ഉന്മാദങ്ങളുടെ ആഘോഷങ്ങൾ
കെ.ഇ.എൻ
(‘ചെകുത്താന്റെ വേദപുസ്തകം’ എന്ന ഗ്രന്ഥത്തിന് കെ.ഇ.എൻ എഴുതിയ അവതാരിക)
മറ്റേതൊരു ഗൗരവപൂര്‍ണ്ണമായ കൃതിയേയുംപോലെ, പ്രശസ്ത സാംസ്കാരിക വിമര്‍ശകനായ മുഹമ്മദ്ശമീമിന്റെ ‘ചെകുത്താന്റെ വേദപുസ്തകം’ എന്ന കൃതിയും ഒരപനിര്‍മ്മിതി കൂടിയാണ് ആവശ്യപ്പെടുന്നത്. നിലവിൽ ചെകുത്താനും, വേദപുസ്തകത്തിനും വ്യക്തവും ദൃഢവുമായ അര്‍ത്ഥ വിവക്ഷകളുണ്ട്. അവ ഇനിയും ആ നിലയില്‍ത്തന്നെ നിലനില്ക്കുകയും ചെയ്യും.
എന്നാല്‍, ജനാവിഷ്കാരസമൃദ്ധിയുടെ കാലത്ത്, കുഴപ്പക്കാരനെന്ന നിലയില്‍, കുപ്രശസ്തനായ പഴയ ചെകുത്താനും, വിശുദ്ധിയുടെ പര്യായമായി മാറിയ വേദപുസ്തകവും, പുതിയ വായനക്കുള്ള പ്രകോപന/പ്രചോദന സൂചകങ്ങളായി മാറാനും സാധ്യതയുണ്ട്. ‘ജനാധിപത്യക്കമ്മി’യുടെ കാലത്തെ പൊതുഭാഷാപ്രയോഗങ്ങള്, ‘ജനാധിപത്യസമൃദ്ധി’യുടെ കാലത്ത് സൂക്ഷ്മമാവുകയും, അതോടൊപ്പം ‘പൊതുഭാഷാപ്രയോഗങ്ങ’ളെ വിനിമയ സൗകര്യം പരിഗണിച്ച് നിലനിര്‍ത്താൻ നിര്‍ബ്ബന്ധിതമാവുകയും ചെയ്യും.
ഈ കുറിപ്പിൽ ‘ജനാധിപത്യം’ എന്നും ‘ജനാവിഷ്കാരം’ എന്നും ഒരേയര്‍ത്ഥത്തിൽ ഒരേസമയം ഉപയോഗിച്ചത് തന്നെ ഇതിനുള്ള തെളിവാണ്. സത്യത്തിൽ ബുദ്ധൻ ‘ജനഹിതം’ എന്നും; സാമാന്യ കാലാവിചാരം, ‘ജനനിശ്ചയം’ എന്നും തിരിച്ചറിഞ്ഞ ‘ജനക്കൂട്ടായ്മ’ ഒരു പ്രത്യേക അധികാരവ്യവസ്ഥയിലേക്ക് ഉള്ച്ചേര്ക്കപ്പെട്ടതോടെയാണ്, ഹിതവും നിശ്ചയവും കൂട്ടും പിന്ഗണനയിലുള്പ്പെടുകയും, അധികാര ക്രമീകരണത്തിന് മുന്‍ഗണന കിട്ടുകയും ചെയ്തത്.
ജനം എന്ന അര്‍ത്ഥത്തില്‍, ‘ഡെമോസും’, അധികാരം എന്ന അര്‍ത്ഥത്തില്‍ ‘ക്രറ്റിയ’ എന്ന പദവും ചേര്‍ന്നുണ്ടായ, ‘ഡമോക്രറ്റിയ’ എന്ന ഗ്രീക് വാക്കാണ്, ഇംഗ്ലീഷിലെ ‘ഡമോക്രസി’യെങ്കില്‍, മലയാളത്തിൽ അതിന് നല്കാമായിരുന്ന നേര്‍തര്‍ജമ ‘ജനാധികാരം’ എന്നായിരുന്നു.
