ നിരാകരിച്ച മുഹമ്മദ് നബി തന്നെ പഠിപ്പിക്കുന്നുണ്ട്. മൂന്ന് പേര്‍ ഒരു യാത്ര ചെയ്യുമ്പോള്‍ മൂന്നിലൊരാളെ നേതാവായി തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. അതേസമയം അതു മുതല്‍ക്കങ്ങോട്ട് രാഷ്ട്ര നേതൃത്വം വരെയുള്ള അദ്ദേഹത്തിന്റെ പാഠങ്ങളിലെവിടെയും കേന്ദ്രീകൃതവും ശക്തവുമായ അധികാരത്തെപ്പറ്റി (power) പറയുന്നില്ല. നേതൃത്വം (ഇമാറത്ത്), നേതാവ് (അമീര്‍, ഇമാം) തുടങ്ങിയ പദങ്ങളേ ഉപയോഗിക്കുന്നുള്ളൂ.
വിപ്ലവം ഉണ്ടാകുന്നതാണ്, അതിന് അച്ചടക്കവും സംഘവുമൊന്നും വേണമെന്നില്ല എന്ന ചിന്താഗതിയും അരാജക വ്യക്തിവാദവും അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. മാര്‍ക്‌സിന്റെ അരാജകത്വവിമര്‍ശങ്ങള്‍ക്കും ഈ തലവും കൂടി ഉണ്ടായിരുന്നു.
മതതത്വചിന്തകളെ ഞാന്‍ വളരെപ്പിന്നീടാണ് വായിച്ചത്. ആ കഥ പുറകേ പറയാം. സാന്ദര്‍ഭികമായി സാമൂഹിക പരിവര്‍ത്തനത്തില്‍ പ്രവാചകന്‍ പ്രയോഗിച്ച രീതിയെപ്പറ്റി എന്റെ ഒരു വിലയിരുത്തല്‍ പങ്കു വെക്കാം.
പരിവര്‍ത്തനം ഒരു വിപ്ലവം ആയിത്തീരുന്നതിനെക്കുറിച്ചുള്ള സങ്കല്‍പങ്ങളാണ് നാം പൊതുവേ വെച്ചു പുലര്‍ത്താറുള്ളത്. revolution എന്ന് പറയും. വിപ്ലവം എന്ന് നിസ്സംശയം പറയാവുന്ന പല സംഭവങ്ങള്‍ക്കും ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം തന്നെ അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഏതൊരു വിപ്ലവത്തെയും അനിവാര്യമാക്കിത്തീര്‍ക്കുന്ന ചില സാമൂഹികാവസ്ഥകളുണ്ട്. ഇത്തരം അവസ്ഥകളോടുള്ള പ്രതികരണമായിരിക്കും എല്ലാ വിപ്ലവങ്ങളും.

കലാപം

അതേസമയം revolution എന്ന പദം സ്വയം ചില ആശയങ്ങളുള്‍ക്കൊള്ളുന്നുണ്ട്. revolutio എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് അതിന്റെ ഉല്‍പത്തി. a turn around എന്നാണ് അതിന്റെ അര്‍ത്ഥം. രാഷ്ട്രീയമായി ഇതിനെ നിര്‍വചിക്കുമ്പോള്‍ രാഷ്ട്രീയാധികാരത്തിലോ സമൂഹഘടനയിലോ സംഭവിക്കുന്ന മൗലികമാറ്റം (a fundamental change in political power or social structure) എന്ന് പറയാം. ഇത് രണ്ട് തരത്തിലാവാമെന്ന് അരിസ്‌റ്റോട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു constitution തീര്‍ത്തും മറ്റൊന്നായി മാറലാണ് ഒന്ന്. അതേസമയം നിലനില്‍ക്കുന്ന constitutionല്‍ വരുത്തുന്ന പരിഷ്‌കരണം ആണ് രണ്ടാമത്തെത്. എന്തായാലും നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയ്‌ക്കെതിരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സംഭവിക്കുന്ന ജനകീയമായ പ്രക്ഷോഭം എന്ന് സാമാന്യമായി revolutionനെ നിര്‍വചിക്കാം.

ഓക്‌സ്‌ഫെഡ് നിഘണ്ടുവില്‍ ഈ പദത്തിന് നല്‍കിയിരിക്കുന്ന ഒരര്‍ത്ഥം an instance of revolving എന്നാണ്. a forcible overthrow of a government or social order, in favour of a new system എന്നുമുണ്ട്. ഏതാണ്ടിതേ അര്‍ത്ഥത്തോടൊപ്പം കേംബ്രിജ് നിഘണ്ടുവില്‍ often using violence or war എന്നും കാണാം. ഒരു sudden and drastic change ആണ് revolution എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് സാമാന്യമായിപ്പറയാം. അതായത് അതി കര്‍ക്കശവും ഝടുതിയില്‍ സംഭവിക്കുന്നതുമായ പരിവര്‍ത്തനം.

anarchism

ഇത്തരം പരിവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ അനിവാര്യമായിത്തീരുമങ്കിലും, ഇതൊരു ആഘാതം പോലെയാണ്. മുകളില്‍ നിന്നും വന്നു വീഴുന്നത്. പെട്ടെന്ന് ഫലിക്കുകയും അതിനെക്കാള്‍ പെട്ടെന്ന് ഉണങ്ങുകയും ചെയ്യുന്ന വിളവു പോലെയാണിത്. പലപ്പോഴും വൈകാരികമായ പ്രതികരണം മാത്രമായിരിക്കുമത്. മാറ്റത്തിന് ആധാരമായിരിക്കുന്ന രാഷ്ട്രീയമോ തത്വശാസ്ത്രമോ ജനങ്ങളെ ഒട്ടും സ്വാധീനിച്ചിട്ടുണ്ടാവില്ല. മനുഷ്യപ്പറ്റില്ലാത്ത അധികാരപ്രയോഗത്തിനെതിരായ ഒരുടന്‍ കലാപം. അങ്ങനെ രൂപപ്പെടുന്ന വിപ്ലവമാകട്ടെ, പലപ്പോഴും സ്വന്തം സന്തതികളെ കൊന്നുതിന്നുന്ന അവസ്ഥയുമുണ്ടാകും. ചിലപ്പോള്‍ ഒരു സ്വേച്ഛാധികാരത്തിന്റെ സ്ഥാനത്ത് മറ്റൊരു മേല്‍ക്കോയ്മ രൂപപ്പെടുകയാവും ഫലം.
പെട്ടെന്ന് വന്നു വീഴുന്നതായതിനാല്‍ ഇത് reversible ആയിരിക്കും. സ്ഥായിയായ പരിവര്‍ത്തനം മുകളില്‍ നിന്ന് ആപതിക്കുന്ന ഒന്നല്ല, മറിച്ച് തറയില്‍ വേര് പിടിച്ച് ക്രമപ്രവൃദ്ധമായി വളരുന്ന ഒന്നാണ്. അത് irreversible ആയിരിക്കും.
5cd9d0f29899b5bac8d85cefeb738470
ഈ പ്രക്രിയയെ evolution എന്ന് വിളിക്കാം. ഈ വാക്കും ലത്തീനില്‍ നിന്ന് വന്നതാണ്. evolutio എന്നതാണ് ഇതിന്റെ മൂലരൂപം. act of unrolling എന്ന് അര്‍ത്ഥം. evolve എന്ന ക്രിയാരൂപത്തിന് ആവിഷ്‌കരിക്കുക, ഘട്ടം ഘട്ടമായി വളര്‍ത്തിയെടുക്കുക എന്നെല്ലാം അര്‍ത്ഥമുണ്ട്. എവലൂഷന്‍ എന്ന പ്രയോഗം മൂവ്‌മെന്റിനെ സൂചിപ്പിക്കുന്നു. തന്റെ വിധിവാദത്തെ സ്ഥാപിക്കാന്‍ വേണ്ടി സെന്റ് അഗസ്റ്റിന്‍ ഈ പദം ഉപയോഗിക്കുന്നുണ്ട്. ചുരുട്ടിവെച്ച പരവതാനിയിലെന്ന പോലെ സകല കാര്യങ്ങളും എഴുതപ്പെട്ടിരിക്കുകയാണെന്നും അത് ചുരുള്‍ നിവരുന്നതിനനുസരിച്ചാണ് പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. ജീവപരിണാമത്തെ സൂചിപ്പിക്കാന്‍ ശാസ്ത്രജ്ഞരും ഇതേ വാക്ക് തന്നെ ഉപയോഗിക്കുന്നു.
the gradual development of something എന്നതാണ് evolution എന്നതിന് ഒക്‌സ്‌ഫെഡ് നിഘണ്ടു നല്‍കിയിരിക്കുന്ന ഒരര്‍ത്ഥം. ഇതാണ് ശരിയും സ്ഥായിയുമായ പ്രോസസിനെ സൂചിപ്പിക്കുന്ന ശബ്ദം. ഝടുതിയിലുള്ളതും വരണ്ടതുമാണ് റവലൂഷനെങ്കില്‍, എവലൂഷന്‍ ക്രമപ്രവൃദ്ധമായ വികാസമാണ്. മനുഷ്യസമൂഹത്തിന്റെ ജൈവികവും സാമൂഹികവുമായ പരിണാമങ്ങളെപ്പറ്റി ഖുര്‍ആന്‍ ത്വബഖന്‍ അന്‍ ത്വബഖ് എന്ന് പ്രയോഗിക്കുന്നുണ്ട്. പടിപടിയായി എന്നാണ് ത്വബഖന്‍ അന്‍ ത്വബഖിന്റെ അര്‍ത്ഥം.

ഒരു വഴിത്തിരിവ്

എന്തായാലും തല്‍ക്കാലം ഈ ചര്‍ച്ചയെ ഇവിടെ വിട്ടിട്ട് അക്കാലത്തെ എന്റെ മാനസികാവസ്ഥകളിലേക്ക് തിരികെ വരാം.

അരാജകത്വപരമായ ബോധം സൃഷ്ടിക്കുന്നതില്‍ അസ്തിത്വവാദപരമായ അന്വേഷണങ്ങളും വലിയ പങ്കു വഹിക്കുന്നു.
അലഞ്ഞു തിരിഞ്ഞങ്ങനെ നടക്കുന്ന നേരത്ത് ഉപ്പ എനിക്കൊരു ജോലി ശരിയാക്കിത്തന്നു. പയ്യന്നൂരിലെ തേജസ് വസ്ത്രാലയത്തില്‍ കണക്കെഴുത്താണ് പണി. താമസവും പയ്യന്നൂരില്‍ത്തന്നെ. മൂന്നരവര്‍ഷത്തോളം പയ്യന്നൂര്‍ അയോധ്യ ലോഡ്ജില്‍ താമസിച്ചു. ജീവിതം അവ്യവസ്ഥിതത്വത്തിന്റെ ഉച്ചിയിലേക്ക് പോയതും വായനയിലും ജീവിതത്തിലും വലിയൊരു വഴിത്തിരിവുണ്ടായതും അവിടെ വെച്ചാണ്.
മാസവാടകയ്ക്ക് ദീര്‍ഘകാലം താമസിക്കുന്നവരായതു കൊണ്ടു തന്നെ അയോധ്യയില്‍ എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. ഇടയ്ക്കിടെ പാര്‍ട്ടികളും മദ്യവും ബഹളവും ഒരുമിച്ച് സിനിമയ്ക്ക് പോക്കും ഒക്കെയായി മിക്കവാറും എല്ലായ്‌പോഴും ഉല്‍സവപ്രതീതി. അധികം പേരും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമൊക്കെയായതു കൊണ്ട് ഔദ്യോഗിക അവധി ദിനങ്ങളില്‍ അവരെല്ലാം നാട്ടില്‍ പോകും. അപ്പോഴവിടെ ഒരുതരം ശ്മശാന മൂകത ഫീല്‍ ചെയ്യും. എനിക്കാണെങ്കില്‍ ഞായറാഴ്ചകള്‍ കഴിഞ്ഞാല്‍ രണ്ട് പെരുന്നാളുകളും ഓണവും വിഷുവും ക്രിസ്മസും മാത്രമാണ് അവധിദിനങ്ങള്‍. ഏകാന്തവേളകളില്‍ അസഹ്യമായ ഒരുതരം വിഷാദം എന്നെ ബാധിക്കാറുണ്ട്.
അവിടുത്തെ താമസക്കാരും രീതികളുമായി ഞാന്‍ പെട്ടെന്ന് ഇഴുകിച്ചേര്‍ന്നു. പാര്‍ട്ടികള്‍ മൂക്കുമ്പോള്‍ ഞാന്‍ പാട്ടു പാടല്‍ നിര്‍ബ്ബന്ധമാണ്. ഞാനാകട്ടെ, അന്നേരം മതിമറന്ന് പാടും.
Art and Literature by Loren Entz
ശറാബ് ചീസ് ഹി ഐസീ ഹെ ന ഛോഡി ജായേ
യെ മേരെ യാര്‍ കെ ജൈസീ ഹെ ന ഛോഡി ജായേ..
ചിലപ്പോള്‍ പാട്ടും കൂത്തുമൊക്കെ പാതിരാ വരെ നീളും. അതും ഉച്ചസ്ഥായിയില്‍.
സബ്‌കോ മാലൂം ഹേ മേ ശറാബീ നഹീ
ഫിര്‍ ഭി കോയീ പിലായേ തൊ മേ ക്യാ കരൂം
സിര്‍ഫ് ഇക് ബാര് നസരോം സെ നസരേ മിലേ
ഓര്‍ കസം ടൂട്ട് ജായേ തൊ മേ ക്യാ കരൂം
എന്റെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നയാളെ അധികം പുറത്തെങ്ങും കാണാറില്ല. എന്നുതന്നെയല്ല, ആള്‍ ജോലിക്കെങ്ങും പോകുന്നതും കണ്ടിട്ടില്ല. ചിലപ്പോള്‍ മുറിയും പൂട്ടി പുറത്തേക്കൊരു പോക്ക് പോകും. പിന്നെ കുറച്ച് ദിവസം കഴിഞ്ഞേ വരൂ.
അന്വേഷിച്ചപ്പോള്‍, ഒരെഴുത്തുകാരനാണ് അയാള്‍ എന്ന് മനസ്സിലായി. ഒരു വേദാന്തചിന്തകനാണ്. ശ്രീകാന്ത് എന്നാണ് പേര്. പുസ്തകങ്ങള്‍ എഴുതി സ്വന്തമായി പബ്ലിഷ് ചെയ്യുന്നു. ഇന്റെഗ്രല്‍ ബുക്‌സ് എന്നാണ് പ്രസാധനശാലയുടെ പേര്. അതിന്റെ ഓഫീസും വിതരണശാലയുമൊക്കെ ആ മുറിയാണ്.
ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വാതില്‍ക്കല്‍ ഒന്ന് മുട്ടി. വാതില്‍ തുറന്ന് ആകര്‍ഷകമായ പുഞ്ചിരിയോടെ അദ്ദേഹം വരൂ എന്ന് അകത്തേക്ക് ക്ഷണിച്ചു. ഒരു പുസ്തകം തരാമോ വായിക്കാന്‍ എന്ന് എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാന്‍ ചോദിച്ചു. അദ്ദേഹം തന്നത് ദേബീപ്രസാദ് ചതോപാധ്യായയുടെ ഇന്ത്യന്‍ ഫിലോസഫി എന്ന പുസ്തകമാണ്. അതെന്നെ അല്‍ഭുതപ്പെടുത്തി. ഇടതു ചിന്തകനും ഭൗതികവാദിയുമാണ് ദേബീപ്രസാദ്. ഇന്ത്യന്‍ തത്വചിന്തയുടെ വേര് ലോകായതമാണെന്ന് സ്ഥാപിക്കുന്നയാള്‍. (പ്രാചീനഭാരതത്തിലെ നിരീശ്വരവാദിയും ഹേതുവാദിയുമായ ചാര്‍വാകന്റെ ദര്‍ശനമാണ് ലോകായതം). ഒരു വേദാന്തിയായ ഇദ്ദേഹം തന്റെ ചിന്തയുടെ നേരെ എതിര്‍ പക്ഷത്തുള്ള പുസ്തകമാണല്ലോ തന്നത് എന്ന അല്‍ഭുതം ഞാന്‍ മറച്ചുവെച്ചില്ല.
അതു സാരമില്ല, അദ്ദേഹം പറഞ്ഞൂ. അത് വായിക്കൂ. വായിച്ചു കഴിഞ്ഞ് നമുക്ക് ചര്‍ച്ച ചെയ്യാമല്ലോ.
Read More

അമ്മയും കാള്‍ മാര്‍ക്‌സും

painting by David Carson Taylor

ഒരു വായനാത്മ(ക)കഥ നാല്

ഭാഗം ഒന്ന്, രണ്ട്, മൂന്ന് എന്നിവ ഇവിടെ വായിക്കാം.

