രൂപവും അരൂപവും
മനുഷ്യസ്വത്വത്തിന് രണ്ടു ഭാഗങ്ങളുണ്ട്. രൂപവും ബോധവും.
ബോധത്തിന്റെ മൂന്ന് തലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് വിശുദ്ധ ഖുര്‍ആനില്‍. വിചാരതലം അഥവാ ബുദ്ധി (ഖുര്‍ആന്റെ ഭാഷയിൽ അഖ്ൽ), വികാരതലം അഥവാ മനസ്സ് (ഖല്‍ബ്), അനുഭവതലം (റൂഹ്) എന്നിവയാണവ. ഇങ്ങനെ ചിന്തിക്കുമ്പോള്‍ മനുഷ്യസ്വത്വത്തിന്റെ (നഫ്സ്) നാല് തത്വങ്ങളെയാണ് നമ്മളിവിടെ പരാമര്‍ശിച്ചത്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളുമടങ്ങുന്ന ശരീരമാണ് ഒന്ന്. അതിനോട് ചേര്‍ന്നു നില്ക്കുന്ന ബോധഘടകമാണ് അഖ്ൽ. അതിന്റെ മുകളിൽ ഖൽബ്. ഏറ്റവുമുന്നതിയിൽ റൂഹ്. പദാര്‍ത്ഥപരവും ആശയപരവുമായ ഈ തത്വങ്ങൾ പ്രേരണ, ആസൂത്രണം, പ്രവൃത്തി, അനുഭവം എന്നിവയെ പ്രതിനിധീകരിക്കുന്നു.
മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിക്കാനുള്ള വഴി ജീവിതാസ്വാദനത്തിന്റെ നിരാകരണമല്ല. തൃഷ്ണകളാണ് ദുഃഖത്തിന്റെ ഹേതു എന്നു കണ്ടെത്തുകയും തൃഷ്ണാനിരോധത്തിന്റെ ആര്യസത്യം പഠിപ്പിക്കുകയും ചെയ്ത ശ്രീബുദ്ധൻ മനുഷ്യന്റെ ആശാസ്യമായ അഭിനിവേശങ്ങളെ അതില്‍പ്പെടുത്തിയിട്ടില്ല. സ്വാര്‍ത്ഥവും അധാര്‍മികവുമാകയാൽ അനാശാസ്യമാകുന്ന തൃഷ്ണ എന്നാണ് ബുദ്ധൻ അതിനെ വിശദീകരിക്കുന്നത്.