‘ജനകീയാധികാരം’ എന്ന പ്രയോഗത്തിന്റെ പൊരുളുമായി, നിലവിലുള്ള ‘ജനാധിപത്യം’ പൂര്‍ണ്ണാര്‍ത്ഥത്തിൽ പൊരുത്തപ്പെടുകയില്ല തന്നെ. ഔപചാരികമായ അര്‍ത്ഥത്തിലെങ്കിലും ഫ്യൂഡൽ വിരുദ്ധമായ ‘ജനാധികാരം’ ഫ്യൂഡൽ മര്ദ്ദകാധികാരത്തിെതിരെയുള്ള, മര്ദ്ദിതാധികാരത്തിന്റെ പ്രതിരോധമാണ്. മര്‍ദ്ദക മര്ദ്ദിതാധികാരങ്ങളെ അവ്യക്തമായെങ്കിലും വിഛേദിക്കുന്ന ഒരതിര്‍ത്തി ‘ജനാധികാരത്തി’ലുണ്ടെങ്കില്‍, നിലവിലെ ജനാധിപത്യത്തിൽ ‘മര്ദ്ദകാധികാരം’ മാത്രമാണുള്ളത്. നാടുവാഴിത്താധികാരം തന്നെയാണ്, അതിന്റെ നിരാകരണമായി കരുതുന്ന മുതലാളിത്തത്തികത്തേക്ക്, ഒരു പുതിയ രാഷ്ട്രസംജ്ഞയുടെ വിവര്‍ത്തനത്തിലേക്ക് പോലും ഇടിച്ചു കയറിയത്.
ആധിപത്യത്തിന്റെയും വിധേയത്വത്തിന്റെയും അവസാന അവശിഷ്ടത്തോട് പോലും കണക്കു തീര്‍ക്കുമ്പോഴാണ്, മാര്‍ക്സിസം സ്വപ്നം കാണുന്ന, ഭരണകൂടം ഇലകൊഴിയുംപോലെ കൊഴിഞ്ഞുവീഴുന്ന, അധികാരത്തിന്റെ സമസ്ത ആടയാഭരണങ്ങളും മ്യൂസിയങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഒരു പുതിയ ‘ജനാവിഷ്കാര’മുണ്ടാവുന്നത്.

പറഞ്ഞുവരുന്നത് ‘ഡമോക്രസി’ക്ക് പരിമിതമായ അര്‍ത്ഥത്തിൽ ‘ജനാധികാര’മെന്നും, അപരിമിതമായ അര്‍ത്ഥത്തിൽ ‘ജനാവിഷ്കാര’മെന്നും, അര്‍ത്ഥം നല്കാനാകായ്മ, നാടുവാഴിത്തത്തിന്റെ വിജയമാണെന്ന് തന്നെയാണ്.
‘നാം നാടുവാഴിത്തത്തെ മറിച്ചിട്ടിരിക്കുന്നു. പക്ഷേ നാമതിനെ ഇനിയും മറികടന്നിട്ടില്ലെ’ന്ന ലെനിന്റെ മുറിയിപ്പ് തന്നെയാണ്, വെറൊരര്ത്ഥത്തില്, ഒരു രാഷ്ട്രീയ സംജ്ഞയുടെ വിവര്‍ത്തനത്തിലും നമ്മെ തുറിച്ചു നോക്കുന്നത്. സൂക്ഷ്മാര്‍ത്ഥത്തില്‍, ‘ജനാവിഷ്കാരം’ അതിന്റെ അഗാധതയിൽ സമാനതകളില്ലാത്തൊരനുഭൂതിയുടെ സ്രോതസ്സും നാളിതുവരെയുള്ള രാഷ്ട്രീയശാസ്തം നിര്‍മിച്ച മഹാവിസ്മയവുമാണ്.