ചുവന്ന ചട്ടയുള്ള പുസ്തകങ്ങള്‍

സോവിയറ്റ് നാട് എന്ന് മലയാളത്തിലും Soviet Land എന്ന് ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു മാസികയുണ്ടായിരുന്നു. തിളങ്ങുന്ന ആര്‍ട് പേപ്പറില്‍ അച്ചടിക്കുന്ന ആ മാസിക സ്‌കൂള്‍ കാലത്ത് പല കുട്ടികളും പുസ്തകം പൊതിയാന്‍ ഉപയോഗിച്ചു വന്നു. സോവിയറ്റ് നാടിലെ ചിത്രങ്ങളും അച്ചടിയുമൊക്കെ അത്യാകര്‍ഷകങ്ങളാണ്. സോവിയറ്റ് യൂനിയന്‍ എന്നറിയപ്പെട്ടിരുന്ന യു.എസ്.എസ്.ആറില്‍ (Union of Soviet Socialist Republic) നിന്ന് ലോകത്തിലെ നാനാ ഭാഷകളില്‍ അച്ചടിച്ച് അതാത് രാജ്യങ്ങളില്‍ വിതരണം ചെയ്യപ്പെട്ടിരുന്ന പ്രസിദ്ധീകരണമാണ് സോവിയറ്റ് നാട്. കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യയുടെ (സി.പി.ഐ) ഉടമസ്ഥതയിലുള്ള പ്രഭാത് ബുക് ഹൗസാണ് കേരളത്തില്‍ അതിന്റെ വിതരണക്കാര്‍. മോസ്‌കോയില്‍ നിന്ന് പ്രസാധനം ചെയ്യപ്പെടുന്ന, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ധാരളം പുസ്തകങ്ങള്‍ പ്രഭാത് ബുക് ഹൗസില്‍ കിട്ടും. നല്ല കടലാസ്, നല്ല അച്ചടി. അതേസമയം വില വളരെ തുച്ഛം. കമ്യൂനിസ്റ്റ് തത്വങ്ങളും റഷ്യന്‍ സാഹിത്യവുമൊക്കെ പ്രചരിപ്പിക്കുന്നതിനു വേണ്ടി സോവിയറ്റ് സര്‍ക്കാറിന്റെ സഹായത്തോടെ വിതരണം ചെയ്യപ്പെട്ടിരുന്ന പുസ്തകങ്ങളായിരുന്നു അവ. 1991ല്‍ സോവിയറ്റ് യൂനിയന്‍ എന്ന രാഷ്ട്രം ഇല്ലാതാകുന്നത് വരെ ഇത്തരം പുസ്തകങ്ങള്‍ പ്രഭാതില്‍ വില്‍ക്കപ്പെട്ടു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണ്ണൂരിലെ ഒരു എക്‌സിബിഷനില്‍ വെച്ച് എന്റെ ഉമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് അച്ഛന്റെ ബാല്യം എന്ന് പേരുള്ള ഒരു സോവിയറ്റ് പുസ്തകം വാങ്ങിത്തന്നതായി ഓര്‍ക്കുന്നു. അതിന്റെ ഗ്രന്ഥകര്‍ത്താവാരാണെന്നോര്‍മയില്ല. ഏതോ റഷ്യന്‍ എഴുത്തുകാരന്റെ പിതാവ് മകന് പറഞ്ഞു കൊടുത്ത ബാല്യകാല കഥകള്‍ പിന്നീട് ക്രോഡീകരിച്ചതാണെന്ന് തോന്നുന്നു.

painting by David Carson Taylor
painting by David Carson Taylor

ഏതെങ്കിലും വഴിക്ക് അല്‍പം പണം കൈയില്‍ വന്നാല്‍ പ്രഭാതില്‍ പോയി പുസ്തകങ്ങള്‍ വാങ്ങല്‍ ശീലമായി. കുറഞ്ഞ പണത്തിന് ധാരാളം പുസ്തകങ്ങള്‍ കിട്ടും. രാഷ്ട്രീയ, സൈദ്ധാന്തിക പുസ്തകങ്ങള്‍ക്കൊപ്പം നല്ല കഥകള്‍, കവിതകള്‍, നോവലുകള്‍ തുടങ്ങിയവയും.

പ്രോഗ്രസ്, റാദുഗ തുടങ്ങിയ പ്രസാധനാലയങ്ങളാണ് മോസ്‌കോവില്‍ നിന്ന് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. പ്രോഗ്രസ്സിന്റെ പാഠപുസ്തകം സീരീസുകള്‍ വളരെയധികം പ്രയോജനപ്പെട്ട ഒന്നായിരുന്നു. ഇംഗ്ലീഷില്‍ ഇത് ABC series ആണ്. ABC of Socialism, ABC of Dialectical Materialism, ABC of Marxism-Leninism എന്നിവയാണ് എ.ബി.സി സീരീസ്. ഓരോ സീരീസിലും കുറെയേറെ പുസ്തകങ്ങള്‍. ‘ഒരു പാഠപുസ്തകം’ എന്ന പേരില്‍ ഇറങ്ങിയ ഇവയുടെ മലയാള വിവര്‍ത്തനങ്ങളില്‍ ചിലതൊക്കെ ഞാനന്ന് വാങ്ങി വായിച്ചിരുന്നു (അന്നും ഇന്നും പുസ്തകം വാങ്ങുന്നതിന്റെ പാതി സ്പീഡ് പോലുമില്ല വായനക്ക്, ആലോചിക്കുമ്പോള്‍ വളരെ ഖേദം തോന്നാറുണ്ട്). മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയതും അക്കാലത്തു തന്നെ. മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും പുസ്തകങ്ങള്‍ക്ക് പുറമെ, യെവ്‌ഗേനിയ സ്‌തെപ്പാനൊവ എഴുതിയ, മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ജീവചരിത്രങ്ങള്‍, പ്ലെഹാനൊവിന്റെ പുസ്തകങ്ങള്‍ തുടങ്ങി മാക്‌സിം ഗോര്‍ക്കിയുടെ അമ്മയും പരിശീലനവുമൊക്കെ പ്രഭാതില്‍ നിന്ന് വാങ്ങി വായിച്ചു. വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരൊക്കെ മോസ്‌കോ പ്രസാധകരുടെ മലയാള വിവര്‍ത്തകരായിരുന്നു.

ഒരു രാഷ്ട്രത്തിന്റെ തിരോഭാവം

റഷ്യയിലെ സാറിസ്റ്റ് ഏകാധിപത്യത്തിനെതിരായ കലാപങ്ങളെത്തുടര്‍ന്നാണ് ബോള്‍ഷെവിക് വിപ്ലവം അരങ്ങേറിയത്. 1917ല്‍ സാര്‍ നിക്കോളാസ് രണ്ടാമന്‍ പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ജോര്‍ജി ലവേവ് അധികാരമേറ്റെടുത്തെങ്കിലും പിന്തുണ ഉറപ്പു വരുത്താന്‍ പറ്റാതിരുന്നതിനാല്‍ അലക്‌സാണ്ഡര്‍ ഫ്യോദ്‌റൊവിച് കെറന്‍സ്‌കിയുടെ നേതൃത്വത്തിലുള്ള താല്‍ക്കാലിക സര്‍ക്കാര്‍ നിലവില്‍ വന്നു. എന്നാല്‍ വ്‌ലാഡിമിര്‍ ഇലിയിച്ച് ഉല്യാനൊവ് എന്ന വ്‌ലാഡിമിര്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക് വിപ്ലവത്തെത്തുടര്‍ന്ന് കെറന്‍സ്‌കിക്ക് അധികാരമൊഴിയേണ്ടി വന്നു. ജൂലിയന്‍ കലണ്ടര്‍ പ്രകാരം 1917 ഒക്ടോബര്‍ 24, 25 തീയതികളിലാണ് ഈ വിപ്ലവം നടന്നത്. റഷ്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ജോര്‍ജിയന്‍ കലണ്ടറില്‍ നവംബര്‍ 6, 7 ആയിരുന്നു തീയതികള്‍. 1922ല്‍ സമീപ റിപ്പബ്ലിക്കുകളെക്കൂടി ചേര്‍ത്തു കൊണ്ട് USSR രൂപീകൃതമായി. ലെനിന്‍ ആയിരുന്നു ഭരണത്തലവന്‍ (സോവിയറ്റ് പ്രീമിയര്‍). 1991 ആഗസ്തില്‍ ഗെന്നാഡി യനായേവ് സോവിയറ്റ് പ്രീമിയര്‍ ആയിരിക്കെ, രണ്ട് ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയ്തിരുന്ന, ലോകത്തിലെ ഏറ്റവും വലിയ ആ രാഷ്ട്രം നാമാവശേഷമായി.

ഏകകക്ഷി ജനാധിപത്യത്തിനു കീഴില്‍ സമഗ്രാധിപത്യപരമായ സ്വഭാവമായിരുന്നു സോവിയറ്റ് യൂനിയന് ഉണ്ടായിരുന്നത്. 1985 മാര്‍ച്ച് മുതല്‍ 1991 ഡിസംബര്‍ വരെ സോവിയറ്റ് പ്രീമിയര്‍ ആയിരുന്ന മിഖയേല്‍ ഗോര്‍ബച്ചേവ് രാജ്യത്തിന്റെ വ്യവസ്ഥയെ മാറ്റിപ്പണിയാന്‍ ശ്രമിച്ചു. ലിയൊനിദ് ബ്രഷ്‌നേവിന്റെ കാലത്ത് തന്നെ സോവിയറ്റ് രാഷ്ട്രം Era of Stagnation എന്ന് വിളിക്കപ്പെട്ട സ്തംഭനകാലത്തെ നേരിട്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് യൂരി ആന്ദ്രപ്പോവിന്റെ നേതൃത്വത്തില്‍ കുറെയൊക്കെ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രണ്ടു വര്‍ഷം മാത്രമേ പ്രിമിയര്‍ ആയി ഇരുന്നുള്ളൂ. ആന്ദ്രപ്പോവിന്റെ മരണത്തെത്തുടര്‍ന്ന് നേതൃത്വം ഏറ്റെടുത്ത കൊണ്‍സ്റ്റാന്റ്യിന്‍ ചെര്‍നെങ്കൊയുടെ (Konstantin Chernenko) കാലത്ത് ചെര്‍നോബില്‍ ആണവദുരന്തവും അഫ്ഗാന്‍ യുദ്ധവുമൊക്കെയായി അവസ്ഥ കൂടുതല്‍ മോശമായി. ഈ സാഹചര്യത്തിലാണ് ഗോര്‍ബച്ചേവ് പെരെസ്‌ത്രോയ്ക്ക അഥവാ ഉടച്ചുവാര്‍ക്കല്‍ (Perestroika/ Restructuring) പ്രഖ്യാപിച്ചത്. ഇത് റിപ്ബ്ലിക്കുകളില്‍ ബഹുകക്ഷി ജനാധിപത്യത്തിന് അവസരമൊരുക്കി. ഇതോടൊപ്പം അദ്ദേഹം പ്രഖ്യാപിച്ച ഗ്ലാസ്‌നസ്ത് (Glasnost/ Openness) ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയിലുണ്ടായിരുന്ന ഇരുമ്പുമറ തകര്‍ത്തു. എന്നാല്‍ ഇതിന് പ്രതീക്ഷിക്കാത്ത ചില പ്രത്യാഘാതങ്ങളുമുണ്ടായി. റിപബ്ലിക്കുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും കമ്യൂനിസ്റ്റ് ഭരണത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങാനും തുടങ്ങി. ഇതോടെ പ്രകോപിതരായ കമ്യൂനിസ്റ്റ് പാര്‍ട്ടിയിലെയും സെക്യൂരിറ്റി ഏജന്‍സിയായ KGB യിലെയും തീവ്ര ഇടതുപക്ഷവാദികള്‍ ഗെന്നാഡി യനായെവിന്റെ നേതൃത്വത്തില്‍ ഗോര്‍ബച്ചേവിനെ തടവിലാക്കി. അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും സോവിയറ്റ് പ്രീമിയര്‍ സ്ഥാനവും രാജി വെച്ചു. ഇതിനകം റഷ്യന്‍ പ്രസിഡന്റായിത്തീര്‍ന്നിരുന്ന, കമ്യൂനിസ്റ്റ് വിരുദ്ധനായ ബോറിസ് യെല്‍ത്സിന്‍ യനായെവിനെതിരെ കലാപമിളക്കിവിട്ടതിനെത്തുടര്‍ന്ന് 1991 ആഗസ്തില്‍ മോസ്‌കോയില്‍ കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ രക്തപതാക താഴുകയും റഷ്യന്‍ പതാക ഉയരുകയും ചെയ്തു.

ലെനിൻ
ലെനിൻ

എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. അമേരിക്കയും USSR ഉം തമ്മില്‍ അത്രയും കാലം നിലനിന്നിരുന്ന ശീതയുദ്ധം അവസാനിച്ചതോടെ തങ്ങളുടെ അധീശത്വം സ്ഥാപിക്കപ്പെടുന്ന ഏകധ്രുവലോകത്തെക്കുറിച്ച അമേരിക്കയുടെ സ്വപ്‌നങ്ങള്‍ക്ക് ശക്തിയേറി. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും നിലനിര്‍ത്തിപ്പോന്നിരുന്ന, സോഷ്യലിസത്തെക്കുറിച്ച ചിന്തകള്‍ തീര്‍ത്തും ഉപേക്ഷിച്ച് നിയോ ലിബറല്‍ നയങ്ങളിലേക്ക് നീങ്ങി. ഗാട്ടിന്റെയും ലോകവ്യാപാരസംഘടന, ലോകബാങ്ക് മുതലായവയുടെയും ഘടനാപരിഷ്‌കാരങ്ങളായ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ശക്തിപ്പെട്ടു.

ലോകമെങ്ങുമുള്ള കമ്യൂനിസ്റ്റുകള്‍ക്ക് ആവേശവും പ്രത്യാശയുമായിരുന്നു സോവിയറ്റ് യൂനിയന്‍. അതേസമയം അതുതന്നെയായിരുന്നു പലേടത്തെയും കമ്യൂനിസ്റ്റ് സംഘടനകളുടെ പരിമിതിയും. മോസ്‌കോയില്‍ മഴ പെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവര്‍ എന്ന് അക്കാലത്ത് കമ്യൂനിസ്റ്റ് സഖാക്കള്‍ക്ക് ഒരു പരിഹാസപ്പേര് തന്നെയുണ്ട്. അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയില്‍ കൃഷ്ണന്‍ കുട്ടി നായര്‍ അവതരിപ്പിച്ച ഒരു തയ്യല്‍ക്കാരന്‍ സഖാവുണ്ട്. എപ്പോഴും സോവിയറ്റ് കീര്‍ത്തനങ്ങളുരുവിട്ടു കൊണ്ടാണ് അയാള്‍ തയ്യല്‍ മെഷീന്റെ ട്രെഡിലില്‍ ആഞ്ഞു ചവിട്ടുന്നത്. ധര്‍മപുരിയില്‍ വരള്‍ച്ചയും ചുവന്ന താര്‍ത്താരിക്കുടിയരശില്‍ വെള്ളപ്പൊക്കവും വരുമ്പോള്‍ വെള്ളപ്പൊക്കത്തിനെതിരെ സെമിനാര്‍ നടത്തുന്ന ധര്‍മപുരിയിലെ സമത്വവാദികളെ അവതരിപ്പിക്കുന്നുണ്ട് ധര്‍മപുരാണം എന്ന നോവലില്‍ ഒ.വി വിജയന്‍.

അമ്മയും കാള്‍ മാര്‍ക്‌സും

എംഗൽസ്, മാർക്സ്
എംഗൽസ്, മാർക്സ്

ഹെസ്‌കൂളില്‍ ഞാന്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തകനായിരുന്നു. അതിന് കാരണം എന്റെ വീട് പൊതുവേ കോണ്‍ഗ്രസ് അനുകൂലമായിരുന്നുവെന്നതോടൊപ്പം തന്നെ അക്കാലത്തെ എന്റെ ദേശീയബോധത്തിന്റെ സ്വഭാവവും കൂടിയായിരുന്നു. അതേസമയം, കമ്യൂനിസത്തെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കിത്തുടങ്ങിയതോടെ, ഒരു തൊഴിലാളിയുടെ മകന്‍ എന്ന നിലക്ക് എന്റെ പ്രത്യയശാസ്ത്രം അതാണെന്ന ബോധവുമുണ്ടായി. ആ ബോധത്തിലേക്കാണ് മോസ്‌കോയില്‍ നിന്നുള്ള ചുവന്ന പുസ്തകങ്ങള്‍ വന്നിറങ്ങിയത്. On Religion എന്ന പേരില്‍ കാള്‍ മാര്‍ക്‌സിന്റെയും ഫ്രീഡ്രിക് എംഗല്‍സിന്റെയും ലേഖനങ്ങള്‍ സമാഹരിച്ചു കൊണ്ട് പ്രോഗ്രസ് പബ്ലിഷേര്‍സ് ഒരു പുസ്തകമിറക്കിയിരുന്നു. മാര്‍ക്‌സിന്റെ A Cotnribution to the Critique of Hegel’s Philosophy of Rights, എംഗല്‍സിന്റെ Anti Dhuring തുടങ്ങിയ ക്ലാസ്സിക്കുകളില്‍ നിന്നുള്ള ലേഖനങ്ങളും അവര്‍ പരസ്പരവും മറ്റു ചിലര്‍ക്കും എഴുതിയ കത്തുകളുമൊക്കെയായിരുന്നു ആ പുസ്തകത്തില്‍ ക്രോഡീകരിച്ചിരുന്നത്. മതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള അക്കാലത്തെ ബോധ്യങ്ങള്‍ ഉറപ്പിക്കുന്നതിനും അതെല്ലാം സഹായകമായി. (ബോധ്യം എന്നു തന്നെയാണ് പറയേണ്ടത്. ഒരിക്കലും എന്റെ തിരിച്ചറിവുകളോട് ഞാന്‍ അന്യായം പ്രവര്‍ത്തിച്ചിട്ടില്ല. പില്‍ക്കാലത്തുണ്ടാകുന്ന അനുഭവങ്ങളും അറിവുകളും മുന്‍കാല ബോധ്യങ്ങളെ തിരുത്തുന്നതില്‍ ഇതുവരെ അസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുമില്ല). അതേസമയം മതത്തെക്കുറിച്ച മാര്‍ക്‌സിസ്റ്റ് സമീപനം ഇടമറുകിന്റെയും സോ കോള്‍ഡ് യുക്തിവാദികളുടെയും വിമര്‍ശത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അന്നും ഇന്നും ഞാന്‍ സ്വയം യുക്തിവാദി എന്ന് തന്നെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരെ, കവിഞ്ഞാല്‍ അനുഭവമാത്രവാദികള്‍ എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ എന്നും യുക്തി അവരുടെ പ്രധാനപരിഗണനയേ അല്ലെന്നും പിന്നീട് തോന്നിയിട്ടുമുണ്ട്. ചരിത്രത്തെ സമീപിക്കുന്നതിലുള്ള സത്യസന്ധതയായിരുന്നു പ്രധാന ഘടകം. ഒരു ഐഡിയോളജി എന്ന നിലക്ക് മാര്‍ക്‌സിസത്തിന്റെ സമീപനത്തില്‍ കൃത്യതയും വ്യക്തതയുമുണ്ട്. ഡയലക്ടിക്കലായ സമീപനം (ഒരു തത്വശാസ്ത്രത്തെ സത്യസന്ധമാക്കുന്നത് വൈരുദ്ധ്യാത്മക സമീപനമാണ്) വെച്ചു പുലര്‍ത്തുന്നതിനാല്‍, മതത്തെ അതിലെ നന്മയെയും ചരിത്രത്തില്‍ അത് വഹിച്ച പങ്കിനെയും അംഗീകരിച്ചു കൊണ്ടു തന്നെ വിലയിരുത്താനും വിമര്‍ശിക്കാനും മാര്‍ക്‌സിസത്തിന് സാധിക്കുന്നു. എന്തായാലും കമ്യൂനിസ്റ്റ് മാനിഫെസ്‌റ്റോയും ദാസ് കാപിറ്റലിന്റെ ആമുഖവും ഡയലക്ടിക്‌സ് ഒഫ് നേച്ചറുമൊക്കെ അത്ര അഗാധമായല്ലെങ്കിലും അക്കാലത്ത് വായിച്ചു. അന്ന് വാങ്ങിയ സോവിയറ്റ് പുസ്തകങ്ങളില്‍ ചിലതൊക്കെ ഇന്നും എന്റെ ശേഖരത്തിലുണ്ട്. മൗ ദ്‌സെദോങ്ങിന്റെ On Cotnradiction ഉം അക്കാലത്ത് വായിച്ചു. ലെനിനും മൗയും ചെ ഗുവേരയും മുതല്‍ ചാരു മജുംദാറും വര്‍ഗീസും വരെയുള്ളവര്‍ ദൈവങ്ങളായി കുറച്ചു കാലം മനസ്സില്‍ കുടിയിരുന്നു.