മത-മതരഹിത തത്വചിന്തകൾ അവയുടെ വ്യത്യസ്തവും സമാനവുമായ മൂല്യങ്ങളുടെ മാറ്റുരക്കാൻ പ്രാഥമികമായ മാനദണ്ഡമാക്കേണ്ടത്, ജനാവിഷ്കാരത്തെയാണ്. അതിനെക്കാള്‍, മികച്ചൊരു മാനദണ്ഡം ഇനിയും കണ്ടെത്തപ്പെട്ടിട്ടില്ല. പക്ഷേ അപ്പോഴും, ഒരപൂര്ണ്ണതാബോധം സമാശ്വാസങ്ങളില്ലാത്ത ഒരസ്വസ്ഥതയായി, മനുഷ്യര്ക്കൊപ്പമുണ്ടാവും.
കാവ്യഭാഷയിൽ ‘അനന്തമജ്ഞാതമവര്ണ്ണനീയ’മായ പ്രപഞ്ചങ്ങളിലേക്ക്, അതിന്റെ അനന്തതയിലേക്ക്, സ്വയം വിമോചിതമാകാനാവുന്നതോടെ അത് ‘അപൂര്‍ണ്ണമായി’ പരിഹൃതമാവും. എന്നാൽ മതതത്വചിന്ത പൊതുവിൽ ‘അനശ്വരത’, ‘പരമസത്ത’ തുടങ്ങിയ പരികല്പനകളിലൂടെയാണ്, മനുഷ്യപൂര്ണ്ണത കണ്ടെത്തുന്നത്.
ചിന്തിക്കുന്ന മനുഷ്യരെ കാത്തുനില്ക്കുന്ന ‘മടുപ്പി’നെ വിശ്വാസം വഴി മറികടക്കാനാവുമെന്നാണ് മത തത്വചിന്ത കരുതുന്നത്. സൈദ്ധാന്തികരംഗത്ത് വ്യത്യസ്തരീതികളിൽ നിരന്തരം നടക്കുന്ന ഭൗതികവാദ-ആശയവാദ സംവാദങ്ങളില്‍, ഭൗതികവാദ വിരുദ്ധ ചേരിയിലാണ് ഇസ്ലാം മതത്തിന്റെ അഗാധതത്വങ്ങളിൽ അടിയുറച്ചുനിന്ന്, മഹമ്മദ് ശമീം, മതത്തിലെ തന്നെ മതബാഹ്യജനാധിപത്യവിരുദ്ധപ്രവണതകള്ക്കെതിരെ സൂക്ഷ്മമായ പ്രതിരോധം സൃഷ്ടിക്കുന്നത്.
‘ചെകുത്താന്റെ വേദപുസ്തകം’ആ അർത്ഥത്തിൽ ആഴത്തിൽ മതാത്മകമായിരിക്കെത്തന്നെ, മതത്തിലെ പൌരോഹിത്യ, പുനരുത്ഥാന, കമ്പോള പ്രവണതകൾക്കെതിരെയുള്ള നനിശിതവിമർശനവും അവതരിപ്പിക്കുന്നുണ്ട്.

ഒരു പക്ഷേ എന്റെ വായനാപരിധിയിൽ ‘നവആത്മീയ പ്രസ്ഥാനങ്ങളെ’യും പ്രവണതകളെയും കുറിച്ചുള്ള മലയാളഭാഷയിലെ ഗൗരവമാര്‍ന്ന ആദ്യരചനയാണിത്. ആള്‍ദൈവങ്ങളെക്കുറിച്ചുള്ള നിവധി പഠനങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും, വ്യത്യസ്ത നവആത്മീയ കള്ട്ടുകളെക്കുറിച്ചും ഗുരുക്കന്മാരെക്കുറിച്ചുമുള്ള വിവര്ത്തനകൃതികളുണ്ടെങ്കിലും, മതപക്ഷത്ത് നിന്നുകൊണ്ടുള്ള മലയാളത്തിലെ ശ്രദ്ധേയമായ ഒരാദ്യസംരംഭം ഏതര്‍ത്ഥത്തിലും, ‘ചെകുത്താന്റെ വേദപുസ്തക’മെന്ന മുഹമ്മദ് ശമീമിന്റെ കൃതിയാണ്.
നോവല്‍, നാടകം, സിനിമ, ചിത്രകല, സംഗീതം, തത്വചിന്ത, മനശ്ശാസ്ത്രം, വ്യത്യസ്ത മതചിന്തകള്‍, യുക്തിവാദം തുടങ്ങിയ വൈവിധ്യമാര്‍ന്ന ജ്ഞാന-അനുഭൂതിലോകത്തിലൂടെയുള്ള ഒരു പ്രതിഭാശാലിയുടെ നിരന്തരയാത്രയുടെ സാന്നിധ്യം; യോജിപ്പിനും വിയോജിപ്പിനുമപ്പുറം, മികച്ചൊരു വായനാനുഭവമായിത്തീരുന്നു എന്നതാണ്, മൂല്യകേന്ദ്രിതമായൊരു മുന്നണിക്കുവേണ്ടിയുള്ളൊരു സാംസ്കാരികശ്രമമായി വളരുന്നു എന്നുള്ളതാണ്, ശമീമിന്റെ, മത-സാംസ്കാരിക വിമര്‍ശനകൃതിയെ വേറിട്ടതാക്കുന്നത്.
തൊട്ടാൽ കൈപൊള്ളുന്ന, സാമ്പ്രദായിക മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന, മനുഷ്യമഹത്വത്തിൽ അചഞ്ചലമായി ദൃഢപ്പെടുന്ന, കലയുടെയും അതുവഴി സ്വാതന്ത്ര്യത്തിന്റെയും കവാടം തുറന്നുവെക്കുന്ന, സ്വന്തം ബോധ്യങ്ങളിൽ ഒത്തുതീര്‍പ്പുകളില്ലാതെ തന്നെ, സര്വ്വബോധ്യങ്ങളുടെയും സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു എഴുത്തു രീതി; അസഹിഷ്ണുതയുടെയും, ആക്രോശങ്ങളുടെയും പരപുഛത്തിന്റെയും കാലത്ത് ഒരെഴുത്തുകാരന് കാത്തുസക്ഷിക്കാൻ കഴിയുകയെന്നുള്ളത്, അഭിനന്ദനാര്‍ഹമായൊരു കാര്യമാണ്.
‘ആചാരക്കെട്ടുകളുടെയും ഉന്മാദങ്ങളുടെയും മതം’ മനുഷ്യരാശിക്ക് വലിയ മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ചോരപ്പുഴകള്‍ ഒഴുക്കിയിട്ടുണ്ട്. ഇന്നുമവ മനുഷ്യസമൂഹത്തിനുമുമ്പില്, ഹൃദയങ്ങള്‍ക്കിടയിൽ മതിലുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

സിദ്ധന്മാരുടെ തുപ്പൽ പോലും വിശുദ്ധമായി കാണുന്നവർ മുതല്‍, ജിന്നിലും റൂഹാനിയിലും ജോത്സ്യന്മാരുടെ പ്രലപനങ്ങളിലും മാരണത്തിലും ആള്‍ദൈവ അസംബന്ധങ്ങളിലും അഭിരമിക്കുന്നവർ മുതൽ ലഹരി മരുന്നിലും വ്യാജശാസ്ത്ര വ്യാഖ്യാനങ്ങളിലും പരിഹാസമതങ്ങളിലും പുളയ്ക്കുന്നവർ മുതൽ പലമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിരവധി നവ-പുരാതന പ്രവണതകളാണിതിൽ വിവരിക്കപ്പെട്ടിരിക്കുന്നത്.