Maxim Gorky a portrait by Nikolay Bogdanov-Belsky
Maxim Gorky a portrait by Nikolay Bogdanov-Belsky

മോസ്‌കോയിലെ ചുവന്ന പുസ്തകങ്ങളില്‍ മനസ്സിനെ വല്ലാതെ ഉലച്ച ഒന്ന് മാക്‌സിം ഗോര്‍ക്കിയുടെ അമ്മ തന്നെയാണ്. തികച്ചും രാഷ്ട്രീയമെങ്കിലും കേവലം മുദ്രാവാക്യനോവലല്ല അമ്മ. അത് വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ ഇത് രണ്ടും തമ്മില്‍ പുലര്‍ത്തേണ്ട പ്രതിബദ്ധതയുടെ ആഖ്യാനമാണ്. അമ്മയും മകനും തമ്മിലുള്ള, ദ്വൈത്തിന്റെ സീമകളെ അതിലംഘിക്കുന്ന കഥയാണ്. അതില്‍ മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്. പ്രണയവും വെറുപ്പുമുണ്ട്. ആഹ്ലാദവും ദാരിദ്ര്യവുമുണ്ട്. ഉള്ളു പൊള്ളയായിത്തീര്‍ന്ന, ആത്മാവ് നഷ്ടപ്പെട്ട മനുഷ്യനെ വീണ്ടും മനുഷ്യത്വത്തിലേക്കുണര്‍ത്താനുള്ള ത്യാഗപൂര്‍ണമായ പരിശ്രമമാണ് ഗോര്‍ക്കിക്ക് വിപ്ലവം. കാല്‍പനികഭാവമുള്ള എല്ലാ എഴുത്തുകാരും ഇപ്രകാരം തന്നെയാണ് സാമൂഹിക പരിവര്‍ത്തനങ്ങളെ അടയാളപ്പെടുത്തിയിട്ടുള്ളതെങ്കിലും വിപ്ലവങ്ങള്‍ അവയുടെ തുടര്‍ച്ചയില്‍ ആ ദൗത്യത്തിലല്ല നിലകൊള്ളാറുള്ളതെന്നത് ചരിത്രം.

ഗോര്‍ക്കിയുടെ മുന്നില്‍ ഒരു യഥാര്‍ത്ഥ അമ്മയും മകനും ഉണ്ടായിരുന്നു. നീഷ്‌നി നോവ്‌ഗൊറൊദ് എന്ന റഷ്യന്‍ പട്ടണത്തിന്റെ പ്രാന്തത്തിലുള്ള സൊര്‍മോവോ ഫാക്ടറിയില്‍ 1902ല്‍ നടന്ന മെയ് ദിന പ്രകടനത്തില്‍ പങ്കെടുത്ത, ഗോര്‍ക്കിയുടെ സുഹൃത്ത് പ്യോത്തര്‍ സലമോവും അദ്ദേഹത്തിന്റെ അമ്മ അന്ന സലമോവയുമാണ് നോവലില്‍ പാവേല്‍ വ്‌ലാസോവും പിയെലാഗ്യേയ നിലോവ്‌ന വ്‌ലാസോവയും ആയിപ്പകര്‍ന്നതത്രേ. അതേസമയം അമ്മയുടെ കഥ പൂര്‍ണമായും ഗോര്‍ക്കിയുടെ ഭാവനയുമാണ്.

പീഡകനും മദ്യപനും ദുര്‍മാര്‍ഗിയുമായ വ്‌ലാസോവ് എന്ന അച്ഛന്‍ സാറിസ്റ്റ് റഷ്യയിലെ അധികാരത്തിന്റെ പ്രതീകമാണെങ്കില്‍ ഭര്‍തൃപീഡനം കൊണ്ടും കഠിനാധ്വാനത്താലും അകാലവാര്‍ധക്യം ബാധിച്ച് നട്ടെല്ല് തകര്‍ന്ന് ഒരു വശം കൂനിപ്പോയവളാണ് നിലോവ്‌ന എന്ന അമ്മ. മനുഷ്യസ്‌നേഹിയും വിപ്ലവകാരിയുമായ മകന്‍ പാവെല്‍ എന്ന പാഷ്‌കയുടെയും പീഡകനായ ഭര്‍ത്താവിന്റെയും ഇടയില്‍ സമ്മര്‍ദ്ദത്തിലായിപ്പോകുന്നുണ്ട് അവരുടെ ജീവിതം. എന്നാല്‍ പിന്നീട് അമ്മ ശരിക്കും മകന്റെ ദൗത്യം തന്നെ ഏറ്റെടുത്തു. മകന്‍ ജയിലിലടക്കപ്പെട്ടതിനെത്തുടര്‍ന്ന് അവന്‍ എഴുതിയ ലഘുലേഖകള്‍ വിതരണം ചെയ്യുമ്പോള്‍, എന്റെ മാംസവും രക്തവുമായ മകന്റെ വാക്കുകള്‍ ഞാന്‍ തന്നെ മറ്റുള്ളവര്‍ക്കെത്തിച്ചു കൊടുക്കുക എന്നത് എന്റെ സ്വന്തം ആത്മാവിനെ ഇതരര്‍ക്കായി ദാനം ചെയ്യുന്നത് പോലെ അഭിമാനകരമാണ് എന്ന് ആ അമ്മ പറയുന്നു.

തന്റെ മകന് വേണ്ടിയും അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്ന, വിശ്വാസിയായ വിപ്ലവകാരിയെയാണ് ഗോര്‍ക്കി അവതരിപ്പിക്കുന്നത്.

പിന്നീട് പൊലീസ് പിടിയിലാകുമെന്ന് വന്നപ്പോള്‍ മകന് ക്ലേശം വരരുത് എന്ന് കരുതി ലഘുലേഖകളടങ്ങിയ പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ തയ്യാറാകാതിരുന്ന അമ്മ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചു വീണേക്കും എന്ന തോന്നലുണ്ടാക്കിക്കൊണ്ടാണ് ഗോര്‍ക്കിയുടെ നോവല്‍ അവസാനിക്കുന്നത്.

അമ്മ, പുദോഫ്കിന്റെ സിനിമയുടെ പോസ്റ്റർ
അമ്മ, പുദോഫ്കിന്റെ സിനിമയുടെ പോസ്റ്റർ

1906ല്‍ എഴുതപ്പെട്ട ഈ നോവല്‍ 1926ല്‍ സെവൊലോദ് പുഡോഫ്കിന്‍ (Vsevolod Pudovkin) സിനിമയാക്കി. ലോകസിനിമാ ചരിത്രത്തില്‍ സെര്‍ഗി ഐസന്‍സ്റ്റീനോടൊപ്പം സ്ഥാനമുള്ളയാളാണ് പുഡോഫ്കിന്‍. മൊണ്ടാഷിന്റെ പിതാക്കന്മാരായി രണ്ടു പേരും അറിയപ്പെടുന്നു. 1905ലെ പോട്ടെംകിന്‍ കപ്പല്‍ക്കലാപത്തിന്റെ ചരിത്രമാണ് ഐസന്‍സ്റ്റിന്റെ സിനിമയ്ക്ക് വിഷയമായതെങ്കില്‍ പുഡോഫ്കിന്റെ സിനിമയുടെ അവലംബമായ ഗോര്‍ക്കിയുടെ നോവല്‍ 1902ലെ ഒരു കലാപത്തെ പ്രേരകമായി സ്വീകരിച്ചിരിക്കുന്നു. ഈ രണ്ട് സംഭവങ്ങളും അടിച്ചമര്‍ത്തപ്പെട്ട, അന്നിലക്ക് പരാജയപ്പെട്ട പരിശ്രമങ്ങളാണ് എന്ന് പറയാമെങ്കിലും സിനിമകളില്‍ അത് വിജയത്തിന്റെ അടയാളമായി മാറുന്നു. നേവലിലും സിനിമയിലും മകന്‍ പാവെല്‍ ആണെങ്കിലും പുഡോഫ്കിന്‍ അമ്മയ്ക്ക് പേര് നല്‍കുന്നില്ല. അവര്‍ അമ്മയാണ്. ലോകത്തുള്ള സകല വിപ്ലവകാരികളുടെയും അമ്മ. അമ്മയുടെ (മകന്റെയും) മരണത്തിലാണ് പുഡോഫ്കിന്‍ സിനിമ അവസാനിപ്പിക്കുന്നത്.

കലാപത്തെക്കുറിച്ച സ്വപ്‌നങ്ങള്‍

ചില വൈകുന്നേരങ്ങളില്‍ ശമീറും ഞാനും സൈക്കിളോടിച്ച് രെഞ്ജിയുടെ വീട്ടിലേക്ക് പോകും. അവന്റെ വീടിനടുത്ത് ഒരു ലൈബ്രറിയുണ്ട്. അവിടെ നിന്ന് പുസ്തകവും കൂടി എടുത്തു കൊണ്ടാവും തിരിച്ചു വരല്‍. ചിലപ്പോള്‍ ഒറ്റയ്ക്കായിരിക്കും സഞ്ചാരം. സൈക്കിള്‍ കാരിയറിന്മേല്‍ ഒരു പുസ്തകം. ആകാശത്തെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ടു കൂടിയാവും സവാരി. പരിഷത്തിന്റെ ക്ലാസ്സുകളിലൂടെ ഓറിയനും റീഗലും സിറിയസും തിരുവാതിരയും സപ്തര്‍ഷിമാരുമൊക്കെ കൂട്ടുകാരും വഴികാട്ടികളുമായി മനസ്സില്‍ കുടിയേറിയിരുന്നു.

നിങ്ങള്‍ കലാപകാരിയായിരിക്കുമ്പോഴും പ്രണയിയായിരിക്കുമ്പോഴും നക്ഷത്രങ്ങളെക്കാള്‍ നല്ല കൂട്ടില്ല. ഇരുട്ടേറെയുള്ളപ്പോഴാണ് നക്ഷത്രങ്ങളെ കാണാന്‍ പറ്റുക എന്ന് റാല്‍ഫ് വാല്‍ഡോ എമര്‍സന്‍ പറയുന്നുണ്ട്. അതായത്, പ്രത്യാശയും പ്രതീക്ഷയുമാണ് ഇരുണ്ട ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങള്‍. ചിലപ്പോഴവ അഗാധ ദര്‍ശനത്തിലേക്ക് വഴികാട്ടും. മറ്റു ചിലപ്പോള്‍ പ്രണയാനുഭവങ്ങളിലേക്കുണര്‍ത്തും.

ജോൺ അബ്രഹാം
ജോൺ അബ്രഹാം
പി.എ ബക്കർ
പി.എ ബക്കർ

അപ്പോക്കില്‍ ചിലപ്പോള്‍ സമത്വസുന്ദരസ്വപ്‌നങ്ങളെക്കുറിച്ച ചിന്തകള്‍, അതിനു വേണ്ടിയുള്ള കലാപങ്ങള്‍. കലാപകാരിയായി ഞാന്‍. കലാപം സ്വപ്‌നത്തിലേയുള്ളൂ, പ്രായോഗികമായി ഞാനൊരു ഭീരുവാണ്. മലയാളത്തിലെ അവാങ് ഗാദ് (Avant-garde) ചലച്ചിത്രകാരനായ ജോണ്‍ അബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമ ഏതാണ്ട് ആ കാലത്താണ് പുറത്തുവന്നത്. നക്‌സലൈറ്റായ ഹരിനാരായണന്‍ എന്ന യുവാവിന്റെ മരണവാര്‍ത്ത അയാളുടെ അമ്മയെ അറിയിക്കാന്‍ പുരുഷന്‍ എന്ന ഗവേഷണ വിദ്യാര്‍ത്ഥി നടത്തുന്ന യാത്രയിലൂടെ വികസിക്കുന്ന ആ സിനിമ കേരളത്തിലെ ചില ഇടതുപക്ഷസമരങ്ങളുടെ റിയല്‍ ഫൂട്ടേജുകള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. 1975 ല്‍ റിലീസായതെങ്കിലും പി.എ ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍ എന്ന സിനിമയും ആയിടെയാണ് ഞാന്‍ കണ്ടത്. പൊലീസ് വേട്ടയാടുന്ന ഗോപി എന്ന നക്‌സലൈറ്റ് യുവാവിന്റെ കഥ. പവിത്രന്‍ നിര്‍മിച്ച ഈ സിനിമയുടെ നിര്‍മാണത്തെയും അതിലെ സാഹസങ്ങളെയും ഉപജീവിച്ചു കൊണ്ട് ബാബു ഭരദ്വാജ് കബനീനദി ചുവന്നത് എന്ന പേരില്‍ ഒരു നോവല്‍ രചിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ പിന്നീട് നടന്‍ എന്ന നിലക്ക് പ്രശസ്തനായ ജോയ് മാത്യു ആദ്യമായി അഭിനയിച്ച സിനിമയാണ് അമ്മ അറിയാന്‍. പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രന്‍ സിനിമാ രംഗത്തേക്ക് കടന്നു വന്നത് കബനീനദിയിലെ ഗോപിയുടെ വേഷം അഭിനയിച്ചു കൊണ്ടുമായിരുന്നു.

നക്സൽബാരി കലാപം അമ്പതാം വാർഷികം
നക്സൽബാരി കലാപം അമ്പതാം വാർഷികം

ഒരു വര്‍ഷം മുമ്പ് ഒരു ഉത്തരേന്ത്യന്‍ പര്യടനത്തിനിടയില്‍ നക്‌സല്‍ബാരി ഗ്രാമത്തില്‍ പോകാനിടയായി. ചാരു മജുംദാറിന്റെ നാടാണ് നക്‌സല്‍ബാരി. വിഖ്യാതമായ കര്‍ഷക കലാപം നടന്ന സ്ഥലം. ദേശീയ ജനാധിപത്യ വിപ്ലവം എന്ന, അവിഭക്ത കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ ലൈനിനോട് വിയോജിച്ച് ജനകീയ ജനാധിപത്യ വിപ്ലവം എന്ന നിലപാട് സ്വീകരിച്ച് പിളര്‍ന്ന കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ, അതിന്റെ ആഗോള ബൂര്‍ഷ്വാസിയുടെ ദല്ലാളിത്ത സ്വഭാവം മുന്‍നിര്‍ത്തി വിശകലനം ചെയ്യണം എന്ന് വാദിച്ചിരുന്നു.

ഇക്കാര്യത്തില്‍ കുറേക്കൂടി തീവ്രമായ നിലപാടെടുത്ത ചാരു മജുംദാര്‍, ചൈനീസ് കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെയും ചെയര്‍മാന്‍ മൗവിന്റെയും (മാവോ) പാത പിന്‍തുടര്‍ന്ന് ഗ്രാമങ്ങളെ വിമോചിപ്പിക്കാനുള്ള പോരാട്ടം ആരംഭിച്ചു. സി.പി.ഐ (എം)ല്‍ നിന്ന് പിളര്‍ന്ന് കനു സന്യാല്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് അദ്ദേഹം കമ്യൂനിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ്) രൂപീകരിച്ചു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യയിലെ ഭരണവര്‍ഗ്ഗം ആഗോള ബൂര്‍ഷ്വാസിയുടെ ദല്ലാള്‍ ദൌത്യമാണ് നിര്‍വ്വഹിക്കുന്നതെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂര്‍ഷ്വാസിയല്ല ഇന്ത്യന്‍ ഭരണവര്‍ഗ്ഗം എന്നും വാദിച്ച മജുംദാറിന്റെയും സന്യാലിന്റെയും നേതൃത്വത്തില്‍ നക്‌സല്‍ബാരി ഗ്രാമത്തില്‍ കര്‍ഷക കലാപം നടന്നു. കലാപം അടിച്ചമര്‍ത്തപ്പെട്ടതിനെത്തുടര്‍ന്ന് അറസ്റ്റിലായ മജുംദാര്‍ കൊടും പീഡനങ്ങളേറ്റ് ജയിലില്‍ മരണമടഞ്ഞു.

നക്‌സല്‍ബാരി കലാപത്തെത്തുടര്‍ന്ന് സി.പി.ഐ (എം.എല്‍) ഉം സമാനനിലപാടുകാരും നക്‌സലൈറ്റുകള്‍ എന്നറിയപ്പെട്ടു.

സിലിഗുഢിയില്‍ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കുകയായിരുന്നു മജുംദാര്‍.

മാര്‍ക്‌സിസത്തോടുള്ള അഭിനിവേശം കത്തിനില്‍ക്കുന്ന ആ സമയത്തും ഒരു അനാര്‍ക്കിസ്റ്റ് സ്വഭാവം തന്നെയാണ് എന്റെ ചിന്തകള്‍ക്കുണ്ടായിരുന്നത്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലമാണത്. ക്ലാസ്സില്‍ അറ്റന്റ് ചെയ്യാറില്ല. ഒന്നുകില്‍ കോളേജ് ലൈബ്രറി അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും സിനിമാ തിയേറ്റര്‍. ഇതാണ് ദിനചര്യ. അവസാനം പരീക്ഷ പോലും അറ്റന്റ് ചെയ്തില്ല. കോളേജില്‍ പോകുന്ന പരിപാടി തന്നെ അവിടെയങ്ങവസാനിപ്പിച്ചു.