അതിൽ മാരണം, ജ്യോത്സ്യം, ആള്ദൈവത്തട്ടിപ്പുകള്, സാത്താന് സേവകൾ എന്നിവ മാറ്റിവെച്ചാൽ സൂഫിസം മുതല്‍, മതത്തിലെ അദ്വൈത ചിന്തവരെയുള്ളവയെക്കുറിച്ചുള്ള ശമീമിന്റെ അഭിപ്രായങ്ങൾ തുടര്‍ന്നുള്ള നിശിത സംവാദങ്ങളെ അനിവാര്യമായും ആവശ്യപ്പെടുന്നുണ്ട്. മതത്തിലെ സ്ഥാപനവല്ക്കണത്തിനും, പ്രമാണമാത്രവാദത്തിനും ആചാരക്കെട്ടിനും, അന്ധ അനുകരണ പ്രവണതകള്‍ക്കും, പൗരോഹിത്യത്തിനുമെതിരായ, നിശിതമായ വിമര്‍ശനമാണ്, ശമീം മുന്നോട്ടു വെക്കുന്നത്.
“വേദപുസ്തകത്തിൽ പറയുന്ന സംഭവങ്ങള്‍ -അത് ചരിത്ര സംഭവങ്ങളായാലും ദൃഷ്ടാന്തകഥകളായാലും- അലിഗറിക്കല്‍ ആയി വായിക്കണം എന്നാണ് എന്റെ പക്ഷം എന്ന് ശമീം. വേദഗ്രന്ഥമടക്കം സര്‍വ്വ ഗ്രന്ഥങ്ങളും എങ്ങനെയൊക്കെ വായിച്ചാലും, ‘ചരിത്രമാവണം’ വ്യത്യസ്ത വ്യത്യസ്ത വായനകളുടെ ആധാരം എന്നൊരു കാഴ്ചപ്പാടാണ് ശമീമിൽ നിന്നും വ്യത്യസ്തമായി എനിക്ക് മുന്നോട്ടു വെക്കാനുള്ളത്.
ചരിത്രമില്ലെങ്കിൽ എത്ര പൊരുളും ചന്തവുമുള്ള വായനയും ചിതലുപിടിക്കും. ഭൗതികപശ്ചാത്തലവും, ആ പശ്ചാത്തലത്തിൽ നടന്നുകൊണ്ടേയിരിക്കുന്ന വിവിധതരം പ്രയോഗങ്ങളും, വൈജ്ഞാനിക പദ്ധതികളും, വ്യക്തി അഭിരുചികളും, പൊരുതല്‍-പൊരുത്തപ്പെടലവസ്ഥകളും ‘കിഴിച്ചൊ’രു വായനക്ക്; വായനയുടെ നാനാവഴികളിൽ അവികസിതമായ ഒന്നാവാനല്ലാതെ, വിവിധ വായനകളെ സ്വന്തം കാലത്തിലേക്ക് ഒന്നിച്ച് ചേര്‍ത്ത് നിര്‍ത്താനാവില്ല.
വ്യത്യസ്ത വായനകളും വിമര്‍ശനങ്ങളും നിലനില്‍ക്കെത്തന്നെ, സാംസ്കാരിക വിമര്‍ശകനും, മതചിന്തകനും, പ്രഭാഷകനും, കലാസ്വാദകനുമായ മുഹമ്മദ് ശമീമിന്റെ ‘ചെകുത്താന്റെ വേദപുസ്തകം’, ആഴത്തിലുള്ള വായന ആവശ്യപ്പെടുന്ന, വിമര്‍ശനം അര്‍ഹിക്കുന്ന നമ്മുടെ കാലത്തെ മികച്ച കൃതികളിലൊന്നാണെന്ന് നിസ്സംശയം പറയാവുതാണ്.

തരാന ആസ്വാദനം ആൾദൈവങ്ങൾ ചെകുത്താന്റെ വേദപുസ്തകം ജനകീയാധികാരം ജനഹിതം ജനാധിപത്യം നവ ആത്മീയ പ്രസ്ഥാനങ്ങൾ നാടുവാഴിത്തം പുസ്തകം ഭൌതികവാദവും ആശയവാദവും മതതത്വചിന്ത മന്ത്രവാദം മർദ്ദകാധികാരം