Read More

അസ്തിത്വാന്വേഷണം

04_Painted_library

ഒരു വായനാത്മ(ക)കഥ -മൂന്ന്

ഭാഗം ഒന്നും ഭാഗം രണ്ടും ഇവിടെ വായിക്കാം

വിഗ്രഹഭഞ്ജകര്‍

ക്രൈം ആന്റ് പണിഷ്‌മെന്റിലെ റസ്‌കോള്‍നിക്കവിന്റെ ജീവിതം അസ്തിത്വാനുഭവങ്ങളിലൂടെയുള്ള സഞ്ചാരത്തിലേക്കാണ് നയിച്ചത്. അവിടുന്നങ്ങോട്ട് ഫ്രാന്‍സ് കാഫ്കയും (Franz Kafka) അബ്‌സേഡിസ്റ്റ് ഫിക്ഷനുമൊക്കെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ യൂറോപ്യന്‍ സാഹിത്യത്തെ ചലിപ്പിച്ച അസംബന്ധസാഹിത്യവും (Absurdist Fiction) അസ്തിത്വവാദവും (Existentialism) ഒക്കെ അറുപത്, എഴുപതുകളില്‍ ഒരു ഹരമായി മാറിയിരുന്നു. എന്റെ അനുഭവങ്ങളിലേക്ക് പക്ഷേ ഇതെല്ലാം കടന്നു വരുന്നത് എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ്. കാഫ്കയുടെ Metamorphasis, The Trial, Tha Castle തുടങ്ങിയവയൊക്കെ പല സമയങ്ങളിലായി വായിച്ചു തീര്‍ത്തു. അല്‍ബേര്‍ കമ്യൂവിന്റെ (Albert Camus) അപരിചിതന്‍, ഴാങ് പോള്‍ സാര്‍ത്രിന്റെ (Jean-Paul Sartre) ചില കഥകള്‍ തുടങ്ങിയവയും ഈയിനത്തില്‍ അപ്പോഴും പിന്നീടുമായി വായിച്ചു. ഗ്രിഗര്‍ സാംസയും (മെറ്റമോര്‍ഫസിസ്) ജോസഫ് കെയും (ട്രയല്‍) ലാന്റ് സര്‍വേയര്‍ കെയും (കാസ്ല്‍) അസ്തിത്വവിഷാദത്തിന്റെ അതിശക്തമായ അടയാളങ്ങളാണ്.

Bookworm painting by Carl Spitzweg
Bookworm painting by Carl Spitzweg

ഇതിനിടയിലെപ്പോഴോ ആണ് പോഞ്ഞിക്കര റാഫിയും സെബീനാ റാഫിയും ചേര്‍ന്നെഴുതിയ കലിയുഗം വായിക്കുന്നത്. ഹിപ്പികളെയും അവരുടെ തത്വശാസ്ത്രത്തെയും കുറിച്ച പുസ്തകമായിരുന്നു അത്. അബ്‌സേഡിസ്റ്റ് സാഹിത്യം, സാര്‍ത്രിന്റെ അസ്തിത്വവാദം, ജാക് കെറ്വോക്കിനെപ്പോലുള്ള (Jack Kerouac) വിഗ്രഹഭഞ്ജകന്മാരുടെ (Iconoclasts) സാഹിത്യങ്ങള്‍, ജാസ് സംഗീതം, ഹിപ്പിയിസം തുടങ്ങിയവയെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് കലിയുഗം. ഹിപ്പി സംഗീതം നേരത്തേ തന്നെ എനിക്കിഷ്ടമാണ്. ബീറ്റിൽസും ബോണി എമ്മുമൊക്കെ പൊതുവേ ഹരമായിരുന്നു അക്കാലത്ത്. ബോബ് മർലിയുടെ പാട്ടുകളിൽ കലാപവും ഉണ്ടായിരുന്നു. അല്‍പസ്വല്‍പം അനാര്‍ക്കിസത്തിലേക്കും ലഹരിയിലേക്കുമൊക്കെ വഴുതിക്കൊണ്ടിരുന്ന കാലവുമായിരുന്നു അത്.

ജീവിതം എന്ന അസംബന്ധം

the-trial-by-franz-kafka-copyതന്റെ മുപ്പതാം പിറന്നാളിന്റന്നാണ് ഒരു ബാങ്കിലെ ചീഫ് കാഷ്യറായ ജോസഫ് കെ കിടപ്പു മുറിയില്‍ വെച്ചു തന്നെ അറസ്റ്റിലാവുന്നത്.

എന്തിനായിരുന്നു കെ അറസ്റ്റ് ചെയ്യപ്പെട്ടത്? അറസ്റ്റ് ചെയ്യാന്‍ വന്നവര്‍ക്കു പോലും അതിനെപ്പറ്റി യാതൊരു വിവരവുമില്ല. അറസ്റ്റ് ചെയ്ത ഏജന്‍സിയെയോ അതിന്റെ ഏജന്റുമാരെയോ കുറിച്ച് നോവലിസ്റ്റും ഒരു വിവരവും തരുന്നില്ല. അയാളുടെ വിചാരണ തന്നെ വെറും പ്രഹസനമായിരുന്നു. കീഴൊതുക്കം കൊണ്ട് തന്റെ ദുരനുഭവത്തെ മറികടക്കാന്‍ കെക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അയാളതിന് തയ്യാറാവുന്നില്ല. തന്റെ അറസ്റ്റിനെ അയാള്‍ ഗൗരവത്തിലെടുത്തുകളഞ്ഞു. എന്ത് തെറ്റാണ് താന്‍ ചെയ്തത് എന്ന അന്വേഷണവുമായി നിയമവ്യവസ്ഥയുടെ പരിസരങ്ങളിലെല്ലാം ചുറ്റിക്കറങ്ങി. ഒരു അഭിഭാഷകനെ സന്ദര്‍ശിച്ചെങ്കിലും അറസ്റ്റിനുള്ള കാരണം അറിയാത്തതിനാല്‍ കേസ് വാദിക്കാന്‍ പറ്റില്ലെന്ന് അയാള്‍ കൈമലര്‍ത്തി. പിന്നീടെപ്പഴോ ജോസഫ് കെ ഒരു ഭദ്രാസനപ്പള്ളിയില്‍ (Cathedral) ചെന്ന് അവിടുത്തെ ബിഷപ്പുമായി സംസാരിച്ചു. എല്ലാം സഹിച്ച്, ദൈവവിധിക്ക് കീഴൊതുങ്ങി ജീവിക്കണമെന്ന ഉപദേശവും കിട്ടി.

Portrait of Franz Kafka by Andy Warhol
Portrait of Franz Kafka by Andy Warhol

ഒറ്റപ്പെട്ടു പോകുന്ന മനുഷ്യന്‍ ഉള്ളില്‍ വഹിക്കുന്ന വിഷാദത്തിന്റെ കൊടുംഭാരത്തെയും അവന്റെ മനസ്സിനെ ഗ്രസിക്കുന്ന ഉല്‍ക്കണ്ഠയുടെ കാഠിന്യത്തെയും ചിത്രീകരിക്കുന്ന നോവലാണ് ദ ട്രയല്‍. എന്തിന്റെ പ്രതീകമാണ് ഇതിലെ വിചാരണ? നിത്യവും നടക്കുന്ന ഒന്നായതിനാല്‍ അത് ഒന്നിന്റെയും പ്രതീകമല്ല എന്ന തോന്നലാണ് നമുക്കുണ്ടാവുന്നത്. താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ കാരണം, തന്റെ പേരിലുള്ള കുറ്റം എന്ത് എന്ന അന്വേഷണം വ്യവസ്ഥയെ അലോസരപ്പെടുത്തുന്നതായിരുന്നു. അതായിരുന്നു അയാള്‍ ചെയ്ത കൊടിയ അപരാധം. വിഷാദഭാരത്തിന്റെ അവസാനത്തില്‍, കെയുടെ മുപ്പത്തൊന്നാം പിറന്നാളിന്റെ തലേന്ന്, അതായത് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട് കൃത്യം ഒരു കൊല്ലം പൂര്‍ത്തിയായപ്പോള്‍, രണ്ടു പേര്‍ അയാളെ വിളിച്ചു കൊണ്ടു പോയി. നഗരത്തിന്റെ വെളിമ്പ്രദേശത്തുള്ള പാറമടയില്‍ അവരയാളെ കുത്തിക്കൊന്നു. ഒരു പട്ടിയെപ്പോലെ ലജ്ജാകരമായ മരണമാണല്ലോ തന്റേത് എന്ന് ചിന്തിക്കുമ്പോഴും അവരുടെ കൊലക്കത്തിക്ക് കെ സ്വയം വഴങ്ങിക്കൊടുക്കുകയാണ്. പ്രമുഖ ചലച്ചിത്രകാരനായ ഓര്‍സണ്‍ വെല്‍സ് ട്രയലിനെ സിനിമയാക്കിയിട്ടുണ്ട്.

സ്വാസ്ഥ്യം മുഴുവനും കെടുത്തിക്കളയുന്ന alienationന് ഞാനും വിധേയനായിട്ടുണ്ട്. പലപ്പോഴും അസഹ്യമായ വിഷാദത്തിലേക്ക് തെന്നിപ്പോകുന്ന അവസ്ഥ. കുറ്റ്യാടി കോളജിൽ ജോലി ചെയ്യുന്ന കാലത്ത് ടി മുഹമ്മദ് വേളം എന്റെ മുറി പങ്കിട്ടിരുന്നു. എന്നാൽ പലപ്പോഴും അദ്ദേഹം മുറിയിൽ ഉണ്ടാവില്ല. വിഷാദഗ്രസ്തനാവുന്ന സമയവും കൂടിയാണ് അതെങ്കിൽ പിന്നവിടെ ഞാൻ നിൽക്കില്ല. സുഹൃത്ത് നിയാസിന്റെ വീട്ടിലേക്കോടും. അവനോടൊപ്പമാവും അന്ന് ഉറക്കം. നല്ല സമൃദ്ധിയോടൊപ്പം തന്നെ കൊടും ദാരിദ്ര്യവും ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇതും എന്റെ ഈ പ്രകൃതത്തിന് കാരണമാവാം. ഇപ്പോൾ പക്ഷേ, ഒരു പരിധി വരെയെങ്കിലും ഞാനത് ആസ്വദിക്കാൻ ശീലിച്ചിട്ടുണ്ട്.

സ്‌നേഹശൂന്യവും പ്രതിബദ്ധതാരഹിതവുമായ ഒരു ലോകത്ത് ജീവിച്ചിരിക്കുന്നതിലെ നിരര്‍ത്ഥകതയെയാവാം മരണത്തിന് വഴങ്ങുന്ന കെയിലൂടെ കാഫ്ക അടയാളപ്പെടുത്തിയത്. മെറ്റമോര്‍ഫസിസിലെ ഗ്രിഗര്‍ സാംസയുടെ മരണവും ഇതുപോലൊരു പ്രതീകമാണ്. നികൃഷ്ടജീവി എന്ന് ഒരിക്കല്‍ പിതാവ് കാഫ്കയെ വിശേഷിപ്പിച്ചത് കാഫ്കയുടെ ഹൃദയത്തെ ആഴത്തില്‍ മുറിപ്പെടുത്തി. പുഴുക്കളെപ്പോലെ ഇഴയാന്‍ മാത്രമേ തനിക്ക് കഴിയുന്നുള്ളൂ എന്ന് അദ്ദേഹം ഡയറിയില്‍ കുറിച്ചു.

ഒരു പ്രഭാതത്തില്‍ ഒരു നികൃഷ്ടജീവിയായി കിടക്കയില്‍ ഉണര്‍ന്നെണീക്കുകയാണ് ഗ്രിഗര്‍ സാംസ. മെറ്റമോര്‍ഫസിസ് വായിച്ചതാണ് താന്‍ ഒരു എഴുത്തുകാരനാകാന്‍ കാരണമെന്ന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് പറഞ്ഞിട്ടുണ്ട്. ഒരേ അക്ഷരവിന്യാസമുള്ള സദൃശമായ പേരുകളാണ് കാഫ്കയും സാംസയും. ഗ്രിഗര്‍ സാംസയുടെ ഉറക്കമില്ലാത്ത രാവുകളെ കാഫ്ക ചിത്രീകരിക്കുന്നുണ്ട്. ഭയാനകവും നിദ്രാവിഹീനവുമായ രാവുകളില്ലായിരുന്നെങ്കില്‍ താന്‍ ഒന്നും എഴുതുമായിരുന്നില്ലെന്ന് തന്നെക്കുറിച്ചു തന്നെ കാഫ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അസ്തിത്വവിഷാദങ്ങള്‍

ഒറ്റപ്പെട്ടുപോകുന്ന മനുഷ്യനോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് കാഫ്ക മെറ്റമോര്‍ഫസിസിലൂടെ രേഖപ്പെടുത്തുന്നു. നിന്ദ്യതയാര്‍ന്ന ഒരു ജീവിയായിപ്പരിണമിച്ച ഗ്രിഗര്‍ സാംസയോട് ആദ്യം എല്ലാവരും അനുതാപം രേഖപ്പെടുത്തുന്നുണ്ടെങ്കിലും ക്രമേണ അതിലും പരിണാമമുണ്ടായി. സഹോദരിയുടെ നീരസം, അച്ഛന്റെ വെറുപ്പ്, സ്‌നേഹത്തെ അതിജയിക്കുന്ന അമ്മയുടെ ഭയം എന്നിവയൊക്കെ തിരിച്ചറിയുന്ന സാംസ ചുറ്റുമുള്ളവരുടെ ഓരോ ശബ്ദത്തിനു നേരെയും കാതുകള്‍ കൂര്‍പ്പിക്കുകയും എന്നാല്‍ എപ്പോഴും സോഫയ്ക്കടിയില്‍ ഒളിക്കുകയും ചെയ്തു. അവസാനം കീടമായിട്ടു തന്നെ മരിക്കുകയും ചെയ്തു.

maxresdefault
ദ ട്രയൽ -ഒർസൻ വെൽസിന്റെ സിനിമയിൽ നിന്ന്

തന്റെ കുറ്റത്തെക്കുറിച്ച, ജോസഫ് കെയുടെ അന്വേഷണം പോലെത്തന്നെ വ്യര്‍ത്ഥമായിത്തീരുന്നു കോട്ടയിലെ (ദ കാസ്ല്‍) ലാന്റ് സര്‍വേയര്‍ കെയുടെ അസ്തിത്വാന്വേഷണവും. ഗ്രാമത്തിലെ ദുര്‍ഗത്തിന്റെ ദുര്‍ഗമത വ്യവസ്ഥിതിയുടെ അടയാളമായി അനുഭവപ്പെടുന്നു. ഗ്രാമത്തില്‍ ഭൂമി സര്‍വേ നടത്താനുള്ള ഉത്തരവ് ദുര്‍ഗത്തിന്റെ അധികാരികളില്‍ നിന്ന് കിട്ടിയിട്ടാണ് കെ എത്തുന്നതെങ്കിലും അയാളുടെ നിയമനത്തെ ഗ്രാമാധികാരികള്‍ അംഗീകരിച്ചില്ല. തന്റെ സ്ഥാനം അംഗീകരിച്ചു കിട്ടാന്‍ വേണ്ടിയുള്ള കെയുടെ പരിശ്രമങ്ങളോട് എല്ലാവരും നിസ്സംഗതയോടെയാണ് പെരുമാറുന്നത്. ലാന്റ് സര്‍വേയര്‍ കെയുടെ കഥയും മരണത്തില്‍ത്തന്നെയാണ് കാഫ്ക അവസാനിപ്പിക്കുന്നത്.

അസംബന്ധസാഹിത്യത്തിന്റെ മാതൃകകളായാണ് കാഫ്കയുടെ കൃതികള്‍ പരിഗണിക്കപ്പെടാറുള്ളതെങ്കിലും അസ്തിത്വവാദത്തിന്റെ ആചാര്യനായി അറിയപ്പെടുന്ന ഷാങ് പോള്‍ സാര്‍ത്രും അദ്ദേഹത്തോടൊപ്പം അല്‍ബേര്‍ കമ്യുവുമൊക്കെ രംഗപ്രവേശം ചെയ്യുന്നത് അദ്ദേഹത്തിന്റെ അവസാന കാലത്തായിരുന്നു.

തന്റെ അസ്തിത്വത്തെപ്പറ്റി അവബോധമുള്ള ഏകജീവിയാണ് മനുഷ്യന്‍. അതിനാല്‍ത്തന്നെ ഞാന്‍ എന്ത് എന്നതിനെക്കാള്‍ മുന്‍ഗണന ഞാന്‍ എന്നതിന് സ്വയം ഉണ്ടെന്നാണ് സാര്‍ത്ര് നിരീക്ഷിക്കുന്നത്. മനുഷ്യന് അനശ്വരമായ സ്വഭാവമൊന്നുമില്ല. നവീകരിക്കാന്‍ ശപിക്കപ്പെട്ടവരാണ് നാം. പറയാനുള്ളത് പഠിക്കാതെ അരങ്ങിലേക്ക് വലിച്ചെറിയപ്പെട്ട നടന്മാരെപ്പോലെയുമാണ് നാം. എങ്ങനെ ജീവിക്കണമെന്ന് സ്വയം തീരമുമാനിക്കണം. തങ്ങള്‍ ജീവിക്കുന്നുവെന്നും ഒരുനാള്‍ മരിക്കണമെന്നും തിരിച്ചറിയുന്നതോടെ മനുഷ്യന്‍ സംത്രാസമനുഭവിക്കുന്നു, അഥവാ അസ്തിത്വ സാഹചര്യങ്ങളില്‍ പെടുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഒരു ശാപമായാണ് സാര്‍ത്ര് കണ്ടത്. സ്വതന്ത്രനായിരിക്കാന്‍ ശപിക്കപ്പെട്ടവനാണ് മനുഷ്യന്‍. തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് അവന് ഒരിക്കലും ഒഴിയാന്‍ കഴിയുന്നില്ല. എന്നാല്‍ വളര്‍ന്ന മനുഷ്യനാകട്ടെ, പന്നികളെപ്പോലെ പെരുമാറിയിട്ട് പഴയ ആദമിന്റെ തലയില്‍ പഴി ചാരുകയാണ്. അങ്ങനെയൊരു ആദം ഇല്ല. നമ്മുടെ തന്നെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി നാം അങ്ങനെയൊന്നിനെ ഉണ്ടാക്കുകയാണ്.

sartre_22
സാർത്ര്
camus
കമ്യൂ

കമ്യൂവിന്റെ ജീവിതം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി അദ്ദേഹത്തിന്റെ കൃതികള്‍ അടയാളപ്പെടുത്തുന്നുണ്ടെന്ന് നിരൂപകന്മാർ കരുതുന്നു. മനുഷ്യഭാഗധേയത്തിലുള്ള വിശ്വാസം അസംബന്ധവും യുക്തിരഹിതവുമാണെന്ന തിരിച്ചറിവില്‍ സന്ദേഹിയും നിരര്‍ത്ഥകവാദിയുമായിത്തീരുന്നതാണ് ഒന്നാമത്തെത്. എന്തിനു വേണ്ടിയാണിതെല്ലാം എന്ന ചിന്തയില്‍ അന്യതാബോധം നിറയുകയും നാളെ, നാളെ എന്ന പകിട്ടില്ലാത്ത ദിനരാത്രങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന ഘട്ടം. അര്‍ത്ഥവും നിലനില്‍പുമുള്ള ഒരേയൊരു തത്വം മരണം മാത്രമാണെന്ന വിചാരം The Stranger (aka The Outsider) തുടങ്ങിയ കൃതികളില്‍ കാണാം. ഈ നിരര്‍ത്ഥകത, പക്ഷേ തന്നെ എങ്ങും എത്തിക്കില്ല എന്ന ചിന്ത എഴുത്തുകാരനെ പ്രക്ഷോഭകാരിയാക്കുന്നു. പ്രക്ഷോഭം സൃഷ്ടിക്കുന്ന വെല്ലുവിളി ജീവിതം ആസ്വദിക്കാനുള്ള ആഹ്വാനമായിത്തീരുന്നു. ജീവിതത്തിന് അര്‍ത്ഥം പകരാന്‍ സാധിക്കുന്ന മൂല്യങ്ങളെക്കുറിച്ച വിചാരമാണ് പ്ലേഗ് തുടങ്ങിയ കൃതികളില്‍ പ്രതിഫലിക്കുന്നത്. തന്നിലേക്ക് തന്നെയുള്ള തിരിച്ചുപോക്കാണ് മൂന്നാമത്തെ ഘട്ടം.

സ്വന്തം അമ്മയുടെ ശവസംസ്‌കാരവേളയില്‍ കണ്ണീരൊലിപ്പിക്കാന്‍ പറ്റാതിരുന്നതിന്റെ പേരിലാണ് അപരിചിതനിലെ (സ്‌ട്രെയിഞ്ചര്‍) മ്യൂര്‍സാള്‍ട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. കളിയില്‍ കൂടാന്‍ അയാള്‍ക്ക് പറ്റുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്ന് തന്റെ കഥാപാത്രത്തെപ്പറ്റി കമ്യൂ തന്നെ പറയുന്നു. നുണ പറയാന്‍ കൂട്ടാക്കാത്തവനാണ് അയാള്‍. നുണ പറയുക എന്നാല്‍ സത്യമല്ലാത്തത് പറയുക എന്നത് മാത്രമല്ല, സത്യമെന്താണോ അതില്‍ കൂടുതല്‍ പറയുക എന്നതും നുണയാണെന്ന് കമ്യൂ വിശദീകരിക്കുന്നു. താനെന്താണോ അതേ മ്യൂര്‍സാള്‍ട്ട് ചെയ്യുന്നുള്ളൂ, അതേ പറയുന്നുമുള്ളൂ. തന്റെ വികാരങ്ങള്‍ മറച്ചുപിടിക്കാന്‍ അയാള്‍ വിസമ്മതിക്കുന്നു. അക്കാരണത്താല്‍ത്തന്നെ അയാള്‍ അപകടകാരിയാണെന്ന് സമൂഹത്തിന് തോന്നുകയും ചെയ്യുന്നു. കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ആവശ്യപ്പെടുമ്പോഴും അയാള്‍ പറയുന്നത് കുറ്റബോധമല്ല, അസഹ്യതയാണ് തനിക്ക് തോന്നുന്നത് എന്നാണ്. അപരിചിതനെ ലുകീനോ വിസ്‌കോന്തി (Luchino Visconti/ Italy), സെകി ഡെര്‍മിക്യൂബുസ് (Zeki Dermirkubuz/ Turkey) തുടങ്ങിയവര്‍ സിനിമയിലേക്കും കൊണ്ടു വന്നു.

തത്വചിന്തയില്‍ അസ്തിത്വവാദം എന്ന ധാരയുടെ സ്ഥാപകന്‍ സോറന്‍ കീര്‍ക്കിഗൊര്‍ (Soren Kierkegaard) ആണെങ്കിലും അദ്ദേഹത്തെ വളരെപ്പിന്നീടാണ് ഞാന്‍ വായിച്ചത്. ക്രിസ്തുമതവിശ്വാസിയും ദൈവശാസ്ത്രജ്ഞനും കൂടിയാണദ്ദേഹം. മൂന്ന് ഘട്ടങ്ങള്‍ക്ക് ശേഷം ദൈവത്തിന്റെ തുറന്ന കരങ്ങളിലേക്കുള്ള എടുത്തു ചാട്ടമാണ്. ഈ ഘട്ടങ്ങളെ റസ്‌കോള്‍നിക്കവിന്റെ അനുഭവങ്ങളോട് താദാത്മ്യപ്പെടുത്തിയിട്ടുണ്ട് ജസ്റ്റിന്‍ ഗാര്‍ഡറുടെ Sophie’s World എന്ന പുസ്തകത്തില്‍. മറ്റു ചില ആസ്വാദനാനുഭവങ്ങളെക്കൂടി മുന്‍ നിര്‍ത്തി, നഫ്‌സിന്റെ വികാസത്തിന്റെ മൂന്ന് ഘട്ടങ്ങളെക്കുറിച്ച ഖുര്‍ആനിക ചിന്തയോട് ചേര്‍ത്ത് എന്റെ മക്ക, കാഴ്ചയില്‍ നിന്ന് ഹൃദയത്തിലേക്ക് എന്ന പുസ്തകത്തില്‍ അതിനെ പരിപാലിച്ചിട്ടുണ്ട്. അതെപ്പറ്റി പിന്നീട് പറയാം.

Read More

ചെറിയ ലോകവും വലിയ മനുഷ്യരും

The_art_scholar_by_Andre Martins de Barros

ഒരു വായനാത്മ(ക)കഥ -രണ്ട്

ഒന്നാം ഭാഗം ഇവിടെ വായിക്കാം

അബ്ദു മാഷും മലര്‍വാടിയും

Mike-Stilkey-Books-Paintings-54769552 9 whimsical portrait
Whimsical portrait by Mike Stilkey

ഹൈസ്‌കൂളില്‍ ഒരുതവണ സാഹിത്യസമാജം ഉല്‍ഘാടനം ചെയ്യാന്‍ കുഞ്ഞുണ്ണി മാഷ് വന്നിരുന്നു. അന്നദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ബാലമാസികകളെ വിമര്‍ശനവിധേയമാക്കുകയുണ്ടായി. 1980ല്‍ പ്രസിദ്ധീകരണമാരംഭിച്ച മലര്‍വാടി മാസികയില്‍ കുഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന ഒരു പംക്തി വരാറുണ്ട്. കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായ ഒരു പംക്തി. ഇ.വി അബ്ദുവിന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ച മലര്‍വാടി മാസിക മറ്റ് ബാലമാസികകളില്‍ നിന്നെല്ലാം അക്കാലത്ത് തികച്ചും വേറിട്ട് നിന്നു. ബഷീര്‍, എം.ടി, സി രാധാകൃഷ്ണന്‍ തുടങ്ങിയ കൃതഹസ്തരായ എഴുത്തുകാര്‍ അന്ന് അതില്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയിരുന്നു. അബ്ദു മാഷ് എന്ന മഹാമനീഷിയെ ശരിയായി അറിയുന്നതൊക്കെ വളരെ പിന്നീടാണ്. അദ്ദേഹത്തിന്റെ മരണശേഷം. സാഹിത്യലോകത്തെ സൂഫിയും ആത്മീയ ലോകത്തെ സാഹിത്യകാരനും എന്ന് ആരോ അദ്ദേഹത്തെ വിശേഷിപ്പിച്ചതായി വായിച്ചിട്ടുണ്ട്. അദ്ദേഹം അധ്യാപകനായിരുന്ന കുറ്റ്യാടി കോളജില്‍ ഞാന്‍ പിന്നീട് അധ്യാപകനായി. എന്റെ സഹയാത്രിക ഫൈനാന അതേ കോളജില്‍ അബ്ദു മാഷിന്റെ ശിഷ്യയായിരുന്നു.

അമര്‍ ചിത്രകഥകളെക്കുറിച്ചും കുഞ്ഞുണ്ണി മാഷ് സൂചിപ്പിച്ചു. അല്‍പം നേരത്തേ തന്നെ വായനയും ചിന്തയും തുടങ്ങിയിരുന്ന ഞാന്‍ അക്കാലത്ത് ഒരു നിര്‍മത, നിരീശ്വരവാദിയായാണ് ജീവിക്കുന്നത്. നിരീശ്വരവാദം ചിന്തകന്റെ അനിവാര്യമായ അലങ്കാരമാണെന്ന തെറ്റിദ്ധാരണയും എനിക്കുണ്ടായിരുന്നോ എന്ന സംശയവും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇല്ലാതില്ല.

പൃഥ്വിരാജ് ചൗഹാന്റെ അമര്‍ ചിത്രകഥ വായിച്ചിരുന്നു. രജപുത്രരാജാവായ പൃഥ്വിരാജും മുഹമ്മദ് ഗോറിയും തമ്മിലുള്ള ഏറ്റുമുട്ടല്‍. യുദ്ധക്കളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത് പക്ഷേ, ഹരഹര മഹാദേവ, അല്ലാഹു അക്ബര്‍ എന്നീ മുദ്രാവാക്യങ്ങളാണെന്ന് തോന്നും. ശിവജിയുടെയും ഔറംഗസേബിന്റെയും ചരിത്രവും ഇപ്രകാരം തന്നെയാണ് അവതരിപ്പിക്കുന്നത്. നെറ്റിയില്‍ കുറി വരച്ച മറാത്ത സൈന്യം ഹരഹര മഹാദേവ എന്നും തലപ്പാവും താടിയുമണിഞ്ഞ മുഗള്‍ സൈന്യം അല്ലാഹു അക്ബര്‍ എന്നും അലറിക്കൊണ്ട് വളുകള്‍ വീശുന്നു. ചരിത്രത്തെക്കുറിച്ച അത്യധികം വിഭാഗീയമായ വിചാരങ്ങള്‍ ബാലമനസ്സുകളിലേക്ക് പ്രവേശിക്കാന്‍ ഇത് നിമിത്തമായേക്കും എന്ന ആശങ്ക അന്ന് കുഞ്ഞുണ്ണിമാഷ് മുന്നോട്ടു വെച്ചു. ശിവജിയെ ഹിന്ദുവും ഔറംഗസേബിനെ മുസ്ലിമുമാക്കി പരസ്പരം എതിരില്‍ നിര്‍ത്തുന്ന രീതിയിലുള്ള ചരിത്രം കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കു വേണ്ടി എഴുതപ്പെട്ടതാണ്. ഇന്നും അതേ കാഴ്ചപ്പാട് തന്നെ അധികാര താല്‍പര്യങ്ങളുടെ പേരില്‍ നിലനിര്‍ത്തപ്പെടുന്നു.

അമര്‍ ചിത്രകഥകളിലെ പുരാണ കഥകളുടെ പശ്ചാത്തലം കഥാപാത്രങ്ങളുടെ വേഷങ്ങള്‍ എന്നിവയും പ്രശ്‌നമാണ്. യാതൊരു ചരിത്രബോധവുമില്ലാത്ത വരകള്‍. ഇതേ രൂപത്തിലാണ് ശിവകാശിയിലെ കലണ്ടറുകള്‍ മുതല്‍ രാമാനന്ദ് സാഗറിന്റെ രാമായണ സീരിയല്‍ വരെ വേഷഭൂഷകള്‍ ചിത്രീകരിക്കുന്നത്. കൊല്ലങ്ങള്‍ക്ക് ശേഷം ഞാന്‍ പീറ്റര്‍ ബ്രൂക്കിന്റെ ദ മഹാഭാരത എന്ന സിനിമ കണ്ടു. അമര്‍ ചിത്രകഥകളിലെ കൊട്ടാരങ്ങളില്‍ നിന്നും ആടയാഭരണങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം. കറുത്തവരും വെളുത്തവരുമായ നടീ നടന്മാരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മല്ലിക സാരാഭായി അതില്‍ ദ്രൗപദിയായി വരുന്നു.

ചെറിയ ലോകവും വലിയ മനുഷ്യരും

ഏതാണ്ടതിനൊക്കെയല്‍പം മുമ്പ്, എന്റെ വലിയ വീട്ടിന്റെ താഴത്തെ നിലയിലുള്ള ഒരു മുറി അന്‍വര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ പഠനാവശ്യത്തിന് വാടകയ്‌ക്കെടുത്തു. ഞാന്‍ അയാളുമായി കമ്പനിയായി. അയാളില്‍ നിന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ആദ്യമായി കാണുന്നത്. ജി അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്ന കാലമായിരുന്നു അത്.

cheriya manushyarum
ചെറിയ മനുഷ്യർ, വലിയ ലോകം

അരവിന്ദന്റെ സാമൂഹികബോധത്തെയും ദര്‍ശനത്തെയും കൃത്യമായി അടയാളപ്പെടുത്തുന്ന കഥാപാത്രമാണ് ചെറിയ മനുഷ്യരിലെ ഗുരുജി. അദ്ദേഹത്തിന്റെ ആത്മപ്രകാശനം തന്നെയാണത് എന്ന് പറയാം. പിന്നീട് അരവിന്ദന്റെ സിനിമകളിലും സമാനമായ കഥാപാത്രങ്ങളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. രാമുവിന്റെ കഥയാണ് ചെറിയ മനുഷ്യര്‍ വലിയ ലോകം. എന്നാല്‍ രാമുവിന്റെ നിലപാടുകളെയും ജീവിതത്തെത്തന്നെയും നിര്‍ണയിച്ചത് ഗുരുജിയാണ്.

രസകരമാണ് ഗുരുജിയിലെ വൈരുദ്ധ്യങ്ങള്‍. സന്യാസവും അതിലെ ഡിറ്റാച്‌മെന്റും കൊണ്ട് മാത്രമേ രക്ഷയുള്ളൂ എന്ന് പറയുന്ന ഗുരുജി തൊട്ടുടനെത്തന്നെ പെങ്ങളുടെ കുട്ടിയുടെ പിറന്നാളിന് ഉണ്ണാന്‍ പോകുന്നതിനെപ്പറ്റി ജാഗ്രത്താകുന്നു. അസ്തിത്വ ദുഃഖങ്ങളെപ്പറ്റി പിറുപിറുത്തു കൊണ്ടിരിക്കുമ്പോള്‍ ഒരു ഹോട്ടല്‍ കണ്ടാല്‍ എന്നാപ്പിന്നൊരു ചിക്കന്‍ ബിരിയാണി കഴിച്ചിട്ടാവാം ബാക്കി എന്ന് തീരുമാനിക്കുന്നു. സാമൂഹിക രാഷ്ട്രീയത്തെയും സാഹിത്യാദി കലകളെയുമൊക്കെപ്പറ്റി വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട് ഗുരുജിക്ക്.

ഗുരുജിയിലൂടെ അരവിന്ദന്റെ പ്രവചനങ്ങളും കൂടിയാണ് ചുരുളഴിയുന്നത്. കാലത്തിന് മുന്നേയാണല്ലോ അദ്ദേഹത്തിന്റെ പ്രതിഭ സഞ്ചരിച്ചിരുന്നതും. ശബരിമലയുടെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് താമസിയാതെ അതൊരു വാണിജ്യ കേന്ദ്രമായി മാറിയേക്കാം എന്ന് ഗുരുജിയെക്കൊണ്ട് അരവിന്ദന്‍ പറയിക്കുന്നത് എഴുപതുകളിലാണെന്നോര്‍ക്കണം. ഭക്തിവ്യവസായം പരിസ്ഥിതിയെയും പ്രകൃതിയെയും എങ്ങനെ ബാധിക്കാന്‍ പോകുന്നു എന്ന ദീര്‍ഘദര്‍ശനവും ഗുരുജിയുടെ വെളിപാടുകളിലുണ്ട്.

aravindan self caricature
ജി അരവിന്ദൻ -സെൽഫ് കാരിക്കേച്ചർ

കഴിഞ്ഞ വര്‍ഷം ഞാനെഴുതിയ മക്ക, കാഴ്ചയില്‍ നിന്ന് ഹൃദയത്തിലേക്ക് എന്ന പുസ്തകത്തിന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ അവതാരികയില്‍ സൂചിപ്പിക്കുന്ന ഒരു കാര്യവും ഇതാണ്. പ്രവാചക ചരിത്രത്തില്‍ സുപ്രധാനസ്ഥാനമുള്ള ഹിറാ ഗുഹയെ തദ്ദേശീയ ഭരണകൂടം ഇത്രമേല്‍ അവഗണിക്കാന്‍ കാരണമെന്ത് എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം അവിടെ ഒരു ചന്ത സാധ്യമല്ല എന്ന നിഗമനത്തില്‍ ചെന്നെത്തുകയും ചെയ്യുന്നു. മതം ചിന്തയുടെ സാധ്യതകളെ തമസ്‌കരിക്കുകയും ചന്തയുടെ ഇടങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

അസ്തിത്വ ദുഃഖങ്ങളുടെയും സാമൂഹിക ദര്‍ശനങ്ങളുടെയും സമഗ്രമായ കാഴ്ചകള്‍ തന്നെയാണ് അരവിന്ദന്റെ സിനിമകളും. ഒരിടത്ത് എന്ന സിനിമയിലാകട്ടെ, അരവിന്ദനിലെ കാര്‍ട്ടൂണിസ്റ്റ് പൂര്‍ണമായും പുനര്‍ജനിക്കുന്നതും കാണാം.

യുക്തിവാദം

ഇടമറുകിന്റെ, ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകം എനിക്ക് തന്നത് ആരാണെന്ന് ഓര്‍മയില്ല. ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം ശമീറിന്റെ കൈയില്‍ നിന്നാണ് കിട്ടിയതെന്ന് തോന്നുന്നു. മതം, തല്‍സംബന്ധമായ ആചാരങ്ങള്‍ തുടങ്ങിയവയുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. അതേസമയം എന്റെ തറവാട്ടുകാര്‍ മൊത്തത്തില്‍ മതാഭിമുഖ്യമുള്ളവരാണ്. വളപട്ടണത്താണ് ഞങ്ങളുടെ തറവാട്ട് വേര്. അവിടെ നിന്നും എന്റെ ഉമ്മുമ്മയുടെ ശാഖ പാപ്പിനിശ്ശേരിയില്‍ വന്ന് താമസമാക്കി. മാതൃദായക്കാരാണ് കണ്ണൂരിലെ മാപ്പിളമാര്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ പാപ്പിനിശ്ശേരിയില്‍ തന്നെ. മക്കളെ അധികം പുറത്തെങ്ങും വിടാത്ത പ്രകൃതമായിരുന്നു ഉപ്പയുടേത്. അതിനാലായിരിക്കാം, സ്‌കൂളില്‍ പോകുന്നതിന് പുറമേ മദ്രസയും കൂടി ആവശ്യമില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്. ഗുണമായാലും ദോഷമായാലും ചെറുപ്രായത്തിലുള്ള മതബോധനത്തിന് ഞാന്‍ വിധേയനായതേയില്ല. യു.പി കാലം മുതല്‍ക്കുള്ള വായനാഭിമുഖ്യത്തെത്തുടര്‍ന്ന്, പ്രത്യേകിച്ചും അന്നത്തെ വായനയുടെ സ്വഭാവം തന്നെ ഏതാണ്ട് മതവിരുദ്ധം ആയതുകൊണ്ടാവാം മതവിരുദ്ധയുക്തിവാദം ചെറുപ്പം മുതല്‍ക്കേ ചിന്തകളെ സ്വാധീനിച്ചു. ജോണി മാഷ് കറ കളഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കിലും കുട്ടികളില്‍ സ്വതന്ത്രമായ ചിന്തയുടെ വിത്തുകള്‍ പാകാന്‍ ശ്രമിച്ചിരുന്നു.

abraham t kovoor
എ.ടി കോവൂർ

ഇന്ത്യന്‍ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ തന്നെ മറ്റു ചില പുസ്തകങ്ങളും കൂടി പിന്നീട് തേടിപ്പിടിച്ചു വായിച്ചു. എ.ടി കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍ അക്കൂട്ടത്തില്‍പ്പെടുന്നു. കോവൂരിന്റെ മതവിമര്‍ശങ്ങള്‍ക്ക് കുറേക്കൂടി തെളിച്ചമുണ്ട്. അദ്ദേഹത്തിന്റെ കേസ് ഡയറിയില്‍ കുറിച്ചിട്ടിട്ടുള്ള അനുഭവങ്ങള്‍ അന്ന് നിലനിന്നിരുന്ന, ഇന്നും ബാധകളായും ജിന്ന്, കുട്ടിച്ചാത്തന്‍ ചികില്‍സകളായും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ തൂത്തെറിയാന്‍ പര്യാപ്തമാണ്. അക്കാലത്തെ എന്റെ വളരെയടുത്ത സുഹൃത്തായ ശമീര്‍ എട്ടാം ക്ലാസ് വരെ ചേന്ദമംഗലൂര്‍ ഇസ്ലാഹിയയിലായിരുന്നു പഠിച്ചിരുന്നത്. ഒമ്പത് മുതല്‍ അവന്‍ നാട്ടില്‍ എന്റെ സ്‌കൂളില്‍ത്തന്നെ വന്നു ചേര്‍ന്നു. പുസ്തകങ്ങളോടുള്ള മമതയല്ലാതെ ശമീറിന് പ്രത്യേകിച്ച് യുക്തിവാദാഭിമുഖ്യമൊന്നുമുണ്ടായിരുന്നില്ല. അവന്റെ എളാപ്പ യൂസഫ് വേളാപുരം ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനും നാടകകൃത്തുമാണ്. അദ്ദേഹത്തിന്റെ ഒരു നാടകം ഞങ്ങള്‍ സ്‌കൂളില്‍ കളിച്ചിട്ടുമുണ്ട്. ആ സമയത്ത് അദ്ദേഹവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നവരാണ് അന്ന് ബുദ്ധിജീവികള്‍. വീട്ടില്‍ രണ്ടുമൂന്ന് ‘മ’ പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വരാറുണ്ടായിരുന്നു.

നിന്ദിതരും പീഡിതരും

the-hunchback-of-notre-dame-patrick-whelan
നോതൃദാമിലെ കൂനൻ – Patrick Whelan ന്റെ പെയിന്റിങ്

വിനുവുമൊത്തുള്ള വര്‍ത്തമാനങ്ങളിലൂടെയാണ് ലോക ക്ലാസിക് സാഹിത്യങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയത്. വിശ്വസാഹിത്യമാല എന്ന പേരില്‍ അന്ന് ഡി.സി ബുക്‌സ് ക്ലാസിക് കൃതികളുടെ സംഗൃഹീത പുനരാഖ്യാനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും ആ സീരീസില്‍പ്പെട്ട പുസ്തകങ്ങള്‍ പലതും എടുത്ത് വായിച്ചു. പിന്നീട് അവയില്‍പ്പലതും സ്വന്തമായി വാങ്ങുകയും ചെയ്തു. വിക്തോര്‍ യൂഗോവിന്റെ The Hunchback of Notre-dame ഉം Les Miserables ഉം വായിച്ചത് ഈ സംഗ്രഹവിവര്‍ത്തനങ്ങളിലൂടെയാണെങ്കിലും അത്തരം പുസ്തകങ്ങളുടെ പൂര്‍ണവിവര്‍ത്തനങ്ങള്‍ പിന്നീട് വായിച്ചു. നോത്ര് ദാം പള്ളിയില്‍ മണിയടിക്കുന്ന കൂനന്‍ ക്വാസിമൊദോയും എസ്മറാള്‍ഡ എന്ന സുന്ദരിയായ ജിപ്‌സിപ്പെണ്ണും മനസ്സ് പിളര്‍ന്ന് കയറിയ കഥാപാത്രങ്ങളാണ്. പാവങ്ങള്‍ എന്ന പേരില്‍ നാലപ്പാട്ട് നാരായണ മേനോന്‍ വിവര്‍ത്തനം ചെയ്ത ലെ മിറാബിള്‍ ഹൃദയത്തെ മുറിപ്പെടുത്തുകയും ആത്മാവിനെ കരുണയില്‍ പൊതിയുകയും ചെയ്യുന്നു. അതിനെപ്പറ്റി യൂഗോ തന്നെ പറയുന്ന ചില കാര്യങ്ങളുണ്ട്. സാഹിത്യത്തെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ദര്‍ശനങ്ങളാണവ. ഇറ്റാലിയന്‍ ഭാഷയില്‍ ലെ മിറാബിള്‍ പ്രസിദ്ധീകരിച്ച മൊസ്യൂ ഡെയിലിക്ക് അദ്ദേഹം അയച്ച കത്താണത്. പാവങ്ങള്‍ ഫ്രഞ്ചുകാരുടെ പുസ്തകമല്ലെന്ന് അതില്‍ പറയുന്നു. അത് ലോകത്തിന്റെ പുസ്തകമാണ്. അടിമകള്‍ നിലനില്‍ക്കുന്ന ജനാധിപത്യരാജ്യങ്ങള്‍ എന്നതു പോലെ അടിയാന്മാരുള്ള രാജഭരണപ്രദേശങ്ങളും കേള്‍ക്കണം എന്ന് കരുതിത്തന്നെയാണ് താന്‍ പുസ്തകം എഴുതിയതെന്നും യൂഗോ സാക്ഷ്യപ്പെടുത്തുന്നു. സാമൂഹികങ്ങളായ ഇടുക്കങ്ങള്‍ രാജ്യസീമകളെ അതിലംഘിക്കുന്ന പ്രശ്‌നങ്ങളാണ്. ഭൂമണ്ഡലം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മനുഷ്യജീവിതത്തിലെ വ്രണങ്ങള്‍ ഭൂപടത്തില്‍ വരയ്ക്കപ്പെട്ട ചുവന്നതോ നീലിച്ചതോ ആയ അതിര്‍ത്തിയടയാളം കണ്ട് സ്തംഭിച്ച് നില്‍ക്കുന്നില്ല. മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ടോ, ഭക്ഷണത്തിനു വേണ്ടി എവിടെയെല്ലാം പെണ്ണുങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ടോ, തണുപ്പ് മാറ്റാന്‍ നെരിപ്പോടും അറിവേകാന്‍ പുസ്തകവും കിട്ടാതെ എവിടെയെല്ലാം കുട്ടികള്‍ കഷ്ടപ്പെടുന്നുണ്ടോ അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതിലില്‍ മുട്ടി വിളിച്ചു പറയും, എനിക്ക് വാതില്‍ തുറന്നു തരിക, ഞാന്‍ നിങ്ങളെ കാണാന്‍ വന്നതാണ്.

Jean Valjean - Les Miserables painting - Germán Peralta Carrasoni
ജീൻ വാൽജീൻ – Germán Peralta Carrasoni യുടെ പെയിന്റിങ്

പിന്നീട് മൊസ്യു മദലിയന്‍ എന്ന മേയറായി മാറിയ ജീന്‍ വാല്‍ജീന്റെ (ഷാങ് വാല്‍ഷാങ്) കഥയാണ് ലെ മിറാബ്ള്‍. പെങ്ങളുടെ മക്കള്‍ വിശന്നു കരയുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ ഒരു കഷണം റൊട്ടി മോഷ്ടിച്ചോടിയ ജീന്‍ വാല്‍ജീന്‍ വ്യവസ്ഥയുടെ എല്ലാ കാര്‍ക്കശ്യങ്ങള്‍ക്കും ഇരയായ ഒരു വ്യക്തിയാണ്. പത്തൊമ്പത് കൊല്ലത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അയാള്‍ സമൂഹത്തോടുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ട ഒരാളാവുക സ്വാഭാവികം. എന്നാല്‍ ചെറിയ തെറ്റിന്, അതും സമൂഹത്തിലെ അനൈതികതയുടെ പ്രേരണയുള്ള കുറ്റത്തിന് വലിയ ശിക്ഷ നല്‍കുന്ന രാജവ്യവസ്ഥ മാത്രമല്ല, തെറ്റുകള്‍ക്ക് മാപ്പ് നല്‍കുന്ന സ്‌നേഹ വ്യവസ്ഥ കൂടി ഉള്‍ക്കൊള്ളുന്നതാണ് ജീവിതം എന്ന തിരിച്ചറിവ് അയാള്‍ക്ക് നല്‍കുന്നത് ഡിന്യെയിലെ ബിഷപ്പാണ്. അതോടെ അയാള്‍ മറ്റൊരു ജീവിതത്തിലേക്ക് തിരിയുന്നതാണ് നാം കാണുന്നത്. ആധുനിക ലോകത്തിന്റെ ഇതിഹാസമായ പാവങ്ങളിലെ ഫന്‍തീനും കൊസെത്തുമെല്ലാം നമുക്കിടയില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ്.

യൂഗോയെപ്പോലെ ഫയദോര്‍ ദസ്തയെവ്‌സ്‌കിയും ടോള്‍സ്‌റ്റോയിയും ഷെയ്ക്‌സ്പിയറും ചാള്‍സ് ഡിക്കന്‍സുമൊക്കെ ആദ്യം വിശ്വസാഹിത്യമാലയിലൂടെ കടന്നു വന്ന് പിന്നീട് കൂടുതല്‍ വിപുലമായ വായനയിലൂടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടി. നാം ദുരിതങ്ങളിലകപ്പെട്ടിരിക്കുമ്പോഴാണ് ദസ്തയെവ്‌സ്‌കിയെ വായിക്കേണ്ടത് എന്ന് ഹെര്‍മന്‍ ഹെസ്സേ പറയുന്നുണ്ട്. നിന്ദിതരും പീഡിതരും (Humiliated and Insulted) അദ്ദേഹത്തിന്റെ ഏഴാമത്തെ നോവലാണെങ്കിലും ദസ്തയെവ്‌സ്‌കിയെ വായിക്കുന്നവര്‍ ആദ്യം വായിക്കേണ്ട പുസ്തകം അതത്രേ. ആ പുസ്തകവും Crime and Punishment (കുറ്റവും ശിക്ഷയും), The Brothers Karamazov (കരമസോവ് സഹോദരന്മാര്‍), Demons (aka The Possessed ഭൂതാവിഷ്ടര്‍) എന്നീ നോവലുകളും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. ജീവിതത്തില്‍ ഒരേയൊരു പുസ്തകം വായിക്കാനേ ഒരാള്‍ക്ക് അവസരമുള്ളൂവെങ്കില്‍ അത് ലെ മിറാബിളോ ബ്രദേര്‍സ് കരമസോവോ ആയിരിക്കണം എന്ന് പറയാറുണ്ട്.

വേദനകളിലൂടെയും യാതനകളിലൂടെയും മനുഷ്യന്‍ ആര്‍ജിക്കുന്ന ആത്മീയൗന്നത്യവും ഈശ്വരസാക്ഷാല്‍ക്കാരവുമാണ് ദസ്തയെവ്‌സ്‌കിയുടെ നോവലുകളുടെ പ്രധാന ഉള്ളടക്കം. മരണത്തിലേക്ക് പോലും സഞ്ചരിച്ച അനുഭവം ദസ്തയെവ്‌സ്‌കിക്കുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹം ശിക്ഷ നടപ്പാക്കാന്‍ ഇരകളെ തോക്കിന്‍ മുനകളില്‍ നിരത്തി നിര്‍ത്തി കാഞ്ചി വലിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പത്തെ സെക്കന്റില്‍ ശിക്ഷ ഇളവു ചെയ്യപ്പെട്ടതായ കല്‍പന വന്നതിന്റെ പേരില്‍ രക്ഷപ്പെട്ടയാളാണ്. സെക്‌സും ചൂതാട്ടവും ആത്മീയതയും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന നോവലുകളുടെ കര്‍ത്താവ് നിര്‍മലനായ ഒരു പുരോഹിതനാണോ അതോ കുശാഗ്രബുദ്ധിയായ ക്രിമിനലാണോ എന്ന് വായനക്കാര്‍ക്ക് സംശയം തോന്നിപ്പോകും.

മൃഗീയമായ ക്രൂരത എന്ന പ്രയോഗത്തെ വിചാരണ ചെയ്യുന്നുണ്ട് കാരമസോവ് സഹോദരന്മാര്‍. എങ്ങനെയാണ് ഒരു മൃഗത്തിന് മനുഷ്യനോളം ക്രൂരനാവാന്‍ കഴിയുക? മാന്തിയും കടിച്ചും കൊല്ലാന്‍ മാത്രമേ ഒരു കടുവയ്ക്കറിയൂ. മനുഷ്യര്‍ ചെയ്യുന്നത് പോലെ അവ എതിരാളികളുടെ ചെവിയില്‍ ആണിയടിച്ച് കയറ്റി മതിലിനോട് ചേര്‍ത്ത് നിര്‍ത്താറില്ല. മാതാവിന്റെ വയര്‍ പിളര്‍ന്ന് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കുകയോ അമ്മമാരുടെ മുന്നില്‍ വെച്ച് കുട്ടികളെ മേല്‍പ്പോട്ടെറിഞ്ഞ് കുന്തമുനയിലേക്ക് പിടിച്ചെടുത്ത് രസിക്കുകയോ ചെയ്യാറില്ല.

karamazov and sons with servant, portrait by Alice Neel
കരമസോവും മക്കളും ഭൃത്യനും – Alice Neel ന്റെ പോർട്രെയിറ്റ്

വിവരം കെട്ടവനും തനിത്താന്തോന്നിയുമായ ഫയദോര്‍ പാവ്‌ലോവിച്ച് കാരമസോവിന്റെയും മക്കളുടെയും കഥയാണ് Brothers Karamazov. രണ്ട് ഭാര്യമാരിലായി മൂന്ന് മക്കള്‍. ദിമിത്രി, ഐവാന്‍, അല്യോഷ. പിന്നെ, സ്മരഡിയാക്കോവ് എന്ന ജാരസന്തതിയും. മനുഷ്യവ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മതിന്മകളെയും വൈരുദ്ധ്യങ്ങളെയും ശക്തമായി ആവിഷ്‌കരിക്കുന്നതാണ് ദസ്തയെവ്‌സ്‌കി പറയുന്ന ജീവിതങ്ങള്‍. ധൂര്‍ത്തനും എടുത്തുചാട്ടക്കാരനുമാണ് ദിമിത്രി. സന്ദേഹവാദിയും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമാണ് ഐവാന്‍. അല്യോഷയാകട്ടെ, നിര്‍മലനായ ഈശ്വരവിശ്വാസിയും.

Parable of the Grand Inquisitor (പ്രധാന മതദ്രോഹവിചാരകന്റെ അന്യാപദേശം) എന്ന് പ്രശസ്തി നേടിയ ഒരു കഥയുണ്ട് കാരമസോവില്‍. ഒരു novice monk ആയ അല്യോഷയോട് ഇവാന്‍ പറയുന്ന കഥയാണ്. സ്‌പെയിനിലെ സെവിയ (Seville) എന്ന സ്ഥലത്ത് പുനരാഗതനാകുന്ന യേശുക്രിസ്തുവിന്റെ കഥയാണത്. ക്രിസ്തുവിനെ ജനങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും സഭ അദ്ദേഹത്തെ ജയിലിലടക്കുകയും ചുട്ടുകൊല്ലാന്‍ വിധിക്കുകയും ചെയ്തു. അന്നു രാത്രി മുഖ്യ മതദ്രോഹവിചാരകന്‍ (Grand Inquisitor) അദ്ദേഹത്തെ രഹസ്യമായി സമീപിച്ചു. താങ്കള്‍ ശരിക്കും യേശുവാണെന്ന് താന്‍ തിരിച്ചറിഞ്ഞതാണെന്നും എന്നാല്‍ സഭയ്ക്ക് ഇപ്പോള്‍ ഒരു യേശുവിനെ ആവശ്യമേയില്ലെന്നും അതൊരസൗകര്യമാണെന്നുമാണ് അയാള്‍ പറയുന്നത്. തുടര്‍ന്ന് അയാള്‍ പറയുന്ന കാര്യങ്ങള്‍ നേരത്തേയുള്ള യേശുവിന്റെ ഉപദേശങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. മരുഭൂമിയില്‍ വെച്ച് യേശു തള്ളിക്കളഞ്ഞ സാത്താനിക പ്രലോഭനങ്ങള്‍, അപ്പത്തിന്റെയും മായാജാലത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനങ്ങള്‍, തള്ളിക്കളഞ്ഞു എന്നത് തെറ്റായിരുന്നു എന്നാണ് അയാള്‍ പറയുന്നത്. ഇതിലൂടെ യേശു ജനതയ്ക്ക് സ്വാതന്ത്ര്യം നല്‍കുകയായിരുന്നു എന്നും ജനങ്ങളുടെ ഈ സ്വാതന്ത്ര്യപ്രാപ്തിയെ അംഗീകരിക്കാനാവില്ലെന്നും അയാള്‍ തുടരുന്നു.

grand inquisitor
Parable of the Grand Inquisitor

മതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങളും സ്ഥാപിത പുരോഹിത താല്‍പര്യങ്ങള്‍ പേറുന്ന മതരൂപങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെയാണ് ഈ അന്യാപദേശത്തിലൂടെ ദസ്തയെവ്‌സ്‌കി അടയാളപ്പെടുത്തുന്നത്.

ക്ലേശങ്ങള്‍ നിറഞ്ഞ ജീവിതകാലത്ത് തന്നെയാണ് ഷാങ് വാല്‍ ഷാങ്ങിനെയും ഫന്‍തീനെയും കൊസെത്തിനെയും (ലെ മിറാബ്ള്‍) റസ്‌കോള്‍നിക്കവിനെയും സോഫിയ സെമിയോവ്‌നയെയും (െ്രെകം ആന്റ് പണിഷ്‌മെന്റ്) ഒക്കെ ഞാനും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. െ്രെകം ആന്റ് പണിഷ്‌മെന്റിലെ അല്യോന ഇവാനവ്‌ന എന്ന പലിശക്കാരിയെയും ഞാന്‍ ജീവിതത്തില്‍ ഒട്ടേറെത്തവണ അഭിമുഖീകരിച്ചിട്ടുണ്ട്. വായിക്കുന്ന കഥകളും കഥാപാത്രങ്ങളും ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്ന ആ കാലത്താണ് വായന ഭ്രാന്തമായ ഒരു സാധനയായി മാറിയത്. ബഷീറിന്റെ ശബ്ദങ്ങളും വിശപ്പും ജന്മദിനവും ജീവിതനിഴല്‍പ്പാടുകളും ഒക്കെ വായിക്കുന്നതും ആ കാലത്ത് തന്നെ. ബഷീര്‍ കൃതികളും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സാഹിത്യത്തെയും കുറിച്ചുള്ള രചനകളുമൊക്കെ എന്റെയും ചങ്ങാതിമാരുടെയും ചില ഒത്തുകൂടലുകളിലെ പ്രധാന ചര്‍ച്ചകളായിരുന്നു. കാരൂരും ഓ.വി വിജയനും എം മുകുന്ദനും പുനത്തിലും സി രാധാകൃഷ്ണനും സച്ചിദാനന്ദനും ഡി വിനയചന്ദ്രനുമൊക്കെ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞു നിന്നു.

Read More

ഒരു വായനാത്മ(ക)കഥ -ഒന്ന്

പാബ്ലോ പിക്കാസോ

ഒരു വായനക്കാരന്‍ അയാള്‍ മരിക്കുന്നതിന് മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുമ്പോള്‍ വായിക്കാത്ത ആള്‍ക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം മാത്രമാണെന്ന് ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. പല ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ അവസരം ലഭിച്ചതിന്റെ കൃതാര്‍ത്ഥതയാണ് ഈ വരി ഉദ്ധരിക്കുമ്പോള്‍ ഇതെഴുതുന്നയാള്‍ക്കുള്ളത്. മറ്റ് ബാധ്യതകളൊന്നും അലോസരപ്പെടുത്താതിരുന്ന, ചുരുങ്ങിയ ഒരു ജീവിതകാലയളവില്‍ പുസ്തകങ്ങളോട് സൗഹൃദവും പിന്നെ പ്രണയവും സ്ഥാപിച്ചതില്‍ നിന്നാണ് ഞാനറിയുന്ന ഞാന്‍ പിറവി കൊണ്ടതെന്ന് കരുതുന്നു. ജീവിതത്തെ യാത്രയെന്ന് വിശേഷിപ്പിക്കാമെങ്കില്‍, ഒരുപാട് യാത്രകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, ഒട്ടേറെ സ്വപ്‌നങ്ങള്‍ എന്നെ നിര്‍മിക്കുന്നതിന് സഹായകമായിട്ടുമുണ്ട്. ചിലപ്പോളവ ഭ്രമകല്‍പനകളായി അമ്പരപ്പിക്കുകയും ദുസ്വപ്‌നങ്ങളായി പേടിപ്പെടുത്തുകയും ചെയ്യുന്നു. പുസ്തകപ്പുറമേറിയുള്ള യാത്രകള്‍. സ്വപ്‌നങ്ങള്‍ക്ക് തെളിച്ചം പകരുന്നതും പുസ്തകങ്ങള്‍ തന്നെ. ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിഷാദങ്ങളും തരും പുസ്തകങ്ങള്‍. അതിനാല്‍ത്തന്നെ, വായനയെക്കുറിച്ച എന്റെ വിചാരങ്ങള്‍ എന്റെ ആത്മകഥ ആയിത്തീരുന്നു. എന്നെസ്സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ മുഖ്യമായ ചേരുവകളെല്ലാം കണ്ടെടുത്തത് പുസ്തകങ്ങളില്‍ നിന്നാണ്.

reading young man- Ignat Bednarik
വായന -Ignat Bednarikന്റെ പെയിന്റിങ്

സ്വയം ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള ഉപായമാണ് വായന എന്നാരോ പറഞ്ഞിട്ടുണ്ട്. അതേസമയം അനുഭവസമ്പന്നരായ ആളുകളുമായുള്ള സംഭാഷണം പോലെയായിരിക്കും നല്ല പുസ്തകങ്ങളുടെ വായന എന്നാണ് റെനെ ദെക്കാര്‍ത്തെയുടെ അഭിപ്രായം. അനുഭവങ്ങളെ സ്വാനുഭവങ്ങളായും ചിന്തകളെ സംവാദങ്ങളായും പരിവര്‍ത്തിപ്പിക്കാത്തേടത്താണ് ഇതിലെ ആദ്യത്തെ പ്രസ്താവന ശരിയാകുന്നത്. സത്യത്തില്‍ ഓരോ വായനയും ഓരോ കണ്ടെത്തലാണ്. വിവിധങ്ങളായ ജീവിതങ്ങളെയും ചിന്തകളെയും അനുഭവിക്കാനും അറിയാനുമുള്ള ഉപാധിയാണത്. അതിലൂടെയാണ് അവബോധങ്ങള്‍ വികാസം പ്രാപിക്കുക. അതിനാകട്ടെ, പുസ്തകങ്ങളെ പൂര്‍ണമായി ആശ്രയിക്കുകയല്ല, മറിച്ച് അവബോധത്തെ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി അവയെ സമീപിക്കുകയാണ് വേണ്ടത്.

അതിസങ്കീര്‍ണമായ മാനസികപ്രക്രിയയാണ് ഒരര്‍ത്ഥത്തില്‍ വായന. അക്ഷരങ്ങളെയും അടയാളങ്ങളെയും അര്‍ത്ഥവത്തായ കാര്യങ്ങളാക്കി പരിവര്‍ത്തിപ്പിക്കലാണത്. അക്ഷരം അതിലൂടെ പുതിയ അര്‍ത്ഥവും സ്വത്വവും കണ്ടെത്തുകയാണ്. മറ്റൊരു വിധത്തില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദത്തിലൂടെയാണ് അക്ഷരം സ്വയം കണ്ടെത്തുന്നത്, അഥവാ അത് അക്ഷരം -ക്ഷരമല്ലാത്തത് അഥവാ നാശമില്ലാത്തത് ആണല്ലോ അക്ഷരം- ആയിത്തീരുന്നത്. ചെറിയ പദങ്ങളില്‍ വലിയ പ്രപഞ്ചങ്ങളെ ഒളിപ്പിക്കുന്ന ഹൈക്കുകളുടെ മായാജാലങ്ങള്‍ മുതല്‍ ജീവതത്വങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ വരെയായി വൈവിധ്യമുള്ള അനുഭവങ്ങളിലൂടെയാണ് അക്ഷരങ്ങള്‍ വായനക്കാരനെ കൊണ്ടുപോകുന്നത്. നന്നായി ചെവിയോര്‍ക്കുന്നവനെ ഒരു കുമ്പിള്‍ വെള്ളത്തില്‍ ഒരു കടലിരമ്പം കേള്‍പ്പിക്കുന്ന (സി രാധാകൃഷ്ണന്‍) ഇന്ദ്രജാലമാണ് ഓരോ അക്ഷരവും കരുതിവെക്കുന്നത്. വായിക്കുന്നവന് പ്രകൃതിബോധമുണ്ടാകുമെന്ന് ടോള്‍സ്‌റ്റോയി പറയുന്നു. എഴുത്തിന്റെ ലക്ഷ്യങ്ങളെ കങ് ഫ്യൂ ചിസ് നിര്‍വചിക്കുന്നതും അങ്ങനെയാണ്. അത് സമൂഹത്തോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മിപ്പിക്കുകയും പ്രകൃതിയുടെ ഭാഷയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്.

oland-barthes
റൊളാങ് ബാർത്

എഴുത്തുകാരനില്‍ നിന്ന് വീണ്ടും മുന്നോട്ട് പോകണം വായനക്കാരന്‍. പോസ്റ്റ് മോഡേണ്‍ ലിറ്റററി തിയറിസ്റ്റ് റൊളാങ് ബാര്‍ത് (Roland Barthes) തന്റെ കൃതിക്കൊപ്പം മരിച്ചുപോയവനാണ് എഴുത്തുകാരന്‍ എന്ന് പറയുന്നുണ്ടല്ലോ. അതേസമയം വായനക്കാരന്‍ സ്രഷ്ടാവുമാണ്. അതായത്, എഴുത്തുകാരന്റെ സര്‍ഗാത്മകതയെ അറിയുന്നതിലുപരി സ്വന്തം സര്‍ഗാത്മകതയെ കണ്ടെടുക്കുകയാണ് യഥാര്‍ത്ഥ വായനക്കാരന്‍ ചെയ്യുന്നത്.

ഇത് എന്റെ വായനയുടെ കഥയാണ്. എന്റെ വായനയുടെ കഥ എന്റെ ജീവിതത്തിന്റെ മുഴുവന്‍ കഥയുമാണ്.

ദ ഗോസ്റ്റ് ഹു വാക്‌സ്

ഒരുപക്ഷേ, എല്ലാവരെയും പോലെ ബാലമാസികകളില്‍ നിന്ന് തുടങ്ങിയെങ്കിലും ഒരു മുഴുനീളനൊറ്റക്കഥ എന്ന നിലക്ക് ഞാനാദ്യം വായിച്ച പുസ്തകം ടിപ്പുസുല്‍ത്താന്‍ എന്ന, പൂമ്പാറ്റ അമര്‍ ചിത്രകഥാ പുസ്തകമായിരുന്നു. ആയിരം ദിവസം ആട്ടിൻ കുട്ടിയായി ജീവിക്കുന്നതിനെക്കാൾ ഒരൊറ്റ ദിവസം കടുവയായി ജീവിക്കുന്നതാണ് നല്ലത് എന്ന, പ്രഖ്യാപനം തറഞ്ഞു കയറിയതോടെ ടിപ്പുസുൽത്താൻ ഒരു വീരകഥാപാത്രമായി മനസ്സിൽ നിറഞ്ഞു നിന്നു. അന്ന് ഞാന്‍ മൂന്നാം ക്ലാസ്സിലാവണം പഠിക്കുന്നത്. നാലാം ക്ലാസ് വരെ പഠിച്ചിരുന്ന, പാപ്പിനിശ്ശേരി ഗവണ്‍മെന്റ് മാപ്പിള എൽ.പി സ്‌കൂളില്‍ നിന്ന് അഞ്ച് മുതല്‍ ആറോന്‍ യു.പി സ്‌കൂളിലേക്ക് വന്നതോടെ, അവിടെ ചെറിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും കഥാപുസ്തകങ്ങള്‍ എടുത്ത് വായന തുടങ്ങി. ചിത്രകഥകളല്ലാത്ത പുസ്തകങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് അങ്ങനെയാണ്. എന്നാലും ആ സമയത്ത് ബാലമാസികകളും ചിത്രകഥകളും ഉപേക്ഷിച്ചില്ല. അതിപ്പോഴും വിട്ടിട്ടില്ല എന്നതാണ് സത്യം. ബാലമാസികകള്‍ കണ്ടാല്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്ന സ്വഭാവം അല്‍പസ്വല്‍പം ഗൗരവത്തോടെ വായനയെ സമീപിക്കുന്ന ഇന്നും ഉണ്ട്. അക്കാലത്ത് നിയോ കോമിക്‌സ്, ഇന്ദ്രജാല്‍ കോമിക്‌സ്, വിദ്യാര്‍ത്ഥിമിത്രം കോമിക്‌സ്, റീഗല്‍ കോമിക്‌സ് തുടങ്ങിയ കമ്പനികള്‍ ഇറക്കുന്ന രസകരങ്ങളായ ഡിറ്റക്ടീവ് ചിത്രകഥകള്‍ വരാറുണ്ടായിരുന്നു. ഇന്ദ്രജാലിലും വിദ്യാര്‍ത്ഥിമിത്രത്തിലും ലീഫോക്കിന്റെ ഫാന്റം, മാന്ത്രികനായ മാന്‍ഡ്രേക്ക്, അലക്‌സ് റേമണ്ടിന്റെ ഫ്‌ലാഷ് ഗോഡന്‍ തുടങ്ങിയ കോമിക്‌സും വരും. അന്ന് മനോരമ പത്രത്തില്‍ സ്ഥിരം കോമിക് സ്ട്രിപ്പായി മാന്‍ഡ്രേക്കും സണ്‍ഡേ സപ്ലിമെന്റില്‍ ഫാന്റവും പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. അങ്ങനെയാണ് ഞാന്‍ സ്വയം ഒരു വീരപുരുഷനായി മാറിയത്. ശരിക്കും ഭ്രമാത്മകമായ ജീവിതമായിരുന്നു അന്നത്തേത്. കൂട്ടുകൂടലും കൂട്ടുകാരും താരതമ്യേന കുറവായിരുന്നു എനിക്ക് എന്നു വേണം പറയാൻ. അൽപം അന്തർമുഖത്വം അപ്പോഴും ഇപ്പോഴും എനിക്കുണ്ട്.

The Kingdom of this World (അലെഹോ കാർപെന്റിയർ/ Alejo Carpentier), One Hundred Years of Solitude (ഗബ്രിയേൽ ഗാർസിയ മാർക്വിസ്/ Gabriel Garcia Marquez), Pedro Paramo (ഹുവാൻ റൂൾഫോ/Juan Rulfo) തുടങ്ങി പാണ്ഡവപുരവും (സേതു) പ്രതിമയും രാജകുമാരിയും (പി പത്മരാജൻ) വരെയുള്ള പുസ്തകങ്ങളും അകിര കുറോസാവയുടെ (Akira Kurosawa) Dreams, ഗില്യെർമോ ദെൽ തോറോയുടെ (Guillermo del Toro) Pan’s Labyrinth, വൂഡി അലന്റെ (Woody Allen)  Midnight in Paris, ആങ് ലീയുടെ (Ang Lee) Life of Pi തുടങ്ങിയ സിനിമകളും സൃഷ്ടിച്ച മാജിക്കൽ റിയലിസത്തിലേക്ക് സഞ്ചരിച്ചത് വളരെക്കാലം കഴിഞ്ഞാണെങ്കിലും അന്നത്തെ പ്രൈമറി സ്കൂളുകാരനിൽ ആഫ്രിക്കയിലെ ബംഗള വനത്തിലെ തലയോട്ടി ഗുഹയും ന്യൂയോർക്കിലെ ഒരുന്നത ഗിരിശൃംഗത്തിൽ പണിത സാനഡുവും ഒക്കെthe_ghost_who_walks_by_jasoncm-d68mhsf യഥാർത്ഥ മാന്ത്രികലോകങ്ങളായിത്തന്നെ നിലനിന്നു. തലയോട്ടി ഗുഹയിലാണ് നീതിയുടെ പോരാളിയായ നടക്കും ഭൂതം, ഫാന്റം താമസിക്കുന്നത്. സഹചരരായി ഡയാനയും റെക്‌സും ഹീറോ എന്ന കുതിരയും ഡെവിള്‍ എന്ന ചെന്നായയും. മായാജാലങ്ങളും ഹിപ്നോട്ടിക് മുദ്രകളും കൊണ്ട് gangsters, mad scientists തുടങ്ങി extraterrestrials വരെയുള്ള പലതരം വില്ലന്മാരെ അമ്പരപ്പിച്ച് തോൽപിക്കുന്ന മാൻഡ്രേക്കിന്റേതാണ് Xanadu. കൂടെ നർദ എന്ന സുന്ദരിപ്പെണ്ണും ലോതർ എന്ന തടിയൻ ചങ്ങാതിയും. തെറോൺ എന്ന മാൻഡ്രേക്കിന്റെ ഗുരുവും കോബ്ര, ഡെറെക്, മോഹിനിയായ അലീന തുടങ്ങിയ വില്ലന്മാരുമൊക്കെ സദാ എനിക്കൊപ്പം തന്നെ ജീവിച്ചിരുന്നു.

അമര്‍ ചിത്രകഥകളിലൂടെ ഒരുപാട് ചരിത്രകഥാപാത്രങ്ങള്‍, പുരാണേതിഹാസകഥകള്‍, യക്ഷിക്കഥകള്‍ തുടങ്ങിയവയും ഭാവനകളെ ത്രസിപ്പിച്ചു.

ജോണിമാഷും കുട്ട്യോളും

ഇങ്ങനെ കോമിക്കുകള്‍ സൃഷ്ടിക്കുന്ന ഭ്രമങ്ങളില്‍ ജീവിക്കുമ്പോഴും ‘അല്‍പം വലിയ’ വായനകളും കൂടി നടന്നു കൊണ്ടിരുന്ന, യു.പി സ്‌കൂള്‍ ജീവിതകാലത്ത് വായന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രോല്‍സാഹനം നല്‍കിക്കൊണ്ടിരുന്ന ഒരധ്യാപകന്‍ എനിക്കുണ്ടായിരുന്നു. ജോണി മാഷ് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ജോര്‍ജ് തറയില്‍. ജോണി മാഷിന്റെ പിന്തുണയോടു കൂടി ഞാനും സഹപാഠികളായ ബാബുരാജ്, മൂസാന്‍ തുടങ്ങിയവരുമൊക്കെച്ചേര്‍ന്ന് ഒരു കൈയെഴുത്ത് മാസിക തുടങ്ങി. തുടങ്ങി എന്നു തന്നെ വേണം പറയാന്‍. കാരണം ആ ഒരു വര്‍ഷം മൂന്നോ നാലോ ലക്കങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൈയെഴുത്ത് മാസികയുടെ രീതികളെക്കുറിച്ചൊന്നും വലിയ പിടിയുണ്ടായിരുന്നില്ല. നല്ലൊരു നോട്ട് ബുക്ക് വാങ്ങിച്ച് അതില്‍ എഴുതുകയും വരക്കുകയുമൊക്കെ ചെയ്തു. ഞാനായിരുന്നു എഡിറ്റര്‍. പേജുകള്‍ നിറയ്ക്കാന്‍ വേണ്ടത്ര വിഭവങ്ങള്‍ കിട്ടാതായതോടെ പല പേരുകളില്‍ ഞാന്‍ തന്നെ പലതും എഴുതാനും തുടങ്ങി. യു.പി സ്‌കൂള്‍ കാലം തൊട്ടേ എഴുത്ത് വശമായിത്തുടങ്ങി എന്നതായിരുന്നു കൈയെഴുത്ത് മാസികാ പ്രസ്ഥാനത്തിലൂടെ എനിക്കുണ്ടായ സമ്പാദ്യം.

ആഴ്ചയിലൊരിക്കല്‍, തന്റെയൊരു പിരീഡ് പല വിഷയങ്ങളിലുമുള്ള ചര്‍ച്ചകള്‍ക്കും കുട്ടികളുടെ സര്‍ഗാത്മകപ്രകടനങ്ങള്‍ക്കും വേണ്ടി നീക്കി വെക്കും ജോണി മാഷ്. സയന്‍സ് ക്ലാസില്‍ അധ്യാപകന്‍ വിരലുയര്‍ത്തിക്കാണിച്ച് സപ്പോസ് ദിസീസെ ടെസ്റ്റ് ട്യൂബ് എന്ന് പറയുന്ന, അതിദരിദ്രമായ പൊതുവിദ്യാഭ്യാസക്കാലമായിരുന്നു അത്. എല്‍.പിയില്‍ പഠിക്കുമ്പോള്‍, അത് ഗവണ്‍മെന്റ് സ്‌കൂളായത് കൊണ്ട് ഉച്ചയ്ക്ക് ഉപ്പുമാവ് കിട്ടും. അമേരിക്കന്‍ ഗോതമ്പ് കൊണ്ടുള്ള ഉപ്പുമാവ്. ഗോതമ്പ് അമേരിക്കനായതു കൊണ്ടോ എന്തോ, അതിന് നല്ല രുചി അനുഭവപ്പെട്ടു. ആറോന്‍ യു.പി എയിഡഡ് സ്‌കൂളാണ്. അവിടെ അതുമില്ല. പി.ടി.എ എന്ന സംവിധാനവും അതീവ ദുര്‍ബ്ബലം. എന്റെ ഉപ്പ എന്റെ സ്‌കൂള്‍ ജീവിതത്തിലൊരിക്കലെങ്കിലും ഒരു പി.ടി.എ മീറ്റിങ്ങിന് പങ്കെടുത്തതായി എനിക്കോര്‍മയില്ല. അങ്ങനെയൊരു കാലത്ത് സ്‌കൂളുകള്‍ സജീവമായിരുന്നത് ത്യാഗസന്നദ്ധരായ അധ്യാപകരുടെ പരിശ്രമങ്ങള്‍ കൊണ്ടാണെന്ന് പറയാം. അക്കാര്യത്തില്‍, ഇപ്പോള്‍ സ്വയം ഒരധ്യാപകനായിരിക്കുമ്പോഴും മാതൃകയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ജോണി മാഷ്. ജോണി പാപ്പിനിശ്ശേരി എന്ന തൂലികാനാമത്തില്‍ എഴുതാറുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ, പരിമളം എന്ന കഥാസമാഹാരം ആയിടെ പുറത്തിറങ്ങി. പരിചയമുള്ള രക്ഷിതാക്കളെയൊക്കെ കണ്ട് അദ്ദേഹം അതിന്റെ കോപ്പികള്‍ വിറ്റ വകയില്‍ ഉപ്പയും ഒരെണ്ണം വാങ്ങി എനിക്ക് തന്നു.

നേരു പറഞ്ഞാൽ ഞാന്‍ വായിക്കുന്നത് ഉപ്പാക്ക് അത്ര ഇഷ്ടമല്ല. കൂടുതല്‍ വായിച്ചാല്‍ തലയുടെ പിരിയിളകും എന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഒരുപക്ഷേ, അന്നത്തെ ആധുനിക എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ പ്രകൃതം അങ്ങനെയായതു കൊണ്ടായിരിക്കാം.

ഹൈസ്‌കൂള്‍ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ പുതിയ ചങ്ങാതിമാര്‍, പുതിയ വിഷയങ്ങള്‍, ചര്‍ച്ചകള്‍, യുവജനോല്‍സവം (അന്ന് ഹൈസ്‌കൂള്‍ കലോല്‍സവം യുവജനോല്‍സവമാണ്) എന്നിങ്ങനെ സജീവമായി. കൂട്ടത്തില്‍ പുതിയ വായന, പുതിയ പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങാനുള്ള ആഗ്രഹവും അക്കാലത്തുണ്ടായതാണ്.

ഞാനൊരു ഫാക്ടറിത്തൊഴിലാളിയുടെ മകനാണ്. പാപ്പിനിശ്ശേരിയിലെ വെസ്റ്റേൺ ഇന്ത്യാ കോട്ടൺസ് എന്ന കമ്പനിയിലാണ് ഉപ്പാക്ക് ജോലി. പഴയ കാലത്ത് അത് ആറോൻ മിൽ ആയിരുന്നു. സഖാവ് കൃഷ്ണപിള്ളയുടെ തൊഴിലാളി സംഘാടനത്തിനും മറ്റുമൊക്കെ സാക്ഷ്യം വഹിച്ചിട്ടുണ്ട് സാമുവൽ ആറോൻ സ്ഥാപിച്ച ആറോൻ മിൽ. എ.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എന്ന മലയാളി വ്യവസായ പ്രമുഖനും രാമസ്വാമി എന്ന തമിഴൻ ചെട്ടിയാരും കൂടി ആറോൻ മിൽ വിലക്കെടുക്കുകയും വെസ്റ്റേൺ ഇന്ത്യാ കോട്ടൺസ് സ്ഥാപിക്കുകയുമായിരുന്നു. ഉപ്പാക്ക് അത്യാവശ്യം നല്ല കൂലിയുണ്ടെങ്കിലും കിട്ടുന്നത് ഉടന്‍ ചെലവഴിച്ചില്ലെങ്കില്‍ മനസ്സമാധാനം കിട്ടാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. പിന്നീട് ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തവും മറ്റും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ വയ്യാതായും തുടങ്ങി. പ്രാരാബ്ധങ്ങളും അനുബന്ധമായ അസ്വാരസ്യങ്ങളുമൊക്കെ വീട്ടില്‍ പതിവായി. ഇനി അതൊന്നുമില്ലെങ്കിലും പോക്കറ്റ് മണിയും മറ്റുമൊന്നും തരുന്ന പതിവ് അന്നുണ്ടായിരുന്നില്ല. ചിലപ്പോള്‍ ആകസ്മികമായി കിട്ടുന്ന ചില്ലറത്തുട്ടുകള്‍, അതേയുള്ളൂ വരുമാനം.

സഫലമീ യാത്ര

Sergey Eisenstein by Andrew Khalturin
സെർഗി ഐസൻസ്റ്റീൻ, Andrew Khalturin ന്റെ പെയിന്റിങ്

അങ്ങനെ, സ്വന്തമായല്‍പം വരുമാനമുണ്ടാക്കാനുള്ള ചിന്തയും ഉടലെടുത്തു. പുസ്തകങ്ങള്‍ വാങ്ങണം. അതിന് പുറമേ എന്റെ ആസ്വാദനം മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിച്ചിരുന്നു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാനൊരു സിനിമ കണ്ടു. സിനിമകള്‍ മുമ്പും കണ്ടിരുന്നെങ്കിലും വേറിട്ട ഒരു സിനമാക്കാഴ്ചയെക്കുറിച്ച പാഠങ്ങള്‍ പകര്‍ന്നു തന്നത്, ഞാന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളില്‍ ജോയിന്‍ ചെയ്ത അജയന്‍ മാഷാണ്. മാഷും അദ്ദേഹത്തിന്റെ ചങ്ങാതിമാരും ചേര്‍ന്നാണെന്ന് തോന്നുന്നു, സ്‌കൂള്‍ ഹാളില്‍ത്തന്നെ ഒരു സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചത്. സെര്‍ഗി ഐസന്‍സ്റ്റിന്റെ ബാറ്റില്‍ഷിപ് പോട്ടെംകിന്‍ ആയിരുന്നു ആ സിനിമ. എക്കാലത്തെയും സിനിമാ പഠിതാക്കളുടെ പാഠപുസ്തകമായിത്തീർന്ന ക്ലാസിക്. 1905ലെ പോടെകിൻ കപ്പൽക്കലാപത്തെ തന്തുവാക്കിക്കൊണ്ട് 1925ൽ ഐസൻസ്റ്റീൻ ചെയ്തതാണ് ഈ സിനിമ. 1905ലെ കലാപം ഒരു പരാജയപ്പെട്ട കലാപമായിരുന്നെങ്കിലും ഐസൻസ്റ്റിന്റെ സിനിമയിൽ അത് വിജയക്കൊടി പാറിക്കുന്നു. ചിത്രത്തെപ്പറ്റിയും അതിലെ ഒഡേസ പടവുകളിലെ വെടിവെപ്പ് ദൃശ്യങ്ങളുടെ അനുക്രമത്തെക്കുറിച്ചും പിന്നീട് ധാരാളമായി വായിച്ചിട്ടുണ്ട്.

ഏതായാലും അതോടെ, മികച്ച സിനിമകള്‍ കാണണമെന്ന മോഹവും ജനിച്ചു. അടൂരിന്റെയും അരവിന്ദന്റെയും മറ്റും സിനിമകള്‍ റിലീസായ അന്ന് തന്നെ കണ്ണൂരില്‍ച്ചെന്ന് എ ക്ലാസ് തിയറ്ററില്‍ നിന്ന് തന്നെ കാണല്‍ പതിവാക്കി. ഉപ്പ ഞങ്ങളെ സിനിമക്ക് കൊണ്ടുപോകാറുണ്ടെങ്കിലും ഒറ്റയ്ക്ക് ഞാന്‍ പോകുന്നത് ഇഷ്ടമല്ല. ഇത്തരം പടങ്ങളാണെങ്കില്‍ മൂപ്പരുടെ ആസ്വാദനത്തിന് വഴങ്ങുകയുമില്ല. അതിനാല്‍ വീട്ടിലറിയാതെ സ്വന്തം ചെലവില്‍ വേണം. ഇതും പുസ്തകം വാങ്ങാനുള്ള ആഗ്രഹവും. ചില്ലറ വരുമാനാന്വേഷണങ്ങള്‍ അങ്ങനെ തുടങ്ങിയതാണ്.

battleship-potemkin
ബാറ്റിൽഷിപ് പോടെംകിൻ

അങ്ങനെ, മാവ് കായ്ക്കുന്ന സീസണിൽ ഞാനും മൂത്തമ്മാന്റെ മോന്‍ നാസറും ചെറിയ തോതില്‍ മാവുകള്‍ പാട്ടത്തിനെടുക്കുന്നയാളെ കണ്ട് മാങ്ങ പറിച്ചു കൊടുക്കാമെന്ന കരാറുണ്ടാക്കാൻ തുടങ്ങി. നാസറും ഞാനും സമപ്രായക്കാരാണ്. ഒരേ ദിവസമാണ് ഉമ്മയും മൂത്തമ്മയും പെറ്റത്. ഒരു മണിക്കൂർ വ്യത്യാസത്തിൽ ഞാനാണ് ജ്യേഷ്ഠൻ. അതേസമയം ഞങ്ങൾ വളർന്നത് സഹോദരന്മാരായല്ല, മറിച്ച് ചങ്ങാതിമാരായിട്ടായിരുന്നു. ജോലിക്ക് എത്രയാണ് കൂലി വാങ്ങേണ്ടതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. പണിയെടുപ്പിക്കുന്നയാള്‍ പറയുന്ന കൂലി ഞങ്ങളങ്ങ് സമ്മതിക്കും. അയാള്‍ക്കത് വളരെ ലാഭമാണ്. ഞാനന്ന് ഏത് മരത്തിലും വലിഞ്ഞു കേറുമായിരുന്നു. കിട്ടുന്ന കാശ് ഞാനും നാസറും പങ്കിട്ടെടുക്കും. വീട്ടിലറിഞ്ഞാല്‍ ഭൂകമ്പം നടക്കും. അതേസമയം പുസ്തകം വാങ്ങണമെങ്കില്‍ ഇങ്ങനെ ചിലതല്ലാതെ വേറെ വഴിയില്ല.

saphalamee yathraഎന്തുകൊണ്ടോ, അന്നെന്നെ ഏറ്റവും ആകര്‍ഷിച്ച കവിയാണ് എന്‍.എന്‍ കക്കാട്. കക്കാടിന്റെ സഫലമീയാത്രയാണ് ഞാന്‍ വില കൊടുത്തു വാങ്ങിയ ആദ്യത്തെ പുസ്തകം. കക്കാടിന്റെ കവിതകളില്‍ ആത്മീയതയും വിപ്ലവവുമുണ്ട്. 1987ല്‍ ഐഹികജീവിതം അവസാനിപ്പിച്ച അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നും എനിക്കിഷ്ടമാണ്.

സഫലമീയാത്ര എന്ന സമാഹാരത്തിലെ അതേപേരുള്ള കവിത ജീവിതത്തെക്കുറിച്ച പ്രകാശമാനമായ ദർശനമാണ്. കണ്ഠാർബുദം ബാധിച്ച് വേദനയിൽ തീരുമ്പോഴും അദ്ദേഹം ജീവിതത്തിന്റെ ധന്യതയെ ഓർമിക്കുന്നു. സഫലമായ ജീവിതയാത്രയെപ്പറ്റി പാടുന്നു.

ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ
നീയെന്നണിയത്തു തന്നെ നിൽക്കൂ

പിന്നീട് കവി പറയുന്നത് വ്രണിതമാം കണ്ഠത്തിലിന്ന് നോവിത്തിരിക്കുറവുണ്ട് എന്നാണ്. അതിനു ശേഷം നേരിയ നിലാവിന്റെ പിന്നിലെ അനന്തതയിലെ ഇരുൾ നീലിമയിൽ എന്നോ പഴകിയ ഓർമകൾ പോലെ നിന്ന് വിറക്കുന്ന ഏകാന്ത താരകളെ, വളരെ നാളുകൾക്ക് ശേഷം ഒന്ന് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. തന്നോട് ചേർന്നു നിൽക്കാൻ സഖിയോട് അപേക്ഷിക്കുന്നു.

കവിത അവസാനിക്കുന്നതിങ്ങനെ:

കാലമിനിയുമുരുളും..
വിഷുവരും വർഷം വരും

തിരുവോണം വരും
പിന്നെയൊരോതളിരിനും
പൂ വരും കായ്‌വരും
അപ്പോഴാരെന്നും
എന്തെന്നും ആർക്കറിയാം..
നമുക്കിപ്പോഴീയാർദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേൽക്കാം
വരിക സഖി
അരികത്തു ചേർന്നു നിൽക്കൂ
പഴയൊരാ മന്ത്രം സ്മരിക്ക
നാം
അന്യോന്യം ഊന്നു
വടികളായ് നിൽക്കാം
ഹാ! സഫലമീ യാത്ര…

ഹൈസ്‌കൂളില്‍ എന്റെ സുഹൃത്തുക്കളിലും അവിടുത്തെ അധ്യാപകരിലും കൂടുതലും ഇടത് ചിന്താഗതിക്കാരാണ്. സി.പി.എം പ്രവര്‍ത്തകരാണ് അധ്യാപകരില്‍ പലരും. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴില്‍ എയിഡഡ് സ്‌കൂളായിരുന്നു അന്ന്. ഇന്നത് ഇ.എം.എസ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെകന്ററി സ്‌കൂളാണ്. നല്ല വായനക്കാരാണ് അന്നത്തെ അവിടുത്തെ അധ്യാപകര്‍ മിക്കവരും. രസതന്ത്രം പഠിപ്പിക്കുന്ന വിജയന്‍ മാഷ് ആ സമയത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിലൂടെ ഞാന്‍ യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയവയുടെയും പരിഷത്ത് പുസ്തകങ്ങളുടെയും വായനക്കാരനായി. പരിഷത്തിന്റെ ചില വാന നിരീക്ഷണ ക്ലാസ്സുകളില്‍ പങ്കെടുത്തതോടെ രാത്രികളില്‍ ആകാശം നോക്കി നടക്കല്‍ ഹരമായി. ചങ്ങാതിമാരായ ശമീറും രഞ്ജിയും വിനുവുമൊക്കെ പുസ്തകങ്ങളോട് കമ്പമുള്ളവരാണ്. വായനയോടൊപ്പം പുസ്തകങ്ങളെക്കുറിച്ച സജീവ ചര്‍ച്ചകളും നടന്നു. ആ ചര്‍ച്ചകള്‍ ആനുകാലിക സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളിലേക്കൊക്കെ നീണ്ടു.

                                                                        (തുടരും)

Read More